ദൈവത്തിൽനിന്നുള്ള സമാധാനം—എപ്പോൾ?
“സമാധാനം നൽകുന്ന ദൈവം താമസിയാതെ സാത്താനെ നിങ്ങളുടെ പാദങ്ങളിൻ കീഴിൽ തകർത്തുകളയും.”—റോമർ 16:20.
1, 2. (എ) യുദ്ധത്തെയും സമാധാനത്തെയും കുറിച്ച് ഒരു ഹൈന്ദവജ്ഞാനി എന്തു പറഞ്ഞു? (ബി) ദൈവത്തിൽ നിന്നുള്ള സമാധാനം ആസ്വദിക്കുന്ന സന്തുഷ്ടർ ആരാണ്?
“ആയുധീകരണത്തിനുള്ള ഈ ഭ്രാന്തുപിടിച്ച മത്സരം തുടരുകയാണെങ്കിൽ അത് ചരിത്രത്തിൽ ഒരിക്കലും സംഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള ഒരു സംഹാരത്തിൽ കലാശിച്ചേ തീരു. അവശേഷിക്കുന്ന ഒരു ജയാളിയുണ്ടെങ്കിൽ, വിജയിച്ചുവരുന്ന ജനതയ്ക്ക് ആ വിജയംതന്നെ ജീവിക്കുന്ന ഒരു മരണമായിരിക്കും.” 1938-ൽ മോഹൻദാസ് ഗാന്ധി നടത്തിയ ആ പ്രവചനം യഥാർത്ഥത്തിൽ അദ്ദേഹത്തിന്റെ കാലത്തിനും അതീതമായി ഭാവിയിലേക്ക് നോക്കി.
2 അതിനുമുൻപ് 1931-ൽ ഗാന്ധി ഒരു ബ്രിട്ടീഷ് വൈസ്രോയിയോട് ഇങ്ങനെ പറഞ്ഞിരുന്നു: “താങ്കളുടെ രാജ്യവും എന്റെ രാജ്യവും ഈ ഗിരിപ്രഭാഷണത്തിൽ ക്രിസ്തു വെച്ച ഉപദേശങ്ങളിൽ ഒത്തുചേരുമ്പോൾ നമ്മൾ നമ്മുടെ രാജ്യങ്ങളുടെ പ്രശ്നങ്ങൾ മാത്രമല്ല മുഴുലോകത്തിന്റെയും പ്രശ്നങ്ങൾ പരിഹരിച്ചിരിക്കും.” ഈ ഹിന്ദുജ്ഞാനി സൂചിപ്പിച്ച പ്രകാരം യേശുവിന്റെ പ്രഭാഷണം നിലനിൽക്കുന്ന സമാധാനത്തിലേക്കു വഴിചൂണ്ടിക്കാണിക്കുന്നു. ആ പ്രഭാഷണത്തിൽ ക്രിസ്തു ഇങ്ങനെ പറഞ്ഞു: “സമാധാനപൂർണ്ണർ സന്തുഷ്ടരാകുന്നു, എന്തുകൊണ്ടെന്നാൽ അവർ ‘ദൈവപുത്രൻമാർ’ എന്നു വിളിക്കപ്പെടും.” (മത്തായി 5:9) ഇപ്പോൾ അനേകം “പുത്രൻമാർ” ദൈവത്തിൽ നിന്നുള്ള സമാധാനം അനുഭവിക്കുന്നു. കാലക്രമത്തിൽ, സൗമ്യതയുള്ള ഭൂമിയിലെ സകലരും “സമാധാനസമൃദ്ധിയിൽ പരമാനന്ദം കണ്ടെത്തും.” (സങ്കീർത്തനം 37:11) എന്നാൽ നമുക്ക് ഈ ഫലത്തെക്കുറിച്ച് ഉറപ്പുണ്ടായിരിക്കാൻ കഴിയുമോ?
3. ഇന്ന് ഭൂമിയിൽ യഥാർത്ഥ സമാധാനം ഇല്ലാത്തതെന്തുകൊണ്ട്?
3 ഇന്ന്, ലോകനിർമ്മൂലനാശത്തിന്റെ ഭൂതം മനുഷ്യവർഗ്ഗത്തീൻമീതെ തങ്ങിനിൽക്കുകയാണ്. അടുത്ത കാലത്തെ ഒരു പഠനം ഇങ്ങനെ പ്രസ്താവിക്കുന്നു: “ഒരു ന്യൂക്ലിയർ ആയുധശേഖരം സൃഷ്ടിക്കാൻ രണ്ടാം ലോകമഹായുദ്ധത്തിനുശേഷം 3-4,000,000,000,000 ഡോളർ ചെലവിട്ടതാണ് പരമ വിഡ്ഢിത്തം, അത് ഉപയോഗിച്ചാൽ ആഗോളമായ ആത്മഹ്യയായിരിക്കും ഫലം . . . ലോകത്തിലെ ന്യൂക്ലിയർ ആയുധശേഖരത്തിന്റെ മെഗാടണ്ണേജ് 5800 കോടിയാളുകളെ, അഥവാ ഇപ്പോൾ ജീവിക്കുന്ന ഓരോരുത്തരെയും 12 പ്രാവശ്യം കൊല്ലാൻ പര്യാപ്തമാണ്.”aഎന്നിരുന്നാലും, ഈ ഭ്രാന്തുപിടിച്ച മത്സരം ത്വരിതപ്പെടുന്നതിൽ തുടരുകയാണ്. തീർച്ചയായും ഇത് ഭ്രാന്താണ്, MAD (കാരണം MAD എന്ന ആ ആദ്യക്ഷരങ്ങൾ Mutually Assured Destruction എന്നതിനെ പ്രതിനിധാനം ചെയ്യുന്നു) മഹച്ഛക്തികൾ തങ്ങളുടെ സമാധാനത്തെ സന്തുലിതമാക്കുന്ന ഒരു ദുർബ്ബല സങ്കൽപ്പമാണിത്. ഇതു തീർച്ചയായും ദൈവത്തിൽനിന്നുള്ള സമാധാനമല്ല.
