യഹോവയെ പഴിക്കാൻ പാടില്ല
“അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവെക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു. അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.”—സങ്കീർത്തനങ്ങൾ 103:13,14.
1, 2. അബ്രഹാം ആരായിരുന്നു, അവന്റെ സഹോദരപുത്രനായ ലോത്ത് ദുഷ്ടനഗരമായ സോദോമിൽ വസിക്കാൻ ഇടവന്നത് എങ്ങനെ?
നമ്മുടെ തെററുകൾ മൂലം നാം അനുഭവിച്ചേക്കാവുന്ന കഷ്ടപ്പാടുകൾക്ക് യഹോവ ഉത്തരവാദിയല്ല. ഇതു സംബന്ധിച്ച് ഏതാണ്ട് 3,900 വർഷം മുമ്പ് എന്തു സംഭവിച്ചുവെന്നു പരിചിന്തിക്കുക. ദൈവത്തിന്റെ സ്നേഹിതനായ അബ്രഹാമും(അബ്രാം) അവന്റെ സഹോദരപുത്രനായ ലോത്തും വളരെ സമ്പന്നരായിത്തീർന്നിരുന്നു. (യാക്കോബ് 2:23) യഥാർത്ഥത്തിൽ, അവരുടെ സ്വത്തുക്കളും ആടുമാടുകളും, ‘ഒന്നിച്ചുപാർപ്പാൻ ദേശത്തിന് അവരെ അനുവദിച്ചുകൂടാത്തവണ്ണം’ വളരെ പെരുകിയിരുന്നു. കൂടാതെ, രണ്ടുപേരുടെയും കന്നുകാലികളുടെ ഇടയൻമാർ തമ്മിൽ ഒരു വഴക്കും ഉണ്ടായി. (ഉല്പത്തി 13:5-7) ഇതുസംബന്ധിച്ച് എന്തുചെയ്യാൻ കഴിയുമായിരുന്നു?
2 വഴക്ക് അവസാനിപ്പിക്കുന്നതിന്, അബ്രഹാം ഒരു വേർപാടു നടക്കട്ടെയെന്നു നിർദ്ദേശിക്കുകയും ആദ്യം തിരഞ്ഞെടുക്കാൻ ലോത്തിനെ അനുവദിക്കുകയും ചെയ്തു. അബ്രഹാം മൂത്തയാളായിരുന്നതിനാൽ ഏററവും നല്ല പ്രദേശം തെരഞ്ഞെടുക്കാൻ അവന്റെ സഹോദരപുത്രൻ അവനെ അനുവദിക്കുന്നത് ഉചിതമായിരിക്കുമായിരുന്നിട്ടും ലോത്ത് ഏററം വിശിഷ്ടമായ സ്ഥാനം തിരഞ്ഞെടുത്തു—നല്ല നീരോട്ടമുള്ള ലോവർ ജോർഡൻ ജില്ല മുഴുവനും തന്നെ. ബാഹ്യപ്രത്യക്ഷതകൾ വഞ്ചനാപരമായിരുന്നു, എന്തെന്നാൽ ധാർമ്മികമായി അധഃപതിച്ച സോദോം, ഗൊമോറ എന്നീ നഗരങ്ങൾ സമീപത്തുതന്നെയായിരുന്നു. ലോത്തും കുടുംബവും ഒടുവിൽ സോദോമിലേക്കു മാറിപ്പാർത്തു, ഇത് അവരെ ആത്മീയമായ അപകടത്തിലാക്കി. അതിനുപുറമേ, സോദോമിലെ ഭരണാധികാരിയെ കെദൊർലായോമെർ രാജാവും സഖ്യകക്ഷികളും തോൽപ്പിച്ചപ്പോൾ അവരെ തടവുകാരായി പിടിച്ചു. അബ്രഹാമും അവന്റെ ആളുകളും ലോത്തിനെയും കുടുംബത്തെയും രക്ഷിച്ചുവെങ്കിലും അവർ സോദോമിലേക്കു മടങ്ങിപ്പോയി.—ഉല്പത്തി 13:8-13; 14:4-16.
3, 4. ദൈവം സോദോമിനെയും ഗൊമോറയെയും നശിപ്പിച്ചപ്പോൾ ലോത്തിനും അവന്റെ കുടുംബത്തിലെ അംഗങ്ങൾക്കും എന്തു സംഭവിച്ചു?
3 സോദോമിന്റെയും ഗൊമോറയുടെയും ലൈംഗിക വൈകൃതങ്ങളും ധാർമ്മിക അധഃപതനവും കാരണം, യഹോവ ആ നഗരങ്ങളെ നശിപ്പിക്കാൻ തീരുമാനിച്ചു. അവൻ കരുണാപൂർവ്വം അയച്ച രണ്ടു ദൂതൻമാർ ലോത്തിനെയും അവന്റെ ഭാര്യയെയും അവരുടെ രണ്ടു പുത്രിമാരെയും സോദോമിനുവെളിയിലേക്കു നയിച്ചു. അവർ പിന്തിരിഞ്ഞുനോക്കരുതായിരുന്നു, എന്നാൽ ലോത്തിന്റെ ഭാര്യ അങ്ങനെ ചെയ്തു, ഒരുപക്ഷേ പിമ്പിൽ വിട്ടേച്ചുപോന്ന ഭൗതികവസ്തുക്കളെ കാംക്ഷിച്ചുകൊണ്ടായിരിക്കാം. ആ ക്ഷണത്തിൽ അവൾ ഒരു ഉപ്പുതൂണായിത്തീർന്നു.—ഉല്പത്തി 19:1-26.
