അവരുടെ വിശ്വാസം അനുകരിക്കുക | ദാവീദ്
‘യുദ്ധം യഹോവയ്ക്കുള്ളത്’
ദാവീദ് വീഴാതിരിക്കാൻ നന്നേ പാടുപെടുന്നുണ്ടായിരുന്നു. പടയാളികൾ തിക്കിത്തിരക്കി ദാവീദിനെ മറികടന്ന് പായുകയാണ്. പോർക്കളത്തിൽനിന്ന് പിന്തിരിഞ്ഞോടുന്ന അവരുടെ കണ്ണുകളിൽ ഭീതി തളംകെട്ടി നിന്നിരുന്നു. എന്താണ് അവിടെ സംഭവിച്ചത്? പരിഭ്രമത്തോടെ അവർ ഒരു വാക്ക് ഉരുവിടുന്നതു ദാവീദ് കേട്ടുകാണും. അത് ഒരാളുടെ പേരായിരുന്നു. ആ മനുഷ്യൻ അതാ, താഴ്വരയിൽ ധിക്കാരത്തോടെ തല ഉയർത്തി നിൽക്കുന്നു! ഇത്ര ഭീമാകാരനായ ഒരാളെ ദാവീദ് ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടുണ്ടാകില്ല.
ഗൊല്യാത്ത്! പടയാളികൾ അയാളെ ഭയപ്പെട്ടതിന്റെ കാരണം ദാവീദിനു വ്യക്തമായിക്കാണും. അസാധാരണമായ വലിപ്പം! പർവതംപോലൊരാൾ! ആ വമ്പൻ പടച്ചട്ടയുടെ ഭാരം ഒഴിച്ചുനിറുത്തിയാൽപ്പോലും അയാൾക്കു രണ്ടു വലിയ മനുഷ്യരുടെ തൂക്കം കാണും. പരിചയസമ്പന്നനായ ആ യോദ്ധാവിന്റെ വരവ് ആയുധസജ്ജനായിട്ടാണ്. അതിശക്തനായ ഗൊല്യാത്തിന്റെ പോർവിളി അവിടെ മുഴങ്ങിക്കേട്ടു. ഇസ്രായേൽസൈന്യത്തെയും അവരുടെ രാജാവായ ശൗലിനെയും അയാൾ വെല്ലുവിളിക്കുന്നതിന്റെ ശബ്ദം അവിടെയുള്ള മലനിരകളിൽ തട്ടി പ്രതിധ്വനിക്കുന്നതു നിങ്ങൾക്കു ഭാവനയിൽ കാണാൻ കഴിയുന്നുണ്ടോ? മുന്നോട്ടു വന്ന് തന്നോടു പോരാടാൻ ചങ്കൂറ്റമുള്ളവരെ അയാൾ വിളിക്കുകയാണ്. അയാളെ നേർക്കുനേർ പൊരുതിത്തോൽപ്പിച്ചാൽ യുദ്ധം ഒഴിവാക്കാമത്രേ!—1 ശമുവേൽ 17:4-10.
ഇസ്രായേല്യരുടെ മുട്ടു കൂട്ടിയിടിച്ചു. ശൗൽ രാജാവും ഭയന്നു. ഒരു മാസത്തിലേറെയായി സ്ഥിതി ഇതാണെന്നു ദാവീദ് അറിഞ്ഞു. ദിവസവും ഗൊല്യാത്ത് വെല്ലുവിളി മുഴക്കും. ഇസ്രായേല്യസൈന്യവും ഫെലിസ്ത്യസൈന്യവും യുദ്ധം ചെയ്യാതെ ഒരേ നിൽപ്പുതന്നെ. ദാവീദിന് ആകെ വിഷമമായി. ഇസ്രായേൽ രാജാവും തന്റെ മൂന്നു ജ്യേഷ്ഠന്മാർ ഉൾപ്പെട്ട ഇസ്രായേൽസൈന്യവും പേടിച്ചുവിറയ്ക്കുന്നത് എത്ര നാണക്കേടാണ്! ദാവീദിന്റെ കണ്ണിൽ, വ്യാജദൈവങ്ങളെ ആരാധിച്ചിരുന്ന ഗൊല്യാത്ത് അപമാനിച്ചത് ഇസ്രായേൽസൈന്യത്തെ മാത്രമായിരുന്നില്ല. അയാൾ ഇസ്രായേലിന്റെ ദൈവമായ യഹോവയെയാണു വാസ്തവത്തിൽ നിന്ദിച്ചത്. നന്നേ ചെറുപ്പമായിരുന്ന ദാവീദിനു പക്ഷേ ഇപ്പോൾ എന്തു ചെയ്യാനാകും? ദാവീദിന്റെ വിശ്വാസത്തിൽനിന്ന് ഇന്നു നമുക്ക് എന്തു പഠിക്കാം?—1 ശമുവേൽ 17:11-14.
