മനുഷ്യൻ പറുദീസയിലെ ജീവിതം ആസ്വദിക്കണമെന്ന ദൈവം ഉദ്ദേശിക്കുന്നു
“യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടുപോയി ഏദൻതോട്ടത്തിൽ കൃഷിചെയ്യാനും അതിനെ പരിപാലിക്കാനുമായി അവിടെ അവനെ പാർപ്പിക്കാൻ നടപടികൾ സ്വീകരിച്ചുതുടങ്ങി.”—ഉല്പത്തി 2:15.
1. അനുസരണമുള്ള മനുഷ്യരെ സംബന്ധിച്ച സ്രഷ്ടാവിന്റെ ആദിമ ഉദ്ദേശ്യം എന്തായിരുന്നു?
മനുഷ്യർ ഒരു പറുദീസയിൽ യുവസഹജമായ പ്രസരിപ്പോടെ സകല വിരസതയിൽനിന്നും വിമുക്തരായി എല്ലായ്പ്പോഴും ഒരു മൂല്യവത്തായ ഉദ്ദേശ്യത്തോടെയുള്ള ജീവിതം, യഥാർത്ഥവും നിസ്വാർത്ഥവുമായ ഒരു വിധത്തിൽ സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയും ചെയ്യുന്ന ഒരു ജീവിതം, പൂർണ്ണമായും ആസ്വദിക്കണമെന്നുള്ളത് സ്രഷ്ടാവിന്റെ ആദിമ ഉദ്ദേശ്യമായിരുന്നു, ഇപ്പോഴും അതാണവന്റെ ഉദ്ദേശ്യം!—ഉല്പത്തി 2:8; ലൂക്കോസ് 23:42, 43 താരതമ്യപ്പെടുത്തുക.
2. (എ) ഒന്നാം മനുഷ്യൻ ബോധമുള്ളവനായപ്പോൾ എന്തു സംഭവിച്ചിരിക്കാം? (ബി) ഒന്നാം മനുഷ്യൻ സൃഷ്ടിക്കപ്പെട്ടതെപ്പോൾ, എവിടെ, വർഷത്തിന്റെ ഏതു സമയത്ത്?
2 അതു തിരിച്ചറിയുന്നതിന്, പുതുതായി സൃഷ്ടിക്കപ്പെട്ട ആദാമിന് ബോധമുണ്ടാകുകയും സ്വന്തം ശരീരത്തെയും താൻ കാണുകയും കേൾക്കുകയും അനുഭവിക്കുകയും ചെയ്ത സകലത്തെയും പരിശോധിക്കുകയും, താൻ ജീവനുള്ളവനാണെന്ന് തിരിച്ചറിയുകയുംചെയ്ത സമയത്തെ ആദാമിലേക്കു തിരിഞ്ഞുനോക്കുക! ഇത് വിശുദ്ധബൈബിളിൽ നൽകപ്പെട്ടിരിക്കുന്ന കാലഗണനയനുസരിച്ച് നമ്മുടെ പൊതുയുഗത്തിനുമുമ്പ് 4026-ാമാണ്ടിൽ, ഏതാണ്ട് 6,000 വർഷം മുമ്പാണ് സംഭവിച്ചത്. അത് ഇന്ന് ററർക്കി എന്നറിയപ്പെടുന്ന ഭൂപ്രദേശത്താണ് സംഭവിച്ചത്, അല്ലെങ്കിൽ ഇപ്പോൾ ഏഷ്യ എന്നു വിളിക്കപ്പെടുന്നതിന്റെ തെക്കുപടിഞ്ഞാറൻഭാഗത്ത് യൂഫ്രട്ടീസ് ടൈഗ്രീസ് നദികളുടെ പരിസരപ്രദേശത്ത്, അങ്ങനെ നമ്മുടെ ഭൂമിയുടെ ഉത്തരാർദ്ധഗോളത്തിൽ. സമയം ഏതാണ്ട് ഒക്ടോബർ 1 ആണ്, കാരണം മനുഷ്യവർഗ്ഗത്തിന്റെ ഏററവും പുരാതനമായ പഞ്ചാംഗങ്ങൾ ആ തീയതിയോടടുത്താണ് സമയം എണ്ണാൻ തുടങ്ങിയത്.
3. (എ) ഒന്നാമത്തെ മനുഷ്യൻ ഏതവസ്ഥയിൽ ജീവനിലേക്കു വന്നു, അതിന്റെ പ്രാധാന്യമെന്തായിരുന്നു? (ബി) ആദ്യമമനുഷ്യന്റെ പേർ എന്തായിരുന്നു, അതിന്റെ അർത്ഥമെന്തായിരുന്നു?
3 ആദ്യമനുഷ്യൻ പൂർണ്ണവളർച്ചയുള്ളവനായി, പൂർണ്ണരൂപത്തിൽ, പൂർണ്ണാരോഗ്യത്തോടെ, പൂർണ്ണധാർമ്മികചിന്തയുള്ളവനായി, ജീവനിലേക്കു വന്നു. അവന് ബൈബിൾരേഖയിൽ ആവർത്തിച്ചു കൊടുക്കപ്പെട്ടിരിക്കുന്ന പേർ അവൻ നിർമ്മിക്കപ്പെട്ട വസ്തുവിലേക്കു നമ്മുടെ ശ്രദ്ധക്ഷണിക്കുന്നു. അവന്റെ പേർ ആദാം എന്നായിരുന്നു.a അവൻ എവിടെനിന്ന് നിർമ്മിക്കപ്പെട്ടുവോ ആ ഭൂമി അഥവാ മണ്ണ് ആദമാ എന്നു വിളിക്കപ്പെട്ടിരുന്നു. അതുകൊണ്ട് അവന്റെ പേരിന്റെ അർത്ഥം “ഭൗമിക മനുഷ്യൻ” എന്നാണെന്ന് ശരിയായിത്തന്നെ പറയാവുന്നതാണ്. ഇത് ഈ ഒന്നാം മമനുഷ്യന്റെ വ്യക്തിപരമായ പേരായിത്തീർന്നു—ആദാം. ആദാം ജീവനിലേക്കു വരുകയും ബോധമുള്ള, ബുദ്ധിശക്തിയുള്ള, ഒരു ആൾ ആയിത്തീരുകയും ചെയ്തപ്പോൾ അത് അവന് എന്തോരു അനുഭൂതിയായിരുന്നിരിക്കണം!
