മതത്തിന്റെ ഭാവി അതിന്റെ കഴിഞ്ഞകാലത്തിന്റെ കാഴ്ചപ്പാടിൽ
ഭാഗം 2: പൊ. യു. മു. 2369-1943 ഒരു നായാട്ടുകാരൻ,ഒരു ഗോപുരം,പിന്നെ നിങ്ങളും!
“ഒരേയൊരു മതമേയുള്ളു,അതിന്റെ ഒരു നൂറ്വകഭേദങ്ങളുണ്ടെങ്കിലും.” ജോർജ്ജ് ബർണാഡ്ഷാ,ഐറിഷ് നാടക കൃത്ത് (1856-1950)
മനുഷ്യന്റെ സൃഷ്ടിയിങ്കലും, നോഹയുടെ നാളിലെ പ്രളയശേഷവും ഒരേയൊരു മതമേ ഉണ്ടായിരുന്നുള്ളുവെന്നത് സത്യമാണ്. ‘എങ്കിൽ പിന്നെ അതിന്റെ ഒരു നൂറു വകഭേദങ്ങൾ—അതിലും കൂടുതൽ പോലും—ഇന്നുള്ളതെന്തുകൊണ്ട്?’ എന്നു നിങ്ങൾ അത്ഭുതപ്പെട്ടേക്കാം.
ഉത്തരം കണ്ടെത്താൻ നോഹയുടെ പൗത്രൻമാരിലൊരുവനായ നിമ്രോദിലേക്ക് നാം നമ്മുടെ ശ്രദ്ധതിരിക്കുന്നു. അവനെക്കുറിച്ച് ബൈബിൾ പറയുന്നു: “ഭൂമിയിൽ ഒരു വീരനായിത്തീരുന്നതിനുള്ള തുടക്കം അവൻ കുറിച്ചു. യഹോവക്കെതിരായ ഒരു ശക്തനായ നായാട്ടുകാരനെന്ന് അവൻ സ്വയം പ്രകടിപ്പിച്ചു. . . . അവന്റെ രാജ്യത്തിന്റെ ആരംഭം ശിനാർ ദേശത്ത്, ബാബേൽ, ഏരെക്, അക്കാദ്, കൽനേ എന്നിവയായിരുന്നു. ആ ദേശത്തുനിന്നും അവൻ അശൂരിലേക്ക് പുറപ്പെട്ട്, അവിടെ നിനവേ, രെഹോബോത്ത് പട്ടണം, കാലഹ് എന്നിവ പണിയാൻ തുടങ്ങി.”—ഉൽപ്പത്തി 10:8-11.
“ഭൂമിയിൽ ഒരു വീരനായിത്തീരുന്നതിനുള്ള തുടക്കം കുറിച്ച”തിനാൽ നിമ്രോദ് പുതുതായി എന്തോ തുടങ്ങിയെന്നു വ്യക്തമാണ്. എന്നാൽ എന്ത്? “അവന്റെ രാജ്യത്തിന്റെ ആരംഭം” എന്ന വാക്കുകൾ നമുക്കൊരു സൂചന നൽകുന്നു. നിമ്രോദിന് ഒരു രാജ്യമുണ്ടായിരുന്നെങ്കിൽ, അപ്പോൾ അവൻ ഒരു രാജാവ്, ഒരു ഭരണാധിപൻ ആയിരുന്നിരിക്കണം. തൻമൂലം അവനേപ്പോലെ മറെറാരുവനും മുമ്പ് സ്ഥിതിചെയ്തിരുന്നിട്ടില്ലെന്നു വിശദീകരിച്ചുകൊണ്ട് ഡോ. ആഗസ്ററ് നോബലിനാലുള്ള ജർമ്മൻ ബൈബിൾ കമൻററി അവനെ “ഒന്നാമത്തെ പ്രളയാനന്തര ഭരണകർത്താവ്” എന്നു വിളിക്കുന്നു. തദനുസരണമായി, ദി ബൈബിൾ ഇൻ ലിവിംഗ് ഇംഗ്ലീഷ് ഉൽപ്പത്തി 10:8നെ ഇങ്ങനെ പരിഭാഷപ്പെടുത്തുന്നു: “ഭൂമിയിൽ ഒരു ഭരണാധിപനായിത്തീർന്ന ആദ്യത്തവൻ അവനായിരുന്നു.”
