ദൈവം നിങ്ങൾക്ക് യഥാർഥമാണോ?
അസഹ്യപ്പെടുത്തുന്ന പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ നിങ്ങൾ ഉടൻതന്നെ പ്രാർഥനയിൽ ദൈവത്തെ സമീപിക്കാറുണ്ടോ? ഉണ്ടെങ്കിൽ, ഒരു യഥാർഥ വ്യക്തിയോടു സംസാരിക്കുന്നതായി നിങ്ങൾക്കു തോന്നാറുണ്ടോ?
തന്റെ സ്വർഗീയ പിതാവിനെ പരാമർശിച്ചുകൊണ്ട് യേശുക്രിസ്തു പറഞ്ഞു: “എന്നെ അയച്ചവൻ യഥാർഥ വ്യക്തിയാണ്.” (യോഹന്നാൻ 7:28, NW) അതേ, യഹോവയാം ദൈവം ഒരു യഥാർഥ വ്യക്തിയാണ്. അവനോടു പ്രാർഥിക്കുന്നത്, സഹായത്തിനോ ഉപദേശത്തിനോ വേണ്ടി വളരെ അടുത്ത ഒരു മാനുഷ സുഹൃത്തിലേക്കു തിരിയുന്നതുപോലെതന്നെ ആണ്. ദൈവം നമ്മുടെ പ്രാർഥനകൾ കേൾക്കണമെങ്കിൽ, തീർച്ചയായും അവ സ്വീകാര്യയോഗ്യമായ പ്രാർഥനയ്ക്കുള്ള തിരുവെഴുത്തു നിബന്ധനകളിൽ എത്തിച്ചേരണം. ദൃഷ്ടാന്തത്തിന്, നാം “പ്രാർത്ഥന കേൾക്കുന്നവ”നെ അവന്റെ പുത്രനായ യേശുക്രിസ്തുവിലൂടെ താഴ്മയോടെ സമീപിക്കണം.—സങ്കീർത്തനം 65:2; 138:6; യോഹന്നാൻ 14:6.
ദൈവം അദൃശ്യൻ ആയതിനാൽ ആളത്വമില്ലാത്തവൻ ആണെന്നു ചിലർ വിചാരിക്കുന്നു. അവരെ സംബന്ധിച്ചിടത്തോളം ദൈവം അമൂർത്തൻ ആയിരിക്കാം. ദൈവത്തിന്റെ അത്ഭുതകരമായ ഗുണങ്ങളെ കുറിച്ച് അറിഞ്ഞിട്ടുള്ള ചില ക്രിസ്ത്യാനികൾക്കു പോലും ദൈവം എത്രമാത്രം യഥാർഥം ആണെന്നു മനസ്സിലാക്കാൻ ചില അവസരങ്ങളിൽ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. നിങ്ങൾക്ക് അപ്രകാരം അനുഭവപ്പെട്ടിട്ടുണ്ടോ? അങ്ങനെയെങ്കിൽ യഹോവയാം ദൈവം നിങ്ങൾക്ക് യഥാർഥം ആയിരിക്കാൻ എന്തു സഹായിക്കും?
തിരുവെഴുത്തുകൾ പഠിക്കുക
വിശുദ്ധ തിരുവെഴുത്തുകൾ നിങ്ങൾ പതിവായി പഠിക്കുന്നുണ്ടോ? നിങ്ങൾ എത്ര കൂടെക്കൂടെയും തീവ്രമായും ബൈബിൾ പഠിക്കുന്നുവോ യഹോവയാം ദൈവം നിങ്ങൾക്ക് അത്രയധികം യഥാർഥം ആയിരിക്കും. ഫലത്തിൽ, ‘അദൃശ്യദൈവത്തെ കാണാൻ’ നിങ്ങളെ പ്രാപ്തരാക്കിക്കൊണ്ട് നിങ്ങളുടെ വിശ്വാസം ബലിഷ്ഠമാക്കപ്പെടും. (എബ്രായർ 11:6, 27) നേരേമറിച്ച്, അപൂർവമായോ വല്ലപ്പോഴുമൊക്കെയോ ഉള്ള ബൈബിൾ പഠനം നിങ്ങളുടെ വിശ്വാസത്തിന്മേൽ ഗണ്യമായൊരു ഫലം ഉളവാക്കാൻ സാധ്യതയില്ല.
