അബ്രാഹാം—വിശ്വാസത്തിന്റെ ഒരു മാതൃക
“[അബ്രാഹാം] വിശ്വാസമുള്ള സകലരുടെയും പിതാവ് ആയിരുന്നു.” —റോമർ 4:11, 12, NW.
1, 2. (എ) ഇന്നു സത്യക്രിസ്ത്യാനികളുടെ ഇടയിൽ അബ്രാഹാം എന്തിനെപ്രതി സ്മരിക്കപ്പെടുന്നു? (ബി) ‘വിശ്വസിക്കുന്ന എല്ലാവരുടെയും പിതാവ്’ എന്ന് അബ്രാഹാമിനെ വിളിച്ചിരിക്കുന്നത് എന്തുകൊണ്ട്?
അവൻ ശക്തമായ ഒരു ജനതയുടെ പൂർവപിതാവും ഒരു പ്രവാചകനും വ്യാപാരിയും നേതാവും ആയിരുന്നു. എന്നാൽ, അവനെ ഒരു സ്നേഹിതനായി കാണാൻ യഹോവയാം ദൈവത്തെ പ്രേരിപ്പിച്ച ഗുണമായ അവന്റെ അചഞ്ചല വിശ്വാസത്തെപ്രതിയാണ് അവൻ ഇന്നു ക്രിസ്ത്യാനികളുടെ ഇടയിൽ ഏറ്റവും കൂടുതൽ സ്മരിക്കപ്പെടുന്നത്. (യെശയ്യാവു 41:8; യാക്കോബ് 2:23) അവന്റെ പേർ അബ്രാഹാം എന്നായിരുന്നു. ബൈബിൾ അവനെ “വിശ്വാസമുള്ള സകലരുടെയും പിതാവ്” എന്നു വിളിക്കുന്നു.—റോമർ 4:11, 12.
2 ഹാബെൽ, ഹാനോക്, നോഹ എന്നിവരെ പോലെ അബ്രാഹാമിനു മുമ്പുള്ള പുരുഷന്മാർ വിശ്വാസം പ്രകടമാക്കിയില്ലേ? തീർച്ചയായും. എന്നാൽ, ദൈവം ഭൂമിയിലെ സകല ജാതികളെയും അനുഗ്രഹിക്കുമെന്ന ഉടമ്പടി ചെയ്തത് അബ്രാഹാമിനോട് ആയിരുന്നു. (ഉല്പത്തി 22:18) അതിനാൽ അവൻ വാഗ്ദത്ത സന്തതിയിൽ വിശ്വാസം പ്രകടമാക്കുന്ന സകലർക്കും ഒരു ആലങ്കാരിക പിതാവ് ആയിത്തീർന്നു. (ഗലാത്യർ 3:8, 9) ഒരു അർഥത്തിൽ അബ്രാഹാമിനെ നമ്മുടെ പിതാവായി കണക്കാക്കാവുന്നതാണ്. കാരണം, അവന്റെ വിശ്വാസം അനുകരണീയ മാതൃകയാണ്. അവന്റെ മുഴു ജീവിതവും വിശ്വാസത്തിന്റെ ഒരു പ്രകടനമായി കാണാവുന്നതാണ്. കാരണം ജീവിതത്തിൽ നിരവധി പരിശോധനകളും കഷ്ടങ്ങളും അവനു നേരിട്ടു. അബ്രാഹാം തന്റെ വിശ്വാസത്തിന്റെ ഏറ്റവും വലിയ പരിശോധനയെ, തന്റെ പുത്രനായ ഇസ്ഹാക്കിനെ ബലി കഴിക്കാനുള്ള കൽപ്പനയെ, അഭിമുഖീകരിക്കുന്നതിന് ദീർഘകാലം മുമ്പ്, ചെറിയ പല വിധങ്ങളിലും അവൻ തന്റെ വിശ്വാസം തെളിയിച്ചു. (ഉല്പത്തി 22:1, 2) അവന്റെ വിശ്വാസത്തിന്റെ ആ ആദ്യകാല പരിശോധനകൾ പരിചിന്തിക്കവേ, അവ നമ്മെ ഇന്ന് എന്തു പഠിപ്പിക്കുന്നുവെന്നു നോക്കാം.
ഊർ വിട്ടുപോകാനുള്ള കൽപ്പന
3. അബ്രാമിന്റെ ചുറ്റുപാടുകളെ കുറിച്ച് ബൈബിൾ നമ്മോട് എന്തു പറയുന്നു?
3 ഉല്പത്തി 11:26-ൽ അബ്രാമിനെ (പിൽക്കാലത്ത് അബ്രാഹാം എന്ന് അറിയപ്പെട്ടു) നമുക്ക് പരിചയപ്പെടുത്തിക്കൊണ്ട് ബൈബിൾ ഇങ്ങനെ പറയുന്നു: “തേരഹിന്നു എഴുപതു വയസ്സായപ്പോൾ അവൻ അബ്രാം, നാഹോർ, ഹാരാൻ എന്നിവരെ ജനിപ്പിച്ചു.” ദൈവഭയമുള്ള വ്യക്തി ആയിരുന്ന ശേമിന്റെ ഒരു പിൻഗാമി ആയിരുന്നു അബ്രാം. (ഉല്പത്തി 11:10-24) ഉല്പത്തി 11:31 പറയുന്നതനുസരിച്ച്, അബ്രാം തന്റെ കുടുംബത്തോടൊപ്പം ‘കൽദയരുടെ പട്ടണമായ ഊരിൽ’ ആണ് താമസിച്ചിരുന്നത്. സമ്പദ്സമൃദ്ധമായിരുന്ന ആ നഗരം യൂഫ്രട്ടീസ് നദിയുടെ കിഴക്കേ തീരത്താണ് സ്ഥിതി ചെയ്തിരുന്നത്.a അങ്ങനെ അവൻ കൂടാരവാസിയായ ഒരു ദേശാടനക്കാരനായല്ല, മറിച്ച് സുഖസമൃദ്ധമായ ഒരു സ്ഥലത്തെ നഗരവാസിയായാണ് വളർന്നുവന്നത്. ഇറക്കുമതി ചെയ്ത സാധനങ്ങൾ ഊർ നഗരത്തിലെ കമ്പോളങ്ങളിൽ വാങ്ങാൻ കിട്ടുമായിരുന്നു. ജലവിതരണ സജ്ജീകരണങ്ങളോടു കൂടിയ, വെള്ള പൂശിയ നിരവധി മുറികളുള്ള വീടുകൾ ആ നഗരത്തിന്റെ തെരുവുകളുടെ ഇരു വശങ്ങളിലും കാണാമായിരുന്നു.
