മനുഷ്യന്റെ അനുസരണക്കേടുണ്ടായിട്ടും പറുദീസാപ്രതീക്ഷകൾ പ്രബലം
1. കാലം കഴിഞ്ഞുപോയപ്പോൾ, ആദ്യമനുഷ്യനെയും സ്ത്രീയെയും എവിടെ കാണാൻ കഴിയുന്നു, ഏതു സാഹചര്യങ്ങളിൽ?
കാലം കടന്നുപോയിരിക്കുന്നു. ആദ്യമനുഷ്യനും സ്ത്രീയും മേലാൽ നിർദ്ദോഷികളായി നഗ്നരായിരിക്കുന്നില്ല. അവർ മൃഗചർമ്മംകൊണ്ടുള്ള നീണ്ട ഉടുപ്പുകൾ ധരിച്ചിരിക്കുന്നു. അവർ പൂർണ്ണതയുള്ള ഏദൻതോട്ടത്തിന്റെ പ്രവേശനകവാടത്തിനു പുറത്തുതന്നെയാണ്. അവരുടെ പിൻഭാഗങ്ങൾ തോട്ടത്തിലേക്കു തിരിഞ്ഞിരിക്കുന്നു. അവർ തങ്ങളുടെ മുമ്പാകെയുള്ള രംഗത്തെ വീക്ഷിക്കുന്നു. അവർ കൃഷിചെയ്തിട്ടില്ലാത്ത നിലംമാത്രമാണ് കാണുന്നത്. അതിൻമേൽ ദൈവാനുഗ്രഹം ഇല്ലെന്ന് തികച്ചും വ്യക്തമാണ്. അവരുടെ മുമ്പിൽ മുള്ളും പറക്കാരയുമാണ് കാണാൻ കഴിയുന്നത്. ഈ ഭൂമിയെ അല്ലേ അവർ കീഴടക്കാൻ നിയോഗിക്കപ്പെട്ടത്? അതെ, എന്നാൽ ആദ്യമനുഷ്യനും സ്ത്രീയും ഇപ്പോൾ അവിടെയായിരിക്കുന്നത് ഏദൻതോട്ടത്തെ അങ്ങനെയുള്ള പരിപാലിക്കപ്പെടാത്ത ദേശത്തേക്കു വ്യാപിപ്പിക്കുകയെന്ന ഉദ്ദേശ്യത്തിലല്ല.
2. മനുഷ്യനും സ്ത്രീയും പറുദീസാത്തോട്ടത്തിൽ വീണ്ടും പ്രവേശിക്കാൻ ശ്രമിക്കാത്തതെന്തുകൊണ്ട്?
2 അത്തരമൊരു വൈരുദ്ധ്യം നിറഞ്ഞ കാഴ്ചയിൽ അവർ തിരിഞ്ഞ് പറുദീസാതോട്ടത്തിൽ വീണ്ടും പ്രവേശിക്കാത്തതെന്തുകൊണ്ട്? നിർദ്ദേശിക്കാൻ എളുപ്പമാണ്, എന്നാൽ തോട്ടത്തിന്റെ കവാടത്തിങ്കൽ അവരുടെ പിന്നിൽ ആരാണുള്ളതെന്നു നോക്കുക. അവർ തോട്ടത്തിനുള്ളിൽ പോലും മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ജീവികൾ, കെരുബുകൾ. മാത്രവുമല്ല, തുടർച്ചയായി താനേ കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വാളിന്റെ ജ്വലിക്കുന്ന വായ്ത്തലയും. മനുഷ്യനും സ്ത്രീക്കും ഇവയെ കടന്ന് തോട്ടത്തിൽ ജീവനോടെ പ്രവേശിക്കാൻ കഴിയുമായിരുന്നില്ല!—ഉല്പത്തി 3:24.
3. ആദ്യമനുഷ്യജോടിയുടെ സാഹചര്യങ്ങളിൽ ഇത്ര കർശനമായ മാററങ്ങൾ ഉളവാക്കാൻ എന്തു സംഭവിച്ചിരുന്നു?
3 എന്താണ് സംഭവിച്ചിരുന്നത്? ആയിരക്കണക്കിനു വർഷങ്ങളിൽ ശാസ്ത്രത്തെ അന്ധാളിപ്പിച്ചുകൊണ്ടിരുന്ന മർമ്മമല്ലത്. അത് ലളിതമായി വിശദീകരിക്കപ്പെട്ടിരിക്കുന്നു. ആദ്യമനുഷ്യന്റെയും സ്ത്രീയുടെയും വിവാഹദിനത്തിൽ അവരുടെ മുമ്പാകെ വെക്കപ്പെട്ടിരുന്ന അത്ഭുതകരമായ പ്രതീക്ഷകൾ അവർ സാക്ഷാത്ക്കരിക്കേണ്ടതായിരുന്നു, എന്നാൽ അവർ തങ്ങളുടെ സ്വർഗ്ഗീയപിതാവിനെ ഏററവും ചെറിയ കാര്യത്തിൽപോലും അനുസരിക്കണമെന്നുള്ള വ്യവസ്ഥയുണ്ടായിരുന്നു. അവരുടെ പൂർണ്ണമായ അനുസരണം ഒരു ലളിതമായ ഭക്ഷ്യനിയന്ത്രണത്താൽ പരീക്ഷിക്കപ്പെടുമായിരുന്നു: അവർ “നൻമയുടെയും തിൻമയുടെയും അറിവിന്റെ വൃക്ഷ”ത്തിൻഫലം തിന്നരുത്. (ഉല്പത്തി 2:16, 17) അവർ ദൈവത്തിന്റെ ആജ്ഞകൾക്കു വിരുദ്ധമായി അങ്ങനെ ചെയ്താൽ അവർ തീർച്ചയായും മരിക്കും. അതാണ് ദൈവത്തിന്റെ പ്രവാചകനെന്ന നിലയിൽ ആദാം പ്രായം കുറഞ്ഞ മനുഷ്യജീവിയായിരുന്ന തന്റെ ഭാര്യയോടു പറഞ്ഞിരുന്നത്. എന്നാൽ അതിശയകരമായി, ആ നാഖാശ, ആ സർപ്പം, വിലക്കപ്പെട്ടിരുന്ന “നൻമയുടെയും തിൻമയുടെയും അറിവിന്റെ വൃക്ഷ”ത്തിൽനിന്ന് തിന്നുന്നതിനെതിരായുള്ള മുന്നറിയിപ്പിൽ ദൈവം ആദാമിനോടു പറഞ്ഞിരുന്നതിന്റെ സത്യതയെ നിഷേധിച്ചു. ദൈവനിയമം ലംഘിക്കുന്നതും വിലക്കപ്പെട്ട ഫലം തിന്നുന്നതും അവൾ ദൈവത്തെപ്പോലെയായിത്തീരുന്നതിൽ കലാശിക്കുമെന്നും നൻമയെന്തെന്നും തിൻമയെന്തെന്നും തീരുമാനിക്കുന്നതിൽ അവൾക്ക് ദൈവത്തിൽനിന്നുള്ള സ്വാതന്ത്ര്യം കൈവരുത്തുമെന്നും വിശ്വസിക്കുന്നതിലേക്ക് സർപ്പം സ്ത്രീയെ വഞ്ചിച്ചു.—ഉല്പത്തി 3:1-5.
