അവരുടെ വിശ്വാസം അനുകരിക്കുക | യോസേഫ്
‘ഞാൻ ദൈവത്തിന്റെ സ്ഥാനത്ത് ഇരിക്കുന്നുവോ?’
ഒരു സായംസന്ധ്യ. യോസേഫ് ഉദ്യാനത്തിലൂടെ നടക്കുകയാണ്. അവൻ ചുറ്റുമൊന്നു കണ്ണോടിച്ചു. അവിടവിടെയായി ഈന്തപ്പനകളും മറ്റു വൃക്ഷങ്ങളും കാണാം. കുളത്തിൽ മനോഹരമായ പൂക്കൾ. അൽപം അകലെ അതാ, ഫറവോന്റെ കൊട്ടാരം തലയുയർത്തി നിൽക്കുന്നു. വീട്ടിൽനിന്നുള്ള പലപല ശബ്ദങ്ങൾ അവനു കേൾക്കാം. അവിടെ എന്തൊക്കെയാണ് നടക്കുന്നതെന്ന് അവന് ഊഹിക്കാവുന്നതേ ഉള്ളൂ. മനശ്ശെ അവന്റെ കുഞ്ഞനുജനായ എഫ്രയീമിനൊപ്പം കളിക്കുകയാണ്. അത് കണ്ട് അവരുടെ അമ്മ പൊട്ടിച്ചിരിക്കുന്നു. ഇതെല്ലാം കേട്ട് അവന്റെ മുഖത്ത് ചിരിവിടരുന്നു. താൻ എത്ര അനുഗ്രഹീതനാണെന്ന് അവൻ ചിന്തിച്ചു.
ദൈവം തന്റെ സകല കഷ്ടതയും മറക്കുമാറാക്കി എന്നു പറഞ്ഞ് യോസേഫ് ആദ്യജാതന് മനശ്ശെ എന്നു പേരിട്ടു. (ഉല്പത്തി 41:51) എത്രയെത്ര അനുഗ്രഹങ്ങളാണ് അവൻ ഇപ്പോൾ ആസ്വദിച്ചുകൊണ്ടിരിക്കുന്നത്! അത് അപ്പനെയും സഹോദരങ്ങളെയും വീടിനെയും കുറിച്ചുള്ള വേദനാകരമായ ഓർമകൾക്ക് കുറച്ചൊക്കെ ആശ്വാസമേകി. ജ്യേഷ്ഠസഹോദരന്മാരുടെ വിദ്വേഷം അവന്റെ ജീവിതംതന്നെ മാറ്റിമറിച്ചു. അവർ അവനെ ഉപദ്രവിച്ചു, കൊല്ലാൻ ഗൂഢാലോചന നടത്തി, അവസാനം സഞ്ചാരവ്യാപാരികൾക്ക് അടിമയായി വിൽക്കുകയും ചെയ്തു. തുടർന്ന് യോസേഫിന്റെ ജീവിതത്തിൽ ഒന്നിനുപുറകെ ഒന്നായി കുഴപ്പങ്ങൾ തുടങ്ങി. 12 വർഷത്തോളം അടിമത്തവും ജയിൽവാസവും അനുഭവിച്ചു. അതിൽ കുറച്ചുകാലം ചങ്ങലയാൽ ബന്ധിതനായിക്കിടക്കേണ്ടിയും വന്നു. ഇപ്പോൾ ഇതാ ഈജിപ്ഷ്യൻ സാമ്രാജ്യത്തിൽ ഫറവോൻ കഴിഞ്ഞാൽ അടുത്ത സ്ഥാനം അവനാണ്!a
ഇക്കഴിഞ്ഞ വർഷങ്ങളിലെല്ലാം യഹോവ മുൻകൂട്ടി പറഞ്ഞിരുന്നതുപോലെതന്നെ സംഭവങ്ങൾ ചുരുളഴിയുന്നത് യോസേഫിന് കാണാൻ കഴിഞ്ഞു. പ്രവചനമനുസരിച്ച് ധാന്യസമൃദ്ധിയുടെ ഏഴ് വർഷങ്ങൾ കടന്നുപോയി. ഈ സമയത്ത് ഭക്ഷ്യധാന്യങ്ങൾ ശേഖരിക്കാനുള്ള ഉത്തരവാദിത്വം യോസേഫിനായിരുന്നു. ആയിടയ്ക്കാണ് അവന്റെ ഭാര്യ ആസ്നത്ത് രണ്ട് ആൺകുട്ടികൾക്ക് ജന്മം നൽകിയത്. ഇങ്ങനെയൊക്കെയാണെങ്കിലും, നൂറുകണക്കിന് മൈലുകൾ ദൂരെ താമസിക്കുന്ന തന്റെ അപ്പനെയും സഹോദരന്മാരെയും കുറിച്ചുള്ള ചിന്തകൾ അവനെ അലട്ടിയിരുന്നു. പ്രത്യേകിച്ച് ഇളയ സഹോദരനായ ബെന്യാമീനെയും പ്രിയപ്പെട്ട അപ്പനായ യാക്കോബിനെയും കുറിച്ചുള്ള ഓർമകൾ. അവരുടെ ക്ഷേമം, സുരക്ഷിതത്വം എന്നിവയെക്കുറിച്ചായിരുന്നു അവന്റെ മുഖ്യ ആകുലത. മാത്രമല്ല, തന്റെ ജ്യേഷ്ഠന്മാരുടെ ദുഷ്ടസ്വഭാവങ്ങൾ മാറിയിട്ടുണ്ടാകുമോ, അവരുമായി എപ്പോഴെങ്കിലും ഒന്നുചേരാൻ കഴിയുമോ എന്നൊക്കെയും യോസേഫ് ചിന്തിക്കുമായിരുന്നു.
