അധ്യായം 6
സംഹരിക്കുന്നതിനുള്ള ശക്തി—“യഹോവ യുദ്ധവീരൻ”
1-3. (എ) ഈജിപ്തുകാരിൽനിന്ന് ഇസ്രായേല്യർ ഏതു ഭീഷണി അഭിമുഖീകരിച്ചു? (ബി) യഹോവ തന്റെ ജനത്തിനുവേണ്ടി എങ്ങനെ യുദ്ധം ചെയ്തു?
ദുർഘടമായ പർവതനിരകൾക്കും സമുദ്രത്തിനും ഇടയിൽ ഇസ്രായേല്യർ കുടുങ്ങിപ്പോയി. നിഷ്ഠുരരായ ഈജിപ്ഷ്യൻ സൈന്യം ഇസ്രായേല്യരെ സംഹരിക്കാനുള്ള ദൃഢനിശ്ചയത്തോടെ പാഞ്ഞടുക്കുകയായിരുന്നു.a എന്നാൽ, പ്രത്യാശ കൈവിടാതിരിക്കാൻ മോശെ ദൈവജനത്തെ പ്രോത്സാഹിപ്പിച്ചു. “യഹോവ നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും,” അവൻ അവർക്ക് ഉറപ്പുകൊടുത്തു.—പുറപ്പാടു 14:14.
2 എന്നിട്ടും, മോശെ യഹോവയോട് ഉറക്കെ നിലവിളിച്ചതായി കാണാൻ കഴിയുന്നു. അപ്പോൾ ദൈവം പ്രതിവചിച്ചു: “നീ എന്നോടു നിലവിളിക്കുന്നതു എന്തു? മുമ്പോട്ടു പോകുവാൻ യിസ്രായേൽമക്കളോടു പറക. വടി എടുത്തു നിന്റെ കൈ കടലിന്മേൽ നീട്ടി അതിനെ വിഭാഗിക്ക.” (പുറപ്പാടു 14:15, 16) സംഭവങ്ങൾ ചുരുളഴിയുന്നതു ഭാവനയിൽ കാണുക. യഹോവ സത്വരം തന്റെ ദൂതനോടു കൽപ്പിക്കുന്നു, മേഘസ്തംഭം ഇസ്രായേല്യരുടെ പിൻഭാഗത്തേക്കു നീങ്ങുന്നു, ഒരുപക്ഷേ ഒരു മതിൽ പോലെ വർത്തിച്ചുകൊണ്ടും അങ്ങനെ, ഈജിപ്ഷ്യൻ ആക്രമണനിരയെ തടഞ്ഞുകൊണ്ടും തന്നെ. (പുറപ്പാടു 14:19, 20; സങ്കീർത്തനം 105:39) മോശെ തന്റെ കൈ നീട്ടുന്നു. ശക്തമായ ഒരു കാറ്റടിച്ച് കടൽവെള്ളം ഇരുവശങ്ങളിലേക്കു മാറുന്നു. വെള്ളം മതിൽക്കെട്ടുകൾ പോലെ നിലകൊള്ളുന്നു, മുഴുജനതയ്ക്കും കടന്നുപോകാവുന്നത്ര വിസ്തൃതിയിൽ ഒരു പാത കാണായ്വരുന്നു!—പുറപ്പാടു 14:21; 15:8.
3 ഈ ശക്തിപ്രദർശനം നേരിൽ കണ്ട ഫറവോൻ തന്റെ സൈന്യങ്ങളോടു പിന്മാറാൻ ആജ്ഞാപിക്കണമായിരുന്നു. എന്നാൽ, അഹങ്കാരിയായ ഫറവോൻ ഒരു ആക്രമണത്തിന് ആജ്ഞ നൽകുകയാണു ചെയ്തത്. (പുറപ്പാടു 14:23) ഈജിപ്തുകാർ അവരുടെ പിന്നാലെ കടൽത്തട്ടിലേക്കു പാഞ്ഞു ചെല്ലുന്നു. എന്നാൽ തങ്ങളുടെ രഥചക്രങ്ങൾ ഊരിപ്പോകാൻ തുടങ്ങിയതോടെ അവർ ആകെ പരിഭ്രാന്തരാകുന്നു. ഇസ്രായേല്യർ സുരക്ഷിതരായി മറുകരയിൽ എത്തിയപ്പോൾ യഹോവ മോശെയോടു കൽപ്പിക്കുന്നു: “വെള്ളം മിസ്രയീമ്യരുടെ മേലും അവരുടെ രഥങ്ങളിൻമേലും കുതിരപ്പടയുടെ മേലും മടങ്ങിവരേണ്ടതിന്നു കടലിന്മേൽ കൈ നീട്ടുക.” മോശെ അപ്രകാരം ചെയ്യവേ ജലമതിലുകൾ തകർന്നുവീഴുന്നു, ഫറവോനെയും അവന്റെ സൈന്യങ്ങളെയും മുക്കിക്കളയുന്നു!—പുറപ്പാടു 14:24-28; സങ്കീർത്തനം 136:15.
ചെങ്കടലിങ്കൽ, യഹോവ തന്നെത്തന്നെ ഒരു “യുദ്ധവീരൻ” എന്നു തെളിയിച്ചു
4. (എ) യഹോവ ചെങ്കടലിങ്കൽ ആരാണെന്നു തെളിഞ്ഞു? (ബി) യഹോവയെ കുറിച്ചുള്ള ഈ വർണനയോട് ചിലർ എങ്ങനെ പ്രതികരിച്ചേക്കാം?
