ദൈവത്തോട് അടുത്തുചെല്ലുക
യഹോവ നമുക്ക് തിരഞ്ഞെടുപ്പുസ്വാതന്ത്ര്യം നൽകിയിരിക്കുന്നു
“യഹോവയോടു ഞാൻ അവിശ്വസ്തത കാണിക്കുമോ എന്ന ഭയം അകാരണമായി എന്നെ വേട്ടയാടിയിരുന്നു” എന്ന് ക്രിസ്ത്യാനിയായ ഒരു സ്ത്രീ പറയുന്നു. ബാല്യത്തിലെ കയ്പേറിയ അനുഭവങ്ങളാണ് ക്രിസ്തീയ ജീവിതത്തിൽ തനിക്കു വിജയിക്കാനാവില്ലെന്നു ചിന്തിക്കാൻ അവരെ പ്രേരിപ്പിച്ചത്. എന്നാൽ അതു ശരിയാണോ? സാഹചര്യങ്ങളുടെ നടുവിൽ നിസ്സഹായരായി നിൽക്കാൻ വിധിക്കപ്പെട്ടവരാണോ നമ്മൾ? അല്ല. യഹോവയാം ദൈവം നമുക്ക് ഇച്ഛാസ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. അതുകൊണ്ട് ജീവിതത്തിൽ ഏതു പാത തിരഞ്ഞെടുക്കണമെന്ന് നമുക്ക് സ്വയം തീരുമാനിക്കാനാകും. നാം ശരിയായ പാത തിരഞ്ഞെടുക്കണമെന്നാണ് യഹോവ ആഗ്രഹിക്കുന്നത്. അത് എങ്ങനെ ചെയ്യാമെന്ന് അവന്റെ വചനമായ ബൈബിൾ നമ്മോടു പറയുന്നു. ആവർത്തനപുസ്തകം 30-ാം അധ്യായം അതിനൊരു ഉദാഹരണമാണ്. അവിടെ എഴുതിയിരിക്കുന്ന മോശയുടെ വാക്കുകളെക്കുറിച്ചു ചിന്തിക്കാം.
ദൈവം നമ്മോട് ആവശ്യപ്പെടുന്നത് എന്താണെന്നു മനസ്സിലാക്കുന്നതും അത് പ്രവർത്തിക്കുന്നതും ബുദ്ധിമുട്ടുള്ള സംഗതിയാണോ?a “ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്ന ഈ കൽപ്പന നിനക്കു പ്രയാസമുള്ളതല്ല, ദൂരമായുള്ളതുമല്ല” എന്ന് മോശ എഴുതി. (11-ാം വാക്യം) നമുക്കു കഴിയാത്ത കാര്യങ്ങൾ ചെയ്യാൻ യഹോവ ഒരിക്കലും നമ്മോട് ആവശ്യപ്പെടുകയില്ല. ന്യായമായതും നമുക്കു ചെയ്യാൻ സാധിക്കുന്നതുമായ കാര്യങ്ങളേ അവൻ നിഷ്കർഷിക്കുന്നുള്ളൂ. അത് എന്താണെന്ന് മനസ്സിലാക്കാനും മാർഗമുണ്ട്. അതിനായി നമുക്ക് ‘സ്വർഗ്ഗത്തിൽ കയറേണ്ട’ ആവശ്യമില്ല, ‘സമുദ്രം കടന്നു’ പോകേണ്ടതുമില്ല. (12, 13 വാക്യങ്ങൾ) നാം ജീവിക്കേണ്ടത് എങ്ങനെയെന്ന് ബൈബിൾ വ്യക്തമായി നമ്മോടു പറയുന്നു.—മീഖാ 6:8.
തന്നെ അനുസരിക്കാൻ യഹോവ നമ്മെ നിർബന്ധിക്കുന്നില്ല. മോശയിലൂടെ ദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നു: “ഇതാ, ഞാൻ ഇന്നു ജീവനും ഗുണവും, മരണവും ദോഷവും നിന്റെ മുമ്പിൽ വെച്ചിരിക്കുന്നു.” (15-ാം വാക്യം) ജീവനോ മരണമോ ഗുണമോ ദോഷമോ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്. ഒന്നുകിൽ ദൈവത്തെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് നമുക്ക് അനുഗ്രഹങ്ങൾ പ്രാപിക്കാം. അല്ലെങ്കിൽ ദൈവത്തെ അനുസരിക്കാതിരുന്നുകൊണ്ട് അതിന്റെ ഭവിഷ്യത്തുകൾ അനുഭവിക്കാം. ഇതിൽ ഏതു വേണമെങ്കിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നമുക്കുണ്ട്.—16-18 വാക്യങ്ങൾ; ഗലാത്യർ 6:7, 8.
