ബൈബിൾ പുസ്തക നമ്പർ 1—ഉല്പത്തി
എഴുത്തുകാരൻ: മോശ
എഴുതിയ സ്ഥലം: മരുഭൂമി
എഴുത്തു പൂർത്തിയായത്: പൊ.യു.മു. 1513
ഉൾപ്പെട്ടിരിക്കുന്ന കാലം: “ആദിയിൽ” തുടങ്ങി പൊ.യു.മു. 1657 വരെ
1. ഉല്പത്തിയിൽ കൈകാര്യംചെയ്തിരിക്കുന്ന ചില മർമപ്രധാനമായ വിഷയങ്ങളേവ?
ഹ്രസ്വമായ വെറും 50 അധ്യായങ്ങൾ മാത്രമുളള ഒരു പുസ്തകമെടുത്ത് ആദ്യത്തെ ഒന്നോ രണ്ടോ പേജുകളിൽ മമനുഷ്യന്റെ ഏററവും നേരത്തെയുളള കൃത്യമായ ഏക ചരിത്രവിവരണവും മനുഷ്യനു തന്റെ സ്രഷ്ടാവായ ദൈവത്തോടും അതുപോലെതന്നെ അനേകായിരക്കണക്കിനു ജീവികൾ സഹിതമുളള ഭൂമിയോടുമുള്ള ബന്ധം പ്രകടമാക്കുന്ന ഒരു രേഖയും കണ്ടെത്തുന്നതിനെക്കുറിച്ചൊന്നു വിഭാവനചെയ്യുക! ആ ചുരുങ്ങിയ പേജുകളിൽ, മനുഷ്യനെ ഭൂമിയിൽ ആക്കിവെച്ചതിലെ ദൈവോദ്ദേശ്യം സംബന്ധിച്ച ഒരു ആഴമായ ഉൾക്കാഴ്ചയും നിങ്ങൾ നേടുന്നു. അൽപ്പംകൂടെ മുമ്പോട്ടു വായിക്കുമ്പോൾ, മനുഷ്യൻ മരിക്കുന്നത് എന്തുകൊണ്ടെന്നും അവന്റെ ഇപ്പോഴത്തെ അസ്വസ്ഥമായ അവസ്ഥയുടെ കാരണമെന്തെന്നും നിങ്ങൾ കണ്ടുപിടിക്കുന്നു. വിശ്വാസത്തിന്റെയും പ്രത്യാശയുടെയും യഥാർഥ അടിസ്ഥാനം സംബന്ധിച്ചും ഉദ്ധാരണത്തിനുളള ദൈവത്തിന്റെ ഉപകരണത്തെ—വാഗ്ദത്തസന്തതിയെ—തിരിച്ചറിയുന്നതു സംബന്ധിച്ചുപോലും നിങ്ങൾ പ്രകാശിതരാകുന്നു. ഈ കാര്യങ്ങളെല്ലാം അടങ്ങിയിരിക്കുന്ന ശ്രദ്ധേയമായ പുസ്തകമാണ് ഉല്പത്തി, ബൈബിളിലെ 66 പുസ്തകങ്ങളിൽ ഒന്നാമത്തേത്.
2. ഉല്പത്തി എന്ന പേരിന്റെ അർഥമെന്ത്, എന്നാൽ അത് എന്തിന്റെ ആദ്യഭാഗമാണ്?
2 “ഉല്പത്തി” എന്നതിന്റെ അർഥം “ഉത്ഭവം; ജനനം” എന്നാണ്, പുസ്തകത്തിന്റെ ഗ്രീക്ക് സെപ്ററുവജിൻറ് ഭാഷാന്തരത്തിൽനിന്ന് എടുത്തതാണ് ഈ പേര്. എബ്രായ കൈയെഴുത്തുപ്രതികളിൽ, ബെർശിത്ത്, ആദിയിൽ,” (ഗ്രീക്ക്, എൻ ആർക്കെയ്) എന്ന പ്രാരംഭ വാക്കാണു തലക്കെട്ട്. ഉല്പത്തിയാണു പഞ്ചഗ്രന്ഥങ്ങളുടെ (അഞ്ചു ഗ്രന്ഥം) ഒന്നാമത്തെ പുസ്തകം. തെളിവനുസരിച്ച് ഇത് ആദ്യം തോറാ (ന്യായപ്രമാണം) അല്ലെങ്കിൽ “മോശയുടെ നിയമപുസ്തകം” എന്നു വിളിക്കപ്പെടുന്ന ഒററ പുസ്തകമായിരുന്നു, എന്നാൽ എളുപ്പത്തിൽ കൈകാര്യംചെയ്യുന്നതിന് അതു പിന്നീട് അഞ്ചു ചുരുളുകളായി വിഭജിക്കപ്പെട്ടു.—യോശു. 23:6; എസ്രാ 6:18.
3. (എ) ഉല്പത്തിയുടെ രചയിതാവ് ആരാണ്, എന്നാൽ അത് ആർ എഴുതിയതാണ്? (ബി) മോശ ഉല്പത്തിയിൽ ഉൾപ്പെടുത്തിയ വിവരങ്ങൾ അവന് എങ്ങനെ കിട്ടിയിരിക്കാം?
3 യഹോവയാം ദൈവമാണു ബൈബിളിന്റെ രചയിതാവ്, എന്നാൽ അവൻ ഉല്പത്തി പുസ്തകം എഴുതുന്നതിനു മോശയെ നിശ്വസ്തനാക്കി. ഉല്പത്തിയിൽ മോശ രേഖപ്പെടുത്തിയ വിവരങ്ങൾ അവനു കിട്ടിയത് എവിടെനിന്നാണ്? ദിവ്യ വെളിപാടിലൂടെ ചിലതു നേരിട്ടു ലഭിച്ചിരിക്കാം, ചിലതു പരിശുദ്ധാത്മാവിന്റെ നടത്തിപ്പിൽ വാമൊഴിയായും. മനുഷ്യവർഗത്തിന്റെ ഉത്ഭവം സംബന്ധിച്ച വിലപ്പെട്ട ഉത്കൃഷ്ട രേഖകളെന്ന നിലയിൽ തന്റെ പൂർവപിതാക്കൾ സൂക്ഷിച്ചിരുന്ന എഴുതപ്പെട്ട പ്രമാണങ്ങൾ മോശ കൈവശംവെച്ചിരിക്കാനുമിടയുണ്ട്.a
4. (എ) എവിടെ, എപ്പോൾ മോശ തന്റെ എഴുത്തു പൂർത്തിയാക്കി? (ബി) ഉല്പത്തിയുടെ അവസാനഭാഗത്ത് ഉൾപ്പെടുത്തിയ വിവരങ്ങൾ മോശക്ക് എങ്ങനെ ലഭിക്കുമായിരുന്നു?
4 സാധ്യതയനുസരിച്ചു പൊ.യു.മു. 1513-ൽ സീനായി മരുഭൂമിയിൽവെച്ചാണു മോശ നിശ്വസ്തതയിൽ തന്റെ എഴുത്തു പൂർത്തിയാക്കിയത്. (2 തിമൊ. 3:16; യോഹ. 5:39, 46, 47) ഉല്പത്തിയുടെ അവസാനഭാഗത്തിനു വേണ്ടിയുളള വിവരങ്ങൾ മോശക്കു കിട്ടിയത് എവിടെനിന്നായിരുന്നു? തന്റെ പ്രപിതാമഹനായ ലേവി യോസേഫിന്റെ അർധസഹോദരനായിരുന്നതുകൊണ്ട് അവന്റെ സ്വന്തം കുടുംബത്തിൽ ഈ വിശദാംശങ്ങൾ കൃത്യമായി അറിഞ്ഞിരുന്നിരിക്കണം. ലേവിയുടെ ജീവകാലം മോശയുടെ പിതാവായ അമ്രാമിന്റെ ജീവകാലത്തേക്കു കയറിക്കിടക്കുകപോലും ചെയ്തിരിക്കാം. കൂടാതെ, യഹോവയുടെ ആത്മാവു വീണ്ടും തിരുവെഴുത്തുകളുടെ ഈ ഭാഗത്തിന്റെ കൃത്യമായ രേഖപ്പെടുത്തൽ ഉറപ്പുവരുത്തുമായിരുന്നു.—പുറ. 6:16, 18, 20; സംഖ്യാ. 26:59.
5. ഏത് ആന്തരിക ബൈബിൾ തെളിവ് ഉല്പത്തി എഴുതിയതു മോശയാണെന്നു തെളിയിക്കുന്നു?
5 ഉല്പത്തി ആർ എഴുതിയെന്നതു സംബന്ധിച്ചു തർക്കമില്ല. “മോശയുടെ നിയമപുസ്തകം” എന്നതും ഉല്പത്തി ഉൾപ്പെടെയുളള ബൈബിളിലെ ആദ്യത്തെ അഞ്ചു പുസ്തകങ്ങളെക്കുറിച്ചു സമാനമായ പരാമർശനങ്ങളും മോശയുടെ പിൻഗാമിയായ യോശുവയുടെ കാലം മുതൽ മിക്കപ്പോഴും കാണുന്നുണ്ട്. യഥാർഥത്തിൽ പിന്നീടുണ്ടായ 27 ബൈബിൾപുസ്തകങ്ങളിൽ മോശയെക്കുറിച്ചുളള ഏതാണ്ട് 200 പരാമർശങ്ങളുണ്ട്. എഴുത്തുകാരൻ എന്ന മോശയുടെ സ്ഥാനത്തെ യഹൂദൻമാർ ഒരിക്കലും ചോദ്യംചെയ്തിട്ടില്ല. ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ “ന്യായപ്രമാണ”ത്തിന്റെ എഴുത്തുകാരനെന്ന നിലയിൽ മോശയെക്കുറിച്ചു കൂടെക്കൂടെ പറയുന്നുണ്ട്. മകുടംചാർത്തുന്ന സാക്ഷ്യം യേശുക്രിസ്തുവിന്റേതാണ്. യഹോവയുടെ നേരിട്ടുളള കൽപ്പനപ്രകാരവും അവന്റെ നിശ്വസ്തതയിലുമാണു മോശ എഴുതിയത്.—പുറ. 17:14; 34:27; യോശു. 8:31; ദാനീ. 9:13; ലൂക്കൊ. 24:27, 44.
6. മനുഷ്യചരിത്രത്തിന്റെ പ്രാരംഭത്തിൽത്തന്നെ എഴുത്ത് ആരംഭിച്ചുവെന്ന് എന്തു സൂചിപ്പിക്കുന്നു?
6 ചില സംശയവാദികൾ, മോശക്കും അവന്റെ മുൻഗാമികൾക്കും എങ്ങനെ എഴുതാൻ കഴിഞ്ഞു എന്നു ചോദിച്ചിട്ടുണ്ട്. എഴുത്ത് ഒരു പിൽക്കാല മാനുഷവികാസമായിരുന്നില്ലേ? തെളിവനുസരിച്ച് എഴുത്തു മനുഷ്യചരിത്രത്തിന്റെ പ്രാരംഭത്തിൽത്തന്നെ തുടങ്ങി, ഒരുപക്ഷേ പൊ.യു.മു. 2370-ൽ സംഭവിച്ച നോഹയുടെ നാളിലെ പ്രളയത്തിനു മുമ്പുതന്നെ. എഴുതാനുളള മമനുഷ്യന്റെ ആദ്യകാല പ്രാപ്തിക്ക് എന്തെങ്കിലും തെളിവുണ്ടോ? പുരാവസ്തുശാസ്ത്രജ്ഞർ കുഴിച്ചെടുത്തിട്ടുളള ചില കളിമണ്ണിഷ്ടികകൾക്ക് അവർ പൊ.യു.മു. 2370-നെക്കാൾ മുമ്പുളള തീയതികൾ കൊടുത്തിട്ടുണ്ടെന്നുളളതു സത്യമാണെങ്കിലും അങ്ങനെയുളള തീയതികൾ ഊഹാപോഹങ്ങളിൽ അധിഷ്ഠിതമാണ്. ഏതായാലും, നഗരങ്ങളുടെ നിർമാണം, സംഗീതോപകരണങ്ങളുടെ വികസിപ്പിക്കൽ, ലോഹ പണിയായുധങ്ങളുടെ നിർമാണം എന്നിവ പ്രളയത്തിനു ദീർഘനാൾമുമ്പേ തുടങ്ങിയെന്നു ബൈബിൾ വ്യക്തമായി പ്രകടമാക്കുന്നുവെന്നതു കുറിക്കൊളേളണ്ടതാണ്. (ഉല്പ. 4:17, 21, 22) അപ്പോൾ, ന്യായാനുസൃതം, മനുഷ്യർക്ക് ഒരു എഴുത്തുരീതി വികസിപ്പിച്ചെടുക്കുന്നതിന് അധികം പ്രയാസം ഉണ്ടായിരിക്കുമായിരുന്നില്ല.
