ആദ്യ മനുഷ്യ ദമ്പതികളിൽനിന്നുള്ള പാഠം
ദൈവം ഭൗമഗ്രഹത്തെ മനുഷ്യവാസത്തിനായി ഒരുക്കുകയായിരുന്നു. അവൻ അതിനെ നിരീക്ഷിച്ചു, താൻ സൃഷ്ടിച്ചുകൊണ്ടിരുന്ന സകലവും നല്ലതെന്ന് കണ്ടു. തന്റെ സൃഷ്ടിക്രിയ പൂർത്തിയായപ്പോൾ, അത് “എത്രയും നല്ലതു” എന്ന് അവൻ പ്രഖ്യാപിച്ചു. (ഉല്പത്തി 1:12, 18, 21, 25, 31) എന്നാൽ, അതിനു മുമ്പ് എന്തോ ഒന്ന് ‘നന്നല്ല’ എന്നു ദൈവം പറഞ്ഞു. തീർച്ചയായും താൻ സൃഷ്ടിച്ച യാതൊന്നും അപൂർണമായിരുന്നു എന്നല്ല, മറിച്ച് ആദാമിനു വേണ്ടി താൻ അപ്പോഴും ഒരു തുണയെ ഉണ്ടാക്കിയിരുന്നില്ല എന്നാണ് അവൻ അർഥമാക്കിയത്. യഹോവ ഇങ്ങനെ പറഞ്ഞു: “മനുഷ്യൻ ഏകനായിരിക്കുന്നതു നന്നല്ല; ഞാൻ അവന്നു തക്കതായൊരു തുണ ഉണ്ടാക്കിക്കൊടുക്കും.”—ഉല്പത്തി 2:18.
മാനവരാശി ഒരു പറുദീസാ ഭൂമിയിൽ ആരോഗ്യത്തോടും സന്തുഷ്ടിയോടും സമൃദ്ധിയോടുംകൂടെ നിത്യമായി ജീവിക്കണമെന്നത് യഹോവയുടെ ഉദ്ദേശ്യമായിരുന്നു. ആദാമായിരുന്നു മുഴു മാനവരാശിയുടെയും പിതാവ്, അവന്റെ ഭാര്യയായ ഹവ്വാ ‘ജീവനുള്ളവർക്കെല്ലാം മാതാവ്’ ആയിത്തീർന്നു. (ഉല്പത്തി 3:20) അവരുടെ കോടിക്കണക്കിനു സന്തതികളെക്കൊണ്ടു ഭൂമി ഇന്ന് നിറഞ്ഞിട്ടുണ്ടെങ്കിലും, മനുഷ്യർ തീർച്ചയായും പൂർണരല്ല.
ആദാമിന്റെയും ഹവ്വായുടെയും കഥ വിഖ്യാതമാണ്. എന്നാൽ അതിൽനിന്ന് നമുക്ക് എന്തു പ്രായോഗിക പ്രയോജനമാണ് നേടാനാകുക? ആദ്യ ദമ്പതികളായ അവരുടെ അനുഭവത്തിൽനിന്ന് നമുക്ക് എന്തെല്ലാം പാഠങ്ങൾ പഠിക്കാൻ കഴിയും?
അവൻ “ആണും പെണ്ണുമായി അവരെ സൃഷ്ടിച്ചു”
മൃഗങ്ങൾക്കു പേരിടവെ, അവയ്ക്കെല്ലാം ഇണകൾ ഉണ്ടെന്നും എന്നാൽ തനിക്ക് ഒരു ഇണയില്ലെന്നും ആദാം മനസ്സിലാക്കി. അതുകൊണ്ട്, പിന്നീട് അവന്റെ വാരിയെല്ലിൽനിന്ന് യഹോവ രൂപപ്പെടുത്തിയ മനോഹര സൃഷ്ടിയെ കണ്ടപ്പോൾ അവൻ സന്തോഷിച്ചു. അവൾ അതുല്യമായ ഒരു വിധത്തിൽ തന്റെതന്നെ ഭാഗമാണെന്നു തിരിച്ചറിഞ്ഞ ആദാം ഇങ്ങനെ ഉദ്ഘോഷിച്ചു: “ഇതു ഇപ്പോൾ എന്റെ അസ്ഥിയിൽനിന്നു അസ്ഥിയും എന്റെ മാംസത്തിൽനിന്നു മാംസവും ആകുന്നു. ഇവളെ നരനിൽനിന്നു എടുത്തിരിക്കയാൽ ഇവൾക്കു നാരി എന്നു പേരാകും.”—ഉല്പത്തി 2:18-23.
