ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
ജൂലൈ 5-11
ദൈവവചനത്തിലെ നിധികൾ | ആവർത്തനം 11-12
“തന്നെ എങ്ങനെ ആരാധിക്കാനാണ് യഹോവ പ്രതീക്ഷിക്കുന്നത്?”
it-2-E 1007 ¶4
ദേഹി
മുഴുദേഹിയോടെ സേവിക്കുക. “ദേഹി” എന്ന പദംകൊണ്ട് അർഥമാക്കുന്നത് മുഴുവ്യക്തിയെയുമാണ്. എന്നാൽ ബൈബിളിൽ ചില വാക്യങ്ങളിൽ ദൈവത്തെ ‘മുഴുഹൃദയത്തോടെയും അതുപോലെ മുഴുദേഹിയോടെയും’ സ്നേഹിക്കാനും സേവിക്കാനും പറയുന്നു. (ആവ 4:29; 11:13, 18) ഇനി, ആവർത്തനം 6:5-ൽ “നിന്റെ ദൈവമായ യഹോവയെ നീ നിന്റെ മുഴുഹൃദയത്തോടും നിന്റെ മുഴുദേഹിയോടും നിന്റെ മുഴുശക്തിയോടും കൂടെ സ്നേഹിക്കണം” എന്നു പറഞ്ഞിരിക്കുന്നു. ദൈവത്തെ മുഴുദേഹിയോടെയും ശക്തിയോടെയും മാത്രമല്ല “മുഴുമനസ്സോടും കൂടെ” സേവിക്കാനാണ് യേശു പറഞ്ഞത്. (മർ 12:30; ലൂക്ക 10:27) ദേഹി എന്നു പറയുമ്പോൾ അതിൽ ഹൃദയവും മനസ്സും ശക്തിയും ഒക്കെ വരും. പിന്നെ എന്തിനാണ് അവ വീണ്ടും എടുത്തുപറഞ്ഞിരിക്കുന്നത്? അതു മനസ്സിലാക്കാൻ നമുക്ക് ഒരു ഉദാഹരണം നോക്കാം: ഒരാൾ തന്നെത്തന്നെ (തന്റെ ദേഹിയെ) അടിമയായി മറ്റൊരാൾക്കു വിൽക്കുന്നു. അങ്ങനെ അയാൾ മറ്റെയാളുടെ സ്വന്തമായിത്തീരുന്നു. എന്നാൽ അപ്പോഴും അയാൾ ആത്മാർഥമായി യജമാനനെ സേവിക്കാതിരുന്നേക്കാം. അങ്ങനെയുള്ള ഒരാൾ യജമാനനു നേട്ടം ഉണ്ടാക്കാൻവേണ്ടി മുഴു ശക്തിയോടെ മനസ്സ് അർപ്പിച്ച് ജോലി ചെയ്തെന്നുവരില്ല. (എഫ 6:5; കൊലോ 3:22 താരതമ്യം ചെയ്യുക.) അതുകൊണ്ടാണ് യഹോവയെ മുഴുദേഹിയോടെ സേവിക്കണമെന്നു പറഞ്ഞപ്പോൾത്തന്നെ നമ്മുടെ മനസ്സും ഹൃദയവും ശക്തിയും പൂർണമായി അർപ്പിച്ചുവേണം അതു ചെയ്യാൻ എന്ന് എടുത്തുപറഞ്ഞിരിക്കുന്നത്.
it-1-E 84 ¶3
യാഗപീഠം
വ്യാജാരാധനയ്ക്കുവേണ്ടി ഉണ്ടാക്കിയിരുന്ന യാഗപീഠങ്ങളും അവയുടെകൂടെ സാധാരണ ഉണ്ടാക്കിയിരുന്ന പൂജാസ്തംഭങ്ങളും പൂജാസ്തൂപങ്ങളും നശിപ്പിച്ചുകളയാൻ യഹോവ ഇസ്രായേല്യരോടു കല്പിച്ചു. (പുറ 34:13; ആവ 7:5, 6; 12:1-3) അവർ കനാന്യരുടെ രീതികൾ അനുകരിക്കുകയോ അവർ ചെയ്തിരുന്നതുപോലെ മക്കളെ ദൈവങ്ങൾക്കായി തീയിൽ ദഹിപ്പിക്കുകയോ ചെയ്യരുതായിരുന്നു. (ആവ 12:30, 31; 16:21) ഇസ്രായേല്യർ കുറെ യാഗപീഠങ്ങൾ ഉണ്ടാക്കുന്നതിനു പകരം ഏക സത്യദൈവത്തെ ആരാധിക്കാൻ ഒരേ ഒരു യാഗപീഠം ഉണ്ടാക്കാനാണ് യഹോവ ആവശ്യപ്പെട്ടത്. അത് യഹോവ പറയുന്നിടത്തുതന്നെ ഉണ്ടാക്കുകയും വേണമായിരുന്നു. (ആവ 12:2-6, 13, 14, 27; ബാബിലോണിൽ ഇഷ്തർ ദേവിക്കുവേണ്ടി മാത്രം 180 യാഗപീഠങ്ങളുണ്ടായിരുന്നു.) യോർദാൻ കടന്നശേഷം ഏബാൽ പർവതത്തിൽ ഒരു യാഗപീഠം പണിയാൻ യഹോവ യോശുവയോട് ആവശ്യപ്പെട്ടു. വെട്ടുകയോ ചെത്തുകയോ ചെയ്യാത്ത കല്ലുകൾകൊണ്ട് വേണമായിരുന്നു അതു പണിയാൻ.—ആവ 27:4-8; യോശ 8:30-32.
ആത്മീയരത്നങ്ങൾ
it-1-E 925-926
ഗരിസീം പർവതം
ഹായി പട്ടണം കീഴടക്കിയശേഷം യോശുവയുടെ നേതൃത്വത്തിൽ ഇസ്രായേൽ ഗോത്രങ്ങൾ മോശ നിർദേശിച്ചിരുന്നതുപോലെതന്നെ ഗരിസീം പർവതത്തിനു മുന്നിലും ഏബാൽ പർവതത്തിനു മുന്നിലും കൂടിവന്നു. യഹോവയെ അനുസരിച്ചാൽ കിട്ടുന്ന അനുഗ്രഹങ്ങളെക്കുറിച്ചും അനുസരിച്ചില്ലെങ്കിൽ ഉണ്ടാകാവുന്ന ശാപങ്ങളെക്കുറിച്ചും അവിടെവെച്ച് ജനത്തെ വായിച്ചുകേൾപ്പിച്ചു. ശിമെയോൻ, ലേവി, യഹൂദ, യിസ്സാഖാർ, യോസേഫ്, ബന്യാമീൻ എന്നീ ഗോത്രങ്ങളാണു ഗരിസീം പർവതത്തിന്റെ മുന്നിൽ നിന്നത്. ലേവ്യപുരോഹിതന്മാരും ഉടമ്പടിപ്പെട്ടകവും താഴ്വാരത്തിലായിരുന്നു. ബാക്കി ആറു ഗോത്രങ്ങൾ ഏബാൽ പർവതത്തിന്റെ മുന്നിലും നിന്നു. (ആവ 11:29, 30; 27:11-13; യോശ 8:28-35) ഗരിസീം പർവതത്തിനു നേരെ തിരിഞ്ഞ് അനുഗ്രഹങ്ങൾ വായിച്ചുകേൾപ്പിച്ചപ്പോൾ അവിടെ കൂടിവന്ന ഗോത്രങ്ങൾ അതിനോടു യോജിച്ചു. ഏബാൽ പർവതത്തിനു നേരെ തിരിഞ്ഞ് ശാപങ്ങൾ വായിച്ചുകേൾപ്പിച്ചപ്പോൾ അവിടെ ഉണ്ടായിരുന്നവരും അതിനോടു യോജിച്ചു. ഗരിസീം പർവതം അതിമനോഹരവും ഫലപുഷ്ടിയുള്ളതും ആയതുകൊണ്ടായിരിക്കാം അതിനെ നോക്കി അനുഗ്രഹങ്ങൾ വായിച്ചുകേൾപ്പിച്ചതെന്നും ഏബാൽ പർവതം പാറക്കെട്ടുകളുള്ള തരിശുപ്രദേശമായതുകൊണ്ടായിരിക്കാം അതിനെ നോക്കി ശാപവാക്കുകൾ പറഞ്ഞതെന്നും പൊതുവേ കരുതുന്നു. എന്നാൽ ബൈബിൾ ഇതെക്കുറിച്ച് ഒന്നും പറയുന്നില്ല. “സ്ത്രീകളും കുട്ടികളും ഇസ്രായേല്യരുടെ ഇടയിൽ വന്നുതാമസമാക്കിയ വിദേശികളും ഉൾപ്പെടെ മുഴുവൻ ഇസ്രായേൽസഭയുടെയും മുന്നിൽ” യോശുവ നിയമപുസ്തകത്തിൽനിന്ന് ഉച്ചത്തിൽ വായിച്ചു.—യോശ 8:35.
