പ്രശാന്തതയുടെ നിറവിൽ ഹന്നാ
വിശ്വസ്തയായ ഒരു സ്ത്രീ യഹോവയെ സ്തുതിച്ചുകൊണ്ട് ഉച്ചത്തിൽ പ്രാർഥിക്കുകയാണ്. തന്റെ വിഷാദം ആഹ്ലാദത്തിനു വഴിമാറാൻ ഇടയാക്കിക്കൊണ്ട് ദൈവം തന്നെ പൊടിയിൽനിന്ന് ഉദ്ധരിച്ചതായി അവൾക്കു തോന്നുന്നു.
ഹന്നാ എന്നാണ് അവളുടെ പേര്. അവളുടെ ജീവിതത്തിൽ ഉണ്ടായ ഈ മാറ്റത്തിനു വഴിതെളിച്ചത് എന്താണ്? അവൾ എന്തുകൊണ്ടാണ് ഇപ്പോൾ ഇത്ര സന്തോഷവതിയായിരിക്കുന്നത്? അവളുടെ അനുഭവത്തിൽനിന്നു നമുക്ക് എങ്ങനെ പ്രയോജനം നേടാനാകും? ഈ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്തുന്നതിന് ഹന്നായുടെ ജീവിതത്തിലേക്ക് നമുക്കൊന്ന് എത്തി നോക്കാം.
പ്രക്ഷുബ്ധതയുടെ നിഴലിൽ
എഫ്രയീം ദേശത്തു താമസിക്കുന്ന എല്ക്കാനാ എന്ന ലേവ്യന്റെ രണ്ടു ഭാര്യമാരിൽ ഒരാളാണു ഹന്നാ. (1 ശമൂവേൽ 1:1, 2; 1 ദിനവൃത്താന്തം 6:33, 34) ബഹുഭാര്യത്വം മനുഷ്യവർഗത്തെ സംബന്ധിച്ച യഹോവയുടെ ആദിമ ഉദ്ദേശ്യത്തിൽപ്പെട്ടതല്ലായിരുന്നെങ്കിലും, മോശൈകന്യായപ്രമാണത്തിൽ അത് അനുവദിക്കുകയും അതിനോടു ബന്ധപ്പെട്ട നിയമങ്ങൾ ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. യഹോവയുടെ ആരാധകരാണ് എല്ക്കാനയുടെ കുടുംബം. എന്നിരുന്നാലും ഈ കുടുംബത്തിലും, ബഹുഭാര്യത്വം ആചരിക്കുന്ന പല കുടുംബങ്ങളിലെയുംപോലെ, കലഹങ്ങൾ പതിവായിരിക്കുന്നു.
ഹന്നാ വന്ധ്യയാണ്. എന്നാൽ എല്ക്കാനയുടെ മറ്റേ ഭാര്യയായ പെനിന്നായ്ക്കാകട്ടെ കുറെ കുട്ടികളുണ്ട്. പെനിന്നാ ഹന്നായെ സദാ വ്യസനിപ്പിക്കുന്നു.—1 ശമൂവേൽ 1:2.
വന്ധ്യത ഒരു അപമാനമായിട്ടാണ് ഇസ്രായേല്യ സ്ത്രീകൾ കരുതിയിരുന്നത്; എന്തിന് ദൈവദൃഷ്ടിയിൽ ഒന്നിനും കൊള്ളാത്തവളാണെന്നുള്ളതിന്റെ ഒരു തെളിവായിട്ടുപോലും അവർ അതിനെ കണക്കാക്കിയിരുന്നു. പക്ഷേ ഹന്നായ്ക്കു കുട്ടികൾ ഉണ്ടാകാത്തത് ദൈവാംഗീകാരമില്ലായ്മയുടെ തെളിവാണെന്നതിന് യാതൊരു സൂചനയുമില്ല. എന്നാൽ ഹന്നായെ ആശ്വസിപ്പിക്കുന്നതിനു പകരം കുട്ടികൾക്കു ജന്മമേകാനുള്ള തന്റെ പ്രാപ്തിയിൽ അഹങ്കരിക്കുന്ന പെനിന്നാ അവളുടെ ജീവിതം ദുസ്സഹമാക്കുന്നു.
