ശാസ്ത്രം ബൈബിളുമായി യോജിപ്പിലാണോ?
ബൈബിളിന്റെ ഉത്തരം
അതെ, ബൈബിൾ ഒരു ശാസ്ത്രീയപുസ്തകം അല്ലെങ്കിലും ശാസ്ത്രീയവിഷയങ്ങളെക്കുറിച്ച് പരാമർശിക്കുമ്പോൾ അത് കൃത്യതയുള്ളതാണ്. ശാസ്ത്രവും ബൈബിളും യോജിപ്പിലാണെന്നു കാണിക്കുന്ന ചില ഉദാഹരണങ്ങളും അന്നത്തെ ആളുകൾ എന്താണു വിശ്വസിച്ചിരുന്നതെന്നും നോക്കാം.
പ്രപഞ്ചത്തിന് ഒരു ആരംഭമുണ്ടായിരുന്നു. (ഉൽപത്തി 1:1) എന്നാൽ പല പുരാണകഥകളും ഭൂമിയെ ആരും സൃഷ്ടിച്ചതല്ലെന്നും കുഴഞ്ഞുമറിഞ്ഞ അവസ്ഥയിൽനിന്ന് ക്രമവും ചിട്ടയും ഉള്ള അവസ്ഥയിലേക്കു അതു താനേ വന്നതാണെന്നും പറയുന്നു. ബാബിലോണീയർ വിശ്വസിച്ചിരുന്നത് പ്രപഞ്ചത്തിനു ജന്മം കൊടുത്ത ദൈവങ്ങൾ രണ്ട് കടലുകളിൽനിന്ന് ഉത്ഭവിച്ചു എന്നാണ്. വലിയൊരു മുട്ടയിൽനിന്ന് പ്രപഞ്ചം ഉണ്ടായി എന്ന മറ്റൊരു കഥയുമുണ്ട്.
ദേവന്മാർക്ക് അപ്പപ്പോൾ ഉണ്ടാകുന്ന തോന്നലുകളല്ല പകരം യുക്തിപൂർവമായ നിയമങ്ങളാണ് പ്രപഞ്ചത്തെ ഭരിക്കുന്നത്. (ഇയ്യോബ് 38:33; യിരെമ്യ 33:25) പല പുരാണകഥകളും പഠിപ്പിക്കുന്നത് ദേവന്മാർ തന്നിഷ്ടപ്രകാരം ദയാരഹിതമായി പലപ്പോഴും പ്രവർത്തിക്കുന്നെന്നും അവരുടെ അത്തരം പ്രവൃത്തികൾക്കു മുന്നിൽ മനുഷ്യൻ നിസ്സഹായനാണെന്നും ആണ്.
ഭൂമിയെ ശൂന്യതയിലാണു നിറുത്തിയിരിക്കുന്നത്. (ഇയ്യോബ് 26:7) പണ്ടുള്ള ആളുകൾ വിശ്വസിച്ചിരുന്നത് ഭൂമി ഒരു പരന്ന പ്രതലമാണെന്നും ഭീമാകാരനായ ആരോ അതിനെ താങ്ങിനിറുത്തുന്നെന്നും ആണ്. ചിലർ വിശ്വസിച്ചിരുന്നത് ആമയോ കാളയോ പോലുള്ള ഏതോ ഒരു മൃഗമാണു ഭൂമിയെ താങ്ങിനിറുത്തുന്നത് എന്നാണ്.
നദികളിലും അരുവികളിലും വെള്ളം ഉണ്ടാകുന്നത് കടലുകളിലെയും മറ്റും ജലം, ബാഷ്പീകരണത്തിനു ശേഷം മഴയായും മഞ്ഞായും ആലിപ്പഴമായും ഭൂമിയിലേക്കു തിരികെ വരുന്നതിനാലാണ്. (ഇയ്യോബ് 36:27, 28; സഭാപ്രസംഗകൻ 1:7; യശയ്യ 55:10; ആമോസ് 9:6) എന്നാൽ സമുദ്രജലം ഭൂമിക്ക് അടിയിലൂടെ ഉറവയായി വരുന്നതുകൊണ്ടാണ് അരുവികളിൽ വെള്ളമുണ്ടാകുന്നതെന്നാണ് പുരാതന ഗ്രീക്കുകാർ വിശ്വസിച്ചിരുന്നത്. ഈ വിശ്വാസം 18-ാം നൂറ്റാണ്ടുവരെ പ്രാബല്യത്തിലുണ്ടായിരുന്നു.
