വാഗ്ദത്ത ദേശത്തുനിന്നുള്ള രംഗങ്ങൾ
യെരുശലേം—ബൈബിൾ സംഭവങ്ങളുടെ കേന്ദ്രം
മിക്ക രാഷ്ട്രങ്ങൾക്കും ഗവൺമെൻറിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന ഒരു പ്രമുഖ നഗരം തലസ്ഥാനമായി ഉള്ളപ്പോൾ ബൈബിൾ വിദ്യാർത്ഥികൾ യെരുശലേമിനെ സംബന്ധിച്ച് മനുഷ്യവർഗ്ഗത്തിന്റെ ഒരു തലസ്ഥാനമെന്നപോലെ വിചാരിച്ചേക്കാം. ഇത് അപ്രകാരമാണ്, എന്തുകൊണ്ടെന്നാൽ അവിടെ സംഭവിച്ച ഗൗരവമേറിയ കാര്യങ്ങൾ നമുക്കെല്ലാം പ്രാധാന്യമുള്ളവയാണ്.
മുകളിൽ, നിങ്ങൾ യെരുശലേമിന് തെക്കുഭാഗത്തെ ഉയർന്ന പ്രതലത്തിൽ നിന്നിട്ടുണ്ടെങ്കിൽ വീക്ഷിച്ചിരിക്കാനിടയുള്ള കാഴ്ച നിങ്ങൾക്കു കാണാൻ കഴിയും.a ഇരുണ്ട പച്ച മരങ്ങൾ കാണുന്ന കണ്ടത്തിനടുത്ത് താഴ്വരകൾ ഒരുമിച്ചു ചേരുന്നു. കിന്ദ്രോൻ താഴ്വര വലത്തുഭാഗത്തു നിന്നു ഇറങ്ങി വരുന്നു; പടിഞ്ഞാറ് അഥവാ ഇടതു വശത്ത് ഹിന്നോം താഴ്വര കിടക്കുന്നു, അതാണ് ഗീഹെന്നാ എന്ന ബൈബിൾ നാമം സംജാതമാക്കിയത്. (മത്തായി 10:28; 23:33) അതിനിടയിലായിരുന്നു (നിലവിലുള്ള മതിലുകൾക്കു മുമ്പിലായി സൂര്യപ്രകാശമേററു ദൃശ്യമായി കിടക്കുന്ന തുണ്ടുഭൂമി) ദാവീദിന്റെ പുരാതന നഗരം പണിതത്. ആ മതിലുകൾക്കുള്ളിൽ ഒരു ചരിത്രപ്രധാനമായ സ്ഥാനത്ത് പ്രത്യേകമായ രണ്ടു മുസ്ലീം മന്ദിരങ്ങൾ സ്ഥിതിചെയ്യുന്നു. ആ മതിലിനോട് ഏററവും ചേർന്ന് ഒരു മുസ്ലീം പള്ളിയുടെ രജത നീല ഗോളകം സ്ഥിതിചെയ്യുന്നു. അതിനു പിന്നിലായി വലിപ്പം കൂടിയ പാറയുടെ കുംഭഗോപുരത്തിന്റെ സ്വർണ്ണ താഴികക്കുടവും സ്ഥിതിചെയ്യുന്നു.