അത് ഇങ്ങനെ ദൃഷ്ടാന്തീകരിക്കാം: വിട്ടുമാറാത്ത ഒരു തടിപ്പ് ഭേദമാക്കാൻ ഒരു പ്രത്യേക ലേപനം ദിവസം രണ്ടു പ്രാവശ്യം വീതം പുരട്ടാൻ ഡോക്ടർ നിങ്ങളോടു നിർദേശിച്ചെന്നു കരുതുക. മാസത്തിൽ ഒന്നോ രണ്ടോ തവണ നിങ്ങൾ ആ മരുന്ന് പുരട്ടിയാൽ തടിപ്പ് ഭേദമാകുമോ? സാധ്യതയില്ല. സമാനമായി, ആത്മീയ ആരോഗ്യത്തിനുള്ള ഒരു “ഔഷധക്കുറിപ്പ്” സങ്കീർത്തനക്കാരൻ നമുക്കു തരുന്നു. “രാവും പകലും ഒരു മന്ദസ്വരത്തിൽ” ദൈവവചനം വായിക്കുക. (സങ്കീർത്തനം 1:1, 2, NW) വർധിച്ചുവരുന്ന പ്രയോജനം ആസ്വദിക്കണമെങ്കിൽ നാം ആ “ഔഷധക്കുറിപ്പ്”—ക്രിസ്തീയ പ്രസിദ്ധീകരണങ്ങളുടെ സഹായത്തോടെ ദൈവവചനത്തിന്റെ അനുദിനമുള്ള വിചിന്തനം—പിൻപറ്റേണ്ടതാണ്.—യോശുവ 1:8
നിങ്ങളുടെ പഠന വേളകൾ വിശ്വാസത്തെ കൂടുതൽ ശക്തിപ്പെടുത്തുന്നവ ആക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവോ? ഇതാ ഒരു നിർദേശം: വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയലോക ഭാഷാന്തരത്തിൽനിന്നോ ഒത്തുവാക്യ പരാമർശങ്ങൾ ഉള്ള മറ്റൊരു ബൈബിളിൽനിന്നോ ഒരു അധ്യായം വായിച്ച ശേഷം താത്പര്യജനകമായ ഒരു വാക്യം തിരഞ്ഞെടുത്ത് കൊടുത്തിരിക്കുന്ന പരാമർശവാക്യം എടുത്തുനോക്കുക. ഇത് നിങ്ങളുടെ പഠനത്തെ സമ്പുഷ്ടമാക്കും. ബൈബിളിന്റെ ആന്തരിക യോജിപ്പിൽ നിങ്ങൾക്കു മതിപ്പുളവാകും എന്നതിൽ തെല്ലും സംശയമില്ല. അങ്ങനെ അത്, അതിന്റെ ഗ്രന്ഥകർത്താവായ യഹോവയാം ദൈവത്തെ നിങ്ങൾക്കു കൂടുതൽ യഥാർഥമാക്കും.
ഒത്തുവാക്യ പരാമർശങ്ങൾ ഉപയോഗിക്കുന്നത് ബൈബിൾ പ്രവചനങ്ങളും അവയുടെ നിവൃത്തിയും നിങ്ങൾക്കു കൂടുതൽ പരിചിതമാക്കുകയും ചെയ്യും. ബാബിലോന്യരാലുള്ള യെരൂശലേമിന്റെ നാശത്തോടു ബന്ധപ്പെട്ട പ്രവചനം പോലുള്ള പ്രധാന ബൈബിൾ പ്രവചനങ്ങൾ നിങ്ങൾക്ക് നന്നായി അറിയാമായിരിക്കും. എന്നാൽ, പരസ്പരം ബന്ധപ്പെട്ടു കിടക്കുന്ന ബൈബിൾ പ്രവചനങ്ങളുടെയും അവയുടെ നിവൃത്തിയുടെയും ഒരു ശൃംഖലതന്നെ ബൈബിളിലുണ്ട്. അവയിൽ ചിലത് അത്ര അറിയപ്പെടുന്നവയല്ല.