നിങ്ങളുടെ കുടുംബസമാധാനം എപ്പോഴെങ്കിലും അസൂയയാലോ ചതിയാലോ വിദ്വേഷത്താലോ തകർക്കപ്പെട്ടിട്ടുണ്ടെങ്കിൽ നിങ്ങളും യോസേഫിനെപ്പോലെ ചിന്തിച്ചേക്കാം. തന്റെ കുടുംബത്തിനായി കരുതിക്കൊണ്ട് യോസേഫ് കാണിച്ച വിശ്വാസത്തിൽനിന്ന് നമുക്ക് എന്തു പഠിക്കാനാകും?
“യോസേഫിന്റെ അടുക്കൽ ചെല്ലുവിൻ”
തിരക്കുപിടിച്ച ദിവസങ്ങളായിരുന്നു യോസേഫിന്റേത്. വർഷങ്ങൾ കടന്നുപോയി. ഫറവോന്റെ സ്വപ്നത്തിൽ മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെതന്നെ സമൃദ്ധിയുടെ ഏഴ് വർഷം കഴിഞ്ഞു. ദേശത്ത് വിളവ് ലഭിക്കാതെയായി, അങ്ങനെ ക്ഷാമം തുടങ്ങി. ക്രമേണ, അയൽദേശങ്ങളിലേക്കും അത് വ്യാപിച്ചു. എന്നാൽ, ബൈബിൾ പറയുന്നതനുസരിച്ച് “മിസ്രയീംദേശത്തു എല്ലാടവും ആഹാരം ഉണ്ടായിരുന്നു.” (ഉല്പത്തി 41:54) തീർച്ചയായും യോസേഫിന്റെ പ്രവചനത്തിൽനിന്നും അവന്റെ നല്ല സംഘാടനത്തിൽനിന്നും ഈജിപ്തിലെ ജനങ്ങൾ പ്രയോജനം നേടി.
ഈജിപ്തുകാർക്ക് യോസേഫിനോടു കടപ്പാട് തോന്നിയിട്ടുണ്ടാകാം, അവന്റെ സംഘാടനമികവിൽ അവനെ പുകഴ്ത്തുകയും ചെയ്തിട്ടുണ്ടാകാം. അപ്പോഴും അതിന്റെ മഹത്വം തനിക്കല്ല പകരം യഹോവയാം ദൈവത്തിന് നൽകാൻ അവൻ ആഗ്രഹിച്ചു. യഹോവയുടെ സേവനത്തിൽ നമ്മുടെ എളിയ കഴിവുകൾ ഉപയോഗിക്കുമ്പോൾ, സങ്കൽപ്പിക്കാവുന്നതിനും അപ്പുറം യഹോവ നമ്മെ ഉപയോഗിക്കും.
ഈജിപ്തിനെപ്പോലും ക്ഷാമം കാര്യമായി ബാധിക്കാൻ തുടങ്ങി. അവർ സഹായത്തിനായി ഫറവോനോട് നിലവിളിച്ചപ്പോൾ അവൻ പറഞ്ഞത് ഇതാണ്: “യോസേഫിന്റെ അടുക്കൽ ചെല്ലുവിൻ; അവൻ നിങ്ങളോടു പറയുംപോലെ ചെയ്വിൻ.” സൂക്ഷിച്ചുവെച്ചിരുന്ന ധാന്യങ്ങൾ വിതരണം ചെയ്യാനായി യോസേഫ് കളപ്പുരകൾ തുറന്നു. ആവശ്യക്കാർക്ക് അവിടെനിന്ന് ധാന്യങ്ങൾ വാങ്ങാൻ കഴിയുമായിരുന്നു.—ഉല്പത്തി 41:55, 56.