മനുഷ്യർ തങ്ങളേത്തന്നെ ഭരിക്കണമെന്ന് ഒരിക്കലും ഉദ്ദേശിച്ചിട്ടില്ലാഞ്ഞ സ്രഷ്ടാവിനെതിരെ നിമ്രോദ് തന്നെത്തന്നെ ഉയർത്തി. പിന്നീട്, “അവൻ അശൂറിലേക്ക് പോയ”പ്പോൾ തന്റെ രാഷ്ട്രീയ അധികാര പരിധി, സാദ്ധ്യതയനുസരിച്ച് ആയുധബലത്താൽ വികസിപ്പിക്കാൻ പുറപ്പെട്ടു. അങ്ങനെയെങ്കിൽ ഇതവനെ മൃഗങ്ങളുടെ മാത്രമല്ല മനുഷ്യരുടെയും ഒരു “നായാട്ടുവീരനാ”ക്കിത്തീർത്തു.
യഥാർത്ഥത്തിൽ ഒരു നിമ്രോദ്, ഒരു ഗോപുരം ഉണ്ടായിരുന്നോ?
കോളിയറുടെ എൻസൈക്ലോപ്പീഡിയാ ഇങ്ങനെ പറയുന്നു: “ഒരു അശൂർ-ബാബിലോൻ ദൈവമായ മെരോദാക്ക് (മാർദൂക്ക്), ഒരു നായാട്ടുകാരനെന്ന് അറിയപ്പെട്ട ഒരു ബാബിലോന്യ വീരനായ ഗിൽഗാമേശ്, പുരാണേതിഹാസത്തിലെ നായാട്ടുകാരനായ ഒറിയോൺ തുടങ്ങിയ പുരാതന രാജാക്കൻമാർ, വീരൻമാർ അഥവാ ദേവൻമാർ എന്നിവർക്കിടയിൽ നിമ്രോദിനെ തിരിച്ചറിയുന്നതിന് യഥാർത്ഥ വിജയം കൂടാതെ പണ്ഡിതൻമാർ ശ്രമിച്ചിരിക്കുന്നു.” അതുകൊണ്ട് ഒരു ജർമ്മൻ പരാമർശ ഗ്രന്ഥം, യഥാർത്ഥത്തിൽ “ബൈബിൾ രേഖ നൽകുന്നതിനപ്പുറമൊന്നും നമുക്കയാളെക്കുറിച്ചറിയില്ല”യെന്നു സമ്മതിക്കുന്നു.
എന്നിരുന്നാലും നിമ്രോദ് സ്ഥിതിചെയ്യുകതന്നെ ചെയ്തിരുന്നു. അറേബ്യൻ പാരമ്പര്യം അവനേക്കുറിച്ച് പറയുന്നു. സമീപ കിഴക്കൻ സ്ഥലങ്ങളുടെ പേരുകളിൽ നിമ്രൂദ് എന്നോ നിമ്രൗദ് എന്നോ ഉള്ള രൂപങ്ങളിൽ അവന്റെ പേർ കാണുന്നു. സുമേറിയൻ-അക്കാദിയൻ പാഠ്യകവിതകൾ അവന്റെ വീര്യപ്രവൃത്തികൾ രേഖപ്പെടുത്തുന്നു. യഹൂദ ചരിത്രകാരനായ ജോസീഫസ് അവനെ പേരെടുത്തുപറഞ്ഞ് പരാമർശിക്കുന്നു.
മനുഷ്യവർഗ്ഗത്തിൻമേലുള്ള ദൈവത്തിന്റെ ഉചിതമായ ഭരണം നീക്കം ചെയ്യുന്നതിന് രൂപകൽപ്പന ചെയ്യപ്പെട്ട നിമ്രോദിന്റെ രാഷ്ട്രീയ വ്യവസ്ഥ അങ്ങനെ മതപരമായ അധിതാനങ്ങൾ കൈക്കൊണ്ടു. ജനങ്ങൾ “ആകാശങ്ങളോളമെത്തുന്ന ഒരു ഗോപുരം” പണിയുന്നതിന്, ദൈവത്തിനല്ല “തങ്ങൾക്കുതന്നെ ഒരു കീർത്തിമത്തായ പേരുണ്ടാക്കുന്നതിന്” തുടങ്ങി.—ഉൽപ്പത്തി 11:4.
