ജീവിത-സേവന യോഗത്തിനുള്ള പഠനസഹായി—പരാമർശങ്ങൾ
നവംബർ 1-7
ദൈവവചനത്തിലെ നിധികൾ | യോശുവ 18-19
“ദേശം വിഭാഗിച്ചതിനു പിന്നിലെ യഹോവയുടെ ജ്ഞാനം”
it-1-E 359 ¶1
അതിർത്തികൾ
ഗോത്രങ്ങൾക്ക് ഭൂമി അവകാശമായി നൽകിയത് രണ്ടു കാര്യങ്ങളെ അടിസ്ഥാനമാക്കിയാണെന്നു തോന്നുന്നു: ഒന്ന് നറുക്കിട്ടും മറ്റേത് ഗോത്രത്തിന്റെ വലുപ്പം നോക്കിയും. ഓരോ ഗോത്രത്തിന്റെയും അവകാശം ഏകദേശം എവിടെയായിരിക്കണം എന്നായിരുന്നു നറുക്കിലൂടെ തീരുമാനിച്ചിരുന്നത്. വാഗ്ദത്തദേശത്ത് അവകാശഭൂമി വടക്കാണോ തെക്കാണോ കിഴക്കാണോ പടിഞ്ഞാറാണോ എന്നും തീരപ്രദേശത്താണോ മലമ്പ്രദേശത്താണോ എന്നും അങ്ങനെ കണ്ടെത്തും. നറുക്കിന്റെ ഫലത്തെ എല്ലാവരും കണ്ടത് യഹോവയുടെ തീരുമാനമായിട്ടായതുകൊണ്ട് ഗോത്രക്കാർക്കിടയിൽ അസൂയയും വഴക്കും ഒഴിവാക്കാൻ കഴിഞ്ഞു. (സുഭ 16:33) ഉൽപത്തി 49:1-33-ൽ ഗോത്രപിതാവായ യാക്കോബ് മരണക്കിടക്കയിൽവെച്ച് നടത്തിയ പ്രവചനങ്ങൾക്കു ചേർച്ചയിൽ ഓരോ ഗോത്രത്തിന്റെയും കാര്യങ്ങൾ ക്രമീകരിക്കാൻ ഇതിലൂടെ യഹോവ ഇടയാക്കി.
it-1-E 1200 ¶1
അവകാശം
അവകാശഭൂമി. ഉൽപത്തി 49:5, 7 വാക്യങ്ങളിലെ യാക്കോബിന്റെ പ്രവചനംപോലെതന്നെ ശിമെയോനും ലേവിക്കും പ്രത്യേകമായൊരു ഭാഗം അവകാശമായി കിട്ടിയില്ല. കാരണം യഹൂദയുടെ അതിർത്തിക്കുള്ളിലായിരുന്നു ശിമെയോന്റെ പ്രദേശം. (യോശ 19:1-9) ഇനി, ലേവിക്കു കിട്ടിയ 48 നഗരങ്ങളാകട്ടെ ഇസ്രായേൽപ്രദേശത്തെങ്ങും ചിതറിക്കിടക്കുകയായിരുന്നു.
it-1-E 359 ¶2
അതിർത്തി
ഓരോ ഗോത്രത്തിന്റെയും അവകാശസ്ഥലം എവിടെയാണെന്നു നറുക്കിട്ട് തീരുമാനിച്ചുകഴിഞ്ഞാൽ അവർക്ക് എന്തുമാത്രം സ്ഥലം കിട്ടുമെന്നു തീരുമാനിക്കുന്നത് രണ്ടാമത്തെ ഘടകത്തെ ആശ്രയിച്ചാണ്, അതായത് ഓരോ ഗോത്രത്തിന്റെയും വലുപ്പത്തിന് അനുസരിച്ച്. ബൈബിൾ പറയുന്നു: “നിങ്ങൾ ദേശം നറുക്കിട്ട് വിഭാഗിച്ച് നിങ്ങൾക്കിടയിലുള്ള കുടുംബങ്ങൾക്ക് അവകാശമായി കൊടുക്കണം. വലിയ കൂട്ടത്തിനു കൂടുതൽ അവകാശവും ചെറിയ കൂട്ടത്തിനു കുറച്ച് അവകാശവും കൊടുക്കണം. നറുക്കു വീഴുന്നിടത്തായിരിക്കും ഓരോരുത്തരുടെയും അവകാശം. പിതൃഗോത്രമനുസരിച്ച് നിങ്ങൾക്കു നിങ്ങളുടെ ഓഹരി അവകാശമായി ലഭിക്കും.” (സംഖ 33:54) ഉദാഹരണത്തിന്, യഹൂദയുടെ ഓഹരി വളരെ കൂടുതലായിരുന്നു. അതുകൊണ്ട്, അവരുടെ അവകാശത്തിന് ഇടയിൽ ശിമെയോൻവംശജർക്ക് അവകാശമായി ചില ഭാഗങ്ങൾ കിട്ടി.—യോശ 19:9.
ആത്മീയരത്നങ്ങൾ
it-1-E 359 ¶5
അതിർത്തി
യോർദാനു പടിഞ്ഞാറുള്ള ബാക്കി പ്രദേശം കീഴടക്കാൻ ഏഴു ഗോത്രങ്ങൾ മടിച്ചതിനു പല കാരണങ്ങളുണ്ടാകാമെന്നു ബൈബിൾപണ്ഡിതന്മാർ പറയുന്നു. അതുവരെ കീഴടക്കിയ പ്രദേശങ്ങളിൽനിന്നുതന്നെ അവർക്കു കണക്കിലധികം കൊള്ളമുതൽ കിട്ടിയതുകൊണ്ട് അവർക്കു ബാക്കി പ്രദേശങ്ങൾ കീഴടക്കാനുള്ള ആവേശം നഷ്ടപ്പെട്ടിരിക്കാം എന്നതാണ് ഒരു അഭിപ്രായം. ഇനി, കനാന്യർ പെട്ടെന്നൊന്നും തങ്ങളെ ആക്രമിക്കാനുള്ള സാധ്യതയില്ലെന്നും അവർ ചിന്തിച്ചിരിക്കാം. കൂടാതെ, കീഴടക്കാൻ ബാക്കിയുള്ള പ്രദേശങ്ങളിലെ ശത്രുക്കൾ വളരെ ശക്തരായിരുന്നു എന്നതും അവരെ പിന്തിരിപ്പിച്ച ഒരു കാരണമായിരിക്കാം. ആ ശത്രുക്കളെ തോൽപ്പിക്കാൻ വളരെ ബുദ്ധിമുട്ടായതുകൊണ്ട് കുറച്ചുനാൾകൂടെ കഴിഞ്ഞ് ആക്രമണം നടത്താം എന്ന് അവർ ചിന്തിച്ചുകാണും. (യോശ 13:1-7) കീഴടക്കാൻ ബാക്കിയുള്ള പ്രദേശങ്ങളെക്കുറിച്ച് കാര്യമായ അറിവില്ലാഞ്ഞതും അവർ മടിച്ചുനിൽക്കാനുള്ള കാരണമായിരിക്കാം.
