ബൈബിൾ പുസ്തക നമ്പർ 10—2 ശമൂവേൽ
എഴുത്തുകാർ: ഗാദും നാഥാനും
എഴുതിയ സ്ഥലം: ഇസ്രായേൽ
എഴുത്തു പൂർത്തിയായത്: പൊ.യു.മു. ഏകദേശം 1040
ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. ഏകദേശം 1077-1040
1. രണ്ടു ശമൂവേൽ ഏതു പശ്ചാത്തലത്തിൽ തുടങ്ങുന്നു, അതിലെ വിവരണം എങ്ങനെ വികാസംപ്രാപിക്കുന്നു?
ഇസ്രായേൽ ജനത ഗിൽബോവയിലെ വിപത്തിലും വിജയശ്രീലാളിതരായ ഫെലിസ്ത്യരുടെ തത്ഫലമായുളള നുഴഞ്ഞുകയററങ്ങളിലും നിരാശിതരായിരുന്നു. ഇസ്രായേലിന്റെ നേതാക്കൻമാരും അതിലെ യുവാക്കളുടെ ഏററം നല്ല ഭാഗവും മരിച്ചുകിടന്നു. ഈ പശ്ചാത്തലത്തിൽ യുവാവായ ‘യഹോവയുടെ അഭിഷിക്തൻ,’ യിശ്ശായിയുടെ പുത്രനായ ദാവീദ്, ദേശീയ രംഗത്തേക്കു പൂർണമായും കടന്നുവന്നു. (2 ശമൂ. 19:21) യഹോവയുടെയും ദാവീദിന്റെയും പുസ്തകം എന്ന് ഉചിതമായി വിളിക്കാവുന്ന രണ്ടു ശമൂവേൽ എന്ന പുസ്തകം അങ്ങനെ തുടങ്ങുന്നു. അതിലെ വിവരണം സകലതരം പ്രവർത്തനങ്ങളുംകൊണ്ടു നിറഞ്ഞിരിക്കുന്നു. നാം പരാജയത്തിന്റെ ആഴത്തിൽനിന്നു വിജയത്തിന്റെ കൊടുമുടിയിലേക്ക്, കലാപകലുഷിതമായ ഒരു ജനതയുടെ അരിഷ്ടതകളിൽനിന്ന് ഒരു ഏകീകൃത രാജ്യത്തിന്റെ അഭിവൃദ്ധിയിലേക്ക്, യുവത്വത്തിന്റെ ഊർജസ്വലതയിൽനിന്നു പ്രായത്തിന്റെ ജ്ഞാനത്തിലേക്ക്, കൊണ്ടുപോകപ്പെടുന്നു. യഹോവയെ തന്റെ മുഴുഹൃദയത്തോടെ അനുസരിക്കാൻ ശ്രമിച്ചപ്പോഴത്തെ ദാവീദിന്റെ വ്യക്തിപരമായ ജീവിത വിവരണമാണ് ഇവിടെയുളളത്.a അതു തന്റെ സ്രഷ്ടാവിനോടുളള ബന്ധത്തെയും നിലയെയും ബലിഷ്ഠമാക്കേണ്ടതിന് ഓരോ വായനക്കാരന്റെയും ഭാഗത്തു ഹൃദയപരിശോധനകൾക്കിടയാക്കുന്ന ഒരു വിവരണമാണ്.
2. (എ) ഈ പുസ്തകം രണ്ടു ശമൂവേൽ എന്നു വിളിക്കപ്പെടാനിടയായതെങ്ങനെ? (ബി) എഴുത്തുകാർ ആരായിരുന്നു, അവരുടെ യോഗ്യതകൾ എന്തൊക്കെയായിരുന്നു, അവർ ഏതു രേഖമാത്രമേ സൂക്ഷിക്കാൻ ശ്രമിച്ചുളളു?
2 യഥാർഥത്തിൽ, രണ്ടു ശമൂവേലിലെ രേഖയിൽ ശമൂവേലിന്റെ പേർ പറഞ്ഞിട്ടുപോലുമില്ല. പ്രത്യക്ഷത്തിൽ അത് ഒന്നു ശമൂവേലിനോടുകൂടെ ഒരു ചുരുളോ വാല്യമോ ആയിരുന്നതുകൊണ്ടാണു പുസ്തകത്തിന് ആ പേർ കൊടുത്തിരിക്കുന്നത്. ഒന്നു ശമൂവേലിന്റെ എഴുത്തു പൂർത്തിയാക്കിയ പ്രവാചകൻമാരായ നാഥാനും ഗാദും രണ്ടു ശമൂവേൽ മുഴുവൻ എഴുതിത്തീരുന്നതുവരെ എഴുത്തു തുടർന്നു. (1 ദിന. 29:29) അവർ ഈ വേലക്കു നല്ല യോഗ്യതയുളളവരായിരുന്നു. ദാവീദ് ഇസ്രായേലിൽ ഒരു ഭ്രഷ്ടനായി വേട്ടയാടപ്പെട്ടുകൊണ്ടിരുന്നപ്പോൾ ഗാദ് അവനോടുകൂടെ ഉണ്ടായിരുന്നു. ദാവീദിന്റെ 40-വർഷ വാഴ്ചയുടെ അവസാനത്തോടടുത്തും അവൻ സജീവമായി രാജാവിനോടു സഹവസിച്ചിരുന്നു. ബുദ്ധിശൂന്യമായി ഇസ്രായേലിനെ എണ്ണിയതിനു യഹോവയുടെ അപ്രീതി ഉച്ചരിക്കുവാൻ ഉപയോഗിക്കപ്പെട്ടതു ഗാദായിരുന്നു. (1 ശമൂ. 22:5; 2 ശമൂ. 24:1-25) ദാവീദിന്റെ ഒരു അടുത്ത കൂട്ടാളിയും പ്രവാചകനുമായ നാഥാന്റെ പ്രവർത്തനം ഗാദിന്റെ ആയുഷ്കാലത്തേക്കു കയറിക്കിടക്കുകയും അതിനപ്പുറത്തേക്കു വ്യാപിക്കുകയും ചെയ്തിരുന്നു. ദാവീദുമായുളള സുപ്രധാന ഉടമ്പടിയായ ഒരു നിത്യരാജ്യത്തിനുവേണ്ടിയുളള ഉടമ്പടിയെക്കുറിച്ച് അറിയിക്കുകയെന്നതു നാഥാന്റെ പദവിയായിരുന്നു. ബെത്ത്-ശേബ ഉൾപ്പെട്ട ദാവീദിന്റെ വലിയ പാപവും അതിനുളള ശിക്ഷയും സധൈര്യം നിശ്വസ്തതയിൽ ചൂണ്ടിക്കാട്ടിയത് അദ്ദേഹമായിരുന്നു. (2 ശമൂ. 7:1-17; 12:1-15) അങ്ങനെ “[ദൈവം] നൽകിയിരിക്കുന്നു” എന്നർഥമുളള പേരോടുകൂടിയ നാഥാനെയും “നല്ല ഭാഗ്യം” എന്നർഥമുളള പേരോടുകൂടിയ ഗാദിനെയും രണ്ടു ശമൂവേലിലെ നിശ്വസ്തവും പ്രയോജനപ്രദവുമായ വിവരങ്ങൾ രേഖപ്പെടുത്തുന്നതിനു യഹോവ ഉപയോഗിച്ചു. ഈ അഹംഭാവമില്ലാത്ത ചരിത്രകാരൻമാർ തങ്ങളുടെ ഓർമ നിലനിർത്താൻ ശ്രമിച്ചില്ല, കാരണം അവരുടെ വംശത്തെക്കുറിച്ചോ വ്യക്തിപരമായ ജീവിതത്തെക്കുറിച്ചോ യാതൊന്നും പറയുന്നില്ല. യഹോവയുടെ ഭാവിയാരാധകരുടെ പ്രയോജനത്തിനുവേണ്ടി ദിവ്യനിശ്വസ്തമായ രേഖ സൂക്ഷിക്കാൻമാത്രമേ അവർ ശ്രമിച്ചുളളു.
