അവർ “അങ്ങനെ തന്നേ ചെയ്തു”
“അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം.”—1 യോഹന്നാൻ 5:3.
1. ദൈവസ്നേഹത്തിന്റെ വ്യാപ്തിയെക്കുറിച്ച് എന്തു പറയാനാവും?
“ദൈവം സ്നേഹം തന്നേ.” ദൈവത്തെ അറിയാനിടവരികയും അവന്റെ കൽപ്പനകൾ അനുസരിക്കുകയും ചെയ്യുന്ന എല്ലാവർക്കും ആ സ്നേഹത്തിന്റെ ആഴത്തോട് അഗാധമായ വിലമതിപ്പ് ഉണ്ടാകുന്നു. “നാം ദൈവത്തെ സ്നേഹിച്ചതല്ല, അവൻ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കു പ്രായ്ശ്ചിത്തം ആകുവാൻ അയച്ചതുതന്നേ സാക്ഷാൽ സ്നേഹം ആകുന്നു.” നാം യേശുവിന്റെ അമൂല്യമായ മറുവില യാഗത്തിൽ വിശ്വാസം പ്രകടമാക്കുമ്പോൾ, നാം ‘ദൈവസ്നേഹത്തിൽ വസിക്കുന്നു.’ (1 യോഹന്നാൻ 4:8-10, 16) അങ്ങനെ ഇപ്പോഴും വരാനിരിക്കുന്ന വ്യവസ്ഥിതിയിലും നാം ആത്മീയ അനുഗ്രഹങ്ങളുടെ ഒരു സമൃദ്ധി, നിത്യജീവൻതന്നെ, ആസ്വദിച്ചേക്കാം.—യോഹന്നാൻ 17:3; 1 യോഹന്നാൻ 2:15, 17.
2. ദൈവകൽപ്പനകൾ പ്രമാണിച്ചത് അവന്റെ ദാസന്മാർക്കു പ്രയോജനം ചെയ്തിരിക്കുന്നതെങ്ങനെ?
2 ദൈവത്തിന്റെ കൽപ്പനകൾ അനുസരിച്ചതിന്റെ ഫലമായി സമൃദ്ധമായ അനുഗ്രഹങ്ങൾ നേടിയവരുടെ ദൃഷ്ടാന്തങ്ങൾ ബൈബിൾ വിവരണങ്ങളിൽ അനവധിയുണ്ട്. ക്രിസ്തീയ-പൂർവ സാക്ഷികളും ഇതിലുൾപ്പെടുന്നുണ്ട്. അവരെക്കുറിച്ചു പൗലോസ് അപ്പോസ്തലൻ എഴുതി: “ഇവർ എല്ലാവരും വാഗ്ദത്തനിവൃത്തി പ്രാപിക്കാതെ ദൂരത്തുനിന്നു അതു കണ്ടു അഭിവന്ദിച്ചും ഭൂമിയിൽ തങ്ങൾ അന്യരും പരദേശികളും എന്നു ഏറ്റുപറഞ്ഞുകൊണ്ടു വിശ്വാസത്തിൽ മരിച്ചു.” (എബ്രായർ 11:13) പിൽക്കാലത്ത്, ‘യേശു മുഖാന്തരം വന്ന കൃപയിൽനിന്നും സത്യത്തിൽനിന്നും’ ദൈവത്തിന്റെ അർപ്പിതരായ ക്രിസ്തീയ ദാസന്മാർക്കു പ്രയോജനമുണ്ടായി. (യോഹന്നാൻ 1:17) ഏതാണ്ട് 6,000 വർഷത്തെ മനുഷ്യചരിത്രത്തിൽ ഉടനീളം, വാസ്തവത്തിൽ “ഭാരമുള്ളവയല്ലാ”ത്ത, യഹോവയുടെ കൽപ്പനകൾ അനുസരിച്ചുനടന്ന വിശ്വസ്ത സാക്ഷികൾക്ക് അവൻ പ്രതിഫലം നൽകിയിട്ടുണ്ട്.—1 യോഹന്നാൻ 5:2, 3.
നോഹയുടെ നാളുകളിൽ
3. ഏതെല്ലാം വിധങ്ങളിലാണു നോഹ “അങ്ങനെ തന്നേ” ചെയ്തത്?
3 ബൈബിൾ രേഖ ഇങ്ങനെ പ്രസ്താവിക്കുന്നു: “വിശ്വാസത്താൽ നോഹ അതുവരെ കാണാത്തവയെക്കുറിച്ചു അരുളപ്പാടുണ്ടായിട്ടു ഭയഭക്തി പൂണ്ടു തന്റെ കുടുംബത്തിന്റെ രക്ഷെക്കായിട്ടു ഒരു പെട്ടകം തീർത്തു; അതിനാൽ അവൻ ലോകത്തെ കുറ്റംവിധിച്ചു വിശ്വാസത്താലുള്ള നീതിക്കു അവകാശിയായിത്തീർന്നു.” “നീതിപ്രസംഗി” എന്നനിലയിൽ, പ്രളയത്തിനുമുമ്പുള്ള അക്രമാസക്തമായ ലോകത്തിന് ആസന്നമായിരുന്ന ദിവ്യന്യായവിധിയെക്കുറിച്ചു മുന്നറിയിപ്പു നൽകിക്കൊണ്ട് നോഹ ദൈവത്തെ പൂർണമായി അനുസരിച്ചു. (എബ്രായർ 11:7; 2 പത്രൊസ് 2:5) പെട്ടകനിർമാണത്തിൽ, ദൈവം കൊടുത്ത അടിസ്ഥാനരേഖ അവൻ ശ്രദ്ധാപൂർവം പിൻപറ്റി. പിന്നെ, തിരഞ്ഞെടുക്കാൻ പറഞ്ഞിരുന്ന മൃഗങ്ങളും, കൂടാതെ ഭക്ഷണസാധനങ്ങളും അവൻ കൊണ്ടുവന്നു. “ദൈവം തന്നോടു കല്പിച്ചതൊക്കെയും നോഹ ചെയ്തു. അങ്ങനെ തന്നേ അവൻ ചെയ്തു.”—ഉല്പത്തി 6:22.