7. ബൈബിളിൽ വിവരിച്ചിരിക്കുന്ന പ്രകാരത്തിലുളള ഒരു ആഗോള ജലപ്രളയവും മനുഷ്യവർഗത്തിന്റെ മൂന്നു ശാഖകളും സംബന്ധിച്ച് ഏതു മതേതര തെളിവുണ്ട്?
7 മററു പല കാര്യങ്ങളിൽ, ഉല്പത്തി തെളിയിക്കപ്പെട്ട വസ്തുതകളോട് അത്ഭുതകരമായി യോജിപ്പിലാണെന്നു തെളിഞ്ഞിട്ടുണ്ട്. ഒരു പ്രളയത്തെയും (പലപ്പോഴും ഒരു കപ്പലിൽ കാത്തുസൂക്ഷിക്കപ്പെട്ടതിന്റെ ഫലമായി) മനുഷ്യരുടെ അതിജീവനത്തെയും കുറിച്ചുളള വിവരണങ്ങൾ മനുഷ്യകുടുംബത്തിന്റെ അനേകം ശാഖകളുടെ ഐതിഹ്യങ്ങളിൽ കാണപ്പെടുന്നുണ്ടെങ്കിലും പ്രളയത്തെക്കുറിച്ചുളള യഥാർഥവും നിജവുമായ ഒരു വിവരണം നൽകുന്നത് ഉല്പത്തി മാത്രമാണ്. ഉല്പത്തിവിവരണം നോഹയുടെ മൂന്നു പുത്രൻമാരായ ശേം, ഹാം, യാഫെത്ത് എന്നിവരിൽനിന്ന് ഉത്ഭവിച്ച വ്യത്യസ്ത മനുഷ്യവർഗശാഖകളുടെ നിവാസങ്ങളുടെ തുടക്കസ്ഥാനങ്ങളും സൂചിപ്പിക്കുന്നു.b യു.എസ്.എ., മിസ്സൗറിയിൽ സെനിയാ തിയൊളോജിക്കൽ സെമിനാരിയിലെ ഡോ. മെൽവിൻ ജി. കൈൽ ഇങ്ങനെ പറയുന്നു: “മെസപ്പൊട്ടേമിയായിലെ ഒരു കേന്ദ്രസ്ഥാനത്തുനിന്നു ഹാമ്യ വർഗശാഖ തെക്കുപടിഞ്ഞാറോട്ടും യാഫെത്തിന്റെ ശാഖ വടക്കുപടിഞ്ഞാറോട്ടും ശേമ്യ ശാഖ ‘കിഴക്കോട്ട്’ ‘ശീനാർദേശത്തേക്കും’ കുടിയേറിയെന്നത് അവിതർക്കിതമാണ്.”c
8. മററ് ഏതു രൂപങ്ങളിലുളള തെളിവ് ഉല്പത്തിയുടെ വിശ്വാസ്യതയെ സാക്ഷ്യപ്പെടുത്തുന്നു?
8 ദിവ്യരേഖയുടെ ഭാഗമെന്ന നിലയിൽ ഉല്പത്തിയുടെ വിശ്വാസ്യത അതിന്റെ ആന്തരികയോജിപ്പിനാലും ശേഷിച്ച നിശ്വസ്ത തിരുവെഴുത്തുകളോടുളള അതിന്റെ പൂർണമായ ചേർച്ചയാലും പ്രകടമാക്കപ്പെടുന്നു. അതിന്റെ നിഷ്കപടത യഹോവയെ ഭയപ്പെടുകയും സത്യത്തെ സ്നേഹിക്കുകയും ആ ജനതയുടെയും ഇസ്രായേലിൽ പ്രമുഖരായിരുന്നവരുടെയും പാപങ്ങളെക്കുറിച്ചു വൈമുഖ്യംകൂടാതെ എഴുതുകയും ചെയ്ത ഒരു എഴുത്തുകാരനെ പ്രതിഫലിപ്പിക്കുന്നു. എല്ലാററിനുമുപരിയായി, അതിലെ പ്രവചനങ്ങൾ നിവൃത്തിയായതിലുള്ള മാറ്റമില്ലാത്ത കൃത്യത—അത് ഈ അധ്യായത്തിന്റെ ഒടുവിൽ കൊടുക്കുന്നതായിരിക്കും—ഉല്പത്തിയെ യഹോവയാം ദൈവം നിശ്വസ്തമാക്കിയ ഒരു എഴുത്തിന്റെ മുന്തിയ ദൃഷ്ടാന്തമെന്ന നിലയിൽ ശ്രദ്ധേയമാക്കുന്നു.—ഉല്പ. 9:20-23; 37:18-35; ഗലാ. 3:8, 16.
ഉല്പത്തിയുടെ ഉളളടക്കം
9. (എ) ദൈവത്താലുളള സൃഷ്ടിപ്പിനെ സംബന്ധിച്ച് ഉല്പത്തിയുടെ ആദ്യ അധ്യായത്തിൽ എന്തു പറഞ്ഞിരിക്കുന്നു? (ബി) രണ്ടാം അധ്യായം മനുഷ്യനെ സംബന്ധിച്ച് ഏതു കൂടുതലായ വിശദാംശങ്ങൾ നൽകുന്നു?
9 ആകാശങ്ങളുടെയും ഭൂമിയുടെയും സൃഷ്ടിപ്പും മനുഷ്യനിവാസത്തിനുവേണ്ടി ഭൂമിയുടെ ഒരുക്കലും (1:1–2:25). തെളിവനുസരിച്ചു ശതകോടിക്കണക്കിനു വർഷങ്ങളിലൂടെ പിന്നോട്ടുപോയി ഉല്പത്തി മതിപ്പുളവാക്കുന്ന ലാളിത്യത്തോടെ ആരംഭിക്കുന്നു: “ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു.” പ്രാധാന്യമർഹിക്കുന്നതായി, ഈ പ്രാരംഭവാക്യം ദൈവത്തെ സ്രഷ്ടാവായും അവന്റെ ഭൗതികസൃഷ്ടിയെ ആകാശവും ഭൂമിയുമായും തിരിച്ചറിയിക്കുന്നു. കാച്ചിക്കുറുക്കിയ ഉജ്ജ്വല വാക്കുകളിൽ ഒന്നാമത്തെ അധ്യായം തുടർന്നു ഭൂമിയോടു ബന്ധപ്പെട്ട സൃഷ്ടിക്രിയയുടെ ഒരു പൊതുവിവരണം നൽകുന്നു. ദിവസങ്ങൾ എന്നു വിളിക്കപ്പെടുന്ന ആറു കാലഘട്ടങ്ങളിലാണു സൃഷ്ടിപ്പു പൂർത്തീകരിക്കുന്നത്, ഓരോന്നും ആ ഘട്ടത്തിലെ സൃഷ്ടിക്രിയ അവ്യക്തമായിരിക്കുന്ന ഒരു സന്ധ്യയോടെ ആരംഭിക്കുകയും ആ സൃഷ്ടിക്രിയയുടെ മഹത്ത്വം വ്യക്തമായി പ്രകടമാകവേ ഒരു ഉഷസ്സിന്റെ ശോഭയോടെ അവസാനിക്കുകയും ചെയ്യുന്നു. തുടർച്ചയായ “ദിവസ”ങ്ങളിൽ വെളിച്ചവും അന്തരീക്ഷവിരിവും, ഉണങ്ങിയ നിലവും സസ്യങ്ങളും, പകലും രാത്രിയും തമ്മിൽ വേർതിരിക്കാനുളള പ്രകാശഗോളങ്ങളും, മത്സ്യങ്ങളും പക്ഷികളും, കരയിലെ മൃഗങ്ങളും ഒടുവിൽ മനുഷ്യനും, പ്രത്യക്ഷപ്പെടുന്നു. ഇവിടെ ദൈവം ഒരു തരത്തിനു മറെറാന്നായി പരിണമിക്കുക അസാധ്യമാക്കുന്നതായി മറികടക്കാനാവാത്ത തടസ്സമായ, തരങ്ങളെസംബന്ധിച്ച തന്റെ നിയമം അറിയിക്കുന്നു. മനുഷ്യനെ തന്റെ സ്വന്തം പ്രതിച്ഛായയിൽ നിർമിച്ചിട്ടു ദൈവം ഭൂമിയിലെ മനുഷ്യനെസംബന്ധിച്ച തന്റെ ത്രിമാന ഉദ്ദേശ്യം പ്രഖ്യാപിക്കുന്നു: നീതിയുളള സന്താനങ്ങളെക്കൊണ്ട് അതിനെ നിറയ്ക്കുക, അതിനെ കീഴടക്കുക, മൃഗസൃഷ്ടിയെ അധീനതയിൽ നിർത്തുക. ഏഴാം “ദിവസ”ത്തെ യഹോവ അനുഗ്രഹിക്കുകയും പരിശുദ്ധമെന്നു പ്രഖ്യാപിക്കുകയും ചെയ്യുന്നു, അവൻ ഇപ്പോൾ ‘താൻ ചെയ്ത സകല പ്രവൃത്തിയിൽനിന്നും വിശ്രമിക്കാൻ’ തുടങ്ങുന്നു. അടുത്തതായി വിവരണം മനുഷ്യനെസംബന്ധിച്ച ദൈവത്തിന്റെ സൃഷ്ടിപ്രവൃത്തിയുടെ ഒരു അടുത്ത വീക്ഷണം അഥവാ വിശാല വീക്ഷണം നൽകുന്നു. അത് ഏദെൻ തോട്ടത്തെയും അതിന്റെ സ്ഥാനത്തെയും വർണിക്കുകയും വിലക്കപ്പെട്ട വൃക്ഷത്തെസംബന്ധിച്ച ദൈവനിയമം പ്രസ്താവിക്കുകയും ആദാം മൃഗങ്ങൾക്കു പേരിട്ടതിനെക്കുറിച്ചു പറയുകയും അനന്തരം ആദാമിന്റെ സ്വന്തശരീരത്തിൽനിന്ന് ഒരു ഭാര്യയെ ഉണ്ടാക്കി ആദാമിന്റെ അടുക്കൽ കൊണ്ടുവന്നുകൊണ്ടു യഹോവ ഒന്നാമത്തെ വിവാഹത്തിനു ക്രമീകരണം ചെയ്യുന്നതിനെക്കുറിച്ചുളള വിവരണം നൽകുകയും ചെയ്യുന്നു.
10. പാപത്തിന്റെയും മരണത്തിന്റെയും ഉത്ഭവത്തെ ഉല്പത്തി എങ്ങനെ വിശദീകരിക്കുന്നു, ഇവിടെ ഏതു പ്രധാന ഉദ്ദേശ്യം അറിയിച്ചിരിക്കുന്നു?