4. (എ) സത്യദൈവത്തിന്റെ ആരാധകർക്ക് ഊർ നഗരം എന്തെല്ലാം വെല്ലുവിളികൾ ഉയർത്തി? (ബി) അബ്രാം യഹോവയിൽ വിശ്വാസം അർപ്പിക്കാൻ ഇടയായത് എങ്ങനെ?
4 ഊർ നഗരത്തിൽ ഭൗതികമായി വലിയ നേട്ടങ്ങൾ ഉണ്ടായിരുന്നെങ്കിലും, സത്യദൈവത്തെ സേവിക്കാൻ ആഗ്രഹിക്കുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അതു വലിയ വെല്ലുവിളികൾ ഉയർത്തിയിരുന്നു. വിഗ്രഹാരാധനയിലും അന്ധവിശ്വാസത്തിലും ആമഗ്നമായ ഒരു നഗരമായിരുന്നു അത്. ചന്ദ്രദേവനായ നാന്നായോടുള്ള ആദരസൂചകമായി പണിതുയർത്തിയ സിഗുറാറ്റ് അഥവാ ക്ഷേത്രഗോപുരം അവിടത്തെ ഒരു പ്രത്യേകത ആയിരുന്നു. ഈ അധമമായ ആരാധനയിൽ പങ്കെടുക്കാൻ ചില ബന്ധുക്കളിൽനിന്നു പോലും വളരെയധികം സമ്മർദം അബ്രാമിന് ഉണ്ടായി എന്നതിനു സംശയമില്ല. അബ്രാമിന്റെ പിതാവായ തേരഹ്തന്നെ ഒരു വിഗ്രഹ നിർമാതാവ് ആയിരുന്നുവെന്നാണു ചില യഹൂദരുടെ വിശ്വാസം. (യോശുവ 24:2, 14, 15) വാസ്തവം എന്തായിരുന്നാലും, അധമമായ വ്യാജാരാധനയിൽ ഏർപ്പെട്ടിരുന്ന ഒരു വ്യക്തി ആയിരുന്നില്ല അബ്രാം. അദ്ദേഹത്തിന്റെ പ്രായംചെന്ന പൂർവപിതാവായ ശേം അപ്പോഴും ജീവനോടെ ഉണ്ടായിരുന്നു. നിസ്സംശയമായും, സത്യദൈവത്തെക്കുറിച്ച് തനിക്കുണ്ടായിരുന്ന അറിവ് ശേം അബ്രാമുമായി പങ്കുവെച്ചിരുന്നിരിക്കണം. തത്ഫലമായി, അബ്രാം നാന്നായിലല്ല, മറിച്ച് യഹോവയിലാണ് വിശ്വാസം അർപ്പിച്ചത്!—ഗലാത്യർ 3:6.
വിശ്വാസത്തിന്റെ പരിശോധന
5. അബ്രാം ഊർദേശത്ത് ആയിരുന്നപ്പോൾ ദൈവം അവന് എന്തു കൽപ്പനയും വാഗ്ദാനവുമാണ് നൽകിയത്?
5 അബ്രാമിന്റെ വിശ്വാസം പരിശോധിക്കപ്പെട്ടു. ദൈവം അവനു പ്രത്യക്ഷനായി ഇങ്ങനെ കൽപ്പിച്ചു: “നീ നിന്റെ ദേശത്തെയും ചാർച്ചക്കാരെയും പിതൃഭവനത്തെയും വിട്ടു പുറപ്പെട്ടു ഞാൻ നിന്നെ കാണിപ്പാനിരിക്കുന്ന ദേശത്തേക്കു പോക. ഞാൻ നിന്നെ വലിയോരു ജാതിയാക്കും; നിന്നെ അനുഗ്രഹിച്ചു നിന്റെ പേർ വലുതാക്കും; നീ ഒരു അനുഗ്രഹമായിരിക്കും. നിന്നെ അനുഗ്രഹിക്കുന്നവരെ ഞാൻ അനുഗ്രഹിക്കും. നിന്നെ ശപിക്കുന്നവരെ ഞാൻ ശപിക്കും; നിന്നിൽ ഭൂമിയിലെ സകലവംശങ്ങളും അനുഗ്രഹിക്കപ്പെടും.”—ഉല്പത്തി 12:1-3; പ്രവൃത്തികൾ 7:2, 3.
6. ഊർദേശം വിട്ടുപോകാൻ അബ്രാമിനു നല്ല വിശ്വാസം ആവശ്യമായിരുന്നത് എന്തുകൊണ്ട്?