4. ഒന്നാം മനുഷ്യന് ജീവനിലേക്ക് ഏത് അസാധാരണ ഉണർച്ച ഉണ്ടായില്ല, അതുകൊണ്ട് അവൻ എന്തിന്റെ ഒരു പുത്രൻ ആയിരുന്നില്ല?
4 ഈ ഒന്നാമത്തെ മനുഷ്യനായ ആദാം ജീവനിലേക്കു വരുകയും ബുദ്ധിശക്തിസഹിതം ബോധത്തോടെ ഉണരുകയും ചെയ്തപ്പോൾ, അവൻ കണ്ണു തുറക്കവേ, അവൻ രോമാവൃതമായ ഒരു മാറിൽ കിടക്കുന്നതായും ആൾക്കുരങ്ങുപോലെയുള്ള ഒരു പെൺജീവിയുടെ നീണ്ട ബലിഷ്ഠകൈകളാൽ ആശ്ലേഷിക്കപ്പെടുന്നതായും അവളോടു പററിനിന്ന് അവളുടെ കണ്ണുകളിലേക്കു നോക്കി പ്രീതിയോടെ അവളെ അമ്മയെന്നു വിളിക്കുന്നതായും കണ്ടെത്തിയില്ല. ഒന്നാം മനുഷ്യനായ ആദാമിന് അങ്ങനെയുള്ള അസാധാരണമായ ജീവനിലേക്കുള്ള ഉണർച്ചയുണ്ടായില്ല. അവന് ഒരു ആൾക്കുരങ്ങിനോട് ജഡികബന്ധം തോന്നിയില്ല, പീന്നീട് അവൻ ഒന്നിനെ കണ്ടപ്പോൾ പോലും അങ്ങനെ തോന്നിയില്ല. അവന്റെ സൃഷ്ടിപ്പിൻദിവസം അവൻ ഒരു ആൾക്കുരങ്ങിന്റെ അല്ലെങ്കിൽ അതുപോലയുള്ള ഒരു ജീവിയുടെ വിദൂരപുത്രൻ ആണെന്നു സൂചിപ്പിക്കാൻ യാതൊന്നുമില്ലായിരുന്നു. എന്നിരുന്നാലും, ഒന്നാം മനുഷ്യനായ ആദാം താൻ എങ്ങനെ അസ്തിത്വത്തിലേക്കു വന്നുവെന്ന അറിവില്ലാതെ കഴിയേണ്ടവനായിരുന്നുവോ? അല്ലായിരുന്നു.
5. ആദാം തന്റെ ഉദ്യാനതുല്യമായ തോട്ടത്തെയും തന്നേക്കുറിച്ചുതന്നെയും തീർച്ചയായും എന്തറിഞ്ഞിരുന്നു?
5 മനസ്സിലാക്കാവുന്നതുപോലെ, അവൻ നോക്കിക്കണ്ട സകല മനോഹരവസ്തുക്കളും എങ്ങനെ അസ്തിത്വത്തിലേക്കു വന്നുവെന്ന് അവൻ അതിശയിച്ചിരിക്കാം. അവൻ ഉദ്യാനതുല്യമായ ഒരു തോട്ടത്തിലായിരുന്നു. അത് അവൻ സ്വന്തമായി സംവിധാനംചെയ്തു നിർമ്മിച്ചതും ക്രമീകരിച്ചതുമായ ഒരു തോട്ടമല്ലായിരുന്നു. അത് എങ്ങനെ ഉളവായി? പൂർണ്ണബുദ്ധിയും ന്യായബോധവുമുള്ള ഒരു മനുഷ്യനെന്ന നിലയിൽ അവൻ അതറിയാനാഗ്രഹിക്കും. അവന് മുൻ അനുഭവമില്ലായിരുന്നു. അവൻ സ്വനിർമ്മിതനായ, സ്വവികസിതനായ, ഒരു മനഷ്യനല്ലെന്ന് അവനറിയാമായിരുന്നു. അവൻ സ്വന്തശ്രമത്താൽ ഈ അവസ്ഥയിലേക്ക് ഉയർന്നതായിരുന്നില്ല.—സങ്കീർത്തനം 100:3; 139:14 താരതമ്യപ്പെടുത്തുക.
6. ഒരു പൂർണ്ണതയുള്ള ഭൗമികഭവനത്തിൽ ജീവനോടിരിക്കുന്നതിനോട് ആദാം എങ്ങനെ പ്രതികരിച്ചിരിക്കാനിടയുണ്ട്?
