ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ജനുവരി 11-17
ദൈവവചനത്തിലെ നിധികൾ | ലേവ്യ 20–21
“യഹോവ തന്റെ ജനത്തെ വേർതിരിച്ചിരിക്കുന്നു”
it-1-E 1199
അവകാശം
ഉടമസ്ഥന്റെ മരണത്തിങ്കൽ, അനന്തരാവകാശിക്ക് കൈമാറപ്പെടുന്ന വസ്തു; മാതാപിതാക്കളിൽനിന്നോ മുൻഗാമികളിൽനിന്നോ പിന്തുടർച്ചാവകാശംപോലെ ലഭിക്കുന്ന എന്തും. പിന്തുടർച്ചയായി അവകാശമോ പൈതൃകസ്വത്തോ കിട്ടുന്നതിനെയോ കൊടുക്കുന്നതിനെയോ ആണ് ഇതിന്റെ എബ്രായക്രിയാപദമായ നാഹൽ (നാമപദം, നഹലാഹ്) എന്നതുകൊണ്ട് അർഥമാക്കുന്നത്. (സംഖ 26:55; യഹ 46:18) യാരാഷ് എന്ന ക്രിയാപദം ചിലയിടങ്ങളിൽ “അനന്തരാവകാശി” എന്ന നിലയിൽ ലഭിക്കുന്ന അവകാശത്തെ അർഥമാക്കുന്നുണ്ടെങ്കിലും, പലപ്പോഴും “കൈവശമാക്കുക” എന്ന അർഥത്തിലാണ് ഉപയോഗിച്ചിട്ടുള്ളത്. (ഉൽ 15:3; ലേവ 20:24) ഒരു സൈനികനടപടിയിലൂടെ മറ്റൊരാളുടേത് സ്വന്തമാക്കുന്നതിനുവേണ്ടി “തുരത്തിയോടിക്കുക” എന്ന അർഥത്തിലും ഇത് ഉപയോഗിച്ചിട്ടുണ്ട്. (ആവ 2:12; 31:3) ക്ലീറൊസ് എന്നതാണ് ഗ്രീക്കിൽ അവകാശം എന്നതിന്റെ മൂലപദം. തുടക്കത്തിൽ “നറുക്ക്” എന്ന അർഥത്തിലാണ് ഇത് ഉപയോഗിച്ചത്. പിന്നീട് “പങ്ക്” എന്നും “അവകാശം” എന്നും ഉള്ള അർഥവും ഈ വാക്കിനു വന്നു.—മത്ത 27:35; പ്രവൃ 1:17, സത്യവേദപുസ്തകം; 26:18.
it-1-E 317 ¶2
പക്ഷികൾ
പ്രളയത്തിനു ശേഷം, നോഹ മൃഗങ്ങളോടൊപ്പം ‘ശുദ്ധിയുള്ള എല്ലാ പറവകളെയും’ യാഗമായി അർപ്പിച്ചു. (ഉൽ 8:18-20) അതിനു ശേഷം, പക്ഷികളെ ആഹാരമായി കഴിക്കാനുള്ള അനുവാദം ദൈവം കൊടുത്തു, പക്ഷേ രക്തം കഴിക്കാൻ പാടില്ലായിരുന്നു. (ഉൽ 9:1-4; ലേവ 7:26 താരതമ്യം ചെയ്യുക; 17:13) അക്കാലത്ത് യഹോവയ്ക്ക് യാഗങ്ങൾ അർപ്പിക്കുന്നതുമായാണ് പക്ഷികളുടെ “ശുദ്ധി” ബന്ധപ്പെട്ടിരുന്നത്. കാരണം, ആഹാരമായി ഉപയോഗിക്കുന്ന പക്ഷികളുടെ കാര്യത്തിൽ, മോശയുടെ നിയമം വരുന്നതുവരെ “ശുദ്ധം” എന്നോ “അശുദ്ധം” എന്നോ അവയെ വേർതിരിച്ചിരുന്നില്ല. (ലേവ 11:13-19, 46, 47; 20:25; ആവ 14:11-20) ഏതെല്ലാം കാര്യങ്ങൾ കണക്കിലെടുത്താണ് പക്ഷികളെ ‘അശുദ്ധമായി’ കണക്കാക്കിയിരുന്നത് എന്നു ബൈബിൾ വ്യക്തമായി പറയുന്നില്ല. അങ്ങനെയുള്ള പക്ഷികളിൽ മിക്കതും ഇരപിടിയന്മാരും ശവംതീനികളും ആയിരുന്നെങ്കിലും, എല്ലാം ആ ഗണത്തിൽപ്പെടില്ലായിരുന്നു. പുതിയ ഉടമ്പടി പ്രാബല്യത്തിൽ വന്നതോടെ ഈ വിലക്ക് മാറിയെന്ന് ദൈവം പത്രോസിനു കൊടുത്ത ഒരു ദർശനം തെളിയിക്കുന്നു.—പ്രവൃ 10:9-15.
ആത്മീയരത്നങ്ങൾ
it-1-E 563
മുറിവുകൾ
മരിച്ചവർക്കുവേണ്ടി ശരീരത്തിൽ മുറിവുകൾ ഉണ്ടാക്കുന്നതിനെ ദൈവനിയമം പ്രത്യേകം വിലക്കിയിരുന്നു. (ലേവ 19:28; 21:5; ആവ 14:1) ഇസ്രായേല്യർ യഹോവയ്ക്ക് ഒരു വിശുദ്ധജനത, ഒരു പ്രത്യേകസ്വത്ത്, ആണ് എന്നതായിരുന്നു അതിനു കാരണം. (ആവ 14:2) അതുകൊണ്ട് വ്യാജമതവുമായി ബന്ധപ്പെട്ട എല്ലാ ആചാരങ്ങളിൽനിന്നും ഇസ്രായേല്യർ വിട്ടുനിൽക്കണമായിരുന്നു. കൂടാതെ, ശരീരത്തിൽ മുറിവുകളുണ്ടാക്കിയിരുന്നത് മരിച്ചവർക്കുവേണ്ടി തീവ്രമായ വിലാപപ്രകടനങ്ങൾ നടത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു. മരിച്ചവരുടെ അവസ്ഥയെയും പുനരുത്ഥാനപ്രത്യാശയെയും കുറിച്ച് വ്യക്തമായ അറിവുള്ള ഇസ്രായേല്യർ അങ്ങനെ ചെയ്യുന്നത് തികച്ചും അനുചിതമായിരുന്നു. (ദാനി 12:13; എബ്ര 11:19) അതുപോലെ, സ്വയം മുറിവുകളുണ്ടാക്കുന്നതിനെ വിലക്കിയത്, ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യശരീരത്തോട് ആദരവ് കാണിക്കണമെന്നും ഇസ്രായേല്യരെ പഠിപ്പിച്ചു.
