മർമ്മം പരിഹരിക്കപ്പെടുന്നു
മരണം മനുഷ്യജീവന്റെ അന്തമല്ലെന്നും ശാരീരിക മരണത്തിനുശേഷം എന്തോ തുടർന്നു ജീവിക്കുന്നുണ്ടെന്നും മിക്കയാളുകളും വിശ്വസിക്കുന്നു. സാധാരണയായി ഈ എന്തോ ഒന്നിനെയാണ് ദേഹി എന്നു വർണ്ണിക്കുന്നത്.
ശരീരം ശവക്കുഴിയിലായിരിക്കുമ്പോൾ “റൂഹ് [ദേഹി] ശരീരം വിട്ടുപോകുന്നുവെന്ന് നാം എങ്ങനെ അറിയുന്നു”വെന്ന ചോദ്യത്തിന് ഉത്തരമായി ദി സ്ട്രെയിററ പാത്ത് മാസിക പറയുന്നു: “മരണം ദേഹിയുടെ വേർപാടല്ലാതെ മറെറാന്നുമല്ല. ദേഹി ശരീരം വിട്ടുകഴിഞ്ഞാൽ അത് ബർസാക്കിലേക്കു (മരണാനന്തര ഘട്ടം) മാററപ്പെടുന്നു. . . . ശവക്കുഴി ദേഹിക്കുവേണ്ടിയല്ല ശരീരത്തിനുവേണ്ടിമാത്രമുള്ള ഒരു സംഭരണിയാണ്.” ഇവ മുസ്ലീം വികാരങ്ങളാണ്, എന്നാൽ അവ ക്രൈസ്തവലോകത്തിന്റെ പഠിപ്പിക്കലുകളിൽനിന്ന് വ്യത്യസ്തമല്ല.
ദൃഷ്ടാന്തമായി, സ്കൂളുകളിലുപയോഗിക്കുന്ന ഒരു ബ്രിട്ടീഷ് റോമൻ കത്തോലിക്കാ പ്രസിദ്ധീകരണമായ ക്രിസ്തീയോപദേശത്തിന്റെ ഒരു പ്രശ്നോത്തരിയിൽനിന്നുള്ള രണ്ടു ചോദ്യങ്ങൾ പരിചിന്തിക്കുക:
ചോ. “നിങ്ങളുടെ ദേഹി ദൈവത്തെപ്പോലെയായിരിക്കുന്നതെങ്ങനെ?”
ഉ. “എന്റെ ദേഹി ഒരു ആത്മാവാകയാലും അമർത്യമാകയാലും ദൈവത്തേപ്പോലെയാണ്.”
ചോ. നിങ്ങളുടെ ദേഹി അമർത്യമാണെന്നു പറയുമ്പോൾ നിങ്ങൾ എന്തർത്ഥമാക്കുന്നു?”
ഉ. “എന്റെ ദേഹി അമർത്യമാണെന്നു ഞാൻ പറയുമ്പോൾ എന്റെ ദേഹിക്ക് ഒരിക്കലും മരിക്കാൻ കഴികയില്ലെന്ന് ഞാൻ അർത്ഥമാക്കുന്നു.”
ഇതു വിശ്വസിക്കാൻ കുട്ടികളെ പഠിപ്പിക്കാൻ കഴിയുമെങ്കിലും പ്രസ്താവനകൾക്കു തെളിവു നൽകാൻ പുസ്തകം ശ്രമിക്കുന്നില്ല.
എന്നിരുന്നാലും, കൃത്യമായി ദേഹി എന്താണെന്ന് നമ്മോടു പറയുന്ന വിവരങ്ങളുടെ ഒരു ഉറവുണ്ട്. ആ ഉറവ് ബൈബിളാണ്, മനുഷ്യന് അറിയപ്പെടുന്നതിലേക്കും പഴക്കമുള്ള പുസ്തകം. അതു പറയുന്നതിൽ നിങ്ങൾ അതിശയിച്ചേക്കാം.
