അധ്യായം 8
മരിക്കുമ്പോൾ എന്തു സംഭവിക്കുന്നു?
1. ആളുകൾ മരിച്ചവരെക്കുറിച്ചു മിക്കപ്പോഴും ഏതു ചോദ്യങ്ങൾ ചോദിക്കുന്നു?
1 പ്രിയപ്പെട്ട ഒരാൾ മരണത്തിൽ നഷ്ടപ്പെടുമ്പോൾ ഉണ്ടാകുന്ന ശൂന്യതാബോധം ഒരുപക്ഷേ നിങ്ങൾക്കറിവുണ്ടായിരിക്കും. നിങ്ങൾക്ക് എത്ര വളരെ സങ്കടവും നിസ്സഹായതയുമാണ് അനുഭവപ്പെടുക! ഒരു വ്യക്തി മരിക്കുമ്പോൾ അയാൾക്ക് എന്തു സംഭവിക്കുന്നു? അയാൾ എവിടെയെങ്കിലും പിന്നെയും ജീവിക്കുന്നുണ്ടോ? ജീവിച്ചിരിക്കുന്നവർക്ക് ഇപ്പോൾ മരിച്ചുപോയിരിക്കുന്നവരുടെ സഖിത്വം വീണ്ടും ഭൂമിയിൽ ആസ്വദിക്കാൻ കഴിയുമോ? എന്നിങ്ങനെ ചോദിച്ചുപോവുക സ്വാഭാവികം മാത്രമാണ്.
2. ആദ്യമനുഷ്യനായ ആദാമിനു മരണത്തിങ്കൽ എന്തു സംഭവിച്ചു?
2 അങ്ങനെയുളള ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനു നാം ആദാമിനു മരണത്തിങ്കൽ എന്തു സംഭവിച്ചുവെന്നറിയുന്നതു സഹായകമായിരിക്കും. അവൻ പാപം ചെയ്തപ്പോൾ ദൈവം അവനോട് ഇങ്ങനെ പറഞ്ഞു: “നീ പൊടിയിലേക്കു തിരികെ പോകും, എന്തെന്നാൽ നീ അതിൽനിന്നാണ് എടുക്കപ്പെട്ടത്. എന്തെന്നാൽ നീ പൊടിയാകുന്നു, നീ പൊടിയിലേക്കു തിരികെ പോകും.” (ഉല്പത്തി 3:19) അതിന്റെ അർഥമെന്തെന്നു ചിന്തിക്കുക. ആദാമിനെ ദൈവം പൊടിയിൽനിന്നു സൃഷ്ടിച്ചതിനു മുമ്പ് അവൻ ഇല്ലായിരുന്നു. അവൻ സ്ഥിതിചെയ്തിരുന്നില്ല. അതുകൊണ്ട്, ആദാം മരിച്ചശേഷം അവൻ അസ്തിത്വമില്ലായ്മയുടെ അതേ അവസ്ഥയിലേക്കു തിരികെപോയി.
3. (എ) മരണം എന്നാലെന്ത്? (ബി) മരിച്ചവരുടെ അവസ്ഥയെക്കുറിച്ചു സഭാപ്രസംഗി 9:5, 10 എന്തു പറയുന്നു?
3 ലളിതമായി പറഞ്ഞാൽ, മരണം ജീവന്റെ വിപരീതമാണ്. ബൈബിൾ സഭാപ്രസംഗി 9:5, 10-ൽ ഇതു തെളിയിക്കുന്നു. അധികൃതഭാഷാന്തരം അഥവാ ജയിംസ് രാജാവിന്റെ ഭാഷാന്തരം അനുസരിച്ച് ഈ വാക്യങ്ങളിൽ ഇങ്ങനെ പറയുന്നു: “എന്തെന്നാൽ ജീവിച്ചിരിക്കുന്നവർ തങ്ങൾ മരിക്കുമെന്നറിയുന്നു; എന്നാൽ മരിച്ചവർ യാതൊന്നും അറിയുന്നില്ല, അവർക്കു മേലാൽ യാതൊരു പ്രതിഫലവുമില്ല; എന്തെന്നാൽ അവരുടെ ഓർമ വിസ്മരിക്കപ്പെട്ടിരിക്കുന്നു. നിന്റെ കൈയ്ക്കു ചെയ്യാൻ കിട്ടുന്നതെല്ലാം നിന്റെ ശക്തിയോടെ ചെയ്യുക; എന്തെന്നാൽ നീ പോകുന്ന ശവക്കുഴിയിൽ പ്രവൃത്തിയോ സൂത്രമോ അറിവോ ജ്ഞാനമോ ഇല്ല.”