മനുഷ്യന് ‘ഒരു തുണ’ ആവശ്യമായിരുന്നു. ഇപ്പോൾ അവന് ഏറ്റവും യോജിച്ച ഒരു തുണയെ കിട്ടി. തങ്ങളുടെ ഉദ്യാന ഭവനത്തെയും മൃഗങ്ങളെയും പരിപാലിക്കുന്നതിലും കുട്ടികൾക്കു ജന്മം നൽകുന്നതിലും അതുപോലെ ഒരു യഥാർഥ കൂട്ടാളി പ്രദാനം ചെയ്യുന്ന ബുദ്ധിപരമായ പ്രചോദനത്തിന്റെയും പിന്തുണയുടെയും കാര്യത്തിലും ഹവ്വാ ആദാമിന് പൂർണമായും യോജിച്ച ഒരു പൂരകമായിരുന്നു.—ഉല്പത്തി 1:26-30.
ആ ദമ്പതികൾക്ക് ന്യായമായും ആഗ്രഹിക്കാൻ കഴിയുമായിരുന്ന സകലതും യഹോവ അവർക്കു നൽകി. ഹവ്വായെ അവളുടെ ഭർത്താവായ ആദാമിന്റെ അടുത്തേക്കു കൊണ്ടുവരികവഴി ദൈവം അവരുടെ ഒത്തുചേരലിന് ഔദ്യോഗിക അംഗീകാരം നൽകി. അങ്ങനെ അവൻ വിവാഹ-കുടുംബ ക്രമീകരണം സ്ഥാപിച്ചു. ആ ക്രമീകരണംവഴി വേണമായിരുന്നു മാനവരാശി സംഘടിപ്പിക്കപ്പെടാൻ. ഉത്പത്തി വിവരണം ഇങ്ങനെ പ്രസ്താവിക്കുന്നു: “പുരുഷൻ അപ്പനെയും അമ്മയെയും വിട്ടുപിരിഞ്ഞു ഭാര്യയോടു പററിച്ചേരും; അവർ ഏകദേഹമായി തീരും.” യഹോവ ആദ്യ ദമ്പതികളെ അനുഗ്രഹിച്ച് അവരോട് സന്താനപുഷ്ടിയുള്ളവർ ആയിത്തീരാൻ പറഞ്ഞപ്പോൾ, ഓരോ ശിശുവും അതിനെ പരിപാലിക്കാൻ ഒരു പിതാവും മാതാവും ഉള്ള ഒരു കുടുംബാന്തരീക്ഷത്തിൽ ജനിക്കണമെന്ന് അവൻ വ്യക്തമായും ഉദ്ദേശിച്ചിരുന്നു.—ഉല്പത്തി 1:28; 2:24.
