പഠനലേഖനം 47
ലേവ്യ പുസ്തകത്തിൽനിന്ന് നമുക്കു പഠിക്കാൻ കഴിയുന്ന പാഠങ്ങൾ
“എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ . . . പ്രയോജനമുള്ളതു ആകുന്നു.”—2 തിമൊ. 3:16, 17, സത്യവേദപുസ്തകം.
ഗീതം 98 തിരുവെഴുത്തുകൾ ദൈവപ്രചോദിതം
പൂർവാവലോകനംa
1-2. ലേവ്യ പുസ്തകത്തിൽനിന്ന് പഠിക്കാൻ ക്രിസ്ത്യാനികൾക്കു പ്രത്യേകതാത്പര്യമുള്ളത് എന്തുകൊണ്ട്?
അപ്പോസ്തലനായ പൗലോസ് തന്റെ കൂട്ടുകാരനായ തിമൊഥെയൊസിനോട് ഇങ്ങനെ പറഞ്ഞു: “എല്ലാ തിരുവെഴുത്തും ദൈവശ്വാസീയമാകയാൽ . . . പ്രയോജനമുള്ളതു ആകുന്നു.” (2 തിമൊ. 3:16, 17, സത്യവേദപുസ്തകം) അതിൽ ലേവ്യ പുസ്തകവും ഉൾപ്പെടും. നിങ്ങൾ ആ ബൈബിൾപുസ്തകത്തെ എങ്ങനെയാണു കാണുന്നത്? ചിലർ അതിനെ നിയമങ്ങളുടെ നീണ്ട ലിസ്റ്റ് അടങ്ങിയ ഒന്നായിട്ടായിരിക്കും കാണുന്നത്. ഇന്ന് അതുകൊണ്ട് ഒരു പ്രയോജനവുമില്ലെന്നു ചിലർ ചിന്തിക്കുന്നു. എന്നാൽ സത്യക്രിസ്ത്യാനികൾ അതിനെ കാണുന്നതു മറ്റൊരു വിധത്തിലാണ്.
2 ഏതാണ്ട് 3,500 വർഷം മുമ്പാണു ലേവ്യ പുസ്തകം എഴുതിയത്. എങ്കിലും ‘നമ്മളെ പഠിപ്പിക്കാനായി’ യഹോവ ഇന്നുവരെ അതു കാത്തുസൂക്ഷിച്ചിരിക്കുന്നു. (റോമ. 15:4) യഹോവയുടെ ചിന്തകളിലേക്കു വെളിച്ചം വീശുന്നതാണു ലേവ്യ പുസ്തകം. അതുകൊണ്ട് അതിൽനിന്ന് പഠിക്കാൻ നമ്മൾ താത്പര്യമെടുക്കണം. ദൈവപ്രചോദിതമായ ഈ പുസ്തകത്തിൽനിന്ന് പഠിക്കാൻ കഴിയുന്ന അനേകം പാഠങ്ങളുണ്ട്. അതിൽ നാലെണ്ണം നമുക്ക് ഇപ്പോൾ നോക്കാം.
യഹോവയുടെ അംഗീകാരം എങ്ങനെ നേടാം?
3. പാപപരിഹാരദിവസം ബലികൾ അർപ്പിച്ചത് എന്തിനുവേണ്ടിയായിരുന്നു?
3 ഒന്നാമത്തെ പാഠം: നമ്മുടെ യാഗങ്ങൾ സ്വീകരിക്കണമെങ്കിൽ നമുക്ക് യഹോവയുടെ അംഗീകാരം ആവശ്യമാണ്. എല്ലാ വർഷവും പാപപരിഹാരദിവസത്തിൽ ഇസ്രായേൽ ജനത ഒന്നാകെ കൂടിവരുകയും മഹാപുരോഹിതൻ മൃഗബലികൾ അർപ്പിക്കുകയും ചെയ്യുമായിരുന്നു. പാപത്തിൽനിന്ന് തങ്ങൾക്കു ശുദ്ധീകരണം ആവശ്യമാണെന്ന് ആ മൃഗബലികൾ ഇസ്രായേല്യരെ ഓർമിപ്പിച്ചു. പക്ഷേ ആ ദിവസം മഹാപുരോഹിതൻ യാഗരക്തം അതിവിശുദ്ധത്തിലേക്കു കൊണ്ടുവരുന്നതിനു മുമ്പ് മറ്റൊരു കാര്യം ചെയ്യണമായിരുന്നു. ഇസ്രായേല്യരുടെ പാപം ക്ഷമിച്ചുകിട്ടുന്നതിനെക്കാൾ പ്രധാനം അതായിരുന്നു.
4. ലേവ്യ 16:12, 13 അനുസരിച്ച്, പാപപരിഹാരദിവസത്തിൽ മഹാപുരോഹിതൻ അതിവിശുദ്ധത്തിലേക്ക് ആദ്യം പ്രവേശിക്കുമ്പോൾ എന്താണു ചെയ്യുന്നത്? (പുറംതാളിലെ ചിത്രം കാണുക.)