കെട്ടുകഥയല്ല
4, 5. സർപ്പം ഹവ്വായെ വഞ്ചിക്കുന്നതുസംബന്ധിച്ച വിവരണം കെട്ടുകഥയല്ലെന്ന് അപ്പോസ്തലനായ പൗലോസ് പ്രകടമാക്കുന്നതെങ്ങനെ?
4 അവിശ്വസനീയമോ? അത് ഏറെയും വസ്തുതകളിൽ അടിസ്ഥാനപ്പെട്ടിരിക്കാത്ത ഒരു കെട്ടുകഥ, ഒരു ഐതീഹ്യംപോലെയാണോ തോന്നിക്കുന്നത്? അതുകൊണ്ട് അത് മുതിർന്നവരുടെ പ്രബുദ്ധമായ ആധുനിക മനസ്സുകൾക്ക് അസ്വീകാര്യമാണോ? അല്ല, താൻ എഴുതിയതിന്റെ ശരിയെക്കുറിച്ച് അറിയാമായിരുന്ന വിശ്വാസയോഗ്യനായ ഒരു എഴുത്തുകാരന്, വിപുലമായി വായിക്കപ്പെടുന്ന ഒരു എഴുത്തുകാരന്, പ്രത്യേകാൽ തിരഞ്ഞെടുക്കപ്പെട്ട ഒരു അപ്പോസ്തലന് അങ്ങനെയല്ല. ലോകജ്ഞാനത്തിന്റെ നഗരമായ കൊരിന്തിലെ മുതിർന്ന ക്രിസ്ത്യാനികളുടെ സഭക്ക് ഈ അപ്പോസ്തലനായ പൗലോസ് എഴുതി: “സർപ്പം അതിന്റെ കൗശലത്താൽ ഹവ്വായെ വശീകരിച്ചതുപോലെ, ക്രിസ്തുവിനോടുള്ള ആത്മാർത്ഥതയിൽനിന്നും നിർമ്മലതയിൽനിന്നും നിങ്ങളുടെ ഹൃദയങ്ങൾ എങ്ങനെയെങ്കിലും വഷളാക്കിയകററപ്പെടുമോയെന്ന് ഞാൻ ഭയപ്പെടുന്നു.”—2 കൊരിന്ത്യർ 11:3.
5 പുറജാതീയ ഗ്രീക്ക്മതത്തിലെ കെട്ടുകഥകൾ സുപരിചിതമായിരുന്ന ആ കൊരിന്ത്യക്കാർക്ക് തന്റെ ആശയം വ്യക്തമാക്കിക്കൊടുക്കാൻ പൗലോസ് അത്തരമൊരു കെട്ടുകഥയെ, ഒരു സങ്കല്പത്തെ, അശേഷം ഉപയോഗിക്കയില്ല. താൻ “ദൈവവചന”മാണെന്നു പ്രഖ്യാപിച്ച നിശ്വസ്ത എബ്രായതിരുവെഴുത്തുകളിൽനിന്ന് ഉദ്ധരിച്ചുകൊണ്ട് അപ്പോസ്തലനായ പൗലോസ് “സർപ്പം അതിന്റെ കൗശലത്താൽ ഹവ്വായെ വഞ്ചിച്ചു”വെന്ന് ഉറപ്പായി പറഞ്ഞു. (1 തെസ്സലോനീക്യർ 2:13) മാത്രവുമല്ല, “ആരോഗ്യപ്രദമായ വചനങ്ങളുടെ മാതൃക” പഠിപ്പിക്കാൻ ചുമതലപ്പെടുത്തപ്പെട്ടിരുന്ന ഒരു ക്രിസ്തീയമേൽവിചാരകന് എഴുതിയപ്പോൾ അപ്പോസ്തലനായ പൗലോസ് ഇങ്ങനെ പറഞ്ഞു: “ആദാം ആദ്യം നിർമ്മിക്കപ്പെട്ടു, പിന്നെ ഹവ്വാ. കൂടാതെ, ആദാം വഞ്ചിക്കപ്പെട്ടില്ല, എന്നാൽ സ്ത്രീ പൂർണ്ണമായും വഞ്ചിക്കപ്പെടുകയും ലംഘനത്തിൽ അകപ്പെടുകയുംചെയ്തു.”—2 തിമൊഥെയോസ് 1:13; 1 തിമൊഥെയോസ് 2:13, 14.
6. (എ) ദൈവത്തിനെതിരായ ആദാമിന്റെ ലംഘനം ഹവ്വായുടേതിൽനിന്ന് വ്യത്യസ്തമായിരുന്നതെങ്ങനെ? (ബി) സ്ത്രീ സർപ്പത്തെക്കുറിച്ച് ഒരു കഥ കെട്ടിച്ചമക്കുകയല്ലായിരുന്നുവെന്ന് നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്?
