നാം വിശുദ്ധി കാത്തു സൂക്ഷിക്കേണ്ടതിന്റെ കാരണം
‘നിങ്ങൾ വിശുദ്ധരായിരിക്കേണം.’—ലേവ്യ. 11:45.
1. ലേവ്യപുസ്തകം നമുക്ക് എങ്ങനെ പ്രയോജനം ചെയ്യുന്നു?
ലേവ്യപുസ്തകത്തിൽ മറ്റ് ഏത് ബൈബിൾപുസ്തകങ്ങളെക്കാളും കൂടുതൽ പ്രാവശ്യം വിശുദ്ധിയെക്കുറിച്ച് പരാമർശിച്ചിരിക്കുന്നു. തന്റെ സത്യാരാധാകരെല്ലാം വിശുദ്ധരായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. അതുകൊണ്ട് ലേവ്യപുസ്തകം വ്യക്തമായി മനസ്സിലാക്കുന്നതും വിലമതിക്കുന്നതും വിശുദ്ധി കാത്തുസൂക്ഷിക്കാൻ നമ്മെ സഹായിക്കും.
2. ലേവ്യപുസ്തകത്തിന്റെ ചില സവിശേഷതകൾ ഏവ?
2 പ്രവാചകനായ മോശ എഴുതിയ ലേവ്യപുസ്തകം, ദിവ്യനിശ്വസ്തമായ “എല്ലാ തിരുവെഴുത്തുകളു”ടെയും ഭാഗമായതിനാൽ അത് പഠിപ്പിക്കാൻ ഉപകരിക്കുന്നു. (2 തിമൊ. 3:16) ഈ പുസ്തകത്തിലെ ഓരോ അധ്യായത്തിലും ശരാശരി പത്തു പ്രാവശ്യം യഹോവയുടെ നാമം കാണാം. ലേവ്യപുസ്തകത്തിന്റെ അന്തസ്സത്ത മനസ്സിലാക്കുന്നത് ദൈവനാമത്തിന് നിന്ദ വരുത്തുന്ന കാര്യങ്ങൾ ചെയ്യുന്നതിൽനിന്ന് ഒഴിഞ്ഞുനിൽക്കാൻ ആവശ്യമായ ശക്തി നമുക്ക് നൽകും. (ലേവ്യ. 22:32) ഈ പുസ്തകത്തിൽ കൂടെക്കൂടെ കാണുന്ന “ഞാൻ യഹോവ ആകുന്നു” എന്ന വാക്കുകൾ ദൈവത്തെ അനുസരിക്കാൻ നമ്മെ ഓർമിപ്പിക്കേണ്ടതാണ്. വിശുദ്ധി കാത്തുസൂക്ഷിച്ചുകൊണ്ട് സത്യാരാധനയിൽ ഏർപ്പെടാൻ നമ്മെ സഹായിക്കുന്ന ഒരു ദിവ്യദാനമാണ് ലേവ്യപുസ്തകം. അതിൽനിന്നുള്ള തിളക്കമാർന്ന ചില ആത്മീയരത്നങ്ങളുടെ രസകരമായ ഒരു ചർച്ചയാണ് ഈ ലേഖനത്തിലും അടുത്തതിലും നാം ആസ്വദിക്കാൻ പോകുന്നത്.
വിശുദ്ധി അനിവാര്യം
3, 4. അഹരോനെയും പുത്രന്മാരെയും കഴുകി ശുദ്ധീകരിച്ചത് എന്തിനെ പ്രതിനിധാനം ചെയ്യുന്നു? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
3 ലേവ്യപുസ്തകം 8:5, 6 വായിക്കുക. യഹോവ അഹരോനെ യിസ്രായേലിന്റെ മഹാപുരോഹിതനായും അവന്റെ പുത്രന്മാരെ ജനത്തിനുള്ള പുരോഹിതന്മാരായും തിരഞ്ഞെടുത്തു. അഹരോൻ യേശുക്രിസ്തുവിനെയും, അവന്റെ പുത്രന്മാർ യേശുവിന്റെ അഭിഷിക്താനുഗാമികളെയും പ്രതിനിധാനം ചെയ്യുന്നു. അഹരോനെ കഴുകി ശുദ്ധീകരിച്ചത് യേശുവിനും ശുദ്ധീകരണം ആവശ്യമാണെന്ന് അർഥമാക്കിയോ? ഇല്ല. യേശുവിന് ശുദ്ധീകരണം ആവശ്യമില്ല. കാരണം, അവൻ പാപരഹിതനും ‘നിഷ്കളങ്കനും’ ആയിരുന്നു. (എബ്രാ. 7:26; 9:14) എന്നിരുന്നാലും, അഹരോന്റെ ശുദ്ധീകരിക്കപ്പെട്ട അവസ്ഥ യേശുവിന്റെ ശുദ്ധവും നീതിനിഷ്ഠവുമായ നിലയെ പ്രതീകപ്പെടുത്തുന്നു. എന്നാൽ, അഹരോന്റെ പുത്രന്മാരുടെ ശുദ്ധീകരണം എന്തിനെയാണ് പ്രതിനിധാനം ചെയ്യുന്നത്?