6 ഒന്നാം മനുഷ്യനായ ആദാം ആരംഭത്തിൽ താൻ എവിടെനിന്നു വന്നു എന്നും, എന്തുകൊണ്ടെന്നും ചിന്തിക്കാതിരിക്കത്തക്കവണ്ണം ആഹ്ലാദപുർവം ജീവനോടിരിക്കുന്നതിന്റെ അനുഭവത്തിൽ അത്ര ആവേശഭരിതനായിരുന്നിരിക്കണം. അവന് സന്തോഷപ്രദമായ ഉദ്ഘോഷങ്ങൾ പുറപ്പെടുവിക്കാതിരിക്കാൻ കഴിഞ്ഞില്ല. അവന്റെ വായിൽനിന്ന് വാക്കുകൾ വരുന്നതായി അവൻ കണ്ടു. അവൻ മനുഷ്യഭാഷയിൽ സംസാരിക്കുന്നതായി സ്വയം കേട്ടു, അവൻ കാണുകയും കേൾക്കുകയുംചെയ്ത മനോഹര വസ്തുക്കളെക്കുറിച്ച് അഭിപ്രായങ്ങൾ പറഞ്ഞുകൊണ്ടുതന്നെ. ഈ പറുദീസാതോട്ടത്തിൽ ജീവിച്ചിരിക്കുന്നത് എത്ര നല്ലതായിരുന്നു! എന്നാൽ അവൻ സകല കാഴ്ചകളിൽനിന്നും ശബ്ദങ്ങളിൽനിന്നും ഗന്ധങ്ങളിൽനിന്നും അനുഭൂതികളിൽനിന്നുമുള്ള വിവരങ്ങളാൽ സന്തോഷപൂർവം നിറഞ്ഞപ്പോൾ കുറെ ചിന്തിക്കാൻ അവൻ പ്രേരിതനായിരിക്കണം. നമ്മേ സംബന്ധിച്ചടത്തോളം, നാം അവന്റെ സാഹചര്യങ്ങളിലാക്കപ്പെട്ടിരുന്നെങ്കിൽ മുഴു സംഗതിയും സംബന്ധിച്ച് ഒരു മർമ്മം ഉണ്ടായിരിക്കുമായിരുന്നു, നമുക്കുതന്നെ പരിഹരിക്കാൻ കഴിയാത്ത ഒരു മർമ്മംതന്നെ.
മനുഷ്യാസ്തിത്വം സംബന്ധിച്ച് മർമ്മമില്ല
7. ആദാം ഒരു പറുദീസാതോട്ടത്തിൽ ജീവനോടിരുന്നതുസംബന്ധിച്ച് അവന് ദീർഘനാൾ നിഗൂഢതയില്ലാഞ്ഞതെന്തുകൊണ്ട്?
7 ഒന്നാം മനുഷ്യനായ ആദാം പറുദീസാതോട്ടത്തിൽ തന്നേപ്പോലെ മററാരുമില്ലാതെ ജീവനോടെ തനിച്ചിരുന്ന അവസ്ഥയിൽ അധികനാൾ അന്ധാളിച്ചിരുന്നില്ല. അവൻ ആരോ സംസാരിക്കുന്നതു കേട്ടു. മനുഷ്യന് അതു മനസ്സിലായി. എന്നാൽ സംസാരിച്ചയാൾ എവിടെയായിരുന്നു? ആരും സംസാരിക്കുന്നതായി മനുഷ്യൻ കണ്ടില്ല. അദൃശ്യമായ, കാണപ്പെടാത്ത മണ്ഡലത്തിൽനിന്നാണ് ശബ്ദമുണ്ടായത്. അത് അവനെ സംബോധനചെയ്തു. അത് മമനുഷ്യന്റെ നിർമ്മാതാവിന്റെ, അവന്റെ സ്രഷ്ടാവിന്റെ, ശബ്ദമായിരുന്നു! മനുഷ്യന് അതേതരം സംസാരത്തിൽ അവനോട് ഉത്തരം പറയാൻ കഴിഞ്ഞു. അവൻ സ്രഷ്ടാവായ ദൈവത്തോടു സംസാരിച്ചു. മനുഷ്യന് ദിവ്യശബ്ദം കേൾക്കുന്നതിന് ആധുനിക ശാസ്ത്രീയ റേഡിയോ റിസീവർ ആവശ്യമില്ലായിരുന്നു. ദൈവം തന്റെ സൃഷ്ടിയെന്ന നിലയിൽ മനുഷ്യനോട് നേരിട്ടു സംഭാഷണംനടത്തി.
8, 9. (എ) ആദാമിന് ഏതു ചോദ്യങ്ങൾക്ക് ഉത്തരം കിട്ടാൻകഴിയുമായിരുന്നു, അവനോട് ഏതു പിതൃനിർവിശേഷമായ കരുതലും താല്പര്യവും പ്രകടമാക്കപ്പെട്ടു? (ബി) ആദാമിന് അവന്റെ സ്വർഗ്ഗീയപിതാവിൽനിന്ന് എന്ത് ഉത്തരം കിട്ടി?