6 സ്ത്രീ സർപ്പത്താൽ വഞ്ചിക്കപ്പെട്ടുവെന്നത് ഒരു വസ്തുതയാണ്, ഒരു കെട്ടുകഥയല്ല; അവൾ വിലക്കപ്പെട്ട കനി ഭക്ഷിച്ചതിന്റെ പരിണതഫലങ്ങൾ കഠിനചരിത്രവസ്തുതകൾ ആയിരിക്കുന്നതുപോലെതന്നെ തീർച്ചയാണത്. അങ്ങനെ ദൈവത്തോടു ലംഘനംചെയ്തശേഷം, തിന്നുന്നതിൽ തന്നോടു പങ്കുചേരാൻ അവൾ അവളുടെ ഭർത്താവിനെ പ്രേരിപ്പിച്ചു. എന്നാൽ അവനും പൂർണ്ണമായി വഞ്ചിക്കപ്പെട്ടതുകൊണ്ടായിരുന്നില്ല അവൻ തിന്നത്. (ഉല്പത്തി 3:6) അവർ പിന്നീട് ദൈവത്തോടു കണക്കുബോധിപ്പിക്കുന്നതിനെക്കുറിച്ചുള്ള വിവരണം ഇങ്ങനെ പറയുന്നു: “മനുഷ്യൻ ഇങ്ങനെ തുടർന്നുപറഞ്ഞു: ‘എന്നോടുകൂടെയിരിക്കാൻ നീ തന്ന സ്ത്രീ എനിക്ക് വൃക്ഷഫലം തന്നു, തന്നിമിത്തം ഞാൻ തിന്നു.’ അതിങ്കൽ യഹോവയായ ദൈവം സ്ത്രീയോട് ‘നീ എന്താണ് ഈ ചെയ്തത്?’ എന്നു ചോദിച്ചു. ഇതിനു സ്ത്രീ: ‘സർപ്പം—അത് എന്നെ വഞ്ചിച്ചു, തന്നിമിത്തം ഞാൻ തിന്നു’ എന്ന് മറുപടി പറഞ്ഞു.” (ഉല്പത്തി 3:12, 13) സ്ത്രീ ആ നാഖാശിനെ, സർപ്പത്തെക്കുറിച്ച്, ഒരു കഥ കെട്ടിച്ചമക്കുകയായിരുന്നില്ല, യഹോവയാം ദൈവം അവളുടെ വിശദീകരണത്തെ കെട്ടിച്ചമച്ച ഒരു കെട്ടുകഥയായി എടുത്തില്ല. അവളുടെ ദൈവവും സ്രഷ്ടാവുമായ തന്നോട് ലംഘനംചെയ്യുന്നതിലേക്ക് സ്ത്രീയെ വഞ്ചിക്കുന്നതിൽ ഒരു ഉപകരണമെന്ന നിലയിൽ ആ സർപ്പത്തോടു അവൻ ഇടപെട്ടു. കേവലം കെട്ടുകഥാപരമായ ഒരു സർപ്പത്തോട് ഇടപെടുന്നത് ദൈവത്തിന്റെ മാന്യതയിൽ താണതായിരിക്കും.
7. (എ) സർപ്പത്തോടുള്ള ദൈവത്തിന്റെ നീതിന്യായപരമായ ഇടപെടലിനെ ബൈബിൾ വിവരണം വർണ്ണിക്കുന്നതെങ്ങനെ? (ബി) ആദ്യസ്ത്രീയെ വഞ്ചിച്ച സർപ്പത്തിന് നമ്മെയും വഞ്ചിക്കാൻ കഴിയുന്നതെങ്ങനെ? (അടിക്കുറിപ്പിനെസംബന്ധിച്ച അഭിപ്രായം ഉൾപ്പെടുത്തുക)
7 ഏദൻതോട്ടത്തിൽ സർപ്പവുമായുള്ള ദൈവത്തിന്റെ നീതിന്യായപരമായ ഇടപെടലിനെ വർണ്ണിച്ചുകൊണ്ട് വിവരണം പറയുന്നു: “യഹോവയായ ദൈവം സർപ്പത്തോട് ഇങ്ങനെ പറയാൻ തുടങ്ങി: ‘നീ ഇതു ചെയ്തിരിക്കുന്നതുകൊണ്ട് സകല വീട്ടുമൃഗങ്ങളിലും വയലിലെ സകല കാട്ടുമൃഗങ്ങളിലുംവെച്ച് ശപിക്കപ്പെട്ടവൻ നീയാണ്, നീ നിന്റെ ഉദരത്തിൻമേൽ ഗമിക്കുകയും നിന്റെ ആയുസ്സിൻ നാളുകളിലെല്ലാം നീ തിന്നുന്നത് പൊടിയായിരിക്കുകയും ചെയ്യും. ഞാൻ നിനക്കും സ്ത്രീക്കും തമ്മിലും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിലും ശത്രുത വെക്കും. അവൻ നിന്നെ തലയിൽ ചതക്കുകയും നീ അവനെ കുതികാലിൽ ചതക്കുകയുംചെയ്യും.’” (ഉല്പത്തി 3:14, 15) ന്യായബോധമുള്ള ഏതു കോടതിയും വസ്തുതകൾ കൈകാര്യംചെയ്യുകയും കെട്ടുകഥയല്ല യഥാർത്ഥതെളിവ് കൊഴിച്ചെടുക്കുകയുംചെയ്യുന്നു. യഹോവയാം ദൈവം തന്റെ നീതിന്യായപരമായ വിധി കെട്ടുകഥയിലെ ഒരു സർപ്പത്തിലേക്കു തിരിച്ചുവിട്ടുകൊണ്ട് തന്നേത്തന്നെ മൂഢൻ, കഥയില്ലാത്തവൻ ആക്കുകയല്ലായിരുന്നു, പിന്നെയോ കാരണക്കാരനെന്ന നിലയിൽ സ്ഥിതിചെയ്തിരുന്ന ഒരു യഥാർഥ ജീവിയെ ന്യായം വിധിക്കുകയായിരുന്നു. അതേ സർപ്പം അവൻ ഒരിക്കലും സ്ഥിതിചെയ്യുന്നില്ലെന്നും ഒരു കെട്ടുകഥയായിരുന്നുവെന്നും ഭൂമിയിലെ യാതൊരു തെററിനും അവൻ ഉത്തരവാദിയല്ലെന്നും വിചാരിക്കുന്നതിലേക്ക് നമ്മെ വഞ്ചിക്കുകയാണെങ്കിൽ അത് ചിരിക്കുള്ള വകയല്ല, പരിതാപകരമായിരിക്കും.a
8. ദൈവം സ്ത്രീയുടെമേൽ എന്തു ന്യായവിധി ഉച്ചരിച്ചു, അവളുടെ പുത്രിമാർക്കും പൗത്രിമാർക്കും എന്തു പരിണതഫലത്തോടെ?
