അധ്യായം 34
വിസ്മയാവഹമായ ഒരു മർമം വിശദമാക്കപ്പെടുന്നു
1. (എ) മഹാവേശ്യയെയും അവളുടെ ഭയാനകമായ മൃഗവാഹനത്തെയും കാണുമ്പോൾ യോഹന്നാൻ പ്രതികരിക്കുന്നതെങ്ങനെ, എന്തുകൊണ്ട്? (ബി) പ്രവാചക ദർശനത്തിന്റെ നിവൃത്തിയിൽ സംഭവങ്ങൾ ചുരുളഴിയുമ്പോൾ ഇന്ന് യോഹന്നാൻവർഗം പ്രതികരിക്കുന്നതെങ്ങനെ?
മഹാവേശ്യയെയും അവളുടെ ഭയാനകമായ മൃഗവാഹനത്തെയും കാണുമ്പോൾ യോഹന്നാന്റെ പ്രതികരണം എന്താണ്? അവൻതന്നെ ഉത്തരം നൽകുന്നു: “അവളെ കണ്ടിട്ടു [ഞാൻ] അത്യന്തം ആശ്ചര്യപ്പെട്ടു.” (വെളിപ്പാടു 17:6ബി) കേവലം മനുഷ്യഭാവനക്ക് ഒരിക്കലും അത്തരം ഒരു ദൃശ്യം സങ്കൽപ്പിക്കാൻ കഴിയുകയില്ല. എങ്കിലും, അവിടെ—അങ്ങു മരുഭൂമിയിൽ—ഒരു ദുഷിച്ച വേശ്യ ബീഭൽസമായ കടുഞ്ചുവപ്പുനിറമുളള ഒരു കാട്ടുമൃഗത്തിൻമേൽ ഇരിക്കുന്നു! (വെളിപ്പാടു 17:3) ഇന്ന് യോഹന്നാൻവർഗവും പ്രവാചക ദർശനത്തിന്റെ നിവൃത്തിയിൽ സംഭവങ്ങൾ ചുരുളഴിയുമ്പോൾ വലിയ അത്ഭുതത്തോടെ ആശ്ചര്യപ്പെടുന്നു. ലോകത്തിലെ ആളുകൾക്ക് അതു കാണാൻ കഴിഞ്ഞാൽ അവർ പറയും, ‘അവിശ്വസനീയം!’ ലോകത്തിലെ ഭരണാധികാരികൾ ഏററുപറയും, ‘അചിന്തനീയം!’ എന്നാൽ ദർശനം ഇരുപതാം നൂററാണ്ടിലെ ഒരു ഞെട്ടിക്കുന്ന യാഥാർഥ്യമായിത്തീരുന്നു. ദൈവജനത്തിന് ഇപ്പോൾതന്നെ ദർശനത്തിന്റെ നിവൃത്തിയിൽ ഗണ്യമായ ഒരു പങ്കു ലഭിച്ചുകഴിഞ്ഞിരിക്കുന്നു, പ്രവചനം അതിന്റെ അതിശയിപ്പിക്കുന്ന പാരമ്യത്തിലേക്കു നീങ്ങുന്നതിൽ തുടരുമെന്ന് ഇത് അവർക്കുറപ്പു നൽകുന്നു.
2. (എ) യോഹന്നാന്റെ വിസ്മയത്തോടുളള പ്രതികരണത്തിൽ ദൂതൻ അവനോട് എന്തു പറയുന്നു? (ബി) യോഹന്നാൻവർഗത്തിന് എന്തു വെളിപ്പെട്ടുകിട്ടിയിരിക്കുന്നു, ഇത് എങ്ങനെ സംഭവിച്ചിരിക്കുന്നു?
2 ദൂതൻ യോഹന്നാന്റെ ആശ്ചര്യം കുറിക്കൊളളുന്നു. യോഹന്നാൻ തുടരുന്നു, “ദൂതൻ എന്നോടു പറഞ്ഞതു: നീ ആശ്ചര്യപ്പെടുന്നതു എന്തു? ഈ സ്ത്രീയുടെയും ഏഴു തലയും പത്തു കൊമ്പും ഉളളതായി അവളെ ചുമക്കുന്ന മൃഗത്തിന്റെയും മർമ്മം ഞാൻ പറഞ്ഞുതരാം.” (വെളിപ്പാടു 17:7) ഹാ, ദൂതൻ ഇപ്പോൾ ആ മർമത്തിന്റെ ചുരുളഴിക്കും! അവൻ കണ്ണുമിഴിച്ചിരിക്കുന്ന യോഹന്നാനു ദർശനത്തിന്റെ വിവിധവശങ്ങളും വെളിപ്പെടാൻ പോകുന്ന നാടകീയ സംഭവങ്ങളും വിശദീകരിച്ചുകൊടുക്കുന്നു. അതുപോലെതന്നെ, ഇന്നു ജാഗ്രതയോടിരിക്കുന്ന യോഹന്നാൻവർഗം ദൂതനടത്തിപ്പിൻകീഴിൽ സേവനമനുഷ്ഠിക്കുമ്പോൾ അതിനു പ്രവചനത്തിന്റെ ഗ്രാഹ്യം വെളിപ്പെട്ടുകിട്ടിയിരിക്കുന്നു. “സ്വപ്നവ്യാഖ്യാനം ദൈവത്തിന്നുളളതല്ലയോ?” വിശ്വസ്തനായ യോസേഫിനെപ്പോലെ നാമും അങ്ങനെതന്നെ വിശ്വസിക്കുന്നു. (ഉല്പത്തി 40:8; താരതമ്യം ചെയ്യുക: ദാനീയേൽ 2:29, 30.) ദർശനത്തിന്റെ അർഥവും ദൈവജനങ്ങളുടെ ജീവിതത്തിലുളള അതിന്റെ ഫലവും യഹോവ അവർക്കു വ്യാഖ്യാനിച്ചു കൊടുക്കുമ്പോൾ അവർ ശ്രദ്ധാകേന്ദ്രമാക്കപ്പെടുന്നു. (സങ്കീർത്തനം 25:14) കൃത്യസമയത്ത്, അവൻ സ്ത്രീയുടെയും കാട്ടുമൃഗത്തിന്റെയും മർമം അവരുടെ ഗ്രാഹ്യത്തിനായി തുറന്നുകൊടുത്തിരിക്കുന്നു.—സങ്കീർത്തനം 32:8.