4. (എ) ലോകം ഇപ്പോൾ എന്തു കാഴ്ചയാണ് അവതരിപ്പിക്കുന്നത്? (ബി) എന്നിരുന്നാലും, യഹോവയുടെ ആരാധകർ ഇപ്പോൾ എന്തു ശക്തമായ പ്രത്യാശ പുലർത്തുന്നു?
4 എല്ലാവിധങ്ങളിലും ഈ ലോകം പരിതാപകരമായ ഒരു കാഴ്ചയാണ് അവതരിപ്പിക്കുന്നത്. മനുഷ്യസമുദായം മറെറാരിക്കലും ഈ യുഗത്തെക്കാൾ രാഷ്ട്രിയ അഴിമതിയോ കുററകരമായ അക്രമമോ സാമ്പത്തിക തലവേദനകളോ അഭക്തിയോ മതകുഴപ്പമോ സഹിക്കേണ്ടിവന്നിട്ടില്ല. “സകല സൃഷ്ടിയും ഒരുമിച്ചു ഞരങ്ങുകയും ഒരുമിച്ചു വേദനപ്പെടുകയും ചെയ്യുന്നു”വെന്നത് ഇതിലുമധികം ഒരിക്കലും സത്യമായിരുന്നിട്ടില്ല. എന്നിരുന്നാലും, തന്റെ മനുഷ്യസൃഷ്ടി “ദ്രവത്വത്തിന്റെ അടിമത്തത്തിൽനിന്ന് സ്വതന്ത്രമാക്കപ്പെടുകയും ദൈവമക്കളുടെ മഹത്തായ സ്വാതന്ത്ര്യം അനുഭവിക്കുകയും ചെയ്യു”മെന്ന് ദൈവം വാഗ്ദത്തം ചെയ്യുന്നു. (റോമർ 8:21, 22) ബൈബിളിലെ ദൈവമായ പരമാധികാരിയാം കർത്താവായ യഹോവയെ ആരാധിക്കുന്ന സമാധാനപ്രേമികൾക്ക് ആ സ്വാതന്ത്ര്യത്തിലേക്ക് പ്രവേശിക്കാമെന്ന് ഉറപ്പു ലഭിച്ചിട്ടുണ്ട്. അത് യഥാർത്ഥ സമാധാനത്തിൽ, നിത്യസമാധാനത്തിൽ ഉറപ്പായി വേരൂന്നിയ ഒരു സ്വാതന്ത്ര്യമായിരിക്കും. (യെഹെസ്ക്കേൽ 37:26-28) എന്നാൽ ആ സമാധാനം എപ്പോൾ, എങ്ങനെ കൈവരും?
‘സമയങ്ങളെയും കാലങ്ങളെയും’കുറിച്ചുള്ള ദൈവത്തിന്റെ വീക്ഷണം
5. 1 തെസ്സലോനീക്യർ 5:1-നോടുള്ള ബന്ധത്തിൽ ഏതു ചോദ്യം ഉദിക്കുന്നു?
5 പുനരുത്ഥാനം ‘കർത്താവായ യേശുവിന്റെ സാന്നിദ്ധ്യത്തോട്’ എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിശദീകരിച്ചുകൊണ്ട് അപ്പോസ്തലനായ പൗലോസ് തെസ്സലോനീക്യയിലുള്ള ക്രിസ്ത്യാനികളെ ആശ്വസിപ്പിച്ചിരുന്നു. അടുത്തതായി അവൻ പറയുന്നു: “സഹോദരൻമാരേ, സമയങ്ങളെയും കാലങ്ങളെയും കുറിച്ച് നിങ്ങൾക്ക് യാതൊന്നും എഴുതേണ്ടയാവശ്യമില്ല.”—1 തെസ്സലോനീക്യർ 4:15; 5:1.
6. ‘സമയങ്ങളും കാലങ്ങളും’ ദൈവത്തിനു പ്രധാനമാണെന്ന് നാം എങ്ങനെ അറിയുന്നു?
6 ‘സമയങ്ങളും കാലങ്ങളും’ ദൈവത്തിന് പ്രധാനമല്ലെന്ന് അപ്പോസ്തലന്റെ വാക്കുകൾ സൂചിപ്പിക്കുന്നുണ്ടോ? അശേഷമില്ല! (സഭാപ്രസംഗി 3:1) “കാലത്തിന്റെ പൂർണ്ണതികവിങ്കലെത്തിയപ്പോൾ” ആയിരുന്നു വർഷങ്ങളുടെ 69 ആഴ്ചകളുടെ അവസാനത്തിങ്കൽ “ദൈവം തന്റെ പുത്രനെ അയച്ചത്.” പ്രവചിക്കപ്പെട്ടിരുന്നതുപോലെതന്നെ യേശുവിന്റെ ശുശ്രൂഷ മൂന്നരവർഷം നീണ്ടുനിന്നു—ക്രി. വ. 29 മുതൽ 33 വരെ. (ഗലാത്യർ 4:4; ദാനിയേൽ 9:24-27) കൃത്യം 1914-ലെ “ജനതകളുടെ കാലങ്ങളുടെ അവസാന”ത്തിലായിരുന്നു യേശു “സ്വർഗ്ഗീയ സീയോനി”ൽ രാജാവായി അവരോധിക്കപ്പെട്ടത്. (ലൂക്കോസ് 21:24; എബ്രായർ 12:22; യെഹെസ്ക്കേൽ 21:27; ദാനിയേൽ 4:31-33) “മഹോപദ്രവ”വും യഹോവ വിധിച്ചിരിക്കുന്ന “ദിവസത്തിലും മണിക്കൂറിലും” വന്നുചേരും. “അതു താമസിക്കുകയില്ല.”—മത്തായി 24:21, 36; ഹബക്കൂക്ക് 2:3.