4. (എ) മരണത്തിങ്കൽ ഒരു വ്യക്തിയുടെ ചിന്താപ്രാപ്തികൾക്ക് എന്തു സംഭവിക്കുന്നു? (ബി) മരണത്തിങ്കൽ ഒരു വ്യക്തിയുടെ ഇന്ദ്രിയബോധങ്ങളുടെയെല്ലാം പ്രവർത്തനം നിലയ്ക്കുന്നതെന്തുകൊണ്ട്?
4 ഇതിന്റെയർഥം മരിച്ചവർക്കു യാതൊന്നും ചെയ്യാൻ കഴിയുകയില്ലെന്നും യാതൊന്നും അനുഭവിച്ചറിയാൻ കഴികയില്ലെന്നുമാണ്. ബൈബിൾ പ്രസ്താവിക്കുന്ന പ്രകാരം അവർക്കു മേലാൽ യാതൊരു ചിന്തയുമില്ല: “നിങ്ങൾ പ്രഭുക്കൻമാരിൽ ആശ്രയിക്കരുത്, ഭൗമിക മമനുഷ്യന്റെ പുത്രനിലും അരുത്, രക്ഷ അവനുളളതല്ലല്ലോ. അവന്റെ ആത്മാവു പുറത്തുപോകുന്നു, അവൻ തന്റെ നിലത്തേക്കു തിരികെ പോകുന്നു; ആ ദിവസം അവന്റെ ചിന്തകൾ നശിക്കുകതന്നെ ചെയ്യുന്നു.” (സങ്കീർത്തനം 146:3, 4) മരണത്തിങ്കൽ, ശ്വാസോച്ഛ്വാസത്താൽ നിലനിർത്തപ്പെടുന്ന മമനുഷ്യന്റെ ആത്മാവ് അഥവാ ജീവശക്തി “പുറത്തുപോകുന്നു.” അതു മേലാൽ സ്ഥിതിചെയ്യുന്നില്ല. അങ്ങനെ മനുഷ്യനു ചിന്തിക്കാനുളള കഴിവിനെ ആശ്രയിച്ചുളള അവന്റെ കാഴ്ചയുടെയും കേൾവിയുടെയും സ്പർശനത്തിന്റെയും ഘ്രാണത്തിന്റെയും രസനയുടെയും ബോധങ്ങളെല്ലാം പ്രവർത്തനം നിർത്തുന്നു. ബൈബിളനുസരിച്ച് മരിച്ചവർ പൂർണമായ നിർബോധാവസ്ഥയിൽ പ്രവേശിക്കുന്നു.
5. (എ) മരിച്ച മനുഷ്യരുടെയും ചത്ത മൃഗങ്ങളുടെയും അവസ്ഥ ഒന്നുതന്നെയാണെന്നു ബൈബിൾ പ്രകടമാക്കുന്നതെങ്ങനെ? (ബി) മനുഷ്യരെയും മൃഗങ്ങളെയും ജീവിപ്പിക്കുന്ന “ആത്മാവ്” എന്താണ്?
5 മരിക്കുമ്പോൾ മനുഷ്യരും മൃഗങ്ങളും പൂർണമായ ഒരേ നിർബോധാവസ്ഥയിലാണ്. ബൈബിൾ ഈ ആശയത്തെ തെളിയിക്കുന്നതെങ്ങനെയെന്നു കാണുക: “ഒന്നു മരിക്കുന്നതുപോലെ മറേറതും മരിക്കുന്നു; അവയ്ക്കെല്ലാം ഒരു ആത്മാവുമാത്രമാണുളളത്, തന്നിമിത്തം മനുഷ്യനു മൃഗത്തെക്കാൾ ശ്രേഷ്ഠതയില്ല, എന്തെന്നാൽ സകലവും മായയാണ്. എല്ലാം ഒരു സ്ഥലത്തേക്കു പോകുന്നു. അവയെല്ലാം പൊടിയിൽനിന്നുണ്ടായി, അവയെല്ലാം പൊടിയിലേക്കു തിരികെ പോകുന്നു.” (സഭാപ്രസംഗി 3:19, 20) മൃഗങ്ങളെ ജീവിപ്പിക്കുന്ന “ആത്മാവ്”തന്നെയാണു മനുഷ്യരെയും ജീവിപ്പിക്കുന്നത്. ഈ “ആത്മാവ്” അഥവാ അദൃശ്യജീവശക്തി പുറത്തുപോകുമ്പോൾ, മനുഷ്യനും മൃഗവും അവ നിർമിക്കപ്പെട്ട പൊടിയിലേക്കു തിരികെ പോകുന്നു.