4 സ്വർഗീയ പുരോഹിതവർഗത്തിലെ അംഗങ്ങളായി തിരഞ്ഞെടുക്കപ്പെടുന്നവരുടെ ശുദ്ധീകരണത്തെയാണ് അഹരോന്റെ പുത്രന്മാരുടെ ശുദ്ധീകരണം മുൻനിഴലാക്കിയത്. അഹരോന്റെ പുത്രന്മാരുടെ ശുദ്ധീകരണം അഭിഷിക്തരുടെ സ്നാനവുമായി ബന്ധപ്പെട്ടിരിക്കുന്നുവോ? ഇല്ല, കാരണം സ്നാനം പാപത്തെ കഴുകിക്കളയുന്നില്ല. പകരം, യഹോവയാം ദൈവത്തിന് ഒരു വ്യക്തി തന്നെത്തന്നെ നിരുപാധികം സമർപ്പിച്ചിരിക്കുന്നതിനെയാണ് സ്നാനം പ്രതീകപ്പെടുത്തുന്നത്. എന്നാൽ, അഭിഷിക്തരെ കഴുകി വെടിപ്പാക്കുന്നത് “വചനത്തിന്റെ ജലം” ഉപയോഗിച്ചാണ്. അതിന് അവർ ക്രിസ്തുവിന്റെ പഠിപ്പിക്കലുകൾ തങ്ങളുടെ ജീവിതത്തിൽ മുഴുഹൃദയാ ബാധകമാക്കേണ്ടതുണ്ട്. (എഫെ. 5:25-27) അങ്ങനെ അവർ കഴുകി വെടിപ്പാക്കപ്പെടുകയും നിർമലീകരിക്കപ്പെടുകയും ചെയ്യുന്നു. എന്നാൽ ‘വേറെ ആടുകളെ’ സംബന്ധിച്ചെന്ത്?—യോഹ. 10:16.
5. വേറെ ആടുകളും ദൈവവചനത്താൽ കഴുകി ശുദ്ധീകരിക്കപ്പെടുന്നെന്ന് പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
5 അഹരോന്റെ പുത്രന്മാർ യേശുവിന്റെ വേറെ ആടുകളിൽപ്പെട്ട ‘മഹാപുരുഷാരത്തെ’ പ്രതിനിധാനം ചെയ്തില്ല. (വെളി. 7:9) അങ്ങനെയെങ്കിൽ, സ്നാനമേറ്റ ആ വ്യക്തികളും ദൈവവചനത്താൽത്തന്നെയാണോ കഴുകി ശുദ്ധീകരിക്കപ്പെടുന്നത്? അതെ, അവരും വചനത്താൽ ശുദ്ധീകരിക്കപ്പെടുന്നു. ഭൗമികപ്രത്യാശയുള്ള ഇവർ യേശുവിന്റെ ചൊരിയപ്പെട്ട രക്തത്തിന്റെ പ്രാധാന്യത്തെയും ശക്തിയെയും കുറിച്ച് ബൈബിളിൽനിന്ന് വായിക്കുകയും അതിൽ വിശ്വസിക്കുകയും ചെയ്യുന്നു. അങ്ങനെ അവർക്ക് “രാപകൽ . . . വിശുദ്ധസേവനം” അർപ്പിക്കാനാകുന്നു. (വെളി. 7:13-15) അഭിഷിക്തരും വേറെ ആടുകളും തങ്ങളുടെ “നടപ്പു നന്നായി” സൂക്ഷിക്കുന്നത് അവർ തുടർച്ചയായ ശുദ്ധീകരണ പ്രക്രിയയ്ക്ക് വിധേയരാകുന്നു എന്നതിന്റെ തെളിവാണ്. (1 പത്രോ. 2:12) നല്ലിടയനായ യേശുവിന്റെ ശബ്ദം കേട്ട് വിശ്വസ്തമായി അവനെ അനുഗമിക്കുന്ന അഭിഷിക്താനുഗാമികളുടെയും വേറെ ആടുകളുടെയും വിശുദ്ധിയും ഐക്യവും കാണുമ്പോൾ യഹോവയ്ക്ക് എത്ര സന്തോഷം തോന്നും!
6. എന്ത് ആത്മപരിശോധന പ്രയോജനപ്രദമായിരിക്കും?
