അധ്യായം 13
‘യഹോവയുടെ ന്യായപ്രമാണം തികവുള്ളത്’
1, 2. അനേകർക്ക് നിയമങ്ങളോട് ആദരവില്ലാത്തത് എന്തുകൊണ്ട്, എന്നാൽ നാം ദൈവനിയമങ്ങളെ കുറിച്ച് എങ്ങനെയുള്ള വീക്ഷണം വളർത്തിയെടുക്കണം?
“നിയമം ഒരു നിലയില്ലാക്കയമാണ്, അത് സകലത്തെയും . . . വിഴുങ്ങിക്കളയും.” 1712-ൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിലേതാണ് ആ പ്രസ്താവന. നീതി തേടുന്നവരെ പാപ്പരാക്കിക്കൊണ്ട് കേസുകൾ ചിലപ്പോൾ വർഷങ്ങളോളം നീണ്ടുപോകാൻ ഇടയാക്കുന്ന നിയമവ്യവസ്ഥയെ അപലപിക്കുകയായിരുന്നു ആ പുസ്തകത്തിന്റെ ലേഖകൻ. ഒട്ടുമിക്ക രാജ്യങ്ങളിലും, നീതിന്യായ വ്യവസ്ഥകൾ വളരെ സങ്കീർണവും അനീതിയും മുൻവിധിയും പൊരുത്തക്കേടുകളും നിറഞ്ഞതുമാണ്. അതുകൊണ്ടുതന്നെ നിയമങ്ങളോടുള്ള അനാദരവ് ഇന്ന് വിപുലവ്യാപകമാണ്.
2 ഇതിൽനിന്നു വ്യത്യസ്തമായി, ഏതാണ്ട് 2,700 വർഷം മുമ്പ് എഴുതപ്പെട്ട ഈ വാക്കുകൾ പരിചിന്തിക്കുക: “അങ്ങയുടെ നിയമത്തെ ഞാൻ എത്രയധികം സ്നേഹിക്കുന്നു!” (സങ്കീർത്തനം 119:97, പി.ഒ.സി. ബൈബിൾ) സങ്കീർത്തനക്കാരന് ആ നിയമത്തോട് ഇത്ര തീവ്രമായ സ്നേഹം ഉണ്ടായിരുന്നത് എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവൻ വാഴ്ത്തിയ ആ നിയമത്തിന്റെ ഉറവിടം ഏതെങ്കിലും ലൗകിക ഭരണകൂടമായിരുന്നില്ല, പിന്നെയോ യഹോവയാം ദൈവമായിരുന്നു. നിങ്ങൾ യഹോവയുടെ നിയമങ്ങൾ പഠിക്കുമ്പോൾ സങ്കീർത്തനക്കാരനെപ്പോലെ അധികമധികം വിചാരിക്കാനിടയായേക്കാം. അത്തരമൊരു പഠനം അഖിലാണ്ഡത്തിലെ ഏറ്റവും വലിയ നിയമദാതാവിനെ സംബന്ധിച്ച ഉൾക്കാഴ്ച നൽകും.
പരമോന്നത നിയമദാതാവ
3, 4. യഹോവ നിയമദാതാവാണെന്ന് ഏതെല്ലാം വിധങ്ങളിൽ തെളിഞ്ഞിരിക്കുന്നു?
3 “നിയമദാതാവും ന്യായാധിപനുമായി ഒരുവനേയുള്ളു,” ബൈബിൾ നമ്മോടു പറയുന്നു. (യാക്കോബ് 4:12, പി.ഒ.സി. ബൈ.) അതേ, യഹോവയാണ് ഏക, യഥാർഥ നിയമദാതാവ്. ആകാശഗോളങ്ങളുടെ ചലനങ്ങൾപോലും അവൻ സ്ഥാപിച്ചിരിക്കുന്ന “ആകാശത്തിലെ നിയമങ്ങ”ളാലാണു ഭരിക്കപ്പെടുന്നത്. (ഇയ്യോബ് 38:33) യഹോവയുടെ ആയിരമായിരം വിശുദ്ധദൂതന്മാരും അതുപോലെ ദിവ്യനിയമത്താൽ ഭരിക്കപ്പെടുന്നു, പ്രത്യേക അണികളായി സംഘടിപ്പിക്കപ്പെട്ടിരിക്കുന്ന അവർ യഹോവയുടെ ആധിപത്യത്തിൻ കീഴിൽ അവന്റെ ശുശ്രൂഷകരായി സേവിക്കുന്നു.—സങ്കീർത്തനം 104:4, NW; എബ്രായർ 1:7, 14, NW.
4 യഹോവ മനുഷ്യവർഗത്തിനും നിയമങ്ങൾ നൽകിയിട്ടുണ്ട്. നമ്മിൽ ഓരോരുത്തർക്കും ഒരു മനഃസാക്ഷിയുണ്ട്, യഹോവയുടെ നീതിബോധത്തിന്റെ ഒരു പ്രതിഫലനം തന്നെ. മനഃസാക്ഷി ഒരുതരം ആന്തരിക നിയമം ആയതിനാൽ, തെറ്റും ശരിയും തിരിച്ചറിയാൻ അതിനു നമ്മെ സഹായിക്കാനാകും. (റോമർ 2:14) ദൈവം നമ്മുടെ ആദ്യമാതാപിതാക്കൾക്ക് പൂർണതയുള്ള ഒരു മനഃസാക്ഷി നൽകി അനുഗ്രഹിച്ചിരുന്നു, അതുകൊണ്ട് അവർക്ക് ചുരുക്കം ചില നിയമങ്ങളേ ആവശ്യമുണ്ടായിരുന്നുള്ളൂ. (ഉല്പത്തി 2:15-17) എന്നാൽ അപൂർണ മനുഷ്യനെ സംബന്ധിച്ചിടത്തോളം ദൈവത്തിനു ഹിതകരമായ പാതയിലൂടെ നയിക്കപ്പെടാൻ കൂടുതൽ നിയമങ്ങൾ ആവശ്യമാണ്. നോഹ, അബ്രാഹാം, യാക്കോബ് മുതലായ ഗോത്രപിതാക്കന്മാർക്ക് യഹോവയാം ദൈവത്തിൽനിന്നു നിയമങ്ങൾ ലഭിച്ചിരുന്നു, അവർ അവ തങ്ങളുടെ കുടുംബങ്ങൾക്കു കൈമാറി. (ഉല്പത്തി 6:22; 9:3-6; 18:19; 26:4, 5) മോശെ മുഖാന്തരം ഇസ്രായേൽ ജനതയ്ക്ക് ഒരു ന്യായപ്രമാണ സംഹിത കൊടുത്തപ്പോൾ, താൻ ഒരു നിയമദാതാവാണെന്ന് മുമ്പത്തേതിൽനിന്നു വ്യത്യസ്തമായ ഒരു വിധത്തിൽ യഹോവ തെളിയിച്ചു. ഈ നിയമസംഹിത യഹോവയുടെ നീതിബോധം സംബന്ധിച്ച് നമുക്കു വിശാലമായ ഉൾക്കാഴ്ച നൽകുന്നു.