7. ‘സമയങ്ങളെയും കാലങ്ങളെയും’ക്കുറിച്ച് പൗലോസ് തെസ്സലോനീക്യർക്ക് എഴുതേണ്ട ആവശ്യമില്ലാഞ്ഞതെന്തുകൊണ്ട്?
7 എന്നുവരികിലും, ഈ ഘട്ടത്തിൽ “സമയങ്ങളെയും കാലങ്ങളെയും” കുറിച്ച് എഴുതേണ്ടയാവശ്യം പൗലോസിനുണ്ടായിരുന്നില്ല. അത് യഹൂദവ്യവസ്ഥിതിയുടെ സമാപനത്തിനുള്ള ‘കാല’മായിരുന്നുവെന്ന് തെസ്സലോനീക്യക്രിസ്ത്യാനികൾക്ക് അപ്പോൾത്തന്നെ ബോധ്യമുണ്ടായിരുന്നു, അത് 20 വർഷം കഴിഞ്ഞ് ക്രി. വ. 70-ൽ അവസാനിക്കുമായിരുന്നു. അവരുടെ തീക്ഷ്ണതയും “ആത്മാവിന്റെ സന്തോഷവും” മാതൃകാപരമായി തിളങ്ങിയിരുന്നു. (1 തെസ്സലോനീക്യർ 1:4-7) അതുപോലെ തന്നെ, 1914 മുതലുള്ള കഷ്ടതരമായ സംഭവങ്ങളും ലോകയുദ്ധങ്ങളും രാജ്യാധികാരത്തിലും മഹത്വത്തിലുമുള്ള യേശുവിന്റെ അദൃശ്യസാന്നിദ്ധ്യത്തിന്റെ “അടയാള”മാണെന്ന് ഇന്ന് യഹോവയുടെ സാക്ഷികൾക്ക് പൂർണ്ണബോധ്യമുണ്ട്.—മത്തായി 24:3-8; 25:31.
8. നാം ഉണർവ്വുള്ളവരും പ്രവർത്തനനിരതരുമായിരിക്കേണ്ടതെന്തുകൊണ്ട്?
8 പിന്നീട് അപ്പോസ്തലൻ തന്റെ കൂട്ടു ക്രിസ്ത്യാനികൾക്ക് ഉറപ്പുകൊടുത്തുകൊണ്ട് പറയുന്നു: “എന്തെന്നാൽ യഹോവയുടെ ദിവസം കൃത്യമായി രാത്രിയിലെ ഒരു കള്ളനെപ്പോലെ വരുന്നുവെന്ന് നിങ്ങൾക്കുതന്നെ നന്നായി അറിയാം.” (1 തെസ്സലോനീക്യർ 5:2) നമുക്ക് കൃത്യസമയം അറിയാൻ പാടില്ലെങ്കിലും ന്യായവിധി നിർവ്വഹണത്തിനുള്ള ആ സമയം പൂർവ്വാധികം അടുത്തുവരികയാണ്. അത് ദൈവത്തിന്റെ നിയമിത നാഴികയിൽ പെട്ടെന്ന്, ക്ഷണത്തിൽ പൊട്ടിപ്പുറപ്പെടും. ആകയാൽ നാം ഉണർന്നിരിക്കുകയും പ്രവർത്തനനിരതരായിരിക്കുകയും വേണം.—ലൂക്കോസ് 21:24-36.
സമാധാനത്തിനായുള്ള ഒരു അന്തിമ ആഹ്വാനം
9. (എ) ഏത് ഉദ്ഘോഷം ഉണ്ടാകുന്നു, സത്യക്രിസ്ത്യാനികൾ അതിൽ പങ്കുചേരാത്തതെന്തുകൊണ്ട്? (ബി) ആരാണ് ഈ ആഹ്വാനം മുഴക്കുന്നത്, അവർ യിരെമ്യാവിന്റെ നാളിലെ ഭരണാധിപൻമാരോട് ഒത്തുവരുന്നതെങ്ങനെ?
9 “സമാധാനവും സുരക്ഷിതത്വവും!” പൗലോസ് ഇവിടെ ക്രിസ്തുവിന്റെ സാന്നിദ്ധ്യത്തിന്റെ പരകോടിയിങ്കൽ കേൾക്കപ്പെടുന്ന പ്രഖ്യാപനം സംബന്ധിച്ച് നമ്മെ ജാഗ്രരൂകരാക്കുന്നു. (1 തെസ്സലോനീക്യർ 5:3) നാം താമസിയാതെ ആ മുറവിളി കേൾക്കുമോ? ലോക സമാധാനത്തിനും സുരക്ഷിതത്വത്തിനും വേണ്ടിയുള്ള അത്തരമൊരു ആഹ്വാനം എവിടെനിന്ന് ഉത്ഭവിക്കാൻ കഴിയും? ക്രിസ്തുവിന്റെ അനുഗാമികളുടെ ഇടയിൽനിന്ന് ആയിരിക്കാവുന്നതല്ലെന്ന് സ്പഷ്ടമാണ്, എന്തുകൊണ്ടെന്നാൽ അവരോ തന്റെ രാജ്യമോ “ലോകത്തിന്റെ ഭാഗ”മല്ലെന്ന് യേശു പ്രസ്താവിച്ചു. (യോഹന്നാൻ 15:19; 17:14, 16; 18:36) അതുകൊണ്ട് ഈ വിളിമുഴക്കുന്നവർ ആസന്നമായിരിക്കുന്ന ദൈവരാജ്യത്തെ എതിർക്കുന്ന ലൗകികരായിരിക്കണം. അവർ പിശാചായ സാത്താൻ എന്നു ‘ദുഷ്ടന്റെ അധീനതയിൽ കിടക്കുന്ന’ ലോകത്തിന്റെ ഭാഗമാണ്. (1 യോഹന്നാൻ 5:19) യിരെമ്യാവിന്റെ നാളിലെ രാഷ്ട്രീയ, മത, നേതാക്കളെപ്പോലെ “സമാധാനമാണ് നിങ്ങൾക്ക് ഉണ്ടാകാൻ പോകുന്നത്” എന്നു പറഞ്ഞുകൊണ്ട് അവർ “തങ്ങളുടെ സ്വന്ത ഹൃദയത്തിലെ ദർശനം” പ്രസ്താവിക്കും, അങ്ങനെയുള്ള സമാധാനം ദൈവത്തിൽനിന്നാണെന്ന് തെററായി വാദിച്ചുകൊണ്ടുതന്നെ. അവരുടെ അവകാശവാദം എത്ര വ്യാജമാണെന്നു തെളിയും!—യിരെമ്യാവ് 23:16, 17, 19, 20.
