വിശ്വാസത്തോടെ പ്രവർത്തിക്കുന്നത് ദൈവാംഗീകാരത്തിലേക്കു നയിക്കും
“വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദാനങ്ങൾക്ക് അവകാശികളായവരുടെ അനുകാരികളാകേണ്ടതിനുതന്നെ.”—എബ്രാ. 6:12.
1, 2. യിഫ്താഹും മകളും നേരിട്ട പ്രതിസന്ധി എന്തായിരുന്നു?
കാത്തിരിപ്പിന്റെ നിമിഷങ്ങൾക്കു വിരാമമിട്ടുകൊണ്ട് അച്ഛൻ തിരിച്ചെത്തി. യുദ്ധം കഴിഞ്ഞ് വിജയശ്രീലാളിതനായി തിരിച്ചെത്തിയ അച്ഛനെ നൃത്തച്ചുവടുകളോടെ മകൾ വരവേറ്റു. എന്നാൽ അച്ഛന്റെ പ്രതികരണം അവളെ ഞെട്ടിച്ചു. “അയ്യോ, എന്റെ മകളേ, ... നീ എന്നെ വ്യസനിപ്പിക്കുന്നവരുടെ കൂട്ടത്തിൽ ആക്കിയല്ലോ” എന്ന്, ധരിച്ചിരുന്ന വസ്ത്രം വലിച്ചുകീറിക്കൊണ്ട് അദ്ദേഹം വിലപിച്ചു. ‘യഹോവയ്ക്ക് ഞാൻ ഒരു വാക്കു കൊടുത്തുപോയി’ എന്ന് അദ്ദേഹം അവളോടു പറഞ്ഞു. അത് അവളുടെ ജീവിതത്തെ എന്നെന്നേക്കുമായി മാറ്റിമറിക്കുമായിരുന്നു. കാരണം, അവൾക്ക് വിവാഹം കഴിക്കാനോ ഒരു കുഞ്ഞിനു ജന്മം നൽകാനോ ഇനി കഴിയില്ലായിരുന്നു. എന്നാൽ അവളുടെ പ്രതികരണം യഹോവയ്ക്ക് കൊടുത്ത വാക്ക് പാലിക്കാൻ ആ അച്ഛനെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു. യഹോവ എന്ത് ആവശ്യപ്പെട്ടാലും അത് തന്റെ നന്മയ്ക്കുവേണ്ടിയായിരിക്കുമെന്ന ഉറച്ച ബോധ്യം അവൾക്കുണ്ടെന്ന് ആ മറുപടി തെളിയിച്ചു. (ന്യായാ. 11:34-37) മകളുടെ വിശ്വാസം കണ്ട ആ അച്ഛന് മകളെക്കുറിച്ച് എന്തെന്നില്ലാത്ത അഭിമാനം തോന്നി. കാരണം അവളുടെ മനസ്സൊരുക്കം യഹോവയെ സന്തോഷിപ്പിക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
2 യിഫ്താഹിനും മകൾക്കും യഹോവയിലും യഹോവ കാര്യങ്ങൾ ചെയ്യുന്ന വിധത്തിലും പൂർണവിശ്വാസമുണ്ടായിരുന്നു. വിശ്വസ്തത കാണിക്കാൻ അത്ര എളുപ്പമല്ലായിരുന്ന സാഹചര്യങ്ങളിലും അവർ യഹോവയോട് വിശ്വസ്തരായിരുന്നു. ഏതൊരു ത്യാഗത്തെക്കാളും യാഗത്തെക്കാളും വിലയേറിയതാണ് യഹോവയുടെ അംഗീകാരം എന്ന കാര്യത്തിൽ അവർക്ക് ഒരു സംശയവുമില്ലായിരുന്നു.
3. യിഫ്താഹിന്റെയും മകളുടെയും മാതൃക നമുക്ക് ഇന്ന് പ്രയോജനം ചെയ്യുന്നത് എന്തുകൊണ്ട്?