മോശൈക ന്യായപ്രമാണം—ഒരു സംഗ്രഹം
5. പിൻപറ്റാൻ പ്രയാസകരമായിരുന്ന സങ്കീർണ നിയമസംഹിതയായിരുന്നോ മോശൈക ന്യായപ്രമാണം, നിങ്ങൾ അങ്ങനെ ഉത്തരം പറയുന്നത് എന്തുകൊണ്ട്?
5 മോശൈക ന്യായപ്രമാണം പിൻപറ്റാൻ പ്രയാസമുള്ള ഒരു സങ്കീർണ നിയമസംഹിത ആയിരുന്നുവെന്ന് അനേകർ ചിന്തിക്കുന്നതായി തോന്നുന്നു. അത്തരമൊരു ധാരണ അശേഷം സത്യമല്ല. മുഴുസംഹിതയിലുമായി 600-ൽപ്പരം നിയമങ്ങളുണ്ട്. അത് അനവധിയാണെന്നു തോന്നാം. എന്നാൽ ഇതു ചിന്തിക്കുക: 20-ാം നൂറ്റാണ്ടിന്റെ അവസാനമായപ്പോഴേക്ക് ഐക്യനാടുകളുടെ ഫെഡറൽ നിയമങ്ങൾ നിയമ പുസ്തകത്തിന്റെ 1,50,000 പേജുകൾ കയ്യടക്കിയിരുന്നു. ഈരണ്ടു വർഷം കൂടുമ്പോൾ ഏതാണ്ട് 600 നിയമങ്ങൾ കൂടുതലായി ചേർക്കപ്പെടുന്നു! അതുകൊണ്ട് എണ്ണത്തിന്റെ കാര്യത്തിൽ മനുഷ്യനിയമങ്ങളുടെ കൂമ്പാരം മോശൈക ന്യായപ്രമാണത്തെ ചെറുതാക്കുന്നു. എങ്കിലും ആധുനിക നിയമങ്ങൾ ഇതുവരെ പരിഗണിക്കാൻ തുടങ്ങിയിട്ടുപോലുമില്ലാത്ത, ജീവിതത്തിന്റെ വിവിധ വശങ്ങളെ ഭരിക്കുന്ന നിയമങ്ങൾ ദൈവത്തിന്റെ ന്യായപ്രമാണത്തിൽ അടങ്ങിയിരുന്നു.
6, 7. (എ) മോശൈക ന്യായപ്രമാണത്തെ മറ്റേതൊരു നിയമസംഹിതയിൽനിന്നും വ്യത്യസ്തമാക്കുന്നതെന്ത്, ന്യായപ്രമാണത്തിലെ ഏറ്റവും വലിയ കൽപ്പന ഏത്? (ബി) ഇസ്രായേല്യർക്ക് യഹോവയുടെ പരമാധികാരത്തോടുള്ള അംഗീകാരം പ്രകടമാക്കാൻ കഴിയുമായിരുന്നത് എങ്ങനെ?
6 ന്യായപ്രമാണം യഹോവയുടെ പരമാധികാരത്തെ ഉയർത്തിപ്പിടിച്ചു. അതുകൊണ്ട് മോശൈക ന്യായപ്രമാണം മറ്റേതൊരു നിയമസംഹിതയുമായി തുലനം ചെയ്യാനാകാത്തവിധം അത്ര ശ്രേഷ്ഠമായിരുന്നു. അതിലെ ഏറ്റവും വലിയ നിയമം ഇതായിരുന്നു: “യിസ്രായേലേ, കേൾക്ക; യഹോവ നമ്മുടെ ദൈവമാകുന്നു; യഹോവ എകൻ തന്നേ. നിന്റെ ദൈവമായ യഹോവയെ നീ പൂർണ്ണ ഹൃദയത്തോടും പൂർണ്ണമനസ്സോടും പൂർണ്ണശക്തിയോടും കൂടെ സ്നേഹിക്കേണം.” ദൈവത്തിന്റെ ജനം അവനോടുള്ള സ്നേഹം എങ്ങനെ പ്രകടമാക്കണമായിരുന്നു? അവർ അവന്റെ പരമാധികാരത്തിനു കീഴ്പെട്ടുകൊണ്ട് അവനെ സേവിക്കണമായിരുന്നു.—ആവർത്തനപുസ്തകം 6:4, 5; 11:13.
7 ഓരോ ഇസ്രായേല്യനും തന്റെമേൽ അധികാരമുള്ളവർക്കു കീഴ്പെട്ടുകൊണ്ട് യഹോവയുടെ പരമാധികാരത്തെ അംഗീകരിക്കുന്നുവെന്ന് പ്രകടമാക്കി. മാതാപിതാക്കൾ, പ്രമാണിമാർ, ന്യായാധിപന്മാർ, പുരോഹിതന്മാർ, രാജാവ് എന്നിവരെല്ലാം ദിവ്യ അധികാരത്തെ പ്രതിനിധാനം ചെയ്തു. അധികാരത്തിലിരിക്കുന്നവർക്ക് എതിരായ ഏതു മത്സരവും തനിക്കെതിരായ മത്സരമായി യഹോവ വീക്ഷിച്ചു. എന്നാൽ, അധികാരത്തിലിരിക്കുന്നവർ അവന്റെ ജനത്തോട് അന്യായമായോ അഹങ്കാരപൂർവമോ ഇടപെട്ടാൽ യഹോവയുടെ ക്രോധം അവരുടെമേൽ വരുമായിരുന്നു. (പുറപ്പാടു 20:12; 22:28; ആവർത്തനപുസ്തകം 1:16, 17; 17:8-20; 19:16, 17) അങ്ങനെ ഇരുപക്ഷങ്ങളും യഹോവയുടെ പരമാധികാരം ഉയർത്തിപ്പിടിക്കാൻ ബാധ്യസ്ഥരായിരുന്നു.