ജൂലൈ12-18
ദൈവവചനത്തിലെ നിധികൾ | ആവർത്തനം 13-15
“ഇസ്രായേല്യർക്കു കൊടുത്ത നിയമത്തിൽ പാവങ്ങളോടുള്ള യഹോവയുടെ കരുതൽ കാണാം”
it-2-E 1110 ¶3
ദശാംശം
സാധ്യതയനുസരിച്ച് ഇസ്രായേല്യർ മറ്റൊരു ദശാംശവും നൽകിയിരുന്നു. അതു നേരിട്ട് ലേവ്യപുരോഹിതന്മാരെ പിന്തുണയ്ക്കാനുള്ളതായിരുന്നില്ല. പക്ഷേ, ലേവ്യപുരോഹിതന്മാർക്കും അതിന്റെ പ്രയോജനം കിട്ടിയിരുന്നു. സാധാരണഗതിയിൽ വാർഷികാഘോഷങ്ങൾക്കായി ഇസ്രായേല്യകുടുംബങ്ങൾ കൂടിവരുമ്പോഴാണ് ഇത് ഉപയോഗിച്ചിരുന്നത്. എന്നാൽ യരുശലേമിലേക്കുള്ള ദൂരക്കൂടുതൽ കാരണം സാധനങ്ങൾ അവിടെ എത്തിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ അവർക്ക് അതു വിറ്റ് പണമാക്കാമായിരുന്നു. എന്നിട്ട് ആഘോഷത്തിനായി യരുശലേമിൽ വരുമ്പോൾ അവിടത്തെ ചെലവുകൾക്കായി ആ പണം ഉപയോഗിക്കാമായിരുന്നു. (ആവ 12:4-7, 11, 17, 18; 14:22-27) എന്നാൽ ഓരോ മൂന്നാം വർഷത്തിന്റെയും അവസാനം ആ വർഷത്തെ ദശാംശം വാർഷികാഘോഷങ്ങൾക്കായി ഉപയോഗിക്കാതെ ലേവ്യനും വന്നുതാമസിക്കുന്ന വിദേശിക്കും അനാഥനും വിധവയ്ക്കും ആയി മാറ്റിവെക്കണമായിരുന്നു.—ആവ 14:28, 29; 26:12.
it-2-E 833
ശബത്തുവർഷം
ശബത്തുവർഷത്തെ ‘വിമോചനത്തിനുള്ള വർഷം’ എന്നു വിളിച്ചിരുന്നു. (ആവ 15:9; 31:10) ആ വർഷം ദേശം കൃഷി ചെയ്യാതെ വെറുതേ ഇടണമായിരുന്നു. (പുറ 23:11) കൂടാതെ കടങ്ങളും എഴുതിത്തള്ളിയിരുന്നു. (ആവ 15:1-3) ഇതൊക്കെ അനുസരിക്കുന്നതിലൂടെ അവർ യഹോവയെ മഹത്ത്വപ്പെടുത്തുകയായിരുന്നു.
it-2-E 978 ¶6
അടിമ
അടിമ-യജമാനൻ ബന്ധത്തെക്കുറിച്ചുള്ള നിയമങ്ങൾ. ഒരു എബ്രായ അടിമയുടെയും വന്നുതാമസിക്കുന്ന വിദേശിയായ ഒരു അടിമയുടെയും കാര്യത്തിൽ നിയമങ്ങൾ വ്യത്യസ്തമായിരുന്നു. വിദേശിയായ ഒരു അടിമയെ പൈതൃകസ്വത്തായി മക്കൾക്കു കൈമാറാമായിരുന്നു. (ലേവ 25:44-46) എന്നാൽ എബ്രായ അടിമയെ അടിമത്തത്തിന്റെ ഏഴാം വർഷമോ ജൂബിലി വർഷമോ സ്വതന്ത്രനായി വിടണമായിരുന്നു. അടിമത്തത്തിന്റെ ആ സമയത്ത് അയാളെ ഒരു അടിമയായിട്ടല്ല, ജോലിക്കാരനായി കണക്കാക്കണമായിരുന്നു. (പുറ 21:2; ലേവ 25:10; ആവ 15:12) വന്നുതാമസിക്കുന്ന ഒരു വിദേശിക്ക് ഒരു എബ്രായൻ തന്നെത്തന്നെ അടിമയായി വിൽക്കുന്നെങ്കിൽ ആ എബ്രായനെ എപ്പോൾ വേണമെങ്കിലും തിരികെ വാങ്ങാമായിരുന്നു. ഒന്നുകിൽ അയാൾക്കു സ്വന്തനിലയിൽ വീണ്ടെടുപ്പുവില നൽകാം, അല്ലെങ്കിൽ മറ്റാർക്കെങ്കിലും അതു കൊടുത്ത് അയാളെ മോചിപ്പിക്കാമായിരുന്നു. (ലേവ 25:47-52; ആവ 15:12) എബ്രായ അടിമയെ സ്വതന്ത്രനായി വിടുമ്പോൾ അയാളെ വെറുങ്കൈയോടെ പറഞ്ഞയയ്ക്കരുത്. അയാൾക്കു പുതിയൊരു ജീവിതം തുടങ്ങാൻ കഴിയേണ്ടതിന് യജമാനൻ അയാൾക്കു സമ്മാനമായി എന്തെങ്കിലും കൊടുത്തുവിടണമായിരുന്നു.—ആവ 15:13-15.
ആത്മീയരത്നങ്ങൾ
w06 4/1 31
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
“ആട്ടിൻകുട്ടിയെ തള്ളയുടെ പാലിൽ പാകം ചെയ്യരുതു” എന്ന പുറപ്പാടു 23:19-ലെ കൽപ്പന നമ്മെ എന്തു പഠിപ്പിക്കുന്നു?
മോശൈക ന്യായപ്രമാണത്തിലെ ഈ കൽപ്പന ബൈബിളിൽ മൂന്നു പ്രാവശ്യം കാണാം. യഹോവയുടെ ഔചിത്യബോധം, ദയ, ആർദ്രത എന്നിവ മനസ്സിലാക്കാൻ ഇതു നമ്മെ സഹായിക്കുന്നു. യഹോവ വ്യാജാരാധനയെ വെറുക്കുന്നുവെന്ന വസ്തുതയ്ക്കും ഇത് ഊന്നൽ നൽകുന്നു.—പുറപ്പാടു 34:26; ആവർത്തനപുസ്തകം 14:21.
ഒരു ആട്ടിൻകുട്ടിയെയോ മറ്റേതെങ്കിലും മൃഗത്തിന്റെ കുഞ്ഞിനെയോ അതിന്റെ തള്ളയുടെ പാലിൽ പാകം ചെയ്യുന്നത് യഹോവ സ്ഥാപിച്ച സ്വാഭാവിക ക്രമീകരണത്തിനു വിരുദ്ധമായിരിക്കുമായിരുന്നു. കുഞ്ഞിന്റെ പോഷണത്തിനും വളർച്ചയ്ക്കുമാണ് യഹോവ പാൽ നൽകിയിരിക്കുന്നത്. ഒരു പണ്ഡിതൻ പറയുന്നതനുസരിച്ച് “ആട്ടിൻകുട്ടിയെ തള്ളയുടെ പാലിൽ പാകംചെയ്യുന്നത്, തള്ളയ്ക്കും കുഞ്ഞിനുമിടയിൽ ദൈവം സ്ഥാപിച്ചിരിക്കുന്ന പാവനമായ ബന്ധത്തോടുള്ള അനാദരവാണ്.”
ആട്ടിൻകുട്ടിയെ തള്ളയുടെ പാലിൽ പാകം ചെയ്യുന്നത്, മഴ ലഭിക്കാനായി പുറജാതീയർ അനുഷ്ഠിച്ചിരുന്ന ഒരു ആചാരമായിരുന്നിരിക്കാമെന്നും ചിലർ അഭിപ്രായപ്പെടുന്നു. അതു ശരിയാണെങ്കിൽ, തങ്ങൾക്കു ചുറ്റും പാർത്തിരുന്ന പുറജാതികളുടെ നിരർഥകവും ക്രൂരവുമായ മതാചാരങ്ങളിൽനിന്ന് ഈ കൽപ്പന ഇസ്രായേല്യരെ സംരക്ഷിക്കുമായിരുന്നു. അവർ പുറജാതികളുടെ ചട്ടങ്ങളനുസരിച്ചു നടക്കരുത് എന്ന പ്രത്യേക വിലക്ക് മോശൈക ന്യായപ്രമാണത്തിൽ ഉണ്ടായിരുന്നു.—ലേവ്യപുസ്തകം 20:23.