യഹോവയുടെ ആലയത്തിലേക്ക്
ഈ പ്രശ്നങ്ങളൊക്കെ ഉണ്ടെങ്കിലും എല്ക്കാനായുടെ കുടുംബം യഹോവയുടെ ആലയത്തിൽ യാഗം അർപ്പിക്കാൻ എല്ലാ വർഷവും ശീലോവിലേക്കു പോകുക പതിവാണ്.a അങ്ങോട്ടുമിങ്ങോട്ടുമായി ഏകദേശം 60 കിലോമീറ്റർ വരുന്ന യാത്ര, അതും സാധ്യതയനുസരിച്ച് കാൽനടയായി. ഹന്നായ്ക്കു വിശേഷാൽ വേദനാജനകമായ സന്ദർഭങ്ങളാണ് ഇവ. കാരണം സമാധാന യാഗത്തിന്റെ പല ഓഹരികൾ പെനിന്നായ്ക്കും അവളുടെ കുട്ടികൾക്കും ലഭിക്കുമ്പോൾ ഹന്നായ്ക്ക് വെറും ഒരു ഓഹരിയേ ലഭിക്കുന്നുള്ളൂ. ഹന്നായെ അലോസരപ്പെടുത്താൻ പെനിന്നാ ഇത്തരം അവസരങ്ങൾ ശരിക്കും മുതലെടുക്കുന്നുണ്ട്. ‘യഹോവ [ഹന്നായുടെ] ഗർഭം അടെച്ചുകളഞ്ഞു’ എന്ന തോന്നൽ ഉളവാക്കിക്കൊണ്ട് പെനിന്നാ അവളെ വ്യസനിപ്പിക്കുന്നു. വർഷാവർഷം ഇതൊരു പതിവാണ്. അതു നിമിത്തം അവൾ കരഞ്ഞു പട്ടിണികിടക്കും. അങ്ങനെ സന്തോഷപ്രദമാകേണ്ടിയിരുന്ന ഈ യാത്രകൾ തീവ്രവേദനയുടേതായി മാറുന്നു. എന്നിട്ടും യഹോവയുടെ ആലയത്തിലേക്കുള്ള യാത്രകൾ അവൾ മുടക്കുന്നില്ല.—1 ശമൂവേൽ 1:3-7.
ഹന്നായുടെ ഉത്തമ മാതൃകയിൽനിന്ന് നമുക്കെന്തു പഠിക്കാനാകും? ദുഃഖവും നിരുത്സാഹവുമൊക്കെ അനുഭവപ്പെടുമ്പോൾ നിങ്ങൾ എന്തു മനോഭാവമാണു പ്രകടമാക്കുന്നത്? സഹാരാധകരോടൊപ്പം കൂടിവരുന്നതിൽനിന്ന് ഒഴിഞ്ഞുമാറിക്കൊണ്ട് നിങ്ങളെത്തന്നെ ഒറ്റപ്പെടുത്തുന്നുവോ? ഹന്നാ ഒരിക്കലും അങ്ങനെ ചെയ്തില്ല. യഹോവയുടെ ആരാധകരോടൊപ്പം കൂടിവരുന്നത് അവളുടെ ഒരു പതിവായിരുന്നു. എന്തൊക്കെ പ്രയാസങ്ങൾ ഉണ്ടായാലും നമ്മളും അതുതന്നെയല്ലേ ചെയ്യേണ്ടത്?—സങ്കീർത്തനം 26:12; 122:1; സദൃശവാക്യങ്ങൾ 18:1; എബ്രായർ 10:24, 25.
എല്ക്കാനാ ഹന്നായെ ആശ്വസിപ്പിക്കാനും അവളുടെ ഹൃദയവികാരങ്ങൾ തൊട്ടറിയാനും ശ്രമിക്കുന്നു. “ഹന്നേ, നീ എന്തിന്നു കരയുന്നു? എന്തിന്നു പട്ടിണികിടക്കുന്നു? നീ വ്യസനിക്കുന്നതു എന്തു? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നന്നല്ലയോ” എന്ന് അവൻ ചോദിക്കുന്നു. (1 ശമൂവേൽ 1:8) ഒരുപക്ഷേ എല്ക്കാനായ്ക്ക് പെനിന്നായുടെ നിർദയമായ പെരുമാറ്റത്തെക്കുറിച്ച് അറിയില്ലായിരിക്കാം. അല്ലെങ്കിൽ പരാതി പറയുന്നതിനു പകരം ഹന്നാ എല്ലാം നിശ്ശബ്ദം സഹിക്കുകയായിരിക്കാം. ഏതായാലും ആത്മീയ മനസ്കയായ ഹന്നാ പ്രാർഥനയിൽ യഹോവയുടെ മുമ്പാകെ ഹൃദയം പകർന്നുകൊണ്ട് ആശ്വാസം കണ്ടെത്തുന്നു.