ദൃഷ്ടാന്തത്തിന്, യെരീഹോ പുനർനിർമിച്ചാലുള്ള ശിക്ഷ സംബന്ധിച്ച പ്രവചനം വായിച്ചിട്ട് അതിന്റെ നിവൃത്തി പരിചിന്തിക്കുക. യോശുവ 6:26 പ്രസ്താവിക്കുന്നു: “അക്കാലത്തു യോശുവ ശപഥം ചെയ്തു: ഈ യെരീഹോപട്ടണത്തെ പണിയുവാൻ തുനിയുന്ന മനുഷ്യൻ യഹോവയുടെ മുമ്പാകെ ശപിക്കപ്പെട്ടവൻ; അവൻ അതിന്റെ അടിസ്ഥാനമിടുമ്പോൾ അവന്റെ മൂത്തമകൻ നഷ്ടമാകും; അതിന്റെ കതകു തൊടുക്കുമ്പോൾ ഇളയമകനും നഷ്ടമാകും എന്നു പറഞ്ഞു.” ഏകദേശം 500 വർഷങ്ങൾ കഴിഞ്ഞ് അതു നിവൃത്തിയേറി. എന്തെന്നാൽ 1 രാജാക്കന്മാർ 16:34-ൽ നാം വായിക്കുന്നു: “[ആഹാബ് രാജാവിന്റെ] കാലത്തു ബേഥേല്യനായ ഹീയേൽ യെരീഹോ പണിതു; യഹോവ നൂന്റെ മകനായ യോശുവ മുഖാന്തരം അരുളിച്ചെയ്ത വചനപ്രകാരം അതിന്റെ അടിസ്ഥാനം ഇട്ടപ്പോൾ അവന്നു അബീറാം എന്ന മൂത്തമകനും അതിന്റെ പടിവാതിൽ വെച്ചപ്പോൾ ശെഗൂബു എന്ന ഇളയമകനും നഷ്ടം വന്നു.”a ഒരു യഥാർഥ ദൈവത്തിനു മാത്രമേ അത്തരം പ്രവചനങ്ങൾക്കു പ്രചോദനമേകാനും അവ നിവൃത്തിയാകുന്നുവെന്ന് ഉറപ്പുവരുത്താനും കഴിയൂ.
ബൈബിൾ വായിക്കുമ്പോൾ ഒരു പ്രത്യേക ആശയം സംബന്ധിച്ച് നിങ്ങൾക്കു ജിജ്ഞാസ ഉളവായേക്കാം. ദൃഷ്ടാന്തത്തിന്, ഒരു പ്രവചനത്തിനും അതിന്റെ നിവൃത്തിക്കും ഇടയിൽ എത്ര വർഷം കടന്നു പോയെന്നു നിങ്ങൾ ചിന്തിച്ചേക്കാം. മറ്റാരോടെങ്കിലും ചോദിക്കുന്നതിനു പകരം, സ്വന്തമായി ഉത്തരം കണ്ടെത്താൻ എന്തുകൊണ്ട് ഒരു ശ്രമം നടത്തിക്കൂടാ? ഒരു നിധിയുടെ ഉറവിടം സൂചിപ്പിക്കുന്ന ഭൂപടം മനസ്സിലാക്കിയെടുക്കാൻ നിങ്ങൾ കാണിച്ചേക്കാവുന്ന അതേ ഉത്സാഹത്തോടെ, ചാർട്ടുകളും ബൈബിൾ പഠന സഹായികളും ഉപയോഗിച്ച് ഉത്തരം കണ്ടെത്തുന്നതു വരെ തിരയുക. (സദൃശവാക്യങ്ങൾ 2:4, 5) ഉത്തരങ്ങൾ കണ്ടെത്തുന്നതിന് നിങ്ങളുടെ വിശ്വാസത്തിന്മേൽ ശക്തമായൊരു ഫലമുണ്ടായിരിക്കും. അത് യഹോവയാം ദൈവത്തെ നിങ്ങൾക്കു കൂടുതൽ യഥാർഥമാക്കുകയും ചെയ്യും.