10 പാപവും മരണവും ലോകത്തിലേക്കു പ്രവേശിക്കുന്നു; ഉദ്ധാരകനെന്ന നിലയിൽ “സന്തതി”യെ മുൻകൂട്ടിപ്പറയുന്നു (3:1–5:5). സ്ത്രീ വിലക്കപ്പെട്ട ഫലം തിന്നുകയും മത്സരത്തിൽ തന്നോടു ചേരാൻ തന്റെ ഭർത്താവിനെ പ്രേരിപ്പിക്കുകയും ചെയ്യുന്നു, അങ്ങനെ ഏദെൻ അനുസരണക്കേടിനാൽ മലിനമായിത്തീരുന്നു. പെട്ടെന്നുതന്നെ ദൈവം തന്റെ ഉദ്ദേശ്യം സാക്ഷാത്കരിക്കുന്നതിനുളള ഉപാധിയിലേക്കു വിരൽ ചൂണ്ടുന്നു: “യഹോവയായ ദൈവം പാമ്പിനോടു [മത്സരത്തിന്റെ അദൃശ്യ പ്രേരിതാവായ സാത്താനോടു] കല്പിച്ചതു: . . . ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.” (3:14, 15) മനുഷ്യൻ വേദനയിലും വിയർപ്പോടുകൂടിയ അധ്വാനത്തിലും മുളളുകൾക്കും പറക്കാരകൾക്കും ഇടയിൽ ജീവിക്കാൻ തോട്ടത്തിൽനിന്നു പുറത്താക്കപ്പെടുന്നു. ഒടുവിൽ, അവൻ മരിക്കുകയും അവനെ എടുത്തിരുന്ന നിലത്തേക്കു മടങ്ങിപ്പോകുകയും ചെയ്യേണ്ടതാണ്. അവന്റെ സന്താനങ്ങൾക്കു മാത്രം വാഗ്ദത്ത സന്തതിയിൽ പ്രത്യാശിക്കാവുന്നതാണ്.
11. പാപത്തിന്റെ കെടുതികൾ ഏദെനു പുറത്തു തുടരുന്നത് എങ്ങനെ?
11 പാപത്തിന്റെ കെടുതികൾ ഏദെനു പുറത്തു തുടരുന്നു. ആദ്യമായി ജനിച്ച മനുഷ്യശിശു യഹോവയുടെ ഒരു വിശ്വസ്ത ദാസനായ, അവന്റെ സഹോദരൻ ഹാബേലിന്റെ കൊലയാളിയായിത്തീരുന്നു. യഹോവ കയീനെ പ്രവാസ ദേശത്തേക്കു പുറത്താക്കുന്നു. അവിടെ അയാൾ സന്താനങ്ങളെ ഉളവാക്കുന്നു, അവരെ പിന്നീടു പ്രളയം തുടച്ചുനീക്കുന്നു. ആദാമിനു പിന്നീടു ശേത്ത് എന്ന മറെറാരു പുത്രൻ ജനിക്കുന്നു. അയാൾ ഏനോശിന്റെ പിതാവായിത്തീരുന്നു; ഈ കാലത്തു മനുഷ്യർ കപടഭാവത്തിൽ യഹോവയുടെ നാമത്തെ വിളിച്ചപേക്ഷിച്ചു തുടങ്ങുന്നു. ആദാം 930-ാമത്തെ വയസ്സിൽ മരിക്കുന്നു.
12. നോഹയുടെ നാളുകളിൽ ഭൂമി എങ്ങനെ പാഴാക്കപ്പെടാനിടയാകുന്നു?
12 ദുഷ്ടമനുഷ്യരും ദൂതൻമാരും ഭൂമിയെ നശിപ്പിക്കുന്നു; ദൈവം പ്രളയം വരുത്തുന്നു (5:6–11:9). ശേത്തിലൂടെയുളള വംശാവലി ഇവിടെ കൊടുക്കുന്നു. ശേത്തിന്റെ ഈ സന്തതികളിൽ പ്രമുഖൻ ഹാനോക്കാണ്, അവൻ “ദൈവത്തോടുകൂടെ നടന്നു”കൊണ്ടു യഹോവയുടെ നാമത്തെ വിശുദ്ധീകരിക്കുന്നു. (5:22) ശ്രദ്ധാർഹമായ വിശ്വാസമുണ്ടായിരുന്ന അടുത്ത മനുഷ്യൻ ആദാമിനെ സൃഷ്ടിച്ച് 1,056 വർഷം കഴിഞ്ഞു ജനിച്ച, ഹാനോക്കിന്റെ പ്രപൗത്രനായ നോഹയാണ്. ഈ കാലത്തു ഭൂമിയിൽ അക്രമം പെരുകുന്നതിനു ചിലതു സംഭവിക്കുന്നു. ദൈവത്തിന്റെ ദൂതൻമാർ മനുഷ്യരുടെ സുമുഖികളായ പുത്രിമാരെ വിവാഹംചെയ്യുന്നതിനു തങ്ങളുടെ സ്വർഗീയ വാസസ്ഥലം ഉപേക്ഷിക്കുന്നു. അനധികൃതമായ ഈ വേഴ്ച നെഫിലിം (അർഥം “വീഴിക്കുന്നവർ”) എന്നറിയപ്പെട്ട രാക്ഷസൻമാരുടെ ഒരു സങ്കരവർഗത്തെ ഉത്പാദിപ്പിക്കുന്നു. അവർ ദൈവത്തിനല്ല, തങ്ങൾക്കുതന്നെ പേരും പെരുമയും ഉണ്ടാക്കുന്നു. തന്നിമിത്തം, മനുഷ്യവർഗത്തിന്റെ തുടർച്ചയായ വഷളത്തം ഹേതുവായി താൻ മനുഷ്യനെയും മൃഗത്തെയും തുടച്ചുനീക്കാൻ പോകുകയാണെന്നു യഹോവ നോഹയോടു പ്രഖ്യാപിക്കുന്നു. നോഹയോടുമാത്രം യഹോവക്കു പ്രീതി തോന്നുന്നു.
13. യഹോവ ഇപ്പോൾ തന്റെ നാമത്തെ എങ്ങനെ വിശുദ്ധീകരിക്കുന്നു?
13 നോഹ ശേമിന്റെയും ഹാമിന്റെയും യാഫെത്തിന്റെയും പിതാവായിത്തീരുന്നു. അക്രമവും നശീകരണവും ഭൂമിയിൽ തുടരുമ്പോൾ ഒരു വലിയ ജലപ്രളയം മുഖാന്തരം താൻ തന്റെ നാമത്തെ വിശുദ്ധീകരിക്കാൻ പോകുകയാണെന്നു യഹോവ നോഹയോടു വെളിപ്പെടുത്തുന്നു. സംരക്ഷണത്തിനുളള ഒരു പെട്ടകം പണിയാൻ അവൻ നോഹയോടു കൽപ്പിക്കുകയും വിശദമായ നിർമാണ പ്ലാനുകൾ കൊടുക്കുകയും ചെയ്യുന്നു. സത്വരം നോഹ അനുസരിക്കുന്നു, എട്ടുപേരടങ്ങിയ തന്റെ കുടുംബത്തെയും ഒപ്പം മൃഗങ്ങളെയും പക്ഷികളെയും കൂട്ടിവരുത്തുകയും ചെയ്യുന്നു; പിന്നീട് അവന്റെ ആയുസ്സിന്റെ അറുനൂറാം വർഷത്തിൽ (പൊ.യു.മു. 2370) ജലപ്രളയം തുടങ്ങുന്നു. ഉയരമുളള പർവതങ്ങളെപ്പോലും 15 മുഴത്തോളം (ഏകദേശം 22 അടി) ഉയരത്തിൽ വെളളം മൂടത്തക്കവണ്ണം പേമാരി 40 ദിവസം തുടരുന്നു. ഒടുവിൽ ഒരു സംവത്സരം കഴിഞ്ഞു തന്റെ കുടുംബത്തെ പെട്ടകത്തിനു പുറത്തേക്കു നയിക്കാൻ നോഹക്കു കഴിഞ്ഞപ്പോൾ നന്ദിപ്രകടനമായി യഹോവക്ക് ഒരു വലിയ യാഗം കഴിക്കുകയെന്നതാണ് അവന്റെ ആദ്യ പ്രവൃത്തി.
14. യഹോവ ഇപ്പോൾ എന്തു കൽപ്പിക്കുകയും ഏത് ഉടമ്പടി ഉണ്ടാക്കുകയും ചെയ്യുന്നു, ഏതു സംഭവങ്ങൾ നോഹയുടെ ജീവിതത്തെ നിറയ്ക്കുന്നു?
14 യഹോവ ഇപ്പോൾ നോഹയെയും അവന്റെ കുടുംബത്തെയും അനുഗ്രഹിക്കുന്നു, സന്താനങ്ങളെക്കൊണ്ടു ഭൂമിയെ നിറയ്ക്കാൻ അവരോടു കൽപ്പിക്കുന്നു. ദൈവത്തിന്റെ കൽപ്പന മാംസം തിന്നാൻ അനുവദിക്കുന്നു, എന്നാൽ മാംസത്തിന്റെ ദേഹി അഥവാ ജീവൻ ആയിരിക്കുന്ന രക്തത്തിന്റെ വർജനം ആവശ്യപ്പെടുന്നു, ഒരു കൊലയാളിയെ വധിക്കാനും ആവശ്യപ്പെടുന്നു. ഭൂമിമേൽ മേലാൽ ഒരിക്കലും ഒരു പ്രളയം വരുത്താതിരിക്കുന്നതിനുളള ദൈവത്തിന്റെ ഉടമ്പടി ആകാശങ്ങളിലെ മഴവില്ലിന്റെ പ്രത്യക്ഷതയാൽ സ്ഥിരീകരിക്കപ്പെടുന്നു. പിന്നീടു ഹാം യഹോവയുടെ പ്രവാചകനായ നോഹയോട് അനാദരവു പ്രകടമാക്കുന്നു. ഇതു മനസ്സിലാക്കിക്കൊണ്ടു നോഹ ഹാമിന്റെ പുത്രനായ കനാനെ ശപിക്കുന്നു, എന്നാൽ ശേമിനു പ്രത്യേക പ്രീതി ലഭിക്കുമെന്നും യാഫെത്തുകൂടെ അനുഗ്രഹിക്കപ്പെടുമെന്നുമുളള ഒരു ആശീർവാദവും അവൻ കൂട്ടിച്ചേർക്കുന്നു. നോഹ 950-ാമത്തെ വയസ്സിൽ മരിക്കുന്നു.
15. മനുഷ്യർ തങ്ങൾക്കുതന്നെ വിശ്രുതമായ ഒരു പേരുണ്ടാക്കാൻ ശ്രമിക്കുന്നത് എങ്ങനെ, യഹോവ അവരുടെ ഉദ്ദേശ്യത്തെ നിഷ്ഫലമാക്കുന്നത് എങ്ങനെ?