6 ഇസ്രായേല്യപുരോഹിതന്മാർക്ക് ആവശ്യമായിരുന്ന ശാരീരികശുദ്ധി യഹോവയുടെ ജനത്തിനും ബാധകമാണ്. നമ്മുടെ ബൈബിൾ വിദ്യാർഥികൾ, മനോഹരമായി പരിപാലിക്കപ്പെടുന്ന നമ്മുടെ ആരാധനാലയവും വൃത്തിയും വെടിപ്പുമുള്ള നമ്മുടെ വസ്ത്രധാരണവും നിരീക്ഷിക്കുന്നു. പൗരോഹിത്യസേവനത്തിന് ആവശ്യമായിരുന്ന വിശുദ്ധി, യഹോവയുടെ ആരാധനാകേന്ദ്രമായ പർവതത്തിലേക്ക് കയറിച്ചെല്ലാൻ ആഗ്രഹിക്കുന്ന ഏത് ഒരാൾക്കും ‘നിർമലഹൃദയം’ ഉണ്ടായിരിക്കണമെന്ന് നമ്മെ ഓർമിപ്പിക്കുന്നു. (സങ്കീർത്തനം 24:3, 4 വായിക്കുക; യെശ. 2:2, 3) ദൈവത്തിനുള്ള നമ്മുടെ വിശുദ്ധസേവനം ശുദ്ധമായ മനസ്സോടും ഹൃദയത്തോടും ശരീരത്തോടും കൂടെയായിരിക്കണം അർപ്പിക്കേണ്ടത്. ഇതിന് കൂടെക്കൂടെയുള്ള ആത്മപരിശോധന ആവശ്യമാണ്. വിശുദ്ധരായിരിക്കുന്നതിന് ചിലർക്ക് അതെത്തുടർന്ന് ജീവിതത്തിൽ കാര്യമായ മാറ്റങ്ങൾ വരുത്തേണ്ടതുണ്ടായിരിക്കാം. (2 കൊരി. 13:5) ഉദാഹരണത്തിന്, സ്നാനമേറ്റ ഒരു വ്യക്തി മനപ്പൂർവം അശ്ലീലം വീക്ഷിക്കുന്നെങ്കിൽ അദ്ദേഹം തന്നോടുതന്നെ ഇങ്ങനെ ചോദിക്കണം: ‘ഞാൻ വിശുദ്ധി കാത്തുസൂക്ഷിക്കുന്നുണ്ടോ?’ ഈ അധമമായ ശീലം ഉപേക്ഷിക്കാൻ അദ്ദേഹം സഹായം തേടേണ്ടതുണ്ട്.—യാക്കോ. 5:14.
അനുസരണമുള്ളവരായിരുന്നുകൊണ്ട് വിശുദ്ധരെന്ന് തെളിയിക്കുക
7. ലേവ്യപുസ്തകം 8:22-24-നു ചേർച്ചയിൽ എന്തു മാതൃകയാണ് യേശു വെച്ചത്?
7 ഇസ്രായേല്യപൗരോഹിത്യം ഏർപ്പെടുത്തിയപ്പോൾ മഹാപുരോഹിതനായ അഹരോന്റെയും അവന്റെ പുത്രന്മാരുടെയും വലത്തെ കാതിന്മേലും വലത്തെ കയ്യുടെ തള്ളവിരലിന്മേലും വലത്തെ കാലിന്റെ പെരുവിരലിന്മേലും ആട്ടുകൊറ്റന്റെ രക്തം പുരട്ടി. (ലേവ്യപുസ്തകം 8:22-24 വായിക്കുക.) രക്തത്തിന്റെ ഈ ഉപയോഗം പുരോഹിതന്മാർ അനുസരണപൂർവം തങ്ങളുടെ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ കഴിവിന്റെ പരമാവധി പരിശ്രമിക്കുമെന്ന് പ്രതീകപ്പെടുത്തി. സമാനമായി, മഹാപുരോഹിതനായ യേശു അഭിഷിക്തർക്കും വേറെ ആടുകൾക്കും ഒരു പൂർണമാതൃക വെച്ചു. ദൈവികമാർഗനിർദേശത്തിന് യേശു കാതുകൂർപ്പിച്ചു. യേശുവിന്റെ കൈകൾ യഹോവയുടെ ഇഷ്ടം ചെയ്യുന്നതിനായി പ്രവർത്തിച്ചു. അവന്റെ കാലടികൾ വിശുദ്ധഗതിയിൽനിന്ന് വ്യതിചലിച്ചില്ല.—യോഹ. 4:31-34.
8. യഹോവയുടെ ആരാധകരെല്ലാം എന്തു ചെയ്യണം?