3, 4. (എ) സൊസൈററിയുടെ പ്രസിഡൻറ് 1942-ൽ ഏതു പരസ്യപ്രസംഗം നടത്തി, അതു കടുഞ്ചുവപ്പുളള കാട്ടുമൃഗത്തെ തിരിച്ചറിയിച്ചതെങ്ങനെ? (ബി) ദൂതൻ യോഹന്നാനോടു സംസാരിച്ച ഏതു വാക്കുകൾ പ്രസിഡൻറ് നോർ ചർച്ചചെയ്തു?
3 രണ്ടാം ലോകമഹായുദ്ധം കൊടുമ്പിരിക്കൊണ്ടിരിക്കുമ്പോൾ, 1942 സെപ്ററംബർ 18 മുതൽ 20 വരെ ഐക്യനാടുകളിലെ യഹോവയുടെ സാക്ഷികൾ അവരുടെ പുതിയലോക ദിവ്യാധിപത്യ സമ്മേളനം നടത്തി. പ്രധാന നഗരമായ ഒഹായോവിലെ ക്ലീവ്ലണ്ടും 50-ലധികം മററു കൺവെൻഷൻ നഗരങ്ങളുമായി ടെലഫോൺബന്ധം സ്ഥാപിച്ചു, 1,29,699 എന്ന അത്യുച്ച ഹാജരിനായിത്തന്നെ. യുദ്ധകാലാവസ്ഥകൾ അനുവദിച്ചിടത്തു ലോകമെമ്പാടും മററു കൺവെൻഷനുകളിൽ കാര്യപരിപാടി ആവർത്തിച്ചു. യുദ്ധം ദൈവത്തിന്റെ അർമഗെദോൻ യുദ്ധമായി പരിണമിക്കുമെന്ന് അക്കാലത്ത് യഹോവയുടെ ജനത്തിൽ അനേകരും പ്രതീക്ഷിച്ചു; അതുകൊണ്ട് “സമാധാനം—അതിനു നിലനിൽക്കാൻ കഴിയുമോ?” എന്ന പരസ്യപ്രസംഗത്തിന്റെ വിഷയം വളരെ ജിജ്ഞാസ ഉണർത്തുകയുണ്ടായി. വാച്ച് ടവർ സൊസൈററിയുടെ പുതിയ പ്രസിഡൻറായ എൻ. എച്ച്. നോറിന് സമാധാനത്തെക്കുറിച്ച് എങ്ങനെ പ്രസംഗിക്കാൻ കഴിഞ്ഞു, വിശേഷിച്ചും അതിന്റെ നേരേ വിപരീതമായതു ജനതകൾക്കു സംഭവിക്കാൻ പോകുന്നുവെന്നു തോന്നിയപ്പോൾ?a യോഹന്നാൻവർഗം ദൈവത്തിന്റെ പ്രവാചകവചനത്തിനു “സാധാരണയിൽ കവിഞ്ഞ ശ്രദ്ധ” നൽകിക്കൊണ്ടിരുന്നു എന്നതായിരുന്നു അതിന്റെ കാരണം.—എബ്രായർ 2:1, NW; 2 പത്രൊസ് 1:19.
4 “സമാധാനം—അതിനു നിലനിൽക്കാൻ കഴിയുമോ?” എന്ന പ്രസംഗം പ്രവചനത്തിൻമേൽ എന്തു വെളിച്ചം വീശി? വെളിപാട് 17:3-ലെ കടുഞ്ചുവപ്പുളള കാട്ടുമൃഗം സർവരാജ്യസഖ്യമാണെന്നു വ്യക്തമായി തിരിച്ചറിയിച്ചുകൊണ്ടു പ്രസിഡൻറ് നോർ യോഹന്നാനോടുളള ദൂതന്റെ അടുത്ത വാക്കുകളെ അടിസ്ഥാനമാക്കി അതിന്റെ പ്രക്ഷുബ്ധമായ ഗതി തുടർന്നു ചർച്ചചെയ്തു: “നീ കണ്ട മൃഗമോ ഉണ്ടായിരുന്നതും ഇപ്പോൾ ഇല്ലാത്തതും ഇനി അഗാധത്തിൽനിന്നു കയറി നാശത്തിലേക്കു പോകുവാൻ ഇരിക്കുന്നതും ആകുന്നു”.—വെളിപ്പാടു 17:8എ.
5. (എ) കാട്ടുമൃഗം “ഉണ്ടായിരുന്നതും” അതിനുശേഷം “ഇല്ലാത്തതും” ആയിരുന്നതെങ്ങനെ? (ബി) “സഖ്യം കുഴിയിൽത്തന്നെ കിടക്കുമോ?” എന്ന ചോദ്യത്തിനു പ്രസിഡൻറ് നോർ ഉത്തരം നൽകിയതെങ്ങനെ?