ജനുവരി 18-24
ദൈവവചനത്തിലെ നിധികൾ | ലേവ്യ 22–23
“ഇസ്രായേല്യരുടെ വാർഷികോത്സവങ്ങളും നമ്മളും”
it-1-E 826-827
പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം
പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തിന്റെ ആദ്യ ദിവസം ഒരു വിശുദ്ധസമ്മേളനമായിരുന്നു. അന്ന് ഒരു ശബത്തും ആയിരുന്നു. രണ്ടാം ദിവസം, അതായത് നീസാൻ 16-ന്, ബാർലിയുടെ വിളവിന്റെ ആദ്യഫലങ്ങളുടെ ഒരു കറ്റ പുരോഹിതന്റെ അടുത്ത് കൊണ്ടുവരണമായിരുന്നു. പലസ്തീനിൽ വർഷത്തിലെ ആദ്യത്തെ വിളവായിരുന്നു ബാർലി. ഈ ഉത്സവത്തിനു മുമ്പ് ആരും പുതിയ വിളവെടുപ്പിലെ ധാന്യമോ അപ്പമോ വറുത്ത ധാന്യമോ കഴിക്കാൻ പാടില്ലായിരുന്നു. പുരോഹിതൻ ആ കറ്റ ആലങ്കാരികമായി അങ്ങോട്ടും ഇങ്ങോട്ടും ആട്ടിക്കൊണ്ട് യഹോവയ്ക്ക് അർപ്പിച്ചിരുന്നു. ഒപ്പം ഒരു വയസ്സോ അതിൽ താഴെയോ പ്രായമുള്ള ന്യൂനതയില്ലാത്ത ഒരു ആൺചെമ്മരിയാട്ടിൻകുട്ടിയെ ദഹനയാഗമായി അർപ്പിക്കണമായിരുന്നു, കൂടെ എണ്ണ ചേർത്ത ധാന്യയാഗവും പാനീയയാഗവും. (ലേവ 23:6-14) പിൽക്കാലത്ത് പുരോഹിതന്മാർ ധാന്യമോ ധാന്യപ്പൊടിയോ യാഗപീഠത്തിൽ കത്തിക്കാൻ തുടങ്ങിയെങ്കിലും, ശരിക്കും അങ്ങനെ ഒരു കല്പന കൊടുത്തിട്ടില്ലായിരുന്നു. ഒരു ജനതയെന്ന നിലയിൽ ആദ്യഫലങ്ങൾ അർപ്പിച്ചിരുന്നതോടൊപ്പം ഇസ്രായേലിൽ അവകാശമുണ്ടായിരുന്ന ഓരോ കുടുംബത്തിനും ഓരോ വ്യക്തിക്കും ഈ ഉത്സവകാലത്ത് നന്ദിസൂചകമായി യാഗങ്ങൾ അർപ്പിക്കാനുള്ള അവസരമുണ്ടായിരുന്നു.—പുറ 23:19; ആവ 26:1, 2.
ആ ഉത്സവത്തിന്റെ പ്രസക്തി. ഈ ഉത്സവത്തിന്റെ സമയത്ത് പുളിപ്പില്ലാത്ത അപ്പം കഴിച്ചിരുന്നത്, പുറപ്പാട് 12:14-20-ൽ കാണുന്ന, യഹോവ മോശയ്ക്കു കൊടുത്ത നിർദേശങ്ങൾക്കു ചേർച്ചയിലായിരുന്നു. 19-ാം വാക്യത്തിൽ കർശനമായി ഇങ്ങനെ കല്പിച്ചിരുന്നു: “ഏഴു ദിവസത്തേക്കു നിങ്ങളുടെ വീടുകളിൽ പുളിച്ച മാവ് കാണരുത്.” ആവർത്തനം 16:3-ൽ പുളിപ്പില്ലാത്ത അപ്പത്തെ ‘ക്ലേശത്തിന്റെ അപ്പം’ എന്നു വിളിച്ചിരിക്കുന്നു. ഈ ഉത്സവത്തിന്റെ സമയത്ത്, ഈജിപ്തിൽനിന്ന് തിടുക്കത്തിൽ പുറപ്പെട്ടുപോന്ന സംഭവം അവർ ഓരോ വർഷവും ഓർക്കുമായിരുന്നു. [മാവ് പുളിപ്പിക്കാൻ അവർക്കു സമയമില്ലായിരുന്നു. (പുറ 12:34)] യഹോവ ഇസ്രായേല്യരോട് ഇങ്ങനെ പറഞ്ഞു: “നിങ്ങൾ ഈജിപ്തിൽനിന്ന് പോന്ന ആ ദിവസം ജീവിതകാലത്തൊക്കെയും ഓർക്കേണ്ടതിനു നിങ്ങൾ ഇത് ആചരിക്കണം.” അതെ, ഈ ഉത്സവം ഈജിപ്തിൽ ഇസ്രായേല്യർ അനുഭവിച്ചിരുന്ന ക്ലേശങ്ങളും അടിമത്തവും അതിൽനിന്നുള്ള മോചനവും അവരെ ഓർമിപ്പിച്ചു. ഒരു ജനത എന്ന നിലയിൽ ഇസ്രായേല്യർ ആസ്വദിച്ചിരുന്ന സ്വാതന്ത്ര്യം ഓർക്കാനും യഹോവയാണ് അവരെ വിടുവിച്ചത് എന്ന് അംഗീകരിക്കാനും ആയിരുന്നു പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം എന്നത് കണക്കിലെടുക്കുമ്പോൾ മൂന്നു വാർഷികോത്സവങ്ങളിൽ ആദ്യത്തേതായി ഇത് ആഘോഷിക്കുന്നത് ഉചിതമായിരുന്നു.—ആവ 16:16.