“ഇവനെ അഭിഷേകം ചെയ്ക; ഇവൻ തന്നേ ആകുന്നു!”
മാസങ്ങൾക്കു മുമ്പ് നടന്ന ഒരു സംഭവമാണ്. സന്ധ്യ മയങ്ങാറായി. ബേത്ത്ലെഹെമിന് അടുത്തുള്ള കുന്നിൻചെരിവുകളിൽ അപ്പന്റെ ആടുകളെ മേയ്ക്കുകയായിരുന്നു ദാവീദ്. സാധ്യതയനുസരിച്ച് അപ്പോഴും കൗമാരം കടന്നിട്ടില്ലാത്ത, പവിഴനിറമുള്ള, സുമുഖനായ ഒരു യുവാവായിരുന്നു അവൻ. ആർക്കും ആകർഷണം തോന്നുന്ന ആ കണ്ണുകളിൽ വിവേകം പ്രതിഫലിച്ചിരുന്നു. പ്രശാന്തസുന്ദരമായ ചുറ്റുപാടുകളിൽ ഒറ്റയ്ക്ക് ഇരിക്കുമ്പോൾ കിന്നരം വായിക്കുന്നതായിരുന്നു അവന്റെ വിനോദം. ദൈവത്തിന്റെ സൃഷ്ടികളുടെ മനോഹാരിത അവന്റെ മനസ്സിനെ തൊട്ടുണർത്തി. മണിക്കൂറുകളോളം അങ്ങനെ ആസ്വദിച്ച് പരിശീലിച്ചത് അവന്റെ സംഗീതവൈഭവത്തിന്റെ മാറ്റു കൂട്ടി. പക്ഷേ പെട്ടെന്ന്, അന്നു വൈകുന്നേരം അപ്പൻ ദാവീദിനെ വിളിപ്പിച്ചു. അദ്ദേഹത്തിന് ഇപ്പോൾത്തന്നെ അവനെ കാണണം.—1 ശമുവേൽ 16:12.
വീട്ടിലെത്തിയ ദാവീദ് കണ്ടത്, അപ്പനായ യിശ്ശായി നന്നേ വൃദ്ധനായ ഒരാളോടു സംസാരിക്കുന്നതാണ്. ശമുവേൽ എന്ന ആ വിശ്വസ്തപ്രവാചകനെ യഹോവ അയച്ചതു യിശ്ശായിയുടെ ആൺമക്കളിൽ ഒരാളെ ഇസ്രായേലിന്റെ അടുത്ത രാജാവായി അഭിഷേകം ചെയ്യാനാണ്. ശമുവേൽ അതിനോടകം ദാവീദിന്റെ ഏഴു ജ്യേഷ്ഠന്മാരെ കണ്ടുകഴിഞ്ഞിരുന്നു. പക്ഷേ അവരെ ആരെയും താൻ തിരഞ്ഞെടുത്തിട്ടില്ല എന്നു യഹോവ ശമുവേലിനു വ്യക്തമാക്കിക്കൊടുത്തു. പക്ഷേ ദാവീദ് വന്നപ്പോൾ യഹോവ ശമുവേലിനോട്, “ഇവനെ അഭിഷേകം ചെയ്ക; ഇവൻ തന്നേ ആകുന്നു” എന്നു പറഞ്ഞു. അകം തുരന്ന് പൊള്ളയാക്കിയ ഒരു കൊമ്പിൽ വിശേഷതൈലവുമായാണു ശമുവേൽ വന്നത്. ദാവീദിന്റെ ജ്യേഷ്ഠന്മാരുടെ മുന്നിൽവെച്ച് ശമുവേൽ അതു തുറന്ന് തൈലം ദാവീദിന്റെ തലയിൽ ഒഴിച്ച് അഭിഷേകം ചെയ്തു. അതോടെ ദാവീദിന്റെ ജീവിതം മാറിമറിഞ്ഞെന്നു പറയാം. “യഹോവയുടെ ആത്മാവു അന്നുമുതൽ ദാവീദിന്മേൽ വന്നു” എന്നു ബൈബിൾ പറയുന്നു.—1 ശമുവേൽ 16:1, 5-13.