8 സർപ്പത്തെ ഉൾപ്പെടുത്തി പറഞ്ഞ സ്ത്രീയുടെ പ്രസ്താവനയെ ഒരു വസ്തുതയായി കൈകാര്യംചെയ്തുകൊണ്ട് മമനുഷ്യന്റെ ഭാര്യയെസംബന്ധിച്ചുള്ള രേഖ പറയുന്നു: “സ്ത്രീയോട് അവൻ പറഞ്ഞു: ‘ഞാൻ നിന്റെ ഗർഭധാരണത്തിന്റെ വേദനയെ അതിയായി വർദ്ധിപ്പിക്കും; നീ പ്രസവവേദനകളോടെ മക്കളെ പ്രസവിക്കും, നിന്റെ വാഞ്ഛ നിന്റെ ഭർത്താവിനോടായിരിക്കും, അവൻ നിന്നെ ഭരിക്കും.’” (ഉല്പത്തി 3:16) “സന്താനപുഷ്ടിയുള്ളവരായി പെരുകി ഭൂമിയെ നിറക്കുക” എന്ന് ദൈവം ആദാമുമായുള്ള അവളുടെ വിവാഹസമയത്ത് കൊടുത്ത അനുഗ്രഹത്തിൽ ഇതുപോലെ യാതൊന്നും ഉൾപ്പെടുത്തിയിരുന്നില്ല. (ഉല്പത്തി 1:28) പൂർണ്ണതയുള്ള മനുഷ്യജോടിക്കുള്ള നിയോഗം സ്ത്രീക്ക് വളരെയധികം പ്രസവം സൂചിപ്പിച്ചിരുന്നെങ്കിലും അനുചിതമായ വേദനയും അങ്ങേയററത്തെ പ്രസവവേദനകളും അവളുടെ ഭർത്താവിനാലുള്ള മർദ്ദനവും സൂചിപ്പിക്കപ്പെട്ടിരുന്നില്ല. ലംഘനംചെയ്ത സ്ത്രീയുടെമേൽ ഉച്ചരിക്കപ്പെട്ട ന്യായവിധി തലമുറതലമുറകളിൽ അവളുടെ പുത്രിമാരെയും പൗത്രിമാരെയും ബാധിക്കേണ്ടതായിരുന്നു.
ആദാമിനെതിരെയുള്ള വിധിയാൽ ദൈവനിയമം മഹിമപ്പെടുത്തപ്പെടുന്നു
9, 10. (എ) ദൈവം ആദാമിന് നേരിട്ട് എന്തു മുന്നറിയിപ്പു കൊടുത്തിരുന്നു, ദൈവം അത്തരമൊരു ശിക്ഷയോടു പററിനിൽക്കുന്നതിന്റെ പരിണതഫലങ്ങളെന്തായിരിക്കും? (ബി) ദൈവം ആദാമിനെതിരെ എന്തു ന്യായവിധി പുറപ്പെടുവിച്ചു?
9 എന്നാൽ, ലംഘനത്തിൽ തന്നോടുചേരാൻ സ്ത്രീ പ്രേരിപ്പിച്ചിരുന്ന മനുഷ്യനുമായി മാററം ഭവിച്ച ഏതു സാഹചര്യങ്ങളിൽ അവൾ പങ്കുപററണമായിരുന്നു? ഈ മനുഷ്യനോടു ദൈവം നേരിട്ട് ഇങ്ങനെ പറഞ്ഞിരുന്നു: “നൻമയുടെയും തിൻമയുടെയും അറിവിന്റെ വൃക്ഷത്തെസംബന്ധിച്ചാണെങ്കിൽ നീ അതിൽനിന്ന് തിന്നരുത്, എന്തുകൊണ്ടെന്നാൽ നീ അതിൽനിന്ന് തിന്നുന്ന ദിവസത്തിൽ നീ തീർച്ചയായും മരിക്കും.” (ഉല്പത്തി 2:17) ന്യായാധിപതിയായ ദൈവം ആദാം കേവലം ഒരു കനിയുടെ കഷണം തിന്നതിന് അത്ര സുനിശ്ചിതമായ ഒരു വിധിയോടു പററിനിൽക്കുമോ? അത്തരമൊരു ശിക്ഷ നടപ്പിലാക്കുന്നത് എന്തർത്ഥമാക്കുമെന്ന് ചിന്തിക്കുക! അത് അതിൽത്തന്നെ ആദാമും ഹവ്വായും അവരുടെ വിവാഹദിനത്തിൽ താലോലിച്ചിരുന്ന ആ ആത്മപ്രചോദകമായ പ്രതീക്ഷയെ നശിപ്പിക്കും, തങ്ങളുടെ സന്താനങ്ങളെക്കൊണ്ട്, തങ്ങളുടെ ദൈവവും സ്വർഗ്ഗീയപിതാവുമായവനോടുള്ള സമാധാനപരമായ ബന്ധങ്ങളിൽ നിത്യയൗവനത്തോടെ ഒരു പറുദീസാഭൂമിയിൽ സമാധാനത്തോടെ വസിക്കുന്ന ഒരു പൂർണ്ണമനുഷ്യസമുദായത്തെക്കൊണ്ട്, മുഴുഭൂമിയെയും നിറക്കുന്നതിന്റെ പ്രതീക്ഷയായിരുന്നു അത്! തീർച്ചയായും, ദൈവം സകല മനുഷ്യവർഗ്ഗത്തിന്റെയും ആദ്യ മനുഷ്യമാതാപിതാക്കളുടെമേൽ കർശനമായി മരണശിക്ഷ നടപ്പിലാക്കിക്കൊണ്ട് മനുഷ്യവർഗ്ഗത്തെയും മമനുഷ്യന്റെ ഭൗമികഭവനത്തെയും സംബന്ധിച്ച അത്ഭുതകരമായ തന്റെ സ്വന്തം ഉദ്ദേശ്യത്തെ പരാജയപ്പെടുത്തുകയില്ല! എന്നാൽ ബൈബിൾ വിവരണത്തിൽ വ്യക്തമായി രേഖപ്പെടുത്തിയിരിക്കുന്ന ദിവ്യകല്പന ശ്രദ്ധിക്കുക:
10 “ആദാമിനോട് അവൻ പറഞ്ഞു: നീ നിന്റെ ഭാര്യയുടെ ശബ്ദം ശ്രദ്ധിക്കുകയും “നീ അതിൽനിന്ന് തിന്നരുത്” എന്ന കല്പന ഞാൻ തന്നിരുന്ന വൃക്ഷത്തിൽനിന്ന് തിന്നുകയും ചെയ്തതുകൊണ്ട് നിന്റെ നിമിത്തം ഭൂമി ശപിക്കപ്പെട്ടിരിക്കുന്നു. നിന്റെ ആയുസ്സിന്റെ നാളുകളിലെല്ലാം നീ വേദനയോടെ അതിന്റെ ഉല്പന്നം തിന്നും. അത് നിനക്കുവേണ്ടി മുള്ളും പറക്കാരയും മുളപ്പിക്കും, നീ വയലിലെ സസ്യം തിന്നേണ്ടതാണ്. നീ നിലത്തേക്കു തിരികെ പോകുന്നതുവരെ നിന്റെ മുഖത്തെ വിയർപ്പോടെ നീ അപ്പം ഭക്ഷിക്കും, എന്തുകൊണ്ടെന്നാൽ അതിൽനിന്ന് നീ എടുക്കപ്പെട്ടു. എന്തെന്നാൽ നീ പൊടിയാകുന്നു, പൊടിയിലേക്കു നീ തിരികെപോകും.’”—ഉല്പത്തി 3:17-19.
11. അനുസരണത്തെ സംബന്ധിച്ച ഏതു വസ്തുതകൾ ആദാമിനെതിരായുള്ള ദൈവത്തിന്റെ ന്യായവിധിയുടെ അർഹതയെ ചിത്രീകരിക്കുന്നു?
11 ആ ന്യായവിധി ഭൂവ്യാപകമായ പറുദീസാതോട്ടത്തിൽ എന്നേക്കും കൃഷിചെയ്തുകൊണ്ടും അതിനെ പരിപാലിച്ചുകൊണ്ടും സ്നേഹപൂർവവും സമാധാനപരമായും ഒരുമിച്ചുവസിക്കുന്ന പൂർണ്ണസ്ത്രീപുരുഷൻമാരെക്കൊണ്ട് നിറയുന്ന ഒരു പറുദീസാഭൂമി ഉണ്ടാക്കുകയെന്ന ദൈവോദ്ദേശ്യത്തിൻമേലുള്ള പരിണതഫലം ഗണ്യമാക്കാതെ മരണശിക്ഷ നടപ്പിലാക്കുന്നതിനെ അർത്ഥമാക്കി. വിലക്കപ്പെട്ട “നൻമയുടെയും തിൻമയുടെയും അറിവിന്റെ വൃക്ഷ”ത്തിൽനിന്ന് തിന്നരുതെന്ന് പറഞ്ഞിരുന്ന ദൈവത്തിന്റെ ശബ്ദത്തിനു പകരം തന്റെ ഭാര്യയുടെ ശബ്ദം മനുഷ്യൻ കേട്ടനുസരിച്ചിരുന്നു. അവൻതന്നെ തന്റെ ദൈവവും സ്രഷ്ടാവുമായവന്റെ ശബ്ദം അനുസരിച്ചില്ലെങ്കിൽ അവൻ പൊരുത്തത്തോടെ അങ്ങനെ ചെയ്യാൻ തന്റെ മക്കളെ ഉപദേശിക്കുമോ? യഹോവയാം ദൈവത്തെ അനുസരിക്കാൻ അവരെ പഠിപ്പിക്കുന്നതിൽ അവന്റെ സ്വന്തം ദൃഷ്ടാന്തം ഒരു സംസാരവിഷയമാകുമോ?—1 ശമുവേൽ 15:22 താരതമ്യംചെയ്യുക.
12, 13. (എ) ആദാമിന്റെ പാപം അവന്റെ മക്കളെ എങ്ങനെ ബാധിക്കും? (ബി) ആദാമിന് പറുദീസയിലോ ഭൂമിയിലെവിടെയെങ്കിലുമോ ജീവിക്കാൻ അർഹതയില്ലാഞ്ഞതെന്തുകൊണ്ട്?
12 ആദാമിന്റെ മക്കൾക്ക് അവൻ ഒരിക്കൽ തന്റെ മനുഷ്യത്വപൂർണ്ണതയിൽ ദൈവനിയമം പൂർണ്ണമായി അനുസരിക്കാൻ പ്രാപ്തനായിരുന്നതുപോലെ അനുസരിക്കാൻ കഴിയുമായിരുന്നോ? പാരമ്പര്യനിയമങ്ങളുടെ പ്രവർത്തനത്താൽ അവൻ തന്റെ ദൗർബല്യവും ദൈവശബ്ദം അനുസരിക്കാതെ മറേറതെങ്കിലും ശബ്ദം അനുസരിക്കാനുള്ള പ്രവണതയും അവന്റെ മക്കളിലേക്ക് പകരുകയില്ലേ? യഥാർത്ഥ ചരിത്രം ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുന്നു.—റോമർ 5:12.