പുരാവസ്തു ഗവേഷകർക്ക് നിമ്രോദിന്റെ ബാബേൽ ഗോപുരത്തിന്റെ സുനിശ്ചിത പുരാതനാവശിഷ്ടങ്ങളായി എന്തെങ്കിലും തിരിച്ചറിയുന്നതിനു കഴിഞ്ഞിട്ടില്ലെങ്കിലും, മെസൊപ്പൊത്താമ്യയിൽ പ്രകടമായ സാമ്യമുള്ള രണ്ടു ഡസനിലേറെ നിർമ്മിത വസ്തുക്കൾ കണ്ടിരിക്കുന്നു. സത്യത്തിൽ ഇത്തരം ഗോപുരം അവിടുത്തെ ക്ഷേത്രശിൽപ്പവിദ്യയുടെ സവിശേഷതയായിരുന്നു. ബാബിലോനിലെ ക്ഷേത്രങ്ങൾ “ഏററവും മുകളിൽ ഒരു വിശുദ്ധ മന്ദിരത്തോടുകൂടിയ പിരമിഡ് ആകൃതിയിലുള്ള നിർമ്മിതിയായ സിഗുറാററിൽ കേന്ദ്രീകരിക്കപ്പെട്ടിരുന്നു,”വെന്ന് വിശ്വാസത്തിന്റെ പാതകൾ എന്ന ഗ്രന്ഥം പറയുന്നു. അത് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു, “ഈജിപ്ററിലെ പിരമിഡുകൾ മുതൽ, ഇന്ത്യയിലെ സ്തൂപങ്ങളോ, ബുദ്ധലോകത്തിലെ പഗോഡകളോ വരെയുള്ള മതപരമായ കെട്ടിടങ്ങൾപോലെ സിഗുറാററ് ഒരു പക്ഷേ ഉയർന്ന ഗോപുരങ്ങളോടുകൂടിയ പള്ളികളുടെ ഏറെപ്പഴയ ഒരു പൂർവ്വികനാവാം.
20-ാം നൂററാണ്ടിന്റെ പ്രാരംഭത്തിൽ ജർമ്മൻ പുരാവസ്തു ഗവേഷകനായ വാൾട്ടർ ആന്ദ്രെ ഈ പ്രദേശത്ത് വിപുലമായ കുഴിക്കൽ നടത്തി. സിഗുറാററിന്റെ മുകളഗ്രത്തിലുള്ള വിശുദ്ധമന്ദിരം “സ്വർഗ്ഗത്തിലെ ദൈവം തന്റെ ഭൗമിക വാസസ്ഥലത്തെത്താൻ സിഗുറാററിന്റെ ഗോവണിയിലൂടെ താഴേക്കിറങ്ങുന്ന . . . കവാടമായി കരുതപ്പെട്ടിരുന്നു”വെന്ന് അദ്ദേഹം എഴുതി. ബാബേൽ നിവാസികൾ, ബാബ് (കവാടം)ൽ നിന്നും ഇലു (ദൈവം)വിൽ നിന്നും ഉൽഭവിച്ച “ദൈവത്തിന്റെ കവാടം” എന്ന് തങ്ങളുടെ നഗര നാമത്തിന് അർത്ഥം അവകാശപ്പെട്ടിരുന്നതിൽ അത്ഭുതമില്ല.
എന്നാൽ നാം കണാൻ പോകുന്നതുപോലെ നിമ്രോദിനെയും അവന്റെ ഗോപുരത്തെയും കുറിച്ചുള്ള ബൈബിളിന്റെ വിവരണത്തെ സംശയിക്കാതിരിക്കുന്നതിന് കൂടുതലായ കാരണങ്ങളുമുണ്ട്.
നിങ്ങളെ സ്പർശിക്കുന്നിടത്തോളമെത്തുന്ന പരിണതഫലങ്ങൾ
മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തിയ ആദ്യത്തവനായ നിമ്രോദ് പിൽക്കാലത്തെ അത്തരം സകല സഖ്യങ്ങൾക്കുമുള്ള മാതൃക വെച്ചു. അതിന് ദിവ്യാംഗീകാരം ഉണ്ടാകുമായിരുന്നുവോ? “ഒരു നല്ല വൃക്ഷത്തിന് വിലകെട്ട ഫലവും ഒരു മോശമായ വൃക്ഷത്തിന് വിശിഷ്ടഫലവും ഉൽപ്പാദിപ്പിക്കാൻ കഴിയുന്നതല്ല,” എന്ന് ബൈബിളിൽ പിൽക്കാലത്ത് വയ്ക്കപ്പെട്ട തത്വം പ്രായോഗികമാക്കപ്പെടാൻ പോകുകയായിരുന്നു.—മത്താ. 7:18.