4, 5. (എ) മനുഷ്യവർഗത്തെ ഇന്നുവരെയും ഒരു കൊടിയ ദുഷ്ട സ്വാധീനം ബാധിച്ചിരിക്കുന്നതെങ്ങനെ? (ബി) ദിവ്യ പ്രബോധനങ്ങൾ അനുസരിക്കുന്നതിൽ നാം “അങ്ങനെ തന്നേ” ചെയ്യേണ്ടത് എന്തുകൊണ്ട്?
4 നോഹയ്ക്കും അവന്റെ കുടുംബത്തിനും അനുസരണംകെട്ട ദൂതന്മാരുടെ കൊടിയ ദുഷ്ടസ്വാധീനത്തോടു പോരാടേണ്ടതുണ്ടായിരുന്നു. ജഡശരീരം ധരിച്ച് ദാമ്പത്യഭാവത്തിൽ സ്ത്രീകളോടൊത്തു ജീവിച്ച ആ ദൈവപുത്രന്മാർ അമാനുഷ സങ്കരസന്താനങ്ങളെ ഉളവാക്കി. അവർ മനുഷ്യവർഗത്തോടു ക്രൂരമായി പെരുമാറി. “ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു.” ആ ദുഷ്ട തലമുറയെ തുടച്ചുനീക്കാൻ യഹോവ പ്രളയം വരുത്തി. (ഉല്പത്തി 6:4, 11-17; 7:1) നോഹയുടെ നാൾമുതൽ ഭൂതദൂതന്മാർക്ക് മനുഷ്യരൂപത്തിൽ ജഡശരീരം ധരിക്കാൻ അനുവാദമില്ല. എന്നിരുന്നാലും, ‘സർവലോകവും’ പിശാചായ സാത്താൻ എന്ന ‘ദുഷ്ടന്റെ അധീനതയിൽ തുടരുകയാണ്.’ (1 യോഹന്നാൻ 5:19; വെളിപ്പാടു 12:9) പ്രാവചനികമായി, 1914-ൽ യേശുവിന്റെ “സാന്നിധ്യ”ത്തിന്റെ അടയാളം വ്യക്തമാകാൻ തുടങ്ങിയശേഷം അവനെ നിരാകരിക്കുന്ന മനുഷ്യവർഗ തലമുറയെ അവൻ താരതമ്യപ്പെടുത്തിയത് നോഹയുടെ നാളിലെ ആ മത്സരികളായ തലമുറയോടാണ്.—മത്തായി 24:3, 34, 37-39, NW; ലൂക്കൊസ് 17:26, 27.
5 നോഹയുടെ നാളിലേതുപോലെ, ഇന്നു സാത്താൻ മനുഷ്യവർഗത്തെയും നമ്മുടെ ഗ്രഹത്തെയും നശിപ്പിക്കാൻ ശ്രമിക്കുകയാണ്. (വെളിപ്പാടു 11:15-18) അതുകൊണ്ട് നാം ഈ നിശ്വസ്ത കൽപ്പന അനുസരിക്കണമെന്നത് അടിയന്തിരമാണ്: “പിശാചിന്റെ തന്ത്രങ്ങളോടു എതിർത്തുനില്പാൻ കഴിയേണ്ടതിന്നു ദൈവത്തിന്റെ സർവായുധവർഗം ധരിച്ചുകൊൾവിൻ.” (എഫേസ്യർ 6:11, NW, അടിക്കുറിപ്പ്) ദൈവവചനം പഠിച്ച് അതു നമ്മുടെ ജീവിതത്തിൽ ബാധകമാക്കുമ്പോൾ ഇക്കാര്യത്തിൽ നാം കരുത്തരായിത്തീരുന്നു. കൂടാതെ, യഹോവയുടെ കരുതലുള്ള സ്ഥാപനം നമുക്കുണ്ട്. നാം പോകേണ്ടുന്ന വഴിയിൽ നമുക്കുവേണ്ടി ക്ഷമാപുരസ്സരം ഇടയവേല ചെയ്യാൻ “വിശ്വസ്തനും വിവേകിയുമായ” അഭിഷിക്ത “അടിമ”യും സ്നേഹസമ്പന്നരായ മൂപ്പന്മാരും പ്രസ്തുത സ്ഥാപനത്തിനുണ്ട്. നമുക്ക് ഒരു ആഗോള പ്രസംഗവേല ചെയ്തുതീർക്കാനുണ്ട്. (മത്തായി 24:14, 45-47, NW) ശ്രദ്ധാപൂർവം ദിവ്യ നിർദേശങ്ങൾ അനുസരിച്ച നോഹയെപ്പോലെ, നാമും എല്ലായ്പോഴും “അങ്ങനെ തന്നേ” ചെയ്യുമാറാകട്ടെ.