13 ഒരു മനുഷ്യജീവിക്കുവേണ്ടി മാത്രം ദൈവത്തോടുള്ള പൂർണ്ണസ്നേഹപ്രകടനമായുള്ള അവനോടുള്ള പൂർണ്ണ അനുസരണത്തിൽനിന്ന് മാറിപ്പോയ അത്തരമൊരു മനുഷ്യൻ പറുദീസയിലോ ഭൂമിയിൽ എവിടെയെങ്കിലുമോ ജീവിക്കാൻ അർഹനാണോ? ഭൂമിയിൽ എന്നേക്കും ജീവിച്ചിരിക്കാൻ അവനെ അനുവദിക്കുന്നത് സുരക്ഷിതം പോലുമായിരിക്കുമോ? ലംഘനത്തിൽ ഭൂമിയിൽ എന്നേക്കും ജീവിച്ചിരിക്കാൻ അവനെ അനുവദിക്കുന്നത് ദൈവനിയമത്തെ മഹിമപ്പെടുത്തുകയും അവന്റെ പൂർണ്ണനീതിയെ പ്രദർശിപ്പിക്കുകയും ചെയ്യുമോ? അതോ അത് ദൈവനിയമത്തോടുള്ള അനാദരവു പഠിപ്പിക്കുകയും ദൈവനിയമത്തെ ആശ്രയിക്കാവുന്നതല്ലെന്ന് സൂചിപ്പിക്കുകയും ചെയ്യുമോ?
ഏദൻതോട്ടത്തിൽനിന്നു പുറത്താക്കപ്പെടുന്നു
14. ദൈവം ആദാമിനും അവന്റെ ഭാര്യക്കുമെതിരെ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് ബൈബിൾരേഖ വർണ്ണിക്കുന്നതെങ്ങനെ?
14 ഈ കാര്യങ്ങൾ എങ്ങനെ ദൈവം തീരുമാനിച്ചുവെന്ന് ബൈബിൾരേഖ നമ്മോടു പറയുന്നു: “യഹോവയായ ദൈവം ആദാമിനും അവന്റെ ഭാര്യക്കുംവേണ്ടി തുകൽകൊണ്ട് നീണ്ട ഉടുപ്പുകൾ ഉണ്ടാക്കാനും അവരെ ഉടുപ്പിക്കാനും നടപടികൾ തുടങ്ങി. യഹോവയായ ദൈവം ഇങ്ങനെ തുടർന്നുപറഞ്ഞു: ‘ഇതാ മനുഷ്യൻ നൻമയും തിൻമയും അറിയുന്നതിൽ നമ്മിൽ ഒരുവനെപ്പോലെയായിരിക്കുന്നു, ഇപ്പോൾ അവൻ കൈനീട്ടി യഥാർത്ഥത്തിൽ ജീവവൃക്ഷത്തിൽനിന്നുള്ള ഫലവും പറിച്ചുതിന്ന് അനിശ്ചിതകാലം ജീവിക്കാതിരിക്കാൻ,—അതോടെ യഹോവയായ ദൈവം അവൻ എടുക്കപ്പെട്ടിരുന്ന നിലത്തു കൃഷിചെയ്യാൻ അവനെ ഏദൻതോട്ടത്തിൽനിന്ന് പുറത്താക്കി. അങ്ങനെ അവൻ മനുഷ്യനെ പുറത്താക്കുകയും ജീവവൃക്ഷത്തിങ്കലേക്കുള്ള വഴി കാക്കാൻ ഏദൻതോട്ടത്തിന്റെ കിഴക്ക് കെരുബുകളെയും തുടർച്ചയായി താനേ തിരിഞ്ഞുകൊണ്ടിരുന്ന ഒരു വാളിന്റെ ജ്വലിക്കുന്ന വായ്ത്തലയേയും നിർത്തുകയും ചെയ്തു.”—ഉല്പത്തി 3:21-24.
15. (എ) ആദാമിനും ഹവ്വായിക്കും നഗ്നരായിരുന്നതിനാൽ തോന്നിയ ലജ്ജാബോധത്തോട് ദൈവം പരിഗണന കാണിച്ചതെങ്ങനെ? (ബി) ഒന്നാമത്തെ ഇണകൾ ഏദൻതോട്ടത്തിൽനിന്ന് പുറത്താക്കപ്പെട്ടതെങ്ങനെ? (സി) ആദാമിനെയും ഹവ്വായെയും ഏദൻതോട്ടത്തിനു പുറത്ത് ഏതു സാഹചര്യങ്ങൾ അഭിമുഖീകരിച്ചു?
15 ഇപ്പോൾ ആദാമിനും അവന്റെ ഭാര്യക്കും നഗ്നരായിരിക്കുന്നതിൽ തോന്നിയ ലജ്ജാബോധത്തോടു ദിവ്യ ന്യായാധിപൻ പരിഗണന കാണിച്ചു. അവർ തങ്ങൾക്കുവേണ്ടി അത്തിയിലകൾ തുന്നി ഉണ്ടാക്കിയിരുന്ന അരയാടക്കു പകരം, പ്രസ്താവിച്ചിട്ടില്ലാത്ത ഏതോ വിധത്തിൽ തുകൽകൊണ്ടുള്ള നീണ്ട ഉടുപ്പുകൾ പ്രദാനംചെയ്തു. (ഉല്പത്തി 3:7) തുകലുടുപ്പുകൾ കൂടുതൽ പഴക്കംചെയ്യുകയും ഏദൻതോട്ടത്തിനു പുറത്തെ മുള്ളുകളിൽനിന്നും പറക്കാരകളിൽനിന്നും മററു ഹാനികരമായ വസ്തുക്കളിൽനിന്നും കൂടുതൽ സംരക്ഷണം കൊടുക്കുകയും ചെയ്യും. പാപം ചെയ്തശേഷം ഒരു ചീത്ത മനഃസാക്ഷി ഉണ്ടാകുകയാൽ അവർ ഏദൻതോട്ടത്തിലെ വൃക്ഷങ്ങളുടെ ഇടയിൽ ദൈവവീക്ഷണത്തിൽനിന്ന് തങ്ങളേത്തന്നെ മറയ്ക്കാൻ ശ്രമിച്ചിരുന്നു. (ഉല്പത്തി 3:8) ഇപ്പോൾ, വിധിക്കപ്പെട്ടശേഷം, ഏദൻതോട്ടത്തിൽനിന്ന് പുറത്താക്കപ്പെടുന്നതിൽ അവർക്ക് ഏതോ ദിവ്യസമ്മർദ്ദം അനുഭവപ്പെട്ടു. അവർ കിഴക്കോട്ടാണ് പുറത്താക്കപ്പെട്ടത്, പെട്ടെന്ന് അവർ ഏദൻ തോട്ടത്തിൽനിന്ന് എന്നേക്കും നിരോധിക്കപ്പെട്ട് പുറത്താക്കപ്പെട്ടിരിക്കുന്നതായി കണ്ടെത്തി. അവർ മേലാൽ ആ തോട്ടത്തെ വികസിപ്പിക്കാനും അതിന്റെ പറുദീസായവസ്ഥകൾ ഭൂമിയുടെ അറുതികളിലേക്ക് വ്യാപിപ്പിക്കാനും പ്രവർത്തിക്കുന്നതല്ല. അന്നു മുതൽ, അവർ വയലിലെ സസ്യങ്ങളിൽനിന്ന് ആഹാരം കഴിക്കും, എന്നാൽ അത് മനുഷ്യജീവനിൽ അവരെ എന്നേക്കും നിലനിർത്തുകയില്ല. അവർ “ജീവവൃക്ഷ”ത്തിൽനിന്ന് ഛേദിക്കപ്പെട്ടു. കുറേ കാലംകഴിഞ്ഞ് അവർ മരിക്കണം!—എത്രകാലം കഴിഞ്ഞ്?