15 നോഹയുടെ മൂന്നു പുത്രൻമാർ, പെരുകാനുളള ദൈവത്തിന്റെ കൽപ്പന നിറവേററുകയും ഇപ്പോഴത്തെ മനുഷ്യവർഗത്തിന്റെ ജനയിതാക്കളായ 70 കുടുംബങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. ഹാമിന്റെ പൗത്രനായ നിമ്രോദ് പ്രത്യക്ഷത്തിൽ “യഹോവയുടെ മുമ്പാകെ [“യഹോവക്കെതിരെ,” NW] നായാട്ടുവീരൻ” ആയിത്തീർന്നതുകൊണ്ട് അയാൾ എണ്ണപ്പെടുന്നില്ല. (10:9) അയാൾ ഒരു രാജ്യം സ്ഥാപിക്കുകയും നഗരങ്ങൾ പണിയാൻ തുടങ്ങുകയും ചെയ്യുന്നു. ഈ സമയത്തു മുഴു ഭൂമിയിലും ഒരു ഭാഷയാണുളളത്. ഭൂമിയിൽ ജനവാസമുണ്ടാക്കുന്നതിനും അതിൽ കൃഷിചെയ്യുന്നതിനും വേണ്ടി ചിതറിപ്പാർക്കുന്നതിനു പകരം മനുഷ്യർ തങ്ങൾക്കുതന്നെ വിശ്രുതമായ ഒരു പേരുണ്ടാക്കാൻ കഴിയേണ്ടതിന് ഒരു നഗരവും അഗ്രഭാഗം ആകാശങ്ങളിലെത്തുന്ന ഒരു ഗോപുരവും പണിയാൻ തീരുമാനിക്കുന്നു. എന്നിരുന്നാലും, അവരുടെ ഭാഷ കലക്കിക്കൊണ്ടു യഹോവ അവരുടെ ഉദ്ദേശ്യത്തെ നിഷ്ഫലമാക്കുന്നു, അങ്ങനെ അവരെ ചിതറിക്കുന്നു. ആ നഗരം (“കുഴപ്പം” എന്നർഥമുളള) ബാബേൽ എന്നു വിളിക്കപ്പെടുന്നു.
16. (എ) ശേമിന്റെ വംശാവലി പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്? (ബി) അബ്രാം “യഹോവയുടെ സ്നേഹിതൻ” എന്നു വിളിക്കപ്പെടാനിടയാകുന്നതെങ്ങനെ, അവന് ഏത് അനുഗ്രഹങ്ങൾ ലഭിക്കുന്നു?
16 അബ്രഹാമുമായുളള ദൈവത്തിന്റെ ഇടപെടലുകൾ (11:10–25:26). ശേം മുതൽ തേരഹിന്റെ പുത്രനായ അബ്രാം വരെയുളള പ്രധാന വംശാവലി രേഖപ്പെടുത്തുന്നു, കാലഗണനാപരമായ കണ്ണികൾ നൽകിക്കൊണ്ടുതന്നെ. അബ്രാം തനിക്കുതന്നെ ഒരു പേരുണ്ടാക്കാൻ ശ്രമിക്കുന്നതിനുപകരം ദൈവത്തിൽ വിശ്വാസം പ്രകടമാക്കുന്നു. ദൈവകൽപ്പനപ്രകാരം അവൻ കൽദയനഗരമായ ഊർ വിട്ടുപോകുകയും യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചുകൊണ്ടു കനാൻദേശത്തേക്കുളള വഴിമധ്യേ 75-ാമത്തെ വയസ്സിൽ യൂഫ്രട്ടീസ് കടക്കുകയും ചെയ്യുന്നു. തന്റെ വിശ്വാസവും അനുസരണവും നിമിത്തം അവൻ “യഹോവയുടെ സ്നേഹിതൻ” എന്നു വിളിക്കപ്പെടാനിടയാകുന്നു, ദൈവം അവനുമായുളള തന്റെ ഉടമ്പടി സ്ഥാപിക്കുന്നു. (യാക്കോ. 2:23; 2 ദിന. 20:7; യെശ. 41:8, NW) ഈജിപ്തിലെ ചുരുങ്ങിയ താമസക്കാലത്തു ദൈവം അബ്രാമിനെയും അവന്റെ ഭാര്യയെയും സംരക്ഷിക്കുന്നു. കനാനിൽ തിരിച്ചുചെന്നപ്പോൾ തന്റെ സഹോദരപുത്രനും സഹാരാധകനുമായ ലോത്തിനെ ദേശത്തിന്റെ ഏററവും നല്ല ഭാഗം തിരഞ്ഞെടുക്കാൻ അനുവദിച്ചുകൊണ്ട് അബ്രാം ഔദാര്യവും സമാധാനപ്രിയവും പ്രകടമാക്കുന്നു. പിന്നീട്, ലോത്തിനെ പിടിച്ചുകൊണ്ടുപോയ നാലു രാജാക്കൻമാരിൽനിന്ന് അവനെ അബ്രാം രക്ഷിക്കുന്നു. അനന്തരം, യുദ്ധം കഴിഞ്ഞു മടങ്ങിവന്നപ്പോൾ അബ്രാം ശാലേം രാജാവായ മൽക്കിസെദക്കിനെ കണ്ടുമുട്ടുന്നു, അവൻ ദൈവത്തിന്റെ പുരോഹിതനെന്ന നിലയിൽ അബ്രാമിനെ അനുഗ്രഹിക്കുകയും അബ്രാം അവനു ദശാംശങ്ങൾ കൊടുക്കുകയും ചെയ്യുന്നു.
17. ദൈവം തന്റെ ഉടമ്പടിയെ വിപുലമാക്കുന്നത് എങ്ങനെ, അബ്രാമിന്റെ സന്തതിയെക്കുറിച്ച് എന്തു വെളിപ്പെടുത്തപ്പെടുന്നു?
17 ദൈവം പിന്നീട് അബ്രാമിനു പ്രത്യക്ഷനായി താൻ അബ്രാമിന്റെ പരിചയാണെന്നു പ്രഖ്യാപിക്കുന്നു, അബ്രാമിന്റെ സന്തതി എണ്ണത്തിൽ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയായിത്തീരുമെന്നു വെളിപ്പെടുത്തിക്കൊണ്ട് ഉടമ്പടിവാഗ്ദത്തത്തെ വിപുലീകരിക്കുന്നു. തന്റെ സന്തതി 400 വർഷം പീഡനമനുഭവിക്കുമെന്നും എന്നാൽ പീഡിപ്പിക്കുന്ന ജനതയെ ന്യായംവിധിച്ചുകൊണ്ടു ദൈവം സന്തതിയെ വിടുവിക്കുമെന്നും അബ്രാമിനോടു പറയുന്നു. അബ്രാമിനു 85 വയസ്സായപ്പോൾ, അപ്പോഴും മക്കളില്ലാഞ്ഞ സാറായി ഈജിപ്ഷ്യൻ ദാസിയായ ഹാഗാറിൽ അബ്രാമിന് ഒരു കുട്ടി ഉണ്ടാകേണ്ടതിന് അവളെ അവനു കൊടുക്കുന്നു. യിശ്മായേൽ ജനിക്കുകയും സാധ്യതയുളള അവകാശിയായി വീക്ഷിക്കപ്പെടുകയും ചെയ്യുന്നു. എന്നിരുന്നാലും യഹോവ വ്യത്യസ്തമായി ഉദ്ദേശിക്കുന്നു. അബ്രാമിനു 99 വയസ്സായപ്പോൾ യഹോവ അവന്റെ പേർ അബ്രഹാമെന്നും സാറായിയുടെ പേർ സാറാ എന്നും മാററിയിടുകയും സാറാ ഒരു മകനെ പ്രസവിക്കുമെന്നു വാഗ്ദാനം നൽകുകയും ചെയ്യുന്നു. അബ്രഹാമിനു പരിച്ഛേദനയുടെ ഉടമ്പടി കൊടുക്കുന്നു, അവൻ ഉടൻതന്നെ തന്റെ കുടുംബത്തെ പരിച്ഛേദന കഴിപ്പിക്കുന്നു.
18. ഏതു ശ്രദ്ധാർഹമായ സംഭവങ്ങൾ ലോത്തിന്റെ ജീവിതത്തിന്റെ പരമകാഷ്ഠയായി സംഭവിക്കുന്നു?
18 ഇപ്പോൾ സോദോമിന്റെയും ഗൊമോറയുടെയും കടുത്ത പാപം നിമിത്തം അവയെ നശിപ്പിക്കാനുളള തന്റെ തീരുമാനം ദൈവം തന്റെ സ്നേഹിതനായ അബ്രഹാമിനെ അറിയിക്കുന്നു. യഹോവയുടെ ദൂതൻമാർ ലോത്തിനു മുന്നറിയിപ്പു കൊടുക്കുകയും ഭാര്യയെയും രണ്ടു പെൺമക്കളെയുംകൊണ്ടു സോദോമിൽനിന്ന് ഓടിപ്പോകാൻ അവനെ സഹായിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും അവന്റെ ഭാര്യ പിമ്പിലുളള വസ്തുക്കളിലേക്കു നോക്കാൻ തങ്ങുമ്പോൾ ഒരു ഉപ്പുതൂൺ ആയിത്തീരുന്നു. സന്താനങ്ങളെ കിട്ടുന്നതിനു ലോത്തിന്റെ പെൺമക്കൾ തങ്ങളുടെ പിതാവിനു വീഞ്ഞുകൊടുത്തു മത്തുപിടിപ്പിക്കുകയും അവനുമായുളള വേഴ്ചയിലൂടെ അവർ രണ്ടു പുത്രൻമാരെ പ്രസവിക്കുകയും ചെയ്യുന്നു. അവർ മോവാബ്, അമ്മോൻ എന്നീ ജനതകളുടെ പിതാക്കൻമാർ ആയിത്തീരുന്നു.
19. അബ്രഹാം സന്തതിയോടുളള ബന്ധത്തിൽ ഏതു പരിശോധനയെ വിജയകരമായി നേരിടുന്നു, തന്റെ വാഗ്ദത്തത്തെ സ്ഥിരീകരിച്ചുകൊണ്ടു യഹോവ കൂടുതലായി എന്തു വെളിപ്പെടുത്തുന്നു?
19 ഫെലിസ്ത്യരുടെ അബീമേലക്കിനാലുളള ദുഷിപ്പിക്കലിൽനിന്നു സാറായെ ദൈവം സംരക്ഷിക്കുന്നു. അബ്രഹാമിനു 100 വയസ്സും സാറായ്ക്ക് ഏതാണ്ട് 90 വയസ്സും ആയപ്പോൾ വാഗ്ദത്ത അവകാശിയായ യിസ്ഹാക്ക് ജനിക്കുന്നു. ഇതിനുശേഷം ഏതാണ്ട് അഞ്ചു വർഷം കഴിഞ്ഞ് 19 വയസ്സുകാരനായ യിശ്മായേൽ അവകാശിയായ യിസ്ഹാക്കിനെ പരിഹസിക്കുന്നു, അതു ദൈവാംഗീകാരത്തോടെ ഹാഗാറിനെയും യിശ്മായേലിനെയും പുറത്താക്കുന്നതിൽ കലാശിക്കുന്നു. കുറെ വർഷങ്ങൾ കഴിഞ്ഞ്, മോറിയായിലെ പർവതങ്ങളിലൊന്നിൽ തന്റെ പുത്രനായ യിസ്ഹാക്കിനെ ബലിചെയ്യാൻ അബ്രഹാമിനോടു കൽപ്പിച്ചുകൊണ്ടു ദൈവം അവനെ പരിശോധിക്കുന്നു. യഹോവയിലുളള അബ്രഹാമിന്റെ വലിയ വിശ്വാസം ചഞ്ചലിക്കുന്നില്ല. തന്റെ പുത്രനും അവകാശിയുമായവനെ യാഗംകഴിക്കാൻ അവൻ ശ്രമിക്കുന്നു, എന്നാൽ യഹോവ തടയുന്നു. അവൻ ഒരു പകരയാഗമെന്ന നിലയിൽ ഒരു മുട്ടാടിനെ പ്രദാനംചെയ്യുന്നു. അബ്രഹാമിന്റെ സന്തതിയെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെയും കടൽക്കരയിലെ മണൽത്തരികൾ പോലെയും പെരുക്കുമെന്നു പറഞ്ഞുകൊണ്ടു യഹോവ വീണ്ടും അബ്രഹാമിനോടുളള തന്റെ വാഗ്ദത്തത്തെ സ്ഥിരീകരിക്കുന്നു. ഈ സന്തതി അവന്റെ ശത്രുക്കളുടെ പടിവാതിൽ കൈവശപ്പെടുത്തുമെന്നും ഭൂമിയിലെ സകല ജനതകളും സന്തതിമുഖാന്തരം തീർച്ചയായും തങ്ങളേത്തന്നെ അനുഗ്രഹിക്കുമെന്നും അവൻ പ്രകടമാക്കുന്നു.
