“ഇവയിൽ ഏററവും വലുത് സ്നേഹമാകുന്നു”
“എന്നിരുന്നാലും, ഇപ്പോൾ വിശ്വാസം, പ്രത്യാശ, സ്നേഹം, ഈ മൂന്നും നിലനിൽക്കുന്നു; എന്നാൽ ഇവയിൽ ഏററവും വലുത് സ്നേഹമാണ്.”—1 കൊരിന്ത്യർ 13:13.
1. ഒരു നരവംശ ശാസ്ത്രജ്ഞൻ സ്നേഹത്തെക്കുറിച്ച് എന്തു പറഞ്ഞു?
ലോകത്തിലെ ഏററവും പ്രമുഖനായ നരവംശ ശാസ്ത്രജ്ഞൻമാരിൽ ഒരാൾ ഒരിക്കൽ ഇങ്ങനെ പറഞ്ഞു: “നമ്മുടെ ജാതിയുടെ ചരിത്രത്തിൽ ആദ്യമായി മനുഷ്യരുടെ മനഃശാസ്ത്രപരമായ അടിസ്ഥാന ആവശ്യങ്ങളിൽ ഏററം പ്രധാനമായത് സ്നേഹത്തിന്റെ ആവശ്യമാണെന്ന് നാം മനസ്സിലാക്കുന്നു. നമ്മുടെ സൗരയൂഥത്തിന്റെ കേന്ദ്രത്തിൽ സൂര്യൻ മററ് ഗ്രഹങ്ങളാൽ പ്രദക്ഷിണംചെയ്യപ്പെട്ട് നിൽക്കുന്നതുപോലെ അത് സകല മാനുഷാവശ്യങ്ങളുടെയും കേന്ദ്രത്തിൽ നിൽക്കുന്നു. . . . സ്നേഹിക്കപ്പെട്ടിട്ടില്ലാത്ത കുട്ടി സ്നേഹിക്കപ്പെട്ടിട്ടുള്ള കുട്ടിയിൽനിന്ന് ജീവരസതന്ത്രപരമായും ശരീരശാസ്ത്രപരമായും മനഃശാസ്ത്രപരമായും വളരെ വ്യത്യസ്തനാണ്. സ്നേഹിക്കപ്പെടാത്ത കുട്ടി സ്നേഹിക്കപ്പെടുന്ന കുട്ടിയിൽനിന്ന് വ്യത്യസ്തനായി വളരുകപോലും ചെയ്യുന്നു. മനുഷ്യജീവി ജീവിക്കുന്നതും സ്നേഹിക്കുന്നതും ഒന്നാണെന്നുള്ള മട്ടിൽ ജീവിക്കാനാണ് ജനിച്ചിരിക്കുന്നതെന്നാണ് നമുക്കിപ്പോൾ അറിയാവുന്നത്. ഇതു തീർച്ചയായും പുതുതല്ല. ഇത് ഗിരിപ്രഭാഷണത്തിന്റെ ഒരു സാധൂകരണമാണ്.”
2. (എ) അപ്പോസ്തലനായ പൗലോസ് സ്നേഹത്തിന്റെ പ്രാധാന്യം പ്രകടമാക്കിയതെങ്ങനെ? (ബി) ഏതു ചോദ്യങ്ങൾ ഇപ്പോൾ നമ്മുടെ പരിചിന്തനം അർഹിക്കുന്നു?
2 അതെ, ലോകപഠിപ്പുള്ള ഈ മനുഷ്യൻ സമ്മതിച്ചതുപോലെ, മനുഷ്യക്ഷേമത്തിൽ സ്നേഹത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഈ സത്യം പുതുതൊന്നുമല്ല. ലോകത്തിലെ പഠിപ്പുള്ളവർ ഇപ്പോൾ അത് വിലമതിക്കാനിടയായതേയുള്ളായിരിക്കാം, എന്നാൽ ദൈവത്തിന്റെ വചനത്തിൽ അത് 19 നൂററാണ്ടുകൾക്കു മുമ്പ് പ്രത്യക്ഷപ്പെട്ടിരുന്നു. അതുകൊണ്ടാണ് അപ്പോസ്തലനായ പൗലോസിന് ഇങ്ങനെ എഴുതാൻ കഴിഞ്ഞത്: “ഏതായാലും, ഇപ്പോൾ, വിശ്വാസം, പ്രത്യാശ, സ്നേഹം, ഈ മൂന്നും നിലനിൽക്കുന്നു; എന്നാൽ ഇവയിൽ ഏററവും വലുത് സ്നേഹമാണ്.” (1 കൊരിന്ത്യർ 13:13) സ്നേഹം വിശ്വാസത്തെയും പ്രത്യാശയെയുംകാൾ വലുതായിരിക്കുന്നതെന്തുകൊണ്ടെന്ന് നിങ്ങൾക്കറിയാമോ? ദൈവത്തിന്റെ ഗുണങ്ങളിലും അവന്റെ ആത്മാവിന്റെ ഫലങ്ങളിലും എററവും വലുത് സ്നേഹമാണെന്ന് പറയാവുന്നതെന്തുകൊണ്ട്?
നാലു തരം സ്നേഹം
3. പ്രേമാത്മക സ്നേഹത്തിന്റെ ഏതു തിരുവെഴുത്തുദൃഷ്ടാന്തങ്ങളുണ്ട്?