8 താൻ ഒററക്ക് അല്ലെന്ന് മനുഷ്യൻ ഇപ്പോൾ അറിഞ്ഞു, അത് അവന് സുഖംതോന്നിച്ചിരിക്കണം. അവന്റെ മനസ്സിൽ ചോദ്യങ്ങൾ നിറഞ്ഞിരുന്നു. അവനോടു സംസാരിക്കുന്ന അദൃശ്യനോട് അവന് ചോദ്യങ്ങൾ ചോദിക്കാൻ കഴിയുമായിരുന്നു. അവനെയും ഈ ഉല്ലാസപ്രദമായ ഉദ്യാനത്തെയും ആരാണുണ്ടാക്കിയത്? അവനെ അവിടെ ആക്കിവെച്ചതെന്തിന്? അവൻ തന്റെ ജീവൻകൊണ്ട് എന്തു ചെയ്യണം? ജീവിക്കുന്നതിൽ എന്തെങ്കിലും ഉദ്ദേശ്യമുണ്ടോ? ഈ ഒന്നാം മനുഷ്യനായ ആദാമിനോട് പിതൃനിർവിശേഷമായ താല്പര്യവും ശ്രദ്ധയും കാണിക്കപ്പെട്ടു. എന്തുകൊണ്ടെന്നാൽ അവന്റെ ജിജ്ഞാസയുള്ള മനസ്സിനെ തൃപ്തിപ്പെടുത്തത്തക്കവണ്ണം അവന്റെ ചോദ്യങ്ങൾക്ക് ഒരു ഉത്തരം കൊടുക്കപ്പെട്ടു. മനുഷ്യൻ സംസാരിക്കാനും തന്റെ ആദ്യവാക്കുകൾ പറയാനും തുടങ്ങുന്നതു കേൾക്കുന്നത് അവന്റെ നിർമ്മാതാവും ജീവദാതാവുമായ അവന്റെ സ്വർഗ്ഗീയപിതാവിന് എന്തോരു സന്തോഷമായിരുന്നിരിക്കണം! തന്റെ പുത്രൻ തന്നോടു സംസാരിക്കുന്നത് കേൾക്കുന്നത് സ്വർഗ്ഗീയപിതാവിന് എന്ത് സന്തുഷ്ടി കൈവരുത്തിയിരിക്കണം! സ്വാഭാവികമായി ആദ്യത്തെ ചോദ്യം “ഞാൻ എങ്ങനെ ഉണ്ടായി?” എന്നതായിരിക്കും. ഇതിനുത്തരം കൊടുക്കാനും അങ്ങനെ ഈ ഒന്നാം മനുഷ്യൻ തന്റെ പുത്രനാണെന്നു സമ്മതിക്കാനും സ്വർഗ്ഗീയപിതാവിനു സന്തോഷമുണ്ടായിരുന്നു. അവൻ ഒരു “ദൈവപുത്രൻ” ആയിരുന്നു. (ലൂക്കോസ് 3:38) യഹോവ ഈ ഒന്നാമത്തെ മനുഷ്യനായ ആദാമിന്റെ പിതാവായി തന്നേത്തന്നെ തിരിച്ചറിയിച്ചു. തന്റെ സ്വർഗ്ഗീയപിതാവിൽനിന്ന് ആദാമിന് തന്റെ ചോദ്യത്തിനു കിട്ടിയതും അവൻ തന്റെ സന്താനങ്ങൾക്കു കൈമാറിയതുമായ ഉത്തരത്തിന്റെ സാരമിതാണ്:
9 “യഹോവയായ ദൈവം നിലത്തെ പൊടികൊണ്ട് മനുഷ്യനെ നിർമ്മിക്കാനും അവന്റെ നാസാരന്ധ്രങ്ങളിൽ ജീവശ്വാസം ഊതാനും നടപടികൾ സ്വീകരിച്ചുതുടങ്ങി. കൂടാതെ, യഹോവയായ ദൈവം കിഴക്ക് ഏദനിൽ ഒരു തോട്ടം നട്ടുണ്ടാക്കുകയും താൻ നിർമ്മിച്ചിരുന്ന മനുഷ്യനെ അവിടെ ആക്കിവെക്കുകയും ചെയ്തു. അങ്ങനെ, യഹോവയായ ദൈവം ഒരുവന്റെ കാഴ്ചക്ക് അഭികാമ്യവും ആഹാരത്തിനു നല്ലതുമായ ഓരോ വൃക്ഷവും തോട്ടത്തിന്റെ നടുവിൽ ജീവന്റെ വൃക്ഷവും നൻമയുടെയും തിൻമയുടെയും അറിവിന്റെ വൃക്ഷവും നിലത്തുനിന്നു വളരുമാറാക്കി. ഇപ്പോൾ തോട്ടത്തെ നനക്കാൻ ഏദനിൽനിന്നു പുറപ്പെടുന്ന ഒരു നദിയുണ്ടായിരുന്നു, അത് അവിടെനിന്ന് പിരിയാൻ തുടങ്ങുകയും നാലു ശാഖകളായിത്തീരുകയുംചെയ്തു.”—ഉല്പത്തി 2:7-10.b
10, 11. (എ) ആദാം ഏതു വസ്തുത വ്യക്തമായി പഠിച്ചു, എന്നാൽ അവന് വേറെ ഏതു ചോദ്യങ്ങൾക്ക് ഉത്തരം കിട്ടണമായിരുന്നു? (ബി) സ്വർഗ്ഗീയപിതാവ് ആദാമിന് ഏതു ഉത്തരങ്ങൾ കൊടുത്തു?