8. ന്യായപ്രമാണം യഹോവയുടെ വിശുദ്ധിയുടെ നിലവാരത്തെ ഉയർത്തിപ്പിടിച്ചത് എങ്ങനെ?
8 ന്യായപ്രമാണം യഹോവയുടെ വിശുദ്ധിയുടെ നിലവാരത്തെ ഉയർത്തിപ്പിടിച്ചു. അതിന്റെ മൂലപാഠത്തിൽ “വിശുദ്ധം” “വിശുദ്ധി” എന്നീ പദങ്ങൾ 280-ൽപ്പരം പ്രാവശ്യം പ്രത്യക്ഷപ്പെടുന്നുണ്ട്. ശുദ്ധവും അശുദ്ധവും, നിർമലവും മലിനവും വേർതിരിച്ചറിയാൻ ന്യായപ്രമാണം ദൈവജനത്തെ സഹായിച്ചു, ഒരു ഇസ്രായേല്യനെ ആചാരപരമായി അശുദ്ധനാക്കിയേക്കാവുന്ന ഏതാണ്ട് 70 കാര്യങ്ങൾ അതിൽ എടുത്തു പറഞ്ഞിരുന്നു. ശാരീരിക ശുചിത്വം, ആഹാരക്രമം, മാലിന്യ നിർമാർജനം എന്നിവയെ കുറിച്ചെല്ലാം ആ ന്യായപ്രമാണ നിയമങ്ങൾ പരാമർശിച്ചിരുന്നു. അവ ആരോഗ്യകാര്യങ്ങളിൽ ശ്രദ്ധേയമായ പ്രയോജനങ്ങൾ കൈവരുത്തി.a എന്നാൽ അവയ്ക്ക് അതിലും മഹത്തായ ഒരു ഉദ്ദേശ്യമുണ്ടായിരുന്നു—ചുറ്റുമുള്ള അധഃപതിച്ച ജനതകളുടെ പാപപൂർണമായ ആചാരങ്ങളിൽനിന്ന് ദൈവജനത്തെ വേർപെടുത്തിക്കൊണ്ട് അവരെ യഹോവയുടെ പ്രീതിയിൽ നിലനിറുത്തുക എന്നതായിരുന്നു അത്.
9, 10. ന്യായപ്രമാണ ഉടമ്പടിയിൽ ലൈംഗിക ബന്ധങ്ങളും ശിശുജനനവും സംബന്ധിച്ച എന്തു ചട്ടങ്ങൾ ഉൾപ്പെട്ടിരുന്നു, അങ്ങനെയുള്ള ചട്ടങ്ങൾ എന്തു പ്രയോജനങ്ങൾ കൈവരുത്തി?
9 വിവാഹിതരുടെ ഇടയിൽപ്പോലും, ലൈംഗിക ബന്ധവും ശിശുജനനവും അശുദ്ധിയുടെ ഒരു കാലഘട്ടം വരുത്തുന്നതായി ന്യായപ്രമാണ ഉടമ്പടിയിലെ ചട്ടങ്ങൾ പ്രസ്താവിച്ചു. (ലേവ്യപുസ്തകം 12:2-4; 15:16-18) ഇത്തരം ചട്ടങ്ങൾ ദൈവത്തിൽനിന്നുള്ള ഈ ശുദ്ധമായ ദാനങ്ങളെ താഴ്ത്തിക്കെട്ടുകയായിരുന്നില്ല. (ഉല്പത്തി 1:28; 2:18-25) പകരം ആ നിയമങ്ങൾ യഹോവയുടെ ആരാധകരെ മലിനീകരണത്തിൽനിന്നു മുക്തരാക്കിക്കൊണ്ട് അവന്റെ വിശുദ്ധിയെ ഉയർത്തിപ്പിടിച്ചു. ഇസ്രായേലിനു ചുറ്റുമുള്ള ജനതകൾ ആരാധനയെ ലൈംഗികതയും ഉർവരപൂജകളുമായി (വിളവു വർധിപ്പിക്കാൻ കൃഷിഭൂമിയെ പൂജിക്കുന്ന ചടങ്ങ്) കൂട്ടിക്കലർത്തി. സ്ത്രീകളും പുരുഷന്മാരും പരസംഗത്തിൽ ഏർപ്പെടുന്നത് കനാന്യ മതാചാരത്തിന്റെ ഭാഗമായിരുന്നു. ഇതിന്റെയെല്ലാം ഫലമായി അങ്ങേയറ്റം അധഃപതിച്ച അവസ്ഥകൾ ദേശമെങ്ങും നിലനിന്നിരുന്നു. എന്നാൽ ഇതിനു വിപരീതമായി, ന്യായപ്രമാണം യഹോവയുടെ ആരാധനയെ ലൈംഗിക കാര്യങ്ങളിൽനിന്നു പൂർണമായും വേർപെടുത്തിനിറുത്തി.b മറ്റു പ്രയോജനങ്ങളും ഉണ്ടായിരുന്നു.
10 ആ നിയമങ്ങൾ ഒരു മർമപ്രധാന സത്യം പഠിപ്പിക്കാൻ ഉതകി.c യഥാർഥത്തിൽ, ആദാമ്യപാപത്തിന്റെ കളങ്കം ഒരു തലമുറയിൽനിന്ന് അടുത്തതിലേക്ക് കൈമാറപ്പെടുന്നത് എങ്ങനെയാണ്? അത് ലൈംഗിക ബന്ധത്താലും ശിശുജനനത്താലും അല്ലേ? (റോമർ 5:12) അതേ, നിലനിൽക്കുന്ന പാപാവസ്ഥയെ കുറിച്ച് ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ജനത്തെ അനുസ്മരിപ്പിച്ചു. യഥാർഥത്തിൽ നമ്മളെല്ലാം പാപത്തിലാണു ജനിക്കുന്നത്. (സങ്കീർത്തനം 51:5) നമ്മുടെ പരിശുദ്ധദൈവത്തോട് അടുത്തുചെല്ലാൻ നമുക്കു പാപമോചനവും വീണ്ടെടുപ്പും ആവശ്യമാണ്.