8 അഭിഷിക്തക്രിസ്ത്യാനികളും യേശുവിന്റെ വേറെ ആടുകളും തങ്ങളുടെ മഹാപുരോഹിതന്റെ നിർമലത പാലിച്ചുകൊണ്ടുള്ള ജീവിതഗതി പിൻപറ്റേണ്ടത് അത്യന്താപേക്ഷിതമാണ്. യഹോവയുടെ ആരാധകർ എല്ലാവരും ദൈവവചനത്തിൽ കാണുന്ന നിർദേശങ്ങൾക്ക് അനുസരണയോടെ കീഴ്പെട്ടുകൊണ്ട്, ദൈവാത്മാവിനെ ദുഃഖിപ്പിക്കുന്നതിൽനിന്ന് ഒഴിവുള്ളവരായിരിക്കണം. (എഫെ. 4:30) അവർ തങ്ങളുടെ “പാദങ്ങൾക്ക് നേരായ പാത ഒരുക്ക”ണം.—എബ്രാ. 12:13.
9. ഭരണസംഘാംഗങ്ങളുമായി അടുത്തു പ്രവർത്തിച്ച മൂന്നു സഹോദരന്മാർ എന്താണ് അഭിപ്രായപ്പെട്ടത്, അവരുടെ പ്രസ്താവനകൾ വിശുദ്ധരായി തുടരാൻ നിങ്ങളെ സഹായിക്കുന്നത് എങ്ങനെ?
9 ഭരണസംഘത്തിലെ അംഗങ്ങളുമായി പതിറ്റാണ്ടുകളോളം അടുത്തു പ്രവർത്തിച്ചിട്ടുള്ള ഭൗമികപ്രത്യാശയുള്ള മൂന്നു സഹോദരന്മാരുടെ ഹൃദയംഗമമായ അഭിപ്രായങ്ങൾ ശ്രദ്ധിക്കുക. അവരിൽ ഒരാൾ ഇങ്ങനെ അഭിപ്രായപ്പെട്ടു: “ഭരണസംഘത്തിലെ സഹോദരങ്ങളോടൊപ്പം പ്രവർത്തിക്കുക എന്നത് അതുല്യമായ ഒരു സേവനപദവി തന്നെയാണ്. എന്നാൽ, ആത്മാഭിഷിക്തരാണെങ്കിലും ഈ സഹോദരങ്ങളും അപൂർണരാണ് എന്ന വസ്തുത അവരോട് അടുത്ത് ഇടപഴകിയപ്പോൾ എനിക്ക് പലപ്പോഴും കാണാനായിട്ടുണ്ട്. എങ്കിലും, ഈ കാലങ്ങളിലെല്ലാംതന്നെ നേതൃത്വമെടുക്കുന്നവരെ അനുസരിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യങ്ങളിൽ ഒന്ന്.” രണ്ടാമത്തെ സഹോദരൻ ഇങ്ങനെ പറഞ്ഞു: “ക്രിസ്തുവിനോടുള്ള അനുസരണത്തെക്കുറിച്ച് പറയുന്ന 2 കൊരിന്ത്യർ 10:5 പോലുള്ള തിരുവെഴുത്തുകൾ നേതൃത്വമെടുക്കുന്നവരെ അനുസരിക്കാനും അവരോട് സഹകരിക്കാനും എന്നെ സഹായിച്ചിട്ടുണ്ട്. ഹൃദയപൂർവമുള്ള അനുസരണത്തെക്കുറിച്ചാണ് ഇവിടെ പറയുന്നത്.” മൂന്നാമത്തെ സഹോദരൻ ഇങ്ങനെ പറഞ്ഞു: “യഹോവ സ്നേഹിക്കുന്നതിനെ സ്നേഹിക്കുക, വെറുക്കുന്നതിനെ വെറുക്കുക, എപ്പോഴും അവന്റെ മാർഗനിർദേശം തേടുക, അവനെ പ്രസാദിപ്പിക്കുക എന്നൊക്കെ നാം പറയാറുണ്ട്. എന്നാൽ അതിന്റെ അർഥം യഹോവയുടെ സംഘടനയെയും ഭൂമിയിലെ തന്റെ ഉദ്ദേശ്യം നിവർത്തിക്കാൻ അവൻ ഉപയോഗിക്കുന്നവരെയും അനുസരിക്കുക എന്നാണ്.” 1925-ലെ “ജനതയുടെ ജനനം” എന്ന വീക്ഷാഗോപുര ലേഖനത്തിലെ ചില ആശയങ്ങൾ ചിലർ ചോദ്യം ചെയ്തെങ്കിലും, നേഥൻ നോർ സഹോദരൻ ആ വിവരങ്ങൾ മടികൂടാതെ സ്വീകരിച്ചതായി ഈ സഹോദരന് അറിയാമായിരുന്നു. പിന്നീട് ഭരണസംഘത്തിലെ ഒരു അംഗമായിത്തീർന്ന നോർ സഹോദരന്റെ ആ അനുസരണം അദ്ദേഹത്തിൽ ആഴമായ മതിപ്പുളവാക്കി. മേൽപ്രസ്താവിച്ചിരിക്കുന്ന മൂന്നു സഹോദരന്മാരുടെ അഭിപ്രായങ്ങളെക്കുറിച്ച് ധ്യാനിക്കുന്നത് അനുസരണമുള്ളവരായിരുന്നുകൊണ്ട് വിശുദ്ധരായി തുടരാൻ നമ്മെയും സഹായിക്കും.
