പകർപ്പെഴുത്തും ദൈവവചനവും
എബ്രായ തിരുവെഴുത്തുകളുടെ എഴുത്തു പൂർത്തിയായത് പൊതുയുഗത്തിനു മുമ്പ് (പൊ.യു.മു.) അഞ്ചാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ആയിരുന്നു. തുടർന്നുള്ള നൂറ്റാണ്ടുകളിൽ യഹൂദ പണ്ഡിതന്മാർ, വിശേഷിച്ചും സോഫറിമുകളും മാസൊരിറ്റുകാരും, എബ്രായ തിരുവെഴുത്തുകളെ അതീവശ്രദ്ധയോടെ സംരക്ഷിച്ചുപോന്നു. എന്നിരുന്നാലും ബൈബിളിലെ ആദ്യ പുസ്തകങ്ങൾ മോശെയുടെയും യോശുവയുടെയും കാലത്തുള്ളതാണ്, അതായത് സോഫറിമുകളുടെ കാലത്തിന് ആയിരം വർഷം മുമ്പുള്ളത്. എളുപ്പം നശിച്ചുപോകുന്ന വസ്തുക്കളിൽ എഴുതിയിരുന്നതിനാൽ സ്വാഭാവികമായും ഈ ചുരുളുകൾ പലപ്രാവശ്യം പകർത്തി എഴുതിയിരിക്കണം. ആദ്യകാലങ്ങളിലെ പകർപ്പെഴുത്തിനെക്കുറിച്ച് നമുക്ക് എന്തറിയാം? പുരാതന ഇസ്രായേലിൽ വിദഗ്ധരായ പകർപ്പെഴുത്തുകാർ ഉണ്ടായിരുന്നോ?
ഇന്നു ലഭ്യമായിരിക്കുന്നതിൽവെച്ച് ഏറ്റവും പഴക്കമേറിയ ബൈബിൾ കൈയെഴുത്തുപ്രതികൾ ചാവുകടൽ ചുരുളുകളുടെ ഭാഗമാണ്. അവയിൽ ചിലത് പൊ.യു.മു. മൂന്നാം നൂറ്റാണ്ടിലും രണ്ടാം നൂറ്റാണ്ടിലും നിന്നുള്ളവയാണ്. “ബൈബിളിന്റെ ഏതെങ്കിലും ഒരു ഭാഗത്തിന്റെ അതിനെക്കാൾ പഴക്കമുള്ള കൈയെഴുത്തുപ്രതികൾ ഇന്നു ലഭ്യമല്ല” എന്ന് ഭാഷാ പണ്ഡിതനും പുരാവസ്തു ഗവേഷകനുമായ പ്രൊഫസർ അലൻ ആർ. മിലാർഡ് പറയുന്നു. അദ്ദേഹം ഇങ്ങനെയും കൂട്ടിച്ചേർക്കുന്നു: “ചുറ്റുവട്ടത്തുള്ള സംസ്കാരങ്ങൾക്ക് പുരാതന പകർപ്പെഴുത്തു രീതികളെക്കുറിച്ചുള്ള വിവരങ്ങൾ പ്രദാനം ചെയ്യാനാകും. ഈ അറിവ് എബ്രായ പാഠവും അതിന്റെ ചരിത്രവും വിലയിരുത്താൻ നമ്മെ സഹായിക്കും.”
ആദ്യകാല പകർപ്പെഴുത്ത്
4,000 വർഷം മുമ്പുതന്നെ മെസൊപ്പൊത്താമ്യയിൽ ചരിത്രം, മതം, നിയമം, വിദ്യാഭ്യാസം, സാഹിത്യം തുടങ്ങിയ വിഷയങ്ങളിലുള്ള കൃതികൾ ഉണ്ടായിട്ടുണ്ട്. ഗുമസ്തപ്പണി പരിശീലിപ്പിക്കുന്ന സ്കൂളുകളിലെ പാഠ്യപദ്ധതിയുടെ ഭാഗമായിരുന്നു വിശ്വസ്തതയോടെ പകർത്തിയെഴുതുന്നതിനുള്ള പരിശീലനം. ഒരു സഹസ്രാബ്ദത്തിലേറെ വരുന്ന കാലയളവിൽ പലപ്രാവശ്യം പകർത്തിയെഴുതിയിട്ടുള്ള ബാബിലോണിയൻ എഴുത്തുകളിൽ നിസ്സാര മാറ്റങ്ങളേ കാണുന്നുള്ളൂ എന്നാണ് പണ്ഡിതമതം.