‘ദൈവത്തിന്റെ സ്വരൂപത്തിൽ’
ദൈവത്തിന്റെ പൂർണതയുള്ള പുത്രനായിരുന്ന ആദാം അവന്റെ ‘സ്വരൂപത്തിലും സാദൃശ്യത്തിലും’ ആണ് സൃഷ്ടിക്കപ്പെട്ടത്. “ദൈവം ആത്മാവു ആകുന്ന”തിനാൽ ഈ സാദൃശ്യം ശരീരഘടനയിൽ ആയിരിക്കുമായിരുന്നില്ല. (ഉല്പത്തി 1:26; യോഹന്നാൻ 4:24) മറിച്ച്, മനുഷ്യനെ മൃഗങ്ങളെക്കാൾ വളരെ ശ്രേഷ്ഠനാക്കുന്ന ഗുണങ്ങളിൽ ആയിരുന്നു പ്രസ്തുത സാദൃശ്യം. അതേ, മനുഷ്യനെ സൃഷ്ടിച്ചപ്പോൾത്തന്നെ അവനിൽ സ്നേഹം, ജ്ഞാനം, ശക്തി, നീതി തുടങ്ങിയ ഗുണങ്ങൾ ദൈവം ഉൾനട്ടിരുന്നു. ഇച്ഛാസ്വാതന്ത്ര്യവും ആത്മീയത പ്രകടമാക്കാനുള്ള പ്രാപ്തിയും അവനു ലഭിച്ചു. ജന്മസിദ്ധമായ ധാർമിക ബോധം അഥവാ മനസ്സാക്ഷി, ശരിയും തെറ്റും വേർതിരിച്ചറിയാൻ അവനെ പ്രാപ്തനാക്കി. തന്റെ അസ്തിത്വത്തിന്റെ കാരണത്തെ കുറിച്ച് ആഴമായി ചിന്തിക്കാനും സ്രഷ്ടാവിനെ കുറിച്ചുള്ള അറിവ് സമ്പാദിക്കാനും അവനുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കാനും പ്രാപ്തനാക്കുന്ന ബുദ്ധിശക്തി മനുഷ്യന് ഉണ്ടായിരുന്നു. അങ്ങനെ, ദൈവത്തിന്റെ മറ്റെല്ലാ ഭൗമിക സൃഷ്ടിയുടെയും മേലധികാരി എന്നനിലയിലുള്ള തന്റെ ദൗത്യം നിർവഹിക്കാൻ ആവശ്യമായിരുന്ന സകലതും ആദാമിനുണ്ടായിരുന്നു.
ഹവ്വാ പാപം ചെയ്യുന്നു
യഹോവ ഏർപ്പെടുത്തിയിരുന്ന പിൻവരുന്ന ഏക വിലക്കിനെ കുറിച്ച് ആദാം ഹവ്വായോട് ഉടൻതന്നെ പറഞ്ഞു എന്നതിനു സംശയമില്ല: നന്മതിന്മകളെക്കുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം അവർ തിന്നാൻ പാടില്ലായിരുന്നു. അതൊഴികെ തോട്ടത്തിലെ മറ്റെല്ലാ വൃക്ഷങ്ങളുടെയും ഫലം അവർക്കു തിന്നാമായിരുന്നു. വിലക്കപ്പെട്ട വൃക്ഷഫലം തിന്നാൽ ആ ദിവസം തന്നെ അവർ മരിക്കുമായിരുന്നു.—ഉല്പത്തി 2:16, 17.
അധികം താമസിയാതെ, ആ വിലക്കപ്പെട്ട കനിയെ കുറിച്ച് ഒരു വിവാദം തലപൊക്കി. ഒരു അദൃശ്യ ആത്മസൃഷ്ടി തന്റെ വക്താവായി ഉപയോഗിച്ച ഒരു പാമ്പ് ഹവ്വായെ സമീപിച്ച് യാതൊന്നും അറിയാത്ത മട്ടിൽ ഇങ്ങനെ ചോദിച്ചു: “തോട്ടത്തിലെ യാതൊരു വൃക്ഷത്തിന്റെ ഫലവും നിങ്ങൾ തിന്നരുതെന്നു ദൈവം വാസ്തവമായി കല്പിച്ചിട്ടുണ്ടോ”? ഒരു വൃക്ഷത്തിന്റെ ഒഴികെ മറ്റ് എല്ലാ വൃക്ഷങ്ങളുടെയും ഫലം തിന്നാമെന്ന് ഹവ്വാ മറുപടി പറഞ്ഞു. അപ്പോൾ, ദൈവം പറഞ്ഞതിനു വിപരീതമായി പാമ്പ് സ്ത്രീയോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ മരിക്കയില്ല നിശ്ചയം; അതു തിന്നുന്ന നാളിൽ നിങ്ങളുടെ കണ്ണു തുറക്കയും നിങ്ങൾ നന്മതിന്മകളെ അറിയുന്നവരായി ദൈവത്തെപ്പോലെ ആകയും ചെയ്യും എന്നു ദൈവം അറിയുന്നു.” ഇപ്പോൾ സ്ത്രീ വിലക്കപ്പെട്ട വൃക്ഷത്തെ വ്യത്യസ്തമായ ഒരു വീക്ഷണത്തോടെ നോക്കാൻ തുടങ്ങി. “ആ വൃക്ഷഫലം തിന്മാൻ നല്ലതും കാണ്മാൻ ഭംഗിയുള്ളതും” എന്ന് സത്രീ കണ്ടു. അങ്ങനെ പൂർണമായും വഞ്ചിക്കപ്പെട്ട അവൾ ദൈവനിയമം ലംഘിച്ചു.—ഉല്പത്തി 3:1-6; 1 തിമൊഥെയൊസ് 2:14.