പതിവായും ഉത്കടമായും പ്രാർഥിക്കുക
പ്രാർഥനയുടെയും വിശ്വാസത്തിന്റെയും പ്രാധാന്യത്തെ ഒരിക്കലും അവഗണിക്കരുത്. യേശുവിന്റെ ശിഷ്യന്മാർ ഈ നേരിട്ടുള്ള അഭ്യർഥന നടത്തി: “ഞങ്ങൾക്കു വിശ്വാസം വർദ്ധിപ്പിച്ചുതരേണമേ.” (ലൂക്കൊസ് 17:5) യഹോവ നിങ്ങൾക്ക് യഥാർഥമായി തോന്നിയിട്ടില്ലെങ്കിൽ, കൂടുതൽ വിശ്വാസത്തിനായി അവനോടു പ്രാർഥിക്കരുതോ? നിങ്ങളുടെ സ്വർഗീയ പിതാവിനെ നിങ്ങൾക്ക് യഥാർഥമാക്കാൻ ആത്മവിശ്വാസത്തോടെ അവന്റെ സഹായം തേടുക.
ഒരു പ്രശ്നം നിങ്ങളുടെ മനസ്സിനെ ഭാരപ്പെടുത്തുന്നെങ്കിൽ, നിങ്ങളുടെ വികാരങ്ങൾ ആത്മാർഥമായി നിങ്ങളുടെ സ്വർഗീയ സുഹൃത്തിനെ അറിയിക്കാൻ വേണ്ടത്ര സമയമെടുക്കുക. മരണം അടുത്തെത്തവേ യേശു ഉത്കടമായി പ്രാർഥിച്ചു. പൊതുജനങ്ങളെ കാണിക്കാൻ ദീർഘമായ പ്രാർഥനകൾ നടത്തുന്ന മതാചാരത്തെ യേശു കുറ്റം വിധിച്ചെങ്കിലും തന്റെ 12 അപ്പൊസ്തലന്മാരെ തിരഞ്ഞെടുക്കുന്നതിനു മുമ്പ് അവൻ സ്വകാര്യ പ്രാർഥനയിൽ ഒരു രാത്രി മുഴുവനും ചെലവഴിച്ചു. (മർക്കൊസ് 12:38-40; ലൂക്കൊസ് 6:12-16) പ്രവാചകനായ ശമൂവേലിന്റെ അമ്മയായിത്തീർന്ന ഹന്നായിൽനിന്നും നമുക്കൊരു പാഠം ഉൾക്കൊള്ളാവുന്നതാണ്. ഒരു പുരുഷ സന്താനത്തിനു വേണ്ടിയുള്ള വാഞ്ഛ നിമിത്തം “അവൾ യഹോവയുടെ മുമ്പാകെ ദീർഘനേരം പ്രാർഥിച്ചു.”—1 ശമൂവേൽ 1:12, NW.
ഇവയിലെ എല്ലാം അടിസ്ഥാന പാഠം എന്താണ്? പ്രാർഥനകൾക്ക് ഉത്തരം കിട്ടാൻ ആഗ്രഹിക്കുന്നെങ്കിൽ നിങ്ങൾ തീവ്രമായി, ഉത്കടമായി, അവിരാമം പ്രാർഥിക്കണം—അതു തീർച്ചയായും ദൈവേഷ്ടത്തിനു യോജിപ്പിലുമായിരിക്കണം. (ലൂക്കൊസ് 22:44, NW; റോമർ 12:13; 1 തെസ്സലൊനീക്യർ 5:17; 1 യോഹന്നാൻ 5:13-15) ഇപ്രകാരം ചെയ്യുന്നത് ദൈവത്തെ നിങ്ങൾക്കു യഥാർഥമാക്കാൻ സഹായിക്കും.