നവംബർ 8-14
ദൈവവചനത്തിലെ നിധികൾ | യോശുവ 20-22
“ഒരു തെറ്റിദ്ധാരണയിൽനിന്ന് നമുക്കുള്ള പാഠങ്ങൾ”
w06 4/15 5 ¶3
വിജയപ്രദമായ ആശയവിനിമയത്തിനുള്ള താക്കോലുകൾ
മനസ്സുതുറന്ന ആശയവിനിമയത്തിനു തെറ്റിദ്ധാരണകളെയും തെറ്റായ വ്യാഖ്യാനങ്ങളെയും തടയാനാകും. ഇസ്രായേൽ ചരിത്രത്തിന്റെ തുടക്കത്തിൽ, യോർദ്ദാൻ നദിയുടെ കിഴക്കു പാർത്തിരുന്ന രൂബേന്യരും ഗാദ്യരും മനശ്ശെയുടെ പാതിഗോത്രവും യോർദ്ദാനിനു സമീപം “കാഴ്ച്ചെക്കു വലുതായിരിക്കുന്ന ഒരു യാഗപീഠം” പണിതു. മറ്റു ഗോത്രക്കാർ അവരെ തെറ്റിദ്ധരിച്ചു. യോർദ്ദാനക്കരെയുള്ള തങ്ങളുടെ സഹോദരങ്ങൾ വിശ്വാസത്യാഗത്തിന്റെ പ്രവർത്തനത്തിലേർപ്പെട്ടുവെന്നു ചിന്തിച്ച പടിഞ്ഞാറുള്ള ഗോത്രങ്ങൾ ആ ‘മത്സരികളുമായി’ യുദ്ധത്തിന് ഒരുങ്ങി. എന്നാൽ, യുദ്ധം ആരംഭിക്കുന്നതിനു മുമ്പ് കിഴക്കേ ഗോത്രക്കാരോടു കാര്യങ്ങൾ ആരായാൻ അവർ ഒരു പ്രതിനിധി സംഘത്തെ അയച്ചു. എത്ര ബുദ്ധിപൂർവകമായ ഒരു നീക്കം! ആ യാഗപീഠം നിയമവിരുദ്ധമായ ഹോമയാഗവും ഹനനയാഗവും അർപ്പിക്കാനല്ലായിരുന്നു എന്ന് അവർ തിരിച്ചറിഞ്ഞു. പകരം കിഴക്കേ ഗോത്രക്കാർ “നിങ്ങൾക്കു യഹോവയിൽ ഒരു ഓഹരിയില്ല” എന്നു മറ്റുള്ള ഗോത്രക്കാർ പിന്നീടു തങ്ങളോടു പറയുമെന്നു ഭയപ്പെട്ടു. ആ യാഗപീഠം അവരും യഹോവയുടെ ആരാധകരായിരുന്നു എന്നതിനു സാക്ഷ്യമായിരിക്കുമായിരുന്നു. (യോശുവ 22:10-29) അവർ ആ യാഗപീഠത്തിന് ഏദ് (എബ്രായയിൽ സാക്ഷി എന്നർഥം) എന്നു പേരിട്ടു. യഹോവയെ സത്യദൈവമായി അവർ അംഗീകരിച്ചിരുന്നു എന്നതിന് അത് ഒരു സാക്ഷ്യമായി വർത്തിച്ചതുകൊണ്ടാണ് ആ പേരിട്ടത്.—യോശുവ 22:34.
w08 11/15 18 ¶5
“സമാധാനത്തിന് ഉതകുന്ന കാര്യങ്ങൾ പിന്തുടരുക”
തെറ്റു ചെയ്തുവെന്നതിന് മതിയായ തെളിവുകളുണ്ടെന്നും മുന്നറിയിപ്പൊന്നും കൂടാതെ ഒരു ആക്രമണം നടത്തിയാൽ ആളപായം കുറയ്ക്കാമെന്നും ചില ഇസ്രായേല്യർ ചിന്തിച്ചിരിക്കാം. എന്നാൽ ഒരു എടുത്തുചാട്ടം നടത്താതെ യോർദ്ദാനു പടിഞ്ഞാറുള്ള ഗോത്രങ്ങൾ പ്രശ്നം അവരുടെ സഹോദരഗോത്രങ്ങളുമായി ചർച്ച ചെയ്യുന്നതിന് പ്രതിനിധികളെ അയയ്ക്കുന്നു. അവർ ചോദിച്ചു: “നിങ്ങൾ ഇന്നു യഹോവയോടു മത്സരിക്കേണ്ടതിന്നു ഒരു യാഗപീഠം പണിതു ഇന്നു യഹോവയെ വിട്ടുമാറുവാൻ തക്കവണ്ണം നിങ്ങൾ യിസ്രായേലിന്റെ ദൈവത്തോടു ചെയ്തിരിക്കുന്ന ഈ ദ്രോഹം എന്ത്?” വാസ്തവത്തിൽ ഈ ആരോപണം ശരിയല്ലായിരുന്നു, കാരണം വ്യാജാരാധനയ്ക്കുവേണ്ടി ആയിരുന്നില്ല ആ യാഗപീഠം പണിതത്. എന്നിട്ടും തങ്ങൾക്കെതിരെ ഉയർന്ന ആരോപണത്തോട് അവർ എങ്ങനെയാണു പ്രതികരിച്ചത്? അവർ തട്ടിക്കയറുകയോ സംസാരിക്കാൻ കൂട്ടാക്കാതിരിക്കുകയോ ചെയ്തോ? ഇല്ല. അവർ ശാന്തമായി പ്രതികരിച്ചു. യഹോവയെ സേവിക്കാനുള്ള ആഗ്രഹംകൊണ്ടുമാത്രമാണ് യാഗപീഠം പണിതതെന്ന് അവർ വിശദീകരിച്ചു. ആ നല്ല പ്രതികരണം യഹോവയുമായുള്ള അവരുടെ ബന്ധം കാത്തുസൂക്ഷിച്ചെന്നു മാത്രമല്ല വലിയൊരു കൂട്ടക്കൊലയും ഒഴിവാക്കി. അതേ, ശാന്തമായ ആ ചർച്ച പ്രശ്നം പരിഹരിക്കാനും സാമാധാനം പുനഃസ്ഥാപിക്കാനും സഹായിച്ചു.—യോശു. 22:13-34.
ആത്മീയരത്നങ്ങൾ
it-1-E 402 ¶3
കനാൻ
ചുറ്റുമുണ്ടായിരുന്ന ശത്രുക്കൾക്ക് ഇസ്രായേല്യരെ പേടിയായിരുന്നു. അതുകൊണ്ട് അവരാരും ഇസ്രായേല്യർക്ക് ഒരു ഭീഷണിയല്ലായിരുന്നു. മാത്രമല്ല, കനാന്യരെ ഓടിച്ചകളയുന്നത് “കുറേശ്ശെക്കുറേശ്ശെ” ആയിട്ടായിരിക്കുമെന്നും ദൈവം മുമ്പ് പറഞ്ഞിരുന്നു. യഹോവ കനാന്യരെ ഒറ്റയടിക്ക് ഓടിച്ചുകളഞ്ഞിരുന്നെങ്കിൽ ഇസ്രായേല്യർക്ക് അത്ര പെട്ടെന്ന് വന്ന് കനാന്യരുടെ ആ പ്രദേശങ്ങളിൽ മുഴുവൻ താമസമാക്കാനാകില്ലായിരുന്നു. അങ്ങനെ ജനവാസമില്ലാതെ കിടക്കുന്ന പ്രദേശങ്ങളിലൊക്കെ വന്യമൃഗങ്ങൾ പെറ്റുപെരുകാൻ ഇടയായേനേ.—പുറ 23:29, 30; ആവ 7:22.
നവംബർ 15-21
ദൈവവചനത്തിലെ നിധികൾ | യോശുവ 23-24
“ജനത്തോടുള്ള യോശുവയുടെ അവസാനത്തെ ഉപദേശം”
it-1-E 75
ഉടമ്പടി
ഇസ്രായേല്യർക്ക് കനാൻ ദേശം കീഴടക്കാനുള്ള നിയമപരമായ അവകാശമുണ്ടായിയിരുന്നു. കാരണം, പരമാധികാരിയായ യഹോവയാണ് അവർക്ക് അതിനുള്ള അവകാശം കൊടുത്തത്. അതുകൊണ്ട്, കൈവശമാക്കാൻപോകുന്ന ആ ദേശത്ത് അവർ വിദേശികളല്ലായിരുന്നു. അതിനാൽത്തന്നെ അവർ അവിടെയുള്ള കനാന്യരുമായി ഏതെങ്കിലും തരത്തിലുള്ള സഖ്യമോ ഉടമ്പടിയോ ചെയ്യേണ്ട ഒരു ആവശ്യവുമില്ലായിരുന്നു. കനാന്യർ വ്യാജാരാധകരായതുകൊണ്ട് അവരുമായി യാതൊരു ഉടമ്പടിയും പാടില്ല എന്ന് യഹോവ വ്യക്തമായി പറഞ്ഞിട്ടുമുണ്ടായിരുന്നു. (പുറ 23:31-33; 34:11-16) ആ ജനതകളുമായി വിവാഹബന്ധം പാടില്ലെന്ന കാര്യം പ്രത്യേകം എടുത്തുപറഞ്ഞിരുന്നു. കാരണം അങ്ങനെ വിവാഹം കഴിച്ചാൽ ഇണയുടെ മാത്രമല്ല ഇണയുടെ ബന്ധുക്കളുടെയും സ്വാധീനം കാരണം അവർ വ്യാജതമതാചാരങ്ങളിലേക്കു വീണുപോകാൻ ഇടയാകുമായിരുന്നു. അങ്ങനെ വിശ്വാസത്യാഗികളായിപ്പോയാൽ യഹോവ അവരെ മേലാൽ അനുഗ്രഹിക്കുകയോ സംരക്ഷിക്കുകയോ ചെയ്യില്ലായിരുന്നു.—ആവ 7:2-4; പുറ 34:16; യോശ 23:12, 13.
w07 11/1 26 ¶19-20
യഹോവയുടെ വചനം ഒരിക്കലും നിഷ്ഫലമാകില്ല
19 സ്വന്തകണ്ണുകളാൽ കണ്ടിരിക്കുന്ന കാര്യങ്ങളുടെ വെളിച്ചത്തിൽ ‘നമ്മുടെ ദൈവമായ യഹോവ നമ്മെക്കുറിച്ച് അരുളിച്ചെയ്തിട്ടുള്ള സകലനന്മകളിലുംവെച്ച് ഒന്നിനും വീഴ്ചവന്നിട്ടില്ല, സകലവും നമുക്കു സംഭവിച്ചു’ എന്നു നമുക്കു പറയാനാകും. (യോശുവ 23:14) യഹോവ തന്റെ ദാസരെ വിടുവിക്കുകയും സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു. അവന്റെ ഏതെങ്കിലും പ്രവചനം നിശ്ചിത സമയത്തു നിറവേറാതിരുന്നതായി നിങ്ങൾക്ക് അറിയാമോ? അത് അസംഭവ്യമാണ്. ദൈവത്തിന്റെ വിശ്വസ്ത വചനത്തിൽ നാം ആശ്രയംവെക്കുന്നത് തീർച്ചയായും ജ്ഞാനമാണ്.
