യഹോവയുടെ വഴികളിൽ നടക്കുക
“യഹോവയെ ഭയപ്പെട്ട് അവന്റെ വഴികളിൽ നടക്കുന്ന ഏവനും സന്തുഷ്ടൻ.”—സങ്കീ. 128:1, NW.
1, 2. സന്തോഷം അപ്രാപ്യമല്ലെന്ന് നമുക്കുറപ്പുള്ളത് എന്തുകൊണ്ട്?
സന്തോഷം! അതാണ് ഏവരും കാംക്ഷിക്കുന്നത്. എന്നാൽ സന്തുഷ്ടരായിരിക്കാൻ ആഗ്രഹിക്കുന്നതുകൊണ്ടോ ആ ലക്ഷ്യത്തിൽ പ്രവർത്തിക്കുന്നതുകൊണ്ടോമാത്രം നാം സന്തുഷ്ടരായിത്തീരുന്നില്ല.
2 സന്തോഷം നമുക്ക് അപ്രാപ്യമാണെന്നല്ല അതിന്റെ അർഥം. “യഹോവയെ ഭയപ്പെട്ട് അവന്റെ വഴികളിൽ നടക്കുന്ന ഏവനും സന്തുഷ്ടൻ” എന്ന് സങ്കീർത്തനം 128:1 പറയുന്നു. ദൈവത്തെ ആരാധിക്കുകയും അനുസരിക്കുകയും ചെയ്തുകൊണ്ട് ദിവ്യപാതകളിൽ നടന്നാൽ നമുക്കു സന്തുഷ്ടരായിരിക്കാൻ കഴിയും. അത്തരമൊരു ജീവിതം നമ്മുടെ പ്രവർത്തനങ്ങളെയും വ്യക്തിത്വത്തെയും എങ്ങനെ സ്വാധീനിക്കും?
വിശ്വാസയോഗ്യരായിരിക്കുക
3. വിശ്വാസയോഗ്യത ദൈവത്തിനുള്ള നമ്മുടെ സമർപ്പണവുമായി ബന്ധപ്പെട്ടിരിക്കുന്നത് എങ്ങനെ?
3 യഹോവയെ ഭയപ്പെടുന്നവർ അവനെപ്പോലെതന്നെ വിശ്വാസയോഗ്യരാണ്. പുരാതന ഇസ്രായേലിനു നൽകിയ എല്ലാ വാഗ്ദാനങ്ങളും യഹോവ നിറവേറ്റി. (1 രാജാ. 8:56) ജീവിതം ദൈവത്തിനു സമർപ്പിക്കുമ്പോൾ നാം അവന് ഒരു വാക്കുകൊടുക്കുകയാണ്—സുപ്രധാനമായ ഒരു വാഗ്ദാനം. അതു നിറവേറ്റാൻ നിരന്തരമായ പ്രാർഥന നമ്മെ സഹായിക്കും. “ദൈവമേ, നീ എന്റെ നേർച്ചകളെ കേട്ടു, . . . ഞാൻ തിരുനാമത്തെ എന്നേക്കും കീർത്തിക്കയും എന്റെ നേർച്ചകളെ നാൾതോറും കഴിക്കയും ചെയ്യും” എന്ന് സങ്കീർത്തനക്കാരനെപ്പോലെ നമുക്കും പ്രാർഥിക്കാനാകും. (സങ്കീ. 61:5, 8; സഭാ. 5:4-6) ദൈവത്തിന്റെ സ്നേഹിതരാകണമെങ്കിൽ നാം വിശ്വാസയോഗ്യരായിരിക്കണം.—സങ്കീ. 15:1, 4.
4. യിഫ്താഹിന്റെ പ്രതിജ്ഞയുടെ കാര്യത്തിൽ അവനും മകളും എന്തു ചെയ്തു?
4 ന്യായാധിപന്മാരുടെ നാളിൽ, അമ്മോന്യരുമായുള്ള യുദ്ധത്തിൽ യഹോവ തനിക്കു ജയംനൽകിയാൽ വീട്ടിൽ മടങ്ങിയെത്തുമ്പോൾ തന്നെ എതിരേൽക്കുന്ന ആദ്യവ്യക്തിയെ “ഹോമയാഗമായി അർപ്പിക്കും” എന്ന് യിഫ്താഹ് ഒരു നേർച്ച നേർന്നു. അവന്റെ ഒരേയൊരു മകളായിരുന്നു അവനെ എതിരേറ്റത്. വിശ്വസ്തതയോടെ യിഫ്താഹും കന്യകയായ മകളും ആ വാക്കു പാലിച്ചു. വിവാഹവും സന്താനോത്പാദനവും ഇസ്രായേല്യർക്കിടയിൽ അത്യന്തം പ്രശംസാർഹമായ കാര്യങ്ങളായിരുന്നു. എന്നിട്ടും യിഫ്താഹിന്റെ മകൾ പൂർണ മനസ്സോടെ ഏകാകിയായിത്തുടരുകയും യഹോവയുടെ സമാഗമനകൂടാരത്തിലെ വിശുദ്ധസേവനത്തിലേർപ്പെടുകയെന്ന പദവിയിൽ ആനന്ദിക്കുകയും ചെയ്തു.—ന്യായാ. 11:28-40.
