അധ്യായം ആറ്
അവൾ ദൈവസന്നിധിയിൽ ഹൃദയം പകർന്നു!
1, 2. (എ) യാത്രയ്ക്ക് ഒരുങ്ങുന്ന ഹന്നാ അത്ര സന്തോഷവതിയല്ലാത്തത് എന്തുകൊണ്ട്? (ബി) ഹന്നായുടെ ജീവിതകഥയിൽനിന്ന് നമുക്ക് എന്തു പഠിക്കാം?
തിരക്കിട്ട് യാത്രയ്ക്കുള്ള ഒരുക്കങ്ങൾ നടത്തുകയാണ് ഹന്നാ. അവളുടെ മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾ തത്കാലം മാറ്റിവെച്ചതുപോലെയുണ്ട്. ഇത് ഒരു സന്തോഷവേള ആയിരിക്കേണ്ടതാണ്. കാരണം ശീലോവിലെ സമാഗമനകൂടാരത്തിൽ ആരാധനയ്ക്ക് പോകാൻ ഒരുങ്ങുകയാണ് എല്ലാവരും. അവളുടെ ഭർത്താവായ എല്ക്കാനായ്ക്ക് ആണ്ടുതോറും കുടുംബത്തെയും കൂട്ടി അങ്ങനെ പോകുന്ന ഒരു പതിവുണ്ട്. അത്തരം അവസരങ്ങൾ സന്തോഷഭരിതമായിരിക്കാൻ യഹോവ ഉദ്ദേശിച്ചിരുന്നു. (ആവർത്തനപുസ്തകം 16:15 വായിക്കുക.) ഹന്നാ കുട്ടിക്കാലംമുതൽ ഇത്തരം ഉത്സവങ്ങൾക്കായി സന്തോഷത്തോടെ കാത്തിരിക്കുമായിരുന്നു. പക്ഷേ, കഴിഞ്ഞ കുറേ കാലമായി അവളുടെ അവസ്ഥ ആകെ മാറിപ്പോയി.
2 ഹന്നായുടെ ഭർത്താവ് അവളെ ജീവനുതുല്യം സ്നേഹിച്ചിരുന്നു. അത് അവൾക്കൊരു അനുഗ്രഹമായിരുന്നു. പക്ഷേ, എല്ക്കാനായ്ക്ക് വേറൊരു ഭാര്യ കൂടിയുണ്ട്. പെനിന്നാ എന്നാണ് അവളുടെ പേര്. ഹന്നായുടെ ജീവിതം ദുരിതപൂർണമാക്കാൻ കരുതിക്കൂട്ടി ശ്രമിക്കുന്നതുപോലെയായിരുന്നു അവളുടെ പെരുമാറ്റം. വർഷന്തോറുമുള്ള ഉത്സവവേളകളിൽപ്പോലും ഹന്നായെ കുത്തിനോവിക്കാൻ എന്തെങ്കിലും ഉപായം പെനിന്നാ കണ്ടുവെച്ചിട്ടുണ്ടാകും. ഇപ്രാവശ്യം എന്താണാവോ അവളുടെ മനസ്സിലുള്ളത്? വഴിമുട്ടിയെന്നു തോന്നിയ അവസരങ്ങളിലും പിടിച്ചുനിൽക്കാൻ യഹോവയിലുള്ള ഹന്നായുടെ വിശ്വാസം അവളെ സഹായിച്ചത് എങ്ങനെ? ജീവിതത്തിലെ സകല സന്തോഷവും ചോർത്തിക്കളയുന്ന ചില സാഹചര്യങ്ങൾ ഉയർന്നുവരുമ്പോൾ, ഹന്നായുടെ ജീവിതകഥ നിങ്ങൾക്ക് ഉൾക്കരുത്ത് പകരും!
‘നീ വ്യസനിക്കുന്നത് എന്ത്?’
3, 4. ഏത് വലിയ രണ്ടു പ്രശ്നങ്ങളാണ് ഹന്നായെ അലട്ടിയിരുന്നത്, ഓരോന്നും വലിയ പ്രതിസന്ധിയായിരുന്നത് എന്തുകൊണ്ട്?
3 ഹന്നായെ വലിയ രണ്ടു പ്രശ്നങ്ങൾ അലട്ടിയിരുന്നതായി ബൈബിൾവിവരണത്തിൽനിന്ന് നമുക്ക് മനസ്സിലാക്കാം. ഖേദകരമെന്നു പറയട്ടെ, അവ രണ്ടും അവളുടെ നിയന്ത്രണത്തിന് അപ്പുറമായിരുന്നു. ഭർത്താവിന്റെ ബഹുഭാര്യത്വമായിരുന്നു ഒരു പ്രശ്നം. എല്ക്കാനായുടെ മറ്റേ ഭാര്യ, ഹന്നായെ വെറുപ്പോടെയാണ് കണ്ടിരുന്നത്. കുട്ടികളില്ലാതിരുന്നതാണ് ഹന്നായുടെ രണ്ടാമത്തെ പ്രശ്നം. കുഞ്ഞുങ്ങളുണ്ടാകാൻ അതിയായി ആഗ്രഹിക്കുന്ന ഏതൊരു സ്ത്രീക്കും വന്ധ്യത ഒരു തീരാദുഃഖമാണ്. അന്നത്തെ സംസ്കാരത്തിൽ അത് കടുത്ത മനോവേദനയ്ക്ക് ഇടയാക്കി. കുടുംബപ്പേര് നിലനിറുത്താൻ ഓരോ കുടുംബത്തിലും കുട്ടികൾ അനിവാര്യമായിരുന്നു. അതുകൊണ്ടുതന്നെ, വന്ധ്യയായ ഒരു സ്ത്രീ നിന്ദയും പരിഹാസവും ഏറ്റുവാങ്ങേണ്ടിവരുമായിരുന്നു.
