ഉപ്പ്—ഒരു അമൂല്യ പദാർഥം
നിങ്ങൾ ഭൂമിയുടെ ഉപ്പാകുന്നു” എന്ന് യേശു തന്റെ ശിഷ്യന്മാരോടു പറഞ്ഞു. (മത്തായി 5:13) “ഞങ്ങൾക്കിടയിൽ ഉപ്പുണ്ട്” എന്ന് അറബികൾ പറയാറുണ്ട്. അതുപോലെ വിശ്വസ്തതയും നന്ദിയും ഇല്ലാത്ത ഒരുവനെ കുറിക്കാൻ “ഉപ്പിനോട് അവിശ്വസ്തൻ” എന്ന പ്രയോഗം പേർഷ്യക്കാർ ഉപയോഗിക്കുന്നു. “ഉപ്പിട്ടവരെ ഉള്ളോളം നിനയ്ക്കുക” എന്ന മലയാള പഴഞ്ചൊലും നിങ്ങൾ കേട്ടിരിക്കുമല്ലോ. ഭക്ഷ്യപദാർഥങ്ങൾ കേടുകൂടാതെ സൂക്ഷിക്കാൻ ഉപ്പിനുള്ള കഴിവു നിമിത്തം അതിന് പുരാതനവും ആധുനികവുമായ ഭാഷകളിൽ ബഹുമാനത്തിന്റേതും ആദരവിന്റേതുമായ ഒരു ശ്രേഷ്ഠ സ്ഥാനം ലഭിച്ചിരിക്കുന്നു.
കൂടാതെ, ഉപ്പ് ഉറപ്പിന്റെയും സ്ഥിരതയുടെയും പ്രതീകം ആയിത്തീർന്നു. അതുകൊണ്ട് നിലനിൽക്കുന്ന ഒരു ഉടമ്പടിയെ ബൈബിളിൽ “ലവണനിയമം” അഥവാ ഉപ്പുനിയമം എന്നു വിളിച്ചിരിക്കുന്നതായി കാണാം. ഉടമ്പടി ഉറപ്പാക്കുന്നതിന് എല്ലാ കക്ഷികളും സാധാരണഗതിയിൽ ഉപ്പു ചേർത്ത ഭക്ഷണം ഒരുമിച്ചിരുന്ന് കഴിച്ചിരുന്നു. (സംഖ്യാപുസ്തകം 18:19) യാഗപീഠത്തിൽ അർപ്പിക്കുന്ന ഏതൊരു വസ്തുവിലും ഉപ്പ് ചേർക്കണമെന്ന് മോശൈക ന്യായപ്രമാണം ആവശ്യപ്പെട്ടിരുന്നു. അപക്ഷയത്തിൽ നിന്ന് അഥവാ അഴുകലിൽ നിന്ന് ഉള്ള സ്വാതന്ത്ര്യത്തെ ഉപ്പു പ്രതിനിധീകരിച്ചതുകൊണ്ടായിരുന്നു ഇത്.
രസകരമായ ചില ചരിത്ര വസ്തുതകൾ
ഒരു അമൂല്യ പദാർഥം എന്ന നിലയിലാണ് ചരിത്രത്തിൽ ഉടനീളം ഉപ്പിനെ (സോഡിയം ക്ലോറൈഡ്) കണക്കാക്കി പോന്നിട്ടുള്ളത്. അതുകൊണ്ടുതന്നെ, അതിന്റെ പേരിൽ യുദ്ധങ്ങൾ വരെ നടന്നിട്ടുണ്ട്. ലൂയി പതിനാറാമൻ ഉപ്പിന്മേൽ ചുമത്തിയ ഉയർന്ന നികുതിയായിരുന്നു ഫ്രഞ്ച് വിപ്ലവത്തിലേക്കു നയിച്ച ഘടകങ്ങളിലൊന്ന്. വിലപ്പെട്ട ഒരു വിനിമയ മാധ്യമം എന്ന നിലയിലും ഉപ്പ് ഉപയോഗിക്കപ്പെട്ടിരുന്നു. വടക്കേ ആഫ്രിക്കയിലെ മൂർ വംശജരായ വ്യാപാരികൾ ഒരു ഗ്രാം ഉപ്പിന് ഒരു ഗ്രാം സ്വർണത്തിന്റെ അതേ വില കൽപ്പിച്ചുകൊണ്ടാണ് വ്യാപാരം ചെയ്തിരുന്നത്. ചില മധ്യാഫ്രിക്കൻ ഗോത്രങ്ങൾ കല്ലുപ്പ് പലകകൾ നാണയമായി ഉപയോഗിച്ചു. വേതനം എന്നർഥമുള്ള “സാലറി” എന്ന ഇംഗ്ലീഷ് പദം സലേറിയം (സാൽ എന്നാൽ ഉപ്പ് എന്നർഥം) എന്ന ലാറ്റിൻ പദത്തിൽനിന്ന് ഉരുത്തിരിഞ്ഞതാണ്. പ്രാചീന റോമൻ പടയാളികൾക്ക് വേതനത്തിന്റെ ഭാഗമെന്ന നിലയിൽ ഒരു ഉപ്പുബത്ത നൽകിയിരുന്നതാണ് ഇതിനു കാരണം. ഗ്രീക്കുകാർ അടിമകൾക്കുള്ള വിലയായി നൽകിയിരുന്നത് ഉപ്പായിരുന്നു. “ഉപ്പിനു തക്ക മൂല്യമില്ലാത്തവൻ” എന്ന പ്രയോഗം വന്നത് അതിൽനിന്നാണ്.
