ശമുവേൽ ഒന്നാം ഭാഗം
17 ഫെലിസ്ത്യർ+ അവരുടെ സൈന്യങ്ങളെ* യുദ്ധത്തിന് ഒന്നിച്ചുകൂട്ടി. യഹൂദയുടെ സോഖോയിൽ+ ഒന്നിച്ചുകൂടിയ അവർ സോഖോയ്ക്കും അസേക്കയ്ക്കും+ ഇടയിലായി ഏഫെസ്-ദമ്മീമിൽ+ പാളയമടിച്ചു. 2 ശൗലും ഇസ്രായേൽപുരുഷന്മാരും ഒന്നിച്ചുകൂടി ഏലെ താഴ്വരയിലും+ പാളയമടിച്ചു. ഫെലിസ്ത്യർക്കെതിരെ അവർ യുദ്ധത്തിന് അണിനിരന്നു. 3 ഫെലിസ്ത്യർ ഒരു മലയിലും ഇസ്രായേല്യർ മറുവശത്തുള്ള മലയിലും നിലയുറപ്പിച്ചു. അവർക്കിടയിൽ ഒരു താഴ്വരയുണ്ടായിരുന്നു.
4 അപ്പോൾ, ഫെലിസ്ത്യപാളയത്തിൽനിന്ന് ഒരു വീരയോദ്ധാവ് പുറത്തേക്കു വന്നു. ഗൊല്യാത്ത്+ എന്നായിരുന്നു പേര്. അയാൾ ഗത്തിൽനിന്നുള്ളവനായിരുന്നു.+ ആറു മുഴവും ഒരു ചാണും ആയിരുന്നു ഗൊല്യാത്തിന്റെ ഉയരം.* 5 അയാളുടെ തലയിൽ ചെമ്പുകൊണ്ടുള്ള ഒരു പടത്തൊപ്പിയുണ്ടായിരുന്നു. അടുക്കടുക്കായി ശൽക്കങ്ങളുള്ള പടച്ചട്ടയായിരുന്നു അയാൾ ധരിച്ചിരുന്നത്. ഈ ചെമ്പുപടച്ചട്ടയുടെ+ തൂക്കം 5,000 ശേക്കെൽ* ആയിരുന്നു. 6 കാലുകളിൽ ചെമ്പുകൊണ്ടുള്ള കണങ്കാൽക്കവചങ്ങളുണ്ടായിരുന്നു.+ ചെമ്പുകൊണ്ടുള്ള ഒരു ഏറുകുന്തം അയാളുടെ പുറത്ത് തൂക്കിയിട്ടിരുന്നു. 7 അയാളുടെ കുന്തത്തിന്റെ പിടി നെയ്ത്തുകാരുടെ ഉരുളൻതടിപോലെയായിരുന്നു.+ കുന്തത്തിന്റെ ഇരുമ്പുമുനയുടെ തൂക്കമോ 600 ശേക്കെലും.* അയാളുടെ പരിചവാഹകൻ അയാൾക്കു മുന്നിലായി നടന്നു. 8 ഗൊല്യാത്ത് നിന്നിട്ട് ഇസ്രായേൽപടനിരയെ+ നോക്കി ഇങ്ങനെ വിളിച്ചുപറഞ്ഞു: “നിങ്ങൾ എന്തിനാണ് ഇങ്ങനെ യുദ്ധത്തിന് അണിനിരന്നിരിക്കുന്നത്? ഞാൻ ഫെലിസ്ത്യനും നിങ്ങൾ ശൗലിന്റെ ദാസന്മാരും അല്ലേ? നിങ്ങൾക്കുവേണ്ടി ഒരാളെ തിരഞ്ഞെടുക്കുക. അയാൾ എന്റെ നേർക്കു വരട്ടെ. 9 അയാൾ എന്നോടു പോരാടി എന്നെ കൊല്ലുന്നെങ്കിൽ ഞങ്ങൾ നിങ്ങളുടെ ദാസരാകും. പക്ഷേ, ഞാൻ അയാളെ തോൽപ്പിച്ച് കൊല്ലുന്നെങ്കിൽ നിങ്ങൾ ഞങ്ങളുടെ ദാസരായി ഞങ്ങളെ സേവിക്കും.” 10 തുടർന്ന്, ആ ഫെലിസ്ത്യൻ പറഞ്ഞു: “ഇസ്രായേൽപടനിരയെ ഞാൻ ഇന്നു വെല്ലുവിളിക്കുന്നു. ഒരുത്തനെ ഇങ്ങു വിട്, നമുക്കു പോരാടിത്തീർക്കാം!”+
11 ശൗലും ഇസ്രായേല്യരൊക്കെയും ഫെലിസ്ത്യന്റെ ഈ വാക്കുകൾ കേട്ട് പേടിച്ചരണ്ടുപോയി.