4 ലേവ്യ 16:12, 13 വായിക്കുക. പാപപരിഹാരദിവസത്തിൽ നടക്കുന്ന രംഗങ്ങൾ ഭാവനയിൽ കാണുക: മഹാപുരോഹിതൻ വിശുദ്ധകൂടാരത്തിന് അകത്തേക്കു പ്രവേശിക്കുന്നു. അതിവിശുദ്ധത്തിന് അടുത്തേക്ക് അദ്ദേഹം നടന്നുനീങ്ങുകയാണ്. അന്നുതന്നെ രണ്ടു തവണകൂടി അതിവിശുദ്ധത്തിൽ കടക്കും. “രണ്ടു കൈ” സുഗന്ധക്കൂട്ടു നിറച്ച പാത്രം ഒരു കൈയിലും മറ്റേ കൈയിൽ തീക്കനൽ നിറച്ച സ്വർണപാത്രവും ഉണ്ട്. അതിവിശുദ്ധത്തെ മറച്ചിരിക്കുന്ന തിരശ്ശീലയുടെ മുന്നിൽ അദ്ദേഹം ഒരു നിമിഷം നിൽക്കുന്നു. എന്നിട്ട്, അത്യധികം ആദരവോടെ അതിവിശുദ്ധത്തിലേക്കു കടന്ന് ഉടമ്പടിപ്പെട്ടകത്തിന്റെ മുമ്പിൽ നിൽക്കുന്നു. ആലങ്കാരികമായി പറഞ്ഞാൽ അദ്ദേഹം ഇപ്പോൾ യഹോവയുടെ മുമ്പിൽ നിൽക്കുകയാണ്. ഇപ്പോൾ പുരോഹിതൻ വളരെ ശ്രദ്ധയോടെ സുഗന്ധക്കൂട്ടു തീക്കനലിലേക്ക് ഇടുന്നു. ആ മുറിയാകെ സുഗന്ധംകൊണ്ട് നിറയുന്നു.b പിന്നീടു പാപയാഗത്തിന്റെ രക്തവുമായി അദ്ദേഹം അതിവിശുദ്ധത്തിലേക്കു പ്രവേശിക്കുന്നു. ശ്രദ്ധിക്കുക: പാപയാഗത്തിന്റെ രക്തം യഹോവയ്ക്കു സമർപ്പിക്കുന്നതിനു മുമ്പാണ് അദ്ദേഹം സുഗന്ധക്കൂട്ട് അർപ്പിക്കുന്നത്.
5. മഹാപുരോഹിതൻ എങ്ങനെയാണു സുഗന്ധക്കൂട്ടുമായി അതിവിശുദ്ധത്തിലേക്കു പ്രവേശിച്ചിരുന്നത്? അതിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
5 പാപപരിഹാരദിവസത്തിലെ സുഗന്ധക്കൂട്ടിന്റെ ഉപയോഗത്തിൽനിന്ന് നമുക്ക് എന്താണു പഠിക്കാനുള്ളത്? യഹോവയുടെ ആരാധകരുടെ സ്വീകാര്യമായ പ്രാർഥനകൾ സുഗന്ധക്കൂട്ടുപോലെയാണെന്നു ബൈബിൾ വർണിക്കുന്നു. (സങ്കീ. 141:2; വെളി. 5:8) യഹോവയുടെ സന്നിധിയിൽ വളരെ ആദരവോടെയാണു മഹാപുരോഹിതൻ സുഗന്ധക്കൂട്ടു കൊണ്ടുവന്നതെന്ന് ഓർക്കുക. സമാനമായി, പ്രാർഥനയിൽ യഹോവയുടെ മുമ്പാകെ വരുമ്പോൾ നമുക്കും ആഴമായ ആദരവുണ്ടായിരിക്കണം. ഒരു കുട്ടി തന്റെ പിതാവിന്റെ അടുക്കലേക്കു ചെല്ലുന്നതുപോലെ, തന്റെ മുമ്പിൽ വരാൻ ഈ പ്രപഞ്ചത്തിന്റെ സ്രഷ്ടാവ് നമ്മളെ അനുവദിച്ചിരിക്കുന്നു. അതിനു നമ്മൾ നന്ദിയുള്ളവരല്ലേ! (യാക്കോ. 4:8) ദൈവം നമ്മളെ സ്നേഹിതരായി സ്വീകരിക്കുന്നു. (സങ്കീ. 25:14) പ്രാർഥനയിൽ യഹോവയെ സമീപിക്കാനുള്ള ഈ പദവിയെ നമ്മൾ അങ്ങേയറ്റം വിലമതിപ്പോടെ കാണുന്നു. അതുകൊണ്ട് യഹോവയ്ക്ക് ഇഷ്ടമല്ലാത്ത ഒന്നും നമ്മൾ ചെയ്യില്ല.
6. യാഗങ്ങൾ അർപ്പിക്കുന്നതിനു മുമ്പ് മഹാപുരോഹിതൻ സുഗന്ധക്കൂട്ട് അർപ്പിച്ചിരുന്നു എന്ന വസ്തുത യേശുവിനെക്കുറിച്ച് നമ്മളെ എന്തു പഠിപ്പിക്കുന്നു?