മധ്യയുഗങ്ങളിൽ ഉപ്പിനെ ചുറ്റിപ്പറ്റി ചില അന്ധവിശ്വാസങ്ങൾ നിലവിൽ വന്നു. ഉപ്പു മറിഞ്ഞുപോകുന്നത് നാശത്തിന്റെ സൂചനയായി കണക്കാക്കിയിരുന്നു. ഉദാഹരണത്തിന് ലിയൊണാർഡോ ഡാവിഞ്ചിയുടെ, ‘ഒടുക്കത്തെ അത്താഴ’ത്തിന്റെ ചിത്രത്തിൽ യൂദാ ഈസ്കര്യോത്താവിന്റെ മുന്നിൽ ഒരു ഉപ്പു പാത്രം മറിഞ്ഞുകിടക്കുന്നതായി ചിത്രീകരിച്ചിട്ടുണ്ട്. ഇനി, 18-ാം നൂറ്റാണ്ടു വരെ, ഒരു വിരുന്നു മേശയിൽ ഉപ്പുപാത്രം വെച്ചിരിക്കുന്നതിന്റെ ഏതു വശത്താണ് ഇരിക്കുന്നത് എന്നത് ഒരുവന്റെ സാമൂഹിക പദവിയെ സൂചിപ്പിച്ചിരുന്നു. ഉയർന്ന പദവി ഉള്ളവർ മേശയുടെ തലപ്പത്തെ സ്ഥാനത്തിനും ഉപ്പുപാത്രത്തിനും ഇടയ്ക്കുള്ള ഇരിപ്പിടങ്ങളിലാണ് ഇരുന്നിരുന്നത്.
പുരാതന കാലം മുതൽ ഉപ്പുറവകളിൽനിന്നും സമുദ്രജലത്തിൽനിന്നും ഉപ്പുപാറകളിൽനിന്നും ഉപ്പു ശേഖരിക്കുന്ന രീതി മനുഷ്യൻ വശമാക്കിയിരുന്നു. ഔഷധശാസ്ത്രം സംബന്ധിച്ച ഒരു പുരാതന ചൈനീസ് പ്രബന്ധത്തിൽ വ്യത്യസ്ത തരത്തിലുള്ള 40-ലധികം ഉപ്പിനെ കുറിച്ചു പറഞ്ഞിരിക്കുന്നു. കൂടാതെ, അതിൽ വിവരിച്ചിരിക്കുന്ന ഉപ്പു ശേഖരണ രീതികളിൽ രണ്ടെണ്ണത്തിന് ഇന്നത്തെ രീതികളുമായി അത്ഭുതകരമായ സാമ്യമുണ്ട്. ഉദാഹരണത്തിന് മെക്സിക്കോയിലെ ബാഹാ കാലിഫോർണിയ സുവെറിലുള്ള ബായീയാ സെബാസ്റ്റ്യാൻ ബിസ്ക്കായിനോ തീരങ്ങളിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ സൗരോർജ ഉപ്പുനിലയത്തിൽ സൗരോർജം ഉപയോഗപ്പെടുത്തിയാണ് കടൽവെള്ളത്തിൽനിന്ന് ഉപ്പു വേർതിരിച്ചെടുക്കുന്നത്.
രസാവഹമായി, ലോകത്തിലെ എല്ലാ മഹാസമുദ്രങ്ങളും പൂർണമായി വറ്റിക്കുകയാണെങ്കിൽ “കുറഞ്ഞപക്ഷം 1.9 കോടി ക്യൂബിക് കിലോമീറ്റർ അല്ലെങ്കിൽ വേലിയേറ്റ സമയത്തെ ഏറ്റവും ഉയർന്ന ജലനിരപ്പിനു മുകളിൽ ഉള്ള യൂറോപ്യൻ ഭൂഖണ്ഡത്തിന്റെ പിണ്ഡത്തിന്റെ 14.5 ഇരട്ടി കല്ലുപ്പ് എങ്കിലും കിട്ടും” എന്ന് എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക പറയുന്നു. ചാവുകടലിലെ ലവണാംശമാകട്ടെ സമുദ്രത്തിന്റേതിനെക്കാൾ ഒമ്പത് ഇരട്ടിയാണ്!