10. ഏതു സംഭവപരമ്പരകൾ ഇപ്പോഴത്തെ ലോകാവസ്ഥയിലേക്കു നയിച്ചിരിക്കുന്നു?
10 “സമാധാനവും സുരക്ഷിതത്വവും!” എന്ന ഈ വിളിയിലേക്കു നയിക്കുന്നത് സംഭവങ്ങളുടെ ഒരു പരമ്പരയാണ്. ഇപ്പോൾ ഒന്നാം ലോകമഹായുദ്ധം എന്നറിയപ്പെടുന്ന മഹായുദ്ധത്തിന്റെ പിന്നാലെ സർവ്വരാജ്യസഖ്യം ഉളവാക്കപ്പെട്ടത് 1920-ൽ ആയിരുന്നു. ഈ സഖ്യത്തിന്റെ ഉദ്ദേശ്യം ഭൂമിയിൽനിന്ന് എന്നേക്കുമായി യുദ്ധത്തെ നീക്കം ചെയ്യുക എന്നതായിരുന്നു. എന്നാൽ രണ്ടാം ലോകമഹായുദ്ധം സഖ്യത്തെ ഒരു അഗാധത്തിലേക്ക് തള്ളിയിട്ടു. 1945 ഒക്ടോബർ 24-ാം തീയതി ഈ സ്ഥാപനം ഐക്യരാഷ്ട്രങ്ങൾ എന്ന പുതിയ പേരോടെ അവശിഷ്ടങ്ങളിൽനിന്ന് പുനരുജ്ജീവിപ്പിക്കപ്പെട്ടു. (വെളിപ്പാട് 17:8 താരതമ്യപ്പെടുത്തുക) അതിന്റെ മുഖ്യലക്ഷ്യം “ലോക സമാധാനവും സുരക്ഷിതത്വവും കാത്തു സൂക്ഷിക്കുക” എന്നതാണ്. അതിന്റെ സ്ഥാപകൻ “പിൻതലമുറകളെ യുദ്ധത്തിന്റെ കഠോരയാതനയിൽനിന്ന് രക്ഷിക്കാനുള്ള” ദൃഢനിശ്ചയം പ്രകടമാക്കി. അങ്ങനെയുള്ള സമാധാനത്തിനും സുരക്ഷിതത്വത്തിനും ഉറപ്പുനൽകിയതിൽ യു. എൻ. വിജയിച്ചിട്ടുണ്ടോ?
11. ലോകത്തെ അഭിമുഖീകരിക്കുന്ന പ്രതിസന്ധി എത്ര ഗുരുതരമാണ്?
11 യു. എന്നിന്റെ സ്ഥാപകരിൽ ചിലർ എത്ര ആത്മാർത്ഥതയുള്ളവർ ആയിരുന്നാലും ആ സ്ഥാപനം അതിനു മുമ്പത്തെ സഖ്യത്തെപ്പോലെ അതിന്റെ ചാർട്ടറനുസരിച്ചുള്ള ഉദ്ദേശ്യം നിറവേററുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. ലോകം ഇപ്പോൾ ന്യൂക്ലിയർ ആയുധങ്ങളുടെ കൂനയിൻമേലാണ് സ്ഥിതിചെയ്യുന്നത്. 1986 ഏപ്രിലിൽ നടന്ന യു. എസ്. എസ്. ആർ ചെർനോബിലിലെ അപകടവും തൽഫലമായി യൂറോപ്പിലെ അധികം ഭാഗത്തുമുണ്ടായ അണുപ്രസരവും, സമാധാനപരമായ ഉദ്ദേശ്യങ്ങൾക്ക് ഉപയോഗിക്കുമ്പോൾ പോലും ന്യൂക്ലിയർ ശക്തിക്ക് ഭയങ്കര വീര്യമാണുള്ളതെന്നു പ്രകടമാക്കുന്നു. സൗത്ത് പസഫിക്കിലെ ചില രാഷ്ട്രങ്ങൾ തങ്ങളുടെ പ്രദേശത്തെ ഒരു ന്യൂക്ലിയർ വിദുക്ത മേഖലയായി നിലനിർത്താൻ ശ്രമിക്കുകയാണ്. എന്നാൽ പൂർണ്ണതോതിലുള്ള ഒരു ന്യൂക്ലിയർ യുദ്ധം എന്നെങ്കിലും പൊട്ടിപ്പുറപ്പെടുകയാണെങ്കിൽ അതിജീവിക്കുന്നവർ ഒരിടത്തുമുണ്ടായിരിക്കയില്ല.
“സമാധാനവും സുരക്ഷിതത്വവും” സാദ്ധ്യമോ?
12. യു. എൻ. 1986 നെ സംബന്ധിച്ച് എന്തു പ്രഖ്യാപനം നടത്തിയിരിക്കുന്നു, ജനതകളുടെ ഇടയിൽ എന്തു പ്രതികരണത്തോടെ?
