ദൈവവചനത്തിന്റെ ജീവനുള്ള ഒരു പരിഭാഷ
‘ദൈവത്തിന്റെ വചനം ജീവനുള്ളത്.’—എബ്രാ. 4:12.
1. (എ) ദൈവം ആദാമിന് എന്ത് നിയമനമാണ് കൊടുത്തത്? (ബി) അന്നുമുതൽ ഭാഷ എന്ന ദാനം ദൈവജനം എന്തിനുവേണ്ടി ഉപയോഗിക്കുന്നു?
യഹോവ മനുഷ്യർക്ക് ഭാഷ എന്ന ദാനം നൽകി. ഏദെൻ തോട്ടത്തിൽവെച്ച് എല്ലാ മൃഗങ്ങൾക്കും പേരിടാനുള്ള നിയമനം ദൈവം ആദാമിന് കൊടുത്തു. ആദാം എല്ലാ മൃഗങ്ങൾക്കും അർഥവത്തായ പേരിട്ടു. (ഉല്പ. 2:19, 20) അന്നുമുതൽ ദൈവജനം യഹോവയെ സ്തുതിക്കാനും അവനെക്കുറിച്ച് മറ്റുള്ളവരോട് പറയാനും ഭാഷ എന്ന ദാനം ഉപയോഗിക്കുന്നു. കൂടുതൽ ആളുകൾ യഹോവയെക്കുറിച്ച് അറിയുന്നതിനുവേണ്ടി അടുത്ത നാളുകളിൽ ദൈവജനം ഈ ദാനം ഉപയോഗിച്ച് ബൈബിൾ പരിഭാഷ ചെയ്യുന്നു.
2. (എ) പുതിയ ലോക ബൈബിൾഭാഷാന്തര കമ്മിറ്റിയിലെ അംഗങ്ങൾ പരിഭാഷയിൽ ഏത് തത്ത്വങ്ങളാണ് പിൻപറ്റിയത്? (ബി) നമ്മൾ ഈ ലേഖനത്തിൽ എന്ത് പഠിക്കും?
2 ഇന്ന് ആയിരക്കണക്കിന് ബൈബിൾപരിഭാഷകളുണ്ട്. അവയിൽ ചിലത് മറ്റുള്ളവയെക്കാൾ കൂടുതൽ കൃത്യമാണ്. ബൈബിൾ കൃത്യമായി പരിഭാഷപ്പെടുത്തുന്നതിന് പുതിയ ലോക ബൈബിൾഭാഷാന്തര കമ്മിറ്റി മൂന്ന് അടിസ്ഥാന തത്ത്വങ്ങൾ പിൻപറ്റാൻ തീരുമാനിച്ചു: (1) ദൈവനാമത്തോട് ആദരവ് കാണിച്ചുകൊണ്ട് മൂലപാഠത്തിൽ ഉള്ളിടത്തെല്ലാം ദൈവനാമം ഉപയോഗിക്കുക. (മത്തായി 6:9 വായിക്കുക.) (2) സാധ്യമായിരിക്കുന്നിടത്തെല്ലാം പദാനുപദ പരിഭാഷ നടത്തുക. എന്നാൽ അങ്ങനെ ചെയ്യുമ്പോൾ അർഥവ്യത്യാസം വരുന്നുണ്ടെങ്കിൽ ആ ഭാഗത്തിന്റെ കൃത്യമായ ആശയം കിട്ടുന്ന വിധത്തിൽ പരിഭാഷ ചെയ്യുക. (3) എളുപ്പം വായിക്കാനും മനസ്സിലാക്കാനും കഴിയുന്ന ഭാഷ ഉപയോഗിക്കുക.a (നെഹെമ്യാവു 8:8, 12 വായിക്കുക.) പുതിയ ലോക ഭാഷാന്തരത്തിന്റെ പരിഭാഷകർ ഈ മൂന്നു തത്ത്വങ്ങൾ 130-ലധികം ഭാഷകളിൽ പിൻപറ്റിയിട്ടുണ്ട്. പുതിയ ലോക ഭാഷാന്തരത്തിന്റെ 2013-ലെ പരിഷ്കരിച്ച പതിപ്പിൽ ഈ തത്ത്വങ്ങൾ എങ്ങനെയാണ് ബാധകമാക്കിയിരിക്കുന്നതെന്നും മറ്റ് ഭാഷയിലെ പരിഭാഷകളിൽ ഇത് എങ്ങനെയാണ് പിൻപറ്റുന്നതെന്നും നമ്മൾ ഈ ലേഖനത്തിൽ ചർച്ച ചെയ്യും.