സൃഷ്ടിയെ നിരീക്ഷിക്കുക
ഒരു ചിത്രകാരന്റെ വ്യക്തിത്വം അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ വെളിപ്പെട്ടേക്കാം. സമാനമായി, പ്രപഞ്ചത്തിന്റെ രൂപകൽപ്പിതാവും സ്രഷ്ടാവുമായ യഹോവയുടെ “അദൃശ്യ ഗുണങ്ങൾ” അവന്റെ സൃഷ്ടിയിൽ വ്യക്തമായി കാണുന്നു. (റോമർ 1:20, NW) യഹോവയുടെ കരവേലയെ നാം അവധാനപൂർവം നിരീക്ഷിക്കുമ്പോൾ നമുക്ക് അവന്റെ വ്യക്തിത്വം സംബന്ധിച്ച ഒരു മെച്ചമായ ഗ്രാഹ്യം ലഭിക്കുന്നു. അങ്ങനെ അവൻ നമുക്ക് കൂടുതൽ യഥാർഥമാകുന്നു.
ദൈവം സൃഷ്ടിച്ച കാര്യങ്ങളെ നിങ്ങൾ അടുത്തു നിരീക്ഷിക്കുന്നെങ്കിൽ, അവന്റെ ഗുണങ്ങളുടെ വാസ്തവികത സംബന്ധിച്ചു നിങ്ങൾക്ക് ആഴമായ മതിപ്പ് ഉളവായേക്കാം. ദൃഷ്ടാന്തത്തിന്, പക്ഷികളുടെ സഞ്ചാര പ്രാപ്തികളെ കുറിച്ചുള്ള വിവരങ്ങൾ യഹോവയുടെ ജ്ഞാനം സംബന്ധിച്ച നിങ്ങളുടെ വിലമതിപ്പ് ഗണ്യമായി വർധിപ്പിച്ചേക്കാം. ഒരറ്റത്തുനിന്നു മറ്റേ അറ്റംവരെ 1,00,000 പ്രകാശ വർഷം ദൈർഘ്യമുള്ള ക്ഷീരപഥം, ബഹിരാകാശത്തുള്ള ശതകോടിക്കണക്കിനു താരാപഥങ്ങളിൽ ഒന്നു മാത്രമാണെന്ന് പ്രപഞ്ചത്തെ കുറിച്ചു വായിക്കുമ്പോൾ നിങ്ങൾ മനസ്സിലാക്കിയേക്കാം. അത് സ്രഷ്ടാവിന്റെ ജ്ഞാനം സംബന്ധിച്ച യാഥാർഥ്യത്തെ നിങ്ങളുടെ മനസ്സിൽ പതിപ്പിക്കുന്നില്ലേ?
തീർച്ചയായും യഹോവയുടെ ജ്ഞാനം യഥാർഥമാണ്! എന്നാൽ നിങ്ങൾക്ക് അത് എന്ത് അർഥമാക്കുന്നു? കൊള്ളാം, നമ്മിൽ ഏതൊരാളും പ്രാർഥനയിൽ അവന്റെ മുമ്പാകെ കൊണ്ടുവരുന്ന പ്രശ്നങ്ങൾ ഒരിക്കലും അവന് ഒരു കീറാമുട്ടിയാകില്ല. അതേ, സൃഷ്ടിയെ കുറിച്ചുള്ള പരിമിതമായ അറിവിനു പോലും യഹോവയെ നിങ്ങൾക്ക് കൂടുതൽ യഥാർഥമാക്കാൻ സാധിക്കും.
യഹോവയോടൊപ്പം നടക്കുക
യഹോവ എത്രമാത്രം യഥാർഥമാണെന്ന് നിങ്ങൾക്കു വ്യക്തിപരമായി അനുഭവിച്ചറിയാൻ കഴിയുമോ? ഉവ്വ്, നിങ്ങൾ വിശ്വസ്ത ഗോത്രപിതാവായ നോഹയെപ്പോലെ ആണെങ്കിൽ. “നോഹ ദൈവത്തോടുകൂടെ നടന്നു” എന്നു പറയത്തക്ക വിധം അവൻ എല്ലായ്പോഴും യഹോവയെ അനുസരിച്ചു. (ഉല്പത്തി 6:9) യഹോവ തന്റെ അരികത്ത് ഉണ്ടായിരുന്നാൽ എന്നവണ്ണം നോഹ ജീവിച്ചു. നിങ്ങൾക്കും ദൈവം അത്രമാത്രം യഥാർഥം ആയിരിക്കാവുന്നതാണ്.