11, 12. (എ) ന്യായപ്രമാണം നീതിയുടെ ഏതു തത്ത്വത്തിന് ഊന്നൽ നൽകി? (ബി) നീതി മറിച്ചുകളയുന്നതു തടയാൻ ന്യായപ്രമാണത്തിൽ ഏതു കരുതലുകൾ ഉൾപ്പെടുത്തി?
11 ന്യായപ്രമാണം യഹോവയുടെ പൂർണനീതിയെ ഉയർത്തിപ്പിടിച്ചു. മോശൈക ന്യായപ്രമാണം നീതിന്യായ കാര്യങ്ങളിൽ തുല്യതയുടെ അല്ലെങ്കിൽ സമനിലയുടെ തത്ത്വത്തിന് ഊന്നൽ നൽകി. അതുകൊണ്ട് അത് ഇങ്ങനെ പ്രസ്താവിച്ചു: “ജീവന്നു പകരം ജീവൻ, കണ്ണിന്നു പകരം കണ്ണു, പല്ലിന്നു പകരം പല്ലു, കൈക്കു പകരം കൈ, കാലിന്നുപകരം കാൽ.” (ആവർത്തനപുസ്തകം 19:21) ആ സ്ഥിതിക്ക്, കുറ്റകൃത്യ കേസുകളിൽ ശിക്ഷ കുറ്റകൃത്യത്തിന് ആനുപാതികം ആയിരിക്കണമായിരുന്നു. ദിവ്യനീതിയുടെ ഈ വശം ന്യായപ്രമാണത്തിൽ ഉടനീളം പ്രകടമായിരുന്നു. 14-ാം അധ്യായം പ്രകടമാക്കുന്നതുപോലെ, ക്രിസ്തുയേശുവിന്റെ മറുവിലയാഗം മനസ്സിലാക്കുന്നതിന് നീതിയുടെ ഈ വശം ഇന്നും അനിവാര്യമാണ്.—1 തിമൊഥെയൊസ് 2:5, 6.
12 നീതി മറിച്ചുകളയുന്നത് തടയാനുള്ള കരുതലുകളും ന്യായപ്രമാണത്തിൽ ഉണ്ടായിരുന്നു. ഉദാഹരണത്തിന്, ഒരു കുറ്റാരോപണത്തിന്റെ സാധുത സ്ഥാപിക്കുന്നതിന് കുറഞ്ഞപക്ഷം രണ്ടു സാക്ഷികൾ ആവശ്യമായിരുന്നു. കള്ളസത്യം ചെയ്താൽ കടുത്ത ശിക്ഷ ലഭിക്കുമായിരുന്നു. (ആവർത്തനപുസ്തകം 19:15, 18, 19) അഴിമതിയും കൈക്കൂലിയും കർശനമായി വിലക്കിയിരുന്നു. (പുറപ്പാടു 23:8; ആവർത്തനപുസ്തകം 27:25) ദൈവജനം തങ്ങളുടെ വ്യാപാര നടപടികളിലും യഹോവയുടെ നീതിയുടെ ഉന്നതനിലവാരം ഉയർത്തിപ്പിടിക്കണമായിരുന്നു. (ലേവ്യപുസ്തകം 19:35, 36; ആവർത്തനപുസ്തകം 23:19, 20) ശ്രേഷ്ഠവും നിഷ്പക്ഷവുമായ ആ നിയമസംഹിത ഇസ്രായേലിന് വലിയ ഒരു അനുഗ്രഹമായിരുന്നു!
നീതിന്യായപരമായ കരുണയെയും നിഷ്പക്ഷതയെയും വിശേഷവത്കരിക്കുന്ന നിയമങ്ങൾ
13, 14. മോഷ്ടാവിനോടും മോഷണത്തിന് ഇരയായ വ്യക്തിയോടും ഉള്ള ബന്ധത്തിൽ ന്യായപ്രമാണം ഉചിതവും നിഷ്പക്ഷവുമായ പെരുമാറ്റത്തിനു പ്രോത്സാഹിപ്പിച്ചതെങ്ങനെ?
13 മോശൈക ന്യായപ്രമാണം കർക്കശമായ, കരുണയറ്റ ഒരു നിയമസംഹിത ആയിരുന്നോ? അശേഷമല്ലായിരുന്നു! “യഹോവയുടെ ന്യായപ്രമാണം തികവുള്ളത്” എന്ന് എഴുതാൻ ദാവീദ് രാജാവ് നിശ്വസ്തനായി. (സങ്കീർത്തനം 19:7) അവനു നന്നായി അറിയാമായിരുന്നതുപോലെ, ന്യായപ്രമാണം കരുണയ്ക്കും നിഷ്പക്ഷ പെരുമാറ്റത്തിനും ഊന്നൽ നൽകി. എങ്ങനെ?