6 അബ്രാം വൃദ്ധനും മക്കളില്ലാത്തവനും ആയിരുന്നു. അവനെ എങ്ങനെ ‘വലിയോരു ജാതിയാക്കാൻ’ കഴിയുമായിരുന്നു? അവനോടു പോകാൻ കൽപ്പിച്ച ദേശം ഏതായിരുന്നു? അക്കാര്യം ദൈവം അപ്പോൾ അവനോടു പറഞ്ഞില്ല. അതിനാൽ, സമ്പന്ന ദേശമായ ഊർ വിട്ടുപോകാൻ അബ്രാമിനു വിശ്വാസം ആവശ്യമായിരുന്നു. കുടുംബവും സ്നേഹവും ബൈബിളും (ഇംഗ്ലീഷ്) എന്ന പുസ്തകം പുരാതന കാലത്തെ കുറിച്ച് ഇങ്ങനെ പറയുന്നു: “ഗുരുതരമായ ഒരു തെറ്റു സംബന്ധിച്ച് കുറ്റക്കാരനായ ഒരു കുടുംബാംഗത്തിനു കൊടുത്തിരുന്ന ശിക്ഷകളിൽ ഏറ്റവും കഠിനം അവനെ പുറത്താക്കുന്നത്, കുടുംബത്തിലെ അവന്റെ ‘അംഗത്വം’ അസാധുവാക്കുന്നത് ആയിരുന്നു. . . . അബ്രാഹാം ദിവ്യവിളി സ്വീകരിച്ചുകൊണ്ട് സ്വദേശത്തെയും സ്വന്തക്കാരെയും വിട്ടു പോയത്, കറതീർന്ന അനുസരണത്തിന്റെയും ദൈവത്തിലുള്ള ആശ്രയത്തിന്റെയും അസാധാരണമായ പ്രകടനം ആയിരുന്നത് അതുകൊണ്ടാണ്.”
7. അബ്രാമിന് ഉണ്ടായതു പോലുള്ള പരിശോധനകൾ ഇന്നു ക്രിസ്ത്യാനികൾ അഭിമുഖീകരിച്ചേക്കാവുന്നത് എങ്ങനെ?
7 ഇന്നു ക്രിസ്ത്യാനികളും സമാനമായ പരിശോധനകൾ അഭിമുഖീകരിച്ചേക്കാം. അബ്രാമിനെ പോലെ, ദിവ്യാധിപത്യ താത്പര്യങ്ങൾക്കുപരി ഭൗതിക താത്പര്യങ്ങൾ വെക്കാനുള്ള സമ്മർദം നമുക്കും ഉണ്ടായേക്കാം. (1 യോഹന്നാൻ 2:16) പുറത്താക്കപ്പെട്ട ബന്ധുക്കൾ ഉൾപ്പെടെ, അവിശ്വാസികളായ കുടുംബാംഗങ്ങളിൽനിന്നു നമുക്ക് എതിർപ്പ് നേരിട്ടേക്കാം. ഒരുപക്ഷേ ആരോഗ്യകരമല്ലാത്ത സഹവാസത്തിലേക്കു നമ്മെ വലിച്ചിഴയ്ക്കാൻ അവർ ശ്രമിച്ചേക്കാം. (മത്തായി 10:34-36; 1 കൊരിന്ത്യർ 5:11-13; 15:33, NW) ഇക്കാര്യങ്ങളിൽ അബ്രാം നമുക്ക് നല്ലൊരു മാതൃകയാണ്. അവനെ സംബന്ധിച്ചിടത്തോളം എല്ലാറ്റിനെക്കാളും—കുടുംബ ബന്ധങ്ങളെക്കാൾ പോലും—പ്രധാനം യഹോവയുമായുള്ള സൗഹൃദമായിരുന്നു. എങ്ങനെ, എപ്പോൾ, എവിടെവെച്ച് ദൈവത്തിന്റെ വാഗ്ദാനങ്ങൾ നിവൃത്തിയേറുമെന്ന് അവന് അറിയില്ലായിരുന്നിട്ടും, ആ വാഗ്ദാനങ്ങളെ അടിസ്ഥാനപ്പെടുത്തി തന്റെ ജീവിതം കെട്ടിപ്പടുക്കാൻ അവൻ ഒരുക്കമുള്ളവൻ ആയിരുന്നു. ഇന്ന് നമ്മുടെ ജീവിതത്തിൽ ദൈവരാജ്യത്തിനു മുന്തിയ സ്ഥാനം കൊടുക്കാനുള്ള എത്ര നല്ല പ്രോത്സാഹനം!—മത്തായി 6:33.
8. അബ്രാമിന്റെ വിശ്വാസത്തിന് അവന്റെ അടുത്ത കുടുംബാംഗങ്ങളുടെമേൽ എങ്ങനെയുള്ള ഫലമാണ് ഉണ്ടായിരുന്നത്, ഇതിൽനിന്നു ക്രിസ്ത്യാനികൾക്ക് എന്തു പഠിക്കാനാകും?
8 അബ്രാമിന്റെ അടുത്ത കുടുംബാംഗങ്ങളുടെ കാര്യമോ? അവന്റെ വിശ്വാസത്തിനും ഉറച്ച ബോധ്യത്തിനും അവരുടെമേൽ വലിയ സ്വാധീനം ഉണ്ടായിരുന്നു. കാരണം, അവന്റെ ഭാര്യ സാറായിയും അനാഥനായിരുന്ന ലോത്ത് എന്ന സഹോദരപുത്രനും ദൈവത്തിന്റെ വിളി അനുസരിച്ചുകൊണ്ട് ഊർദേശം വിടാൻ പ്രേരിതരായത് അതിനുള്ള തെളിവാണ്. അബ്രാമിന്റെ സഹോദരനായ നാഹോരും അവന്റെ മക്കളിൽ ചിലരും പിൽക്കാലത്ത് ഊർദേശത്തുനിന്ന് ഹാരാനിലെത്തി അവിടെ താമസമാക്കി. അവിടെ അവർ യഹോവയെ ആരാധിച്ചു. (ഉല്പത്തി 24:1-4, 10, 31; 27:43; 29:4, 5) എന്തിന്, അബ്രാമിന്റെ പിതാവായ തേരഹ് പോലും തന്റെ പുത്രനോടൊപ്പം പോകാൻ സന്നദ്ധനായി! അങ്ങനെ കുടുംബത്തലവനായ അവൻ കനാൻദേശത്തേക്കു പോയതായി ബൈബിൾ പറയുന്നു. (ഉല്പത്തി 11:31) നമ്മുടെ ബന്ധുക്കളോടു നയപൂർവം സാക്ഷീകരിക്കുന്നെങ്കിൽ ഒരുപക്ഷേ നമുക്കും വിജയം ഉണ്ടായേക്കുകയില്ലേ?