4 ചെങ്കടലിങ്കലെ ഇസ്രായേൽ ജനതയുടെ വിടുതൽ മനുഷ്യവർഗവുമായുള്ള ദൈവത്തിന്റെ ഇടപെടലുകളുടെ ചരിത്രത്തിലെ ഒരു സുപ്രധാന സംഭവമായിരുന്നു. അവിടെ യഹോവ തന്നെത്തന്നെ ഒരു “യുദ്ധവീരൻ” എന്നു തെളിയിച്ചു. (പുറപ്പാടു 15:3) എന്നാൽ യഹോവയെ ഇപ്രകാരം വർണിച്ചിരിക്കുന്നതിനോടു നിങ്ങൾ എങ്ങനെയാണു പ്രതികരിക്കുന്നത്? യുദ്ധം മനുഷ്യവർഗത്തിനു വളരെയധികം വേദനയും ദുരിതവും വരുത്തിയിട്ടുണ്ടെന്നു സമ്മതിക്കുന്നു. അതുകൊണ്ട്, ദൈവത്തിന്റെ സംഹാരശക്തിയുടെ ഉപയോഗം അവനോട് അടുത്തു ചെല്ലാൻ പ്രചോദിപ്പിക്കുന്ന ഒരു ഘടകമായിരിക്കുന്നതിനു പകരം ഏറെയും അതിൽനിന്നു തടയുന്ന ഒന്നായിട്ടാണോ നിങ്ങൾക്കു തോന്നുന്നത്?
ദിവ്യയുദ്ധം മാനുഷ പോരാട്ടങ്ങളിൽനിന്നു വ്യത്യസ്തം
5, 6. (എ) ദൈവം ഉചിതമായി ‘സൈന്യങ്ങളുടെ യഹോവ’ എന്നു വിളിക്കപ്പെടുന്നത് എന്തുകൊണ്ട്? (ബി) ദിവ്യയുദ്ധം മാനുഷ യുദ്ധത്തിൽനിന്നു വ്യത്യസ്തമായിരിക്കുന്നത് എങ്ങനെ?
5 ബൈബിളിന്റെ മൂലപാഠത്തിൽ, എബ്രായ തിരുവെഴുത്തുകളിൽ ഏകദേശം മുന്നൂറു പ്രാവശ്യവും ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ രണ്ടു പ്രാവശ്യവും ദൈവത്തിനു ‘സൈന്യങ്ങളുടെ യഹോവ’ എന്ന സ്ഥാനപ്പേര് നൽകിയിരിക്കുന്നു. (1 ശമൂവേൽ 1:11) പരമാധികാരിയായ ഭരണാധിപൻ എന്ന നിലയിൽ യഹോവ ഒരു വലിയ ദൂതസൈന്യത്തെ നയിക്കുന്നു. (യോശുവ 5:13-15; 1 രാജാക്കന്മാർ 22:19) ഈ സൈന്യത്തിന്റെ സംഹാരശക്തി ഭയാവഹമാണ്. (യെശയ്യാവു 37:36) മനുഷ്യർ നടത്തുന്ന നശീകരണത്തെ കുറിച്ചു ചിന്തിക്കുന്നത് സുഖപ്രദമായ ഒരു സംഗതിയല്ല. എന്നിരുന്നാലും, അപ്രധാനമായ മാനുഷ പോരാട്ടങ്ങൾ പോലെയല്ല ദൈവത്തിന്റെ യുദ്ധങ്ങൾ എന്നു നാം ഓർക്കണം. സൈനിക നേതാക്കളും രാഷ്ട്രീയ നേതാക്കളും തങ്ങളുടെ ആക്രമണത്തിനു ശ്രേഷ്ഠമായ ഉദ്ദേശ്യങ്ങൾ ഉണ്ടെന്നു വരുത്തിത്തീർക്കാൻ ശ്രമിച്ചേക്കാം. എന്നാൽ മാനുഷ യുദ്ധത്തിൽ എല്ലായ്പോഴും അത്യാഗ്രഹവും സ്വാർഥതയുമാണ് ഉൾപ്പെട്ടിരിക്കുന്നത്.
6 ഇതിനു വിപരീതമായി, യഹോവ അന്ധമായ വികാരത്താൽ നയിക്കപ്പെടുന്നില്ല. ആവർത്തനപുസ്തകം 32:4 ഇങ്ങനെ പ്രഖ്യാപിക്കുന്നു: “അവൻ പാറ; അവന്റെ പ്രവൃത്തി അത്യുത്തമം. അവന്റെ വഴികൾ ഒക്കെയും ന്യായം; അവൻ വിശ്വസ്തതയുള്ള ദൈവം, വ്യാജമില്ലാത്തവൻ; നീതിയും നേരുമുള്ളവൻ തന്നേ.” ദൈവവചനം കടിഞ്ഞാണില്ലാത്ത ക്രോധത്തെയും ക്രൂരതയെയും അക്രമത്തെയും കുറ്റംവിധിക്കുന്നു. (ഉല്പത്തി 49:7; സങ്കീർത്തനം 11:5, NW) അതുകൊണ്ട് യഹോവ ഒരിക്കലും അന്യായമായി പ്രവർത്തിക്കുന്നില്ല. അപൂർവമായി മാത്രമേ അവൻ തന്റെ സംഹാരശക്തി ഉപയോഗിക്കുന്നുള്ളൂ, അതും അവസാന മാർഗം എന്ന നിലയിൽ. പ്രവാചകനായ യെഹെസ്കേൽ മുഖാന്തരം അവൻ പ്രസ്താവിച്ചതിനു ചേർച്ചയിലാണ് അത്: “ദുഷ്ടന്റെ മരണത്തിൽ എനിക്കു അല്പമെങ്കിലും താല്പര്യം ഉണ്ടോ? അവൻ തന്റെ വഴികളെ വിട്ടുതിരിഞ്ഞു ജീവിക്കേണമെന്നല്ലയോ എന്റെ താല്പര്യം എന്നു യഹോവയായ കർത്താവിന്റെ അരുളപ്പാട്.”—യെഹെസ്കേൽ 18:23.