ദേഹി മരിക്കുന്നു
6. മൃഗങ്ങൾ ദേഹികളാണെന്നു ബൈബിൾ പ്രകടമാക്കുന്നതെങ്ങനെ?
6 മനുഷ്യനെ മൃഗങ്ങളിൽനിന്നു വ്യത്യാസപ്പെടുത്തുന്നതു മനുഷ്യനു ദേഹിയുണ്ടെന്നും മൃഗങ്ങൾക്ക് ഇല്ലെന്നുമുളള വസ്തുതയാണെന്നു ചിലർ പറയുന്നു. എന്നിരുന്നാലും, ദൈവം വെളളത്തിൽ ജീവിക്കാൻ “ജീവനുളള ദേഹികളെ” സൃഷ്ടിച്ചുവെന്നും മൃഗങ്ങൾക്ക് “ഒരു ദേഹിയായുളള ജീവൻ” ഉണ്ടെന്നും ഉല്പത്തി 1:20-ഉം 30-ഉം പറയുന്നു. ഈ വാക്യങ്ങളിൽ ചില ബൈബിളുകൾ “ദേഹി”ക്കുപകരം “ജന്തു” എന്നും “ജീവൻ” എന്നുമുളള പദങ്ങളാണുപയോഗിക്കുന്നത്. എന്നാൽ മൂലഭാഷയിൽ “ദേഹി” എന്ന പദമാണു കാണുന്നതെന്നുളളതിനോട് അവയുടെ മാർജിനിലെ വായന യോജിക്കുന്നു. മൃഗങ്ങളെ ദേഹികളെന്നു വിളിക്കുന്ന ബൈബിൾപരാമർശനങ്ങളിൽ പെട്ടതാണു സംഖ്യാപുസ്തകം 31:28. അവിടെ അതു “മനുഷ്യവർഗത്തിലും കന്നുകാലികളിലും കഴുതകളിലും ആട്ടിൻകൂട്ടത്തിലുംപെട്ട അഞ്ഞൂറിൽ ഒരു ദേഹി”യെക്കുറിച്ചു പറയുന്നു.
7. മൃഗദേഹികളും മനുഷ്യദേഹികളും മരിക്കുന്നുവെന്നു തെളിയിക്കാൻ ബൈബിൾ എന്തു പറയുന്നു?
7 മൃഗങ്ങൾ ദേഹികളായതിനാൽ അവ മരിക്കുമ്പോൾ അവയുടെ ദേഹികൾ മരിക്കുന്നു. ബൈബിൾ പറയുന്നപ്രകാരം: “അതെ, സമുദ്രജന്തുക്കളായ ജീവനുളള ഏതു ദേഹിയും ചത്തു.” (വെളിപ്പാട് 16:3) മാനുഷദേഹികളെ സംബന്ധിച്ചെന്ത്? നാം മുൻ അധ്യായത്തിൽ പഠിച്ചതുപോലെ, ദൈവം മനുഷ്യനെ ഒരു ദേഹിസഹിതം സൃഷ്ടിച്ചില്ല. മനുഷ്യൻ ഒരു ദേഹി ആകുന്നു. അതുകൊണ്ടു നമുക്കു പ്രതീക്ഷിക്കാവുന്നതുപോലെ, മനുഷ്യൻ മരിക്കുമ്പോൾ അവന്റെ ദേഹി മരിക്കുന്നു. ഇതു സത്യമാണെന്നു ബൈബിൾ എത്രയോ പ്രാവശ്യം പറയുന്നു. ദേഹി മരണരഹിതമാണെന്ന് അല്ലെങ്കിൽ അതിനു മരിക്കാൻ കഴികയില്ലെന്നു ബൈബിൾ ഒരിക്കൽപോലും പറയുന്നുമില്ല. “പൊടിയിലേക്കു പോകുന്നവരെല്ലാം കുനിയും, ആരും ഒരിക്കലും തന്റെ ദേഹിയെ ജീവനോടെ കാത്തുസൂക്ഷിക്കുകയില്ല” എന്നു സങ്കീർത്തനം 22:29 പറയുന്നു. “പാപം ചെയ്യുന്ന ദേഹി—അതുതന്നെ മരിക്കും” എന്നു യെഹെസ്ക്കേൽ 18:4 ഉം 20 ഉം വിശദീകരിക്കുന്നു. നിങ്ങൾ യോശുവാ 10:28-39 ലേക്കു തിരിഞ്ഞാൽ ദേഹി കൊല്ലപ്പെടുന്നതായോ നശിപ്പിക്കപ്പെടുന്നതായോ പറയുന്ന ഏഴു സ്ഥലങ്ങൾ കാണും.