സമീപദേശങ്ങളിൽ ആരും ധാന്യം ശേഖരിച്ച് വെച്ചിരുന്നില്ല. അതുകൊണ്ടുതന്നെ, മൈലുകൾക്കപ്പുറം കനാനിലായിരുന്ന യോസേഫിന്റെ കുടുംബാംഗങ്ങളെയും പട്ടിണി ബാധിച്ചു. അപ്പോഴാണ് വൃദ്ധനായ യാക്കോബിന് ഈജിപ്തിൽ ധാന്യം ഉണ്ടെന്നുള്ള വിവരം കിട്ടിയത്. ഉടൻതന്നെ ധാന്യം കൈക്കൊള്ളാനായി തന്റെ മക്കളെ അങ്ങോട്ട് അയച്ചു.—ഉല്പത്തി 42:1, 2.
യാക്കോബ് തന്റെ പത്തു മക്കളെ അയച്ചെങ്കിലും, ഇളയവനായ ബെന്യാമീനെ പോകാൻ അനുവദിച്ചില്ല. കാരണം, മുമ്പൊരിക്കൽ മൂത്ത സഹോദരന്മാരെ കാണാനായി തന്റെ പ്രിയമകനായ യോസേഫിനെ പറഞ്ഞയച്ച കാര്യം അവന്റെ മനസ്സിൽ ഇപ്പോഴും തങ്ങിനിൽക്കുന്നുണ്ടായിരുന്നു. യാക്കോബ് തന്റെ മകനെ അവസാനമായി കണ്ടത് അന്നാണ്. പിന്നീട് അവൻ കാണുന്നത് താൻ മകന് സ്നേഹത്തോടെ സമ്മാനിച്ച വസ്ത്രം ചോരയിൽ പുരണ്ട് കീറിപ്പറിഞ്ഞ അവസ്ഥയിൽ മൂത്തപുത്രന്മാർ തിരികെ കൊണ്ടുവരുന്നതാണ്. ഒരു ദുഷ്ടമൃഗം അവനെ തിന്നുകളഞ്ഞു എന്ന് അവർ ആ വൃദ്ധപിതാവിനെ പറഞ്ഞു വിശ്വസിപ്പിച്ചു.—ഉല്പത്തി 37:31-35.
“യോസേഫ് . . . ഓർത്തു”
അങ്ങനെ ഒരു ദീർഘയാത്ര ചെയ്ത് യാക്കോബിന്റെ മക്കൾ ഈജിപ്തിൽ എത്തി. അവർ ഇനി ധാന്യം എവിടെനിന്ന് വാങ്ങും? അതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ ഉന്നതഗവണ്മെന്റ് ഉദ്യോഗസ്ഥനായ സാപ്നത്ത് പനേഹിന്റെ അടുക്കലേക്ക് പോകാൻ അവരോട് പറഞ്ഞു. (ഉല്പത്തി 41:45) അവർ അദ്ദേഹത്തെ കണ്ടപ്പോൾ അത് യോസേഫ് ആണെന്ന് അവർക്ക് തിരിച്ചറിയാൻ കഴിഞ്ഞോ? ഇല്ലേയില്ല. തങ്ങളെ സഹായിക്കാൻ പ്രാപ്തനായ ഉന്നത പദവിയിലുള്ള ഒരു ഭരണാധികാരിയാണെന്ന് മാത്രമേ അവർക്ക് തോന്നിയുള്ളൂ. ആദരസൂചകമായി അവർ അദ്ദേഹത്തിന്റെ മുമ്പിൽ “സാഷ്ടാംഗം നമസ്കരിച്ചു.”—ഉല്പത്തി 42:5, 6.