12 യഹൂദയുടെ ബേത്ത്ലെഹെമിൽനിന്നുള്ള+ എഫ്രാത്ത്യനായ യിശ്ശായിയുടെ+ മകനായിരുന്നു ദാവീദ്.+ യിശ്ശായിക്ക് എട്ടു പുത്രന്മാരുണ്ടായിരുന്നു.+ ശൗലിന്റെ കാലമായപ്പോഴേക്കും യിശ്ശായിക്കു നന്നേ പ്രായംചെന്നിരുന്നു. 13 യിശ്ശായിയുടെ മൂത്ത മൂന്ന് ആൺമക്കൾ ശൗലിന്റെകൂടെ യുദ്ധത്തിനു പോയിരുന്നു.+ ഏറ്റവും മൂത്തവനായ എലിയാബ്,+ രണ്ടാമനായ അബീനാദാബ്,+ മൂന്നാമനായ ശമ്മ+ എന്നിവരായിരുന്നു അവർ. 14 ഏറ്റവും ഇളയവനായിരുന്നു ദാവീദ്.+ മൂത്ത മൂന്നു പേരാണു ശൗലിന്റെ കൂടെ പോയത്.
15 ദാവീദ് അപ്പന്റെ ആടുകളെ നോക്കാൻ+ ശൗലിന്റെ അടുത്തുനിന്ന് ബേത്ത്ലെഹെമിൽ പോയിവരുക പതിവായിരുന്നു. 16 ആ ഫെലിസ്ത്യനാകട്ടെ ദിവസവും രാവിലെയും വൈകുന്നേരവും മുന്നോട്ടു വന്ന് അവരെ വെല്ലുവിളിച്ചുകൊണ്ട് അവിടെ നിൽക്കുമായിരുന്നു. 40 ദിവസം ഇതു തുടർന്നു.
17 ഈ സമയം, യിശ്ശായി മകനായ ദാവീദിനോടു പറഞ്ഞു: “ഈ ഒരു ഏഫാ* മലരും പത്ത് അപ്പവും വേഗം കൊണ്ടുപോയി പാളയത്തിലുള്ള നിന്റെ ചേട്ടന്മാർക്കു കൊടുക്കൂ. 18 ഈ പത്തു പാൽക്കട്ടി* സഹസ്രാധിപനും* കൊടുക്കണം. ഒപ്പം, നിന്റെ ചേട്ടന്മാരുടെ ക്ഷേമം അന്വേഷിച്ച് അവർ സുഖമായിരിക്കുന്നു എന്നതിന് ഒരു അടയാളവും വാങ്ങി വരുക.” 19 അവർ ശൗലിന്റെയും മറ്റ് ഇസ്രായേൽപുരുഷന്മാരുടെയും കൂടെ ഏലെ താഴ്വരയിൽ+ ഫെലിസ്ത്യരോടു യുദ്ധം ചെയ്യുകയായിരുന്നു.+
20 അതുകൊണ്ട്, ദാവീദ് അതിരാവിലെ എഴുന്നേറ്റ് ആടുകളുടെ ചുമതല മറ്റൊരാളെ ഏൽപ്പിച്ചു. എന്നിട്ട്, യിശ്ശായി കല്പിച്ചതുപോലെതന്നെ സാധനങ്ങളുമെടുത്ത് യാത്രയായി. ദാവീദ് പാളയത്തിലെത്തിയപ്പോൾ സൈന്യം യുദ്ധാരവം മുഴക്കി യുദ്ധക്കളത്തിലേക്കു പുറപ്പെടുകയായിരുന്നു. 21 ഇസ്രായേല്യരുടെയും ഫെലിസ്ത്യരുടെയും പടനിരകൾ നേർക്കുനേർ അണിനിരന്നു. 22 ദാവീദ് ഉടൻ സാധനസാമഗ്രികൾ സൂക്ഷിപ്പുകാരന്റെ പക്കൽ ഏൽപ്പിച്ച് യുദ്ധക്കളത്തിലേക്കു പാഞ്ഞു. അവിടെ എത്തി തന്റെ ചേട്ടന്മാരുടെ ക്ഷേമം അന്വേഷിച്ചു.+