3 സ്നേഹം പ്രകടിപ്പിക്കാനുള്ള മനുഷ്യപ്രാപ്തി ദൈവത്തിന്റെ ജ്ഞാനത്തിന്റെയും മനുഷ്യവർഗ്ഗത്തോടുള്ള സ്നേഹപൂർവകമായ പരിഗണനയുടെയും ഒരു പ്രകടനമാണ്. കൗതുകകരമായി, പുരാതന ഗ്രീക്കുകാർക്ക് “സ്നേഹ”ത്തിന് നാലു പദങ്ങൾ ഉണ്ടായിരുന്നു. ഒന്ന് ഈറോസ് ആയിരുന്നു, അത് ലൈംഗികാകർഷണത്തോടു ബന്ധപ്പെട്ട പ്രേമാത്മകസ്നേഹത്തെ സൂചിപ്പിക്കുന്നു. ക്രിസ്തീയ ഗ്രീക്ക് തിരുവെഴുത്തുകളുടെ എഴുത്തുകാർക്ക് ഈറോസ് എന്ന പദം ഉപയോഗിക്കുന്നതിനുള്ള അവസരമില്ലായിരുന്നു. എന്നാൽ സെപ്ററുവജിൻറ് സദൃശവാക്യങ്ങൾ 7:18-ലും 30:16-ലും അതിന്റെ രൂപങ്ങൾ ഉപയോഗിക്കുന്നു. എബ്രായ തിരുവെഴുത്തുകളിൽ പ്രേമാത്മകസ്നേഹത്തിന്റെ മററ് പരാമർശനങ്ങൾ ഉണ്ട്. ഉദാഹരണത്തിന്, ഇസഹാക്ക് റിബേക്കയിൽ “അനുരക്തനായി” എന്ന് നാം വായിക്കുന്നു. (ഉല്പത്തി 24:67) ഇത്തരം സ്നേഹത്തിന്റെ യഥാർത്ഥത്തിൽ ശ്രദ്ധേയമായ ദൃഷ്ടാന്തം യാക്കോബിന്റെ സംഗതിയിൽ കാണപ്പെടുന്നു. അവൻ പ്രത്യക്ഷത്തിൽ പ്രഥമകാഴ്ചയിൽതന്നെ സുന്ദരിയായ റാഹേലിൽ അനുരക്തനായി. യഥാർത്ഥത്തിൽ, “യാക്കോബ് റാഹേലിനുവേണ്ടി ഏഴു വർഷം സേവിക്കാൻ തുടങ്ങി, എന്നാൽ അവളോടുള്ള അവന്റെ സ്നേഹം നിമിത്തം അവന്റെ ദൃഷ്ടിയിൽ അവ ഏതാനും ചില ദിവസങ്ങൾപോലെയെന്ന് തെളിഞ്ഞു.” (ഉല്പത്തി 29:9-11, 17, 20) ശലോമോന്റെ ഗീതവും ഒരു ഇടയനും ഒരു കന്യകയുമായുള്ള പ്രോമാത്മകസ്നേഹം കൈകാര്യംചെയ്യുന്നു. എന്നാൽ വളരെയധികം സംതൃപ്തിയുടെയും സന്തോഷത്തിന്റെയും ഒരു ഉറവായിരിക്കാവുന്ന ഇത്തരം സ്നേഹം ദൈവത്തിന്റെ നീതിനിഷ്ഠമായ തത്വങ്ങൾക്കനുയോജ്യമായി മാത്രം പ്രകടമാക്കേണ്ടതാണെന്ന് എത്ര ഊന്നിപ്പറഞ്ഞാലും അധികമാവുകയില്ല. നിയമാനുസൃതം വിവാഹംചെയ്ത ഒരു പുരുഷന്റെ സ്വന്തം ഭാര്യയുടെ സ്നേഹത്തിൽ മാത്രമേ ആ പുരുഷന് “നിരന്തരം ആനന്ദാതിരേകത്തി”ലായിരിക്കാവൂ എന്ന് ബൈബിൾ നമ്മോടു പറയുന്നു.—സദൃശവാക്യങ്ങൾ 5:15-20.
4. തിരുവെഴുത്തുകളിൽ കുടുംബസ്നേഹം എങ്ങനെ ഉദാഹരിക്കപ്പെട്ടിരിക്കുന്നു?
4 ഇനി രക്തബന്ധത്തിലധിഷ്ഠിതമായ കുടുംബസ്നേഹം അല്ലെങ്കിൽ സ്വാഭാവികപ്രിയമുണ്ട്. അതിന് ഗ്രീക്കുകാർക്ക് സ്റേറാർജ് എന്ന പദമുണ്ടായിരുന്നു. അതാണ് “രക്തത്തിന് വെള്ളത്തെക്കാൾ കട്ടിയുണ്ട്” എന്ന പഴമൊഴിക്ക് കാരണം. മറിയ, മാർത്ത എന്നീ സഹോദരിമാർക്ക് അവരുടെ സഹോദരനായിരുന്ന ലാസറിനോട് ഉണ്ടായിരുന്ന സ്നേഹത്തിൽ ഇതിന്റെ ഒരു നല്ല ദൃഷ്ടാന്തം നമുക്കുണ്ട്. അവൻ അവർക്ക് എത്ര പ്രിയങ്കരനായിരുന്നുവെന്നത് അവന്റെ പെട്ടെന്നുള്ള മരണത്തിൽ അവർ എത്രയധികമായി വിലപിച്ചുവെന്നതിൽനിന്ന് കാണാൻ കഴിയും. യേശു അവരുടെ പ്രിയപ്പെട്ട ലാസറിനെ ജീവനിലേക്കു പുനഃസ്ഥാപിച്ചപ്പോൾ അവർ എത്ര സന്തോഷിച്ചു! (യോഹന്നാൻ 11:1-44) ഒരു മാതാവിന് അവളുടെ കുട്ടിയോടുള്ള സ്നേഹം ഇത്തരം സ്നേഹത്തിന്റെ മറെറാരു ദൃഷ്ടാന്തമാണ്. (1 തെസ്സലോനീക്യർ 2:7 താരതമ്യപ്പെടുത്തുക.) അങ്ങനെ സീയോനോടുള്ള തന്റെ സ്നേഹം എത്ര വലുതാണെന്ന് അടിവരയിടാൻ അത് ഒരു മാതാവിന് അവളുടെ കുട്ടിയോടുള്ള സ്നേഹത്തെക്കാൾ വലുതാണെന്ന് യഹോവ പ്രസ്താവിച്ചു.—യെശയ്യാവ് 49:15.
5. ഇന്ന് സ്വാഭാവികപ്രിയത്തിന്റെ അഭാവം പ്രകടമായിരിക്കുന്നതെങ്ങനെ?