പർവതങ്ങളുടെ ഉയർച്ചയും താഴ്ച്ചയും. ഇന്നുള്ള പർവതങ്ങളെല്ലാം ഒരിക്കൽ വെള്ളത്തിനടിയിലായിരുന്നു. (സങ്കീർത്തനം 104:6, 8) എന്നാൽ പർവതങ്ങൾ ഇന്നായിരിക്കുന്ന രീതിയിൽത്തന്നെ ദേവന്മാർ സൃഷ്ടിച്ചതാണെന്നാണ് പല ഐതിഹ്യങ്ങളും പറയുന്നത്.
ശുചിത്വം പാലിക്കുന്നത് രോഗം വരാതിരിക്കാൻ സഹായിക്കും. ഒരു ശവശരീരത്തെ തൊട്ടശേഷം കുളിക്കുന്നതും വസ്ത്രം കഴുകുന്നതും പകർച്ചവ്യാധികൾ ബാധിച്ചവരെ മാറ്റിപ്പാർപ്പിക്കുന്നതും മനുഷ്യവിസർജ്യം മണ്ണിട്ട് മൂടുന്നതും പോലുള്ള നിർദേശങ്ങൾ ഇസ്രായേല്യർക്കു കൊടുത്ത നിയമത്തിൽ ഉണ്ടായിരുന്നു. (ലേവ്യ 11:28; 13:1-5; ആവർത്തനം 23:13) എന്നാൽ ഈ നിർദേശങ്ങൾ നിലവിലിരിക്കെ, ഈജിപ്തുകാരുടെ ചികിത്സാവിധിയിൽ മുറിവിനുള്ള മരുന്നായി മനുഷ്യവിസർജ്യം അടങ്ങിയ മിശ്രിതം ഉപയോഗിച്ചിരുന്നു.
ശാസ്ത്രീയവിഷയങ്ങളിൽ ബൈബിളിനു തെറ്റുപറ്റിയിട്ടുണ്ടോ?
ഇല്ല. ബൈബിൾ ഒന്ന് അടുത്ത് പരിശോധിക്കുമ്പോൾ അത്തരം തെറ്റുകൾ അതിൽ ഇല്ലെന്നു മനസ്സിലാകും. ശാസ്ത്രീയവിഷയങ്ങളിൽ ബൈബിളിനു തെറ്റു പറ്റിയെന്നു തോന്നാൻ ഇടയാകുന്ന ചില തെറ്റിദ്ധാരണകൾ ചുവടെ കൊടുക്കുന്നു:
തെറ്റിദ്ധാരണ: 24 മണിക്കൂർ അടങ്ങിയ ആറു ദിവസംകൊണ്ട് പ്രപഞ്ചം സൃഷ്ടിച്ചെന്നു ബൈബിൾ പറയുന്നു.
സത്യം: തിട്ടപ്പെടുത്താൻ കഴിയാത്ത ഒരു ഭൂതകാലത്തിലാണ് ദൈവം പ്രപഞ്ചത്തെ സൃഷ്ടിച്ചതെന്ന് ബൈബിൾ പറയുന്നു. (ഉൽപത്തി 1:1) ഉൽപത്തി 1-ാം അധ്യായത്തിലെ ഒരു സൃഷ്ടിപ്പിൻ ദിവസം ഒരു നീണ്ട കാലയളവാണെങ്കിലും അതിന്റെ ദൈർഘ്യം ബൈബിൾ പറയുന്നില്ല. കൂടാതെ ഭൂമിയും സ്വർഗവും സൃഷ്ടിച്ച മുഴുകാലഘട്ടത്തെ കുറിക്കാനും “ദിവസം” എന്ന പദം ബൈബിളിൽ ഉപയോഗിച്ചിട്ടുണ്ട്.—ഉൽപത്തി 2:4.
തെറ്റിദ്ധാരണ: സസ്യജാലങ്ങളെ ആദ്യം സൃഷ്ടിച്ചെന്നും പ്രകാശസംശ്ലേഷണത്തിനു സഹായിക്കുന്ന സൂര്യനെ പിന്നീടാണ് സൃഷ്ടിച്ചതെന്നും ബൈബിൾ പറയുന്നു.—ഉൽപത്തി 1:11, 16.