4 എന്തെല്ലാം നഷ്ടങ്ങൾ ലോത്തും അവന്റെ പുത്രിമാരും സഹിച്ചു! പെൺകുട്ടികൾ തങ്ങൾ വിവാഹം കഴിക്കാനിരുന്ന പുരുഷൻമാരെ വിട്ടിട്ടുപോരേണ്ടിവന്നു. ഇപ്പോൾ ലോത്ത് ഭാര്യയും ഭൗതികസമ്പത്തും ഇല്ലാത്തവനായി. യഥാർത്ഥത്തിൽ, അവൻ തന്റെ പുത്രിമാരോടൊത്ത് ഒടുവിൽ ഒരു ഗുഹയിൽ ജീവിക്കുന്നതിനിടയായി (ഉല്പത്തി 19:30-38) അവനു വളരെ നല്ലതെന്നു കാണപ്പെട്ടതു നേരേ വിപരീതമെന്നു തെളിഞ്ഞു. സ്പഷ്ടമായി അവൻ ഗൗരവമുള്ള പിഴവുകൾ വരുത്തിയിരുന്നെങ്കിലും, പിന്നീട് അവനെ “നീതിമാനായ ലോത്ത്” എന്നു വിളിച്ചു. (2 പത്രൊസ് 2:7, 8) തീർച്ചയായും ലോത്തിന്റെ തെററുകൾക്ക് യഹോവയാം ദൈവത്തെ പഴിക്കാൻ പാടില്ലായിരുന്നു.
“തെററുകളെ ഗ്രഹിക്കുന്നവൻ ആർ?”
5. തെററുകളെയും അഹംഭാവത്തെയും സംബന്ധിച്ചു ദാവീദ് എങ്ങനെ വിചാരിച്ചിരുന്നു?
5 അപൂർണ്ണരും പാപികളുമായതിനാൽ നാമെല്ലാം തെററുകൾ വരുത്തുന്നു. (റോമർ 5:12; യാക്കോബ് 3:2) ലോത്തിനെപ്പോലെ, നാം ബാഹ്യഭാവങ്ങളാൽ വഞ്ചിതരാവുകയും ഗുണദോഷവിവേചനയിൽ തെററുവരുത്തുകയും ചെയ്തേക്കാം. അതുകൊണ്ട്, സങ്കീർത്തനക്കാരനായ ദാവീദു യാചിച്ചു: “തന്റെ തെററുകളെ ഗ്രഹിക്കുന്നവൻ ആർ? മറഞ്ഞിരിക്കുന്ന തെററുകളെ പോക്കി എന്നെ മോചിക്കേണമേ; അവ എന്റെമേൽ വാഴരുതേ; എന്നാൽ ഞാൻ നിഷ്കളങ്കനും മഹാപാതകരഹിതനും ആയിരിക്കും.” (സങ്കീർത്തനം 19:12, 13) തനിക്ക് അറിവില്ലാത്ത പാപങ്ങൾപോലും ചെയ്തുപോയേക്കാമെന്നു ദാവീദ് അറിഞ്ഞിരുന്നു. അതിനാൽ, തന്നിൽനിന്നുപോലും മറഞ്ഞിരുന്നേക്കാവുന്ന ലംഘനങ്ങൾക്കായി അവൻ ക്ഷമ യാചിച്ചു. തന്റെ അപൂർണ്ണജഡം ഒരു തെററായ ഗതിയിൽ അവനെ തള്ളിവിട്ടതിനാൽ, അവൻ ഗൗരവമുള്ള ഒരു തെററു ചെയ്തപ്പോൾ, അവൻ യഹോവയുടെ സഹായം അതിയായി ആഗ്രഹിച്ചു. ധിക്കാരപരമായ പ്രവൃത്തികളിൽനിന്ന് ദൈവം തന്നെ തടയണമെന്ന് അവൻ ഇച്ഛിച്ചു. ധിക്കാരം തന്റെ പ്രബലമനോഭാവമാകാൻ ദാവീദ് ആഗ്രഹിച്ചില്ല. നേരേമറിച്ച്, യഹോവയാം ദൈവത്തോടുള്ള തന്റെ ഭക്തിയിൽ പൂർണ്ണനായിരിക്കാൻ അവൻ ആഗ്രഹിച്ചു.
6. സങ്കീർത്തനം 103:10-14-ൽനിന്ന് എന്ത് ആശ്വാസം നേടാൻ കഴിയും?
6 യഹോവയുടെ ഇന്നത്തെ സമർപ്പിത ദാസൻമാരെന്നനിലയിൽ, നാമും അപൂർണ്ണരും അതിനാൽ തെററുകൾ വരുത്തുന്നവരുമാണ്. ഉദാഹരണത്തിന്, ലോത്തിനെപ്പോലെ നാം നമ്മുടെ വാസസ്ഥലം സംബന്ധിച്ച് ഒരു മോശമായ തിരഞ്ഞെടുപ്പു നടത്തിയേക്കാം. ഒരുപക്ഷേ ദൈവത്തിന്റെ വിശുദ്ധസേവനം വികസിപ്പിക്കാനുള്ള ഒരവസരം നാം തള്ളിക്കളയുന്നു. യഹോവ അങ്ങനെയുള്ള തെററുകൾ കാണുന്നുണ്ടെങ്കിലും, നീതിയിലേക്കു ചായ്വുള്ള ഹൃദയമുള്ളവരെ അവൻ അറിയുന്നു. നാം ഗൗരവമായി തെററുചെയ്താലും പശ്ചാത്തപിക്കുന്നുവെങ്കിൽ, യഹോവ ക്ഷമയും സഹായവും നൽകുകയും ദൈവികഭക്തിയുള്ള വ്യക്തികളായി നമ്മെ വീക്ഷിക്കുന്നതിൽ തുടരുകയും ചെയ്യുന്നു. “അവൻ നമ്മുടെ പാപങ്ങൾക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങൾക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല” എന്നു ദാവീദു പ്രഖ്യാപിച്ചു. “ആകാശം ഭൂമിക്കുമീതെ ഉയർന്നിരിക്കുന്നതുപോലെ അവന്റെ ദയ അവന്റെ ഭക്തൻമാരോടു വലുതായിരിക്കുന്നു. ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവൻ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകററിയിരിക്കുന്നു. അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവെക്കു തന്റെ ഭക്തൻമാരോടു കരുണ തോന്നുന്നു. അവൻ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവൻ ഓർക്കുന്നു.” (സങ്കീർത്തനം 103:10-14) നമ്മുടെ കരുണാമയനായ സ്വർഗ്ഗീയപിതാവു നമ്മുടെ തെററുതിരുത്താനും നമ്മെ പ്രാപ്തരാക്കിയേക്കാം. അല്ലെങ്കിൽ, തന്റെ സ്തുതിക്കായി, നമ്മുടെ വിശുദ്ധസേവനം വികസിപ്പിക്കാൻ വേറൊരവസരം നമുക്കു പ്രദാനംചെയ്തേക്കാം.