ആരംഭത്തിൽ സകല ഭൂവാസികളും ഒരേ ഭാഷ സംസാരിച്ചിരുന്നു.a എന്നാൽ നിമ്രോദും അവന്റെ പിന്തുണക്കാരും ബാബേലിൽ ഈ ഗോപുരം പണിയാൻ തുടങ്ങിയപ്പോൾ ദൈവം തന്റെ അപ്രീതി പ്രകടമാക്കി. നാം വായിക്കുന്നു: “അപ്രകാരം യഹോവ അവരെ അവിടെ നിന്നും സകല ഭൂതലത്തിലേക്കും ചിതറിച്ചു, അവർ ക്രമേണ നഗരം പണിയുന്നത് വിട്ടുകളഞ്ഞു. ഈ കാരണത്താലാണ് അതിന്റെ പേർ ബാബേൽ എന്നായത് [“ആശയക്കുഴപ്പം ഉണ്ടാക്കുക” എന്നർത്ഥമുള്ള ബാ-ലാൽ എന്ന വാക്കിൽ നിന്നും]. എന്തുകൊണ്ടെന്നാൽ അവിടെ യഹോവ സകല ഭൂമിയുടെയും ഭാഷ കലക്കികളഞ്ഞിരുന്നു.” (ഉൽപ്പത്തി 11:1, 5, 7-9) പെട്ടെന്ന്, എന്താണു സംഭവിച്ചതെന്നു ചർച്ചചെയ്യാൻ അവർക്കു കഴിയാതെ വന്നപ്പോൾ പണിക്കാർ എത്ര നിരാശിതരായിരിക്കണം, അത് എന്തുകൊണ്ട് സംഭവിച്ചു എന്നതിൽ വളരെ കുറച്ചാളുകളെ ഒരു പൊതു അഭിപ്രായത്തിൽ എത്തുന്നുള്ളു! പല സിദ്ധാന്തങ്ങളും കൊണ്ടുവരപ്പെട്ട, അവയുടെ ബഹുമുഖത്വം ഭാഷാകൂട്ടങ്ങളുടെ ആശയവിനിമയത്തിനുള്ള കഴിവില്ലായ്മയാൽ വർദ്ധിതമായി.
ഈ കൂട്ടങ്ങൾ ഭൂമിയുടെ വിവിധ ഭാഗങ്ങളിലേക്ക് ചിതറിയപ്പോൾ അവർ സ്വാഭാവികമായും തങ്ങളുടെ മത സിദ്ധാന്തങ്ങളും ഒപ്പം കൊണ്ടുപോയി. കാലം കടന്നുപോകുമളവിൽ, അടിസ്ഥാനപരമായി ഒന്നുതന്നെയെങ്കിലും ഈ ആശയങ്ങൾ പ്രാദേശിക പാരമ്പര്യത്താലും, സംഭവങ്ങളാലും നിറം പിടിച്ചവയായിത്തീർന്നു. “ഒരേയൊരു മതത്തിൽ” നിന്നും പെട്ടെന്ന് അതിന്റെ “ഒരു നൂറു വകഭേദങ്ങൾ” ആവിർഭവിച്ചു. വ്യക്തമായും മത രാഷ്ട്രീയ പ്രവർത്തനത്തിലെ ഈ ആദ്യപരീക്ഷണം ദുഷിച്ചതായി പരിണമിച്ചു.
അതിന്റെ പരിണതഫലങ്ങൾ നൂററാണ്ടുകൾ കടന്ന് നിങ്ങളിലെത്തിയിരിക്കുന്നു, എപ്പോഴെങ്കിലും നിങ്ങൾ മറെറാരു വിശ്വാസത്തിലുള്ള ആളുമായി മതകാര്യം ചർച്ചചെയ്യാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് വിലമതിക്കാൻ കഴിയുന്ന ഒരു വസ്തുതയാണത്. “ദൈവം”, “പാപം”, “ദേഹി”, “മരണം” തുടങ്ങിയ സാധാരണ മതപരമായ വാക്കുകൾ പോലും പലയാളുകൾക്കും പലതിനെ അർത്ഥമാക്കുന്നു. 300 വർഷങ്ങൾക്കുമുമ്പ് പിൻവരുന്ന പ്രകാരം പറഞ്ഞ ഇംഗ്ലീഷ് പണ്ഡിതനായ ജോൺ സെൽഡന്റെ വാക്കുകൾ തികച്ചും ചേരുന്നവയാണ്. “വസ്തുത നന്നായി പരിശോധിക്കപ്പെട്ടാൽ, എല്ലാ അംശങ്ങളിലും ഒരേ മതമുള്ള മൂന്നിനെ (വ്യക്തികളെ) നിങ്ങൾ അപൂർവ്വമായേ കാണൂ.” ഇതാണ് മനുഷ്യവർഗ്ഗത്തിന്റെ പൈതൃകം, എല്ലാം ദൈവാനുഗ്രഹത്തിന്റെ അഭാവത്താൽ, തന്റെ ഗോപുരം പൂർത്തിയാക്കാൻ കഴിയാഞ്ഞ, ആ വളരെ പണ്ടത്തെ വീര നായാട്ടുകാരൻ മൂലം തന്നെ.
