ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന രാജാവിൽനിന്ന് അനുഗ്രഹങ്ങൾ പ്രാപിക്കുക!
“അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും.”—യെശ. 11:2.
1. ലോകാവസ്ഥയെക്കുറിച്ച് ചിലർക്ക് എന്ത് ആശങ്കയുണ്ട്?
“രാഷ്ട്രീയവും സാമൂഹികവും പാരിസ്ഥിതികവുമായി താറുമാറായിക്കിടക്കുന്ന ഒരു ലോകത്ത് മനുഷ്യവംശത്തിന് ഇനിയൊരു നൂറുവർഷംകൂടി ആയുസ്സുണ്ടോ?” സ്റ്റീഫൻ ഹോക്കിങ് എന്ന ശാസ്ത്രജ്ഞൻ 2006-ൽ ചോദിച്ചതാണ് ഇങ്ങനെ. ന്യൂ സ്റ്റേറ്റ്സ്മാൻ ജേർണലിലെ ഒരു ലേഖനം ഇങ്ങനെ പറയുന്നു: “നാം ദാരിദ്ര്യം നിർമാർജനം ചെയ്തിട്ടില്ല, ലോകസമാധാനം കൊണ്ടുവന്നിട്ടില്ല. മറിച്ചാണ് സംഭവിച്ചിരിക്കുന്നത്. പക്ഷേ നാം ശ്രമിക്കാതിരുന്നിട്ടില്ല. കമ്മ്യൂണിസംമുതൽ മുതലാളിത്തംവരെയും സർവരാജ്യസഖ്യംമുതൽ ആണവനിർവ്യാപനംവരെയും സകലതും നാം പരീക്ഷിച്ചുകഴിഞ്ഞു. യുദ്ധം അവസാനിപ്പിക്കാൻ പിന്നെയും പിന്നെയും യുദ്ധങ്ങൾ ചെയ്ത നമുക്ക് അത് ഇല്ലാതാക്കാനാകും എന്നു വിചാരിക്കുന്നത് ശുദ്ധ അസംബന്ധമാണ്.”
2. ഭൂമിയുടെമേലുള്ള തന്റെ പരമാധികാരം യഹോവ പെട്ടെന്നുതന്നെ എങ്ങനെ തെളിയിക്കും?
2 ഇത്തരം പ്രസ്താവനകൾ കേട്ട് യഹോവയുടെ ജനം നടുങ്ങുന്നില്ല. സ്വയം ഭരിക്കാനുള്ള പ്രാപ്തിയോടെയല്ല ദൈവം മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നതെന്ന കാര്യം ബൈബിളിൽനിന്ന് നമുക്കറിയാം. (യിരെ. 10:23) പരമാധികാരി ആയിരിക്കാനുള്ള യോഗ്യത യഹോവയ്ക്കു മാത്രമാണ്; നമുക്കുവേണ്ടി നിലവാരങ്ങൾ വെക്കാനും നമ്മുടെ ജീവിതത്തിന്റെ ഉദ്ദേശ്യം എന്താണെന്നു പറഞ്ഞുതരാനും ആ ഉദ്ദേശ്യം സാധിക്കാൻ നമ്മെ സഹായിക്കാനും ഉള്ള അവകാശം അവനാണുള്ളത്. സ്വയം ഭരിച്ചുവിജയിക്കാനുള്ള മനുഷ്യന്റെ വിഫലശ്രമത്തിന് ദൈവം പെട്ടെന്നുതന്നെ തന്റെ അധികാരം ഉപയോഗിച്ച് അറുതിവരുത്തും. കൂടാതെ, തന്റെ പരമാധികാരം അംഗീകരിക്കാതിരിക്കുകയും അതിലൂടെ മനുഷ്യരാശിയെ എന്നും പാപത്തിനും അപൂർണതയ്ക്കും ‘ഈ ലോകത്തിന്റെ ദൈവമായ’ സാത്താനും അടിമകളാക്കിവെക്കുകയും ചെയ്യുന്ന സകലരെയും അവൻ നശിപ്പിക്കും.—2 കൊരി. 4:4.
3. മിശിഹായെക്കുറിച്ച് യെശയ്യാവ് എന്തു മുൻകൂട്ടിപ്പറഞ്ഞു?
