ഒരു ഉഷ്ണജല കടൽനായോ?
ആർട്ടിക്കിലെയോ അൻറാർട്ടിക്കിലെയോ മഞ്ഞുറഞ്ഞ വെൺപരപ്പുകളുടെ പശ്ചാത്തലത്തിലാണു കടൽനായ്ക്കൾ (സീലുകൾ) മിക്കപ്പോഴും ചിത്രീകരിക്കപ്പെടുന്നത്. എന്നാൽ ചില കടൽനായകൾക്കു മിതോഷ്ണ കാലാവസ്ഥയിൽ പരിത്യക്തമായ കടൽപ്പുറങ്ങളിലെ മണലിൽ ചൂടേററുകിടന്നു സമൃദ്ധമായി വളരാൻ കഴിയുമെന്നു നിങ്ങൾക്കറിയാമോ?
മെഡിറററേനിയനിലെ സന്യാസി സീലിനെ കാണുക. 3.5 മീററർ നീളമുള്ള ഈ ഉഷ്ണജല കടൽനായ്ക്കു വെളുത്ത ഉദരവും നെഞ്ചും സഹിതം ഇരുണ്ട പുള്ളികളാൽ ആവൃതമായ നീളം കുറഞ്ഞ കനത്ത രോമങ്ങളാണുള്ളത്. ചില മത സന്യാസികളുടെ വസ്ത്രത്തോടു സമാനമായ ഈ ഭിന്ന നിറങ്ങൾ അവയുടെ പേരിന്റെ കാരണം വിശദമാക്കിയേക്കാം.
തഹശ് എന്നു (എബ്രായയിൽ) വിളിക്കപ്പെടുന്ന ഒരു തുകലിനെക്കുറിച്ചു പല ബൈബിൾഭാഗങ്ങൾ പറയുന്നുണ്ട്, അതുകൊണ്ടാണു സമാഗമനകൂടാരത്തെയും വിശുദ്ധമന്ദിരത്തിലെ ഉപകരണങ്ങളെയും മൂടിയിരുന്നത്. (പുറപ്പാടു 25:5; 26:14; സംഖ്യാപുസ്തകം 4:8) തഹശ് കടൽനായ്ത്തുകലിനെ പരാമർശിക്കുന്നുവെന്നു ചില വിദഗ്ധർ സൂചിപ്പിക്കുന്നു. അതു മെഡിറററേനിയനിലെ സന്യാസി സീലിന്റെ തോൽ ആയിരിക്കുമോ? പുരാതന മെഡിറററേനിയൻ ജലാശയങ്ങളിലെ ഈ ജന്തുവിന്റെ സാന്നിദ്ധ്യം ഈ അഭ്യൂഹത്തെ സാധുവാക്കുന്നു.
പുരാതന പഴംപുരാണം സന്യാസി സീലിനു പ്രത്യേകശക്തികൾ ഉള്ളതായി ആരോപിച്ചു. അതിന്റെ തോലിനു മിന്നൽപിണരിന്റെ ഗതി തിരിച്ചുവിടാനും കൃഷിയിടങ്ങളിൽ കൽമഴ പെയ്യാതെ തടയാനും കഴിയുമെന്നു ചിലർ വിശ്വസിച്ചു. എഴുന്നുനിൽക്കുന്നതിനാലോ വീണുകിടക്കുന്നതിനാലോ കടൽനായ്ത്തോലിലെ രോമങ്ങൾ ഇടിയോടുകൂടിയ കൊടുങ്കാററിന്റെ വരവിനെയോ ഉടനടിയുള്ള അതിന്റെ സമാപനത്തെയോ സൂചിപ്പിക്കുന്നതായി പറയപ്പെട്ടു.
സന്യാസി സീലിന്റെ സങ്കല്പിത ശക്തികൾ നിമിത്തം കരുണയററ വേട്ടക്കാർ മിക്കവാറും അതിന്റെ വംശഛേദം വരുത്തി. ഏതായാലും അടുത്ത കാലത്തു പൂർവ-മദ്ധ്യ സർദീനിയയ്ക്കു ചുററുമുള്ള സമുദ്രത്തിൽ അതിനെ കണ്ടിട്ടുണ്ട്. ദൈവത്തിന്റെ പുതിയ ലോകത്തിൽ മനുഷ്യനും മൃഗവും തമ്മിലുള്ള ഐക്യം പുനഃസ്ഥാപിക്കപ്പെടുമ്പോൾ മെഡിറററേനിയൻ സന്യാസി സീൽ പ്രശാന്തവും സമാധാനപൂർണവുമായ കടൽപ്പുറങ്ങൾ വീണ്ടും കൈവശപ്പെടുത്തുമെന്നുള്ളതിനു സംശയംവേണ്ട. അവിടെ അതിന് അത്യാഗ്രഹികളായ മനുഷ്യരുടെ ഭീഷണിയില്ലാതെ വെയിലേററു കിടക്കാൻ കഴിയും.—യെശയ്യാവു 11:6-9.
[31-ാം പേജിലെ ചിത്രത്തിന് കടപ്പാട്]
Panos Dendrinos/HSSPMS