6 യാഗങ്ങൾ അർപ്പിക്കുന്നതിനു മുമ്പ് മഹാപുരോഹിതൻ സുഗന്ധക്കൂട്ട് അർപ്പിക്കണമായിരുന്നു എന്ന കാര്യം ഓർക്കുക. യാഗം അർപ്പിക്കുമ്പോൾ ദൈവത്തിന്റെ അംഗീകാരം തനിക്കുണ്ടെന്ന് ഉറപ്പു വരുത്താൻ അദ്ദേഹം ഇങ്ങനെ ചെയ്യണമായിരുന്നു. ഇതു യേശുവിനെക്കുറിച്ച് നമ്മളെ ചിലതു പഠിപ്പിക്കുന്നുണ്ട്. ഭൂമിയിലായിരുന്നപ്പോൾ, തന്റെ ജീവൻ ഒരു യാഗമായി അർപ്പിക്കുന്നതിനു മുമ്പ്, യേശു വളരെ പ്രധാനപ്പെട്ട ഒരു കാര്യം ചെയ്യണമായിരുന്നു. വാസ്തവത്തിൽ മനുഷ്യരെ രക്ഷിക്കുന്നതിനെക്കാൾ പ്രധാനപ്പെട്ടതായിരുന്നു അത്. എന്തായിരുന്നു അത്? യേശു ജീവിതകാലം മുഴുവൻ യഹോവയെ വിശ്വസ്തമായി അനുസരിക്കണമായിരുന്നു. അങ്ങനെയെങ്കിൽ മാത്രമേ യേശുവിന്റെ ബലി യഹോവ സ്വീകരിക്കുമായിരുന്നുള്ളൂ. അങ്ങനെ ജീവിച്ചുകൊണ്ട് യഹോവയുടേതായ വിധത്തിൽ കാര്യങ്ങൾ ചെയ്യുന്നതാണു ശരിയെന്നു യേശു തെളിയിച്ചു. അങ്ങനെ യഹോവയുടെ പരമാധികാരമാണു ശരിയെന്നും നീതിയുള്ളതെന്നും യേശു തെളിയിച്ചു.
7. ഭൂമിയിലെ യേശുവിന്റെ മുഴുജീവിതവും യഹോവയെ പ്രീതിപ്പെടുത്തിയെന്നു പറയുന്നത് എന്തുകൊണ്ട്?
7 ഭൂമിയിലെ തന്റെ ജീവിതകാലത്തുടനീളം യേശു യഹോവയെ പൂർണമായി അനുസരിച്ചു. യേശുവിനു പ്രലോഭനങ്ങളും കഠിനമായ പരിശോധനകളും നേരിടേണ്ടിവന്നു. അങ്ങേയറ്റം വേദന നിറഞ്ഞ മരണവും തന്നെ കാത്തിരിക്കുന്നുണ്ടെന്നു യേശുവിന് അറിയാമായിരുന്നു. എന്നിട്ടുപോലും തന്റെ പിതാവിന്റെ ഭരണവിധമാണ് ഏറ്റവും മികച്ചതെന്നു തെളിയിക്കാൻ യേശു ഉറച്ച തീരുമാനമെടുത്തിരുന്നു. (ഫിലി. 2:8) പരിശോധനകൾ നേരിട്ടപ്പോൾ യേശു “ഉറക്കെ നിലവിളിച്ചും കണ്ണീരൊഴുക്കിയും കൊണ്ട്” പ്രാർഥിച്ചു. (എബ്രാ. 5:7) ഉള്ളുരുകിയുള്ള ആ പ്രാർഥനകൾ യേശു യഹോവയോട് എത്ര വിശ്വസ്തനാണെന്നു കാണിച്ചു. യഹോവയെ അനുസരിക്കാനുള്ള യേശുവിന്റെ തീരുമാനത്തെ അതു ശക്തിപ്പെടുത്തുകയും ചെയ്തു. യേശുവിന്റെ പ്രാർഥനകൾ യഹോവയ്ക്കു നറുമണം നിറഞ്ഞ സുഗന്ധക്കൂട്ടുപോലെയായിരുന്നു. യേശുവിന്റെ മുഴുജീവിതവും യഹോവയെ പ്രീതിപ്പെടുത്തി. യഹോവയുടെ ഭരണവിധമാണു ശരിയെന്നു സംശയമില്ലാതെ തെളിയിക്കുകയും ചെയ്തു.
8. യേശുവിനെ നമുക്ക് എങ്ങനെ അനുകരിക്കാം?
8 കഴിവിന്റെ പരമാവധി യഹോവയെ അനുസരിച്ചുകൊണ്ടും യഹോവയോടു വിശ്വസ്തരായിരുന്നുകൊണ്ടും നമുക്കു യേശുവിനെ അനുകരിക്കാം. പരിശോധനകൾ നേരിടുമ്പോൾ സഹായത്തിനായി യഹോവയോടു നമ്മൾ ഉള്ളുരുകി പ്രാർഥിക്കും. കാരണം നമ്മൾ യഹോവയെ സന്തോഷിപ്പിക്കാൻ ആഗ്രഹിക്കുന്നു. അതിലൂടെ യഹോവയുടെ ഭരണവിധത്തെ പിന്തുണയ്ക്കുന്നെന്നു കാണിക്കുകയാണ്. യഹോവ വെറുക്കുന്ന കാര്യങ്ങൾ നമ്മൾ ചെയ്താൽ യഹോവ നമ്മുടെ പ്രാർഥന കേൾക്കില്ലെന്നു നമുക്ക് അറിയാം. എന്നാൽ യഹോവയ്ക്ക് ഇഷ്ടമുള്ള കാര്യങ്ങൾ നമ്മൾ ചെയ്യുന്നെങ്കിൽ, ഹൃദയത്തിൽനിന്നുള്ള നമ്മുടെ പ്രാർഥനകൾ യഹോവയ്ക്കു നറുമണം നിറഞ്ഞ സുഗന്ധക്കൂട്ടുപോലെയായിരിക്കും. മാത്രമല്ല, നമ്മുടെ വിശ്വസ്തതയും യഹോവയോടുള്ള അനുസരണവും യഹോവയെ പ്രസാദിപ്പിക്കുമെന്നും ഉറപ്പുള്ളവരായിരിക്കാം.—സുഭാ. 27:11.