നിങ്ങൾ ദൈവത്തോടൊത്തു നടക്കുന്നെങ്കിൽ തിരുവെഴുത്തു വാഗ്ദാനങ്ങളിൽ വിശ്വാസം അർപ്പിക്കുകയും അവയ്ക്കു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യും. ദൃഷ്ടാന്തത്തിന്, യേശുവിന്റെ പിൻവരുന്ന വാക്കുകൾ നിങ്ങൾ വിശ്വസിക്കും: “മുമ്പെ അവന്റെ [ദൈവത്തിന്റെ] രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും [ഭൗതിക ആവശ്യങ്ങൾ] നിങ്ങൾക്കു കിട്ടും.” (മത്തായി 6:25-33) നിങ്ങൾക്ക് ആവശ്യമുള്ളതു നിങ്ങൾ പ്രതീക്ഷിക്കുന്ന വിധത്തിൽ യഹോവ എല്ലായ്പോഴും പ്രദാനം ചെയ്തേക്കുകയില്ലെന്നതു സത്യംതന്നെ. എന്നിരുന്നാലും, പ്രാർഥിക്കുകയും പിന്നീട് ദൈവത്തിന്റെ സഹായം അനുഭവിക്കുകയും ചെയ്യുമ്പോൾ, നിങ്ങളുടെ അരികത്തുള്ള ഏതൊരുവനെയും പോലെ അവൻ നിങ്ങൾക്ക് യഥാർഥമായിരിക്കും.
ഒരുവൻ തുടർച്ചയായി ദൈവത്തോടൊത്തു നടക്കുമ്പോഴാണ് യഹോവയുമായി അത്തരം ഒരു അടുത്ത ബന്ധം വികാസം പ്രാപിക്കുന്നത്. സ്പാനീഷ് സംസാരിക്കുന്ന ഒരു സാക്ഷിയായ മനുവലായുടെ കാര്യം പരിചിന്തിക്കുക. വളരെയേറെ പരിശോധനകൾ സഹിക്കേണ്ടിവന്ന അവർ പറയുന്നു: “പ്രയാസങ്ങളോ സാമ്പത്തിക ബുദ്ധിമുട്ടുകളോ ഉണ്ടാകുമ്പോഴെല്ലാം ഞാൻ സദൃശവാക്യങ്ങൾ 18:10-ൽ കാണുന്ന തത്ത്വം ബാധകമാക്കിയിട്ടുണ്ട്. സഹായത്തിനായി വേഗം ഞാൻ യഹോവയിലേക്കു തിരിയുന്നു. അവൻ എല്ലായ്പോഴും എനിക്ക് ഒരു ‘ബലമുള്ള ഗോപുരം’ ആയിരുന്നിട്ടുണ്ട്.” 36 വർഷം യഹോവയിൽ ആശ്രയിക്കുകയും അവന്റെ പിന്തുണ അനുഭവിക്കുകയും ചെയ്ത ശേഷം മനുവലായ്ക്ക് അപ്രകാരം പറയാൻ കഴിഞ്ഞു.
യഹോവയെ ആശ്രയമാക്കാൻ നിങ്ങൾ തുടങ്ങിയതേ ഉള്ളോ? അവനുമായുള്ള നിങ്ങളുടെ ബന്ധം ഇപ്പോഴും നിങ്ങൾ ആഗ്രഹിക്കുന്നതു പോലെ ആയിട്ടില്ലെങ്കിൽ നിരാശപ്പെടരുത്. ദൈവത്തോടൊത്തു നടക്കുന്ന ഒരു വ്യക്തിയെപ്പോലെ ഓരോ ദിവസവും ജീവിക്കുക. ഒരു വിശ്വസ്ത ജീവിതരീതി പിന്തുടരവേ നിങ്ങൾ യഹോവയുമായി കൂടുതൽ അടുത്ത ബന്ധം ആസ്വദിക്കും.—സങ്കീർത്തനം 25:14; സദൃശവാക്യങ്ങൾ 3:26, 32.