3. രണ്ടു ശമൂവേൽ ഏതു കാലഘട്ടത്തെ ഉൾപ്പെടുത്തുന്നു, അതിന്റെ എഴുത്ത് എപ്പോൾ പൂർത്തിയായി?
3 രണ്ടു ശമൂവേൽ ഇസ്രായേലിന്റെ ആദ്യത്തെ രാജാവായ ശൗലിന്റെ മരണത്തെ തുടർന്നുളള കൃത്യമായ ബൈബിൾവിവരണം ഏറെറടുക്കുന്നു, അതു ദാവീദിന്റെ 40-വർഷ വാഴ്ചയുടെ അവസാനത്തോടടുക്കുന്നതുവരെ തുടരുകയും ചെയ്യുന്നു. അങ്ങനെ, ഉൾപ്പെടുത്തിയിരിക്കുന്ന കാലഘട്ടം പൊ.യു.മു. 1077 മുതൽ പൊ.യു.മു. ഏതാണ്ട് 1040 വരെയുളളതാണ്. പുസ്തകം ദാവീദിന്റെ മരണത്തെ രേഖപ്പെടുത്തുന്നില്ലെന്നുളള വസ്തുത അതു പൊ.യു.മു. ഏതാണ്ട് 1040-ൽ അല്ലെങ്കിൽ അവന്റെ മരണത്തിനു തൊട്ടുമുമ്പ് എഴുതിയെന്നതിനുളള ശക്തമായ തെളിവാണ്.
4. ഏതു കാരണങ്ങളാൽ രണ്ടു ശമൂവേൽ ബൈബിൾകാനോന്റെ ഭാഗമായി അംഗീകരിക്കപ്പെടേണ്ടതാണ്?
4 ഒന്നു ശമൂവേലിന്റെ കാര്യത്തിൽ ഉന്നയിച്ച അതേ കാരണങ്ങളാൽ രണ്ടു ശമൂവേൽ ബൈബിൾകാനോന്റെ ഭാഗമെന്ന നിലയിൽ സ്വീകരിക്കപ്പെടേണ്ടതാണ്. അതിന്റെ വിശ്വാസ്യത തർക്കമററതാണ്. ദാവീദുരാജാവിന്റെ പാപങ്ങളും പിഴവുകളും പോലും അവഗണിക്കാത്ത അതിന്റെ നിഷ്കപടത അതിൽതന്നെ ശക്തമായ ഒരു സാഹചര്യത്തെളിവാണ്.
5. രണ്ടു ശമൂവേൽ നിശ്വസ്ത തിരുവെഴുത്തായി അംഗീകരിക്കുന്നതിനുളള അതിശക്തമായ കാരണമെന്താണ്?
5 എന്നിരുന്നാലും, രണ്ടു ശമൂവേലിന്റെ വിശ്വാസ്യതയുടെ അതിപ്രബലമായ തെളിവു നിവൃത്തിയായ പ്രവചനങ്ങളിൽ, വിശേഷിച്ചു ദാവീദുമായുളള രാജ്യ ഉടമ്പടിയോടു ബന്ധപ്പെട്ട പ്രവചനനിവൃത്തികളിൽ കാണാം. ദൈവം ദാവീദിനോട് ഇങ്ങനെ വാഗ്ദത്തംചെയ്തു: “നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.” (7:16) യഹൂദാരാജ്യത്തിന്റെ അവസാനഘട്ടത്തിൽപ്പോലും യിരെമ്യാവ് ദാവീദുഗൃഹത്തോടുളള ഈ വാഗ്ദത്തത്തിന്റെ തുടർച്ചയെക്കുറിച്ചു പറയുകയുണ്ടായി, ഈ വാക്കുകളിൽ: “യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു. യിസ്രായേൽ ഗൃഹത്തിന്റെ സിംഹാസനത്തിൽ ഇരിപ്പാൻ ദാവീദിന്നു ഒരു പുരുഷൻ ഇല്ലാതെ വരികയില്ല.” (യിരെ. 33:17) ഈ പ്രവചനം നിവൃത്തിയാകാതെ പോയിട്ടില്ല, എന്തുകൊണ്ടെന്നാൽ ബൈബിൾ വ്യക്തമായി സാക്ഷ്യപ്പെടുത്തുന്നതുപോലെ, യഹോവ പിൽക്കാലത്തു യഹൂദയിൽനിന്നു “ദാവീദിന്റെ പുത്രനായ യേശുക്രിസ്തു”വിനെ ഉളവാക്കി.—മത്താ. 1:1.
രണ്ടു ശമൂവേലിന്റെ ഉളളടക്കം
6. ശൗലിന്റെയും യോനാഥാന്റെയും മരണവാർത്ത കേട്ടപ്പോൾ ദാവീദ് എങ്ങനെ പ്രതികരിക്കുന്നു?