നന്ദിയും സ്നേഹവും നമ്മളെ പ്രചോദിപ്പിക്കുന്നു
9. സഹഭോജനബലി അർപ്പിച്ചിരുന്നത് എന്തുകൊണ്ട്?
9 രണ്ടാമത്തെ പാഠം: യഹോവയോടു തോന്നുന്ന നന്ദിയാണ് യഹോവയെ സേവിക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നത്. പുരാതന ഇസ്രായേലിൽ അർപ്പിച്ചിരുന്ന സഹഭോജനബലിയെക്കുറിച്ച് നമുക്ക് ഒന്നു ചിന്തിക്കാം.c ഒരു ഇസ്രായേല്യനു ദൈവത്തോടുള്ള “നന്ദിസൂചകമായി” സഹഭോജനബലി അർപ്പിക്കാമായിരുന്നെന്നു ലേവ്യ പുസ്തകം പറയുന്നു. (ലേവ്യ 7:11-13, 16-18) ഒരു വ്യക്തി നിർബന്ധപൂർവം അർപ്പിക്കുന്ന ഒന്നായിരുന്നില്ല സഹഭോജനബലി. മറിച്ച്, അങ്ങനെ ചെയ്യണമെന്നുള്ള ആഗ്രഹമാണ് അതിന് അദ്ദേഹത്തെ പ്രേരിപ്പിക്കുന്നത്. അതുകൊണ്ട് ഇതു സ്വമനസ്സാലെ അർപ്പിക്കുന്ന യാഗമായിരുന്നു. യഹോവയോടുള്ള സ്നേഹംകൊണ്ടാണ് ഒരാൾ ഇത് അർപ്പിച്ചിരുന്നത്. യാഗം അർപ്പിച്ച വ്യക്തിയും കുടുംബാംഗങ്ങളും മഹാപുരോഹിതനും ബലിയായി അർപ്പിച്ചിരുന്ന മൃഗത്തിന്റെ മാംസം കഴിക്കുമായിരുന്നു. എന്നാൽ മൃഗത്തിന്റെ ചില ഭാഗങ്ങൾ യഹോവയ്ക്കു മാത്രം അവകാശപ്പെട്ടതായിരുന്നു. ഏതായിരുന്നു അവ?
10. ലേവ്യ 3:6, 12, 14-16 വാക്യങ്ങളിൽ വിവരിച്ചിരിക്കുന്ന സഹഭോജനബലികളും യേശുവിന്റെ ദൈവസേവനവും തമ്മിലുള്ള സമാനത എന്താണ്?
10 മൂന്നാമത്തെ പാഠം: നമുക്കുള്ള ഏറ്റവും നല്ലത് യഹോവയ്ക്കു കൊടുക്കാൻ നമ്മളെ പ്രേരിപ്പിക്കുന്നതു സ്നേഹമാണ്. ഒരു മൃഗത്തിന്റെ ഏറ്റവും വിശേഷപ്പെട്ട ഭാഗമായി യഹോവ കണ്ടത് മൃഗത്തിന്റെ കൊഴുപ്പാണ്. അതുപോലെ, വൃക്കകൾപോലെയുള്ള പ്രധാനപ്പെട്ട അവയവങ്ങളും പ്രത്യേകതയുള്ളതാണെന്നു ദൈവം പറഞ്ഞു. (ലേവ്യ 3:6, 12, 14-16 വായിക്കുക.) അതുകൊണ്ട് ഒരു ഇസ്രായേല്യൻ സ്വമനസ്സാലെ മൃഗത്തിന്റെ ആ ഭാഗങ്ങളും കൊഴുപ്പും അർപ്പിച്ചപ്പോൾ യഹോവ അതിൽ സന്തോഷിച്ചിരുന്നു. ഈ യാഗം അർപ്പിച്ചതിലൂടെ ദൈവത്തിന് ഏറ്റവും നല്ലതു കൊടുക്കാനുള്ള തന്റെ അതിയായ ആഗ്രഹം ഒരു ഇസ്രായേല്യൻ പ്രകടമാക്കി. സമാനമായി, യഹോവയോടുള്ള സ്നേഹത്താൽ പ്രേരിതനായി മുഴുഹൃദയത്തോടെ യഹോവയെ സേവിച്ചുകൊണ്ട് യേശു തനിക്കുള്ള ഏറ്റവും നല്ലതു കൊടുത്തു. (യോഹ. 14:31) യഹോവയുടെ ഇഷ്ടം ചെയ്യാൻ യേശുവിനു സന്തോഷമായിരുന്നു. ദൈവത്തിന്റെ നിയമത്തോടു യേശുവിന് ആഴമായ സ്നേഹമുണ്ടായിരുന്നു. (സങ്കീ. 40:8) സ്വമനസ്സാലെ യേശു തന്നെ സേവിക്കുന്നതു കണ്ടപ്പോൾ യഹോവയ്ക്ക് എത്ര സന്തോഷം തോന്നിക്കാണും!