3 മിശിഹായുടെ ഭരണത്തിലൂടെ പുതിയ ലോകത്തിൽ യഹോവ മനുഷ്യവർഗത്തിന്മേൽ സ്നേഹപുരസ്സരം തന്റെ പരമാധികാരം പ്രയോഗിക്കും. (ദാനീ. 7:13, 14) ആ രാജാവിനെക്കുറിച്ച് യെശയ്യാവ് ഇങ്ങനെ പ്രവചിച്ചു: “യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും. അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവഭക്തിയുടെയും ആത്മാവു തന്നേ.” (യെശ. 11:1, 2) മനുഷ്യവർഗത്തെ ഭരിക്കുന്നതിനുവേണ്ടി, ‘യിശ്ശായിയുടെ കുറ്റിയിൽനിന്നു പൊട്ടി പുറപ്പെട്ട മുളയായ’ യേശുക്രിസ്തുവിനെ ദൈവം പരിശുദ്ധാത്മാവിനെ ഉപയോഗിച്ചു യോഗ്യനാക്കിയത് ഏതു വിധങ്ങളിലാണ്? അവന്റെ ഭരണം എന്ത് അനുഗ്രഹങ്ങൾ കൈവരുത്തും? ആ അനുഗ്രഹങ്ങൾ പ്രാപിക്കാൻ നാം എന്തു ചെയ്യണം?
ദൈവം അവനെ യോഗ്യനാക്കി
4-6. ജ്ഞാനിയും കരുണാമയനുമായ രാജാവും മഹാപുരോഹിതനും ന്യായാധിപനുമായി പ്രവർത്തിക്കാൻ യേശുവിനെ എന്തു സഹായിക്കും?
4 തികഞ്ഞ ജ്ഞാനിയും കരുണാമയനും ആയ ഒരു രാജാവിന്റെ, മഹാപുരോഹിതന്റെ, ന്യായാധിപന്റെ കീഴിൽ ഭൂമിയിലെ തന്റെ പ്രജകൾ പൂർണത പ്രാപിക്കണം എന്നതാണ് യഹോവയുടെ ആഗ്രഹം. അതുകൊണ്ടാണ് ദൈവം യേശുക്രിസ്തുവിനെത്തന്നെ ഈ നിയോഗം ഭരമേൽപ്പിച്ചത്; പരിശുദ്ധാത്മാവിലൂടെ യഹോവ ഇതിനുവേണ്ട യോഗ്യതകൾ അവനു നൽകുകയും ചെയ്തു. ദൈവം ഭരമേൽപ്പിച്ചിരിക്കുന്ന ഗൗരവമേറിയ ഈ ഉത്തരവാദിത്വങ്ങൾ യേശു ഭംഗിയായി നിർവഹിക്കും എന്ന് പറയുന്നത് എന്തുകൊണ്ടാണ്? ചില കാരണങ്ങൾ പരിശോധിക്കാം.
5 ദൈവത്തെ ഏറ്റവും അടുത്തറിഞ്ഞ വ്യക്തിയാണ് യേശു. ഈ ഏകജാത പുത്രനാണ് മറ്റാരെക്കാളും കൂടുതൽ കാലം പിതാവിനോടൊപ്പം സമയം ചെലവഴിച്ചത്, കോടിക്കണക്കിനു വർഷങ്ങൾ! “അദൃശ്യനായ ദൈവത്തിന്റെ പ്രതിരൂപ”മെന്നു വിളിക്കപ്പെടാൻമാത്രം അത്ര നന്നായി ആ കാലയളവിൽ അവൻ യഹോവയെ മനസ്സിലാക്കി. (കൊലോ. 1:15) “എന്നെ കണ്ടിരിക്കുന്നവൻ പിതാവിനെയും കണ്ടിരിക്കുന്നു” എന്നു പറയാൻ യേശുവിനു കഴിഞ്ഞു.—യോഹ. 14:9.
6 മനുഷ്യർ ഉൾപ്പെടെയുള്ള സൃഷ്ടികളെക്കുറിച്ച് യഹോവ കഴിഞ്ഞാൽപ്പിന്നെ ഏറ്റവും നന്നായി അറിയാവുന്നത് യേശുവിനാണ്. കൊലോസ്യർ 1:16, 17 പറയുന്നു: “സ്വർഗത്തിലും ഭൂമിയിലുമുള്ള മറ്റെല്ലാം അവൻ (ദൈവപുത്രൻ) മുഖാന്തരമത്രേ സൃഷ്ടിക്കപ്പെട്ടത്; ദൃശ്യമായതും അദൃശ്യമായതും, . . . അവനിലൂടെയും അവനായിട്ടും സൃഷ്ടിക്കപ്പെട്ടു. അവൻ മറ്റെല്ലാറ്റിനും മുമ്പേയുള്ളവൻ; അവയെല്ലാം അവൻ മുഖാന്തരം ഉളവാക്കപ്പെട്ടു.” അതേക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ! മറ്റെല്ലാ സൃഷ്ടിക്രിയകളിലും ദൈവത്തോടൊപ്പം “ശില്പി” ആയി പ്രവർത്തിച്ചവനാണ് യേശു. അതുകൊണ്ട് സൂക്ഷ്മകണികകൾ മുതൽ സങ്കീർണമായ മനുഷ്യ മസ്തിഷ്കം വരെ പ്രപഞ്ചത്തിലുള്ള എല്ലാറ്റിന്റെയും സകലവിശദാംശങ്ങളും അവനറിയാം. അതെ ക്രിസ്തു ജ്ഞാനത്തിന്റെ ആൾരൂപമാണ്!—സദൃ. 8:12, 22, 30, 31.