പകർപ്പെഴുത്തു ജോലി മെസൊപ്പൊത്താമ്യയിൽ മാത്രമായി പരിമിതപ്പെട്ടിരുന്നില്ല. ദി ഓക്സ്ഫോർഡ് എൻസൈക്ലോപീഡിയ ഓഫ് ആർക്കിയോളജി ഇൻ ദ നീയർ ഈസ്റ്റ് ഇപ്രകാരം പ്രസ്താവിക്കുന്നു: “പൊ.യു.മു. 1500-കളിൽ ജീവിച്ചിരുന്ന ഒരു ബാബിലോണിയൻ പകർപ്പെഴുത്തുകാരൻ മെസൊപ്പൊത്താമ്യ, സിറിയ, കനാൻ, ഈജിപ്ത് എന്നിവിടങ്ങളിലെ പകർപ്പെഴുത്തു കേന്ദ്രങ്ങളിലെ രീതികളുമായി പരിചിതനായിരുന്നിരിക്കണം.”a
മോശെയുടെ കാലത്ത് ഈജിപ്തിൽ എഴുത്തുകാർക്ക് സമുന്നതമായ ഒരു സ്ഥാനം ഉണ്ടായിരുന്നു. സാഹിത്യകൃതികൾ നിരന്തരം പകർത്തി എഴുതിയിരുന്നു. 4,000-ത്തിലേറെ വർഷം പഴക്കമുള്ള ഈജിപ്ഷ്യൻ ശവകുടീരങ്ങളിൽ പകർപ്പെഴുത്തുകാർ ജോലിയിൽ ഏർപ്പെട്ടിരിക്കുന്നതിന്റെ ചിത്രീകരണങ്ങൾ കാണാനാകും. ഈ ആദ്യകാല പകർപ്പെഴുത്തുകാരെക്കുറിച്ച് മേലുദ്ധരിച്ച എൻസൈക്ലോപീഡിയ ഇങ്ങനെ പറയുന്നു: “പൊ.യു.മു. രണ്ടാം സഹസ്രാബ്ദത്തോടെ അവർ ഈജിപ്തിന്റെയും മെസൊപ്പൊത്താമ്യയുടെയും സംസ്കാരത്തെ പ്രതിഫലിപ്പിക്കുന്ന നിരവധി സാഹിത്യകൃതികൾ പകർത്തിയെഴുതി അവയുടെ ഒരു ശേഖരം ഉണ്ടാക്കി. കൂടാതെ പകർപ്പെഴുത്ത് ഒരു തൊഴിലായി സ്വീകരിക്കുന്നവർ പിൻപറ്റേണ്ട ചട്ടങ്ങളും മാർഗനിർദേശങ്ങളും അടങ്ങുന്ന ഒരു നിയമാവലിക്ക് രൂപംകൊടുക്കുകയും ചെയ്തു.”
ഈ നിയമാവലി, മുഖ്യപാഠത്തിന്റെ അവസാനം കോളഫോൺ, അഥവാ ഗ്രന്ഥസമാപ്തി ലേഖപത്രം ചേർക്കണമെന്ന് നിഷ്കർഷിച്ചിരുന്നു. പകർപ്പെഴുത്തുകാരന്റെയും ഫലകത്തിന്റെ ഉടമയുടെയും പേരുകൾ, തീയതി, എവിടെനിന്നു പകർത്തിയെഴുതി, വരികളുടെ എണ്ണം തുടങ്ങിയ വിവരങ്ങൾ അതിൽ ഉൾപ്പെടുത്തിയിരുന്നു. പലപ്പോഴും പകർപ്പെഴുത്തുകാരൻ ഇങ്ങനെ കൂട്ടിച്ചേർത്തിരുന്നു: “മൂലകൃതിക്കു ചേർച്ചയിൽ എഴുതി കൃത്യത ഉറപ്പുവരുത്തിയത്.” പുരാതന പകർപ്പെഴുത്തുകാർ കൃത്യതയ്ക്ക് വളരെയധികം പ്രാധാന്യം നൽകിയിരുന്നു എന്നാണ് ഇതു കാണിക്കുന്നത്.