ദേഹി—ബൈബിളിന്റെ നിർവചനം
ബൈബിളിന്റെ ആദ്യപുസ്തകമായ ഉൽപ്പത്തി മനുഷ്യന്റെയും നമ്മുടെ ഭൂഗോളത്തിൽ ജീവിക്കുന്ന മററു ജീവികളുടെയും സൃഷ്ടിപ്പിന്റെ വിവരണം നൽകുന്നു. അത് എബ്രായയിലാണ് എഴുതപ്പെട്ടത്. ആദ്യത്തെ രണ്ട് അദ്ധ്യായങ്ങളിൽ നേഫഷിൽനിന്ന് വിവർത്തനംചെയ്തിരിക്കുന്ന “ദേഹി” എന്ന പദം നാലു പ്രാവശ്യം കാണുന്നു; എന്നാൽ അത് ഒരു പ്രാവശ്യമേ മനുഷ്യനെ പരാമർശിക്കുന്നുള്ളു.a മററു സ്ഥലങ്ങളിൽ അത് എന്തിനെ പരാമർശിക്കുന്നു? നമുക്കു കാണാം.
“ദൈവം വലിയ കടൽജീവികളെയും അതതു തരമനുസരിച്ച് വെള്ളങ്ങൾ കൂട്ടമായി പുറപ്പെടുവിച്ച ചരിക്കുന്ന ജീവനുള്ള സകല ദേഹി [നേഫെഷ്] യെയും ചിറകുള്ള അതതു തരം പറവജാതിയെയും സൃഷ്ടിക്കാൻ തുടങ്ങി.”—ഉൽപ്പത്തി 1:21.
“ഭൂമിയിലെ സകല കാട്ടുമൃഗത്തിനും ആകാശങ്ങളിലെ സകല പറവജാതിക്കും ഒരു ദേഹി [നേഫെഷ്] എന്ന നിലയിൽ ജീവനുള്ളതായി ഭൂമിയിൽ ചരിക്കുന്ന സകലത്തിനും ഞാൻ സകല പച്ചസസ്യവും ആഹാരമായി കൊടുത്തിരിക്കുന്നു.”—ഉൽപ്പത്തി 1:30.
“ഇപ്പോൾ യഹോവയാം ദൈവം നിലത്തുനിന്ന് വയലിലെ സകല കാട്ടുമൃഗത്തെയും ആകാശങ്ങളിലെ സകല പറവജാതികളെയും നിർമ്മിക്കുകയായിരുന്നു, ഓരോന്നിനും മനുഷ്യൻ എന്തു പേരിടുമെന്നു കാണാൻ അവൻ അവയെ അവന്റെ അടുക്കൽ കൊണ്ടുവന്നുതുടങ്ങി; മനുഷ്യൻ അതിനെ, ഓരോ ജീവ ദേഹി [നേഫെഷ്] യെയും, എന്തുതന്നെ വിളിക്കുമോ അതായിരുന്നു അതിന്റെ പേർ.”—ഉൽപ്പത്തി 2:19.
ഈ മൂന്നു വാക്യങ്ങളുടെയും പെട്ടെന്നുള്ള ഒരു താരതമ്യം മൃഗ ജീവികളുടെ സകല രൂപങ്ങളെയും വർണ്ണിക്കാൻ നേഫെഷ് ഉപയോഗിക്കുന്നുവെന്ന് വെളിപ്പെടുത്തുന്നു.