23 ദാവീദ് അവരോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ ഗത്തിൽനിന്നുള്ള ഫെലിസ്ത്യനായ ഗൊല്യാത്ത്+ എന്ന വീരയോദ്ധാവ് അതാ വരുന്നു. അയാൾ ഫെലിസ്ത്യരുടെ പടനിരയിൽനിന്ന് മുന്നോട്ടു വന്ന് പതിവ് വാക്കുകൾ ആവർത്തിച്ചു.+ ദാവീദ് അതു കേട്ടു. 24 ഗൊല്യാത്തിനെ കണ്ടപ്പോൾ ഇസ്രായേൽപുരുഷന്മാരെല്ലാം പേടിച്ചോടി.+ 25 അവർ ഇങ്ങനെ പറയുന്നുണ്ടായിരുന്നു: “ഈ വരുന്ന മനുഷ്യനെ കണ്ടോ? ഇസ്രായേലിനെ വെല്ലുവിളിക്കാനാണ് ആ വരവ്.+ ആ മനുഷ്യനെ തോൽപ്പിക്കുന്നവനു രാജാവ് ധാരാളം സമ്പത്തു നൽകും. സ്വന്തം മകളെപ്പോലും രാജാവ് അയാൾക്കു കൊടുക്കും.+ ഇസ്രായേലിൽ അയാളുടെ പിതൃഭവനത്തിനു ബാധ്യതകളിൽനിന്ന് ഒഴിവും കൊടുക്കും.”
26 ദാവീദ് അടുത്ത് നിൽക്കുന്ന പുരുഷന്മാരോട് ഇങ്ങനെ ചോദിച്ചുതുടങ്ങി: “ആ നിൽക്കുന്ന ഫെലിസ്ത്യനെ തോൽപ്പിച്ച് ഇസ്രായേലിനു വന്ന നിന്ദ നീക്കുന്ന മനുഷ്യന് എന്തു കൊടുക്കും? അല്ല, ജീവനുള്ള ദൈവത്തിന്റെ പടനിരയെ വെല്ലുവിളിക്കാൻമാത്രം അഗ്രചർമിയായ ഈ ഫെലിസ്ത്യൻ ആരാണ്?”+ 27 അപ്പോൾ, ജനം മുമ്പ് പറഞ്ഞതുപോലെതന്നെ, “ഇതൊക്കെയായിരിക്കും ഗൊല്യാത്തിനെ തോൽപ്പിക്കുന്നവനു കൊടുക്കുക” എന്നു പറഞ്ഞു. 28 ദാവീദ് ആളുകളോടു സംസാരിക്കുന്നത് ഏറ്റവും മൂത്ത ചേട്ടനായ എലിയാബ്+ കേട്ടപ്പോൾ അയാൾ ദാവീദിനോടു ദേഷ്യപ്പെട്ട് ഇങ്ങനെ പറഞ്ഞു: “നീ എന്തിനാണ് ഇപ്പോൾ ഇങ്ങോട്ടു വന്നത്? കുറച്ച് ആടുള്ളതിനെ നീ വിജനഭൂമിയിൽ ആരെ ഏൽപ്പിച്ചിട്ട് പോന്നു?+ നിന്റെ ധാർഷ്ട്യവും ഹൃദയത്തിലെ ദുരുദ്ദേശ്യവും എനിക്കു നന്നായി മനസ്സിലാകുന്നുണ്ട്. യുദ്ധം കാണാനല്ലേ നീ ഇപ്പോൾ ഇങ്ങോട്ടു വന്നത്?” 29 അപ്പോൾ ദാവീദ് ചോദിച്ചു: “ഞാൻ അതിന് എന്തു ചെയ്തു? വെറുതേ ഒരു ചോദ്യം ചോദിച്ചതല്ലേ ഉള്ളൂ.” 30 എന്നിട്ട്, അവിടെനിന്ന് മറ്റൊരാളുടെ അടുത്ത് ചെന്ന് അതേ ചോദ്യം ചോദിച്ചു.+ ജനമോ മുമ്പത്തേതുപോലെതന്നെ മറുപടിയും കൊടുത്തു.+