ദൈവനാമത്തെ ആദരിക്കുന്ന ഒരു ബൈബിൾ
3, 4. (എ) ഏതു പുരാതന കൈയെഴുത്തുപ്രതികളിലാണ് ചതുരക്ഷരിയുള്ളത്? (ബി) പല ബൈബിൾപരിഭാഷകളും ദൈവനാമത്തോട് എന്ത് ചെയ്തിരിക്കുന്നു?
3 ദൈവനാമം പ്രതിനിധീകരിക്കാൻ ചതുരക്ഷരി എന്ന് അറിയപ്പെടുന്ന നാല് എബ്രായ അക്ഷരങ്ങളാണ് ഉപയോഗിക്കുന്നത്. ചാവുകടൽ ചുരുളുകൾപോലെയുള്ള പല പഴയ എബ്രായ കൈയെഴുത്തുപ്രതികളിലും ചതുരക്ഷരി കാണാൻ കഴിയും. ഗ്രീക്ക് സെപ്റ്റുവജിന്റിന്റെ ചില പ്രതികളിലും ഇതുണ്ട്. ഈ പ്രതികൾ ക്രിസ്തുവിന് 200 വർഷം മുമ്പ് മുതൽ ക്രിസ്തുവിന് ശേഷം 100 വർഷം വരെയുള്ള കാലയളവിൽ എഴുതപ്പെട്ടവയാണ്. പഴയ കൈയെഴുത്തുപ്രതികളിൽ ദൈവനാമം ഇത്ര കൂടെക്കൂടെ ഉപയോഗിച്ചിരിക്കുന്നത് കണ്ട് പലർക്കും മതിപ്പ് തോന്നാറുണ്ട്.
4 വ്യക്തമായും ദൈവനാമം ബൈബിളിൽ ഉണ്ടായിരിക്കേണ്ടതാണ്. എന്നിട്ടും പല പരിഭാഷകളിലും ദൈവനാമം കാണുന്നില്ല. ഉദാഹരണത്തിന്, പുതിയ ലോക ഭാഷാന്തരം—ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകൾ പുറത്തിറങ്ങി രണ്ടു വർഷം കഴിഞ്ഞപ്പോൾ അമേരിക്കൻ പ്രമാണ ഭാഷാന്തരത്തിന്റെ ഒരു പരിഷ്കരിച്ച പതിപ്പ് പുറത്തിറങ്ങി. അതിന്റെ 1901-ലെ പതിപ്പിൽ ദൈവനാമം ഉപയോഗിച്ചിരുന്നു. എന്നാൽ 1952-ൽ പുറത്തിറക്കിയ പരിഷ്കരിച്ച പതിപ്പിൽ അത് ഉപയോഗിച്ചില്ല. എന്തുകൊണ്ട്? ദൈവനാമം ഉപയോഗിക്കുന്നത് “തീർത്തും അനുചിത”മാണെന്ന് അതിന്റെ പരിഭാഷകർക്ക് തോന്നി. ഇംഗ്ലീഷിലും മറ്റ് ഭാഷകളിലും ഉള്ള പല ഭാഷാന്തരങ്ങളും ഇങ്ങനെതന്നെ ചെയ്തിരിക്കുന്നു.
5. ബൈബിളിൽ ദൈവനാമം നിലനിറുത്തേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട്?