മോശ—മനുഷ്യരിൽ ഏറ്റവും സൗമ്യൻ
6, 7. (എ) മോശ പ്രതിഫലദായകമായ ഏതു തിരഞ്ഞെടുപ്പു നടത്തി? (ബി) മോശ നമുക്കുവേണ്ടി ഏതു ധീര മാതൃക വെച്ചിരിക്കുന്നു?
6 വിശ്വാസമുണ്ടായിരുന്ന മറ്റൊരു മനുഷ്യനെക്കുറിച്ചു പരിചിന്തിക്കുക—മോശ. ഈജിപ്തിന്റെ ആഡംബരങ്ങൾക്കു നടുവിൽ ഭോഗാസക്തമായ ഒരു ജീവിതം അവന് ആസ്വദിക്കാമായിരുന്നു. എന്നാൽ “പാപത്തിന്റെ തല്ക്കാലഭോഗത്തെക്കാളും ദൈവജനത്തോടുകൂടെ കഷ്ടമനുഭവിക്കാ”നാണ് അവൻ തിരഞ്ഞെടുത്തത്. യഹോവയുടെ നിയുക്ത ദാസൻ എന്നനിലയിൽ, “അവൻ പ്രതിഫലലബ്ധിയിലേക്ക് ഉറ്റുനോക്കി അദൃശനായവനെ കണ്ടപോലെ ഉറച്ചുനിൽക്കുന്നതിൽ തുടർന്നു.”—എബ്രായർ 11:23-28, NW.
7 സംഖ്യാപുസ്തകം 12:3-ൽ നാം ഇങ്ങനെ വായിക്കുന്നു: “മോശെ എന്ന പുരുഷനോ ഭൂതലത്തിൽ ഉള്ള സകലമനുഷ്യരിലും അതിസൌമ്യനായിരുന്നു.” അതിനു വിപരീതമായി, ഈജിപ്തിലെ ഫറവോൻ സകല മനുഷ്യരിലും ഏറ്റവും അഹങ്കാരിയെപ്പോലെ പ്രവർത്തിച്ചു. ഫറവോന്റെമേൽ തന്റെ ന്യായവിധി പ്രഖ്യാപിക്കാൻ യഹോവ മോശയോടും അഹരോനോടും കൽപ്പിച്ചപ്പോൾ, അവർ എങ്ങനെ പ്രതികരിച്ചു? “മോശെയും അഹരോനും യഹോവ തങ്ങളോടു കല്പിച്ചതുപോലെ ചെയ്തു. അവർ അങ്ങനെ തന്നേ ചെയ്തു” എന്നു നമ്മോടു പറയുന്നു. (പുറപ്പാടു 7:4-7) ഇന്നു ദൈവത്തിന്റെ ന്യായവിധികൾ പ്രഖ്യാപിക്കുന്ന നമുക്ക് എന്തൊരു ധീരമാതൃക!
8. “അങ്ങനെ തന്നേ” ചെയ്യാൻ ഇസ്രായേലിനോട് ആവശ്യപ്പെട്ടിരുന്നതെങ്ങനെ, അനന്തരഫലമായുണ്ടായ ആഹ്ലാദത്തിന്റെ സമാന്തരം സമീപഭാവിയിൽ ഉണ്ടാകാൻ പോകുന്നതെങ്ങനെ?
8 ഇസ്രായേല്യർ മോശയെ വിശ്വസ്തതയോടെ പിന്തുണച്ചുവോ? പത്തു ബാധകളിൽ ഒമ്പതു ബാധകളാൽ ഈജിപ്തിനെ ദണ്ഡിപ്പിച്ചശേഷം, യഹോവ ഇസ്രായേലിനു പെസഹാ ആഘോഷിക്കുന്നതു സംബന്ധിച്ചു വിശദമായ നിർദേശങ്ങൾ കൊടുത്തു. “അപ്പോൾ ജനം കുമ്പിട്ടു നമസ്കരിച്ചു. യിസ്രായേൽമക്കൾ പോയി അങ്ങനെ ചെയ്തു. യഹോവ മോശെയോടും അഹരോനോടും കല്പിച്ചതുപോലെ തന്നേ അവർ ചെയ്തു.” (പുറപ്പാടു 12:27, 28) സംഭവബഹുലമായ ആ ദിവസം അർധരാത്രി, അതായത് പൊ.യു.മു. (പൊതുയുഗത്തിനുമുമ്പ്) 1513 നീസാൻ 14-ാം തീയതി, ദൈവത്തിന്റെ ദൂതൻ ഈജിപ്തിലെ എല്ലാ ആദ്യജാതന്മാരെയും വധിക്കാൻ തുടങ്ങി, എന്നാൽ ആ ദൂതൻ ഇസ്രായേൽ ഭവനങ്ങളിൽ പ്രവേശിക്കാതെ കടന്നുപോയി. ഇസ്രായേല്യ ആദ്യജാതരെ ഒഴിവാക്കിയത് എന്തുകൊണ്ടായിരുന്നു? അവരുടെ വാതിലിൽ തളിച്ചിരുന്ന പെസഹാകുഞ്ഞാടിന്റെ രക്തം അവർക്കു സംരക്ഷണമായി എന്നതുതന്നെ കാരണം. മോശയോടും അഹരോനോടും യഹോവ കൽപ്പിച്ചിരുന്നത് അവർ അങ്ങനെതന്നെ ചെയ്തിരുന്നു. അതേ, “അവർ അങ്ങനെതന്നെ ചെയ്തു.” (പുറപ്പാട് 12:50, 51, NW) ചെങ്കടലിൽവെച്ച്, അനുസരണമുള്ള തന്റെ ജനത്തെ രക്ഷിക്കുന്നതിനു യഹോവ, ഫറവോനെയും അവന്റെ ശക്തമായ സൈന്യത്തെയും നശിപ്പിച്ചുകൊണ്ട്, വേറൊരു അത്ഭുതം പ്രവർത്തിച്ചു. എന്തൊരു ആഹ്ലാദമായിരുന്നു ഇസ്രായേല്യർക്ക്! അതുപോലെ ഇന്ന്, യഹോവയുടെ കൽപ്പനകൾ അനുസരിച്ചിരിക്കുന്ന അനേകർ അർമഗെദോനിൽ അവന്റെ സംസ്ഥാപനത്തിനു ദൃക്സാക്ഷികളായിരിക്കുന്നതിൽ ആഹ്ലാദിക്കും.—പുറപ്പാടു 15:1, 2; വെളിപ്പാടു 15:3, 4.