ദൈവത്തെ പഴിക്കുന്നതിന്റെ തെററ്
7. നാം വിപത്തുകൾ അനുഭവിക്കേണ്ടിവരുന്നത് എന്തുകൊണ്ട്?
7 കാര്യങ്ങൾ പിശകിപ്പോകുമ്പോൾ, സംഭവിച്ചതിന്റെപേരിൽ ആരെയെങ്കിലും അല്ലെങ്കിൽ എന്തിനെയെങ്കിലും പഴിക്കുന്നത് ഒരു മാനുഷ പ്രവണതയാണ്. ചിലർ ദൈവത്തെപ്പോലും പഴിക്കുന്നു. എന്നാൽ ആളുകളുടെമേൽ അങ്ങനെയുള്ള കഷ്ടപ്പാടുകൾ യഹോവ വരുത്തുന്നില്ല. അവൻ നന്മയാണു ചെയ്യുന്നത്, ഹാനികരമായ കാര്യങ്ങളല്ല. എന്തിന്, “അവൻ ദുഷ്ടൻമാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാൻമാരുടെമേലും നീതികെട്ടവരുടെ മേലും മഴ പെയ്യിക്കയും ചെയ്യുന്നു”! (മത്തായി 5:45) നാം അനർത്ഥങ്ങൾ അനുഭവിക്കുന്നതിന്റെ ഒരു മുഖ്യകാരണം, സ്വാർത്ഥതത്ത്വങ്ങളിൽ അധിഷ്ഠിതമായി പ്രവർത്തിക്കുന്നതും പിശാചായ സാത്താന്റെ അധികാരത്തിൽ സ്ഥിതിചെയ്യുന്നതുമായ ഒരു ലോകത്തിൽ നാം ജീവിക്കുന്നുവെന്നതാണ്.—1 യോഹന്നാൻ 5:19.
8. തനിക്കു കാര്യങ്ങൾ ശുഭമാകാതിരുന്നപ്പോൾ ആദാം എന്തു ചെയ്തു?
8 നമ്മുടെ തെററുകൾ നമ്മുടെമേൽ വരുത്തുന്ന കഷ്ടപ്പാടുകൾക്കു യഹോവയാം ദൈവത്തെ പഴിക്കുന്നത് അവിവേകവും അപകടകരവുമാണ്. അങ്ങനെ ചെയ്യുന്നത് നമ്മുടെ ജീവനെപ്പോലും നഷ്ടപ്പെടുത്തിയേക്കാം. ആദ്യമനുഷ്യനായ ആദാം, തനിക്കു ലഭിച്ച എല്ലാ നല്ലകാര്യങ്ങൾക്കും ദൈവത്തിനു ബഹുമതി കൊടുക്കേണ്ടതായിരുന്നു. അതെ, ആദാം തന്റെ ജീവനുതന്നെയും ഉദ്യാനതുല്യമായ ഒരുഗൃഹത്തിൽ, ഏദെൻതോട്ടത്തിൽ താൻ ആസ്വദിച്ചിരുന്ന അനുഗ്രഹങ്ങൾക്കും യഹോവയോട് അഗാധമായ നന്ദിയുള്ളവനായിരിക്കേണ്ടിയിരുന്നു. (ഉല്പത്തി 2:7-9) യഹോവയോട് അനുസരണക്കേടുകാട്ടുകയും വിലക്കപ്പെട്ട ഫലം ഭക്ഷിക്കുകയും ചെയ്തതിനാൽ കാര്യങ്ങൾ ശുഭമാകാതിരുന്നപ്പോൾ ആദാം എന്തു ചെയ്തു? ആദാം ദൈവത്തോടു പരാതിപ്പെട്ടു: “എന്നോടു കൂടെ ഇരിപ്പാൻ നീ തന്നിട്ടുള്ള സ്ത്രീ വൃക്ഷഫലം തന്നു; ഞാൻ തിന്നുകയും ചെയ്തു.” (ഉല്പത്തി 2:15-17; 3:1-12) തീർച്ചയായും, ആദാം ചെയ്തതുപോലെ നാം യഹോവയെ പഴിക്കരുത്.
9. (എ) നമ്മുടെ ബുദ്ധിശൂന്യമായ പ്രവൃത്തികൾമൂലം കഷ്ടപ്പാടുകൾ അഭിമുഖീകരിക്കേണ്ടിവന്നാൽ, എന്തിൽനിന്നു നമുക്ക് ആശ്വാസം നേടാൻ കഴിയും? (ബി) സദൃശവാക്യങ്ങൾ 19:3 അനുസരിച്ച്, ചിലർ തങ്ങളുടെമേൽ സ്വയം ബുദ്ധിമുട്ടുകൾ വരുത്തിവച്ചിട്ട് എന്തുചെയ്യുന്നു?