ബാബേലിൽ നിന്നുള്ള ആധുനിക അവശിഷ്ടങ്ങൾ
“സുമേറിയാ-അസ്സീറിയാ-ബാബിലോൻ ഇവയുടേതുപോലെ അത്രയധികം ദൈവങ്ങളുമായി നമുക്കറിയാവുന്ന മതങ്ങളിലൊന്നിനും വരാൻ കഴിയില്ലാ”യെന്നു പെട്രാളസെലെ എന്ന ഗ്രൻഥകാരി അവകാശപ്പെടുന്നു. 2,500ഓളം പേരുകളുള്ള കൂടുതൽ വിപുലമായ ലിസ്ററുകളേക്കുറിച്ചു പറഞ്ഞുകൊണ്ട് അവൾ 500 ദൈവങ്ങളെക്കുറിച്ച് സംസാരിക്കുന്നു. അന്തിമമായി, പിന്നീട്, “ബാബിലോനിലെ ഔദ്യോഗിക ദൈവശാസ്ത്രകാരൻമാർ ദൈവങ്ങളുടെ ഗണത്തെ ത്രിമൂർത്തികളായി വിഭജിച്ചുകൊണ്ട്, ഭരണകർത്തൃശ്രേണി സ്ഥാപിച്ചു”വെന്ന് ന്യൂ ലാറൌസേ എൻസൈക്ലോപ്പീഡിയാ ഓഫ് മിത്തോളജി പറയുന്നു. ത്രിമൂർത്തി ദൈവങ്ങളിൽ പ്രമുഖമായ ഒന്ന് അനു, എൻലിൽ, ഈയാ എന്നിവ ചേർന്നുള്ളതായിരുന്നു. മറെറാന്ന് നക്ഷത്രദൈവങ്ങളായ സിൻ, ഷാമാഷ്, ഇഷ്ടാർ എന്നിവ ചേർന്നതാണ്. തമ്മൂസിന്റെ കൂട്ടാളിയായ അമ്മദേവതയായ അസ്ററാർട്ടേ എന്നും ഇത് അറിയപ്പെടുന്നു.
പിൽക്കാലത്ത് എനിൽ അഥവാ, ബെൽ എന്നു വിളിക്കപ്പെട്ട ഏററവും പ്രമുഖ ബാബിലോന്യദൈവമായ മാർദൂക്ക് ഒരു യുദ്ധദേവനായിരുന്നു. “ഈ ദൈവങ്ങളുടെ ബാബിലോന്യദാസൻമാരുടെ വർദ്ധിച്ചുവരുന്ന ഒരു വ്യാപാരമായിരുന്നു യുദ്ധമെന്ന ചരിത്രവസ്തുതയുടെ ഒരു മതപരമായ അംഗീകാരമായിരുന്നു” ഇത് എന്ന് വിശ്വാസത്തിന്റെ പാതകൾ പറയുന്നു. മനുഷ്യനെയും മൃഗത്തെയും ഇരയാക്കിയിരുന്ന നിമ്രോദിനെപ്പോലെയുള്ള ഒരു ശക്തനായ നായാട്ടുകാരൻ യുക്തിയാനുസരണം ബൈബിളിൽ പറയുന്ന “സ്നേഹത്തിന്റെയും സമാധാനത്തിന്റെയും ദൈവത്തെ”യല്ല മറിച്ച് യുദ്ധത്തിന്റെ ദൈവത്തെയാണ് ആരാധിക്കുക.—2 കൊരിന്ത്യർ 13:11.
ബാബിലോനിലേയും അശൂരിലേയും ദൈവങ്ങൾ മർത്ത്യമായവക്കെന്നപോലെയുള്ള അതേ ആവശ്യങ്ങളും വികാരങ്ങളുമുള്ള അത്ഭുതകരമായി “മനുഷ്യ തുല്യർ” ആയവരായിരുന്നു. ദിവ്യ ഉറവിടമുള്ളവയെന്നു കണക്കാക്കാൻ കഴിയാത്ത ക്ഷേത്ര വ്യഭിചാരം പോലെയുള്ള മതപരമായ ചടങ്ങുകളിലേക്കും ആചാരങ്ങളിലേക്കും ഇതു നയിച്ചു.
ആഭിചാര കർമ്മം, ബാധയൊഴിക്കൽ, ജോൽസ്യം എന്നിവയും ബാബിലോന്യമതത്തിന്റെ ഘടകങ്ങളായിരുന്നു. “പാശ്ചാത്യലോകത്തിന്റെ മന്ത്രവാദിനികളോടുള്ള അനിയന്ത്രിതാവേശം . . . കൽദയ ഉത്ഭവമുള്ളവയാണെ”ന്ന് പെട്രാ ഈസെലെ അവകാശപ്പെടുന്നു. നക്ഷത്രങ്ങളിൽ ഭാവി വായിക്കാൻ ശ്രമിക്കുകയിൽ ബാബിലോന്യർ, ജ്യോതിശാസ്ത്രപഠനത്തിൽ അത്ഭുതാവഹമായ പുരോഗമനവും കൈവരിച്ചു.