അവസാനമായി, യഹോവയുടെ ആർദ്രാനുകമ്പയും ഈ നിയമത്തിൽ നമുക്കു കാണാവുന്നതാണ്. പക്ഷിമൃഗാദികളോടു ക്രൂരത കാട്ടുന്നതിനെതിരായുള്ള സമാനമായ നിരവധി കൽപ്പനകൾ ന്യായപ്രമാണത്തിലുണ്ടായിരുന്നു. അവ പ്രകൃതിവിരുദ്ധമായ പ്രവർത്തനങ്ങളിൽനിന്നുള്ള സംരക്ഷണമായി ഉതകി. ഉദാഹരണത്തിന്, തള്ളയുടെ കൂടെ ഏഴു ദിവസമെങ്കിലും കഴിയാത്ത മൃഗത്തെ ബലിയർപ്പിക്കുന്നതിനെയും ഒരേ ദിവസംതന്നെ മൃഗത്തെയും അതിന്റെ കുട്ടിയെയും അറക്കുന്നതിനെയും പക്ഷിക്കൂട്ടിൽനിന്നു തള്ളപ്പക്ഷിയെയും ഒപ്പം അതിന്റെ മുട്ടകളെയോ കുഞ്ഞുങ്ങളെയോ എടുക്കുന്നതിനെയും വിലക്കിക്കൊണ്ടുള്ള കൽപ്പനകൾ മോശൈക ന്യായപ്രമാണത്തിൽ ഉണ്ടായിരുന്നു.—ലേവ്യപുസ്തകം 22:27, 28; ആവർത്തനപുസ്തകം 22:6, 7.
വ്യക്തമായും, ന്യായപ്രമാണം കുറെ കൽപ്പനകളുടെയും വിലക്കുകളുടെയും ഒരു മിശ്രിതം ആയിരുന്നില്ല. അതിന്റെ പ്രയോജനങ്ങളിലൊന്ന്, യഹോവയുടെ മഹത്തരമായ ഗുണങ്ങളെ പ്രതിഫലിപ്പിക്കുന്ന ഉയർന്ന ധാർമികബോധം നമ്മിൽ ഉൾനടാൻ ഇതിലെ തത്ത്വങ്ങൾ സഹായിക്കുന്നു എന്നതാണ്.—സങ്കീർത്തനം 19:7-11.
ജൂലൈ 19-25
ദൈവവചനത്തിലെ നിധികൾ | ആവർത്തനം 16-18
“നീതിയോടെ ന്യായം വിധിക്കാൻ സഹായിക്കുന്ന തത്ത്വങ്ങൾ”
it-1-E 343 ¶5
അന്ധത
അഴിമതി മൂലം തെറ്റായി ന്യായം വിധിക്കുന്നതിനെ അന്ധതയോടാണു താരതമ്യം ചെയ്തിരിക്കുന്നത്. കൈക്കൂലിയോ സമ്മാനമോ വാങ്ങുന്നതിന് എതിരെയും അതുപോലെ മുൻവിധിക്കെതിരെയും ദൈവനിയമത്തിൽ പലപ്പോഴും മുന്നറിയിപ്പ് തന്നിട്ടുണ്ട്. കാരണം ഇതൊക്കെ ഒരു ന്യായാധിപനെ അന്ധനാക്കുമായിരുന്നു. പക്ഷപാതമില്ലാതെ ന്യായം വിധിക്കാൻ ഇത് ഒരു തടസ്സമായിരുന്നു. ‘കൈക്കൂലി സൂക്ഷ്മദൃഷ്ടിയുള്ളവരെ അന്ധരാക്കും.’ (പുറ 23:8) ‘കൈക്കൂലി ജ്ഞാനിയെ അന്ധനാക്കും.’ (ആവ 16:19) ഒരു ന്യായാധിപൻ എത്രതന്നെ സത്യസന്ധനും കാര്യങ്ങൾ വിവേചിക്കാൻ കഴിവുള്ളവനും ആണെങ്കിലും കേസിൽ ഉൾപ്പെട്ടിരിക്കുന്ന വ്യക്തികളിൽനിന്ന് സമ്മാനം വാങ്ങിയാൽ അയാൾ അറിഞ്ഞോ അറിയാതെയോ പക്ഷംപിടിക്കാൻ സാധ്യതയുണ്ടായിരുന്നു. സമ്മാനത്തിന്റെ പേരിൽ മാത്രമല്ല വികാരത്തിന്റെ പുറത്തും ഒരാൾ അന്ധനായേക്കാം. അതുകൊണ്ട് ദൈവവചനം ഇങ്ങനെ മുന്നറിയിപ്പു കൊടുത്തു: “ദരിദ്രനോടു പക്ഷപാതമോ സമ്പന്നനോടു പ്രത്യേകപരിഗണനയോ കാണിക്കരുത്.” (ലേവ 19:15) അതുകൊണ്ട് വികാരത്തിന്റെ പേരിലോ ജനപ്രീതിക്കുവേണ്ടിയോ, ഒരാൾ സമ്പന്നനാണെന്ന കാരണത്താൽ മാത്രം അയാൾക്കെതിരെ ന്യായം വിധിക്കരുത്.—പുറ 23:2, 3.
it-2-E 511 ¶7
സംഖ്യ
രണ്ട്. നീതിന്യായകാര്യങ്ങളോടു ബന്ധപ്പെട്ട് രണ്ട് എന്ന സംഖ്യക്കു പ്രാധാന്യമുണ്ടായിരുന്നു. ഒരാളുടെ വാക്കിനെക്കാൾ രണ്ടു സാക്ഷികളുടെ വാക്കിനു കൂടുതൽ വിലയുണ്ടായിരുന്നു. ന്യായാധിപന്റെ മുമ്പാകെ ഒരു കാര്യം ഉറപ്പിക്കുന്നതിന് രണ്ടോ മൂന്നോ സാക്ഷികൾ വേണമായിരുന്നു. ക്രിസ്തീയസഭയിലും ഇതേ തത്ത്വമാണു പിൻപറ്റുന്നത്.—ആവ 17:6; 19:15; മത്ത 18:16; 2കൊ 13:1; 1തിമ 5:19; എബ്ര 10:28.
it-2-E 685 ¶6
പുരോഹിതൻ
ദൈവനിയമം വിശദീകരിക്കാനുള്ള ഉത്തരവാദിത്വം പ്രധാനമായും പുരോഹിതന്മാർക്കായിരുന്നു. ഇസ്രായേലിലെ നീതിന്യായ കാര്യങ്ങളിൽ അവർ ഒരു വലിയ പങ്കു വഹിച്ചിരുന്നു. ആവശ്യമായി വരുന്നെങ്കിൽ ന്യായാധിപന്മാർക്ക് പുരോഹിതന്മാർ താമസിക്കുന്ന നഗരങ്ങളിൽ ചെന്ന് അവരുടെ സഹായം തേടാമായിരുന്നു. വളരെ ബുദ്ധിമുട്ടുള്ള ഒരു കേസിൽ പ്രാദേശിക കോടതിക്ക് ഒരു തീരുമാനമെടുക്കാൻ പറ്റുന്നില്ലെങ്കിൽ പുരോഹിതന്മാർ ന്യായാധിപന്മാരെ സഹായിക്കുമായിരുന്നു.—ആവ 17:8, 9.
ആത്മീയരത്നങ്ങൾ
it-1-E 787
പുറത്താക്കുക
കുറ്റക്കാരനെ കൊല്ലാൻ ആദ്യം കല്ലെറിയുന്നതു സാക്ഷികൾതന്നെയായിരിക്കണമെന്നു നിയമത്തിൽ പറഞ്ഞിരുന്നു. (ആവ 17:7) ദൈവനിയമം അനുസരിക്കാനും ഇസ്രായേൽ സഭയെ ശുദ്ധിയുള്ളതായി സൂക്ഷിക്കാനും അവർ എത്രമാത്രം ഉത്സാഹമുള്ളവരാണെന്ന് അതു കാണിക്കുമായിരുന്നു. തെറ്റായ മൊഴി നൽകുന്നതിൽനിന്നും അതുപോലെ ആലോചിക്കാതെ എടുത്തുചാടി ഒരാൾക്കെതിരെ എന്തെങ്കിലും പറയുന്നതിൽനിന്നും അത് അവരെ തടയുകയും ചെയ്യുമായിരുന്നു.