6 ദാവീദിന്റെ വാഴ്ചയിലെ പ്രാരംഭസംഭവങ്ങൾ (1:1–4:12). ഗിൽബോവ പർവതത്തിൽവെച്ചുളള ശൗലിന്റെ മരണത്തെ തുടർന്നു യുദ്ധത്തിൽനിന്ന് ഓടിപ്പോന്ന ഒരു അമാലേക്യൻ ആ വാർത്തയുമായി സിക്ലാഗിൽ ദാവീദിന്റെ അടുക്കലേക്കു ധൃതിയിൽ വരുന്നു. ദാവീദിന്റെ പ്രീതി നേടാമെന്ന് ആശിച്ചുകൊണ്ടു ശൗലിനെ കൊന്നതു താൻതന്നെയാണെന്നുളള കഥ അയാൾ കെട്ടിച്ചമക്കുന്നു. അഭിനന്ദനത്തിനു പകരം, അമാലേക്യനു മരണമാകുന്ന പ്രതിഫലം മാത്രമേ കിട്ടുന്നുളളു, എന്തുകൊണ്ടെന്നാൽ അവൻ “യഹോവയുടെ അഭിഷിക്തനെ” കൊന്നതായി സാക്ഷ്യം പറഞ്ഞുകൊണ്ടു സ്വയം കുററംവിധിച്ചു. (1:16) പുതിയ രാജാവായ ദാവീദ് ഇപ്പോൾ “വില്ല്” എന്ന ഒരു വിലാപഗീതം രചിക്കുന്നു, അതിൽ അവൻ ശൗലിന്റെയും യോനാഥാന്റെയും മരണത്തെക്കുറിച്ചു വിലപിക്കുന്നു. ഇതു ദാവീദിനു യോനാഥാനോടുളള കവിഞ്ഞൊഴുകുന്ന ഹൃദയസ്പൃക്കായ സ്നേഹപ്രകടനത്തിൽ മനോഹരമായ പാരമ്യത്തിലേക്കുയരുന്നു: “യോനാഥാനേ, എന്റെ സഹോദരാ, നിന്നെച്ചൊല്ലി ഞാൻ ദുഃഖിക്കുന്നു; നീ എനിക്കു അതിവത്സലൻ ആയിരുന്നു. നിൻപ്രേമം കളത്രപ്രേമത്തിലും വിസ്മയമേറിയതു. വീരൻമാർ പട്ടുപോയതു എങ്ങനെ; യുദ്ധായുധങ്ങൾ നശിച്ചുപോയല്ലോ!”—1:17, 18, 26, 27.
7. വേറെ ഏതു സംഭവങ്ങൾ ദാവീദിന്റെ വാഴ്ചയുടെ ആദിമ ഭാഗത്തു നടക്കുന്നു?
7 യഹോവയുടെ മാർഗനിർദേശപ്രകാരം ദാവീദും അവന്റെ ആളുകളും തങ്ങളുടെ കുടുംബങ്ങളെ യഹൂദായുടെ പ്രദേശത്തെ ഹെബ്രോനിലേക്കു മാററുന്നു. ഇവിടെ ആ ഗോത്രത്തിലെ മൂപ്പൻമാർ പൊ.യു.മു. 1077-ൽ തങ്ങളുടെ രാജാവായി ദാവീദിനെ അഭിഷേകം ചെയ്യാൻ വരുന്നു. സൈന്യാധിപനായ യോവാബ് ദാവീദിന്റെ പിന്തുണക്കാരിൽ അതിപ്രമുഖനായിത്തീരുന്നു. എന്നിരുന്നാലും ജനതയുടെമേലുളള രാജത്വത്തിന്റെ ഒരു എതിരാളിയെന്ന നിലയിൽ സൈന്യാധിപനായ അബ്നേർ ശൗലിന്റെ ഒരു പുത്രനായ ഈശ്ബോശെത്തിനെ അഭിഷേകം ചെയ്യുന്നു. രണ്ട് എതിർസൈന്യങ്ങൾ തമ്മിൽ കാലികമായ സംഘട്ടനങ്ങൾ ഉണ്ട്, അബ്നേർ യോവാബിന്റെ ഒരു സഹോദരനെ കൊല്ലുന്നു. ഒടുവിൽ, അബ്നേർ ദാവീദിന്റെ പാളയത്തിലേക്കു കാലുമാറുന്നു. ദാവീദ് ദീർഘനാൾ മുമ്പു വിവാഹവില കൊടുത്തിരുന്ന ശൗലിന്റെ മകളായ മീഖളിനെ അയാൾ ദാവീദിന്റെ അടുക്കൽ കൊണ്ടുചെല്ലുന്നു. എന്നിരുന്നാലും, തന്റെ സഹോദരനെ കൊന്നതിനു പ്രതികാരമെന്നോണം യോവാബ് അബ്നേരിനെ കൊല്ലാൻ ഒരു അവസരം കണ്ടെത്തുന്നു. ദാവീദ് ഇതിൽ അതിദുഃഖിതനാവുകയും അതിന്റെ ഏതൊരു ഉത്തരവാദിത്വവും നിഷേധിക്കുകയും ചെയ്യുന്നു. അതിനുശേഷം ഈശ്ബോശെത്ത് “ഉച്ചസമയത്തു ആശ്വസിച്ചുകിടക്കു”മ്പോൾ കൊലചെയ്യപ്പെടുന്നു.—4:5.
8. യഹോവ എല്ലാ ഇസ്രായേലിന്റെമേലുമുളള ദാവീദിന്റെ വാഴ്ചയെ എങ്ങനെ അഭിവൃദ്ധിപ്പെടുത്തുന്നു?
8 ദാവീദ് യെരുശലേമിൽ രാജാവ് (5:1–6:23). ദാവീദ് അപ്പോഴേക്കും യഹൂദയിൽ ഏഴു വർഷവും ആറുമാസവും രാജാവായി ഭരിച്ചെങ്കിലും അവൻ ഇപ്പോഴാണ് എതിരില്ലാത്ത ഭരണാധികാരിയായിത്തീരുന്നത്. ഗോത്രങ്ങളുടെ പ്രതിനിധികൾ അവനെ സർവ ഇസ്രായേലിന്റെമേലും രാജാവായി അഭിഷേകം ചെയ്യുന്നു. ഇത് അവന്റെ മൂന്നാമത്തെ അഭിഷേകമാണ് (പൊ.യു.മു. 1070). മുഴു രാജ്യത്തിന്റെയും ഭരണാധികാരിയെന്ന നിലയിൽ ദാവീദിന്റെ ആദ്യനടപടികളിലൊന്നു സുരക്ഷിതമായി സ്ഥാനമുറപ്പിച്ചിരുന്ന യെബൂസ്യരെ ജലതുരങ്കംവഴി പെട്ടെന്ന് ആക്രമിച്ചുകൊണ്ട് അവരിൽനിന്നു യെരുശലേമിലെ സീയോൻകോട്ട പിടിച്ചടക്കുകയെന്നതായിരുന്നു. ദാവീദ് അനന്തരം യെരുശലേമിനെ തന്റെ തലസ്ഥാന നഗരിയാക്കിത്തീർക്കുന്നു. സൈന്യങ്ങളുടെ യഹോവ ദാവീദിനെ അനുഗ്രഹിക്കുകയും അവനെ അധികമധികം വലിയവനാക്കുകയും ചെയ്യുന്നു. സോരിലെ സമ്പന്നരാജാവായ ഹീരാം പോലും രാജാവിനുവേണ്ടി ഒരു ഭവനം പണിയാൻ ദാവീദിനു വിലയേറിയ ദേവദാരു കൊടുക്കുന്നു, ജോലിക്കാരെയും അയയ്ക്കുന്നു. ദാവീദിന്റെ കുടുംബം വർധിക്കുന്നു. യഹോവ അവന്റെ ഭരണത്തെ അഭിവൃദ്ധിപ്പെടുത്തുന്നു. യുദ്ധപ്രിയരായ ഫെലിസ്ത്യരുമായി രണ്ട് ഏററുമുട്ടലുകൾ കൂടെ നടക്കുന്നു. ഇവയിൽ ആദ്യത്തേതിൽ, ദാവീദിനു വിജയം കൊടുത്തുകൊണ്ടു യഹോവ ബാൽ-പെരാസീമിൽ ശത്രുവിനെ ഭേദിക്കുന്നു. രണ്ടാമത്തേതിൽ, ഫെലിസ്ത്യ സൈന്യങ്ങളെ തുരത്തുന്നതിനു യഹോവ ഇസ്രായേലിന്റെ മുമ്പിൽ പോകുന്നതായി സൂചിപ്പിച്ചുകൊണ്ടു “ബാഖാവൃക്ഷങ്ങളുടെ അഗ്രങ്ങളിൽകൂടി അണിനടക്കുന്ന ഒച്ച” ഉണ്ടാക്കി അവൻ മറെറാരു അത്ഭുതം ചെയ്യുന്നു. (5:24) യഹോവയുടെ സൈന്യങ്ങൾക്കു മറെറാരു പ്രമുഖ വിജയം!