9 നമ്മുടെ പ്രവൃത്തികൾ ബുദ്ധിഹീനമായതിനാൽ നാം കഷ്ടപ്പാടുകൾ അഭിമുഖീകരിക്കുന്നുവെങ്കിൽ, നാം യഹോവക്ക് അനന്യഭക്തി നൽകുന്നപക്ഷം അവൻ നമ്മുടെ ദൗർബല്യങ്ങളെ നമ്മേക്കാൾ മെച്ചമായി മനസ്സിലാക്കുമെന്നും നമ്മുടെ കഷ്ടാവസ്ഥയിൽനിന്നു നമ്മെ വിടുവിക്കുമെന്നുമുള്ള അറിവിൽനിന്നു നമുക്ക് ആശ്വാസം നേടാൻ സാധിക്കും. നമുക്കു ലഭിക്കുന്ന ദൈവികസഹായത്തെ നാം വിലമതിക്കണം, നാംതന്നെ നമ്മുടെമേൽ വരുത്തിക്കൂട്ടുന്ന ദുർഗതികൾക്കും ബുദ്ധിമുട്ടുകൾക്കും ഒരിക്കലും ദൈവത്തെ പഴിക്കാതെതന്നെ. ഇതുസംബന്ധിച്ചു ജ്ഞാനപൂർവകമായ ഒരു സദൃശവാക്യം പ്രസ്താവിക്കുന്നു: “മമനുഷ്യന്റെ ഭോഷത്വം അവന്റെ വഴിയെ മറിച്ചുകളയുന്നു; അവന്റെ ഹൃദയമോ യഹോവയോടു മുഷിഞ്ഞുപോകുന്നു.” (സദൃശവാക്യങ്ങൾ 19:3) വേറൊരു വിവർത്തനം പറയുന്നു: “ചില ആളുകൾ തങ്ങളുടെ മൂഢമായ പ്രവർത്തനങ്ങളാൽ തങ്ങളെത്തന്നെ നശിപ്പിക്കയും അനന്തരം കർത്താവിനെ (LORD) പഴിക്കയും ചെയ്യുന്നു.” (ടുഡേയ്സ് ഇംഗ്ലീഷ് വേർഷൻ) ഇനിയും മറെറാരു പരിഭാഷ പ്രസ്താവിക്കുന്നു: “ഒരു മമനുഷ്യന്റെ അജ്ഞത അവന്റെ കാര്യാദികളെ നാനാവിധമാക്കുകയും അവൻ യഹോവക്കെതിരെ ചീറുകയും ചെയ്യുന്നു.”—ബയിംഗ്ടൺ.
10. ആദാമിന്റെ ബുദ്ധിശൂന്യത അവന്റെ ‘വഴിയെ താറുമാറാ’ക്കിയതെങ്ങനെ?
10 ഈ സദൃശവാക്യത്തിലെ തത്ത്വത്തിനുചേർച്ചയിൽ, ആദാം സ്വാർത്ഥപരമായി പ്രവർത്തിക്കയും അവന്റെ മൂഢമായ ചിന്താഗതി ‘അവന്റെ വഴിയെ താറുമാറാക്കുകയും’ ചെയ്തു. അവന്റെ ഹൃദയം യഹോവയാം ദൈവത്തിൽനിന്ന് അകന്നുമാറുകയും അവൻ സ്വാർത്ഥപരവും സ്വതന്ത്രവുമായ മാർഗ്ഗത്തിൽ ഇറങ്ങിത്തിരിക്കയും ചെയ്തു. എന്തിന്, ആദാം തന്റെ സ്രഷ്ടാവിനെ പഴിക്കാൻതക്കവണ്ണം നന്ദികെട്ടവനായിത്തീരുകയും തൻമൂലം തന്നേത്തന്നെ അത്യുന്നതന്റെ ഒരു ശത്രുവാക്കിത്തീർക്കുകയും ചെയ്തു! ആദാമിന്റെ പാപം തന്റെതന്നെയും തന്റെ കുടുംബത്തിന്റെയും ഗതിക്കു നാശംവരുത്തി. ഇതിൽ എന്തൊരു മുന്നറിയിപ്പാണുള്ളത്! അനഭിലഷണീയമായ അവസ്ഥകൾക്കു യഹോവയെ പഴിക്കാൻ ചായ്വുള്ളവർ തങ്ങളോടുതന്നെ ഇങ്ങനെ ചോദിക്കുന്നതു നല്ലതായിരിക്കാം: ആസ്വദിക്കുന്ന നല്ല കാര്യങ്ങൾക്കു ഞാൻ ദൈവത്തിനു ബഹുമതി കൊടുക്കുന്നുണ്ടോ? അവന്റെ സൃഷ്ടികളിൽ ഒരുവൻ എന്നനിലയിൽ എനിക്കു ജീവൻ ഉള്ളതിൽ ഞാൻ നന്ദിയുള്ളവനാണോ? എന്റെതന്നെ പിഴവുകൾ എന്റെമേൽ കഷ്ടപ്പാടു വരുത്തിവച്ചതായിരിക്കുമോ? തന്റെ നിശ്വസ്തവചനമായ ബൈബിളിൽ വിവരിച്ചിരിക്കുന്ന മാർഗ്ഗനിർദ്ദേശം പിൻപററുന്നതുനിമിത്തം ഞാൻ യഹോവയിൽനിന്നു കൃപയും സഹായവും അർഹിക്കുന്നുണ്ടോ?
ദൈവദാസൻമാർക്കുപോലും ഒരപകടം
11. ഒന്നാംനൂററാണ്ടിലെ യഹൂദ മതനേതാക്കൻമാർ, ദൈവത്തിന്റെ കാര്യത്തിൽ എന്തുസംബന്ധിച്ച് കുററക്കാരായിരുന്നു?