5 ‘കാട്ടുമൃഗം ഉണ്ടായിരുന്നു.’ അതെ, അത് 1920 ജനുവരി 10 മുതൽ സർവരാജ്യസഖ്യം എന്നനിലയിൽ സ്ഥിതിചെയ്തിരുന്നു, ഒരിക്കൽ അല്ലെങ്കിൽ മറെറാരിക്കൽ 63 രാഷ്ട്രങ്ങൾ അതിൽ പങ്കെടുത്തിരുന്നു. എന്നാൽ, ക്രമത്തിൽ ജപ്പാനും ജർമനിയും ഇററലിയും പിൻമാറി, സോവിയററ് യൂണിയൻ സഖ്യത്തിൽനിന്നു തളളപ്പെട്ടു. ജർമനിയിലെ നാസി സ്വേച്ഛാധികാരി 1939 സെപ്ററംബറിൽ രണ്ടാം ലോകമഹായുദ്ധം തുടങ്ങിവെച്ചു.b ലോകത്തിൽ സമാധാനം നിലനിർത്താൻ പരാജയപ്പെട്ടതുകൊണ്ടു സർവരാജ്യസഖ്യം ഫലത്തിൽ നിഷ്ക്രിയത്വത്തിന്റെ അഗാധത്തിലേക്ക് ആണ്ടുപോയി. അത് 1942 ആയപ്പോഴേക്കും ഉണ്ടായിരുന്ന ഒന്ന് ആയിത്തീർന്നിരുന്നു. ഇതിനുമുമ്പോ പിന്നീടൊരു തീയതിയിലോ ആയിരുന്നില്ല—പിന്നെയോ ആ നിർണായക സമയത്തുതന്നെ—യഹോവ തന്റെ ജനത്തിനു ദർശനത്തിന്റെ അർഥം മുഴു ആഴത്തിലും വ്യാഖ്യാനിച്ചുകൊടുത്തു! പുതിയലോക ദിവ്യാധിപത്യ സമ്മേളനത്തിൽ, പ്രവചനത്തോടു ചേർച്ചയിൽ ‘കാട്ടുമൃഗം ഇപ്പോൾ ഇല്ല’ എന്നു പ്രസിഡൻറ് നോറിനു പ്രഖ്യാപിക്കാൻ കഴിഞ്ഞു. “സഖ്യം കുഴിയിൽത്തന്നെ കിടക്കുമോ?” എന്ന ചോദ്യം അദ്ദേഹം അടുത്തതായി ചോദിച്ചു. വെളിപ്പാടു 17:8 ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഉത്തരം നൽകി: “ലൗകിക ജനതകളുടെ സംഘടന വീണ്ടും ഉയിർത്തെഴുന്നേൽക്കും.” അത് അങ്ങനെതന്നെ എന്നാണ് തെളിഞ്ഞത്—യഹോവയുടെ പ്രവാചക വചനത്തിന്റെ സംസ്ഥാപനമായിട്ടുതന്നെ!
അഗാധത്തിൽനിന്നു കയറിവരുന്നു
6. (എ) കടുഞ്ചുവപ്പുളള കാട്ടുമൃഗം അഗാധത്തിൽനിന്നു കയറിയത് എപ്പോൾ, എന്തു പുതിയ പേരിൽ? (ബി) ഐക്യരാഷ്ട്രങ്ങൾ യഥാർഥത്തിൽ കടുഞ്ചുവപ്പുളള കാട്ടുമൃഗത്തിന്റെ ഒരു പുനരുജ്ജീവനം ആയിരിക്കുന്നതെന്തുകൊണ്ട്?
6 കടുഞ്ചുവപ്പുളള കാട്ടുമൃഗം വാസ്തവത്തിൽ അഗാധത്തിൽനിന്നു കയറിവരികതന്നെ ചെയ്തു. യു.എസ്.എ.യിലെ സാൻഫ്രാൻസിസ്കോയിൽ 1945 ജൂൺ 26-ന് 50 രാഷ്ട്രങ്ങൾ കൊട്ടും കുരവയുമായി ഐക്യരാഷ്ട്ര സംഘടനയുടെ പ്രമാണം അംഗീകരിച്ചുകൊണ്ടു വോട്ടുചെയ്തു. ഈ സംഘം “സാർവദേശീയ സമാധാനവും സുരക്ഷിതത്വവും നിലനിർത്തുന്നതി”നുളളതായിരുന്നു. സഖ്യവും യുഎൻ-ഉം തമ്മിൽ അനേകം സാമ്യങ്ങൾ ഉണ്ടായിരുന്നു. ദ വേൾഡ് ബുക്ക് എൻസൈക്ലോപീഡിയ ഇപ്രകാരം കുറിക്കൊളളുന്നു: “ചില വിധങ്ങളിൽ യുഎൻ ഒന്നാം ലോകയുദ്ധാനന്തരം സംഘടിപ്പിക്കപ്പെട്ട സർവരാജ്യസഖ്യത്തെപ്പോലിരിക്കുന്നു . . . യുഎൻ സ്ഥാപിച്ച മിക്ക രാഷ്ട്രങ്ങളുംതന്നെയാണു സഖ്യവും സ്ഥാപിച്ചത്. സഖ്യത്തെപ്പോലെ രാഷ്ട്രങ്ങൾ തമ്മിൽ സമാധാനം പാലിക്കാൻ സഹായിക്കുന്നതിനായിരുന്നു യുഎൻ സ്ഥാപിക്കപ്പെട്ടത്. യുഎൻ-ന്റെ പ്രധാന പോഷകസംഘടനകൾ മിക്കവാറും സഖ്യത്തിന്റേതുപോലെയാണ്.” അപ്പോൾ യുഎൻ യഥാർഥത്തിൽ കടുഞ്ചുവപ്പുളള കാട്ടുമൃഗത്തിന്റെ ഒരു പുനരുജ്ജീവനമാണ്. നൂറെറഴുപത്തഞ്ചിലധികം രാഷ്ട്രങ്ങൾ വരുന്ന അതിന്റെ അംഗത്വം 63 ആയിരുന്ന സഖ്യത്തിന്റേതിനെക്കാൾ വളരെ കൂടുതലാണ്; അത് അതിന്റെ മുൻഗാമിയെക്കാൾ കൂടിയ ഉത്തരവാദിത്വങ്ങൾ കയ്യേൽക്കുകയും ചെയ്തിട്ടുണ്ട്.
7. (എ) പുനരുജ്ജീവിച്ച കടുഞ്ചുവപ്പുളള കാട്ടുമൃഗത്തെ കണ്ട് ഭൂവാസികൾ പ്രശംസാപൂർവം അതിശയിച്ചതെങ്ങനെ? (ബി) ഏതു ലാക്ക് യുഎൻ-നെ ഒഴിഞ്ഞുമാറിയിരിക്കുന്നു, ഈ ബന്ധത്തിൽ അതിന്റെ സെക്രട്ടറി ജനറൽ എന്തു പറഞ്ഞു?