5 “ഇടപെടാൻ പ്രയാസമായ നിർണ്ണായക സമയങ്ങ”ളോടുകൂടിയ “അന്ത്യനാളുകളി”ലാണ് നാം ജീവിക്കുന്നതെന്നുള്ളതിന്റെ ഒരു സൂചന “സ്വാഭാവിക പ്രിയ”ത്തിന്റെ കുറവാണ്. (2 തിമൊഥെയോസ് 3:1, 3) കുടുംബസ്നേഹമില്ലാത്തതിനാൽ ചില യുവജനങ്ങൾ വീടുവിട്ട് പോകുന്നു. ചില വളർന്ന മക്കൾ തങ്ങളുടെ വൃദ്ധമാതാപിതാക്കളെ അവഗണിക്കുന്നു. (സദൃശവാക്യങ്ങൾ 23:22 താരതമ്യപ്പെടുത്തുക.) കുട്ടികളെയുള്ള ദുരുപയോഗത്തിന്റെ വ്യാപനത്തിലും സ്വാഭാവികപ്രിയത്തിന്റെ അഭാവം കാണപ്പെടുന്നു—ചില മാതാപിതാക്കൾ തങ്ങളുടെ മക്കളെ വളരെ കഠിനമായി പ്രഹരിക്കുന്നതിനാൽ അവരെ ആശുപത്രിയിലാക്കേണ്ടിവരുന്നു. തങ്ങളുടെ മക്കൾക്ക് ശിക്ഷണം കൊടുക്കുന്നതിലുള്ള അനേകം മാതാപിതാക്കളുടെ പരാജയത്തിലും മാതാപിതാക്കളുടെ സ്നേഹക്കുറവ് പ്രകടമാണ്. സ്വന്തം വഴിയിൽ പോകാൻ കുട്ടികളെ അനുവദിക്കുന്നത് സ്നേഹത്തിന്റെ തെളിവല്ല, എന്നാൽ പ്രതിരോധം കുറഞ്ഞ മാർഗ്ഗത്തിലുള്ള പോക്കാണത്. തന്റെ മക്കളെ യഥാർത്ഥത്തിൽ സ്നേഹിക്കുന്ന ഒരു പിതാവ് ആവശ്യമായിരിക്കുമ്പോൾ അവർക്ക് ശിക്ഷണം കൊടുക്കും.—സദൃശവാക്യങ്ങൾ 13:24; എബ്രായർ 12:5-11.
6. സുഹൃത്തുക്കൾ തമ്മിലുള്ള സ്നേഹത്തിന്റെ തിരുവെഴുത്തു ദൃഷ്ടാന്തങ്ങൾ നൽകുക.
6 ഇനി ഫീലിയാ എന്ന ഗ്രീക്ക് പദമുണ്ട്, അത് പക്വതയുള്ള രണ്ട് പുരുഷൻമാരോ സ്ത്രീകളോ തമ്മിലെന്നപോലെ രണ്ടു സുഹൃത്തുക്കൾ തമ്മിലുള്ള പ്രിയത്തെ (ലൈംഗികമായ അർത്ഥമില്ലാതെ) അത് സൂചിപ്പിക്കുന്നു. ദാവീദും യോനാഥാനും അന്യോന്യമുണ്ടായിരുന്ന സ്നേഹത്തിൽ നമുക്ക് ഇതിന്റെ ഒരു നല്ല ദൃഷ്ടാന്തമുണ്ട്. യോനാഥാൻ യുദ്ധത്തിൽ കൊല്ലപ്പെട്ടപ്പോൾ ദാവീദ് അവനെക്കുറിച്ച് ഇങ്ങനെ വിലപിച്ചുപറഞ്ഞു: “എന്റെ സഹോദരനായ യോനാഥാനേ, ഞാൻ നിന്നെക്കുറിച്ച് ദുഃഖിതനാണ്, നീ എനിക്ക് വളരെ ഇഷ്ടപ്പെട്ടവനായിരുന്നു. എന്നോടുള്ള നിന്റെ സ്നേഹം സ്ത്രീകളിൽനിന്നുള്ള സ്നേഹത്തെക്കാൾ വിശിഷ്ടമായിരുന്നു.” (2 ശമുവേൽ 1:26) ക്രിസ്തുവിന് അപ്പോസ്തലനായ യോഹന്നാനോട് പ്രത്യേക സ്നേഹമുണ്ടായിരുന്നുവെന്നും നാം മനസ്സിലാക്കുന്നു, “യേശുവിന് പ്രിയമുണ്ടായിരുന്ന” ശിഷ്യൻ എന്നാണവൻ അറിയപ്പെട്ടിരുന്നത്.—യോഹന്നാൻ 20:2.
7. അഗാപേയുടെ സ്വഭാവം എന്താണ്, ഈ സ്നേഹം എങ്ങനെ പ്രകടമാക്കപ്പെട്ടിരിക്കുന്നു?
