ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ഒക്ടോബർ 5-11
ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 31–32
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക
w87-E 9/1 29
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
ഒരു വ്യക്തിയുടെ പേര് “ജീവന്റെ പുസ്തകത്തിൽ” എഴുതുന്നു, അതായത് ആ വ്യക്തിയെ യഹോവ അംഗീകാരത്തോടെ ഓർക്കുന്നു എന്നത് ആ വ്യക്തിക്ക് ഉറപ്പായും നിത്യജീവൻ കിട്ടുമെന്ന് അർഥമാക്കുന്നില്ല. ഇസ്രായേല്യരുടെ കാര്യത്തിൽ മോശ യഹോവയോടു പറഞ്ഞു: “തിരുഹിതമെങ്കിൽ ഇപ്പോൾ അവരുടെ പാപം പൊറുക്കേണമേ. അല്ലാത്തപക്ഷം, അങ്ങ് എഴുതിയ അങ്ങയുടെ പുസ്തകത്തിൽനിന്ന് എന്റെ പേര് ദയവായി മായ്ച്ചുകളഞ്ഞാലും.” ദൈവം മോശയ്ക്ക് ഇങ്ങനെ ഉത്തരം കൊടുത്തു: “ആരാണോ എനിക്ക് എതിരെ പാപം ചെയ്തത് അവന്റെ പേര് എന്റെ പുസ്തകത്തിൽനിന്ന് ഞാൻ മായ്ച്ചുകളയും.” (പുറപ്പാട് 32:32, 33) അതെ, ഒരു വ്യക്തിയുടെ പേര് ദൈവം തന്റെ പുസ്തകത്തിൽ എഴുതിയാലും, പിന്നീട് ആ വ്യക്തി അനുസരണക്കേടു കാണിക്കാനും വിശ്വാസം ഉപേക്ഷിക്കാനും സാധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാൽ, ‘ജീവന്റെ പുസ്തകത്തിൽനിന്ന് ദൈവം അവന്റെ പേര് മായ്ച്ചുകളയും.’—വെളിപാട് 3:5.
ഒക്ടോബർ 12-18
ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 33–34
“യഹോവയുടെ ആകർഷകമായ ഗുണങ്ങൾ”
it-2-E 466-467
പേര്
ഈ പ്രപഞ്ചം ഒരു ദൈവമുണ്ടെന്നു തെളിയിക്കുന്നുണ്ട്, പക്ഷേ അത് ആ ദൈവത്തിന്റെ പേര് വെളിപ്പെടുത്തുന്നില്ല. (സങ്ക 19:1; റോമ 1:20) ദൈവത്തിന്റെ പേര് അറിയുന്നതിൽ, ‘യഹോവ’ എന്ന വാക്ക് അറിയുന്നതിലും കൂടുതൽ ഉൾപ്പെടുന്നുണ്ട്. (2ദിന 6:33) ദൈവത്തെ ഒരു വ്യക്തിയെന്ന നിലയിൽ അറിയുക എന്നാണ് അതിന്റെ അർഥം. അതിൽ, ദൈവവചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ദൈവത്തിന്റെ ഉദ്ദേശ്യങ്ങളും ഗുണങ്ങളും ദൈവം കാര്യങ്ങൾ ചെയ്യുന്ന രീതിയും അറിയുന്നത് ഉൾപ്പെടുന്നു. (1രാജ 8:41-43-ഉം 9:3, 7-ഉം നെഹ 9:10-ഉം താരതമ്യം ചെയ്യുക.) അതു മനസ്സിലാക്കാൻ ഒരു ഉദാഹരണം നോക്കാം. മോശയെ യഹോവയ്ക്കു “പേരിനാൽ അറിയാം” എന്നു പറഞ്ഞിട്ടുണ്ട്. വ്യക്തമായും