11. നമ്മുടെ ദൈവസേവനം സഹഭോജനബലിപോലെ ആയിരിക്കുന്നത് എങ്ങനെ, അതു നമ്മളെ ആശ്വസിപ്പിക്കുന്നത് എങ്ങനെ?
11 നമ്മൾ യഹോവയ്ക്കുവേണ്ടി ചെയ്യുന്ന സേവനങ്ങൾ ആ സഹഭോജനബലികൾപോലെയാണ്. കാരണം, നമ്മൾ അതു ചെയ്യുന്നതു സ്വമനസ്സാലെയാണ്. യഹോവയെ എത്രത്തോളം സ്നേഹിക്കുന്നെന്നു നമ്മൾ അതിലൂടെ കാണിക്കുകയാണ്. മുഴുഹൃദയത്തോടെ യഹോവയെ സ്നേഹിക്കുന്നതുകൊണ്ട് നമുക്കുള്ള ഏറ്റവും നല്ലതാണ് യഹോവയ്ക്കു നൽകുന്നത്. തന്നോടും തന്റെ നിലവാരങ്ങളോടും ഉള്ള സ്നേഹംകൊണ്ട് തന്നെ ആരാധിക്കുന്ന ലക്ഷക്കണക്കിനു വരുന്ന ആളുകളെ കാണുമ്പോൾ യഹോവ എത്രയധികം സന്തോഷിക്കും! നമ്മൾ ചെയ്യുന്ന കാര്യങ്ങൾ മാത്രമല്ല യഹോവ കാണുന്നത്. അങ്ങനെ ചെയ്യാൻ നമ്മളെ പ്രേരിപ്പിക്കുന്ന കാരണങ്ങളും യഹോവ ശ്രദ്ധിക്കും. ഈ അറിവ് നമ്മളെ ആശ്വസിപ്പിക്കുന്നു. ഉദാഹരണത്തിന്, നിങ്ങൾ പ്രായം ചെന്ന ഒരാളാണെന്നു കരുതുക. നിങ്ങൾ ആഗ്രഹിക്കുന്നത്രയൊന്നും ചെയ്യാനാകുന്നില്ല. ഓർക്കുക: യഹോവയ്ക്കു നിങ്ങളുടെ ഈ സാഹചര്യം നന്നായി മനസ്സിലാക്കാൻ കഴിയും. യഹോവയ്ക്കുവേണ്ടി കാര്യമായൊന്നും ചെയ്യുന്നില്ലെന്നു നിങ്ങൾ ചിന്തിക്കുന്നുണ്ടാകും. പക്ഷേ നിങ്ങളെക്കൊണ്ടാകുന്നത് എന്താണോ, അതു ചെയ്യാൻ നിങ്ങളെ പ്രേരിപ്പിക്കുന്ന സ്നേഹമാണ് യഹോവ ശ്രദ്ധിക്കുന്നത്. നിങ്ങൾ കഴിവിന്റെ പരമാവധി യഹോവയ്ക്കു കൊടുക്കുമ്പോൾ യഹോവ അതു സന്തോഷത്തോടെ സ്വീകരിക്കുന്നു.
12. സഹഭോജനബലി യഹോവയെക്കുറിച്ച് നമ്മളെ എന്താണു പഠിപ്പിക്കുന്നത്?
12 സഹഭോജനബലികളിൽനിന്ന് നമ്മൾ എന്താണു പഠിക്കുന്നത്? തീ ഒരു മൃഗത്തിന്റെ ഏറ്റവും വിശേഷപ്പെട്ട ഭാഗങ്ങളെ ദഹിപ്പിക്കുമ്പോൾ അതിന്റെ പുക മുകളിലേക്ക് ഉയരുകയും യഹോവ പ്രസാദിക്കുകയും ചെയ്യുമായിരുന്നു. അതുകൊണ്ട് സ്വമനസ്സാലെ നിങ്ങളുടെ ഏറ്റവും നല്ലത് യഹോവയ്ക്കു കൊടുക്കുമ്പോൾ യഹോവ നിങ്ങളിലും പ്രസാദിക്കുമെന്ന് ഉറപ്പുണ്ടായിരിക്കുക. (കൊലോ. 3:23) അപ്പോൾ യഹോവയുടെ മുഖത്ത് വിരിയുന്ന പുഞ്ചിരി ഒന്നു ഭാവനയിൽ കാണാമോ? ചെറുതോ വലുതോ ആയിക്കൊള്ളട്ടെ, ദൈവസേവനത്തിൽ നിങ്ങൾ സ്നേഹത്തോടെ ചെയ്യുന്ന ഏതൊരു പ്രവൃത്തിയും യഹോവ എന്നെന്നും ഓർക്കും, നിധിപോലെ കാണും.—മത്താ. 6:20; എബ്രാ. 6:10.