20 ഭാവിയിലേക്കു നോക്കുമ്പോൾ നമുക്കെന്തു പറയാനാകും? നമ്മിൽ മിക്കവർക്കും, അവർണനീയമായ ഒരു പറുദീസാഭൂമിയിൽ നിത്യം ജീവിക്കാനാകുമെന്ന് യഹോവ വാക്കുനൽകിയിരിക്കുന്നു. ചുരുക്കം ചിലർക്കോ, ക്രിസ്തുവിനോടൊപ്പം ഭരണം നടത്തിക്കൊണ്ട് സ്വർഗത്തിൽ ജീവിക്കാനുള്ള പ്രത്യാശയുമുണ്ട്. ഏതായാലും, യോശുവയെപ്പോലെ വിശ്വസ്തരായി നിലകൊള്ളാൻ നമുക്കു തക്ക കാരണമുണ്ട്. നമ്മുടെ പ്രത്യാശ സാക്ഷാത്കരിക്കപ്പെടുന്ന ആ നാൾ വന്നെത്തുമ്പോൾ, യഹോവയുടെ സകല വാഗ്ദാനങ്ങളിലേക്കും തിരിഞ്ഞുനോക്കിക്കൊണ്ട് അവയെല്ലാം നിവൃത്തിയേറി എന്നു നമുക്കു പറയാനാകും.
ആത്മീയരത്നങ്ങൾ
w04 12/1 12 ¶1
യോശുവയിൽനിന്നുള്ള വിശേഷാശയങ്ങൾ
24:2—അബ്രാഹാമിന്റെ പിതാവ് തേരഹ് ഒരു വിഗ്രഹാരാധകൻ ആയിരുന്നോ? തുടക്കത്തിൽ തേരഹ് യഹോവയാം ദൈവത്തിന്റെ ആരാധകൻ അല്ലായിരുന്നു. ഊരിലെ ജനങ്ങളുടെ പ്രിയപ്പെട്ട ആരാധനാ മൂർത്തി ചന്ദ്രദേവനായ സിൻ ആയിരുന്നു. സാധ്യതയനുസരിച്ച്, അവനും ഈ ദേവനെ ആരാധിച്ചുപോന്നിരിക്കാം. തേരഹ് വിഗ്രഹങ്ങൾ നിർമിക്കുന്നവൻപോലും ആയിരുന്നിരിക്കാമെന്നാണ് യഹൂദ പാരമ്പര്യ വിശ്വാസം. എന്നിരുന്നാലും, ദൈവത്തിന്റെ കൽപ്പനയാൽ അബ്രാഹാം ഊർ വിട്ടുപോരുമ്പോൾ തേരഹും അവനോടൊപ്പം ഹാരാനിലേക്കു പോകുന്നു.—ഉല്പത്തി 11:31.
നവംബർ 22-28
ദൈവവചനത്തിലെ നിധികൾ | ന്യായാധിപന്മാർ 1-3
“ധൈര്യത്തിന്റെയും കൗശലത്തിന്റെയും ഒരു കഥ”
w04 3/15 31 ¶3
ഏഹൂദ് എതിരാളിയുടെ നുകം തകർക്കുന്നു
ഏഹൂദിന്റെ പദ്ധതികൾ വിജയിച്ചത് അവന്റെ സാമർഥ്യം കൊണ്ടോ ശത്രുക്കളുടെ കഴിവുകേടുകൊണ്ടോ അല്ല. ദിവ്യ ഉദ്ദേശ്യങ്ങളുടെ പൂർത്തീകരണം മാനുഷ ഘടകങ്ങളെ ആശ്രയിച്ചിരിക്കുന്നില്ല. തന്റെ ജനത്തെ വിടുവിക്കാനുള്ള സുനിശ്ചിത ദിവ്യഹിതത്തിനു ചേർച്ചയിൽ ഏഹൂദ് പ്രവർത്തിച്ചപ്പോൾ അവന് ദൈവത്തിന്റെ പിന്തുണ ലഭിച്ചു എന്നതാണ് അവന്റെ വിജയത്തിന്റെ പ്രഥമ കാരണം. ദൈവം ഏഹൂദിനെ എഴുന്നേൽപ്പിച്ചിരുന്നു, ‘യഹോവ തന്റെ ജനത്തിനു ന്യായാധിപന്മാരെ എഴുന്നേല്പിച്ചപ്പോൾ യഹോവ അതതു ന്യായാധിപനോടു കൂടെയിരുന്നു.’—ന്യായാധിപന്മാർ 2:18; 3:15.
w04 3/15 30 ¶2-4
ഏഹൂദ് എതിരാളിയുടെ നുകം തകർക്കുന്നു
കൃത്യം നടത്താൻ “ഒരു ചുരിക” ഉണ്ടാക്കുക എന്നതായിരുന്നു ഏഹൂദിന്റെ ആദ്യ നടപടി. തന്റെ വസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കാൻ കഴിയുന്ന, നീളം കുറഞ്ഞ ഇരുവായ്ത്തലയുള്ള ഒരു വാൾ ആയിരുന്നു അത്. തന്നെ പരിശോധിക്കാൻ സാധ്യതയുണ്ടെന്ന് അവന് അറിയാമായിരുന്നിരിക്കാം. വാളുകൾ സാധാരണ ശരീരത്തിന്റെ ഇടത്തു വശത്താണു സൂക്ഷിക്കാറുണ്ടായിരുന്നത്, വലതുകയ്യന്മാർക്കു പെട്ടെന്ന് അവ വലിച്ചൂരാനുള്ള സൗകര്യത്തിനായിരുന്നു ഇത്. എന്നാൽ ഇടങ്കയ്യനായ ഏഹൂദ്, തന്റെ ആയുധം “വസ്ത്രത്തിന്റെ ഉള്ളിൽ വലത്തെ തുടെക്കു കെട്ടി.” അവിടെയാണെങ്കിൽ രാജാവിന്റെ കാവൽക്കാർ തെരച്ചിൽ നടത്താനുള്ള സാധ്യത കുറവായിരുന്നു. അങ്ങനെ വിഘാതങ്ങളേതും ഇല്ലാതെ “അവൻ മോവാബ്രാജാവായ എഗ്ലോന്റെ അടുക്കൽ കാഴ്ച കൊണ്ടു ചെന്നു.”—ന്യായാധിപന്മാർ 3:16, 17.