11 പൊ.യു. ഒന്നാംനൂററാണ്ടിലെ യഹൂദമതനേതാക്കൻമാർ ദൈവത്തെ സേവിക്കുന്നതായി അവകാശപ്പെട്ടുവെങ്കിലും അവന്റെ സത്യവചനത്തെ അവഗണിക്കുകയും സ്വന്തം വിവേകത്തിൽ ആശ്രയിക്കുകയും ചെയ്തു. (മത്തായി 15:8, 9) യേശുക്രിസ്തു അവരുടെ തെററായ ചിന്താഗതിയെ തുറന്നുകാട്ടിയതിനാൽ, അവർ അവനെ വധിച്ചു. പിന്നീട്, അവർ അവന്റെ ശിഷ്യൻമാരോടു മഹാക്രോധം പ്രകടിപ്പിച്ചു. (പ്രവൃത്തികൾ 7:54-60) യഹോവക്കെതിരായിത്തന്നെ ക്രുദ്ധിക്കാൻതക്കവണ്ണം ആ മനുഷ്യരുടെ വഴി യഥാർത്ഥത്തിൽ അത്ര വക്രമായിരുന്നു.—പ്രവൃത്തികൾ 5:34, 38, 39 താരതമ്യം ചെയ്യുക.
12. ക്രിസ്തീയ സഭയോടു സഹവസിക്കുന്ന ചില വ്യക്തികൾപോലും തങ്ങളുടെ ബുദ്ധിമുട്ടുകൾക്കു യഹോവയെ പഴിക്കാൻ ശ്രമിക്കുന്നുവെന്ന് ഏത് ഉദാഹരണം പ്രകടമാക്കുന്നു?
12 തങ്ങൾക്കു നേരിട്ട ബുദ്ധിമുട്ടുകൾക്ക് ദൈവത്തെ ഉത്തരവാദിയാക്കാൻ ശ്രമിച്ചുകൊണ്ട്, ക്രിസ്തീയസഭയിലെ ചില വ്യക്തികൾപോലും അപകടകരമായ ചിന്താഗതി വളർത്തിയിരിക്കുന്നു. ഉദാഹരണത്തിന്, വിവാഹിതയായ ഒരു യുവതിക്ക്, ഒരു ലോകക്കാരനോടു സഹവസിക്കുന്നതിനെതിരെ ദയാപുരസ്സരവും എന്നാൽ ദൃഢവുമായ തിരുവെഴുത്തുബുദ്ധ്യുപദേശം നൽകേണ്ടത് ആവശ്യമാണെന്ന് ഒരു സഭയിലെ നിയമിത മൂപ്പൻമാർ കണ്ടെത്തി. ഒരു ചർച്ചക്കിടയിൽ, അയാളോടുള്ള തന്റെ തുടർച്ചയായ സഹവാസം തന്റെമേൽ വരുത്തിവച്ച പ്രലോഭനത്തെ ചെറുക്കാൻ സഹായം നൽകാത്തതിന് അവൾ ദൈവത്തെ പഴിച്ചു. താൻ ദൈവത്തോടു വളരെ കുപിതയാണെന്ന് യഥാർത്ഥത്തിൽ അവൾ പറഞ്ഞു! അവളെ സഹായിക്കാനുള്ള തിരുവെഴുത്തുപരമായ ന്യായവാദവും കൂടെക്കൂടെയുള്ള ശ്രമങ്ങളും ഫലിച്ചില്ല. അങ്ങനെ അധാർമ്മികമായ ഒരു ഗതി പിന്നീടു ക്രിസ്തീയ സഭയിൽനിന്ന് അവളെ ബഹിഷ്കരിക്കുന്നതിലേക്കു നയിച്ചു.
13. പരാതിയുടെ ഒരു മനോഭാവം എന്തുകൊണ്ട് ഒഴിവാക്കണം?
13 പരാതിയുടെ ഒരാത്മാവിന് ഒരാൾ യഹോവയെ പഴിക്കുന്നതിലേക്കു നയിക്കാൻ കഴിയും. ഒന്നാംനൂററാണ്ടിലെ സഭയിലേക്കു നുഴഞ്ഞുകയറിയ “അഭക്തരായ ചില മനുഷ്യർ”ക്ക് ആ വിധത്തിലുള്ള ഒരു മോശമായ ആത്മാവുണ്ടായിരുന്നു, അതോടൊപ്പം ആത്മീയമായി ദുഷിച്ച മററുതരങ്ങളിലുള്ള ചിന്താഗതിയും ഉണ്ടായിരുന്നു. ശിഷ്യനായ യൂദാ പറഞ്ഞതുപോലെ, ഈ മനുഷ്യർ “നമ്മുടെ ദൈവത്തിന്റെ കൃപയെ ദുഷ്കാമവൃത്തിക്കു ഹേതുവാക്കി ഏകനാഥനും നമ്മുടെ കർത്താവുമായ യേശുക്രിസ്തുവിനെ നിഷേധിക്കുന്ന”വരായിരുന്നു. യൂദാ ഇങ്ങനെയും പ്രസ്താവിച്ചു: “അവർ പിറുപിറുപ്പുകാരും തങ്ങളുടെ ഗതിയെക്കുറിച്ചു ആവലാധി പറയുന്നവരുമാ”ണ്. (യൂദാ 3, 4, 16) യഹോവയുടെ വിശ്വസ്തദാസൻമാർ, തങ്ങൾക്കു ദൈവത്തിലുള്ള വിശ്വാസം നഷ്ടമാകുകയും അവനോടുള്ള തങ്ങളുടെ ബന്ധത്തെ അപകടത്തിലാക്കുകയും ചെയ്യുന്ന ഘട്ടത്തോളം തങ്ങളെ ഒടുവിൽ കോപിപ്പിച്ചേക്കാവുന്ന പരാതിയുടെ ഒരു ആത്മാവല്ല, വിലമതിപ്പിന്റെ ഒരു ആത്മാവു ലഭിക്കണമേയെന്ന് ജ്ഞാനപൂർവം പ്രാർത്ഥിക്കും.