4 പെനിന്നാ ഹന്നായെ കുത്തിനോവിക്കുന്നില്ലായിരുന്നെങ്കിൽ, അവൾ ഈ ദുഃഖങ്ങളൊക്കെ ഉള്ളിലടക്കി ജീവിച്ചുപോയേനെ. ബഹുഭാര്യത്വം ഒരിക്കലും അഭികാമ്യമായ ഒന്നായി ബൈബിൾ ചൂണ്ടിക്കാണിച്ചിട്ടില്ല. അത്തരം കുടുംബങ്ങളിൽ പോരും കലഹവും ഹൃദയവേദനയും നിത്യസംഭവങ്ങളായിരുന്നു. ഏദെൻ തോട്ടത്തിൽ യഹോവ ഏർപ്പെടുത്തിയത് ഏകഭാര്യത്വം ആയിരുന്നു. യഹോവയുടെ ക്രമീകരണത്തിൽനിന്ന് എത്രയോ അകലെയാണ് ബഹുഭാര്യത്വം! (ഉല്പ. 2:24) മങ്ങിയ വർണങ്ങളാലാണ് ബൈബിൾ ഇതിനെ വരച്ചുകാട്ടുന്നത്. എല്ക്കാനായുടെ കുടുംബാന്തരീക്ഷത്തിൽ തളംകെട്ടിനിന്ന നെടുവീർപ്പുകൾ വരച്ചിടുന്ന ചിത്രവും മറ്റൊന്നല്ല!
5. പെനിന്നാ ഹന്നായെ വേദനിപ്പിക്കാൻ ശ്രമിച്ചത് എന്തുകൊണ്ട്, അതിന് അവൾ എന്താണ് ചെയ്തത്?
5 എല്ക്കാനാ ഹന്നായെയാണ് കൂടുതൽ സ്നേഹിച്ചത്. യഹൂദപാരമ്പര്യം പറയുന്നത്, എല്ക്കാനാ ആദ്യം ഹന്നായെ വിവാഹം കഴിച്ചെന്നാണ്, ഏതാനും വർഷം കഴിഞ്ഞ് പെനിന്നായെയും. കടുത്ത അസൂയക്കാരിയായ പെനിന്നായ്ക്ക് ഹന്നായെ കണ്ടുകൂടായിരുന്നു. അവളെ എങ്ങനെയെങ്കിലും വിഷമിപ്പിക്കുകയെന്ന ഒറ്റച്ചിന്തയേ പെനിന്നായ്ക്ക് ഉണ്ടായിരുന്നുള്ളൂ. പറ്റിയ ഒരായുധവും അവൾക്കു കിട്ടി. ഹന്നായുടെ വന്ധ്യത! പെനിന്നായ്ക്ക് തുടരെത്തുടരെ കുട്ടികൾ ജനിച്ചു. അതിനതിന് അവളുടെ അഹങ്കാരവും വർധിച്ചു. ഹന്നായോടു സഹതപിക്കുകയും അവളുടെ സങ്കടത്തിൽ ആശ്വസിപ്പിക്കുകയും ചെയ്യുന്നതിനു പകരം പെനിന്നാ ആ അവസരം മുതലാക്കി. അവളുടെ മുറിവിൽത്തന്നെ വീണ്ടും മുറിവേൽപ്പിച്ചു! ബൈബിൾ പറയുന്നത്, “അവളെ വ്യസനിപ്പിപ്പാൻ തക്കവണ്ണം” പെനിന്നാ അവളുടെ ജീവിതം അങ്ങേയറ്റം ദുഷ്കരമാക്കിയെന്നാണ്. (1 ശമൂ. 1:6) പെനിന്നായുടെ ചെയ്തികൾ കരുതിക്കൂട്ടിയുള്ളതായിരുന്നു. ഹന്നായെ വേദനിപ്പിക്കുക എന്നതായിരുന്നു അവളുടെ ലക്ഷ്യം. അവൾ അതിൽ വിജയിക്കുകയും ചെയ്തു.
6, 7. (എ) ഹന്നായെ ആശ്വസിപ്പിക്കാൻ എല്ക്കാനാ ശ്രമിച്ചിട്ടും അവൾ കഥ മുഴുവൻ തുറന്ന് പറയാതിരുന്നത് എന്തുകൊണ്ടായിരിക്കാം? (ബി) ഹന്നായ്ക്ക് കുട്ടികളില്ലാതിരുന്നത് യഹോവയ്ക്ക് അവളോടുള്ള അപ്രീതിയുടെ സൂചനയായിരുന്നോ? വിശദീകരിക്കുക. (അടിക്കുറിപ്പ് കാണുക.)
6 ശീലോവിലേക്ക് വാർഷികാരാധനയ്ക്ക് പോകാനുള്ള സമയമായി. ഹന്നായെ വിഷമിപ്പിക്കാൻ പെനിന്നാ കാത്തിരുന്ന അവസരമെത്തി. പെനിന്നായ്ക്ക് പല കുട്ടികളുണ്ടെന്ന് നമ്മൾ കണ്ടല്ലോ. അവളുടെ “സകലപുത്രന്മാർക്കും പുത്രിമാർക്കും” എല്ക്കാനാ യഹോവയ്ക്ക് അർപ്പിച്ച യാഗത്തിന്റെ ഓഹരി കൊടുത്തു. കുട്ടികളില്ലാത്ത പാവം ഹന്നായ്ക്ക് ഒരു ഓഹരിയേ കിട്ടിയുള്ളൂ, അവളുടേതു മാത്രം. ഹന്നായുടെ മേൽ ആളാകാൻ പെനിന്നായ്ക്ക് ഇതൊരു അവസരമായി. അവൾ ഹന്നായെ അവളുടെ വന്ധ്യതയെക്കുറിച്ച് ഓർമിപ്പിച്ചു. ഹന്നായ്ക്ക് അപ്പോൾ കരയാനല്ലാതെ മറ്റൊന്നും കഴിയുമായിരുന്നില്ല. അവൾ വിശപ്പുപോലും മറന്നു. തന്റെ പ്രിയപത്നി ആഹാരം കഴിക്കാൻ പോലും കഴിയാതെ മനസ്സ് തളർന്ന് ഇരിക്കുന്നത് എല്ക്കാനായ്ക്ക് കാണാതിരിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവൻ അവളോട് ആശ്വാസവാക്കുകൾ പറഞ്ഞു. “ഹന്നേ, നീ എന്തിന്നു കരയുന്നു? എന്തിന്നു പട്ടിണികിടക്കുന്നു? നീ വ്യസനിക്കുന്നതു എന്തു? ഞാൻ നിനക്കു പത്തു പുത്രന്മാരെക്കാൾ നന്നല്ലയോ.”—1 ശമൂ. 1:4-8.