31 ദാവീദ് പറഞ്ഞ വാക്കുകൾ കേട്ട ആരോ അക്കാര്യം ശൗലിനെ അറിയിച്ചു. അപ്പോൾ, ശൗൽ ദാവീദിനെ വിളിപ്പിച്ചു. 32 ദാവീദ് ശൗലിനോടു പറഞ്ഞു: “അയാൾ കാരണം ആരുടെയും മനസ്സു തളർന്നുപോകരുത്.* അങ്ങയുടെ ഈ ദാസൻ പോയി ആ ഫെലിസ്ത്യനോടു പോരാടും.”+ 33 പക്ഷേ, ശൗൽ ദാവീദിനോടു പറഞ്ഞു: “ആ ഫെലിസ്ത്യനോടു പോരാടാൻ നിനക്കാകില്ല. നീ ഒരു കൊച്ചുപയ്യനല്ലേ?+ ഗൊല്യാത്താണെങ്കിൽ ചെറുപ്പംമുതലേ ഒരു പടയാളിയും.”* 34 ദാവീദ് അപ്പോൾ ശൗലിനോടു പറഞ്ഞു: “അങ്ങയുടെ ഈ ദാസൻ അപ്പന്റെ ആട്ടിൻപറ്റത്തെ മേയ്ക്കുമ്പോൾ ഒരിക്കൽ ഒരു സിംഹവും+ മറ്റൊരിക്കൽ ഒരു കരടിയും വന്ന് ആട്ടിൻപറ്റത്തിൽനിന്ന് ആടിനെ പിടിച്ചുകൊണ്ടുപോയി. 35 ഞാൻ പുറകേ ചെന്ന് അതിനെ അടിച്ചുവീഴ്ത്തി അതിന്റെ വായിൽനിന്ന് ആടിനെ രക്ഷിച്ചു. പിന്നെ, അത് എഴുന്നേറ്റ് എന്റെ നേരെ വന്നപ്പോൾ ഞാൻ അതിനെ താടിക്കു പിടിച്ച് അടിച്ചുകൊന്നു. 36 അങ്ങയുടെ ഈ ദാസൻ ആ സിംഹത്തെയും കരടിയെയും കൊന്നു. അഗ്രചർമിയായ ഈ ഫെലിസ്ത്യന്റെ ഗതിയും അതുതന്നെയായിരിക്കും. കാരണം, ജീവനുള്ള ദൈവത്തിന്റെ പടനിരയെയാണ് അയാൾ വെല്ലുവിളിച്ചിരിക്കുന്നത്.”+ 37 ദാവീദ് ഇങ്ങനെയും പറഞ്ഞു: “സിംഹത്തിന്റെയും കരടിയുടെയും കൂർത്ത നഖങ്ങളിൽനിന്ന് എന്നെ രക്ഷിച്ച യഹോവതന്നെ ഈ ഫെലിസ്ത്യന്റെ കൈയിൽനിന്നും എന്നെ രക്ഷിക്കും.”+ അപ്പോൾ, ശൗൽ ദാവീദിനോടു പറഞ്ഞു: “പോകൂ! യഹോവ നിന്റെകൂടെ ഉണ്ടായിരിക്കട്ടെ.”
38 എന്നിട്ട്, ശൗൽ ദാവീദിനെ സ്വന്തം വസ്ത്രം ധരിപ്പിച്ചു. ചെമ്പുകൊണ്ടുള്ള ഒരു പടത്തൊപ്പി തലയിൽ വെച്ചുകൊടുത്തു. പടച്ചട്ടയും അണിയിച്ചു. 39 ദാവീദ് വസ്ത്രത്തിനു മീതെ ശൗലിന്റെ വാളും കെട്ടി നടക്കാൻ നോക്കി. പക്ഷേ, സാധിച്ചില്ല. കാരണം, ദാവീദിന് അതു ശീലമില്ലായിരുന്നു. ദാവീദ് ശൗലിനോടു പറഞ്ഞു: “എനിക്ക് ഇതൊക്കെ ധരിച്ച് നടക്കാൻ സാധിക്കില്ല. കാരണം, ഇതു ഞാൻ ശീലിച്ചിട്ടില്ല.” അതുകൊണ്ട്, ദാവീദ് അവ ഊരിമാറ്റി. 40 പിന്നെ, തന്റെ കോൽ കൈയിലെടുത്ത് നേരെ അരുവിയിലേക്കു* ചെന്നു. എന്നിട്ട്, മിനുസമുള്ള കല്ലു നോക്കി അഞ്ചെണ്ണം എടുത്ത് ഇടയസഞ്ചിയുടെ അറയിൽ ഇട്ടു. കവണയും*+ കൈയിലുണ്ടായിരുന്നു. പിന്നെ, ദാവീദ് ഫെലിസ്ത്യന്റെ നേരെ ചെന്നു.