5 പരിഭാഷകർ ദൈവനാമം ഉപയോഗിക്കുന്നുണ്ടോ ഇല്ലയോ എന്നത് ഗൗരവമായി കാണേണ്ട ഒരു കാര്യമാണോ? തീർച്ചയായും! ബൈബിളിന്റെ ഗ്രന്ഥകർത്താവായ യഹോവ, ആളുകൾ തന്റെ നാമം അറിയണമെന്ന് ആഗ്രഹിക്കുന്നു. ഒരു നല്ല പരിഭാഷകൻ ഗ്രന്ഥകർത്താവ് എന്താണോ ഉദ്ദേശിച്ചിരിക്കുന്നത് അതു തിരിച്ചറിയുകയും അതിനു ചേർച്ചയിൽ പരിഭാഷ നടത്തുകയും വേണം. ദൈവനാമം പ്രധാനമാണെന്നും അത് ആദരിക്കപ്പെടേണ്ടതാണെന്നും പല തിരുവെഴുത്തുകളും കാണിച്ചുതരുന്നു. (പുറ. 3:15; സങ്കീ. 83:18; 148:13; യെശ. 42:8; 43:10; യോഹ. 17:6, 26; പ്രവൃ. 15:14) തന്റെ നാമം ആയിരക്കണക്കിനു പ്രാവശ്യം ഉപയോഗിക്കാൻ യഹോവ ബൈബിളെഴുത്തുകാരെ നിശ്വസ്തരാക്കി. (യെഹെസ്കേൽ 38:23 വായിക്കുക.) അതുകൊണ്ട് പരിഭാഷകർ ദൈവനാമം ഉപയോഗിക്കാതിരിക്കുമ്പോൾ അതിന്റെ ഗ്രന്ഥകർത്താവായ യഹോവയോടുള്ള അനാദരവാണ് കാണിക്കുന്നത്.
6. പുതിയ ലോക ഭാഷാന്തരത്തിന്റെ പരിഷ്കരിച്ച പതിപ്പിൽ ദൈവനാമം ആറു സ്ഥലത്ത് കൂടുതലായി ഉപയോഗിച്ചിരിക്കുന്നത് എന്തുകൊണ്ട്?
6 യഹോവയുടെ നാമം നമ്മൾ ഉപയോഗിക്കണമെന്നുള്ളതിന് ഇന്ന് മുമ്പത്തേതിലും കൂടുതലായ കാരണങ്ങളുണ്ട്. പുതിയ ലോക ഭാഷാന്തരത്തിന്റെ 2013-ലെ പരിഷ്കരിച്ച പതിപ്പ് ദൈവനാമം 7,216 പ്രാവശ്യം ഉപയോഗിക്കുന്നു. അതായത് മുമ്പിലത്തെ പതിപ്പിലുള്ളതിനെക്കാൾ ആറ് ഇടത്ത് കൂടുതൽ. ഇതിൽ അഞ്ച് വാക്യങ്ങളിൽ ദൈവനാമം പുനഃസ്ഥാപിച്ചത് ഈയിടെ കണ്ടെടുക്കപ്പെട്ട ചാവുകടൽ ചുരുളുകളെ അടിസ്ഥാനമാക്കിയാണ്.b അവ 1 ശമൂവേൽ 2:25; 6:3; 10:26; 23:14, 16 എന്നീ വാക്യങ്ങളാണ്. ആറാമത്തേത് ന്യായാധിപന്മാർ 19:18-ൽ കാണാം. പുരാതനകൈയെഴുത്തുപ്രതികളുടെ കൂടുതലായ പഠനമാണ് ഈ വാക്യത്തിൽ ദൈവനാമം പുനഃസ്ഥാപിക്കുന്നതിലേക്ക് വഴി നയിച്ചത്.
7, 8. യഹോവ എന്ന നാമത്തിന്റെ അർഥം എന്ത്?
