ദൈവം പ്രപഞ്ചം സൃഷ്ടിക്കാൻ തുടങ്ങിയത് എപ്പോഴാണ്?
ബൈബിളിന്റെ ഉത്തരം
ദൈവം പ്രപഞ്ചം സൃഷ്ടിക്കാൻ തുടങ്ങിയത് എപ്പോഴാണെന്നോ അതിന് എത്ര കാലമെടുത്തെന്നോ ബൈബിൾ പറയുന്നില്ല. പകരം, “ആരംഭത്തിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു” എന്നാണ് ബൈബിൾ പറയുന്നത്. (ഉൽപത്തി 1:1) ആ ‘ആരംഭം’ എപ്പോഴാണെന്ന് ബൈബിൾ വ്യക്തമാക്കുന്നില്ല. എങ്കിലും ഉൽപത്തി പുസ്തകത്തിൽ വിവരിച്ചിരിക്കുന്ന ആറു സൃഷ്ടിപ്പിൻ “ദിവസങ്ങളിൽ” അഥവാ കാലഘട്ടങ്ങളിൽ നടന്ന സംഭവപരമ്പരകൾക്കു മുമ്പാണ് ഈ ആരംഭം.
ആറു സൃഷ്ടിദിവസങ്ങൾ 24 മണിക്കൂറുള്ള ദിവസങ്ങളായിരുന്നോ?
അല്ല. ബൈബിളിൽ “ദിവസം” എന്ന പദത്തിന് സന്ദർഭത്തിനനുസരിച്ച് വ്യത്യസ്ത സമയദൈർഘ്യങ്ങളെ കുറിക്കാനാകും. ഉദാഹരണത്തിന്, ബൈബിളിലെ ഒരു ഭാഗത്ത് ആറു സൃഷ്ടിദിവസങ്ങളെ ചുരുക്കി ഒരു ദിവസം എന്നു പറഞ്ഞിട്ടുണ്ട്.—ഉൽപത്തി 2:4.
സൃഷ്ടിയുടെ ആറു ദിവസങ്ങളിൽ എന്താണ് സംഭവിച്ചത്?
“പാഴായും ശൂന്യമായും” കിടന്ന ഭൂമി ദൈവം മനുഷ്യർക്കു താമസിക്കാൻ പറ്റിയ ഒരിടമാക്കി മാറ്റി. (ഉൽപത്തി 1:2) പിന്നെ ദൈവം ഭൂമിയിൽ ജീവൻ സൃഷ്ടിച്ചു. സൃഷ്ടിയുടെ ആ നീണ്ട നാളുകളിൽ സംഭവിച്ച കാര്യങ്ങൾ എന്തെല്ലാമാണെന്ന് ബൈബിൾ വിവരിക്കുന്നുണ്ട്:
ഒന്നാം ദിവസം: വെളിച്ചം ഭൂമിയുടെ ഉപരിതലത്തിലേക്ക് എത്താൻ ദൈവം ഇടയാക്കിയതിലൂടെ രാത്രിയും പകലും മാറിമാറി വരാൻ തുടങ്ങി. —ഉൽപത്തി 1:3-5.
രണ്ടാം ദിവസം: ദൈവം വിതാനം ഉണ്ടാക്കി. അഥവാ ഭൂമിയുടെ ഉപരിതലത്തിലെ വെള്ളത്തെയും അതിനു വളരെ മുകളിലുണ്ടായിരുന്ന വെള്ളത്തെയും തമ്മിൽ വേർതിരിച്ചു. —ഉൽപത്തി 1:6-8.
മൂന്നാം ദിവസം: ദൈവം ഉണങ്ങിയ നിലം കാണാൻ ഇടയാക്കി. സസ്യങ്ങളെയും സൃഷ്ടിച്ചു.—ഉൽപത്തി 1:9-13.
നാലാം ദിവസം: ഭൂമിയിൽനിന്ന് നോക്കുമ്പോൾ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും വ്യക്തമായി കാണാൻ ദൈവം ഇടയാക്കി. —ഉൽപത്തി 1:14-19.
അഞ്ചാം ദിവസം: ദൈവം ജലജീവികളെയും പറവകളെയും സൃഷ്ടിച്ചു. —ഉൽപത്തി 1:20-23.
ആറാം ദിവസം: ദൈവം കരയിലെ ജീവികളെയും മനുഷ്യരെയും സൃഷ്ടിച്ചു.—ഉൽപത്തി 1:24-31.
ആറാം ദിവസത്തിന്റെ അവസാനത്തോടെ ദൈവം വിശ്രമിക്കാൻതുടങ്ങി. അഥവാ സൃഷ്ടിക്രിയകൾ പൂർത്തിയാക്കി. —ഉൽപത്തി 2:1, 2.