രാജാധികാരം കൈയാളുന്നതിനെക്കുറിച്ച് ദാവീദ് അപ്പോൾമുതൽ ദിവാസ്വപ്നം കണ്ടുതുടങ്ങിയോ? ഇല്ല. വലിയവലിയ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കേണ്ട സമയത്തെക്കുറിച്ച് യഹോവയുടെ ആത്മാവ് തന്നെ അറിയിക്കുന്നതുവരെ അതിനായി കാത്തിരിക്കാൻ ദാവീദ് തയ്യാറായിരുന്നു. അക്കാലയളവിൽ ആടുകളെ മേയ്ക്കുന്ന ആ എളിയ ജോലി അവൻ തുടർന്നു. വളരെ ആത്മാർഥതയോടെയും ധൈര്യത്തോടെയും ദാവീദ് ചെയ്ത ഒരു ജോലിയായിരുന്നു അത്. രണ്ടു വട്ടം അപ്പന്റെ ആടുകളുടെ ജീവനു ഭീഷണിയുണ്ടായി. ഒരിക്കൽ ഒരു സിംഹം വന്നു, മറ്റൊരിക്കൽ ഒരു കരടിയും. ദൂരെ മാറിനിന്ന് അവയെ ആട്ടിയോടിക്കാനല്ല ദാവീദ് ശ്രമിച്ചത്. പകരം, അപ്പന്റെ നിസ്സഹായരായ ആടുകളുടെ ജീവൻ രക്ഷിക്കാൻ പാഞ്ഞുചെന്ന ദാവീദ് അവയുമായി പോരാടി. രണ്ടു തവണയും ആ ക്രൂരമൃഗങ്ങളെ അവൻ ഒറ്റയ്ക്കു കൊന്നു!—1 ശമുവേൽ 17:34-36; യശയ്യ 31:4.
കുറച്ച് കാലത്തിനു ശേഷം ദാവീദിനെ ശൗൽ രാജാവ് വിളിപ്പിച്ചു. അവനെപ്പറ്റിയുള്ള വാർത്ത ശൗലിന്റെ ചെവിയിലും എത്തിയിരുന്നു. ശൗൽ അപ്പോഴും ശക്തനായ ഒരു യോദ്ധാവായിരുന്നെങ്കിലും, യഹോവയുടെ നിർദേശങ്ങളെ ധിക്കരിച്ചതുകൊണ്ട് അദ്ദേഹത്തിനു ദൈവാംഗീകാരം നഷ്ടപ്പെട്ടിരുന്നു. യഹോവ തന്റെ ആത്മാവിനെ ശൗലിൽനിന്ന് എടുത്തതുകൊണ്ട് ഒരു ദുരാത്മാവ് പലപ്പോഴും ശൗലിനെ ബാധിച്ചു. അതോടെ ദേഷ്യവും സംശയവും അക്രമവാസനയും അദ്ദേഹത്തെ പിടികൂടി. എന്നാൽ ദുരാത്മാവ് ബാധിക്കുമ്പോഴെല്ലാം ശൗലിന് ആശ്വാസം പകർന്നിരുന്ന ഒന്നായിരുന്നു സംഗീതം. ഒരു സംഗീതജ്ഞനായും യോദ്ധാവായും ദാവീദിനുള്ള കീർത്തി ശൗലിന്റെ കൂട്ടാളികളിൽ ചിലർ കേട്ടിരുന്നു. അങ്ങനെയാണു ദാവീദിനെ ശൗൽ വിളിപ്പിച്ചത്. പെട്ടെന്നുതന്നെ ദാവീദ് ശൗലിന്റെ കൊട്ടാരത്തിലെ സംഗീതക്കാരിൽ ഒരാളായി. ശൗലിന്റെ ആയുധവാഹകരുടെ കൂട്ടത്തിലും ദാവീദുണ്ടായിരുന്നു.—1 ശമുവേൽ 15:26-29; 16:14-23.
ദാവീദിന്റെ ഈ വിശ്വാസത്തിൽനിന്ന്, പ്രത്യേകിച്ച് ചെറുപ്പക്കാർക്കു ധാരാളം പാഠങ്ങൾ പഠിക്കാനുണ്ട്. ഒഴിവുവേളകൾ, യഹോവയോട് അടുക്കാൻ സഹായിക്കുന്ന കാര്യങ്ങൾ ചെയ്യാനാണു ദാവീദ് ഉപയോഗിച്ചതെന്നു ശ്രദ്ധിച്ചോ? ഇനി, ജീവിതത്തിൽ പ്രായോഗികമായി ഉപകാരപ്പെടുന്ന, ഒരു തൊഴിൽ കിട്ടാൻ സഹായിക്കുന്ന വൈദഗ്ധ്യങ്ങൾ അവൻ ക്ഷമാപൂർവം വളർത്തിയെടുത്തു. എല്ലാറ്റിലും ഉപരിയായി ദാവീദ് യഹോവയുടെ ആത്മാവിന്റെ വഴിനടത്തിപ്പിനനുസരിച്ചാണു കാര്യങ്ങൾ ചെയ്തത്. എത്ര വിശിഷ്ടമായ പാഠങ്ങളാണു നമുക്കെല്ലാം പഠിക്കാനുള്ളത്!—സഭാപ്രസംഗി 12:1.