യോസേഫിനെ സംബന്ധിച്ചോ? കണ്ട മാത്രയിൽത്തന്നെ അവർ തന്റെ സഹോദരന്മാരാണെന്ന് അവനു മനസ്സിലായി! അവർ തന്റെ മുമ്പാകെ കുമ്പിട്ടപ്പോൾ ബാല്യകാലത്തെ ഓർമകൾ അവന്റെ മനസ്സിലേക്കു ഓടിയെത്തി. തന്റെ സഹോദരന്മാർ തന്നെ നമസ്കരിക്കുമെന്ന് താൻ ഒരു കുട്ടിയായിരുന്നപ്പോൾ, യഹോവ കാണിച്ച ‘സ്വപ്നം യോസേഫ് ഓർത്തു’ (ഉല്പത്തി 37:2, 5-9; 42:7, 9) യോസേഫ് ഇപ്പോൾ എന്തു ചെയ്യും? അവരെ കൈക്കൊള്ളുമോ? അതോ പ്രതികാരം ചെയ്യുമോ?
എന്തായാലും, വികാരത്തിനുപുറത്ത് ഒന്നും ചെയ്യേണ്ടെന്ന് യോസേഫ് തീരുമാനിച്ചു. ശ്രദ്ധേയമായ ഈ സംഭവങ്ങളെല്ലാം യഹോവയാണ് നയിച്ചുകൊണ്ടിരുന്നത്. കാരണം, ഇതിൽ അവന്റെ ഉദ്ദേശ്യം ഉൾപ്പെട്ടിരുന്നു. യാക്കോബിന്റെ സന്തതി ഒരു ശക്തമായ ജനതയായിത്തീരുമെന്ന് ദൈവം വാഗ്ദാനം ചെയ്തിരുന്നു. (ഉല്പത്തി 35:11, 12) യോസേഫിന്റെ സഹോദരന്മാർ ഇപ്പോഴും അക്രമാസക്തരും സ്വാർഥരും വീണ്ടുവിചാരമില്ലാത്തവരും ആയി തുടരുകയാണെങ്കിൽ അതിന്റെ ഫലം ദാരുണമാകുമായിരുന്നു! ഇനി യോസേഫാണ് വികാരത്തിന് കീഴ്പെടുന്നതെങ്കിൽ അതും അവന്റെ പിതൃകുടുംബത്തിലെ കാര്യങ്ങൾ താളംതെറ്റിക്കുമായിരുന്നു. അതായത്, അവന്റെ അപ്പന്റെയും ബെന്യാമീന്റെയും ജീവൻ അപകടത്തിലാകാൻ സാധ്യതയുണ്ടായിരുന്നു. അവർ ഇപ്പോഴും ജീവനോടെയുണ്ടോ? തന്റെ സഹോദരന്മാർക്ക് എന്തെങ്കിലും മാറ്റം വന്നിട്ടുണ്ടോ? അവർ ഏതുതരം ആളുകളാണ്? എന്നൊക്കെ അറിയേണ്ടതിന് തത്കാലം താൻ ആരാണെന്ന് വെളിപ്പെടുത്തേണ്ട എന്ന് അവൻ തീരുമാനിച്ചു. താൻ എന്തു ചെയ്യാനാണ് യഹോവ പ്രതീക്ഷിക്കുന്നതെന്ന് ഇതിലൂടെ അവൻ മനസ്സിലാക്കും.
അത്തരമൊരു അസാധാരണ സാഹചര്യത്തിലൂടെ നിങ്ങൾ ഒരിക്കലും കടന്നുപോയിട്ടുണ്ടാവില്ല. പക്ഷെ, കുടുംബത്തിനുള്ളിലെ വഴക്കും യോജിപ്പില്ലായ്മയും ഒക്കെ ഈ ലോകത്തിൽ സർവസാധാരണമാണ്. അത്തരം വെല്ലുവിളികൾ നേരിടുമ്പോൾ ഹൃദയം പറയുന്നതുപോലെ ചെയ്യാനും തെറ്റായ ചായ്വുകൾക്കനുസരിച്ച് പ്രവർത്തിക്കാനും നമ്മൾ ശ്രമിച്ചേക്കാം. ഇത്തരം സാഹചര്യങ്ങളിൽ യോസേഫിനെ അനുകരിക്കുന്നതും ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതും ആയിരിക്കും ജ്ഞാനം. (സദൃശവാക്യങ്ങൾ 14:12) കുടുംബാംഗങ്ങളോടു സമാധാനത്തിലായിരിക്കുന്നതിനെക്കാൾ പ്രധാനമാണ് യഹോവയും യേശുവും ആയി സമാധാനത്തിൽ ആയിരിക്കുന്നത് എന്ന കാര്യം മറക്കാതിരിക്കുക.—മത്തായി 10:37.