9. പെട്ടകം യെരുശലേമിലേക്കു കൊണ്ടുവരുന്നതിനോടു ബന്ധപ്പെട്ട സംഭവങ്ങൾ വർണിക്കുക.
9 ദാവീദ് 30,000 പേരുമായി ബാലേ-യെഹൂദയിൽനിന്നു (കിര്യത്ത് യയാരീം) യെരുശലേമിലേക്ക് ഉടമ്പടിയുടെ പെട്ടകം കൊണ്ടുവരുന്നതിനു പുറപ്പെടുന്നു. വലിയ സംഗീതത്തോടും സന്തോഷത്തോടും കൂടെ അതു കൊണ്ടുവരുമ്പോൾ അത് ഇരിക്കുന്ന വണ്ടി ഒന്നു ചെരിയുന്നു, ഒപ്പം നടക്കുന്ന ഉസ്സാ വിശുദ്ധപെട്ടകത്തെ നേരെയാക്കുന്നതിനു കൈനീട്ടുന്നു. “അപ്പോൾ യഹോവയുടെ കോപം ഉസ്സയുടെ നേരെ ജ്വലിച്ചു; അവന്റെ അവിവേകം നിമിത്തം ദൈവം അവിടെവെച്ചു അവനെ സംഹരിച്ചു.” (6:7) പെട്ടകം ഓബേദ്-എദോമിന്റെ വീട്ടിൽ ഇരിക്കുന്നു, അടുത്ത മൂന്നു മാസക്കാലത്തു യഹോവ ഓബേദ്-എദോമിന്റെ കുടുംബത്തെ സമൃദ്ധമായി അനുഗ്രഹിക്കുന്നു. മൂന്നു മാസം കഴിഞ്ഞു ശേഷിച്ച ദൂരം ശരിയായ രീതിയിൽ പെട്ടകം എടുത്തുകൊണ്ടുപോകാൻ ദാവീദ് വരുന്നു. സന്തോഷഭരിതമായി ആർപ്പോടും സംഗീതത്തോടും നൃത്തത്തോടും കൂടെ പെട്ടകം ദാവീദിന്റെ തലസ്ഥാനത്തേക്കു കൊണ്ടുവരുന്നു. യഹോവയുടെ മുമ്പാകെ നൃത്തംചെയ്തുകൊണ്ടു ദാവീദ് വലിയ സന്തോഷം പ്രകടിപ്പിക്കുന്നു, എന്നാൽ അവന്റെ ഭാര്യ മീഖൾ ഇതിനോടു വിയോജിക്കുന്നു. “ഞാൻ യഹോവയുടെ മുമ്പാകെ നൃത്തം ചെയ്യും,” ദാവീദു നിർബന്ധംപിടിക്കുന്നു. (6:21) പരിണതഫലമെന്നോണം മീഖൾ മരണംവരെ സന്താനമില്ലാതെ കഴിയുന്നു.b
10. യഹോവയുടെ വേറെ ഏത് ഉടമ്പടിയും വാഗ്ദത്തവും അടുത്തതായി നമ്മുടെ ശ്രദ്ധയിലേക്കു വരുന്നു?
10 ദാവീദുമായുളള ദൈവത്തിന്റെ ഉടമ്പടി (7:1-29). നാമിപ്പോൾ ദാവീദിന്റെ ജീവിതത്തിലെ ഏററവും പ്രധാനപ്പെട്ട സംഭവങ്ങളിൽ ഒന്നിലേക്കു വരുന്നു. അതു വാഗ്ദത്ത സന്തതിയുടെ കീഴിലെ രാജ്യത്താലുളള യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണം എന്ന ബൈബിളിന്റെ കേന്ദ്രവിഷയത്തോടു നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. ഈ സംഭവം ദൈവത്തിന്റെ പെട്ടകത്തിന് ഒരു ഭവനം പണിയാനുളള ദാവീദിന്റെ ആഗ്രഹത്തിൽനിന്നാണ് ഉയർന്നുവരുന്നത്. താൻതന്നെ ദേവദാരുകൊണ്ടുളള മനോഹരമായ വീട്ടിൽ ജീവിക്കുമ്പോൾ യഹോവയുടെ ഉടമ്പടിയുടെ പെട്ടകത്തിനുവേണ്ടി ഒരു ഭവനം പണിയാനുളള തന്റെ ആഗ്രഹം ദാവീദ് നാഥാനോടു സൂചിപ്പിക്കുന്നു. നാഥാനിലൂടെ യഹോവ ഇസ്രായേലിനോടുളള തന്റെ സ്നേഹദയക്കു വീണ്ടും ഉറപ്പുകൊടുക്കുന്നു, അവനുമായി എല്ലാ കാലത്തും നിലനിൽക്കുന്ന ഒരു ഉടമ്പടിയും ചെയ്യുന്നു. എന്നിരുന്നാലും, യഹോവയുടെ നാമത്തിനുവേണ്ടിയുളള ആലയം പണിയുന്നതു ദാവീദല്ല, അവന്റെ സന്തതിയായിരിക്കും. അതുമാത്രവുമല്ല, യഹോവ സ്നേഹപൂർവകമായ ഈ വാഗ്ദാനംചെയ്യുന്നു: “നിന്റെ ഗൃഹവും നിന്റെ രാജത്വവും എന്റെ മുമ്പാകെ എന്നേക്കും സ്ഥിരമായിരിക്കും; നിന്റെ സിംഹാസനവും എന്നേക്കും ഉറെച്ചിരിക്കും.”—7:16.
11. ദാവീദ് ഏതു പ്രാർഥനയോടെ നന്ദി പ്രകടമാക്കുന്നു?