9. സമാഗമനകൂടാരത്തോടുള്ള ബന്ധത്തിൽ ഇസ്രായേൽ “അങ്ങനെ തന്നേ” ചെയ്തതിനാൽ ആധുനികനാളിലെ എന്തെല്ലാം പദവികൾ മുൻനിഴലാക്കപ്പെട്ടു?
9 സംഭാവന പിരിച്ചെടുത്തു മരുഭൂമിയിൽ ഒരു സമാഗമനകൂടാരം പണിയാൻ യഹോവ ഇസ്രായേലിനോടു കൽപ്പിച്ചപ്പോൾ, ജനം അതിനെ അകമഴിഞ്ഞു പിന്തുണച്ചു. പിന്നെ, യഹോവ പ്രദാനം ചെയ്ത ശില്പശാസ്ത്രപരമായ പ്ലാനുകൾക്കനുസൃതമായി പ്രവർത്തിക്കുന്നതിൽ മോശയും മനസ്സൊരുക്കമുള്ള സഹപ്രവർത്തകരും അങ്ങേയറ്റം നിസ്സാരമായ വിശദാംശങ്ങൾ വരെ ശ്രദ്ധിച്ചുനിറവേറ്റി. “ഇങ്ങനെ സമാഗമനകൂടാരമെന്ന തിരുനിവാസത്തിന്റെ പണി ഒക്കെയും തീർന്നു; യഹോവ മോശെയോടു കല്പിച്ചതുപോലെ ഒക്കെയും യിസ്രായേൽമക്കൾ ചെയ്തു. അങ്ങനെ തന്നേ അവർ ചെയ്തു.” അതുപോലെ, പൗരോഹിത്യത്തിന്റെ ഉദ്ഘാടനം നടന്നപ്പോൾ, “മോശെ അങ്ങനെ ചെയ്തു; യഹോവ തന്നോടു കല്പിച്ചതുപോലെ ഒക്കെയും അവൻ ചെയ്തു.” (പുറപ്പാടു 39:32; 40:16) ആധുനിക നാളിൽ, പ്രസംഗവേലയെയും രാജ്യവ്യാപന പരിപാടികളെയും മുഴുഹൃദയത്തോടെ പിന്തുണയ്ക്കുന്നതിനുള്ള അവസരം നമുക്കുണ്ട്. അതിനാൽ, “അങ്ങനെ തന്നേ” ചെയ്യുന്നതിൽ ഏകീകൃതരാകുകയെന്നതു നമ്മുടെ പദവിയാണ്.
യോശുവ—ധൈര്യശാലിയും വളരെ ശക്തനും
10, 11. (എ) യോശുവയെ വിജയത്തിനു സജ്ജനാക്കിയത് എന്തായിരുന്നു? (ബി) ആധുനിക നാളിലെ പരിശോധനകളെ നേരിടാൻ നമുക്കെങ്ങനെ ബലിഷ്ഠരാകാം?