3 യഹോവയോട് വിശ്വസ്തരായിരിക്കുന്നത് എല്ലായ്പോഴും അത്ര എളുപ്പമല്ല. നമ്മൾ ‘സത്യവിശ്വാസത്തിനുവേണ്ടി കഠിനമായി പോരാടേണ്ടതുണ്ട്.’ (യൂദാ 3) അതിന്, യിഫ്താഹും മകളും പ്രതിസന്ധികളിൽ സഹിച്ചുനിന്നത് എങ്ങനെയെന്ന് പഠിക്കുന്നത് നമ്മളെ സഹായിക്കും. അവർ എങ്ങനെയാണ് യഹോവയോട് വിശ്വസ്തരായി നിന്നത്?
ലോകത്തിന്റെ സ്വാധീനം ഉണ്ടായിരുന്നെങ്കിലും വിശ്വാസത്തോടെ പ്രവർത്തിച്ചു
4, 5. (എ) വാഗ്ദത്തദേശത്ത് കടക്കാറായപ്പോൾ ഇസ്രായേല്യർക്ക് യഹോവ നൽകിയ കല്പന എന്തായിരുന്നു? (ബി) സങ്കീർത്തനം 106 അനുസരിച്ച് അനുസരണക്കേട് കാണിച്ചതുകൊണ്ട് ഇസ്രായേല്യർക്ക് എന്ത് സംഭവിച്ചു?
4 ഓരോ ദിവസവും യിഫ്താഹും മകളും ഇസ്രായേല്യരുടെ അനുസരണക്കേടിന്റെ ഫലം കണ്മുമ്പിൽ കാണുന്നുണ്ടായിരുന്നു. ഏകദേശം 300 വർഷം മുമ്പ് വാഗ്ദത്തദേശത്തെ എല്ലാ വ്യാജാരാധകരെയും നശിപ്പിക്കാൻ യഹോവ ഇസ്രായേല്യരോട് കല്പിച്ചിരുന്നു. പക്ഷേ അവർ അത് അനുസരിച്ചില്ല. (ആവ. 7:1-4) വ്യാജദൈവങ്ങളെ ആരാധിക്കുകയും അസാന്മാർഗിക ജീവിതം നയിക്കുകയും ചെയ്തിരുന്ന കനാന്യരെ മിക്ക ഇസ്രായേല്യരും അനുകരിക്കാൻ തുടങ്ങി.—സങ്കീർത്തനം 106:34-39 വായിക്കുക.
5 ഇസ്രായേല്യരുടെ അനുസരണക്കേട് കാരണം യഹോവ അവരെ ശത്രുക്കളിൽനിന്നു സംരക്ഷിച്ചില്ല. (ന്യായാ. 2:1-3, 11-15; സങ്കീ. 106:40-43) പ്രയാസകരമായ ആ നാളുകളിൽ യഹോവയെ സ്നേഹിച്ചിരുന്ന കുടുംബങ്ങൾക്ക് വിശ്വസ്തരായിരിക്കുക വളരെ ബുദ്ധിമുട്ടായിരുന്നിരിക്കണം. എങ്കിലും വിശ്വസ്തരായിരുന്ന ചിലരെക്കുറിച്ച് ബൈബിൾ പറയുന്നുണ്ട്. അവരിൽ ചിലരാണ് യിഫ്താഹും മകളും, എല്ക്കാനയും ഹന്നായും ശമുവേലും ഒക്കെ. യഹോവയെ സന്തോഷിപ്പിക്കാൻ അവർ തീരുമാനിച്ചുറച്ചിരുന്നു.—1 ശമൂ. 1:20-28; 2:26.
6. ലോകത്തിന്റെ ഏത് സ്വാധീനങ്ങൾ ഇന്നു നിലനിൽക്കുന്നു, നമ്മൾ എന്തു ചെയ്യണം?