ഹന്നായുടെ നേർച്ച
സമാധാന യാഗത്തിന്റെ ഓഹരി യഹോവയുടെ ആലയത്തിൽവെച്ചു ഭക്ഷിച്ചിരുന്നു. അത്തരമൊരു സന്ദർഭത്തിൽ ഹന്നാ തന്റെ കുടുംബാംഗങ്ങളെ വിട്ട് ദൈവത്തോടു പ്രാർഥിക്കാനായി പോകുന്നു. (1 ശമൂവേൽ 1:9, 10) “സൈന്യങ്ങളുടെ യഹോവേ, അടിയന്റെ സങ്കടം നോക്കി അടിയനെ ഓർക്കയും അടിയനെ മറക്കാതെ ഒരു പുരുഷസന്താനത്തെ നല്കുകയും ചെയ്താൽ അടിയൻ അവനെ അവന്റെ ജീവപര്യന്തം യഹോവെക്കു കൊടുക്കും; അവന്റെ തലയിൽ ക്ഷൌരക്കത്തി തൊടുകയുമില്ല” എന്ന് അവൾ പ്രാർഥിക്കുന്നു.—1 ശമൂവേൽ 1:11.
ഒരു നിശ്ചിത കാര്യത്തിനുവേണ്ടിയാണ് ഹന്നാ പ്രാർഥിക്കുന്നത്. അവൾ ഒരു ആൺകുഞ്ഞിനുവേണ്ടി അപേക്ഷിക്കുകയും അവൻ ആജീവനാന്തം നാസീർവ്രതസ്ഥനായി യഹോവയ്ക്കു സമർപ്പിതനായിരിക്കുമെന്ന് നേർച്ച നേരുകയും ചെയ്യുന്നു. (സംഖ്യാപുസ്തകം 6:1-5) അത്തരമൊരു നേർച്ചയ്ക്ക് ഭർത്താവിന്റെ അനുമതി ആവശ്യമാണ്. പ്രിയ പത്നിയുടെ നേർച്ചയ്ക്ക് എല്ക്കാനായുടെ അംഗീകാരം ഉണ്ടെന്ന് അവന്റെ പിൽക്കാല പ്രവർത്തനങ്ങൾ കാണിക്കുന്നു.—സംഖ്യാപുസ്തകം 30:6-8.
ഹന്നാ പ്രാർഥിക്കുമ്പോൾ അവളുടെ ചുണ്ടുകൾ അനങ്ങുന്നുണ്ടെങ്കിലും ശബ്ദം പുറത്തു വരുന്നില്ല. കാരണം ഹൃദയംകൊണ്ടാണ് അവൾ സംസാരിക്കുന്നത്. യഥാർഥത്തിൽ അവൾ ഉള്ളുരുകി പ്രാർഥിക്കുകയാണ്. എന്നാൽ മഹാപുരോഹിതനായ ഏലി അതു കണ്ടിട്ട് അവൾ മദ്യലഹരിയിലാണെന്നു തെറ്റിദ്ധരിച്ച് അവളെ കുറ്റപ്പെടുത്തുന്നു. (1 ശമൂവേൽ 1:12-14) ഏലിയുടെ ആ കുറ്റാരോപണം ഹന്നായെ എത്ര വിഷമിപ്പിച്ചിരിക്കണം! എന്നിട്ടും അവൾ മഹാപുരോഹിതനോട് ആദരവോടെയാണു മറുപടി പറയുന്നത്. ഹന്നാ “സങ്കടത്തിന്റെയും വ്യസനത്തിന്റെയും ആധിക്യംകൊണ്ടാ”ണു പ്രാർഥിച്ചതെന്ന് ഏലി തിരിച്ചറിയുന്നു. അപ്പോൾ ഏലി ഹന്നായോട്: “യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നല്കുമാറാകട്ടെ.” (1 ശമൂവേൽ 1:15-17) അതേത്തുടർന്ന് ഹന്നാ അവിടെനിന്നു പോയി ഭക്ഷണം കഴിക്കുന്നു. പിന്നീട് ഒരിക്കലും ‘അവളുടെ മുഖം വാടിയതുമില്ല.’—1 ശമൂവേൽ 1:18.