it-2-E 598 ¶2
പെന്തിക്കോസ്ത്
ബാർലിയുടെ ആദ്യഫലങ്ങൾ അർപ്പിച്ചിരുന്നതുപോലെയല്ല ഗോതമ്പിന്റെ ആദ്യഫലങ്ങൾ അർപ്പിച്ചിരുന്നത്. ഒരു ഏഫായുടെ പത്തിൽ രണ്ട് (4.4 ലി.) അളവ് നേർത്ത ധാന്യപ്പൊടി പുളിപ്പിച്ചിട്ട് അവകൊണ്ട് രണ്ട് അപ്പം ഉണ്ടാക്കണമായിരുന്നു. അത് ‘വീട്ടിൽനിന്ന് കൊണ്ടുവരണം’ എന്നു പറഞ്ഞതു സൂചിപ്പിക്കുന്നത് സാധാരണ വീട്ടിൽ ഉണ്ടാക്കുന്നതുപോലെ അത് ഉണ്ടാക്കണമായിരുന്നു എന്നാണ്. അല്ലാതെ വിശുദ്ധമായ ആവശ്യങ്ങൾക്കായി ഉണ്ടാക്കുന്നതുപോലെ ആയിരുന്നില്ല. (ലേവ 23:17) ഗോതമ്പിന്റെ ആദ്യഫലങ്ങൾ അർപ്പിച്ചിരുന്നതിന്റെകൂടെ ദഹനയാഗങ്ങളും പാപയാഗവും രണ്ട് ആൺചെമ്മരിയാട്ടിൻകുട്ടികളെ സഹഭോജനബലിയായും അർപ്പിച്ചിരുന്നു. പുരോഹിതൻ ആ രണ്ട് ആൺചെമ്മരിയാട്ടിൻകുട്ടികളുടെ കഷണങ്ങൾ ആദ്യഫലത്തിന്റെ രണ്ട് അപ്പത്തോടൊപ്പം കൈയിൽ വെച്ചിട്ട് അങ്ങോട്ടും ഇങ്ങോട്ടും ആട്ടിയിരുന്നു. ഇങ്ങനെ ഇരുവശങ്ങളിലേക്കും ആട്ടുന്നത് യാഗവസ്തു യഹോവയ്ക്ക് അർപ്പിക്കുന്നതിനെ ചിത്രീകരിച്ചു. അതിനു ശേഷം, യാഗം അർപ്പിച്ച പുരോഹിതന്, സഹഭോജനബലിയിൽ തനിക്കുള്ള പങ്കായി അപ്പവും ആടുകളും കഴിക്കാമായിരുന്നു.—ലേവ 23:18-20.
ജനുവരി 25-31
ദൈവവചനത്തിലെ നിധികൾ | ലേവ്യ 24–25
“ജൂബിലിവർഷവും ഭാവിയിലെ സ്വാതന്ത്ര്യവും”
it-1-E 871
സ്വാതന്ത്ര്യം
സ്വാതന്ത്ര്യത്തിന്റെ ദൈവം. യഹോവ സ്വാതന്ത്ര്യത്തിന്റെ ദൈവമാണ്. യഹോവ ഇസ്രായേൽ ജനതയെ ഈജിപ്തിന്റെ അടിമത്തത്തിൽനിന്ന് വിടുവിച്ചു. തന്റെ വാക്കുകൾ അനുസരിക്കുന്നിടത്തോളം അവർക്ക് ദാരിദ്ര്യത്തിൽനിന്നുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നു ദൈവം വാഗ്ദാനം ചെയ്തു. (ആവ 15:4, 5) യരുശലേമിലെ ഗോപുരങ്ങൾക്കുള്ളിൽ ‘സുരക്ഷിതത്വം’ അനുഭവിക്കാൻ കഴിയുമെന്ന് ദാവീദ് പറഞ്ഞു. (സങ്ക 122:6, 7) എന്നാൽ ഒരു ഇസ്രായേല്യൻ അങ്ങേയറ്റം ദരിദ്രനായിത്തീർന്നാൽ തന്റെയും കുടുംബത്തിന്റെയും ആവശ്യങ്ങൾ നിറവേറ്റാനായി സ്വയം അടിമയായി വിൽക്കാനുള്ള വ്യവസ്ഥ മോശയുടെ നിയമത്തിൽ ഉണ്ടായിരുന്നു. എങ്കിലും, ഏഴു വർഷം സേവിച്ചശേഷം ആ വ്യക്തിക്ക് സ്വാതന്ത്ര്യം കൊടുക്കാനും നിയമം ആവശ്യപ്പെട്ടിരുന്നു. (പുറ 21:2) ഓരോ 50 വർഷവും കൂടുമ്പോഴുള്ള ജൂബിലിവർഷത്തിൽ ദേശത്തെ എല്ലാ നിവാസികൾക്കും സ്വാതന്ത്ര്യം വിളംബരം ചെയ്തിരുന്നു. അന്ന് എല്ലാ എബ്രായ അടിമകളും സ്വതന്ത്രരാക്കപ്പെട്ടിരുന്നു. അവർ ഓരോരുത്തരും സ്വന്തം അവകാശത്തിലേക്ക് തിരിച്ചുപോയി.—ലേവ 25:10-19.
it-1-E 1200 ¶2
അവകാശം
എത്ര തലമുറ കഴിഞ്ഞാലും ഒരു സ്ഥലം ഒരേ കുടുംബത്തിന്റെതന്നെ അവകാശമായിരുന്നതുകൊണ്ട്, അത് എന്നേക്കുമായി വിറ്റുകളയാൻ പറ്റില്ലായിരുന്നു. സ്ഥലത്തിന്റെ വിൽപ്പന എന്നു പറയുന്നത് ശരിക്കും അതു പാട്ടത്തിനു കൊടുക്കുന്നതുപോലെയായിരുന്നു. അടുത്ത ജൂബിലിവരെയുള്ള കാലംകൊണ്ട് ഒരു ഭൂമിയിൽനിന്ന് കിട്ടുമായിരുന്ന ആദായത്തിന്റെ മൂല്യം നിർണയിച്ചിട്ടാണ് അതിന്റെ വില നിശ്ചയിച്ചിരുന്നത്. ജൂബിലിക്കു മുമ്പ് സ്ഥലം തിരികെവാങ്ങുകയോ വീണ്ടെടുക്കുകയോ ചെയ്തില്ലെങ്കിൽ, ജൂബിലിയുടെ വർഷം അത് യഥാർഥ ഉടമയ്ക്ക് തിരികെ കൊടുത്തിരുന്നു. (ലേവ 25:13, 15, 23, 24) തുറസ്സായ സ്ഥലത്തോട് ചേർന്നുകിടന്നിരുന്ന, മതിലില്ലാത്ത നഗരങ്ങളിലെ വീടുകളുടെ കാര്യത്തിലും ഈ നിയമം ബാധകമായിരുന്നു. മതിലുള്ള നഗരത്തിലെ ഒരു വീടിന്റെ കാര്യത്തിലാണെങ്കിൽ, വിൽപ്പന നടന്ന് ഒരു വർഷത്തിനുള്ളിൽ അതു വീണ്ടെടുക്കണമായിരുന്നു. അല്ലെങ്കിൽ അതു വാങ്ങിയയാളുടെ അവകാശമാകുമായിരുന്നു. ലേവ്യനഗരങ്ങളിലെ വീടുകളുടെ കാര്യത്തിൽ വ്യത്യാസമുണ്ടായിരുന്നു. ലേവ്യകുടുംബങ്ങൾക്ക് അവകാശമായി ഭൂമിയില്ലാതിരുന്നതിനാൽ, അവർ വീടു വിറ്റാൽ എപ്പോൾ വേണമെങ്കിലും വീണ്ടെടുക്കാമായിരുന്നു.—ലേവ 25:29-34.