ഇപ്പോൾ ആദ്യ മനുഷ്യനായ ആദാമിന്റെ സൃഷ്ടിയെക്കുറിച്ചുള്ള വിവരണത്തോട് ഇതിനെ താരതമ്യപ്പെടുത്തുക:
“യഹോവയാം ദൈവം നിലത്തെ പൊടിയിൽനിന്ന് മനുഷ്യനെ നിർമ്മിക്കാനും അവന്റെ നാസാരന്ധ്രങ്ങളിൽ ജീവശ്വാസം ഊതാനും തുടങ്ങി, മനുഷ്യൻ ഒരു ജീവനുള്ള ദേഹി [നേഫെഷ്] ആയിത്തീർന്നു.”—ഉൽപ്പത്തി 2:7.
ജ്യൂയിഷ് പബ്ലിക്കേഷൻ സൊസൈററി ഓഫ് അമേരിക്കാ എബ്രായ തിരുവെഴുത്തുകളുടെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളായ തോറായുടെ ഒരു വിവർത്തനത്തിൽ ഇതിനെക്കുറിച്ച് അഭിപ്രായപ്പെട്ടുകൊണ്ട് പറയുന്നു: “നമുക്ക് ഒരു ദേഹി ഉണ്ടെന്ന് ബൈബിൾ പറയുന്നില്ല. ‘നേഫെഷ്’ [നേഫെഷ്] വ്യക്തിതന്നെയാണ്, അയാളുടെ ഭക്ഷണത്തിന്റെ ആവശ്യവും അയാളുടെ സിരകളിലെ രക്തംതന്നെയും അയാളുടെ അസ്തിത്വവും.” (ഇററാലിക്സ് ഞങ്ങളുടേത്). യുക്തിയാനുസൃതം, “ദേഹി” എന്നു വർണ്ണിക്കപ്പെട്ടിരിക്കുന്ന സകല ജീവരൂപങ്ങളെസംബന്ധിച്ചും ഇതു സത്യമാണ്. അവക്ക് ദേഹികൾ ഇല്ല, അവ ദേഹികൾ ആകുന്നു.
പ്ലേറേറയും ദേഹിയും
അപ്പോൾ മരണത്തിങ്കൽ ഒരു ദേഹി ശരീരത്തെ വിട്ടുപോകുന്നുവെന്ന ആശയം എവിടെ നിന്നാണ് ഉൽഭവിച്ചത്? നേരത്തെ പരാമർശിച്ച ജ്യൂയിഷ് എൻസൈക്ലോപ്പീഡിയാ ഇതിനെക്കുറിച്ച് ഇങ്ങനെ പറയുന്നു:“ യഹൂദൻമാർക്ക് പേർഷ്യൻചിന്തയോടും ഗ്രീക്ക് ചിന്തയോടുമുണ്ടായ സമ്പർക്കത്തിലൂടെയാണ് സ്വന്തം വ്യക്തിത്വത്തോടെ ശരീരംവിടുന്ന ഒരു ദേഹിയെക്കുറിച്ചുള്ള ആശയം യഹൂദമതത്തിൽ വേർപിടിച്ചത്.”
മനുഷ്യ ചരിത്രത്തിൽ അതിലും നേരത്തെ തന്നെ മനുഷ്യദേഹി അമർത്യമാണെന്നും അതിന് അതിന്റെ മൃതദേഹത്തെ വീണ്ടും സന്ദർശിക്കാൻ കഴിയുമെന്നും ഈജിപ്ററുകാർ വിശ്വസിച്ചിരുന്നു. ഈ കാരണത്താൽ, ഈജിപ്ററുകാർ തങ്ങളുടെ മരിച്ചവരെ സുഗന്ധമിട്ടോ മമ്മികളാക്കിയോ സൂക്ഷിക്കാൻ കഠിനയത്നം ചെയ്തിരുന്നു.
