വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ഉല്പത്തി 3:22-ൽ “നമ്മിൽ ഒരുത്തനെ”പ്പോലെ എന്നു പറഞ്ഞപ്പോൾ യഹോവ ആരെ പരാമർശിക്കുകയായിരുന്നു?
“മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു” എന്ന് പറഞ്ഞപ്പോൾ യഹോവയാം ദൈവം തന്നെത്തന്നെയും തന്റെ ഏകജാത പുത്രനെയും പരാമർശിക്കുകയായിരുന്നുവെന്ന് തോന്നുന്നു. (ഉല്പത്തി 3:22) എന്തുകൊണ്ടാണെന്നു നമുക്കു നോക്കാം.
ആദ്യ മനുഷ്യ ദമ്പതികളുടെമേൽ ശിക്ഷാവിധി ഉച്ചരിച്ച ശേഷമാണ് യഹോവ ഇങ്ങനെ പറഞ്ഞത്. “നമ്മിൽ ഒരുത്തനെപ്പോലെ” എന്ന പദപ്രയോഗത്തെ ചിലർ പൂജകബഹുവചനമായി കണക്കാക്കുന്നു. തന്നെ മാത്രം പരാമർശിച്ചുകൊണ്ട്, ഒരു മനുഷ്യ രാജാവ് “നമുക്ക് പ്രസാദമില്ല” എന്നു പറഞ്ഞേക്കാവുന്നതുപോലെയാണ് അത്. എന്നിരുന്നാലും, ഉല്പത്തി 1:26, 3:22 എന്നീ വാക്യങ്ങളോടുള്ള ബന്ധത്തിൽ ബൈബിൾ പണ്ഡിതനായ ഡോണാൾഡ് ഇ. ഗൗവൻ പറയുന്നു: “രാജപദവിയെ സൂചിപ്പിക്കുന്ന ‘നാം’ എന്ന പ്രയോഗം, . . . തീവ്രബഹുവചനം, അല്ലെങ്കിൽ ദൈവശിരസ്സിലെ ഒന്നിലധികം പേരെകുറിച്ചുള്ള സൂചന എന്നിങ്ങനെ നൽകപ്പെട്ടിരിക്കുന്ന മിക്ക വിശദീകരണങ്ങൾക്കും പ[ഴയ] നി[യമ]ത്തിൽ യാതൊരു പിന്തുണയുമില്ല. . . . ഈ വിശദീകരണങ്ങൾ ഒന്നും ‘നമ്മിൽ ഒരുവനെ’ കുറിച്ച് പറയുന്ന [ഉല്പത്തി] 3:22-ന് ന്യായയുക്തമായി ചേരുന്നില്ല.”
സ്വന്തമായി ‘നന്മതിന്മകൾ’ തീരുമാനിച്ചു തുടങ്ങുകയും അതു ചെയ്യാനായി ആദ്യ മനുഷ്യരെ സ്വാധീനിക്കുകയും ചെയ്ത പിശാചായ സാത്താനെ ആയിരിക്കുമോ യഹോവ പരാമർശിച്ചത്? അതു യുക്ത്യാനുസൃതമല്ല. ‘നമ്മിൽ ഒരുത്തൻ’ എന്ന പ്രയോഗമാണ് യഹോവ ഇവിടെ ഉപയോഗിച്ചത്. സാത്താൻ മേലാൽ യഹോവയുടെ വിശ്വസ്ത ദൂതന്മാരുടെ സംഘത്തിന്റെ ഭാഗമല്ലായിരുന്നു. അതുകൊണ്ട് യഹോവയുടെ പക്ഷത്ത് ഉണ്ടായിരുന്നവരോടുകൂടെ അവനെ ഉൾപ്പെടുത്താനാകുമായിരുന്നില്ല.