7, 8. ശുശ്രൂഷയിൽ പരിശുദ്ധാത്മാവ് യേശുവിനെ സഹായിച്ചത് എങ്ങനെ?
7 യേശു ദൈവത്തിന്റെ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെട്ടിരുന്നു. “ദരിദ്രരോടു സുവിശേഷം ഘോഷിക്കാൻ യഹോവ എന്നെ അഭിഷേകം ചെയ്തിരിക്കയാൽ അവന്റെ ആത്മാവ് എന്റെമേൽ ഉണ്ട്. തടവുകാരോടു മോചനവും അന്ധന്മാരോടു കാഴ്ചയും ഘോഷിക്കാനും മർദിതരെ വിടുവിച്ചയയ്ക്കാനും യഹോവയുടെ പ്രസാദവർഷം പ്രസിദ്ധമാക്കാനും അവൻ എന്നെ അയച്ചിരിക്കുന്നു” എന്ന് യേശു പറയുകയുണ്ടായി. (ലൂക്കോ. 4:18, 19) മനുഷ്യനായി ഭൂമിയിലേക്കു വരുന്നതിനുമുമ്പു പഠിച്ച കാര്യങ്ങളെല്ലാം സ്നാനസമയത്ത് പരിശുദ്ധാത്മാവ് യേശുവിനെ ഓർമപ്പെടുത്തിയിട്ടുണ്ടാകും. ഭൂമിയിലെ ശുശ്രൂഷക്കാലത്തു മിശിഹാ ചെയ്യണമെന്ന് ദൈവം പ്രതീക്ഷിച്ച കാര്യങ്ങളും അതിൽ ഉൾപ്പെട്ടിരിക്കാം.—യെശയ്യാവു 42:1; ലൂക്കോസ് 3:21, 22; യോഹന്നാൻ 12:50 വായിക്കുക.
8 ഭൂമുഖത്ത് ജീവിച്ചിരുന്ന ഏറ്റവും മഹാനായ മനുഷ്യൻ മാത്രമല്ല ഏറ്റവും മഹാനായ അധ്യാപകനും ആയിരുന്നു യേശു. എന്തുകൊണ്ട്? അവന് പരിശുദ്ധാത്മാവിൽനിന്ന് ശക്തി ലഭിച്ചിരുന്നു, കൂടാതെ അവന്റെ മനസ്സും ശരീരവും പൂർണതയുള്ളതായിരുന്നു. ശ്രോതാക്കൾ “അവന്റെ പഠിപ്പിക്കലിൽ വിസ്മയിച്ച”തിൽ അതിശയിക്കാനില്ല. (മത്താ. 7:28) അവന്റെ പഠിപ്പിക്കലിനെ വിശേഷതയുള്ളതാക്കിയത് എന്താണ്? മനുഷ്യവർഗത്തിന്റെ പ്രശ്നങ്ങൾക്കുള്ള അടിസ്ഥാനകാരണങ്ങൾ പാപവും അപൂർണതയും ദൈവത്തെക്കുറിച്ചുള്ള അജ്ഞതയുമാണെന്ന കാര്യം യേശുവിന്റെ മനസ്സിൽ ഉണ്ടായിരുന്നു. തന്നെയുമല്ല, ആളുകളുടെ മനോവിചാരം മനസ്സിലാക്കാനും അതിനനുസരിച്ച് അവരോട് ഇടപെടാനും അവനു കഴിഞ്ഞു.—മത്താ. 9:4; യോഹ. 1:47.
9. മനുഷ്യനായിരുന്ന കാലത്തെ യേശുവിന്റെ അനുഭവങ്ങൾ അവൻ ഒരു നല്ല ഭരണാധികാരി ആയിരിക്കും എന്ന് ഉറപ്പുനൽകുന്നത് എങ്ങനെ?