ഹവ്വായുടെ പാപം ഒഴിവാക്കാനാവാത്തത് ആയിരുന്നോ? തീർച്ചയായും ആയിരുന്നില്ല! നിങ്ങളെത്തന്നെ അവളുടെ സ്ഥാനത്തു നിറുത്തുക. പാമ്പിന്റെ അവകാശവാദം ദൈവവും ആദാമും പറഞ്ഞതിനു കടകവിരുദ്ധമായിരുന്നു. നിങ്ങൾ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്ന ഒരു വ്യക്തി സത്യസന്ധനല്ലെന്ന് അപരിചിതനായ ഒരാൾ പറഞ്ഞാൽ നിങ്ങൾക്ക് എന്തു തോന്നും? അവജ്ഞയും ദേഷ്യവും പ്രകടമാക്കിക്കൊണ്ട്, ശ്രദ്ധിക്കാൻ പോലും കൂട്ടാക്കാതിരുന്നുകൊണ്ട്, ഹവ്വായ്ക്ക് വ്യത്യസ്തമായി പ്രതികരിക്കാമായിരുന്നു. ഒന്നുമല്ലെങ്കിലും, ദൈവത്തിന്റെ നീതിയെയും അവളുടെ ഭർത്താവിന്റെ വാക്കിനെയും ചോദ്യം ചെയ്യാൻ ആ പാമ്പിന് എന്ത് അധികാരമാണ് ഉണ്ടായിരുന്നത്? ഒരു തീരുമാനം എടുക്കുന്നതിനു മുമ്പ് ഉപദേശം തേടാൻ ശിരസ്ഥാന തത്ത്വത്തോടുള്ള ആദരവ് ഹവ്വായെ പ്രേരിപ്പിക്കേണ്ടതായിരുന്നു. ദൈവദത്ത നിർദേശങ്ങൾക്കു വിപരീതമായ വിവരങ്ങൾ ലഭിക്കുന്ന പക്ഷം, നാം അപ്രകാരം ചെയ്യേണ്ടതാണ്. എന്നാൽ, ശരി എന്തെന്നും തെറ്റ് എന്തെന്നും സ്വയം നിശ്ചയിക്കാൻ മോഹിച്ച ഹവ്വാ ആ പ്രലോഭകന്റെ വാക്കുകൾ വിശ്വസിച്ചു. അവൾ അതേക്കുറിച്ച് എത്രയധികം ചിന്തിച്ചോ അത്രയധികം അത് അവൾക്ക് ആകർഷകമായി തോന്നി. തെറ്റായ ആഗ്രഹം മനസ്സിൽനിന്നു പിഴുതെറിയുകയോ സംഗതി തന്റെ കുടുംബ ശിരസുമായി ആലോചിക്കുകയോ ചെയ്യുന്നതിനു പകരം അതു മനസ്സിൽ വെച്ചുതാലോലിക്കുക വഴി അവൾ എത്ര ഗൗരവമായ തെറ്റാണ് ചെയ്തത്!—1 കൊരിന്ത്യർ 11:3; യാക്കോബ് 1:14, 15.