7 പൗലോസ് വിശ്വാസത്തെയും പ്രത്യാശയെയും സ്നേഹത്തെയും കുറിച്ചു പറയുകയും “ഇവയിൽ ഏററവും വലുത് സ്നേഹമാണ്” എന്ന് പ്രസ്താവിക്കുകയും ചെയ്ത 1 കൊരിന്ത്യർ 13:13-ൽ അവൻ ഏത് ഗ്രീക്ക് പദമാണ് ഉപയോഗിച്ചത്? ഇവിടെ പദം അഗാപേ ആണ്, “ദൈവം സ്നേഹം ആകുന്നു” എന്ന് അപ്പോസ്തലനായ യോഹന്നാൻ പറഞ്ഞപ്പോൾ അവൻ ഉപയോഗിച്ച അതേ പദം. (1 യോഹന്നാൻ 4:8, 16) ഇത് തത്വത്താൽ നയിക്കപ്പെടുന്ന അഥവാ ഭരിക്കപ്പെടുന്ന ഒരു സ്നേഹമാണ്. അതിൽ പ്രിയവും വാത്സല്യവും ഉൾപ്പെടുകയോ ഉൾപ്പെടാതിരിക്കുകയോ ചെയ്യാം, എന്നാൽ അത് ഗുണഭോക്താവിന്റെ യോഗ്യതകളോ ദാതാവിനു ലഭിക്കുന്ന ഏതെങ്കിലും പ്രയോജനമോ പരിഗണിക്കാതെ മററുള്ളവർക്ക് നൻമചെയ്യുന്നതിൽ തത്പരമായ ഒരു നിസ്വാർത്ഥ വികാരമോ വിചാരമോ ആണ്. ഇത്തരം സ്നേഹമാണ് തന്റെ ഹൃദയത്തിലെ പ്രിയങ്കരമായ നിക്ഷേപമായിരുന്ന തന്റെ ഏകജാതനായ പുത്രനെ, യേശുക്രിസ്തുവിനെ, ദൈവം നൽകാനിടയാക്കിയത്, “അവനിൽ വിശ്വസിക്കുന്ന ഏവനും നശിപ്പിക്കപ്പെടാതെ നിത്യജീവൻ ലഭിക്കേണ്ടതിനു”തന്നെ. (യോഹന്നാൻ 3:16) പൗലോസ് വളരെ നന്നായി നമ്മെ ഓർമ്മിപ്പിക്കുന്നതുപോലെ, “ഒരു നീതിമാനായ മനുഷ്യനുവേണ്ടി ആരെങ്കിലും മരിക്കുക പ്രയാസമാണ്; തീർച്ചയായും നല്ല മനുഷ്യനുവേണ്ടി പക്ഷേ ആരെങ്കിലും മരിക്കാൻ മുതിരുകപോലും ചെയ്യുന്നു. എന്നാൽ നാം പാപികളായിരുന്നപ്പോൾത്തന്നെ ക്രിസ്തു നമുക്കുവേണ്ടി മരിച്ചതിൽ ദൈവം നമ്മോടുള്ള തന്റെ സ്വന്തം സ്നേഹം ശുപാർശചെയ്യുന്നു.” (റോമർ 5:7, 8) അതെ, അഗാപേ മററുള്ളവരുടെ ജീവിതനിലയോ സ്നേഹം പ്രകടിപ്പിക്കുന്നവന് നേരിടുന്ന ചെലവോ പരിഗണിക്കാതെ മററുള്ളവർക്ക് നൻമ ചെയ്യുന്നു.
വിശ്വാസത്തെയും പ്രത്യാശയെയുംകാൾ വലുതായിരിക്കുന്നതെന്തുകൊണ്ട്
8. അഗാപേ വിശ്വാസത്തെക്കാൾ വലുതായിരിക്കുന്നതെന്തുകൊണ്ട്?
8 എന്നാൽ ഇത്തരം സ്നേഹം (അഗാപേ) വിശ്വാസത്തെക്കാൾ വലുതാണെന്ന് പൗലോസ് പറഞ്ഞതെന്തുകൊണ്ടായിരുന്നു? 1 കൊരിന്ത്യർ 13:2-ൽ അവൻ എഴുതി: “എനിക്ക് പ്രവചനവരമുണ്ടായിരിക്കുകയും സകല പാവനരഹസ്യങ്ങളും സകല അറിവും പരിചിതമായിരിക്കുകയും പർവതങ്ങളെ മാററിവെക്കാൻ തക്കവണ്ണം സകല വിശ്വാസവും ഉണ്ടായിരിക്കുകയും ചെയ്യുന്നുവെങ്കിലും സ്നേഹമില്ലെങ്കിൽ ഞാൻ നാസ്തിയാണ്.” (മത്തായി 17:20 താരതമ്യംചെയ്യുക.) അതെ, അറിവു സമ്പാദിക്കാനും വിശ്വാസത്തിൽ വളരാനുമുള്ള നമ്മുടെ ശ്രമങ്ങൾ ഒരു സ്വാർത്നോദ്ദേശ്യത്തിലാണ് നടത്തുന്നതെങ്കിൽ ഇത് ദൈവത്തിൽനിന്ന് നമുക്ക് പ്രയോജനം കൈവരുത്തുകയില്ല. സമാനമായി, ചിലർ ‘അവന്റെ നാമത്തിൽ പ്രവചിക്കുകയും അവന്റെ നാമത്തിൽ ഭൂതങ്ങളെ പുറത്താക്കുകയും അവന്റെ നാമത്തിൽ അനേകം വീര്യപ്രവൃത്തികൾ ചെയ്യുകയും ചെയ്യുമെന്നും’ എന്നാൽ അവന്റെ അംഗീകാരമുണ്ടായിരിക്കുകയില്ലെന്നും യേശു പ്രകടമാക്കി.—മത്തായി 7:22, 23.
9. സ്നേഹം പ്രത്യാശയെക്കാൾ വലുതായിരിക്കുന്നതെന്തുകൊണ്ട്?
9 സ്നേഹത്തിന്റെ അഗാപേ രൂപം പ്രത്യാശയെക്കാളും വലുതായിരിക്കുന്നതെന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ പ്രത്യാശ സ്വാർത്ഥതത്പരമായിരുന്നേക്കാം, ഒരു വ്യക്തി തനിക്കു ലഭിക്കുന്ന പ്രയോജനങ്ങളിൽ മാത്രം മുഖ്യമായി ശ്രദ്ധാലുവായിരുന്നേക്കാം. അതേസമയം, “സ്നേഹം സ്വന്തം താത്പര്യങ്ങൾ അന്വേഷിക്കുന്നില്ല.” (1 കൊരിന്ത്യർ 13:4, 5) തന്നെയുമല്ല, “മഹോപദ്രവ”ത്തെ അതിജീവിച്ച് പുതിയ ലോകത്തിലേക്ക് കടക്കുന്നതുപോലെയുള്ള പ്രത്യാശ പ്രത്യാശിക്കപ്പെടുന്നത് സാക്ഷാത്ക്കരിക്കപ്പെട്ടുകഴിയുമ്പോൾ നിലക്കുന്നു. (മത്തായി 24:21) പൗലോസ് പറയുന്ന പ്രകാരം: “നാം ഈ പ്രത്യാശയിൽ രക്ഷിക്കപ്പെട്ടു; എന്നാൽ കാണപ്പെടുന്ന പ്രത്യാശ പ്രത്യാശയല്ല, എന്തെന്നാൽ ഒരു മനുഷ്യൻ സംഗതി കാണുമ്പോൾ അയാൾ അതിനുവേണ്ടി പ്രത്യാശിക്കുന്നുണ്ടോ? എന്നാൽ നാം കാണാത്തതിനുവേണ്ടി നാം പ്രത്യാശിക്കുന്നുവെങ്കിൽ, നാം അതിനുവേണ്ടി പ്രത്യാശയോടെ കാത്തിരിക്കുന്നു.” (റോമർ 8:24, 25) സ്നേഹംതന്നെ സകലവും സഹിക്കുന്നു, അത് ഒരിക്കലും നിലച്ചുപോകുന്നില്ല. (1 കൊരിന്ത്യർ 13:7, 8) അങ്ങനെ നിസ്വാർത്ഥ സ്നേഹം (അഗാപേ) വിശ്വാസത്തെക്കാൾ അല്ലെങ്കിൽ പ്രത്യാശയെക്കാൾ വലുതാണ്.