മെസപ്പൊത്താമ്യൻ നിവാസികൾ മനുഷ്യദേഹിയുടെ അമർത്ത്യതയിലും വിശ്വസിച്ചിരുന്നു. മരിച്ചവരോടൊപ്പം അവരുടെ അനന്തര ജീവിതത്തിനുപയോഗിക്കാനുള്ള വസ്തുക്കളും കൂടെ മറവു ചെയ്തുകൊണ്ട് അവരിതു പ്രകടമാക്കി.
ഇപ്പോൾ അൽപ്പനേരത്തേക്ക് ഇന്നത്തെ ചില പ്രമുഖമതങ്ങളേക്കുറിച്ചു പരിചിന്തിക്കുക. മനുഷ്യദേഹി അമർത്ത്യമാണെന്നു പഠിപ്പിക്കുന്ന, ഒന്നിൽമൂന്നു ദൈവങ്ങൾ ചേർന്ന ഒരു ത്രിത്വമാണ് ദൈവമെന്നു പഠിപ്പിക്കുന്ന, അതിന്റെ അംഗങ്ങൾക്കിടയിൽ അധാർമ്മികത ചോദ്യംചെയ്യപ്പെടാതെ പോകാനനുവദിക്കുന്ന, രാഷ്ട്രീയത്തിൽ അനധികൃതമായി കൈകടത്തുന്ന അല്ലെങ്കിൽ സമാധാനത്തിന്റെ ദൈവത്തേക്കാളേറെ ഒരു യുദ്ധത്തിന്റെ ദൈവത്തിന് തങ്ങളുടെ ജീവിതങ്ങളെ അർപ്പിക്കാൻ കൂടുതൽ മനസ്സൊരുക്കമുള്ള അംഗങ്ങളുള്ള ഏതെങ്കിലുമൊരു മതത്തെക്കുറിച്ചു നിങ്ങൾക്കറിയാമോ? അങ്ങനെയെങ്കിൽ, നിമ്രോദിന്റെ ഗോപുരത്തിന്റെ കാലം മുതലുള്ള മതാവശിഷ്ടങ്ങളെ ഇപ്പോഴും പ്രചരിപ്പിക്കുന്ന ബാബേലിന്റെ ആധുനിക പുത്രീസമാന സ്ഥാപനങ്ങളെ നിങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു. ബാബിലോൻ എന്ന നാമം വ്യാജമതങ്ങളുടെ മുഴുലോകസാമ്രാജ്യത്തെയും സൂചിപ്പിക്കാൻ ബൈബിളിൽ ഉചിതമായി ഉപയോഗിച്ചിരിക്കുന്നു.—വെളിപ്പാട് 17ഉം 18ഉം അദ്ധ്യായം കാണുക.
തീർച്ചയായും സകല പ്രളയാനന്തര ജനസമൂഹങ്ങളും ബാബിലോന്യ മത അനിശ്ചിതത്വത്തിലേക്ക് വീണില്ല. ഉദാഹരണത്തിന് നോഹമുതൽ പത്തു തലമുറക്കുശേഷം ജനിച്ച അബ്രാഹാം സത്യാരാധന കാത്തുസൂക്ഷിച്ചു. ഉൽപ്പത്തി 22:15-18-ൽ ഏക സത്യാരാധനയുമായുള്ള സഹവാസത്തിൽ ഭൂമിയിലെ സകല കുടുംബങ്ങളും അനുഗ്രഹിക്കപ്പെടുമെന്നു വാഗ്ദാനം ചെയ്തുകൊണ്ട്, ദൈവം ശേമിന്റെ ഈ വംശജനുമായി ഒരു ഉടമ്പടി ചെയ്തു. ഈ ഉടമ്പടി വ്യക്തമായും പൊ. യു. മു. 1943-ൽ പ്രാബല്യത്തിൽ വന്നു. “ഒരേയൊരു [സത്യ]മതവും,” അതിന്റെ “നൂറു വകഭേദങ്ങളും” തമ്മിലുള്ള പോരാട്ടത്തിന്റെ രേഖകൾ ഇപ്പോൾ ഏറെ സൂക്ഷ്മതയോടെ വരക്കപ്പെടുവാൻ പോകുകയാണെന്ന് ഇതർത്ഥമാക്കി. ഗൗരവമേറിയ അനന്തര ഫലങ്ങളുളവാക്കുന്ന ഒരു ഏററുമുട്ടൽ ഇരുവർക്കുമിടയിൽ പെട്ടെന്നു നടക്കും. മൂന്നാം ഭാഗത്തിൽ ഉണരുക!യുടെ വരും ലക്കത്തിൽ അതിനേക്കുറിച്ചു വായിക്കുക: “ഈജിപ്ററ്—ദൈവങ്ങളുടെ രണഭൂമി.” (g89 1/22)
[അടിക്കുറിപ്പുകൾ]
a ന്യൂ എൻസൈക്ലോപീഡിയാ ബ്രിട്ടാനിക്കാ പറയുന്നു: “മനുഷ്യന് ഉണ്ടായിരിക്കാൻ പ്രതീക്ഷിക്കാവുന്ന, ഭാഷാസംബന്ധിയായ ഏക അവശിഷ്ടമായിരിക്കുന്ന ലിഖിത ഭാഷയുടെ ഏററവും പഴയ രേഖ 4,000മൊ 5,000മൊ വർഷങ്ങൾക്കപ്പുറം പോകുന്നില്ല. ഈ കാലയളവ് ബൈബിൾ കാലക്കണക്ക് അനുവദിക്കുന്നതുമായി നന്നായി യോജിക്കുന്നു.