“ഇവന്റെ നിമിത്തം ആരും അധൈര്യപ്പെടേണ്ടാ”
ശൗലിനെ സേവിക്കുന്ന സമയത്തും ആടുകളെ മേയ്ക്കാനായി ദാവീദ് ഇടയ്ക്കൊക്കെ വീട്ടിലേക്കു പോകുമായിരുന്നു. ചില സമയത്ത് കുറച്ച് അധികം കാലം കഴിഞ്ഞേ മടങ്ങിവരൂ. ഒരിക്കൽ അങ്ങനെ പോയപ്പോഴാണു ശൗലിന്റെ സൈന്യത്തിലുള്ള, തന്റെ മൂത്ത മക്കളുടെ ക്ഷേമം അന്വേഷിക്കാനായി യിശ്ശായി ദാവീദിനെ പറഞ്ഞയച്ചത്. അനുസരണയോടെ ദാവീദ് മൂന്നു ജ്യേഷ്ഠന്മാർക്കുള്ള സാധനങ്ങളും എടുത്ത് ഏലാ താഴ്വരയിലേക്കു പോയി. അവിടെ എത്തിയപ്പോൾ കണ്ട കാഴ്ച ദാവീദിനെ നിരാശനാക്കി. ലേഖനത്തിന്റെ തുടക്കത്തിൽ കണ്ടതുപോലെ, രണഭൂമിയിൽ ആകെപ്പാടെ ഒരു സ്തംഭനാവസ്ഥ! വില്ലാകൃതിയിൽ നീണ്ടുപരന്ന് കിടക്കുന്ന ആ താഴ്വരയിലെ മലഞ്ചെരിവുകളിൽ രണ്ടു സൈന്യങ്ങളും യുദ്ധം ചെയ്യാതെ മുഖാമുഖം നിൽക്കുന്നു.—1 ശമുവേൽ 17:1-3, 15-19.
ദാവീദിനു താങ്ങാവുന്നതിനും അപ്പുറമായിരുന്നു അത്. ജീവനുള്ള ദൈവമായ യഹോവയുടെ സൈന്യം വെറുമൊരു മനുഷ്യനെ കണ്ട് പേടിച്ചോടുകയോ? അതും ഒരു വ്യാജാരാധകനെ! ഗൊല്യാത്തിന്റെ വെല്ലുവിളിയെ, യഹോവയെ അപമാനിക്കുന്നതിനു തുല്യമായാണു ദാവീദ് കണ്ടത്. അതുകൊണ്ട് ഗൊല്യാത്തിനെ കീഴ്പെടുത്തുന്നതിനെക്കുറിച്ച് ദാവീദ് പടയാളികളോടു വാതോരാതെ സംസാരിക്കാൻ തുടങ്ങി. അധികം വൈകാതെ ദാവീദിന്റെ മൂത്ത ജ്യേഷ്ഠനായ എലിയാബിന്റെ ചെവിയിലും ഇക്കാര്യം എത്തി. എലിയാബ് ദാവീദിനെ വല്ലാതെ വഴക്കു പറഞ്ഞു. യുദ്ധം കണ്ട് രസിക്കാനാണു ദാവീദ് വന്നതെന്നായിരുന്നു എലിയാബിന്റെ വാദം. പക്ഷേ ദാവീദ് പറഞ്ഞു: “ഞാൻ ഇപ്പോൾ എന്തു ചെയ്തു? ഒരു വാക്കല്ലേ പറഞ്ഞുള്ളു?” എന്നിട്ട് ഗൊല്യാത്തിനെ തോൽപ്പിക്കുന്നതിനെക്കുറിച്ച് ആത്മവിശ്വാസത്തോടെ പറഞ്ഞുനടക്കാൻ തുടങ്ങി. ആരോ ഇക്കാര്യം ശൗലിനെ അറിയിച്ചു. ദാവീദിനെ ഹാജരാക്കാൻ രാജകല്പനയുണ്ടായി.—1 ശമുവേൽ 17:23-31.