ജൂലൈ 26–ആഗസ്റ്റ് 1
ദൈവവചനത്തിലെ നിധികൾ | ആവർത്തനം 19-21
“മനുഷ്യജീവൻ യഹോവയ്ക്ക് അമൂല്യമാണ്”
w17.11 14 ¶4
യഹോവയുടെ നീതിയും കരുണയും അനുകരിക്കുക
4 ആറ് അഭയനഗരങ്ങളിലേക്കും എളുപ്പം ചെന്നെത്താൻ കഴിയുമായിരുന്നു. യോർദാൻ നദിയുടെ ഇരുവശത്തും മൂന്ന് അഭയനഗരങ്ങൾ വീതം വേണമെന്ന് യഹോവ ഇസ്രായേല്യരോടു കല്പിച്ചു. എന്തിനുവേണ്ടിയായിരുന്നു അത്? ജീവരക്ഷയ്ക്കായി ഓടുന്ന ഒരു അഭയാർഥിക്കു പെട്ടെന്ന്, ഒരു ബുദ്ധിമുട്ടും കൂടാതെ എത്തിപ്പെടാനായിരുന്നു അത്. (സംഖ്യ 35:11-14) അഭയനഗരങ്ങളിലേക്കുള്ള വഴികൾ നല്ല നിലയിൽ സൂക്ഷിച്ചിരുന്നു. (ആവ. 19:3) ചില ജൂതകൃതികളനുസരിച്ച്, ഈ നഗരങ്ങളിലേക്കു ഓടുന്ന അഭയാർഥികൾക്കായി വഴി കാണിക്കുന്നതിനുള്ള അടയാളങ്ങൾ അങ്ങിങ്ങായി സ്ഥാപിച്ചിരുന്നു. അഭയനഗരങ്ങളുണ്ടായിരുന്നതുകൊണ്ട് അബദ്ധത്തിൽ കൊല്ലുന്നയൊരാൾക്ക് ഒരു അന്യദേശത്തേക്ക് ഓടിപ്പോകേണ്ടിയിരുന്നില്ല. അങ്ങനെ പോകേണ്ടിവന്നിരുന്നെങ്കിൽ അയാൾക്കു വ്യാജാരാധനയിൽ ഉൾപ്പെടാൻ പ്രലോഭനമുണ്ടായേനേ.
w17.11 15 ¶9
യഹോവയുടെ നീതിയും കരുണയും അനുകരിക്കുക
9 രക്തം ചൊരിയുന്ന കുറ്റം ഒഴിവാക്കാൻ ഇസ്രായേല്യരെ സഹായിക്കുക എന്നതായിരുന്നു അഭയനഗരങ്ങളുടെ പ്രധാനപ്പെട്ട ഉദ്ദേശ്യം. (ആവ. 19:10) യഹോവ ജീവനെ സ്നേഹിക്കുന്നു, അതേസമയം “നിരപരാധികളുടെ രക്തം ചൊരിയുന്ന കൈകൾ” വെറുക്കുകയും ചെയ്യുന്നു. (സുഭാ. 6:16, 17) നീതിയുള്ള വിശുദ്ധദൈവമായ യഹോവയ്ക്ക് അബദ്ധത്തിൽ സംഭവിക്കുന്ന കൊലപാതകത്തിനു നേരെപോലും കണ്ണടയ്ക്കാൻ കഴിയില്ല. അബദ്ധത്തിൽ കൊല്ലുന്ന ഒരാളോടു കരുണ കാണിച്ചിരുന്നെന്നതു ശരിയാണ്. എങ്കിലും അയാൾ തന്റെ കേസ് മൂപ്പന്മാരുടെ മുമ്പാകെ അവതരിപ്പിക്കണമായിരുന്നു. കൊലപാതകം അറിയാതെ സംഭവിച്ചതാണെന്നു വിധിച്ചാൽ, മഹാപുരോഹിതന്റെ മരണംവരെ അയാൾ അഭയനഗരത്തിൽ കഴിയണമായിരുന്നു. ചിലരുടെ കാര്യത്തിൽ അതിന് അർഥം, അയാളുടെ ജീവിതകാലം മുഴുവൻ അവിടെ കഴിയേണ്ടിവരുമായിരുന്നു എന്നാണ്. ഗൗരവമുള്ള ഈ പരിണതഫലങ്ങൾ മനുഷ്യജീവനെ പാവനമായി കാണണമെന്ന പാഠം ഇസ്രായേല്യരെ പഠിപ്പിച്ചു. സഹമനുഷ്യന്റെ ജീവൻ ആപത്തിലാണെന്നു കണ്ടാൽ രക്ഷിക്കാൻ വേണ്ടതു ചെയ്തുകൊണ്ടും ജീവന് ആപത്തുവരുന്ന എല്ലാ കാര്യങ്ങളും ഒഴിവാക്കിക്കൊണ്ടും അവർ ജീവദാതാവിനോട് ആദരവ് കാണിക്കണമായിരുന്നു.
it-1-E 344
രക്തം
തന്റെ സഹോദരനെ വെറുക്കുകയും അയാളുടെ മരണം ആഗ്രഹിക്കുകയും ചെയ്യുന്ന വ്യക്തിക്ക് രക്തം ചൊരിഞ്ഞതിന്റെ കുറ്റമുണ്ടായിരിക്കും. ഇനി, തന്റെ സഹോദരനെക്കുറിച്ച് പരദൂഷണം പറയുകയും അയാൾക്കെതിരെ കള്ളസാക്ഷി പറയുകയും ചെയ്തുകൊണ്ട് അയാളുടെ ജീവൻ അപകടത്തിലാക്കുന്നവരും അതേ കുറ്റംതന്നെ വഹിക്കേണ്ടിവരും.—ലേവ്യ 19:16; ആവ 19:18-21; 1 യോഹ 3:15.
ആത്മീയരത്നങ്ങൾ
it-1-E 518 ¶1
കോടതി
നഗരത്തിന്റെ പ്രവേശനഭാഗത്തെ തുറസ്സായ സ്ഥലത്തെയാണു “പ്രവേശനകവാടം” എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വസ്തു ഇടപാടുമായി ബന്ധപ്പെട്ട കേസുകളിലും മറ്റും സാക്ഷികളെ കിട്ടാൻ അവിടെ ബുദ്ധിമുട്ടില്ലായിരുന്നു. കാരണം ആളുകൾ ഏതു സമയവും അതുവഴി പോകുകയും വരുകയും ചെയ്തിരുന്നു. ഇനി, കോടതി കൂടിയിരുന്നതു പൊതുസ്ഥലത്ത് ആയിരുന്നതുകൊണ്ട് വളരെ സൂക്ഷിച്ച് നീതിയോടെ കേസുകൾ കൈകാര്യം ചെയ്യാൻ ന്യായാധിപന്മാർ ശ്രദ്ധിക്കുമായിരുന്നു.
ആഗസ്റ്റ് 2-8
ദൈവവചനത്തിലെ നിധികൾ | ആവർത്തനം 22-23
“യഹോവയ്ക്ക് മൃഗങ്ങളോടുള്ള പരിഗണന മോശയുടെ നിയമം വ്യക്തമാക്കുന്നത് എങ്ങനെ?”
it-1-E 375-376
ചുമട്
ഒരു ഇസ്രായേല്യൻ, തന്നെ വെറുക്കുന്ന ആരുടെയെങ്കിലും കഴുത ചുമടുമായി വീണുകിടക്കുന്നതു കണ്ടാൽ അതിനെ കണ്ടില്ലെന്നു നടിച്ച് കടന്നുപോകരുതായിരുന്നു. പകരം അതിനെ ചുമടിനു കീഴെനിന്ന് മോചിപ്പിക്കാൻ ഉടമസ്ഥനെ സഹായിക്കണമായിരുന്നു.—പുറ 23:5.
it-1-E 621 ¶1
ആവർത്തനം
കൂട്ടിൽ ഇരിക്കുന്ന തള്ളപ്പക്ഷിയെ പിടിച്ചുകൊണ്ടുപോകാൻ ഇസ്രായേല്യർക്ക് അനുവാദമില്ലായിരുന്നു. കുഞ്ഞുങ്ങളെ സംരക്ഷിക്കാനാണു തള്ളപ്പക്ഷി അവിടെ ഇരിക്കുന്നത്. ആ സാഹചര്യം മുതലെടുത്ത് അതിനെ പിടിക്കുന്നതു തെറ്റായിരുന്നു. എന്നാൽ തള്ളപ്പക്ഷിയെ വിട്ടയച്ചിട്ട് കുഞ്ഞുങ്ങളെ എടുക്കാൻ അവർക്ക് അനുവാദമുണ്ടായിരുന്നു. അങ്ങനെയാകുമ്പോൾ തള്ളപ്പക്ഷിക്കു വീണ്ടും കുഞ്ഞുങ്ങളെ വളർത്താനാകും.—ആവ 22:6, 7.