രക്തത്തെക്കുറിച്ചുള്ള ദൈവികനിയമം അനുസരിച്ചുകൊണ്ട് വിശുദ്ധരായിരിക്കുക
10. രക്തത്തെക്കുറിച്ചുള്ള ദൈവനിയമം അനുസരിക്കുന്നത് എത്ര പ്രധാനമാണ്?
10 ലേവ്യപുസ്തകം 17:10 വായിക്കുക. ഒന്നിന്റെയും രക്തം ഭക്ഷിക്കരുതെന്നും “വല്ല രക്തവും” ഭക്ഷിക്കുന്നവനെ ഛേദിച്ചുകളയണമെന്നും യഹോവ ഇസ്രായേൽ ജനത്തോട് കല്പിച്ചു. മൃഗത്തിന്റെയായാലും മനുഷ്യന്റെയായാലും, രക്തം വർജിക്കണം എന്ന് ക്രിസ്ത്യാനികളോടും ആവശ്യപ്പെട്ടിരിക്കുന്നു. (പ്രവൃ. 15:28, 29) ദൈവം നമ്മുടെ ‘നേരെ ദൃഷ്ടിവെച്ച്’ തന്റെ സഭയിൽനിന്ന് നമ്മെ നീക്കിക്കളയും എന്ന ചിന്തതന്നെ നമ്മെ ഞെട്ടിക്കുന്നു. നാം അവനെ സ്നേഹിക്കുന്നു, അതുകൊണ്ട് അവനെ അനുസരിക്കാൻ ആഗ്രഹിക്കുന്നു. ജീവനു ഭീഷണിയായ സാഹചര്യങ്ങൾ നേരിടേണ്ടിവന്നാൽപ്പോലും യഹോവയെ അറിയാത്ത, അവനെ അനുസരിക്കാൻ കൂട്ടാക്കാത്ത ആളുകളുടെ ഭീഷണിക്കോ യാചനയ്ക്കോ നാം ചെവികൊടുക്കരുത്. രക്തം വർജിക്കുന്നതുകൊണ്ട് പരിഹാസത്തിനു ഇരകളായേക്കാമെന്നു നമുക്കറിയാം. എങ്കിലും ദൈവത്തെ അനുസരിക്കാനാണ് നമ്മുടെ തീരുമാനം. (യൂദാ 17, 18) രക്തം ഭക്ഷിക്കാതിരിക്കാനും രക്തപ്പകർച്ച ഒഴിവാക്കാനും ‘നിഷ്ഠയുള്ളവരായിരിക്കാൻ’ നമ്മെ എന്തു സഹായിക്കും?—ആവ. 12:23.
11. വാർഷിക പാപപരിഹാരദിവസം കേവലം ഒരു ആചാരമല്ലായിരുന്നെന്ന് പറയാൻ കഴിയുന്നത് എന്തുകൊണ്ട്?
11 പുരാതനനാളിലെ ഇസ്രായേല്യ മഹാപുരോഹിതൻ വാർഷിക പാപപരിഹാരദിവസം മൃഗരക്തം ഉപയോഗിച്ചത്, രക്തം സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണം മനസ്സിലാക്കാൻ നമ്മെ സഹായിക്കുന്നു. യഹോവയുടെ ക്ഷമ തേടുന്നവരുടെ പാപപരിഹാരത്തിനായി മാത്രമേ രക്തം ഉപയോഗിക്കാൻ അനുവദിച്ചിരുന്നുള്ളൂ. മറ്റൊന്നിനും അത് ഉപയോഗിക്കാൻ പാടില്ലായിരുന്നു. കാളയുടെയും ആട്ടുകൊറ്റന്റെയും രക്തം നിയമപെട്ടകത്തിന്റെ മൂടിമേലും (കൃപാസനം) അതിന്റെ മുമ്പിലും തളിക്കുമായിരുന്നു. (ലേവ്യ. 