10 വാഗ്ദത്ത ദേശത്തേക്ക് ഇസ്രായേല്യരെ നയിക്കാൻ മോശ യോശുവയെ നിയോഗിച്ചപ്പോൾ, സാധ്യതയനുസരിച്ച് യഹോവയുടെ എഴുതപ്പെട്ട നിശ്വസ്ത വചനമായി ഉണ്ടായിരുന്നതു മോശയുടെ അഞ്ചു പുസ്തകങ്ങളും ഒന്നോ രണ്ടോ സങ്കീർത്തനങ്ങളും ഇയ്യോബിന്റെ പുസ്തകവും മാത്രമായിരിക്കാം. ആളുകൾ വാഗ്ദത്ത ദേശത്ത് എത്തുമ്പോൾ അവരെ കൂട്ടിവരുത്തി “ഈ ന്യായപ്രമാണം എല്ലായിസ്രായേല്യരും കേൾക്കെ അവരുടെ മുമ്പാകെ വായി”ക്കണമെന്നു മോശ യോശുവക്കു നിർദേശം കൊടുത്തിരുന്നു. (ആവർത്തനപുസ്തകം 31:10-12) കൂടാതെ, യഹോവതന്നെ യോശുവയോട് ഇപ്രകാരം കൽപ്പിച്ചിരുന്നു: “ഈ ന്യായപ്രമാണപുസ്തകത്തിലുള്ളതു നിന്റെ വായിൽനിന്നു നീങ്ങിപ്പോകരുതു; അതിൽ എഴുതിയിരിക്കുന്നതുപോലെ ഒക്കെയും പ്രമാണിച്ചുനടക്കേണ്ടതിന്നു നീ രാവും പകലും അതു ധ്യാനിച്ചുകൊണ്ടിരിക്കേണം; എന്നാൽ നിന്റെ പ്രവൃത്തി സാധിക്കും; നീ കൃതാർത്ഥനായും ഇരിക്കും.”—യോശുവ 1:8.
11 യഹോവയുടെ ‘പുസ്തകം’ ദിവസേന വായിച്ചത് ഭാവി പരിശോധനകളെ നേരിടാൻ യോശുവയെ സജ്ജനാക്കി. അതുപോലെ, യഹോവയുടെ വചനമായ ബൈബിൾ ദിവസേന വായിക്കുന്നത് ഈ ദുർഘടമായ “അന്ത്യകാല”ത്തെ പരിശോധനകളെ നേരിടാൻ അവന്റെ ആധുനികകാല സാക്ഷികളെ ശക്തരാക്കുന്നു. (2 തിമൊഥെയൊസ് 3:1) അക്രമാസക്തമായിരിക്കുന്ന ഒരു ലോകത്താൽ നാം ചുറ്റപ്പെട്ടിരിക്കുന്നതിനാൽ, യോശുവയ്ക്കു ദൈവം കൊടുത്ത ആ അനുശാസനം നമുക്കും ഗൗരവമായിട്ടെടുക്കാം: “നിന്റെ ദൈവമായ യഹോവ നീ പോകുന്നേടത്തൊക്കെയും നിന്നോടുകൂടെ ഉള്ളതുകൊണ്ടു ഉറപ്പും ധൈര്യവുമുള്ളവനായിരിക്ക. ഭയപ്പെടരുതു, ഭ്രമിക്കയും അരുതു.” (യോശുവ 1:9) കനാൻ പിടിച്ചടക്കിയശേഷം, തങ്ങളുടെ അവകാശം കൈവശപ്പെടുത്തിയപ്പോൾ ഇസ്രായേൽ ഗോത്രത്തിനു സമൃദ്ധമായ പ്രതിഫലം ലഭിച്ചു. “യഹോവ മോശെയോടു കല്പിച്ചതുപോലെ തന്നേ യിസ്രായേൽമക്കൾ അനുസരിച്ചു.” (യോശുവ 14:5) ഇന്നു ദൈവവചനം വായിച്ച്, അതു നമ്മുടെ ജീവിതത്തിൽ ബാധകമാക്കി, അനുസരണയോടെ “അങ്ങനെ തന്നേ” ചെയ്യുന്ന നമുക്കെല്ലാവർക്കും ലഭിക്കാനിരിക്കുന്നതും അതുപോലൊരു പ്രതിഫലംതന്നെ.
രാജാക്കന്മാർ—വിശ്വസ്തരും അനുസരണംകെട്ടവരും
12. (എ) ഇസ്രായേലിലെ രാജാക്കന്മാർക്ക് ഏതു കൽപ്പന നൽകിയിരുന്നു? (ബി) രാജാവ് അനുസരിക്കാൻ പരാജയപ്പെട്ടത് എന്തിൽ കലാശിച്ചു?
12 ഇസ്രായേലിലെ രാജാക്കന്മാരുടെ കാര്യമോ? യഹോവ രാജാക്കന്മാർക്ക് ഈ നിബന്ധന വെച്ചിരുന്നു: “അവൻ തന്റെ രാജാസനത്തിൽ ഇരിക്കുമ്പോൾ ലേവ്യരായ പുരോഹിതന്മാരുടെ പക്കൽനിന്നു ഈ ന്യായപ്രമാണം വാങ്ങി അതിന്റെ ഒരു പകർപ്പു ഒരു പുസ്തകത്തിൽ എഴുതി എടുക്കേണം. ഈ ന്യായപ്രമാണത്തിലെ സകലവചനങ്ങളും ചട്ടങ്ങളും അവൻ പ്രമാണിച്ചുനടന്നു തന്റെ ദൈവമായ യഹോവയെ ഭയപ്പെടുവാൻ പഠിക്കേണ്ടതിന്നു അതു അവന്റെ കൈവശം ഇരിക്ക”ണം. (ആവർത്തനപുസ്തകം 17:18, 19) ഇസ്രായേലിലെ രാജാക്കന്മാർ ആ കൽപ്പന അനുസരിച്ചോ? അവരിൽ മിക്കവരും ദയനീയമായി പരാജയപ്പെട്ടു. അങ്ങനെ അവർക്ക് ആവർത്തനപുസ്തകം 28:15-68-ൽ മുൻകൂട്ടിപ്പറഞ്ഞിരുന്ന ശാപങ്ങൾ അനുഭവിക്കേണ്ടിവന്നു. അവസാനം ഇസ്രായേൽ “ഭൂമിയുടെ ഒരറ്റംമുതൽ മറ്റെ അറ്റംവരെ” ചിതറിക്കപ്പെട്ടു.