it-2-E 122-123
ജൂബിലി
ഇന്ന് മിക്ക നാടുകളിലും ആളുകൾ ഒന്നുകിൽ സമ്പന്നരായിരിക്കും, അല്ലെങ്കിൽ തീരെ പാവപ്പെട്ടവരായിരിക്കും. ജൂബിലിയുടെ നിയമം അനുസരിച്ചിരുന്നിടത്തോളം, ഇങ്ങനെയൊരു ദുരവസ്ഥ ഒഴിവാക്കാൻ അത് ഇസ്രായേല്യരെ സഹായിച്ചു. ഈ നിയമമുണ്ടായിരുന്നതുകൊണ്ട്, ആരും സമൂഹത്തിന്റെ താഴേത്തട്ടിലേക്ക് ചവിട്ടിതാഴ്ത്തപ്പെടില്ലായിരുന്നു, പണമില്ലാത്തതിന്റെ പേരിൽ ആർക്കും എക്കാലവും ഒരു അടിമയായി കഴിയേണ്ടിവരില്ലായിരുന്നു. പകരം, തങ്ങളുടെ കഴിവുകളും പ്രാപ്തികളും ദേശത്തിന്റെ അഭിവൃദ്ധിക്കുവേണ്ടി ഉപയോഗിക്കാൻ സാധിച്ചിരുന്നു. അങ്ങനെ ഈ നിയമത്തിലൂടെ വ്യക്തികൾക്കു കിട്ടിയ പ്രയോജനങ്ങൾ രാജ്യത്തെ മുഴുവൻ ശക്തിപ്പെടുത്തി. യഹോവ അവരുടെ വിളവിനെ അനുഗ്രഹിക്കുകയും അവർക്ക് ഏറ്റവും നല്ല മാർഗനിർദേശങ്ങൾ കൊടുക്കുകയും ചെയ്തു. അങ്ങനെ, ഇസ്രായേല്യർ അനുസരണം കാണിച്ചിടത്തോളം, ദൈവത്തിന്റെ ഭരണത്തിന് മാത്രം നൽകാൻ കഴിയുന്ന, എല്ലാം തികഞ്ഞ ഒരു ഗവൺമെന്റിന്റെ പ്രയോജനങ്ങളും സമൃദ്ധിയും ആസ്വദിക്കാൻ അവർക്കു കഴിഞ്ഞു.—യശ 33:22.
ഫെബ്രുവരി 1-7
ദൈവവചനത്തിലെ നിധികൾ | ലേവ്യ 26–27
“എങ്ങനെ യഹോവയുടെ അനുഗ്രഹം നേടാം?”
it-1-E 223 ¶3
ഭയാദരവ്
യഹോവ അതിശയകരമായ വിധത്തിൽ മോശയെ ഉപയോഗിക്കുകയും മോശയോട് ഇടപെടുകയും ചെയ്തു. (ആവ 34:10, 12; പുറ 19:9) അതു കണ്ട, വിശ്വാസമുണ്ടായിരുന്ന ഇസ്രായേല്യർക്ക് മോശയുടെ അധികാരത്തോട് ഭയാദരവ് തോന്നി. മോശയിലൂടെ ദൈവമാണ് തങ്ങളോടു സംസാരിക്കുന്നതെന്ന് അവർ മനസ്സിലാക്കി. യഹോവയുടെ വിശുദ്ധമന്ദിരത്തോടും ഇസ്രായേല്യർ ഭയാദരവ് കാണിക്കണമായിരുന്നു. (ലേവ 19:30; 26:2) അതായത്, യഹോവ നിർദേശിച്ചിരുന്നതുപോലെ ആരാധന നടത്തുകയും യഹോവയുടെ എല്ലാ കല്പനകളും ജീവിതത്തിൽ പാലിക്കുകയും ചെയ്തുകൊണ്ട് അവർ വിശുദ്ധമന്ദിരത്തോടുള്ള ബഹുമാനം കാണിക്കണമായിരുന്നു.
w91-E 3/1 17 ¶10
“ദൈവസമാധാനം” നിങ്ങളുടെ ഹൃദയത്തെ കാക്കട്ടെ
10 യഹോവ ഇസ്രായേല്യരോട് പറഞ്ഞു: “നിങ്ങൾ തുടർന്നും എന്റെ നിയമങ്ങളനുസരിച്ച് നടക്കുകയും എന്റെ കല്പനകൾ പാലിക്കുകയും അവയ്ക്കു ചേർച്ചയിൽ ജീവിക്കുകയും ചെയ്താൽ തക്ക കാലത്ത് ഞാൻ നിങ്ങൾക്കു മഴ തരും. ഭൂമി വിളവ് തരുകയും വൃക്ഷങ്ങൾ ഫലം നൽകുകയും ചെയ്യും. ഞാൻ ദേശത്ത് സമാധാനം തരും. ആരും നിങ്ങളെ ഭയപ്പെടുത്താതെ നിങ്ങൾ സ്വസ്ഥമായി കിടന്നുറങ്ങും. ഉപദ്രവകാരികളായ വന്യമൃഗങ്ങളെ ഞാൻ ദേശത്തുനിന്ന് നീക്കിക്കളയും. യുദ്ധത്തിന്റെ വാൾ നിങ്ങളുടെ ദേശത്തുകൂടെ കടന്നുപോകുകയുമില്ല. ഞാൻ നിങ്ങളുടെ ഇടയിലൂടെ നടക്കും. ഞാൻ നിങ്ങളുടെ ദൈവമായിരിക്കും, നിങ്ങളോ എന്റെ ജനവും.” (ലേവ്യ 26:3, 4, 6, 12) ശത്രുക്കളിൽനിന്നുള്ള സംരക്ഷണം, ഭൗതികസമൃദ്ധി, യഹോവയുമായി നല്ല ബന്ധം ഇവയെല്ലാം ഉണ്ടായിരുന്നതുകൊണ്ട് ഇസ്രായേല്യർ നല്ല സമാധാനം ആസ്വദിച്ചിരുന്നു. എന്നാൽ ഇത് അവർ ദൈവത്തിന്റെ നിയമം അനുസരിക്കുന്നതിനെ ആശ്രയിച്ചിരുന്നു.—സങ്കീർത്തനം 119:165.