ആദാം ഭാര്യയുടെ വാക്കു കേൾക്കുന്നു
ഉടൻതന്നെ ഹവ്വാ, പാപത്തിൽ തന്നോടു ചേരാൻ ആദാമിനെ പ്രേരിപ്പിച്ചു. അവന്റെ തീരുമാനം എത്രയോ ദുർബലമായിപ്പോയി! (ഉല്പത്തി 3:6, 17) ആരോടു വിശ്വസ്തത പാലിക്കണം എന്ന മാനസിക സംഘർഷം അവന് അനുഭവപ്പെട്ടു. തന്റെ പ്രിയ സഖിയായ ഹവ്വാ ഉൾപ്പെടെ തനിക്കു സകലവും തന്ന സ്രഷ്ടാവിനെ അവൻ അനുസരിക്കുമായിരുന്നോ? താൻ ഈ സാഹചര്യത്തിൽ എന്താണു ചെയ്യേണ്ടത് എന്ന കാര്യത്തിൽ ആദാം ദൈവത്തിന്റെ മാർഗനിർദേശം തേടുമായിരുന്നോ? അതോ ഭാര്യയുടെ പാപത്തിൽ അവൻ അവളോടു ചേരുമായിരുന്നോ? വിലക്കപ്പെട്ട കനി ഭക്ഷിക്കുന്നതിലൂടെ ചില കാര്യങ്ങൾ നേടാമെന്ന അവളുടെ പ്രതീക്ഷ വെറുമൊരു വ്യാമോഹമാണെന്ന് ആദാമിന് വളരെ നന്നായി അറിയാമായിരുന്നു. അതുകൊണ്ടാണ് പിൻവരുന്ന പ്രകാരം എഴുതാൻ പൗലൊസ് അപ്പൊസ്തലൻ നിശ്വസ്തനാക്കപ്പെട്ടത്: “ആദാം വഞ്ചിക്കപ്പെട്ടില്ല; എന്നാൽ സ്ത്രീ പൂർണമായും വഞ്ചിതയായി ലംഘനത്തിൽ അകപ്പെട്ടു.” (1 തിമൊഥെയൊസ് 2:14, NW) അതുകൊണ്ട് ആദാം ദൈവത്തെ ധിക്കരിക്കാൻ മനപ്പൂർവം തീരുമാനിക്കുകയായിരുന്നു. തെളിവനുസരിച്ച്, ആ പ്രശ്നത്തിനു പരിഹാരം കാണാനുള്ള ദൈവത്തിന്റെ പ്രാപ്തിയിലുള്ള വിശ്വാസത്തെക്കാൾ വലുതായിരുന്നു ഭാര്യയിൽനിന്നു വേർപെടുത്തപ്പെടുമോ എന്ന അവന്റെ ഭയം.
ആദാമിന്റെ നടപടി ആത്മഹത്യാപരമായിരുന്നു. അവന് ദൈവം കരുണാപൂർവം നൽകിയ മുഴു സന്തതി പരമ്പരകളും പാപത്തിന്റെ മരണവിധിയിൻ കീഴിൽ ജനിച്ചതിനാൽ അവരെയെല്ലാം കൊല്ലുന്നതിനു തുല്യവുമായിരുന്നു അത്. (റോമർ 5:12) സ്വാർഥപരമായ ആ അനുസരണക്കേടിന്റെ വില എത്ര വലുതായിരുന്നു!
പാപത്തിന്റെ ഭവിഷ്യത്തുകൾ
പാപത്തിന്റെ സത്വര ഫലം ലജ്ജയായിരുന്നു. യഹോവയോടു സംസാരിക്കാൻ സന്തോഷപൂർവം ഓടിച്ചെല്ലുന്നതിനു പകരം, ആ ദമ്പതികൾ ഓടിയൊളിക്കുകയാണ് ചെയ്തത്. (ഉല്പത്തി 3:8) ദൈവവുമായുള്ള അവരുടെ ബന്ധം തകർന്നു. തങ്ങൾ ദൈവനിയമം ലംഘിച്ചെന്ന് ഇരുവർക്കും അറിയാമായിരുന്നെങ്കിലും, അതിനെ കുറിച്ചു ദൈവം ചോദിച്ചപ്പോൾ അവർക്ക് പശ്ചാത്താപത്തിന്റെ ഒരു ലാഞ്ഛനം പോലും ഇല്ലായിരുന്നു. വിലക്കപ്പെട്ട കനി ഭക്ഷിക്കുകവഴി അവർ ദിവ്യ നന്മയെ നിരസിക്കുകയാണു ചെയ്തത്.