7 ഏതായാലും എല്ക്കാനായ്ക്ക് ഒരു കാര്യം മനസ്സിലായി. ഹന്നായുടെ ദുഃഖത്തിനു കാരണം അവൾക്ക് കുട്ടികളില്ലാത്തതാണെന്ന്. എല്ക്കാനായുടെ ആർദ്രത തുളുമ്പുന്ന വാക്കുകൾ അവളെ ആശ്വസിപ്പിച്ചു.a എന്നാൽ പെനിന്നായുടെ ദുഷ്പെരുമാറ്റത്തെക്കുറിച്ച് എല്ക്കാനാ ഒന്നും പറഞ്ഞില്ല. ഹന്നാ അതൊക്കെ അവനോടു പറഞ്ഞോ എന്നും ബൈബിൾ പറയുന്നില്ല. പെനിന്നായെക്കുറിച്ച് എന്തെങ്കിലും പരാതി പറഞ്ഞാൽ കാര്യങ്ങൾ പിന്നെയും വഷളാകുമോ എന്ന് ഒരുപക്ഷേ ഹന്നാ ഭയന്നിരിക്കാം. ഇനി പറഞ്ഞാൽത്തന്നെ എല്ക്കാനായ്ക്ക് എന്തെങ്കിലും ചെയ്യാനാകുമായിരുന്നോ? അത് പെനിന്നായ്ക്ക് അവളോടുള്ള വെറുപ്പ് കൂട്ടുകയല്ലേ ഉള്ളൂ, മക്കളും വേലക്കാരും ആ അസൂയക്കാരിയുടെ കൂടെ കൂടാനിടയില്ലേ? സ്വന്തം കുടുംബത്തിൽ താൻ ഒരു അന്യയാണെന്ന തോന്നൽ ഹന്നായുടെ മനസ്സിൽ കൂടിക്കൂടിവന്നു.
വീട്ടിൽ കാരുണ്യരഹിതമായ പെരുമാറ്റം നേരിട്ടപ്പോൾ, ആശ്വാസത്തിനായി ഹന്നാ യഹോവയിൽ അഭയം തേടി
8. അന്തസ്സുകെട്ടതോ നീതിരഹിതമോ ആയ പെരുമാറ്റം സഹിക്കേണ്ടിവരുമ്പോൾ യഹോവ നീതി നടപ്പാക്കുന്ന ദൈവമാണെന്ന് ഓർക്കുന്നത് ആശ്വാസം പകരുന്നത് എന്തുകൊണ്ട്?
8 അന്തസ്സും മര്യാദയും തൊട്ടുതീണ്ടിയിട്ടില്ലാത്ത പെനിന്നായുടെ പെരുമാറ്റത്തിന്റെ ഉള്ളുകള്ളികളെല്ലാം എല്ക്കാനായ്ക്ക് അറിയാമായിരുന്നോ? നമുക്ക് ഉറപ്പില്ല. പക്ഷേ യഹോവ എല്ലാം കാണുന്നുണ്ടായിരുന്നു. കാരണം, അവന്റെ വചനം കഥ മുഴുവൻ വെളിപ്പെടുത്തുന്നു. ഇത്തരത്തിൽ അസൂയയോടെയും ദ്രോഹബുദ്ധിയോടെയും പെരുമാറുകയും അത് നിസ്സാരീകരിക്കുകയും ചെയ്യുന്നവർക്ക് ഇതൊരു താക്കീതാണ്. അതേ സമയം, ഹന്നായെപ്പോലെ, നിഷ്കളങ്കരും സമാധാനപ്രിയരും ആയവർക്കുള്ള പ്രത്യാശയോ? ദൈവം തന്റേതായ സമയത്ത്, തന്റേതായ വഴികളിൽ, കാര്യങ്ങൾ നേരെയാക്കുമെന്നും നീതി നടപ്പാക്കുമെന്നും അവർക്ക് ഉറപ്പോടെ വിശ്വസിക്കാം. (ആവർത്തനപുസ്തകം 32:4 വായിക്കുക.) ഹന്നായ്ക്ക് ഈ സത്യം അറിയാമായിരുന്നിരിക്കണം. കാരണം, അവൾ യഹോവയുടെ അടുത്തേക്കാണല്ലോ അഭയം തേടിപ്പോയത്!
“അവളുടെ മുഖം പിന്നെ വാടിയതുമില്ല”
9. തന്റെ എതിരാളി ഉപദ്രവിക്കുമെന്ന് അറിഞ്ഞിട്ടും ശീലോവിലേക്കുള്ള യാത്രയ്ക്ക് ഹന്നാ ഒരുങ്ങിയതിൽനിന്ന് നമുക്കുള്ള പാഠം എന്താണ്?