ഇതിൽനിന്നെല്ലാം നമുക്ക് എന്തു പഠിക്കാനാകും? പ്രാർഥനയിൽ യഹോവയെ സമീപിക്കുമ്പോൾ നമ്മുടെ ഉള്ളിന്റെയുള്ളിലെ വികാരവിചാരങ്ങളും ആഗ്രഹങ്ങളും അവന്റെ മുമ്പാകെ പകരുക. പ്രശ്നപരിഹാരത്തിനായി നമുക്കു കൂടുതലൊന്നും ചെയ്യാൻ കഴിയില്ലെങ്കിൽ അക്കാര്യം യഹോവയെ ഭരമേൽപ്പിക്കുക. അതായിരിക്കും ഏറ്റവും നല്ലത്.—സദൃശവാക്യങ്ങൾ 3:5, 6.
ഹന്നായെപ്പോലെതന്നെ ഇന്നത്തെ ദൈവദാസർക്കും ആത്മാർഥമായ പ്രാർഥനയിലൂടെ മനസ്സമാധാനം കണ്ടെത്താനാകും. അപ്പൊസ്തലനായ പൗലൊസ് പ്രാർഥനയെ സംബന്ധിച്ച് ഇങ്ങനെ എഴുതി: “ഒന്നിനെക്കുറിച്ചും വിചാരപ്പെടരുതു; എല്ലാറ്റിലും പ്രാർത്ഥനയാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോടുകൂടെ ദൈവത്തോടു അറിയിക്കയത്രേ വേണ്ടതു. എന്നാൽ സകലബുദ്ധിയേയും കവിയുന്ന ദൈവസമാധാനം നിങ്ങളുടെ ഹൃദയങ്ങളെയും നിനവുകളെയും ക്രിസ്തുയേശുവിങ്കൽ കാക്കും.” (ഫിലിപ്പിയർ 4:6, 7) നമ്മുടെ പ്രശ്നങ്ങൾ യഹോവയെ ഭരമേൽപ്പിക്കുമ്പോൾ അതിനൊരു പരിഹാരം ഉണ്ടാക്കാൻകൂടി നാം അവനെ അനുവദിക്കണം. ഹന്നായുടെ കാര്യത്തിലെന്നപോലെ, നാം മേലാൽ അതേക്കുറിച്ചോർത്ത് ആകുലപ്പെടേണ്ടതില്ല.—സങ്കീർത്തനം 55:22.
യഹോവയ്ക്കു നിവേദിതൻ
ദൈവം ഹന്നായുടെ പ്രാർഥനയ്ക്ക് ഉത്തരമരുളുന്നു; അവൾ ഗർഭിണിയായി ഒരു പുത്രനെ പ്രസവിക്കുന്നു. (1 ശമൂവേൽ 1:19, 20) തന്റെ ദാസനായിത്തീരുമായിരുന്ന ഒരാളുടെ ജനനത്തിൽ ദൈവം നേരിട്ട് ഇടപെട്ട ചുരുക്കം ചില സന്ദർഭങ്ങളിൽ ഒന്നാണിത്. എല്ക്കാനായുടെയും ഹന്നായുടെയും മകനായ ശമൂവേൽ യഹോവയുടെ ഒരു പ്രവാചകൻ ആകേണ്ടിയിരുന്നു. അതുപോലെ ഇസ്രായേലിൽ രാജഭരണം സ്ഥാപിക്കുന്നതിലും അവൻ ഒരു സുപ്രധാന പങ്കുവഹിക്കുമായിരുന്നു.
ഹന്നാ ശമൂവേലിനെ ശൈശവംമുതൽക്കേ യഹോവയെക്കുറിച്ചു പഠിപ്പിച്ചു തുടങ്ങുന്നു. എന്നാൽ അവൾ തന്റെ നേർച്ച മറന്നുകളയുന്നുവോ? തീർച്ചയായും ഇല്ല! അവൾ പറയുന്നു: “ശിശുവിന്റെ മുലകുടി മാറട്ടെ; പിന്നെ അവൻ യഹോവയുടെ സന്നിധിയിൽ ചെന്നു അവിടെ എന്നും പാർക്കേണ്ടതിന്നു ഞാൻ അവനെയും കൊണ്ടുപോരാം.” ശമൂവേലിന്റെ മുലകുടി മാറുമ്പോൾ, അതായത് ചുരുങ്ങിയത് മൂന്നു വയസ്സെങ്കിലും ഉള്ളപ്പോൾ ഹന്നാ തന്റെ നേർച്ചപ്രകാരം ശമൂവേലിനെ യഹോവയുടെ ആലയത്തിൽ കൊണ്ടുചെന്നാക്കുന്നു.—1 ശമൂവേൽ 1:21-24; 2 ദിനവൃത്താന്തം 31:16.