5. ഹന്നാ വിശ്വാസയോഗ്യയെന്നു തെളിയിച്ചതെങ്ങനെ?
5 ദൈവത്തോടുള്ള വാക്കുപാലിച്ചുകൊണ്ട് വിശ്വാസയോഗ്യയെന്നു തെളിയിച്ച, ദൈവഭക്തയായ ഹന്നായുടെ കാര്യമെടുക്കുക. ഭർത്താവായ എൽക്കാനായോടും അവന്റെ മറ്റൊരു ഭാര്യയായ പെനിന്നായോടുംകൂടെ എഫ്രയിം മലമ്പ്രദേശത്താണ് അവൾ വസിച്ചിരുന്നത്. പെനിന്നായ്ക്കു മക്കളുണ്ടായിരുന്നെങ്കിലും ഹന്നാ വന്ധ്യയായിരുന്നു. അതുകൊണ്ടുതന്നെ പെനിന്നാ അവളെ പരിഹസിച്ചിരുന്നു, പ്രത്യേകിച്ച് എല്ലാവരുംചേർന്ന് സമാഗമനകൂടാരത്തിൽ പോകുമ്പോൾ. തനിക്കൊരു പുത്രൻ ജനിച്ചാൽ അവനെ യഹോവയ്ക്കു നൽകാമെന്ന് ഒരിക്കൽ ആലയത്തിൽവെച്ച് ഹന്നാ നേർന്നു. താമസിയാതെ ഗർഭിണിയായ അവൾ ഒരു ആൺകുഞ്ഞിനെ പ്രസവിച്ചു, അവനു ശമൂവേൽ എന്നു പേരുമിട്ടു. മുലകുടി മാറിയ ഉടനെ ഹന്നാ അവനെ, “ജീവപര്യന്തം” യഹോവയെ സേവിക്കേണ്ടതിന് ശീലോവിൽ കൊണ്ടുചെന്നാക്കി. (1 ശമൂ. 1:11) പിന്നീടു തനിക്കു മക്കൾ ജനിക്കുമെന്ന് അറിയില്ലായിരുന്നെങ്കിലും അവൾ വാക്കുപാലിച്ചു.—1 ശമൂ. 2:20, 21.
6. താൻ വിശ്വാസയോഗ്യനാണെന്ന് തിഹിക്കൊസ് തെളിയിച്ചതെങ്ങനെ?
6 വിശ്വാസയോഗ്യനും “വിശ്വസ്തശുശ്രൂഷകനു”മായ ഒരു ക്രിസ്ത്യാനിയായിരുന്നു ഒന്നാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന തിഹിക്കൊസ്. (കൊലൊ. 4:7) അപ്പൊസ്തലനായ പൗലൊസിനൊപ്പം ഗ്രീസിൽനിന്നു മക്കെദോന്യയിലൂടെ ഏഷ്യാമൈനറിലേക്കും ഒരുപക്ഷേ യെരൂശലേമിലേക്കും അവൻ സഞ്ചരിച്ചു. (പ്രവൃ. 20:2-4) യെഹൂദ്യയിലെ സഹവിശ്വാസികൾക്കായുള്ള കാരുണ്യപ്രവർത്തനത്തിൽ തീത്തൊസിനെ സഹായിച്ചവനായി ബൈബിൾ പരാമർശിക്കുന്ന ‘സഹോദരൻ’ അവനായിരിക്കാം. (2 കൊരി. 8:18, 19; 12:18) പൗലൊസ് റോമിൽ തടവിലായിരുന്ന ആദ്യസന്ദർഭത്തിൽ എഫെസൊസിലും കൊലൊസ്സ്യയിലുമുള്ള സഹവിശ്വാസികൾക്ക് അവന്റെ ലേഖനങ്ങൾ എത്തിച്ചുകൊടുത്തത് വിശ്വസ്ത പ്രതിനിധിയായ തിഹിക്കൊസ് ആയിരുന്നു. (എഫെ. 6:21, 22; കൊലൊ. 4:8, 9) റോമിൽ രണ്ടാമതും തടവിലായപ്പോൾ പൗലൊസ് തിഹിക്കൊസിനെ എഫെസൊസിലേക്കയച്ചു. (2 തിമൊ. 4:12) വിശ്വാസയോഗ്യരാണെങ്കിൽ നമുക്കും യഹോവയുടെ സേവനത്തിൽ പല അനുഗ്രഹങ്ങളും ആസ്വദിക്കാനാകും.
7, 8. ദാവീദും യോനാഥാനും ഉറ്റസുഹൃത്തുക്കളായിരുന്നെന്ന് എന്തു തെളിയിച്ചു?