11 ഈ രാജ്യ ഉടമ്പടിയിലൂടെ പ്രകടമാക്കപ്പെട്ടിരിക്കുന്ന യഹോവയുടെ നൻമയാൽ കീഴടക്കപ്പെട്ടിട്ടു ദാവീദ് ദൈവത്തിന്റെ സകല സ്നേഹദയക്കുമുളള തന്റെ നന്ദി പകരുന്നു: “നിനക്കു ജനമായി വീണ്ടെടുപ്പാനും നിനക്കു ഒരു നാമം സമ്പാദിപ്പാനും നീ ചെന്നിരിക്കുന്ന നിന്റെ ജനമായ യിസ്രായേലിന്നു തുല്യമായി ഭൂമിയിൽ ഏതൊരു ജാതിയുളളു, . . . യഹോവേ, നീ അവർക്കു ദൈവമായ്തീർന്നുമിരിക്കുന്നു.” (7:23, 24) യഹോവയുടെ നാമത്തിന്റെ വിശുദ്ധീകരണത്തിനുവേണ്ടിയും തന്റെ ഗൃഹം അവന്റെ മുമ്പിൽ സ്ഥിരമായി സ്ഥാപിതമാകുന്നതിനുവേണ്ടിയും ദാവീദ് വികാരതീക്ഷ്ണമായി പ്രാർഥിക്കുന്നു.
12. ദാവീദ് ഏതു യുദ്ധം നടത്തുന്നു, അദ്ദേഹം ശൗലിന്റെ ഗൃഹത്തോട് എന്തു ദയ കാട്ടുന്നു?
12 ദാവീദ് ഇസ്രായേലിന്റെ ഭരണപ്രദേശം വിശാലമാക്കുന്നു (8:1–10:19) എന്നിരുന്നാലും, ദാവീദിനു സമാധാനത്തോടെ ഭരിക്കാൻ കഴിയുന്നില്ല. ഇനിയും യുദ്ധങ്ങൾ നടത്തേണ്ടതുണ്ട്. ഇസ്രായേലിന്റെ അതിർത്തി ദൈവനിയമിതമായ പരിധിയോളം വികസിപ്പിക്കുന്നതിനു ദാവീദ് ഫെലിസ്ത്യരെയും മോവാബ്യരെയും സോബാക്കാരെയും സിറിയക്കാരെയും ഏദോമ്യരെയും ആക്രമിക്കാൻ പുറപ്പെടുന്നു. (2 ശമൂ. 8:1-5, 13-15; ആവ. 11:24) അനന്തരം അവൻ യോനാഥാനുവേണ്ടി, ശേഷിച്ച ഏതൊരാളോടും സ്നേഹദയ പ്രകടമാക്കേണ്ടതിനു ശൗലിന്റെ ഗൃഹത്തിലേക്കു തന്റെ ശ്രദ്ധ തിരിക്കുന്നു. ശൗലിന്റെ ഒരു ദാസനായ സീബാ യോനാഥാന്റെ ഒരു പുത്രനായ മുടന്തുളള മെഫീബോശെത്തിലേക്ക് അവന്റെ ശ്രദ്ധ ക്ഷണിക്കുന്നു. ഉടൻതന്നെ, ശൗലിന്റെ സകല വസ്തുക്കളും മെഫീബോശെത്തിനു വിട്ടുകൊടുക്കാനും മെഫീബോശെത്തിന്റെ ഭവനത്തിന് ആഹാരം കൊടുക്കാൻ അവന്റെ ഭൂമി സീബായും അവന്റെ ദാസൻമാരും കൃഷിചെയ്യാനും ദാവീദ് ആവശ്യപ്പെടുന്നു. എന്നിരുന്നാലും മെഫീബോശെത്ത് ദാവീദിന്റെ മേശയ്ക്കൽ ഭക്ഷിക്കേണ്ടതാണ്.
13. താൻ ദാവീദിനോടുകൂടെ ഉണ്ടെന്ന് ഏതു കൂടുതലായ വിജയങ്ങളിലൂടെ യഹോവ പ്രകടമാക്കുന്നു?
13 അമ്മോനിലെ രാജാവു മരിക്കുമ്പോൾ, സ്നേഹദയാപ്രകടനങ്ങളുമായി ദാവീദ് അവന്റെ പുത്രനായ ഹാനൂന്റെ അടുക്കലേക്കു സ്ഥാനപതിമാരെ അയയ്ക്കുന്നു. എന്നിരുന്നാലും, ദേശം ഒററുനോക്കാനാണു ദാവീദ് അവരെ അയച്ചതെന്നു ഹാനൂന്റെ ഉപദേശകൻമാർ കുററമാരോപിക്കുന്നു, തന്നിമിത്തം അവരെ അവർ അപമാനിച്ച് അർധനഗ്നരായി തിരിച്ചയയ്ക്കുന്നു. ഈ അപമര്യാദയിൽ കുപിതനായി ഈ ദുഷ്പ്രവൃത്തിക്കു പകരം വീട്ടാൻ ദാവീദ് യോവാബിനെ സൈന്യവുമായി അയയ്ക്കുന്നു. തന്റെ സേനകളെ വിഭജിച്ചുകൊണ്ട് അവൻ അനായാസം അമ്മോന്യരെയും അവരെ സഹായിക്കാൻ വന്ന സിറിയക്കാരെയും തുരത്തുന്നു. സിറിയക്കാർ അവരുടെ സൈന്യങ്ങളെ പുനഃസംഘടിപ്പിച്ചു, ദാവീദിന്റെ സൈന്യാധിപത്യത്തിൽ യഹോവയുടെ സൈന്യങ്ങളാൽ വീണ്ടും തോൽപ്പിക്കപ്പെടുകയും 700 രഥനായകൻമാരുടെയും 40,000 കുതിരക്കാരുടെയും നഷ്ടം അനുഭവിക്കുകയും ചെയ്യുന്നുവെന്നതുമാത്രമാണു ഫലം. ദാവീദിന്റെമേലുളള യഹോവയുടെ പ്രീതിയുടെയും അനുഗ്രഹത്തിന്റെയും കൂടുതലായ തെളിവാണിവിടെയുളളത്.
14. ദാവീദ് ബത്ത്-ശേബയുടെ കാര്യത്തിൽ ഏതു പാപങ്ങൾ ചെയ്യുന്നു?