കൊട്ടാരത്തിൽ ആദ്യം നടന്ന സംഭവങ്ങളെ കുറിച്ചുള്ള വിശദാംശങ്ങൾ ഒന്നും ലഭ്യമല്ല. ബൈബിൾ ഇത്രമാത്രം പറയുന്നു: “[ഏഹൂദ്] കാഴ്ചവെച്ചു കഴിഞ്ഞശേഷം കാഴ്ച ചുമന്നുകൊണ്ടു വന്നവരെ അവൻ അയച്ചുകളഞ്ഞു.” (ന്യായാധിപന്മാർ 3:18) ഏഹൂദ് കപ്പം കാഴ്ചവെച്ച ശേഷം കാഴ്ച ചുമന്നു കൊണ്ടുവന്നവരെ എഗ്ലോന്റെ വസതിയിൽനിന്നു സുരക്ഷിതമായ അകലം വരെ അനുഗമിച്ച് അവരെ പറഞ്ഞയച്ച ശേഷം തിരിച്ചുവന്നു. എന്തുകൊണ്ട്? അവൻ അവരെ കൊണ്ടുവന്നത് സംരക്ഷണത്തിനായിട്ട് ആയിരുന്നോ അതോ വെറും ഒരു പെരുമാറ്റവ്യവസ്ഥയുടെ പേരിൽ ആയിരുന്നോ? അല്ലെങ്കിൽ കേവലം കപ്പം ചുമട്ടുകാരായി കൊണ്ടുവന്നതായിരുന്നോ? തന്റെ പദ്ധതി നടപ്പാക്കുന്നതിനു മുമ്പ് അവർ സുരക്ഷിതമായ അകലത്തിൽ ആയിരിക്കണമെന്ന് അവൻ ആഗ്രഹിച്ചിരുന്നോ? ഏഹൂദിന്റെ മനോവിചാരങ്ങൾ എന്തായിരുന്നാലും ശരി അവൻ ഒറ്റയ്ക്ക് ധൈര്യത്തോടെ എഗ്ലോന്റെ വസതിയിലേക്കു തിരിച്ചുനടന്നു.
“[ഏഹൂദ്] ഗില്ഗാലിന്നരികെയുള്ള വിഗ്രഹങ്ങളുടെ അടുക്കൽനിന്നു മടങ്ങിച്ചെന്നു: രാജാവേ, എനിക്കു ഒരു സ്വകാര്യം ഉണ്ടു എന്നു പറഞ്ഞു.” അവൻ തിരിച്ച് എഗ്ലോന്റെ രാജസന്നിധിയിൽ പ്രവേശനം നേടിയെടുത്തത് എങ്ങനെയെന്നു തിരുവെഴുത്തുകൾ വിശദീകരിക്കുന്നില്ല. രാജാവിന്റെ കാവൽക്കാർ അവനെ സംശയിച്ചില്ലേ? ഒറ്റയ്ക്കുള്ള ഒരു യിസ്രായേല്യൻ തങ്ങളുടെ തമ്പുരാന് ഭീഷണിയായിരിക്കില്ലെന്ന് അവർ കരുതിയോ? ഒറ്റയ്ക്കുള്ള അവന്റെ തിരിച്ചുവരവ് അവൻ സ്വജനത്തിലുള്ളവരെ ചതിക്കുകയാണെന്ന ധാരണ ഉളവാക്കിയോ? എന്തായിരുന്നാലും, ഏഹൂദ് രാജാവുമായി ഒറ്റയ്ക്കൊരു കൂടിക്കാഴ്ചയ്ക്കുള്ള അവസരം തേടി. അവന് അതു തരപ്പെടുകയും ചെയ്തു.—ന്യായാധിപന്മാർ 3:19.
ആത്മീയരത്നങ്ങൾ
w05 1/15 24 ¶7
ന്യായാധിപന്മാരിൽനിന്നുള്ള വിശേഷാശയങ്ങൾ
2:10-12. യഹോവയുടെ ‘ഉപകാരങ്ങൾ ഒന്നും മറക്കാതിരിക്കാൻ’ നമുക്ക് ക്രമമായ ഒരു ബൈബിൾ പഠനപരിപാടി ആവശ്യമാണ്. (സങ്കീർത്തനം 103:2) ദൈവവചനത്തിലെ സത്യം മാതാപിതാക്കൾ മക്കളുടെ ഹൃദയത്തിൽ ഉൾനടേണ്ടതുണ്ട്.—ആവർത്തനപുസ്തകം 6:6-9.
നവംബർ 29-ഡിസംബർ 5
ദൈവവചനത്തിലെ നിധികൾ | ന്യായാധിപന്മാർ 4-5
“ജനത്തെ രക്ഷിക്കാൻ യഹോവ രണ്ട് സ്ത്രീകളെ ഉപയോഗിക്കുന്നു”
w15-E 8/1 13 ¶1
‘ഞാൻ ഇസ്രായേലിനു മാതാവായി എഴുന്നേറ്റു’
സീസെര! ആ പേര് കേൾക്കുമ്പോൾത്തന്നെ ഇസ്രയേല്യർ പേടിച്ച് വിറയ്ക്കുമായിരുന്നു. ഇനി, കനാന്യരുടെ മതാചരങ്ങളും സംസ്കാരവും അതിക്രൂരവും വൃത്തികെട്ടതുമായിരുന്നു. കാരണം അവർ സ്വന്തം കുഞ്ഞുങ്ങളെ ദൈവങ്ങൾക്കു ബലിയർപ്പിച്ചു; കൂടാതെ ആലയവേശ്യാവൃത്തിയും സർവസാധാരണമായിരുന്നു. ഒരു കനാന്യ പട്ടാളമേധാവിയും അയാളുടെ സൈന്യവും ഭരിക്കുന്ന ഒരു ദേശത്തെ ജീവിതം എങ്ങനെയുള്ളതായിരുന്നു? അവരുടെ അവസ്ഥ വെളിവാക്കുന്നതാണു ദബോരയുടെ പാട്ടിലെ ചില വരികൾ. ഗ്രാമങ്ങളിൽ ആളുകൾ ഇല്ലാതെയായി. ആളുകൾക്കു സ്വതന്ത്രമായി യാത്ര ചെയ്യാൻ ഏതാണ്ട് പറ്റാതായി. (ന്യായാധിപന്മാർ 5:6, 7) മതിലില്ലാത്ത ഗ്രാമങ്ങളിൽ താമസിക്കാനും പുറത്ത് ഇറങ്ങി കൃഷി ചെയ്യാനും ആളുകൾക്കു പേടിയായിരുന്നു. ഇനി, ആക്രമിക്കപ്പെടാനോ കുട്ടികളെ പിടിച്ചുകൊണ്ട് പോകാനോ സ്ത്രീകൾ ബലാത്സംഗം ചെയ്യപ്പെടാനോ സാധ്യതയുള്ളതുകൊണ്ട് വഴിയിൽ ഇറങ്ങി നടക്കാനും അവർ ഭയന്നിരുന്നു. അങ്ങനെ പേടിച്ച് വിറച്ച് കാടുകളിലും കുന്നുകളിലും പോയി ഒളിക്കുന്ന ആളുകളെ നിങ്ങൾക്കു ഭാവനയിൽ കാണാനാകുന്നുണ്ടോ?
w15-E 8/1 13 ¶2
‘ഞാൻ ഇസ്രായേലിനു മാതാവായി എഴുന്നേറ്റു’
20 വർഷം ആളുകൾ പേടിച്ച് കഴിഞ്ഞു. അവസാനം ധിക്കാരികളായ ആ ആളുകൾക്ക് മനംമാറ്റം വന്നിരിക്കുന്നതായി യഹോവ കണ്ടു. ദൈവപ്രചോദിതമായി ദബോരയും ബാരാക്കും പാടിയതുപോലെ ‘ദബോര ഇസ്രായേലിനു മാതാവായി എഴുന്നേറ്റു.’ ലപ്പീദോത്തിന്റെ ഭാര്യയായ ദബോരയ്ക്കു മക്കളുണ്ടായിരുന്നോ എന്നൊന്നും നമുക്ക് അറിയില്ല. എന്തായാലും ഇവിടെ ആ വാക്കുകൾ പറഞ്ഞിരിക്കുന്നത് ആലങ്കാരികാർഥത്തിലാണ്. അതായത്, ഒരു അമ്മ തന്റെ മക്കളെ സംരക്ഷിക്കുന്നതുപോലെ ഇസ്രായേൽ ജനതയെ സംരക്ഷിക്കാൻ യഹോവ ദബോരയെ നിയമിച്ചു. ശക്തമായ വിശ്വാസമുണ്ടായിരുന്ന ന്യായാധിപനായ ബാരാക്കിനെ വിളിച്ചുവരുത്തി, സീസെരയ്ക്കെതിരെ ചെല്ലാൻ വേണ്ട നിർദേശങ്ങൾ നൽകാൻ യഹോവ ദബോരയോടു പറഞ്ഞു.—ന്യായാധിപന്മാർ 4:3, 6, 7; 5:7.