7 നാം പരസ്പരം വിശ്വാസയോഗ്യരായ സ്നേഹിതരായിരിക്കാൻ യഹോവ പ്രതീക്ഷിക്കുന്നു. (സദൃ. 17:17) ശൗൽരാജാവിന്റെ പുത്രനായ യോനാഥാൻ ദാവീദിന്റെ ഉറ്റസുഹൃത്തായിരുന്നു. ദാവീദ് ഗൊല്യാത്തിനെ വകവരുത്തിയതായി കേട്ടപ്പോൾ “യോനാഥാന്റെ മനസ്സു ദാവീദിന്റെ മനസ്സോടു പറ്റിച്ചേർന്നു; യോനാഥാൻ അവനെ സ്വന്തപ്രാണനെപ്പോലെ സ്നേഹിച്ചു.” (1 ശമൂ. 18:1, 3) ശൗൽ ദാവീദിനെ കൊല്ലാൻ ശ്രമിച്ചപ്പോൾ യോനാഥാൻ അക്കാര്യം ദാവീദിനെ അറിയിക്കുകയും ചെയ്തു. ദാവീദിനെക്കുറിച്ചു ശൗലിനോടു സംസാരിച്ചതുപോലും യോനാഥാന്റെ ജീവനു ഭീഷണിയായിരുന്നു, എന്നിട്ടും ആ ആത്മമിത്രങ്ങൾ വീണ്ടും സന്ധിച്ച് തങ്ങളുടെ ഉറ്റസൗഹൃദം പുതുക്കി. (1 ശമൂ. 20:24-41) ദാവീദ് ഓടിപ്പോയശേഷം യോനാഥാൻ അവനെ തേടിക്കണ്ടെത്തുകയും അവനുമായി ഒരു ഉടമ്പടിയിലേർപ്പെടുകയും ചെയ്തു. ആ അന്തിമ കൂടിക്കാഴ്ചയിൽ യോനാഥാൻ ദാവീദിനെ “ദൈവത്തിൽ ധൈര്യപ്പെടുത്തി”യതായി വിവരണം പറയുന്നു.—1 ശമൂ. 23:16-18.
8 ഫെലിസ്ത്യരുമായുള്ള യുദ്ധത്തിൽ യോനാഥാൻ കൊല്ലപ്പെട്ടു. (1 ശമൂ. 31:6) അവനെക്കുറിച്ചുള്ള വിലാപഗീതത്തിൽ ദാവീദ് ഇങ്ങനെയെഴുതി: “യോനാഥാനേ, എന്റെ സഹോദരാ, നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു; നീ എനിക്കു അതിവത്സലൻ ആയിരുന്നു; നിൻപ്രേമം കളത്രപ്രേമത്തിലും വിസ്മയമേറിയത്.” (2 ശമൂ. 1:26) അതേ, സ്നേഹിതർക്കിടയിലുള്ള ഉറ്റചങ്ങാത്തത്തെയാണ് പ്രേമം എന്ന വാക്കിനാൽ അവൻ അർഥമാക്കിയത്. ദാവീദും യോനാഥാനും ഉറ്റസുഹൃത്തുക്കളായിരുന്നു.
താഴ്മ ധരിക്കുക
9. ന്യായാധിപന്മാർ 9-ാം അധ്യായം താഴ്മയുടെ പ്രാധാന്യം വരച്ചുകാട്ടുന്നതെങ്ങനെ?
9 ദൈവത്തിന്റെ സ്നേഹിതരാകാൻ നാം താഴ്മയുള്ളവരായിരിക്കണം. (1 പത്രൊ. 3:8; സങ്കീ. 138:6) താഴ്മ എത്ര പ്രധാനമാണെന്ന് ന്യായാധിപന്മാർ 9-ാം അധ്യായം വരച്ചുകാട്ടുന്നു. ഗിദെയോന്റെ പുത്രനായ യോഥാം ഇങ്ങനെ പറയുന്നു: “പണ്ടൊരിക്കൽ വൃക്ഷങ്ങൾ തങ്ങൾക്കു ഒരു രാജാവിനെ അഭിഷേകം ചെയ്വാൻ പോയി.” രാജാവാകാനുള്ള ക്ഷണം വെച്ചുനീട്ടിയപ്പോൾ ഒലിവുവൃക്ഷവും അത്തിമരവും മുന്തിരിച്ചെടിയും അതു നിരസിച്ചു. സമർഥരെങ്കിലും സഹ ഇസ്രായേല്യരെ ഭരിക്കാൻ ആഗ്രഹിക്കാഞ്ഞ വ്യക്തികളെയാണ് അവ പ്രതിനിധാനം ചെയ്തത്. വിറകിനുമാത്രം ഉപകരിക്കുന്ന മുൾപടർപ്പിന്റേതായിരുന്നു അടുത്ത ഊഴം. മറ്റുള്ളവരെ ഭരിക്കാൻ വെമ്പൽകൊണ്ട കൊലപാതകിയും അഹങ്കാരിയുമായ അബീമേലെക്കിനെയാണ് അതു ചിത്രീകരിച്ചത്. “യിസ്രായേലിനെ മൂന്നു സംവത്സരം ഭരിച്ച” അവൻ പക്ഷേ അകാലമരണത്തിനിരയായി. (ന്യായാ. 9:8-15, 22, 50-54) താഴ്മ എത്ര പ്രധാനമാണ്!
