ദൈവത്തിനു മഹത്ത്വം കൊടുക്കുന്നവർ അനുഗൃഹീതർ
‘കർത്താവേ [യഹോവേ], അവർ തിരുമുമ്പിൽ വന്നു നമസ്കരിക്കും; അവർ നിന്റെ നാമത്തെ മഹത്വപ്പെടുത്തും.’—സങ്കീർത്തനം 86:9.
1. അചേതന സൃഷ്ടികൾക്കു ചെയ്യാൻ കഴിയുന്നതിനെക്കാൾ ഉത്കൃഷ്ടമായ വിധങ്ങളിൽ ദൈവത്തിനു മഹത്ത്വം കരേറ്റാൻ നമുക്കു സാധിക്കുന്നത് എന്തുകൊണ്ട്?
യഹോവ തന്റെ സകല സൃഷ്ടികളിൽനിന്നുമുള്ള സ്തുതിക്കു യോഗ്യനാണ്. അവന്റെ അചേതന സൃഷ്ടികൾ നിശ്ശബ്ദമായി അവനു മഹത്ത്വം കരേറ്റുമ്പോൾ, മനുഷ്യരായ നമുക്ക് ന്യായയുക്തമായി ചിന്തിക്കാനും കാര്യങ്ങൾ മനസ്സിലാക്കാനും നന്ദി പ്രകടമാക്കാനും ആരാധിക്കാനുമുള്ള പ്രാപ്തിയുണ്ട്. അതുകൊണ്ട് സങ്കീർത്തനക്കാരന്റെ പിൻവരുന്ന ആഹ്വാനം നമ്മോടാണ്: “സർവ്വഭൂമിയുമായുള്ളോവേ, ദൈവത്തിന്നു ഘോഷിപ്പിൻ; അവന്റെ നാമത്തിന്റെ മഹത്വം കീർത്തിപ്പിൻ; അവന്റെ സ്തുതി മഹത്വീകരിപ്പിൻ.”—സങ്കീർത്തനം 66:1, 2.
2. ദൈവത്തിനു മഹത്ത്വം കൊടുക്കാനുള്ള കൽപ്പനയോട് ആർ പ്രതികരിച്ചിരിക്കുന്നു, എന്തുകൊണ്ട്?
2 മനുഷ്യവർഗത്തിൽ ഭൂരിപക്ഷവും ദൈവത്തെ അംഗീകരിക്കാനോ അവനു മഹത്ത്വം കൊടുക്കാനോ വിസമ്മതിക്കുന്നു. എന്നാൽ, 235 ദേശങ്ങളിലായി 60 ലക്ഷത്തിലധികം യഹോവയുടെ സാക്ഷികൾ, ദൈവം സൃഷ്ടിച്ച വസ്തുക്കളിലൂടെ തങ്ങൾ അവന്റെ “അദൃശ്യലക്ഷണങ്ങൾ” അഥവാ ഗുണങ്ങൾ കാണുന്നതായും സൃഷ്ടിയുടെ നിശ്ശബ്ദ സാക്ഷ്യം ‘കേട്ടിരിക്കുന്നതായും’ പ്രകടമാക്കുന്നു. (റോമർ 1:20; സങ്കീർത്തനം 19:2, 3) ബൈബിൾ പഠിച്ചതിലൂടെ അവർ യഹോവയെ അറിയാനും സ്നേഹിക്കാനും ഇടയായിരിക്കുന്നു. സങ്കീർത്തനം 86:9, 10 ഇപ്രകാരം മുൻകൂട്ടിപ്പറഞ്ഞു: “കർത്താവേ [യഹോവേ], നീ ഉണ്ടാക്കിയ സകലജാതികളും തിരുമുമ്പിൽ വന്നു നമസ്കരിക്കും; അവർ നിന്റെ നാമത്തെ മഹത്വപ്പെടുത്തും. നീ വലിയവനും അത്ഭുതങ്ങളെ പ്രവർത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു.”
3. “മഹാപുരുഷാരം” ‘ദൈവത്തിന്റെ ആലയത്തിൽ അവനു രാപ്പകൽ വിശുദ്ധ സേവനം അർപ്പിക്കുന്നത്’ എങ്ങനെ?
3 സമാനമായി, ‘ദൈവത്തിന്റെ ആലയത്തിൽ രാപ്പകൽ അവനെ ആരാധിക്കുന്ന,’ വിശുദ്ധ സേവനം അർപ്പിക്കുന്ന “ഒരു മഹാപുരുഷാര”ത്തെ കുറിച്ച് വെളിപ്പാടു 7:9, 15 വർണിക്കുന്നു. ദൈവം തന്റെ ദാസരിൽനിന്ന് അക്ഷരാർഥത്തിൽത്തന്നെ ഇടമുറിയാതെയുള്ള സ്തുതി ആവശ്യപ്പെടുന്നു എന്ന് ഈ തിരുവെഴുത്ത് സൂചിപ്പിക്കുന്നില്ല. അങ്ങനെയെങ്കിൽ എന്താണ് അത് അർഥമാക്കുന്നത്? അവന്റെ ആരാധകർ ഒരു ആഗോള സംഘടനയാണ്. ഭൂമിയുടെ ഒരു ഭാഗത്ത് രാത്രി ആയിരിക്കുമ്പോൾ മറുഭാഗത്ത് പകൽ ആയിരിക്കുമെന്നതിനാൽ അവിടെയുള്ള സാക്ഷികൾ അപ്പോൾ സാക്ഷീകരണത്തിന്റെ തിരക്കിലായിരിക്കും. തന്നിമിത്തം യഹോവയ്ക്കു മഹത്ത്വം കരേറ്റുന്നവരെ സൂര്യൻ അസ്തമിക്കാത്ത ജനം എന്നു വിളിക്കാം. “ജീവനുള്ളതൊക്കെയും” യഹോവയെ സ്തുതിച്ചുകൊണ്ട് തങ്ങളുടെ സ്വരമുയർത്തുന്ന കാലം വൈകാതെ ആഗതമാകും. (സങ്കീർത്തനം 150:6) എന്നാൽ അതിനു മുമ്പുള്ള ഈ ഇടവേളയിൽ, ദൈവത്തിനു മഹത്ത്വം കൊടുക്കാൻ തക്കവണ്ണം നമുക്ക് ഓരോരുത്തർക്കും വ്യക്തിപരമായി എന്തു ചെയ്യാനാകും? ഏതു വെല്ലുവിളികളെ നാം നേരിട്ടേക്കാം? എന്നാൽ ദൈവത്തിനു മഹത്ത്വം കൊടുക്കുന്നവരെ ഏത് അനുഗ്രഹങ്ങൾ കാത്തിരിക്കുന്നു? ഉത്തരത്തിനായി, ഇസ്രായേല്യ ഗോത്രമായ ഗാദിനെ കുറിച്ചുള്ള ഒരു ബൈബിൾ വിവരണം നമുക്കു പരിചിന്തിക്കാം.