w15-E 8/1 15 ¶2
‘ഞാൻ ഇസ്രായേലിനു മാതാവായി എഴുന്നേറ്റു’
യായേൽ പെട്ടെന്നു പ്രവർത്തിക്കണമായിരുന്നു. യായേൽ സീസെരയ്ക്കു കിടക്കാൻ ഒരു സ്ഥലം കാണിച്ചുകൊടുത്തു. തന്നെ അന്വേഷിച്ച് ആരെങ്കിലും വന്നാൽ താൻ അവിടെയുള്ള കാര്യം പറയരുതെന്ന് അദ്ദേഹം യായേലിനോടു പറഞ്ഞു. സീസെര കുടിക്കാൻ വെള്ളം ചോദിച്ചപ്പോൾ യായേൽ നല്ല കൊഴുത്ത പാൽ കൊടുത്തു. യായേൽ അദ്ദേഹത്തെ ഒരു പുതപ്പ് ഇട്ട് മൂടി. സീസെര പെട്ടെന്നുതന്നെ നല്ല ഉറക്കത്തിലായി. അപ്പോൾ യായേൽ ഒരു കൂടാരക്കുറ്റിയും ചുറ്റികയും കൈയിലെടുത്തു. കൂടാരങ്ങളിൽ താമസിക്കുന്ന സ്ത്രീകൾക്ക് ഉപയോഗിച്ച് പരിചയമുള്ള രണ്ട് ഉപകരണങ്ങളാണ് അവ. യായേൽ മെല്ലെ സീസെരയുടെ തലയ്ക്കരികിലേക്കു ചെന്നു. യായേലിന് ഉള്ളിൽ പേടി തോന്നിക്കാണും. എങ്കിലും യഹോവയുടെ ശത്രുവിനെ വകവരുത്താനുള്ള വലിയൊരു അവസരമാണ് ഇപ്പോൾ വീണുകിട്ടിയിരിക്കുന്നത്. ഒരു നിമിഷത്തേക്കെങ്കിലും ഒന്നു മടിച്ചുനിന്നാൽ ഒരുപക്ഷേ അതോടെ യായേലിന്റെ പദ്ധതിയെല്ലാം തകർന്നേനെ. യായേൽ അപ്പോൾ ദൈവജനത്തെക്കുറിച്ചും ഈ മനുഷ്യൻ പതിറ്റാണ്ടുകളായി അവരെ ക്രൂരമായി ഉപദ്രവിക്കുന്നതിനെക്കുറിച്ചും ചിന്തിച്ചിരിക്കുമോ? അതല്ലെങ്കിൽ യഹോവയ്ക്കുവേണ്ടി പ്രവർത്തിക്കാൻ തനിക്കു കിട്ടിയ വലിയൊരു അവസരമായി ഇതിനെ കണ്ടിരിക്കുമോ? അതെക്കുറിച്ച് ബൈബിൾ ഒന്നും പറയുന്നില്ല. എന്തായാലും യായേൽ പെട്ടെന്നു പ്രവർത്തിച്ചെന്ന് ഉറപ്പാണ്. കാരണം യായേൽ സീസെരയുടെ കഥ കഴിച്ചു.—ന്യായാധിപന്മാർ 4:18-21; 5:24-27.
ആത്മീയരത്നങ്ങൾ
w05 1/15 25 ¶5
ന്യായാധിപന്മാരിൽനിന്നുള്ള വിശേഷാശയങ്ങൾ
5:20—ബാരാക്കിനുവേണ്ടി ആകാശത്തുനിന്നു നക്ഷത്രങ്ങൾ പൊരുതിയത് എങ്ങനെയാണ്? ദൂതസഹായത്തെയാണോ, സീസെരയുടെ ജ്യോതിഷികൾ ദുശ്ശകുനമായി വ്യാഖ്യാനിച്ച ഉൽക്കാവർഷത്തെയാണോ അതോ സീസെര ആശ്രയം വെച്ച ജ്യോതിഷപ്രവചനങ്ങൾ ഫലിക്കാതെപോയതിനെയാണോ ഇത് കുറിക്കുന്നതെന്നൊന്നും ബൈബിൾ പറയുന്നില്ല. എന്നിരുന്നാലും, ഏതോ തരത്തിലുള്ള ദിവ്യ ഇടപെടൽ ഉണ്ടായിരുന്നു എന്നതിനു സംശയമില്ല.
ഡിസംബർ 6-12
ദൈവവചനത്തിലെ നിധികൾ | ന്യായാധിപന്മാർ 6-7
“നീ ശക്തി സംഭരിച്ച് പുറപ്പെടുക”
w02 2/15 6-7
ദൈവിക തത്ത്വങ്ങൾ നിങ്ങൾക്കു പ്രയോജനം ചെയ്യും
തന്നെക്കുറിച്ചുതന്നെ ആരോഗ്യാവഹമായ ഒരു വീക്ഷണം പുലർത്തിയിരുന്ന, തന്റെ പ്രാപ്തികളെയും കഴിവുകളെയും കുറിച്ച് ഉചിതമായ വിലയിരുത്തൽ നടത്തിയ ഒരുവനായിരുന്നു പുരാതന എബ്രായർക്കിടയിലെ ന്യായാധിപനായിരുന്ന ഗിദെയോൻ. ഇസ്രായേലിന്റെ അധിപതിയാകാൻ അവൻ ഒരിക്കലും ആഗ്രഹിച്ചിരുന്നതല്ല. എന്നാൽ ആ പദവി ഏറ്റെടുക്കാനുള്ള ക്ഷണം ലഭിച്ചപ്പോൾ താൻ അതിനു യോഗ്യനല്ലെന്ന് അവൻ വെളിപ്പെടുത്തി. “മനശ്ശെയിൽ എന്റെ കുലം എളിയതും എന്റെ കുടുംബത്തിൽവെച്ചു ഞാൻ ചെറിയവനും അല്ലോ” എന്ന് അവൻ പറഞ്ഞു.—ന്യായാധിപന്മാർ 6:12-16.
w05 7/15 16 ¶3
“യഹോവെക്കും ഗിദെയോന്നും വേണ്ടി വാൾ!”
പെട്ടെന്ന്, രാത്രിയുടെ നിശ്ശബ്ദത ഭേദിച്ചുകൊണ്ട് 300 പേരും തങ്ങളുടെ കുടങ്ങൾ ഉടയ്ക്കുകയും കാഹളം ഊതുകയും ആർത്തുവിളിക്കുകയും ചെയ്യുന്നു. മിദ്യാന്യർ ഒന്നടങ്കം ഞെട്ടിവിറയ്ക്കുന്നു! “യഹോവെക്കും ഗിദെയോന്നും വേണ്ടി വാൾ” എന്ന ആർപ്പുവിളി പ്രത്യേകിച്ചും അവരെ പരിഭ്രാന്തരാക്കുന്നു. ചുറ്റും പ്രകമ്പനംകൊള്ളിക്കുമാറ് അവർ അലമുറയിടുന്നു. ശത്രുവിനെ തിരിച്ചറിയാൻ കഴിയാതെ ആകെ കുഴഞ്ഞുമറിഞ്ഞ ഒരു അവസ്ഥയിലായിരിക്കെ അവർ പരസ്പരം വെട്ടിക്കൊല്ലാൻ ദൈവം ഇടയാക്കുന്നു. അപ്പോഴെല്ലാം ആ 300 പേരും സ്വസ്ഥാനങ്ങളിൽത്തന്നെ നിലകൊള്ളുന്നു. ശത്രുസൈന്യം ചിതറിയോടുന്നു. പക്ഷേ ആർക്കും രക്ഷപ്പെടാനാകുന്നില്ല. പാളയമടിച്ചിരുന്ന, ശേഷം സൈന്യത്തെയും തുരത്തുന്നതോടെ മിദ്യാന്യരുടെ ഭീഷണി എന്നെന്നേക്കുമായി അവസാനിക്കുന്നു. അങ്ങനെ, സുദീർഘവും ഹിംസാത്മകവും ആയ അധീശത്വത്തിനു തിരശ്ശീല വീഴുന്നു.—ന്യായാധിപന്മാർ 7:19-25; 8:10-12, 28.
ആത്മീയരത്നങ്ങൾ
w05 1/15 26 ¶6
ന്യായാധിപന്മാരിൽനിന്നുള്ള വിശേഷാശയങ്ങൾ
6:25-27. എതിരാളികളെ അനാവശ്യമായി പ്രകോപിപ്പിക്കാതിരിക്കാൻ ഗിദെയോൻ വിവേചന ഉപയോഗിച്ചു. നാം സുവാർത്ത പ്രസംഗിക്കുമ്പോൾ നമ്മുടെ സംസാരത്താൽ ആരെയും അനാവശ്യമായി പ്രകോപിതരാക്കാതിരിക്കാൻ നാം ശ്രദ്ധിക്കണം.
ഡിസംബർ 13-19
ദൈവവചനത്തിലെ നിധികൾ | ന്യായാധിപന്മാർ 8-9
“അഹങ്കാരത്തെക്കാൾ നല്ലത് താഴ്മയാണ്”
w00 8/15 25 ¶3
നിങ്ങൾ എങ്ങനെ ഭിന്നതകൾ പരിഹരിക്കുന്നു?