അതിന് അർഥം യഹോവയ്ക്കു മോശയെ അടുത്ത് അറിയാം എന്നാണ്. (പുറ 33:12, അടിക്കുറിപ്പ്) ഒരിക്കൽ മോശയ്ക്ക് യഹോവയുടെ തേജസ്സിന്റെ ഒരു പ്രകടനം കാണാനും യഹോവ ‘തന്റെ പേര് പ്രഖ്യാപിക്കുന്നതു കേൾക്കാനും’ ഉള്ള അവസരം ലഭിച്ചു. (പുറ 34:5) ആ സാഹചര്യത്തിൽ യഹോവ തന്റെ പേര് വെറുതേ പറയുക മാത്രമാണോ ചെയ്തത്? അല്ല. തന്റെ ഗുണങ്ങളും താൻ കാര്യങ്ങൾ ചെയ്യുന്ന രീതിയും ആണ് ആ സമയത്ത് യഹോവ മോശയുടെ മുമ്പാകെ പ്രഖ്യാപിച്ചത്. നമ്മൾ ഇങ്ങനെ വായിക്കുന്നു: “യഹോവ, യഹോവ, കരുണയും അനുകമ്പയും ഉള്ള ദൈവം, പെട്ടെന്നു കോപിക്കാത്തവൻ, അചഞ്ചലസ്നേഹവും സത്യവും നിറഞ്ഞവൻ, ആയിരമായിരങ്ങളോട് അചഞ്ചലമായ സ്നേഹം കാണിക്കുന്നവൻ, തെറ്റുകളും ലംഘനവും പാപവും പൊറുക്കുന്നവൻ. എന്നാൽ കുറ്റക്കാരനെ ഒരു കാരണവശാലും അവൻ ശിക്ഷിക്കാതെ വിടില്ല. പിതാക്കന്മാരുടെ അകൃത്യത്തിനുള്ള ശിക്ഷ അവൻ മക്കളുടെ മേലും മക്കളുടെ മക്കളുടെ മേലും വരുത്തും. മൂന്നാമത്തെയും നാലാമത്തെയും തലമുറയോളം അവൻ അവരെ ശിക്ഷിക്കും.” (പുറ 34:6, 7) അതുപോലെ, മോശയുടെ പാട്ടിന്റെ ആദ്യഭാഗത്ത് “ഞാൻ യഹോവയുടെ പേര് പ്രസിദ്ധമാക്കും” എന്ന വാക്കുകൾ കാണാം. അതിൽ ഇസ്രായേല്യരുമായുള്ള യഹോവയുടെ ഇടപെടലുകളും യഹോവയുടെ വ്യക്തിത്വവും ആണ് വർണിക്കുന്നത്.—ആവ 32:3-44.
ഒക്ടോബർ 26–നവംബർ 1
ദൈവവചനത്തിലെ നിധികൾ | പുറപ്പാട് 37–38
“വിശുദ്ധകൂടാരത്തിലെ യാഗപീഠങ്ങളും സത്യാരാധനയിൽ അവയ്ക്കുള്ള പങ്കും”
it-1-E 82 ¶3
യാഗപീഠം
സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള യാഗപീഠം. “സ്വർണംകൊണ്ടുള്ള യാഗപീഠം” എന്നും വിളിച്ചിരുന്ന സുഗന്ധക്കൂട്ടിന്റെ യാഗപീഠം കരുവേലത്തടികൊണ്ടാണ് ഉണ്ടാക്കിയത്. (പുറ 39:38) അതിന്റെ ഉപരിതലവും, ചുറ്റോടുചുറ്റും അതിന്റെ വശങ്ങളും സ്വർണംകൊണ്ട് പൊതിഞ്ഞിരുന്നു. അതിന്റെ മുകൾഭാഗത്ത് സ്വർണംകൊണ്ടുള്ള വക്കുണ്ടായിരുന്നു. യാഗപീഠത്തിന്റെ വീതിയും നീളവും 44.5 സെന്റിമീറ്ററായിരുന്നു, ഉയരം 89 സെന്റിമീറ്ററും. മുകളിലത്തെ നാലു മൂലയിൽനിന്നും നാലു ‘കൊമ്പുകളുണ്ടായിരുന്നു.’ യാഗപീഠം ചുമന്നുകൊണ്ടുപോകാനുള്ള തണ്ടുകൾ ഇടാനായി അതിന്റെ വക്കിനു കീഴെ എതിർവശങ്ങളിലായി സ്വർണംകൊണ്ടുള്ള രണ്ടു വളയങ്ങളും ഉണ്ടാക്കിയിരുന്നു. തണ്ടുകൾ കരുവേലത്തടികൊണ്ട് ഉണ്ടാക്കിയിട്ട് അതിൽ സ്വർണം പൊതിഞ്ഞിരുന്നു. (പുറ 30:1-5; 37:25-28) ഈ യാഗപീഠത്തിൽ ഒരു പ്രത്യേക സുഗന്ധക്കൂട്ട് ദിവസം രണ്ടു പ്രാവശ്യം, രാവിലെയും വൈകുന്നേരവും, കത്തിച്ചിരുന്നു. (പുറ 30:7-9, 34-38) സുഗന്ധക്കൂട്ട് കത്തിക്കാനായി ഒരു പാത്രം ഉപയോഗിക്കുന്നതിനെക്കുറിച്ച് മറ്റിടങ്ങളിൽ പറയുന്നുണ്ട്. സുഗന്ധക്കൂട്ട് അർപ്പിക്കാനുള്ള യാഗപീഠത്തിനോടുള്ള ബന്ധത്തിലും അത്തരം ഒരു പാത്രം ഉപയോഗിച്ചിരിക്കാം. (ലേവ 16:12, 13; എബ്ര 9:4; വെളി 8:5; 2ദിന 26:16, 19 താരതമ്യം ചെയ്യുക.) വിശുദ്ധകൂടാരത്തിൽ അതിവിശുദ്ധത്തിലേക്കുള്ള തിരശ്ശീലയുടെ തൊട്ടുമുന്നിലായിരുന്നു ഈ യാഗപീഠം. അതുകൊണ്ട് അത് ‘സാക്ഷ്യപ്പെട്ടകത്തിന്റെ മുന്നിലായിരുന്നു’ എന്നു പറഞ്ഞിരിക്കുന്നു.—പുറ 30:1, 6; 40:5, 26, 27.
it-1-E 1195
സുഗന്ധക്കൂട്ട്
ഇസ്രായേല്യർ സംഭാവനയായി കൊടുത്തിരുന്ന വിലയേറിയ സാധനങ്ങളിൽനിന്നാണ് വിജനഭൂമിയിൽ, വിശുദ്ധകൂടാരത്തിലെ ഉപയോഗത്തിനുള്ള വിശുദ്ധമായ സുഗന്ധക്കൂട്ട് തയ്യാറാക്കിയിരുന്നത്. (പുറ 25:1, 2, 6; 35:4, 5, 8, 27-29) നാലു ചേരുവകൾ അടങ്ങിയ ഇതിന്റെ കൂട്ട് യഹോവ മോശയ്ക്കു പറഞ്ഞുകൊടുത്തു: “സുഗന്ധക്കറ, ഒനീഖാ, വാസന വരുത്തിയ ഗൽബാനപ്പശ, ശുദ്ധമായ കുന്തിരിക്കം എന്നീ പരിമളദ്രവ്യങ്ങൾ ഒരേ അളവിൽ എടുത്ത് അവകൊണ്ട് സുഗന്ധക്കൂട്ട് ഉണ്ടാക്കുക. ഈ സുഗന്ധവ്യഞ്ജനക്കൂട്ടു നിപുണതയോടെ സംയോജിപ്പിച്ച് ഉപ്പു ചേർത്ത് ഉണ്ടാക്കിയതായിരിക്കണം. അതു നിർമലവും വിശുദ്ധവും ആയിരിക്കണം. അതിൽ കുറച്ച് എടുത്ത് ഇടിച്ച് നേർത്ത പൊടിയാക്കണം. എന്നിട്ട് അതിൽനിന്ന് അൽപ്പം എടുത്ത് ഞാൻ നിന്റെ മുന്നിൽ സന്നിഹിതനാകാനുള്ള സാന്നിധ്യകൂടാരത്തിലെ ‘സാക്ഷ്യ’ത്തിനു മുമ്പിൽ വെക്കുക. അതു നിങ്ങൾക്ക് ഏറ്റവും വിശുദ്ധമായിരിക്കണം.” ഈ സുഗന്ധക്കൂട്ട് വിശുദ്ധകൂടാരത്തിലെ ഉപയോഗത്തിനുവേണ്ടി മാത്രമുള്ളതായിരുന്നു. അതിന്റെ പവിത്രത ജനത്തിനു ശരിക്കും മനസ്സിലാകാൻ യഹോവ ഇങ്ങനെയൊരു കാര്യംകൂടി പറഞ്ഞു: “സൗരഭ്യം ആസ്വദിക്കാൻ ആരെങ്കിലും അതുപോലൊന്ന് ഉണ്ടാക്കിയാൽ അവനെ അവന്റെ ജനത്തിന്റെ ഇടയിൽ വെച്ചേക്കരുത്.”—പുറ 30:34-38; 37:29.