ആത്മീയരത്നങ്ങൾ
it-2-E 617
രോഗങ്ങൾ
ദൈവനിയമം അനുസരിക്കാത്തതു മൂലം. ദൈവത്തിന്റെ ഉടമ്പടി പാലിച്ചില്ലെങ്കിൽ അവരുടെ “ഇടയിൽ രോഗം അയയ്ക്കും” എന്ന് ഇസ്രായേല്യർക്കു മുന്നറിയിപ്പു കൊടുത്തിരുന്നു. (ലേവ 26:14-16, 23-25; ആവ 28:15, 21, 22) തിരുവെഴുത്തുകളിൽ ഉടനീളം, ശാരീരികമായ ആരോഗ്യവും ആത്മീയമായ ആരോഗ്യവും ദൈവത്തിന്റെ അനുഗ്രഹവുമായി ബന്ധപ്പെടുത്തിയിരിക്കുന്നു, (ആവ 7:12, 15; സങ്ക 103:1-3; സുഭ 3:1, 2, 7, 8; 4:21, 22; വെളി 21:1-4) അതേസമയം രോഗങ്ങൾ പാപവും അപൂർണതയും ആയി ബന്ധപ്പെടുത്തുന്നു. (പുറ 15:26; ആവ 28:58-61; യശ 53:4, 5; മത്ത 9:2-6, 12; യോഹ 5:14) മിര്യാം, ഉസ്സീയ, ഗേഹസി എന്നിങ്ങനെ ചുരുക്കം ചിലരുടെ കാര്യത്തിൽ യഹോവ നേരിട്ട് ഉടനടി രോഗം വരുത്തി എന്നതു ശരിയാണ്. (സംഖ 12:10; 2ദിന 26:16-21; 2രാജ 5:25-27) എങ്കിലും മിക്കപ്പോഴും രോഗങ്ങളും പകർച്ചവ്യാധികളും വന്നത്, വ്യക്തികളും രാഷ്ട്രങ്ങളും തിരഞ്ഞെടുത്ത തെറ്റായ പാതയുടെ ഫലമായിട്ടാണ്. അവർ വിതച്ചതു കൊയ്തു; അത്രതന്നെ. അവർ ചെയ്ത തെറ്റുകളുടെ ഫലങ്ങൾ അവരുടെ ശരീരത്തെയും ബാധിച്ചു. (ഗല 6:7, 8) മ്ലേച്ഛമായ ലൈംഗിക അധാർമികതയിൽ ഏർപ്പെടുന്നവരെക്കുറിച്ച്, “ദൈവം അവരെ . . . അശുദ്ധിക്കു വിട്ടുകൊടുത്തുകൊണ്ട് അവരുടെ ശരീരങ്ങളെ അവർതന്നെ അപമാനിക്കാൻ അനുവദിച്ചു” എന്നും “അവരുടെ തെറ്റിനുള്ള ശിക്ഷ അവർ മുഴുവനായി ഏറ്റുവാങ്ങി” എന്നും പൗലോസ് പറഞ്ഞു.—റോമ 1:24-27.
ഫെബ്രുവരി 8-14
ദൈവവചനത്തിലെ നിധികൾ | സംഖ്യ 1–2
“യഹോവ തന്റെ ജനത്തെ സംഘടിപ്പിക്കുന്നു”
it-1-E 397 ¶4
പാളയം
ഇസ്രായേല്യരുടെ പാളയം വളരെ വലുതായിരുന്നു. കണക്കുകൾ സൂചിപ്പിക്കുന്നതനുസരിച്ച് അതിൽ 6,03,550 യോദ്ധാക്കൾ ഉണ്ടായിരുന്നു. അതുകൂടാതെ, സ്ത്രീകളും കുട്ടികളും പ്രായമായവരും വൈകല്യമുള്ളവരും 22,000 ലേവ്യരും ഇസ്രായേല്യരല്ലാത്തവരുടെ “ഒരു വലിയ സമ്മിശ്രപുരുഷാരവും” ആ കൂട്ടത്തിലുണ്ടായിരുന്നു. ഇവരെല്ലാവരുംകൂടെ ചേർന്ന് 30,00,000-ഓ അതിൽക്കൂടുതലോ ആളുകളുണ്ടായിരുന്നിരിക്കാം. (പുറ 12:38, 44; സംഖ 3:21-34, 39) ഇത്രയും പേർക്ക് പാളയമടിക്കാൻ എത്രമാത്രം സ്ഥലം വേണ്ടിവന്നെന്നു കൃത്യമായി പറയാനാകില്ല. ഇതു സംബന്ധിച്ച കണക്കുകൾ തമ്മിൽ വലിയ അന്തരമുണ്ട്. യരീഹൊയ്ക്ക് എതിരെയുള്ള മോവാബ് സമതലത്തിൽ അവർ പാളയമടിച്ചപ്പോൾ “ബേത്ത്-യശീമോത്ത് മുതൽ ആബേൽ-ശിത്തീം വരെ” അതു വ്യാപിച്ചുകിടന്നിരുന്നു എന്നാണു വിവരണം പറയുന്നത്.—സംഖ 33:49.
ആത്മീയരത്നങ്ങൾ
it-2-E 764
പേര് ചേർക്കുക
ഒരാളുടെ പേര് ചാർത്തലിൽ, ഗോത്രവും കുടുംബവും അനുസരിച്ച് അദ്ദേഹത്തിന്റെ പേരും വംശാവലിയും ആണ് രേഖപ്പെടുത്തിയിരുന്നത്. ആളുകളുടെ എണ്ണം കിട്ടാനുള്ള ഒരു ജനസംഖ്യാകണക്കെടുപ്പു മാത്രമായിരുന്നില്ല അത്. ബൈബിളിൽ കാണുന്ന പേര് ചേർക്കൽ നികുതി ഈടാക്കുക, സൈനികസേവനം, ഇനി ലേവ്യർ ഉൾപ്പെടുന്ന പേര് ചാർത്തലാണെങ്കിൽ വിശുദ്ധമന്ദിരത്തിലെ നിയമനം തുടങ്ങിയ ആവശ്യങ്ങൾക്ക് ആളുകളെ കണ്ടെത്തുക എന്നിങ്ങനെ പല ഉദ്ദേശ്യങ്ങൾക്കുവേണ്ടിയാണ് നടത്തിയിരുന്നത്.
വയൽസേവനത്തിനു സജ്ജരാകാം
w08-E 7/1 21
ഇസ്രായേലിൽ യഥാർഥത്തിൽ 13 ഗോത്രങ്ങൾ ഉണ്ടെങ്കിലും ബൈബിളിൽ 12 ഗോത്രങ്ങളെക്കുറിച്ച് മാത്രം പരാമർശിക്കുന്നത് എന്തുകൊണ്ടാണ്?