ധൈര്യം പകരുന്ന ഈ വാക്കുകൾ ഗൊല്യാത്തിനെപ്പറ്റി ദാവീദ് ശൗലിനോടു പറഞ്ഞു: “ഇവന്റെ നിമിത്തം ആരും അധൈര്യപ്പെടേണ്ടാ.” ശൗലും കൂട്ടരും ഗൊല്യാത്തിന്റെ വാക്കുകൾ കേട്ട് ശരിക്കും ഭയന്നിരിക്കുകയായിരുന്നു. ഭീമാകാരനായ ആ മനുഷ്യനുമായി അവർ തങ്ങളെ താരതമ്യം ചെയ്തുകാണും. സ്വാഭാവികമായി ആർക്കും പറ്റിപ്പോകാവുന്ന ഒരു തെറ്റ്! കൂടിപ്പോയാൽ തങ്ങളൊക്കെ അയാളുടെ വയറിന്റെയോ നെഞ്ചിന്റെയോ അത്രയേ വരൂ എന്ന് അവർ ചിന്തിച്ചിട്ടുണ്ടാകും. യുദ്ധസജ്ജനായ ആ മല്ലൻ അവരെ കശക്കിയെറിയുന്നത് അവർ ഭാവനയിൽ കണ്ടു. പക്ഷേ ദാവീദ് ആ രീതിയിലല്ല ചിന്തിച്ചത്. നമ്മൾ കാണാൻപോകുന്നതുപോലെ, ദാവീദ് പ്രശ്നങ്ങളെ മറ്റൊരു കണ്ണിലൂടെയാണു കണ്ടത്. അതുകൊണ്ടാണ് ഗൊല്യാത്തിനെ നേരിടാൻ ദാവീദ് സ്വയം മുന്നോട്ടു വന്നത്.—1 ശമുവേൽ 17:32.
ശൗൽ അതിനെ എതിർത്തു: “ഈ ഫെലിസ്ത്യനോടു ചെന്നു അങ്കം പൊരുതുവാൻ നിനക്കു പ്രാപ്തിയില്ല; നീ ബാലൻ അത്രേ; അവനോ, ബാല്യംമുതൽ യോദ്ധാവാകുന്നു.” ദാവീദ് ശരിക്കും ഒരു കുട്ടിയായിരുന്നോ? അല്ല. പക്ഷേ ദാവീദിനു സൈന്യത്തിൽ ചേരാനുള്ള പ്രായമായിട്ടില്ലായിരുന്നു. കണ്ടാലും അവൻ തീരെ ചെറുപ്പമായിരുന്നിരിക്കാം. എന്നാൽ ഒരു വീരയോദ്ധാവായി ഇതിനോടകം പേരെടുത്തിരുന്ന ദാവീദ് സാധ്യതയനുസരിച്ച് അപ്പോഴേക്കും കൗമാരപ്രായം പിന്നിടാറായിരുന്നു.—1 ശമുവേൽ 16:18; 17:33.
മുമ്പ് സിംഹവും കരടിയും ആക്രമിച്ചപ്പോൾ സംഭവിച്ച കാര്യങ്ങളെക്കുറിച്ച് വർണിച്ചുകൊണ്ട് ദാവീദ് ശൗലിനു ധൈര്യം പകർന്നു. അവൻ വീമ്പിളക്കുകയായിരുന്നോ? അല്ല. ആ ഏറ്റുമുട്ടലുകളിൽ താൻ എങ്ങനെയാണു വിജയിച്ചതെന്നു ദാവീദിന് അറിയാമായിരുന്നു. അവൻ പറഞ്ഞു: “സിംഹത്തിന്റെ കയ്യിൽനിന്നും കരടിയുടെ കയ്യിൽനിന്നും എന്നെ രക്ഷിച്ച യഹോവ ഈ ഫെലിസ്ത്യന്റെ കയ്യിൽനിന്നും എന്നെ രക്ഷിക്കും.” അവന്റെ വാക്കുകൾക്കു വഴങ്ങിയ ശൗൽ ഒടുവിൽ പറഞ്ഞു: “ചെല്ലുക; യഹോവ നിന്നോടുകൂടെ ഇരിക്കും.”—1 ശമുവേൽ 17:37.
ദാവീദിന്റേതുപോലുള്ള വിശ്വാസം നിങ്ങൾക്കും വേണമെന്നുണ്ടോ? അവന്റെ വിശ്വാസം യാഥാർഥ്യത്തിനു നിരക്കാത്ത ഒരു ആദർശത്തിൽ അടിസ്ഥാനപ്പെട്ടതല്ലായിരുന്നെന്നു ശ്രദ്ധിക്കുക. അത് അവന്റെ മനസ്സിൽ തോന്നിയ വെറുമൊരു ആഗ്രഹവുമല്ലായിരുന്നു. അനുഭവജ്ഞാനത്തിൽനിന്നും ദൈവത്തെക്കുറിച്ചുള്ള അറിവിൽനിന്നും ഉണ്ടായതായിരുന്നു ദാവീദിന്റെ വിശ്വാസം. വാഗ്ദാനങ്ങൾ പാലിക്കുന്നവനും സ്നേഹത്തോടെ സംരക്ഷിക്കുന്നവനും ആണ് യഹോവ എന്നു ദാവീദിന് അറിയാമായിരുന്നു. ദാവീദിനുണ്ടായിരുന്നതുപോലുള്ള വിശ്വാസം നേടിയെടുക്കാൻ, നമ്മൾ ബൈബിളിൽനിന്ന് ദൈവത്തെക്കുറിച്ച് പഠിച്ചുകൊണ്ടേയിരിക്കണം. പഠിക്കുന്ന കാര്യങ്ങളനുസരിച്ച് ജീവിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ നല്ല ഫലങ്ങളുണ്ടാകും. അതു നമ്മുടെ വിശ്വാസം ശക്തിപ്പെടുത്തും.—എബ്രായർ 11:1.