it-1-E 82 ¶1
യാഗപീഠം
വിശുദ്ധകൂടാരത്തിലെ യാഗപീഠങ്ങൾ. വിശുദ്ധകൂടാരത്തിൽ, ദൈവം കൊടുത്ത മാതൃക അനുസരിച്ച് രണ്ടു യാഗപീഠങ്ങൾ പണിതു. “ചെമ്പുകൊണ്ടുള്ള യാഗപീഠം” എന്നും വിളിച്ചിരുന്ന ദഹനയാഗത്തിനുള്ള യാഗപീഠം കരുവേലത്തടികൊണ്ടാണ് ഉണ്ടാക്കിയത്, (പുറ 39:39) പൊള്ളയായ ഒരു പെട്ടിയുടെ രൂപത്തിലുള്ള ആ യാഗപീഠത്തിന് താഴെയും മുകളിലും മൂടിയില്ലായിരുന്നു. അതിന്റെ വീതിയും നീളവും 2.2 മീറ്ററായിരുന്നു, ഉയരം 1.3 മീറ്ററും. മുകളിലത്തെ നാലു മൂലകളിൽനിന്നും നാലു ‘കൊമ്പുകളുണ്ടായിരുന്നു.’ യാഗപീഠം ചെമ്പുകൊണ്ട് പൊതിഞ്ഞിരുന്നു. യാഗപീഠത്തിന്റെ അരികുപാളിക്കു കീഴെ അതിന്റെ “മധ്യഭാഗത്തേക്ക് ഇറങ്ങിയിരിക്കുന്ന” രീതിയിൽ ഒരു ജാലവും, അതായത് ചെമ്പുകൊണ്ടുള്ള ഒരു വലയും, ഉണ്ടായിരുന്നു. അതിന്റെ നാലു കോണിലായി ചെമ്പുകൊണ്ടുള്ള നാലു വളയവും ഉണ്ടായിരുന്നു. ഈ വളയങ്ങളിലൂടെത്തന്നെയായിരിക്കാം, യാഗപീഠം ചുമന്നുകൊണ്ടുപോകുന്നതിന് കരുവേലത്തടികൊണ്ടുള്ള, ചെമ്പുകൊണ്ട് പൊതിഞ്ഞിരുന്ന തണ്ടുകൾ കടത്തിയിരുന്നത്. ഒരുപക്ഷേ ഈ ജാലം, അഥവാ വല യാഗപീഠത്തിനുള്ളിലേക്കു നേരെ കയറ്റുന്നതിന് അതിന്റെ രണ്ടു വശങ്ങളിൽ സ്ഥലമിട്ടിട്ടുണ്ടായിരുന്നിരിക്കാം, ചിലപ്പോൾ ഈ ജാലത്തിൽത്തന്നെയായിരിക്കാം നാലു വളയങ്ങൾ പിടിപ്പിച്ചിരുന്നത്. ഈ വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായവ്യത്യാസമുണ്ട്. ചിലർ പറയുന്നത്, രണ്ടു സെറ്റ് വളയങ്ങളുണ്ടായിരുന്നു എന്നാണ്. രണ്ടാമത്തെ സെറ്റ് യാഗപീഠം ചുമന്നുകൊണ്ടുപോകുന്നതിനുള്ള തണ്ടുകൾ കടത്താൻ യാഗപീഠത്തിൽത്തന്നെ പിടിപ്പിച്ചിരുന്നവയാണ് എന്നാണ് അവരുടെ അഭിപ്രായം. ഇതുമായി ബന്ധപ്പെട്ട മറ്റ് ഉപകരണങ്ങളും ചെമ്പുകൊണ്ട് ഉണ്ടാക്കണമായിരുന്നു, ചാരം വാരാനുള്ള വീപ്പകളും കോരികകളും മൃഗങ്ങളുടെ രക്തം ശേഖരിക്കാനുള്ള കുഴിയൻപാത്രങ്ങളും മൃഗങ്ങളുടെ മാംസം കുത്തിയെടുക്കാനും മറ്റും ഉപയോഗിച്ചിരുന്ന മുൾക്കരണ്ടികളും അതുപോലെ കനൽപ്പാത്രങ്ങളും എല്ലാം.—പുറ 27:1-8; 38:1-7, 30; സംഖ 4:14.