എന്നാൽ യെരുശലേം, പ്രത്യേകിച്ച് കുംഭഗോപുരങ്ങളോടുകൂടിയ രണ്ടു മന്ദിരങ്ങൾ, ഇപ്പോൾ സ്ഥിതിചെയ്യുന്ന സമതലം നിങ്ങൾക്കു പ്രധാനമായിരിക്കുന്നതെന്തുകൊണ്ടാണ്? കൊള്ളാം, ഒരു മരത്തിൽ കുരുങ്ങിക്കിടക്കുന്ന ആട്ടുകൊററന്റെ ചിത്രം നിങ്ങളുടെ മനസ്സിലേക്ക് ഏതു ബൈബിൾ വിവരണമാണ് കൊണ്ടുവരുന്നത്? സാധ്യതയനുസരിച്ച് അബ്രാഹാമിന്റെ. അതെ, അവനായിരുന്നു തന്റെ മകനായ ഇസഹാക്കിനോടൊത്ത്, തെളിവനുസരിച്ച് നിങ്ങൾ രണ്ടു കുംഭഗോപുരങ്ങൾ കാണുന്ന ഉയർന്ന പാറപ്രദേശത്തെ അല്ലെങ്കിൽ അതിനടുത്ത മോറിയാ മലയിലേക്ക് സഞ്ചരിച്ചത്. വിശ്വാസത്താൽ അബ്രാഹാം തന്റെ പ്രിയപ്പെട്ട മകനെ ബലികഴിക്കാൻ മനസ്സുള്ളവനായിരുന്നു, എന്നാൽ ഒരു ദൂതൻ അവന്റെ കൈ വിലക്കി. അപ്പോൾ അബ്രാഹാം “ഒരു ആട്ടുകൊററൻ ഒരു കാട്ടിൽ അതിന്റെ കൊമ്പുകൾ കുരുങ്ങി കിടക്കുന്നതായി” കണ്ടു, അതിനെ “തന്റെ മകനു പകരം” യാഗം കഴിച്ചു. അതുകൊണ്ട് യെരുശലേമിനെ വീക്ഷിക്കുന്നതിനാൽ ഈ നാടകീയ സംഭവം മനസ്സിലേക്കു കൊണ്ടുവരപ്പെട്ടേക്കാം.—ഉൽപ്പത്തി 22:1-13.
ഇപ്പോൾ ഈ കുംഭഗോപുരങ്ങൾ സ്ഥിതിചെയ്യുന്നതിനടുത്ത സമതലത്തിൽ പിന്നീട് ശലോമോൻ യഹോവക്ക് ഒരു മഹത്തായ ആലയം പണിതപ്പോൾ മററു യാഗങ്ങൾ മുൻപന്തിയിലേക്കു വന്നു. (2 ദിനവൃത്താന്തങ്ങൾ 3:1) ഇസ്രായേല്യർ തങ്ങളുടെ മൃഗയാഗങ്ങളുമായി വാർഷിക ഉത്സവങ്ങൾക്ക് ദേശത്തിന്റെ എല്ലാ ഭാഗങ്ങളിലും നിന്ന് ഇവിടെ വരുന്നതിനെക്കുറിച്ച് സങ്കൽപ്പിക്കാൻ ശ്രമിക്കുക. ഇവയിൽ ഏററം പവിത്രമായിരുന്നത് പാപ പരിഹാരദിനമായിരുന്നു. ആ ദിവസം ഒരു കോലാടിനെ തിരഞ്ഞെടുത്ത്, “അസസ്സേലിനുവേണ്ടി മരുഭൂമിയിലേക്ക്,” സാധ്യതയനുസരിച്ച് താഴെ കിന്ദ്രോൻ താഴ്വരയിലേക്കും അവിടെനിന്ന് യഹൂദയിലെ തെക്കുകിഴക്കുഭാഗത്ത് മരുഭൂമിയിലേക്കും, അയച്ചിരുന്നു. മറെറാരു കോലാടിനെയും കാളയെയും അറുത്ത് അവയുടെ രക്തം പുരോഹിതൻമാരുടെയും ജനത്തിന്റെയും പാപപരിഹാരത്തിനുവേണ്ടി ഉപയോഗിച്ചിരുന്നു. കുറച്ചു രക്തം തിരശീലക്കു പിന്നിൽ ആലയത്തിന്റെ അതിവിശുദ്ധ സ്ഥലത്തേക്കു പോലും കൊണ്ടുപോയിരുന്നു. അതുകൊണ്ട് നിങ്ങൾക്ക് അതു മനസ്സിൽ പിടിച്ചുകൊണ്ട് ഈ നഗരത്തിന്റെ ചിത്രത്തിലേക്കു നോക്കാൻ കഴിയും.—ലേവ്യർ 16:1-34.