13. ദാവീദിനെപ്പോലെ, യഹോവയുടെ വചനത്തോടു മമത കാട്ടുന്നതിനാൽ, നാം എങ്ങനെ പ്രയോജനം നേടിയേക്കാം?
13 എന്നിരുന്നാലും, ദാവീദ്—ഇസ്രായേലിലെ ആദ്യത്തെ വിശ്വസ്ത മനുഷ്യ രാജാവ്—യഹോവയോട് അസാധാരണമായ ഭക്തി കാട്ടി. അവൻ “യെഹൂദാഗോത്രത്തിലെ സിംഹവും ദാവീദിന്റെ വേരുമായവ”നുമായ ജയിച്ചടക്കുന്ന യേശുക്രിസ്തുവിനെ മുൻനിഴലാക്കിക്കൊണ്ട് ‘യഹൂദായിലെ ഒരു ബാലസിംഹ’മാണെന്നു തെളിഞ്ഞു. (ഉല്പത്തി 49:8, 9; വെളിപ്പാടു 5:5) എവിടെയായിരുന്നു ദാവീദിന്റെ ശക്തി സ്ഥിതിചെയ്തിരുന്നത്? യഹോവയുടെ എഴുതപ്പെട്ട വചനത്തോട് അവന് ആഴമായ വിലമതിപ്പുണ്ടായിരുന്നു. അവൻ അതിൻപ്രകാരം ജീവിച്ചു. “ദാവീദിന്റെ ഒരു സങ്കീർത്തന”മായ സങ്കീർത്തനം 19-ൽ, “യഹോവയുടെ ന്യായപ്രമാണം തികവുള്ളതു” എന്നു നാം വായിക്കുന്നു. യഹോവയുടെ ഓർമിപ്പിക്കൽ, ശാസനങ്ങൾ, കൽപ്പന, നീതിന്യായ തീർപ്പുകൾ എന്നിവ പരാമർശിച്ചശേഷം, ദാവീദ് തുടർന്നിങ്ങനെ പ്രസ്താവിക്കുന്നു: “അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ. അടിയനും അവയാൽ പ്രബോധനം ലഭിക്കുന്നു. അവയെ പ്രമാണിക്കുന്നതിനാൽ വളരെ പ്രതിഫലം ഉണ്ട്.” (സങ്കീർത്തനം 19:7-11) ദിവസേന യഹോവയുടെ വചനം വായിച്ച് അതിനെക്കുറിച്ചു ധ്യാനിക്കുന്നതു 3,000 വർഷങ്ങൾക്കുമുമ്പ് പ്രതിഫലദായകമായിരുന്നെങ്കിൽ, ഇന്ന് അത് എത്രയധികം പ്രതിഫലദായകമായിരിക്കും!—സങ്കീർത്തനം 1:1-3; 13:6; 119:72, 97, 111.
14. പരിജ്ഞാനത്തെക്കാൾ കൂടുതൽ ആവശ്യമായിരിക്കുന്നുവെന്നു ശലോമോന്റെ ജീവിതഗതി ഏതുവിധത്തിൽ പ്രകടമാക്കുന്നു?
14 എന്നാൽ, കേവലം അറിവു നേടുന്നതു മതിയായിരിക്കുന്നില്ല. ആ അറിവ് അനുസരിച്ചു പ്രവർത്തിക്കുന്നത്, ദിവ്യേഷ്ടപ്രകാരം അതു ബാധകമാക്കുന്നത്—അതേ “അങ്ങനെ തന്നേ” ചെയ്യുന്നത്, ദൈവദാസന്മാർക്ക് അത്യന്താപേക്ഷിതമാണ്. ഇതു ദാവീദിന്റെ പുത്രനായ ശലോമോന്റെ കാര്യത്തിൽ ദൃഷ്ടാന്തീകരിക്കാവുന്നതാണ്. “യിസ്രായേലിൽ യഹോവയുടെ രാജത്വത്തിന്റെ സിംഹാസനത്തിൽ ഇരിക്കാൻ” ശലോമോനെ തിരഞ്ഞെടുത്തതു യഹോവയായിരുന്നു. ദാവീദിന് “നിശ്വസ്തതയാൽ” ലഭിച്ച വാസ്തുശില്പ പ്ലാനുകൾ ഉപയോഗിച്ച് ആലയം നിർമിക്കാനുള്ള നിയോഗം ശലോമോനു ലഭിച്ചു. (1 ദിനവൃത്താന്തം 28:5, 11-13, NW) ശലോമോന് ഈ ബൃഹത്തായ വേല എങ്ങനെ പൂർത്തീകരിക്കാൻ കഴിയുമായിരുന്നു? പ്രാർഥനയ്ക്കുള്ള ഉത്തരമായി യഹോവ അവനു ജ്ഞാനവും അറിവും നൽകി. ഇവ ലഭിച്ചതുകൊണ്ടും ദൈവികമായി നൽകപ്പെട്ട പ്ലാനുകളോടു പറ്റിനിന്നതുകൊണ്ടും ശലോമോനു യഹോവയുടെ മഹത്ത്വംകൊണ്ടു നിറയാനിടയായ ആ രമണീയ ആലയം നിർമിക്കാൻ കഴിഞ്ഞു. (2 ദിനവൃത്താന്തം 7:2, 3) എന്നിരുന്നാലും, പിൽക്കാലത്ത് ശലോമോൻ പരാജയപ്പെട്ടു. ഏതു കാര്യത്തിൽ? ഇസ്രായേലിലെ രാജാവിനെക്കുറിച്ച് യഹോവയുടെ ന്യായപ്രമാണം ഇപ്രകാരം പ്രസ്താവിച്ചിരുന്നു: “അവന്റെ ഹൃദയം മറിഞ്ഞുപോകാതിരിപ്പാൻ അനേകം ഭാര്യമാരെ അവൻ എടുക്കരുതു.” (ആവർത്തനപുസ്തകം 17:17) എന്നിട്ടും ശലോമോനു “എഴുന്നൂറു കുലീനപത്നികളും മുന്നൂറു വെപ്പാട്ടികളും ഉണ്ടായിരുന്നു; അവന്റെ ഭാര്യമാർ . . . അവന്റെ ഹൃദയത്തെ അന്യദേവൻമാരിലേക്കു വശീകരിച്ചു.” അങ്ങനെ പിൽക്കാല വർഷങ്ങളിൽ, “അങ്ങനെ തന്നേ” ചെയ്യുന്നതിൽനിന്നു ശലോമോൻ പിന്തിരിഞ്ഞു.—1 രാജാക്കന്മാർ 11:3, 4; നെഹെമ്യാവു 13:26.