7, 8. (എ) ഇയ്യോബ് തന്റെ ദുരിതങ്ങളെ കുറിച്ച് തെറ്റായ എന്തു നിഗമനത്തിലെത്തി? (ബി) ഈ കാര്യത്തിലുള്ള ഇയ്യോബിന്റെ ചിന്തയെ എലീഹൂ തിരുത്തിയത് എങ്ങനെ? (സി) ഇയ്യോബിന്റെ അനുഭവത്തിൽനിന്ന് നമുക്ക് എന്തു പാഠം പഠിക്കാനാകും?
7 അപ്പോൾ, യഹോവ സംഹാരശക്തി ഉപയോഗിക്കുന്നത് എന്തുകൊണ്ട്? അതിന്റെ ഉത്തരത്തിലേക്കു വരുന്നതിനു മുമ്പ്, നമുക്ക് നീതിമാനായ ഇയ്യോബിനെ കുറിച്ചു ചിന്തിക്കാം. ഇയ്യോബ്—ഫലത്തിൽ മനുഷ്യരിൽ ആരും—പരിശോധനയിൻ കീഴിൽ നിർമലത പാലിക്കില്ല എന്ന് സാത്താൻ വെല്ലുവിളിച്ചു. ഇയ്യോബിന്റെ നിർമലത പരീക്ഷിക്കാൻ സാത്താനെ അനുവദിച്ചുകൊണ്ട് യഹോവ ആ വെല്ലുവിളിക്ക് ഉത്തരം കൊടുത്തു. തത്ഫലമായി, ഇയ്യോബിന് രോഗം പിടിപെട്ടു, അവന്റെ സമ്പത്ത് നഷ്ടമായി, മക്കൾ അപമൃത്യുവിന് ഇരകളായി. (ഇയ്യോബ് 1:1–2:8) ഉൾപ്പെട്ടിരുന്ന വിവാദവിഷയങ്ങൾ അറിയാതെ ഇയ്യോബ് തന്റെ കഷ്ടപ്പാടു ദൈവത്തിൽനിന്നുള്ള അന്യായമായ ശിക്ഷയാണെന്നു തെറ്റായി നിഗമനം ചെയ്തു. ദൈവം തന്നെ ഒരു “ലക്ഷ്യമായി” വെച്ചതും “ശത്രു” ആയി കരുതിയതും എന്തുകൊണ്ടാണെന്ന് ഇയ്യോബ് അവനോടു ചോദിച്ചു.—ഇയ്യോബ് 7:20; 13:24.
8 എലീഹൂ എന്ന ഒരു യുവാവ് ഇയ്യോബിന്റെ ന്യായവാദത്തിലെ അപാകത തുറന്നുകാട്ടി, അവൻ പറഞ്ഞു: “എന്റെ നീതി ദൈവത്തിന്റേതിലും കവിയും എന്നു നീ പറയുന്നു.” (ഇയ്യോബ് 35:2) അതേ, നമുക്കു ദൈവത്തെക്കാൾ മെച്ചമായി അറിയാമെന്നു ചിന്തിക്കുന്നത് അല്ലെങ്കിൽ അവൻ അന്യായമായി പെരുമാറിയിരിക്കുന്നു എന്നു നിഗമനം ചെയ്യുന്നത് ബുദ്ധിശൂന്യമാണ്. “ദൈവം ദുഷ്ടതയോ സർവ്വശക്തൻ നീതികേടോ ഒരിക്കലും ചെയ്കയില്ല,” എലീഹൂ പ്രസ്താവിച്ചു. പിന്നീട് അവൻ പറഞ്ഞു: “സർവ്വശക്തനെയോ നാം കണ്ടെത്തുകയില്ല; അവൻ ശക്തിയിൽ അത്യുന്നതനാകുന്നു; അവൻ ന്യായത്തിന്നും പൂർണ്ണനീതിക്കും ഭംഗം വരുത്തുന്നില്ല.” (ഇയ്യോബ് 34:10; 36:22, 23; 37:23) ദൈവം യുദ്ധം ചെയ്യുമ്പോൾ അങ്ങനെ ചെയ്യുന്നതിന് അവനു നല്ല കാരണമുണ്ടെന്നു നമുക്ക് ഉറപ്പുണ്ടായിരിക്കാൻ കഴിയും. അതു മനസ്സിൽ പിടിച്ചുകൊണ്ട്, സമാധാനത്തിന്റെ ദൈവം ഒരു യോദ്ധാവായി മാറുന്നതിന്റെ ചില കാരണങ്ങൾ നമുക്കു പരിശോധിക്കാം.—1 കൊരിന്ത്യർ 14:33.
സമാധാനത്തിന്റെ ദൈവം യുദ്ധം ചെയ്യേണ്ടിവരുന്നതിന്റെ കാരണം
9. സമാധാനത്തിന്റെ ദൈവം യുദ്ധം ചെയ്യുന്നത് എന്തുകൊണ്ട്?