ദൈവ സേവനത്തിൽ മുഴുകിയിരിക്കുന്നതാണ് ദൈവത്തോടൊത്ത് നടക്കാനുള്ള മറ്റൊരു മാർഗം. രാജ്യപ്രസംഗ വേലയിൽ ഏർപ്പെടുമ്പോൾ നിങ്ങൾ യഹോവയുടെ ഒരു കൂട്ടുവേലക്കാരനാണ്. (1 കൊരിന്ത്യർ 3:9) ഇതു സംബന്ധിച്ച് ബോധ്യമുള്ളവർ ആയിരിക്കുന്നത് ദൈവം നിങ്ങൾക്കു വളരെ യഥാർഥമാകാൻ സഹായിക്കുന്നു.
സങ്കീർത്തനക്കാരൻ ഇങ്ങനെ ഉദ്ബോധിപ്പിക്കുന്നു: “നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനിൽ തന്നേ ആശ്രയിക്ക; അവൻ അതു നിർവ്വഹിക്കും.” (സങ്കീർത്തനം 37:5) ഭാരങ്ങളോ ഉത്കണ്ഠകളോ ഉള്ളപ്പോഴെല്ലാം അവ യഹോവയെ ഭരമേൽപ്പിക്കുന്നതിൽ ഒരിക്കലും വീഴ്ചവരുത്തരുത്. സഹായത്തിനും മാർഗനിർദേശത്തിനുമായി എല്ലായ്പോഴും അവനിലേക്കു നോക്കുക. നിങ്ങൾ യഹോവയാം ദൈവത്തിൽ പ്രാർഥനാപൂർവം ആശ്രയിക്കുകയും അവനിൽ പൂർണമായി വിശ്വാസം അർപ്പിക്കുകയും ചെയ്യുന്നെങ്കിൽ നിങ്ങൾക്കു സുരക്ഷിതത്വം അനുഭവപ്പെടും. കാരണം നിങ്ങൾക്കുവേണ്ടി അവൻ പ്രവർത്തിക്കാതിരിക്കില്ലെന്നു നിങ്ങൾക്ക് അറിയാം. വ്യക്തിപരമായ ആകുലതകളുമായി യഹോവയെ സമീപിക്കുമ്പോൾ നിങ്ങൾ ആത്മവിശ്വാസം ഉള്ളവരാണോ? ആയിരിക്കും—ദൈവം നിങ്ങൾക്ക് യഥാർഥമാണെങ്കിൽ.
[അടിക്കുറിപ്പുകൾ]
a യെരോബെയാമിന്റെ യാഗപീഠത്തിന്റെ മുൻകൂട്ടി പറയപ്പെട്ട മലിനമാക്കലിനെ കുറിച്ച് 1 രാജാക്കന്മാർ 13:1-3-ൽ വായിക്കുക. എന്നിട്ട് 2 രാജാക്കന്മാർ 23:16-18-ൽ രേഖപ്പെടുത്തിയിരിക്കുന്ന നിവൃത്തി ശ്രദ്ധിക്കുക.
[21-ാം പേജിലെ ചിത്രം]
നിങ്ങളുടെ പഠന വേളകൾ വിശ്വാസത്തെ ശക്തിപ്പെടുത്തുന്നവ ആക്കുക
[22-ാം പേജിലെ ചിത്രം]
പതിവായ, ഉത്കടമായ പ്രാർഥനയ്ക്കായി സമയമെടുക്കുക
[23-ാം പേജിലെ ചിത്രം]
ദൈവത്തിന്റെ ഗുണങ്ങൾ സൃഷ്ടിയിൽ പ്രകടമാകുന്നത് എങ്ങനെയെന്നു നിരീക്ഷിക്കുക
[കടപ്പാട]
മൂളിപ്പക്ഷി: U.S. Fish and Wildlife Service, Washington, D.C./Dean Biggins; നക്ഷത്രങ്ങൾ: Photo: Copyright IAC/RGO 1991, Dr. D. Malin et al, Isaac Newton Telescope, Roque de los Muchachos Observatory, La Palma, Canary Islands