it-1-E 36
കരുവേലം
കരുവേലത്തിന്റെ പടർന്നുകിടക്കുന്ന ശിഖിരങ്ങളിൽ നീളമുള്ള മുള്ളുകളുണ്ടായിരുന്നു. ചിലപ്പോൾ ഇവയുടെ ശിഖിരങ്ങൾ വേറെ കരുവേലത്തിന്റെ ശിഖിരങ്ങളുമായി കെട്ടുപിണഞ്ഞ് ഒരു കുറ്റിക്കാടുപോലെയാകും. ബൈബിളിൽ പലപ്പോഴും ഈ മരത്തിന്റെ പേര് ബഹുവചനമായ ഷിത്തിം എന്നു കൊടുത്തിരിക്കുന്നതിന്റെ കാരണം അതാണ്. കരുവേലം 6 മുതൽ 8 മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്. പക്ഷേ പലപ്പോഴും അതു കണ്ടാൽ ഒരു കുറ്റിക്കാടെണെന്നേ തോന്നൂ. തൂവൽപോലെ നേർത്ത ഇലകളാണ് അവയ്ക്കുള്ളത്, മഞ്ഞ നിറത്തിലുള്ള അവയുടെ പൂക്കൾ സുഗന്ധം പരത്തുന്നവയാണ്. അതിന്റെ തടി കട്ടിയുള്ളതും ഈടുനിൽക്കുന്നതും കീടങ്ങളുടെ ആക്രമണത്തെ ചെറുക്കുന്നതും ആണ്. അവയ്ക്കു ഇരുണ്ട നിറത്തിലുള്ള, നല്ല കട്ടിയുള്ള തൊലിയും ഉണ്ട്. ഈ പ്രത്യേകതകൾകൊണ്ടും അതു വിജനഭൂമിയിൽ സുലഭമായിരുന്നതുകൊണ്ടും ആണ് വിശുദ്ധകൂടാരവും അതിന്റെ ഉപകരണങ്ങളും പണിയാൻ ഈ മരം അനുയോജ്യമായിരുന്നത്. ഉടമ്പടിപ്പെട്ടകം, (പുറ 25:10; 37:1), കാഴ്ചയപ്പത്തിന്റെ മേശ, (പുറ 25:23; 37:10), യാഗപീഠങ്ങൾ, (പുറ 27:1; 37:25; 38:1), ഇവയെല്ലാം എടുത്തുകൊണ്ടുപോകാനുള്ള തണ്ടുകൾ, (പുറ 25:13, 28; 27:6; 30:5; 37:4, 15, 28; 38:6), തിരശ്ശീലയ്ക്കും യവനികയ്ക്കും ഉള്ള തൂണുകൾ, (പുറ 26:32, 37; 36:36), ചട്ടങ്ങൾ, (പുറ 26:15; 36:20) അവ ബന്ധിപ്പിക്കാനുള്ള കഴകൾ (പുറ 26:26; 36:31) ഇവയെല്ലാം ഉണ്ടാക്കിയിരുന്നത് ഈ മരത്തടി വെച്ചായിരുന്നു.
w15-E 4/1 15 ¶4
നിങ്ങൾക്ക് അറിയാമോ?
ബൈബിൾക്കാലങ്ങളിലെ കണ്ണാടികൾ ഇന്നുള്ള ചില്ലു കണ്ണാടികൾപോലെയല്ലായിരുന്നു. അവ നിർമിച്ചിരുന്നത് തേച്ചുമിനുക്കിയ വെങ്കലം കൊണ്ടായിരുന്നു. ഒരുപക്ഷേ ചെമ്പ്, വെള്ളി, സ്വർണം, രജതസ്വർണം പോലുള്ള ലോഹങ്ങളും ഉപയോഗിച്ചിരുന്നിരിക്കാം. ഇസ്രായേല്യർ ആരാധനയ്ക്കായി ഉപയോഗിച്ചിരുന്ന വിശുദ്ധകൂടാരത്തിന്റെ നിർമാണത്തോടുള്ള ബന്ധത്തിലാണു ബൈബിളിൽ കണ്ണാടിയെക്കുറിച്ച് ആദ്യമായി പരാമർശിക്കുന്നത്. വെള്ളം വെക്കാനുള്ള പാത്രവും അതിന്റെ താങ്ങും ചെമ്പുകൊണ്ട് ഉണ്ടാക്കുന്നതിന് സ്ത്രീകൾ കണ്ണാടികൾ സംഭാവനയായി നൽകി. (പുറപ്പാട് 38:8) ഒരുപക്ഷേ ഈ കണ്ണാടികൾ ഉരുക്കിയായിരിക്കാം അവ ഉണ്ടാക്കിയത്.