7 ദൈവനാമത്തിന്റെ അർഥം പൂർണമായി മനസ്സിലാക്കുന്നത് പ്രധാനമാണെന്ന് സത്യക്രിസ്ത്യാനികൾക്ക് അറിയാം. ആ നാമത്തിന്റെ അർഥം, “ആയിത്തീരാൻ അവൻ ഇടയാക്കുന്നു” എന്നാണ്.c മുൻകാലങ്ങളിൽ പുറപ്പാടു 3:14 ഉപയോഗിച്ചാണ് നമ്മുടെ പ്രസിദ്ധീകരണങ്ങൾ ദൈവനാമത്തിന്റെ അർഥം വിശദീകരിച്ചിരുന്നത്. അവിടെ ഇങ്ങനെ പറയുന്നു: “ഞാൻ ആകുന്നവൻ ഞാൻ ആകുന്നു.” 1984-ൽ പരിഷ്കരിച്ച പതിപ്പ് ഇങ്ങനെ വിശദീകരിച്ചു: തന്റെ വാഗ്ദാനങ്ങളെല്ലാം നിറവേറ്റാനായി താൻ എന്തെല്ലാം ആയിത്തീരണമോ അതെല്ലാം ആയിത്തീരാൻ യഹോവ സ്വയം ഇടയാക്കുന്നു.d എന്നാൽ 2013-ലെ പതിപ്പ് ഇങ്ങനെ വിശദീകരിക്കുന്നു: “യഹോവ എന്ന നാമത്തിന് ഈ ഒരു അർഥതലം മാത്രമല്ല ഉള്ളത്. പിന്നെയോ തന്റെ ഉദ്ദേശ്യം സാക്ഷാത്കരിക്കുന്നതിനുവേണ്ടി തന്റെ സൃഷ്ടികൾ എന്ത് ആയിത്തീരണമോ അത് ആക്കിത്തീർക്കാനും അവൻ ഇടയാക്കുന്നു എന്നും ആ പേരിന്റെ അർഥത്തിൽ ഉൾപ്പെടുന്നു.” (ദൈവവചനത്തിന് ഒരു പഠനസഹായി എന്ന ചെറുപുസ്തകത്തിന്റെ പേജ് 5) കാണുക.
8 യഹോവ തീരുമാനിക്കുന്ന എന്തും ആയിത്തീരാൻ യഹോവ സൃഷ്ടികളെ ഇടയാക്കുന്നു. ഉദാഹരണത്തിന്, നോഹയെ പെട്ടകത്തിന്റെ നിർമാതാവും ബെസലേലിനെ ഒരു വിദഗ്ധശില്പിയും ഗിദെയോനെ ഒരു ധീരയോദ്ധാവും പൗലോസിനെ ഒരു മിഷനറിയും ആകാൻ യഹോവ ഇടയാക്കി. ദൈവജനത്തെ സംബന്ധിച്ചിടത്തോളം ദൈവനാമത്തിന് ഒരു യഥാർഥ അർഥമുണ്ട്. അതുകൊണ്ടാണ് പുതിയ ലോക ബൈബിൾഭാഷാന്തര കമ്മിറ്റി ഈ പരിഭാഷയിലും ദൈവനാമം ഉപയോഗിച്ചിരിക്കുന്നത്.
9. മറ്റ് ഭാഷകളിലേക്ക് ബൈബിൾ പരിഭാഷപ്പെടുത്തുന്നത് പ്രധാനമായിരിക്കുന്നതിന്റെ ഒരു കാരണം എന്ത്?
9 ധാരാളം ബൈബിൾപരിഭാഷകൾ ദൈവനാമം ഉപയോഗിക്കുന്നത് ഒഴിവാക്കിയിരിക്കുന്നു. ആ സ്ഥാനത്ത് അവർ “കർത്താവ്” എന്നോ അല്ലെങ്കിൽ ഒരു പ്രാദേശികദൈവത്തിന്റെ പേരോ ഉൾപ്പെടുത്തുന്നു. ദൈവനാമത്തെ ആദരിക്കുന്ന ഒരു ബൈബിൾ എല്ലാ ഭാഷക്കാർക്കും ലഭ്യമാകണമെന്ന് ഭരണസംഘം ആഗ്രഹിക്കുന്നതിന്റെ ഒരു പ്രധാനകാരണം ഇതാണ്. (മലാഖി 3:16 വായിക്കുക.) 130-ലധികം ഭാഷകളിൽ പ്രസിദ്ധീകരിച്ച പുതിയ ലോക ഭാഷാന്തരത്തിൽ യഥാസ്ഥാനങ്ങളിൽ ദൈവനാമം ഉപയോഗിച്ചുകൊണ്ട് ആ നാമത്തോട് ആദരവ് കാണിച്ചിരിക്കുന്നു.
വ്യക്തവും കൃത്യവുമായ ഒരു പരിഭാഷ
10, 11. പുതിയ ലോക ഭാഷാന്തരം മറ്റ് ഭാഷകളിലേക്ക് പരിഭാഷ ചെയ്തപ്പോൾ നേരിട്ട ചില പ്രശ്നങ്ങൾ എന്തൊക്കെയായിരുന്നു?