9. യാത്രയ്ക്കായി അബ്രാമിന് എന്തെല്ലാം ഒരുക്കങ്ങൾ ചെയ്യേണ്ടിയിരുന്നു, അതിൽ ഒരുപക്ഷേ ത്യാഗം ഉൾപ്പെട്ടിരിക്കാവുന്നത് എങ്ങനെ?
9 യാത്ര തുടങ്ങുന്നതിനു മുമ്പ് അബ്രാമിനു വളരെ കാര്യങ്ങൾ ചെയ്യാനുണ്ടായിരുന്നു. അവനു തന്റെ വസ്തുവകകൾ വിറ്റ് കൂടാരങ്ങളും ഭക്ഷ്യസാധനങ്ങളും ആവശ്യമായ മറ്റു സാമഗ്രികളും അതുപോലെ ഒട്ടകങ്ങളെയും വാങ്ങേണ്ടതുണ്ടായിരുന്നു. ധൃതിപിടിച്ച ആ ഒരുക്കത്തിൽ അബ്രാമിനു സാമ്പത്തിക നഷ്ടം നേരിട്ടിരിക്കാം. എന്നാൽ യഹോവയെ അനുസരിക്കാൻ അവൻ സന്തോഷമുള്ളവൻ ആയിരുന്നു. ഒരുക്കങ്ങളെല്ലാം പൂർത്തിയായി അബ്രാമും സംഘവും യാത്രയ്ക്കു സജ്ജരായി ഊർ നഗരത്തിന്റെ മതിലുകൾക്കു വെളിയിൽ നിന്ന ആ ദിവസം എത്ര നിർണായകമായ ഒന്നായിരുന്നിരിക്കണം! വളഞ്ഞുപുളഞ്ഞ് ഒഴുകുന്ന യൂഫ്രട്ടീസ് നദിയുടെ ഓരത്തുകൂടി ആ സംഘം വടക്കുപടിഞ്ഞാറോട്ട് നീങ്ങി. ആഴ്ചകൾ നീണ്ട യാത്രയുടെ അവസാനം, ഏകദേശം 1,000 കിലോമീറ്റർ താണ്ടി, ആ സംഘം വടക്കൻ മെസൊപ്പൊത്താമ്യയിലെ ഒരു നഗരമായ ഹാരാനിൽ എത്തിച്ചേർന്നു. വ്യാപാരിസംഘങ്ങളുടെ ഇടത്താവളമായിരുന്നു അവിടം.
10, 11. (എ) എന്തുകൊണ്ടാണ് അബ്രാം കുറെക്കാലം ഹാരാനിൽ തങ്ങിയത്? (ബി) വൃദ്ധ മാതാപിതാക്കൾക്കായി കരുതുന്ന ക്രിസ്ത്യാനികൾക്ക് എന്തു പ്രോത്സാഹനമാണുള്ളത്?
10 അബ്രാം ഹാരാനിൽ താമസമാക്കി. ഒരുപക്ഷേ അങ്ങനെ ചെയ്തത് തന്റെ വൃദ്ധ പിതാവായ തേരഹിനോടുള്ള പരിഗണന നിമിത്തം ആയിരിക്കാം. (ലേവ്യപുസ്തകം 19:32) സമാനമായി, പ്രായം ചെന്നവരോ രോഗികളോ ആയ മാതാപിതാക്കൾക്കായി കരുതുന്നതിനുള്ള ചുമതല ഉള്ളവരാണ് ഇന്നു പല ക്രിസ്ത്യാനികളും. അങ്ങനെ ചെയ്യാൻ ചിലർക്കു തങ്ങളുടെ ജീവിതത്തിൽ വളരെ പൊരുത്തപ്പെടുത്തലുകൾ വരുത്തേണ്ടിയിരിക്കുന്നു. എന്നാൽ, സ്നേഹപുരസ്സരമായ അത്തരം ത്യാഗങ്ങൾ ‘ദൈവസന്നിധിയിൽ പ്രസാദകര’മാണെന്ന് അവർക്കപ്പോൾ ഉറപ്പുണ്ടായിരിക്കാനാകും.—1 തിമൊഥെയൊസ് 5:4.
11 കാലം കടന്നുപോയി. “തേരഹിന്റെ ആയുഷ്കാലം ഇരുനൂററഞ്ചു സംവത്സരം ആയിരുന്നു; തേരഹ് ഹാരാനിൽവെച്ചു മരിച്ചു.” തന്റെ പിതാവിന്റെ മരണത്തിൽ അബ്രാം തീർച്ചയായും ദുഃഖിച്ചു. എന്നാൽ ദുഃഖകാലം കഴിഞ്ഞ ഉടൻ അവൻ അവിടെനിന്നു പുറപ്പെട്ടു. “ഹാരാനിൽനിന്നു പുറപ്പെടുമ്പോൾ അബ്രാമിന്നു എഴുപത്തഞ്ചു വയസ്സായിരുന്നു. അബ്രാം തന്റെ ഭാര്യയായ സാറായിയെയും സഹോദരന്റെ മകനായ ലോത്തിനെയും തങ്ങൾ ഉണ്ടാക്കിയ സമ്പത്തുകളെയൊക്കെയും തങ്ങൾ ഹാരാനിൽവെച്ചു സമ്പാദിച്ച ആളുകളെയും കൂട്ടിക്കൊണ്ടു കനാൻദേശത്തേക്കു പോകുവാൻ പുറപ്പെട്ടു കനാൻദേശത്തു എത്തി.”—ഉല്പത്തി 11:32; 12:4, 5.