[19-ാം പേജിലെ ചതുരം]
ബൈബിൾ രേഖയെ പ്രതിഫലിപ്പിക്കുന്ന ഐതിഹ്യങ്ങൾ
വടക്കൻ ബർമ്മയിലെ ജനങ്ങൾ, ആദിയിൽ സകലരും “ഒരു വലിയ ഗ്രാമത്തിൽ വസിച്ചിരുന്നു, ഒരേ ഭാഷ സംസാരിച്ചിരുന്നു”വെന്നു വിശ്വസിക്കുന്നു. അനന്തരം അവർ ചന്ദ്രനിലേക്കെത്തുന്ന ഒരു ഗോപുരം പണിയാൻ പുറപ്പെട്ടു, ഇത് അവർ ഗോപുരത്തിന്റെ വ്യത്യസ്ത തലങ്ങളിൽ പ്രവർത്തിക്കേണ്ടതാവശ്യമാക്കിത്തീർത്തു. അങ്ങനെ പരസ്പര ബന്ധം നഷ്ടപ്പെട്ടു. അവർ “ക്രമേണ വ്യത്യസ്ത ആചാരമര്യാദകളും, ചടങ്ങുകളും, സംഭാഷണരീതികളും സ്വായത്തമാക്കി.” വടക്കൻ സൈബീരിയായിലെ യെനീസി ഓസ്ററ്യാക്കുകൾ പറയുന്നത്, തടിക്കഷണങ്ങളിലും ചങ്ങാടങ്ങളിലും പൊങ്ങിക്കിടന്നുകൊണ്ട് ഒരു പ്രളയത്തിൽ ജനങ്ങൾ തങ്ങളേത്തന്നെ രക്ഷിച്ചുവെന്നാണ്. എന്നാൽ ഒരു ശക്തമായ വടക്കൻ കാററ് അവരെ ചിതറിക്കുകയും, അങ്ങനെ “അവർ പ്രളയശേഷം വ്യത്യസ്തഭാഷകൾ സംസാരിക്കാനും, വ്യത്യസ്ത ജനതകൾക്കു രൂപംകൊടുക്കാനും തുടങ്ങുകയും ചെയ്തു.—“ദി മിതോളജി ഓഫ് ഓൾ റെയ്സസ്.”
“പ്രളയശേഷം ഒരു രാക്ഷസൻ മേഘങ്ങളിലേക്കെത്തുന്ന ഒരു കൃത്രിമ മല പണിയുകയും അതുവഴി ദൈവങ്ങളെ കോപിപ്പിക്കുകയും ചെയ്തു, അവർ സ്വർഗ്ഗത്തിൽനിന്ന് അഗ്നിയോ ഒരു കല്ലൊ താഴേക്കെറിഞ്ഞു,” എന്ന് ആദ്യകാല ആസ്ടെക്കുകൾ പഠിപ്പിച്ചു. മായ അനുസരിച്ച് ആദ്യമനുഷ്യനായ വോട്ടാൻ “ഓരോ വർഗ്ഗത്തിനും ദൈവം അതിന്റെ പ്രത്യേക ഭാഷ നൽകിയ സ്ഥാന”മായിത്തീർന്ന ഒരു വൻ കെട്ടിടം പണിതു. കാലിഫോർണിയായിലെ മയിഡു ഇൻഡ്യാക്കാർ “ഒരു ശവസംസ്ക്കാര ചടങ്ങിൽ [സകല ആളുകളും] പെട്ടെന്ന് വ്യത്യസ്ത ഭാഷകൾ സംസാരിക്കാൻ തുടങ്ങി,” എന്നവകാശപ്പെട്ടു.—“ഡെർ ടർമ്പാവ് ഓൺ ബാബേൽ” (ബാബേലിലെ ഗോപുരത്തിന്റെ പണി)
ഉൽപ്പത്തി 11ഉം, മററു ജനസമൂഹങ്ങളിൽനിന്നുള്ള ബന്ധപ്പെട്ട കഥകളും, യഥാർത്ഥ പൂർവ്വകാല ചരിത്രസംഭവ സ്മരണകളിലധിഷ്ഠിതമായിരിക്കാനുള്ള ഏററവും വലിയ സാദ്ധ്യത നിലനിൽക്കുന്നു”വെന്ന ഗ്രൻഥകാരനായ ഏണസ്ററ് ബോക്ലന്റെ വാദഗതിക്ക് ഇത്തരം ഐതിഹ്യങ്ങൾ വിശ്വാസ്യത നൽകുന്നു.