10 സമർത്ഥവും നവവുമായ ആദാമിന്റെ മനസ്സ് ഈ സംതൃപ്തികരമായ വിവരങ്ങൾ ആകാംക്ഷാപൂർവം ഉൾക്കൊണ്ടു. തന്റെ നിർമ്മാതാവും രൂപസംവിധായകനുമായവൻ സംസാരിച്ചുകൊണ്ടിരുന്ന അദൃശ്യമണ്ഡലത്തിൽനിന്നല്ല താൻ വന്നതെന്ന് അവനറിഞ്ഞു. പകരം താൻ ജീവിച്ചിരുന്ന ഈ ഭൂമിയിൽനിന്ന് താൻ നിർമ്മിക്കപ്പെട്ടിരുന്നു, തന്നിമിത്തം ഭൗമികനായിരുന്നു. അവന്റെ ജീവദാതാവും പിതാവും യഹോവയാം ദൈവമായിരുന്നു. അവൻ “ജീവനുള്ള ഒരു ദേഹി” ആയിരുന്നു. അവന് യഹോവയാം ദൈവത്തിൽനിന്ന് ജീവൻ കിട്ടിയിരുന്നതുകൊണ്ട് അവൻ ഒരു “ദൈവപുത്രൻ” ആയിരുന്നു. ഏദൻതോട്ടത്തിൽ അവന്റെ ചുററുമുണ്ടായിരുന്ന വൃക്ഷങ്ങൾ ആഹാരത്തിനു നല്ല ഫലങ്ങൾ ഉല്പാദിപ്പിച്ചു, ഒരു ജീവനുള്ള ദേഹിയെന്ന നിലയിൽ അവനു ഭക്ഷിക്കാനും ജീവിച്ചിരിക്കാനും തന്നെ. എന്നിരുന്നാലും, അവൻ എന്തിനു ജീവിച്ചിരിക്കണം, അവൻ ഭൂമിയിൽ ഈ ഏദൻതോട്ടത്തിൽ ആക്കിവെക്കപ്പെട്ടതെന്തിന്? അവൻ ഭൗതികപ്രാപ്തികളോടെ പൂർണ്ണരൂപം പ്രാപിച്ചിരുന്ന ബുദ്ധിശക്തിയുള്ള ഒരു മനുഷ്യനായിരുന്നു, അവൻ അറിയാൻ അർഹതയുള്ളവനായിരുന്നു. അല്ലെങ്കിൽ അവന് ജീവിതോദ്ദേശ്യം നിറവേററാനും അങ്ങനെ ദിവ്യേഷ്ടം ചെയ്തുകൊണ്ട് തന്റെ നിർമ്മാതാവും പിതാവുമായവനെ പ്രസാദിപ്പിക്കാനും എങ്ങനെ കഴിയും? ഈ ഉചിതമായ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ ചുവടെ ചേർക്കുന്ന വിവരങ്ങളിൽ കൊടുക്കപ്പെട്ടു:
11 “യഹോവയായ ദൈവം മനുഷ്യനെ കൂട്ടിക്കൊണ്ടുപോയി ഏദൻതോട്ടത്തിൽ കൃഷിചെയ്യാനും അതിനെ പരിപാലിക്കാനുമായി അവിടെ അവനെ പാർപ്പിക്കാൻ നടപടികൾ സ്വീകരിച്ചുതുടങ്ങി. യഹോവയായ ദൈവം മനുഷ്യന്റെമേൽ ഈ കല്പനയും വെച്ചു: ‘തോട്ടത്തിലെ സകല വൃക്ഷങ്ങളിൽനിന്നും നിനക്ക് തൃപ്തിയാവോളം തിന്നാം. എന്നാൽ നൻമയുടെയും തിൻമയുടെയും അറിവിന്റെ വൃക്ഷത്തെസംബന്ധിച്ചാണെങ്കിൽ, നീ അതിൽനിന്ന് തിന്നരുത്, എന്തെന്നാൽ നീ അതിൽനിന്ന് തിന്നുന്ന ദിവസത്തിൽ നീ തീർച്ചയായും മരിക്കും.’”—ഉല്പത്തി 2:15-17.
12. ആദാം തന്റെ സ്രഷ്ടാവിന് എന്തിനുവേണ്ടി നന്ദികൊടുത്തിരിക്കണം, അങ്ങനെ മനുഷ്യന് എങ്ങനെ ദൈവത്തെ മഹത്വീകരിക്കാൻ കഴിഞ്ഞു?
12 ഈ മനോഹരമായ ഏദെൻതോട്ടത്തിൽ പ്രയോജനകരമായ കാര്യങ്ങളിൽ ഏർപ്പെട്ടിരിക്കാൻ ക്രമീകരണം ചെയ്തതിൽ ആദാം അവന്റെ സ്രഷ്ടാവിനു നന്ദി കൊടുത്തിരിക്കണം. ഇപ്പോൾ അവന് അവന്റെ സ്രഷ്ടാവിന്റെ ഇഷ്ടം അറിയാമായിരുന്നു, അവന് ഭൂമിയിൽ ചിലതു ചെയ്യാൻ കഴിയുമായിരുന്നു. അവന്റെമേൽ ഇപ്പോൾ ഒരു ഉത്തരവാദിത്വം സ്ഥിതിചെയ്തിരുന്നു, ഏദൻതോട്ടത്തിൽ കൃഷിചെയ്യുകയെന്നതും അതിനെ പരിപാലിക്കുകയെന്നതുംതന്നെ. എന്നാൽ അതു ചെയ്യുന്നത് ഉല്ലാസപ്രദമായിരിക്കുമായിരുന്നു. ഇതു ചെയ്യുന്നതിനാൽ അവന് തന്റെ നിർമ്മാതാവായ യഹോവയാം ദൈവത്തിന് മഹത്വവും സ്തുതിയും കരേററത്തക്ക വിധത്തിൽ ഏദൻതോട്ടത്തെ സൂക്ഷിക്കാൻ കഴിയുമായിരുന്നു. ആദാമിന് വേലചെയ്തു വിശക്കുമ്പോഴെല്ലാം തോട്ടത്തിലെ വൃക്ഷങ്ങളിൽനിന്ന് തൃപ്തിയാവോളം തിന്നാൻ കഴിയുമായിരുന്നു. ഈ വിധത്തിൽ അവന് തന്റെ ശക്തി പുതുക്കുന്നതിനും തന്റെ സന്തുഷ്ടജീവിതത്തെ അനിശ്ചിതമായി—അനന്തമായി—നിലനിർത്തുന്നതിനും കഴിയുമായിരുന്നു.—സഭാപ്രസംഗി 3:10-13 താരതമ്യപ്പെടുത്തുക.
നിത്യജീവന്റെ പ്രതീക്ഷ
13. ഒന്നാം മനുഷ്യന് ഏതു പ്രതീക്ഷ ഉണ്ടായിരുന്നു, അങ്ങനെ എന്തുകൊണ്ട്?