10 പുതിയ ലോക ഭാഷാന്തരം ഇംഗ്ലീഷിൽനിന്ന് മറ്റു ഭാഷകളിലേക്ക് പരിഭാഷ ചെയ്തപ്പോൾ പല പ്രശ്നങ്ങളും നേരിട്ടിട്ടുണ്ട്. ഉദാഹരണത്തിന്, സഭാപ്രസംഗി 9:10-ലും സമാനമായ മറ്റ് വാക്യങ്ങളിലും “ഷീയോൾ” എന്ന എബ്രായപദമാണ് ഉപയോഗിച്ചിരുന്നത്. മറ്റ് ഇംഗ്ലീഷ് ബൈബിളുകളിലും ഇതേ പദംതന്നെ ഉപയോഗിച്ചിരുന്നു. എന്നാൽ ആ എബ്രായപദം വായനക്കാർക്ക് പരിചിതമല്ലാതിരുന്നതിനാൽ മറ്റ് അനേകം ഭാഷകളിൽ അത് ഉപയോഗിക്കാനാകുമായിരുന്നില്ല. അവരുടെ നിഘണ്ടുക്കളിലും ഈ പദമില്ലായിരുന്നു. ചിലർ ഇത് ഒരു സ്ഥലപ്പേരാണോ എന്നുപോലും ചിന്തിച്ചു! ഈ കാരണങ്ങളാൽ “ഷീയോൾ” എന്ന എബ്രായപദത്തെയും “ഹേഡീസ്” എന്ന ഗ്രീക്ക് പദത്തെയും “ശവക്കുഴി” എന്ന് പരിഭാഷപ്പെടുത്താൻ അനുമതി കൊടുത്തു. കൃത്യമായ ഈ പരിഭാഷ ഉദ്ദേശിച്ചിരിക്കുന്ന അർഥം മനസ്സിലാക്കാൻ സഹായിക്കുന്നതാണ്.
11 ദേഹി എന്നതിന്റെ എബ്രായ-ഗ്രീക്ക് പദം മറ്റു ചില ഭാഷകളിലേക്കു പരിഭാഷപ്പെടുത്തുന്നത് ഒരു പ്രശ്നമായിരുന്നു. കാരണം ആ ഭാഷകളിൽ ദേഹി എന്നതിനുള്ള പദം മരണശേഷം ശരീരത്തെ വിട്ടുപോകുന്ന എന്തോ ഒന്നിനെ കുറിക്കാനാണ് ഉപയോഗിക്കുന്നത്. ഈ തെറ്റിദ്ധാരണ ഒഴിവാക്കാനായി, ശരിയായ അർഥം കിട്ടുന്ന വാക്കുകൾ ഉപയോഗിച്ച് ഓരോ വാക്യത്തിലും ഈ പദം പരിഭാഷ ചെയ്യാൻ അനുമതി കൊടുത്തു. ഓരോ വാക്യത്തിലും ദേഹി എന്ന വാക്ക് എന്തിനെയാണ് അർഥമാക്കുന്നതെന്ന് വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം—റഫറൻസുകളോടു കൂടിയതിന്റെ അനുബന്ധത്തിൽ വിശദീകരിച്ചിരിക്കുന്നു. എബ്രായ-ഗ്രീക്ക് പദങ്ങളെക്കുറിച്ചുള്ള കൂടുതലായ വിവരങ്ങൾ 2013-ൽ പരിഷ്കരിച്ച പതിപ്പിന്റെ അടിക്കുറിപ്പുകളിൽ നൽകുന്നുണ്ട്. ഈ വിധത്തിൽ പരിഭാഷ ചെയ്യുന്നത് ബൈബിൾ വായിക്കുമ്പോൾത്തന്നെ അർഥം മനസ്സിലാക്കാൻ വായനക്കാരനെ സഹായിക്കും.
12. പുതിയ ലോക ഭാഷാന്തരത്തിന്റെ 2013-ലെ പരിഷ്കരിച്ച പതിപ്പിലുള്ള മറ്റ് ചില മാറ്റങ്ങൾ ഏതൊക്കെ? (ഈ ലക്കത്തിലെ “പുതിയ ലോക ഭാഷാന്തരത്തിന്റെ 2013-ലെ പരിഷ്കരിച്ച പതിപ്പ്” എന്ന ലേഖനം കാണുക.)