ഇസ്രായേൽ ഗോത്രങ്ങൾ യാക്കോബിന്റെ (പിന്നീട് അദ്ദേഹത്തിന്റെ പേര് ഇസ്രായേൽ എന്നു മാറ്റി.) പുത്രന്മാരിൽനിന്നാണ് വന്നത്. ഗോത്രപിതാവായ യാക്കോബിന് 12 ആൺമക്കളുണ്ടായിരുന്നു—രൂബേൻ, ശിമെയോൻ, ലേവി, യഹൂദ, ദാൻ, നഫ്താലി, ഗാദ്, ആശേർ, യിസ്സാഖാർ, സെബുലൂൻ, യോസേഫ്, ബന്യാമീൻ. (ഉൽപത്തി 29:32–30:24; 35:16-18) ഇവരിൽ 11 സഹോദരന്മാരുടെയും പേരുകളിൽ ഓരോ ഗോത്രമുണ്ടായിരുന്നു. എന്നാൽ യോസേഫിന്റെ പേരിൽ ഗോത്രമില്ലായിരുന്നു. അതിനു പകരം, യോസേഫിന്റെ രണ്ട് ആൺമക്കളായ മനശ്ശെയുടെയും എഫ്രയീമിന്റെയും പേരിൽ ഓരോ ഗോത്രങ്ങളുണ്ടായിരുന്നു. അവർ രണ്ടു പേരും ഓരോ ഗോത്രങ്ങളുടെ തലവന്മാരായിരുന്നു. അപ്പോൾ ശരിക്കും, ഇസ്രായേലിലെ ഗോത്രങ്ങളുടെ എണ്ണം 13 ആകും. പക്ഷേ എന്തുകൊണ്ടാണ് ബൈബിൾ മിക്കയിടത്തും 12 ഗോത്രങ്ങളെക്കുറിച്ച് മാത്രം പറയുന്നത്?
കാരണം, ലേവി ഗോത്രത്തിലെ പുരുഷന്മാരെ യഹോവയുടെ വിശുദ്ധകൂടാരത്തിലും, പിൽക്കാലത്ത് ദേവാലയത്തിലും സേവിക്കാനായി വേർതിരിച്ചിരുന്നു. അതുകൊണ്ട് അവർ സൈനികസേവനത്തിൽനിന്ന് ഒഴിവുള്ളവരായിരുന്നു. യഹോവ മോശയോട് ഇങ്ങനെ പറഞ്ഞു: “ലേവി ഗോത്രത്തെ മാത്രം നീ രേഖയിൽ ചേർക്കരുത്; മറ്റ്ഇസ്രായേല്യരുടെ എണ്ണത്തിൽ ഇവരുടെ സംഖ്യ ഉൾപ്പെടുത്തുകയുമരുത്. ലേവ്യരെ നീ സാക്ഷ്യത്തിന്റെ വിശുദ്ധകൂടാരത്തിനും അതിന്റെ എല്ലാ ഉപകരണങ്ങൾക്കും അതിനോടു ബന്ധപ്പെട്ട എല്ലാത്തിനും മേൽ നിയമിക്കണം. അവർ വിശുദ്ധകൂടാരവും അതിന്റെ എല്ലാ ഉപകരണങ്ങളും ചുമക്കുകയും അതിൽ ശുശ്രൂഷ ചെയ്യുകയും വേണം.”—സംഖ്യ 1:49, 50.
ഇനി, ലേവ്യർക്ക് വാഗ്ദത്തദേശത്ത് അവകാശമായി ഭൂമിയും ലഭിച്ചില്ല. മറിച്ച്, ഇസ്രായേലിൽ അങ്ങുമിങ്ങുമായി 48 പട്ടണങ്ങളാണ് അവർക്കു നിയമിച്ചുകിട്ടിയത്.—സംഖ്യ 18:20-24; യോശുവ 21:41.
ഈ രണ്ടു കാരണങ്ങൾകൊണ്ട് ഗോത്രങ്ങളുടെ പേര് പട്ടികപ്പെടുത്തുമ്പോൾ മിക്കപ്പോഴും അതിൽ ലേവി ഗോത്രത്തിന്റെ പേര് ചേർക്കാറില്ല. അതുകൊണ്ട് ഇസ്രായേൽ ഗോത്രങ്ങളുടെ എണ്ണം പൊതുവേ 12 ആയി കണക്കാക്കപ്പെടുന്നു.—സംഖ്യ 1:1-15.
ഫെബ്രുവരി 15-21
ദൈവവചനത്തിലെ നിധികൾ | സംഖ്യ 3–4
“ലേവ്യർ ചെയ്തിരുന്ന സേവനം”
it-2-E 683 ¶3
പുരോഹിതൻ
നിയമയുടമ്പടിക്കു കീഴിൽ. ഇസ്രായേല്യർ ഈജിപ്തിൽ അടിമകളായിരുന്ന സമയത്ത്, പത്താമത്തെ ബാധയിൽ ഈജിപ്ത് ദേശത്തെ മൂത്ത ആൺമക്കളെയെല്ലാം സംഹരിച്ച ദിവസം യഹോവ ഇസ്രായേലിലെ മൂത്ത ആൺമക്കളെ തനിക്കുവേണ്ടി വിശുദ്ധീകരിച്ചു. (പുറ 12:29; സംഖ 3:13) അതുകൊണ്ട്, ഈ മൂത്ത ആൺമക്കൾ യഹോവയ്ക്കുള്ളവരായിരുന്നു. യഹോവയ്ക്കു പ്രത്യേകസേവനം ചെയ്യുന്നതിനുവേണ്ടി മാത്രം അവർ ജീവിതം മാറ്റിവെക്കണമായിരുന്നു. പുരോഹിതന്മാരായും വിശുദ്ധമന്ദിരത്തിലെ മറ്റു സേവനങ്ങൾ ചെയ്യുന്നവരായും യഹോവയ്ക്ക് ഈ മൂത്ത ആൺമക്കളെ വേണമെങ്കിൽ ഉപയോഗിക്കാമായിരുന്നു. അതിനു പകരം ലേവി ഗോത്രത്തിലെ ആൺമക്കളെയെല്ലാം ഈ വേലയ്ക്കുവേണ്ടി വേർതിരിക്കാൻ യഹോവ തീരുമാനിച്ചു. മറ്റു 12 ഗോത്രങ്ങളിലെ (യോസേഫിന്റെ ആൺമക്കളായ മനശ്ശെയുടെയും എഫ്രയീമിന്റെയും പിൻഗാമികളെ രണ്ടു ഗോത്രങ്ങളായി കണക്കാക്കി.) മൂത്ത ആൺമക്കൾക്കു പകരമായി ലേവി ഗോത്രത്തിലെ പുരുഷന്മാരെ ഉപയോഗിക്കാൻ യഹോവ ഇസ്രായേല്യർക്ക് അനുവാദം കൊടുത്തു. കണക്കെടുത്തപ്പോൾ, ഒരു മാസവും അതിനു മുകളിലും പ്രായമുള്ള ലേവ്യരല്ലാത്ത മൂത്ത ആൺമക്കളുടെ എണ്ണം ലേവി ഗോത്രത്തിലെ പുരുഷന്മാരുടെ എണ്ണത്തെക്കാൾ 273 കൂടുതലാണ് എന്നു കണ്ടെത്തി. അവരിൽ ഓരോരുത്തരുടെയും മോചനവിലയായി അഞ്ചു ശേക്കെൽ (11 ഡോളർ) വീതം കൊടുക്കണമെന്ന് യഹോവ ആവശ്യപ്പെട്ടു. ആ പണം അഹരോനെയും ആൺമക്കളെയും ഏൽപ്പിക്കണമായിരുന്നു. (സംഖ 3:11-16, 40-51) ഇങ്ങനെയൊരു ക്രമീകരണം ചെയ്യുന്നതിനു മുമ്പുതന്നെ ലേവി ഗോത്രത്തിലെ അഹരോന്റെ കുടുംബത്തിലെ പുരുഷന്മാരെ ഇസ്രായേലിൽ പുരോഹിതന്മാരായി നിയമിച്ചിരുന്നു.—സംഖ 1:1; 3:6-10.