9 അതിരാവിലെതന്നെ വീടുണർന്നു. കുട്ടികളടക്കം എല്ലാവരും യാത്രയ്ക്ക് ഒരുങ്ങുകയാണ്. എഫ്രയീം മലനാട് കടന്നുവേണം ശീലോവിലേക്കു പോകാൻ. ഏകദേശം 30 കിലോമീറ്റർ ദൂരമുണ്ട് അവിടേക്ക്.b ഈ വലിയ കുടുംബം അവിടെ നടന്നെത്താൻ ഒന്നോ രണ്ടോ ദിവസം വേണ്ടിവരും. കൂട്ടത്തിൽ പോയാൽ, തന്നോട് ശത്രുതയുള്ള പെനിന്നാ തന്നെ ദ്രോഹിക്കാൻ എന്തെങ്കിലും ചെയ്യുമെന്ന് ഹന്നായ്ക്ക് അറിയാം. എന്നിട്ടും ഹന്നാ പോകാതെ വീട്ടിലിരുന്നില്ല. ഇന്നോളമുള്ള സത്യാരാധകർക്കുവേണ്ടി അവൾ എത്ര നല്ല മാതൃകയാണ് വെച്ചത്! മറ്റുള്ളവരുടെ ദുഷ്പെരുമാറ്റം നമ്മുടെ ആരാധനയ്ക്ക് ഇടങ്കോലിടാൻ അനുവദിക്കുന്നത് ഒരിക്കലും ബുദ്ധിയല്ല. അങ്ങനെ നമ്മൾ ചെയ്തുപോയാൽ, സഹിച്ച് മുന്നോട്ടു പോകാൻ ദൈവസന്നിധിയിൽനിന്ന് നമുക്കു ലഭിക്കേണ്ട ശക്തിയും കൈത്താങ്ങും നമ്മളായിട്ടുതന്നെ നഷ്ടപ്പെടുത്തുകയായിരിക്കും.
10, 11. (എ) ഹന്നാ കഴിവതും വേഗം സമാഗമനകൂടാരത്തിലേക്കു പോയത് എന്തുകൊണ്ട്? (ബി) അവൾ സ്വർഗീയപിതാവിനോട് പ്രാർഥനയിലൂടെ ഹൃദയം പകർന്നത് എങ്ങനെ?
10 വളഞ്ഞുപുളഞ്ഞുപോകുന്ന മലമ്പാത. ദിവസം മുഴുവൻ നീണ്ട യാത്രയ്ക്കു ശേഷം ആ കുടുംബം ശീലോവിനോട് അടുക്കാറായി. ഒരു കുന്നിൻമുകളിലാണ് ശീലോ. ചുറ്റും, ഉയരം കൂടിയ കുന്നുകളുണ്ട്. സ്ഥലം അടുത്തടുത്തു വരുകയാണ്. യഹോവയോടു താൻ എന്താണ് പറയേണ്ടത് എന്നു ചിന്തിച്ചായിരിക്കാം ഹന്നായുടെ നടപ്പ്. അവിടെയെത്തിക്കഴിഞ്ഞപ്പോൾ എല്ലാവരും ഭക്ഷണം കഴിച്ചു. പിന്നെ ഒട്ടും വൈകിയില്ല, കുടുംബാംഗങ്ങൾ വരാൻ കാത്തുനിൽക്കാതെ യഹോവയുടെ സമാഗമനകൂടാരം ലക്ഷ്യമാക്കി അവൾ നടന്നു. മഹാപുരോഹിതനായ ഏലി സമാഗമനകൂടാരത്തിന്റെ വാതിൽക്കൽ ഇരിപ്പുണ്ടായിരുന്നു. അവൾ ഏലിയെ ശ്രദ്ധിച്ചതേ ഇല്ല, അവളുടെ മനസ്സ് മുഴുവൻ തന്റെ ദൈവത്തോടു ഹൃദയം തുറക്കുന്നതിനെക്കുറിച്ചായിരുന്നു. ഈ സമാഗമനകൂടാരത്തിങ്കൽ, തനിക്കു പറയാനുള്ളതെല്ലാം പറയാമെന്നും അതെല്ലാം യഹോവ കേൾക്കുമെന്നും അവൾക്ക് ഉറപ്പായിരുന്നു. അവളുടെ ഉള്ളു വേകുന്നത് ഭൂമിയിൽ ആരും മനസ്സിലാക്കിയെന്നു വരില്ല. പക്ഷേ, സ്വർഗത്തിലുള്ള അവളുടെ പിതാവ് അതു മനസ്സിലാക്കും, തീർച്ച! ഹന്നായുടെ ഉള്ളിൽ നിരാശയും അപമാനവും സങ്കടവും ഇരമ്പിയാർത്തു. ഒടുവിൽ, അവളുടെ ദുഃഖം അണപൊട്ടിയൊഴുകി.
11 അവൾ തേങ്ങിക്കരഞ്ഞു. ഓരോ തേങ്ങലിലും അവളുടെ ശരീരം വിറച്ചുകൊണ്ടിരുന്നു. ഹന്നാ ഹൃദയംകൊണ്ട് യഹോവയോടു സംസാരിക്കുകയാണ്. ഉള്ളിലെ തീവ്രവേദന വാക്കുകളിലാക്കാൻ ശ്രമിക്കവെ അവളുടെ ചുണ്ടുകൾ വിതുമ്പി. ദീർഘനേരം അവൾ അങ്ങനെ പ്രാർഥിച്ചുകൊണ്ടിരുന്നു. തന്റെ പിതാവിന്റെ മുമ്പാകെ ഹൃദയത്തിലുള്ളതെല്ലാം ഒന്നൊഴിയാതെ അവൾ പകർന്നുവെച്ചു. ഒരു കുഞ്ഞുണ്ടായിക്കാണാനുള്ള തീവ്രാഭിലാഷം നിറവേറ്റിത്തരണമേ എന്ന് അപേക്ഷിക്കുക മാത്രമല്ല അവൾ ചെയ്തത്. ദൈവത്തിൽനിന്ന് അനുഗ്രഹങ്ങൾ അപേക്ഷിച്ചു വാങ്ങുന്നതിനൊപ്പം, തന്നെക്കൊണ്ടാകുന്നതുപോലെ അവനു പകരം നൽകാനും അവൾ ആഗ്രഹിച്ചു. അതുകൊണ്ട് യഹോവയ്ക്ക് ഹന്നാ ഒരു വാക്കുകൊടുത്തു. അവൾക്ക് ഒരു മകൻ ജനിച്ചാൽ അവനെ ജീവിതകാലം മുഴുവൻ യഹോവയുടെ സേവനത്തിനായി സമർപ്പിച്ചുകൊള്ളാം എന്ന്.—1 ശമൂ. 1:9-11.