6 നമ്മുടെ നാളിലും ആളുകൾ ചിന്തിക്കുന്നതും പ്രവർത്തിക്കുന്നതും കനാന്യരെപ്പോലെതന്നെയാണ്. അസാന്മാർഗികത, അക്രമം, പണം എന്നിവയെ ചുറ്റിപ്പറ്റിയാണ് ഇന്ന് ആളുകളുടെ ജീവിതം. എന്നാൽ യഹോവ നമുക്ക് വ്യക്തമായ മുന്നറിയിപ്പുകൾ തരുന്നു. അത്തരം മോശമായ സ്വാധീനങ്ങളിൽനിന്ന് ഇസ്രായേല്യരെ സംരക്ഷിക്കാൻ ആഗ്രഹിച്ചതുപോലെ യഹോവ നമ്മളെയും സംരക്ഷിക്കാൻ ആഗ്രഹിക്കുന്നു. ഇസ്രായേല്യരുടെ പിഴവുകളിൽനിന്ന് നമ്മൾ പാഠം ഉൾക്കൊള്ളുമോ? (1 കൊരി. 10:6-11) ലോകത്തിന്റെ ചിന്ത ഒഴിവാക്കാൻ നമുക്ക് ആവുന്നതെല്ലാം ചെയ്യാം. (റോമ. 12:2) അതിനു നമ്മൾ പരമാവധി ശ്രമിക്കുമോ?
വിഷമസന്ധിയിലും വിശ്വാസത്തോടെ പ്രവർത്തിച്ചു
7. (എ) സ്വന്തം ജനംതന്നെ യിഫ്താഹിനോട് എന്ത് ചെയ്തു? (ബി) യിഫ്താഹിന്റെ പ്രതികരണം എന്തായിരുന്നു?
7 യഹോവയോട് അനുസരണക്കേട് കാണിച്ചതുകൊണ്ട് യിഫ്താഹിന്റെ കാലത്ത് ഫെലിസ്ത്യരും അമ്മോന്യരും ഇസ്രായേല്യരെ അടിച്ചമർത്തിക്കൊണ്ടിരുന്നു. (ന്യായാ. 10:7, 8) ശത്രുരാജ്യങ്ങളിൽനിന്ന് മാത്രമല്ല, സഹോദരന്മാരിൽനിന്നും ഇസ്രായേല്യനേതാക്കന്മാരിൽനിന്നും യിഫ്താഹിന് പല പ്രശ്നങ്ങൾ നേരിടേണ്ടിവന്നു. അവർക്ക് യിഫ്താഹിനോട് അസൂയയും വെറുപ്പും ആയിരുന്നതുകൊണ്ട് നിയമപരമായി അവകാശപ്പെട്ട പിതൃസ്വത്ത് ഉപേക്ഷിച്ചുപോകാൻ അവർ യിഫ്താഹിനെ നിർബന്ധിച്ചു. അദ്ദേഹം ദേശം വിട്ടുപോകുകയും ചെയ്തു. (ന്യായാ. 11:1-3) അവർ ക്രൂരമായി പെരുമാറിയെങ്കിലും അതൊന്നും അവരോടുള്ള അദ്ദേഹത്തിന്റെ മനോഭാവത്തിന് മാറ്റം വരുത്തിയില്ല. നമുക്ക് അത് എങ്ങനെ അറിയാം? തിരിച്ചുവന്ന് തങ്ങളെ സഹായിക്കണമെന്ന് ദേശത്തെ മൂപ്പന്മാർ അപേക്ഷിച്ചപ്പോൾ യിഫ്താഹ് അങ്ങനെ ചെയ്തു. (ന്യായാ. 11:4-11) അങ്ങനെ ചെയ്യാൻ യിഫ്താഹിനെ പ്രേരിപ്പിച്ചത് എന്തായിരിക്കും?
8, 9. (എ) മോശയുടെ ന്യായപ്രമാണത്തിലെ ഏത് തത്ത്വങ്ങൾ യിഫ്താഹിനെ സഹായിച്ചിരിക്കണം? (ബി) യിഫ്താഹിന് എന്തായിരുന്നു ഏറ്റവും പ്രധാനം?