14. ഒരു സഹക്രിസ്ത്യാനി നീരസപ്പെടുത്തിയാൽ ഒരുവൻ എങ്ങനെ പ്രതികരിച്ചേക്കാം, എന്നാൽ ഇത് എന്തുകൊണ്ട് ഉചിതമായ ഗതി ആയിരിക്കുന്നില്ല?
14 ഇതു നിങ്ങൾക്കു സംഭവിക്കുകയില്ലെന്നു നിങ്ങൾ വിചാരിച്ചേക്കാം. എന്നുവരികിലും, നമ്മുടെയോ മററുള്ളവരുടെയോ പിഴവുകൾ നിമിത്തം കുഴഞ്ഞുപോകുന്ന കാര്യങ്ങൾ ആത്യന്തികമായി നാം ദൈവത്തെ പഴിക്കാൻ ഇടയാക്കിയേക്കാം. ഉദാഹരണത്തിന്, ഒരു സഹവിശ്വാസി പറയുന്നതോ പ്രവർത്തിക്കുന്നതോ, ഒരാളെ നീരസപ്പെടുത്തിയേക്കാം. നീരസപ്പെട്ട വ്യക്തി—ഒരുപക്ഷേ യഹോവയെ വളരെ വർഷങ്ങളോളം വിശ്വസ്തമായി സേവിച്ച ഒരാൾ—‘ആ വ്യക്തി സഭയിലുണ്ടെങ്കിൽ, ഞാൻ യോഗങ്ങൾക്കു ഹാജരാകുകയില്ല,’ എന്ന് അപ്പോൾ പറഞ്ഞേക്കാം. ‘ഇങ്ങനെയുള്ള കാര്യങ്ങൾ തുടരുകയാണെങ്കിൽ, ഞാൻ സഭയുടെ ഭാഗമായിരിക്കാൻ ആഗ്രഹിക്കുന്നില്ല,’ എന്നു തന്റെ ഹൃദയത്തിൽ പറയുവാൻ തക്കവണ്ണം ഒരു വ്യക്തി അസ്വസ്ഥനായേക്കാം. എന്നാൽ ഒരു ക്രിസ്ത്യാനിക്ക് ആ മനോഭാവം ഉണ്ടായിരിക്കണമോ? അപൂർണ്ണനായ മറെറാരു മനുഷ്യൻ നീരസപ്പെടുത്തിയെന്നുവച്ച്, ദൈവത്തിനു സ്വീകാര്യരും അവനെ വിശ്വസ്തമായി സേവിക്കുന്നവരുമായ ആളുകളുടെ ഒരു മുഴുസഭയുടെയുംനേരെ ക്ഷുഭിതനും അസ്വസ്ഥനുമാകുന്നതെന്തിന്? യഹോവക്കു സമർപ്പണം നടത്തിയിട്ടുള്ള ആരെങ്കിലും, എന്തിനു ദൈവേഷ്ടം ചെയ്യുന്നതു നിർത്തുകയും അങ്ങനെ ദൈവത്തിനെതിരെ ക്ഷുഭിതനും അസ്വസ്ഥനുമാകുകയും ചെയ്യണം? യഹോവയുമായുള്ള ഒരുവന്റെ നല്ല ബന്ധം നശിപ്പിക്കാൻ ഒരു വ്യക്തിയെയോ ഒരുകൂട്ടം സാഹചര്യങ്ങളെയോ അനുവദിക്കുന്നത് എത്രമാത്രം ബുദ്ധിപൂർവ്വകമാണ്? തീർച്ചയായും, ഏതുകാരണത്താലായാലും യഹോവയെ ആരാധിക്കുന്നതു നിർത്തുന്നതു മൗഢ്യവും പാപപൂർണ്ണവും ആയിരിക്കും.—യാക്കോബ് 4:17.
15, 16. ദിയൊത്രെഫേസ് എന്തിൽ കുററക്കാരനായിരുന്നു, എന്നാൽ ഗായസ് എങ്ങനെ പെരുമാറി?
15 സ്നേഹധനനായ ഗായസ് എന്ന ക്രിസ്ത്യാനിയുടെ അതേ സഭയിലായിരുന്നു നിങ്ങൾ എന്നു സങ്കൽപ്പിക്കുക. സന്ദർശകരായ സഹാരാധകർക്ക് ആതിഥ്യം വച്ചുനീട്ടുന്നതിൽ അവൻ “വിശ്വസ്തത കാണി”ച്ചിരുന്നു—അപരിചിതർക്കുപോലും! എന്നാൽ പ്രത്യക്ഷത്തിൽ അതേ സഭയിൽതന്നെ ദിയൊത്രെഫേസ് എന്ന അഹങ്കാരിയും ഉണ്ടായിരുന്നു. യേശുക്രിസ്തുവിന്റെ അപ്പൊസ്തലൻമാരിലൊരാളായ യോഹന്നാനിൽനിന്ന് അവൻ ഒന്നും ആദരവോടെ സ്വീകരിക്കുമായിരുന്നില്ല. യഥാർത്ഥത്തിൽ, യോഹന്നാനെപ്പററി ദിയൊത്രെഫേസ് ദുഷ്ടവാക്കുകളാൽ വിടുവാപറയുകപോലും ചെയ്തിരുന്നു. അപ്പൊസ്തലനായ യോഹന്നാൻ പറഞ്ഞു: “അങ്ങിനെ ചെയ്യുന്നതു പോരാ എന്നുവെച്ചു താൻ സഹോദരൻമാരെ കൈക്കൊള്ളാതിരിക്കുന്നതു മാത്രമല്ല, അതിന്നു മനസ്സുള്ളവരെ വിരോധിക്കയും സഭയിൽനിന്നു പുറത്താക്കുകയും ചെയ്യുന്നു.”—3 യോഹന്നാൻ 1, 5-10.