12. ഹാരാനിൽ ആയിരിക്കെ അബ്രാം എന്തു ചെയ്തു?
12 ഹാരാനിൽ ആയിരിക്കെ, അബ്രാം ‘സ്വത്തുക്കൾ ഉണ്ടാക്കി’ എന്നത് ശ്രദ്ധേയമാണ്. ഊർദേശം വിട്ടപ്പോൾ ഭൗതിക നഷ്ടം ഉണ്ടായെങ്കിലും, ഒരു ധനികനായാണ് അബ്രാം ഹാരാനിൽനിന്നു പുറപ്പെട്ടത്. തീർച്ചയായും അതു ദൈവത്തിൽ നിന്നുള്ള അനുഗ്രഹത്തിന്റെ ഫലമായിരുന്നു. (സഭാപ്രസംഗി 5:19) ദൈവം ഇന്നു തന്റെ ജനത്തിനു സ്വത്തുക്കൾ വാഗ്ദാനം ചെയ്യുന്നില്ലെങ്കിലും, രാജ്യത്തെപ്രതി “വീടോ സഹോദരന്മാരെയോ സഹോദരികളെയോ” വിടുന്നവരുടെ ആവശ്യങ്ങൾ നിവർത്തിക്കുമെന്ന തന്റെ വാഗ്ദാനത്തോട് അവൻ വിശ്വസ്തനാണ്. (മർക്കൊസ് 10:29, 30) അബ്രാം ‘ആളുകളെ’യും അഥവാ ദാസന്മാരെയും ‘സമ്പാദിച്ചു.’ അബ്രാം അവരെ ‘മതപരിവർത്തനം നടത്തി’ എന്ന് യെരൂശലേം തർഗമും കൽദയ പരാവർത്തനവും പറയുന്നു. (ഉല്പത്തി 18:19) അയൽക്കാരോടും സഹപ്രവർത്തകരോടും സഹപാഠികളോടും സാക്ഷീകരിക്കാൻ വിശ്വാസം നിങ്ങളെ പ്രേരിപ്പിക്കുന്നുണ്ടോ? ദൈവകൽപ്പന വിസ്മരിക്കാതെ ഹാരാനിലെ തന്റെ സമയം അബ്രാം ക്രിയാത്മകമായി ഉപയോഗിച്ചു. എന്നാൽ അവിടെ ആയിരിക്കാനുള്ള തന്റെ കാലം തീർന്നതിനാൽ, “യഹോവ തന്നോടു കല്പിച്ചതുപോലെ അബ്രാം പുറപ്പെട്ടു.”—ഉല്പത്തി 12:4.
യൂഫ്രട്ടീസിനു കുറുകെ
13. അബ്രാം എപ്പോഴാണ് യൂഫ്രട്ടീസ് നദി കുറുകെ കടന്നത്, അതിന്റെ പ്രാധാന്യം എന്തായിരുന്നു?
13 അബ്രാമിനു വീണ്ടും യാത്ര ചെയ്യേണ്ടിവന്നു. ഹാരാൻ വിട്ട അവൻ തന്റെ സംഘത്തോടൊപ്പം പടിഞ്ഞാറോട്ട് ഏതാണ്ട് 90 കിലോമീറ്റർ യാത്ര ചെയ്തു. കർക്കെമീശിലെ പുരാതന വാണിജ്യ കേന്ദ്രത്തിന് എതിർവശത്തായി യൂഫ്രട്ടീസ് നദിയുടെ തീരത്ത് ആയിരിക്കാം അബ്രാം തങ്ങിയത്. വ്യാപാരിസംഘങ്ങൾ സാധാരണഗതിയിൽ നദി കുറുകെ കടന്നിരുന്നത് ആ ഭാഗത്തുവെച്ച് ആയിരുന്നു.b അബ്രാമും കൂട്ടരും നദി കുറുകെ കടന്നത് എപ്പോഴാണ്? പൊ.യു.മു. 1513 നീസാൻ 14-ാം തീയതി യഹൂദന്മാർ ഈജിപ്തിൽനിന്ന് പുറപ്പെടുന്നതിന് 430 വർഷം മുമ്പാണ് അതു സംഭവിച്ചതെന്നു ബൈബിൾ സൂചിപ്പിക്കുന്നു. പുറപ്പാടു 12:41 ഇപ്രകാരം പറയുന്നു: “നാനൂററി മുപ്പതു സംവത്സരം കഴിഞ്ഞിട്ടു, ആ ദിവസം തന്നെ, യഹോവയുടെ ഗണങ്ങൾ ഒക്കെയും മിസ്രയീംദേശത്തുനിന്നു പുറപ്പെട്ടു.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.) അതുകൊണ്ട് പൊ.യു.മു. 1943 നീസാൻ 14-ാം തീയതി, അബ്രാം അനുസരണപൂർവം യൂഫ്രട്ടീസ് നദി കുറുകെ കടന്നപ്പോഴായിരിക്കാം അബ്രാഹാമ്യ ഉടമ്പടി നിലവിൽ വന്നത്.
14. (എ) തന്റെ വിശ്വാസ നേത്രങ്ങൾകൊണ്ട് അബ്രാം എന്തു കണ്ടു? (ബി) ഇന്നു ദൈവജനം അബ്രാമിനെക്കാൾ അനുഗ്രഹിക്കപ്പെട്ടിരിക്കുന്നത് ഏത് അർഥത്തിൽ?