20. അബ്രഹാം യിസ്ഹാക്കിന് ഒരു ഭാര്യയെ കൊടുക്കുന്നതിൽ ഏതു ജാഗ്രത പുലർത്തുന്നു, യിസ്ഹാക്ക് ഏക അവകാശിയാക്കപ്പെടുന്നത് എങ്ങനെ?
20 സാറാ 127-ാമത്തെ വയസ്സിൽ മരിക്കുന്നു, ഹേത്തിന്റെ പുത്രൻമാരിൽനിന്ന് അബ്രഹാം വാങ്ങുന്ന ഒരു വയലിൽ സാറായെ അടക്കുന്നു. അബ്രഹാം ഇപ്പോൾ തന്റെ മുഖ്യ വീട്ടുദാസനെ, തന്റെ ബന്ധുക്കളുടെ രാജ്യത്തുനിന്നു യിസ്ഹാക്കിനുവേണ്ടി ഒരു ഭാര്യയെ എടുക്കാൻ അയയ്ക്കുന്നു. യഹോവ ഈ ദാസനെ നാഹോരിന്റെ പുത്രനായ ബെഥുവേലിന്റെ കുടുംബത്തിലേക്കു നയിക്കുന്നു, റിബേക്കാ അവനോടുകൂടെ മടങ്ങിപ്പോരാൻ ക്രമീകരണങ്ങൾ ചെയ്യുന്നു. റിബേക്കാ മനസ്സൊരുക്കത്തോടെ തന്റെ കുടുംബത്തിന്റെ അനുഗ്രഹവും വാങ്ങി പോകുകയും യിസ്ഹാക്കിന്റെ മണവാട്ടിയായിത്തീരുകയും ചെയ്യുന്നു. അബ്രഹാമിനെ സംബന്ധിച്ചടത്തോളം, അവൻ മറെറാരു ഭാര്യയെ, കെതൂറായെ സ്വീകരിക്കുന്നു, അവൾ അവന് ആറു പുത്രൻമാരെ പ്രസവിക്കുന്നു. എന്നിരുന്നാലും, അവൻ അവർക്കു ദാനങ്ങൾ കൊടുത്ത് അവരെ പറഞ്ഞയയ്ക്കുകയും യിസ്ഹാക്കിനെ തന്റെ ഏക അവകാശിയാക്കുകയും ചെയ്യുന്നു. അനന്തരം, 175-ാമത്തെ വയസ്സിൽ അബ്രഹാം മരിക്കുന്നു.
21. യിസ്ഹാക്കിനും റിബേക്കയ്ക്കും ഇരട്ട പുത്രൻമാർ ഉണ്ടാകാനിടയാകുന്നതെങ്ങനെ?
21 യഹോവ മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെ, യിസ്ഹാക്കിന്റെ അർധസഹോദരനായ യിശ്മായേൽ തന്റെ 12 പുത്ര-പ്രഭുക്കൻമാരിൽ സ്ഥാപിതമായ ഒരു വലിയ ജനതയുടെ തലവനായിത്തീരുന്നു. റിബേക്കാ 20 വർഷം മച്ചിയായി കഴിയുന്നു, എന്നാൽ യിസ്ഹാക്ക് യഹോവയോട് അഭ്യർഥിച്ചുകൊണ്ടിരിക്കുന്നു. അവൾ ഇരട്ടകളെ, ഏശാവിനെയും യാക്കോബിനെയും, പ്രസവിക്കുന്നു. മൂത്തവൻ ഇളയവനെ സേവിക്കുമെന്നു യഹോവ അവരെ സംബന്ധിച്ച് അവളോടു പറഞ്ഞിരുന്നു. യിസ്ഹാക്കിന് ഇപ്പോൾ 60 വയസ്സുണ്ട്.
22. ഏശാവും യാക്കോബും അബ്രഹാമുമായുളള ഉടമ്പടിയെ വീക്ഷിക്കുന്നത് എങ്ങനെ, എന്തു ഫലങ്ങളോടെ?
22 യാക്കോബും അവന്റെ 12 പുത്രൻമാരും (25:27-37:1). ഏശാവ് ഒരു വേട്ടപ്രിയൻ ആയിത്തീരുന്നു. അബ്രഹാമുമായുളള ഉടമ്പടിയെ വിലമതിക്കുന്നതിൽ പരാജയപ്പെട്ടുകൊണ്ട് അവൻ ഒരു ദിവസം വേട്ട കഴിഞ്ഞു മടങ്ങിവരുകയും ഒരു കവിൾ പായസത്തിനുവേണ്ടി തന്റെ ജൻമാവകാശം യാക്കോബിനു വിൽക്കുകയും ചെയ്യുന്നു. അവൻ രണ്ടു ഹിത്യസ്ത്രീകളെ (പിന്നീട് ഒരു യിശ്മായേല്യ സ്ത്രീയെയും) വിവാഹം കഴിക്കുന്നു, അവർ അവന്റെ മാതാപിതാക്കൾക്കു ദുഃഖകാരണമായിത്തീരുന്നു. തന്റെ മാതാവിന്റെ സഹായത്തോടെ യാക്കോബ് ആദ്യജാതന്റെ അനുഗ്രഹം പ്രാപിക്കുന്നതിന് ഏശാവായി പ്രച്ഛന്നവേഷം ധരിക്കുന്നു. താൻ ജൻമാവകാശം വിററതായി യിസ്ഹാക്കിനോടു വെളിപ്പെടുത്താഞ്ഞ ഏശാവ് യാക്കോബ് ചെയ്തതിനെക്കുറിച്ചു മനസ്സിലാക്കുമ്പോൾ യാക്കോബിനെ കൊല്ലാൻ പദ്ധതിയിടുന്നു, തന്നിമിത്തം തന്റെ സഹോദരനായ ലാബാന്റെ അടുക്കൽ ഹാരാനിലേക്ക് ഓടിപ്പോകാൻ യാക്കോബിനെ റിബേക്കാ ഉപദേശിക്കുന്നു. യാക്കോബ് പോകുന്നതിനുമുമ്പു യിസ്ഹാക്ക് അവനെ വീണ്ടും അനുഗ്രഹിക്കുകയും ഒരു പുറജാതിയെ അല്ല, പിന്നെയോ അവന്റെ അമ്മയുടെ കുടുംബത്തിൽനിന്ന് ആരെയെങ്കിലും ഭാര്യയായി സ്വീകരിക്കാൻ അവനോടു നിർദേശിക്കുകയും ചെയ്യുന്നു. ഹാരാനിലേക്കുളള മാർഗമധ്യേ ബെഥേലിൽവെച്ച് ഒരു സ്വപ്നത്തിൽ അവൻ യഹോവയെ കാണുന്നു. യഹോവ അവനു വീണ്ടും ഉറപ്പുകൊടുക്കുകയും അവനോടുളള ഉടമ്പടിവാഗ്ദത്തത്തെ സ്ഥിരീകരിക്കുകയും ചെയ്യുന്നു.
23. (എ) യാക്കോബിന് 12 പുത്രൻമാർ ഉണ്ടാകാനിടയാകുന്നതെങ്ങനെ? (ബി) രൂബേൻ ജൻമാവകാശത്തെ നഷ്ടപ്പെടുത്തുന്നതെങ്ങനെ?
23 ഹാരാനിൽ യാക്കോബ് ലാബാനുവേണ്ടി ജോലിചെയ്യുകയും അവന്റെ രണ്ടു പുത്രിമാരായ ലേയയെയും റാഹേലിനെയും വിവാഹംകഴിക്കുകയും ചെയ്യുന്നു. ഈ ബഹുഭാര്യത്വവിവാഹം ലാബാന്റെ ഒരു തന്ത്രം മുഖേന യാക്കോബിൻമേൽ അടിച്ചേൽപ്പിക്കപ്പട്ടതാണെങ്കിലും അവനു ഭാര്യമാരിലൂടെയും അവരുടെ രണ്ടു ദാസിമാരായ സിൽപ്പ, ബിൽഹാ എന്നിവരിലൂടെയും 12 പുത്രൻമാരെയും ഒരു പുത്രിയെയും കൊടുത്തുകൊണ്ടു ദൈവം ആ ദാമ്പത്യത്തെ അനുഗ്രഹിക്കുന്നു. യാക്കോബിന്റെ ആട്ടിൻകൂട്ടങ്ങൾ അതിയായി പെരുകുന്നതിൽ ദൈവം ശ്രദ്ധിക്കുന്നു, അനന്തരം അവന്റെ പൂർവപിതാക്കൻമാരുടെ ദേശത്തേക്കു മടങ്ങാൻ അവനെ ഉപദേശിക്കുകയും ചെയ്യുന്നു. ലാബാൻ അവനെ പിന്തുടരുന്നു, എന്നാൽ അവർ ഗാലേദ് എന്നും വീക്ഷാഗോപുരം (എബ്രായ, ഹാംമിററ്സ്പാ) എന്നും പേരുളള സ്ഥലത്തുവച്ച് ഒരു ഉടമ്പടിചെയ്യുന്നു. തന്റെ യാത്ര വീണ്ടും തുടങ്ങിയപ്പോൾ, ദൂതൻമാരിൽനിന്നു വീണ്ടും യാക്കോബിന് ഉറപ്പു ലഭിക്കുന്നു, അവൻ ഒരു രാത്രിയിൽ ഒരു ദൂതനുമായി മൽപ്പിടുത്തം നടത്തുകയും ദൂതൻ ഒടുവിൽ യാക്കോബിനെ അനുഗ്രഹിക്കുകയും അവന്റെ യാക്കോബ് എന്ന പേർ മാററി ഇസ്രായേൽ എന്നാക്കുകയും ചെയ്യുന്നു. യാക്കോബ് ഏശാവിനെ കണ്ടുമുട്ടുന്നതിനു സമാധാനപരമായി കൂടിയാലോചന നടത്തുകയും ശേഖേമിലേക്കു തുടർന്നു യാത്രചെയ്യുകയും ചെയ്യുന്നു. ഇവിടെവെച്ച് അവന്റെ പുത്രിയെ ഹിവ്യപ്രഭുവിന്റെ പുത്രൻ ബലാൽസംഗംചെയ്യുന്നു. അവളുടെ സഹോദരൻമാരായ ശിമയോനും ലേവിയും ശേഖേംനിവാസികളെ സംഹരിച്ചുകൊണ്ടു പ്രതികാരംചെയ്യുന്നു. ഇതു യഹോവയുടെ ഒരു പ്രതിനിധിയായ യാക്കോബിനു ദേശത്തു ദുഷ്പേരു വരുത്തിക്കൂട്ടിയതിനാൽ അവൻ അപ്രീതിപ്പെടുന്നു. ബെഥേലിൽ പോയി അവിടെ ഒരു യാഗപീഠം പണിയാൻ ദൈവം അവനോടു പറയുന്നു. ബെഥേലിൽനിന്നുളള യാത്രാമധ്യേ റാഹേൽ യാക്കോബിന് 12-ാമത്തെ പുത്രനായ ബെന്യാമീനെ പ്രസവിക്കുമ്പോൾ മരിക്കുന്നു. രൂബേൻ യാക്കോബിന്റെ പുത്രൻമാരിൽ രണ്ടുപേരുടെ അമ്മയും റാഹേലിന്റെ ദാസിയുമായ ബിൽഹായെ മാനഭംഗപ്പെടുത്തുന്നു, ഈ കാരണത്താൽ അവനു ജൻമാവകാശം നഷ്ടമാകുന്നു. പിന്നീട്, പെട്ടെന്നുതന്നെ യിസ്ഹാക്ക് 180-ാമത്തെ വയസ്സിൽ മരിക്കുന്നു. ഏശാവും യാക്കോബും കൂടി അവനെ അടക്കുന്നു.
