റോമിലുള്ളവർക്ക് എഴുതിയ കത്ത്
16 കെംക്രെയ+ സഭയിലെ ഒരു ശുശ്രൂഷകയും നമ്മുടെ സഹോദരിയും ആയ ഫേബയെ ഞാൻ നിങ്ങൾക്കു പരിചയപ്പെടുത്തുന്നു. 2 വിശുദ്ധർക്കു ചേർന്ന രീതിയിൽ കർത്താവിൽ ഫേബയെ സ്വീകരിച്ച് ആവശ്യമുള്ള ഏതു സഹായവും ചെയ്തുകൊടുക്കുക.+ കാരണം ഞാൻ ഉൾപ്പെടെ പലർക്കും ഫേബ വലിയൊരു സഹായമായിരുന്നിട്ടുണ്ട്.
3 ക്രിസ്തുയേശുവിന്റെ വേലയിൽ എന്റെ സഹപ്രവർത്തകരായ പ്രിസ്കയെയും അക്വിലയെയും+ എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കണം. 4 അവർ എനിക്കുവേണ്ടി ജീവൻ പണയപ്പെടുത്തിയവരാണ്.+ ഞാൻ മാത്രമല്ല, ജനതകളുടെ എല്ലാ സഭകളും അവർക്കു നന്ദി പറയുന്നു. 5 അവരുടെ വീട്ടിലെ സഭയെയും എന്റെ അന്വേഷണം അറിയിക്കുക.+ എന്റെ പ്രിയപ്പെട്ട എപ്പൈനത്തൊസിനെയും അന്വേഷിച്ചതായി പറയുക. ഏഷ്യയിൽ ആദ്യമായി ക്രിസ്തുവിന്റെ അനുഗാമികളായവരിൽ ഒരാളാണല്ലോ എപ്പൈനത്തൊസ്. 6 നിങ്ങൾക്കുവേണ്ടി നന്നായി അധ്വാനിച്ച മറിയയെയും അന്വേഷണം അറിയിക്കണം. 7 എന്റെ ബന്ധുക്കളും+ എന്റെകൂടെ ജയിലിൽ കിടന്നവരും ആയ അന്ത്രൊനിക്കൊസിനെയും യൂനിയാസിനെയും എന്റെ സ്നേഹം അറിയിക്കുക. അപ്പോസ്തലന്മാർക്കിടയിൽ അവരെക്കുറിച്ച് വളരെ നല്ല അഭിപ്രായമാണ്. എന്നെക്കാൾ മുമ്പുതന്നെ ക്രിസ്തുശിഷ്യരായിത്തീർന്നവരുമാണല്ലോ അവർ.
8 കർത്താവിൽ എനിക്കു പ്രിയപ്പെട്ട അംപ്ലിയാത്തൊസിനെ എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുക. 9 ക്രിസ്തുവിന്റെ വേലയിൽ നമ്മുടെ സഹപ്രവർത്തകനായ ഉർബ്ബാനൊസിനെയും എനിക്കു പ്രിയപ്പെട്ട സ്താക്കിസിനെയും അന്വേഷിച്ചതായി പറയണം. 10 ക്രിസ്തുവിനു സുസമ്മതനായ അപ്പെലേസിനെ സ്നേഹം അറിയിക്കുക. അരിസ്തൊബൂലൊസിന്റെ വീട്ടുകാരെയെല്ലാം ഞാൻ അന്വേഷിച്ചതായി പറയണം. 11 എന്റെ ബന്ധുവായ ഹെരോദിയോനെ അന്വേഷണം അറിയിക്കുക. നർക്കിസ്സൊസിന്റെ വീട്ടുകാരിൽ, കർത്താവിന്റെ അനുഗാമികളായവരെ എന്റെ സ്നേഹം അറിയിക്കുക. 12 കർത്താവിന്റെ വേലയിൽ കഠിനാധ്വാനം ചെയ്യുന്ന സ്ത്രീകളായ ത്രുഫൈനയെയും ത്രുഫോസയെയും എന്റെ സ്നേഹം അറിയിക്കണം. കർത്താവിന്റെ വേലയിൽ നന്നായി അധ്വാനിച്ച നമ്മുടെ പ്രിയ പെർസിസിനെ എന്റെ സ്നേഹം അറിയിക്കുക. 13 കർത്താവിന്റെ ശുശ്രൂഷയിൽ വളരെ നന്നായി പ്രവർത്തിക്കുന്ന രൂഫൊസിനെയും, എന്റെയുംകൂടെ അമ്മയായ രൂഫൊസിന്റെ അമ്മയെയും എന്റെ സ്നേഹാന്വേഷണങ്ങൾ അറിയിക്കണം. 14 അസുംക്രിതൊസിനെയും പ്ലെഗോനെയും ഹെർമിസിനെയും പത്രോബാസിനെയും ഹെർമാസിനെയും അവരുടെകൂടെയുള്ള സഹോദരങ്ങളെയും ഞാൻ അന്വേഷിച്ചതായി പറയുക. 15 ഫിലൊലൊഗൊസിനെയും യൂലിയയെയും നെരെയുസിനെയും നെരെയുസിന്റെ സഹോദരിയെയും ഒളിമ്പാസിനെയും അവരുടെകൂടെയുള്ള എല്ലാ വിശുദ്ധരെയും എന്റെ അന്വേഷണം അറിയിക്കണം. 16 വിശുദ്ധചുംബനത്താൽ പരസ്പരം അഭിവാദനം ചെയ്യുക. ക്രിസ്തുവിന്റെ എല്ലാ സഭകളും നിങ്ങളെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുന്നു.