12. പ്രാർഥനയുടെ കാര്യത്തിൽ ഹന്നായുടെ മാതൃകയിൽനിന്ന് നമുക്ക് എന്തെല്ലാം പഠിക്കാനുണ്ട്?
12 പ്രാർഥനയുടെ കാര്യത്തിൽ എല്ലാ ദൈവദാസർക്കും അനുകരിക്കാവുന്ന നല്ല മാതൃകയാണ് ഹന്നായുടേത്. യാതൊരു മടിയും കൂടാതെ തന്നോട് ഹൃദയം തുറന്ന് സംസാരിക്കാൻ യഹോവ തന്റെ ഓരോ ദാസനെയും ദാസിയെയും വിളിക്കുകയാണ്. ഒരു കൊച്ചുകുട്ടി വാത്സല്യനിധിയായ തന്റെ പിതാവിനോട് സംസാരിക്കുന്നത് കേട്ടിട്ടില്ലേ? അതുപോലെ മനസ്സുതുറക്കാനും എല്ലാ ആകുലതകളും പകർന്നുവെക്കാനും യഹോവ നമ്മളോടു പറയുകയാണ്. (സങ്കീർത്തനം 62:8; 1 തെസ്സലോനിക്യർ 5:17 വായിക്കുക.) യഹോവയോടു പ്രാർഥിക്കുന്നതിനെക്കുറിച്ച് പത്രോസ് അപ്പൊസ്തലൻ എഴുതിയത് എന്താണെന്നോ? “അവൻ നിങ്ങളെക്കുറിച്ചു കരുതലുള്ളവനാകയാൽ നിങ്ങളുടെ സകല ചിന്താകുലവും അവന്റെമേൽ ഇട്ടുകൊള്ളുവിൻ.” ഏതു വിഷമത്തിലും നമ്മളെ ആശ്വസിപ്പിക്കുന്ന വാക്കുകൾ, അല്ലേ?—1 പത്രോ. 5:7.
13, 14. (എ) ഹന്നായുടെ അവസ്ഥ വേണ്ടവിധം ചോദിച്ചറിയാതെ ഏലി എടുത്തുചാടി ഒരു നിഗമനത്തിലെത്തിയത് എങ്ങനെ? (ബി) ഏലിയോടുള്ള ഹന്നായുടെ മറുപടി നമുക്ക് വിശ്വാസത്തിന്റെ ശ്രേഷ്ഠമാതൃകയായിരിക്കുന്നത് എങ്ങനെ?
13 യഹോവയെപ്പോലെ, മറ്റൊരു വ്യക്തിയെ മനസ്സിലാക്കാനോ അയാളുടെ ഹൃദയം തകർന്ന അവസ്ഥയിൽ ആത്മാർഥമായി സഹതപിക്കാനോ മനുഷ്യർക്ക് എത്രയായാലും കഴിയില്ല. അങ്ങനെ കരഞ്ഞും പ്രാർഥിച്ചും ഹന്നാ സ്വയംമറന്ന് നിൽക്കവെ, ഒരു ശബ്ദം കേട്ട് അവൾ ഞെട്ടി! മഹാപുരോഹിതനായ ഏലി! ഏറെ നേരമായി ഏലി അവളെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവൻ ഹന്നായോടു ചോദിച്ചു: “നീ എത്രത്തോളം ലഹരിപിടിച്ചിരിക്കും? നിന്റെ വീഞ്ഞു ഇറങ്ങട്ടെ.” അവളുടെ അധരം വിറയ്ക്കുന്നതും അവൾ ഏങ്ങലടിക്കുന്നതും അവളുടെ വികാരവിക്ഷോഭങ്ങളും ഒക്കെ ഏലി കാണുന്നുണ്ടായിരുന്നു. കാര്യമെന്താണെന്നു ചോദിച്ചറിയുന്നതിനു പകരം അവൻ എടുത്തുചാടി ഒരു നിഗമനത്തിലെത്തി. അവൾ മദ്യപിച്ച് ലക്കുകെട്ടിരിക്കുകയാണെന്ന് ഏലി ഉടനെയങ്ങ് തീരുമാനിച്ചു.—1 ശമൂ. 1:12-14.
14 പാവം ഹന്നായുടെ അവസ്ഥയൊന്ന് ഓർത്തുനോക്കൂ! അടിസ്ഥാനരഹിതമായ ഈ ആരോപണം എരിതീയിൽ എണ്ണയൊഴിച്ചതുപോലെയായി! അതു പറഞ്ഞതോ, അങ്ങേയറ്റം ആദരിക്കത്തക്ക പദവിയിലിരിക്കുന്ന ഒരു മനുഷ്യനും! ഇവിടെയും ഹന്നാ വിശ്വാസത്തിന്റെ പ്രശംസനീയമായ ഒരു മാതൃകയായി. അപൂർണതയാൽ ഒരു മനുഷ്യന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ച താനും യഹോവയുമായുള്ള ബന്ധത്തിനു വിള്ളൽ വീഴ്ത്താൻ അവൾ അനുവദിച്ചില്ല. ഏലിയോട് അവൾ ആദരവോടെ മറുപടി പറഞ്ഞു, തന്റെ അവസ്ഥ വിവരിച്ചു. എല്ലാം കേട്ടശേഷം ഏലി പറഞ്ഞു: “സമാധാനത്തോടെ പൊയ്ക്കൊൾക; യിസ്രായേലിന്റെ ദൈവത്തോടു നീ കഴിച്ച അപേക്ഷ അവൻ നിനക്കു നല്കുമാറാകട്ടെ.” ശാന്തമായ സ്വരത്തിൽ സൗമ്യമായാണ് ഏലി ഇതു പറഞ്ഞതെന്ന് നിങ്ങൾക്കു തോന്നുന്നില്ലേ?—1 ശമൂ. 1:15-17.