ഒരു പുരാതന വെല്ലുവിളി
4. ഗാദ് ഗോത്രക്കാർക്ക് ഏതു വെല്ലുവിളി നേരിട്ടു?
4 വാഗ്ദത്ത ദേശത്തേക്കു പ്രവേശിക്കുന്നതിനു മുമ്പ്, ഇസ്രായേലിലെ ഗാദ് ഗോത്രത്തിൽപ്പെട്ടവർ, യോർദ്ദാനു കിഴക്കുള്ള മേച്ചിൽപ്പുറം തങ്ങൾക്കു തരേണമെന്ന് അഭ്യർഥിച്ചു. (സംഖ്യാപുസ്തകം 32:1-5) അവിടെയുള്ള ജീവിതം വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമായിരുന്നു. നദിക്കു പടിഞ്ഞാറുള്ള ഗോത്രങ്ങളെ സംബന്ധിച്ചിടത്തോളം യോർദ്ദാൻ തടം കടന്നാക്രമണങ്ങളിൽനിന്നു സംരക്ഷണം നൽകുന്ന പ്രകൃതിദത്തമായ ഒരു പ്രതിരോധമായിരുന്നു. (യോശുവ 3:13-17) എന്നാൽ യോർദ്ദാനു കിഴക്കുള്ള ദേശങ്ങളെ കുറിച്ച് ജോർജ് ഏഡം സ്മിത്ത് വിശുദ്ധ നാടിന്റെ ചരിത്രപരമായ ഭൂമിശാസ്ത്രം (ഇംഗ്ലീഷ്) എന്ന തന്റെ ഗ്രന്ഥത്തിൽ ഇപ്രകാരം പറയുന്നു: “വിശാലമായ അറേബ്യൻ പീഠഭൂമിയിൽ കാര്യമായ യാതൊരു പ്രതിരോധവുമില്ലാതെ [ആ ദേശങ്ങൾ] വിസ്തൃതമായി പരന്നു കിടക്കുന്നു. തന്മൂലം അലഞ്ഞുതിരിയുന്ന നാടോടിക്കൂട്ടങ്ങളുടെ അധിനിവേശത്തിന് ഇവിടെയുള്ള മേച്ചിൽപ്പുറങ്ങൾ എക്കാലത്തും വിധേയമായിട്ടുണ്ട്.”
5. ആക്രമിക്കപ്പെടുമ്പോൾ എങ്ങനെ പ്രതികരിക്കാനാണ് യാക്കോബ് ഗാദ്യരെ പ്രോത്സാഹിപ്പിച്ചത്?
5 അത്തരം നിരന്തര സമ്മർദത്തിൻ കീഴിൽ ഗാദ് ഗോത്രക്കാർ എങ്ങനെ കഴിഞ്ഞുകൂടുമായിരുന്നു? നൂറ്റാണ്ടുകൾക്കു മുമ്പുതന്നെ അവരുടെ പിതാമഹനായ യാക്കോബ് മരണക്കിടക്കയിൽവെച്ച് ഇങ്ങനെ പ്രവചിച്ചിരുന്നു: “ഗാദോ, കവർച്ചപ്പട അവനെ ഞെരുക്കും; അവനോ അവരുടെ പിൻപടയെ ഞെരുക്കും.” (ഉല്പത്തി 49:19) ഒറ്റനോട്ടത്തിൽ അവ നിരുത്സാഹജനകമായ വാക്കുകളായി തോന്നാം. എന്നാൽ വാസ്തവത്തിൽ ഗാദ്യർ തിരിച്ചടിക്കണമെന്ന ഒരു കൽപ്പനയ്ക്കു തുല്യമായിരുന്നു അത്. അവർ അപ്രകാരം ചെയ്യുന്നപക്ഷം കവർച്ചക്കാർ തോറ്റോടുമെന്നും അങ്ങനെ ഗാദ്യർ അവരുടെ പിൻപടയെ പിന്തുടരുമെന്നും യാക്കോബ് അവർക്ക് ഉറപ്പുനൽകി.
ഇന്ന് നമ്മുടെ ആരാധനയ്ക്കുള്ള വെല്ലുവിളികൾ
6, 7. ഇന്നുള്ള ക്രിസ്ത്യാനികളുടെ സാഹചര്യം ഗാദ് ഗോത്രക്കാരുടേതിനു സമാനമായിരിക്കുന്നത് എങ്ങനെ?
6 ഗാദ്യരെപ്പോലെ ക്രിസ്ത്യാനികൾ സാത്താന്റെ വ്യവസ്ഥിതിയിൽനിന്നുള്ള സമ്മർദങ്ങളും ബുദ്ധിമുട്ടുകളും നേരിടുന്നു. അവയോടു മല്ലിടുന്നതിൽനിന്ന് യാതൊന്നും അത്ഭുതകരമായി നമ്മെ സംരക്ഷിക്കുന്നില്ല. (ഇയ്യോബ് 1:10-12) സ്കൂൾ പഠനം, ജീവിക്കാനുള്ള വക കണ്ടെത്തൽ, മക്കളെ വളർത്തിക്കൊണ്ടുവരൽ എന്നിവയുമായി ബന്ധപ്പെട്ട് നമ്മിൽ അനേകർക്കും സമ്മർദങ്ങൾ അനുഭവിക്കേണ്ടിവരുന്നുണ്ട്. വ്യക്തിപരമോ ആന്തരികമോ ആയ സമ്മർദങ്ങൾ വേറെയും. ചിലർക്ക് ഗുരുതരമായ ഏതെങ്കിലും വൈകല്യത്തിന്റെയോ ആരോഗ്യപ്രശ്നത്തിന്റെയോ രൂപത്തിൽ “ജഡത്തിൽ ഒരു ശൂലം [“മുള്ള്,” NW]” പേറേണ്ടതുണ്ടാകാം. (2 കൊരിന്ത്യർ 12:7-10) ആത്മാഭിമാനക്കുറവു തോന്നുന്നതു മൂലം മറ്റനേകർ ക്ലേശം അനുഭവിക്കുന്നു. മുമ്പുണ്ടായിരുന്ന ഊർജസ്വലതയോടെ യഹോവയെ സേവിക്കുന്നതിൽനിന്ന് വാർധക്യത്തിന്റെ “ദുർദ്ദിവസങ്ങൾ” പ്രായംചെന്ന ക്രിസ്ത്യാനികളെ തടഞ്ഞേക്കാം.—സഭാപ്രസംഗി 12:1.