7 ആദ്യമൊക്കെ യുഎന്നിൽ വലിയ പ്രതീക്ഷകൾ അർപ്പിക്കപ്പെട്ടു. ഇതു ദൂതന്റെ വാക്കുകളുടെ നിവൃത്തിയായിട്ടായിരുന്നു: “ഉണ്ടായിരുന്നതും ഇല്ലാത്തതും വരുവാനുളളതുമായ മൃഗത്തെ ലോകസ്ഥാപനംമുതൽ ജീവപുസ്തകത്തിൽ പേർ എഴുതാതിരിക്കുന്ന ഭൂവാസികൾ കണ്ടു അതിശയിക്കും.” (വെളിപ്പാടു 17:8ബി) ന്യൂയോർക്കിലെ ഈസ്ററ് റിവറിലുളള അതിന്റെ ഗംഭീരമായ കേന്ദ്രകാര്യാലയത്തിൽനിന്നു പ്രവർത്തിക്കുന്ന ഈ പുതിയ ബൃഹത്സ്ഥാപനത്തെ ഭൂവാസികൾ പ്രകീർത്തിച്ചിരിക്കുന്നു. എന്നാൽ യഥാർഥ സമാധാനവും സുരക്ഷിതത്വവും യുഎൻ-നെ ഒഴിഞ്ഞു മാറിയിരിക്കുന്നു. ഈ പൈശാചികമായ ആണവയുഗത്തിൽ “സുനിശ്ചിതമായ പരസ്പര നാശ”ത്തിന്റെ—ചുരുക്കെഴുത്തിൽ മാഡ് [MAD]—ഭീഷണിയാൽ മാത്രമാണു ലോകസമാധാനം നിലനിർത്തപ്പെട്ടിരിക്കുന്നത്, ആയുധപന്തയം കണക്കററു കുതിച്ചുയരുകയും ചെയ്തിരിക്കുന്നു. ഐക്യരാഷ്ട്രങ്ങൾ നാല്പതുവർഷക്കാലം ശ്രമം നടത്തിയശേഷം അതിന്റെ സെക്രട്ടറി ജനറലായ ഹവിയർ പെറെസ്സ് ഡിക്വയ്യാർ 1985-ൽ ഇപ്രകാരം വിലപിച്ചു: “നാം ഭ്രാന്തൻമാരുടെ മറെറാരു യുഗത്തിലാണു ജീവിക്കുന്നത്, അതു സംബന്ധിച്ച് എന്തു ചെയ്യണമെന്നു നമുക്കറിയില്ല.”
8, 9. (എ) യുഎൻ-ന് ലോകപ്രശ്നങ്ങൾക്കു പരിഹാരമാർഗങ്ങളില്ലാത്തതെന്തുകൊണ്ട്, ദൈവത്തിന്റെ കൽപ്പനപ്രകാരം അതിന് ഉടൻതന്നെ എന്തു സംഭവിക്കും? (ബി) യുഎൻ-ന്റെ സ്ഥാപകരുടെയും സ്തുതിപാഠകരുടെയും പേരുകൾ ദൈവത്തിന്റെ “ജീവപുസ്തകത്തിൽ” എഴുതുന്നില്ലാത്തതെന്തുകൊണ്ട്? (സി) യഹോവയുടെ രാജ്യം വിജയകരമായി എന്തു സാധിക്കും?
8 യുഎൻ-നു പരിഹാരമാർഗങ്ങൾ ഇല്ല. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ മുഴുമനുഷ്യവർഗത്തിനും ജീവൻ നൽകിയ ആളല്ല യുഎൻ-ന്റെ ജീവദാതാവ്. അതിന്റെ ആയുസ്സു ഹ്രസ്വമായിരിക്കും, എന്തെന്നാൽ ദൈവത്തിന്റെ കൽപ്പനപ്രകാരം ‘അതു നാശത്തിലേക്കു പോകുവാൻ ഇരിക്കുന്നു.’ യുഎൻ-ന്റെ സ്ഥാപകരുടെയും സ്തുതിപാഠകരുടെയും പേരുകൾ ദൈവത്തിന്റെ ജീവപുസ്തകത്തിൽ എഴുതുന്നില്ല. മനുഷ്യമാർഗങ്ങളാലല്ല, പിന്നെയോ തന്റെ ക്രിസ്തുവിന്റെ രാജത്വം മുഖാന്തരം താൻ സാധിക്കാൻപോകയാണെന്ന് യഹോവയാം ദൈവം പ്രഖ്യാപിച്ചിരിക്കുന്നത്, ദൈവനാമത്തെ പരിഹസിക്കുന്ന പലരും അടങ്ങിയ പാപികളും മർത്ത്യരുമായ മനുഷ്യർക്ക് യുഎന്നിലൂടെ എങ്ങനെ നേടാൻ കഴിയും?—ദാനീയേൽ 7:27; വെളിപ്പാടു 11:15.
9 യുഎൻ വാസ്തവത്തിൽ ആരുടെ രാജകീയഭരണത്തിന് അവസാനം ഇല്ലാതിരിക്കുന്നുവോ ആ സമാധാനപ്രഭുവായ യേശുക്രിസ്തു മുഖാന്തരമുളള ദൈവത്തിന്റെ മിശിഹൈകരാജ്യത്തിന്റെ ദൈവദൂഷണപരമായ ഒരു കൃത്രിമരൂപമാണ്. (യെശയ്യാവു 9:6, 7) യുഎൻ എന്തെങ്കിലും താത്കാലിക സമാധാനം തട്ടിക്കൂട്ടിയെടുത്താൽപ്പോലും പെട്ടെന്നുതന്നെ യുദ്ധങ്ങൾ വീണ്ടും പൊട്ടിപ്പുറപ്പെടും. ഇതു പാപികളായ മനുഷ്യരുടെ പ്രകൃതമാണ്. ‘അവരുടെ പേരുകൾ ലോകസ്ഥാപനംമുതൽ ജീവപുസ്തകത്തിൽ എഴുതപ്പെട്ടിട്ടില്ല.’ ക്രിസ്തുമുഖാന്തരമുളള യഹോവയുടെ രാജ്യം ഭൂമിയിൽ നിത്യസമാധാനം സ്ഥാപിക്കുമെന്നു മാത്രമല്ല, യേശുവിന്റെ മറുവിലയാഗത്തിന്റെ അടിസ്ഥാനത്തിൽ ദൈവത്തിന്റെ ഓർമയിലുളള നീതിമാൻമാരും നീതികെട്ടവരുമായ മരിച്ചവരെ ഉയിർപ്പിക്കുകയും ചെയ്യും. (യോഹന്നാൻ 5:28, 29; പ്രവൃത്തികൾ 24:15) ഇതിൽ സാത്താന്റെയും അവന്റെ സന്തതിയുടെയും ആക്രമണങ്ങൾ ഗണ്യമാക്കാതെ ഉറച്ചുനിന്നിട്ടുളള എല്ലാവരും ഇനിയും അനുസരണമുളളവരെന്നു തെളിയിക്കാനിരിക്കുന്ന മററുളളവരും ഉൾപ്പെടുന്നു. സ്പഷ്ടമായും, ദൈവത്തിന്റെ ജീവപുസ്തകത്തിൽ മഹാബാബിലോനിലെ മുശടൻമാരായ അംഗങ്ങളുടെയോ കാട്ടുമൃഗത്തെ തുടർന്ന് ആരാധിച്ചുകൊണ്ടിരുന്ന ആരുടെയെങ്കിലുമോ പേരുകൾ ഒരിക്കലും ഉൾപ്പെടുകയില്ല.—പുറപ്പാടു 32:33; സങ്കീർത്തനം 86:8-10; യോഹന്നാൻ 17:3; വെളിപ്പാടു 16:2; 17:5.
സമാധാനവും സുരക്ഷിതത്വവും—ഒരു വ്യർഥ പ്രത്യാശ
10, 11. (എ) യുഎൻ 1986-ൽ എന്തു പ്രഖ്യാപിച്ചു, പ്രതികരണം എന്തായിരുന്നു? (ബി) സമാധാനത്തിനായി പ്രാർഥിക്കാൻ ഇററലിയിലെ അസ്സീസിയിൽ എത്ര “മതകുടുംബങ്ങൾ” കൂടിവന്നു, ദൈവം അത്തരം പ്രാർഥനകൾക്ക് ഉത്തരം നൽകുന്നുവോ? വിശദീകരിക്കുക.
10 മനുഷ്യവർഗത്തിന്റെ പ്രതീക്ഷകളെ താങ്ങിനിർത്താനുളള ഒരു ശ്രമത്തിൽ ഐക്യരാഷ്ട്രങ്ങൾ, “സമാധാനവും മാനവരാശിയുടെ ഭാവിയും കാത്തുസൂക്ഷിക്കുക” എന്ന വിഷയത്തോടെ 1986-നെ ഒരു “സാർവദേശീയ സമാധാനവർഷം” ആയി പ്രഖ്യാപിച്ചു. യുദ്ധത്തിലേർപ്പെട്ടിരുന്ന രാഷ്ട്രങ്ങളോട് ഒരു വർഷത്തേക്കെങ്കിലും അവരുടെ ആയുധങ്ങൾ താഴെവെക്കാൻ ആവശ്യപ്പെട്ടു. അവരുടെ പ്രതികരണം എന്തായിരുന്നു? ഇൻറർനാഷണൽ പീസ് റിസേർച്ച് ഇൻസ്ററിററ്യൂട്ടിന്റെ ഒരു റിപ്പോർട്ടു പറയുന്ന പ്രകാരം 1986-ൽ മാത്രം പോരാട്ടത്തിൽ 50 ലക്ഷത്തിലധികം ആളുകൾ കൊല്ലപ്പെട്ടു! ചില പ്രത്യേക നാണയങ്ങളും സ്മാരക സ്ററാമ്പുകളും പുറത്തിറക്കിയെങ്കിലും ആ വർഷം സമാധാനത്തിന്റെ ആദർശം അന്വേഷിക്കുന്നതു സംബന്ധിച്ചു മിക്ക ജനതകളും ഒന്നുംതന്നെ ചെയ്തില്ല. എന്നുവരികിലും, എപ്പോഴും യുഎൻ-നുമായി ഒരു നല്ല ബന്ധം കാംക്ഷിക്കുന്ന ലോകത്തിലെ മതങ്ങൾ വിവിധവിധങ്ങളിൽ ആ വർഷത്തെ പ്രസിദ്ധപ്പെടുത്തിക്കൊണ്ടിരുന്നു. ജോൺ പോൾ II-ാമൻ പാപ്പ 1986 ജനുവരി 1-ന് യുഎൻ-ന്റെ വേലയെ പുകഴ്ത്തുകയും നവവത്സരത്തെ സമാധാനത്തിനായി സമർപ്പിക്കുകയും ചെയ്തു. അദ്ദേഹം ഒക്ടോബർ 27-ന് ലോകത്തിലെ മിക്ക മതങ്ങളുടെയും നായകൻമാരെ ഇററലിയിലെ അസ്സീസിയിൽ സമാധാനത്തിനായി പ്രാർഥിക്കുന്നതിന് വിളിച്ചുകൂട്ടി.