14 ദാവീദ് യഹോവക്കെതിരെ പാപംചെയ്യുന്നു (11:1–12:31). അടുത്ത വസന്തത്തിൽ ദാവീദു വീണ്ടും രബ്ബയെ ഉപരോധിക്കുന്നതിനു യോവാബിനെ അമ്മോനിലേക്ക് അയയ്ക്കുന്നു, അതേസമയം ദാവീദാകട്ടെ യെരുശലേമിൽത്തന്നെ കഴിയുന്നു. ഒരു ദിവസം സന്ധ്യക്ക് ഊരിയാവിന്റെ സുന്ദരിയായ ഭാര്യ ബത്ത്ശേബ കുളിക്കുന്നത് അവൻ തന്റെ മട്ടുപ്പാവിൽനിന്നു കാണാനിടയാകുന്നു. അവളെ തന്റെ വീട്ടിലേക്കു വരുത്തി അവൻ അവളുമായി വേഴ്ചകളിലേർപ്പെടുന്നു, അവൾ ഗർഭിണിയാകുന്നു. രബ്ബയിലെ യുദ്ധത്തിൽനിന്ന് ഊരിയാവിനെ തിരിച്ചുവരുത്തിക്കൊണ്ടും ആയാസംതീർക്കുന്നതിന് അയാളെ വീട്ടിലേക്ക് അയച്ചുകൊണ്ടും കുററം മറയ്ക്കാൻ ദാവീദ് ശ്രമിക്കുന്നു. എന്നിരുന്നാലും, പെട്ടകവും സൈന്യവും “കൂടാരങ്ങളിൽ വസിക്കു”മ്പോൾ സ്വയം ഉല്ലസിക്കുന്നതിനും ഭാര്യയുമായി വേഴ്ചകളിലേർപ്പെടുന്നതിനും ഊരിയാവു വിസമ്മതിക്കുന്നു. നിരാശയിൽ ദാവീദ് “പട കഠിനമായിരിക്കുന്നേടത്തു ഊരിയാവെ മുന്നണിയിൽ നിർത്തി അവൻ വെട്ടുകൊണ്ടു മരിക്കത്തക്കവണ്ണം അവനെ വിട്ടു പിൻമാറുവിൻ” എന്നെഴുതിയ ഒരു എഴുത്തുമായി യോവാബിന്റെ അടുക്കലേക്ക് ഊരിയാവിനെ തിരിച്ചയയ്ക്കുന്നു. (11:11, 15) ഈ വിധത്തിൽ ഊരിയാവു മരിക്കുന്നു. ബത്ത്ശേബയുടെ വിലാപകാലം കഴിഞ്ഞ ശേഷം ദാവീദ് ഉടൻതന്നെ അവളെ വീട്ടിൽ കൊണ്ടുപോകുന്നു, അവിടെ അവൾ അവന്റെ ഭാര്യയായിത്തീരുന്നു. അവരുടെ കുട്ടി, ഒരു മകൻ, ജനിക്കുന്നു.
15. നാഥാൻ എങ്ങനെ ദാവീദിന്റെമേൽ പ്രാവചനിക ന്യായവിധി ഉച്ചരിക്കുന്നു?
15 ഇതു യഹോവയുടെ ദൃഷ്ടികളിൽ വഷളത്തമാണ്. അവൻ ഒരു ന്യായവിധിദൂതുമായി നാഥാൻ പ്രവാചകനെ ദാവീദിന്റെ അടുക്കലേക്ക് അയയ്ക്കുന്നു. നാഥാൻ ഒരു ധനികനെയും ഒരു ദരിദ്രനെയും കുറിച്ചു ദാവീദിനോടു പറയുന്നു. ഒരുവന് അനേകം ആട്ടിൻകൂട്ടങ്ങൾ ഉണ്ടായിരുന്നു, മറേറയാളിന് ഒരു പെണ്ണാട്ടിൻകുട്ടി ഉണ്ടായിരുന്നു. അതു കുടുംബത്തിൽ ഓമനയായിരുന്നു, “അവന്നു ഒരു മകളെപ്പോലെയും ആയിരുന്നു.” എന്നിരുന്നാലും, ഒരു വിരുന്നുകഴിക്കേണ്ടിവന്നപ്പോൾ ധനികൻ തന്റെ സ്വന്തം ആട്ടിൻകൂട്ടങ്ങളിൽനിന്ന് ഒരു ആടിനെയല്ല, ദരിദ്രമമനുഷ്യന്റെ പെണ്ണാട്ടിൻകുട്ടിയെ എടുത്തു. ഇതു കേട്ടു കോപാകുലനായ ദാവീദ്: “യഹോവയാണ, ഇതു ചെയ്തവൻ മരണയോഗ്യൻ” എന്ന് ആക്രോശിക്കുന്നു. “ആ മനുഷ്യൻ നീ തന്നെ” എന്നു നാഥാൻ മറുപടിപറയുന്നു. (12:3, 5, 7) അനന്തരം മറെറാരു മനുഷ്യൻ ദാവീദിന്റെ ഭാര്യമാരെ പരസ്യമായി ബലാൽസംഗം ചെയ്യുമെന്നും അവന്റെ ഭവനം ആഭ്യന്തരയുദ്ധത്താൽ ബാധിക്കപ്പെടുമെന്നും ബത്ത്ശേബയിലുളള അവന്റെ കുട്ടി മരിക്കുമെന്നുമുളള പ്രാവചനിക ന്യായവിധി നാഥാൻ ഉച്ചരിക്കുന്നു.
16. (എ) ബത്ത്-ശേബയിലുളള ദാവീദിന്റെ രണ്ടാമത്തെ പുത്രന്റെ പേരുകൾക്ക് ഏത് അർഥങ്ങളുണ്ട്? (ബി) രബ്ബയുടെമേലുളള ആക്രമണത്തിന്റെ അന്തിമ ഫലമെന്ത്?
16 ആത്മാർഥമായ ദുഃഖത്തോടെയും അനുതാപത്തോടെയും ദാവീദ്, “ഞാൻ യഹോവയോടു പാപം ചെയ്തിരിക്കുന്നു” എന്നു തുറന്നു സമ്മതിക്കുന്നു. (12:13) യഹോവയുടെ വചനപ്രകാരം വ്യഭിചാരബന്ധത്തിന്റെ സന്തതി ഏഴു ദിവസത്തെ ദീനത്തിനുശേഷം മരിക്കുന്നു. (പിന്നീടു ദാവീദിനു ബത്ത്ശേബയിൽ മറെറാരു പുത്രൻ ജനിക്കുന്നു; ഈ പുത്രനെ അവർ ശലോമോൻ എന്നു വിളിക്കുന്നു, “സമാധാനം” എന്നർഥമുളള ഒരു ധാതുവിൽനിന്നാണ് ആ നാമം ഉത്ഭവിക്കുന്നത്. എന്നിരുന്നാലും, “യാഹിന്റെ പ്രിയൻ” എന്നർഥമുളള യെദീദ്യാവ് എന്നും അവനെ വിളിക്കാൻ യഹോവ നാഥാനെ പറഞ്ഞയയ്ക്കുന്നു.) ദാവീദിന്റെ കിടിലംകൊളളിക്കുന്ന അനുഭവത്തിനുശേഷം രബ്ബയിലേക്കു വരാൻ യോവാബ് ദാവീദിനെ ക്ഷണിക്കുന്നു. അവിടെ അന്തിമാക്രമണത്തിന് ഒരുക്കം നടത്തുകയാണ്. നഗരത്തിലെ ജലവിതരണ കേന്ദ്രം പിടിച്ചടക്കിയശേഷം നഗരം പിടിച്ചടക്കുന്നതിന്റെ ബഹുമതി യോവാബ് ആദരപൂർവം രാജാവിനു വിട്ടുകൊടുക്കുന്നു.