8. മനുഷ്യദേഹിയായ യേശുക്രിസ്തു മരിച്ചുവെന്നു നാം എങ്ങനെ അറിയുന്നു?
8 യേശുക്രിസ്തുവിനെക്കുറിച്ചുളള ഒരു പ്രവചനത്തിൽ ബൈബിൾ പറയുന്നു: “അവൻ തന്റെ ദേഹിയെ മരണത്തിലേക്കുതന്നെ ഒഴുക്കിക്കളഞ്ഞു . . . അവൻതന്നെ അനേകം ജനങ്ങളുടെ പാപങ്ങൾ വഹിച്ചു.” (യെശയ്യാവ് 53:12) ഒരു ദേഹിയാണ് (ആദാം) പാപം ചെയ്തതെന്നും മനുഷ്യരെ മറുവില കൊടുത്തു വീണ്ടെടുക്കുന്നതിനു തുല്യമായ ഒരു ദേഹി (ഒരു മനുഷ്യൻ) ബലിചെയ്യപ്പെടേണ്ടിയിരുന്നുവെന്നുമാണു മറുവിലയുടെ ഉപദേശം. ക്രിസ്തു ‘തന്റെ ദേഹിയെ മരണത്തിലേക്ക് ഒഴുക്കിക്കൊണ്ടു’ മറുവില നൽകി. മാനുഷദേഹിയായ യേശു മരിച്ചു.
9. ‘ആത്മാവുതന്നെ അതിനെ നൽകിയ ദൈവത്തിങ്കലേക്കു തിരികെ പോകുന്നു’ എന്ന വാക്കുകളുടെ അർഥമെന്ത്?
9 നാം കണ്ടുകഴിഞ്ഞതുപോലെ, “ആത്മാവ്” നമ്മുടെ ദേഹിയിൽനിന്നു വ്യത്യസ്തമാണ്. ആത്മാവു നമ്മുടെ ജീവശക്തിയാണ്. ഈ ജീവശക്തി മനുഷ്യരുടെയും മൃഗങ്ങളുടെയും ഓരോ ശരീരകോശത്തിലുമുണ്ട്. അതു ശ്വാസോച്ഛ്വാസത്താൽ നിലനിർത്തപ്പെടുന്നു അഥവാ പ്രവർത്തനക്ഷമമാക്കി നിർത്തപ്പെടുന്നു. അപ്പോൾ മരണത്തിങ്കൽ “പൊടി ഭൂമിയിലേക്കു തിരികെപ്പോകുന്നു . . . ആത്മാവ് അതിനെ നൽകിയ സത്യദൈവത്തിങ്കലേക്കു തിരികെപ്പോകുന്നു” എന്നു ബൈബിൾ പറയുമ്പോൾ അതിന്റെ അർഥമെന്താണ്? (സഭാപ്രസംഗി 12:7) മരണത്തിങ്കൽ ജീവശക്തി ക്രമേണ സകല ശരീരകോശങ്ങളിൽനിന്നും വിട്ടുപോകുകയും ശരീരം ജീർണിച്ചുതുടങ്ങുകയും ചെയ്യുന്നു. എന്നാൽ ഇതിന് നമ്മുടെ ജീവശക്തി അക്ഷരീയമായി ഭൂമി വിട്ടുപോകുന്നുവെന്നും ശൂന്യാകാശത്തിലൂടെ ദൈവത്തിങ്കലേക്കു യാത്ര ചെയ്യുന്നുവെന്നും അർഥമില്ല എന്നാൽ ഭാവിജീവനുവേണ്ടിയുളള നമ്മുടെ പ്രത്യാശ ഇപ്പോൾ മുഴുവനായി ദൈവത്തിൽ സ്ഥിതിചെയ്യുന്നുവെന്ന അർഥത്തിലാണ് ആത്മാവു ദൈവത്തിങ്കലേക്കു തിരികെ പോകുന്നത്. അവന്റെ ശക്തിയാൽ മാത്രമേ നാം വീണ്ടും ജീവിക്കേണ്ടതിന് ആത്മാവ് അഥവാ ജീവശക്തി തിരികെ ലഭിക്കാൻ കഴിയൂ.—സങ്കീർത്തനം 104:29, 30.