തത്ഫലമായി, പ്രസവം കൂടുതൽ വേദനാകരം ആയിരിക്കുമെന്ന് ദൈവം സൂചിപ്പിച്ചു. ഹവ്വാ ഭർത്താവിനോട് അതിരുകവിഞ്ഞ ആഗ്രഹം പ്രകടിപ്പിക്കുകയും അവൻ അവളെ അടക്കിഭരിക്കുകയും ചെയ്യുമായിരുന്നു. അങ്ങനെ, സ്വതന്ത്രയാകാനുള്ള അവളുടെ ശ്രമത്തിന് നേരേ വിപരീതമായ ഫലമാണുണ്ടായത്. ആദാം നിലത്തെ ഫലം വേദനയോടെ ഭക്ഷിക്കുമായിരുന്നു. ഏദെൻ തോട്ടത്തിൽനിന്ന് കഠിനാധ്വാനം കൂടാതെ തന്റെ വിശപ്പു തൃപ്തിപ്പെടുത്തുന്നതിനു പകരം, അവനെ നിർമിച്ച പൊടിയിലേക്കു തിരികെ ചേരുന്നതുവരെ ജീവിതത്തിലെ അവശ്യ കാര്യങ്ങൾക്കായി അവൻ അങ്ങേയറ്റം കഷ്ടപ്പെടേണ്ടിവരുമായിരുന്നു.—ഉല്പത്തി 3:16-19.
ഒടുവിൽ ആദാമിനെയും ഹവ്വായെയും ദൈവം ഏദെൻ തോട്ടത്തിൽനിന്ന് പുറത്താക്കി. യഹോവ ഇങ്ങനെ പറഞ്ഞു: “മനുഷ്യൻ നന്മതിന്മകളെ അറിവാൻ തക്കവണ്ണം നമ്മിൽ ഒരുത്തനെപ്പോലെ ആയിത്തീർന്നിരിക്കുന്നു; ഇപ്പോൾ അവൻ കൈനീട്ടി ജീവവൃക്ഷത്തിന്റെ ഫലംകൂടെ പറിച്ചു തിന്നു എന്നേക്കും ജീവിപ്പാൻ സംഗതി വരരുതു [“വരരുത് . . .,” NW].” “[മൂല എബ്രായ പാഠത്തിൽ] പ്രസ്തുത വാചകം പൂർത്തിയാക്കിയിട്ടില്ല” എന്ന് പണ്ഡിതനായ ഗോർഡോൺ വെനം പറയുന്നു. ദൈവത്തിന്റെ ചിന്തയുടെ ബാക്കി ഭാഗം നാം പൂരിപ്പിക്കേണ്ടിയിരിക്കുന്നു. ഊഹിക്കാൻ കഴിയുന്നതുപോലെ, അത് ഇങ്ങനെ ആയിരിക്കാം—“ഞാൻ അവനെ തോട്ടത്തിൽനിന്നു പുറത്താക്കുകയാണ്.” സാധാരണഗതിയിൽ, ബൈബിൾ എഴുത്തുകാരൻ ദൈവത്തിന്റെ ചിന്ത പൂർണമായും രേഖപ്പെടുത്താറുണ്ട്. എന്നാൽ ഇവിടെ, “ഉപസംഹാരം ഒഴിവാക്കിയിരിക്കുന്നത് ദൈവത്തിന്റെ നടപടിയുടെ വേഗതയെ സൂചിപ്പിക്കുന്നു. അവൻ പറഞ്ഞുതീർക്കുന്നതിനു മുമ്പുതന്നെ അവർ തോട്ടത്തിൽനിന്നു പുറത്താക്കപ്പെട്ടിരുന്നു” എന്ന് വെനം തുടർന്നു പറയുന്നു. (ഉല്പത്തി 3:22, 23) സാധ്യതയനുസരിച്ച്, യഹോവയും ആദ്യ ദമ്പതികളും തമ്മിലുള്ള സകല ആശയവിനിമയവും അതോടെ അവസാനിച്ചു.