ജ്ഞാനത്തെയും നീതിയെയും ശക്തിയെയുംകാൾ വലുതോ?
10. സ്നേഹം ദൈവത്തിന്റെ നാലു മുഖ്യ ഗുണങ്ങളിൽ ഏററം വലുതാണെന്ന് പറയാൻ കഴിയുന്നതെന്തുകൊണ്ട്?
10 നമുക്കിപ്പോൾ യഹോവയാം ദൈവത്തിന്റെ നാല് മുഖ്യ ഗുണവിശേഷങ്ങൾ പരിചിന്തിക്കാം: ജ്ഞാനം, നീതി, ശക്തി, സ്നേഹം. സ്നേഹം ഇവയെക്കാളെല്ലാം വലുതാണെന്നും പറയാൻ കഴിയുമോ? തീർച്ചയായും കഴിയും. എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ സ്നേഹമാണ് ദൈവം ചെയ്യുന്നതിന്റെ പിന്നിലെ പ്രേരകശക്തി. അതുകൊണ്ടാണ് അപ്പോസ്തലനായ യോഹന്നാൻ “ദൈവം സ്നേഹം ആകുന്നു” എന്ന് എഴുതിയത്. അതെ, യഹോവ സ്നേഹത്തിന്റെ മൂർത്തീകരണമാണ്. (1 യോഹന്നാൻ 4:8, 16) ദൈവം ജ്ഞാനമോ നീതിയോ ശക്തിയോ ആണെന്ന് നാം തിരുവെഴുത്തുകളിൽ ഒരിടത്തും വായിക്കുന്നില്ല. എന്നാൽ, യഹോവക്ക് ഈ ഗുണങ്ങൾ ഉണ്ടെന്ന് നമ്മോടു പറയപ്പെട്ടിരിക്കുന്നു. (ഇയ്യോബ് 12:13; സങ്കീർത്തനം 147:5; ദാനിയേൽ 4:37) അവനിൽ ഈ നാലു ഗുണങ്ങൾ പൂർണ്ണസമനിലയിൽ നിൽക്കുന്നു. യഹോവ സ്നേഹത്താൽ പ്രേരിതനായി മററു മൂന്നു ഗുണങ്ങൾ ഉപയോഗിച്ചുകൊണ്ടോ അവയെ കണക്കിലെടുത്തുകൊണ്ടോ തന്റെ ഉദ്ദേശ്യങ്ങൾ നിറവേററുന്നു.
11. പ്രപഞ്ചത്തെയും ആത്മജീവികളെയും മനുഷ്യജീവികളെയും സൃഷ്ടിക്കാൻ യഹോവയെ പ്രേരിപ്പിച്ചതെന്ത്?
11 ആ സ്ഥിതിക്ക്, പ്രപഞ്ചത്തെയും ബുദ്ധിശക്തിയുള്ള ആത്മജീവികളെയും മനുഷ്യജീവികളെയും സൃഷ്ടിക്കാൻ യഹോവയെ പ്രേരിപ്പിച്ചതെന്തായിരുന്നു? അത് ജ്ഞാനമോ ശക്തിയോ ആയിരുന്നോ? അല്ലായിരുന്നു, എന്തുകൊണ്ടെന്നാൽ ദൈവം സൃഷ്ടിയിൽ കേവലം തന്റെ ജ്ഞാനവും ശക്തിയും ഉപയോഗിച്ചുവെന്നേയുള്ളു. ദൃഷ്ടാന്തത്തിന് നാം ഇങ്ങനെ വായിക്കുന്നു: “യഹോവതന്നെ ജ്ഞാനത്തിൽ ഭൂമിയെ സ്ഥാപിച്ചു.” (സദൃശവാക്യങ്ങൾ 3:19) കൂടാതെ, നീതി എന്ന അവന്റെ ഗുണം അവൻ സ്വതന്ത്ര ധാർമ്മിക കാര്യസ്ഥരെ സൃഷ്ടിക്കേണ്ടതാവശ്യമാക്കിത്തീർത്തില്ല. ദൈവത്തിന്റെ സ്നേഹം മററുള്ളവർക്ക് ബുദ്ധിപൂർവകമായ അസ്തിത്വം പങ്കുവെക്കാൻ അവനെ പ്രേരിപ്പിച്ചു. ആദാമിന്റെ ലംഘനം നിമിത്തം മനുഷ്യവർഗ്ഗത്തിൻമേൽ നീതി വെച്ച കുററവിധി നീക്കംചെയ്യുന്നതിനുള്ള ഒരു വഴി കണ്ടെത്തിയത് സ്നേഹമായിരുന്നു. (യോഹന്നാൻ 3:16) അതെ, അനുസരണമുള്ള മനുഷ്യവർഗ്ഗം വരാനിരിക്കുന്ന ഭൗമികപറുദീസയിൽ ജീവിക്കണമെന്ന് ഉദ്ദേശിക്കാൻ യഹോവയെ പ്രേരിപ്പിച്ചത് സ്നേഹമായിരുന്നു.—ലൂക്കോസ് 23:43.
12. ദൈവത്തിന്റെ ശക്തിയോടും നീതിയോടും സ്നേഹത്തോടും നാം എങ്ങനെ പ്രതികരിക്കണം?