it-2-E 241
ലേവ്യർ
ഉത്തരവാദിത്വങ്ങൾ. ലേവ്യരുടെ ആൺമക്കളായ ഗർശോൻ (ഗർശോം), കൊഹാത്ത്, മെരാരി എന്നിവരുടെ കുടുംബങ്ങൾ ചേർന്നതായിരുന്നു ലേവി ഗോത്രം. (ഉൽ 46:11; 1ദിന 6:1, 16) വിജനഭൂമിയിൽ, വിശുദ്ധകൂടാരത്തിന് അടുത്തുള്ള ഒരു സ്ഥലത്താണ് അവർ പാളയമടിച്ചിരുന്നത്. കൊഹാത്തിന്റെ വംശജനായ അഹരോനും കുടുംബവും വിശുദ്ധകൂടാരത്തിന് കിഴക്ക് പാളയമടിച്ചു. മറ്റു കൊഹാത്യർ തെക്കുഭാഗത്തും ഗർശോന്യർ പടിഞ്ഞാറും മെരാരിയുടെ കുടുംബങ്ങൾ വടക്കും പാളയമടിച്ചു. (സംഖ 3:23, 29, 35, 38) വിശുദ്ധകൂടാരം സ്ഥാപിക്കുന്നതും അത് അഴിക്കുന്നതും ചുമക്കുന്നതും ലേവ്യരുടെ ജോലിയായിരുന്നു. വിശുദ്ധകൂടാരം മറ്റൊരിടത്തേക്കു മാറ്റേണ്ട സമയം വരുമ്പോൾ അഹരോനും ആൺമക്കളും വിശുദ്ധവും അതിവിശുദ്ധവും തമ്മിൽ വേർതിരിച്ചിരുന്ന തിരശ്ശീല അഴിക്കുകയും സാക്ഷ്യപ്പെട്ടകവും യാഗപീഠങ്ങളും വിശുദ്ധമായ മറ്റ് ഉപകരണങ്ങളും മൂടുകയും ചെയ്തിരുന്നു. എന്നിട്ട് കൊഹാത്യർ ഈ സാധനങ്ങൾ ചുമക്കും. കൂടാരത്തുണികൾ, ആവരണങ്ങൾ, മറശ്ശീലകൾ, മുറ്റത്തെ യവനിക, കൂടാരക്കയറുകൾ (സാധ്യതയനുസരിച്ച് വിശുദ്ധകൂടാരത്തിന്റെ കയറുകൾ) എന്നിവ ഗർശോന്യരും ചട്ടങ്ങൾ, തൂണുകൾ, ഓടാമ്പലുകൾ, കൂടാരക്കുറ്റികൾ, കൂടാരക്കയറുകൾ (സാധ്യതയനുസരിച്ച് വിശുദ്ധകൂടാരത്തിന്റെ മുറ്റത്തെ കയറുകൾ) എന്നിവ മെരാര്യരും ചുമന്നുകൊണ്ടുപോകും.—സംഖ 1:50, 51; 3:25, 26, 30, 31, 36, 37; 4:4-33; 7:5-9.
it-2-E 241
ലേവ്യർ
വിശുദ്ധകൂടാരവും അതിന്റെ ഉപകരണങ്ങളും ചുമക്കുന്നത് ഉൾപ്പെടെ തന്റെ എല്ലാ ഉത്തരവാദിത്വങ്ങളും ഒരു ലേവ്യൻ ഏറ്റെടുത്തിരുന്നത് 30-ാമത്തെ വയസ്സിലായിരുന്നു. (സംഖ 4:46-49) വിശുദ്ധകൂടാരം ചുമക്കുന്നതുപോലെ കഠിനാധ്വാനം ഉൾപ്പെട്ടിരുന്ന ജോലി അല്ലാതെയുള്ള ചില ഉത്തരവാദിത്വങ്ങൾ 25 വയസ്സുമുതലേ ചെയ്തുതുടങ്ങിയിരുന്നു. (സംഖ 8:24) ദാവീദ് രാജാവിന്റെ കാലത്ത്, കുറഞ്ഞ പ്രായപരിധി 20 ആക്കി. വിശുദ്ധകൂടാരം (പെട്ടെന്നുതന്നെ അതിന്റെ സ്ഥാനത്ത് ദേവാലയം വരാൻപോകുകയായിരുന്നു.) മേലാൽ ചുമക്കേണ്ടതില്ല എന്നതായിരുന്നു ദാവീദ് അതിനു നൽകിയ കാരണം. 50 വയസ്സുവരെ ആയിരുന്നു ലേവ്യർ നിർബന്ധമായും ആലയസേവനം ചെയ്യേണ്ടിയിരുന്നത്. (സംഖ 8:25, 26; 1ദിന 23:24-26) ലേവ്യർ മോശയുടെ നിയമം നന്നായി പഠിച്ചിരിക്കണമായിരുന്നു. കാരണം അവർ അതു പരസ്യമായി വായിക്കുകയും ജനത്തെ പഠിപ്പിക്കുകയും ചെയ്യേണ്ടിയിരുന്നു.—1ദിന 15:27; 2ദിന 5:12; 17:7-9; നെഹ 8:7-9.