w03 10/15 32 ¶1-2
“അസമമായി കൂട്ടിയോജിപ്പിക്കപ്പെടരുത്”
ഒരു ഒട്ടകവും കാളയും ഒരുമിച്ച് ഉഴുന്ന ഈ രംഗമൊന്നു നോക്കൂ. അവ എത്ര ദുരിതമാണ് അനുഭവിക്കുന്നത് അല്ലേ? ഒരേ ശക്തിയും വലുപ്പവുമുള്ള രണ്ട് മൃഗങ്ങൾക്കായുള്ള നുകത്തിൻ കീഴിലാണ് അവയെ കൂട്ടിയോജിപ്പിച്ചിരിക്കുന്നത്. ഭാരം വലിക്കുന്ന ഇത്തരം മൃഗങ്ങളുടെ ക്ഷേമത്തിൽ തത്പരനായിരുന്ന ദൈവം ഇസ്രായേല്യരോട് ഇങ്ങനെ പറഞ്ഞു: “കാളയെയും കഴുതയെയും ഒന്നിച്ചു പൂട്ടി ഉഴരുത്.” (ആവർത്തനപുസ്തകം 22:10) കാളയുടെയും ഒട്ടകത്തിന്റെയും കാര്യത്തിലും അതേ തത്ത്വം ബാധകമാണ്.
സാധാരണഗതിയിൽ, ഒരു കർഷകൻ തന്റെ മൃഗങ്ങളുടെമേൽ അത്തരമൊരു ദുരിതം അടിച്ചേൽപ്പിക്കുകയില്ല. എന്നാൽ രണ്ടു കാള ഇല്ലെങ്കിൽ, ഉള്ള രണ്ട് മൃഗങ്ങളെ അയാൾ നുകത്തിൻ കീഴെ അമിച്ചേക്കാം. ഈ ചിത്രത്തിൽ കാണുന്ന 19-ാം നൂറ്റാണ്ടിലെ കർഷകൻ ചെയ്തത് അതാണെന്നു തോന്നുന്നു. വലുപ്പം, ഭാരം എന്നിവയിലെ വ്യത്യാസം നിമിത്തം ശക്തി കുറഞ്ഞ മൃഗത്തിന് മറ്റേതിനൊപ്പം എത്താൻ ബുദ്ധിമുട്ടേണ്ടിവരും, അതുപോലെ, ശക്തിയേറിയ മൃഗത്തിന് ഭാരം കൂടുതൽ വഹിക്കേണ്ടതായും വരും.
ആത്മീയരത്നങ്ങൾ
it-1-E 600
കടം, കടം വാങ്ങുന്നവൻ
കടുത്ത സാമ്പത്തികബുദ്ധിമുട്ട് ഉള്ളപ്പോൾ മാത്രമേ ഒരു ഇസ്രായേല്യൻ കടം വാങ്ങിയിരുന്നുള്ളൂ. കടം വാങ്ങുന്നയാൾ കടം കൊടുക്കുന്ന വ്യക്തിയുടെ അടിമയായിത്തീരുന്നതുകൊണ്ട് നിവൃത്തിയുണ്ടെങ്കിൽ അവർ കടം വാങ്ങില്ലായിരുന്നു. (സുഭ 22:7) ദരിദ്രരായ ഇസ്രായേല്യർക്കു വായ്പ കൊടുക്കുമ്പോൾ ഉദാരത കാണിക്കാനും നിസ്സ്വാർഥരായിരിക്കാനും ദൈവജനത്തോടു കല്പിച്ചിരുന്നു. (പുറ 22:25; ആവ 15:7, 8; സങ്ക 37:26; 112:5) എന്നാൽ അന്യദേശക്കാർ പലിശ കൊടുക്കണമായിരുന്നു. (ആവ 23:20) ദരിദ്രരെ സഹായിക്കാൻ പണം കടം കൊടുക്കുന്ന കാര്യത്തിലല്ല, ബിസ്സിനെസ്സ് ഇടപാടുകൾക്കായി വായ്പ കൊടുക്കുന്ന കാര്യത്തിലാണ് ഇങ്ങനെയൊരു നിയമം ഉണ്ടായിരുന്നതെന്നു ജൂതവ്യാഖ്യാതക്കൾ അഭിപ്രായപ്പെടുന്നു. സാധാരണഗതിയിൽ അന്യദേശക്കാർ ഇസ്രായേലിൽ വന്നിരുന്നത് തത്കാലത്തേക്കാണ്, മിക്കപ്പോഴും കച്ചവടത്തിനുവേണ്ടിയായിരുന്നു. അവരിൽനിന്ന് പലിശ വാങ്ങാമായിരുന്നു. കാരണം അവരും പണം വായ്പ കൊടുത്തിരുന്നതു പലിശ വാങ്ങിയിട്ടുതന്നെയാണ്.
ആഗസ്റ്റ് 9-15
ദൈവവചനത്തിലെ നിധികൾ | ആവർത്തനം 24-26
“യഹോവ സ്ത്രീകളോടു പരിഗണനയുള്ളവനാണെന്ന് മോശയുടെ നിയമം വ്യക്തമാക്കുന്നു”
it-2-E 1196 ¶4
സ്ത്രീ
കല്യാണം കഴിഞ്ഞാൽ ഒരു വർഷത്തേക്ക് ഒരാളെ സൈനികസേവനത്തിൽനിന്ന് ഒഴിവാക്കിയിരുന്നു. അങ്ങനെ ഒരു കുട്ടിയുണ്ടാകാനുള്ള അവസരം ആ ദമ്പതികൾക്കു ലഭിക്കുമായിരുന്നു. ഭർത്താവ് ദൂരെയായിരിക്കുമ്പോൾ മാത്രമല്ല, എങ്ങാനും യുദ്ധത്തിൽ മരിച്ചുപോയാലും ആ കുഞ്ഞ് അമ്മയ്ക്ക് ഒരു ആശ്വാസമായിരിക്കും.—ആവ 20:7; 24:5.
it-1-E 963 ¶2
കാലാ പെറുക്കുക
ദാവീദ് പറഞ്ഞു: “ഒരു നീതിമാൻപോലും ഉപേക്ഷിക്കപ്പെട്ടതായോ അവന്റെ മക്കൾ ആഹാരം ഇരക്കുന്നതായോ ഇതുവരെ കണ്ടിട്ടില്ല.” (സങ്ക 37:25) ദൈവനിയമമനുസരിച്ച് ദരിദ്രർക്കു കാലാ പെറുക്കാൻ അനുവാദമുണ്ടായിരുന്നു. അതുകൊണ്ട് അവർക്കും മക്കൾക്കും മറ്റുള്ളവരോട് ഇരക്കേണ്ടിവരില്ല. പകരം ജോലി ചെയ്ത് അവർക്ക് ആഹാരത്തിനുള്ള വക കണ്ടെത്താമായിരുന്നു.
w11-E 3/1 23
നിങ്ങൾക്ക് അറിയാമോ?
പുരാതന ഇസ്രായേലിൽ ഒരാൾ ആൺമക്കളില്ലാതെ മരിച്ചുപോയാൽ, അദ്ദേഹത്തിന്റെ വംശപരമ്പര നിലനിറുത്താൻ ഭർത്തൃസഹോദരൻ ആ വിധവയെ വിവാഹം ചെയ്ത് മക്കളെ ജനിപ്പിക്കണമായിരുന്നു. (ഉൽപത്തി 38:8) പിന്നീട് ഈ സമ്പ്രദായം മോശയുടെ നിയമത്തിന്റെ ഭാഗമായി. ഇതിനെ ഭർത്തൃസഹോദരധർമം അഥവാ ദേവരവിവാഹം എന്നാണു വിളിച്ചിരുന്നത്.—ആവർത്തനം 25:5, 6.
ഒന്നാം നൂറ്റാണ്ടിലെ ജൂതചരിത്രകാരനായ ഫ്ളേവിയസ് ജോസീഫസ് ഈ സമ്പ്രദായത്തിന്റെ പ്രയോജനത്തെക്കുറിച്ച് പറയുന്നുണ്ട്: ഇത് കുടുംബപ്പേര് നിലനിറുത്താൻ മാത്രമല്ല കുടുംബസ്വത്ത് നഷ്ടപ്പെട്ടുപോകാതിരിക്കാനും സഹായിച്ചിരുന്നു. ഇനി, വിധവയ്ക്ക് അതൊരു സംരക്ഷണവുമായിരുന്നു.