12 ആഴമേറിവരുന്ന പ്രതിസന്ധിയെക്കുറിച്ച് പൂർണ്ണബോധ്യത്തോടെ ഐക്യരാഷ്ട്രങ്ങൾ 1986-നെ അന്താരാഷ്ട്ര സമാധാനവർഷമായി പ്രഖ്യാപിച്ചു. ഇതിന് രാഷ്ട്രങ്ങളുടെ ഇടയിൽ സമ്മിശ്ര സ്വീകരണമാണ് ലഭിച്ചുത്. അവയിൽ മിക്കതും ഏതെങ്കിലും വിധത്തിൽ യൂ. എൻ സമാധാനവർഷത്തെ പിന്താങ്ങിയിരിക്കുന്നു. എന്നാൽ അവ സമാധാനത്തിൻമേൽ നിഴലിടുന്ന ഭീഷണിയെന്ന നിലയിൽ ന്യൂക്ലിയർ യുദ്ധത്തിലേക്കു വിരൽചൂണ്ടുന്നു. ഇതിനിടയിൽ ഭൂമിക്കു ചുററും ചെറിയ യുദ്ധങ്ങൾ തുടർന്നും നടക്കുന്നുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം 150-ഓളം നടന്നു, മൊത്തം മരണസംഖ്യ 3,00,00,000 ആയിരുന്നു. ഏതെങ്കിലും രാഷ്ട്രം യു. എൻ. ചുവരിനെ അലങ്കരിക്കുന്ന യെശയ്യാവ് 2:4-ലെ സുപ്രസിദ്ധവാക്കുകൾക്കനുസൃതമായി പ്രവർത്തിക്കാൻ യഥാർത്ഥത്തിൽ മുൻകൈ എടുത്തിട്ടുണ്ടെന്ന് പറയാൻ കഴിയുമോ?
13. മതനേതാക്കൾ എങ്ങനെ പിന്തുണ കൊടുത്തിരിക്കുന്നു?
13 യു. എൻ. സമാധാനവർഷത്തിന് പിന്തുണ കൊടുക്കുന്നതിൽ ലോകമതങ്ങൾ പിൻവാങ്ങി നിന്നിട്ടില്ല പോപ്പ് ജോൺ പോൾ രണ്ടാമൻ ജനുവരി 1 ലോക സമാധാനദിനമായി പ്രഖ്യാപിക്കുകയും സാർവ്വത്രിക സമാധാനത്തിനുള്ള അടിസ്ഥാനം സ്ഥാപിക്കുന്നതിനാവശ്യമായ നേതൃത്വം കൊടുക്കാൻ ഭരണതന്ത്രജ്ഞൻമാരെ പ്രോത്സാഹിപ്പിക്കുകയും ചെയ്തു. അന്താരാഷ്ട്ര സമാധാനവർഷത്തിൽ ഇററലിയിലെ അസ്സീസിയിൽ ഒരുമിച്ചുകൂടി പ്രാർത്ഥിക്കാനും അദ്ദേഹം ലോകമതങ്ങളെ ആഹ്വാനം ചെയ്തു. ചർച്ച് ഓഫ് ഇംഗ്ലണ്ടിന്റെ തലവനായ കാൻറർബറി ആർച്ച് ബിഷപ്പും ബുദ്ധമത സമൂഹങ്ങളും ഈ ക്ഷണത്തെ ഊഷ്മളമായി സ്വാഗതം ചെയ്തു. സഭകളുടെ ലോക കൗൺസിൽ അന്തരാഷ്ട്രസമാധാനവർഷത്തെക്കുറിച്ച് ഒരു പ്രഖ്യാപനം പുറപ്പെടുവിക്കുകയും അണുനിരായുധീകരണം സത്വരം തുടങ്ങാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു.
14. സമാധാനത്തിനായുള്ള ഒരു പദ്ധതി എങ്ങനെ മാത്രമേ വിജയിക്കുകയുള്ളു?
14 എന്നിരുന്നാലും, “സമാധാനവും സുരക്ഷിതത്വവും” സ്ഥാപിക്കുന്ന ഈ സംഗതി സംബന്ധിച്ച് “സമാധാനം നൽകുന്ന ദൈവ”ത്തിന്റെ ഇഷ്ടം എന്താണ്? അപൂർണ്ണമനുഷ്യർക്കും രാഷ്ട്രങ്ങൾക്കും ഈ ലോകത്തിൽ സമാധാനവും സുരക്ഷിതത്വവും കൈവരുത്താൻ കഴിയുമെന്ന് ദൈവത്തിന്റെ പ്രവാചകവചനം പ്രകടമാക്കുന്നുണ്ടോ? അശേഷമില്ല! യഹോവയുടെ നീതിക്ക് അനുയോജ്യമായും അവന്റെ സ്തുതിക്കുവേണ്ടിയും യഹോവ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിനെയാണ് “സുനിശ്ചിത വിജയം” ആശ്രയിച്ചിരിക്കുന്നത്.—യെശയ്യാവ് 55:11; 61:11.
ആസന്നമായിരിക്കുന്ന “പെട്ടെന്നുള്ള നാശം”
15. പൗലോസ് പിന്നീട് ഞെട്ടിക്കുന്ന എന്തു പ്രഖ്യാപനം നടത്തുന്നു?
15 എന്താണ് സംഭവിക്കാനിരിക്കുന്നതെന്ന് അപ്പോസ്തലനായ പൗലോസ് നമ്മോടു പറയുന്നു: “‘സമാധാനവും സുരക്ഷിതത്വവും!’ എന്ന് അവർ പറയുന്നതെപ്പോഴോ അപ്പോൾ ഗർഭിണിക്കു പ്രസവവേദനപോലെ പെട്ടെന്നുള്ള നാശം അവരുടെമേൽ വരേണ്ടതാണ്. അവർ യാതൊരു പ്രകാരത്തിലും രക്ഷപ്പെടുകയില്ല.”—1 തെസ്സലോനീക്യർ 5:3.