8 യിഫ്താഹ് ഒരു വീരയോദ്ധാവായിരുന്നു. ഇസ്രായേലിന്റെ ചരിത്രവും മോശയുടെ ന്യായപ്രമാണവും അദ്ദേഹത്തിന് നന്നായി അറിയാമായിരുന്നു. യഹോവ ജനത്തോട് ഇടപെട്ട വിധത്തിൽനിന്ന് ശരിയും തെറ്റും സംബന്ധിച്ച ദൈവത്തിന്റെ നിലവാരം എന്താണെന്ന് യിഫ്താഹ് മനസ്സിലാക്കി. (ന്യായാ. 11:12-27) പിന്നീട്, ജീവിതത്തിൽ പല തീരുമാനങ്ങൾ എടുക്കേണ്ടിവന്നപ്പോഴും യിഫ്താഹ് ഈ അറിവ് ഉപയോഗിച്ചു. ദേഷ്യവും പകയും സംബന്ധിച്ചുള്ള യഹോവയുടെ വീക്ഷണം എന്താണെന്നും തന്റെ ജനം പരസ്പരം എങ്ങനെ സ്നേഹിക്കാനാണ് യഹോവ ആഗ്രഹിക്കുന്നതെന്നും യിഫ്താഹിന് നന്നായി അറിയാമായിരുന്നു. തന്നെ വെറുക്കുന്നവരോടുപോലും എങ്ങനെ പെരുമാറണമെന്ന് യിഫ്താഹ് ന്യായപ്രമാണത്തിൽനിന്ന് പഠിച്ചിരുന്നു.—പുറപ്പാടു 23:5; ലേവ്യപുസ്തകം 19:17, 18 വായിക്കുക.
9 യോസേഫിന്റെ മാതൃക യിഫ്താഹിനെ സഹായിച്ചിട്ടുണ്ടാകാം. കൂടെപ്പിറപ്പുകൾ യോസേഫിനെ വെറുത്തിരുന്നെങ്കിലും യോസേഫ് അവരോട് കരുണ കാണിച്ചത് എങ്ങനെയെന്ന് യിഫ്താഹ് മനസ്സിലാക്കിയിട്ടുണ്ടാകും. (ഉല്പ. 37:4; 45:4, 5) ഇതെക്കുറിച്ച് ചിന്തിച്ചത് യഹോവയ്ക്ക് ഇഷ്ടമുള്ള വിധത്തിൽ കാര്യങ്ങൾ ചെയ്യാൻ യിഫ്താഹിനെ സഹായിച്ചിരിക്കണം. സഹോദരങ്ങൾ തന്നോട് ചെയ്തത് യിഫ്താഹിനെ വല്ലാതെ വിഷമിപ്പിച്ചു. എങ്കിലും സ്വന്തം വികാരങ്ങളെക്കാൾ യഹോവയുടെ നാമത്തിനും ജനത്തിനും വേണ്ടി പോരാടുന്നതായിരുന്നു യിഫ്താഹിന് പ്രധാനം. (ന്യായാ. 11:9) യഹോവയിൽ വിശ്വാസം അർപ്പിക്കാൻ അദ്ദേഹം ഉറച്ച തീരുമാനമെടുത്തിരുന്നു. ആ മനോഭാവം യിഫ്താഹിനും ഇസ്രായേല്യർക്കും യഹോവയുടെ അനുഗ്രഹം നേടിക്കൊടുത്തു.—എബ്രാ. 11:32, 33.
10. ദിവ്യതത്ത്വങ്ങൾക്ക് ചേർച്ചയിൽ ജീവിക്കുന്ന ക്രിസ്ത്യാനികളാണ് നമ്മളെന്ന് എങ്ങനെ തെളിയിക്കാം?
10 യിഫ്താഹിന്റെ മാതൃകയിൽനിന്ന് നമ്മൾ പാഠം ഉൾക്കൊള്ളുമോ? സഹോദരങ്ങൾ നമ്മളെ നിരാശപ്പെടുത്തുമ്പോഴും നമ്മളോട് മോശമായി പെരുമാറുന്നതായി തോന്നുമ്പോഴും എന്തു ചെയ്യും? ഈ വിധത്തിൽ നമ്മുടെ മനസ്സു വേദനിക്കുമ്പോൾ യഹോവയെ സേവിക്കുന്നതിന് അതൊരു തടസ്സമാകരുത്. യോഗങ്ങൾക്ക് പോകുന്നതും സഹോദരങ്ങളോടൊത്ത് സഹവസിക്കുന്നതും ഒരിക്കലും നിറുത്തിക്കളയരുത്. നമുക്ക് യിഫ്താഹിനെ അനുകരിച്ചുകൊണ്ട് യഹോവയെ അനുസരിക്കാം. അങ്ങനെ വിഷമകരമായ സാഹചര്യങ്ങളെ മറികടക്കാനും യിഫ്താഹിനെപ്പോലെ മറ്റുള്ളവർക്കു നല്ലൊരു മാതൃകയായിരിക്കാനും നമുക്കു കഴിയും.—റോമ. 12:20, 21; കൊലോ. 3:13.