യെരുശലേമിലെ ഈ യാഗങ്ങളെല്ലാം മുമ്പോട്ട് യേശുക്രിസ്തുവിന്റെ പൂർണ്ണതയുള്ള യാഗത്തിലേക്ക് വിരൽചൂണ്ടി. ഭൂമിയിലെ അവന്റെ അവസാനത്തെ രാത്രിയിൽ, ഒരു വെളുത്തവാവിൻസമയത്ത്, യേശു തന്റെ ശിഷ്യൻമാരുമായി സാധുതയുള്ള അവസാനത്തെ പെസഹാ ആഘോഷിക്കുന്നതിന് സമ്മേളിച്ചു. ഇത് ആലയപ്രദേശത്തിന്റെ ഇടത്ത് (പടിഞ്ഞാറ്) നഗരത്തിന്റെ മേൽഭാഗം എന്നു കരുതപ്പെടുന്ന ഒരു മാളികമുറിയിലായിരുന്നു. യേശു കർത്താവിന്റെ സന്ധ്യാഭക്ഷണം ഏർപ്പെടുത്തിയശേഷം അവൻ അപ്പോസ്തലൻമാരെ ആലയത്തിനു കിഴക്ക് (വലത്ത്) കിന്ദ്രോൻ താഴ്വരക്ക് അക്കരെ സ്ഥിതിചെയ്യുന്ന ഒലിവു മലയിലേക്ക് കൂട്ടിക്കൊണ്ടു പോയി.—ലൂക്കോസ് 22:14-39.
ഇത് ഭാവനയിൽ ദർശിക്കുന്നതിനു സഹായകമായി, യെരുശലേമിൽ സാദ്ധ്യതയനുസരിച്ച് യേശു കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിച്ച പ്രദേശത്തുനിന്ന് കിഴക്കോട്ട് നോക്കി എടുത്തിട്ടുള്ള, താഴെ കൊടുക്കുന്ന ഫോട്ടോ നോക്കുക. ഈ ദർശനകോടിയിൽ നിന്ന് നിങ്ങൾ, താഴെ ഇടത്ത് ആലയ-പർവ്വതപ്രദേശത്ത് മുസ്ലീം പള്ളിയുടെ കുംഭഗോപുരം (നിലാവിൽ നീലിമയാർന്ന്) കാണുന്നു. കുറേക്കൂടെ കിഴക്കുഭാഗത്ത് കിന്ദ്രോൻ താഴ്വരയും (ദർശനരേഖക്കു താഴെ) അനന്തരം ഗത്സമെനാ തോട്ടത്തിലെ വൃക്ഷങ്ങളും സ്ഥിതിചെയ്യുന്നു. വലത്ത് മുകളിലാണ് ഒലിവുമല.
ഗോളത്തിനു ചുററുമുള്ള യഹോവയുടെ സാക്ഷികളുടെ സഭകൾ യേശുവിന്റെ ബലിമരണത്തെ ഓർമ്മിക്കുന്ന കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കുന്നതിനുവേണ്ടി 1990 ഏപ്രിൽ 10-ാം തീയതി (സൂര്യാസ്തമയത്തിനുശേഷം) കൂടിവരുമ്പോഴും ചന്ദ്രൻ മിക്കവാറും പൂർണ്ണമായിരിക്കും.b ദയവായി അവിടെ സന്നിഹിതരാവാൻ ആസൂത്രണം ചെയ്യുക. ആ ദിവസം, യേശു തന്റെ ദേഹിയെ മരണത്തിന് ഒഴുക്കിയതിനോടുള്ള ബന്ധത്തിൽ യെരുശലേമിലും പരിസരപ്രദേശത്തും നടന്ന ചില കഴിഞ്ഞകാല സംഭവങ്ങളെക്കുറിച്ചു ധ്യാനിക്കുന്നതിനും നിങ്ങൾ ആഗ്രഹിച്ചേക്കാം. അപ്രകാരം യേശു യഹോവയുടെ നീതിയെ സംസ്ഥാപിക്കുകയും വിശ്വസിക്കുന്ന മനുഷ്യ വർഗ്ഗത്തെ പാപത്തിൽ നിന്നും മരണത്തിൽ നിന്നും വീണ്ടെടുക്കുകയും ചെയ്തു.—1 കൊരിന്ത്യർ 11:23-26; എബ്രായർ 9:11-28. (w89 3/1)
[അടിക്കുറിപ്പുകൾ]
a യഹോവയുടെ സാക്ഷികളുടെ 1989-ലെ കലണ്ടറിൽ ഈ ചിത്രം വലിപ്പത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു.
b കർത്താവിന്റെ സന്ധ്യാഭക്ഷണം ആചരിക്കുന്നതിനുള്ള സമയം കണക്കാക്കുന്ന വിധം സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ അറിയുന്നതിന് 1977 ജൂൺ 15-ലെ വാച്ച്ടവറിന്റെ 383-ാം പേജ് കാണുക.
[26-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Pictorial Archive (Near Eastern History) Est.
Pictorial Archive (Near Eastern History) Est.