യഹോവ തന്റെ സംഘടനയെ അനുഗ്രഹിക്കുന്നു
13. ലേവ്യ 9:23, 24 അനുസരിച്ച്, പൗരോഹിത്യ ക്രമീകരണത്തിനു തന്റെ അംഗീകാരമുണ്ടെന്ന് യഹോവ എങ്ങനെയാണു കാണിച്ചത്?
13 നാലാമത്തെ പാഠം: യഹോവ തന്റെ സംഘടനയുടെ ഭൗമികഭാഗത്തെ അനുഗ്രഹിക്കുന്നു. ബി.സി. 1512-ൽ സീനായ് പർവതത്തിന്റെ അടിവാരത്ത്, വിശുദ്ധകൂടാരം സ്ഥാപിച്ചപ്പോൾ എന്താണു സംഭവിച്ചതെന്നു ചിന്തിക്കുക. (പുറ. 40:17) അഹരോനെയും മക്കളെയും പുരോഹിതന്മാരായി നിയമിക്കുന്ന ശുശ്രൂഷയ്ക്കു മോശ നേതൃത്വം വഹിക്കുന്നു. പുരോഹിതന്മാർ തങ്ങളുടെ ആദ്യത്തെ മൃഗബലികൾ അർപ്പിക്കുന്നതു കാണാൻ ഇസ്രായേല്യർ അവിടെ കൂടിവന്നിട്ടുണ്ട്. (ലേവ്യ 9:1-5) പുതുതായി നിലവിൽ വന്ന പൗരോഹിത്യ ക്രമീകരണത്തിനു തന്റെ അംഗീകാരമുണ്ടെന്ന് യഹോവ എങ്ങനെയാണു കാണിച്ചത്? അഹരോനും മോശയും ജനത്തെ അനുഗ്രഹിച്ചപ്പോൾ, യഹോവ സ്വർഗത്തിൽനിന്ന് തീ അയച്ച് യാഗപീഠത്തിനു മേലുള്ള മൃഗത്തിന്റെ ശേഷിച്ച ഭാഗങ്ങളെല്ലാം ദഹിപ്പിക്കാൻ ഇടയാക്കി.—ലേവ്യ 9:23, 24 വായിക്കുക.
14. അഹരോന്യ പൗരോഹിത്യത്തിനു നമ്മുടെ നാളിൽ എന്തു പ്രസക്തിയാണുള്ളത്?
14 സ്വർഗത്തിൽനിന്ന് പുറപ്പെട്ട തീ എന്ത് അർഥമാക്കി? അഹരോന്യ പൗരോഹിത്യത്തിനു തന്റെ പൂർണപിന്തുണയുണ്ടെന്ന് യഹോവ അതിലൂടെ കാണിച്ചു. പുരോഹിതന്മാരുടെ മേലുള്ള യഹോവയുടെ അംഗീകാരത്തിന്റെ തെളിവ് അങ്ങനെ വ്യക്തമായി കണ്ടു. ഇസ്രായേൽ ജനവും അവർക്കു പൂർണപിന്തുണ കൊടുക്കണമെന്നു മനസ്സിലാക്കാൻ ഇത് അവരെ സഹായിച്ചു. നമ്മുടെ കാര്യത്തിൽ ഇതിന് എന്തെങ്കിലും പ്രസക്തിയുണ്ടോ? തീർച്ചയായും ഉണ്ട്. കാരണം, ഇസ്രായേലിലെ പൗരോഹിത്യ ക്രമീകരണം ഭാവിയിൽ വരാനിരുന്ന മറ്റൊരു പ്രധാനപ്പെട്ട പൗരോഹിത്യ ക്രമീകരണത്തിന്റെ നിഴലായിരുന്നു. ക്രിസ്തുവാണ് ശ്രേഷ്ഠനായ ആ മഹാപുരോഹിതൻ. കൂടാതെ, സ്വർഗത്തിൽ യേശുവിനോടൊപ്പം രാജാക്കന്മാരും പുരോഹിതന്മാരും ആയി സേവിക്കുന്ന 1,44,000 പേരും ഉണ്ട്.—എബ്രാ. 4:14; 8:3-5; 10:1.
15-16. വിശ്വസ്തനും വിവേകിയും ആയ അടിമയെ താൻ അംഗീകരിക്കുന്നുണ്ടെന്ന് യഹോവ എങ്ങനെയാണു കാണിച്ചത്?
15 ഒരു ചെറിയ കൂട്ടം അഭിഷിക്തസഹോദരങ്ങളെ 1919-ൽ യേശു ‘വിശ്വസ്തനും വിവേകിയും ആയ അടിമയായി’ നിയമിച്ചു. ആ അടിമ പ്രസംഗപ്രവർത്തനത്തിനു നേതൃത്വമെടുക്കുകയും യേശുവിന്റെ അനുഗാമികൾക്കു “തക്കസമയത്ത് ഭക്ഷണം” കൊടുക്കുകയും ചെയ്യുന്നു. (മത്താ. 24:45) വിശ്വസ്തനും വിവേകിയും ആയ ഈ അടിമയുടെ മേൽ യഹോവയുടെ അനുഗ്രഹത്തിന്റെ തെളിവ് നിങ്ങൾ കാണുന്നുണ്ടോ?