15, 16. (എ) സമാഗമനകൂടാരത്തിങ്കൽ യഹോവയെ ആരാധിക്കുകയും ഹൃദയം തുറന്ന് സംസാരിക്കുകയും ചെയ്തപ്പോൾ ഹന്നായ്ക്ക് ആശ്വാസം കിട്ടിയത് എങ്ങനെ? (ബി) മനസ്സിടിക്കുന്ന ചിന്തകൾ നമ്മെ വലയം ചെയ്യുമ്പോൾ ഹന്നായെപ്പോലെ നമുക്ക് എന്തു ചെയ്യാനാകും?
15 സമാഗമനകൂടാരത്തിൽവെച്ച് യഹോവയെ ആരാധിക്കുകയും അവനോടു ഹൃദയം തുറക്കുകയും ചെയ്തതുകൊണ്ട് ഹന്നായ്ക്ക് ആശ്വാസം കിട്ടിയോ? വിവരണം പറയുന്നത് ഇങ്ങനെയാണ്: “സ്ത്രീ തന്റെ വഴിക്കു പോയി ഭക്ഷണം കഴിച്ചു; അവളുടെ മുഖം പിന്നെ വാടിയതുമില്ല.” (1 ശമൂ. 1:18) ഹന്നായ്ക്ക് വലിയ ആശ്വാസമായി! ഏതു ഭാരവും താങ്ങാൻ കരുത്തും കഴിവും ഉള്ള തന്റെ സ്വർഗീയപിതാവിന്റെ ചുമലുകളിലേക്ക് അവൾ തന്റെ ഹൃദയഭാരം മുഴുവനും ഇറക്കിവെച്ചു. (സങ്കീർത്തനം 55:22 വായിക്കുക.) നിങ്ങൾക്ക് എന്തു തോന്നുന്നു? യഹോവയ്ക്ക് താങ്ങാനാകാത്ത ഏതെങ്കിലും ഭാരമുണ്ടോ? ഇല്ല! അത് അന്നുമില്ല, ഇന്നുമില്ല, ഇനിയങ്ങോട്ടുമില്ല!
16 ഹൃദയഭാരംകൊണ്ടു തളരുമ്പോൾ, എന്തു ചെയ്യണമെന്നറിയാതെ പകച്ചുനിൽക്കുമ്പോൾ, സങ്കടങ്ങൾ വരിഞ്ഞുമുറുക്കുമ്പോൾ, ഹന്നാ ചെയ്തത് ഓർക്കുക! “പ്രാർത്ഥന കേൾക്കുന്നവനായുള്ളോവേ” എന്ന് ബൈബിൾ വിളിക്കുന്ന കരുണാമയനായ പിതാവിനോട് എല്ലാം തുറന്ന് പറയുക. (സങ്കീ. 65:2) വിശ്വാസത്തോടെ അങ്ങനെ ചെയ്യുമ്പോൾ, ദുഃഖത്തിന്റെ കാർമേഘങ്ങൾ നീങ്ങി “മനുഷ്യബുദ്ധിക്ക് അതീതമായ ദൈവസമാധാനം” നമ്മുടെ ഹൃദയത്തിൽ വന്നു നിറയുന്നത് നമുക്ക് അറിയാനാകും!—ഫിലി. 4:6, 7.
“നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല”
17, 18. (എ) ഹന്നായുടെ നേർച്ചയെ പിന്തുണയ്ക്കുന്നെന്ന് എല്ക്കാനാ തെളിയിച്ചത് എങ്ങനെ? (ബി) പെനിന്നായുടെ ഏത് ആയുധമാണ് പിന്നീട് ഹന്നായുടെ മേൽ ഫലിക്കാതെ വന്നത്?
17 പിറ്റേന്ന് രാവിലെ ഹന്നാ ഭർത്താവിനെയും കൂട്ടി സമാഗമനകൂടാരത്തിൽ തിരിച്ചെത്തി. താൻ കഴിച്ച അപേക്ഷയെപ്പറ്റിയും താൻ നടത്തിയ നേർച്ചയെപ്പറ്റിയും അവൾ ഭർത്താവിനോടു പറഞ്ഞിട്ടുണ്ടാകും. ഭർത്താവിന്റെ അനുമതിയില്ലാതെ ഭാര്യ നടത്തുന്ന നേർച്ചകൾ അസാധുവാക്കാൻ ഭർത്താവിന് ന്യായപ്രമാണം അധികാരം നൽകിയിരുന്നു. (സംഖ്യാ. 30:10-15) എന്നാൽ ദൈവഭക്തനായ എല്ക്കാനാ അത് അസാധുവാക്കിയില്ല. പിന്നെയോ അവർ രണ്ടുപേരും ഒരുമിച്ച് അവിടെ യഹോവയെ ആരാധിച്ചു. അതിനു ശേഷം അവർ വീട്ടിലേക്കു മടങ്ങി.
18 തന്റെ അടവൊന്നും ഇനി ഹന്നായുടെ അടുത്ത് വിലപ്പോകില്ലെന്ന് പെനിന്നായ്ക്ക് എപ്പോഴാണ് മനസ്സിലായത്? വിവരണം അതെക്കുറിച്ചൊന്നും പറയുന്നില്ല. “അവളുടെ മുഖം പിന്നെ വാടിയതുമില്ല” എന്ന പ്രസ്താവന, അന്നുമുതൽ ഹന്നായുടെ മനസ്സ് തെളിഞ്ഞു, അവൾ പ്രസന്നവതിയായി, എന്നു സൂചിപ്പിക്കുന്നു. ഏതായാലും വൈരാഗ്യബുദ്ധിയോടെയുള്ള തന്റെ പെരുമാറ്റംകൊണ്ട് ഹന്നായെ ഇനി ദ്രോഹിക്കാൻ സാധിക്കില്ലെന്ന് പെനിന്നാ മനസ്സിലാക്കി. ബൈബിൾ പിന്നീട് പെനിന്നായെക്കുറിച്ച് ഒന്നും പറയുന്നില്ല.