9 ദൈവത്തെ “യുദ്ധവീരൻ” എന്നു പ്രകീർത്തിച്ച ശേഷം മോശെ ഇങ്ങനെ പ്രഖ്യാപിച്ചു: “യഹോവേ, ദേവന്മാരിൽ നിനക്കു തുല്യൻ ആർ? വിശുദ്ധിയിൽ മഹിമയുള്ളവനേ . . . നിനക്കു തുല്യൻ ആർ?” (പുറപ്പാടു 15:11) സമാനമായി, “ദോഷം കണ്ടുകൂടാതവണ്ണം നിർമ്മലദൃഷ്ടിയുള്ളവനും പീഡനം കാണ്മാൻ കഴിയാത്തവനുമായുള്ളോവേ” എന്ന് പ്രവാചകനായ ഹബക്കൂക്കും അവനെ സംബോധന ചെയ്യുകയുണ്ടായി. (ഹബക്കൂക് 1:13) യഹോവ സ്നേഹത്തിന്റെ മാത്രമല്ല, വിശുദ്ധിയുടെയും നീതിയുടെയും ന്യായത്തിന്റെയും കൂടെ ദൈവമാണ്. ചില സമയങ്ങളിൽ അങ്ങനെയുള്ള ഗുണങ്ങൾ തന്റെ സംഹാരശക്തി ഉപയോഗിക്കാൻ അവനെ നിർബന്ധിതനാക്കുന്നു. (യെശയ്യാവു 59:15-19; ലൂക്കൊസ് 18:7) അതുകൊണ്ട് ദൈവം യുദ്ധം ചെയ്യുമ്പോൾ അവൻ തന്റെ വിശുദ്ധിയെ കളങ്കപ്പെടുത്തുന്നില്ല. പകരം, താൻ വിശുദ്ധൻ ആയതുകൊണ്ടാണ് അവൻ യുദ്ധം ചെയ്യുന്നത്.—ലേവ്യപുസ്തകം 19:2.
10. (എ) ദൈവം യുദ്ധം ചെയ്യേണ്ടതിന്റെ ആവശ്യം ആദ്യമായി ഉയർന്നുവന്നത് എപ്പോൾ, എങ്ങനെ? (ബി) ഉല്പത്തി 3:15-ൽ മുൻകൂട്ടി പറഞ്ഞ ശത്രുത പരിഹരിക്കാനുള്ള ഏക മാർഗം എന്താണ്, അത്തരം നടപടി നീതിയുള്ള മനുഷ്യവർഗത്തിന് എന്തു പ്രയോജനങ്ങൾ കൈവരുത്തും?
10 ആദ്യ മനുഷ്യജോടിയായ ആദാമും ഹവ്വായും ദൈവത്തോടു മത്സരിച്ചശേഷം സംജാതമായ സാഹചര്യം പരിചിന്തിക്കുക. (ഉല്പത്തി 3:1-6) യഹോവ അവരുടെ അനീതിയെ അനുവദിച്ചിരുന്നെങ്കിൽ, അഖിലാണ്ഡ പരമാധികാരി എന്ന തന്റെ സ്വന്തം സ്ഥാനത്തെ അവൻ ദുർബലപ്പെടുത്തുമായിരുന്നു. നീതിമാനായ ഒരു ദൈവം എന്ന നിലയിൽ അവരെ മരണത്തിനു വിധിക്കാൻ അവൻ ബാധ്യസ്ഥനായിരുന്നു. (റോമർ 6:23) ബൈബിളിലെ ആദ്യത്തെ പ്രവചനത്തിൽ തന്റെ സ്വന്തം ദാസന്മാരും “സർപ്പ”മായ സാത്താന്റെ അനുയായികളും തമ്മിൽ ശത്രുത നിലനിൽക്കുമെന്ന് അവൻ മുൻകൂട്ടി പറഞ്ഞു. (വെളിപ്പാടു 12:9; ഉല്പത്തി 3:15) ആത്യന്തികമായി, സാത്താനെ തകർക്കുന്നതിലൂടെ മാത്രമേ ശത്രുത പരിഹരിക്കാൻ കഴിയുമായിരുന്നുള്ളൂ. (റോമർ 16:20) എന്നാൽ ആ ന്യായവിധി, നീതിയുള്ള മനുഷ്യവർഗത്തിനു വലിയ അനുഗ്രഹങ്ങൾ കൈവരുത്തും—അത് ഭൂമിയിൽനിന്നു സാത്താന്റെ സ്വാധീനം നീക്കംചെയ്യുകയും ആഗോള പറുദീസയിലേക്കുള്ള വഴിതുറക്കുകയും ചെയ്യും. (മത്തായി 19:28) ആ സമയം വന്നെത്തുന്നതുവരെ, സാത്താന്റെ പക്ഷം ചേരുന്നവർ ദൈവജനത്തിന്റെ ശാരീരികവും ആത്മീയവുമായ ക്ഷേമത്തിന് ഒരു നിരന്തര ഭീഷണിയായിരിക്കും. ചിലപ്പോഴൊക്കെ യഹോവയ്ക്ക് ഇടപെടേണ്ടി വരും.
ദുഷ്ടത നീക്കാൻ ദൈവം പ്രവർത്തിക്കുന്നു
11. ഒരു ആഗോള ജലപ്രളയം വരുത്താൻ ദൈവത്തിനു ബാധ്യത തോന്നിയത് എന്തുകൊണ്ട്?
11 നോഹയുടെ നാളിലെ ജലപ്രളയം അത്തരം ഒരു ഇടപെടലായിരുന്നു. ഉല്പത്തി 6:11, 12 പറയുന്നു: “എന്നാൽ ഭൂമി ദൈവത്തിന്റെ മുമ്പാകെ വഷളായി; ഭൂമി അതിക്രമംകൊണ്ടു നിറഞ്ഞിരുന്നു. ദൈവം ഭൂമിയെ നോക്കി, അതു വഷളായി എന്നു കണ്ടു; സകലജഡവും ഭൂമിയിൽ തന്റെ വഴി വഷളാക്കിയിരുന്നു.” ഭൂമിയിൽ അവശേഷിച്ചിരുന്ന ധാർമികതയുടെ അവസാന കണികയും ഇല്ലാതാക്കാൻ ദൈവം ദുഷ്ടന്മാരെ അനുവദിക്കുമായിരുന്നോ? ഇല്ല. അക്രമവാസനയുള്ളവരെയും അസന്മാർഗികളെയും ഉന്മൂലനം ചെയ്യാൻ താൻ ബാധ്യസ്ഥനാണെന്ന് യഹോവയ്ക്കു തോന്നി, അങ്ങനെ അവൻ ഒരു ആഗോളപ്രളയം വരുത്തി.