14 ഇക്കാലത്ത് ചില രാജ്യങ്ങളിൽ, കുറ്റകൃത്യത്തിന് ഇരയായവരെക്കാൾ കുറ്റകൃത്യം ചെയ്തവരോട് നിയമം കൂടുതൽ പരിഗണന കാണിക്കുന്നതായി കാണപ്പെടുന്നു. ഉദാഹരണത്തിന്, മോഷ്ടാക്കൾ തങ്ങൾ ചെയ്ത കുറ്റത്തിന് തടവിൽ കഴിയുകയായിരിക്കാം. മോഷണത്തിന് ഇരയായവർക്കാകട്ടെ തങ്ങളുടെ കളവുപോയ വസ്തുക്കൾ തിരികെ ലഭിച്ചിരിക്കില്ലെന്നു മാത്രമല്ല, അത്തരം കുറ്റവാളികളെ പാർപ്പിക്കുകയും പോറ്റുകയും ചെയ്യുന്ന ജയിൽ സംവിധാനങ്ങൾക്കായി നികുതി അടയ്ക്കേണ്ടതായും വരുന്നു. പുരാതന ഇസ്രായേലിൽ, ഇന്നു നമുക്ക് അറിയാവുന്ന തരത്തിലുള്ള തടവറകൾ ഇല്ലായിരുന്നു. ശിക്ഷകളുടെ കാഠിന്യം സംബന്ധിച്ച് കർശനമായ പരിധികൾ ഏർപ്പെടുത്തിയിരുന്നു. (ആവർത്തനപുസ്തകം 25:1-3) ഒരു മോഷ്ടാവ് മോഷ്ടിച്ച വസ്തുവിന്റെ ഉടമയ്ക്കു നഷ്ടപരിഹാരം നൽകണമായിരുന്നു. അതിനുപുറമേ, മോഷ്ടാവു കൂടുതലായ പണം കൊടുക്കണമായിരുന്നു. എത്ര കൂടുതൽ? അത് വ്യത്യാസപ്പെട്ടിരുന്നു. തെളിവനുസരിച്ച്, പാപിയുടെ അനുതാപം പോലെയുള്ള നിരവധി ഘടകങ്ങൾ വിലയിരുത്തി വിധിക്കാനുള്ള സ്വാതന്ത്ര്യം ന്യായാധിപന്മാർക്കു കൊടുത്തിരുന്നു. ലേവ്യപുസ്തകം 6:1-7 അനുസരിച്ച് ഒരു മോഷ്ടാവിൽനിന്ന് ആവശ്യപ്പെട്ടിരുന്ന നഷ്ടപരിഹാരം പുറപ്പാടു 22:7-ൽ നിഷ്കർഷിച്ചതിനെക്കാൾ വളരെ കുറവായിരിക്കുന്നതിന്റെ കാരണം ഇതായിരിക്കാം.
15. യാദൃച്ഛികമായി ഒരാളെ കൊന്നവന്റെ കാര്യത്തിൽ ന്യായപ്രമാണം കരുണയും നീതിയും ഉറപ്പുവരുത്തിയത് എങ്ങനെ?
15 എല്ലാ ദുഷ്പ്രവൃത്തികളും മനഃപൂർവം ചെയ്യപ്പെടുന്നവയല്ലെന്ന് ന്യായപ്രമാണം കരുണാപൂർവം അംഗീകരിച്ചു. ദൃഷ്ടാന്തത്തിന്, ഒരു മനുഷ്യൻ യാദൃച്ഛികമായി ആരെയെങ്കിലും കൊന്നാൽ ശരിയായ നടപടി സ്വീകരിക്കുന്നപക്ഷം—ഇസ്രായേലിൽ അങ്ങിങ്ങായി ഉണ്ടായിരുന്ന സങ്കേതനഗരങ്ങളിൽ ഒന്നിലേക്ക് ഓടിപ്പോകുന്നപക്ഷം—അയാൾ ജീവനുപകരം ജീവൻ കൊടുക്കേണ്ടിയിരുന്നില്ല. യോഗ്യരായ ന്യായാധിപന്മാർ അയാളുടെ കേസ് പരിശോധിച്ചശേഷം, മഹാപുരോഹിതന്റെ മരണംവരെ അയാൾ അവിടെത്തന്നെ കഴിയേണ്ടിയിരുന്നു. അതിനുശേഷം അയാൾക്ക് ഇഷ്ടമുള്ളിടത്തു വസിക്കാൻ സ്വാതന്ത്ര്യമുണ്ടായിരുന്നു. അങ്ങനെ അയാൾക്കു ദിവ്യകരുണയിൽനിന്നു പ്രയോജനം ലഭിച്ചു. അതേസമയം, ഈ നിയമം മനുഷ്യജീവന്റെ വലിയ മൂല്യത്തെ ദൃഢീകരിക്കുകയും ചെയ്തു.—സംഖ്യാപുസ്തകം 15:30, 31; 35:12-25.
16. ന്യായപ്രമാണം വ്യക്തിപരമായ ചില അവകാശങ്ങളെ സംരക്ഷിച്ചത് എങ്ങനെ?
16 ന്യായപ്രമാണം വ്യക്തിപരമായ അവകാശങ്ങളെ സംരക്ഷിച്ചു. കടത്തിലായിപ്പോയവരെ അത് സംരക്ഷിച്ച വിധങ്ങൾ പരിചിന്തിക്കുക. വായ്പ ഈടാക്കുന്നതിന് ഏതെങ്കിലും വസ്തു എടുത്തുകൊണ്ടുപോകാൻ കടക്കാരന്റെ വീട്ടിൽ പ്രവേശിക്കുന്നതിനെ ന്യായപ്രമാണം വിലക്കി. പകരം വായ്പ നൽകിയവൻ പുറത്ത് കാത്തുനിന്നുകൊണ്ട് പണയം തന്റെ അടുക്കലേക്കു കൊണ്ടുവരാൻ കടക്കാരനെ അനുവദിക്കണമായിരുന്നു. അങ്ങനെ വായ്പ നൽകിയവൻ കടക്കാരന്റെ വീട്ടിൽ അതിക്രമിച്ചു കയറുന്നതിനെ ന്യായപ്രമാണം തടഞ്ഞു. വായ്പ നൽകിയവൻ ഒരു പണയമായി കടക്കാരന്റെ മേലങ്കി എടുത്താൽ രാത്രിയാകുന്നതിനു മുമ്പ് അയാൾ അതു മടക്കിക്കൊടുക്കണമായിരുന്നു, കാരണം രാത്രി തണുപ്പിൽനിന്നു രക്ഷനേടാൻ അയാൾക്ക് അത് ഒരുപക്ഷേ ആവശ്യമായിരുന്നു.—ആവർത്തനപുസ്തകം 24:10-14.
17, 18. യുദ്ധം ഉൾപ്പെട്ട കാര്യങ്ങളിൽ ഇസ്രായേല്യർ മറ്റു ജനതകളിൽനിന്നു വ്യത്യസ്തരായിരുന്നത് എങ്ങനെ, എന്തുകൊണ്ട്?