12 പരിഭാഷകരിൽനിന്ന് ലഭിച്ച ചോദ്യങ്ങൾ ബൈബിൾ വായിക്കുമ്പോൾ ഉണ്ടാകാൻ സാധ്യതയുള്ള മറ്റ് തെറ്റിദ്ധാരണകൾ വെളിച്ചത്തുകൊണ്ടുവന്നു. അങ്ങനെ 2007 സെപ്റ്റംബറിൽ, ഇംഗ്ലീഷ് ഭാഷാന്തരം പുതുക്കാൻ ഭരണസംഘം അനുമതി നൽകി. പരിഷ്കരിക്കുന്നതിനിടയിൽ ഇതിനായി നിയമിച്ചിരിക്കുന്ന കമ്മിറ്റി ബൈബിൾപരിഭാഷകരിൽനിന്നുള്ള ആയിരക്കണക്കിന് ചോദ്യങ്ങൾ അവലോകനം ചെയ്തു. ഇംഗ്ലീഷിലെ പഴയ പദപ്രയോഗങ്ങൾക്ക് പകരം ഇപ്പോൾ പ്രയോഗത്തിലുള്ള പുതിയ പദങ്ങൾ ഉപയോഗിച്ചു. കൃത്യത നിലനിറുത്തിക്കൊണ്ടുതന്നെ, എളുപ്പത്തിൽ വായിക്കാനും മനസ്സിലാക്കാനും ആളുകളെ സഹായിക്കുന്നതിന് പല മാറ്റങ്ങളും വരുത്തി. പുതിയ ലോക ഭാഷാന്തരത്തിന്റെ അപ്പോൾത്തന്നെ പൂർത്തിയായ പരിഭാഷകളിൽ, പരിഭാഷകർ സ്വീകരിച്ച ചില മാർഗങ്ങൾ അവലംബിച്ചതും ഇംഗ്ലീഷ് പാഠം മെച്ചപ്പെടുത്താൻ സഹായിച്ചു.—സദൃ. 27:17.
അഗാധമായ വിലമതിപ്പ്
13. പുതിയ ലോക ഭാഷാന്തരത്തിന്റെ പരിഷ്കരിച്ച പതിപ്പിനെക്കുറിച്ച് പലരുടെയും അഭിപ്രായം എന്താണ്?
13 ഇംഗ്ലീഷിലുള്ള ഈ പരിഷ്കരിച്ച പതിപ്പിനെക്കുറിച്ച് പലർക്കും എന്താണ് തോന്നുന്നതെന്ന് അറിയാമോ? നമ്മുടെ സഹോദരീസഹോദരന്മാരുടെ, വിലമതിപ്പ് തുളുമ്പുന്ന ആയിരക്കണക്കിന് കത്തുകളാണ് ന്യൂയോർക്കിലെ യഹോവയുടെ സാക്ഷികളുടെ ലോകാസ്ഥാനത്ത് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു സഹോദരി ഇങ്ങനെ എഴുതി: “അമൂല്യരത്നങ്ങൾ നിറഞ്ഞ ഒരു നിധിപേടകമാണ് ബൈബിൾ. പരിഷ്കരിച്ച പതിപ്പിൽനിന്ന് യഹോവയുടെ വാക്കുകൾ വായിക്കുന്നത് ഓരോ രത്നവും എടുത്ത് അതിന്റെ നിറവും ഭംഗിയും തെളിമയും അടുത്ത് പരിശോധിക്കുന്നതുപോലെയാണ്. ലളിതമായ ഭാഷയിൽ എഴുതിയിരിക്കുന്ന തിരുവെഴുത്തുകൾ യഹോവയെ അടുത്ത് അറിയാൻ എന്നെ സഹായിച്ചിരിക്കുന്നു. തന്റെ കരങ്ങളാൽ എന്നെ ചുറ്റിപ്പിടിച്ചുകൊണ്ട് ആശ്വാസമേകുന്ന വചനങ്ങൾ വായിച്ചുകേൾപ്പിക്കുന്ന ഒരു പിതാവിനെപ്പോലെയാണ് യഹോവ എന്ന് എനിക്ക് തോന്നുന്നു.” ഇതേ വികാരംതന്നെയാണ് അനേകർക്കുമുള്ളത്.