14 അബ്രാം സമ്പന്നമായ ഒരു ദേശം വിട്ടാണ് പോന്നത്. എന്നാൽ ‘[യഥാർഥ] അടിസ്ഥാനങ്ങളുള്ള നഗരം,’ മനുഷ്യവർഗത്തിന്മേലുള്ള നീതിനിഷ്ഠമായ ഭരണക്രമീകരണം, അവൻ കണ്ടു. (എബ്രായർ 11:10) അതേ, തുലോം തുച്ഛമായ വിവരങ്ങളെ അടിസ്ഥാനമാക്കി, മരിച്ചുകൊണ്ടിരുന്ന മനുഷ്യവർഗത്തെ വീണ്ടെടുക്കാനുള്ള ദൈവോദ്ദേശ്യത്തിന്റെ വളരെ പ്രാഥമികമായ വിവരങ്ങൾ അബ്രാം ഗ്രഹിക്കാൻ തുടങ്ങി. ഇന്നു നമുക്കു ദൈവോദ്ദേശ്യങ്ങൾ സംബന്ധിച്ച് അവനെക്കാൾ വളരെയധികം ഗ്രാഹ്യം ഉള്ളതിനാൽ നാം എത്ര അനുഗൃഹീതരാണ്! (സദൃശവാക്യങ്ങൾ 4:18) അബ്രാം ആശയോടെ കാത്തിരുന്ന ‘നഗരം’ അഥവാ രാജ്യഗവൺമെന്റ് ഇന്ന് ഒരു യാഥാർഥ്യമാണ്. അത് 1914 മുതൽ സ്വർഗത്തിൽ ഭരണം നടത്തുന്നു. തന്മൂലം, യഹോവയിലുള്ള നമ്മുടെ വിശ്വാസവും ആശ്രയവും പ്രകടമാക്കുന്ന വിധത്തിൽ പ്രവർത്തിക്കാൻ നാം പ്രേരിതരാകേണ്ടതല്ലേ?
വാഗ്ദത്തദേശത്തെ താത്കാലിക വാസം തുടങ്ങുന്നു
15, 16. (എ) യഹോവയ്ക്ക് യാഗപീഠം പണിയാൻ അബ്രാമിനു ധൈര്യം ആവശ്യമായിരുന്നത് എന്തുകൊണ്ട്? (ബി) ഇന്നു ക്രിസ്ത്യാനികൾക്ക് എങ്ങനെ അബ്രാമിനെ പോലെ ധീരരായിരിക്കാൻ കഴിയും?
15 ഉല്പത്തി 12:5, 6 നമ്മോട് ഇങ്ങനെ പറയുന്നു: “[അവർ] പുറപ്പെട്ടു കനാൻദേശത്തു എത്തി. അബ്രാം ശെഖേമെന്ന സ്ഥലംവരെയും ഏലോൻമോരേവരെയും ദേശത്തുകൂടി സഞ്ചരിച്ചു.” യെരൂശലേമിന് 50 കിലോമീറ്റർ വടക്കു മാറി, “വിശുദ്ധ നാട്ടിലെ പറുദീസ” എന്നു വിശേഷിപ്പിക്കപ്പെട്ടിരിക്കുന്ന സമ്പദ്സമൃദ്ധമായ ഒരു താഴ്വരയിലാണ് ശേഖേം സ്ഥിതി ചെയ്തിരുന്നത്. അന്നു കനാന്യർ ആ “ദേശത്തു പാർത്തിരുന്നു.” അവർ അധമജീവിതം നയിച്ചിരുന്നവർ ആയതിനാൽ അവരുടെ ദുഷിച്ച സ്വാധീനത്തിൽനിന്നു തന്റെ കുടുംബത്തെ രക്ഷിക്കാൻ അബ്രാം ചില മുൻകരുതലുകൾ എടുക്കേണ്ടിയിരുന്നു.—പുറപ്പാടു 34:11-16.
16 രണ്ടാം പ്രാവശ്യം “യഹോവ അബ്രാമിന്നു പ്രത്യക്ഷനായി: നിന്റെ സന്തതിക്കു ഞാൻ ഈ ദേശം കൊടുക്കുമെന്നു അരുളിച്ചെയ്തു.” എത്ര പുളകം കൊള്ളിക്കുന്ന സന്ദേശം! തന്റെ ഭാവി സന്തതികൾക്കു മാത്രം ആസ്വദിക്കാൻ കഴിയുന്ന ഒന്നിൽ സന്തോഷിക്കാൻ അബ്രാമിനു വിശ്വാസം ആവശ്യമായിരുന്നു. അപ്പോൾ, അതിനോടുള്ള പ്രതികരണമായി “തനിക്കു പ്രത്യക്ഷനായ യഹോവെക്കു അവൻ അവിടെ ഒരു യാഗപീഠം പണിതു.” (ഉല്പത്തി 12:7) ഒരു ബൈബിൾ പണ്ഡിതൻ ഇങ്ങനെ അഭിപ്രായപ്പെടുന്നു: “[അബ്രാം] ദേശത്ത് യാഗപീഠം സ്ഥാപിച്ചത്, തന്റെ വിശ്വാസം പ്രകടമാക്കുന്നതിനായി ഉറപ്പാക്കിയ ഒരു അവകാശത്തിന്റെ അടിസ്ഥാനത്തിൽ ആ ദേശം കൈവശമാക്കിയിരിക്കുന്നു എന്നതിന്റെ തെളിവായിട്ട് ആയിരുന്നു.” അത്തരമൊരു യാഗപീഠം പണിയുന്നത് ധീരമായ ഒരു നടപടികൂടെ ആയിരുന്നു. പിൽക്കാലത്ത് ന്യായപ്രമാണം നിഷ്കർഷിച്ച തരത്തിലുള്ള—ചെത്തിമിനുക്കാത്ത സ്വാഭാവിക കല്ലുകൾകൊണ്ട് പണിത—ഒന്നായിരുന്നു ആ യാഗപീഠം എന്നതിനു സംശയമില്ല. (പുറപ്പാടു 20:24, 25) കനാന്യർ ഉപയോഗിച്ചിരുന്ന യാഗപീഠങ്ങളിൽനിന്നു വളരെ വ്യത്യസ്തമായിരുന്നു അബ്രാം നിർമിച്ച യാഗപീഠം. അങ്ങനെ അബ്രാം സത്യദൈവമായ യഹോവയുടെ ആരാധകൻ എന്ന നിലയിൽ പരസ്യമായി സുധീരമായ ഒരു നിലപാടു സ്വീകരിച്ചു. അത് അവനെ മറ്റുള്ളവരുടെ വിദ്വേഷത്തിനും അക്രമത്തിനും ഇരയാക്കുമായിരുന്നു. ഇന്നു നമ്മുടെ കാര്യമോ? നമ്മിൽ ചിലർ, പ്രത്യേകിച്ചും യുവജനങ്ങൾ, നാം യഹോവയെ ആരാധിക്കുന്നുവെന്ന വിവരം അയൽക്കാരിൽനിന്നോ സഹപാഠികളിൽനിന്നോ മറച്ചുപിടിക്കുന്നുണ്ടോ? അബ്രാമിന്റെ ധീരമായ ഈ ദൃഷ്ടാന്തം, യഹോവയുടെ ദാസന്മാർ ആയിരിക്കുന്നതിൽ അഭിമാനിക്കാൻ നമുക്കേവർക്കും പ്രചോദനം നൽകുമാറാകട്ടെ!