10. ‘ദൈവത്തിന്നു മഹത്ത്വം കൊടുക്കാൻ’ പരാജയപ്പെട്ട ഹെരോദാവിൽനിന്നു നാം എന്തു പഠിക്കുന്നു?
10 എ.ഡി. ഒന്നാം നൂറ്റാണ്ടിൽ സോരിലെയും സീദോനിലെയും നിവാസികൾ, യെഹൂദ്യയുടെ രാജാവും അഹങ്കാരിയുമായ ഹെരോദാവ് അഗ്രിപ്പാവിന്റെ കോപത്തിനു പാത്രമായി. രാജാവുമായി സമാധാനത്തിലാകാൻ ആഗ്രഹിച്ച അവർ അവന്റെ ഒരു പ്രസംഗത്തിനൊടുവിൽ “ഇതു മനുഷ്യന്റെ ശബ്ദമല്ല ഒരു ദേവന്റെ ശബ്ദം അത്രേ” എന്ന് ആർത്തുവിളിച്ചു. ഹെരോദാവ് ആ പുകഴ്ച നിരാകരിച്ചില്ല. “അവൻ ദൈവത്തിന്നു മഹത്വം കൊടുക്കായ്കയാൽ” യഹോവയുടെ ദൂതൻ അവനെ അടിച്ചു, അത്യന്തം ദയനീയമായ ഒരു വിധത്തിൽ അവൻ ജീവൻ വെടിഞ്ഞു. (പ്രവൃ. 12:20-23) ബൈബിൾസത്യങ്ങൾ പഠിപ്പിക്കുന്നതിലോ പ്രസംഗങ്ങൾ നടത്തുന്നതിലോ നമുക്കു കുറെയൊക്കെ വൈദഗ്ധ്യമുണ്ടെങ്കിൽ ആ രീതിയിൽ നമ്മെ ഉപയോഗിക്കുന്ന ദൈവത്തെ നാം സ്തുതിക്കേണ്ടതല്ലേ?—1 കൊരി. 4:6, 7; യാക്കോ. 4:6.
ബലവും ധൈര്യവുമുള്ളവരായിരിക്കുക
11, 12. യഹോവ തന്റെ ദാസർക്കു ധൈര്യവും ബലവും നൽകുന്നുവെന്ന് ഹാനോക്കിന്റെ അനുഭവം കാണിക്കുന്നതെങ്ങനെ?
11 യഹോവയുടെ വഴികളിൽ താഴ്മയോടെ നടക്കുന്നപക്ഷം അവൻ നമ്മെ ബലപ്പെടുത്തുകയും നമുക്കു ധൈര്യംപകരുകയും ചെയ്യും. (ആവ. 31:6-8, 23) ആദാം മുതൽ ഏഴാമനായ ഹാനോക്ക്, ദുഷ്ടരായ സമകാലികർക്കിടയിൽ നീതിനിഷ്ഠമായി ജീവിച്ചുകൊണ്ട് സധൈര്യം ദൈവത്തോടുകൂടെ നടന്നു. (ഉല്പ. 5:21-24) ആ മനുഷ്യരുടെ ഭക്തിവിരുദ്ധമായ സംസാരവും പ്രവൃത്തികളും നിമിത്തം അവർക്കെതിരെ ശക്തമായ ഒരു ന്യായവിധി പ്രഖ്യാപിക്കാൻ യഹോവ അവനെ ബലപ്പെടുത്തി. (യൂദാ 14, 15 വായിക്കുക.) ദൈവത്തിന്റെ ന്യായവിധികൾ അറിയിക്കാനുള്ള ധൈര്യം നിങ്ങൾക്കുണ്ടോ?
12 നോഹയുടെ നാളിലെ ആഗോള പ്രളയത്താൽ ഭക്തികെട്ടവരുടെമേൽ യഹോവ ന്യായവിധി നടപ്പാക്കി. ഹാനോക്കിന്റെ പ്രവചനം നമുക്കും പ്രോത്സാഹജനകമാണ്, എന്തെന്നാൽ നമ്മുടെ നാളിലെ അഭക്തമനുഷ്യർ ആയിരക്കണക്കിന് ആത്മവ്യക്തികളുടെ വിശുദ്ധ സൈന്യത്താൽ പെട്ടെന്നുതന്നെ നശിപ്പിക്കപ്പെടും. (വെളി. 16:14-16; 19:11-16) ദിവ്യന്യായവിധികളോ രാജ്യഭരണത്തിൻകീഴിലെ അനുഗ്രഹങ്ങളോ സംബന്ധിച്ച സന്ദേശം ഘോഷിക്കാൻ നമ്മെ ധൈര്യപ്പെടുത്തിക്കൊണ്ട് യഹോവ നമ്മുടെ പ്രാർഥനകൾക്ക് ഉത്തരമരുളുന്നു.