16. ജനതകളുടെ വഴികൾ ദൈവത്തിന്റെ വഴികൾ അല്ലാത്തതെന്തുകൊണ്ട്?
16 ആദ്യ വായനയിൽ ആ വാക്കുകൾ ഞെട്ടിക്കുന്നവയായി തോന്നിയേക്കാം. എന്നാൽ ബൈബിൾ കാര്യങ്ങൾ വ്യക്തമാക്കുന്നു. ഇന്നത്തെ ജനതകളുടെ വഴികൾ ദൈവത്തിന്റെ വഴികളല്ല. (യെശയ്യാവ് 55:8, 9) വിവിധരൂപങ്ങളിലുള്ള മനുഷ്യഭരണം തുടരാൻ അവൻ അനുവദിക്കുന്നതിന്റെ കാരണം തന്ത്രശാലിയായ പിശാചായ സാത്താൻ ഏതാണ്ട് 6000 വർഷം മുമ്പ് ഉന്നയിച്ച ഒരു വിവാദ പ്രശ്നത്തിന് ഉത്തരം കൊടുക്കുകയെന്നതാണ്. ദൈവത്തെ വിട്ടുള്ള സ്വാതന്ത്ര്യം തെരഞ്ഞെടുക്കാൻ സാത്താൻ നമ്മുടെ ആദ്യമാതാപിതാക്കളെ പ്രേരിപ്പിച്ചപ്പോൾ മനുഷ്യവർഗ്ഗത്തിന് യഥാർത്ഥത്തിൽ ദൈവഭരണം ആവശ്യമാണോയെന്ന് അവൻ തർക്കം ഉന്നയിച്ചു.—ഉല്പത്തി 3:4, 5.
17. മനുഷ്യഭരണം എന്തു രേഖ സൃഷ്ടിച്ചിരിക്കുന്നു, ഇത് എന്തു തെളിയിക്കുന്നു?
17 തുടർന്നുവന്ന സഹസ്രാബ്ദങ്ങളിൽ, സങ്കൽപ്പിക്കാവുന്ന ഏതു രൂപത്തിലുമുള്ള മാനുഷ ഗവൺമെൻറ് പരീക്ഷിച്ചു നോക്കാൻ ദൈവം മനുഷ്യരെ അനുവദിച്ചിരിക്കുന്നു. ചുരുക്കം ചില വർഷങ്ങളോ നൂറുകണക്കിനു വർഷങ്ങളോ നിലനിന്നാലും യഥാർത്ഥസമാധാനവും സുരക്ഷിതത്വവും കൈവരുത്തുന്നതിൽ ഏതുതരം മനുഷ്യഭരണവും പരിതാപകരമായി പരാജയപ്പെട്ടിരിക്കുന്നു. സകലതരം മനുഷ്യഭരണത്തിൻ കീഴിലും മനുഷ്യവർഗ്ഗത്തിന്റെ ഭാഗധേയം യുദ്ധവും കുററകൃത്യവും ഭീതിയും മരണവുമായിരുന്നു. ചരിത്രത്തിലുടനീളം “മനുഷ്യൻ മനുഷ്യനു ദ്രോഹം വരുമാറ് അവനെ ഭരിച്ചിരിക്കുന്നു.” (സഭാപ്രസംഗി 8:9) ഇന്ന് വ്യത്യസ്തമല്ല അവസ്ഥ. വിവാദപ്രശ്നത്തെക്കുറിച്ച് അറിവുള്ള ഏതൊരാൾക്കും ഇപ്പോൾ ദൈവത്തിന്റെ പ്രവാചകൻ പറഞ്ഞതുപോലെ പറയാൻ കഴിയും: “യഹോവേ, ഭൗമിക മനുഷ്യനുള്ളതല്ല അവന്റെ വഴിയെന്ന് എനിക്ക് നന്നായി അറിയാം. തന്റെ ചുവടിനെ നയിക്കുന്നതുപോലും നടക്കുന്ന മനുഷ്യനുള്ളതല്ല.”—യിരെമ്യാവ് 10:23.
18. ജനതകളുടെ “സമാധാനവും സുരക്ഷിതത്വവും!” എന്ന ഉദ്ഘോഷം വ്യർത്ഥമായിരിക്കുന്നതെന്തുകൊണ്ട്?
18 ഇപ്പോൾ സദാകാലത്തേക്കുമായി വിവാദപ്രശ്നത്തിനു തീരുമാനമുണ്ടാക്കാനുള്ള സമയം അടുത്തിരിക്കുകയാണ്. ദൈവഭരണത്തിനു മാത്രമേ മനുഷ്യവർഗ്ഗത്തിന് യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും കൈവരുത്താൻ കഴിയുകയുള്ളു. എന്നുവരികിലും, ജനതകൾ “സമാധാനവും സുരക്ഷിതത്വവു”മെന്ന് മുറവിളികൂട്ടുമ്പോൾ അവ ദൈവഭരണത്തെയല്ല അനുകൂലിക്കുന്നത് അവ തങ്ങളുടെ ഗർവ്വോടുകൂടിയ പ്രത്യായശാസ്ത്രപ്രകാരം ഭരണം തുടരാൻ ആഗ്രഹിക്കുന്നു. എന്നാൽ സമയം തീർന്നുപോയിരിക്കുന്നു! കർശനമായ എന്തെങ്കിലും ചെയ്യേണ്ടതാണെന്ന് രാഷ്ട്രങ്ങൾക്ക് അറിയാം. അല്ലെങ്കിൽ ഒരു ന്യൂക്ലിയർ വിപത്തിൽ സകലവും നഷ്ടമാകും. തന്നിമിത്തം യിരെമ്യാവ് മുൻകൂട്ടിപ്പറഞ്ഞത് അവ ചെയ്യും: “സമാധാനമില്ലാത്തപ്പോൾ ‘സമാധാനമുണ്ട്! സമാധാനമുണ്ട്’ എന്ന് പറഞ്ഞുകൊണ്ട് അവർ എന്റെ ജനത്തിന്റെ തകർച്ചയെ ഭേദമാക്കാൻ ശ്രമിക്കുന്നു.” എന്നാൽ അത് വ്യർത്ഥമായിരിക്കും!—യിരെമ്യാവ് 6:14; 8:11, 15.