17. അബ്രാം ദൈവനാമം ഘോഷിച്ചു എന്ന് എന്തു തെളിയിക്കുന്നു, ഇക്കാലത്ത് അത് എന്തു സംബന്ധിച്ച് ക്രിസ്ത്യാനികളെ ഓർമിപ്പിക്കുന്നു?
17 അബ്രാം പോയിടത്തെല്ലാം അവൻ യഹോവയുടെ ആരാധനയ്ക്കു പ്രാധാന്യം കൊടുത്തു. “അവൻ അവിടെനിന്നു ബേഥേലിന്നു കിഴക്കുള്ള മലെക്കു പുറപ്പെട്ടു; ബേഥേൽ പടിഞ്ഞാറും ഹായി കിഴക്കുമായി കൂടാരം അടിച്ചു; അവിടെ അവൻ യഹോവെക്കു ഒരു യാഗപീഠം പണിതു യഹോവയുടെ നാമത്തിൽ ആരാധിച്ചു [“നാമം വിളിച്ചു,” പി.ഒ.സി. ബൈബിൾ].” (ഉല്പത്തി 12:8) ‘നാമം വിളിക്കുക’ എന്നതിനുള്ള എബ്രായ പദപ്രയോഗത്തിന് ‘നാമം ഘോഷിക്കുക (പ്രസംഗിക്കുക)’ എന്ന അർഥവുമുണ്ട്. അബ്രാം കനാന്യരായ അയൽക്കാരുടെ ഇടയിൽ യഹോവയുടെ നാമം ഘോഷിച്ചു എന്നതിനു സംശയമില്ല. (ഉല്പത്തി 14:22-24) ‘അവന്റെ നാമത്തിനു സ്തോത്രയാഗം അർപ്പിക്കുന്നതിൽ’ കഴിയുന്നത്ര പങ്കുണ്ടായിരിക്കുകയെന്ന നമ്മുടെ ഉത്തരവാദിത്വത്തെ കുറിച്ച് അതു നമ്മെ ഓർമിപ്പിക്കുന്നു.—എബ്രായർ 13:15; റോമർ 10:10.
18. കനാൻ നിവാസികളുമായി അബ്രാമിന് എങ്ങനെയുള്ള ഒരു ബന്ധമാണ് ഉണ്ടായിരുന്നത്?
18 ആ സ്ഥലങ്ങളിലൊന്നും അബ്രാം ദീർഘകാലം തങ്ങിയില്ല. “അബ്രാം പിന്നെയും തെക്കോട്ടു,” യഹൂദാ മലമ്പ്രദേശത്തിനു തെക്കുള്ള ഏറെക്കുറെ വരണ്ട പ്രദേശമായ നേഗെബിലേക്ക് “യാത്രചെയ്തുകൊണ്ടിരുന്നു.” (ഉല്പത്തി 12:9) യാത്ര തുടരുകയും ഓരോ പുതിയ സ്ഥലത്തും യഹോവയുടെ ആരാധകൻ ആണെന്നു സ്ഥാപിക്കുകയും ചെയ്തുകൊണ്ട് അബ്രാമും കുടുംബവും “തങ്ങൾ അന്യരും പരദേശികളും എന്നു ഏററുപറഞ്ഞു.” (എബ്രായർ 11:13) അപ്പോഴെല്ലാം, തങ്ങളുടെ പുറജാതീയ അയൽക്കാരുമായി അടുത്ത ബന്ധം സ്ഥാപിക്കാതിരിക്കാൻ അവർ ശ്രദ്ധിച്ചു. അതുപോലെ ഇന്നു ക്രിസ്ത്യാനികൾ “ലോകത്തിന്റെ ഭാഗം ആയിരിക്കാതെ” കഴിയേണ്ടതുണ്ട്. (യോഹന്നാൻ 17:16, NW) നാം നമ്മുടെ അയൽക്കാരോടും സഹജോലിക്കാരോടും ദയയോടും മര്യാദയോടും കൂടെ ഇടപെടവേ, ദൈവത്തിൽനിന്ന് അന്യപ്പെട്ട ലോകത്തിന്റെ മനോഭാവം പ്രതിഫലിപ്പിക്കുന്ന പെരുമാറ്റത്തിൽ കുടുങ്ങിപ്പോകാതിരിക്കാൻ ശ്രദ്ധിക്കണം.—എഫെസ്യർ 2:2, 3.
19. (എ) അബ്രാമിനെയും സാറായിയെയും സംബന്ധിച്ചിടത്തോളം ദേശാന്തര ജീവിതം വെല്ലുവിളികൾ നിറഞ്ഞത് ആയിരുന്നത് എന്തുകൊണ്ട്? (ബി) അബ്രാമിന് എന്തു വെല്ലുവിളി ഉണ്ടാകാൻ പോകുകയായിരുന്നു?