13. നിരാശാജനകമായ പ്രശ്നങ്ങളെ അതിജീവിക്കാൻ ആവശ്യമായ ധൈര്യവും ബലവും ദൈവം നൽകുമെന്ന് എന്തുറപ്പുണ്ട്?
13 നിരാശാജനകമായ പ്രശ്നങ്ങളെ അതിജീവിക്കാൻ നമുക്കു ദൈവത്തിൽനിന്നുള്ള ബലവും ധൈര്യവും ആവശ്യമാണ്. ഏശാവ് വിവാഹംകഴിച്ച രണ്ടു ഹിത്യസ്ത്രീകൾ “യിസ്ഹാക്കിന്നും റിബെക്കെക്കും മനോവ്യസനകാരണമായിരുന്നു.” റിബെക്ക ഇങ്ങനെ വിലപിച്ചു: “ഈ ഹിത്യസ്ത്രീകൾ നിമിത്തം എന്റെ ജീവൻ എനിക്കു അസഹ്യമായിരിക്കുന്നു; ഈ ദേശക്കാരത്തികളായ ഇവരെപ്പോലെയുള്ള ഒരു ഹിത്യസ്ത്രീയെ യാക്കോബ് വിവാഹം കഴിച്ചാൽ ഞാൻ എന്തിന്നു ജീവിക്കുന്നു?” (ഉല്പ. 26:34, 35; 27:46) ഉടൻ നടപടി സ്വീകരിച്ച യിസ്ഹാക്ക്, യഹോവയുടെ ആരാധകർക്കിടയിൽനിന്ന് ഒരു വധുവിനെ കണ്ടെത്താൻ യാക്കോബിനെ പറഞ്ഞയച്ചു. ഏശാവിന്റെ ചെയ്തികൾ തിരുത്താൻ യിസ്ഹാക്കിനും റിബെക്കയ്ക്കും കഴിഞ്ഞില്ലെങ്കിലും വിശ്വസ്തരായി നിലകൊള്ളാൻ ആവശ്യമായ ജ്ഞാനവും ധൈര്യവും ബലവും ദൈവം അവർക്കു നൽകി. ആവശ്യമായ സഹായത്തിനായി യഹോവയോടു പ്രാർഥിക്കുന്നെങ്കിൽ നമുക്കും അതുതന്നെ പ്രതീക്ഷിക്കാം.—സങ്കീ. 118:5.
14. ഒരു ഇസ്രായേല്യ ബാലിക ധൈര്യം പ്രകടമാക്കിയതെങ്ങനെ?
14 നൂറ്റാണ്ടുകൾക്കുശേഷം, സിറിയൻ സൈന്യം അടിമയായി പിടിച്ചുകൊണ്ടുപോയ ഇസ്രായേല്യ പെൺകുട്ടിയുടെ കാര്യമെടുക്കുക. അവൾ സൈന്യാധിപനും കുഷ്ഠരോഗിയുമായ നയമാന്റെ വീട്ടിലെ ദാസിയായിത്തീർന്നു. എലീശാ പ്രവാചകനിലൂടെ ദൈവം ചെയ്ത അത്ഭുതങ്ങളെക്കുറിച്ചു കേട്ടറിഞ്ഞ അവൾ ധൈര്യപൂർവം നയമാന്റെ ഭാര്യയോട് ഇങ്ങനെ പറഞ്ഞു: “യജമാനൻ ശമര്യയിലെ പ്രവാചകന്റെ അടുക്കൽ ഒന്നു ചെന്നെങ്കിൽ അവൻ അവന്റെ കുഷ്ഠരോഗം മാറ്റിക്കൊടുക്കുമായിരുന്നു.” അങ്ങനെതന്നെ ചെയ്ത നയമാൻ അത്ഭുതകരമായി സുഖംപ്രാപിച്ചു. (2 രാജാ. 5:1-3) അധ്യാപകർക്കും സഹപാഠികൾക്കും മറ്റുള്ളവർക്കും സാക്ഷ്യംനൽകാനുള്ള ധൈര്യത്തിനായി യഹോവയിൽ ആശ്രയിക്കുന്ന ഇളംപ്രായക്കാർക്ക് ആ പെൺകുട്ടി എത്ര നല്ല മാതൃകയാണ്!
15. ആഹാബിന്റെ ഗൃഹവിചാരകനായ ഓബദ്യാവ് ധൈര്യപൂർവം പ്രവർത്തിച്ചതെങ്ങനെ?