14, 15. മറ്റ് ഭാഷകളിൽ ലഭ്യമായിരിക്കുന്ന പുതിയ ലോക ഭാഷാന്തരത്തെക്കുറിച്ച് അവിടെയുള്ള ആളുകൾക്ക് എന്ത് തോന്നുന്നു?
14 ഇംഗ്ലീഷ് സംസാരിക്കുന്നവർ മാത്രമല്ല, മറ്റു ഭാഷക്കാരും അവരുടെ ഭാഷയിൽ പുതിയ ലോക ഭാഷാന്തരം ലഭിച്ചതിൽ നന്ദിയുള്ളവരാണ്. ബൾഗേറിയയിലെ സോഫിയയിലുള്ള പ്രായമായ ഒരു വ്യക്തി ബൾഗേറിയൻ പതിപ്പിനെക്കുറിച്ച് ഇങ്ങനെ പറഞ്ഞു: “ഞാൻ വർഷങ്ങളായി ബൈബിൾ വായിക്കുന്ന ഒരാളാണ്. പക്ഷേ ഇത്ര എളുപ്പത്തിൽ മനസ്സിലാകുന്നതും ഹൃദയത്തിലേക്ക് നേരിട്ട് ഇറങ്ങിച്ചെല്ലുന്നതുമായ ഒരു പരിഭാഷ ഞാൻ ഇതുവരെ വായിച്ചിട്ടില്ല.” അൽബേനിയയിലെ ഒരു സഹോദരി ഇങ്ങനെ എഴുതി: “ദൈവത്തിന്റെ വാക്കുകൾ അൽബേനിയനിൽ കേൾക്കാൻ എന്ത് രസമാണ്! യഹോവ നമ്മുടെ സ്വന്തം ഭാഷയിൽ നമ്മളോട് സംസാരിക്കുന്നത് കേൾക്കുന്നത് എത്ര വലിയ പദവിയാണ്!”
15 പല രാജ്യങ്ങളിലും ബൈബിൾ അത്ര എളുപ്പത്തിൽ ലഭ്യമല്ല. ഇനി ലഭ്യമായാൽത്തന്നെ അതിന് നല്ല വിലയുമാകും. അങ്ങനെയുള്ള സ്ഥലങ്ങളിൽ ഒരു ബൈബിൾ കിട്ടുന്നത് വലിയ ഒരനുഗ്രഹമാണ്. റുവാണ്ടയിൽനിന്നുള്ള ഒരു റിപ്പോർട്ട് ഇങ്ങനെ പറയുന്നു: “നമ്മുടെ സഹോദരങ്ങളോടൊത്ത് കാലങ്ങളായി ബൈബിൾ പഠിച്ചിരുന്ന ധാരാളം ആളുകൾക്ക് സ്വന്തമായി ബൈബിൾ ഇല്ലാതിരുന്നതുകൊണ്ട് പുരോഗമിക്കാൻ സാധിച്ചിരുന്നില്ല. ക്രൈസ്തവസഭകൾ പുറത്തിറക്കുന്ന ഭാഷാന്തരം വാങ്ങാനുള്ള പണം അവരുടെ പക്കൽ ഇല്ലായിരുന്നു. അതുപോലെ ചില വാക്യങ്ങളുടെ അർഥം വ്യക്തമായി മനസ്സിലാക്കാനും അവർക്ക് സാധിച്ചിരുന്നില്ല. അതും അവരുടെ പുരോഗതിക്ക് തടസ്സമായി.” പ്രാദേശികഭാഷയിൽ പുതിയ ലോക ഭാഷാന്തരം ലഭ്യമായപ്പോൾ കൗമാരക്കാരായ നാലു മക്കളുള്ള റുവാണ്ടയിലെ ഒരു കുടുംബം ഇങ്ങനെ പറഞ്ഞു: “ഈ ബൈബിൾ തന്നതിന് ഞങ്ങൾ യഹോവയോടും വിശ്വസ്തനും വിവേകിയുമായ അടിമയോടും വളരെ അധികം നന്ദിയുള്ളവരാണ്. ഞങ്ങളുടേത് ഒരു നിർധനകുടുംബമാണ്. ആളാംപ്രതി ബൈബിൾ വാങ്ങുന്നതിനുള്ള പണം ഞങ്ങളുടെ കൈയിലില്ല. എന്നാൽ ഇപ്പോൾ ഞങ്ങൾക്ക് ഓരോരുത്തർക്കും സ്വന്തമായി ബൈബിളുണ്ട്. യഹോവയോടുള്ള നന്ദി കാണിക്കാൻ കുടുംബം ഒന്നിച്ചിരുന്ന് ഞങ്ങൾ എന്നും ബൈബിൾ വായിക്കുന്നു.”