“ഞാൻ നിങ്ങളെ പരീക്ഷിക്കും”
സഹോദരന്മാരുടെ യഥാർഥഹൃദയാവസ്ഥ അറിയാൻ ചില പരീക്ഷണങ്ങൾ വേണ്ടിവരുമെന്ന് യോസേഫ് മനസ്സിലാക്കി. ആദ്യംതന്നെ അവർ വിദേശചാരന്മാരാണെന്ന് അവൻ ആരോപിച്ചുകൊണ്ട് ഒരു പരിഭാഷകനിലൂടെ പരുഷമായി അവരോട് സംസാരിക്കാൻ തുടങ്ങി. എന്നാൽ തങ്ങൾ അങ്ങനെയുള്ളവരല്ലെന്ന് തെളിയിക്കുന്നതിനുവേണ്ടി അവർ തങ്ങളുടെ കുടുംബപശ്ചാത്തലത്തെക്കുറിച്ച് വിവരിച്ചു. കൂട്ടത്തിൽ തങ്ങളുടെ ഇളയ സഹോദരൻ വീട്ടിലുള്ള കാര്യവും വെളിപ്പെടുത്തി. അപ്പോൾ, യോസേഫ് തന്റെ ആകാംക്ഷ മറച്ചുപിടിച്ചുകൊണ്ട് അവരോട്, നിങ്ങൾക്ക് ഒരു ഇളയസഹോദരനും കൂടിയുണ്ടോ എന്ന് ചോദിച്ചു. കാര്യങ്ങൾ തന്റെ വഴിക്കു വരുന്നുണ്ടെന്ന് മനസ്സിലാക്കിയ യോസേഫ് “ഇതിനാൽ ഞാൻ നിങ്ങളെ പരീക്ഷിക്കും” എന്നു പറഞ്ഞു. ആ സഹോദരനെ തനിക്ക് കാണണമെന്നും അവനെ ഇവിടെ കൊണ്ടുവരുന്നതുവരെ നിങ്ങളിൽ ഒരാൾ കാരാഗൃഹത്തിൽ കിടക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മറ്റുള്ളവരെ പോകാൻ അനുവദിച്ചു.—ഉല്പത്തി 42:9-20.
20 വർഷങ്ങൾക്കു മുമ്പ് തങ്ങൾ ചെയ്തുപോയ മഹാപാപത്തിന്റെ ശിക്ഷയാണ് ഇതെല്ലാമെന്ന് അവർ തമ്മിൽത്തമ്മിൽ പറഞ്ഞുകൊണ്ട് സ്വയം പഴിച്ചു. അവർ ഇങ്ങനെ പറഞ്ഞു: “ഇതു നമ്മുടെ സഹോദരനോടു നാം ചെയ്ത ദ്രോഹമാകുന്നു.” കാരണം, “അവൻ നമ്മോടു കെഞ്ചിയപ്പോൾ നാം അവന്റെ പ്രാണസങ്കടം കണ്ടാറെയും അവന്റെ അപേക്ഷ കേട്ടില്ലല്ലോ; അതുകൊണ്ടു ഈ സങ്കടം നമുക്കു വന്നിരിക്കുന്നു.” (ഉല്പത്തി 42:21-24) എന്നാൽ ഇതെല്ലാം യോസേഫ് മനസ്സിലാക്കുന്നുണ്ടെന്ന് അവർ അറിഞ്ഞതുമില്ല. പക്ഷെ, യഥാർഥ അനുതാപം എന്നു പറയുമ്പോൾ, ഒരു ദുഷ്പ്രവൃത്തിയുടെ പരിണതഫലങ്ങളെപ്രതി ഖേദം പ്രകടിപ്പിക്കുന്നതുകൊണ്ടു മാത്രം മതിയാകുന്നില്ലാത്തതുകൊണ്ട് യോസേഫ് തന്റെ പരീക്ഷണങ്ങൾ തുടർന്നു.