15 പീഡനം സഹിച്ചുനിൽക്കാൻ ദൈവദത്ത ധൈര്യം നമ്മെ സഹായിക്കുന്നു. ഏലീയാ പ്രവാചകന്റെ സമകാലികനും ആഹാബ് രാജാവിന്റെ ഗൃഹവിചാരകനുമായ ഓബദ്യാവിനെക്കുറിച്ചു ചിന്തിക്കുക. ദൈവത്തിന്റെ പ്രവാചകന്മാരെയെല്ലാം കൊന്നുകളയാൻ ഈസേബെൽ രാജ്ഞി ഉത്തരവിട്ടപ്പോൾ ഓബദ്യാവ് അവരിൽ “നൂറുപേരെ ഓരോ ഗുഹയിൽ അമ്പതീതുപേരായി ഒളിപ്പിച്ചു.” (1 രാജാ. 18:13; 19:18) യഹോവയുടെ പ്രവാചകന്മാരെ ഓബദ്യാവ് സഹായിച്ചതുപോലെ, പീഡനം സഹിക്കുന്ന സഹക്രിസ്ത്യാനികളുടെ രക്ഷയ്ക്കായി നിങ്ങൾ സധൈര്യം പ്രവർത്തിക്കുമോ?
16, 17. അരിസ്തർഹോസും ഗായൊസും പീഡനത്തോടു പ്രതികരിച്ചതെങ്ങനെ?
16 പീഡനം ഉണ്ടാകുന്നപക്ഷം യഹോവ നമ്മെ പിന്തുണയ്ക്കുമെന്ന് അവന്റെ വചനം ഉറപ്പുതരുന്നു. (റോമ. 8:35-39) എഫെസൊസിലെ വിശാലമായ സ്റ്റേഡിയത്തിൽവെച്ച് വലിയൊരു ജനക്കൂട്ടം പൗലൊസിന്റെ സഹപ്രവർത്തകരായ അരിസ്തർഹോസിനും ഗായൊസിനും നേരെവന്നു. വെള്ളിപ്പണിക്കാരനായ ദെമേത്രിയൊസ് ആയിരുന്നു അതിനു പിന്നിൽ. അവനും മറ്റു തട്ടാന്മാരും ചേർന്ന് വെള്ളികൊണ്ട് അർത്തെമിസ് ദേവിയുടെ ക്ഷേത്രമാതൃകകൾ നിർമിച്ചിരുന്നു. പൗലൊസിന്റെ പ്രസംഗവേല നിമിത്തം ആ നഗരത്തിലെ അനേകരും വിഗ്രഹാരാധന ഉപേക്ഷിച്ചപ്പോൾ ലാഭകരമായ ആ ബിസിനസ്സിനു തിരിച്ചടിയേറ്റു. “എഫെസ്യരുടെ അർത്തെമിസ് മഹാദേവി” എന്ന് ആർത്തുകൊണ്ട് അവർ അരിസ്തർഹോസിനെയും ഗായൊസിനെയും സ്റ്റേഡിയത്തിലേക്കു വലിച്ചിഴച്ചു. തങ്ങൾ കൊല്ലപ്പെടുമെന്ന് ഇരുവർക്കും തോന്നിയെങ്കിലും നഗരാധികാരി ഇടപെട്ടതോടെ ജനക്കൂട്ടം ശാന്തമായി.—പ്രവൃ. 19:23-41.
17 സമാനമായ ഒരനുഭവം ഉണ്ടാകുന്നെങ്കിൽ ശുശ്രൂഷ പരിമിതപ്പെടുത്തുന്നതിനെക്കുറിച്ചു നിങ്ങൾ ചിന്തിക്കുമോ? അരിസ്തർഹോസിന്റെയോ ഗായൊസിന്റെയോ ധൈര്യം ചോർന്നുപോയതായി യാതൊരു രേഖയുമില്ല. സുവാർത്ത പ്രസംഗിക്കുമ്പോൾ പീഡനമുണ്ടായേക്കാമെന്ന് തെസ്സലൊനീക്യക്കാരനായ അരിസ്തർഹോസിന് അറിയാമായിരുന്നു. മുമ്പൊരിക്കൽ പൗലൊസ് അവിടെ നടത്തിയ പ്രസംഗം വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. (പ്രവൃ. 17:5; 20:4) തന്റെ വഴികളിൽ നടന്നതിനാൽ, പീഡനം സഹിച്ചുനിൽക്കാൻ ആവശ്യമായ ശക്തിയും ധൈര്യവും യഹോവ അവർക്കു നൽകി.
മറ്റുള്ളവരുടെ ക്ഷേമത്തിൽ താത്പര്യംകാട്ടുക
18. പ്രിസ്കയും അക്വിലാവും മറ്റുള്ളവരുടെ ക്ഷേമത്തിൽ താത്പര്യം കാണിച്ചതെങ്ങനെ?