7 ‘സ്വർല്ലോകങ്ങളിലെ ദുഷ്ടാത്മസേനയോടുള്ള പോരാട്ടവും നമുക്കുണ്ടെന്ന്’ അപ്പൊസ്തലനായ പൗലൊസ് നമ്മെ ഓർമപ്പെടുത്തുന്നു. (എഫെസ്യർ 6:12) നാം സദാ “ലോകത്തിന്റെ ആത്മാവിനെ,” സാത്താനും അവന്റെ ദുർഭൂതങ്ങളും ഉന്നമിപ്പിക്കുന്ന മത്സരത്തിന്റെയും ദുഷിച്ച ധാർമികതയുടെയും മനോഭാവത്തെ നേരിട്ടുകൊണ്ടിരിക്കുന്നു. (1 കൊരിന്ത്യർ 2:12; എഫെസ്യർ 2:2, 3) ദൈവഭയമുണ്ടായിരുന്ന ലോത്തിനെപ്പോലെ ഇന്നു നാമും ചുറ്റുമുള്ള ആളുകൾ പറയുന്നതും ചെയ്യുന്നതുമായ അധാർമിക സംഗതികളാൽ അസ്വസ്ഥരായേക്കാം. (2 പത്രൊസ് 2:7) സാത്താന്റെ നേരിട്ടുള്ള ആക്രമണങ്ങൾക്കും നാം വിധേയരാണ്. “ദൈവകല്പനകൾ കാക്കുന്നവരും, യേശുവിനു സാക്ഷ്യം വഹിക്കുന്നവരു”മായ അഭിഷിക്ത ക്രിസ്ത്യാനികളുടെ ശേഷിപ്പുമായി സാത്താൻ യുദ്ധം ചെയ്യുകയാണ്. (വെളിപ്പാടു 12:17, പി.ഒ.സി. ബൈബിൾ) നിരോധനങ്ങളുടെയും പീഡനങ്ങളുടെയും രൂപത്തിൽ യേശുവിന്റെ ‘വേറെ ആടുകളും’ സാത്താന്റെ ആക്രമണത്തിന് ഇരകളാകുന്നു.—യോഹന്നാൻ 10:16.
അടിയറവു പറയണോ പോരാടണോ?
8. നാം സാത്താന്റെ ആക്രമണങ്ങളോട് എങ്ങനെ പ്രതികരിക്കണം, എന്തുകൊണ്ട്?
8 സാത്താന്റെ ആക്രമണങ്ങളോടു നാം എങ്ങനെ പ്രതികരിക്കണം? പുരാതന ഗാദ്യരെപ്പോലെ നാം ആത്മീയമായി കരുത്താർജിച്ച് ദൈവിക നിർദേശത്തിനു ചേർച്ചയിൽ പോരാടേണ്ടത് അനിവാര്യമാണ്. ഖേദകരമെന്നു പറയട്ടെ, തങ്ങളുടെ ആത്മീയ ഉത്തരവാദിത്വങ്ങളെ അവഗണിച്ചുകൊണ്ട് ചിലർ ജീവിതസമ്മർദങ്ങൾക്ക് അടിയറവു പറയാൻ തുടങ്ങിയിരിക്കുന്നു. (മത്തായി 13:20-22) തന്റെ സഭയിൽ യോഗഹാജർ താഴാനുണ്ടായ കാരണത്തെ കുറിച്ച് ഒരു സാക്ഷി ഇങ്ങനെ പറഞ്ഞു: “സഹോദരങ്ങൾ ക്ഷീണിച്ചുപോകുന്നു. അവർക്കെല്ലാം കടുത്ത സമ്മർദങ്ങൾ നേരിടേണ്ടിവരുന്നു.” തീർച്ചയായും, ഇന്ന് ആളുകളെ ക്ഷീണിതരാക്കുന്ന അനേകം സംഗതികൾ ഉണ്ട്. അതുകൊണ്ട് ദൈവത്തിന്റെ ആരാധനയെ, ഇതിനെല്ലാം പുറമേയുള്ള മറ്റൊരു സമ്മർദമായി, ഭാരപ്പെടുത്തുന്ന ഒരു കടപ്പാടായി വീക്ഷിച്ചുതുടങ്ങുക എളുപ്പമാണ്. എന്നാൽ അത് ആരോഗ്യാവഹമായ, ഉചിതമായ ഒരു വീക്ഷണമാണോ?
9. ക്രിസ്തുവിന്റെ നുകം ഏറ്റുകൊള്ളുന്നത് ആശ്വാസം കൈവരുത്തുന്നത് എങ്ങനെ?
9 ജീവിതത്തിന്റെ സമ്മർദങ്ങളാൽ സമാനമായി പരിക്ഷീണിതരായ തന്റെ നാളിലെ ജനങ്ങളോട് യേശു പറഞ്ഞത് ശ്രദ്ധിക്കുക: “അദ്ധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും ആയുള്ളോരേ, എല്ലാവരും എന്റെ അടുക്കൽ വരുവിൻ; ഞാൻ നിങ്ങളെ ആശ്വസിപ്പിക്കും.” ദൈവസേവനം വെട്ടിച്ചുരുക്കുക വഴി ആശ്വാസം കണ്ടെത്താനാകും എന്നായിരുന്നോ യേശു പറഞ്ഞതിനർഥം? ഒരിക്കലുമല്ല. പകരം അവൻ ഇങ്ങനെ പറഞ്ഞു: “ഞാൻ സൌമ്യതയും താഴ്മയും ഉള്ളവൻ ആകയാൽ എന്റെ നുകം ഏററുകൊണ്ടു എന്നോടു പഠിപ്പിൻ; എന്നാൽ നിങ്ങളുടെ ആത്മാക്കൾക്കു ആശ്വാസം കണ്ടെത്തും.” ഒരു വലിയ ഭാരം വഹിച്ചുകൊണ്ടുപോകാൻ ഒരു മനുഷ്യനെയോ മൃഗത്തെയോ സഹായിക്കുന്ന, മരമോ ലോഹമോ കൊണ്ടു നിർമിച്ച ചട്ടമാണ് നുകം. അപ്പോൾപ്പിന്നെ നാം ഒരു നുകം ഏറ്റുകൊള്ളുന്നത് എന്തിനാണ്? ഇപ്പോൾത്തന്നെ നാം ‘ഭാരം ചുമക്കുക’യല്ലേ? ഉവ്വ്, എന്നാൽ ഗ്രീക്കു പാഠത്തിന് ഇങ്ങനെയും അർഥമുണ്ട്: “എന്നോടൊപ്പം എന്റെ നുകക്കീഴിൽ കയറിക്കൊള്ളുക.” ഒന്നു ചിന്തിച്ചുനോക്കൂ! നമ്മുടെ ചുമടു വഹിച്ചുകൊണ്ടുപോകാൻ യേശു നമുക്കു സഹായം വാഗ്ദാനം ചെയ്യുകയാണ്. അതേ, സ്വന്ത ശക്തിയാൽ നാം നമ്മുടെ ഭാരങ്ങൾ ചുമക്കേണ്ടതില്ല.—മത്തായി 9:36; 11:28, 29, NW അടിക്കുറിപ്പ്; 2 കൊരിന്ത്യർ 4:7.