സത്യം: സസ്യജാലങ്ങൾ ഉണ്ടാകുന്നതിനു മുമ്പുതന്നെ ദൈവം ആകാശവിതാനത്തിൽ സൂര്യൻ ഉൾപ്പെടെയുള്ള നക്ഷത്രക്കൂട്ടങ്ങളെ സൃഷ്ടിച്ചെന്ന് ബൈബിൾ പറയുന്നു. (ഉൽപത്തി 1:1) സൃഷ്ടിയുടെ ആദ്യദിവസത്തിൽ അല്ലെങ്കിൽ ആ കാലഘട്ടത്തിൽ സൂര്യന്റെ മങ്ങിയ വെളിച്ചം ഭൂമിയിലുണ്ടായിരുന്നു. മൂടിക്കിടന്നിരുന്ന അന്തരീക്ഷം മൂന്നാം ദിവസം തെളിഞ്ഞുവന്നപ്പോൾ വെളിച്ചം സുഗമമായി ഭൂമിയിലേക്ക് എത്തുകയും അങ്ങനെ പ്രകാശസംശ്ലേഷണം സാധ്യമാകുകയും ചെയ്തു. (ഉൽപത്തി 1:3-5, 12, 13) പിന്നീടാണു ഭൂമിയിൽനിന്ന് സൂര്യനെ വ്യക്തമായി കാണാൻ കഴിഞ്ഞത്.—ഉൽപത്തി 1:16.
തെറ്റിദ്ധാരണ: സൂര്യൻ ഭൂമിക്കു ചുറ്റുമാണു കറങ്ങുന്നതെന്നു ബൈബിൾ പറയുന്നു.
സത്യം: സഭാപ്രസംഗകൻ 1:5 പറയുന്നു: “സൂര്യൻ ഉദിക്കുന്നു, സൂര്യൻ അസ്തമിക്കുന്നു. ഉദിക്കുന്നിടത്തേക്കുതന്നെ അതു തിടുക്കത്തിൽ മടങ്ങുന്നു.” ഈ പ്രസ്താവന ഭൂമിയിൽനിന്ന് നോക്കുമ്പോഴുള്ള സൂര്യന്റെ ചലനത്തെ കേവലം വർണിക്കുന്നെന്നേ ഉള്ളൂ. ഉദാഹരണത്തിന് ഭൂമിയാണ് സൂര്യനു ചുറ്റും കറങ്ങുന്നതെന്ന് അറിയാമെങ്കിലും ഇന്നും ആളുകൾ “സൂര്യൻ ഉദിക്കുന്നു,” “സൂര്യൻ അസ്തമിക്കുന്നു” എന്നു പറയാറുണ്ട്.
തെറ്റിദ്ധാരണ: ഭൂമി പരന്നതാണെന്നു ബൈബിൾ പറയുന്നു.
സത്യം: “അതിവിദൂരഭാഗങ്ങൾ” എന്ന ആശയം വിവരിക്കുന്നതിനു ഭൂമിയുടെ അറ്റങ്ങൾ എന്ന പദപ്രയോഗം ബൈബിൾ ഉപയോഗിക്കുന്നുണ്ട്. അതിനർഥം ഭൂമി പരന്നതാണെന്നോ അതിന് ഒരു അറ്റമുണ്ടെന്നോ അല്ല. (പ്രവൃത്തികൾ 1:8; അടിക്കുറിപ്പ്) അതുപോലെ “നാലു കോണിൽനിന്നും” എന്ന പദപ്രയോഗവും ഭൂമിയുടെ എല്ലാ ഭാഗങ്ങളെയും കുറിക്കുന്ന ഒരു അലങ്കാരപ്രയോഗമാണ്. (യശയ്യ 11:12; ലൂക്കോസ് 13:29) ഒരു വടക്കുനോക്കിയന്ത്രത്തിലെ നാലു ദിശകളെ സൂചിപ്പിക്കുന്നതിനും ഇതുപോലുള്ള അലങ്കാരപ്രയോഗങ്ങൾ ഉപയോഗിക്കാറുണ്ട്.
തെറ്റിദ്ധാരണ: ഒരു വൃത്തത്തിന്റെ ചുറ്റളവ് കൃത്യമായും അതിന്റെ വ്യാസത്തിന്റെ മൂന്നുമടങ്ങാണെന്ന് ബൈബിൾ പറയുന്നു. എന്നാൽ അത് ശരിക്കും 3.1416 മടങ്ങ് ആണ് അതായത് pi (π).
സത്യം: 1 രാജാക്കന്മാർ 7:23-ലും 2 ദിനവൃത്താന്തം 4:2-ലും പറഞ്ഞിരിക്കുന്ന ‘വാർപ്പുകടലിന്റെ’ അളവ് 10 മുഴം വ്യാസവും 30 മുഴം ചുറ്റളവും ഉണ്ടായിരുന്നുതായി രേഖപ്പെടുത്തിയിരിക്കുന്നു. ഈ അളവുകൾ ഏറ്റവും അടുത്ത പൂർണ്ണസംഖ്യ ആയിരിക്കാൻ സാധ്യതയുണ്ട്. അല്ലെങ്കിൽ, അകത്തെ ചുറ്റളവും പുറത്തോടുപുറമുള്ള വ്യാസവും ആയിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാകില്ല.