17 ന്യായപ്രമാണത്തിൻ കീഴിൽ യുദ്ധത്തിനു പോലും നിയന്ത്രണങ്ങൾ ഉണ്ടായിരുന്നു. കേവലം അധികാരമോഹത്തെയോ വിജയത്വരയെയോ ശമിപ്പിക്കാനായി ദൈവജനം യുദ്ധംചെയ്യാൻ പാടില്ലായിരുന്നു. എന്നാൽ “യഹോവയുടെ യുദ്ധ”ങ്ങളിൽ ദൈവത്തിന്റെ പ്രതിനിധികളായി വർത്തിക്കാൻ അവർക്കു യുദ്ധം ചെയ്യാമായിരുന്നു. (സംഖ്യാപുസ്തകം 21:15) എന്നാൽ മിക്ക സന്ദർഭങ്ങളിലും ഇസ്രായേല്യർ ആദ്യംതന്നെ, കീഴടങ്ങാനുള്ള വ്യവസ്ഥകൾ വെക്കണമായിരുന്നു. ഒരു നഗരം വ്യവസ്ഥകൾ തള്ളിക്കളഞ്ഞാൽ ഇസ്രായേലിന് അതിനെ ഉപരോധിക്കാമായിരുന്നു—എന്നാൽ ദൈവത്തിന്റെ നിയമങ്ങൾ അനുസരിച്ചുവേണമായിരുന്നു അങ്ങനെ ചെയ്യാൻ. ചരിത്രത്തിലുടനീളം അനേകം പടയാളികളും ചെയ്തിരിക്കുന്നതിൽനിന്നു വ്യത്യസ്തമായി ഇസ്രായേലിലെ യോദ്ധാക്കൾ സ്ത്രീകളെ ബലാത്സംഗം ചെയ്യാനോ അനിയന്ത്രിത സംഹാരം നടത്താനോ അനുവദിക്കപ്പെട്ടില്ല. ശത്രുദേശത്തിന്റെ പരിസ്ഥിതിയെ പോലും അവർ ആദരിക്കണമായിരുന്നു, അവിടത്തെ ഫലവൃക്ഷങ്ങൾ അവർ വെട്ടിയിടാൻ പാടില്ലായിരുന്നു.d മറ്റു സൈന്യങ്ങൾക്ക് അത്തരം നിയന്ത്രണങ്ങൾ ഇല്ലായിരുന്നു.—ആവർത്തനപുസ്തകം 20:10-15, 19, 20; 21:10-13.
18 ചില ദേശങ്ങളിൽ കൊച്ചു കുട്ടികൾക്കു സൈനിക പരിശീലനം നൽകുന്നു എന്ന വസ്തുത നിങ്ങളെ ഞെട്ടിപ്പിക്കുന്നുണ്ടോ? പുരാതന ഇസ്രായേലിൽ 20 വയസ്സാകാത്ത ആരെയും സൈന്യത്തിൽ ചേർത്തിരുന്നില്ല. (സംഖ്യാപുസ്തകം 1:2, 3) മുതിർന്ന ഒരു പുരുഷനാണെങ്കിലും അമിതമായ ഭയമുണ്ടെങ്കിൽ അയാൾ സൈന്യത്തിൽ ചേരേണ്ടതില്ലായിരുന്നു. പുതുതായി വിവാഹിതനായ ഒരു പുരുഷനെ ഒരു മുഴുവർഷത്തേക്ക് സൈനിക സേവനത്തിൽനിന്ന് ഒഴിവാക്കിയിരുന്നു, അങ്ങനെ അപകടകരമായ ആ സേവനത്തിൽ ഏർപ്പെടുന്നതിനു മുമ്പ് തനിക്ക് ഒരു അവകാശി ജനിച്ചുകാണാനുള്ള അവസരം അയാൾക്കു ലഭിക്കുമായിരുന്നു. ഈ വിധത്തിൽ, യുവഭർത്താവിന് തന്റെ നവവധുവിനെ സന്തോഷിപ്പിക്കാൻ കഴിയുമായിരുന്നുവെന്ന് ന്യായപ്രമാണം വ്യക്തമാക്കി.—ആവർത്തനപുസ്തകം 20:5, 6, 8; 24:5.
19. സ്ത്രീകൾ, കുട്ടികൾ, കുടുംബങ്ങൾ, വിധവകൾ, അനാഥർ എന്നിവരുടെ സംരക്ഷണത്തിനായി ന്യായപ്രമാണത്തിൽ ഏതു കരുതലുകൾ ഉണ്ടായിരുന്നു?
19 ന്യായപ്രമാണം സ്ത്രീകളെയും കുട്ടികളെയും കുടുംബങ്ങളെയും കൂടെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തു. തങ്ങളുടെ മക്കൾക്ക് ആത്മീയകാര്യങ്ങളിൽ നിരന്തര ശ്രദ്ധയും പ്രബോധനവും കൊടുക്കാൻ അതു മാതാപിതാക്കളോടു കൽപ്പിച്ചു. (ആവർത്തനപുസ്തകം 6:6, 7) അത് സകല രൂപത്തിലുമുള്ള നിഷിദ്ധബന്ധുവേഴ്ചയെ വിലക്കുകയും അതിനെ മരണശിക്ഷാർഹമായ കുറ്റമായി പരിഗണിക്കുകയും ചെയ്തു. (ലേവ്യപുസ്തകം 18-ാം അധ്യായം) കുടുംബങ്ങളുടെ തകർച്ചയ്ക്കു കാരണമാകുകയും അവയുടെ സുരക്ഷയെയും മാന്യതയെയും നശിപ്പിക്കുകയും ചെയ്യുന്ന വ്യഭിചാരത്തെയും അതു വിലക്കി. ന്യായപ്രമാണം വിധവമാർക്കും അനാഥർക്കുംവേണ്ടി കരുതുകയും അവരോടുള്ള ദുഷ്പെരുമാറ്റത്തെ അതിശക്തമായ ഭാഷയിൽ വിലക്കുകയും ചെയ്തു.—പുറപ്പാടു 20:14; 22:22-24.
20, 21. (എ) മോശൈക ന്യായപ്രമാണം ഇസ്രായേല്യരുടെ ഇടയിൽ ബഹുഭാര്യത്വം അനുവദിച്ചത് എന്തുകൊണ്ട്? (ബി) വിവാഹമോചനത്തിന്റെ കാര്യത്തിൽ ന്യായപ്രമാണം, യേശു പിൽക്കാലത്തു പുനഃസ്ഥാപിച്ച പ്രമാണത്തിൽനിന്നു വ്യത്യസ്തമായിരുന്നത് എന്തുകൊണ്ട്?