മിദ്യാന്യരുമായി കടുത്ത യുദ്ധത്തിൽ ഏർപ്പെട്ടിരുന്ന ഗിദെയോൻ തങ്ങളെ സഹായിക്കാൻ എഫ്രയീം ഗോത്രത്തോട് ആവശ്യപ്പെട്ടു. എന്നാൽ യുദ്ധം കഴിഞ്ഞപ്പോൾ, പോരാട്ടത്തിന്റെ തുടക്കത്തിൽ ഗിദെയോൻ തങ്ങളുടെ സഹായം തേടിയില്ല എന്ന് എഫ്രയീം കടുത്ത നീരസത്തോടെ പരാതിപ്പെട്ടു. അവർ “അവനോടു ഉഗ്രമായി വാദിച്ചു” എന്നു ബൈബിൾ രേഖ പറയുന്നു. “നിങ്ങളോടു ഒത്തുനോക്കിയാൽ ഞാൻ ഈ ചെയ്തതു എന്തുള്ളു? അബീയേസെരിന്റെ മുന്തിരിയെടുപ്പിനെക്കാൾ എഫ്രയീമിന്റെ കാല പെറുക്കയല്ലയോ നല്ലതു? നിങ്ങളുടെ കയ്യിലല്ലോ ദൈവം മിദ്യാന്യപ്രഭുക്കളായ ഓരേബിനെയും സേബിനെയും ഏല്പിച്ചതു; നിങ്ങളോടു ഒത്തുനോക്കിയാൽ എന്നെക്കൊണ്ടു സാധിച്ചതു എന്തുള്ളു” എന്നു ഗിദെയോൻ പ്രതികരണമായി പറഞ്ഞു. (ന്യായാധിപന്മാർ 8:1-3) ശ്രദ്ധാപൂർവം തിരഞ്ഞെടുത്ത, ശാന്തമായ വാക്കുകൾ പറഞ്ഞുകൊണ്ട് വിപത്കരമായിത്തീരുമായിരുന്ന ഒരു ഗോത്രാന്തര യുദ്ധം ഗിദെയോൻ ഒഴിവാക്കി. തങ്ങൾ പ്രമുഖരാണെന്ന ചിന്തയും അഹങ്കാരവും എഫ്രയീം ഗോത്രക്കാർക്ക് ഉണ്ടായിരുന്നിരിക്കാം. എങ്കിലും, സമാധാനം സ്ഥാപിക്കാനുള്ള ഗിദെയോന്റെ ശ്രമങ്ങൾക്ക് അതു വിലങ്ങുതടി ആയില്ല. ഗിദെയോനെ പോലെ പ്രവർത്തിക്കാൻ നമുക്ക് സാധിക്കുമോ?
എളിമ ഇപ്പോഴും പ്രധാനമോ?
15എളിമയുടെ വളരെ നല്ല ഒരു ഉദാഹരണമാണു ഗിദെയോൻ. യഹോവയുടെ ദൂതൻ ഗിദെയോന് ആദ്യമായി പ്രത്യക്ഷപ്പെട്ടപ്പോൾ അദ്ദേഹം തന്റെ എളിയ പശ്ചാത്തലം വിവരിച്ചു, എടുത്തുപറയത്തക്ക യോഗ്യതകളില്ലെന്നും പറഞ്ഞു. (ന്യായാ. 6:15) യഹോവ കൊടുത്ത നിയമനം സ്വീകരിച്ചുകഴിഞ്ഞ് ഗിദെയോൻ, താൻ എന്താണു ചെയ്യേണ്ടതെന്നു വ്യക്തമായി മനസ്സിലാക്കി. മാർഗനിർദേശത്തിനായി അദ്ദേഹം യഹോവയോട് അപേക്ഷിച്ചു. (ന്യായാ. 6:36-40) ഗിദെയോൻ ഭയമില്ലാത്തവനും ധൈര്യശാലിയും ആയിരുന്നു. എങ്കിലും അദ്ദേഹം ജാഗ്രതയോടെയും വിവേകത്തോടെയും ആണ് പ്രവർത്തിച്ചത്. (ന്യായാ. 6:11, 27) ഗിദെയോൻ നിയമനം സ്വീകരിച്ചതു പേരെടുക്കാൻവേണ്ടിയായിരുന്നില്ല. യഹോവ ആവശ്യപ്പെട്ട കാര്യങ്ങൾ ചെയ്തുകഴിഞ്ഞ് അദ്ദേഹം എത്രയും പെട്ടെന്നു വീട്ടിലേക്കു മടങ്ങിപ്പോയി.—ന്യായാ. 8:22, 23, 29.
w08 2/15 9 ¶9
യഹോവയുടെ വഴികളിൽ നടക്കുക
9ദൈവത്തിന്റെ സ്നേഹിതരാകാൻ നാം താഴ്മയുള്ളവരായിരിക്കണം. (1 പത്രൊ. 3:8; സങ്കീ. 138:6) താഴ്മ എത്ര പ്രധാനമാണെന്ന് ന്യായാധിപന്മാർ 9-ാം അധ്യായം വരച്ചുകാട്ടുന്നു. ഗിദെയോന്റെ പുത്രനായ യോഥാം ഇങ്ങനെ പറയുന്നു: “പണ്ടൊരിക്കൽ വൃക്ഷങ്ങൾ തങ്ങൾക്കു ഒരു രാജാവിനെ അഭിഷേകം ചെയ്വാൻ പോയി.” രാജാവാകാനുള്ള ക്ഷണം വെച്ചുനീട്ടിയപ്പോൾ ഒലിവുവൃക്ഷവും അത്തിമരവും മുന്തിരിച്ചെടിയും അതു നിരസിച്ചു. സമർഥരെങ്കിലും സഹ ഇസ്രായേല്യരെ ഭരിക്കാൻ ആഗ്രഹിക്കാഞ്ഞ വ്യക്തികളെയാണ് അവ പ്രതിനിധാനം ചെയ്തത്. വിറകിനുമാത്രം ഉപകരിക്കുന്ന മുൾപടർപ്പിന്റേതായിരുന്നു അടുത്ത ഊഴം. മറ്റുള്ളവരെ ഭരിക്കാൻ വെമ്പൽകൊണ്ട കൊലപാതകിയും അഹങ്കാരിയുമായ അബീമേലെക്കിനെയാണ് അതു ചിത്രീകരിച്ചത്. “യിസ്രായേലിനെ മൂന്നു സംവത്സരം ഭരിച്ച” അവൻ പക്ഷേ അകാലമരണത്തിനിരയായി. (ന്യായാ. 9:8-15, 22, 50-54) താഴ്മ എത്ര പ്രധാനമാണ്!
ആത്മീയരത്നങ്ങൾ
it-1-E 753 ¶1
ഏഫോദ്, 1
ഗിദെയോൻ നല്ല ഉദ്ദേശ്യത്തോടെയാണ് ആ ഏഫോദ് ഉണ്ടാക്കി പ്രദർശിപ്പിച്ചത്. അതിലൂടെ യഹോവ ഇസ്രായേല്യർക്കു നൽകിയ വിജയം ഓർക്കാനും യഹോവയെ ബഹുമാനിക്കാനും ഗിദെയോൻ ആഗ്രഹിച്ചു. പക്ഷേ ഇസ്രായേല്യർ അതിനെ ആരാധിക്കാൻതുടങ്ങി. അങ്ങനെ “അതു ഗിദെയോനും ഗിദെയോന്റെ വീട്ടിലുള്ളവർക്കും ഒരു കെണിയായിത്തീർന്നു.” (ന്യായാ. 8:27) എന്നാൽ ഗിദെയോൻ അതിനെ ആരാധിച്ചതായി ബൈബിളിൽ എവിടെയും പറയുന്നില്ല. വാസ്തവത്തിൽ യഹോവയെ വിശ്വസ്തമായി ആരാധിച്ച സാക്ഷികളുടെ വലിയൊരു കൂട്ടത്തോടൊപ്പമാണു പൗലോസ് അപ്പോസ്തലൻ ഗിദെയോന്റെ പേര് പറഞ്ഞിരിക്കുന്നത്.—എബ്രാ. 11:32; 12:1.