9 യേശു മനുഷ്യനായി ജീവിച്ചു. മനുഷ്യനായിരുന്ന കാലത്തെ ജീവിതാനുഭവങ്ങളും അപൂർണരായ മനുഷ്യരോടൊത്തുള്ള സഹവാസം നൽകിയ അറിവുകളും നല്ലൊരു രാജാവാകാൻ യേശുവിനെ യോഗ്യനാക്കി. പൗലോസ് അതേക്കുറിച്ച് ഇങ്ങനെയാണ് പറഞ്ഞത്: “അവൻ (യേശു) എല്ലാവിധത്തിലും തന്റെ ‘സഹോദരന്മാരെപ്പോലെ’ ആകേണ്ടത് ആവശ്യമായിരുന്നു; ദൈവശുശ്രൂഷയിൽ കരുണയും വിശ്വസ്തതയുമുള്ള മഹാപുരോഹിതനായി ജനത്തിന്റെ പാപങ്ങൾക്കുവേണ്ടി അനുരഞ്ജനയാഗം അർപ്പിക്കേണ്ടതിനുതന്നെ. അവൻതന്നെ പരീക്ഷിതനായി കഷ്ടം സഹിച്ചതിനാൽ, പരീക്ഷിക്കപ്പെടുന്നവരുടെ തുണയ്ക്കെത്താൻ അവനു കഴിയും.” (എബ്രാ. 2:17, 18) പരീക്ഷകളിലൂടെ കടന്നുപോയതിനാൽ യേശുവിന് കഷ്ടതകൾ അനുഭവിക്കുന്നവരോടു സഹാനുഭൂതി കാണിക്കാനാകും. ഭൂമിയിലെ അവന്റെ ശുശ്രൂഷയിൽ ഉടനീളം ഈ ഗുണം പ്രകടമായിരുന്നു. ദുർബലരും രോഗികളും നിസ്സഹായരും എന്തിന്, കുട്ടികൾപോലും മടിച്ചുനിൽക്കാതെ അവനെ സമീപിച്ചു. (മർക്കോ. 5:22-24, 38-42; 10:14-16) എളിയവരും ആത്മീയ വിശപ്പനുഭവിക്കുന്നവരും അവങ്കൽ അണഞ്ഞു. എന്നാൽ അഹങ്കാരികളും നിഷ്ഠുരരും “ഉള്ളിൽ ദൈവസ്നേഹം” ഇല്ലാത്തവരും ആയ ആളുകൾ യേശുവിനെ സ്വീകരിച്ചില്ല; അവർ അവനെ എതിർക്കുകയും വെറുക്കുകയും ചെയ്തു.—യോഹ. 5:40-42; 11:47-53.
10. നമ്മെ സ്നേഹിക്കുന്നു എന്ന് യേശു കാണിച്ചതെങ്ങനെ?
10 യേശു നമുക്കായി തന്റെ ജീവൻ നൽകി. ഒരുപക്ഷേ, നമുക്കുവേണ്ടി മരിക്കാൻ അവൻ തയ്യാറായി എന്നതാണ് അവൻ നല്ല ഭരണാധികാരിയായിരിക്കും എന്നതിന്റെ ഏറ്റവും വലിയ തെളിവ്. (സങ്കീർത്തനം 40:6-10 വായിക്കുക.) “സ്നേഹിതർക്കുവേണ്ടി ജീവൻ വെച്ചുകൊടുക്കുന്നതിനെക്കാൾ വലിയ സ്നേഹം ഇല്ല” എന്നു പറഞ്ഞത് അവൻതന്നെയാണ്. (യോഹ. 15:13) സ്വന്തം ജീവൻതന്നെ മറ്റുള്ളവർക്കായി നൽകിയ യേശു, പ്രജകളെ ചൂഷണംചെയ്ത് സുഖലോലുപ ജീവിതം നയിക്കുന്ന അപൂർണരായ മാനുഷ ഭരണാധികാരികളിൽനിന്ന് എത്രയോ വ്യത്യസ്തനാണ്!—മത്താ. 20:28.
മറുവിലയുടെ പ്രയോജനങ്ങൾ ജനങ്ങളിലെത്തിക്കാൻ നിയുക്തൻ
11. നമ്മുടെ വീണ്ടെടുപ്പുകാരനായ യേശുവിൽ പൂർണമായി വിശ്വാസം അർപ്പിക്കാനാകുന്നത് എന്തുകൊണ്ട്?