19. ഹന്നായ്ക്ക് ഏത് അനുഗ്രഹം ലഭിച്ചു, ആ അനുഗ്രഹം ചൊരിഞ്ഞ ദൈവത്തെ മറന്നുപോയില്ലെന്ന് അവൾ തെളിയിച്ചത് എങ്ങനെ?
19 മാസങ്ങൾ കടന്നുപോയി. ഒരു ദിവസം അവൾ ആ സത്യം അറിഞ്ഞു, താൻ ഗർഭവതിയായിരിക്കുന്നു! അവളുടെ മനസ്സ് പൂത്തുലഞ്ഞു! അവളുടെ സന്തോഷത്തിന് അതിരില്ലായിരുന്നു! തന്റെമേൽ ഈ അനുഗ്രഹം ചൊരിഞ്ഞ ദൈവത്തെ ആ സന്തോഷത്തിമിർപ്പിലും അവൾ മറന്നില്ല, ഒരു നിമിഷത്തേക്കു പോലും! ആഗ്രഹിച്ചതുപോലെ അവൾക്ക് ഒരു മകൻ ജനിച്ചു. അവൾ അവന് ശമുവേൽ എന്നു പേരിട്ടു. “ദൈവത്തിന്റെ നാമം” എന്നാണ് ആ പേരിന് അർഥം. അവൾ ചെയ്തതുപോലെ ദൈവനാമം വിളിച്ചപേക്ഷിക്കുന്നതിനെ ആയിരിക്കാം ഇത് സൂചിപ്പിക്കുന്നത്. ആ വർഷം അവൾ എല്ക്കാനായുടെയും കുടുംബത്തിന്റെയും കൂടെ ശീലോവിലേക്ക് പോയില്ല. കുഞ്ഞിന്റെ മുലകുടി മാറുന്നതുവരെ മൂന്നുവർഷം അവൾ മകനോടൊപ്പം വീട്ടിൽത്തന്നെ കഴിഞ്ഞു. പിന്നെ, തന്റെ ഓമനപ്പുത്രനെ വിട്ടുപിരിയാനുള്ള ദിവസത്തിനായി അവൾ മനസ്സുകൊണ്ട് ഒരുങ്ങാൻതുടങ്ങി.
20. യഹോവയ്ക്കു കൊടുത്ത വാക്ക് ഹന്നായും എല്ക്കാനായും പാലിച്ചത് എങ്ങനെ?
20 അങ്ങനെ മകനെ പിരിയേണ്ട ദിവസമെത്തി. വേർപാട് അത്ര എളുപ്പമായിരുന്നില്ല. ശീലോവിൽ അവന് ഒരു കുറവും വരില്ലെന്ന് അവൾക്ക് ഉറപ്പായിരുന്നു. സമാഗമനകൂടാരത്തിങ്കൽ സേവിച്ചുപോന്ന സ്ത്രീകളിൽ ചിലർ തന്റെ മകനെ നന്നായി വളർത്തിക്കൊള്ളുമെന്നും അവൾക്ക് അറിയാമായിരുന്നു. എന്നാലും അവൻ കുഞ്ഞല്ലേ, ഏത് അമ്മയ്ക്കാണ് ഈ പ്രായത്തിലുള്ള തന്റെ പൊന്നോമനയെ പിരിയാൻ മനസ്സുവരുക? ഇതൊക്കെയായിട്ടും, ഹന്നായും എല്ക്കാനായും കുട്ടിയെയും കൊണ്ട് ആലയത്തിലെത്തി. മനസ്സില്ലാമനസ്സോടെയല്ല പിന്നെയോ നിറഞ്ഞ മനസ്സോടെ! ദൈവാലയത്തിൽ അവർ യാഗങ്ങൾ അർപ്പിച്ചു. എന്നിട്ട് ശമുവേലിനെ ഏലിയുടെ അടുക്കൽ കൊണ്ടുവന്നു. ഏതാനും വർഷം മുമ്പ് ഇവനുവേണ്ടി ഹന്നാ അവിടെ വന്ന് പ്രാർഥിച്ചതും നേർച്ച നേർന്നതും ആയ കാര്യങ്ങളെല്ലാം അവർ ഏലിയെ പറഞ്ഞു കേൾപ്പിച്ചു.
21. യഹോവയോടുള്ള ഹന്നായുടെ പ്രാർഥന അവളുടെ വിശ്വാസത്തിന്റെ ആഴം വെളിപ്പെടുത്തുന്നത് എങ്ങനെ? (“ശ്രദ്ധേയമായ രണ്ടു പ്രാർഥനകൾ” എന്ന ചതുരവും കാണുക.)