“യഹോവ ഇന്നു നിന്നെ എന്റെ കയ്യിൽ ഏല്പിക്കും”
ശൗൽ തന്റെ പടക്കോപ്പു ദാവീദിനെ ധരിപ്പിക്കാൻ നോക്കി. ഗൊല്യാത്തിന്റേതുപോലെ ചെമ്പുകൊണ്ടുള്ളതായിരുന്നു അതും. അടുക്കടുക്കായി ശൽക്കങ്ങളുള്ള, ഭാരമേറിയ, വലിയൊരു പടച്ചട്ടയും അക്കൂട്ടത്തിലുണ്ടായിരുന്നിരിക്കാം. ഇതെല്ലാം ധരിച്ച് നടക്കാൻ നോക്കിയ ദാവീദിന് അതു വളരെ ബുദ്ധിമുട്ടായി തോന്നി. ഒരു പടയാളിയാകാനുള്ള പരിശീലനമൊന്നും കിട്ടാത്തതുകൊണ്ട് പടക്കോപ്പു ധരിച്ച് ദാവീദിനു ശീലമില്ലായിരുന്നു. പോരാത്തതിന് എല്ലാ ഇസ്രായേല്യരിലുംവെച്ച് ഏറ്റവും പൊക്കമുണ്ടായിരുന്ന ശൗൽ അണിഞ്ഞിരുന്നതായിരുന്നു അതെന്ന് ഓർക്കണം. (1 ശമുവേൽ 9:2) അതുകൊണ്ട് അതെല്ലാം അഴിച്ചുമാറ്റി ദാവീദ് തന്റെ സാധാരണവസ്ത്രം ധരിച്ചു. അതായത്, ആടുകളെ കാക്കുന്ന ഇടയന്റെ വസ്ത്രം.—1 ശമുവേൽ 17:38-40.
ദാവീദ് കവണയും ആടുകളെ മേയ്ക്കുന്ന വടിയും എടുത്തു. തോളിൽ ഒരു സഞ്ചിയും ഇട്ടു. കവണ എന്തിനു കൊള്ളാമെന്നു നമുക്കു തോന്നിയേക്കാം. പക്ഷെ, അതൊരു ഉഗ്രൻ ആയുധമാണ്. തോലുകൊണ്ടുള്ള രണ്ടു വള്ളിയുടെ നടുക്ക് കല്ലു വെക്കാൻ പാകത്തിൽ ഒരു സ്ഥലമുണ്ടാകും. ഒരു ഇടയനു പറ്റിയ ആയുധം! അതു തലയ്ക്കു മുകളിൽ അതിവേഗത്തിൽ കറക്കിയിട്ട് വള്ളിയുടെ ഒരറ്റം വിടുമ്പോൾ കല്ലു ലക്ഷ്യസ്ഥാനത്തേക്കു പായും. ഉന്നം തെറ്റാതെ മാരകമായി മുറിവേൽപ്പിക്കാൻ പറ്റിയ ആയുധമാണ് ഇത്. അതുകൊണ്ടുതന്നെ ചിലപ്പോഴൊക്കെ കവണക്കാരുടെ സേനാവിഭാഗങ്ങളെ യുദ്ധത്തിൽ ഉപയോഗിക്കാറുണ്ടായിരുന്നു.
സുസജ്ജനായ ദാവീദ് എതിരാളിയെ നേരിടാൻ വേഗത്തിൽ പുറപ്പെട്ടു. താഴ്വരയിലെ വറ്റിക്കിടക്കുന്ന തോട്ടിൽനിന്ന് മിനുസമുള്ള അഞ്ചു ചെറുകല്ലുകൾ പെറുക്കുമ്പോൾ ദാവീദ് എത്രയധികം പ്രാർഥിച്ചുകാണുമെന്നു നമുക്ക് ഊഹിക്കാനേ കഴിയൂ. ആ കല്ലുകളുമായി യുദ്ധഭൂമിയിലേക്ക് അവൻ നടക്കുകയായിരുന്നില്ല, ഓടുകയായിരുന്നു.