അങ്ങനെ ശിമെയോനെ ബന്ധിതനാക്കി മറ്റുള്ളവരെ പോകാൻ അനുവദിച്ചു. അവരുടെ ചാക്കിൽ ധാന്യത്തോടൊപ്പം അവനവന്റെ പണവും തിരികെ വെച്ച് അവരെ അയച്ചു. അവർ വീട്ടിലെത്തിയ ഉടനെ ബെന്യാമീനെ ഈജിപ്തിലേക്ക് കൊണ്ടുപോകേണ്ട കാര്യം ഉൾപ്പെടെ നടന്ന സംഭവമെല്ലാം അപ്പനോടു പറഞ്ഞു. എന്നാൽ, തന്റെ പ്രിയമകനെ കൊണ്ടുപോകാനുള്ള അനുവാദം അപ്പനായ യാക്കോബിൽനിന്ന് ലഭിക്കാൻ അവർക്ക് വളരെ ബുദ്ധിമുട്ടേണ്ടിവന്നു. ഈജിപ്തിൽ തിരിച്ചെത്തിയ അവർ യോസേഫിന്റെ ഗൃഹവിചാരകനോട് തങ്ങൾക്ക് ചാക്കിൽനിന്ന് ലഭിച്ച പണത്തെക്കുറിച്ചും അത് മുഴുവൻ തിരികെ നൽകുന്നതിനെക്കുറിച്ചും പറഞ്ഞു. അത് ഒരു നല്ല സൂചനയായിരുന്നെങ്കിലും അവരുടെ ഉള്ളിലിരിപ്പ് അറിയാൻ യോസേഫ് ആഗ്രഹിച്ചു. തുടർന്ന്, അവൻ അവർക്ക് ഒരു വിരുന്ന് ഒരുക്കി. ഈ സമയത്തെല്ലാം, ബെന്യാമീനെ കണ്ടതിലുള്ള സന്തോഷം അടക്കിവെക്കാൻ അവൻ പെടാപ്പാടുപെടുകയായിരുന്നു. ഒടുവിൽ ധാന്യവുമായി അവരെ വീട്ടിലേക്ക് വീണ്ടും പറഞ്ഞയച്ചു. എന്നാൽ, ഇത്തവണ ബെന്യാമീന്റെ ചാക്കിൽ വെള്ളി കൊണ്ടുള്ള ഒരു പാനപാത്രം അവൻ ഒളിപ്പിച്ചുവെച്ചു.—ഉല്പത്തി 42:26–44:2.
അങ്ങനെ യോസേഫ് സമർഥമായി ഒരു കെണി ഒരുക്കി. തന്റെ പാനപാത്രം മോഷ്ടിച്ചതാണെന്ന് ആരോപിച്ചുകൊണ്ട് അവരെ പിന്തുടർന്നുചെന്ന് പിടികൂടി. പാനപാത്രമാകട്ടെ ബെന്യാമീന്റെ ചാക്കിൽനിന്ന് കണ്ടെത്തുകയും ചെയ്തു. തുടർന്ന്, അവരെ എല്ലാവരെയും യോസേഫിന്റെ അടുക്കലേക്കു കൊണ്ടുവന്നു. ഇപ്പോൾ അവരുടെ യഥാർഥ സ്വഭാവം എന്താണെന്ന് അറിയാനുള്ള ഒരു നല്ല അവസരം യോസേഫിനു ലഭിച്ചു. സാഹചര്യത്തിന്റെ ഗൗരവം മനസ്സിലാക്കിയ യെഹൂദ സംസാരിക്കാൻ മുന്നോട്ടുവന്നു. ഞങ്ങൾ 11 പേരും ഈജിപ്തിൽ അടിമകളായി ഇരുന്നുകൊള്ളാമെന്ന് പറഞ്ഞുകൊണ്ട് കരുണയ്ക്കായി അവൻ കേണപേക്ഷിച്ചു. എന്നാൽ ബെന്യാമീൻ മാത്രം ഇവിടെ അടിമയായി നിന്നാൽ മതിയെന്നും ബാക്കിയുള്ള എല്ലാവർക്കും തിരിച്ചുപോകാമെന്നും യോസേഫ് കല്പിച്ചു.—ഉല്പത്തി 44:2-17.
ഇപ്പോൾ യെഹൂദ വികാരാധീനനായി ഇങ്ങനെ പറഞ്ഞു: “അവന്റെ അമ്മ പ്രസവിച്ചിട്ടു അവൻ ഒരുത്തനെ ശേഷിപ്പുള്ളു; അവൻ അപ്പന്റെ ഇഷ്ടനാകുന്നു.” ആ വാക്കുകൾ കേട്ടപ്പോൾ യോസേഫിന്റെ ഹൃദയം ഉരുകി. കാരണം, തന്റെ അപ്പനായ യാക്കോബിന്റെ പ്രിയപത്നി റാഹേലിന്റെ മൂത്ത മകനായിരുന്നു അവൻ. തന്റെ അനുജനായ ബെന്യാമീനു ജന്മം നൽകിയപ്പോഴാണ് അവന്റെ അമ്മ മരിച്ചുപോയത്. അപ്പനെപ്പോലെ യോസേഫിനും തന്റെ അമ്മയെക്കുറിച്ചുള്ള മധുരസ്മരണകൾ ഉണ്ടായിരുന്നു. ഈ ബന്ധമാണ് ബെന്യാമീനെ യോസേഫിന് ഇത്ര പ്രിയങ്കരനാക്കിയത്.—ഉല്പത്തി 35:18-20; 44:20.