11 സമാധാനത്തിനുവേണ്ടിയുളള അത്തരം പ്രാർഥനകൾക്കു ദൈവം ഉത്തരം നൽകുന്നുവോ? കൊളളാം, ആ മതനേതാക്കൻമാർ ഏതു ദൈവത്തോടായിരുന്നു പ്രാർഥിച്ചത്? നിങ്ങൾ അവരോടു ചോദിച്ചാൽ ഓരോ കൂട്ടവും ഒരു വ്യത്യസ്ത ഉത്തരം നൽകും. വ്യത്യസ്തമായ പലവിധങ്ങളിൽ നടത്തപ്പെടുന്ന അപേക്ഷകൾ കേൾക്കാനും ഉത്തരം നൽകാനും കഴിയുന്ന ദശലക്ഷക്കണക്കിനു ദൈവങ്ങളുടെ ഒരു ദേവഗണം ഉണ്ടോ? പങ്കുപററിയവരിൽ അനേകരും ക്രൈസ്തവലോകത്തിന്റെ ത്രിത്വത്തെc ആരാധിച്ചു. ബുദ്ധമതക്കാരും ഹിന്ദുക്കളും മററുളളവരും എണ്ണമററ ദൈവങ്ങൾക്ക് അവരുടെ പ്രാർഥനകൾ അർപ്പിച്ചു. മൊത്തം 12 “മതകുടുംബങ്ങൾ” കൂടിവന്നു, കാൻറർബറിയിലെ ആംഗ്ലിക്കൻ ആർച്ച് ബിഷപ്പും ബുദ്ധമതത്തിലെ ദലൈലാമയും റഷ്യൻ ഓർത്തഡോക്സ് മെത്രപ്പോലിത്തയും ടോക്കിയോയിലെ ഷിന്റോ ഷ്റൈൻ അസോസിയേഷന്റെ പ്രസിഡൻറും ആഫ്രിക്കൻ പ്രപഞ്ചാത്മവാദികളും തൂവലുകൾകൊണ്ടുളള തലപ്പാവു ധരിച്ച രണ്ട് അമേരിക്കൻ ഇന്ത്യാക്കാരും പോലുളള പ്രമാണിമാർ പ്രതിനിധികളായി ഉണ്ടായിരുന്നു. ചുരുക്കിപ്പറഞ്ഞാൽ അതു കൗതുകകരമായ ഒരു ടിവി പരിപാടിക്കു പററിയ നിറപ്പകിട്ടാർന്ന ഒരു കൂട്ടമായിരുന്നു. ഒരു സംഘം ഒരുസമയത്ത് 12 മണിക്കൂർവരെ നിർത്താതെ പ്രാർഥിച്ചു. (താരതമ്യം ചെയ്യുക: ലൂക്കൊസ് 20:45-47.) എന്നാൽ ആ കൂട്ടത്തിന്റെ മീതെ ഉരുണ്ടുകൂടിയ കാർമേഘത്തിന് അപ്പുറത്തേക്ക് ആ പ്രാർഥനകളിൽ ഏതെങ്കിലും പ്രവേശിച്ചോ? പിൻവരുന്ന കാരണങ്ങളാൽ, ഇല്ല:
12. ലോകത്തിലെ മതനേതാക്കളുടെ സമാധാനത്തിനായുളള പ്രാർഥനകൾക്കു ദൈവം ഏതു കാരണങ്ങളാൽ ഉത്തരം നൽകിയില്ല?
12 ‘യഹോവയുടെ നാമത്തിൽ നടക്കുന്ന’വരിൽനിന്നു വ്യത്യസ്തമായി ആ മതവിശ്വാസികളിൽ ആരും ജീവനുളള ദൈവമായ യഹോവയോടു പ്രാർഥിക്കുന്നില്ലായിരുന്നു, ബൈബിളിന്റെ മൂലപാഠത്തിൽ ആ പേര് ഏതാണ്ട് 7,000 പ്രാവശ്യം കാണപ്പെടുന്നു. (മീഖാ 4:5; യെശയ്യാവു 42:8, 12)d ഒരു സംഘം എന്നനിലയിൽ അവർ യേശുവിന്റെ നാമത്തിൽ ദൈവത്തെ സമീപിച്ചില്ല, ഭൂരിപക്ഷവും യേശുക്രിസ്തുവിൽ വിശ്വസിക്കുന്നുമില്ല. (യോഹന്നാൻ 14:13; 15:16) യുഎൻ-നെയല്ല പിന്നെയോ ദൈവത്തിന്റെ ആഗതമായിക്കൊണ്ടിരിക്കുന്ന രാജ്യത്തെ മനുഷ്യവർഗത്തിന്റെ യഥാർഥപ്രത്യാശയെന്ന നിലയിൽ പ്രഖ്യാപിക്കുകയെന്ന നമ്മുടെ നാളിലേക്കുളള ദൈവേഷ്ടം അവർ ആരും ചെയ്യുന്നില്ല. (മത്തായി 7:21-23; 24:14; മർക്കൊസ് 13:10) അവരുടെ മതസ്ഥാപനങ്ങൾ പൊതുവേ, ഈ നൂററാണ്ടിലെ രണ്ടു ലോകയുദ്ധങ്ങൾ ഉൾപ്പെടെ ചരിത്രത്തിലെ രക്തപങ്കിലമായ യുദ്ധങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്. അത്തരക്കാരോട് ദൈവം പറയുന്നു: “നിങ്ങൾ എത്ര തന്നേ പ്രാർത്ഥനകഴിച്ചാലും ഞാൻ കേൾക്കയില്ല; നിങ്ങളുടെ കൈ രക്തംകൊണ്ടു നിറഞ്ഞിരിക്കുന്നു.”—യെശയ്യാവു 1:15; 59:1-3.
13. (എ) ലോകത്തിലെ മതനേതാക്കൾ സമാധാനത്തിന് അഭ്യർഥിക്കാൻ യുഎൻ-നുമായി കൈകോർത്തു നിൽക്കുന്നതു സാർഥകമായിരിക്കുന്നതെന്തുകൊണ്ട്? (ബി) സമാധാനത്തിനായുളള നിലവിളി ദൈവം മുൻകൂട്ടിപ്പറഞ്ഞ ഏതു പാരമ്യത്തിൽ ചെന്നവസാനിക്കും?