യഹോവയുടെ ആദിമ ഉദ്ദേശ്യം പരാജയപ്പെടുത്താൻ കഴിയാത്തത്
16. ദൈവം എന്തുചെയ്യാൻ ഉദ്ദേശിച്ചിട്ടില്ലായിരുന്നു, എന്തുകൊണ്ട്?
16 ഇപ്പോൾ പൊടിയിൽനിന്നുള്ള ഈ രണ്ടു ജീവികൾ തനിക്കെതിരെ പാപംചെയ്തതുകൊണ്ട് ഒരു സാർവത്രിക സ്ഫോടനത്തിൽ ചന്ദ്രനോടും സൂര്യനോടുംകൂടെ ഭൂമിയെ നശിപ്പിക്കാൻ ദൈവം തീരുമാനിച്ചോ? അങ്ങനെയൊരു കാര്യം അവൻ ചെയ്യുകയാണെങ്കിൽ ഒരു നാഖാശ തുടക്കമിട്ട കാര്യം നിമിത്തം തന്റെ മഹത്തായ ഉദ്ദേശ്യം പരാജയപ്പെട്ടുവെന്ന് അതർഥമാക്കുകയില്ലേ? വെറുമൊരു സർപ്പത്തിന് ദൈവോദ്ദേശ്യത്തെയെല്ലാം തകർക്കാൻ കഴിയുമോ? ആദാമിന്റെയും ഹവ്വായുടെയും വിവാഹദിനത്തിൽ അവൻ അവരെ അനുഗ്രഹിക്കുകയും അവരെ സംബന്ധിച്ച തന്റെ ഇഷ്ടമെന്താണെന്ന് പറയുകയും ചെയ്തപ്പോൾ അവൻ തന്റെ ഉദ്ദേശ്യം വിവരിച്ചിരുന്നു: പൂർണ്ണതയുള്ള ഒരു മനുഷ്യവർഗ്ഗത്തെക്കൊണ്ട് മുഴു ഭൂമിയെയും നിറക്കുന്നതും ഏദൻതോട്ടത്തിന്റെ പൂർണ്ണതയോളം മുഴുഭൂമിയെയും കീഴടക്കുന്നതും ഭൂമിയിലും അതിലെ വെള്ളങ്ങളിലുമുള്ള സകല കീഴ്ത്തരജന്തുക്കളെയും സകല മനുഷ്യരും അധീനതയിൽ നിർത്തുന്നതുംതന്നെ. ആയിരക്കണക്കിനു വർഷങ്ങളിലെ വേല ഉൾപ്പെടുന്ന ആറു സൃഷ്ടിദിവസങ്ങളിൽ ദൈവം ഒരുക്കംചെയ്തിരുന്ന ഉദ്ദേശ്യം നിവർത്തിക്കപ്പെടുന്നതിന്റെ ഒരു ഉജ്ജ്വല ദർശനം! ഈ സ്തുത്യർഹമായ ഉദ്ദേശ്യം ഇപ്പോൾ ഒരു സർപ്പവും ആദ്യമനുഷ്യജോടിയുടെ വികടത്തരവും നിമിത്തം മാത്രം സാക്ഷാത്ക്കരിക്കപ്പെടാതെ വിടേണ്ടതായിരുന്നോ? അശേഷമല്ല!—യെശയ്യാവ് 46:9-11 താരതമ്യംചെയ്യുക.
17. ഏഴാംദിവസത്തെ സംബന്ധിച്ച് എന്തു ചെയ്യാൻ ദൈവം നിശ്ചയിച്ചിരുന്നു, അതുകൊണ്ട് ഈ ദിവസം എങ്ങനെ അവസാനിക്കും?
17 അപ്പോഴും യഹോവയാം ദൈവത്തിന്റെ ഏഴാം ദിവസമായ വിശ്രമദിവസമായിരുന്നു. അവൻ ആ ദിവസത്തെ അനുഗ്രഹിക്കാൻ തീരുമാനിച്ചിരുന്നു, അതിനെ വിശുദ്ധമാക്കുകയുംചെയ്തിരുന്നു. അതിനെ ഒരു ശപിക്കപ്പെട്ട ദിവസമാക്കാൻ അവൻ യതൊന്നിനെയും അനുവദിക്കുകയില്ല, തന്റെ ആ വിശ്രമദിവസത്തിൻമേൽ വരാൻ ആരെങ്കിലും പദ്ധതിയിടുന്ന ശാപത്തെ അവൻ ഒരു അനുഗ്രഹമാക്കി മാററുകയും ദിവസത്തെ അനുഗൃഹീതമായി അവസാനിപ്പിക്കുകയുംചെയ്യും. അത് മുഴു ഭൂമിയെയും ഒരു വിശുദ്ധസ്ഥലമായി അവശേഷിപ്പിക്കുകയും ദൈവത്തിന്റെ ഇഷ്ടം സ്വർഗ്ഗത്തിലെപ്പോലെ ഭൂമിയിലും ചെയ്യപ്പെടുകയും ചെയ്യും, അത് പൂർണ്ണമനുഷ്യരുടെ ഒരു വർഗ്ഗത്താലായിരിക്കും.—മത്തായി 6:10 താരതമ്യപ്പെടുത്തുക.