ലാസർ—നാലു ദിവസം മരിച്ചവനായിരുന്ന ഒരു മനുഷ്യൻ
10. ലാസർ മരിച്ചുവെങ്കിലും അവന്റെ അവസ്ഥയെക്കുറിച്ചു യേശു എന്തു പറഞ്ഞു?
10 നാലുദിവസം മരിച്ചവനായിരുന്ന ലാസറിനു സംഭവിച്ചതു മരിച്ചവരുടെ അവസ്ഥ മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. യേശു തന്റെ ശിഷ്യൻമാരോടു പറഞ്ഞു: “നമ്മുടെ സ്നേഹിതനായ ലാസർ വിശ്രമിക്കുകയാണ്. എന്നാൽ അവനെ ഉറക്കത്തിൽനിന്ന് ഉണർത്താൻ ഞാൻ അവിടേക്കു യാത്രചെയ്യുകയാണ്.” എന്നുവരികിലും, “കർത്താവേ, അവൻ വിശ്രമിക്കുകയാണെങ്കിൽ അവൻ സുഖം പ്രാപിക്കും” എന്നു ശിഷ്യൻമാർ മറുപടി പറഞ്ഞു. അതിങ്കൽ “ലാസർ മരിച്ചു” എന്നു യേശു അവരോടു വ്യക്തമായി പറഞ്ഞു. ലാസർ യഥാർഥത്തിൽ മരിച്ചിരിക്കെ, അവൻ ഉറങ്ങുകയാണെന്നു യേശു പറഞ്ഞതെന്തുകൊണ്ടായിരുന്നു? നമുക്കു കാണാം.
11. മരിച്ച ലാസറിനുവേണ്ടി യേശു എന്തു ചെയ്തു?
11 യേശു ലാസർ പാർത്തിരുന്ന ഗ്രാമത്തോടടുത്തപ്പോൾ ലാസറിന്റെ സഹോദരിയായ മാർത്ത അവനെ ചെന്നു സ്വീകരിച്ചു. പെട്ടെന്നു മററ് അനേകരോടുകൂടെ അവർ ലാസറിനെ വെച്ചിരുന്ന കല്ലറയ്ക്കലേക്കു പോയി. അത് ഒരു ഗുഹയായിരുന്നു, അതിന്റെ നേരെ ഒരു കല്ല് ഇരുന്നിരുന്നു. “കല്ല് എടുത്തു മാററൂ” എന്നു യേശു പറഞ്ഞു. ലാസർ മരിച്ചിട്ടു നാലു ദിവസമായിരുന്നതുകൊണ്ട് “കർത്താവേ, ഇപ്പോൾ അവനു നാററം വച്ചിരിക്കും” എന്നു മാർത്ത തടസ്സംപറഞ്ഞു. എന്നാൽ കല്ലു നീക്കി, “ലാസറേ, പുറത്തു വരിക!” എന്നു യേശു വിളിച്ചുപറഞ്ഞു. അവൻ പുറത്തു വന്നു! അവൻ ശവത്തുണികളിൽ പൊതിയപ്പെട്ടവനായി ജീവനോടെ പുറത്തു വന്നു. “അവന്റെ കെട്ടഴിക്കുക, അവൻ പോകട്ടെ” എന്നു യേശു പറഞ്ഞു.—യോഹന്നാൻ 11:11-44.
12, 13. (എ) ലാസർ മരിച്ചപ്പോൾ അവൻ ബോധരഹിതനായി എന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയുന്നതെന്തുകൊണ്ട്? (ബി) യഥാർഥത്തിൽ ലാസർ മരിച്ചിരുന്നപ്പോൾ അവൻ ഉറങ്ങുകയാണെന്നു യേശു പറഞ്ഞതെന്തുകൊണ്ട്?