13 അനന്തമായോ? പൂർണ്ണമനുഷ്യന് ഇത് മിക്കവാറും അവിശ്വസനീയമായ എന്തോരു ആശയമായിരുന്നിരിക്കണം! എന്നാൽ എന്തുകൊണ്ടു പാടില്ല? അവന്റെ സ്രഷ്ടാവിന് വിദഗ്ദ്ധ സംവിധാനത്തോടുകൂടിയ ഈ ഏദൻതോട്ടത്തെ നശിപ്പിക്കുകയെന്ന ആശയമോ ഉദ്ദേശ്യമോ ഇല്ലായിരുന്നു. അത് വളരെ നല്ലതും അവന്റെ കലാസർഗ്ഗാത്മകതയെ വെളിപ്പെടുത്തുന്നതുമായിരുന്നപ്പോൾ അവൻ സ്വന്തവേലയെ എന്തിനു നശിപ്പിക്കണം? യുക്തിയനുസരിച്ച്, അവൻ അങ്ങനെ ചെയ്യാൻ ഉദ്ദേശിക്കുകയില്ല. (യെശയ്യാവ് 45:18) ഈ കിടയററ തോട്ടത്തിൽ കൃഷി നടക്കേണ്ടതായിരുന്നതിനാൽ, പൂർണ്ണമനുഷ്യനായിരുന്ന ആദാമിനെപ്പോലെ ഒരു കൃഷിക്കാരനും പരിപാലകനും അതിനാവശ്യമായിരിക്കും. പരിപാലകനായ മനുഷ്യൻ “നൻമയുടെയും തിൻമയുടെയും അറിവിന്റെ വൃക്ഷ”ത്തിന്റെ വിലക്കപ്പെട്ട ഫലം ഒരിക്കലും തിന്നാതിരുന്നെങ്കിൽ അവൻ ഒരിക്കലും മരിക്കുകയില്ലായിരുന്നു. പൂർണ്ണനായ മനുഷ്യന് എന്നേക്കും ജീവിക്കാൻ കഴിയുമായിരുന്നു!
14. ആദാമിന് ഏദനിൽ എങ്ങനെ നിത്യജീവൻ ലഭിക്കാമായിരുന്നു?
14 ഏദൻപറുദീസാതോട്ടത്തിലെ നിത്യജീവൻ ആദാമിന്റെ മുമ്പാകെ വെക്കപ്പെട്ടു! മമനുഷ്യന്റെ സ്രഷ്ടാവിനാൽ വിലക്കപ്പെട്ട ഫലം ഒരിക്കലും തിന്നാതിരുന്നുകൊണ്ട് അവൻ തന്റെ സ്രഷ്ടാവിനോട് പൂർണ്ണമായ അനുസരണത്തിൽ കഴിയുകയായിരുന്നെങ്കിൽ അത് എന്നേക്കും ആസ്വദിക്കാൻ കഴിയുമായിരുന്നു. പൂർണ്ണനായ മനുഷ്യൻ അനുസരണമുള്ളവനായി എന്നേക്കും ജീവിക്കണമെന്നുള്ളത് അവന്റെ ആഗ്രഹമായിരുന്നു. “നൻമയുടെയും തിൻമയുടെയും അറിവിന്റെ വൃക്ഷ”ത്തിന്റെ ഫലത്തിന്റെ വിലക്ക് മരണകരമൊന്നുമല്ലായിരുന്നു. അത് കേവലം മമനുഷ്യന്റെ പിതാവിനോടുള്ള പൂർണ്ണമായ അനുസരണത്തിന്റെ ഒരു പരിശോധനയായിരുന്നു. അത് തന്റെ സ്രഷ്ടാവായ ദൈവത്തോടുള്ള തന്റെ സ്നേഹം തെളിയിക്കുന്നതിനുള്ള ഒരു അവസരം മനുഷ്യനു കൊടുത്തു.
15. ആദാമിന് സ്രഷ്ടാവിൽനിന്നുള്ള നൻമ സഹിതം ഒരു ശോഭനമായ ഭാവിയിലേക്ക് നോക്കാൻകഴിയുമായിരുന്നതെന്തുകൊണ്ട്?
15 താൻ നിനച്ചിരിക്കാതെയുള്ള ഒരു യാദൃച്ഛികസംഭവമല്ലെന്നും തനിക്ക് ഒരു സ്വർഗ്ഗീയപിതാവുണ്ടെന്നുമുള്ള ഹൃദയസംതൃപ്തിയോടെ, തന്റെ ജീവിതോദ്ദേശ്യത്തെക്കുറിച്ചുള്ള ഗ്രാഹ്യത്താൽ മനസ്സ് പ്രബുദ്ധമായി, പറുദീസയിലെ നിത്യജീവന്റെ കാഴ്ചപ്പാടോടെ, പൂർണ്ണമനുഷ്യൻ ശോഭനമായ ഭാവിയിലേക്കു മുന്നോട്ടു നോക്കി. അവൻ ആഹാരത്തിനു നല്ലതായ വൃക്ഷങ്ങളിൽനിന്നു ഭക്ഷിക്കുകയും “നൻമയുടെയും തിൻമയുടെയും അറിവിന്റെ വൃക്ഷം” ഒഴിവാക്കുകയുംചെയ്തു. അവൻ തന്റെ സ്രഷ്ടാവിൽനിന്ന് നൻമ അറിയാനാഗ്രഹിച്ചു. ഒരു വിനാശകരമായ തരത്തിലുള്ളതല്ല, പിന്നെയോ ഏദെൻതോട്ടത്തിൽ കൃഷിചെയ്യുന്ന വേല നല്ലതായിരുന്നു, പൂർണ്ണമനുഷ്യൻ ജോലിചെയ്തിരുന്നു.
കാര്യങ്ങൾ വിശദീകരിക്കാൻ കടപ്പാടു തോന്നിയില്ല
16-18. ആദാമിന് ഏതു മർമ്മങ്ങൾ നിർദ്ധാരണംചെയ്യണമെന്നുള്ള തോന്നലുണ്ടായില്ല, എന്തുകൊണ്ട്?
16 പകലത്തെ വലിയ പ്രകാശഗോളം അസ്തമിച്ചതോടെ പകൽവെളിച്ചം കുറഞ്ഞു, ആകാശത്തിലൂടെയുള്ള അതിന്റെ ഗതിയിൽനിന്ന് അവന് അതു തിരിച്ചറിയാൻ കഴിയുമായിരുന്നു. ഇരുട്ടു പരന്നു, രാത്രിയായി, ചന്ദ്രൻ അവനു ദൃശ്യമായി. അത് അവനിൽ ഭയം നിറച്ചില്ല; രാത്രിയെ വാണ വലിപ്പംകുറഞ്ഞ പ്രകാശഗോളമായിരുന്നു അത്. (ഉല്പത്തി 1:14-18) മിന്നാമിനുങ്ങുകൾ തോട്ടത്തിൽ പറന്നുനടന്നിരിക്കും., അവയുടെ ശീതവെളിച്ചം ചെറിയ വിളക്കുകൾപോലെ തെളിയുകയും മറയുകയുംചെയ്തു.