11 മറുവിലായാഗത്തിന്റെ പ്രയോജനങ്ങൾ നമ്മിലെത്തിക്കാൻ മഹാപുരോഹിതനായ യേശു നേതൃത്വംവഹിക്കും. അതിന് ദൈവം അവനെ തിരഞ്ഞെടുത്തത് എത്ര ഉചിതമാണ്! ആയിരംവർഷ വാഴ്ചക്കാലത്ത് വീണ്ടെടുപ്പുകാരനായ താൻ എന്തു ചെയ്യും എന്നതിന്റെ ഒരു പൂർവവീക്ഷണമാണ് ഭൂമിയിലായിരിക്കെ യേശു കാണിച്ചുതന്നത്. അവൻ രോഗികളെയും വൈകല്യങ്ങളുള്ളവരെയും സൗഖ്യമാക്കി, മരിച്ചവരെ ഉയിർപ്പിച്ചു, ആയിരങ്ങളെ പോഷിപ്പിച്ചു, പ്രകൃതിശക്തികളെപ്പോലും വരുതിയിലാക്കി. (മത്താ. 8:26; 14:14-21; ലൂക്കോ. 7:14, 15) തന്റെ അധികാരവും ശക്തിയും കാണിക്കാനായിരുന്നില്ല, മറിച്ച് ആളുകളോടുള്ള സ്നേഹവും അവരോടു തോന്നിയ അനുകമ്പയും നിമിത്തമാണ് അവൻ ഇതെല്ലാം ചെയ്തത്. “നിനക്കു മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധനാക്കാൻ കഴിയും” എന്നു പറഞ്ഞുവന്ന കുഷ്ഠരോഗിയോട് അവൻ “എനിക്കു മനസ്സുണ്ട്” എന്നു പറഞ്ഞു. (മർക്കോ. 1:40, 41) ഭൂമിയിലെങ്ങുമുള്ള ആളുകളോട് യേശു തന്റെ ആയിരംവർഷ വാഴ്ചക്കാലത്ത് അതേ അനുകമ്പ കാണിക്കും. വിശ്വസ്തരായിരുന്നാൽ നമുക്കും അത് അനുഭവിക്കാം.
12. യെശയ്യാവു 11:9 നിവൃത്തിയേറുന്നത് എങ്ങനെയായിരിക്കും?
12 ഏതാണ്ട് 2,000 വർഷങ്ങൾക്കുമുമ്പ് ക്രിസ്തു തുടക്കമിട്ട ആത്മീയ വിദ്യാഭ്യാസവേല അവനും അവന്റെ സഹഭരണാധികാരികളും ചേർന്ന് തുടർന്നുകൊണ്ടുപോകും. അങ്ങനെ, “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണ”മായിരിക്കും എന്ന യെശയ്യാവു 11:9-ലെ വാക്കുകൾ നിവൃത്തിയേറും. ഭൂമിയെയും അതിലെ എണ്ണമറ്റ ജീവജാലങ്ങളെയും പരിപാലിക്കുന്നതു സംബന്ധിച്ച നിർദേശങ്ങൾ സാധ്യതയനുസരിച്ച് ആ പാഠ്യപദ്ധതിയിൽപ്പെടും; ആദാമിന് ദൈവം നൽകിയിരുന്ന നിയോഗമായിരുന്നു അത്. 1,000 വർഷത്തിന്റെ അവസാനത്തോടെ ദൈവത്തിന്റെ ആദിമോദ്ദേശ്യം സാക്ഷാത്കരിക്കപ്പെടും, മറുവിലായാഗത്തിന്റെ പ്രയോജനങ്ങൾ പൂർണമായി ജനങ്ങളിലെത്തും.—ഉല്പ. 1:28.
ന്യായംവിധിക്കാൻ നിയുക്തൻ
13. നീതിയോടുള്ള സ്നേഹം യേശു പ്രകടിപ്പിച്ചതെങ്ങനെ?