24 മണിക്കൂർ ദൈർഘ്യമുള്ള ആ അക്ഷരീയ ദിവസത്തിൽ ആദാമിനും ഹവ്വായ്ക്കും ശാരീരികമായ മരണം സംഭവിച്ചില്ല. എന്നിരുന്നാലും, ഒരു ആത്മീയ അർഥത്തിൽ അന്നുതന്നെ അവർ മരിച്ചു. പുനഃസ്ഥാപിക്കാനാകാത്ത വിധത്തിൽ ജീവന്റെ ഉറവിൽനിന്നു വിച്ഛേദിക്കപ്പെട്ട അവർ ക്രമേണ മരണത്തിലേക്കു പ്രയാണം ചെയ്യാൻ തുടങ്ങി. തങ്ങളുടെ ആദ്യജാതനായ കയീൻ രണ്ടാമത്തെ പുത്രനായ ഹാബെലിനെ കൊന്നപ്പോഴാണ് മരണം എന്തെന്ന് അവർ തിരിച്ചറിഞ്ഞത്. അത് അവർക്ക് എത്രമാത്രം വേദന കൈവരുത്തിയിരുന്നിരിക്കണം!—ഉല്പത്തി 4:1-16.
അതിനു ശേഷം, ആദ്യ മാനുഷ ദമ്പതികളെ കുറിച്ച് താരതമ്യേന വളരെ കുറച്ചു വിവരങ്ങളേ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുള്ളൂ. ആദാമിന് 130 വയസ്സുള്ളപ്പോൾ അവന്റെ മൂന്നാമത്തെ പുത്രനായ ശേത്ത് ജനിച്ചു. 800 വർഷം കഴിഞ്ഞ്, “പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ച” ശേഷം, 930-ാമത്തെ വയസ്സിൽ ആദാം മരിച്ചു.—ഉല്പത്തി 4:25; 5:3-5.
നമുക്ക് ഒരു പാഠം
ആദ്യ മാനുഷ ദമ്പതികളെ കുറിച്ചുള്ള വിവരണം, മനുഷ്യ സമൂഹത്തിന്റെ ഇന്നത്തെ അധഃപതനത്തിന്റെ കാരണം വ്യക്തമാക്കുന്നതിനു പുറമേ, ഒരു അടിസ്ഥാന പാഠം നമ്മെ പഠിപ്പിക്കുകയും ചെയ്യുന്നു. യഹോവയാം ദൈവത്തെ ആശ്രയിക്കാതെതന്നെ ജീവിക്കാനാകുമെന്ന ഏതൊരു അവകാശവാദവും തികഞ്ഞ വിഡ്ഢിത്തമാണ്. യഥാർഥ ജ്ഞാനമുള്ളവർ യഹോവയിലും അവന്റെ വചനത്തിലുമായിരിക്കും വിശ്വാസം അർപ്പിക്കുക, അല്ലാതെ തങ്ങളുടെ സ്വന്തം അറിവിൽ ആയിരിക്കില്ല. ശരിയും തെറ്റും നിശ്ചയിക്കുന്നത് യഹോവയാണ്. ഫലത്തിൽ, ശരി ചെയ്യുക എന്നാൽ അവനെ അനുസരിക്കുക എന്നാണ് അർഥം. തെറ്റു ചെയ്യുക എന്നാൽ അവന്റെ നിയമങ്ങളെ ലംഘിക്കുകയും തത്ത്വങ്ങളെ അവഗണിക്കുകയും ചെയ്യുക എന്നും.