17. ഏത് ആന്തരികകുഴപ്പങ്ങൾ ദാവീദിന്റെ കുടുംബത്തെ ബാധിച്ചുതുടങ്ങുന്നു?
17 ദാവീദിന്റെ കുടുംബ കുഴപ്പങ്ങൾ (13:1–18:33). ദാവീദിന്റെ പുത്രൻമാരിലൊരാളായ അമ്നോൻ അവന്റെ അർധസഹോദരനായ അബ്ശാലോമിന്റെ സഹോദരി താമാറുമായി വികാരാവേശത്തോടെ പ്രേമത്തിലാകുമ്പോൾ ദാവീദിന്റെ കുടുംബക്കുഴപ്പങ്ങൾക്കു തുടക്കമിടുന്നു. അമ്നോൻ രോഗം നടിക്കുകയും തന്നെ ശുശ്രൂഷിക്കാൻ സുന്ദരിയായ താമാറിനെ വിടണമെന്ന് അപേക്ഷിക്കുകയും ചെയ്യുന്നു. അവൻ അവളെ ബലാൽസംഗം ചെയ്യുകയും പിന്നീട് അവളെ ഉഗ്രമായി ദ്വേഷിക്കാനിടയാകുകയും ചെയ്യുന്നു, തന്നിമിത്തം അവൻ അവളെ അപമാനിച്ച് അയച്ചുകളയുന്നു. അബ്ശാലോം തക്കംനോക്കി പ്രതികാരംചെയ്യാൻ പദ്ധതിയിടുന്നു. ഏതാണ്ടു രണ്ടുവർഷം കഴിഞ്ഞ് അവൻ ഒരു വിരുന്നൊരുക്കി അതിലേക്ക് അമ്നോനെയും രാജാവിന്റെ മറെറല്ലാ പുത്രൻമാരെയും ക്ഷണിക്കുന്നു. അമ്നോന്റെ ഹൃദയം വീഞ്ഞു കുടിച്ച് ആനന്ദിച്ചിരിക്കുമ്പോൾ ജാഗ്രത പാലിക്കാതിരിക്കെ അവനെ പിടികൂടി അബ്ശാലോമിന്റെ ആജ്ഞപ്രകാരം വധിക്കുന്നു.
18. ഏതു തന്ത്രത്തിലൂടെ അബ്ശാലോം പ്രവാസത്തിൽനിന്നു മടക്കിവരുത്തപ്പെടുന്നു?
18 രാജാവിന്റെ അപ്രീതി ഭയന്ന് അബ്ശാലോം ഗെശൂരിലേക്ക് ഓടിപ്പോകുന്നു, അവിടെ മൂന്നുവർഷം അർധ പ്രവാസത്തിൽ ജീവിക്കുകയും ചെയ്യുന്നു. ഇതിനിടയിൽ ദാവീദിന്റെ സേനാപതിയായ യോവാബ് ദാവീദും അബ്ശാലോമും തമ്മിൽ ഒരു അനുരഞ്ജനം കൈവരുത്താൻ ആസൂത്രണം ചെയ്യുന്നു. അവൻ പ്രതിക്രിയയും ബഹിഷ്കരണവും ശിക്ഷയും സംബന്ധിച്ചു രാജാവിന്റെമുമ്പാകെ ഒരു സാങ്കൽപ്പിക സാഹചര്യം അവതരിപ്പിക്കാൻ തെക്കോവയിലെ ബുദ്ധിശാലിയായ ഒരു സ്ത്രീയെ ഏർപ്പാടുചെയ്യുന്നു. രാജാവ് ന്യായവിധി ഉച്ചരിക്കുമ്പോൾ രാജാവിന്റെ സ്വന്തം പുത്രനായ അബ്ശാലോം ഗെശൂരിൽ ബഹിഷ്കൃതനാണെന്നുളള, തന്റെ സാന്നിധ്യത്തിന്റെ യഥാർഥ കാരണം സ്ത്രീ വെളിപ്പെടുത്തുന്നു. ഇത് ആസൂത്രണംചെയ്തതു യോവാബാണെന്നു ദാവീദു തിരിച്ചറിയുന്നു, എന്നിട്ടും യെരുശലേമിലേക്കു മടങ്ങാൻ തന്റെ പുത്രന് അനുവാദം കൊടുക്കുന്നു. മറെറാരു രണ്ടു വർഷംകൂടെ കഴിഞ്ഞാണു രാജാവ് അബ്ശാലോമിനെ മുഖത്തോടുമുഖം കാണാൻ അനുവദിക്കുന്നത്.
19. ഇപ്പോൾ ഏതു ഗൂഢാലോചന പരസ്യമായിത്തീരുന്നു, ദാവീദിന് എന്തു ഫലത്തോടെ?
19 ദാവീദിന്റെ സ്നേഹദയ ഗണ്യമാക്കാതെ അബ്ശാലോം പെട്ടെന്നുതന്നെ തന്റെ പിതാവിൽനിന്നു സിംഹാസനം പിടിച്ചെടുക്കുന്നതിന് ഒരു ഗൂഢാലോചന നടത്തുന്നു. അബ്ശാലോം ഇസ്രായേലിലെ സകല ശൂരൻമാരിലുംവെച്ച് അത്യന്തം സുമുഖനാണ്. ഇത് അയാളുടെ അതിമോഹവും അഹന്തയും വർധിപ്പിക്കുന്നു. ഓരോ വർഷവും അവന്റെ ഇടതൂർന്ന മുടിയുടെ അഗ്രം കത്രിച്ചാൽ 2.3 കിലോ തൂക്കമുണ്ടായിരിക്കും. (2 ശമൂ. 14:26, NW അടിക്കുറിപ്പ്) വിവിധ തന്ത്രപ്രവർത്തനങ്ങളാൽ അബ്ശാലോം ഇസ്രായേൽപുരുഷൻമാരുടെ ഹൃദയം കവർന്നു തുടങ്ങുന്നു. ഒടുവിൽ ഗൂഢാലോചന പരസ്യമായിത്തീരുന്നു. ഹെബ്രോനിലേക്കു പോകാൻ പിതാവിന്റെ അനുഗ്രഹം നേടി അവിടെവച്ച് അബ്ശാലോം തന്റെ മത്സരപരമായ ഉദ്ദേശ്യം അറിയിക്കുകയും ദാവീദിനെതിരായ തന്റെ കലാപത്തിനു സർവ ഇസ്രായേലിന്റെയും പിന്തുണ ആവശ്യപ്പെടുകയും ചെയ്യുന്നു. തന്റെ വിമത പുത്രന്റെ പക്ഷത്തേക്കു വലിയ കൂട്ടങ്ങൾ കൂടിവരുമ്പോൾ ചുരുക്കംചില വിശ്വസ്ത പിന്തുണക്കാരുമായി ദാവീദ് യെരുശലേമിൽനിന്ന് ഓടിപ്പോകുന്നു. ഗിത്യനായ ഇത്ഥായി അവരിലൊരാളാണ്, അയാൾ ഇങ്ങനെ പ്രഖ്യാപിക്കുന്നു: “യഹോവയാണ, യജമാനനായ രാജാവാണ, യജമാനനായ രാജാവ് എവിടെയിരിക്കുന്നുവോ അവിടെത്തന്നെ മരണമോ ജീവനോ എന്തുവന്നാലും അടിയനും ഇരിക്കും.”—15:21.