24. ഏശാവും അവന്റെ വീട്ടുകാരും സേയീർ പർവതപ്രദേശത്തേക്കു മാറിപ്പാർക്കുന്നത് എന്തുകൊണ്ട്?
24 ഏശാവിന്റെയും യാക്കോബിന്റെയും കുന്നുകൂടിയ സമ്പത്ത് അവർക്കു മേലാൽ ഒരുമിച്ചു പാർക്കാൻ കഴിയാത്തവിധം വളരെയധികമായിത്തീർന്നതിനാൽ ഏശാവും അവന്റെ കുടുംബവും സേയീർ പർവതപ്രദേശത്തേക്കു മാറിപ്പാർക്കുന്നു. ഏശാവിന്റെ സന്താനങ്ങളുടെയും അതുപോലെതന്നെ ഏദോം പ്രഭുക്കൻമാരുടെയും രാജാക്കൻമാരുടെയും പേരുകളുടെ പട്ടിക നൽകപ്പെടുന്നു. യാക്കോബ് കനാനിൽ തുടർന്നു പാർക്കുന്നു.
25. യോസേഫ് ഈജിപ്തിൽ ഒരു അടിമയായിത്തീരുന്നതിലേക്കു നയിക്കുന്ന സംഭവങ്ങൾ ഏവ?
25 ജീവരക്ഷക്കായി ഈജിപ്തിലേക്ക് (37:2–50:26). യഹോവയുടെ പ്രീതിയും അവൻ യോസേഫിനു കാണിച്ച ചില സ്വപ്നങ്ങളും നിമിത്തം മൂത്ത സഹോദരൻമാർ യോസേഫിനെ വെറുക്കാനിടയാകുന്നു. അവർ അവനെ കൊല്ലാൻ ഗൂഢാലോചന നടത്തുന്നു, എന്നാൽ പകരം അതിലേ കടന്നുപോയ ചില യിശ്മായേല്യ വ്യാപാരികൾക്ക് അവനെ വിൽക്കുന്നു. ഒരു കാട്ടുമൃഗം 17 വയസ്സുകാരനായ ആ ബാലനെ കൊന്നുകളഞ്ഞുവെന്നുളളതിന്റെ തെളിവായി യോസേഫിന്റെ വരയൻഅങ്കി ഒരു കോലാടിന്റെ രക്തത്തിൽ മുക്കി അവർ യാക്കോബിന്റെ മുമ്പാകെ ഹാജരാക്കുന്നു. യോസേഫിനെ ഈജിപ്തിലേക്കു കൊണ്ടുപോയി ഫറവോന്റെ അകമ്പടിനായകനായ പോത്തീഫറിനു വിൽക്കുന്നു.
26. പേരെസിന്റെ ജനനത്തെക്കുറിച്ചുളള വിവരണം പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
26 താമാറിനു പേരെസ് ജനിച്ചതിനെക്കുറിച്ചുളള വിവരണം നൽകാൻ 38-ാം അധ്യായം ക്ഷണികമായി വിഷയം മാററുന്നു, യഹൂദായുടെ പുത്രൻ അവളോടു നിറവേറേറണ്ടിയിരുന്ന വിവാഹകടപ്പാടു തന്റെ അമ്മായിയപ്പനായ യഹൂദാ നിറവേററാൻ അവൾ തന്ത്രപൂർവം ഇടയാക്കുന്നു. വാഗ്ദത്ത സന്തതിയുടെ ഉല്പാദനത്തിലേക്കു നയിക്കുന്ന ഓരോ വികാസത്തെയും രേഖപ്പെടുത്തുന്നതിനു തിരുവെഴുത്തുകൾ പ്രകടമാക്കുന്ന അത്യന്തശ്രദ്ധക്ക് ഈ വിവരണം വീണ്ടും അടിവരയിടുന്നു. യഹൂദായുടെ പുത്രനായ പേരെസ് യേശുവിന്റെ പൂർവപിതാക്കൻമാരിലൊരാളായിത്തീരുന്നു.—ലൂക്കൊ. 3:23, 33.
27. യോസേഫ് എങ്ങനെ ഈജിപ്തിലെ പ്രധാനമന്ത്രിയായിത്തീരുന്നു?
27 ഇതിനിടയിൽ, യഹോവ ഈജിപ്തിൽ യോസേഫിനെ അനുഗ്രഹിക്കുന്നു. യോസേഫ് പോത്തീഫറിന്റെ ഭവനത്തിൽ വലിയവനായിത്തീരുന്നു. എന്നിരുന്നാലും, പോത്തീഫറിന്റെ ഭാര്യയുമായി പരസംഗത്തിലേർപ്പെട്ടു ദൈവനാമത്തെ നിന്ദിക്കാൻ വിസമ്മതിച്ചതുകൊണ്ടു പ്രയാസങ്ങൾ യോസേഫിനെ വേട്ടയാടുന്നു, അങ്ങനെ വ്യാജ കുററാരോപണം ചുമത്തി അവനെ തടവിലാക്കുന്നു. അവിടെ രണ്ടു കൂട്ടു തടവുപുളളികളായ, ഫറവോന്റെ പാനപാത്രവാഹകന്റെയും അവന്റെ അപ്പക്കാരന്റെയും സ്വപ്നങ്ങൾ വ്യാഖ്യാനിക്കുന്നതിനു യഹോവ അവനെ ഉപയോഗിക്കുന്നു. പിന്നീട്, ഫറവോൻ തന്നെ അതിയായി വ്യാകുലപ്പെടുത്തുന്ന ഒരു സ്വപ്നം കാണുന്നു, യോസേഫിന്റെ പ്രാപ്തി അവന്റെ ശ്രദ്ധയിലേക്കു വരുത്തപ്പെടുന്നു, തന്നിമിത്തം യോസേഫ് കിടന്ന കുണ്ടറയിൽനിന്നു സത്വരം അവനെ ഫറവോന്റെ അടുക്കലേക്കു വരുത്തുന്നു. ദൈവത്തിനു ബഹുമതി കൊടുത്തുകൊണ്ട്, സ്വപ്നം ഏഴു വർഷത്തെ സമൃദ്ധിയെയും പിന്നാലെ വരുന്ന ഏഴു വർഷത്തെ ക്ഷാമത്തെയും മുൻകൂട്ടിപ്പറയുന്നതായി യോസേഫ് വ്യാഖ്യാനിക്കുന്നു. യോസേഫിന്റെമേൽ “ദൈവാത്മാവ്” ഉളളതായി ഫറവോൻ തിരിച്ചറിയുകയും സാഹചര്യം കൈകാര്യം ചെയ്യുന്നതിന് അവനെ പ്രധാനമന്ത്രിയായി നിയമിക്കുകയും ചെയ്യുന്നു. (ഉല്പ. 41:38) ഇപ്പോൾ 30 വയസ്സുളള യോസേഫ് സമൃദ്ധിയുടെ ഏഴു വർഷക്കാലത്തു ഭക്ഷ്യപദാർഥങ്ങൾ ശേഖരിച്ചുവെച്ചുകൊണ്ടു ജ്ഞാനപൂർവം ഭരണം നടത്തുന്നു. അനന്തരം പിന്നീടുണ്ടായ ലോകവ്യാപക ക്ഷാമകാലത്ത് അവൻ ഈജിപ്തിലെയും ഭക്ഷ്യത്തിനായി ഈജിപ്തിലേക്കു വന്ന മററു രാഷ്ട്രങ്ങളിലെയും ജനങ്ങൾക്കു ധാന്യം വിൽക്കുന്നു.
28. യാക്കോബിന്റെ കുടുംബം ഈജിപ്തിലേക്കു മാറിപ്പാർക്കുന്നതിനെ ചുററിപ്പററി ഏതു സംഭവങ്ങൾ നടക്കുന്നു?
28 ഒടുവിൽ യാക്കോബ് തന്റെ മൂത്ത പത്തു പുത്രൻമാരെ ധാന്യം വാങ്ങാൻ ഈജിപ്തിലേക്ക് അയയ്ക്കുന്നു. യോസേഫ് അവരെ തിരിച്ചറിയുന്നു, എന്നാൽ അവർ അവനെ തിരിച്ചറിയുന്നില്ല. ശിമയോനെ ആൾജാമ്യമായി പിടിച്ചുവെച്ചുകൊണ്ട്, ധാന്യത്തിനുവേണ്ടിയുളള അവരുടെ അടുത്ത യാത്രയിൽ അവരുടെ ഏററവും ഇളയ സഹോദരനെ കൂടെകൊണ്ടുവരണമെന്ന് അവൻ ആവശ്യപ്പെടുന്നു. ആ ഒൻപതു പുത്രൻമാർ ബെന്യാമീനുമായി മടങ്ങിവരുമ്പോൾ യോസേഫ് തന്നേത്തന്നെ വെളിപ്പെടുത്തുകയും കുററക്കാരായ പത്തുപേരോടും ക്ഷമിക്കുകയും ചെയ്യുന്നു, യാക്കോബിനെ കൊണ്ടുവരാനും ക്ഷാമകാലത്തെ അവരുടെ ക്ഷേമത്തിനുവേണ്ടി ഈജിപ്തിലേക്കു മാറിപ്പാർക്കാനും അവരോടു നിർദേശിക്കുകയും ചെയ്യുന്നു. അതനുസരിച്ച്, യാക്കോബ് തന്റെ സന്താനങ്ങളിൽ 66 പേരുമായി ഈജിപ്തിലേക്കു മാറിപ്പാർക്കുന്നു. ഫറവോൻ അവർക്കു കുടിപാർപ്പിനു ദേശത്തിന്റെ ഏററം നല്ല ഭാഗമായ ഗോശെൻദേശം കൊടുക്കുന്നു.
29. യാക്കോബ് തന്റെ മരണശയ്യയിൽ ഏതു പ്രധാനപ്പെട്ട പ്രവചനപരമ്പര നൽകുന്നു?
29 യാക്കോബ് മരണത്തോടടുക്കുമ്പോൾ അവൻ യോസേഫിന്റെ പുത്രൻമാരായ മനശ്ശെയെയും എഫ്രയീമിനെയും അനുഗ്രഹിക്കുകയും പിന്നീടു “ഭാവികാലത്തു” തന്റെ സ്വന്തം 12 പുത്രൻമാർക്ക് എന്തു സംഭവിക്കുമെന്നു പറയാൻ അവരെ വിളിച്ചുകൂട്ടുകയും ചെയ്യുന്നു. (49:1) അവൻ ഇപ്പോൾ വിശദമായി പ്രവചനങ്ങളുടെ ഒരു പരമ്പര നൽകുന്നു, അവർക്കെല്ലാം പിന്നീടു ശ്രദ്ധേയമായ നിവൃത്തി ഉണ്ടായിട്ടുണ്ട്.d ഇവിടെവെച്ചു ഭരണത്തിന്റെ ചെങ്കോൽ വാഗ്ദത്ത സന്തതിയായ ശീലോയുടെ (അർഥം “അവകാശമുളളവൻ; അതിന്റെ അവകാശി”) വരവുവരെ യഹൂദാഗോത്രത്തിൽ സ്ഥിതിചെയ്യുമെന്ന് അവൻ മുൻകൂട്ടിപ്പറയുന്നു. 12 ഗോത്രത്തലവൻമാരെ ഇങ്ങനെ അനുഗ്രഹിച്ചതിനും വാഗ്ദത്തദേശത്തെ തന്റെ സ്വന്തം ഭാവി ശവസംസ്കാരം സംബന്ധിച്ചു കൽപ്പനകൾ കൊടുത്തതിനും ശേഷം യാക്കോബ് 147-ാം വയസ്സിൽ മരിക്കുന്നു. യോസേഫ് 110-ാം വയസ്സിലെ തന്റെ മരണംവരെ തന്റെ സഹോദരൻമാരെയും അവരുടെ കുടുംബങ്ങളെയും പരിപാലിക്കുന്നതിൽ തുടരുന്നു. തന്റെ മരണസമയത്ത്, ദൈവം ഇസ്രായേലിനെ വീണ്ടും അവരുടെ ദേശത്തേക്കു കൊണ്ടുപോകുമെന്നുളള വിശ്വാസം അവൻ പ്രകടമാക്കുന്നു, ആ വാഗ്ദത്തദേശത്തേക്കു തന്റെ അസ്ഥികൾകൂടെ കൊണ്ടുപോകണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു.