18 ഇപ്പോൾ നാം പീഡനം നേരിടുന്നുണ്ടെങ്കിലും ഇല്ലെങ്കിലും സഹക്രിസ്ത്യാനികളുടെ ക്ഷേമത്തിൽ നാം തത്പരരായിരിക്കണം. ഇക്കാര്യത്തിൽ ഉത്തമ മാതൃകകളാണ് പ്രിസ്കയും അക്വിലാവും. (ഫിലിപ്പിയർ 2:4 വായിക്കുക.) വെള്ളിപ്പണിക്കാരനായ ദെമേത്രിയൊസ് എഫെസൊസിൽ കലഹം ഇളക്കിവിട്ടപ്പോൾ ഈ ദമ്പതികൾ പൗലൊസിന് അഭയംനൽകിയിരിക്കാം. പൗലൊസിനുവേണ്ടി ‘തങ്ങളുടെ കഴുത്തു വെച്ചുകൊടുക്കാൻ’ അവർ മനസ്സുകാണിച്ചതും അതേ സാഹചര്യത്തിലായിരിക്കാം. (റോമ. 16:3, 4; 2 കൊരി. 1:8) പീഡനത്തിനിരയാകുന്ന സഹോദരങ്ങളുടെ ക്ഷേമത്തിലുള്ള താത്പര്യം നിമിത്തം നാമിന്നു “പാമ്പിനെപ്പോലെ ബുദ്ധിയുള്ള”വരായി പ്രവർത്തിക്കുന്നു. (മത്താ. 10:16-18) ജാഗ്രതയോടെ വേലയിലേർപ്പെടുന്ന നാം, അവരുടെ പേരുവിവരങ്ങൾ പീഡകർക്കു വെളിപ്പെടുത്തുകയില്ല.
19. തബീഥാ മറ്റുള്ളവർക്കായി എന്തു സത്പ്രവൃത്തികൾ ചെയ്തിരുന്നു?
19 മറ്റുള്ളവരുടെ ക്ഷേമത്തിൽ താത്പര്യം കാണിക്കാൻ വിവിധ മാർഗങ്ങളുണ്ട്. നമുക്കു നിറവേറ്റിക്കൊടുക്കാനാകുന്ന പല ആവശ്യങ്ങളുമുള്ളവരാണു ചില ക്രിസ്ത്യാനികൾ. (എഫെ. 4:28; യാക്കോ. 2:14-17) ഒന്നാം നൂറ്റാണ്ടിൽ യോപ്പയിലെ സഭയിൽ തബീഥാ എന്നു പേരുള്ള ഉദാരമതിയായ ഒരു സ്ത്രീയുണ്ടായിരുന്നു. (പ്രവൃത്തികൾ 9:36-42 വായിക്കുക.) ദരിദ്രരായ വിധവകൾക്കു വസ്ത്രങ്ങൾ ഉണ്ടാക്കിക്കൊടുത്തും മറ്റും “വളരെ സൽപ്രവൃത്തികളും ധർമ്മങ്ങളും ചെയ്തുപോന്ന” അവൾ എ.ഡി. 36-ൽ മരണമടഞ്ഞപ്പോൾ ആ വിധവമാർക്ക് എത്ര ദുഃഖം തോന്നിയിരിക്കണം! പത്രൊസിനെ ഉപയോഗിച്ച് ദൈവം തബീഥായെ ഉയിർപ്പിച്ചു. സന്തോഷപൂർവം സുവാർത്ത പ്രസംഗിച്ചുകൊണ്ടും മറ്റുള്ളവർക്കു നന്മ ചെയ്തുകൊണ്ടും അവൾ ഭൂമിയിലെ തന്റെ ശിഷ്ടകാലം ചെലവഴിച്ചിരിക്കണം. നമുക്കിടയിലുള്ള നിസ്സ്വാർഥരായ അത്തരം ക്രിസ്തീയ സഹോദരിമാരെപ്രതി നാമെത്ര സന്തോഷിക്കുന്നു!
20, 21. (എ) മറ്റുള്ളവരുടെ ക്ഷേമത്തിൽ താത്പര്യം കാണിക്കാനാകുന്ന ഒരു വിധം എന്ത്? (ബി) പ്രോത്സാഹനം പകരുന്നവരായിരിക്കാൻ നിങ്ങൾക്കെങ്ങനെ കഴിയും?
20 മറ്റുള്ളവരെ പ്രോത്സാഹിപ്പിച്ചുകൊണ്ട് നാം അവരുടെ ക്ഷേമത്തിൽ താത്പര്യം പ്രകടമാക്കുന്നു. (റോമ. 1:11, 12) പൗലൊസിന്റെ സഹകാരിയായ ശീലാസ് ഏവർക്കും നല്ലൊരു പ്രോത്സാഹനമായിരുന്നു. എ.ഡി. 49-നോടടുത്ത് പരിച്ഛേദന സംബന്ധിച്ച പ്രശ്നത്തിനു തീർപ്പുകൽപ്പിക്കപ്പെട്ടപ്പോൾ അക്കാര്യം അറിയിച്ചുകൊണ്ടുള്ള കത്ത് മറ്റിടങ്ങളിലുള്ള വിശ്വാസികൾക്ക് എത്തിച്ചുകൊടുക്കാൻ യെരൂശലേമിലെ ഭരണസംഘം പ്രതിനിധികളെ അയച്ചു. ശീലാസും യൂദായും ബർന്നബാസും പൗലൊസും ചേർന്ന് അന്ത്യൊക്ക്യയിലേക്കു പോയി. അവിടെയായിരിക്കെ ശീലാസും യൂദായും ‘പല വചനങ്ങളാലും സഹോദരന്മാരെ പ്രബോധിപ്പിച്ച് [“പ്രോത്സാഹിപ്പിച്ച്,” NW] ഉറപ്പിച്ചു.’—പ്രവൃ. 15:32.