പ്രവചിക്കപ്പെട്ടിരിക്കുന്ന അവസാനം
19. “യഹോവയുടെ ദിവസം” എങ്ങനെ പൊട്ടിപ്പുറപ്പെടും?
19 “പെട്ടെന്നുള്ള നാശം . . . ക്ഷണത്തിൽ” എന്ന് അപ്പോസ്തലനായ പൗലോസ് പറയുന്നു: ദൈവത്തിന്റെ പ്രവാചകനായ യെശയ്യാവ് ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “നോക്കൂ! അവരുടെ വീരൻമാർ തന്നെ തെരുവിൽ നിലവിളിച്ചിരിക്കുന്നു; സമാധാന ദൂതൻമാർതന്നെ കഠിനമായി കരയും.” (യെശയ്യാവ് 33:7) ദുഷ്ടജനതകളുടെമേലും മനുഷ്യരുടെമേലുമുള്ള യഹോവയുടെ ന്യായവിധി നിർവ്വഹണം സത്വരം, അപ്രതീക്ഷിതമായി, യഥാർത്ഥത്തിൽ “രാത്രിയിലെ ഒരു കള്ളനെപ്പോലെ” വരുമെന്ന് ബൈബിൾ അനേകം സ്ഥലങ്ങളിൽ പ്രകടമാക്കുന്നുണ്ട്. (1 തെസ്സലോനീക്യർ 5:2, 3; യിരെമ്യാവ് 25:32, 33; സെഫന്യാവ് 1:14-18; 2 പത്രോസ് 3:10) ലോകം സമാധാനത്തിന്റെയും സുരക്ഷിതത്വത്തിന്റെയും ഒരു ഉന്നതതലത്തിലെത്തിയിരിക്കുന്നതായി അത് ഉചൈസ്തരം ഘോഷിക്കുന്ന ഒരു സമയത്ത് “യഹോവയുടെ ദിവസം” ഭീതിജനകമാം വിധം പെട്ടെന്ന് പൊട്ടിപ്പുറപ്പെടും. ദൈവജനം “സമാധാനവും സുരക്ഷിതത്വവും!” എന്ന മുറവിളിയെ യഥാതഥം തിരിച്ചറിയുകയും യഹോവ നൽകുന്ന അഭയത്തിൽ സുരക്ഷിതരായിരിക്കുകയും ചെയ്യും.—സങ്കീർത്തനം 37:39, 40; 46:1, 2; യോവേൽ 3:16.
20. (എ) യു. എൻ. ഏതുതരം “മൃഗ”മാണ്? (ബി) യഹോവ വ്യാജമതത്തെ എങ്ങനെ വീക്ഷിക്കുന്നു, എന്തുകൊണ്ട്?
20 ദൈവവചനത്തിൽ സർവ്വരാജ്യസഖ്യത്തിന്റെയും അതിന്റെ പിൻഗാമിയായ ഐക്യരാഷ്ട്രങ്ങളുടെയും ഗതിയെ ഏഴുതലയും (അത് ഉത്ഭവിക്കുന്നടമായ ലോക ശക്തികളെപ്രതിനിധാനം ചെയ്യുന്നു) പത്തുകൊമ്പും (ഇപ്പോൾ അതിനെ പിന്താങ്ങുന്ന ഗവൺമെൻറുകളെ പ്രതിനിധാനം ചെയ്യുന്നു) ഉള്ള “കടും ചുവപ്പുള്ള ഒരു കാട്ടുമൃഗ”ത്തിന്റെ ഗതിയോട് ഉപമിച്ചിരിക്കുന്നു. അത് ബ്രിട്ടീഷ് “സിംഹ”ത്തോടും റഷ്യൻ “കരടി”യോടും താരതമ്യപ്പെടുത്താവുന്ന ഒരു രാഷ്ട്രീയ “മൃഗ”മാണെന്ന് ബൈബിൾ പ്രകടമാക്കുന്നു. അതിന്റെ മുകളിൽ ഒരു സ്ത്രീ സവാരി ചെയ്യുന്നു, “വേശ്യമാരുടെയും ഭൂമിയിലെ മ്ലേച്ഛതകളുടെയും മാതാവായ മഹാബാബിലോൻ”തന്നെ. (വെളിപ്പാട് 17:3-8) തന്നെയും തന്റെ നീതിയുള്ള രാജ്യത്തെയും പ്രതിനിധാനം ചെയ്യാത്ത വ്യാജമതത്തെക്കുറിച്ചുള്ള യഹോവയുടെ വീക്ഷണത്തെ ഇത് നന്നായി പ്രകാശിപ്പിക്കുന്നു. അവൾ രാഷ്ട്രീയത്തിൽ ഉൾപ്പെട്ടുകൊണ്ട് ആത്മീയ വേശ്യാവൃത്തി ചെയ്യുന്നു. സമാധാനത്തിനും സുരക്ഷിതത്വത്തിനുവേണ്ടിയുള്ള ലോകയത്നത്തിൽ യു. എന്നുമായുള്ള മതത്തിന്റെ ബന്ധം ഇതിന്റെ ഒരു ദൃഷ്ടാന്തമാണ്. അവൾ യഹോവയുടെ സാക്ഷികൾ ഘോഷിക്കുന്ന ദൈവത്തിന്റെ ന്യായവിധിദൂതിൽനിന്ന് സമാധാനവും സുരക്ഷിതത്വവും ഉണ്ടായിരിക്കാനും ആഗ്രഹിക്കുന്നു. ആ ലക്ഷ്യത്തിൽ സാക്ഷികളുടെ ക്രിസ്തീയ പ്രവർത്തനത്തെ നിരോധിക്കാൻ അവൾ ചില ഗവൺമെൻറുകളെ സ്വാധീനിച്ചിരിക്കുന്നു.—സങ്കീർത്തനം 2:1-3.