ദൈവം വിശ്വസ്ത ദൂതന്മാരെ പരാമർശിക്കുകയായിരുന്നോ? നമുക്ക് കൃത്യമായി പറയാനാവില്ല. എങ്കിലും, ഉല്പത്തി 1:26; 3:22 എന്നിവിടങ്ങളിലെ പ്രയോഗങ്ങൾ തമ്മിലുള്ള സാമ്യം നമുക്ക് ഒരു സൂചന നൽകുന്നുണ്ട്. യഹോവ പിൻവരുംവിധം പറഞ്ഞതായി ഉല്പത്തി 1:26-ൽ നാം വായിക്കുന്നു: “നാം നമ്മുടെ സ്വരൂപത്തിൽ നമ്മുടെ സാദൃശ്യ പ്രകാരം മനുഷ്യനെ ഉണ്ടാക്കുക.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) അവൻ ആരോടാണ് ഇങ്ങനെ പറഞ്ഞത്? യേശു എന്ന പൂർണ മനുഷ്യനായിത്തീർന്ന ആത്മജീവിയെ പരാമർശിച്ചുകൊണ്ട് അപ്പൊസ്തലനായ പൗലൊസ് പറഞ്ഞു: “അവൻ അദൃശ്യനായ ദൈവത്തിന്റെ പ്രതിമയും സർവ്വസൃഷ്ടിക്കും ആദ്യജാതനും ആകുന്നു. സ്വർഗ്ഗത്തിലുള്ളതും ഭൂമിയിലുള്ളതും ദൃശ്യമായതും അദൃശ്യമായതും . . . അവൻമുഖാന്തരം സൃഷ്ടിക്കപ്പെട്ടു.” (കൊലൊസ്സ്യർ 1:15, 16) അതേ, ഉല്പത്തി 1:26-ൽ, ആകാശവും ഭൂമിയും സൃഷ്ടിച്ച സമയത്ത് തന്നോടൊപ്പമുണ്ടായിരുന്ന “ശില്പി”യോട്, സ്വന്തം ഏകജാത പുത്രനോട്, സംസാരിക്കുകയായിരുന്നു യഹോവ എന്ന് നിഗമനം ചെയ്യുന്നത് യുക്ത്യാനുസൃതമാണെന്നു തോന്നുന്നു. (സദൃശവാക്യങ്ങൾ 8:22-31) ഉല്പത്തി 3:22-ൽ കാണുന്ന പദപ്രയോഗത്തിലെ സമാനത യഹോവ ഇവിടെയും തന്റെ ഏറ്റവും പ്രിയപ്പെട്ട ഏകജാത പുത്രനോടുതന്നെ സംസാരിക്കുകയായിരുന്നു എന്ന് സൂചിപ്പിക്കുന്നു.
ദൈവത്തിന്റെ ഏകജാത പുത്രന് “നന്മതിന്മകളെ” കുറിച്ചുള്ള അറിവ് ഉണ്ടായിരുന്നു എന്നു വ്യക്തം. യഹോവയുമായുള്ള ദീർഘകാലത്തെ അടുത്ത സമ്പർക്കം നിമിത്തം, അവൻ തന്റെ പിതാവിന്റെ ചിന്താരീതിയും തത്ത്വങ്ങളും നിലവാരങ്ങളും നല്ലവണ്ണം മനസ്സിലാക്കിയിരുന്നു എന്നതിനു സംശയമില്ല. ഇക്കാര്യങ്ങളുമായുള്ള തന്റെ പുത്രന്റെ പരിചയവും അവയോടുള്ള കൂറും സംബന്ധിച്ച് ബോധ്യം ഉണ്ടായിരുന്നതിനാൽ, ഓരോ സന്ദർഭത്തിലും തന്നോട് നേരിട്ട് ആലോചിക്കാതെ കാര്യങ്ങൾ ചെയ്യാൻ ഒരളവിലുള്ള സ്വാതന്ത്ര്യം യഹോവ അവനു നൽകിയിരുന്നിരിക്കാം. അതുകൊണ്ട്, ഈ അർഥത്തിൽ നന്മ എന്താണെന്നും തിന്മ എന്താണെന്നും തീരുമാനിക്കാനുള്ള അവകാശവും അധികാരവും പുത്രന് ഉണ്ടായിരുന്നു. എന്നിരുന്നാലും, സാത്താനിൽനിന്നും ആദാമിൽനിന്നും ഹവ്വായിൽനിന്നും വ്യത്യസ്തമായി, നന്മയും തിന്മയും സംബന്ധിച്ച യഹോവയുടേതിനു വിരുദ്ധമായ ഒരു നിലവാരത്തിന് അവൻ രൂപംകൊടുത്തില്ല.