21 പിന്നീട് പൗലൊസും ശീലാസും ഫിലിപ്പിയിൽ തടവിലായെങ്കിലും ഒരു ഭൂകമ്പത്തെത്തുടർന്ന് ജയിലധികാരിക്കു സാക്ഷ്യംനൽകാനും അദ്ദേഹവും കുടുംബവും വിശ്വാസികളായിത്തീരുന്നതു കാണാനും അവർക്കു കഴിഞ്ഞു. ആ നഗരം വിട്ടുപോകുന്നതിനുമുമ്പ് പൗലൊസും ശീലാസും സഹോദരങ്ങളെ പ്രോത്സാഹിപ്പിച്ചു. (പ്രവൃ. 16:12, 40) പൗലൊസിനെയും ശീലാസിനെയുംപോലെ പ്രസംഗങ്ങൾ, അഭിപ്രായങ്ങൾ, തീക്ഷ്ണമായ വയൽസേവനം എന്നിവയിലൂടെ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുക. കൂടാതെ പ്രോത്സാഹനം പകരുന്ന എന്തെങ്കിലും പറയാനുള്ളപ്പോൾ, ഒരു കാരണവശാലും അതു പറയാതിരിക്കരുത്.—പ്രവൃ. 13:15.
യഹോവയുടെ വഴികളിൽ തുടർന്നു നടക്കുക
22, 23. ബൈബിൾവിവരണങ്ങളിൽനിന്നു യഥാർഥ പ്രയോജനം നേടാൻ നമുക്കെങ്ങനെ കഴിയും?
22 ‘സകല പ്രോത്സാഹനത്തിന്റെയും ദൈവമായ’ യഹോവയുടെ വചനത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന ജീവിതകഥകൾക്കായി നാം എത്ര നന്ദിയുള്ളവരായിരിക്കണം! (2 കൊരി. 1:3, ബയിങ്ടൺ) അവരുടെ അനുഭവങ്ങളിൽനിന്നു പ്രയോജനം നേടണമെങ്കിൽ അവ നൽകുന്ന പാഠങ്ങൾക്കു ചേർച്ചയിൽ നാം ജീവിക്കുകയും ദൈവാത്മാവിനാൽ നയിക്കപ്പെടാൻ മനസ്സുകാണിക്കുകയും വേണം.—ഗലാ. 5:22-25.
23 ബൈബിൾവിവരണങ്ങൾ സംബന്ധിച്ച ധ്യാനം ദൈവികഗുണങ്ങൾ ജീവിതത്തിൽ പകർത്താൻ നമ്മെ സഹായിക്കും. “ജ്ഞാനവും അറിവും സന്തോഷവും” നൽകുന്ന യഹോവയുമായുള്ള നമ്മുടെ ബന്ധത്തെ അതു ശക്തമാക്കും. (സഭാ. 2:26) അങ്ങനെ നാം, സ്നേഹവാനായ നമ്മുടെ ദൈവത്തിന്റെ ഹൃദയത്തെ സന്തോഷിപ്പിക്കും. (സദൃ. 27:11) യഹോവയുടെ വഴികളിൽ തുടർന്നു നടന്നുകൊണ്ട് അപ്രകാരം ചെയ്യാൻ നമുക്കു ദൃഢനിശ്ചയം ചെയ്യാം.
നിങ്ങളുടെ ഉത്തരം എന്താണ്?
• വിശ്വാസയോഗ്യരെന്നു തെളിയിക്കാൻ നിങ്ങൾക്കെങ്ങനെ കഴിയും?
• നാം താഴ്മയുള്ളവരായിരിക്കേണ്ടത് എന്തുകൊണ്ട്?
• ധൈര്യമുള്ളവരായിരിക്കാൻ ബൈബിൾവിവരണങ്ങൾ നമ്മെ എങ്ങനെ സഹായിക്കുന്നു?
• മറ്റുള്ളവരുടെ ക്ഷേമത്തിനായി നമുക്ക് എന്തൊക്കെ ചെയ്യാനാകും?
[8-ാം പേജിലെ ചിത്രം]
യിഫ്താഹും മകളും വിശ്വസ്തതയോടെ ദൈവത്തിനുള്ള നേർച്ച നിറവേറ്റി, അത് എളുപ്പമല്ലാതിരുന്നിട്ടും
[10-ാം പേജിലെ ചിത്രം]
കുട്ടികളേ, ഇസ്രായേല്യ പെൺകുട്ടിയിൽനിന്ന് നിങ്ങൾ എന്തു പഠിച്ചു?
[11-ാം പേജിലെ ചിത്രം]
തബീഥാ എങ്ങനെയാണു സഹക്രിസ്ത്യാനികളെ സഹായിച്ചത്?