12. (എ) അബ്രാഹാമിന്റെ “സന്തതി”യെ കുറിച്ചു യഹോവ എന്തു മുൻകൂട്ടി പറഞ്ഞു? (ബി) അമോര്യരെ നീക്കിക്കളയേണ്ടത് ആവശ്യമായിരുന്നത് എന്തുകൊണ്ട്?
12 കനാന്യർക്കെതിരായ ദൈവത്തിന്റെ ന്യായവിധിയുടെ കാര്യത്തിലും അതുതന്നെ സത്യമായിരുന്നു. അബ്രാഹാമിൽനിന്ന് ഒരു “സന്തതി” വരുമെന്നും, ആ സന്തതി മുഖാന്തരം ഭൂമിയിലെ സകല ജനതകളും തങ്ങളെത്തന്നെ അനുഗ്രഹിക്കുമെന്നും യഹോവ വെളിപ്പെടുത്തി. അമോര്യർ എന്നറിയപ്പെട്ടിരുന്ന ഒരു ജനത പാർത്തിരുന്ന കനാൻദേശം അബ്രാഹാമിന്റെ വംശജർക്കു കൊടുക്കുമെന്നു ദൈവം അരുളിച്ചെയ്തു. അമോര്യരെ അവരുടെ ദേശത്തുനിന്നു ബലമായി ഒഴിപ്പിക്കുന്ന ദൈവിക നടപടി ന്യായമായിരുന്നോ? “അമോര്യരുടെ അക്രമം” ‘തികയുന്ന’തുവരെ ഏതാണ്ടു 400 വർഷത്തോളം ഒഴിപ്പിക്കൽ ഉണ്ടാകുകയില്ലെന്നു യഹോവ മുൻകൂട്ടി പറഞ്ഞു.b (ഉല്പത്തി 12:1-3; 13:14, 15; 15:13, 16; 22:18) ആ കാലഘട്ടത്തിൽ അമോര്യർ ധാർമികമായി ഒന്നിനൊന്ന് അധഃപതിച്ചുകൊണ്ടിരിക്കുകയായിരുന്നു. കനാൻ വിഗ്രഹാരാധനയുടെയും രക്തച്ചൊരിച്ചിലിന്റെയും നികൃഷ്ടമായ ലൈംഗിക നടപടികളുടെയും ദേശമായിത്തീർന്നു. (പുറപ്പാടു 23:24; 34:12, 13; സംഖ്യാപുസ്തകം 33:52) ദേശത്തെ നിവാസികൾ കുഞ്ഞുങ്ങളെ അഗ്നിയിൽ ഹോമിക്കുകപോലും ചെയ്തു. പരിശുദ്ധനായ ഒരു ദൈവത്തിനു തന്റെ ജനത്തെ അത്തരം ദുഷ്ടതയുമായി സമ്പർക്കത്തിൽ വരുത്താൻ കഴിയുമായിരുന്നോ? ഒരിക്കലുമില്ല! അവൻ ഇങ്ങനെ പ്രഖ്യാപിച്ചു: “ദേശവും അശുദ്ധമായിത്തീർന്നു; അതുകൊണ്ടു ഞാൻ അതിന്റെ അകൃത്യം അതിന്മേൽ സന്ദർശിക്കുന്നു; ദേശം തന്റെ നിവാസികളെ ഛർദ്ദിച്ചുകളയുന്നു.” (ലേവ്യപുസ്തകം 18:21-25) എന്നിരുന്നാലും യഹോവ ആ ജനത്തെ വിവേചനാരഹിതമായി കൊന്നൊടുക്കിയില്ല. രാഹാബിനെയും ഗിബെയോന്യരെയും പോലുള്ള നീതിസ്നേഹികൾ ഒഴിവാക്കപ്പെട്ടു.—യോശുവ 6:25; 9:3-27.
തന്റെ നാമത്തിനുവേണ്ടി പോരാടുന്നു
13, 14. (എ) തന്റെ നാമത്തെ വിശുദ്ധീകരിക്കാൻ യഹോവ ബാധ്യസ്ഥനായിരുന്നത് എന്തുകൊണ്ട്? (ബി) യഹോവ തന്റെ നാമത്തിന്മേലുള്ള നിന്ദ നീക്കിയത് എങ്ങനെ?
13 യഹോവ വിശുദ്ധനാകയാൽ, അവന്റെ നാമം വിശുദ്ധമാണ്. (ലേവ്യപുസ്തകം 22:32) “നിന്റെ നാമം വിശുദ്ധീകരിക്കപ്പെടേണമേ” എന്നു പ്രാർഥിക്കാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു. (മത്തായി 6:9) ഏദെനിലെ മത്സരം ദൈവനാമത്തെ അശുദ്ധമാക്കി, ദൈവത്തിന്റെ സത്കീർത്തിയെയും ഭരണരീതിയെയും ചോദ്യം ചെയ്തു. അത്തരം ദൂഷണത്തിനും മത്സരത്തിനും നേരെ കണ്ണടയ്ക്കാൻ യഹോവയ്ക്കു കഴിയുമായിരുന്നില്ല. തന്റെ നാമത്തിന്മേലുള്ള നിന്ദ നീക്കാൻ അവൻ ബാധ്യസ്ഥനായിരുന്നു.—യെശയ്യാവു 48:11.