41 ഫെലിസ്ത്യൻ ദാവീദിനോട് അടുത്തടുത്ത് വന്നു. അയാളുടെ പരിചവാഹകൻ മുന്നിലായി ഉണ്ടായിരുന്നു. 42 ദാവീദിനെ കണ്ടപ്പോൾ ഫെലിസ്ത്യൻ പുച്ഛത്തോടെ ഒന്നു നോക്കി. കാരണം, ദാവീദ് തുടുത്ത് സുമുഖനായ വെറുമൊരു ബാലനായിരുന്നു.+ 43 ഫെലിസ്ത്യൻ ദാവീദിനോട്, “വടികളുമായി എന്റെ നേരെ വരാൻ ഞാൻ എന്താ പട്ടിയാണോ”+ എന്നു ചോദിച്ചു. എന്നിട്ട്, അയാൾ തന്റെ ദൈവങ്ങളുടെ നാമത്തിൽ ദാവീദിനെ ശപിച്ചു. 44 ഫെലിസ്ത്യൻ ദാവീദിനോടു പറഞ്ഞു: “ഇങ്ങു വാടാ! ഞാൻ നിന്റെ മാംസം ആകാശത്തിലെ പക്ഷികൾക്കും കാട്ടിലെ മൃഗങ്ങൾക്കും ഇട്ടുകൊടുക്കും.”
45 അപ്പോൾ ദാവീദ് ഫെലിസ്ത്യനോടു പറഞ്ഞു: “നീ വാളും കുന്തവും ഏറുകുന്തവും കൊണ്ട് എന്റെ നേർക്കു വരുന്നു.+ പക്ഷേ, ഞാനോ നീ വെല്ലുവിളിച്ച+ ഇസ്രായേൽപടനിരയുടെ ദൈവമായ, സൈന്യങ്ങളുടെ അധിപനായ യഹോവയുടെ നാമത്തിൽ+ നിന്റെ നേർക്കു വരുന്നു. 46 ഇന്നേ ദിവസം യഹോവ നിന്നെ എന്റെ കൈയിൽ ഏൽപ്പിക്കും.+ ഞാൻ നിന്നെ കൊന്ന് നിന്റെ തല വെട്ടിയെടുക്കും. ഫെലിസ്ത്യസൈന്യത്തിന്റെ ശവശരീരങ്ങൾ ഞാൻ ഇന്ന് ആകാശത്തിലെ പക്ഷികൾക്കും ഭൂമിയിലെ വന്യമൃഗങ്ങൾക്കും ഇട്ടുകൊടുക്കും. ഇസ്രായേലിൽ ഒരു ദൈവമുണ്ടെന്നു ഭൂമിയിലെ എല്ലാ മനുഷ്യരും മനസ്സിലാക്കും.+ 47 യഹോവ രക്ഷിക്കുന്നതു വാളുകൊണ്ടോ കുന്തംകൊണ്ടോ അല്ലെന്ന് ഇവിടെ കൂടിവന്നിരിക്കുന്ന എല്ലാവരും അറിയും.+ കാരണം, യുദ്ധം യഹോവയുടേതാണ്.+ എന്റെ ദൈവം നിങ്ങളെ ഒന്നടങ്കം ഞങ്ങളുടെ കൈയിൽ ഏൽപ്പിക്കും.”+
48 അപ്പോൾ, ദാവീദിനെ നേരിടാൻ ഫെലിസ്ത്യൻ അടുത്തടുത്ത് വന്നു. ദാവീദോ അയാളെ നേരിടാൻ അതിവേഗം പോർമുഖത്തേക്ക് ഓടി. 49 ദാവീദ് സഞ്ചിയിൽ കൈയിട്ട് ഒരു കല്ല് എടുത്ത് കവണയിൽവെച്ച് ചുഴറ്റി ഫെലിസ്ത്യന്റെ നെറ്റിയുടെ നേർക്ക് എറിഞ്ഞു. ആ കല്ല് ഫെലിസ്ത്യന്റെ നെറ്റിയിൽ തുളച്ചുകയറി. അയാൾ മുഖംകുത്തി നിലത്ത് വീണു.