19 ദേശാന്തര യാത്രയുടെ കഷ്ടപ്പാടുകളുമായി പൊരുത്തപ്പെട്ടു പോകുക എന്നത് അബ്രാമിനും സാറായിക്കും എളുപ്പമല്ലായിരുന്നു എന്ന കാര്യം നമുക്കു മറക്കാതിരിക്കാം. ഊർ നഗരത്തിലെ കമ്പോളങ്ങളിൽനിന്നുള്ള ഭക്ഷ്യസാധനങ്ങൾക്കു പകരം, ഭക്ഷണത്തിനായി ആടുമാടുകളുടെ പാൽ ഉത്പന്നങ്ങളും മാംസവുമാണ് അവർ ഉപയോഗിച്ചത്; ഗംഭീര ഭവനങ്ങളിൽ താമസിക്കുന്നതിനു പകരം കൂടാരങ്ങളിലാണ് അവർ വസിച്ചത്. (എബ്രായർ 11:9) അബ്രാമിന്റെ ജീവിതം പ്രവർത്തനനിരതമായിരുന്നു; ആടുമാടുകളെയും തന്റെ ദാസന്മാരെയും നോക്കുന്നതിൽ അവൻ തിരക്കോടെ ഏർപ്പെട്ടു. അന്നത്തെ സംസ്കാരം അനുസരിച്ച് സ്ത്രീകൾ പരമ്പരാഗതമായി ചെയ്തിരുന്ന ജോലികൾ സാറായി ചെയ്തു. മാവു കുഴയ്ക്കുക, അപ്പം ഉണ്ടാക്കുക, നൂൽ നൂൽക്കുക, കുപ്പായങ്ങൾ തയ്ക്കുക എന്നിവയൊക്കെ അവയിൽ പെടും. (ഉല്പത്തി 18:6, 7; 2 രാജാക്കന്മാർ 23:7; സദൃശവാക്യങ്ങൾ 31:19, ഓശാന ബൈ.; യെഹെസ്കേൽ 13:18) എന്നാൽ, നിരവധി കഷ്ടതകൾ അബ്രാമിനെയും കുടുംബത്തെയും കാത്തിരിപ്പുണ്ടായിരുന്നു, അവരുടെ ജീവൻതന്നെ അപകടത്തിലാക്കുമായിരുന്നതരം കഷ്ടതകൾ! ആ വെല്ലുവിളി നേരിടാൻതക്ക വിശ്വാസം അബ്രാമിന് ഉണ്ടായിരുന്നോ?
[അടിക്കുറിപ്പുകൾ]
a ഇപ്പോൾ യൂഫ്രട്ടീസ് നദി ഒഴുകുന്നത് ഊർ സ്ഥിതി ചെയ്തിരുന്ന സ്ഥലത്തിന് 16 കിലോമീറ്റർ കിഴക്കുമാറി ആണെങ്കിലും, പുരാതന കാലങ്ങളിൽ ആ നദി നഗരത്തിന്റെ പടിഞ്ഞാറു കൂടിയാണ് ഒഴുകിയിരുന്നതെന്ന് തെളിവു സൂചിപ്പിക്കുന്നു. അതിനാൽ അബ്രാം “[യൂഫ്രട്ടീസ്] നദിക്കക്കരെനിന്നു” വരുന്നതായി പിൽക്കാലത്തു പരാമർശിച്ചിരിക്കുന്നു.—യോശുവ 24:3.
b നൂറ്റാണ്ടുകൾക്കു ശേഷം, കർക്കെമീശിന് അടുത്തുവെച്ച് അസീറിയൻ രാജാവായ അശൂർനാസിർപാൽ രണ്ടാമൻ ചങ്ങാടങ്ങൾ ഉപയോഗിച്ച് യൂഫ്രട്ടീസ് നദി കുറുകെ കടക്കുകയുണ്ടായി. അബ്രാമും കൂട്ടരും ചങ്ങാടങ്ങൾ ഉപയോഗിച്ചാണോ അതോ നടന്നാണോ നദി കുറുകെ കടന്നത് എന്നു ബൈബിൾ പറയുന്നില്ല.
നിങ്ങൾ ശ്രദ്ധിച്ചോ?
• “വിശ്വാസമുള്ള സകലരുടെയും പിതാവ്” എന്ന് അബ്രാമിനെ വിളിച്ചിരിക്കുന്നത് എന്തുകൊണ്ട്?
• കൽദയരുടെ ഊർദേശം വിട്ടുപോകാൻ അബ്രാമിനു വിശ്വാസം ആവശ്യമായിരുന്നത് എന്തുകൊണ്ട്?
• താൻ യഹോവയുടെ ആരാധനയ്ക്ക് മുൻഗണന കൊടുത്തുവെന്ന് അബ്രാം എങ്ങനെ പ്രകടമാക്കി?
[16-ാം പേജിലെ മാപ്പ്]
(പൂർണരൂപത്തിൽ കാണുന്നതിന് പ്രസിദ്ധീകരണം നോക്കുക)
അബ്രാമിന്റെ യാത്ര
ഊർ
ഹാരാൻ
കർക്കെമീശ്
കനാൻ
മഹാസമുദ്രം
[കടപ്പാട്]
Based on a map copyrighted by Pictorial Archive (Near Eastern History) Est. and Survey of Israel
[15-ാം പേജിലെ ചിത്രം]
ഊർ നഗരത്തിലെ ജീവിതസുഖങ്ങൾ വിട്ടുപോകാൻ അബ്രാമിനു നല്ല വിശ്വാസം ആവശ്യമായിരുന്നു
[18-ാം പേജിലെ തലവാചകം]
കൂടാരങ്ങളിൽ പാർക്കുകവഴി അബ്രാമും കുടുംബവും “തങ്ങൾ അന്യരും പരദേശികളും എന്നു ഏററുപറഞ്ഞു”