16:14, 15, 19) ഈ നടപടി ഇസ്രായേൽ ജനതയുടെ പാപമോചനത്തിനു വഴിതുറന്നു. യഹോവയ്ക്ക് അവരോട് ക്ഷമിക്കാൻ കഴിയുമായിരുന്നു. ഇതുകൂടാതെ, ഒരു മനുഷ്യൻ ഭക്ഷണത്തിനായി ഒരു മൃഗത്തെ കൊന്നാൽ അതിന്റെ രക്തം നിലത്ത് ഒഴിച്ചുകളഞ്ഞ് മണ്ണിട്ടു മൂടണമെന്ന് യഹോവ ആവശ്യപ്പെട്ടു. കാരണം “സകലജഡത്തിന്റെയും ജീവൻ അതിന്റെ രക്ത”മാണ്. (ലേവ്യ. 17:11-14) ഇവയെല്ലാം കേവലം അപ്രസക്തമായ ആചാരങ്ങളായിരുന്നോ? അല്ല. പാപപരിഹാരദിവസത്തിലെ രക്തത്തിന്റെ ഉപയോഗവും രക്തം നിലത്ത് ഒഴിച്ചുകളയാൻ പറഞ്ഞിരുന്ന കല്പനയും രക്തം സംബന്ധിച്ച് മുമ്പ് യഹോവ നോഹയ്ക്കും അവന്റെ സന്തതികൾക്കും നൽകിയ കല്പനയ്ക്ക് ചേർച്ചയിലുള്ളതാണ്. (ഉല്പ. 9:3-6) ജീവൻ നിലനിറുത്താൻവേണ്ടി രക്തം ഉപയോഗിക്കുന്നതിനെ യഹോവ വിലക്കിയിട്ടുണ്ടായിരുന്നു. ക്രിസ്ത്യാനികൾക്ക് ഇത് എന്ത് അർഥമാക്കുന്നു?
12. എബ്രായക്രിസ്ത്യാനികൾക്കുള്ള പൗലോസിന്റെ ലേഖനം രക്തത്തെ പാപമോചനവുമായി ബന്ധപ്പെടുത്തുന്നത് എങ്ങനെ?
12 അപ്പൊസ്തലനായ പൗലോസ് എബ്രായക്രിസ്ത്യാനികൾക്ക് രക്തത്തിന്റെ ശുദ്ധീകരണശക്തിയെക്കുറിച്ച് എഴുതവെ ഇങ്ങനെ വിശദീകരിച്ചു: “ന്യായപ്രമാണപ്രകാരം എല്ലാംതന്നെ രക്തത്താൽ ശുദ്ധീകരിക്കപ്പെടുന്നു. രക്തം ചൊരിഞ്ഞിട്ടല്ലാതെ പാപമോചനം ഇല്ല.” (എബ്രാ. 9:22) എന്നാൽ, മൃഗബലികളുടെ മൂല്യം താത്കാലികമായിരുന്നു. തങ്ങൾ പാപികളാണെന്നും തങ്ങളുടെ പാപങ്ങൾ സമ്പൂർണമായും നീങ്ങാൻ കൂടുതലായ എന്തോ ആവശ്യമായിരുന്നെന്നും ഇസ്രായേല്യരെ ഓർമിപ്പിക്കുക എന്നത് മാത്രമായിരുന്നു അവയുടെ ഉദ്ദേശ്യം എന്നു പൗലോസ് ചൂണ്ടിക്കാട്ടി. അതെ, “ന്യായപ്രമാണത്തിലുള്ളത് വരുവാനുള്ള നന്മകളുടെ വെറും നിഴലാണ്, സാക്ഷാൽ രൂപമല്ല.” (എബ്രാ. 10:1-4) അങ്ങനെയെങ്കിൽ പാപമോചനം സാധ്യമാകുന്നത് എങ്ങനെയാണ്?
13. യേശു തന്റെ രക്തത്തിന്റെ മൂല്യം യഹോവയ്ക്ക് അർപ്പിച്ചതിനെക്കുറിച്ച് നിങ്ങൾക്ക് എന്തു തോന്നുന്നു?