12 ദൈവത്തിന്റെ സർവശക്തി നിമിത്തം നാം അവന്റെ തീക്ഷ്ണത ഉണർത്താൻ മുതിരരുത്. പൗലോസ് ചോദിച്ചു: “നാം യഹോവയെ തീക്ഷ്ണതക്ക് പ്രേരിപ്പിക്കുന്നുവോ? നാം അവനെക്കാൾ ശക്തനല്ല, ആണോ?” (1 കൊരിന്ത്യർ 10:22) തീർച്ചയായും യഹോവ “തീക്ഷ്ണതയുള്ള ഒരു ദൈവമാകുന്നു,” ഒരു മോശമായ അർത്ഥത്തിലല്ല, പിന്നെയോ “സമ്പൂർണ്ണമായ ഭക്തി കൃത്യമായി ആവശ്യപ്പെടു”ന്നതിൽ. (പുറപ്പാട് 20:5; കിംഗ് ജെയിംസ് വേർഷൻ) ക്രിസ്താനികളെന്ന നിലയിൽ നാം ദൈവത്തിന്റെ അപരിമേയമായ ജ്ഞാനത്തിന്റെ അനേകം പ്രത്യക്ഷതകളിൽ ഭയബാധിതരായിത്തീരുന്നു. (റോമർ 11:33-35) അവന്റെ നീതിയോടുള്ള നമ്മുടെ വലിയ ആദരവ് നാം മനഃപൂർവമായ പാപത്തിൽനിന്ന് വളരെ അകന്നുനിൽക്കാൻ ഇടയാക്കേണ്ടതാണ്. (എബ്രായർ 10:26-31) എന്നാൽ നിസ്സംശയമായി ദൈവത്തിന്റെ നാലു മുഖ്യഗുണങ്ങളിൽ ഏററവും വലുത് സ്നേഹമാണ്. യഹോവയുടെ നിസ്വാർത്ഥസ്നേഹമാണ് നമ്മെ അവനിലേക്ക് അടുപ്പിക്കുന്നതും നാം അവനെ പ്രസാദിപ്പിക്കാനും അവനെ ആരാധിക്കാനും അവന്റെ വിശുദ്ധനാമത്തിന്റെ വിശുദ്ധീകരണത്തിൽ പങ്കെടുക്കാനും ആഗ്രഹിക്കാനിടയാക്കുന്നതും.—സദൃശവാക്യങ്ങൾ 27:11.
ആത്മാവിന്റെ ഫലങ്ങളിൽ ഏററവും വലുത്
13. ദൈവാത്മാവിന്റെ ഫലങ്ങളുടെ ഇടയിൽ സ്നേഹത്തിന്റെ സ്ഥാനമെന്താണ്?
13 ഗലാത്യർ 5:22, 23-ൽ പറഞ്ഞിരിക്കുന്ന ദൈവാത്മാവിന്റെ ഒൻപത് ഫലങ്ങളിൽ സ്നേഹത്തിന്റെ സ്ഥാനമേതാണ്? അവ “സ്നേഹം, സന്തോഷം സമാധാനം, ദീർഘക്ഷമ, ദയ, നൻമ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം” എന്നിവയാണ്. നല്ല കാരണത്തോടെ പൗലോസ് സ്നേഹത്തെ ഒന്നാമതു പട്ടികപ്പെടുത്തി. അവൻ അടുത്തതായി പറയുന്ന ഗുണമായ സന്തോഷത്തെക്കാൾ വലുതാണോ സ്നേഹം? അതെ, എന്തുകൊണ്ടെന്നാൽ സ്നേഹമില്ലെങ്കിൽ നിലനിൽക്കുന്ന സന്തോഷമുണ്ടായിരിക്കാൻ കഴികയില്ല. യഥാർത്ഥത്തിൽ, സ്വാർത്ഥത, സ്നേഹരാഹിത്യം, നിമിത്തം ലോകം തീരെ സന്തോഷമില്ലാത്തതാണ്. എന്നാൽ യഹോവയുടെ സാക്ഷികൾക്ക് തങ്ങളുടെ ഇടയിൽത്തന്നെ സ്നേഹമുണ്ട്, അവർക്ക് തങ്ങളുടെ സ്വർഗ്ഗീയ പിതാവിനോടും സ്നേഹമുണ്ട്. അതുകൊണ്ട് അവർ സന്തോഷമുള്ളവരായിരിക്കാൻ നാം പ്രതീക്ഷിക്കേണ്ടതാണ്. “ഹൃദയത്തിന്റെ നല്ല അവസ്ഥ നിമിത്തം അവർ സന്തോഷപൂർവം ഉദ്ഘോഷിക്കും” എന്ന് മുൻകൂട്ടിപ്പറയപ്പെട്ടു.—യെശയ്യാവ് 65:14.
14. സ്നേഹം ആത്മാവിന്റെ ഫലമായ സമാധാനത്തെക്കാൾ വലുതാണെന്ന് പറയാൻകഴിയുന്നതെന്തുകൊണ്ട്?
14 സ്നേഹം സമാധാനമെന്ന ആത്മാവിന്റെ ഫലത്തെക്കാളും വലുതാണ്. സ്നേഹമില്ലായ്മനിമിത്തം ലോകം ഉരസലിനാലും പിണക്കത്താലും നിറഞ്ഞിരിക്കുകയാണ്. എന്നാൽ ഭൂമിയിലെങ്ങും യഹോവയുടെ ജനം അന്യോന്യം സമാധാനത്തിലാണ്. അവരുടെ കാര്യത്തിൽ സങ്കീർത്തനക്കാരന്റെ വാക്കുകൾ സത്യമാണ്: “യഹോവതന്നെ തന്റെ ജനത്തെ സമാധാനം നൽകി അനുഗ്രഹിക്കും.” (സങ്കീർത്തനം 29:11) സത്യക്രിസ്ത്യാനികളെ തിരിച്ചറിയിക്കുന്ന അടയാളം, അതായത്, സ്നേഹം ഉള്ളതുകൊണ്ടാണ് അവർക്ക് ഈ സമാധാനമുള്ളത്. (യോഹന്നാൻ 13:35) സ്നേഹത്തിനുമാത്രം വർഗ്ഗീയമോ ദേശീയമോ സാംസ്കാരികമോ ആയ സകല വിഭാഗീയഘടകങ്ങളെയും തരണം ചെയ്യാൻ കഴിയും. അത് “ഐക്യത്തിന്റെ ഒരു സമ്പൂർണ്ണബന്ധ”മാണ്.—കൊലോസ്യർ 3:14.
15. ആത്മാവിന്റെ ഫലമായ ദീർഘക്ഷമയോടുള്ള താരതമ്യത്തിൽ സ്നേഹത്തിന്റെ ശ്രേഷ്ഠമായ പങ്ക് കാണപ്പെടുന്നതെങ്ങനെ?
15 തെററിന്റെയോ പ്രകോപനത്തിന്റെയോ ക്ഷമാപൂർവകമായ സഹനമായ ദീർഘക്ഷമയോടുള്ള താരതമ്യത്തിലും സ്നേഹത്തിന്റെ ശ്രേഷ്ഠത കാണാൻകഴിയും. ദീർഘക്ഷമയുണ്ടായിരിക്കുകയെന്നാൽ ക്ഷമാശീലം പ്രകടമാക്കുകയെന്നും അതുപോലെതന്നെ കോപത്തിന് താമസമുണ്ടായിരിക്കുകയെന്നുമാണ്. ആളുകളെ അക്ഷമരും പെട്ടെന്ന് കുപിതരുമാക്കുന്നതെന്താണ്? അത് സ്നേഹരാഹിത്യമല്ലയോ? എന്നിരുന്നാലും, നമ്മുടെ സ്വർഗ്ഗീയപിതാവ് ദീർഘക്ഷമയുള്ളവനും “കോപത്തിന് താമസമുള്ളവനു”മാകുന്നു. (പുറപ്പാട് 34:6; ലൂക്കോസ് 18:7) എന്തുകൊണ്ട്? എന്തുകൊണ്ടെന്നാൽ അവൻ നമ്മെ സ്നേഹിക്കുന്നു, “ആരും നശിപ്പിക്കപ്പെടാൻ ആഗ്രഹിക്കുന്നില്ല.”—2 പത്രോസ് 3:9.
16. സ്നേഹത്തെ ദയയോടും നൻമയോടും സൗമ്യതയോടും ആത്മനിയന്ത്രണത്തോടും എങ്ങനെ താരതമ്യംചെയ്യാം?
16 സ്നേഹം വിശ്വാസത്തെക്കാൾ വലുതായിരിക്കുന്നതെന്തുകൊണ്ടാണെന്ന് നാം നേരത്തെ കണ്ടുകഴിഞ്ഞു. നൽകപ്പെട്ട കാരണങ്ങൾ ആത്മാവിന്റെ ശേഷിച്ച ഫലങ്ങൾക്ക്, അതായത്, ദയ, നൻമ, സൗമ്യത, ആത്മനിയന്ത്രണം എന്നിവക്ക് ബാധകമാകുന്നു. ഇവയെല്ലാം ആവശ്യമുള്ള ഗുണങ്ങളാണ്, എന്നാൽ സ്നേഹമില്ലെങ്കിൽ അവ നമുക്ക് പ്രയോജനംചെയ്യുകയില്ല, 1 കൊരിന്ത്യർ 13:3-ൽ പൗലോസ് കുറിക്കൊണ്ടതുപോലെതന്നെ. അവിടെ അവൻ ഇങ്ങനെ എഴുതി: “ഞാൻ പ്രശംസിക്കേണ്ടതിന് ഞാൻ എന്റെ സകല സ്വത്തുക്കളും മററുള്ളവരെ പോഷിപ്പിക്കാൻ കൊടുത്താലും, എന്റെ ശരീരത്തെ ഏല്പിച്ചുകൊടുത്താലും, സ്നേഹമില്ലെങ്കിൽ, എനിക്ക് അശേഷം പ്രയോജനംകിട്ടുന്നില്ല.” മറിച്ച്, ദയ, നൻമ, വിശ്വാസം, സൗമ്യത, ആത്മനിയന്ത്രണം എന്നിങ്ങനെയുള്ള ഗുണങ്ങൾ ഉളവാക്കുന്നത് സ്നേഹമാണ്. അങ്ങനെ, സ്നേഹം ദയയുള്ളതാണെന്നും അത് “എല്ലാം സഹിക്കുന്നു, എല്ലാം വിശ്വസിക്കുന്നു, സകല കാര്യങ്ങളും പ്രത്യാശിക്കുന്നു, എല്ലാം പൊറുക്കുന്നു”വെന്നും പൗലോസ് തുടർന്നുപറയുന്നു. അതെ, “സ്നേഹം ഒരിക്കലും നിലച്ചുപോകുന്നില്ല.” (1 കൊരിന്ത്യർ 13:4, 7, 8) ആത്മാവിന്റെ മററു ഗുണങ്ങൾ ആദ്യം പറഞ്ഞ സ്നേഹത്തിന്റെ പ്രത്യക്ഷതകളാണെന്ന് അല്ലെങ്കിൽ അതിന്റെ വിവിധ വശങ്ങളാണെന്ന് നന്നായി നിരീക്ഷിക്കപ്പെട്ടിരിക്കുന്നു. സത്യമായി, ആത്മാവിന്റെ ഒൻപതു ഗുണങ്ങളിൽ തീർച്ചയായും സ്നേഹമാണ് ഏററവും വലുത് എന്ന് സിദ്ധിക്കുന്നു.
17. സ്നേഹം ആത്മാവിന്റെ ഏററവും വലിയ ഫലമാണെന്നുള്ള നിഗമനത്തെ ഏതു തിരുവെഴുത്തുപ്രസ്താവനകൾ പിന്താങ്ങുന്നു?