യഹോവയ്ക്ക് ഒരു യാഗമർപ്പിച്ചതിനു ശേഷം ഹന്നായും ഭർത്താവും ശമൂവേലിനെ ഏലിയുടെ അടുക്കൽ കൊണ്ടുപോകുന്നു. സാധ്യതയനുസരിച്ച് ഹന്നാ തന്റെ കുഞ്ഞിന്റെ കൈ മുറുകെപ്പിടിച്ചുകൊണ്ട് ഏലിയോടു പറയുന്നു: “യജമാനനേ; യജമാനനാണ, യഹോവയോടു പ്രാർത്ഥിച്ചുകൊണ്ടു ഇവിടെ സമീപത്തു നിന്നിരുന്ന സ്ത്രീ ഞാൻ ആകുന്നു. ഈ ബാലന്നായിട്ടു ഞാൻ പ്രാർത്ഥിച്ചു; ഞാൻ യഹോവയോടു കഴിച്ച അപേക്ഷ യഹോവ എനിക്കു നല്കിയിരിക്കുന്നു. അതുകൊണ്ടു ഞാൻ അവനെ യഹോവെക്കു നിവേദിച്ചിരിക്കുന്നു; അവൻ ജീവപര്യന്തം യഹോവെക്കു നിവേദിതനായിരിക്കും.” അങ്ങനെ ശമൂവേൽ യഹോവയ്ക്കുള്ള വിശിഷ്ടമായ ആജീവനാന്ത സേവനം ആരംഭിക്കുന്നു.—1 ശമൂവേൽ 1:25-28; 2:11.
കാലം കടന്നുപോകുമ്പോഴും ഹന്നാ തന്റെ മകനെ മറക്കുന്നില്ല. “അവന്റെ അമ്മ ആണ്ടുതോറും ഒരു ചെറിയ അങ്കി ഉണ്ടാക്കി തന്റെ ഭർത്താവിനോടുകൂടെ വർഷാന്തരയാഗം കഴിപ്പാൻ വരുമ്പോൾ അവന്നു കൊണ്ടുവന്നു കൊടുക്കും” എന്നു തിരുവെഴുത്തുകൾ പറയുന്നു. (1 ശമൂവേൽ 2:19) ഹന്നാ നിരന്തരം ശമൂവേലിനുവേണ്ടി പ്രാർഥിക്കുകയും ദൈവസേവനത്തിൽ വിശ്വസ്തനായി തുടരാൻ വാർഷിക സന്ദർശനവേളകളിൽ അവനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
ഒരു സന്ദർശനവേളയിൽ ഏലി ശമൂവേലിന്റെ മാതാപിതാക്കളെ അനുഗ്രഹിച്ചുകൊണ്ട് എല്ക്കാനായോടായി പറയുന്നു: “ഈ സ്ത്രീ യഹോവെക്കു കഴിച്ച നിവേദ്യത്തിന്നു പകരം യഹോവ അവളിൽ നിന്നു നിനക്കു സന്തതിയെ നല്കുമാറാകട്ടെ.” ഈ വാക്കുകൾക്ക് അനുസൃതമായി ഹന്നായ്ക്കും എല്ക്കാനായ്ക്കും മൂന്നു പുത്രന്മാരും രണ്ടു പുത്രിമാരും ജനിക്കുന്നു.—1 ശമൂവേൽ 2:20, 21.
ഇന്നത്തെ ക്രിസ്തീയ മാതാപിതാക്കൾക്ക് എത്ര വിശിഷ്ട മാതൃകകളാണ് ഹന്നായും എല്ക്കാനായും! അനേകം മാതാപിതാക്കളും ഒരർഥത്തിൽ തങ്ങളുടെ മക്കളെ യഹോവയ്ക്കു നിവേദിച്ചിരിക്കുകയാണ്. വീട്ടിൽനിന്ന് അകലെ ആയിരുന്നുകൊണ്ടുപോലും മുഴുസമയ ശുശ്രൂഷയിൽ തുടരാൻ മക്കളെ പ്രോത്സാഹിപ്പിച്ചുകൊണ്ടാണ് അവർ അതു ചെയ്യുന്നത്. ഇത്തരത്തിൽ ആത്മത്യാഗമനോഭാവം പ്രകടമാക്കുന്ന സ്നേഹനിധികളായ മാതാപിതാക്കൾ തീർച്ചയായും അഭിനന്ദനം അർഹിക്കുന്നു. നിശ്ചയമായും യഹോവ അവരെ അനുഗ്രഹിക്കും.