17 രാത്രിയാകുകയും തന്റെമേൽ ഇരുട്ടു വ്യാപിക്കുകയും ചെയ്തപ്പോൾ അവന് ചുററുപാടുമുണ്ടായിരുന്ന മൃഗങ്ങളെപ്പോലെ ഉറങ്ങേണ്ടതിന്റെ ആവശ്യം തോന്നി. ഉണർന്നപ്പോൾ അവന് വിശപ്പുതോന്നാൻ തുടങ്ങി. അനുവദിക്കപ്പെട്ടിരുന്ന ഫലവൃക്ഷങ്ങളിൽനിന്ന് അവൻ നല്ല വിശപ്പോടെ ഭക്ഷിച്ചു, ഒരു പ്രഭാതഭക്ഷണം എന്ന് അതിനെ വിളിക്കാവുന്നതാണ്.
18 ബലം പുതുക്കിയും രാത്രിയിലെ വിശ്രമത്താൽ നല്ല ഉൻമേഷത്തോടെയും അവൻ പകലത്തെ ജോലിയിലേക്കു ശ്രദ്ധ തിരിച്ചു. അവൻ ചുററുപാടുമുള്ള പച്ചസസ്യങ്ങളെയെല്ലാം നിരീക്ഷിക്കവേ, ആയിരക്കണക്കിനുവർഷങ്ങൾക്കുശേഷം, ആളുകൾ പ്രഭാകലനം എന്നു വിളിക്കുന്നതിന്റെ മർമ്മത്തിലേക്ക് ചുഴിഞ്ഞിറങ്ങണമെന്ന് അവനു തോന്നിയില്ല, ഈ നിഗൂഢ പ്രവർത്തനത്താലാണ് ചെടികളുടെ പച്ചനിറം പകരുന്ന വസ്തുവായ ഹരിതകം മനുഷ്യനും മൃഗത്തിനും തിന്നുന്നതിനുള്ള ഭക്ഷ്യവസ്തു ഉല്പാദിപ്പിക്കുന്നതിന് സൂര്യപ്രകാശത്തിന്റെ ഊർജ്ജത്തെ ഉപയുക്തമാക്കുന്നതും മനുഷ്യനും മൃഗവും പുറത്തേക്കു വിടുന്ന കാർബൺഡയോക്സൈഡ് അകത്തേക്കു വലിച്ചിട്ട് അവർക്കു ശ്വസിക്കാനുള്ള ഓക്സിജൻ പുറത്തുവിടുന്നതും. ഒരു മനുഷ്യൻ അതിനെ ഒരു മർമ്മമെന്നു വിളിച്ചേക്കാം, എന്നാൽ ആദാം അതിനെ നിർദ്ധാരണംചെയ്യേണ്ടയാവശ്യമില്ലായിരുന്നു. അതു മമനുഷ്യന്റെ സ്രഷ്ടാവിന്റെ ഒരു അത്ഭുതമായിരുന്നു. അവന് അതു മനസ്സിലായിരുന്നു, ഭൂമിയിലെ മൃഗജാലങ്ങളുടെ പ്രയോജനത്തിനുവേണ്ടി അതിനെ പ്രവർത്തിപ്പിക്കുകയും ചെയ്തിരുന്നു. അതുകൊണ്ട്, സ്രഷ്ടാവായ ദൈവം ജീവവസ്തുക്കളെ വളർത്തുന്നുവെന്നും മമനുഷ്യന്റെ ദൈവദത്ത വേല ഏദൻതോട്ടത്തിൽ വളരുന്ന സസ്യജീവരൂപങ്ങളെ പരിപാലിക്കുകയെന്നതാണെന്നുമറിയുന്നത് ആദ്യമമനുഷ്യന്റെ പൂർണ്ണബുദ്ധിക്ക് മതിയായതായിരുന്നു.—ഉല്പത്തി 1:12 കാണുക.
ഏകൻ—എന്നാൽ സന്തോഷത്തിനു കുറവില്ല
19. തന്നെപ്പോലെ ഭൂമിയിൽ മററാരുമില്ലാതെ താൻ ഏകനാണെന്ന് തിരിച്ചറിഞ്ഞെങ്കിലും ആദാം എന്തു ചെയ്തില്ല?
19 സ്വർഗ്ഗീയപിതാവിനാലുള്ള മമനുഷ്യന്റെ വിദ്യാഭ്യാസം തീർന്നില്ല. തന്നോടു ചേരാനോ തന്നെ സഹായിക്കാനോ ഭൂമിയിൽ തന്നേപ്പോലെ ആരുമില്ലാതെ മനുഷ്യൻ ഏദൻതോട്ടത്തെ പരിപാലിച്ചു. അവന്റെ വർഗ്ഗത്തെ, മനുഷ്യവർഗ്ഗത്തെ, സംബന്ധിച്ചടത്തോളം, അവൻ ഏകനായിരുന്നു. അവൻ ഭൗമികകൂട്ടിനുവേണ്ടി തന്നേപ്പോലെ ഒരാളെ കണ്ടെത്താൻ അന്വേഷണം നടത്തിയില്ല. തനിക്ക് ഒരു സഹോദരനെയോ സഹോദരിയെയോ നൽകണമെന്ന് അവൻ തന്റെ സ്വർഗ്ഗീയപിതാവായ ദൈവത്തോടു അപേക്ഷിച്ചില്ല. ഒരു മനുഷ്യൻ എന്ന നിലയിലുള്ള അവന്റെ ഏകാന്തത അവനെ ഒടുവിൽ ഭ്രാന്തനാക്കുകയും ജീവിതത്തിലും ജോലിയിലുമുള്ള സന്തോഷം എടുത്തുകളയുകയുംചെയ്തില്ല. അവന് ദൈവവുമായി സഖിത്വമുണ്ടായിരുന്നു.—സങ്കീർത്തനം 27:4 താരതമ്യംചെയ്യുക.