16 വിശ്വസ്തനായ അടിമയുടെ ഈ പ്രവർത്തനം നിറുത്താനായി സാത്താനും അവനെ പിന്തുണയ്ക്കുന്നവരും കിണഞ്ഞ് ശ്രമിച്ചുകൊണ്ടിരിക്കുന്നു. യഹോവയുടെ സഹായമില്ലായിരുന്നെങ്കിൽ ശത്രുക്കൾ വിജയിച്ചേനേ. രണ്ടു ലോകമഹായുദ്ധങ്ങളുണ്ടായി. അതുപോലെ, ലോകവ്യാപകമായി സാമ്പത്തികപ്രതിസന്ധികൾ ഉണ്ടാകുന്നു. നിരന്തരമായ ഉപദ്രവങ്ങളും അനീതിയും നേരിടുന്നു. ഇങ്ങനെയൊക്കെയാണെങ്കിലും വിശ്വസ്തനും വിവേകിയും ആയ അടിമ യേശുവിന്റെ ഭൂമിയിലെ അനുഗാമികൾക്ക് ആത്മീയഭക്ഷണം നൽകിക്കൊണ്ടേ ഇരിക്കുന്നു. ഇന്ന് എത്ര സമൃദ്ധമായ ആത്മീയഭക്ഷണമാണു ലഭിക്കുന്നതെന്നു ചിന്തിക്കുക, അതും സൗജന്യമായി, 900-ത്തിലധികം ഭാഷകളിൽ. ദിവ്യപിന്തുണയുടെ അനിഷേധ്യമായ തെളിവാണ് ഇത്. യഹോവയുടെ അനുഗ്രഹത്തിന്റെ കൂടുതലായ തെളിവാണു പ്രസംഗപ്രവർത്തനം. സന്തോഷവാർത്ത ‘ഭൂലോകത്ത് എങ്ങും പ്രസംഗിക്കപ്പെടുകയാണ്.’ (മത്താ. 24:14) യഹോവ തന്റെ സംഘടനയെ വഴിനയിക്കുകയും അനുഗ്രഹിക്കുകയും ചെയ്യുന്നു എന്നതിനു സംശയമില്ല.
17. യഹോവ ഇന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സംഘടനയെ നമുക്ക് എങ്ങനെ പിന്തുണയ്ക്കാം?
17 നമ്മളോടുതന്നെ ഇങ്ങനെ ചോദിക്കുക: ‘യഹോവയുടെ സംഘടനയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ ശരിക്കും എനിക്കു നന്ദിയുണ്ടോ?’ മോശയുടെ നാളിൽ താൻ നിയമിച്ച വ്യക്തികളുടെ മേൽ അംഗീകാരമുണ്ടെന്ന് യഹോവ കാണിച്ചത് ആകാശത്തുനിന്ന് തീ അയച്ചുകൊണ്ടാണ്. ഇന്നും തന്റെ സംഘടനയെ പിന്തുണയ്ക്കുന്നെന്നു കാണിക്കാൻ അതുപോലുള്ള ശക്തമായ തെളിവല്ലേ യഹോവ നൽകിയിരിക്കുന്നത്? നമുക്കു നന്ദി നൽകാൻ ധാരാളം കാരണങ്ങളുണ്ട്. (1 തെസ്സ. 5:18, 19) യഹോവ ഇന്ന് ഉപയോഗിച്ചുകൊണ്ടിരിക്കുന്ന സംഘടനയെ നമുക്ക് എങ്ങനെ പിന്തുണയ്ക്കാം? പ്രസിദ്ധീകരണങ്ങൾ, മീറ്റിങ്ങുകൾ, സമ്മേളനങ്ങൾ, കൺവെൻഷനുകൾ എന്നിവയിലൂടെ ലഭിക്കുന്ന ബൈബിളധിഷ്ഠിത നിർദേശങ്ങൾ അനുസരിക്കുക. കൂടാതെ, പ്രസംഗ-പഠിപ്പിക്കൽ പ്രവർത്തനത്തിൽ നമ്മുടെ കഴിവിന്റെ പരമാവധി ഏർപ്പെട്ടുകൊണ്ടും നമുക്കു സംഘടനയെ പിന്തുണയ്ക്കാം.—1 കൊരി. 15:58.
18. എന്തു ചെയ്യാൻ നമുക്ക് ഉറച്ച തീരുമാനമെടുക്കാം?
18 ലേവ്യ പുസ്തകത്തിൽനിന്ന് നമ്മൾ പഠിച്ച പ്രധാനപ്പെട്ട പാഠങ്ങൾ ബാധകമാക്കാൻ നമുക്ക് ഉറച്ച തീരുമാനമെടുക്കാം. യഹോവ നമ്മുടെ യാഗങ്ങൾ സ്വീകരിക്കാൻ നമ്മൾ ആഗ്രഹിക്കുന്നു. നന്ദിയുള്ളതുകൊണ്ടാണ് യഹോവയെ നമ്മൾ സേവിക്കുന്നത്. മുഴുഹൃദയാ യഹോവയെ സ്നേഹിക്കുന്നതുകൊണ്ടാണു നമ്മൾ യഹോവയ്ക്കു നമ്മുടെ ഏറ്റവും നല്ലതു കൊടുക്കുന്നത്. യഹോവ ഇന്ന് അനുഗ്രഹിച്ചുകൊണ്ടിരിക്കുന്ന സംഘടനയെ നമ്മൾ മുഴുഹൃദയത്തോടെ പിന്തുണയ്ക്കുന്നു. ഇങ്ങനെയൊക്കെ ചെയ്യുമ്പോൾ, യഹോവയുടെ സാക്ഷികളായി പ്രവർത്തിക്കാൻ നമുക്കു ലഭിച്ച മഹത്തായ പദവിയെ നമ്മൾ എത്രയധികം വിലമതിക്കുന്നെന്നു തെളിയിക്കുകയാണ്.