10. ദൈവത്തിനു മഹത്ത്വം കൊടുക്കാൻ നാം ശ്രമിക്കുമ്പോൾ എന്തു ഫലം കൈവരുന്നു?
10 ശിഷ്യത്വത്തിന്റെ നുകം ഏറ്റുകൊള്ളുമ്പോൾ നാം സാത്താനെതിരെ പോരാടുകയാണ്. “പിശാചിനോടു എതിർത്തുനില്പിൻ; എന്നാൽ അവൻ നിങ്ങളെ വിട്ടു ഓടിപ്പോകും” എന്ന് യാക്കോബ് 4:7 നമുക്ക് ഉറപ്പുനൽകുന്നു. അത് അത്ര എളുപ്പം ചെയ്യാൻ കഴിയുന്ന ഒന്നാണെന്നല്ല ഇതിനർഥം. ദൈവത്തെ സേവിക്കുന്നതിൽ ഗണ്യമായ ശ്രമം ഉൾപ്പെട്ടിരിക്കുന്നു. (ലൂക്കൊസ് 13:24) എങ്കിലും, “കണ്ണുനീരോടെ വിതെക്കുന്നവർ ആർപ്പോടെ കൊയ്യും” എന്നാണ് സങ്കീർത്തനം 126:5-ൽ ബൈബിൾ നൽകുന്ന വാഗ്ദാനം. അതേ, നാം ചെയ്യുന്നതിനെ വിലമതിക്കാത്ത ഒരു ദൈവത്തെയല്ല നാം ആരാധിക്കുന്നത്. “തന്നെ അന്വേഷിക്കുന്നവർക്കു പ്രതിഫലം കൊടുക്കുന്ന”വനാണ് അവൻ. തനിക്കു മഹത്ത്വം കരേറ്റുന്നവരെ അവൻ അനുഗ്രഹിക്കുന്നു.—എബ്രായർ 11:6.
രാജ്യഘോഷകർ എന്ന നിലയിൽ ദൈവത്തെ മഹത്ത്വപ്പെടുത്തൽ
11. വയൽശുശ്രൂഷ സാത്താന്റെ ആക്രമണങ്ങൾക്കെതിരെയുള്ള ഒരു പ്രതിരോധമായി വർത്തിക്കുന്നത് എങ്ങനെ?
11 ‘ആകയാൽ നിങ്ങൾ പുറപ്പെട്ട് സകലജാതികളെയും ശിഷ്യരാക്കിക്കൊൾവിൻ’ എന്ന് യേശു കൽപ്പിച്ചു. പ്രസംഗവേലയാണ് “അധരഫലം എന്ന സ്തോത്രയാഗം” അർപ്പിക്കുന്നതിനുള്ള സുപ്രധാന മാർഗം. (മത്തായി 28:19, 20; എബ്രായർ 13:15) “സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം” നമ്മുടെ “സർവ്വായുധവർഗ്ഗ”ത്തിന്റെ, സാത്താന്റെ ആക്രമണങ്ങൾക്കെതിരെയുള്ള നമ്മുടെ പ്രതിരോധത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ്. (എഫെസ്യർ 6:11-15) വയൽശുശ്രൂഷയിൽ ദൈവത്തെ സ്തുതിക്കുന്നത് നമ്മുടെ വിശ്വാസത്തെ ഊട്ടിവളർത്താനുള്ള ഉത്തമ മാർഗമാണ്. (2 കൊരിന്ത്യർ 4:13) നിഷേധാത്മക ചിന്തകളെ മനസ്സിൽനിന്ന് അകറ്റിനിറുത്താൻ അതു നമ്മെ സഹായിക്കുന്നു. (ഫിലിപ്പിയർ 4:8) വയൽശുശ്രൂഷയിൽ പങ്കുപറ്റുന്നത് സഹാരാധകരുമായി കെട്ടുപണി ചെയ്യുന്ന സഹവാസം ആസ്വദിക്കാൻ നമുക്ക് അവസരം നൽകുന്നു.
12, 13. വയൽശുശ്രൂഷയിലെ ക്രമമായ പങ്കുപറ്റലിൽനിന്ന് കുടുംബങ്ങൾ പ്രയോജനം നേടുന്നത് എങ്ങനെ? ദൃഷ്ടാന്തീകരിക്കുക.
12 പ്രസംഗപ്രവർത്തനത്തിന് ആരോഗ്യാവഹമായ ഒരു കുടുംബപ്രവർത്തനം ആയിരിക്കാനും കഴിയും. യുവജനങ്ങൾക്ക് സമനിലയോടു കൂടിയ വിനോദം ആവശ്യമാണ് എന്നതിൽ തർക്കമില്ല. എന്നിരുന്നാലും, കുടുംബം ഒത്തൊരുമിച്ച് വയൽശുശ്രൂഷയിൽ ചെലവഴിക്കുന്ന സമയം വിരസമായിരിക്കേണ്ടതില്ല. ശുശ്രൂഷയിൽ കൂടുതൽ ഫലപ്രദമായി സംസാരിക്കാൻ തങ്ങളുടെ മക്കളെ പരിശീലിപ്പിച്ചുകൊണ്ട് മാതാപിതാക്കൾക്ക് അതു കൂടുതൽ ആസ്വാദ്യമാക്കാൻ കഴിയും. തങ്ങൾക്കു നന്നായി ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ യുവജനങ്ങൾ ആസ്വദിക്കാറില്ലേ? യുവപ്രായക്കാരുടെ പ്രാപ്തിക്ക് അതീതമായി അവരിൽനിന്ന് ആവശ്യപ്പെടാതെ സമനില പാലിച്ചുകൊണ്ട്, മാതാപിതാക്കൾക്ക് ശുശ്രൂഷയിൽ സന്തോഷം കണ്ടെത്താൻ അവരെ സഹായിക്കാൻ കഴിയും.—ഉല്പത്തി 33:13, 14.