20. (എ) ആദാമിന്റെ സന്തോഷത്തിന്റെയും ഉല്ലാസത്തിന്റെയും പാരമ്യം എന്തായിരുന്നു? (ബി) ഈ ജീവിതരീതിയിൽ തുടരുന്നത് ആദാമിന്റെമേൽ ഹാനികരമായ ക്ലേശമായിരിക്കുകയില്ലാഞ്ഞതെന്തുകൊണ്ട്? (സി) അടുത്ത ലേഖനം എന്തു ചർച്ചചെയ്യും?
20 താനും തന്റെ വേലയും തന്റെ സ്വർഗ്ഗീയപിതാവിന്റെ പരിശോധനയിൻകീഴിലാണെന്ന് ആദാമിനറിയാമായിരുന്നു. അവന്റെ ഉല്ലാസത്തിന്റെ പാരമ്യം തന്റെ ദൈവവും സ്രഷ്ടാവുമായവനെ പ്രസാദിപ്പിക്കുന്നതിലായിരുന്നു. അവന്റെ അത്ഭുതത്വം മമനുഷ്യന്റെ ചുററുമെല്ലാമുണ്ടായിരുന്ന മനോഹര സൃഷ്ടിക്രിയകളാൽ വെളിപ്പെടുത്തപ്പെട്ടിരുന്നു. (വെളിപ്പാട് 15:3 താരതമ്യംചെയ്യുക.) ഈ ജീവിതരീതിയിൽ തുടരുന്നത് തന്റെ ദൈവവുമായി സംഭാഷണംനടത്താൻ കഴിയുമായിരുന്ന പൂർണ്ണസമനിലയുണ്ടായിരുന്ന ഈ മനുഷ്യന് ഹാനികരമായ ക്ലേശമോ വിരസമായ കഠിനജോലിയോ ആയിരുന്നില്ല. ആദാമിനു വലിയ സംതൃപ്തിയും ഉല്ലാസവും കൈവരുത്തുന്ന രസകരമായ, വശ്യമായ, വേലയാണ് ദൈവം അവന്റെ മുമ്പാകെ വെച്ചിരുന്നത്. അടുത്ത ലേഖനം ആദാം തന്റെ സ്നേഹവാനായ സ്രഷ്ടാവിൽനിന്ന് ആസ്വദിച്ച പറുദീസായനുഗ്രഹങ്ങളെയും പ്രതീക്ഷകളെയുംകുറിച്ച് കുടുതൽ പറയുന്നതാണ്. (w89 8/1)
[അടിക്കുറിപ്പുകൾ]
a ഇത് വിശുദ്ധബൈബിളിലെ സൃഷ്ടിവിവരണത്തിന്റെ മൂലഭാഷയിലെ പദമാണ്.—ഉല്പത്തി 1:26, ന്യൂ വേൾഡ ട്രാൻസേഷ്ളൻ റഫറൻസ ബൈബിൾ, അടിക്കുറിപ്പ്.
b നമ്മുടെ പൊതുയുഗത്തിനുമുമ്പ് 16-ാം നൂററാണ്ടിൽ ഉല്പത്തിപ്പുസ്തകത്തിലെ വിവരങ്ങൾ എഴുതിയ പ്രവാചകനായ മോശ അവന്റെ നാളിലെ അറിവനുസരിച്ച് ഈ ഏദനികനദിയെസംബന്ധിച്ച് ചുവടെ ചേർക്കുന്ന വിവരം കൂട്ടിച്ചേർത്തു:
“ഒന്നാമത്തേതിന്റെ പേർ പീശോൻ എന്നാണ്; അത് ഹവീലാദേശമൊക്കെയും ചുററുന്നതാണ്, അവിടെ പൊന്നുണ്ട്. ആ ദേശത്തെ പൊന്ന് നല്ലതാണ്. അവിടെ ഗുൽഗുലുവും ഗോമേദകവുമുണ്ട്. രണ്ടാമത്തെ നദിയുടെ പേർ ഗീഹോൻ എന്നാണ്; അതാണ് കൂശ്ദേശമൊക്കെയും ചുററുന്നത്. മൂന്നാമത്തെ നദിയുടെ പേർ ഹിദ്ദേക്കൽ എന്നാണ്; അതാണ് അസ്സീറിയായുടെ കിഴക്കോട്ടുപോകുന്നത്. നാലാമത്തെ നദിയാണ് എവുഫ്രാത്തേസ്.”—ഉല്പത്തി 2:11-14.
നിങ്ങളുടെ ഉത്തരങ്ങൾ എന്താണ്?
◻ആദാമിന് തന്റെ അസ്തിത്വംസംബന്ധിച്ച് ദീർഘമായ നിഗൂഢതയില്ലാഞ്ഞതെന്തുകൊണ്ട്?
◻ദൈവം ആദാമിന് എതു വേല കൊടുത്തു, അവൻ എങ്ങനെ പ്രതികരിച്ചിരിക്കാം?
◻പൂർണ്ണമനുഷ്യൻ ഏതു പ്രതീക്ഷ ആസ്വദിച്ചു, എന്തുകൊണ്ട്?
◻ആദാം മർമ്മങ്ങൾ നിർദ്ധാരണംചെയ്യുന്നത് തന്റെ ജീവിതവൃത്തിയാക്കാഞ്ഞതെന്തുകൊണ്ട്?
◻ആദാം ഒരു മനുഷ്യൻ എന്ന നിലയിൽ ഏകനായിരുന്നത് ജീവിതത്തിൽനിന്ന് സന്തോഷത്തെ എടുത്തുകളയാഞ്ഞതെന്തുകൊണ്ട്?
[14-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
NASA photo