ഗീതം 96 ദൈവത്തിന്റെ സ്വന്തം പുസ്തകം—ഒരു നിധി
a യഹോവ ഇസ്രായേല്യർക്കു കൊടുത്ത നിയമങ്ങളാണു ലേവ്യ പുസ്തകത്തിലുള്ളത്. ക്രിസ്ത്യാനികൾ എന്ന നിലയിൽ നമ്മൾ ആ നിയമങ്ങൾക്കു കീഴിലല്ല. എങ്കിലും നമുക്ക് അവയിൽനിന്ന് പ്രയോജനം നേടാൻ കഴിയും. ലേവ്യ പുസ്തകത്തിൽനിന്ന് പഠിക്കാൻ കഴിയുന്ന പ്രധാനപ്പെട്ട ചില പാഠങ്ങൾ ഈ ലേഖനത്തിൽ ചർച്ച ചെയ്യും.
b വിശുദ്ധകൂടാരത്തിൽ ഉപയോഗിച്ചിരുന്ന സുഗന്ധക്കൂട്ടു വിശുദ്ധമായാണു കണ്ടിരുന്നത്. പുരാതന ഇസ്രായേലിൽ അവ യഹോവയുടെ ആരാധനയിൽ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂ. (പുറ. 30:34-38) ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികൾ ആരാധനയോടു ബന്ധപ്പെട്ട് സുഗന്ധക്കൂട്ടുകൾ അർപ്പിച്ചിരുന്നു എന്നതിനു യാതൊരു രേഖയുമില്ല.
c സഹഭോജനബലിയെക്കുറിച്ച് കൂടുതൽ അറിയാൻ, തിരുവെഴുത്തുകളിൽനിന്നുള്ള ഉൾക്കാഴ്ച, വാല്യം 2-ന്റെ (ഇംഗ്ലീഷ്) 526-ാം പേജും 2012 ജനുവരി 15 ലക്കം വീക്ഷാഗോപുരത്തിന്റെ 19-ാം പേജിലെ 11-ാം ഖണ്ഡികയും കാണുക.
d ചിത്രക്കുറിപ്പ്: പാപപരിഹാരദിവസത്തിൽ, മഹാപുരോഹിതൻ അതിവിശുദ്ധത്തിലേക്കു പ്രവേശിക്കും. സുഗന്ധക്കൂട്ട് തീക്കനലിൽ ഇടുമ്പോൾ അതിന്റെ സുഗന്ധം ആ മുറിയാകെ നിറയും. പിന്നീട്, പാപയാഗങ്ങളുടെ രക്തവുമായി വീണ്ടും അതിവിശുദ്ധത്തിൽ പ്രവേശിക്കും
e ചിത്രക്കുറിപ്പ്: ഒരു ഇസ്രായേല്യൻ സഹഭോജനബലി അർപ്പിക്കുന്നതിനുവേണ്ടി പുരോഹിതന് ഒരു ആടിനെ കൊടുക്കുന്നു. അതിലൂടെ യഹോവയോടുള്ള തന്റെ കുടുംബത്തിന്റെ നന്ദിയാണ് അദ്ദേഹം കാണിക്കുന്നത്.
f ചിത്രക്കുറിപ്പ്: ഭൂമിയിലെ തന്റെ ശുശ്രൂഷക്കാലത്ത്, യേശു ദൈവത്തെ അനുസരിച്ചുകൊണ്ടും തന്റെ അനുഗാമികളെ അങ്ങനെ ചെയ്യാൻ സഹായിച്ചുകൊണ്ടും ദൈവത്തോടുള്ള ആഴമായ സ്നേഹം കാണിച്ചു.
g ചിത്രക്കുറിപ്പ്: പ്രായമായ ഒരു സഹോദരി, ആരോഗ്യപ്രശ്നങ്ങളുണ്ടെങ്കിൽപ്പോലും കത്തു മുഖേന സാക്ഷീകരിച്ചുകൊണ്ട് തന്റെ ഏറ്റവും നല്ലത് യഹോവയ്ക്കു കൊടുക്കുന്നു.
h ചിത്രക്കുറിപ്പുകൾ: 2019 ഫെബ്രുവരിയിൽ ജർമൻ ഭാഷയിലുള്ള പുതിയ ലോക ഭാഷാന്തരത്തിന്റെ പരിഷ്കരിച്ച പതിപ്പ് ഭരണസംഘാംഗമായ ഗരിറ്റ് ലോഷ് സഹോദരൻ ഉത്സാഹം നിറഞ്ഞ ഒരു സദസ്സിൽ പ്രകാശനം ചെയ്യുന്നു. ഇന്ന് ഈ സഹോദരിമാരെപ്പോലെ ജർമനിയിലെ പ്രചാരകർ പുതുതായി ലഭിച്ച ബൈബിൾ ശുശ്രൂഷയിൽ നന്നായി ഉപയോഗിക്കുന്നു.