17 സഹോദരങ്ങളേ, നിങ്ങൾ പഠിച്ച ഉപദേശത്തിനു വിരുദ്ധമായി ഭിന്നിപ്പുണ്ടാക്കുകയും വഴിതെറ്റിക്കുകയും ചെയ്യുന്നവരെ സൂക്ഷിക്കണം. അവരെ ഒഴിവാക്കുക.+ 18 അങ്ങനെയുള്ളവർ നമ്മുടെ കർത്താവായ ക്രിസ്തുവിന്റെ അടിമകളല്ല, സ്വന്തം അഭിലാഷങ്ങളുടെ* അടിമകളാണ്. ചക്കരവാക്കും മുഖസ്തുതിയും പറഞ്ഞ് അവർ ശുദ്ധഗതിക്കാരുടെ ഹൃദയങ്ങളെ വശീകരിക്കുന്നു. 19 നിങ്ങളുടെ അനുസരണം വളരെ പ്രസിദ്ധമായിരിക്കുകയാണ്. അതുകൊണ്ട് നിങ്ങളെ ഓർത്ത് എനിക്കു വളരെ സന്തോഷമുണ്ട്. എന്നാൽ നിങ്ങൾ നല്ല കാര്യങ്ങൾ നന്നായി അറിയുന്നവരും ചീത്ത കാര്യങ്ങൾ ഒട്ടും അറിയാത്തവരും ആയിരിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.+ 20 സമാധാനം നൽകുന്ന ദൈവം പെട്ടെന്നുതന്നെ സാത്താനെ നിങ്ങളുടെ കാൽക്കീഴെ തകർത്തുകളയും.+ നമ്മുടെ കർത്താവായ യേശുവിന്റെ അനർഹദയ നിങ്ങളുടെകൂടെയുണ്ടായിരിക്കട്ടെ.
21 എന്റെ സഹപ്രവർത്തകനായ തിമൊഥെയൊസും എന്റെ ബന്ധുക്കളായ+ ലൂക്യൊസും യാസോനും സോസിപത്രൊസും നിങ്ങളെ സ്നേഹാന്വേഷണങ്ങൾ അറിയിക്കുന്നു.
22 ഈ കത്ത് എഴുതിക്കൊടുക്കുന്ന തെർതൊസ് എന്ന ഞാനും കർത്താവിൽ നിങ്ങളെ സ്നേഹം അറിയിക്കുന്നു.
23 എനിക്കും മുഴുസഭയ്ക്കും ആതിഥ്യമരുളുന്ന ഗായൊസും+ നിങ്ങളെ അന്വേഷണം അറിയിക്കുന്നു. നഗരത്തിന്റെ ധനകാര്യവിചാരകനായ എരസ്തൊസും എരസ്തൊസിന്റെ സഹോദരനായ ക്വർത്തൊസും നിങ്ങളെ അന്വേഷണം അറിയിക്കുന്നു. 24 *——
25 ഞാൻ അറിയിക്കുന്ന സന്തോഷവാർത്തയും യേശുക്രിസ്തുവിനെക്കുറിച്ചുള്ള സന്ദേശവും പാവനരഹസ്യത്തെക്കുറിച്ച്+ വെളിപ്പെടുത്തിക്കിട്ടിയ കാര്യങ്ങളും കാണിക്കുന്നതു ദൈവത്തിനു നിങ്ങളെ ശക്തീകരിക്കാനാകുമെന്നാണ്. ആ പാവനരഹസ്യം ദീർഘകാലമായി മറഞ്ഞിരുന്നതാണെങ്കിലും 26 ഇപ്പോൾ വെളിപ്പെട്ടിരിക്കുന്നു. നിത്യനായ ദൈവത്തിന്റെ കല്പനയനുസരിച്ച്, തിരുവെഴുത്തിലെ പ്രവചനങ്ങളിലൂടെ അത് എല്ലാ ജനതകളെയും അറിയിച്ചിരിക്കുന്നു. കാരണം അവരെല്ലാം, തന്നെ വിശ്വസിക്കണമെന്നും ആ വിശ്വാസം നിമിത്തം തന്നെ അനുസരിക്കണമെന്നും ആണ് ദൈവത്തിന്റെ ആഗ്രഹം. 27 ദൈവത്തിന്, ഒരേ ഒരു ജ്ഞാനിയായ ആ ദൈവത്തിന്,+ യേശുക്രിസ്തു മുഖാന്തരം എന്നും മഹത്ത്വം! ആമേൻ.