20 എന്നാൽ, ‘ന്യായപ്രമാണം ബഹുഭാര്യത്വം അനുവദിച്ചത് എന്തുകൊണ്ട്?’ എന്നു ചിലർ ആശ്ചര്യപ്പെട്ടേക്കാം. (ആവർത്തനപുസ്തകം 21:15-17) അങ്ങനെയുള്ള നിയമങ്ങളെ കാലങ്ങളുടെ സന്ദർഭത്തിനനുസരിച്ചുവേണം നാം പരിഗണിക്കാൻ. ആധുനിക കാലങ്ങളുടെയും സംസ്കാരങ്ങളുടെയും കാഴ്ചപ്പാടിൽ നിന്നുകൊണ്ട് മോശൈക ന്യായപ്രമാണത്തെ വിലയിരുത്തുന്നവർ തീർച്ചയായും അതിനെ തെറ്റിദ്ധരിക്കും. (സദൃശവാക്യങ്ങൾ 18:13) പണ്ട് ഏദെനിൽവെച്ച് വിവാഹം സംബന്ധിച്ച് യഹോവ സ്ഥാപിച്ച മാനദണ്ഡം അതിനെ ഒരു ഭർത്താവും ഒരു ഭാര്യയും തമ്മിലുള്ള നിലനിൽക്കുന്ന ബന്ധമാക്കി. (ഉല്പത്തി 2:18, 20-24) എന്നിരുന്നാലും, യഹോവ ഇസ്രായേലിനു ന്യായപ്രമാണം കൊടുത്ത കാലമായപ്പോഴേക്കും ബഹുഭാര്യത്വം പോലെയുള്ള നടപടികൾ നൂറ്റാണ്ടുകളായി മനുഷ്യസമൂഹത്തിൽ ആഴത്തിൽ വേരോടിക്കഴിഞ്ഞിരുന്നു. തന്റെ “ദുശ്ശാഠ്യമുള്ള ജനം” വിഗ്രഹാരാധനയെ വിലക്കുന്നതുപോലുള്ള ഏറ്റവും അടിസ്ഥാനപരമായ കൽപ്പനകൾപോലും അനുസരിക്കുന്നതിൽ കൂടെക്കൂടെ പരാജയപ്പെടുമെന്ന് യഹോവ നന്നായി അറിഞ്ഞിരുന്നു. (പുറപ്പാടു 32:9) അതുകൊണ്ട്, യഹോവ ആ യുഗത്തെ, അവരുടെ വൈവാഹിക നടപടികളെയെല്ലാം തിരുത്തുന്നതിനുള്ള സമയമായി തിരഞ്ഞെടുത്തില്ല. തികച്ചും ജ്ഞാനപൂർവമായ ഒരു സംഗതിയായിരുന്നു അത്. എന്നിരുന്നാലും, ബഹുഭാര്യത്വം ഏർപ്പെടുത്തിയത് യഹോവയല്ല എന്നതു മനസ്സിൽപ്പിടിക്കുക. പകരം മോശൈക ന്യായപ്രമാണം ഉപയോഗിച്ചുകൊണ്ട് തന്റെ ജനത്തിന്റെ ഇടയിലെ ബഹുഭാര്യത്വത്തെ നിയന്ത്രിക്കുകയും ആ സമ്പ്രദായം ദുർവിനിയോഗം ചെയ്യപ്പെടുന്നതു തടയുകയുമാണ് അവൻ ചെയ്തത്.
21 സമാനമായി, ഗുരുതരമായ ഒന്നിലധികം കാരണങ്ങളാൽ ഭാര്യയെ ഉപേക്ഷിക്കാൻ മോശൈക ന്യായപ്രമാണം ഒരു പുരുഷനെ അനുവദിച്ചു. (ആവർത്തനപുസ്തകം 24:1-4) ദൈവം യഹൂദജനത്തിനു “[അവരുടെ] ഹൃദയകാഠിന്യം നിമിത്തം” കൊടുത്ത ഒരു അനുവാദമാണ് ഇതെന്ന് യേശു പറയുകയുണ്ടായി. എന്നിരുന്നാലും, അത്തരം അനുവാദങ്ങൾ താത്കാലികമായിരുന്നു. യേശു തന്റെ അനുഗാമികൾക്കുവേണ്ടി യഹോവയുടെ ആദിമ വൈവാഹിക പ്രമാണം പുനഃസ്ഥാപിച്ചു.—മത്തായി 19:8.
ന്യായപ്രമാണം സ്നേഹത്തിനു പ്രാധാന്യം നൽകി
22. മോശൈക ന്യായപ്രമാണം ഏതു വിധങ്ങളിൽ സ്നേഹത്തിനു പ്രാധാന്യം നൽകി, ആരോടെല്ലാമുള്ള ബന്ധത്തിൽ?
22 സ്നേഹത്തെ പ്രോത്സാഹിപ്പിക്കുന്ന ഒരു ആധുനിക നിയമവ്യവസ്ഥയെ കുറിച്ചു നിങ്ങൾക്കു സങ്കൽപ്പിക്കാനാകുമോ? മോശൈക ന്യായപ്രമാണം മറ്റെല്ലാറ്റിനുമുപരിയായി സ്നേഹത്തെ പ്രോത്സാഹിപ്പിച്ചു. എന്തിന്, ആവർത്തനപുസ്തകത്തിൽ മാത്രം “സ്നേഹം” എന്ന പദത്തിന്റെ വിവിധരൂപങ്ങൾ 20-ൽപ്പരം പ്രാവശ്യം കാണപ്പെടുന്നു. മുഴുന്യായപ്രമാണത്തിലെയും ഏറ്റവും വലിയ രണ്ടാമത്തെ കൽപ്പന “കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം” എന്നതായിരുന്നു. (ലേവ്യപുസ്തകം 19:18; മത്തായി 22:37-40) ദൈവജനം തമ്മിൽത്തമ്മിൽ മാത്രമല്ല അവരുടെ ഇടയിലെ പരദേശികളോടും അത്തരം സ്നേഹം കാണിക്കണമായിരുന്നു, തങ്ങളും ഒരുകാലത്തു പരദേശികളായിരുന്നു എന്ന് ഓർത്തുകൊണ്ടുതന്നെ. ദരിദ്രരെയും പീഡിതരെയും സാമ്പത്തികമായി സഹായിച്ചുകൊണ്ടും അവരുടെ ദുരവസ്ഥയെ മുതലെടുക്കുന്നതിൽനിന്ന് ഒഴിഞ്ഞുനിന്നുകൊണ്ടും ഇസ്രായേല്യർ അവരോടും സ്നേഹം പ്രകടിപ്പിക്കണമായിരുന്നു. ചുമട്ടുമൃഗങ്ങളോടു പോലും ദയയോടും പരിഗണനയോടും കൂടെ പെരുമാറണമെന്ന് അവരോടു നിർദേശിക്കപ്പെട്ടു.—പുറപ്പാടു 23:6; ലേവ്യപുസ്തകം 19:14, 33, 34; ആവർത്തനപുസ്തകം 22:4, 10; 24:17, 18.