ആത്മീയരത്നങ്ങൾ
it-1-E 640 ¶5
വിവാഹമോചനം
മോചനപത്രം. ഭാര്യയെ എളുപ്പത്തിൽ ഉപേക്ഷിക്കാൻ മോശയ്ക്കു കൊടുത്ത നിയമം ഒരു ഇസ്രായേല്യഭർത്താവിനെ അനുവദിച്ചിരുന്നെന്ന് ഒരിക്കലും ചിന്തിക്കരുത്. (ആളുകൾ പിൽക്കാലത്ത് ആ നിയമം ദുരുപയോഗം ചെയ്തെന്നുള്ളതു ശരിയാണ്.) വിവാഹമോചനം ചെയ്യണമെങ്കിൽ ഭർത്താവ് ചില നിയമനടപടികൾ സ്വീകരിക്കണമായിരുന്നു: ‘ഒരു മോചനപത്രം എഴുതി കൈയിൽ കൊടുത്തിട്ട്’ വേണമായിരുന്നു ‘അവളെ വീട്ടിൽനിന്ന് പറഞ്ഞയയ്ക്കാൻ.’ (ആവ 24:1) ഇതെക്കുറിച്ച് കൂടുതലായ വിശദാംശങ്ങളൊന്നും തിരുവെഴുത്തുകൾ നൽകുന്നില്ലെങ്കിലും സാധ്യതയനുസരിച്ച് ഭാര്യയെ ഉപേക്ഷിക്കുന്നതിനു മുമ്പായി ഭർത്താവ് അതെപ്പറ്റി അധികാരത്തിലുള്ളവരോടു സംസാരിക്കണമായിരുന്നു. ആ പുരുഷന്മാരാകട്ടെ, രമ്യതയിലാകാൻ ദമ്പതികളെ പ്രോത്സാഹിപ്പിച്ചിരുന്നു. മോചനപത്രം തയ്യാറാക്കാനും നിയമനടപടികളിലൂടെ കടന്നുപോകാനും കുറച്ച് സമയമെടുക്കുമായിരുന്നു. തന്റെ തീരുമാനം ഒന്നു പുനഃപരിശോധിക്കാൻ അദ്ദേഹത്തിന് അപ്പോൾ കഴിയുമായിരുന്നു. ഇനി, തക്ക കാരണമില്ലാതെ വിവാഹമോചനം അനുവദിച്ചിരുന്നുമില്ല. ഈ കാര്യങ്ങളൊക്കെ അദ്ദേഹം പാലിക്കുകയാണെങ്കിൽ എടുത്തുചാടി അദ്ദേഹം വിവാഹബന്ധം അവസാനിപ്പിക്കുകയില്ല. ഭാര്യയുടെ അവകാശങ്ങൾ സംരക്ഷിക്കാനും അതു സഹായിച്ചിരുന്നു.
ആഗസ്റ്റ് 16-22
ദൈവവചനത്തിലെ നിധികൾ | ആവർത്തനം 27-28
“ഈ അനുഗ്രഹങ്ങളെല്ലാം . . . നിങ്ങളുടെ മേൽ സമൃദ്ധമായി വർഷിക്കും”
w10 12/15 20 ¶18
ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന രാജാവിൽനിന്ന് അനുഗ്രഹങ്ങൾ പ്രാപിക്കുക!
18 ദൈവവചനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഗൗരവത്തോടെ കാണുകയും ദൈവം നൽകുന്ന ആത്മീയ ഭക്ഷണം നന്നായി ഭക്ഷിക്കുകയും ചെയ്യുന്നത് ‘കേട്ടനുസരിക്കുന്നതിൽ’ ഉൾപ്പെടുന്നു. (മത്താ. 24:45) ദൈവത്തെയും അവന്റെ പുത്രനെയും അനുസരിക്കുന്നതും അതിന്റെ ഭാഗമാണ്. “എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന ഏവനുമല്ല, സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ സ്വർഗരാജ്യത്തിൽ കടക്കുന്നത്” എന്ന് യേശു പറയുകയുണ്ടായി. (മത്താ. 7:21) “മനുഷ്യരാകുന്ന ദാനങ്ങളെ,” അതായത് നിയമിത മൂപ്പന്മാരെ അനുസരിച്ചുകൊണ്ട്, ദൈവം സ്ഥാപിച്ച ക്രിസ്തീയ സഭയ്ക്കു മനസ്സോടെ കീഴ്പെടുന്നതും ‘കേട്ടനുസരിക്കുന്നതിൽ’ ഉൾപ്പെടുന്നു.—എഫെ. 4:8.
w01 9/15 10 ¶2
യഹോവയുടെ അനുഗ്രഹങ്ങൾ നിങ്ങളിൽ വന്നുനിറയുമോ?
2 ആവർത്തനപുസ്തകം 28:2-ൽ ‘ചെവിക്കൊള്ളുന്നതിൽ തുടരുക’ എന്നു വിവർത്തനം ചെയ്തിരിക്കുന്ന എബ്രായ ക്രിയാപദം തുടർച്ചയായ പ്രവർത്തനത്തെ കുറിക്കുന്നു. യഹോവയുടെ ജനം അവന്റെ വാക്കുകൾ വല്ലപ്പോഴും ചെവിക്കൊണ്ടാൽ പോരാ, മറിച്ച് എല്ലായ്പോഴും ചെവിക്കൊള്ളണം. എങ്കിൽ മാത്രമേ ദിവ്യാനുഗ്രഹങ്ങൾ അവരിൽ വന്നുനിറയുകയുള്ളൂ. ‘വന്നുനിറയുക’ എന്നു വിവർത്തനം ചെയ്തിരിക്കുന്ന എബ്രായ ക്രിയാപദം വേട്ടയാടലിനോട് ബന്ധപ്പെട്ട ഒരു പദമാണെന്നു സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. “പിടികൂടുക” അല്ലെങ്കിൽ “എത്തിപ്പിടിക്കുക” എന്നൊക്കെയാണ് മിക്കപ്പോഴും അതിന്റെ അർഥം.
w10 9/15 8 ¶4
യഹോവയുടെ അനുഗ്രഹം നേടാൻ ആത്മാർഥമായി പരിശ്രമിക്കുക
4 ഇസ്രായേല്യർ ഏതു മനോഭാവത്തോടെയാണ് അനുസരിക്കേണ്ടിയിരുന്നത്? “ഉന്മേഷത്തോടും നല്ല ഹൃദയസന്തോഷത്തോടുംകൂടെ” അവർ തന്നെ സേവിക്കാനാണ് ദൈവം ആഗ്രഹിച്ചത്. അല്ലാത്തപക്ഷം അവർ തന്റെ അപ്രീതിക്കു പാത്രമാകുമെന്ന് അവൻ പറഞ്ഞു. (ആവർത്തനപുസ്തകം 28:45-48എ വായിക്കുക.) നാം വെറും യാന്ത്രികമായി അനുസരിക്കാനല്ല ദൈവം പ്രതീക്ഷിക്കുന്നത്; ആ രീതിയിൽ കൽപ്പനകൾ അനുസരിക്കാൻ മൃഗങ്ങൾക്കും ഭൂതങ്ങൾക്കും പോലും കഴിയും. (മർക്കോ. 1:27; യാക്കോ. 3:3) ദൈവത്തോടുള്ള യഥാർഥ അനുസരണം അവനോടുള്ള സ്നേഹത്തിന്റെ പ്രകടനമാണ്. ദൈവത്തെ മനസ്സോടെ അനുസരിക്കുന്നവർക്ക്, ദൈവത്തിന്റെ കൽപ്പനകൾ ഭാരമുള്ളവയല്ലെന്നും “തന്നെ ആത്മാർഥമായി അന്വേഷിക്കുന്നവർക്ക് അവൻ പ്രതിഫലം നൽകുന്നുവെന്നും” ഉള്ള വിശ്വാസത്തിൽനിന്നുളവാകുന്ന സന്തോഷം ലഭിക്കും.—എബ്രാ. 11:6; 1 യോഹ. 5:3.
ആത്മീയരത്നങ്ങൾ
it-1-E 360
അതിർത്തി
സാധാരണഗതിയിൽ തങ്ങളുടെ നിലത്ത് കൃഷി ചെയ്ത് കിട്ടുന്ന വിളവിനെ ആശ്രയിച്ചാണു ഭൂവുടമകൾ കഴിഞ്ഞിരുന്നത്. അയൽക്കാരന്റെ അതിർത്തി മാറ്റുന്ന ഒരാൾ അയാളുടെ ഉപജീവനത്തിനുള്ള വക തട്ടിയെടുക്കുകയായിരുന്നു. അത് മോഷണത്തിനു തുല്യമായിരുന്നു.—ഇയ്യ 24:2.