16 സഭയിലേക്കു യോഹന്നാൻ വരുന്നപക്ഷം, ദിയൊത്രെഫേസ് ചെയ്തിരുന്ന കാര്യങ്ങൾ ഓർമ്മിപ്പിക്കാൻ അവൻ ഉദ്ദേശിച്ചിരുന്നു. അതിനിടയിൽ, ആ സഭയിലുണ്ടായിരുന്ന ഗായസും മററ് അതിഥിപ്രിയരായ ക്രിസ്ത്യാനികളും എങ്ങനെ പ്രതികരിച്ചു? ‘ദിയൊത്രെഫേസ് ഈ സഭയിലുള്ള കാലത്തോളം, ഞാൻ ഇതിന്റെ ഭാഗമായിരിക്കാൻ ആഗ്രഹിക്കുന്നില്ല. യോഗങ്ങൾക്കു നിങ്ങൾ എന്നെ കാണുകയില്ല’ എന്ന് ആരെങ്കിലും പറഞ്ഞതായി തിരുവെഴുത്തുപരമായ സൂചനയില്ല. നിസ്സംശയമായി, ഗായസും അവനെപ്പോലെയുള്ള മററുള്ളവരും ഉറച്ചുനിന്നു. ദൈവേഷ്ടം ചെയ്യുന്നതു നിർത്തുന്നതിന് ഇടയാക്കാൻ ഒന്നിനെയും അവർ അനുവദിച്ചില്ല. തീർച്ചയായും, യഹോവക്കെതിരെ അവർ ക്രുദ്ധരായുമില്ല. അവർ യഹോവയോട് അവിശ്വസ്തരായിത്തീരുകയും അവനെ പഴിക്കുകയും ചെയ്തിരുന്നെങ്കിൽ ആനന്ദിക്കുമായിരുന്ന പിശാചായ സാത്താന്റെ കുതന്ത്രങ്ങൾക്ക് അവർ നിശ്ചയമായും വഴിപ്പെട്ടില്ല.—എഫെസ്യർ 6:10-18.
യഹോവക്കെതിരെ ഒരിക്കലും ക്രുദ്ധിക്കാതിരിക്കുക!
17. ഏതെങ്കിലും വ്യക്തിയോ സാഹചര്യമോ നമ്മെ നീരസപ്പെടുത്തുകയോ അപ്രീതിപ്പെടുത്തുകയോ ചെയ്യുന്നുവെങ്കിൽ നാം എങ്ങനെ പെരുമാറണം?
17 ഒരു സഭയിലെ ഏതെങ്കിലും വ്യക്തി അല്ലെങ്കിൽ സാഹചര്യം ഒരു ദൈവദാസനെ അപ്രീതിപ്പെടുത്തുകയോ നീരസപ്പെടുത്തുകയോ ചെയ്താൽപ്പോലും, നീരസപ്പെടുന്നവൻ യഹോവയുടെ ജനത്തോടു സഹവസിക്കുന്നതു നിർത്തുന്നുവെങ്കിൽ യഥാർത്ഥത്തിൽ തന്റെതന്നെ വഴി താറുമാറാക്കുകയാവും ചെയ്യുന്നത്. അങ്ങനെയുള്ള ഒരുവൻ തന്റെ ഗ്രഹണശക്തിയെ ഉചിതമായി ഉപയോഗിക്കുകയല്ല. (എബ്രായർ 5:14) അതിനാൽ ഒരു നിർമ്മലതാപാലകൻ എന്നനിലയിൽ എല്ലാ പ്രതികൂലസാഹചര്യങ്ങളെയും നേരിടാൻ ദൃഢനിശ്ചയം ചെയ്യുക. യഹോവയാംദൈവത്തോടും യേശുക്രിസ്തുവിനോടും ക്രിസ്തീയസഭയോടും വിശ്വസ്തത പാലിക്കുക. (എബ്രായർ 10:24, 25) നിത്യജീവനിലേക്കു നയിക്കുന്ന സത്യം വേറൊരിടത്തും കണ്ടെത്താൻ സാധിക്കില്ല.
18. ദൈവിക ഇടപെടലുകൾ എല്ലായ്പ്പോഴും നമുക്കു മനസ്സിലാകുന്നില്ലെങ്കിലും, യഹോവയാം ദൈവത്തെ സംബന്ധിച്ച് എന്തിൽ നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും?
18 യഹോവ, ദുഷ്ടകാര്യങ്ങളാൽ ആരെയും ഒരിക്കലും പരീക്ഷിക്കുന്നില്ലെന്നും ഓർമ്മിക്കുക. (യാക്കോബ് 1:13) സ്നേഹത്തിന്റെ മൂർത്തിമദ്ഭാവംതന്നെയായ ദൈവം നന്മ ചെയ്യുന്നു, പ്രത്യേകിച്ചും തന്നെ സ്നേഹിക്കുന്നവർക്കുവേണ്ടി. (1 യോഹന്നാൻ 4:8) ദൈവിക ഇടപെടലുകൾ നമുക്ക് എല്ലായ്പ്പോഴും മനസ്സിലാകുന്നില്ലെങ്കിലും, യഹോവയാംദൈവം ഒരിക്കലും തന്റെ ദാസൻമാർക്കുവേണ്ടി ഏററവും നല്ലതുതന്നെ ചെയ്യാതിരിക്കില്ല എന്നു നമുക്ക് ഉറപ്പുള്ളവരായിരിക്കാൻ കഴിയും. പത്രോസ് പറഞ്ഞതുപോലെ: “അതുകൊണ്ടു അവൻ തക്കസമയത്തു നിങ്ങളെ ഉയർത്തുവാൻ ദൈവത്തിന്റെ ബലമുള്ള കൈക്കീഴു താണിരിപ്പിൻ. അവൻ നിങ്ങൾക്കായി കരുതുന്നതാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊൾവിൻ.” (1 പത്രൊസ് 5:6, 7) അതെ, യഹോവ തന്റെ ജനത്തിനുവേണ്ടി യഥാർത്ഥത്തിൽ കരുതുന്നു.—സങ്കീർത്തനങ്ങൾ 94:14.