13 “ജീവിച്ചിരിക്കുന്നവർക്കും മരിച്ചവർക്കും ന്യായാധിപതിയായിരിക്കാൻ ദൈവത്താൽ നിയോഗിക്കപ്പെട്ടവൻ” ആണ് ക്രിസ്തു. (പ്രവൃ. 10:42) നീതിയും വിശ്വസ്തതയും അരക്കച്ചയാക്കിയിരിക്കുന്ന അവനിൽ അഴിമതിയുടെ കറപുരണ്ടിട്ടില്ല എന്നറിയുന്നത് എത്ര ആശ്വാസകരമാണ്! (യെശ. 11:5) അത്യാഗ്രഹവും കാപട്യവും പോലുള്ള തിന്മകളോട് അവനു വെറുപ്പായിരുന്നു. കഷ്ടപ്പാട് അനുഭവിക്കുന്നവരോട് കനിവു കാണിക്കാതിരുന്നവരെ അവൻ ശകാരിച്ചു. (മത്താ. 23:1-8, 25-28; മർക്കോ. 3:5) ‘മനുഷ്യനിലുള്ളത് എന്താണെന്ന് അവന് അറിയാമായിരുന്നു.’ അതെ, മനുഷ്യന്റെ മനസ്സ് വായിക്കാൻ കഴിയുമായിരുന്നതിനാൽ ആർക്കും അവനെ കബളിപ്പിക്കാനാകുമായിരുന്നില്ല.—യോഹ. 2:25.
14. നീതിയോടും ന്യായത്തോടുമുള്ള തന്റെ പ്രിയം യേശു ഇന്നും കാണിക്കുന്നത് എങ്ങനെ, നാം ഏതു ചോദ്യങ്ങൾ സ്വയം ചോദിക്കണം?
14 ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ബൃഹത്തായ പ്രസംഗ-പഠിപ്പിക്കൽ വേലയ്ക്കു നേതൃത്വം എടുത്തുകൊണ്ട് നീതിയോടും ന്യായത്തോടുമുള്ള തന്റെ പ്രിയം യേശു ഇന്നും കാണിക്കുന്നു. ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ ഈ വേല പൂർത്തിയാക്കപ്പെടും. അതു തടയാൻ ഏതെങ്കിലും മനുഷ്യനോ മനുഷ്യ ഗവണ്മെന്റിനോ ദുഷ്ട ആത്മജീവികൾക്കോ കഴിയില്ല. അതുകൊണ്ട് അർമ്മഗെദ്ദോൻ കഴിയുമ്പോഴേക്കും ഭൂമിയിലെങ്ങും നീതിയും നേരും കളിയാടും. (യെശയ്യാവു 11:4; മത്തായി 16:27 വായിക്കുക.) സ്വയം ചോദിക്കുക: ‘ശുശ്രൂഷയിൽ കണ്ടുമുട്ടുന്ന ആളുകളോട് യേശുവിനു തോന്നിയ താത്പര്യം എനിക്കു തോന്നാറുണ്ടോ? അനാരോഗ്യവും സാഹചര്യങ്ങളും നിമിത്തം അധികമൊന്നും ചെയ്യാനാകുന്നില്ലെങ്കിലും എന്റെ പരമാവധിയാണോ ഞാൻ യഹോവയ്ക്കു നൽകുന്നത്?’
15. ഏതു കാര്യം മനസ്സിൽപ്പിടിക്കുന്നത് മുഴുദേഹിയോടെ ദൈവത്തെ സേവിക്കാൻ നമ്മെ സഹായിക്കും?
15 പ്രസംഗവേല ദൈവത്തിന്റെ വേലയാണ് എന്ന കാര്യം മനസ്സിലുണ്ടെങ്കിൽ മുഴുദേഹിയോടെ അതിൽ ഏർപ്പെടാൻ നമുക്കു കഴിയും. അതു നിർവഹിക്കാൻ കൽപ്പിച്ചത് അവനാണ്; പുത്രനിലൂടെ അതിനെ നയിക്കുന്നത് അവനാണ്; അതിൽ പങ്കെടുക്കുന്നവർക്കു പരിശുദ്ധാത്മാവിനെ നൽകി ശക്തിപകരുന്നതും അവനാണ്. പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന പുത്രനോടൊപ്പം ദൈവത്തിന്റെ കൂട്ടുവേലക്കാരായി പ്രവർത്തിക്കാൻ ലഭിച്ചിരിക്കുന്ന പദവിയെ നിങ്ങൾ വിലമതിക്കുന്നുണ്ടോ? 70 ലക്ഷത്തിലധികം വരുന്ന ആളുകളാണ് 236 ദേശങ്ങളിൽ ഇന്ന് രാജ്യസന്ദേശം അറിയിച്ചുകൊണ്ടിരിക്കുന്നത്. പൊതുവെ “പഠിപ്പില്ലാത്തവരും സാധാരണക്കാരും” ആയി ലോകം വീക്ഷിക്കുന്ന ഇവരെക്കൊണ്ട് ബൃഹത്തായ ഈ വേല ചെയ്യിക്കുന്നത് യഹോവയല്ലാതെ മറ്റാരുമല്ല!—പ്രവൃ. 4:13.