13 കൂടാതെ, ഒത്തൊരുമിച്ച് ദൈവത്തെ സ്തുതിക്കുന്ന ഒരു കുടുംബം ശക്തമായ ബന്ധങ്ങൾ വാർത്തെടുക്കുന്നു. അവിശ്വാസിയായ ഭർത്താവ് ഉപേക്ഷിച്ചതു നിമിത്തം അഞ്ചു മക്കളെ തനിയേ വളർത്തിക്കൊണ്ടുവരേണ്ടിവന്ന ഒരു സഹോദരിയുടെ കാര്യമെടുക്കുക. ലൗകിക ജോലി ചെയ്ത് മക്കളെ പോറ്റുന്നതിന്റെ വെല്ലുവിളിയെ സഹോദരി ധൈര്യത്തോടെതന്നെ നേരിട്ടു. തന്റെ മക്കളുടെ ആത്മീയ ക്ഷേമത്തെ അവഗണിക്കുംവിധം അവർ ക്ഷീണിതയായിരുന്നോ? സഹോദരി ഇങ്ങനെ ഓർമിക്കുന്നു: “ഞാൻ ബൈബിളും ബൈബിൾ പ്രസിദ്ധീകരണങ്ങളും ഉത്സാഹപൂർവം വായിക്കുകയും വായിച്ച കാര്യങ്ങൾ ബാധകമാക്കാൻ ശ്രമിക്കുകയും ചെയ്യുമായിരുന്നു. മക്കളെ യോഗങ്ങൾക്കും വീടുതോറുമുള്ള വേലയ്ക്കും ഞാൻ ക്രമമായി കൊണ്ടുപോകുകയും ചെയ്തു. എന്റെ പരിശ്രമങ്ങളുടെ ഫലം എന്തായിരുന്നെന്നോ? അഞ്ചു മക്കളും സ്നാപനമേറ്റു.” സമാനമായി ശുശ്രൂഷയിൽ പൂർണമായ ഒരു പങ്കുണ്ടായിരിക്കുന്നത് മക്കളെ “യഹോവയുടെ ശിക്ഷണത്തിലും മാനസിക ക്രമവത്കരണത്തിലും” വളർത്തിക്കൊണ്ടുവരാനുള്ള നിങ്ങളുടെ ശ്രമങ്ങളിൽ നിങ്ങളെ സഹായിക്കും.—എഫെസ്യർ 6:4, NW.
14. (എ) യുവജനങ്ങൾക്ക് സ്കൂളിൽ ദൈവത്തിനു മഹത്ത്വം കൊടുക്കാൻ എങ്ങനെ സാധിക്കും? (ബി) ‘സുവിശേഷത്തെ കുറിച്ചു ലജ്ജിക്കാതിരിക്കാൻ’ യുവജനങ്ങളെ എന്തിനു സഹായിക്കാനാകും?
14 യുവജനങ്ങളേ, (നിങ്ങളുടെ ദേശത്തെ നിയമം അനുവദിക്കുന്നെങ്കിൽ) നിങ്ങൾ സ്കൂളിൽ സാക്ഷീകരിച്ചുകൊണ്ട് ദൈവത്തിനു മഹത്ത്വം കൊടുക്കുന്നുണ്ടോ, അതോ മാനുഷഭയം നിങ്ങളെ പിന്നോട്ടു വലിക്കുന്നുവോ? (സദൃശവാക്യങ്ങൾ 29:25) പോർട്ടറിക്കോയിലെ 13 വയസ്സുള്ള ഒരു സാക്ഷിപ്പെൺകുട്ടി ഇങ്ങനെ എഴുതി: “സ്കൂളിൽ സാക്ഷീകരിക്കാൻ എനിക്ക് ഒരിക്കലും സങ്കോചം തോന്നിയിട്ടില്ല. കാരണം ഇതാണ് സത്യമെന്ന് എനിക്ക് അറിയാം. ക്ലാസ്സിൽ ഞാൻ എല്ലായ്പോഴും കൈയുയർത്തി ബൈബിളിൽനിന്നു പഠിച്ച കാര്യങ്ങൾ പറയാറുണ്ട്. ക്ലാസ്സില്ലാത്ത സമയത്ത് ഞാൻ ലൈബ്രറിയിൽ പോയിരുന്ന് യുവജനങ്ങൾ ചോദിക്കുന്നു പുസ്തകം വായിക്കും.”a യഹോവ അവളുടെ ശ്രമങ്ങളെ അനുഗ്രഹിച്ചിരിക്കുന്നുവോ? അവൾ ഇങ്ങനെ പറയുന്നു: “ചിലപ്പോൾ സഹപാഠികൾ എന്നോടു ചോദ്യങ്ങൾ ചോദിക്കുകയും പുസ്തകത്തിന്റെ ഒരു പ്രതി ആവശ്യപ്പെടുക പോലും ചെയ്യുന്നു.” ഇക്കാര്യത്തിൽ നിങ്ങൾ പിന്നോട്ടു നിൽക്കുന്നെങ്കിൽ, ഉത്സാഹപൂർവമുള്ള വ്യക്തിപരമായ പഠനത്തിലൂടെ “നന്മയും പ്രസാദവും പൂർണ്ണതയുമുള്ള ദൈവഹിതം ഇന്നതെന്നു” ഒരുപക്ഷേ നിങ്ങൾ സ്വയം ഉറപ്പു വരുത്തേണ്ട ആവശ്യമുണ്ടായിരിക്കാം. (റോമർ 12:2) നിങ്ങൾ പഠിച്ചിരിക്കുന്നത് സത്യമാണെന്നു ബോധ്യമായാൽപ്പിന്നെ, നിങ്ങൾ ഒരിക്കലും ‘സുവിശേഷത്തെ കുറിച്ചു ലജ്ജിക്കുകയില്ല.’—റോമർ 1:16.
സേവനത്തിന്റെ ഒരു ‘തുറന്ന വാതിൽ’
15, 16. ‘പ്രവർത്തനത്തിലേക്കു നയിക്കുന്ന ഏതു വലിയ വാതിലിലൂടെ’ ചില ക്രിസ്ത്യാനികൾ പ്രവേശിച്ചിരിക്കുന്നു, എന്ത് അനുഗ്രഹങ്ങൾ അവർക്ക് ആസ്വദിക്കാൻ കഴിഞ്ഞിരിക്കുന്നു?