നിത്യജീവൻ, സ്വാതന്ത്ര്യം, സംതൃപ്തി, സന്തുഷ്ടി, ആരോഗ്യം, സമാധാനം, സമൃദ്ധി, പുതിയ കാര്യങ്ങൾ കണ്ടെത്താനുള്ള അവസരം എന്നിങ്ങനെ മനുഷ്യവർഗത്തിന് ആഗ്രഹിക്കാൻ കഴിയുന്ന സകലവും ദൈവം വെച്ചുനീട്ടിയിട്ടുണ്ട്, ഇപ്പോഴും വെച്ചുനീട്ടുന്നു. എന്നാൽ ഇതെല്ലാം ആസ്വദിക്കണമെങ്കിൽ, നാം സ്വർഗീയ പിതാവായ യഹോവയിൽ പൂർണമായി ആശ്രയിക്കേണ്ടതുണ്ട്.—സഭാപ്രസംഗി 3:10-13; യെശയ്യാവു 55:6-13.
[26-ാം പേജിലെ പെട്ടി/ചിത്രം]
ആദാമും ഹവ്വായും—വെറും കൽപ്പിത കഥാപാത്രങ്ങളോ?
പാപത്താൽ നഷ്ടമായ ഒരു ആദിമ പറുദീസയെ കുറിച്ചുള്ള വിശ്വാസം പുരാതന കാലത്തെ ബാബിലോണിയരുടെയും അസീറിയക്കാരുടെയും ഈജിപ്തുകാരുടെയും മറ്റുള്ളവരുടെയും ഇടയിൽ പ്രചരിച്ചിരുന്നു. ഒരു ജീവവൃക്ഷത്തെ കുറിച്ചും തിന്നുന്നവർക്ക് നിത്യജീവൻ നൽകുന്ന അതിന്റെ ഫലത്തെ കുറിച്ചുമുള്ള പരാമർശം മിക്ക വിവരണങ്ങളിലും കാണാം. ഏദെനിൽ ഉണ്ടായ ദാരുണമായ സംഭവത്തെ മനുഷ്യവർഗം ഓർമിക്കുന്നു എന്നതിന്റെ തെളിവാണിവ.
ആദാമിനെയും ഹവ്വായെയും കുറിച്ചുള്ള ബൈബിൾ വിവരണത്തെ വെറും കെട്ടുകഥയായി പലരും തള്ളിക്കളയുന്നു. എന്നിരുന്നാലും, മാനവരാശി ഒരു പൊതു ഉത്ഭവമുള്ള ഏക കുടുംബമാണെന്ന് മിക്ക ശാസ്ത്രജ്ഞരും സമ്മതിക്കുന്നു. ഒരു പൊതുപൂർവികൻ ചെയ്ത തെറ്റിന്റെ ഫലങ്ങൾ മനുഷ്യവർഗത്തിലേക്കു വ്യാപിച്ചു എന്നതിനെ നിഷേധിക്കാനാവില്ലെന്ന് അനേകം ദൈവശാസ്ത്രജ്ഞന്മാരും കണ്ടെത്തുന്നു. മനുഷ്യൻ ഉത്ഭവിച്ചത് ഒന്നിലധികം ഉറവുകളിൽനിന്നാണെന്നു വിശ്വസിക്കുന്നവർ, അനേകം പൂർവപിതാക്കന്മാർ ആദ്യപാപം ചെയ്തെന്നു പറയാൻ നിർബന്ധിതരാകും. തന്നെയുമല്ല, “ഒടുക്കത്തെ ആദാം” ആയ ക്രിസ്തു മനുഷ്യവർഗത്തെ വീണ്ടെടുത്തു എന്ന വസ്തുതയെ നിഷേധിക്കാനും അവർ നിർബന്ധിതരാകും. എന്നാൽ യേശുവിനും അവന്റെ ശിഷ്യന്മാർക്കും അത്തരമൊരു ധർമസങ്കടം ഉണ്ടായിരുന്നില്ല. ഉത്പത്തിയിലെ വിവരണം വസ്തുനിഷ്ഠമാണെന്ന് അവർ തിരിച്ചറിഞ്ഞിരുന്നു.—1 കൊരിന്ത്യർ 15:22, 45; ഉല്പത്തി 1:27; 2:24; മത്തായി 19:4, 5; റോമർ 5:12-19.