13 അതിനുപുറമേ, ഇപ്പോൾ സമാധാനത്തിനായി മുറവിളികൂട്ടുന്നതിൽ ലോകത്തിലെ മതനേതാക്കൾ ഐക്യരാഷ്ട്രങ്ങളുമായി കൈകോർത്തു നിൽക്കുന്നതു വളരെ സാർഥകമാണ്. വിശേഷിച്ചും ഈ ആധുനികയുഗത്തിൽ അവരുടെ ആളുകളിൽ വളരെയധികം പേർ മതം ഉപേക്ഷിച്ചുകൊണ്ടിരിക്കുമ്പോൾ തങ്ങളുടെ സ്വന്തം പ്രയോജനത്തിനുവേണ്ടി യുഎൻ-നെ സ്വാധീനിക്കാൻ അവർ ഇഷ്ടപ്പെടും. പുരാതന ഇസ്രായേലിലെ അവിശ്വസ്ത നായകരെപ്പോലെ “സമാധാനം ഇല്ലാതിരിക്കെ” അവർ വിളിച്ചുപറയുന്നു, “സമാധാനം സമാധാനം.” (യിരെമ്യാവു 6:14) അപ്പോസ്തലനായ പൗലോസ് പ്രവചിച്ച പാരമ്യത്തെ പിന്താങ്ങി, സമാധാനത്തിനായുളള അവരുടെ നിലവിളി തുടർന്നും ഉയർന്നുകൊണ്ടിരിക്കും എന്നുളളതിനു സംശയമില്ല: “കളളൻ രാത്രിയിൽ വരുമ്പോലെ കർത്താവിന്റെ നാൾ വരുന്നു എന്നു നിങ്ങൾ തന്നേ നന്നായി അറിയുന്നുവല്ലോ. അവർ സമാധാനമെന്നും നിർഭയമെന്നും [സുരക്ഷിതത്വം, NW] പറയുമ്പോൾ ഗർഭിണിക്കു പ്രസവവേദന വരുംപോലെ അവർക്കു പെട്ടെന്നു നാശം വന്നു ഭവിക്കും; അവർക്കു തെററിയൊഴിയാവതുമല്ല.”—1 തെസ്സലൊനീക്യർ 5:2, 3.
14. ‘സമാധാനവും സുരക്ഷിതത്വവും!’ എന്ന നിലവിളി ഏതു രൂപം കൈക്കൊളളും, അതിനാൽ വഴിതെററിക്കപ്പെടുന്നതിനെ ഒരുവന് എങ്ങനെ ഒഴിവാക്കാം?
14 ‘സമാധാനവും സുരക്ഷിതത്വവും!’ എന്ന സാർഥകമായ ഈ മുറവിളി ഏതു രൂപം കൈക്കൊളളും? ആ നിലവിളി നടത്തുന്നവരുടെ പെട്ടെന്നുളള നാശത്തിനു തൊട്ടുമുമ്പ് അതു മുന്തിയ ഒരളവിൽ ആയിരിക്കുമെന്ന് ഇവിടെ സൂചിപ്പിക്കപ്പെടുന്നു. അതുകൊണ്ട് ലോകനേതാക്കളുടെ മുൻപ്രഖ്യാപനങ്ങളെക്കാൾ അതു കൂടുതൽ പ്രബലമായ ഒന്നായിരിക്കേണ്ടിയിരിക്കുന്നു. അതു ഭൂവ്യാപകമായ ഒരളവിൽ ആയിരിക്കുമെന്നുളളതിനു സംശയമില്ല. എങ്കിലും അത് ഒരു കപടഭാവത്തെക്കാൾ കവിഞ്ഞതായിരിക്കുകയില്ല. ഉപരിതലത്തിനടിയിൽ ഒന്നും യഥാർഥത്തിൽ മാറിയിട്ടുണ്ടാവുകയില്ല. സ്വാർഥതയും വിദ്വേഷവും കുററകൃത്യവും കുടുംബത്തകർച്ചയും ദുർമാർഗവും രോഗവും സങ്കടവും മരണവും അപ്പോഴും ഇവിടെയുണ്ടായിരിക്കും. ബൈബിൾപ്രവചനം സംബന്ധിച്ച് ഉണർവില്ലാത്തവരെ വരാൻ പോകുന്ന മുറവിളി വഴിതെററിക്കുന്നത് അതുകൊണ്ടാണ്. എന്നാൽ നിങ്ങൾ ലോകസംഭവങ്ങളുടെ അർഥം സംബന്ധിച്ച് ഉണർവുളളവരായിരിക്കുകയും ദൈവവചനത്തിലെ പ്രവാചക മുന്നറിയിപ്പുകൾ ചെവിക്കൊളളുകയും ചെയ്തിട്ടുണ്ടെങ്കിൽ അതു നിങ്ങളെ വഴിതെററിക്കേണ്ട ആവശ്യമില്ല.—മർക്കൊസ് 13:32-37; ലൂക്കൊസ് 21:34-36.
[അടിക്കുറിപ്പുകൾ]
a ജെ. എഫ്. റതർഫോർഡ് 1942 ജനുവരി 8-നു മരിക്കുകയും അദ്ദേഹത്തെത്തുടർന്ന് എൻ. എച്ച്. നോർ പ്രസിഡൻറാവുകയും ചെയ്തു.
b ജർമനിയും ഇററലിയും ജപ്പാനും ഹംഗറിയും 1940 നവംബർ 20-ന് ഒരു “പുതിയ സർവരാജ്യസഖ്യ”ത്തിനുവേണ്ടി ഉടമ്പടി ഒപ്പിട്ടു, തുടർന്നു നാലു ദിവസം കഴിഞ്ഞു മതപരമായ ഒരു സമാധാനത്തിനും പുതിയൊരു വ്യവസ്ഥാക്രമത്തിനുംവേണ്ടി വത്തിക്കാന്റെ ഒരു കുർബാനയും ഒരു പ്രാർഥനയും പ്രക്ഷേപണം ചെയ്യപ്പെട്ടു. ആ പുതിയ “സഖ്യം” ഒരിക്കലും സാക്ഷാത്കരിക്കപ്പെട്ടില്ല.
c ത്രിത്വോപദേശം പുരാതന ബാബിലോനിൽനിന്നു മുളച്ചുവന്നു, അവിടെ സൂര്യദേവനായ ഷമാഷും ചന്ദ്രദേവനായ സിനും നക്ഷത്രദേവനായ ഇഷ്ടാറും ഒരു ത്രിത്വമായി ആരാധിക്കപ്പെട്ടിരുന്നു. ഓസിറിസിനെയും ഐസിസിനെയും ഹോറസിനെയും ആരാധിച്ചുകൊണ്ട് ഈജിപ്ത് അതേ മാതൃക പിൻപററി. അസീറിയയുടെ മുഖ്യ ദൈവമായ അഷൂർ മൂന്നു തലകളുളളതായി ചിത്രീകരിക്കപ്പെടുന്നു. അതേ മാതൃക പിൻപററി ദൈവത്തിനു മൂന്നു തലകളുളളതായി ചിത്രീകരിക്കുന്ന പ്രതിമകൾ കത്തോലിക്കാ പളളികളിലും കാണപ്പെടുന്നു.
d യഹോവയാം ദൈവത്തെ “അംഗീകരിക്കപ്പെടുന്ന ഒരു പരമോന്നത ദൈവവും യഹോവയുടെ സാക്ഷികൾ ആരാധിക്കുന്ന ഏക ദൈവവും” എന്ന് 1981-ലെ വെബ്സ്റേറഴ്സ് തേർഡ് ന്യൂ ഇൻറർനാഷണൽ ഡിക്ഷ്നറി നിർവചിക്കുന്നു.