പുതിയ ജർമ്മൻ ലൂഥറൻ ഇവാൻജലിക്കൽ കാററക്കിസം (മുതിർന്നവർക്കുവേണ്ടിയുള്ളത്) മനുഷ്യദേഹി അമർത്യമാണെന്നുള്ള ഉപദേശത്തിന്റെ ഉറവ് ബൈബിളല്ല പിന്നെയോ “ശരീരവും ദേഹിയും തമ്മിൽ ഒരു വ്യത്യാസമുണ്ടെന്ന് ദൃഢമായി വാദിച്ച ഗ്രീക്ക് തത്വചിന്തകനായ പ്ലേറേറാ (427-347)” ആണെന്ന് പരസ്യമായി സമ്മതിക്കുന്നുവെന്നത് രസാവഹമാണ്. അത് തുടരുന്നു: “ആധുനിക കാലങ്ങളിലെ സുവിശേഷ ദൈവശാസ്ത്രജ്ഞൻമാർ ഗ്രീക്ക് സങ്കൽപ്പനത്തിന്റെയും ബൈബിൾസങ്കൽപ്പനത്തിന്റെയും ഈ സംയോജനത്തെ വെല്ലുവിളിക്കുന്നു. . . . മനുഷ്യനെ ശരീരവും ദേഹിയുമായി വേർപിരിക്കുന്നതിനെ അവർ തള്ളിക്കളയുന്നു.”
അപ്പോൾ മനുഷ്യദേഹിക്ക് മരണത്തിങ്കൽ എന്തു സംഭവിക്കുന്നു? ഈ സംഗതി സംബന്ധിച്ച നമ്മുടെ പ്രമുഖ പ്രമാണം ദൈവത്തിന്റെ നിശ്വസ്തവചനമായ ബൈബിളാണ്. അത് വ്യക്തമായി ഇങ്ങനെ പ്രസ്താവിക്കുന്നു:“ ജീവിച്ചിരിക്കുന്നവർക്ക് തങ്ങൾ മരിക്കുമെന്നുള്ള ബോധമുണ്ട്; എന്നാൽ മരിച്ചവരെ സംബന്ധിച്ചാണെങ്കിൽ അവർക്ക് യാതൊന്നിനെക്കുറിച്ചും അശേഷം ബോധമില്ല.” (സഭാപ്രസംഗി 9:5) “പുനരുത്ഥാനത്തെക്കുറിച്ച് യേശു ഇങ്ങനെ പറഞ്ഞു:“ സ്മാരകക്കല്ലറകളിലുള്ള എല്ലാവരും അവന്റെ [യേശുവിന്റെ] ശബ്ദം കേൾക്കുകയും പുറത്തുവരുകയും ചെയ്യും.”—യോഹന്നാൻ 5:28, 29.
അതുകൊണ്ട് മരിച്ചവർ എവിടെയാണ്? ശവക്കുഴിയിൽ, “സ്മാരകക്കല്ലറകളിൽ”, അതായത്, പുനരുത്ഥാനത്തിനു കാത്തിരുന്നുകൊണ്ട് ദൈവത്തിന്റെ ഓർമ്മയിൽ.b ഒരു പുനരുത്ഥാനമോ? അതിന്റെ അർത്ഥമെന്താണ്? ആ പ്രത്യാശ എത്ര യഥാർത്ഥമാണ്? ഇംഗ്ലണ്ടിൽ അടുത്ത കാലത്തുണ്ടായ ഒരു ദുരന്തത്തെ സംബന്ധിച്ച അവസാനത്തെ ലേഖനം ഈ പ്രത്യാശ എത്ര യഥാർത്ഥമായിരിക്കാമെന്ന് പ്രകടമാക്കുന്നു. (g88 7/8)
[അടിക്കുറിപ്പുകൾ]
a ബഹുവചനമായ “ദേഹികൾ” ഉൽപ്പത്തി അദ്ധ്യായം 1, വാക്യങ്ങൾ 20ലും 24ലും കാണുന്നുണ്ട്.
b ലൂഥറൻ കാററക്കിസം ബൈബിളിനോടു യോജിച്ചുകൊണ്ട് പറയുന്നു: “മുഴുമനുഷ്യനും പാപിയായതുകൊണ്ട് മരണത്തിങ്കൽ ശരീരവും ദേഹിയും സഹിതം പൂർണ്ണമായി മരിക്കുന്നു (പൂർണ്ണമരണം). . . . മരണത്തിനും പുനരുത്ഥാനത്തിനും ഇടക്ക് ഒരു വിടവുണ്ട്; ഏററവും കൂടിയാൽ വ്യക്തി ദൈവത്തിന്റെ ഓർമ്മയിൽ അയാളുടെ അസ്തിത്വം തുടരുന്നു.”