ബെന്യാമീനെ അടിമയാക്കരുതേ എന്ന് യെഹൂദ യോസേഫിനോട് കേണപേക്ഷിച്ചുകൊണ്ടിരുന്നു. അവനു പകരം താൻ അടിമയായിക്കൊള്ളാമെന്നുപോലും യെഹൂദ പറഞ്ഞു. ഒടുവിൽ അവൻ ഉള്ളുരുകി ഇങ്ങനെ അപേക്ഷിച്ചു: “ബാലൻ കൂടെ ഇല്ലാതെ ഞാൻ എങ്ങനെ അപ്പന്റെ അടുക്കൽ പോകും? അപ്പന്നു ഭവിക്കുന്ന ദോഷം ഞാൻ കാണേണ്ടിവരുമല്ലോ.” (ഉല്പത്തി 44:18-34) യെഹൂദ ഇങ്ങനെ പറഞ്ഞതോടെ അവന്റെ സ്വഭാവത്തിൽ വന്നിരിക്കുന്ന മാറ്റം യോസേഫിന് കാണാനാകുന്നു. അവൻ ഇപ്പോൾ മനസ്താപമുള്ളവനാണെന്നു മാത്രമല്ല ശ്രദ്ധേയമായ അളവിൽ സഹാനുഭൂതിയും നിസ്സ്വാർഥതയും അനുകമ്പയും ഉള്ളവനായി മാറിയിരിക്കുന്നു.
ഇത്രയുമായപ്പോഴേക്കും യോസേഫിന്റെ നിയന്ത്രണം നഷ്ടപ്പെടുന്നു. ഉള്ളിലൊതുക്കിയ വികാരം അടക്കാൻ കഴിയാതെ ഗൃഹവിചാരകന്മാരെയെല്ലാം പുറത്താക്കിയതിനുശേഷം അവൻ ഉച്ചത്തിൽ കരഞ്ഞു. ആ ശബ്ദം ഫറവോന്റെ കൊട്ടാരത്തിലെങ്ങും കേൾക്കാമായിരുന്നു. തുടർന്ന്, തന്റെ സഹോദരന്മാർക്കു മുമ്പാകെ “നിങ്ങളുടെ സഹോദരൻ യോസേഫ് ആകുന്നു ഞാൻ” എന്നു പറഞ്ഞുകൊണ്ട് തന്നെത്താൻ വെളിപ്പെടുത്തി. ഭ്രമിച്ചുപോയ അവരെയെല്ലാം കെട്ടിപ്പിടിച്ച് അവൻ കരയുന്നു. തന്നോട് ചെയ്ത എല്ലാ ദുഷ്പ്രവൃത്തിയും അവൻ ക്ഷമിച്ചു. (ഉല്പത്തി 45:1-15) അങ്ങനെ ഉദാരമായി ക്ഷമിക്കുന്ന യഹോവയുടെ മനോഭാവം അവൻ പ്രതിഫലിപ്പിച്ചു. (സങ്കീർത്തനം 86:5) നമ്മളും അവനെപ്പോലെ ഉദാരമായി ക്ഷമിക്കുമോ?
“നീ ജീവനോടിരിക്കുന്നു”!
യോസേഫിന്റെ കുടുംബത്തെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം മനസ്സിലാക്കിയ ഫറവോൻ അവന്റെ വൃദ്ധപിതാവ് ഉൾപ്പെടെ മുഴുകുടുംബത്തെയും ഈജിപ്തിലേക്കു ക്ഷണിക്കുന്നു. അധികം താമസിയാതെ തന്റെ പ്രിയപ്പെട്ട അപ്പനെ അവനു കാണാൻ കഴിയുന്നു. യോസേഫിനെ കണ്ട മാത്രയിൽ യാക്കോബ് വിതുമ്പിക്കൊണ്ട് ഇങ്ങനെ പറഞ്ഞു: “നീ ജീവനോടിരിക്കുന്നു എന്നു ഞാൻ നിന്റെ മുഖം കണ്ടറിഞ്ഞതുകൊണ്ടു ഞാൻ ഇപ്പോൾ തന്നേ മരിച്ചാലും വേണ്ടതില്ല.”—ഉല്പത്തി 45:16-28; 46:29, 30.