മുമ്പ് ഉദ്ധരിച്ച പ്രൊഫസർ മിലാർഡ് പറയുന്നു: “പരിശോധിക്കുകയും തിരുത്തുകയും ചെയ്തുകൊണ്ട് തെറ്റുകൾ കടന്നുകൂടാതെ പകർത്തിയെഴുതാനുള്ള വ്യവസ്ഥാപിത മാർഗങ്ങൾ പകർപ്പെഴുത്തുകാർ അനുവർത്തിച്ചിരുന്നതായി കാണാവുന്നതാണ്. ഇവയിൽ ചിലത്, വിശേഷിച്ച് വരികളും വാക്കുകളും എണ്ണുന്ന രീതി മധ്യയുഗത്തിന്റെ പ്രാരംഭകാലത്ത് മാസൊരിറ്റുകാരും പിൻപറ്റാൻ തുടങ്ങി.” പകർത്തി എഴുതുന്നതിൽ അതീവശ്രദ്ധയും കൃത്യതയും പാലിക്കണമെന്ന നിഷ്ഠ മോശെയുടെയും യോശുവയുടെയും കാലത്തുതന്നെ മധ്യപൂർവദേശത്ത് നിലവിലുണ്ടായിരുന്നു എന്നു വ്യക്തമാണ്.
വിദഗ്ധരായ പകർപ്പെഴുത്തുകാർ ഇസ്രായേല്യരുടെ ഇടയിലും ഉണ്ടായിരുന്നോ? ബൈബിളിന്റെ ആന്തരിക തെളിവുകൾ എന്താണു സൂചിപ്പിക്കുന്നത്?
സാക്ഷരരായ പുരാതന ഇസ്രായേല്യർ
ഫറവോന്റെ ഒരു കുടുംബാംഗമായിട്ടാണ് മോശെ വളർന്നുവന്നത്. (പുറപ്പാടു 2:10; പ്രവൃത്തികൾ 7:21, 22) പുരാതന ഈജിപ്തിനെക്കുറിച്ച് പഠിക്കുന്നവരുടെ അഭിപ്രായത്തിൽ മോശെയുടെ വിദ്യാഭ്യാസത്തിൽ ഈജിപ്ഷ്യൻ ഭാഷാപഠനവും കുറഞ്ഞപക്ഷം എഴുത്തുകാരുടെ ചില വൈദഗ്ധ്യങ്ങൾ വശമാക്കുന്നതും ഉൾപ്പെട്ടിരുന്നിരിക്കണം. ഇസ്രായേല്യർ ഈജിപ്തിൽ (ഇംഗ്ലീഷ്) എന്ന പുസ്തകത്തിൽ പ്രൊഫസർ ജയിംസ് കെ. ഹൊഫ്മീയർ എഴുതുന്നു: “സംഭവിച്ച കാര്യങ്ങളും യാത്രാവിവരണങ്ങളും മറ്റും രേഖപ്പെടുത്താനുള്ള വൈദഗ്ധ്യം മോശെക്ക് ഉണ്ടായിരുന്നുവെന്ന, ബൈബിളധിഷ്ഠിത പാരമ്പര്യത്തെ പിന്താങ്ങാൻ തെളിവുകളുണ്ട്.”b
ഇത്തരം വൈദഗ്ധ്യങ്ങൾ ആർജിച്ച പുരാതന ഇസ്രായേലിലെ മറ്റു ചിലരെക്കുറിച്ചും ബൈബിൾ പരാമർശിക്കുന്നുണ്ട്. ദ കേംബ്രിഡ്ജ് ഹിസ്റ്ററി ഓഫ് ദ ബൈബിൾ അനുസരിച്ച് “സാമൂഹികക്രമം നിലനിറുത്തുന്നതിന് ആളുകളെ വ്യത്യസ്ത പദവികളിൽ നിയമിക്കാനും തീരുമാനങ്ങൾ രേഖപ്പെടുത്തി വെക്കാനുമായി മോശെ വിജ്ഞാനികളായ ഉദ്യോഗസ്ഥരെ നിയമിച്ചു.” ആവർത്തനപുസ്തകം 1:15-നെ അടിസ്ഥാനമാക്കിയാണ് ഈ നിഗമനം. അവിടെ ഇങ്ങനെ പറയുന്നു: “ആകയാൽ ഞാൻ [മോശെ] നിങ്ങളുടെ ഗോത്രത്തലവന്മാരായി ജ്ഞാനവും പ്രസിദ്ധിയുമുള്ള പുരുഷന്മാരെ ആയിരംപേർക്കു അധിപതിമാർ, നൂറുപേർക്കു അധിപതിമാർ, അമ്പതുപേർക്കു അധിപതിമാർ, പത്തുപേർക്കു അധിപതിമാർ ഇങ്ങനെ നിങ്ങൾക്കു തലവന്മാരും ഗോത്രപ്രമാണികളുമായി നിയമിച്ചു.” ആരായിരുന്നു ഈ പ്രമാണികൾ?
മോശെയുടെയും യോശുവയുടെയും കാലത്തോടു ബന്ധപ്പെട്ട ബൈബിൾ വിവരണങ്ങളിൽ “പ്രമാണി” എന്നു പരിഭാഷപ്പെടുത്തിയിരിക്കുന്ന എബ്രായപദം പലയിടങ്ങളിൽ കാണാം. പല പണ്ഡിതന്മാരുടെയും അഭിപ്രായത്തിൽ ആ എബ്രായപദത്തിന്റെ അർഥം “രേഖകൾ എഴുതി സൂക്ഷിക്കുന്ന സെക്രട്ടറി,” “‘എഴുതുക’യോ ‘രേഖപ്പെടുത്തുക’യോ ചെയ്യുന്നയാൾ,” “ന്യായാധിപന്റെ സെക്രട്ടറി” എന്നൊക്കെയാണ്. ഇത്രയധികം പ്രാവശ്യം ഈ എബ്രായപദം ഉപയോഗിച്ചിരിക്കുന്നു എന്ന വസ്തുത സൂചിപ്പിക്കുന്നത് ഇസ്രായേലിൽ ഇത്തരം അനവധി സെക്രട്ടറിമാർ ഉണ്ടായിരുന്നുവെന്നും ആ ജനതയുടെ ആദ്യകാല ഭരണത്തിൽ അവർക്ക് ഭാരിച്ച ഉത്തരവാദിത്വങ്ങൾ ഉണ്ടായിരുന്നുവെന്നുമാണ്.
ഇസ്രായേലിലെ പുരോഹിതന്മാരോടു ബന്ധപ്പെട്ടതാണ് മൂന്നാമത്തെ ഉദാഹരണം. എൻസൈക്ലോപീഡിയ ജൂഡായിക്ക പറയുന്നതനുസരിച്ച് പുരോഹിതന്മാരുടെ “മതപരവും മതേതരവുമായ ധർമങ്ങൾ നിർവഹിക്കാൻ അവർ സാക്ഷരർ ആയിരിക്കേണ്ടിയിരുന്നു.” ഉദാഹരണത്തിന് ലേവിപുത്രന്മാരോട് മോശെ കൽപ്പിച്ചു: “ഏഴേഴു സംവത്സരം കൂടുമ്പോൾ . . . ഈ ന്യായപ്രമാണം എല്ലായിസ്രായേല്യരും കേൾക്കെ അവരുടെ മുമ്പാകെ വായിക്കേണം.” ന്യായപ്രമാണത്തിന്റെ ഔദ്യോഗിക പതിപ്പിന്റെ സംരക്ഷണ ചുമതല പുരോഹിതന്മാർക്ക് ആയിരുന്നു. പുതിയ പകർപ്പുകൾ എഴുതുന്നതിന് അനുമതി നൽകുന്നതും മേൽനോട്ടം വഹിക്കുന്നതും അവരായിരുന്നു.—ആവർത്തനപുസ്തകം 17:18, 19; 31:10, 11.