19, 20. നമ്മുടെ പരീക്ഷകൾ ചിലപ്പോൾ നമ്മെ നിരാശിതരാക്കുന്നുവെങ്കിൽപോലും, നാം എങ്ങനെ പെരുമാറണം?
19 അതിനാൽ, എന്തെങ്കിലും അല്ലെങ്കിൽ ആരെങ്കിലും നിങ്ങളെ ഇടറിക്കാൻ അനുവദിക്കരുത്. സങ്കീർത്തനക്കാരൻ വളരെ ഉചിതമായി പറഞ്ഞതുപോലെ, “[യഹോവയാം ദൈവത്തിന്റെ] ന്യായപ്രമാണത്തോടു പ്രിയം ഉള്ളവർക്കു മഹാസമാധാനം ഉണ്ടു; അവർക്കു വീഴ്ചെക്കു സംഗതി ഏതുമില്ല.” (സങ്കീർത്തനങ്ങൾ 119:165) നമുക്കെല്ലാം പരിശോധനകൾ അനുഭവപ്പെടുന്നു, ഇവ ചിലപ്പോഴൊക്കെ നമ്മെ ഏറെക്കുറെ നിരാശരും നിരുത്സാഹിതരും ആയിത്തീരാൻ ഇടയാക്കിയേക്കാം. എന്നാൽ നിങ്ങളുടെ ഹൃദയത്തിൽ പിണക്കം വളരാൻ ഒരിക്കലും അനുവദിക്കാതിരിക്കുക, പ്രത്യേകിച്ചും യഹോവക്കെതിരെ. (സദൃശവാക്യങ്ങൾ 4:23) അവന്റെ സഹായത്തോടെയും തിരുവെഴുത്തുപരമായ അടിസ്ഥാനത്തിലും, നിങ്ങൾക്കു പരിഹരിക്കാൻ സാധിക്കുന്ന പ്രശ്നങ്ങളെ കൈകാര്യം ചെയ്യുകയും വിട്ടുമാറാത്തവയെ സഹിക്കുകയും ചെയ്യുക.—മത്തായി 18:15-17; എഫെസ്യർ 4:26, 27.
20 നിങ്ങളുടെ വികാരങ്ങൾ നിങ്ങൾ മൂഢമായി പ്രതികരിക്കാനിടയാക്കാനും അങ്ങനെ നിങ്ങളുടെ വഴിയെ ദുഷിപ്പിക്കാനും ഒരിക്കലും അനുവദിക്കാതിരിക്കുക. ദൈവത്തിന്റെ ഹൃദയത്തെ ആനന്ദിപ്പിക്കുന്ന വിധത്തിൽ സംസാരിക്കുകയും പ്രവർത്തിക്കുകയും ചെയ്യുക. (സദൃശവാക്യങ്ങൾ 27:11) തന്റെ ദാസൻമാരിലൊരാൾ എന്നനിലയിൽ നിങ്ങൾക്കുവേണ്ടി യഹോവ യഥാർത്ഥത്തിൽ കരുതുന്നുവെന്നും തന്റെ ജനത്തോടൊപ്പം ജീവന്റെ പാതയിൽ നിലനിൽക്കാൻ ആവശ്യമായ വിവേകം നിങ്ങൾക്കു തരുമെന്നും അറിഞ്ഞുകൊണ്ട്, മുട്ടിപ്പായ പ്രാർത്ഥനയിൽ യഹോവയെ വിളിച്ചപേക്ഷിക്കുക. (സദൃശവാക്യങ്ങൾ 3:5, 6) എല്ലാററിനുമുപരി, ദൈവത്തിനെതിരെ ക്രുദ്ധിക്കരുത്. കാര്യങ്ങൾ പിശകിപ്പോകുമ്പോൾ, യഹോവയെ പഴിക്കാൻ പാടില്ലെന്ന് എല്ലായ്പ്പോഴും ഓർക്കുക.
നിങ്ങൾ എങ്ങനെ ഉത്തരം നൽകും?
◻ ലോത്ത് ഏതു തെററു വരുത്തി, എന്നാൽ ദൈവം അവനെ എങ്ങനെ വീക്ഷിച്ചു?
◻ തെററുകളെയും അഹംഭാവത്തെയും സംബന്ധിച്ചു ദാവീദ് എങ്ങനെ വിചാരിച്ചിരുന്നു?
◻ കാര്യങ്ങൾ പിഴക്കുമ്പോൾ, നാം ദൈവത്തെ പഴിക്കരുതാത്തത് എന്തുകൊണ്ട്?
◻ യഹോവക്കെതിരെ ക്രുദ്ധരാകുന്നത് ഒഴിവാക്കാൻ നമ്മെ എന്തു സഹായിക്കും?
[15-ാം പേജിലെ ചിത്രം]
അബ്രഹാമിനെ പിരിഞ്ഞപ്പോൾ, ലോത്തു തന്റെ വാസസ്ഥലം സംബന്ധിച്ചു മോശമായ ഒരു തിരഞ്ഞെടുപ്പു നടത്തി