വീണ്ടും ഒരു 17 വർഷംകൂടെ യാക്കോബ് ഈജിപ്തിൽ ജീവിച്ചിരുന്നു. ഇക്കാലയളവിൽ തന്റെ 12 മക്കളോട് പ്രാവചനിക വാക്കുകൾ ഉച്ചരിക്കാനും അവനു കഴിഞ്ഞു. 11-ാമത്തെ മകനായ യോസേഫിനാകട്ടെ മൂത്തമകന് കൊടുക്കുന്നതുപോലെ ഇരട്ടി ഓഹരിയും നൽകി. ഇസ്രായേല്യ ഗോത്രങ്ങളിൽ രണ്ടെണ്ണം അവനിൽനിന്ന് ഉത്ഭവിക്കുമായിരുന്നു. എന്നാൽ അനുതാപം പ്രകടിപ്പിക്കുന്ന കാര്യത്തിൽ മറ്റുള്ളവരെക്കാളും മികച്ചുനിന്ന നാലാമത്തെ മകനായ യഹൂദയ്ക്കോ? വലിയൊരു അനുഗ്രഹം അവനെ കാത്തിരിക്കുന്നുണ്ടായിരുന്നു. അവന്റെ കുടുംബപരമ്പരയിൽ നിന്നാണ് വാഗ്ദത്തമിശിഹാ ജനിക്കുന്നത്.—ഉല്പത്തി അധ്യായം 48, 49
പിന്നീട്, യാക്കോബ് 147-ാമത്തെ വയസ്സിൽ മരിച്ചതോടെ, ശക്തമായ അധികാരത്തിലിരിക്കുന്ന യോസേഫ് തങ്ങളോട് പ്രതികാരം ചെയ്തേക്കുമോയെന്ന് അവന്റെ സഹോദരങ്ങൾ ഭയപ്പെട്ടു. എന്നാൽ യോസേഫ് അവരോട് സ്നേഹപുരസ്സരം ഇടപെട്ടു. യാക്കോബിന്റെ കുടുംബം ഈജിപ്തിലേക്കു വരാൻ കാരണമായതിനു പിന്നിൽ യഹോവയാണെന്നും അതുകൊണ്ടുതന്നെ സംഭവിച്ചുപോയ കാര്യങ്ങൾ ഓർത്ത് അവർ ദുഃഖിക്കേണ്ടതില്ലെന്നും അവൻ അവരോട് പറഞ്ഞു. അവരുടെ ഭയം അകറ്റാൻ അവൻ ഇങ്ങനെയും ചോദിച്ചു: “ഞാൻ ദൈവത്തിന്റെ സ്ഥാനത്തു ഇരിക്കുന്നുവോ?” (ഉല്പത്തി 15:13; 45:7, 8; 50:15-21) അതിലൂടെ, പരിപൂർണനായ ന്യായാധിപൻ യഹോവ മാത്രമാണെന്ന് യോസേഫ് അംഗീകരിക്കുകയായിരുന്നു. മാത്രമല്ല, യഹോവ ക്ഷമിച്ച വ്യക്തിയെ ശിക്ഷിക്കാൻ തനിക്ക് യാതൊരു അവകാശവുമില്ലെന്ന് അവൻ തെളിയിക്കുകകൂടിയായിരുന്നു.—എബ്രായർ 10:30.
ക്ഷമിക്കുകയെന്നത് പ്രയാസമുള്ള ഒന്നായി നിങ്ങൾക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ? മറ്റുള്ളവർ നമ്മളെ മനപ്പൂർവം ദ്രോഹിക്കുമ്പോൾ ക്ഷമിക്കുക എന്നത് ബുദ്ധിമുട്ടുതന്നെയാണ്. എന്നാൽ, ആത്മാർഥമായി അനുതപിക്കുന്നവരോട് ഹൃദയപൂർവം ക്ഷമിക്കുമ്പോൾ അവരുടെ മാത്രമല്ല നമ്മുടെയും മുറിവുകൾ ഉണങ്ങാൻ അത് സഹായിക്കുന്നു. അങ്ങനെ വിശ്വസ്തനായ യോസേഫിന്റെയും കരുണാമയനായ നമ്മുടെ സ്വർഗീയപിതാവായ യഹോവയുടെയും മാതൃക നമുക്ക് അനുകരിക്കാം. ▪ (w15-E 05/01)
a 2014 ആഗസ്റ്റ് 1, നവംബർ 1, 2015 ഫെബ്രുവരി 1 ലക്കം വീക്ഷാഗോപുരത്തിലെ (ഇംഗ്ലീഷ്) “അവരുടെ വിശ്വാസം അനുകരിക്കുക” എന്ന ലേഖനം കാണുക.