ന്യായപ്രമാണത്തിന്റെ ആദ്യ പകർപ്പ് എങ്ങനെ ഉണ്ടാക്കിയെന്ന് നോക്കുക. തന്റെ അവസാനനാളുകളിൽ മോശെ ഇസ്രായേല്യരോടു പറഞ്ഞു: “നിങ്ങൾ യോർദ്ദാൻ കടന്നു നിന്റെ ദൈവമായ യഹോവ നിനക്കു തരുന്ന ദേശത്തു എത്തുന്ന ദിവസം നീ വലിയ കല്ലുകൾ നാട്ടി അവെക്കു കുമ്മായം തേക്കേണം . . . ഈ ന്യായപ്രമാണത്തിന്റെ വചനങ്ങളെല്ലാം അവയിൽ എഴുതേണം.” (ആവർത്തനപുസ്തകം 27:1-4) യെരീഹോയുടെയും ഹായിയുടെയും നാശത്തിനുശേഷം ഇസ്രായേല്യർ വാഗ്ദത്തദേശത്തിന്റെ മധ്യത്തിലായി സ്ഥിതിചെയ്യുന്ന ഏബാൽ പർവതത്തിൽ ഒത്തുകൂടി. “മോശെ എഴുതിയിരുന്ന ന്യായപ്രമാണത്തിന്റെ ഒരു പകർപ്പ്” യോശുവ യാഗപീഠത്തിന്റെ കല്ലുകളിൽ എഴുതുകതന്നെ ചെയ്തു. (യോശുവ 8:30-32) ആളുകൾക്ക് എഴുതാനും വായിക്കാനും കഴിയില്ലായിരുന്നെങ്കിൽ ഇത്തരം ലിഖിതങ്ങൾക്കു യാതൊരു പ്രസക്തിയും ഉണ്ടാകുമായിരുന്നില്ല. ഇതു സൂചിപ്പിക്കുന്നത് ആദ്യകാല ഇസ്രായേല്യർക്ക് വിശുദ്ധതിരുവെഴുത്തുകൾ കൃത്യതയോടെ പരിരക്ഷിക്കാൻ ആവശ്യമായ ഭാഷാ പ്രാവീണ്യവും വൈദഗ്ധ്യവും ഉണ്ടായിരുന്നു എന്നാണ്.
തിരുവെഴുത്തുകൾ ആശ്രയയോഗ്യം
മോശെയുടെയും യോശുവയുടെയും നാളുകൾക്കുശേഷവും എബ്രായ ഭാഷയിൽ ചുരുളുകൾ എഴുതുകയും അവയുടെ കൈയെഴുത്തു പ്രതികൾ ഉണ്ടാക്കുകയും ചെയ്തു. ഉപയോഗംകൊണ്ടോ ഈർപ്പവും പൂപ്പലും കാരണമോ ഇവ നശിക്കുമായിരുന്നതിനാൽ, ഇവയ്ക്കെല്ലാം പുതിയ പകർപ്പുകൾ ഉണ്ടാക്കേണ്ടിയിരുന്നു. ഈ പ്രക്രിയ നൂറ്റാണ്ടുകളോളം തുടർന്നുപോന്നു.
ബൈബിളിന്റെ പകർപ്പെഴുത്തുകാർ ജാഗ്രത പാലിച്ചിരുന്നെങ്കിലും ചില തെറ്റുകൾ കടന്നുകൂടുകയുണ്ടായി. എന്നാൽ പകർപ്പെഴുത്തുകാർ വരുത്തിയ തെറ്റുകൾ ബൈബിളിന് കാതലായ മാറ്റം വരുത്തിയോ? ഇല്ല. മൊത്തത്തിൽ നോക്കിയാൽ ഈ തെറ്റുകൾ നിസ്സാരവും ബൈബിളിന്റെ കൃത്യതയെ ബാധിക്കാത്തവയും ആണെന്നാണ് പുരാതന കൈയെഴുത്തുപ്രതികളുടെ ഒരു സൂക്ഷ്മ പരിശോധന തെളിയിക്കുന്നത്.