14 വീണ്ടും ഇസ്രായേല്യരുടെ കാര്യമെടുക്കുക. അവർ ഈജിപ്തിൽ അടിമകളായിരുന്നിടത്തോളം കാലം, അബ്രാഹാമിന്റെ സന്തതി മുഖാന്തരം ഭൂമിയിലെ സകല കുടുംബങ്ങളും തങ്ങളെത്തന്നെ അനുഗ്രഹിക്കുമെന്ന അബ്രാഹാമിനോടുള്ള വാഗ്ദാനം കഴമ്പില്ലാത്തതായി കാണപ്പെട്ടു. എന്നാൽ അവരെ വിടുവിച്ച് ഒരു ജനതയാക്കിത്തീർക്കുകവഴി യഹോവ തന്റെ നാമത്തിന്മേലുള്ള നിന്ദ നീക്കി. പ്രവാചകനായ ദാനീയേൽ പ്രാർഥനയിൽ ഇങ്ങനെ അനുസ്മരിച്ചു: “നിന്റെ ജനത്തെ ബലമുള്ള കൈകൊണ്ടു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്നു . . . നിനക്കു ഒരു നാമം ഉണ്ടാക്കി.”—ദാനീയേൽ 9:15.
15. യഹോവ യഹൂദന്മാരെ ബാബിലോണിന്റെ അടിമത്തത്തിൽനിന്നു രക്ഷിച്ചത് എന്തുകൊണ്ട്?
15 തന്റെ നാമത്തിനുവേണ്ടി യഹോവ ഒരിക്കൽക്കൂടി പ്രവർത്തിക്കേണ്ടതുണ്ടെന്ന് യഹൂദന്മാർക്കു തോന്നിയ ഒരു സമയത്താണു ദാനീയേൽ ഈ വിധത്തിൽ പ്രാർഥിച്ചത് എന്നതു താത്പര്യജനകമാണ്. അനുസരണംകെട്ട യഹൂദന്മാർ പ്രവാസത്തിലായിരുന്നു, ഈ പ്രാവശ്യം ബാബിലോണിൽ. അവരുടെ സ്വന്തം തലസ്ഥാന നഗരമായ യെരൂശലേം ശൂന്യമായി കിടക്കുകയായിരുന്നു. സ്വദേശത്തേക്കുള്ള യഹൂദന്മാരുടെ പുനഃസ്ഥാപനം യഹോവയുടെ നാമത്തെ മഹിമപ്പെടുത്തുമെന്നു ദാനീയേലിന് അറിയാമായിരുന്നു. ദാനീയേൽ ഇങ്ങനെ പ്രാർഥിച്ചു: “കർത്താവേ, [“യഹോവേ,” NW] ക്ഷമിക്കേണമേ; കർത്താവേ, ചെവിക്കൊണ്ടു പ്രവർത്തിക്കേണമേ; എന്റെ ദൈവമേ, നിന്നെത്തന്നെ ഓർത്തു താമസിക്കരുതേ; നിന്റെ നാമം വിളിച്ചിരിക്കുന്നുവല്ലോ.” (ചെരിച്ചെഴുതിയിരിക്കുന്നത് ഞങ്ങൾ.)—ദാനീയേൽ 9:18, 19.
തന്റെ ജനത്തിനുവേണ്ടി പോരാടുന്നു
16. തന്റെ നാമത്തിനുവേണ്ടി പ്രവർത്തിക്കാനുള്ള യഹോവയുടെ താത്പര്യം അവൻ വികാരശൂന്യനോ സ്വാർഥനോ ആണെന്ന് അർഥമാക്കുന്നില്ലാത്തത് എന്തുകൊണ്ടെന്നു വിശദമാക്കുക.
16 തന്റെ നാമത്തിനു വേണ്ടി പ്രവർത്തിക്കാനുള്ള യഹോവയുടെ താത്പര്യം അവൻ വികാരശൂന്യനും സ്വാർഥനുമാണെന്ന് അർഥമാക്കുന്നുവോ? ഇല്ല, എന്തെന്നാൽ തന്റെ വിശുദ്ധിക്കും നീതിയോടുള്ള സ്നേഹത്തിനും അനുസൃതമായി പ്രവർത്തിക്കുകവഴി അവൻ തന്റെ ജനത്തെ സംരക്ഷിക്കുന്നു. ഉല്പത്തി 14-ാം അധ്യായം പരിചിന്തിക്കുക. അബ്രാഹാമിന്റെ സഹോദരപുത്രനായ ലോത്തിനെ അവന്റെ കുടുംബത്തോടൊപ്പം തട്ടിക്കൊണ്ടുപോയ ആക്രമണകാരികളായ നാലു രാജാക്കന്മാരെ കുറിച്ച് അവിടെ നാം വായിക്കുന്നു. ദൈവത്തിന്റെ സഹായത്തോടെ അബ്രാഹാം അതിശക്തരായ സൈന്യങ്ങളെ ദയനീയമായി പരാജയപ്പെടുത്തി! ഈ വിജയത്തെ കുറിച്ചുള്ള വിവരണം “യഹോവയുടെ യുദ്ധപുസ്തക”ത്തിലെ ആദ്യരേഖ ആയിരിക്കാനിടയുണ്ട്. (സംഖ്യാപുസ്തകം 21:15) സാധ്യതയനുസരിച്ച്, ബൈബിളിൽ രേഖപ്പെടുത്തിയിട്ടില്ലാത്ത ചില സൈനിക സംഘട്ടനങ്ങളെ കുറിച്ചുള്ള വിവരണങ്ങളും ഈ പുസ്തകത്തിൽ ഉണ്ടായിരുന്നിരിക്കാം. കൂടുതൽ വിജയങ്ങൾ വരാനിരിക്കുകയായിരുന്നു.
17. ഇസ്രായേല്യർ കനാൻദേശത്തു പ്രവേശിച്ചശേഷം യഹോവ അവർക്കു വേണ്ടി യുദ്ധം ചെയ്തെന്ന് എന്തു പ്രകടമാക്കുന്നു? ഉദാഹരണങ്ങൾ നൽകുക.