ഹന്നായുടെ പ്രാർഥന
ഒരിക്കൽ വന്ധ്യയായിരുന്ന ഹന്നാ ഇപ്പോൾ എത്ര സന്തുഷ്ടയാണ്! സ്ത്രീകളുടെ പ്രാർഥനകൾ വിരളമായേ തിരുവെഴുത്തുകളിൽ രേഖപ്പെടുത്തിയിട്ടുള്ളൂ. എന്നാൽ ഹന്നായുടെ രണ്ടു പ്രാർഥനകളെക്കുറിച്ചു നമുക്ക് അറിയാം. ഒന്ന് അവൾ ഹൃദയവേദനയാൽ നീറിയപ്പോൾ നടത്തിയത്; രണ്ട് ആനന്ദാതിരേകത്താൽ നടത്തിയ കൃതജ്ഞതാ പ്രാർഥന. ഹന്നാ ഇങ്ങനെ പ്രാർഥിച്ചു തുടങ്ങുന്നു: “എന്റെ ഹൃദയം യഹോവയിൽ ആനന്ദിക്കുന്നു.” തുടർന്ന് “മച്ചി . . . പ്രസവിക്കുന്നു” എന്നു പറഞ്ഞ് അവൾ സന്തോഷിക്കുന്നു. കൂടാതെ ‘ഉയർത്തുന്നവനും ദരിദ്രനെ പൊടിയിൽനിന്നു നിവിർത്തുന്നവനും’ ആയി യഹോവയെ സ്തുതിക്കുകയും ചെയ്യുന്നു. അതേ, യഹോവ “അഗതിയെ കുപ്പയിൽനിന്നു ഉയർത്തുന്നു.”—1 ശമൂവേൽ 2:1-10.
മറ്റുള്ളവരുടെ അപൂർണതയോ ദ്രോഹബുദ്ധിയോടെയുള്ള പെരുമാറ്റമോ നമ്മെ മുറിപ്പെടുത്തിയേക്കാമെന്ന് ഹന്നായെക്കുറിച്ചുള്ള നിശ്വസ്ത വിവരണം കാണിക്കുന്നു. എന്നിരുന്നാലും ഇവയൊന്നും യഹോവയെ സേവിക്കുന്നതിലുള്ള നമ്മുടെ സന്തോഷം കെടുത്തിക്കളയാൻ നാം അനുവദിക്കരുത്. പ്രാർഥന കേൾക്കുന്നവനായ അവൻ തന്റെ വിശ്വസ്തരുടെ നിലവിളിക്കു ചെവികൊടുക്കുകയും കഷ്ടതയിൽനിന്ന് അവരെ വിടുവിക്കയും സമൃദ്ധമായ സമാധാനവും മറ്റ് അനുഗ്രഹങ്ങളും അവർക്കു നൽകുകയും ചെയ്യുന്നു.—സങ്കീർത്തനം 22:23-26; 34:6-8; 65:2.
[അടിക്കുറിപ്പ്]
a സത്യാരാധനയുടെ ഈ കേന്ദ്രത്തെ യഹോവയുടെ മന്ദിരം എന്നും ബൈബിൾ വിളിക്കുന്നു. എന്നാൽ ഇസ്രായേല്യ ചരിത്രത്തിലെ ഈ കാലഘട്ടത്തിൽ നിയമപെട്ടകം അപ്പോഴും സമാഗമന കൂടാരത്തിൽ, അഥവാ തിരുനിവാസത്തിൽ ആയിരുന്നു. ശലോമോൻ രാജാവിന്റെ വാഴ്ചക്കാലത്താണ് ആദ്യമായി യഹോവയ്ക്ക് സ്ഥിരമായ ഒരു ആലയം പണിതത്.—1 ശമൂവേൽ 1:9; 2 ശമൂവേൽ 7:2, 5, 6; 1 രാജാക്കന്മാർ 7:51; 8:3, 4.
[17-ാം പേജിലെ ചിത്രം]
ഹന്നാ ശമൂവേലിനെ യഹോവയ്ക്കു നിവേദിച്ചു