ഡിസംബർ 20-26
ദൈവവചനത്തിലെ നിധികൾ | ന്യായാധിപന്മാർ 10-12
“യിഫ്താഹ്—ഒരു ആത്മീയമനുഷ്യൻ”
വിശ്വാസത്തോടെ പ്രവർത്തിക്കുന്നത് ദൈവാംഗീകാരത്തിലേക്കു നയിക്കും
9യോസേഫിന്റെ മാതൃക യിഫ്താഹിനെ സഹായിച്ചിട്ടുണ്ടാകാം. കൂടെപ്പിറപ്പുകൾ യോസേഫിനെ വെറുത്തിരുന്നെങ്കിലും യോസേഫ് അവരോട് കരുണ കാണിച്ചത് എങ്ങനെയെന്ന് യിഫ്താഹ് മനസ്സിലാക്കിയിട്ടുണ്ടാകും. (ഉല്പ. 37:4; 45:4, 5) ഇതെക്കുറിച്ച് ചിന്തിച്ചത് യഹോവയ്ക്ക് ഇഷ്ടമുള്ള വിധത്തിൽ കാര്യങ്ങൾ ചെയ്യാൻ യിഫ്താഹിനെ സഹായിച്ചിരിക്കണം. സഹോദരങ്ങൾ തന്നോട് ചെയ്തത് യിഫ്താഹിനെ വല്ലാതെ വിഷമിപ്പിച്ചു. എങ്കിലും സ്വന്തം വികാരങ്ങളെക്കാൾ യഹോവയുടെ നാമത്തിനും ജനത്തിനും വേണ്ടി പോരാടുന്നതായിരുന്നു യിഫ്താഹിന് പ്രധാനം. (ന്യായാ. 11:9) യഹോവയിൽ വിശ്വാസം അർപ്പിക്കാൻ അദ്ദേഹം ഉറച്ച തീരുമാനമെടുത്തിരുന്നു. ആ മനോഭാവം യിഫ്താഹിനും ഇസ്രായേല്യർക്കും യഹോവയുടെ അനുഗ്രഹം നേടിക്കൊടുത്തു.—എബ്രാ. 11:32, 33.
it-2-E 27 ¶2
യിഫ്താഹ്
തന്റെ ദേശത്തിന്റെ ഒരു ഭാഗം ഇസ്രായേല്യർ കൈവശപ്പെടുത്തിയതായി അമ്മോന്യരുടെ രാജാവ് ആരോപിച്ചു. (ന്യായാ. 11:12, 13) എന്നാൽ യിഫ്താഹ് വിവരവും വിദ്യാഭ്യാസവും ഇല്ലാത്ത ഒരു പടയാളിയായിരുന്നില്ല. അദ്ദേഹത്തിന് ചരിത്രം നന്നായി അറിയാമായിരുന്നു. പ്രത്യേകിച്ച് യഹോവ തന്റെ ജനത്തിനുവേണ്ടി ചെയ്ത കാര്യങ്ങളെക്കുറിച്ചൊക്കെ അദ്ദേഹം മനസ്സിലാക്കിയിരുന്നു. അതുകൊണ്ടാണ് അമ്മോന്യരുടെ വാദം തെറ്റാണെന്നു തെളിയിക്കാൻ യിഫ്താഹിനു കഴിഞ്ഞത്. അദ്ദേഹം പറഞ്ഞ ന്യായങ്ങൾ ഇവയായിരുന്നു: (1) ഇസ്രായേല്യർ ഈജിപ്തിൽനിന്ന് പോരുന്ന സമയത്ത് അമ്മോന്യരുമായോ മോവാബ്യരുമായോ ഏദോമ്യരുമായോ ഒരു വഴക്കിനും വന്നിട്ടില്ല. (ന്യായാ. 11:14-18; ആവ. 2:9, 19, 37; 2 ദിന. 20:10, 11); (2) ഇസ്രായേല്യർ കൈവശപ്പെടുത്തിയെന്നു പറയുന്ന ഈ ദേശം അന്ന് അമ്മോന്യരുടെ കൈയിലായിരുന്നില്ല. അത് അപ്പോൾ അമോര്യരുടെ കൈയിലായിരുന്നു. ദൈവമാണ് അമോര്യരാജാവിനെയും അവരുടെ ദേശത്തെയും ഇസ്രായേല്യർക്കു നൽകിയത്; (3) കഴിഞ്ഞ 300 വർഷമായിട്ട് ആ ദേശം ഇസ്രായേല്യരുടെ കൈയിലാണ്. ഇത്രയും കാലം അതെക്കുറിച്ച് ഒന്നും മിണ്ടാതിരുന്നിട്ട് ഇപ്പോൾ അവകാശം പറഞ്ഞുവരാൻ എന്തു ന്യായമാണുള്ളത്?—ന്യായാ. 11:19-27.
it-2-E 27 ¶3
യിഫ്താഹ്
ഈ ദേശം തങ്ങൾക്കു നൽകിയത് യഹോവയാണെന്നും അതുകൊണ്ട് അതിൽനിന്ന് അൽപ്പംപോലും അമോന്യർക്കു വിട്ടുകൊടുക്കില്ലെന്നും യിഫ്താഹ് അവരോടു പറഞ്ഞു. അങ്ങനെ, ഉൾപ്പെട്ടിരിക്കുന്ന യഥാർഥ പ്രശ്നം സത്യദൈവത്തോടും സത്യാരാധനയോടും ബന്ധപ്പെട്ടതാണെന്ന് യിഫ്താഹ് വ്യക്തമാക്കി.
ആത്മീയരത്നങ്ങൾ
it-2-E 26
യിഫ്താഹ്
യിഫ്താഹ്—നിയമപരമായി അവകാശമുള്ള മകൻ. യിഫ്താഹ് “ഒരു വേശ്യയുടെ മകനായിരുന്നു.” എന്നാൽ അതിന്റെ അർഥം യിഫ്താഹിന്റെ അപ്പൻ ഒരു വേശ്യയുമായി ബന്ധപ്പെട്ടിട്ട് ഉണ്ടായ മകനാണ് യിഫ്താഹ് എന്നല്ല. വാസ്തവത്തിൽ യിഫ്താഹിന്റെ അമ്മ മുമ്പ് ഒരു വേശ്യയായിരുന്നു. എന്നാൽ യിഫ്താഹിന്റെ അപ്പനായ ഗിലെയാദ് തന്റെ രണ്ടാം ഭാര്യയായി അവരെ കല്യാണം കഴിക്കുന്ന സമയത്ത് അവർ ഒരു വേശ്യയായിരുന്നില്ല. (രാഹാബിന്റെ കാര്യത്തിലും അങ്ങനെതന്നെയായിരുന്നു. ശൽമോൻ അവരെ കല്യാണം കഴിക്കുന്ന സമയത്ത് അവർ ഒരു വേശ്യയായിരുന്നില്ല.) (ന്യായാ. 11:1; യോശു. 2:1; മത്താ. 1:5) യിഫ്താഹ് അവിഹിതബന്ധത്തിലുണ്ടായ മകനല്ലെന്നു പറയാൻ പല കാരണങ്ങളുണ്ട്. (1) അവിഹിതബന്ധത്തിൽ ഉണ്ടായ ഒരു മകന് എന്തായാലും കുടുംബസ്വത്തിൽ അവകാശമൊന്നും ഇല്ല. എന്നാൽ യിഫ്താഹിന് അവകാശം കിട്ടാതിരിക്കാൻവേണ്ടി അപ്പന്റെ ആദ്യഭാര്യയിലെ മക്കൾ യിഫ്താഹിനെ ഓടിച്ചു. അതു കാണിക്കുന്നത് യിഫ്താഹ് നിയമപരമായി അവകാശമുള്ള മകനായിരുന്നു എന്നുതന്നെയാണ്. (ന്യായാ. 11:2) (2) യിഫ്താഹ് പിന്നീട് ഗിലെയാദിലെ പുരുഷന്മാരുടെ തലവനായിത്തീർന്നു. അദ്ദേഹത്തിന്റെ സഹോദരന്മാരിൽ ചിലർ അക്കൂട്ടത്തിലെ പ്രധാനികളായിരുന്നു. യിഫ്താഹ് അവിഹിതബന്ധത്തിൽ ജനിച്ചവനായിരുന്നെങ്കിൽ യിഫ്താഹ് തങ്ങളുടെ തലവനാകാൻ അവർ ഒരിക്കലും സമ്മതിക്കില്ലായിരുന്നു. (ന്യായാ. 11:11) (3) വിശുദ്ധമന്ദിരത്തിൽ യഹോവയ്ക്ക് ഒരു യാഗം അർപ്പിക്കാമെന്ന് യിഫ്താഹ് വാക്കുകൊടുത്തു. (ന്യായാ. 11:30, 31) യിഫ്താഹ് അവിഹിതബന്ധത്തിൽ ജനിച്ച ആളായിരുന്നെങ്കിൽ അതിനു പറ്റില്ലായിരുന്നു. കാരണം, “അവിഹിതബന്ധത്തിൽ ജനിച്ച ആരും യഹോവയുടെ സഭയിൽ വരരുത്. അയാളുടെ പിൻതലമുറക്കാർ ആരും, പത്താം തലമുറപോലും, യഹോവയുടെ സഭയിൽ വരരുത്” എന്ന് ഇസ്രായേല്യർക്കു കൊടുത്ത നിയമത്തിൽ ദൈവം വ്യക്തമായി പറഞ്ഞിരുന്നു.—ആവ. 23:2.