15. യോശിയാവ് “അങ്ങനെ തന്നേ” ചെയ്തതെങ്ങനെ?
15 അനുസരണമുള്ള രാജാക്കന്മാരായി യഹൂദ്യയിൽ വളരെക്കുറച്ചു പേരെ ഉണ്ടായിരുന്നുള്ളു. അക്കൂട്ടത്തിൽ അവസാനത്തേതു യോശിയാവായിരുന്നു. പൊ.യു.മു. 648-ൽ, അവൻ രാജ്യത്തുനിന്നു വിഗ്രഹാരാധന തുടച്ചുനീക്കാനും യഹോവയുടെ ആലയത്തെ നവീകരിക്കാനും തുടങ്ങി. “യഹോവ മോശെമുഖാന്തരം കൊടുത്ത ന്യായപ്രമാണപുസ്തകം” മഹാപുരോഹിതൻ കണ്ടെത്തിയത് അവിടെയായിരുന്നു. ഇതു സംബന്ധിച്ച് യോശിയാവ് എന്തു ചെയ്തു? “രാജാവും സകലയെഹൂദാ പുരോഹിതന്മാരും യെരുശലേംനിവാസികളും പുരോഹിതന്മാരും ലേവ്യരും ആബാലവൃദ്ധം സർവ്വജനവും യഹോവയുടെ ആലയത്തിൽ ചെന്നു; അവൻ യഹോവയുടെ ആലയത്തിൽവെച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവരെ കേൾപ്പിച്ചു. രാജാവു തന്റെ സ്ഥാനത്തു നിന്നുകൊണ്ടു താൻ യഹോവയെ അനുസരിക്കയും അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ പ്രമാണിച്ചുനടക്കയും ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന നിയമത്തിന്റെ വചനങ്ങൾ ആചരിക്കയും ചെയ്യുമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമംചെയ്തു.” (2 ദിനവൃത്താന്തം 34:14, 30, 31) അതേ, യോശിയാവ് “അങ്ങനെ തന്നേ ചെയ്തു.” അദ്ദേഹം വിശ്വസ്ത ഗതി പിന്തുടർന്നതിന്റെ ഫലമായി, വിശ്വാസരഹിത യഹൂദയുടെമേലുള്ള തന്റെ ന്യായവിധിനിർവഹണം യഹോവ അദ്ദേഹത്തിന്റെ അനുസരണംകെട്ട പുത്രന്മാരുടെ നാളുകൾവരെ താമസിപ്പിച്ചു.
ദൈവവചനമനുസരിച്ചു ജീവിക്കൽ
16, 17. (എ) ഏതെല്ലാം വശങ്ങളിൽ നാം യേശുവിന്റെ കാൽച്ചുവടുകൾ പിന്തുടരണം? (ബി) നമുക്കു മാതൃകകൾ പ്രദാനം ചെയ്യുന്ന മറ്റു വിശ്വസ്ത ദൈവദാസന്മാർ ആരെല്ലാം?