17 ഇസ്രായേല്യർ കനാൻദേശത്തു പ്രവേശിക്കുന്നതിന് അൽപ്പകാലം മുമ്പ് മോശെ അവർക്ക് ഈ ഉറപ്പുകൊടുത്തു: “നിങ്ങളുടെ ദൈവമായ യഹോവ നിങ്ങളുടെ മുമ്പിൽ നടക്കുന്നു. നിങ്ങൾ കാൺകെ അവൻ മിസ്രയീമിലും . . . ചെയ്തതുപോലെ ഒക്കെയും നിങ്ങൾക്കുവേണ്ടി യുദ്ധം ചെയ്യും.” (ആവർത്തനപുസ്തകം 1:30; 20:1) മോശെയുടെ പിൻഗാമിയായ യോശുവയുടെ കാലം മുതൽ ന്യായാധിപന്മാരുടെ കാലത്തും യഹൂദയിലെ വിശ്വസ്ത രാജാക്കന്മാരുടെ വാഴ്ചക്കാലത്തൊക്കെയും യഹോവ തന്റെ ജനത്തിനുവേണ്ടി യുദ്ധം ചെയ്യുകയും അവരുടെ ശത്രുക്കളുടെമേൽ അവർക്കു ഗംഭീര വിജയങ്ങൾ നേടിക്കൊടുക്കുകയും ചെയ്തു.—യോശുവ 10:1-14; ന്യായാധിപന്മാർ 4:12-17; 2 ശമൂവേൽ 5:17-21.
18. (എ) യഹോവയ്ക്കു മാറ്റമുണ്ടായിട്ടില്ല എന്നതിൽ നമുക്കു നന്ദിയുള്ളവർ ആയിരിക്കാൻ കഴിയുന്നത് എന്തുകൊണ്ട്? (ബി) ഉല്പത്തി 3:15-ൽ വർണിച്ചിരിക്കുന്ന ശത്രുത അതിന്റെ പാരമ്യത്തിലെത്തുമ്പോൾ എന്തു സംഭവിക്കും?
18 യഹോവയ്ക്കു മാറ്റമുണ്ടായിട്ടില്ല; ഈ ഗ്രഹത്തെ സമാധാനം കളിയാടുന്ന ഒരു പറുദീസയാക്കാനുള്ള അവന്റെ ഉദ്ദേശ്യത്തിനും മാറ്റമുണ്ടായിട്ടില്ല. (ഉല്പത്തി 1:27, 28) ദൈവം ഇപ്പോഴും ദുഷ്ടതയെ വെറുക്കുന്നു. അതേസമയം, അവൻ തന്റെ ജനത്തെ അങ്ങേയറ്റം സ്നേഹിക്കുന്നു. അവർക്കുവേണ്ടി അവൻ താമസിയാതെ പ്രവർത്തിക്കുകയും ചെയ്യും. (സങ്കീർത്തനം 11:7) യഥാർഥത്തിൽ, ഉല്പത്തി 3:15-ൽ വിവരിച്ചിരിക്കുന്ന ശത്രുത സമീപ ഭാവിയിൽ വിസ്മയാവഹവും ഭയജനകവുമായ ഒരു വഴിത്തിരിവിൽ എത്തുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. തന്റെ നാമത്തെ വിശുദ്ധീകരിക്കുന്നതിനും തന്റെ ജനത്തെ സംരക്ഷിക്കുന്നതിനും യഹോവ വീണ്ടും ഒരു “യുദ്ധവീരൻ” ആയിത്തീരും.—സെഖര്യാവു 14:3; വെളിപ്പാടു 16:14, 16.
19. (എ) ദൈവം തന്റെ സംഹാരശക്തി ഉപയോഗിക്കുന്ന വിധത്തിന് നമ്മെ അവനിലേക്ക് അടുപ്പിക്കാനാകും എന്നതിന്റെ കാരണം ദൃഷ്ടാന്തത്താൽ വിശദമാക്കുക. (ബി) യുദ്ധം ചെയ്യാനുള്ള ദൈവത്തിന്റെ സന്നദ്ധതയ്ക്ക് നമ്മുടെമേൽ എന്തു ഫലം ഉണ്ടായിരിക്കണം?
19 ഒരു ദൃഷ്ടാന്തം പരിചിന്തിക്കുക: ഒരു മനുഷ്യന്റെ കുടുംബത്തെ ഒരു ഹിംസ്രമൃഗം ആക്രമിക്കുന്നുവെന്നിരിക്കട്ടെ. ആ മനുഷ്യൻ രംഗത്തേക്കു ചാടിയിറങ്ങി ഘോരമൃഗത്തെ കൊല്ലുന്നു. അങ്ങനെ ചെയ്തതിന്റെ പേരിൽ ഭാര്യയും കുട്ടികളും അയാളെ വെറുക്കുമെന്നു നിങ്ങൾക്കു തോന്നുന്നുണ്ടോ? മറിച്ച്, അവരോടുള്ള അയാളുടെ നിസ്വാർഥ സ്നേഹം അവരുടെ ഹൃദയത്തെ ആഴമായി സ്പർശിക്കാൻ നിങ്ങൾ പ്രതീക്ഷിക്കും. സമാനമായി, ദൈവം തന്റെ സംഹാരശക്തി ഉപയോഗിക്കുന്നത് നമുക്ക് അവനോട് വെറുപ്പു തോന്നാൻ ഇടയാക്കരുത്. നമ്മെ സംരക്ഷിക്കുന്നതിനായി പൊരുതുന്നതിനുള്ള അവന്റെ സന്നദ്ധത അവനോടുള്ള നമ്മുടെ സ്നേഹത്തെ വർധിപ്പിക്കേണ്ടതാണ്. അവന്റെ അപരിമിതമായ ശക്തിയോടുള്ള നമ്മുടെ ആദരവിനും ആഴം കൂടണം. അങ്ങനെ, “ഭക്തിയോടും ഭയത്തോടുംകൂടെ സേവ” ചെയ്യാൻ നമുക്കാകും.—എബ്രായർ 12:28ബി.