ക്രിസ്തുവിലൂടെ വരുന്ന അനുഗ്രഹങ്ങൾ നേടിയെടുക്കുക!
16. ഉല്പത്തി 22:18 എന്ത് ഉറപ്പുനൽകുന്നു?
16 “നീ എന്റെ വാക്കു അനുസരിച്ചതുകൊണ്ടു നിന്റെ സന്തതി മുഖാന്തരം ഭൂമിയിലുള്ള സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്ന് യഹോവ അബ്രാഹാമിനോടു സത്യംചെയ്തു. (ഉല്പ. 22:18) ദൈവത്തെയും ദൈവപുത്രനെയും സേവിക്കുന്നത് വിലയേറിയ പദവിയായി കാണുന്നവർക്ക് മിശിഹൈക സന്തതി കൈവരുത്തുന്ന അനുഗ്രഹങ്ങൾ ലഭിക്കും എന്ന ഉറപ്പാണ് ഇതു നൽകുന്നത്. ഈ അനുഗ്രഹങ്ങൾ മുന്നിൽക്കണ്ട് അവർ സജീവമായി പ്രവർത്തിക്കുന്നു.
17, 18. യഹോവയുടെ ഏതു വാഗ്ദാനം ആവർത്തനം 28:2-ൽ നാം വായിക്കുന്നു? നാം എന്തു ചെയ്യാൻ ദൈവം പ്രതീക്ഷിക്കുന്നു?
17 അബ്രാഹാമിന്റെ സന്തതികളായ ഇസ്രായേല്യരോട് ദൈവം ഒരിക്കൽ പറഞ്ഞു: “നിന്റെ ദൈവമായ യഹോവയുടെ വാക്കു കേട്ടനുസരിച്ചാൽ ഈ അനുഗ്രഹങ്ങളെല്ലാം (ന്യായപ്രമാണത്തിൽ പറഞ്ഞിരിക്കുന്ന അനുഗ്രഹങ്ങളെല്ലാം) നിനക്കു സിദ്ധിക്കും.” (ആവ. 28:2) ഇന്നത്തെ ദൈവദാസന്മാർക്കും ഇതു ബാധകമാണ്. യഹോവ നൽകുന്ന അനുഗ്രഹങ്ങൾ നേടാൻ ആഗ്രഹിക്കുന്നെങ്കിൽ അവന്റെ വാക്കു ‘കേട്ടനുസരിക്കുക.’ അങ്ങനെയാകുമ്പോൾ “ഈ അനുഗ്രഹങ്ങളെല്ലാം” നമുക്കു ലഭിക്കും. ആകട്ടെ, ‘കേട്ടനുസരിക്കുന്നതിൽ’ എന്താണ് ഉൾപ്പെട്ടിരിക്കുന്നത്?
18 ദൈവവചനത്തിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഗൗരവത്തോടെ കാണുകയും ദൈവം നൽകുന്ന ആത്മീയ ഭക്ഷണം നന്നായി ഭക്ഷിക്കുകയും ചെയ്യുന്നത് ‘കേട്ടനുസരിക്കുന്നതിൽ’ ഉൾപ്പെടുന്നു. (മത്താ. 24:45) ദൈവത്തെയും അവന്റെ പുത്രനെയും അനുസരിക്കുന്നതും അതിന്റെ ഭാഗമാണ്. “എന്നോടു ‘കർത്താവേ, കർത്താവേ’ എന്നു പറയുന്ന ഏവനുമല്ല, സ്വർഗസ്ഥനായ എന്റെ പിതാവിന്റെ ഇഷ്ടം ചെയ്യുന്നവനത്രേ സ്വർഗരാജ്യത്തിൽ കടക്കുന്നത്” എന്ന് യേശു പറയുകയുണ്ടായി. (മത്താ. 7:21) “മനുഷ്യരാകുന്ന ദാനങ്ങളെ,” അതായത് നിയമിത മൂപ്പന്മാരെ അനുസരിച്ചുകൊണ്ട്, ദൈവം സ്ഥാപിച്ച ക്രിസ്തീയ സഭയ്ക്കു മനസ്സോടെ കീഴ്പെടുന്നതും ‘കേട്ടനുസരിക്കുന്നതിൽ’ ഉൾപ്പെടുന്നു.—എഫെ. 4:8.
19. ദൈവത്തിന്റെ അനുഗ്രഹം നേടാൻ നാം എന്തു ചെയ്യണം?