15 “പ്രവർത്തനത്തിലേക്കു നയിക്കുന്ന ഒരു വലിയ വാതിൽ” തനിക്കു തുറന്നു കിട്ടിയതായി അപ്പൊസ്തലനായ പൗലൊസ് എഴുതി. (1 കൊരിന്ത്യർ 16:9, NW) പ്രവർത്തനത്തിലേക്കുള്ള ഒരു വാതിലിലൂടെ പ്രവേശിക്കാൻ നിങ്ങളുടെ സാഹചര്യങ്ങൾ നിങ്ങളെ അനുവദിക്കുന്നുണ്ടോ? ദൃഷ്ടാന്തത്തിന്, സാധാരണ പയനിയറോ സഹായ പയനിയറോ ആയി സേവിക്കുന്നതിൽ മാസം 70-ഓ 50-ഓ മണിക്കൂർ പ്രസംഗവേലയ്ക്കായി അർപ്പിക്കുന്നത് ഉൾപ്പെടുന്നു. സ്വാഭാവികമായും, പയനിയർമാരെ അവരുടെ വിശ്വസ്ത സേവനം നിമിത്തം സഹക്രിസ്ത്യാനികൾ വളരെയേറെ വിലമതിക്കുന്നു. എന്നാൽ ശുശ്രൂഷയിൽ അവർ കൂടുതൽ സമയം ചെലവഴിക്കുന്നുവെന്ന സംഗതി തങ്ങളുടെ സഹോദരീസഹോദരന്മാരെക്കാൾ തങ്ങൾ ശ്രേഷ്ഠരാണെന്ന് അവർക്കു തോന്നാൻ ഇടയാക്കുന്നില്ല. പകരം അവർ യേശു പ്രോത്സാഹിപ്പിച്ച മനോഭാവം നട്ടുവളർത്തുന്നു: “ഞങ്ങൾ പ്രയോജനം ഇല്ലാത്ത ദാസന്മാർ; ചെയ്യേണ്ടതേ ചെയ്തിട്ടുള്ളൂ.”—ലൂക്കൊസ് 17:10.
16 പയനിയറിങ് ചെയ്യുന്നതിന് ആത്മശിക്ഷണവും വ്യക്തിപരമായ നല്ല ആസൂത്രണവും ത്യാഗങ്ങൾ ചെയ്യാനുള്ള മനസ്സൊരുക്കവും ആവശ്യമാണ്. എന്നാൽ ലഭിക്കുന്ന അനുഗ്രഹങ്ങൾ അതിനെയെല്ലാം കവിയുന്നതാണ്. “ദൈവവചന സത്യം ശരിയായി കൈകാര്യം ചെയ്യാൻ കഴിയുന്നത് എത്ര വലിയ അനുഗ്രഹമാണ്,” റ്റാമികാ എന്നു പേരുള്ള ഒരു യുവ പയനിയർ സഹോദരി പറയുന്നു. “പയനിയറിങ് ചെയ്യുമ്പോൾ നിങ്ങൾ കൂടെക്കൂടെ ബൈബിൾ ഉപയോഗിക്കുന്നു. ഇപ്പോൾ വീടുതോറും പോകുമ്പോൾ ഓരോ വീട്ടുകാരനും യോജിച്ച തിരുവെഴുത്ത് ഓർമിച്ചെടുക്കാൻ എനിക്കു കഴിയുന്നുണ്ട്.” (2 തിമൊഥെയൊസ് 2:15) ഒരു പയനിയറായ മൈകാ സഹോദരി ഇങ്ങനെ പറയുന്നു: “സത്യം ആളുകളുടെ ജീവിതത്തെ സ്വാധീനിക്കുന്നതു കാണുന്നതാണ് മറ്റൊരു വിസ്മയാവഹമായ അനുഗ്രഹം.” സമാനമായി യുവപ്രായത്തിലുള്ള മാത്യുവും “ആളുകൾ സത്യത്തിലേക്കു വരുന്നതു കാണുന്നതിന്റെ” സന്തോഷത്തെ കുറിച്ചു പറയുന്നു. “ആ സന്തോഷം ഒന്നു വേറെതന്നെ!”
17. പയനിയറിങ്ങിനെ കുറിച്ചുള്ള നിഷേധാത്മക ചിന്തകളെ ഒരു ക്രിസ്ത്യാനി മറികടന്നത് എങ്ങനെ?
17 പയനിയറിങ് തുടങ്ങുന്നതിനെ കുറിച്ച് നിങ്ങൾക്കു ചിന്തിക്കാൻ കഴിയുമോ? അതു ചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും അതിനുതക്ക പ്രാപ്തിയൊന്നും നിങ്ങൾക്കില്ല എന്നാവും ഒരുപക്ഷേ നിങ്ങളുടെ ചിന്ത. “എനിക്കു പയനിയറിങ് ചെയ്യാൻ കഴിയുമോ എന്ന് ഞാൻ എപ്പോഴും സംശയിച്ചിരുന്നു,” യുവസഹോദരിയായ കെന്യാറ്റ തുറന്നു പറയുന്നു. “എനിക്ക് അതിനുള്ള പ്രാപ്തിയൊന്നും ഇല്ലെന്ന് ഞാൻ കരുതി. മുഖവുര തയ്യാറാകേണ്ടത് എങ്ങനെയെന്നോ തിരുവെഴുത്തുകളിൽനിന്ന് ന്യായവാദം ചെയ്യേണ്ടത് എങ്ങനെയെന്നോ എനിക്ക് അറിയില്ലായിരുന്നു.” എന്നാൽ, അവളോടൊപ്പം പ്രവർത്തിക്കാൻ പക്വമതിയായ ഒരു സഹോദരിയെ മൂപ്പന്മാർ നിയമിച്ചു. “ആ സഹോദരിയോടൊപ്പം പ്രവർത്തിക്കാൻ എന്തു രസമായിരുന്നെന്നോ,” കെന്യാറ്റ സ്മരിക്കുന്നു. “എനിക്കും പയനിയറിങ് ചെയ്യണം എന്നുള്ള ആഗ്രഹം അതെന്നിൽ ഉളവാക്കി.” അൽപ്പം പ്രോത്സാഹനവും പരിശീലനവും ലഭിക്കുമ്പോൾ, പയനിയറിങ് ചെയ്യാൻ ഒരുപക്ഷേ നിങ്ങളും ആഗ്രഹിക്കും.
18. മിഷനറി സേവനത്തിൽ പ്രവേശിക്കുന്നവർക്ക് എന്ത് അനുഗ്രഹങ്ങൾ ആസ്വദിക്കാൻ കഴിഞ്ഞേക്കാം?