ഓടിയടുക്കുന്ന എതിരാളിയെ കണ്ടപ്പോൾ ഗൊല്യാത്തിന് എന്തു തോന്നിക്കാണും? ‘പവിഴനിറമുള്ള, കോമളരൂപനായ’ ദാവീദ് വെറുമൊരു ‘ബാലനായിരുന്നതിനാൽ’ അയാൾ പുച്ഛത്തോടെ അവനെ നോക്കി. ഗൊല്യാത്ത് അലറിക്കൊണ്ട്, “നീ വടികളുമായി എന്റെ നേരെ വരുവാൻ ഞാൻ നായോ“ എന്നു ചോദിച്ചു. ദാവീദിന്റെ കൈയിലിരുന്ന വടി കണ്ടെങ്കിലും ഗൊല്യാത്ത് ആ കവണ ശ്രദ്ധിച്ചുകാണില്ല. ഫെലിസ്ത്യദേവന്മാരുടെ നാമത്തിൽ ഗൊല്യാത്ത് ദാവീദിനെ ശപിച്ചു. നിന്ദ്യനായ ദാവീദിനെ കൊന്ന് അവന്റെ ശവശരീരം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇട്ടുകൊടുക്കും എന്ന് അയാൾ ശപഥം ചെയ്തു.—1 ശമുവേൽ 17:41-44.
ആ വാക്കുകൾക്കു ദാവീദ് നൽകിയ മറുപടി വിശ്വാസത്തിന്റെ വലിയൊരു അടയാളമായി ഇന്നോളം നിലകൊള്ളുന്നു. ആ ചെറുപ്പക്കാരൻ ഗൊല്യാത്തിനോട് ഇങ്ങനെ വിളിച്ചുപറയുന്നതു നിങ്ങൾക്കു മനക്കണ്ണിൽ കാണാനാകുന്നുണ്ടോ: “നീ വാളും കുന്തവും വേലുമായി എന്റെ നേരെ വരുന്നു; ഞാനോ നീ നിന്ദിച്ചിട്ടുള്ള യിസ്രായേൽനിരകളുടെ ദൈവമായ സൈന്യങ്ങളുടെ യഹോവയുടെ നാമത്തിൽ നിന്റെ നേരെ വരുന്നു.” മനുഷ്യന്റെ കൈക്കരുത്തും ആയുധബലവും വളരെ നിസ്സാരമാണെന്നു ദാവീദിന് അറിയാമായിരുന്നു. ഗൊല്യാത്ത് ദൈവമായ യഹോവയോടാണ് അനാദരവ് കാണിച്ചത്. യഹോവ തീർച്ചയായും പ്രതികരിക്കും. ദാവീദ് പറഞ്ഞതുപോലെ, “യുദ്ധം യഹോവെക്കുള്ളത്.”—1 ശമുവേൽ 17:45-47.
ഗൊല്യാത്തിന്റെ ആ വലിപ്പവും ആയുധസന്നാഹങ്ങളും ദാവീദ് ശ്രദ്ധിച്ചില്ലെന്നല്ല. പക്ഷേ അക്കാര്യങ്ങൾ തന്റെ ധൈര്യം ചോർത്തിക്കളയാൻ അവൻ അനുവദിച്ചില്ല. ശൗലും സൈനികരും വരുത്തിയ ആ തെറ്റ് അവൻ ആവർത്തിച്ചില്ല. ദാവീദ് ഗൊല്യാത്തുമായി തന്നെ താരതമ്യം ചെയ്യുന്നതിനു പകരം യഹോവയുമായി അവനെ തട്ടിച്ചുനോക്കി. മറ്റു മനുഷ്യരെ വെച്ചുനോക്കുമ്പോൾ ആ ഒമ്പതര അടി (2.9 മീ.) ഉയരക്കാരൻ ആജാനുബാഹുവാണെങ്കിലും പ്രപഞ്ചത്തിന്റെ പരമാധികാരിയുമായി താരതമ്യപ്പെടുത്തുമ്പോൾ അവൻ എന്തുണ്ട്? വാസ്തവത്തിൽ മറ്റെല്ലാ മനുഷ്യരെയുംപോലെ അവനും വെറുമൊരു പ്രാണിയായിരുന്നു. യഹോവ അവനെ നശിപ്പിക്കാനുള്ള സമയം അടുത്തെത്തിയിരുന്നു.