17 ദൈവാത്മാവിന്റെ ഫലങ്ങളിൽ ഏററവും വലുത് സ്നേഹമാണെന്നുള്ള നിഗമനത്തെ പിന്താങ്ങുന്നതാണ് പൗലോസിന്റെ വാക്കുകൾ: “അന്യോന്യം സ്നേഹിക്കാനല്ലാതെ യാതൊന്നിനും നിങ്ങൾ ആരോടും കടപ്പെട്ടിരിക്കരുത്; എന്തെന്നാൽ തന്റെ സഹമനുഷ്യനെ സ്നേഹിക്കുന്നവൻ ന്യായപ്രമാണത്തെ നിവർത്തിച്ചിരിക്കുന്നു. എന്തെന്നാൽ ന്യായപ്രമാണസംഹിത . . . ഈ വാക്കിൽ സംഗ്രഹിക്കപ്പെട്ടിരിക്കുന്നു, അതായത് ‘നീ നിന്റെ അയൽക്കാരനെ നിന്നേപ്പോലെതന്നെ സ്നേഹിക്കണം.’ സ്നേഹം ഒരുവന്റെ അയൽക്കാരന് ദോഷം ചെയ്യുന്നില്ല; അതുകൊണ്ട് സ്നേഹമാണ് ന്യായപ്രമാണത്തിന്റെ നിവൃത്തി.” (റോമർ 13:8-10) അത്യന്തം ഉചിതമായി, ശിഷ്യനായ യാക്കോബ് ഒരുവന്റെ അയൽക്കാരനെ തന്നേപ്പോലെതന്നെ സ്നേഹിക്കുകയെന്ന ഈ ന്യായപ്രമാണത്തെ “രാജകീയ ന്യായപ്രമാണം” എന്ന് പരാമർശിക്കുന്നു.—യാക്കോബ് 2:8.
18. സ്നേഹം ഏററവും വലിയ ഗുണമാണെന്നുള്ളതിന് ഏതു കൂടുതലായ തെളിവുണ്ട്?
18 ഏററവും വലിയ ഗുണം സ്നേഹമാണെന്നുള്ളതിന് ഇനിയും കൂടുതലായ സാക്ഷ്യമുണ്ടോ? ഉണ്ട്, തീർച്ചയായും. “ഏതു കല്പനയാണ് എല്ലാററിലും ഒന്നാമത്തേത്?” എന്ന് ഒരു ശാസ്ത്രി യേശുവിനോടു ചോദിച്ചപ്പോൾ എന്തു സംഭവിച്ചുവെന്ന് ചിന്തിക്കുക. യേശു പത്തു കല്പനകളിലൊന്ന് ഉദ്ധരിച്ചേക്കാമെന്ന് അയാൾ തീർച്ചയായും പ്രതീക്ഷിച്ചിരിക്കാം. എന്നാൽ യേശു ആവർത്തനം 6:4, 5-ൽനിന്ന് ഉദ്ധരിക്കുകയും ഇങ്ങനെ പറയുകയുംചെയ്തു: “ഒന്നാമത്തേത്, ‘ഇസ്രായേലേ കേൾക്ക, നമ്മുടെ ദൈവമായ യഹോവ ഏക യഹോവ ആകുന്നു. നിന്റെ ദൈവമായ യഹോവയെ നിന്റെ മുഴു ഹൃദയത്തോടും നിന്റെ മുഴു ദേഹിയോടും നിന്റെ മുഴു മനസ്സോടും നിന്റെ മുഴു ശക്തിയോടുംകൂടെ സ്നേഹിക്കണം.’” പിന്നെ യേശു ഇങ്ങനെ കൂട്ടിച്ചേർത്തു: “രണ്ടാമത്തേത് ഇതാണ്, ‘നീ നിന്റെ അയൽക്കാരനെ നിന്നേപ്പോലെതന്നെ സ്നേഹിക്കണം.’ ഇവയെക്കാൾ വലിയ വേറെ കല്പനയില്ല.”—മർക്കോസ് 12:28-31.
19. അഗാപേയുടെ ചില മുന്തിയ ഫലങ്ങളിൽ ചിലതേവ?
19 സത്യമായി, പൗലോസ് വിശ്വാസത്തെയും പ്രത്യാശയെയും സ്നേഹത്തെയും പരാമർശിക്കുകയും “ഇവയിൽ ഏററവും വലുത് സ്നേഹമാണ്” എന്ന് പറയുകയും ചെയ്തപ്പോൾ അവൻ അതിശയോക്തി പ്രയോഗിച്ചില്ല. സ്നേഹത്തിന്റെ പ്രകടനം നമ്മുടെ സ്വർഗ്ഗീയ പിതാവിനോടും സഭയിലുള്ളവരും നമ്മുടെ കുടുംബാംഗങ്ങളുമുൾപ്പെടെ മററുള്ളവരോടുമുള്ള നല്ല ബന്ധങ്ങളിൽ കലാശിക്കുന്നു. സ്നേഹത്തിന് നമ്മുടെമേൽ പരിപുഷ്ടിപ്പെടുത്തുന്ന ഒരു ഫലമുണ്ട്. യഥാർത്ഥ സ്നേഹത്തിന് എത്ര പ്രതിഫലദായകമായിരിക്കാൻ കഴിയുമെന്ന് അടുത്ത ലേഖനം പ്രകടമാക്കും. (w90 11/15)
നിങ്ങൾ എങ്ങനെ പ്രതിവചിക്കും?
◻ സ്നേഹം വിശ്വാസത്തെയും പ്രത്യാശയെയുംകാൾ വലുതായിരിക്കുന്നതെങ്ങനെ?
◻ അഗാപേ എന്താണ്, അങ്ങനെയുള്ള സ്നേഹം പ്രകടിപ്പിക്കുന്നതെങ്ങനെ?
◻ സ്നേഹം ദൈവത്തിന്റെ നാല് മുഖ്യ ഗുണങ്ങളിൽ ഏററവും വലുതായിരിക്കുന്നതെന്തുകൊണ്ട്?
◻ സ്നേഹം ആത്മാവിന്റെ മററു ഫലങ്ങളെക്കാൾ വലുതായിരിക്കുന്നത് ഏതു വിധങ്ങളിൽ?
[13-ാം പേജിലെ ചിത്രം]
ഒരു ഭൗതികപറുദീസയിലെ ജീവിതത്തിനുവേണ്ടി മനുഷ്യവർഗ്ഗത്തെ സൃഷ്ടിക്കാൻ സ്നേഹം ദൈവത്തെ പ്രേരിപ്പിച്ചു. നിങ്ങൾ അവിടെയായിരിക്കാൻ പ്രത്യാശിക്കുന്നുവോ?