18 പയനിയറിങ് മറ്റു സേവന പദവികളിലേക്കുള്ള വാതിൽ തുറന്നേക്കാം. ദൃഷ്ടാന്തത്തിന്, വിദേശരാജ്യങ്ങളിൽ പ്രസംഗപ്രവർത്തനത്തിനായി അയയ്ക്കപ്പെടുന്നവർക്കു വേണ്ടിയുള്ള മിഷനറി പരിശീലനത്തിന് ചില ദമ്പതികൾ യോഗ്യത പ്രാപിച്ചേക്കാം. പുതിയ ദേശം, ഒരുപക്ഷേ പുതിയ ഭാഷ, പുതിയ സംസ്കാരം പുതിയതരം ഭക്ഷണം എന്നിവയുമായെല്ലാം മിഷനറിമാർ പൊരുത്തപ്പെടണം. എന്നാൽ ലഭിക്കുന്ന അനുഗ്രഹങ്ങൾ ഈ അസൗകര്യങ്ങളെയെല്ലാം നിഷ്പ്രഭമാക്കുന്ന തരത്തിലുള്ളതാണ്. മെക്സിക്കോയിലെ അനുഭവസമ്പന്നയായ ഒരു മിഷനറി സഹോദരി ഇങ്ങനെ പറയുന്നു: “ഒരു മിഷനറിയാകാൻ തീരുമാനിച്ചതിൽ ഞാൻ ഒരിക്കലും ഖേദിക്കുന്നില്ല. കുഞ്ഞുന്നാൾ മുതലുള്ള എന്റെ ആഗ്രഹമായിരുന്നു അത്.” ആ സഹോദരി എന്തെല്ലാം അനുഗ്രഹങ്ങൾ ആസ്വദിച്ചിരിക്കുന്നു? “ഞങ്ങളുടെ നാട്ടിൽ ബൈബിളധ്യയനങ്ങൾ കിട്ടാൻ വലിയ ബുദ്ധിമുട്ടായിരുന്നു. ഇവിടെയാകട്ടെ, ഒരേസമയം നാലു വിദ്യാർഥികൾവരെ വയലിൽ ഇറങ്ങാൻ തക്കവിധം പുരോഗമിച്ചിട്ടുണ്ട്!”
19, 20. ബെഥേൽ സേവനവും അന്താരാഷ്ട്ര സേവനവും ശുശ്രൂഷാ പരിശീലന സ്കൂളും അനേകർക്ക് അനുഗ്രഹങ്ങൾ കൈവരുത്തിയിരിക്കുന്നത് എങ്ങനെ?
19 യഹോവയുടെ സാക്ഷികളുടെ ബ്രാഞ്ച് ഓഫീസുകളിൽ സേവിക്കുന്നവരും സമൃദ്ധമായ അനുഗ്രഹങ്ങൾ ആസ്വദിക്കുന്നു. ജർമനിയിൽ സേവിക്കുന്ന ഒരു യുവ സഹോദരനായ സ്വെൻ, ബെഥേലിലെ തന്റെ വേലയെ കുറിച്ച് ഇങ്ങനെ പറയുന്നു: “നിലനിൽക്കുന്ന മൂല്യമുള്ള ഒന്നാണ് ഞാൻ ചെയ്തുകൊണ്ടിരിക്കുന്നതെന്ന് എനിക്കറിയാം. എനിക്കു വേണമെങ്കിൽ എന്റെ തൊഴിൽ വൈദഗ്ധ്യങ്ങൾ ലോകത്തിൽ ഉപയോഗിക്കാമായിരുന്നു. പക്ഷേ അത് പൊളിയാൻ പോകുന്ന ഒരു ബാങ്കിൽ പണം നിക്ഷേപിക്കുന്നതു പോലെയാണ്.” ശമ്പളം പറ്റാതെ, ഒരു സ്വമേധയാ സേവകനായി സേവിക്കുന്നതിൽ തീർച്ചയായും ത്യാഗം ഉൾപ്പെട്ടിട്ടുണ്ട്. എന്നാൽ സ്വെൻ പറയുന്നതു കേൾക്കൂ: “ഓരോ ദിവസവും താമസസ്ഥലത്തേക്കു തിരികെപ്പോകുമ്പോൾ നിങ്ങൾക്കറിയാം, അന്നു നിങ്ങൾ ചെയ്തകാര്യങ്ങൾ മുഴുവനും യഹോവയ്ക്കു വേണ്ടി ആയിരുന്നെന്ന്. ആ ചാരിതാർഥ്യം പറഞ്ഞറിയിക്കാനാവില്ല!”
20 ചില സഹോദരങ്ങൾ വിദേശ രാജ്യങ്ങളിലെ ബ്രാഞ്ച് നിർമാണത്തിൽ പങ്കെടുത്തുകൊണ്ട് അന്താരാഷ്ട്ര സേവനത്തിന്റെ അനുഗ്രഹങ്ങൾ ആസ്വദിച്ചിരിക്കുന്നു. എട്ട് വിദേശ നിയമനങ്ങളിൽ സേവിച്ചിട്ടുള്ള ഒരു ദമ്പതികൾ ഇങ്ങനെ എഴുതി: “ഇവിടെയുള്ള സഹോദരങ്ങൾ ഞങ്ങൾക്ക് എത്ര പ്രിയപ്പെട്ടവരാണെന്നോ. അവരെ പിരിയുന്നത് തീർച്ചയായും ഹൃദയഭേദകമായിരിക്കും. മുമ്പ് ഏഴു പ്രാവശ്യം ഞങ്ങളുടെ ക്രിസ്തീയ സഹോദരങ്ങളോടു യാത്ര പറഞ്ഞപ്പോഴും ഇതേ വേദന ഞങ്ങൾ സഹിച്ചിട്ടുണ്ട്. ഈ നിയമനത്തിൽ എത്ര നല്ല അനുഭവങ്ങളാണ് ഞങ്ങൾക്ക് ഉണ്ടായിട്ടുള്ളതെന്നോ!” ശുശ്രൂഷാ പരിശീലന സ്കൂളാണ് മറ്റൊന്ന്. വിവാഹിതരല്ലാത്ത യോഗ്യതയുള്ള സഹോദരന്മാർക്ക് ഈ സ്കൂൾ ആത്മീയ പരിശീലനം നൽകുന്നു. ഈ സ്കൂളിൽനിന്നു ബിരുദമെടുത്ത ഒരു സഹോദരൻ ഇങ്ങനെ എഴുതി: “ഈ അത്ഭുതാവഹമായ സ്കൂളിന് നിങ്ങളോട് എങ്ങനെ നന്ദി പറയണമെന്ന് എനിക്ക് അറിയില്ല. പരിശീലനം നൽകാൻ ഇത്രമാത്രം ശ്രമം ചെയ്യുന്ന മറ്റേതു സംഘടനയുണ്ട്?”
21. ദൈവസേവനത്തിൽ സകല ക്രിസ്ത്യാനികളും ഏതു വെല്ലുവിളിയെ നേരിടുന്നു?