ദാവീദ് ശത്രുവിന്റെ നേരെ പാഞ്ഞടുത്തു. സഞ്ചിയിൽനിന്ന് ഒരു കല്ല് എടുത്ത് കവണയിൽ വെച്ച് തലയ്ക്കു മുകളിൽ നന്നായി കറക്കി. വേഗത കൂടിക്കൂടി അതു കാറ്റിൽ ചൂളംകുത്തി. ഗൊല്യാത്തും ദാവീദിന്റെ നേർക്ക് അടുത്തു. ഗൊല്യാത്തിന്റെ പരിചവാഹകൻ അയാളുടെ തൊട്ടുമുന്നിലുണ്ടായിരുന്നിരിക്കണം. ഗൊല്യാത്തിന്റെ അസാധാരണമായ ഉയരം ഈ സാഹചര്യത്തിൽ അയാളുടെ ഒരു ദൗർബല്യമായെന്നു പറയാം. സാധാരണമനുഷ്യരുടെ ഉയരമുള്ള ഒരു പരിചവാഹകൻ ആ അതികായന്റെ തലയ്ക്കൊപ്പം എങ്ങനെ പരിച ഉയർത്തും? സംരക്ഷണമില്ലാത്ത ആ ഭാഗംതന്നെയാണു ദാവീദ് ഉന്നംവെച്ചതും.—1 ശമുവേൽ 17:41.
ദാവീദ് കല്ലു തൊടുത്തുവിട്ടു. നിശ്ശബ്ദതയെ ഭേദിച്ചുകൊണ്ട് ആ കല്ലു ലക്ഷ്യത്തിലേക്കു പായുന്നതു നിങ്ങൾക്കു കാണാനാകുന്നുണ്ടോ? ദാവീദിനു മറ്റൊരു കല്ലു തൊടുക്കേണ്ടിവരില്ലെന്ന് യഹോവ ഉറപ്പാക്കി. കല്ലു ലക്ഷ്യത്തിലെത്തി. അതു ഗൊല്യാത്തിന്റെ നെറ്റിയിൽ ആഴ്ന്നിറങ്ങി. അയാൾ മുഖംകുത്തി മണ്ണിലേക്കു വീണു. ആ ഭീമൻ നിലംപതിച്ചു! പരിചവാഹകൻ അപ്പോഴേ ഓടിക്കാണും. ഗൊല്യാത്തിന്റെ അടുത്ത് എത്തിയ ദാവീദ് അയാളുടെതന്നെ വാൾകൊണ്ട് അയാളുടെ തല വെട്ടിയെടുത്തു.—1 ശമുവേൽ 17:48-51.
ശൗലിനും പടയാളികൾക്കും ധൈര്യമായി. പോർവിളി മുഴക്കി അലറിക്കൊണ്ട് അവർ ഫെലിസ്ത്യരുടെ നേരെ പാഞ്ഞു. ആ യുദ്ധം എങ്ങനെ അവസാനിച്ചു? “യഹോവ . . . നിങ്ങളെയെല്ലാം ഞങ്ങളുടെ കൈകളിൽ ഏല്പിക്കും” എന്നു ദാവീദ് ഗൊല്യാത്തിനോടു പറഞ്ഞത് അന്നു സത്യമായി.—1 ശമുവേൽ 17:47, 52, 53, ന്യൂ ഇൻഡ്യ ബൈബിൾ ഭാഷാന്തരം.
ഇന്നു ദൈവത്തിന്റെ ദാസന്മാർ യുദ്ധങ്ങളിൽ പങ്കെടുക്കാറില്ല. ആ കാലം കഴിഞ്ഞു. (മത്തായി 26:52) എങ്കിലും ഇന്നു നമ്മൾ ദാവീദിന്റെ ആ വിശ്വാസം അനുകരിക്കണം. ദാവീദിനെപ്പോലെ യഹോവയെ ഒരു യഥാർഥവ്യക്തിയായി നമ്മൾ കാണണം. ആ ദൈവത്തെ മാത്രമേ നമ്മൾ സേവിക്കാവൂ, ആ ദൈവം മാത്രമാണു നമ്മളുടെ ഭക്ത്യാദരവ് അർഹിക്കുന്നത്. പ്രശ്നങ്ങളുടെയെല്ലാം മുന്നിൽ നമ്മൾ തീരെ നിസ്സാരരാണെന്നു ചിലപ്പോൾ തോന്നിയേക്കാം. പക്ഷേ യഹോവയുടെ അപരിമേയമായ ശക്തിയുടെ മുന്നിൽ അവയെല്ലാം തീർത്തും നിസ്സാരമാണെന്ന് ഓർക്കുക. യഹോവയെ നമ്മുടെ ദൈവമായി സ്വീകരിക്കുകയും ദാവീദിനെപ്പോലെ യഹോവയിൽ വിശ്വാസമർപ്പിക്കുകയും ചെയ്താൽ ഒരു പ്രതിബന്ധവും, ഒരു പ്രശ്നവും നമ്മളെ അലട്ടേണ്ടതില്ല. യഹോവയുടെ ശക്തിക്ക് അതീതമായി ഒന്നുംതന്നെയില്ല! ▪ (wp16-E No. 5)