എന്തുകൊണ്ടു പ്രയോജനപ്രദം
30. (എ) പിൽക്കാലത്തുണ്ടായ ബൈബിൾപുസ്തകങ്ങൾ ഗ്രഹിക്കുന്നതിന് ഉല്പത്തി ഏത് അടിസ്ഥാനം പ്രദാനംചെയ്യുന്നു? (ബി) ഏത് ഉചിതമായ ലക്ഷ്യത്തിലേക്ക് ഉല്പത്തി വിരൽ ചൂണ്ടുന്നു?
30 നിശ്വസ്ത ദൈവവചനത്തിന്റെ തുടക്കമെന്ന നിലയിൽ ഉല്പത്തി യഹോവയാം ദൈവത്തിന്റെ മഹത്തായ ഉദ്ദേശ്യങ്ങൾ അവതരിപ്പിക്കുന്നതിൽ അമൂല്യ പ്രയോജനമുളളതാണ്. പിൽക്കാല ബൈബിൾപുസ്തകങ്ങൾ ഗ്രഹിക്കുന്നതിന് അത് എന്തൊരു അടിസ്ഥാനമാണു നൽകുന്നത്! അതിന്റെ വിപുലമായ പരിധിക്കുളളിൽ അത് ഏദെനിലെ നീതിയുളള ലോകത്തിന്റെ ആരംഭത്തെയും അവസാനത്തെയും ഭക്തികെട്ട ആളുകളുടെ ഒന്നാമത്തെ ലോകത്തിന്റെ വികാസത്തെയും വെളളത്താലുളള വിപത്കരമായ നീക്കംചെയ്യലിനെയും ഇപ്പോഴത്തെ ദുഷ്ടലോകത്തിന്റെ ഉയർച്ചയെയും വർണിക്കുന്നു. പ്രമുഖമായി, അതു മുഴു ബൈബിളിന്റെയും പ്രതിപാദ്യവിഷയം, അതായത്, വാഗ്ദത്ത “സന്തതി”യാൽ ഭരിക്കപ്പെടുന്ന രാജ്യംമുഖാന്തരമുളള യഹോവയുടെ സംസ്ഥാപനം, വിവരിക്കുന്നു. മനുഷ്യൻ മരിക്കുന്നത് എന്തുകൊണ്ടെന്ന് അതു പ്രകടമാക്കുന്നു. ഉല്പത്തി 3:15 മുതൽ—വിശേഷിച്ച് അബ്രഹാമിനോടും യിസ്ഹാക്കിനോടും യാക്കോബിനോടുമുളള ദൈവത്തിന്റെ ഇടപെടലിനെക്കുറിച്ചുളള രേഖയിൽ—അതു സന്തതിയുടെ രാജ്യത്തിൻകീഴിലുള്ള പുതിയ ലോകത്തിലെ ജീവന്റെ പ്രത്യാശ വെച്ചുനീട്ടുന്നു. സകല മനുഷ്യവർഗത്തിനുംവേണ്ടി ഉചിതമായ ലക്ഷ്യം—നിർമലതാപാലകരും യഹോവയുടെ നാമത്തെ വിശുദ്ധീകരിക്കുന്നവരുമായിരിക്കുക എന്നത്—ചൂണ്ടിക്കാട്ടുന്നതിൽ അതു പ്രയോജനപ്രദമാണ്.—റോമ. 5:12, 18; എബ്രാ. 11:3-22, 39, 40; 12:1; മത്താ. 22:31, 32.
31. ഇതോടൊപ്പമുളള ചാർട്ടു പരിശോധിച്ചുകൊണ്ട് ഉല്പത്തിയിൽ (എ) അർഥവത്തായ പ്രവചനങ്ങളും (ബി) വിലയേറിയ തത്ത്വങ്ങളും അടങ്ങിയിരിക്കുന്നുവെന്നു പ്രകടമാക്കുക.
31 ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകൾ ഉല്പത്തി പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ഓരോ പ്രമുഖസംഭവത്തെയും വ്യക്തിയെയും പരാമർശിക്കുന്നുണ്ട്. കൂടാതെ, തിരുവെഴുത്തുകളിലുടനീളം പ്രകടമാക്കപ്പെട്ടിരിക്കുന്നതുപോലെ, ഉല്പത്തിയിൽ രേഖപ്പെടുത്തിയിരിക്കുന്ന പ്രവചനങ്ങൾ തെററില്ലാതെ നിവൃത്തിയായിരിക്കുന്നു. ഇവയിലൊന്ന്, അബ്രഹാമിന്റെ സന്തതിയുടെമേലുളള പീഡനത്തിന്റെ “നാനൂറു സംവത്സരം,” പൊ.യു.മു. 1913-ൽ യിശ്മായേൽ യിസ്ഹാക്കിനെ കളിയാക്കിയപ്പോൾ തുടങ്ങുകയും പൊ.യു.മു. 1513-ലെ ഈജിപ്തിൽനിന്നുളള വിടുതലോടെ അവസാനിക്കുകയും ചെയ്തു.e (ഉല്പ. 15:13) അർഥവത്തായ മററു പ്രവചനങ്ങളുടെയും അവയുടെ നിവൃത്തിയുടെയും ദൃഷ്ടാന്തങ്ങൾ ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചാർട്ടിൽ കാണിക്കുന്നുണ്ട്. വിശ്വാസവും ഗ്രാഹ്യവും വളർത്തുന്നതിൽ വമ്പിച്ച പ്രയോജനമുളളതാണ് ആദ്യമായി ഉല്പത്തിയിൽ പ്രസ്താവിച്ചിരിക്കുന്ന ദിവ്യതത്ത്വങ്ങൾ. പുരാതന പ്രവാചകൻമാരും യേശുവും അവന്റെ ശിഷ്യരും കൂടെക്കൂടെ ഉല്പത്തി പുസ്തകത്തിലെ ഭാഗങ്ങളെ പരാമർശിക്കുകയും ബാധകമാക്കുകയും ചെയ്തു. നാം അവരുടെ മാതൃക പിന്തുടരുന്നതു നല്ലതാണ്, ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചാർട്ടിന്റെ പഠനം ഇതിനു സഹായിക്കും.
32. ഉല്പത്തിയിൽ വിവാഹവും വംശാവലിയും കാലഗണനയും സംബന്ധിച്ച് ഏതു പ്രധാനപ്പെട്ട വിവരങ്ങൾ അടങ്ങിയിരിക്കുന്നു?
32 ഉല്പത്തി വിവാഹത്തെ സംബന്ധിച്ച ദൈവത്തിന്റെ ഇഷ്ടവും ഉദ്ദേശ്യവും, ഭർത്താവിന്റെയും ഭാര്യയുടെയും ഉചിതമായ ബന്ധം, ശിരഃസ്ഥാനത്തിന്റെയും കുടുംബപരിശീലനത്തിന്റെയും തത്ത്വങ്ങൾ എന്നിവ സുവ്യക്തമായി വെളിപ്പെടുത്തുന്നു. യേശുതന്നെ, “സൃഷ്ടിച്ചവൻ ആദിയിൽ അവരെ ആണും പെണ്ണുമായി സൃഷ്ടിച്ചു എന്നും, അതു നിമിത്തം മനുഷ്യൻ അപ്പനെയും അമ്മയെയും വിട്ടു ഭാര്യയോടു പററിച്ചേരും; ഇരുവരും ഒരു ദേഹമായി തീരും എന്നു അരുളിച്ചെയ്തു എന്നും നിങ്ങൾ വായിച്ചിട്ടില്ലയോ” എന്ന തന്റെ പ്രസ്താവനയിൽ ഉല്പത്തിയിലെ ഒന്നും രണ്ടും അധ്യായങ്ങളിൽനിന്ന് ഉദ്ധരിച്ചുകൊണ്ട് ഈ വിവരങ്ങളെ ആശ്രയിച്ചു. (മത്താ. 19:4, 5; ഉല്പ. 1:27; 2:24) ഉല്പത്തിയിലെ രേഖ മാനുഷകുടുംബത്തിന്റെ വംശാവലി നൽകുന്നതിനും മനുഷ്യൻ ഈ ഭൂമിയിൽ സ്ഥിതിചെയ്തിരിക്കുന്ന കാലം കണക്കുകൂട്ടുന്നതിനും അത്യന്താപേക്ഷിതമാണ്.—ഉല്പ. അധ്യാ. 5, 7, 10, 11.
33. ബൈബിൾ മനസ്സിലാക്കുന്നതിൽ മൂല്യവത്തായ ഗോത്രാധിപത്യസമൂഹത്തിലെ ചില തത്ത്വങ്ങളും ആചാരങ്ങളും പറയുക.
33 തിരുവെഴുത്തുകളുടെ പഠിതാവിന് ഉല്പത്തി പ്രദാനം ചെയ്യുന്ന ഗോത്രാധിപത്യസമൂഹത്തെക്കുറിച്ചുളള പഠനവും യഥാർഥ പ്രയോജനമുളളതാണ്. ഗോത്രാധിപത്യസമൂഹം നോഹയുടെ നാൾമുതൽ സീനായി പർവതത്തിങ്കൽ ന്യായപ്രമാണം കൊടുക്കുന്നതുവരെ ദൈവജനത്തിന്റെ ഇടയിൽ പ്രവർത്തനത്തിലിരുന്ന കുടുംബഭരണത്തിന്റെ സാമുദായിക രൂപമായിരുന്നു. ന്യായപ്രമാണ ഉടമ്പടിയിൽ ഉൾപ്പെടുത്തിയ വിശദാംശങ്ങളിൽ അനേകവും ഗോത്രാധിപത്യസമൂഹത്തിൽ അപ്പോൾത്തന്നെ ആചരിക്കപ്പെടുന്നുണ്ടായിരുന്നു. സാമുദായിക യോഗ്യത (18:32), സാമുദായിക ഉത്തരവാദിത്വം (19:15), വധശിക്ഷയും രക്തത്തിന്റെയും ജീവന്റെയും പവിത്രതയും (9:4-6), മനുഷ്യരെ മഹത്ത്വീകരിക്കുന്നതിനോടുളള ദൈവത്തിന്റെ വെറുപ്പ് (11:4-8) എന്നിവപോലുളള തത്ത്വങ്ങൾ ചരിത്രത്തിലുടനീളം മനുഷ്യവർഗത്തെ ബാധിച്ചിട്ടുണ്ട്. നിയമപരമായ അനേകം നടപടികളും വ്യവസ്ഥകളും യേശുവിന്റെ നാളുകൾവരെ പോലുമുളള പിൽക്കാല സംഭവങ്ങളിൻമേൽ വെളിച്ചം വീശുന്നു. ബൈബിളിന്റെ വ്യക്തമായ ഗ്രാഹ്യം ലഭിക്കുന്നതിനാവശ്യമായ പശ്ചാത്തലം കിട്ടണമെങ്കിൽ വ്യക്തികളുടെയും സ്വത്തുക്കളുടെയും സൂക്ഷിപ്പിനെയും (ഉല്പ. 31:38, 39; 37:29-33; യോഹ. 10:11, 15; 17:12; 18:9) വസ്തു കൈമാററം നടത്തുന്ന രീതിയെയും (ഉല്പ. 23:3-18) ഭരിക്കുന്ന ഗോത്രാധിപത്യനിയമവും ആദ്യജാതാവകാശം ലഭിച്ച ഒരുവന്റെ അവകാശത്തെ ഭരിക്കുന്ന നിയമവും (48:22) അറിഞ്ഞിരിക്കണം. ന്യായപ്രമാണത്തിൽ ഉൾപ്പെടുത്തിയ ഗോത്രാധിപത്യസമൂഹത്തിലെ മററ് ആചാരങ്ങളായിരുന്നു യാഗങ്ങൾ, പരിച്ഛേദന (ആദ്യമായി അബ്രഹാമിനു നൽകിയത്), ഉടമ്പടികളുടെ നിർമാണം, ദേവരവിവാഹം (38:8, 11, 26), ഒരു സംഗതിയുടെ സ്ഥിരീകരണത്തിനുവേണ്ടിയുളള ആണയുടെ ഉപയോഗം എന്നിവ.—22:16; 24:3.f
34. ക്രിസ്ത്യാനികൾക്കു വിലപ്പെട്ട ഏതു പാഠങ്ങൾ ഉല്പത്തിയുടെ പഠനത്തിലൂടെ നേടാവുന്നതാണ്?