ആഗസ്റ്റ് 23-29
ദൈവവചനത്തിലെ നിധികൾ | ആവർത്തനം 29-30
“യഹോവയെ സേവിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല”
w10 7/1 27 ¶2
യഹോവ നമുക്ക് തിരഞ്ഞെടുപ്പുസ്വാതന്ത്ര്യം നൽകിയിരിക്കുന്നു
ദൈവം നമ്മോട് ആവശ്യപ്പെടുന്നത് എന്താണെന്നു മനസ്സിലാക്കുന്നതും അത് പ്രവർത്തിക്കുന്നതും ബുദ്ധിമുട്ടുള്ള സംഗതിയാണോ? “ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന ഈ കൽപ്പന നിനക്കു പ്രയാസമുള്ളതല്ല, ദൂരമായുള്ളതുമല്ല” എന്ന് മോശ എഴുതി. (11-ാം വാക്യം) നമുക്കു കഴിയാത്ത കാര്യങ്ങൾ ചെയ്യാൻ യഹോവ ഒരിക്കലും നമ്മോട് ആവശ്യപ്പെടുകയില്ല. ന്യായമായതും നമുക്കു ചെയ്യാൻ സാധിക്കുന്നതുമായ കാര്യങ്ങളേ അവൻ നിഷ്കർഷിക്കുന്നുള്ളൂ. അത് എന്താണെന്ന് മനസ്സിലാക്കാനും മാർഗമുണ്ട്. അതിനായി നമുക്ക് ‘സ്വർഗ്ഗത്തിൽ കയറേണ്ട’ ആവശ്യമില്ല, ‘സമുദ്രം കടന്നു’ പോകേണ്ടതുമില്ല. (12, 13 വാക്യങ്ങൾ) നാം ജീവിക്കേണ്ടത് എങ്ങനെയെന്ന് ബൈബിൾ വ്യക്തമായി നമ്മോടു പറയുന്നു.—മീഖാ 6:8.
w10 7/1 27 ¶1
യഹോവ നമുക്ക് തിരഞ്ഞെടുപ്പുസ്വാതന്ത്ര്യം നൽകിയിരിക്കുന്നു
“യഹോവയോടു ഞാൻ അവിശ്വസ്തത കാണിക്കുമോ എന്ന ഭയം അകാരണമായി എന്നെ വേട്ടയാടിയിരുന്നു” എന്ന് ക്രിസ്ത്യാനിയായ ഒരു സ്ത്രീ പറയുന്നു. ബാല്യത്തിലെ കയ്പേറിയ അനുഭവങ്ങളാണ് ക്രിസ്തീയ ജീവിതത്തിൽ തനിക്കു വിജയിക്കാനാവില്ലെന്നു ചിന്തിക്കാൻ അവരെ പ്രേരിപ്പിച്ചത്. എന്നാൽ അതു ശരിയാണോ? സാഹചര്യങ്ങളുടെ നടുവിൽ നിസ്സഹായരായി നിൽക്കാൻ വിധിക്കപ്പെട്ടവരാണോ നമ്മൾ? അല്ല. യഹോവയാം ദൈവം നമുക്ക് ഇച്ഛാസ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. അതുകൊണ്ട് ജീവിതത്തിൽ ഏതു പാത തിരഞ്ഞെടുക്കണമെന്ന് നമുക്ക് സ്വയം തീരുമാനിക്കാനാകും. നാം ശരിയായ പാത തിരഞ്ഞെടുക്കണമെന്നാണ് യഹോവ ആഗ്രഹിക്കുന്നത്. അത് എങ്ങനെ ചെയ്യാമെന്ന് അവന്റെ വചനമായ ബൈബിൾ നമ്മോടു പറയുന്നു. ആവർത്തനപുസ്തകം 30-ാം അധ്യായം അതിനൊരു ഉദാഹരണമാണ്. അവിടെ എഴുതിയിരിക്കുന്ന മോശയുടെ വാക്കുകളെക്കുറിച്ചു ചിന്തിക്കാം.
w10 7/1 27 ¶4
യഹോവ നമുക്ക് തിരഞ്ഞെടുപ്പുസ്വാതന്ത്ര്യം നൽകിയിരിക്കുന്നു
നാം ഏതു ഗതി തിരഞ്ഞെടുക്കുന്നു എന്നതിൽ ദൈവം തത്പരനാണോ? തീർച്ചയായും! “ജീവനെ തിരഞ്ഞെടുത്തുകൊൾക” എന്ന് മോശയിലൂടെ ദൈവം അരുളിച്ചെയ്തു. (20-ാം വാക്യം) എന്നാൽ ജീവനെ തിരഞ്ഞെടുക്കാൻ നമുക്ക് എങ്ങനെ കഴിയും? “നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും” ചെയ്തുകൊണ്ട് നമുക്ക് അതിനു കഴിയുമെന്ന് മോശ പറയുകയുണ്ടായി. (20-ാം വാക്യം) നാം യഹോവയെ സ്നേഹിക്കുന്നെങ്കിൽ എന്തൊക്കെ സംഭവിച്ചാലും അവനെ അനുസരിക്കാനും വിശ്വസ്തതയോടെ അവനോടു പറ്റിനിൽക്കാനും നാം ആഗ്രഹിക്കും. തീർച്ചയായും, ഇങ്ങനെയൊരു ഗതി പിൻപറ്റുന്നെങ്കിൽ നാം ജീവനെ തിരഞ്ഞെടുക്കുകയായിരിക്കും. അങ്ങനെയുള്ളവരെ കാത്തിരിക്കുന്നത് പുതിയ ലോകത്തിലെ നിത്യജീവനാണ്. അതിനെക്കാൾ മെച്ചമായ ഒരു ജീവിതഗതി വേറെയുണ്ടോ?—2 പത്രോസ് 3:11-13; 1 യോഹന്നാൻ 5:3.
ആത്മീയരത്നങ്ങൾ
it-1-E 665 ¶3
ചെവി
കേൾക്കാൻ പറ്റാത്തവിധം അവരുടെ ചെവി അടച്ചുവെച്ചിരിക്കുന്നതുപോലെയായിരുന്നു അത്. യഹോവ അവരുടെ ചെവി തുറന്നുകൊടുത്തില്ല. യഹോവയുടെ ഇഷ്ടം ചെയ്യാൻ ആഗ്രഹിക്കുന്നവരുടെ കാര്യത്തിൽ യഹോവ അവരുടെ ചെവി തുറന്നുകൊടുക്കും അഥവാ കാര്യങ്ങൾ മനസ്സിലാക്കാൻ അവരെ സഹായിക്കും. എന്നാൽ ഒരു വ്യക്തി ദൈവത്തോട് അനുസരണക്കേടു കാണിക്കുന്നെങ്കിൽ കേൾക്കാൻ പറ്റാത്തവിധം അവരുടെ ചെവി അടഞ്ഞിരിക്കാൻ യഹോവ അനുവദിക്കും. അപ്പോൾ ആ വ്യക്തിക്ക് യഹോവയുടെ ചിന്തകൾ മനസ്സിലാക്കാനാകില്ല.—ആവ 29:4; റോമ 11:8.