21 അതേ, പ്രവർത്തനത്തിന്റെ നിരവധി വാതിലുകൾ നിങ്ങൾക്കായി തുറന്നു കിടക്കുന്നു. നമ്മിൽ മിക്കവർക്കും ബെഥേലിലോ വിദേശ നിയമനങ്ങളിലോ സേവിക്കാൻ കഴിഞ്ഞെന്നു വരില്ല എന്നതു ശരിതന്നെ. തങ്ങളുടെ വ്യത്യസ്തമായ സാഹചര്യങ്ങൾ നിമിത്തം ക്രിസ്ത്യാനികൾ വിഭിന്ന അളവിലായിരിക്കും ഫലം ‘വിളയിക്കുന്നത്’ എന്ന് യേശുതന്നെ പറയുകയുണ്ടായി. (മത്തായി 13:23) നമ്മുടെ സാഹചര്യത്തിൽ ചെയ്യാൻ കഴിയുന്നതിന്റെ പരമാവധി പ്രവർത്തിക്കുക, അഥവാ നമ്മുടെ സാഹചര്യങ്ങൾ അനുവദിക്കുന്നിടത്തോളം യഹോവയുടെ സേവനത്തിൽ പൂർണമായ ഒരു പങ്കുണ്ടായിരിക്കുക എന്നതാണ് ക്രിസ്ത്യാനികൾ എന്ന നിലയിൽ നമ്മുടെ വെല്ലുവിളി. അപ്രകാരം ചെയ്യുമ്പോൾ നാം യഹോവയ്ക്കു മഹത്ത്വം കൊടുക്കുകയാണ്, അവൻ അതിൽ സംപ്രീതനാണെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാനും കഴിയും. ഒരു നഴ്സിങ് ഹോമിൽ കഴിയുന്ന പ്രായംചെന്ന സഹോദരിയായ എഥലിന്റെ കാര്യമെടുക്കുക. അവർ നഴ്സിങ് ഹോമിലെ മറ്റ് അന്തേവാസികളോട് ക്രമമായി തന്റെ വിശ്വാസത്തെ കുറിച്ചു സംസാരിക്കുകയും ടെലിഫോൺ സാക്ഷീകരണം നടത്തുകയും ചെയ്യുന്നു. പരിമിതികൾ ഉണ്ടായിരുന്നിട്ടും സഹോദരിയുടെ സേവനം മുഴുദേഹിയോടെ ഉള്ളതാണ്.—മത്തായി 22:37.
22. (എ) കൂടുതലായ ഏതു വിധങ്ങളിൽ നമുക്ക് ദൈവത്തിനു മഹത്ത്വം കരേറ്റാനാകും? (ബി) ഏതു വിസ്മയാവഹമായ കാലമാണ് നമുക്കു മുന്നിലുള്ളത്?
22 എന്നിരുന്നാലും പ്രസംഗപ്രവർത്തനം യഹോവയ്ക്കു മഹത്ത്വം കരേറ്റാനുള്ള ഒരു വിധം മാത്രമേ ആകുന്നുള്ളുവെന്ന് ഓർക്കുക. ജോലിസ്ഥലത്തോ സ്കൂളിലോ ഭവനത്തിലോ ആയാലും, പെരുമാറ്റത്തിലും വസ്ത്രധാരണത്തിലും ചമയത്തിലുമെല്ലാം മാതൃകായോഗ്യരായിരുന്നുകൊണ്ട് നാം യഹോവയുടെ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു. (സദൃശവാക്യങ്ങൾ 27:11) “വിശ്വസ്തപുരുഷൻ അനുഗ്രഹസമ്പൂർണ്ണൻ” എന്ന് സദൃശവാക്യങ്ങൾ 28:20 ഉറപ്പുനൽകുന്നു. അതുകൊണ്ട് അനുഗ്രഹങ്ങൾ ധാരാളമായി കൊയ്യും എന്ന ഉറപ്പോടെ ദൈവസേവനത്തിൽ നാം ‘ധാരാളമായി വിതയ്ക്കണം.’ (2 കൊരിന്ത്യർ 9:6) അപ്രകാരം ചെയ്യുമ്പോൾ, “ജീവനുള്ളതൊക്കെയും” യഹോവയ്ക്ക് അവൻ തികച്ചും അർഹിക്കുന്ന മഹത്ത്വം കരേറ്റുന്ന വിസ്മയാവഹമായ കാലത്ത് ജീവിച്ചിരിക്കാനുള്ള പദവി നമുക്കുണ്ടായിരിക്കും!—സങ്കീർത്തനം 150:6.
[അടിക്കുറിപ്പ്]
a യുവജനങ്ങൾ ചോദിക്കുന്ന ചോദ്യങ്ങളും പ്രായോഗികമായ ഉത്തരങ്ങളും എന്ന പുസ്തകം യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ചിരിക്കുന്നതാണ്.
നിങ്ങൾ ഓർമിക്കുന്നുവോ?
• ദൈവജനം യഹോവയെ “രാപ്പകൽ” സേവിക്കുന്നത് എങ്ങനെ?
• ഗാദ് ഗോത്രം ഏതു വെല്ലുവിളിയെ നേരിട്ടു, അത് ഇന്ന് ക്രിസ്ത്യാനികളെ എന്തു പഠിപ്പിക്കുന്നു?
• വയൽശുശ്രൂഷ സാത്താന്റെ ആക്രമണത്തിനെതിരെ ഒരു സംരക്ഷണം ആയിരിക്കുന്നത് എങ്ങനെ?
• പ്രവർത്തനത്തിന്റെ ഏതു ‘തുറന്ന വാതിലിലൂടെ’ ചിലർ പ്രവേശിച്ചിട്ടുണ്ട്, അവർ എന്ത് അനുഗ്രഹങ്ങൾ ആസ്വദിച്ചിരിക്കുന്നു?
[15-ാം പേജിലെ ചിത്രം]
ഗാദ്യർ കവർച്ചപ്പടകളോടു പോരാടിയതുപോലെ ക്രിസ്ത്യാനികൾ സാത്താന്റെ ആക്രമണങ്ങൾക്കെതിരെ പോരാടണം
[17-ാം പേജിലെ ചിത്രം]
വയൽശുശ്രൂഷയിൽ നാം കെട്ടുപണി ചെയ്യുന്ന സഹവാസം ആസ്വദിക്കുന്നു
[18-ാം പേജിലെ ചിത്രങ്ങൾ]
പയനിയറിങ് മറ്റു സേവന പദവികളിലേക്കുള്ള വാതിൽ തുറന്നേക്കാം, അവയിൽ പിൻവരുന്നവ ഉൾപ്പെടുന്നു:
1. അന്താരാഷ്ട്ര സേവനം
2. ബെഥേൽ സേവനം
3. മിഷനറി സേവനം