19 മുഴു ക്രിസ്തീയ സഭയുടെയും പ്രതിനിധികളായി സേവിക്കുന്ന ഭരണസംഘാംഗങ്ങളും ‘മനുഷ്യരാകുന്ന ദാനങ്ങളിൽ’ ഉൾപ്പെടുന്നവരാണ്. (പ്രവൃ. 15:2, 6) ക്രിസ്തുവിന്റെ ആത്മീയ സഹോദരന്മാരോടുള്ള നമ്മുടെ പെരുമാറ്റവും മനോഭാവവുമാണ് വരാനിരിക്കുന്ന മഹാകഷ്ടത്തിൽ നാം എങ്ങനെ ന്യായംവിധിക്കപ്പെടും എന്നു നിർണയിക്കുന്ന ഒരു പ്രധാന ഘടകം. (മത്താ. 25:34-40) അതുകൊണ്ട് ദൈവത്തിന്റെ അനുഗ്രഹം നേടാനുള്ള ഒരു മാർഗം അവന്റെ അഭിഷിക്തരെ വിശ്വസ്തമായി പിന്തുണയ്ക്കുകയാണ്.
20. (എ) ‘മനുഷ്യരാകുന്ന ദാനങ്ങളുടെ’ പ്രാഥമിക ഉത്തരവാദിത്വം എന്താണ്? (ബി) ഈ സഹോദരങ്ങളെ നാം വിലയേറിയവരായി കാണുന്നു എന്ന് എങ്ങനെ കാണിക്കാം?
20 പരിശുദ്ധാത്മാവിനാൽ നിയമിതരായിരിക്കുന്ന ബ്രാഞ്ചുകമ്മിറ്റി അംഗങ്ങളും സഞ്ചാരമേൽവിചാരകന്മാരും സഭാമൂപ്പന്മാരും ‘മനുഷ്യരാകുന്ന ദാനങ്ങളാണ്.’ (പ്രവൃ. 20:28) “എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലും ഐക്യം പ്രാപിച്ച് ക്രിസ്തുവിന്റെ പരിപൂർണതയ്ക്കൊത്തവിധം തികഞ്ഞ പുരുഷത്വത്തിലേക്കു വളരാൻ” ഇടയാക്കുക എന്നതാണ് ഈ സഹോദരങ്ങളുടെ പ്രാഥമിക ഉത്തരവാദിത്വം. (എഫെ. 4:13) നമ്മെപ്പോലെ അവരും അപൂർണരാണ് എന്നതു ശരിതന്നെ. എങ്കിലും, അവരുടെ സ്നേഹപുരസ്സരമായ പരിപാലനത്തിനു കീഴ്പെടുന്നെങ്കിൽ, അവരോടു നന്ദിയുള്ളവരാണെങ്കിൽ നമ്മെ കാത്തിരിക്കുന്നത് അനുഗ്രഹങ്ങളാണ്.—എബ്രാ. 13:7, 17.
21. ദൈവപുത്രനെ അനുസരിക്കേണ്ടത് അടിയന്തിരമായിരിക്കുന്നത് എന്തുകൊണ്ട്?
21 സാത്താന്റെ ദുഷ്ടവ്യവസ്ഥിതിയെ പെട്ടെന്നുതന്നെ യേശു തകർത്തുതരിപ്പണമാക്കും. അതു സംഭവിക്കുമ്പോൾ നമ്മുടെ ഭാവി നിർണയിക്കുന്നത് യേശുവായിരിക്കും; കാരണം, ‘മഹാപുരുഷാരത്തെ’ “ജീവജലത്തിന്റെ ഉറവുകളിലേക്കു” നയിക്കാൻ ദൈവം നിയോഗിച്ചിരിക്കുന്നത് അവനെയാണ്. (വെളി. 7:9, 16, 17) അതുകൊണ്ട്, ദൈവാത്മാവിനാൽ നയിക്കപ്പെടുന്ന രാജാവിന് നന്ദിനിറഞ്ഞ മനസ്സോടെ സകലത്തിലും നമുക്കു കീഴ്പെടാം!
ഈ തിരുവെഴുത്തുകളിൽനിന്ന് എന്തു പഠിച്ചു?
[17-ാം പേജിലെ ചിത്രം]
യായീറൊസിന്റെ മകളെ ഉയിർപ്പിച്ചപ്പോൾ യേശുവിന്റെ സഹാനുഭൂതി ജനങ്ങൾക്കു കാണാനായി
[18-ാം പേജിലെ ചിത്രങ്ങൾ]
ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ബൃഹത്തായ പ്രസംഗവേലയ്ക്ക് യേശു നേതൃത്വം എടുക്കുന്നു