ഡിസംബർ 27–ജനുവരി 2
ദൈവവചനത്തിലെ നിധികൾ | ന്യായാധിപന്മാർ 13-14
“മനോഹയിൽനിന്നും ഭാര്യയിൽനിന്നും മാതാപിതാക്കൾക്കു പഠിക്കാനാകുന്നത്”
w13 8/15 16 ¶1
മാതാപിതാക്കളേ, ശൈശവംമുതൽ നിങ്ങളുടെ കുട്ടികളെ പരിശീലിപ്പിക്കുക
പുരാതനയിസ്രായേലിലെ സോര നഗരത്തിൽ ജീവിച്ചിരുന്ന ദാൻഗോത്രത്തിലെ മാനോഹയെക്കുറിച്ചു ചിന്തിക്കുക. മാനോഹയുടെ വന്ധ്യയായ ഭാര്യ ഗർഭം ധരിച്ച് ഒരു മകനെ പ്രസവിക്കുമെന്നു യഹോവയുടെ ദൂതൻ അവളോടു പറഞ്ഞു. (ന്യായാ. 13:2, 3) ആ വാക്കുകൾ കേട്ടപ്പോൾ വിശ്വസ്തരായ അവർക്ക് എത്രയധികം സന്തോഷം തോന്നിയിട്ടുണ്ടാകും! എന്നിരുന്നാലും അവർക്ക് ഉത്കണ്ഠയുമുണ്ടായിരുന്നു. അതുകൊണ്ട്, മാനോഹ ഇങ്ങനെ പ്രാർഥിച്ചു: “കർത്താവേ, നീ അയച്ച ദൈവപുരുഷൻ വീണ്ടും ഞങ്ങളുടെ അടുക്കൽ വന്നു ജനിപ്പാനിരിക്കുന്ന ബാലന്റെ കാര്യത്തിൽ ഞങ്ങൾക്കു ഉപദേശിച്ചുതരുമാറാകട്ടെ.” (ന്യായാ. 13:8) മാനോഹയും ഭാര്യയും തങ്ങളുടെ മകനായ ശിംശോനെ പരിശീലിപ്പിക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞു. അവർ അവനെ ദിവ്യനിയമങ്ങൾ പഠിപ്പിച്ചുവെന്നതിനു സംശയമില്ല. അവരുടെ ശ്രമങ്ങൾ വിജയിക്കുകതന്നെ ചെയ്തു. “യഹോവയുടെ ആത്മാവ് അവനെ ഉദ്യമിപ്പിച്ചുതുടങ്ങി” എന്നു ബൈബിൾ പറയുന്നു. ഇസ്രായേലിലെ ന്യായാധിപന്മാരിൽ ഒരാളായിത്തീർന്ന ശിംശോൻ ദൈവാത്മാവിന്റെ സഹായത്താൽ ധാരാളം വീര്യപ്രവൃത്തികൾ ചെയ്തു.—ന്യായാ. 13:25; 14:5, 6; 15:14, 15.
w05 3/15 25-26
ശിംശോൻ യഹോവയുടെ ശക്തിയാൽ വിജയം നേടുന്നു
ശിംശോൻ വളർന്നുവരവേ, “യഹോവ അവനെ അനുഗ്രഹിച്ചു.” (ന്യായാധിപന്മാർ 13:24) ഒരു ദിവസം ശിംശോൻ തന്റെ മാതാപിതാക്കളോട് ഇങ്ങനെ പറഞ്ഞു: “ഞാൻ തിമ്നയിൽ ഒരു ഫെലിസ്ത്യകന്യകയെ കണ്ടിരിക്കുന്നു; അവളെ എനിക്കു ഭാര്യയായിട്ടു എടുക്കേണം.” (ന്യായാധിപന്മാർ 14:2) ശത്രുക്കളുടെ കൈയിൽനിന്ന് ഇസ്രായേലിനെ വിടുവിക്കുന്നതിനു പകരം, അവരുമായി വിവാഹബന്ധത്തിൽ ഏർപ്പെടാൻ തങ്ങളുടെ പുത്രൻ ആഗ്രഹിക്കുന്നുവെന്ന് അറിഞ്ഞപ്പോൾ അവർ എത്രമാത്രം അമ്പരന്നിരിക്കണം! പുറജാതി ദൈവങ്ങളുടെ ആരാധകരിൽനിന്നു ഭാര്യയെ എടുക്കുന്നത് ന്യായപ്രമാണത്തിനു വിരുദ്ധമായിരുന്നു. (പുറപ്പാടു 34:11-16) അതുകൊണ്ട് “അഗ്രചർമ്മികളായ ഫെലിസ്ത്യരിൽനിന്നു നീ ഒരു ഭാര്യയെ എടുപ്പാൻ പോകേണ്ടതിന്നു നിന്റെ സഹോദരന്മാരുടെ കന്യകമാരിലും നമ്മുടെ ജനത്തിലും യാതൊരുത്തിയും ഇല്ലയോ” എന്നു ചോദിച്ചുകൊണ്ട് അവർ പുത്രന്റെ നീക്കത്തെ എതിർത്തു. എന്നാൽ നിർബന്ധബുദ്ധിയോടെ അവൻ പറഞ്ഞു: “അവളെ എനിക്കു എടുക്കേണം; അവളെ എനിക്കു ബോധിച്ചിരിക്കുന്നു.”—ന്യായാധിപന്മാർ 14:3.
ആത്മീയരത്നങ്ങൾ
w05 3/15 26 ¶1
ശിംശോൻ യഹോവയുടെ ശക്തിയാൽ വിജയം നേടുന്നു
ഏതു വിധത്തിലാണ് ആ പ്രത്യേക ഫെലിസ്ത്യ യുവതിയെ ശിംശോനു ‘ബോധിച്ചത്?’ അവൾ “സുന്ദരിയോ വശ്യമനോഹാരിണിയോ” ആണെന്ന അർഥത്തിലല്ല “മറിച്ച് ഒരു ഉദ്ദേശ്യലബ്ധിക്ക് അഥവാ ലക്ഷ്യപ്രാപ്തിക്ക് അനുയോജ്യയാണ്” എന്ന അർഥത്തിലായിരുന്നു അതെന്ന് മക്ലിന്റോക്കിന്റെയും സ്ട്രോങ്ങിന്റെയും വിജ്ഞാനകോശം (ഇംഗ്ലീഷ്) പറയുന്നു. ഏതു ലക്ഷ്യത്തോടുള്ള ബന്ധത്തിൽ? ശിംശോൻ “ഫെലിസ്ത്യരുടെ നേരെ അവസരം അന്വേഷിക്കയായിരുന്നു” എന്ന് ന്യായാധിപന്മാർ 14:4 പറയുന്നു. ആ ഉദ്ദേശ്യത്തിലാണ് ശിംശോൻ അവളിൽ താത്പര്യമെടുത്തത്. മുതിർന്നുവരവേ, “യഹോവയുടെ ആത്മാവു അവനെ ഉദ്യമിപ്പിച്ചുതുടങ്ങി” അഥവാ പ്രവർത്തനത്തിനു പ്രേരിപ്പിച്ചു തുടങ്ങി. (ന്യായാധിപന്മാർ 13:25) അതുകൊണ്ട് ഭാര്യയെ എടുക്കുന്നതു സംബന്ധിച്ച അസാധാരണമായ ആഗ്രഹത്തിനു പിന്നിലും ഇസ്രായേലിൽ ന്യായാധിപനായുള്ള അവന്റെ മുഴു പ്രവർത്തനത്തിനു പിന്നിലും ഉള്ള പ്രേരകശക്തി യഹോവയുടെ ആത്മാവ് ആയിരുന്നു. ശിംശോന് അവൻ അന്വേഷിച്ചുനടന്ന അവസരം ലഭിച്ചോ? ദിവ്യപിന്തുണ സംബന്ധിച്ച് യഹോവ അവന് ഉറപ്പു കൊടുത്തത് എങ്ങനെയെന്ന് നമുക്ക് ആദ്യം നോക്കാം.