16, 17. (എ) തന്റെ ജനത്തെക്കുറിച്ചുള്ള യഹോവയുടെ ആഗ്രഹം എന്താണ്? (ബി) എന്തായിരിക്കണം നമ്മുടെ ഉറച്ച തീരുമാനം?
16 പുതിയ ലോക ഭാഷാന്തരത്തിന്റെ പരിഷ്കരിച്ച പതിപ്പ് ഭാവിയിൽ കൂടുതൽ ഭാഷകളിൽ ലഭ്യമാകും. ഇത് തടയാൻ സാത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും വ്യക്തവും മനസ്സിലാകുന്നതും ആയ ഭാഷയിൽ താൻ സംസാരിക്കുമ്പോൾ തന്റെ ജനമെല്ലാം അത് ശ്രദ്ധിക്കാൻ യഹോവ ആഗ്രഹിക്കുന്നുണ്ടെന്ന് നമുക്ക് അറിയാം. (യെശയ്യാവു 30:21 വായിക്കുക.) പെട്ടെന്നുതന്നെ, “സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു” നിറയും.—യെശ. 11:9.
17 യഹോവയുടെ നാമത്തെ ആദരിക്കുന്ന ഈ പുതിയ ബൈബിൾപരിഭാഷ ഉൾപ്പെടെ യഹോവ നൽകിയിരിക്കുന്ന എല്ലാ നല്ല ദാനങ്ങളും പ്രയോജനപ്പെടുത്താൻ നമുക്ക് ഉറച്ച തീരുമാനമെടുക്കാം. എല്ലാ ദിവസവും ബൈബിൾ വായിച്ചുകൊണ്ട് യഹോവയ്ക്ക് നിങ്ങളോട് എന്താണ് പറയാനുള്ളതെന്ന് കേൾക്കുക. നമ്മുടെ പ്രാർഥനകൾ ശ്രദ്ധയോടെ കേൾക്കാൻ യഹോവ പ്രാപ്തനാണ്. ഈ ആശയവിനിമയം യഹോവയെ മുമ്പെന്നത്തെക്കാളും അടുത്ത് അറിയാനും അവനോടുള്ള സ്നേഹം നാൾക്കുനാൾ വർധിച്ചുവരാനും സഹായിക്കും.—യോഹ. 17:3.
a പുതിയ ലോക ഭാഷാന്തരത്തിന്റെ 2013-ൽ പരിഷ്കരിച്ച പതിപ്പിന്റെ അനുബന്ധം എ1-ഉം 2008 മെയ് 1 ലക്കം വീക്ഷാഗോപുരത്തിലെ “ഒരു നല്ല ബൈബിൾ പരിഭാഷ നിങ്ങൾക്ക് എങ്ങനെ തിരഞ്ഞെടുക്കാം?” (ഇംഗ്ലീഷ്) എന്ന ലേഖനവും നോക്കുക.
b ചാവുകടൽ ചുരുളുകൾ എബ്രായ മാസൊരിറ്റിക് പാഠത്തെക്കാൾ 1,000 വർഷം പഴക്കമുള്ളതാണ്.
c ചില പരാമർശഗ്രന്ഥങ്ങൾ ഈ വിശദീകരണം നൽകുന്നു. എന്നാൽ എല്ലാ പണ്ഡിതന്മാരും ഇത് അംഗീകരിക്കുന്നില്ല.
d വിശുദ്ധ തിരുവെഴുത്തുകളുടെ പുതിയ ലോക ഭാഷാന്തരം— റഫറൻസുകളോടു കൂടിയതിന്റെ 1561-ാം പേജിലെ, “ദൈവനാമം എബ്രായതിരുവെഴുത്തുകളിൽ” (ഇംഗ്ലീഷ്) എന്ന അനുബന്ധം 1എ കാണുക.