18, 19. (എ) പാപികളായ ആദ്യമനുഷ്യജോടിയുടെ ദുരിതമനുഭവിക്കുന്ന സന്തതികൾക്ക് സന്തോഷിക്കാൻ കഴിയുന്നതെന്തുകൊണ്ട്? (ബി) വീക്ഷാഗോപുരത്തിന്റെ ഭാവിപംക്തികൾ എന്തു ചർച്ചചെയ്യും?
18 ദൈവത്തിന് ആശാഭംഗം അനുഭവപ്പെട്ടില്ല. അവൻ തന്റെ ഉദ്ദേശ്യത്തെ ഉപേക്ഷിച്ചുകളഞ്ഞില്ല. ഉദ്ദേശിക്കുന്നവനും താൻ ഉദ്ദേശിക്കുന്നതിനെ പൂർണ്ണമായും നിറവേററുന്നവനുമായി തികച്ചും ആശ്രയിക്കാവുന്ന ഏകനെന്ന നിലയിൽ തന്നേത്തന്നെ സംസ്ഥാപിക്കാൻ അവൻ തീരുമാനിച്ചു, അതിന്റെ സകല ബഹുമതിയും അവനുതന്നെയായിരിക്കുകയും ചെയ്യും. (യെശയ്യാവ് 45:18) പാപികളായ ആദ്യമനുഷ്യജോടിയുടെ അപൂർണ്ണരും ദൂരിതമനുഭവിക്കുന്നവരുമായ സന്തതികൾക്ക് സന്തോഷിക്കാനും തങ്ങൾക്കുതന്നെ നിത്യപ്രയോജനത്തോടെ ദൈവം തന്റെ ആദിമ ഉദ്ദേശ്യം വിശ്വസ്തമായി നിവർത്തിക്കുന്നതിനായി നോക്കിപ്പാർത്തിരിക്കാനും കഴിയും. ഇപ്പോൾത്തന്നെ അവന്റെ വിശ്രമദിവസത്തിന്റെ സഹസ്രാബ്ദങ്ങൾ കടന്നുപോയിരിക്കുന്നു, അവന്റെ പ്രത്യേക അനുഗ്രഹമുള്ള ദിവസത്തിന്റെ അന്തിമ ഭാഗം അടുത്തിരിക്കണം. അവന്റെ വിശ്രമദിവസത്തിന്റെ “സന്ധ്യ” കടന്നുപോകുകയാണ്, മുമ്പത്തെ ആറു സൃഷ്ടിദിവസങ്ങളുടെയും കാര്യത്തിലെന്നപോലെ “ഉഷസ്സ്” വരേണ്ടതാണ്. ഈ ഉഷസ്സ് അതിന്റെ പൂർണ്ണതയിലെത്തുകയും ദൈവത്തിന്റെ മാററമില്ലാത്ത ഉദ്ദേശ്യത്തിന്റെ മഹത്തായ സാക്ഷാത്ക്കാരത്തെ സകല കാണികൾക്കും പൂർണ്ണമായും ദൃശ്യമാക്കുകയും ചെയ്യുമ്പോൾ, ‘സന്ധ്യയായി, ഉഷസ്സുമായി, ഒരു ഏഴാം ദിവസം’ എന്ന് രേഖപ്പെടുത്തുക സാദ്ധ്യമായിരിക്കും. വിസ്മയാവഹമായ ഒരു പ്രതീക്ഷതന്നെ!
19 ഇതിനെക്കുറിച്ചെല്ലാം ചിന്തിക്കുന്നത് ആവേശജനകമാണ്! അനുസരണമുള്ള മനുഷ്യർക്ക്, ദൈവനിയമത്തെ സ്നേഹിക്കുന്നവർക്ക്, ഭാവിയിലുള്ള അത്യാനന്ദകരമായ പറുദീസാപ്രത്യാശകളെക്കുറിച്ച് വീക്ഷാഗോപുരത്തിന്റെ ഭാവിപംക്തികളിൽ കൂടുതൽ പറയുന്നതായിരിക്കും. (w89 8⁄1)
[അടിക്കുറിപ്പ്]
a വെളിപ്പാട് 12:9-ൽ പിശാചായ സാത്താൻ “ആദ്യപാമ്പായി” തിരിച്ചറിയിക്കപ്പെട്ടിരിക്കുന്നു; യോഹന്നാൻ 8:44-ൽ യേശു അവനെക്കുറിച്ച് “വ്യാജത്തിന്റെ പിതാവ്” എന്നു പറയുന്നു.
നിങ്ങൾ എന്തു പറയും?
◻ ആദ്യമാനുഷ ദമ്പതികൾക്ക് തങ്ങളുടെ പറുദീസാഭവനം നഷ്ടപ്പെട്ടതെന്തുകൊണ്ട്?
◻ ഒരു സർപ്പത്തിലൂടെ ഹവ്വായിക്കനുഭവപ്പെട്ട വഞ്ചന കെട്ടുകഥയല്ലെന്ന് നാം അറിയുന്നതെന്തുകൊണ്ട്?
◻ ദൈവം സ്ത്രീയുടെമേൽ എന്തു വിധി ഉച്ചരിച്ചു?
◻ ദൈവം ആദാമിൻമേൽ എന്തു വിധി ഉച്ചരിച്ചു, ഇത് ദൈവനിയമത്തെ മഹിമപ്പെടുത്തിയതെന്തുകൊണ്ട്?
◻ പരദീസയിലെ പൂർണ്ണമനുഷ്യരെക്കൊണ്ട് ഭൂമിയെ നിറക്കുകയെന്ന തന്റെ ഉദ്ദേശ്യം സംബന്ധിച്ച് ദൈവത്തിന് ആശാഭംഗം തോന്നാഞ്ഞതെന്തുകൊണ്ട്?