21 പിന്നെ അവൾ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഒരു പ്രാർഥന നടത്തി. തന്റെ വചനമായ ബൈബിളിൽ അത് ഉൾപ്പെടുത്താൻ ദൈവത്തിന് പ്രസാദം തോന്നി. 1 ശമൂവേൽ 2:1-10-ലാണ് ആ പ്രാർഥന നമ്മൾ കാണുന്നത്. അതിന്റെ ഓരോ വരിയിലും അവളുടെ വിശ്വാസത്തിന്റെ ആഴം നമുക്കു കാണാം. യഹോവ തന്റെ അപാരമായ ശക്തി പ്രയോഗിക്കുന്ന വിധത്തെ അവൾ വാഴ്ത്തുന്നു. ഗർവികളെ താഴ്മ പഠിപ്പിക്കാനും ചവിട്ടിമെതിക്കപ്പെടുന്നവരുടെ മേൽ അനുഗ്രഹം ചൊരിയാനും ജീവനെടുക്കാനും ജീവിപ്പിക്കാനും അവനുള്ള അനുപമമായ പ്രാപ്തിയെ അവൾ പ്രകീർത്തിക്കുന്നു! അവന്റെ പരിശുദ്ധിയെയും നീതിയെയും വിശ്വസ്തതയെയും അവൾ സ്തുതിക്കുന്നു. “നമ്മുടെ ദൈവത്തെപ്പോലെ ഒരു പാറയും ഇല്ല” എന്ന് അവൾ പറഞ്ഞത് സ്വന്തം അനുഭവത്തിൽനിന്നാണ്. യഹോവ അങ്ങേയറ്റം ആശ്രയയോഗ്യനാണ്. അവൻ മാറ്റമില്ലാത്തവനാണ്. അവനോടു നിലവിളിക്കുന്ന നിരാലംബർക്കും അടിച്ചമർത്തപ്പെട്ടവർക്കും അവൻ എന്നും അഭയമാണ്!
22, 23. (എ) മാതാപിതാക്കൾ തന്നെ സ്നേഹിക്കുന്നുണ്ടെന്ന് ശമുവേലിന് അറിയാമായിരുന്നത് എങ്ങനെ? (ബി) യഹോവ ഹന്നായെ പിന്നെയും അനുഗ്രഹിച്ചത് എങ്ങനെ?
22 ഹന്നായെപ്പോലെ നല്ല ഒരമ്മയെ കിട്ടിയ കൊച്ചുശമുവേൽ എത്ര ഭാഗ്യവാനായിരുന്നു! അവൾക്ക് യഹോവയിൽ അടിയുറച്ച വിശ്വാസമുണ്ടായിരുന്നു. അമ്മയുടെ അടുക്കൽനിന്ന് മാറി മറ്റൊരിടത്താണ് വളർന്നതെങ്കിലും അമ്മ തന്നെ മറന്നെന്ന് അവന് ഒരിക്കൽപ്പോലും തോന്നാനിടയായില്ല. ഓരോ വർഷവും ഹന്നാ ശീലോവിൽ വരും. അപ്പോൾ അവളുടെ കൈയിൽ ഒരു കൊച്ചുകുപ്പായവും ഉണ്ടായിരിക്കും. സമാഗമനകൂടാരത്തിൽ ശുശ്രൂഷ ചെയ്യുമ്പോൾ അവന് ധരിക്കാൻവേണ്ടി കൈയില്ലാത്തൊരു അങ്കി. അതിന്റെ ഓരോ ഇഴയിലും മകനോടുള്ള ആ അമ്മയുടെ മൃദുലവാത്സല്യങ്ങളുണ്ടായിരുന്നു! (1 ശമൂവേൽ 2:19 വായിക്കുക.) അമ്മ അവനെ ആ അങ്കി ഇടുവിക്കുന്നതും പിന്നെ പതുക്കെ തടവി അതിന്റെ ചുളിവുകൾ നിവർത്തുന്നതും വാത്സല്യം വഴിയുന്ന കണ്ണുകളോടെ അവനെ നോക്കിനിൽക്കുന്നതും ഒക്കെ ഒന്നു ഓർത്തുനോക്കൂ! പിന്നെ അവനെ ചേർത്തു നിറുത്തി ആ കുഞ്ഞുമനസ്സിന് ധൈര്യം പകരുന്ന വാക്കുകൾ പറയാനും ആ അമ്മ മറക്കുന്നില്ല. ശമുവേലിനു ലഭിച്ച അനുഗ്രഹം തന്നെയായിരുന്നു ആ അമ്മ! അങ്ങനെ, മാതാപിതാക്കൾക്കും മുഴു ഇസ്രായേലിനും ഒരു അനുഗ്രഹമായി ശമുവേൽ വളർന്ന് വന്നു.
23 ഹന്നായെ യഹോവ പിന്നെയും ഓർത്തു. യഹോവ അവൾക്ക് വേറെ അഞ്ച് മക്കളെക്കൂടെ നൽകി അനുഗ്രഹിച്ചു. (1 ശമൂ. 2:21) എന്നാൽ അവൾ ഏറ്റവും വലിയ അനുഗ്രഹമായി കണ്ടത് താനും തന്റെ പിതാവായ യഹോവയും തമ്മിലുള്ള ബന്ധമായിരുന്നെന്നു തോന്നുന്നു. ആ ബന്ധം വർഷങ്ങളിലൂടെ പിന്നെയും വളർന്നു. ഹന്നായുടെ വിശ്വാസം അനുകരിക്കുമ്പോൾ നിങ്ങളുടെ കാര്യത്തിലും അങ്ങനെതന്നെ സംഭവിക്കട്ടെ!
a “യഹോവ അവളുടെ ഗർഭം അടെച്ചിരുന്നു” എന്ന് ബൈബിൾരേഖ പറയുന്നു. അത് വിശ്വസ്തയായ ഈ എളിയ സ്ത്രീയോട് യഹോവയ്ക്ക് എന്തെങ്കിലും അപ്രീതിയുണ്ടായിട്ടല്ല. (1 ശമൂ. 1:5) ദൈവം ചില കാര്യങ്ങൾ കുറെക്കാലത്തേക്ക് അനുവദിച്ചേക്കാം. അത് ദൈവം ചെയ്യുന്നതായിട്ടെന്നപോലെ ബൈബിൾ സൂചിപ്പിക്കാറുണ്ട്.
b എല്ക്കാനായുടെ സ്വദേശം റാമ (യേശുവിന്റെ നാളിൽ അരിമഥ്യ എന്ന് അറിയപ്പെടാനിടയായ സ്ഥലം) ആയിരിക്കാം എന്ന നിഗമനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ ദൂരക്കണക്ക്.