12 ഇപ്പോൾ ചിന്തിക്കുക: ലാസർ മരിച്ചിരുന്ന നാലു ദിവസം അവന്റെ അവസ്ഥ എന്തായിരുന്നു? അവൻ സ്വർഗത്തിലായിരുന്നോ? അവൻ ഒരു നല്ല മനുഷ്യനായിരുന്നു. എന്നിട്ടും താൻ സ്വർഗത്തിലായിരുന്നതായി ലാസർ യാതൊന്നും പറഞ്ഞില്ല. അവൻ അവിടെയായിരുന്നുവെങ്കിൽ തീർച്ചയായും അവൻ അതിനെക്കുറിച്ചു പറയുമായിരുന്നു. ലാസർ യഥാർഥത്തിൽ യേശു പറഞ്ഞതുപോലെ മരിച്ചിരുന്നു. എന്നാൽ ലാസർ ഉറങ്ങുകമാത്രമാണെന്നു യേശു തന്റെ ശിഷ്യൻമാരോട് ആദ്യം പറഞ്ഞതെന്തുകൊണ്ടായിരുന്നു?
13 മരിച്ച ലാസർ ബോധരഹിതനാണെന്നു യേശുവിനറിയാമായിരുന്നു. ബൈബിൾ പറയുന്നപ്രകാരം “മരിച്ചവർക്കു . . . യാതൊന്നിനെക്കുറിച്ചും ഒരു ബോധവുമില്ലതന്നെ.” (സഭാപ്രസംഗി 9:5) എന്നാൽ ജീവനുളള ഒരാളെ ഗാഢനിദ്രയിൽനിന്ന് ഉണർത്താൻ കഴിയും. അതുകൊണ്ട് തനിക്കു നൽകപ്പെട്ട ദൈവികശക്തിയാൽ തന്റെ സ്നേഹിതനായ ലാസറെ മരണത്തിൽനിന്ന് ഉണർത്താൻ കഴിയുമെന്നു യേശു പ്രകടമാക്കാൻ പോകുകയായിരുന്നു.
14. മരിച്ചവരെ ഉയിർപ്പിക്കാനുളള യേശുവിന്റെ ശക്തിയെക്കുറിച്ചുളള അറിവ് എന്തു ചെയ്യാൻ നമ്മെ പ്രേരിപ്പിക്കേണ്ടതാണ്?
14 ഒരു വ്യക്തി ഗാഢനിദ്രയിലായിരിക്കുമ്പോൾ അയാൾ യാതൊന്നും ഓർക്കുന്നില്ല. മരിച്ചവരെ സംബന്ധിച്ചും അങ്ങനെതന്നെയാണ്. അവർക്കു വികാരങ്ങളേ ഇല്ല. അവർ മേലാൽ സ്ഥിതിചെയ്യുന്നില്ല. എന്നാൽ ദൈവത്തിന്റെ തക്കസമയത്തു ദൈവത്താൽ വീണ്ടെടുക്കപ്പെടുന്ന മരിച്ചവർ ജീവനിലേക്ക് ഉയിർപ്പിക്കപ്പെടും. (യോഹന്നാൻ 5:28) തീർച്ചയായും ഈ അറിവു ദൈവപ്രീതി നേടാൻ ആഗ്രഹിക്കുന്നതിനു നമ്മെ പ്രേരിപ്പിക്കേണ്ടതാണ്. നാം അങ്ങനെ ചെയ്യുന്നുവെങ്കിൽ നാം മരിച്ചാൽപോലും ദൈവം നമ്മെ ഓർക്കുകയും ജീവനിലേക്കു തിരികെ വരുത്തുകയും ചെയ്യും.—1 തെസ്സലോനീക്യർ 4:13, 14.
[76-ാം പേജിലെ ചിത്രം]
ആദാം—പൊടിയിൽനിന്നു നിർമിക്കപ്പെട്ടു . . . പൊടിയിലേക്കു തിരികെപ്പോയി
[78-ാം പേജിലെ ചിത്രം]
യേശു ഉയിർപ്പിക്കുന്നതിനു മുമ്പു ലാസറിന്റെ അവസ്ഥയെന്തായിരുന്നു?