മനസ്സോടെയുള്ള ത്യാഗങ്ങൾ വിശ്വാസം വെളിപ്പെടുത്തുന്നു
11, 12. യിഫ്താഹ് യഹോവയ്ക്ക് എന്ത് വാക്കുകൊടുത്തു, ഇതിൽ എന്ത് ഉൾപ്പെട്ടിരുന്നു?
11 ഇസ്രായേല്യരെ അമ്മോന്യരുടെ കൈയിൽനിന്ന് രക്ഷിക്കാൻ യഹോവയുടെ സഹായം വേണമെന്ന് യിഫ്താഹിന് അറിയാമായിരുന്നു. യുദ്ധത്തിൽ ജയിച്ചാൽ, വീട്ടിൽ തിരിച്ച് എത്തുമ്പോൾ ആദ്യം കാണുന്ന വ്യക്തിയെ “ഹോമയാഗമായി” അർപ്പിക്കാമെന്ന് യിഫ്താഹ് യഹോവയ്ക്ക് വാക്കു കൊടുത്തു. (ന്യായാ. 11:30, 31) ഒരു വ്യക്തിയെ ഹോമയാഗമായി അർപ്പിക്കുക എന്നാൽ എന്താണ് അർഥം?
12 യിഫ്താഹ് അർപ്പിക്കാൻ പോയത് ഒരു അക്ഷരീയ യാഗമല്ല. കാരണം, മനുഷ്യബലി യഹോവയ്ക്കു വെറുപ്പാണ്. (ആവ. 18:9, 10) ന്യായപ്രമാണമനുസരിച്ച് ഒരാൾ യഹോവയ്ക്കു മുഴുവനായി നൽകുന്ന ഒരു പ്രത്യേകസമ്മാനം ആയിരുന്നു ഹോമയാഗം. അതുകൊണ്ട്, യാഗമായി അർപ്പിക്കപ്പെടുന്ന വ്യക്തി പിന്നീടുള്ള കാലം മുഴുവൻ സമാഗമനകൂടാരത്തിൽ സേവിക്കും എന്നായിരുന്നു യിഫ്താഹ് അർഥമാക്കിയത്. യഹോവ യിഫ്താഹിന്റെ അപേക്ഷ കേൾക്കുകയും യുദ്ധത്തിൽ സമ്പൂർണജയം നൽകുകയും ചെയ്തു. (ന്യായാ. 11:32, 33) എന്നാൽ യിഫ്താഹ് ആരെയായിരിക്കും യഹോവയ്ക്ക് യാഗമായി അർപ്പിക്കുന്നത്?
13, 14. ന്യായാധിപന്മാർ 11:35-ൽ രേഖപ്പെടുത്തിയിരിക്കുന്ന യിഫ്താഹിന്റെ വാക്കുകൾ അദ്ദേഹത്തിന്റെ വിശ്വാസത്തെക്കുറിച്ച് എന്ത് വെളിപ്പെടുത്തുന്നു?
13 ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞ ആ രംഗം ഒന്നുകൂടി മനസ്സിലേക്ക് കൊണ്ടുവരാമോ? യുദ്ധം കഴിഞ്ഞെത്തിയ യിഫ്താഹിനെ വരവേറ്റത് അദ്ദേഹം അതിയായി സ്നേഹിച്ചിരുന്ന തന്റെ ഒരേ ഒരു മകളായിരുന്നു. യിഫ്താഹ് വാക്ക് പാലിക്കുമോ? ജീവിതകാലം മുഴുവൻ സമാഗമനകൂടാരത്തിൽ യഹോവയെ സേവിക്കാൻ മകളെ വിട്ടുകൊടുക്കുമോ?