“യുദ്ധവീര”നോട് അടുത്തു ചെല്ലുക
20. നമുക്കു പൂർണമായി ഗ്രഹിക്കാൻ കഴിയാത്ത ദിവ്യയുദ്ധങ്ങളെ കുറിച്ചുള്ള ബൈബിൾ വിവരണങ്ങൾ വായിക്കുമ്പോൾ നാം എങ്ങനെ പ്രതികരിക്കണം, എന്തുകൊണ്ട്?
20 തീർച്ചയായും, ബൈബിൾ ഓരോ സന്ദർഭത്തിലും ദിവ്യ യുദ്ധങ്ങൾ സംബന്ധിച്ച യഹോവയുടെ തീരുമാനങ്ങളുടെ എല്ലാ വിശദാംശങ്ങളും നൽകുന്നില്ല. എന്നാൽ നമുക്ക് എല്ലായ്പോഴും ഈ ഉറപ്പുണ്ടായിരിക്കാൻ കഴിയും: യഹോവ ഒരിക്കലും നീതിനിഷ്ഠമല്ലാത്തതോ അനിയന്ത്രിതമോ ക്രൂരമോ ആയ വിധത്തിൽ സംഹാരശക്തി പ്രയോഗിക്കുകയില്ല. മിക്കപ്പോഴും ബൈബിൾ വിവരണത്തിന്റെ സന്ദർഭമോ അൽപ്പം പശ്ചാത്തല വിവരങ്ങളോ പരിചിന്തിക്കുന്നത് കാര്യങ്ങളെ ശരിയായി വീക്ഷിക്കാൻ നമ്മെ സഹായിക്കും. (സദൃശവാക്യങ്ങൾ 18:13) എല്ലാ വിശദാംശങ്ങളും ലഭ്യമല്ലാത്തപ്പോൾപ്പോലും യഹോവയെ കുറിച്ചു കൂടുതൽ പഠിക്കുന്നതും അവന്റെ വിലയേറിയ ഗുണങ്ങളെ കുറിച്ചു ധ്യാനിക്കുന്നതും ഉയർന്നുവരാവുന്ന ഏതു സംശയങ്ങളെയും നിവാരണം ചെയ്യാൻ നമ്മെ സഹായിച്ചേക്കാം. അങ്ങനെ ചെയ്യുമ്പോൾ, നമ്മുടെ ദൈവമായ യഹോവയെ ആശ്രയിക്കുന്നതിനു നമുക്കു മതിയായ കാരണമുണ്ടെന്നു നാം മനസ്സിലാക്കും.—ഇയ്യോബ് 34:12.
21. യഹോവ ചില സമയങ്ങളിൽ ഒരു “യുദ്ധവീരൻ” ആണെങ്കിലും അവൻ ഹൃദയത്തിൽ എങ്ങനെയുള്ളവൻ ആണ്?
21 സാഹചര്യം ആവശ്യമാക്കിത്തീർക്കുമ്പോൾ യഹോവ ഒരു “യുദ്ധവീരൻ” ആയിത്തീരുമെങ്കിലും അവൻ ഹൃദയത്തിൽ യുദ്ധപ്രിയനാണെന്ന് അതിന് അർഥമില്ല. സ്വർഗീയരഥത്തെ കുറിച്ചുള്ള യെഹെസ്കേലിന്റെ ദർശനത്തിൽ യഹോവ തന്റെ ശത്രുക്കൾക്കെതിരെ യുദ്ധം ചെയ്യാൻ ഒരുങ്ങിനിൽക്കുന്നതായി വർണിച്ചിരിക്കുന്നു. എന്നിരുന്നാലും, സമാധാനത്തിന്റെ ഒരു പ്രതീകമായ മഴവില്ല് ദൈവത്തെ വലയം ചെയ്തിരിക്കുന്നതു യെഹെസ്കേൽ കണ്ടു. (ഉല്പത്തി 9:13; യെഹെസ്കേൽ 1:28; വെളിപ്പാടു 4:3) യഹോവ ശാന്തനും സമാധാന കാംക്ഷിയുമാണെന്നു വ്യക്തമാണ്. “ദൈവം സ്നേഹം തന്നേ” എന്ന് അപ്പൊസ്തലനായ യോഹന്നാൻ എഴുതി. (1 യോഹന്നാൻ 4:8) യഹോവയുടെ എല്ലാ ഗുണങ്ങളും പൂർണ സമനിലയിലാണ്. അപ്പോൾ, ഇത്ര ശക്തനും സ്നേഹവാനുമായ ഒരു ദൈവത്തോട് അടുത്തു ചെല്ലാൻ കഴിയുന്നത് നമ്മെ സംബന്ധിച്ചിടത്തോളം എത്ര വലിയ പദവിയാണ്!
a യഹൂദ ചരിത്രകാരനായ ജോസീഫസ് പറയുന്നതനുസരിച്ച്, “600 രഥങ്ങളും 50,000 കുതിരപ്പടയാളികളും 2,00,000-ത്തോളം വരുന്ന ആയുധസജ്ജരായ കാലാൾപ്പടയുമാണ് [എബ്രായരെ] പിന്തുടർന്നത്.”—യഹൂദ പുരാവൃത്തങ്ങൾ (ഇംഗ്ലീഷ്), II, 324 [xv, 3].
b തെളിവനുസരിച്ച്, ഇവിടെ “അമോര്യർ” എന്ന പദം കനാനിലെ സകല ജനങ്ങളെയും ഉൾപ്പെടുത്തുന്നു.—ആവർത്തനപുസ്തകം 1:6-8, 19-21, 27; യോശുവ 24:15, 18.