13 എഫെസ്യർ 1:7 വായിക്കുക. ‘നമുക്കുവേണ്ടി തന്നെത്തന്നെ ഏൽപ്പിച്ചുകൊടുത്ത’ യേശുവിന്റെ ബലിമരണത്തിന്, അവനെയും അവന്റെ പിതാവിനെയും സ്നേഹിക്കുന്ന എല്ലാവരെയും സംബന്ധിച്ച് അഗാധമായ അർഥമുണ്ട്. (ഗലാ. 2:20) എന്നാൽ തന്റെ മരണത്തിനും പുനരുത്ഥാനത്തിനും ശേഷം യേശു ചെയ്ത കാര്യങ്ങളാണ് നമ്മുടെ പാപങ്ങളുടെ ക്ഷമ സാധ്യമാക്കുന്നതും നമ്മെ യഥാർഥത്തിൽ വിടുവിക്കുന്നതും. മോശൈക ന്യായപ്രമാണപ്രകാരം പാപപരിഹാരദിവസം ചെയ്തുപോന്നിരുന്ന കാര്യങ്ങൾ വരാനിരുന്നവയുടെ മുൻനിഴലായിരുന്നു. അത് യേശു നിവർത്തിച്ചു. പാപപരിഹാരദിവസം മഹാപുരോഹിതൻ യാഗമൃഗങ്ങളുടെ രക്തത്തിൽ കുറച്ചെടുത്ത് സമാഗമനകൂടാരത്തിലെ (പിന്നീട് ശലോമോന്റെ ആലയത്തിലെ) അതിവിശുദ്ധത്തിലേക്ക് കടന്ന് ദൈവമുമ്പാകെ, അവന്റെ സന്നിധിയിലെന്നപോലെ അർപ്പിച്ചിരുന്നു. (ലേവ്യ. 16:11-15) സമാനമായ വിധത്തിൽ, യേശു സ്വർഗത്തിലേക്കു കയറി തന്റെ മനുഷ്യരക്തത്തിന്റെ മൂല്യം യഹോവയുടെ മുമ്പാകെ അർപ്പിച്ചു. (എബ്രാ. 9:6, 7, 11-14, 24-28) യേശുവിന്റെ രക്തത്തിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നതു നിമിത്തം നമുക്ക് പാപമോചനവും ശുദ്ധമനസ്സാക്ഷിയും ലഭിച്ചിരിക്കുന്നതിൽ നാം എത്ര നന്ദിയുള്ളവരാണ്!
14, 15. രക്തം സംബന്ധിച്ച യഹോവയുടെ നിയമം മനസ്സിലാക്കുന്നതും അനുസരിക്കുന്നതും പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
14 ‘യാതൊരു രക്തവും’ ഭക്ഷിക്കരുതെന്ന് യഹോവ കല്പിച്ചത് എന്തുകൊണ്ടാണെന്ന് നിങ്ങൾക്കിപ്പോൾ ഏറെ മെച്ചമായി ഗ്രഹിക്കാനാകുന്നുണ്ടോ? (ലേവ്യ. 17:10) ദൈവം രക്തം വിശുദ്ധമായി കണക്കാക്കുന്നതിന്റെ കാരണം നിങ്ങൾക്ക് മനസ്സിലാകുന്നുണ്ടോ? അടിസ്ഥാനപരമായി യഹോവ രക്തത്തെ ജീവനു തുല്യമായാണ് വീക്ഷിക്കുന്നത്. (ഉല്പ. 9:4) രക്തത്തെ സംബന്ധിച്ച ദൈവത്തിന്റെ വീക്ഷണവും അതു വർജിക്കാനുള്ള അവന്റെ കല്പനയും നാം അനുസരിക്കണമെന്നതിനോട് നിങ്ങൾ യോജിക്കുന്നുണ്ടോ? ദൈവവുമായി സമാധാനബന്ധത്തിലായിരിക്കാനുള്ള ഒരേയൊരു മാർഗം, യേശുവിന്റെ മറുവിലയാഗത്തിൽ വിശ്വസിക്കുകയും രക്തത്തെക്കുറിച്ച് സ്രഷ്ടാവിനുള്ള സവിശേഷവീക്ഷണം വിലമതിക്കുകയും ചെയ്യുക എന്നതാണ്.—കൊലോ. 1:19, 20.
15 രക്തത്തോടു ബന്ധപ്പെട്ട ഒരു അടിയന്തിരസാഹചര്യം നമ്മിൽ ആർക്കും എപ്പോൾവേണമെങ്കിലും നേരിടേണ്ടിവന്നേക്കാം. അല്ലെങ്കിൽ, നമ്മുടെ കുടുംബാംഗങ്ങൾക്കോ അടുത്ത സുഹൃത്തിനോ രക്തപ്പകർച്ച സംബന്ധിച്ച് തീരുമാനമെടുക്കേണ്ട ഒരു അപ്രതീക്ഷിത സാഹചര്യമുണ്ടായേക്കാം. ആ പ്രതിസന്ധിയിൽ രക്തത്തിന്റെ ഘടകാംശങ്ങളെക്കുറിച്ചും വൈദ്യനടപടികളെക്കുറിച്ചും ചില നിലപാടുകൾ സ്വീകരിക്കേണ്ടതായി വന്നേക്കാം. അതുകൊണ്ടുതന്നെ അതേക്കുറിച്ച് ഗവേഷണം നടത്തുന്നതും അത്തരം ഒരു അടിയന്തിരസാഹചര്യത്തെ നേരിടാൻ തയ്യാറെടുക്കുന്നതും വളരെ പ്രധാനമാണ്. പ്രാർഥനയും അത്തരം മുൻകരുതലുകളും ഈ വിഷയത്തിൽ ഉറച്ച നിലപാടു സ്വീകരിക്കാനും വിട്ടുവീഴ്ച ചെയ്യാതിരിക്കാനും നമ്മെ സഹായിക്കും. ദൈവവചനം വിലക്കുന്ന ഒരു സംഗതി സ്വീകരിച്ചുകൊണ്ട് യഹോവയുടെ ഹൃദയത്തെ ദുഃഖിപ്പിക്കാൻ നാം ആഗ്രഹിക്കുന്നില്ല! ജീവൻ രക്ഷിക്കാമെന്ന പ്രത്യാശയോടെ വൈദ്യശാസ്ത്രവിദഗ്ധരും രക്തപ്പകർച്ചയെ പ്രോത്സാഹിപ്പിക്കുന്ന മറ്റനേകരും രക്തദാനത്തിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. എന്നിരുന്നാലും, രക്തം എങ്ങനെ ഉപയോഗിക്കണം എന്നു പറയാനുള്ള സ്രഷ്ടാവിന്റെ അവകാശത്തെ യഹോവയുടെ വിശുദ്ധജനം അംഗീകരിക്കുന്നു. അവനെ സംബന്ധിച്ചിടത്തോളം ‘ഏതു രക്തവും’ പവിത്രമാണ്. രക്തം സംബന്ധിച്ച ദൈവനിയമം അനുസരിക്കാൻ നാം ദൃഢചിത്തരായിരിക്കണം. യേശുവിന്റെ രക്തത്തിന്റെ ശക്തിയെ വളരെ വിലയുള്ളതായി കരുതുന്നെന്ന് നമ്മുടെ വിശുദ്ധമായ നടത്തയാൽ നാം തെളിയിക്കുന്നു. അവന്റെ രക്തത്തിന് മാത്രമേ പാപമോചനവും നിത്യജീവനും സാധ്യമാക്കാനാകൂ.—യോഹ. 3:16.
നാം വിശുദ്ധരായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നതിന്റെ കാരണം
16. യഹോവയുടെ ജനം വിശുദ്ധരായിരിക്കേണ്ടത് എന്തുകൊണ്ട്?
16 ഇസ്രായേല്യരെ ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് വിടുവിച്ചപ്പോൾ ദൈവം അവരോട് ഇങ്ങനെ പറഞ്ഞു: “ഞാൻ നിങ്ങൾക്കു ദൈവമായിരിക്കേണ്ടതിന്നു നിങ്ങളെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ച യഹോവ ആകുന്നു; ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധന്മാരായിരിക്കേണം.” (ലേവ്യ. 11:45) താൻ വിശുദ്ധനാകയാൽ ഇസ്രായേൽ ജനതയും വിശുദ്ധരായിരിക്കാൻ യഹോവ പ്രതീക്ഷിച്ചു. യഹോവയുടെ സാക്ഷികളെന്ന നിലയിൽ നമ്മളും വിശുദ്ധരായിരിക്കണം. അക്കാര്യത്തിൽ ലേവ്യപുസ്തകം ഒരു സംശയവും അവശേഷിപ്പിക്കുന്നില്ല.
17. ലേവ്യപുസ്തകത്തെപ്പറ്റി ഇപ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നു?
17 ലേവ്യപുസ്തകത്തിലെ ചില ഭാഗങ്ങളുടെ പരിചിന്തനം തീർച്ചയായും പ്രയോജനപ്രദമായിരുന്നു. ഈ പഠനം ബൈബിളിന്റെ ഭാഗമായ ഈ ദൈവനിശ്ശ്വസ്ത പുസ്തകത്തോടുള്ള നിങ്ങളുടെ വിലമതിപ്പ് തീർച്ചയായും വർധിപ്പിച്ചിട്ടുണ്ടാകണം. ലേവ്യപുസ്തകത്തിൽ അടങ്ങിയിരിക്കുന്ന അമൂല്യമായ വിവരങ്ങളെക്കുറിച്ച് ധ്യാനിച്ചത് വിശുദ്ധരായിരിക്കേണ്ടതിന്റെ കാരണങ്ങൾ മനസ്സിലാക്കാൻ നിങ്ങളെ സഹായിച്ചിട്ടുണ്ടെന്നതിൽ സംശയമില്ല. എന്നാൽ നിശ്ശ്വസ്തവചനത്തിന്റെ ഈ ഭാഗത്ത് നമ്മെ കാത്തിരിക്കുന്ന മറ്റു ചില ആത്മീയരത്നങ്ങൾ എന്തൊക്കെയാണ്? യഹോവയ്ക്ക് വിശുദ്ധസേവനം അർപ്പിക്കുന്നതിനോടുള്ള ബന്ധത്തിൽ മറ്റെന്തെല്ലാം വിവരങ്ങൾ നമുക്ക് പഠിക്കാൻ കഴിയും? അടുത്തലേഖനത്തിൽ ഈ വിവരങ്ങൾ നാം പരിചിന്തിക്കും.