14 ന്യായപ്രമാണത്തിലെ തത്ത്വങ്ങളായിരിക്കണം ശരിയായ തീരുമാനമെടുക്കാൻ യിഫ്താഹിനെ ഇവിടെയും സഹായിച്ചത്. തങ്ങളുടെ ഏറ്റവും നല്ലത് യഹോവയ്ക്കു കൊടുക്കാൻ ദൈവജനം മനസ്സുള്ളവരായിരിക്കണം എന്ന പുറപ്പാട് 23:19-ലെ വാക്കുകൾ യിഫ്താഹ് ഓർത്തിരിക്കാം. ആരെങ്കിലും യഹോവയ്ക്ക് ഒരു നേർച്ച നേർന്നാൽ “അവൻ വാക്കിന്നു ഭംഗം വരുത്താതെ തന്റെ വായിൽനിന്നു പുറപ്പെട്ടതുപോലെ ഒക്കെയും നിവർത്തിക്കേണം” എന്നും ന്യായപ്രമാണത്തിൽ പറഞ്ഞിരുന്നു. (സംഖ്യാ. 30:2) തന്റെയും മകളുടെയും ഭാവി എന്താകുമെന്ന് അറിയാമായിരുന്നിട്ടും സാധ്യതയനുസരിച്ച് അതേ കാലത്തു ജീവിച്ചിരുന്ന വിശ്വസ്തയായ ഹന്നായെപ്പോലെ യിഫ്താഹും വാക്കു പാലിക്കണമായിരുന്നു. മറ്റു മക്കളില്ലായിരുന്നതുകൊണ്ട് യിഫ്താഹിന് ഈ മകളിലൂടെ മാത്രമേ ഒരു അനന്തരാവകാശി ഉണ്ടാകുമായിരുന്നുള്ളൂ. എന്നാൽ അവൾ സമാഗമനകൂടാരത്തിൽ സേവിക്കുകയാണെങ്കിൽ അതിന് ഒരു സാധ്യതയുമില്ലായിരുന്നു. (ന്യായാ. 11:34) എന്നിട്ടും, യിഫ്താഹ് വിശ്വസ്തതയോടെ ഇങ്ങനെ പറഞ്ഞു: “യഹോവയോടു ഞാൻ പറഞ്ഞുപോയി; എനിക്കു പിന്മാറിക്കൂടാ.” (ന്യായാ. 11:35) ഈ വലിയ ത്യാഗം ചെയ്തതിലൂടെ യഹോവയുടെ അംഗീകാരവും അനുഗ്രഹവും യിഫ്താഹിനു ലഭിച്ചു. ആ സ്ഥാനത്ത് നിങ്ങളായിരുന്നെങ്കിൽ യിഫ്താഹിനെപ്പോലെ വിശ്വസ്തത കാണിക്കുമായിരുന്നോ?
15. നമ്മളിൽ പലരും യഹോവയ്ക്ക് എന്ത് വാക്കു കൊടുത്തിട്ടുള്ളവരാണ്, നമുക്ക് എങ്ങനെ വിശ്വസ്തത തെളിയിക്കാം?
15 യഹോവയ്ക്ക് ജീവിതം സമർപ്പിച്ചപ്പോൾ, എന്തൊക്കെ സംഭവിച്ചാലും യഹോവയുടെ ഇഷ്ടം ചെയ്യുമെന്ന് നമ്മൾ വാക്കു കൊടുത്തിരുന്നു. ഇത് എല്ലായ്പോഴും അത്ര എളുപ്പമായിരിക്കില്ലെന്നു നമുക്ക് അറിയാമായിരുന്നു. ആ സ്ഥിതിക്ക് നമുക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യം ചെയ്യാൻ പറഞ്ഞാൽ നമ്മുടെ പ്രതികരണം എന്തായിരിക്കും? ആശങ്കകൾ മറികടന്ന് ദൈവത്തെ അനുസരിക്കുമ്പോൾ നമ്മൾ സമർപ്പണത്തോട് വിശ്വസ്തത പാലിക്കുകയാണ്. നമ്മൾ ചെയ്യുന്ന ത്യാഗങ്ങൾ ചിലപ്പോൾ വേദനാകരം ആയിരുന്നേക്കാം, എങ്കിലും യഹോവ തരുന്ന അനുഗ്രഹത്തിനു മുന്നിൽ അത് ഒന്നുമല്ല. (മലാ. 3:10) എന്നാൽ യിഫ്താഹിന്റെ മകളുടെ കാര്യമോ? അച്ഛൻ കൊടുത്ത വാക്കിനോട് മകൾ എങ്ങനെ പ്രതികരിച്ചു?