ഫെബ്രുവരി 22-28
ദൈവവചനത്തിലെ നിധികൾ | സംഖ്യ 5–6
“നാസീർവ്രതസ്ഥരെ നിങ്ങൾക്ക് എങ്ങനെ അനുകരിക്കാം?”
it-2-E 477
നാസീർ
നാസീർവ്രതസ്ഥർ പൂർണമായും ഒഴിവാക്കേണ്ടിയിരുന്ന മൂന്നു കാര്യങ്ങളുണ്ടായിരുന്നു: (1) അവർ ലഹരിപാനീയങ്ങൾ കുടിക്കാൻ പാടില്ലായിരുന്നു; മുന്തിരി ഉണങ്ങിയതായാലും പഴുത്തതോ പച്ചയോ ആയാലും, അതിൽനിന്ന് ഉണ്ടാക്കുന്നതൊന്നും തിന്നരുതായിരുന്നു, മുന്തിരിയുടെ നീരോ അതിന്റെ വീഞ്ഞോ വീഞ്ഞിൽനിന്നുള്ള വിനാഗിരിയോ കുടിക്കാനും പാടില്ലായിരുന്നു. (2) അവർ ഒരിക്കലും മുടി വെട്ടരുതായിരുന്നു. (3) അവർ ആരുടെയും, അപ്പന്റെയോ അമ്മയുടെയോ സഹോദരന്റെയോ സഹോദരിയുടെയോ പോലും, മൃതദേഹത്തിൽ തൊടാനും പാടില്ലായിരുന്നു.—സംഖ 6:1-7.
സവിശേഷനേർച്ചകൾ. ഈ സവിശേഷനേർച്ച ചെയ്യുന്ന ഒരാൾ ‘യഹോവയ്ക്കു നാസീർ (അതായത്, തിരഞ്ഞെടുക്കപ്പെട്ടവൻ; വേർതിരിക്കപ്പെട്ടവൻ) ആയി ജീവിക്കണമായിരുന്നു.’ മതഭക്തിയുടെ ഒരു പ്രകടനം കാണിച്ച് മറ്റുള്ളവരുടെ കൈയടി നേടുക എന്നതായിരിക്കരുത് അയാളുടെ ലക്ഷ്യം. “നാസീർവ്രതകാലത്ത് ഉടനീളം അയാൾ യഹോവയ്ക്കു വിശുദ്ധനാണ്.”—സംഖ 6:2, 8.
നാസീർവ്രതസ്ഥർ പാലിക്കേണ്ടിയിരുന്ന വ്യവസ്ഥകൾ യഹോവയുടെ ആരാധനയിൽ വളരെ പ്രാധാന്യമുള്ള കാര്യങ്ങളായിരുന്നു. സമാനമായ ചില നിബന്ധനകൾ മഹാപുരോഹിതനും മറ്റു പുരോഹിതന്മാർക്കും ഉണ്ടായിരുന്നു. പാവനമായ സേവനം ചെയ്തിരുന്ന മഹാപുരോഹിതൻ തന്റെ അടുത്ത ബന്ധുക്കളുടെപോലും മൃതദേഹത്തിൽ തൊടാൻ പാടില്ലായിരുന്നു, അതുപോലെതന്നെയായിരുന്നു നാസീരും. മഹാപുരോഹിതനും മറ്റു പുരോഹിതന്മാരും വളരെ ഗൗരവമുള്ള ഉത്തരവാദിത്വങ്ങളാണ് ചെയ്തിരുന്നത്. അതുകൊണ്ട് യഹോവയുടെ സന്നിധിയിൽ വിശുദ്ധമായ ജോലികൾ ചെയ്യാൻ ചെല്ലുന്ന സമയത്ത് അവർ വീഞ്ഞോ ലഹരിപാനീയങ്ങളോ കുടിക്കാൻ പാടില്ലായിരുന്നു.—ലേവ 10:8-11; 21:10, 11.
കൂടാതെ, നാസീർവ്രതസ്ഥൻ “തലമുടി വളർത്തി വിശുദ്ധനായി തുടരണം.” അദ്ദേഹം വിശുദ്ധമായ നാസീർവ്രതം എടുത്തിട്ടുണ്ടെന്ന് മറ്റുള്ളവർക്ക് അതിലൂടെ പെട്ടെന്നു തിരിച്ചറിയാൻ കഴിയുമായിരുന്നു. (സംഖ 6:5) ശബത്തുവർഷവും ജൂബിലിവർഷവും വളർന്നിരുന്ന വെട്ടിയൊരുക്കാത്ത മുന്തിരിവള്ളിയെ കുറിക്കാനും നാസിർ എന്ന അതേ എബ്രായപദമാണ് ഉപയോഗിച്ചിരിക്കുന്നത്. (ലേവ 25:5, 11) മഹാപുരോഹിതന്റെ തലയിലെ തലപ്പാവിനോട് ചേർന്നുള്ള, “വിശുദ്ധി യഹോവയുടേത്” എന്ന് ആലേഖനം ചെയ്ത തങ്കത്തകിടിനെ വിളിച്ചിരുന്നത്, ‘സമർപ്പണത്തിന്റെ (എബ്രായയിൽ നെസെർ; നാസിർ എന്ന അതേ വാക്കിൽനിന്നുതന്നെയാണ് ഈ വാക്കും വരുന്നത്.) വിശുദ്ധചിഹ്നം’ എന്നായിരുന്നു എന്നതും ശ്രദ്ധേയമാണ്. (പുറ 39:30, 31) അതുപോലെ, ഇസ്രായേലിലെ അഭിഷിക്തരാജാക്കന്മാർ ധരിച്ചിരുന്ന കിരീടത്തിന്റെയും പേര് നെസെർ എന്നായിരുന്നു. (2ശമു 1:10; 2രാജ 11:12) ക്രിസ്തീയസഭയുടെ കാര്യത്തിലേക്കു വരുമ്പോൾ, ശിരോവസ്ത്രത്തിനു പകരമാണ് സ്ത്രീക്കു നീളമുള്ള മുടി നൽകിയിരിക്കുന്നതെന്ന് അപ്പോസ്തലനായ പൗലോസ് പറയുന്നു. ദൈവത്തിന്റെ ക്രമീകരണത്തിൽ, പുരുഷൻ തന്റെ തലയാണ്, താൻ അതിന് എപ്പോഴും കീഴ്പെട്ടിരിക്കണം, എന്ന് അത് അവളെ ഓർമിപ്പിക്കുന്നു. അതുകൊണ്ട് വീഞ്ഞ് വർജിക്കാനും അശുദ്ധനാകാതിരിക്കാനും മുടി മുറിക്കാതിരിക്കാനും ഉള്ള വ്യവസ്ഥകൾ ത്യാഗങ്ങൾ ചെയ്യേണ്ടതിന്റെയും യഹോവയുടെ ഇഷ്ടത്തിനു പൂർണമായി കീഴ്പെട്ടിരിക്കേണ്ടതിന്റെയും പ്രാധാന്യം സമർപ്പിതനായ ഒരു നാസീർവ്രതസ്ഥനെ ഓർമിപ്പിച്ചു.—1കൊ 11:2-16.