34 ബൈബിളിലെ ആദ്യപുസ്തകമായ ഉല്പത്തി നിർമലത, വിശ്വാസം, വിശ്വസ്തത, അനുസരണം, ആദരവ്, നല്ല ശീലങ്ങൾ, ധൈര്യം എന്നിവസംബന്ധിച്ച് അനേകം പാഠങ്ങൾ നൽകുന്നു. ഇതാ ചില ദൃഷ്ടാന്തങ്ങൾ: അക്രമാസക്തരായ ശത്രുക്കളെ തൃണവൽഗണിച്ചുകൊണ്ടു ദൈവത്തോടുകൂടെ നടന്നതിലുളള ഹാനോക്കിന്റെ വിശ്വാസവും ധൈര്യവും; നോഹയുടെ നീതിയും കുററമില്ലായ്മയും സമ്പൂർണമായ അനുസരണവും; അബ്രഹാമിന്റെ വിശ്വാസം, നിശ്ചയദാർഢ്യം, സഹനശക്തി, ഒരു കുടുംബത്തലവനും തന്റെ മക്കളെ ദൈവകൽപ്പനകൾ പഠിപ്പിക്കുന്നവനുമെന്ന നിലയിലുളള അവന്റെ ഉത്തരവാദിത്വബോധം, അവന്റെ ഔദാര്യം, സ്നേഹം; ഭർതൃശിരസ്സിനോടുളള സാറായുടെ കീഴ്വഴക്കവും ഉത്സുകതയും; യാക്കോബിന്റെ സൗമ്യപ്രകൃതവും ദൈവത്തിന്റെ വാഗ്ദത്തത്തിലുളള താത്പര്യവും; തന്റെ പിതാവിനോടുളള യോസേഫിന്റെ അനുസരണം, അവന്റെ ധാർമിക നിഷ്കളങ്കത, ധൈര്യം, തടവറയിലെ നല്ല നടത്ത, ശ്രേഷ്ഠാധികാരങ്ങളോടുളള അവന്റെ ആദരം, ദൈവത്തിനു മഹത്ത്വം കൊടുക്കുന്നതിലുളള അവന്റെ താഴ്മ, തന്റെ സഹോദരൻമാരോടു കാണിച്ച കരുണാപൂർവകമായ ക്ഷമ; യഹോവയുടെ നാമത്തെ വിശുദ്ധീകരിക്കാനുളള ഈ മനുഷ്യരുടെയെല്ലാം തീവ്രമായ ആഗ്രഹം. ഉല്പത്തി പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന, ആദാമിന്റെ സൃഷ്ടിപ്പുമുതൽ യോസേഫിന്റെ മരണംവരെയുളള 2,369 വർഷത്തെ ദീർഘ കാലഘട്ടത്തിൽ ദൈവത്തോടുകൂടെ നടന്നവരുടെ ജീവിതത്തിൽ ഈ മാതൃകായോഗ്യമായ സ്വഭാവവിശേഷങ്ങൾ മുന്തിനിൽക്കുന്നു.
35. വിശ്വാസം കെട്ടുപണിചെയ്യുന്നതിന് ഉല്പത്തി എന്തിലേക്കു വിരൽ ചൂണ്ടുന്നു?
35 സത്യമായി വിശ്വാസം—യഹോവയുടെ വലിയ നാമത്തെ വിശുദ്ധീകരിക്കുന്നതിൽ പ്രമുഖനായ തന്റെ വാഗ്ദത്ത സന്തതിയിലൂടെ ദീർഘനാൾ മുമ്പേ യഹോവ ഒരുക്കിത്തുടങ്ങിയ തന്റെ രാജ്യഗവൺമെൻറായി ദൈവം നിർമിക്കുന്നതും സൃഷ്ടിക്കുന്നതുമായ നഗരത്തിനുവേണ്ടി എത്തിപ്പിടിക്കുന്ന വിശ്വാസത്തിന്റെ പരിശോധിക്കപ്പെട്ട ആ ഗുണം—പരിപുഷ്ടിപ്പെടുത്തുന്നതിനു വിശ്വാസത്തിന്റെ മഹനീയ ദൃഷ്ടാന്തങ്ങൾ ഈ വിധത്തിൽ അവതരിപ്പിക്കുന്ന ഉല്പത്തിയിലെ വിവരണം പ്രയോജനപ്രദമാണ്.—എബ്രാ. 11:8, 10, 16.
[അടിക്കുറിപ്പുകൾ]
a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച (ഇംഗ്ലീഷ്), വാല്യം 1, പേജുകൾ 919-20; വാല്യം 2, പേജ് 1212.
b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 328-9.
c പുരാവസ്തുശാസ്ത്രപരമായ കണ്ടുപിടിത്തങ്ങളുടെ വെളിച്ചത്തിൽ ബൈബിൾചരിത്രം, (ഇംഗ്ലീഷ്) 1934, ഡി. ഇ. ഹാർട്ട്-ഡേവിസ്, പേജ് 5.
d വീക്ഷാഗോപുരം (ഇംഗ്ലീഷ്), 1962, പേജുകൾ 360-74, 392-408.
e തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 460-1, 776.
f വീക്ഷാഗോപുരം (ഇംഗ്ലീഷ്), 1952, പേജുകൾ 432-45.
[18-ാം പേജിലെ ചാർട്ട്]
ഉല്പത്തി—നിശ്വസ്തവും പ്രയോജനപ്രദവും
ഉല്പത്തി തത്ത്വം മററ് എഴുത്തുകാരിൽനിന്നുളള
വാക്യങ്ങൾ പരാമർശങ്ങൾ
ദാമ്പത്യബന്ധത്തിന്റെ സ്ഥിരത മത്താ. 19:4, 5
2:7 മനുഷ്യൻ ഒരു ദേഹിയാണ് 1 കൊരി. 15:45
2:22, 23 ശിരഃസ്ഥാനം 1 തിമൊ. 2:13;
9:4 രക്തത്തിന്റെ പവിത്രത പ്രവൃ. 15:20, 29
20:3 വ്യഭിചാരം തെററ് 1 കൊരി. 6:9
24:3; 28:1-8 വിശ്വാസിയെ മാത്രം വിവാഹം കഴിക്കുക 1 കൊരി. 7:39
28:7 മാതാപിതാക്കളോടുളള അനുസരണം എഫെ. 6:1
നിവൃത്തിയായ പ്രവചനങ്ങളും പ്രാവചനിക സമാന്തരങ്ങളും
12:1-3; അബ്രഹാമിന്റെ സന്തതിയുടെ
തിരിച്ചറിയൽ ഗലാ. 3:16, 29
22:15-18 മൽക്കിസെദക്ക് ക്രിസ്തുവിനെ
14:18 ചിത്രീകരിക്കുന്നു എബ്രാ. 7:13-15
49:1-28 12 ഗോത്രങ്ങൾക്കു യാക്കോബിന്റെ
അനുഗ്രഹം യോശു. 14:1–21:45
49:9 യഹൂദാഗോത്രത്തിലെ സിംഹം വെളി. 5:5
ഉല്പത്തിയുടെ വിശ്വാസ്യതയെ കൂടുതലായി തെളിയിക്കുന്ന, പ്രവാചകൻമാരും യേശുവും ശിഷ്യൻമാരും ഉപയോഗിച്ച മററു വാക്യങ്ങൾ—ദൃഷ്ടാന്തമോ പ്രയുക്തതയോ ഉദാഹരണമോ ആയിട്ട്
1:1 ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു യെശ. 45:18; വെളി. 10:6
1:26 മനുഷ്യൻ ദൈവത്തിന്റെ പ്രതിച്ഛായയിൽ
നിർമിക്കപ്പെട്ടു 1 കൊരി. 11:7
1:27 മനുഷ്യൻ ആണും പെണ്ണുമായി
നിർമിക്കപ്പെട്ടു മത്താ. 19:4; മർക്കൊ. 10:6
2:2 ഏഴാം ദിവസം ദൈവം വിശ്രമിച്ചു എബ്രാ. 4:4
3:1-6 സർപ്പം ഹവ്വായെ വഞ്ചിച്ചു 2 കൊരി. 11:3
3:20 മുഴു മനുഷ്യവർഗവും
ആദ്യജോടിയിൽനിന്ന് പ്രവൃ. 17:26
4:8 കയീൻ ഹാബേലിനെ കൊന്നു യൂദാ 11; 1 യോഹ. 3:12
4:9, 10 ഹാബേലിന്റെ രക്തം മത്താ. 23:35
അധ്യാ. 5, 10, 11 വംശാവലി ലൂക്കൊ. അധ്യാ. 3
5:29 നോഹ യെഹെ. 14:14; മത്താ. 24:37
6:13, 17-20 പ്രളയം യെശ. 54:9; 2 പത്രൊ. 2:5
12:1-3, 7 അബ്രഹാമ്യ ഉടമ്പടി ഗലാ. 3:15-17
15:6 അബ്രഹാമിന്റെ വിശ്വാസം റോമ. 4:3; യാക്കോ. 2:23
15:13, 14 ഈജിപ്തിലെ പ്രയാണം പ്രവൃ. 7:1-7
18:1-5 അതിഥിപ്രിയം എബ്രാ. 13:2
19:24, 25 സോദോമും ഗൊമോറയും
നശിപ്പിക്കപ്പെട്ടു 2 പത്രൊ. 2:6; യൂദാ 7
19:26 ലോത്തിന്റെ ഭാര്യ ലൂക്കൊ. 17:32
20:7 അബ്രഹാം ഒരു പ്രവാചകൻ സങ്കീ. 105:9, 15
25:32-34 ഏശാവ് ജൻമാവകാശം വിൽക്കുന്നു എബ്രാ. 12:16, 17
37:28 യോസേഫിനെ ഈജിപ്തിലേക്കു വിൽക്കുന്നു സങ്കീ. 105:17
41:40 യോസേഫ് പ്രധാനമന്ത്രിയാക്കപ്പെടുന്നു സങ്കീ. 105:20, 21