23. സങ്കീർത്തനം 119-ന്റെ എഴുത്തുകാരൻ എന്തു ചെയ്യാൻ പ്രേരിതനായി, നമുക്ക് എന്തു തീരുമാനമെടുക്കാം?
23 വേറെ ഏതു ജനത ഇത്തരമൊരു നിയമസംഹിതയാൽ അനുഗ്രഹിക്കപ്പെട്ടിട്ടുണ്ട്? “നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം” എന്നു സങ്കീർത്തനക്കാരൻ എഴുതിയതിൽ അതിശയമില്ല. എന്നിരുന്നാലും അവന്റെ സ്നേഹം കേവലം ഒരു വികാരമല്ലായിരുന്നു. അത് അവനെ പ്രവർത്തനത്തിനു പ്രേരിപ്പിച്ചു. കാരണം അവൻ ആ നിയമം അനുസരിച്ചു ജീവിക്കാൻ കഠിനമായി യത്നിച്ചു. തുടർന്ന് അവൻ ഇങ്ങനെ പറഞ്ഞു: “ഇടവിടാതെ [നിന്റെ നിയമം] എന്റെ ധ്യാനമാകുന്നു.” (സങ്കീർത്തനം 119:11, 97) അതേ, യഹോവയുടെ നിയമങ്ങൾ പഠിക്കാൻ അവൻ ക്രമമായി സമയം ചെലവഴിച്ചു. അങ്ങനെ ചെയ്തപ്പോൾ അവയോടുള്ള അവന്റെ പ്രിയം വർധിച്ചു എന്നതിനു സംശയമില്ല, ഒപ്പം, നിയമദാതാവായ യഹോവയാം ദൈവത്തോടുള്ള സ്നേഹവും. ദിവ്യനിയമം പഠിക്കുന്നതിൽ തുടരവേ, വലിയ നിയമദാതാവും നീതിയുടെ ദൈവവുമായ യഹോവയോടു നിങ്ങളും പൂർവാധികം അടുത്തു ചെല്ലുമാറാകട്ടെ.
a ഉദാഹരണത്തിന്, മനുഷ്യവിസർജ്യം കുഴിച്ചുമൂടണമെന്നും രോഗികളെ മാറ്റിപ്പാർപ്പിക്കണമെന്നും ശവത്തെ തൊടുന്ന ഏതൊരുവനും തന്റെ ദേഹം കഴുകണമെന്നും അനുശാസിക്കുന്ന നിയമങ്ങൾ ന്യായപ്രമാണത്തിൽ അടങ്ങിയിരുന്നു. എന്നാൽ ആ അറിവ് മറ്റു ജനതകളുടെ നിയമങ്ങളുടെ ഭാഗമായത് നൂറ്റാണ്ടുകൾക്കു ശേഷമാണ്.—ലേവ്യപുസ്തകം 13:4-8; സംഖ്യാപുസ്തകം 19:11-13, 17-19; ആവർത്തനപുസ്തകം 23:13, 14.
b കനാന്യ ക്ഷേത്രങ്ങളിൽ ലൈംഗിക വേഴ്ചകൾക്കായി പ്രത്യേക മുറികൾതന്നെ ഉണ്ടായിരുന്നു. എന്നാൽ മോശൈക ന്യായപ്രമാണ പ്രകാരം അശുദ്ധാവസ്ഥയിൽ ആയിരിക്കുന്നവർക്ക് ആലയത്തിൽ പ്രവേശിക്കാൻപോലും അനുവാദമില്ലായിരുന്നു. അങ്ങനെ ലൈംഗിക ബന്ധങ്ങൾ അശുദ്ധിയുടെ ഒരു സമയഘട്ടം കൈവരുത്തിയിരുന്നതിനാൽ ആർക്കും ലൈംഗികതയെ യഹോവയുടെ ആരാധനയുടെ ഒരു ഭാഗമാക്കാൻ കഴിയുമായിരുന്നില്ല.
c ന്യായപ്രമാണത്തിന്റെ ഒരു പ്രമുഖ ഉദ്ദേശ്യം പ്രബോധനമായിരുന്നു. “നിയമം” എന്നതിന്റെ എബ്രായ പദമായ തോറായുടെ അർഥം “പ്രബോധനം” എന്നാണെന്ന് എൻസൈക്ലോപീഡിയാ ജൂഡായിക്കാ പറയുന്നു.
d ന്യായപ്രമാണം നിശിതമായി ഇങ്ങനെ ചോദിച്ചു: “നീ പറമ്പിലെ വൃക്ഷത്തെ നിരോധിപ്പാൻ അതു മനുഷ്യനാകുന്നുവോ?” (ആവർത്തനപുസ്തകം 20:19) ഒന്നാം നൂറ്റാണ്ടിലെ ഒരു യഹൂദപണ്ഡിതനായ ഫൈലോ ഈ നിയമത്തെ പരാമർശിച്ചുകൊണ്ട്, “മനുഷ്യർക്കെതിരെ ഉയരുന്ന കോപം യാതൊരു തിന്മയും തൊട്ടുതീണ്ടിയിട്ടില്ലാത്ത വസ്തുക്കളുടെമേൽ ചൊരിയുന്നത് അന്യായമാണെന്ന്” ദൈവം വിചാരിക്കുന്നതായി വിശദമാക്കി.