16 ജീവിച്ചിരുന്നിട്ടുള്ള സകലരിലുംവെച്ച്, ദൈവവചനത്തെക്കുറിച്ചു ധ്യാനിച്ച് അതനുസരിച്ചു ജീവിച്ചതിന്റെ ഏറ്റവും ഉത്തമ ദൃഷ്ടാന്തം കർത്താവായ യേശുക്രിസ്തുവാണ്. ദൈവവചനം അവന് ആഹാരംപോലെയായിരുന്നു. (യോഹന്നാൻ 4:34) തന്റെ ശ്രോതാക്കളോട് അവൻ പറഞ്ഞു: “പിതാവു ചെയ്തു കാണുന്നതല്ലാതെ പുത്രന് സ്വന്തം ഇഷ്ടമനുസരിച്ച് ഒന്നും പ്രവർത്തിക്കാൻ സാധിക്കുകയില്ല. എന്നാൽ പിതാവു ചെയ്യുന്നതെല്ലാം അപ്രകാരം തന്നെ പുത്രനും ചെയ്യുന്നു.” (യോഹന്നാൻ 5:19, 30, പി.ഒ.സി. ബൈബിൾ; 7:28; 8:28, 42) “ഞാൻ എന്റെ ഇഷ്ടമല്ല, എന്നെ അയച്ചവന്റെ ഇഷ്ടമത്രേ ചെയ്യാൻ സ്വർഗ്ഗത്തിൽനിന്നു ഇറങ്ങിവന്നിരിക്കുന്നതു” എന്നു പ്രഖ്യാപിച്ചുകൊണ്ട് യേശു “അങ്ങനെ തന്നേ ചെയ്തു.” (യോഹന്നാൻ 6:38) യേശുവിന്റെ കാൽച്ചുവടുകൾ പിൻപറ്റിക്കൊണ്ട് ‘അങ്ങനെ തന്നേ ചെയ്യാനാ’ണു യഹോവയുടെ സമർപ്പിത സാക്ഷികളായ നമ്മോട് ആവശ്യപ്പെട്ടിരിക്കുന്നത്.—ലൂക്കൊസ് 9:23; 14:27; 1 പത്രൊസ് 2:21.
17 ദൈവേഷ്ടം ചെയ്യുന്നതു യേശുവിന്റെ മനസ്സിൽ എല്ലായ്പോഴും പരമപ്രാധാന്യമുള്ള സംഗതിയായിരുന്നു. ദൈവവചനവുമായി അവൻ പൂർണമായും പരിചിതനായിരുന്നു, അങ്ങനെ തിരുവെഴുത്തുപരമായ ഉത്തരങ്ങൾ കൊടുക്കാൻ അവൻ സജ്ജനായിരുന്നു. (മത്തായി 4:1-11; 12:24-31) ദൈവവചനത്തിനു നിരന്തര ശ്രദ്ധകൊടുത്തുകൊണ്ട്, “സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ” ആയിത്തീരാൻ നമുക്കും കഴിയും. (2 തിമൊഥെയൊസ് 3:16, 17) പുരാതന നാളിലെയും പിൽക്കാലത്തെയും യഹോവയുടെ വിശ്വസ്ത ദാസന്മാരുടെയും എല്ലാറ്റിലും ഉപരി, “ഞാൻ പിതാവിനെ സ്നേഹിക്കുന്നു എന്നും പിതാവു എന്നോടു കല്പിച്ചതുപോലെ ഞാൻ ചെയ്യുന്നു എന്നും ലോകം അറിയട്ടെ” എന്നു പറഞ്ഞ, നമ്മുടെ യജമാനനായ യേശുക്രിസ്തുവിന്റെയും മാതൃക നമുക്കു പിന്തുടരാം. (യോഹന്നാൻ 14:31) “അങ്ങനെ തന്നേ” ചെയ്യുന്നതിൽ തുടർന്നുകൊണ്ട് ദൈവത്തോടുള്ള നമ്മുടെ സ്നേഹം നമ്മളും പ്രകടിപ്പിക്കുമാറാകട്ടെ.—ലൂക്കൊസ് 12:29-31.
18. “വചനം പ്രവർത്തിക്കുന്നവർ ആയിത്തീരാ”ൻ നമ്മെ എന്തു പ്രചോദിപ്പിക്കണം, അടുത്തതായി എന്തു പരിചിന്തിക്കപ്പെടും?
18 ബൈബിൾ കാലങ്ങളിലെ ദൈവദാസന്മാരുടെ അനുസരണമുള്ള ഗതിയെക്കുറിച്ചു ധ്യാനിക്കുമ്പോൾ, സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയുടെ സമാപന നാളുകളിൽ വിശ്വസ്ത സേവനമനുഷ്ഠിക്കാൻ നമ്മൾ പ്രോത്സാഹിതരാകുന്നില്ലേ? (റോമർ 15:4-6) പിൻവരുന്ന ലേഖനം ചർച്ചചെയ്യുന്നതുപോലെ, പരിപൂർണ അർഥത്തിൽ “വചനം പ്രവർത്തിക്കുന്നവർ ആയിത്തീരാ”ൻ നാം തീർച്ചയായും പ്രചോദിതരായിത്തീരണം.—യാക്കോബ് 1:22.
നിങ്ങൾ ഓർക്കുന്നുവോ?
◻ “ദൈവസ്നേഹം” നമ്മെസംബന്ധിച്ച് എന്ത് അർഥമാക്കണം?
◻ നോഹ, മോശ, യോശുവ എന്നിവരുടെ മാതൃകകളിൽനിന്നു നാം എന്തു പഠിക്കുന്നു?
◻ ഇസ്രായേലിലെ രാജാക്കന്മാർ ദൈവത്തിന്റെ “വചനം” എത്രത്തോളം അനുസരിച്ചു?
◻ “അങ്ങനെ തന്നേ” ചെയ്യുന്നതിൽ യേശു നമ്മുടെ മാതൃകാപുരുഷനായിരിക്കുന്നതെങ്ങനെ?
15-ാം പേജിലെ ചിത്രം]
നോഹയും മോശയും യോശുവയും “അങ്ങനെ തന്നേ ചെയ്തു”