[250-ാം പേജിലെ ചതുരം]
“സമാധാന” വിരോധാഭാസം
യുഎൻ 1986-നെ സാർവദേശീയ സമാധാനവർഷമായി പ്രഖ്യാപിച്ചെങ്കിലും ആത്മഹത്യാപരമായ ആയുധപന്തയം കുതിച്ചുയർന്നു. വേൾഡ് മിലിറററി ആൻഡ് സോഷ്യൽ എക്സ്പെൻഡിച്ചേഴ്സ് 1986 പിൻവരുന്ന ഗൗരവാവഹമായ വിശദാംശങ്ങൾ നൽകുന്നു:
ആഗോള സൈനികച്ചെലവ് 1986-ൽ 900 ശതകോടി ഡോളറിൽ എത്തി.
ഒരു മണിക്കൂർ നേരത്തെ ആഗോള സൈനികച്ചെലവ് ഓരോ വർഷവും തടയാവുന്ന പകർച്ചവ്യാധിയാൽ മരിക്കുന്ന 35 ലക്ഷം പേരെ അണുവിമുക്തരാക്കാൻ മതിയായതാണ്.
ലോകവ്യാപകമായി അഞ്ചിൽ ഒരാൾ വീതം കാർന്നു തിന്നുന്ന ദാരിദ്ര്യത്തിൽ ജീവിക്കുന്നു. ലോകം രണ്ടു ദിവസം യുദ്ധായുധങ്ങൾക്കു ചെലവഴിക്കുന്ന തുകകൊണ്ട് ഈ പട്ടിണികിടക്കുന്ന എല്ലാവരെയും ഒരു വർഷം തീററിപ്പോററാൻ കഴിയും.
ലോകത്തിലെ അണുവായുധ ശേഖരത്തിലുളള സ്ഫോടക ഊർജം ചെർണോബിൽ സ്ഫോടനത്തിന്റെ 16,00,00,000 മടങ്ങിൽ അധികമാണ്.
ഇന്ന് 1945-ൽ ഹിറോഷിമയിൽ ഇട്ട ബോംബിന്റെ 500 മടങ്ങിലധികം സ്ഫോടകശേഷിയുളള ഒരു അണുബോംബ് ഇടാൻ കഴിയും.
ഇന്നത്തെ ന്യൂക്ലിയർ ആയുധപ്പുരയിൽ പത്തു ലക്ഷത്തിലധികം ഹിറോഷിമാ ബോംബുകൾക്കു തുല്യമായത് ഇരിപ്പുണ്ട്. അവ രണ്ടാം ലോകമഹായുദ്ധത്തിൽ 3 കോടി 80 ലക്ഷം ആളുകളെ കൊന്നപ്പോൾ അഴിച്ചുവിട്ട സ്ഫോടക ഊർജത്തിന്റെ 2,700 മടങ്ങിനെ പ്രതിനിധാനം ചെയ്യുന്നു.
യുദ്ധങ്ങൾ കൂടുതൽ കൂടെക്കൂടെ നടക്കുന്നു, മാരകവുമായിത്തീർന്നിരിക്കുന്നു. മൊത്തം യുദ്ധമരണങ്ങൾ 18-ാം നൂററാണ്ടിൽ 44 ലക്ഷവും 19-ാം നൂററാണ്ടിൽ 83 ലക്ഷവും 20-ാം നൂററാണ്ടിലെ 86 വർഷങ്ങളിൽ 9 കോടി 88 ലക്ഷവും ആയിരുന്നു. പതിനെട്ടാം നൂററാണ്ടുമുതൽ യുദ്ധമരണങ്ങൾ ലോകജനസംഖ്യയെക്കാൾ ആറുമടങ്ങിലധികം വേഗത്തിൽ വർധിച്ചിരിക്കുന്നു. 20-ാം നൂററാണ്ടിൽ ഓരോ യുദ്ധത്തിലും 19-ാം നൂററാണ്ടിലേതിനെക്കാൾ പത്തുമടങ്ങു മരണങ്ങൾ ഉണ്ടായിട്ടുണ്ട്.
[247-ാം പേജിലെ ചിത്രങ്ങൾ]
കടുഞ്ചുവപ്പുളള കാട്ടുമൃഗത്തെക്കുറിച്ചു പ്രവചിച്ചിരുന്നതുപോലെ രണ്ടാം ലോകമഹായുദ്ധകാലത്തു സർവരാജ്യസഖ്യം അഗാധത്തിലേക്കു പോകുകയും ഐക്യരാഷ്ട്രങ്ങളെന്ന നിലയിൽ പുനരുജ്ജീവിക്കുകയും ചെയ്തു
[249-ാം പേജിലെ ചിത്രങ്ങൾ]
യുഎൻ-ന്റെ “സമാധാന വർഷ”ത്തെ പിന്താങ്ങി ലോകത്തിലെ മതങ്ങളുടെ പ്രതിനിധികൾ ഇററലിയിലെ അസ്സീസിയിൽ ഒരു സമ്മിശ്രപ്രാർഥന അർപ്പിച്ചു, എന്നാൽ അവരിൽ ആരുംതന്നെ ജീവനുളള ദൈവമായ യഹോവയോടു പ്രാർഥിച്ചില്ല