16. യിഫ്താഹ് കൊടുത്ത വാക്കിനോട് അദ്ദേഹത്തിന്റെ മകൾ എങ്ങനെയാണ് പ്രതികരിച്ചത്? (ലേഖനാരംഭത്തിലെ ചിത്രം കാണുക.)
16 യിഫ്താഹ് കൊടുത്ത വാക്ക് ഹന്നായുടേതിൽനിന്ന് വ്യത്യസ്തമായിരുന്നു. ഹന്നാ, തന്റെ മകൻ ശമുവേലിനെ സമാഗമനകൂടാരത്തിൽ ഒരു നാസീർ ആയി സേവിക്കാൻ വിടാമെന്നാണ് വാക്കുകൊടുത്തത്. (1 ശമൂ. 1:11) ഒരു നാസീർ വ്രതക്കാരന് വിവാഹവും കുടുംബവും ഒക്കെ ആകാമായിരുന്നു. എന്നാൽ യിഫ്താഹ് തന്റെ മകളെ ഒരു പൂർണ “ഹോമയാഗ”മായാണ് കൊടുത്തത്. അതുകൊണ്ട് ഭാര്യയോ അമ്മയോ ആകുന്നതിന്റെ സന്തോഷം ആസ്വദിക്കാൻ അവൾക്ക് കഴിയില്ലായിരുന്നു. (ന്യായാ. 11:37-40) ഒന്നു ചിന്തിച്ചുനോക്കൂ! യിഫ്താഹ് ഇസ്രായേലിന്റെ വീരനായകനായിരുന്നതിനാൽ മകൾക്ക് ആ നാട്ടിലെ ഏറ്റവും നല്ല ഒരാളെ വിവാഹം കഴിക്കാമായിരുന്നു. എന്നാൽ അവൾ ഇപ്പോൾ സമാഗമനകൂടാരത്തിലെ ഒരു എളിയ ദാസിയാകാൻ പോകുകയായിരുന്നു. ആ യുവതിയുടെ പ്രതികരണം എന്തായിരുന്നു? “നിന്റെ വായിൽനിന്നു പുറപ്പെട്ടതുപോലെ എന്നോടു ചെയ്ക” എന്ന് അച്ഛനോട് പറഞ്ഞുകൊണ്ട് ദൈവസേവനമാണ് തനിക്കു വലുതെന്ന് അവൾ തെളിയിച്ചു. (ന്യായാ. 11:36) കുടുംബജീവിതം എന്ന സ്വാഭാവികമായ ആഗ്രഹം യഹോവയെ സേവിക്കുന്നതിനുവേണ്ടി അവൾ ത്യജിച്ചു. ഈ ആത്മത്യാഗമനോഭാവം നമുക്ക് എങ്ങനെ അനുകരിക്കാം?
17. (എ) യിഫ്താഹിന്റെയും മകളുടെയും വിശ്വാസം നമുക്ക് എങ്ങനെ അനുകരിക്കാം? (ബി) എബ്രായർ 6:10-12 വരെയുള്ള വാക്കുകൾ ആത്മത്യാഗമനോഭാവം കാണിക്കാൻ നിങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് എങ്ങനെ?