ആഗസ്റ്റ് 30–സെപ്റ്റംബർ 5
ദൈവവചനത്തിലെ നിധികൾ | ആവർത്തനം 31-32
“ദൈവപ്രചോദിതമായ ഒരു പാട്ടിലെ ദൃഷ്ടാന്തങ്ങളിൽനിന്ന് പഠിക്കുക”
w20.06 10 ¶8-9
“അങ്ങയുടെ പേര് ഭയപ്പെടാൻ എന്റെ ഹൃദയം ഏകാഗ്രമാക്കേണമേ”
8 ഇസ്രായേല്യർ വാഗ്ദത്തദേശത്ത് പ്രവേശിക്കുന്നതിനു തൊട്ടുമുമ്പ്, യഹോവ മോശയെ ഒരു പാട്ടിന്റെ വരികൾ പഠിപ്പിച്ചു. (ആവ. 31:19) മോശ ആ പാട്ട് ജനത്തെ പഠിപ്പിക്കണമായിരുന്നു. ആവർത്തനം 32:2, 3-നെക്കുറിച്ച് (വായിക്കുക) ധ്യാനിക്കുമ്പോൾ യഹോവ തന്റെ പേര് ഒളിച്ചുവെക്കാൻ ആഗ്രഹിക്കുന്നില്ലെന്നു വ്യക്തമാണ്. അതുപോലെ, പരിശുദ്ധമാണെന്നതിന്റെ പേരിൽ ആരും ആ പേര് ഉച്ചരിക്കാതിരിക്കാനും യഹോവ ആഗ്രഹിക്കുന്നില്ല. വാസ്തവത്തിൽ ബുദ്ധിശക്തിയുള്ള തന്റെ സൃഷ്ടികളെല്ലാം തന്റെ പേര് അറിയണമെന്നാണ് യഹോവ ആഗ്രഹിക്കുന്നത്. യഹോവയെയും യഹോവയുടെ മഹനീയനാമത്തെയും പറ്റി പഠിപ്പിച്ചപ്പോൾ അതു കേൾക്കാനായത് ആ ജനത്തിനു കിട്ടിയ വലിയ ഒരു പദവിയല്ലായിരുന്നോ! ചെടികൾ തഴച്ചുവളരാൻ മഴ സഹായിക്കുന്നതുപോലെ, മോശ അവരെ പഠിപ്പിച്ച കാര്യങ്ങൾ അവരുടെ വിശ്വാസം ശക്തമാക്കുകയും അവർക്കു നവോന്മേഷം പകരുകയും ചെയ്തു. നമുക്ക് എങ്ങനെ ആ രീതിയിൽ പഠിപ്പിക്കാൻ കഴിയും?
9 വീടുതോറുമുള്ള ശുശ്രൂഷയിലായിരിക്കുമ്പോഴും പരസ്യ സാക്ഷീകരണത്തിലായിരിക്കുമ്പോഴും യഹോവ എന്ന ദൈവനാമം ആളുകളെ കാണിച്ചുകൊടുക്കാൻ നമുക്കു ബൈബിൾ ഉപയോഗിക്കാം. യഹോവയെ മഹത്ത്വപ്പെടുത്തുന്ന മനോഹരമായ പ്രസിദ്ധീകരണങ്ങളും വീഡിയോകളും വെബ്സൈറ്റിലെ വിവരങ്ങളും നമുക്കു കാണിച്ചുകൊടുക്കാം. യാത്ര ചെയ്യുമ്പോഴും ജോലിസ്ഥലത്തും സ്കൂളിലും നമ്മുടെ പ്രിയപ്പെട്ട ദൈവത്തെയും ദൈവത്തിന്റെ വ്യക്തിത്വത്തെയും കുറിച്ച് പറയാൻ ചിലപ്പോൾ നമുക്ക് അവസരങ്ങൾ കിട്ടും. മനുഷ്യരെയും ഭൂമിയെയും കുറിച്ചുള്ള യഹോവയുടെ ഉദ്ദേശ്യത്തെക്കുറിച്ച് അവരോടു സംസാരിക്കുമ്പോൾ യഹോവ നമ്മളെയെല്ലാം എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് അവർ ജീവിതത്തിൽ ആദ്യമായി മനസ്സിലാക്കിയേക്കാം. സ്നേഹവാനായ സ്വർഗീയപിതാവിനെക്കുറിച്ചുള്ള സത്യം മറ്റുള്ളവരോടു പറയുന്നതിലൂടെ ദൈവനാമം വിശുദ്ധീകരിക്കുന്നതിൽ നമ്മുടെ പങ്ക് നമ്മൾ ചെയ്യുകയാണ്. കാരണം യഹോവയെക്കുറിച്ച് ഇന്ന് ആളുകളെ പറഞ്ഞുപഠിപ്പിച്ചിരിക്കുന്ന പലതും നുണയും ദൂഷണവും മാത്രമാണെന്നു മനസ്സിലാക്കാൻ നമ്മൾ അവരെ സഹായിക്കുകയാണ്. ഏറ്റവും നവോന്മേഷം പകരുന്ന കാര്യങ്ങളാണ്, ബൈബിളിൽനിന്ന് നമ്മൾ ഇന്ന് ആളുകളെ പഠിപ്പിക്കുന്നത്.—യശ. 65:13, 14.
w09 10/1 20 ¶4
ബൈബിളിലെ വാങ്മയ ചിത്രങ്ങൾ മനസ്സിലാക്കുക
അചേതന വസ്തുക്കളോടും ബൈബിൾ യഹോവയെ സാദൃശ്യപ്പെടുത്തിയിട്ടുണ്ട്. “യിസ്രായേലിൻ പാറ,” ‘ശൈലം,’ “കോട്ട” എന്നിങ്ങനെയെല്ലാം ബൈബിൾ അവനെ വർണിക്കുന്നു. (2 ശമൂവേൽ 23:3; സങ്കീർത്തനം 18:2; ആവർത്തനപുസ്തകം 32:4) ഇവിടത്തെ സാധാരണ ധർമം എന്താണ്? സുദൃഢവും സുസ്ഥിരവുമായ ഒരു വലിയ പാറപോലെയാണ് യഹോവ; നമുക്ക് സുസ്ഥിരമായ ഒരു സങ്കേതമായി അവൻ വർത്തിക്കുന്നു.
w01 10/1 9 ¶7
യഹോവയെ അനുകരിച്ചുകൊണ്ട് മക്കളെ പരിശീലിപ്പിക്കുക
7 ഇസ്രായേല്യരോടുള്ള ഇടപെടലുകളിൽ യഹോവ പ്രകടമാക്കിയ സ്നേഹത്തെ കുറിച്ചു ചിന്തിക്കുക. ബാല്യാവസ്ഥയിൽ ആയിരുന്ന ഇസ്രായേൽ ജനതയോടുള്ള യഹോവയുടെ സ്നേഹത്തെ കുറിച്ചു വിവരിക്കാൻ മോശെ മനോഹരമായ ഒരു ഉപമ ഉപയോഗിച്ചു. അതു സംബന്ധിച്ച് നാം ഇങ്ങനെ വായിക്കുന്നു: “കഴുകൻ തന്റെ കൂടു അനക്കി കുഞ്ഞുങ്ങൾക്കു മീതെ പറക്കുമ്പോലെ താൻ ചിറകു വിരിച്ചു അവനെ എടുത്തു തന്റെ ചിറകിന്മേൽ അവനെ വഹിച്ചു. യഹോവ തനിയേ [യാക്കോബിനെ] നടത്തി.” (ആവർത്തനപുസ്തകം 32:9, 11, 12) കുഞ്ഞുങ്ങളെ പറക്കാൻ പഠിപ്പിക്കുന്നതിന് തള്ളക്കഴുകൻ ‘കൂട് അനക്കു’ന്നു. ചിറകു വിരിച്ചു നിൽക്കുകയും ചിറകിട്ടടിക്കുകയും ചെയ്തുകൊണ്ട് അവൾ അവയെ പറക്കാൻ പ്രേരിപ്പിക്കുന്നു. സാധാരണ ഗതിയിൽ കിഴുക്കാം തൂക്കായ ഒരു പാറയുടെ മുകളിലുള്ള കൂട്ടിൽനിന്ന് ഒടുവിൽ കുഞ്ഞ് താഴേക്കു ചാടുമ്പോൾ, തള്ളപ്പക്ഷി അവയ്ക്കു ‘മീതെ പറക്കുന്നു.’ കുഞ്ഞ് നിലത്തു പതിക്കുമെന്നു തോന്നിയാൽ, തള്ള താഴേക്കു പറന്നുചെന്ന് അതിനെ “തന്റെ ചിറകിന്മേൽ” വഹിക്കും. യഹോവ തന്റെ നവജാത ഇസ്രായേൽ ജനതയെ സമാനമായ ഒരു വിധത്തിൽ പരിപാലിച്ചു. അവൻ ആ ജനത്തിനു മോശൈക ന്യായപ്രമാണം നൽകി. (സങ്കീർത്തനം 78:5-8) തന്റെ ജനം ആപത്തിൽ അകപ്പെടുന്നപക്ഷം, അവരുടെ രക്ഷയ്ക്ക് എത്താൻ അവൻ സശ്രദ്ധം അവരെ കാവൽ ചെയ്തു.
ആത്മീയരത്നങ്ങൾ
w04 9/15 27 ¶11
ആവർത്തനപുസ്തകത്തിൽനിന്നുള്ള വിശേഷാശയങ്ങൾ
31:12. സഭായോഗങ്ങളിൽ കുട്ടികൾ മുതിർന്നവരോടൊപ്പം ഇരിക്കുകയും കാര്യങ്ങൾ ശ്രദ്ധിച്ചുകേട്ട് പഠിക്കുകയും വേണം.