ഉൽപത്തി പുസ്തകത്തിലെ വിവരണം ശാസ്ത്രീയമായി കൃത്യതയുള്ളതാണോ?
സൃഷ്ടിയെക്കുറിച്ചുള്ള ശാസ്ത്രീയ വിശദീകരണങ്ങളെല്ലാം നൽകുക എന്നതായിരുന്നില്ല ബൈബിളിലെ സൃഷ്ടിപ്പിൻ വിവരണത്തിന്റെ ഉദ്ദേശ്യം. മറിച്ച്, ബൈബിൾ കാലങ്ങളിൽപോലുമുള്ള വായനക്കാർക്ക് എളുപ്പം മനസ്സിലാകുന്ന വിധത്തിൽ അതിലെ സംഭവങ്ങൾ വിവരിച്ചിരിക്കുന്നെന്നേ ഉള്ളൂ. സൃഷ്ടിയെക്കുറിച്ചുള്ള വിവരണം തെളിയിക്കപ്പെട്ട ശാസ്ത്രവുമായി യോജിപ്പിലുമാണ്. ജ്യോതിശാസ്ത്രജ്ഞനായ റോബർട്ട് ജാസ്ട്രോ ഇങ്ങനെ എഴുതി: “വിശദാംശങ്ങളിൽ വ്യത്യാസമുണ്ടെങ്കിലും സൃഷ്ടി സംബന്ധിച്ച പ്രധാനപ്പെട്ട കാര്യങ്ങളിൽ ജ്യോതിശാസ്ത്രവിവരണവും ബൈബിളിന്റെ വിവരണവും ഒന്നുതന്നെയാണ്. ഒരു മനുഷ്യന്റെ സൃഷ്ടിയിലേക്കു നയിക്കുന്ന സംഭവപരമ്പരകൾ പെട്ടെന്ന്, ഒരു നിമിഷത്തിലാണ് ആരംഭിച്ചത്.”
എപ്പോഴാണ് സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും സൃഷ്ടിച്ചത്?
“ആരംഭത്തിൽ” ‘ആകാശം’ സൃഷ്ടിച്ചപ്പോൾത്തന്നെ അതിന്റെ ഭാഗമായി സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ഉണ്ടായിരുന്നു. (ഉൽപത്തി 1:1) എന്നാലും ഭൂമിക്കു ചുറ്റും സാന്ദ്രതയേറിയ അന്തരീക്ഷമായിരുന്നതുകൊണ്ട് സാധ്യതയനുസരിച്ച് പ്രകാശത്തിന് ഭൂമിയുടെ ഉപരിതലത്തിലേക്ക് എത്താനായില്ല. (ഉൽപത്തി 1:2) ഒന്നാം ദിവസംതന്നെ പ്രകാശം വ്യാപിച്ചെങ്കിലും അതിന്റെ ഉറവിടം ഏതാണെന്ന് തിരിച്ചറിയാൻ കഴിയുമായിരുന്നില്ല. നാലാം ദിവസം അന്തരീക്ഷം തെളിഞ്ഞിരിക്കാം. അങ്ങനെ ഭൂമിയിൽനിന്ന് നോക്കുന്ന ഒരാൾക്ക് ബൈബിൾ പറയുന്നതുപോലെ സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ‘ഭൂമിയുടെ മേൽ പ്രകാശിക്കുന്നത്’ വ്യക്തമായി കാണാൻ കഴിയുമായിരുന്നു. —ഉൽപത്തി 1:17.
ബൈബിൾ പറയുന്നതനുസരിച്ച് ഭൂമിക്ക് എത്ര കാലത്തെ പഴക്കമുണ്ട്?
ഭൂമിക്ക് എത്രത്തോളം പഴക്കമുണ്ടെന്ന് ബൈബിൾ പറയുന്നില്ല. ഭൂമി ഉൾപ്പെടെയുള്ള നമ്മുടെ പ്രപഞ്ചത്തിന് ഒരു തുടക്കമുണ്ടെന്ന് ഉൽപത്തി 1:1-ൽ വളരെ ലളിതമായി പറയുന്നു. ഈ പ്രസ്താവന വിശ്വസനീയമായ ശാസ്ത്രീയതത്ത്വങ്ങളെയോ ഭൂമിയുടെ പ്രായത്തെക്കുറിച്ചുള്ള ശാസ്ത്രജ്ഞന്മാരുടെ കണക്കുകളെയോ ഖണ്ഡിക്കുന്നില്ല.