17 യുവപ്രായത്തിലുള്ള ആയിരക്കണക്കിന് ക്രിസ്തീയ സഹോദരീസഹോദരന്മാർ കുറച്ചുകാലത്തേക്കെങ്കിലും വിവാഹമോ കുട്ടികളോ വേണ്ടെന്നുവെച്ചുകൊണ്ട് ത്യാഗം ചെയ്യാൻ മനസ്സുകാണിക്കുന്നു. കാരണം യഹോവയെ സേവിക്കുന്നതിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ അവർ ആഗ്രഹിക്കുന്നു. മക്കളോടും കൊച്ചുമക്കളോടും ഒപ്പം ചെലവഴിക്കാവുന്ന സമയം യഹോവയെ സേവിക്കാൻ ഉപയോഗിച്ചുകൊണ്ട് പ്രായമായ ചിലരും ത്യാഗം ചെയ്യുന്നു. അവരിൽ ചിലർ നിർമാണ പദ്ധതികളിൽ സേവിക്കുകയോ രാജ്യസുവിശേഷകർക്കുള്ള സ്കൂളിൽ പങ്കെടുക്കുകയോ പ്രചാരകരുടെ ആവശ്യം അധികമുള്ള സ്ഥലങ്ങളിലേക്കു മാറുകയോ ചെയ്തിട്ടുണ്ട്. മറ്റു ചിലർ സ്മാരകകാലത്ത് ദൈവസേവനത്തിൽ കൂടുതൽ ചെയ്യാൻ കാര്യങ്ങൾ ആസൂത്രണം ചെയ്യാറുണ്ട്. ഈ വിശ്വസ്തരുടെ മുഴുഹൃദയത്തോടെയുള്ള ത്യാഗങ്ങൾ യഹോവ ഒരിക്കലും മറക്കില്ല. (എബ്രായർ 6:10-12 വായിക്കുക.) നിങ്ങളുടെ കാര്യമോ? യഹോവയെ കൂടുതൽ തികവോടെ സേവിക്കുന്നതിനുവേണ്ടി നിങ്ങൾ ത്യാഗങ്ങൾ ചെയ്യുമോ?
നമ്മൾ പഠിച്ച പാഠങ്ങൾ
18, 19. യിഫ്താഹിനെയും മകളെയും കുറിച്ചുള്ള ബൈബിൾവിവരണത്തിൽനിന്ന് നമുക്ക് എന്ത് പഠിക്കാം, നമുക്ക് അവരെ എങ്ങനെ അനുകരിക്കാം?
18 പല പ്രതിസന്ധികളെയും മറികടക്കാൻ യിഫ്താഹിനെ സഹായിച്ചത് എന്താണ്? തന്റെ തീരുമാനങ്ങളെ നയിക്കാൻ യിഫ്താഹ് യഹോവയെ അനുവദിച്ചു. അതിനെ സ്വാധീനിക്കാൻ മറ്റാരെയും അനുവദിച്ചതുമില്ല. മറ്റുള്ളവർ നിരാശപ്പെടുത്തിയപ്പോഴും വിശ്വാസത്തോടെ പ്രവർത്തിക്കാനുള്ള തീരുമാനത്തെ ദുർബലമാക്കാൻ യിഫ്താഹ് അനുവദിച്ചില്ല. മനസ്സോടെയുള്ള ത്യാഗത്തിന് യിഫ്താഹിനെയും മകളെയും യഹോവ അനുഗ്രഹിച്ചു. സത്യാരാധന ഉന്നമിപ്പിക്കുന്നതിന് യഹോവ അവരെ ഉപയോഗിച്ചു. മറ്റുള്ളവർ ദൈവത്തിന്റെ നിലവാരങ്ങൾ കാറ്റിൽ പറത്തിയപ്പോഴും യിഫ്താഹും മകളും അതിനോട് വിശ്വസ്തമായി പറ്റിനിന്നു.
19 ‘വിശ്വാസത്താലും ദീർഘക്ഷമയാലും വാഗ്ദാനങ്ങൾക്ക് അവകാശികളായവരുടെ അനുകാരികളാകുക’ എന്ന് ബൈബിൾ പറയുന്നു. (എബ്രാ. 6:12) യിഫ്താഹിനെയും മകളെയും അനുകരിച്ചുകൊണ്ട് നമ്മൾ വിശ്വസ്തരായിരിക്കുകയാണെങ്കിൽ യഹോവ നമ്മളെയും അനുഗ്രഹിക്കും.