+ 50 അങ്ങനെ, ദാവീദ് ഒരു കവണയും ഒരു കല്ലും കൊണ്ട് ഫെലിസ്ത്യന്റെ മേൽ വിജയം നേടി. കൈയിൽ വാളില്ലായിരുന്നിട്ടുപോലും ദാവീദ് ഫെലിസ്ത്യനെ തോൽപ്പിച്ച് കൊന്നുകളഞ്ഞു.+ 51 ദാവീദ് മുന്നോട്ട് ഓടി അയാളുടെ അടുത്തെത്തി. എന്നിട്ട്, ആ ഫെലിസ്ത്യന്റെ വാൾ ഉറയിൽനിന്ന് ഊരിയെടുത്ത്+ അയാളുടെ തല വെട്ടിമാറ്റി മരിച്ചെന്ന് ഉറപ്പാക്കി. തങ്ങളുടെ വീരയോദ്ധാവ് മരിച്ചെന്നു കണ്ട് ഫെലിസ്ത്യർ ഓടിപ്പോയി.+
52 ഉടനെ, ഇസ്രായേൽപുരുഷന്മാരും യഹൂദാപുരുഷന്മാരും ആർത്തുകൊണ്ട് താഴ്വരമുതൽ+ എക്രോന്റെ കവാടങ്ങൾവരെ+ ഫെലിസ്ത്യരെ പിന്തുടർന്നു. ശാരയീമിൽനിന്നുള്ള+ വഴിയിൽ ഗത്തും എക്രോനും വരെ ഫെലിസ്ത്യരുടെ ശവശരീരങ്ങൾ വീണുകിടന്നു. 53 ഫെലിസ്ത്യരെ വിടാതെ പിന്തുടർന്ന് മടങ്ങിയെത്തിയ ഇസ്രായേല്യർ അവരുടെ പാളയം കൊള്ളയടിച്ചു.
54 ദാവീദ് ആ ഫെലിസ്ത്യന്റെ തല യരുശലേമിലേക്കു കൊണ്ടുവന്നു. പക്ഷേ, ഫെലിസ്ത്യന്റെ ആയുധങ്ങൾ സ്വന്തം കൂടാരത്തിൽ വെച്ചു.+
55 ദാവീദ് ഫെലിസ്ത്യനെ നേരിടാൻ പോകുന്നതു കണ്ടപ്പോൾ ശൗൽ സൈന്യാധിപനായ അബ്നേരിനോട്,+ “അബ്നേരേ, ഈ പയ്യൻ ആരുടെ മകനാണ്” എന്നു ചോദിച്ചു.+ അതിന് അബ്നേർ, “രാജാവേ, തിരുമനസ്സാണെ എനിക്ക് അറിയില്ല!” എന്നു പറഞ്ഞു. 56 അപ്പോൾ, രാജാവ്, “ഈ ചെറുപ്പക്കാരൻ ആരുടെ മകനാണെന്നു കണ്ടുപിടിക്കൂ!” എന്നു പറഞ്ഞു. 57 അതുകൊണ്ട്, ദാവീദ് ഫെലിസ്ത്യനെ കൊന്ന് മടങ്ങിവന്ന ഉടനെ അബ്നേർ ദാവീദിനെ ശൗലിന്റെ മുന്നിലേക്കു കൂട്ടിക്കൊണ്ടുപോയി. ഫെലിസ്ത്യന്റെ തല ദാവീദിന്റെ കൈയിലുണ്ടായിരുന്നു.+ 58 ശൗൽ ദാവീദിനോട്, “കുഞ്ഞേ, നീ ആരുടെ മകനാണ്” എന്നു ചോദിച്ചു. അപ്പോൾ ദാവീദ് പറഞ്ഞു: “അങ്ങയുടെ ദാസനും ബേത്ത്ലെഹെമ്യനും ആയ യിശ്ശായിയുടെ+ മകനാണു ഞാൻ.”+