21. (എ) ഏതു നടപടി “യഹോവയുടെ ദിവസ”ത്തിന്റെ തുടക്കത്തെ അടയാളപ്പെടുത്തുന്നു? (ബി) അടുത്തതായി ഏത് പാരമ്യത്തിലേക്ക് “ദിവസം” നീങ്ങുന്നു?
21 “യഹോവയുടെ ദിവസം” എങ്ങനെയായിരിക്കും പൊട്ടിപ്പുറപ്പെടുന്നത്? മാനുഷ ചരിത്രത്തിലെ കൂരിരുട്ടുള്ള ഈ രാത്രിയിൽ അതു തീർച്ചയായും “ഒരു കള്ളനെപ്പോലെ” വരും! അത് വ്യാജമതത്തിനുനേരെ പെട്ടെന്നു തിരിയാൻ യു. എന്നിലെ രാഷ്ട്രങ്ങളെ ദൈവം തിരിച്ചുവിടുമ്പോഴായിരിക്കും. മഹാബാബിലോനോടുള്ള തങ്ങളുടെ അന്തർലീനമായ വിദ്വേഷം പ്രകടമാക്കിക്കൊണ്ട് അവർ അവളുടെ തനിരൂപം തുറന്നുകാട്ടുകയും അവളെ പൂർണ്ണമായി ശൂന്യമാക്കുകയും ചെയ്യും. മുൻ രാഷ്ട്രീയ ജാരൻമാർ പിൻവരുന്ന പ്രകാരം പറയത്തക്കവണ്ണം ഈ ന്യായവിധി നിർവ്വഹണം അത്ര ശീഘ്രമായിട്ടായിരിക്കും വരുന്നത്; “മഹാനഗരമേ, ബലമുള്ള നഗരമായ ബാബിലോനേ, കഷ്ടം, കഷ്ടം, എന്തുകൊണ്ടെന്നാൽ ഒരു മണിക്കൂർ കൊണ്ട് നിന്റെ ന്യായവിധി വന്നല്ലോ!” എന്നാൽ രാഷ്ട്രങ്ങളും അവരുടെ സൈന്യങ്ങളും ദൈവജനത്തെയും ആക്രമിക്കും. അപ്പോൾ, രാജാക്കൻമാരുടെ രാജാവായ യേശുക്രിസ്തു ആ സകല ശത്രുക്കളെയും നശിപ്പിക്കുകയും പ്രധാന എതിരാളിയായ പിശാചായ സാത്താനെ അഗാധത്തിലടയ്ക്കുകയും ചെയ്യും.—വെളിപ്പാട് 17:16, 17; 18:10; 19:11-21; 20:1-3; യെഹെസ്ക്കേൽ 38:11, 16, 18-23 താരതമ്യപ്പെടുത്തുക.
22. (എ) വിശ്വാസമുള്ള മനുഷ്യർക്ക് ഇന്ന് ഏതു മഹത്തായ പ്രത്യാശയുണ്ട്? (ബി) നിങ്ങൾക്ക് എങ്ങനെ ദൈവത്തിൽനിന്നുള്ള സമാധാനം ആസ്വദിക്കാം?
22 ഒടുവിൽ ദൈവരാജ്യത്തിൻ കീഴിൽ യഥാർത്ഥ സമാധാനവും സുരക്ഷിതത്വവും തഴയ്ക്കും! (സങ്കീർത്തനം 72:1, 7; യെശയ്യാവ് 9:6, 7) സന്തോഷകരമെന്നു പറയട്ടെ, ‘ഉണർന്നിരിക്കുകയും സുബോധം പാലിക്കുകയും’ ചെയ്യുന്ന അനേകർ അതു കാണുന്നതിന് ജീവിച്ചിരിക്കും. (1 തെസ്സലോനീക്യർ 5:4-6) “സകല ജനതകളിലും . . . നിന്നുള്ള ഒരു മഹാപുരുഷാരം” ക്രിസ്തു മൂലമുള്ള യഹോവയുടെ മറുവിലയുടെ ഏർപ്പാടിൽ വിശ്വാസം പ്രകടമാക്കുന്നുണ്ട്, അവർ ദൈവത്തിൽനിന്നുള്ള നിത്യസമാധാനം ആസ്വദിക്കുന്നതിന് “മഹോപദ്രവ”ത്തിൽ രക്ഷിക്കപ്പെടും. (വെളിപ്പാട് 7:9-17; 21:3, 4) നിങ്ങൾ അവരിലൊരാളായിരിക്കട്ടെ! (w86 10/1)
[അടിക്കുറിപ്പുകൾ]
a ലോകസൈനിക സാമൂഹ്യ ചെലവുകൾ 1985 എന്ന പ്രസിദ്ധീകരണം.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ ‘സമയങ്ങളും കാലങ്ങളും’ ദൈവത്തിനും നമുക്കും പ്രധാനമായിരിക്കുന്നതെന്തുകൊണ്ട്?
◻ നാം “യഹോവയുടെ ദിവസത്തി”ന്റെ സാമീപ്യത്തെ എങ്ങനെ കരുതണം?
◻ 1 തെസ്സലോനീക്യർ 5:3-ലെ ഉദ്ഘോഷത്തിൽ ആർ പങ്കെടുക്കുന്നു, എപ്പോൾ?
◻ ആ ഉദ്ഘോഷത്തിൽ ഏതു സുപ്രധാന സംഭവങ്ങളുടെ കാഞ്ചി വലിക്കുന്നു?