ആദ്യകാല ബൈബിൾ പുസ്തകങ്ങളോടുള്ള യേശുക്രിസ്തുവിന്റെ മനോഭാവം വിശുദ്ധ തിരുവെഴുത്തുകളിൽ മാറ്റം വന്നിട്ടില്ലെന്നുള്ളതിന്റെ തെളിവാണ്. “മോശെയുടെ പുസ്തകത്തിൽ . . . വായിച്ചിട്ടല്ലയോ?” “മോശെ നിങ്ങൾക്കു ന്യായപ്രമാണം തന്നിട്ടില്ലയോ?” എന്നതുപോലുള്ള യേശുവിന്റെ പ്രസ്താവനകൾ കാണിക്കുന്നത് അന്നു ലഭ്യമായിരുന്ന കൈയെഴുത്തുപ്രതികളെ അവൻ ആശ്രയയോഗ്യമായി വീക്ഷിച്ചിരുന്നു എന്നാണ്. (മർക്കൊസ് 12:26; യോഹന്നാൻ 7:19) അതിലുപരിയായി “മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം” എന്നു പറഞ്ഞപ്പോൾ മുഴു എബ്രായതിരുവെഴുത്തുകളുടെയും കൃത്യത യേശു സ്ഥിരീകരിക്കുകയായിരുന്നു.—ലൂക്കൊസ് 24:44.
പൗരാണികകാലംമുതൽ വിശുദ്ധതിരുവെഴുത്തുകൾ കൃത്യതയോടെ പകർത്തിയെഴുതിപ്പോന്നു എന്നു വിശ്വസിക്കുന്നതിനുള്ള കാരണങ്ങൾ നമുക്കുണ്ട്. “പുല്ലുണങ്ങുന്നു, പൂ വാടുന്നു; നമ്മുടെ ദൈവത്തിന്റെ വചനമോ എന്നേക്കും നിലനില്ക്കും” എന്ന് നിശ്വസ്ത പ്രവാചകനായ യെശയ്യാവ് പറഞ്ഞത് എത്ര സത്യമാണ്!—യെശയ്യാവു 40:8.
[അടിക്കുറിപ്പുകൾ]
a പൊ.യു.മു. 1500-കളിൽ ജീവിച്ചിരുന്ന യോശുവ കിര്യത്ത്-സേഫെർ എന്ന കനാന്യ നഗരത്തെക്കുറിച്ചു പരാമർശിക്കുന്നുണ്ട്. ആ പേരിന്റെ അർഥം “പുസ്തകത്തിന്റെ പട്ടണം,” അല്ലെങ്കിൽ “എഴുത്തുകാരന്റെ പട്ടണം” എന്നാണ്.—യോശുവ 15:15, 16.
b പുറപ്പാടു 24:4, 7; 34:27, 28; ആവർത്തനപുസ്തകം 31:24-26 എന്നീ വാക്യങ്ങളിൽ മോശെ നിയമകാര്യങ്ങളെക്കുറിച്ച് രേഖപ്പെടുത്തിയതായി കാണുന്നു. ആവർത്തനപുസ്തകം 31:22-ൽ അവൻ എഴുതിയ പാട്ടിനെക്കുറിച്ചുള്ള പരാമർശം ഉണ്ട്. മരുഭൂമിയിലെ പ്രയാണത്തെക്കുറിച്ച് അവൻ എഴുതിയതായി സംഖ്യാപുസ്തകം 33:2 സൂചിപ്പിക്കുന്നു.
[18-ാം പേജിലെ ചിത്രം]
ഒരു ഈജിപ്ഷ്യൻ പകർപ്പെഴുത്തുകാരൻ തന്റെ ജോലിയിൽ
[19-ാം പേജിലെ ചിത്രം]
ബൈബിളിലെ ആദ്യ പുസ്തകങ്ങൾ മോശെയുടെ കാലത്തുള്ളതാണ്