ഉപ്പിന്റെ ആധുനികകാല ഉപയോഗങ്ങൾ
ഇന്നും ഉപ്പിനെ ഒരു അമൂല്യ പദാർഥമായിട്ടുതന്നെയാണു കണക്കാക്കുന്നത്. ഭക്ഷണത്തിനു സ്വാദു നൽകുന്നതിനും ഇറച്ചി കേടുകൂടാതെ സൂക്ഷിക്കുന്നതിനും സോപ്പിന്റെയും സ്ഫടികത്തിന്റെയും നിർമാണത്തിലും മറ്റും ഉപയോഗിക്കുന്നതിനു പുറമേ ഉപ്പിനു മറ്റു വളരെയധികം ഉപയോഗങ്ങളുമുണ്ട്. എന്നാൽ പൊതുജനാരോഗ്യ മേഖലയിലെ അതിന്റെ ഉപയോഗം പ്രത്യേക ശ്രദ്ധ അർഹിക്കുന്നു. ഉദാഹരണത്തിന് ലോകത്തിലെ അനേകം രാജ്യങ്ങളും പ്രാദേശികമായി നിലവിലുള്ള അയഡിന്റെ കുറവു നികത്തുന്നതിനായി അയഡിൻ ചേർത്ത ഉപ്പ് ഉപയോഗിക്കുന്നു. കാരണം അയഡിന്റെ കുറവ് ഗോയിറ്ററിനും (തൈറോയ്ഡ് ഗ്രന്ഥിയുടെ വീക്കം) അങ്ങേയറ്റത്തെ ചില കേസുകളിൽ ബുദ്ധിമാന്ദ്യത്തിനും ഇടയാക്കിയേക്കാം. അതുപോലെ ചില രാജ്യങ്ങൾ ദന്തക്ഷയം തടുക്കുന്നതിന് ഉപ്പിൽ ഫ്ളൂറൈഡ് ചേർക്കുന്നു.
നല്ല ആരോഗ്യത്തിന്—രക്തത്തിന്റെ വ്യാപ്തവും സമ്മർദവും നിയന്ത്രിക്കുന്നതിന്—ഉപ്പ് അനിവാര്യമാണെന്നിരിക്കെ ഉയർന്ന രക്തസമ്മർദവും ഉപ്പും തമ്മിലുള്ള ബന്ധം (ഇതിനെ കുറിച്ചു തർക്കങ്ങൾ നിലവിലുണ്ട്) സംബന്ധിച്ചെന്ത്? ഉയർന്ന രക്തസമ്മർദമുള്ള രോഗികളോട് ഉപ്പും സോഡിയവും കഴിക്കുന്നതിൽ നിയന്ത്രണം പാലിക്കണമെന്ന് ഡോക്ടർമാർ സാധാരണമായി നിർദേശിക്കാറുണ്ട്. ഉയർന്ന രക്തസമ്മർദമുള്ള രോഗികളുടെ മൂന്നിലൊന്നു മുതൽ പകുതി വരെ പേരെയും ഉപ്പ് കഴിക്കുന്നതു ബാധിക്കുന്നു. അങ്ങനെയുള്ളപ്പോൾ ഉപ്പിന്റെ അളവു കുറച്ചുകൊണ്ട് രക്തസമ്മർദം കുറയ്ക്കാനാകുമെന്നു കണ്ടിട്ടുണ്ട്.
ഉപ്പ് തീർച്ചയായും ഭക്ഷണത്തെ കൂടുതൽ ആസ്വാദ്യമാക്കിത്തീർക്കുന്നു. “രുചിയില്ലാത്തതു ഉപ്പുകൂടാതെ തിന്നാമോ?” എന്ന ഇയ്യോബിന്റെ ചോദ്യത്തിൽ ആ വസ്തുത പ്രതിഫലിച്ചു കാണാം. (ഇയ്യോബ് 6:6) അമൂല്യ പദാർഥമായ ഉപ്പ് ഉൾപ്പെടെയുള്ള എല്ലാം “നമ്മുടെ സന്തോഷത്തിന്നുവേണ്ടി വളരെ ഉദാരമായി പ്രദാനംചെയ്യുന്ന” നമ്മുടെ സ്രഷ്ടാവിനോട് നമുക്ക് അങ്ങേയറ്റം നന്ദിയുള്ളവർ ആയിരിക്കാം.—1 തിമൊഥെയൊസ് 6:17, ഓശാന ബൈബിൾ.(g02 6/8)
[27-ാം പേജിലെ ചിത്രം]
വ്യത്യസ്ത തരം ഉപ്പുകളിൽ ചിലത് (മുകളിൽനിന്ന് ഘടികാര ദിശയിൽ): (1) കടൽവെള്ളം വറ്റിച്ചെടുക്കുന്ന ആലയീയാ ഉപ്പ്, ഹവായ്;
(2) ഫ്ള്യോർ ഡെ സെൽ, ഫ്രാൻസ്; (3) അസംസ്കൃത കടലുപ്പ്;
(4) സെൽ ഗ്രി (ഗ്രേ സോൾട്ട് ), ഫ്രാൻസ്;
(5) കടലിൽനിന്നുള്ള പരലുപ്പ്;
(6) പൊടിച്ച കറുത്ത ഉപ്പ്, ഇന്ത്യ