നാം ഏതു ഗതി തിരഞ്ഞെടുക്കുന്നു എന്നതിൽ ദൈവം തത്പരനാണോ? തീർച്ചയായും! “ജീവനെ തിരഞ്ഞെടുത്തുകൊൾക” എന്ന് മോശയിലൂടെ ദൈവം അരുളിച്ചെയ്തു. (20-ാം വാക്യം) എന്നാൽ ജീവനെ തിരഞ്ഞെടുക്കാൻ നമുക്ക് എങ്ങനെ കഴിയും? “നിന്റെ ദൈവമായ യഹോവയെ സ്നേഹിക്കയും അവന്റെ വാക്കു കേട്ടനുസരിക്കയും അവനോടു ചേർന്നിരിക്കയും” ചെയ്തുകൊണ്ട് നമുക്ക് അതിനു കഴിയുമെന്ന് മോശ പറയുകയുണ്ടായി. (20-ാം വാക്യം) നാം യഹോവയെ സ്നേഹിക്കുന്നെങ്കിൽ എന്തൊക്കെ സംഭവിച്ചാലും അവനെ അനുസരിക്കാനും വിശ്വസ്തതയോടെ അവനോടു പറ്റിനിൽക്കാനും നാം ആഗ്രഹിക്കും. തീർച്ചയായും, ഇങ്ങനെയൊരു ഗതി പിൻപറ്റുന്നെങ്കിൽ നാം ജീവനെ തിരഞ്ഞെടുക്കുകയായിരിക്കും. അങ്ങനെയുള്ളവരെ കാത്തിരിക്കുന്നത് പുതിയ ലോകത്തിലെ നിത്യജീവനാണ്. അതിനെക്കാൾ മെച്ചമായ ഒരു ജീവിതഗതി വേറെയുണ്ടോ?—2 പത്രോസ് 3:11-13; 1 യോഹന്നാൻ 5:3.
മോശയുടെ വാക്കുകൾ വിലയേറിയ ഒരു സത്യം നമ്മെ പഠിപ്പിക്കുന്നു: ഈ ലോകത്തിൽ നമുക്ക് ഉണ്ടായിട്ടുള്ള ചില ദുരനുഭവങ്ങൾ നമ്മെ ഒരു പ്രത്യേക രീതിയിൽ വാർത്തെടുത്തിട്ടുണ്ടാകാം. എന്നാൽ ഇതിൽനിന്ന് ഇനി ഒരു മോചനമില്ലെന്നു വിചാരിച്ച് നാം നിസ്സഹായരായി കഴിയേണ്ടതില്ല. ദൈവത്തെ പ്രസാദിപ്പിക്കുന്ന ഒരു ജീവിതം നയിക്കാനാവില്ലെന്നും ചിന്തിക്കേണ്ടതില്ല. യഹോവ നിങ്ങൾക്ക് ഇച്ഛാസ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. അതെ, യഹോവയെ സ്നേഹിക്കാനും അവന്റെ വാക്കു കേട്ടനുസരിക്കാനും അവനോടു വിശ്വസ്തനായിരിക്കാനും നിങ്ങൾക്കു കഴിയും. അങ്ങനെയൊരു ജീവിതഗതി നിങ്ങൾ തിരഞ്ഞെടുത്താൽ യഹോവ നിങ്ങളുടെ ശ്രമങ്ങളെ അനുഗ്രഹിക്കും.
ഈ അറിവ് തുടക്കത്തിൽ പറഞ്ഞ ആ സ്ത്രീക്ക് വലിയ ആശ്വാസം പകർന്നു. അവർ പറയുന്നു: “ഞാൻ യഹോവയെ സ്നേഹിക്കുന്നുണ്ടെന്ന കാര്യം ചിലപ്പോഴെല്ലാം ഞാൻ മറന്നുപോകുന്നു. എന്നാൽ യഹോവയെ സ്നേഹിക്കുന്നതുകൊണ്ടുതന്നെ വിശ്വസ്തയായിരിക്കാൻ എനിക്കു കഴിയും എന്നതാണു സത്യം.” ആ സ്ത്രീയെപ്പോലെ യഹോവയുടെ സഹായത്താൽ നിങ്ങൾക്കും അതിനു കഴിയും.
[അടിക്കുറിപ്പ്]
a 16-ാം പേജിലെ ലേഖനം കാണുക.