[20-ാം പേജിലെ ചതുരം]
കുരിശ് ബാബിലോണിൽ നിന്നു വന്നുവോ?
“ബാബിലോൺ,” “കൽദയ,” “മെസപ്പൊത്താമിയ” എല്ലാം ഇന്ന് ഇറാക്ക് ആയിരിക്കുന്ന പൊതു പ്രദേശത്തെ പരാമർശിക്കുന്നു. ബൽജിയത്തിലെ യൂണിവേഴ്സിറെറ, കാത്തലിക് ഡിലുവെയിൽ-ലാ ന്യൂവേയിലെ ജൂലിയൻ റിസ് എഴുതുന്നു: ‘ഏഷ്യയിലെയും യൂറോപ്പിലേയും വടക്കെ ആഫ്രിക്കയിലേയും അമേരിക്കയിലെയും പുരാതന സംസാക്കാരങ്ങളിൽ കുരിശുണ്ട്, നാല് സമഭാഗങ്ങളോടുകൂടിയ കുരിശ് സ്വർഗ്ഗത്തിന്റെയും അനുദേവന്റേയും ചിഹ്നമായിരിക്കുന്ന [സ്ഥലമായ] മെസപ്പൊത്താമിയ [ഉൾപ്പെടെ].’ “കുരിശിന് പുരാതന കൽദയയിലാണ് ഉത്ഭവമുണ്ടായത്, അത് തമ്മൂസ് ദേവന്റെ അടയാളമായി ഉപയോഗിക്കപ്പെട്ടിരുന്നു. (തന്റെ പേരിന്റെ ആദ്യക്ഷരമായ നിഗൂഢ തൌവിന്റെ രൂപത്തിലാകയാൽ),” എന്നു പറഞ്ഞുകൊണ്ട് “ദി എകസ്പോസിറററി ഡിക്ഷ്ണറി ഓഫ് ന്യൂ ടെസ്ററമെൻറ് വേഡ്സ്” കൂടുതൽ സൂക്ഷ്മത പാലിക്കുന്നു. അതുകൊണ്ട് വ്യക്തമായും കുരിശിന്റെത് ക്രിസ്ത്യാനിത്വത്തിനു മുമ്പേയുള്ള ഉത്ഭവമാണ്. ഡമൂസിയെന്നും കൂടെ വിളിക്കപ്പെടുന്ന തമ്മൂസ് യഥാർത്ഥത്തിൽ ഒരു രാജാവായിരുന്നുവെന്നും മരണാനന്തരം ദിവ്യത്വം കൽപ്പിക്കപ്പെടുകയായിരുന്നുവെന്നും ചിലർ നിർദ്ദേശിച്ചിരിക്കുന്നു. ദൃഷ്ടാന്തത്തിന് “ജേണൽ ഓഫ് സെമിററിക് സ്ററഡീസി”ൽ, ഓ. ആർ. ഗുർനേ ഇപ്രകാരം പറയുന്നു: “ഡുമുസി യഥാർത്ഥത്തിൽ ഒരു മനുഷ്യനായിരുന്നു, ഏരെക്കിലെ ഒരു രാജാവ്.” “അവന്റെ രാജ്യത്തിന്റെ ആരംഭം ബാബേലും, ഏരെക്കും ആയിത്തീർന്നു,” (ഉൽപ്പത്തി 10:10) എന്ന് ബൈബിളിൽ പറഞ്ഞിരിക്കുന്ന നിമ്രോദിനെക്കുറിച്ചുള്ള ഒരു സാദ്ധ്യമായ പരാമർശമായിരിക്കുമോ ഇത്? ഉറപ്പായി അറിയുന്നതിന് ഇപ്പോൾ ഒരു വഴിയുമില്ല.
[21-ാം പേജിലെ ചിത്രം]
മെസപ്പൊത്താമ്യയിലെ സിഗുറാററുകളുടെ അവശിഷ്ടങ്ങൾ, ബാബേൽ ഗോപുരത്തെക്കുറിച്ചുള്ള ബൈബിൾ വിവരണത്തെ പിന്താങ്ങുന്നു