[8-ാം പേജിലെ ചതുരം]
നിങ്ങൾ അറിഞ്ഞോ?
ഒരു “അമർത്യദേഹി”യെക്കുറിച്ച് നാം ഒരിടത്തും വായിക്കുന്നില്ല. ഈ രണ്ടു വാക്കുകൾ ഒരിക്കലും സംയോജിപ്പിച്ചിട്ടില്ല. “അമർത്യ”മെന്നും “അമർത്യത”യെന്നുമുള്ള പദങ്ങൾ ആറു പ്രാവശ്യം മാത്രമേ കാണുന്നുള്ളു, എല്ലാം അപ്പോസ്തലനായ പൗലോസിന്റെ എഴുത്തുകളിൽ. മനുഷ്യർക്കു ബാധകമാക്കുമ്പോൾ സ്വർഗ്ഗത്തിൽ ക്രിസ്തുവിനോടുകൂടെ വാഴാൻ ഭൂമിയിൽനിന്നു വിലക്കു വാങ്ങപ്പെടുന്ന 144000 പേർക്കു മാത്രം ഒരു സമ്മാനമായി കൊടുക്കപ്പെടുന്നതാണ് അമർത്യതയെന്ന് വർണ്ണിക്കപ്പെട്ടിരിക്കുന്നു.—1 കൊരിന്ത്യർ 15:50-54; വെളിപ്പാട് 5:9, 10; 14:1-4; 20:6.
[9-ാം പേജിലെ ചതുരം]
ഏത് പ്രമാണം?
“കൺസൈസ് ഓക്സഫോർഡ് നിഘണ്ടു” “ദേഹിയെ” പിൻവരുന്ന പ്രകാരം നിർവചിക്കുന്നു: “മരണത്തെ അതിജീവിക്കുന്നതായി കരുതപ്പെടുന്ന മമനുഷ്യന്റെ ആത്മീയമോ വസ്തുരഹിതമോ ആയ ഭാഗം.” ഈ നിർവചനം ഒരു ദേഹി മുഖേനയുള്ള മരണാനന്തര ജീവിതത്തിന്റെ സങ്കൽപ്പനം മതപരമായ അവകാശവാദത്തിന്റെ സംഗതിയായി നിലനിൽക്കുന്നുവെന്ന വസ്തുതയെ പ്രദീപ്തമാക്കുന്നു. യതൊരു പ്രമാണത്തിനും അതു തെളിയിക്കാൻ സാധ്യമല്ല. നേരേമറിച്ച്, അത്യുന്നത പ്രമാണമായ ബൈബിൾ പറയുന്നു: “പാപം ചെയ്യുന്ന ദേഹി—അതുതന്നെ മരിക്കും.”—യെഹെസ്ക്കേൽ 18:4.
[9-ാം പേജിലെ ചിത്രം]
മനുഷ്യത്തലയുള്ള ഒരു കഴുകനെപ്പോലെ ചിത്രീകരിച്ചിരിക്കുന്ന ഒരു ഈജിപ്ഷ്യൻ ശാസ്ത്രിയുടെ “ദേഹി”, സങ്കൽപ്പമനുസരിച്ച് ‘ശവകുടീരത്തിലെ അയാളുടെ ശരീരത്തെ വീണ്ടും സന്ദർശിക്കുന്നു.’
[കടപ്പാട്]
Courtesy of the British Museum, London