20, 21. (എ) ദാവീദിന്റെ പലായനസമയത്ത് ഏതു സംഭവങ്ങൾ നടക്കുന്നു, നാഥാന്റെ പ്രവചനം എങ്ങനെ നിവർത്തിക്കുന്നു? (ബി) വഞ്ചകനായ അഹീഥോഫെൽ എങ്ങനെ ഒടുങ്ങുന്നു?
20 യെരുശലേമിൽനിന്നു പലായനംചെയ്യുമ്പോൾ താൻ അത്യന്തം വിശ്വസിച്ചിരുന്ന ആലോചനക്കാരിലൊരാളായ അഹീഥോഫെലിന്റെ വഞ്ചനയെക്കുറിച്ചു ദാവീദു മനസ്സിലാക്കുന്നു. അവൻ “യഹോവേ, അഹീഥോഫെലിന്റെ ആലോചനയെ അബദ്ധമാക്കേണമേ” എന്നു പ്രാർഥിക്കുന്നു. (15:31) ദാവീദിനോടു വിശ്വസ്തത പുലർത്തുന്ന പുരോഹിതൻമാരായ സാദോക്കും അബ്യാഥാറും അർഖ്യനായ ഹൂശായിയും അബ്ശാലോമിന്റെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു റിപ്പോർട്ടുചെയ്യാൻ യെരുശലേമിലേക്കു തിരിച്ചയയ്ക്കപ്പെടുന്നു. ഇതിനിടയിൽ ദാവീദ് മെഫീബോശെത്തിന്റെ സേവകനായ സീബായെ കണ്ടുമുട്ടുന്നു. തന്റെ യജമാനൻ ഇപ്പോൾ രാജ്യം ശൗലിന്റെ ഗൃഹത്തിലേക്കു മടങ്ങിവരാൻ പ്രതീക്ഷിക്കുന്നതായി അവൻ അറിയിക്കുന്നു. ദാവീദു കടന്നുപോകുമ്പോൾ ശൗലിന്റെ ഗൃഹത്തിൽപ്പെട്ട ശിമെയി അവനെ ശപിക്കുകയും അവന്റെ നേരെ കല്ലെറിയുകയും ചെയ്യുന്നു. എന്നാൽ പ്രതികാരം ചെയ്യുന്നതിൽനിന്നു ദാവീദ് തന്റെ ആളുകളെ തടയുന്നു.
21 യെരുശലേമിൽ തിരിച്ചുചെല്ലുമ്പോൾ അഹീഥോഫെലിന്റെ നിർദേശപ്രകാരം, അപഹാരിയായ അബ്ശാലോം “എല്ലാ യിസ്രായേലും കാൺകെ” തന്റെ പിതാവിന്റെ വെപ്പാട്ടികളുമായി വേഴ്ചകളിലേർപ്പെടുന്നു. ഇതു നാഥാന്റെ പ്രാവചനിക ന്യായവിധിയുടെ നിവൃത്തിയായിട്ടാണ്. (16:22; 12:11) മാത്രവുമല്ല, 12,000 പേരടങ്ങുന്ന ഒരു സൈന്യത്തെ കൂട്ടി മരുഭൂമിയിൽ ദാവീദിനെ വേട്ടയാടാൻ അഹീഥോഫെൽ അബ്ശാലോമിനെ ബുദ്ധ്യുപദേശിക്കുന്നു. എന്നിരുന്നാലും, അബ്ശാലോമിന്റെ വിശ്വാസം ആർജിച്ച ഹൂശായി ഒരു വ്യത്യസ്ത ഗതി ശുപാർശ ചെയ്യുന്നു. ദാവീദു പ്രാർഥിച്ചതുപോലെതന്നെ അഹീഥോഫെലിന്റെ ആലോചന വിഫലമാകുന്നു. യൂദായെപ്പോലെ, ഭഗ്നാശനായ അഹീഥോഫെൽ വീട്ടിലേക്കു പോയി ആത്മഹത്യ ചെയ്യുന്നു. ഹൂശായി രഹസ്യമായി അബ്ശാലോമിന്റെ പദ്ധതികൾ പുരോഹിതൻമാരായ സാദോക്കിനെയും അബ്യാഥാരെയും അറിയിക്കുന്നു. അവർ ക്രമത്തിൽ സന്ദേശം മരുഭൂമിയിൽ ദാവീദിനെ അറിയിക്കുന്നു.
22. ദാവീദിന്റെ വിജയം ഏതു ദുഃഖത്താൽ കുറഞ്ഞുപോകുന്നു?
22 ഇതു യോർദാൻ കടന്നു മഹനയീമിലെ വനത്തിൽ യുദ്ധരംഗം തിരഞ്ഞെടുക്കാൻ ദാവീദിനെ പ്രാപ്തനാക്കുന്നു. അവിടെ അവൻ തന്റെ സേനകളെ വിന്യസിക്കുകയും അബ്ശാലോമിനോടു മയത്തിൽ പെരുമാറാൻ കൽപ്പിക്കുകയും ചെയ്യുന്നു. വിമതർക്കു ഞെരിക്കുന്ന ഒരു പരാജയം അനുഭവപ്പെടുന്നു. അബ്ശാലോം വൃക്ഷനിബിഡമായ വനത്തിലൂടെ ഒരു കഴുതപ്പുറത്ത് ഓടിപ്പോകുമ്പോൾ അവന്റെ മുടി ഒരു കൂററൻവൃക്ഷത്തിന്റെ ശാഖകളിൽ ഉടക്കി അവൻ ആകാശമധ്യേ തൂങ്ങിക്കിടക്കുന്നു. ഈ ദുരവസ്ഥയിൽ അവനെ കണ്ട യോവാബ് രാജാവിന്റെ കൽപ്പനയെ പൂർണമായി വിഗണിച്ചുകൊണ്ട് അവനെ കൊല്ലുന്നു. തന്റെ പുത്രന്റെ മരണത്തെക്കുറിച്ചു കേട്ടപ്പോഴത്തെ ദാവീദിന്റെ അഗാധദുഃഖം ഈ വിലാപത്തിൽ പ്രതിഫലിക്കുന്നു: “എന്റെ മകനേ, അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ, അബ്ശാലോമേ, ഞാൻ നിനക്കു പകരം മരിച്ചെങ്കിൽ കൊളളായിരുന്നു; അബ്ശാലോമേ, എന്റെ മകനേ, എന്റെ മകനേ!”—18:33.
23. ഏതു ക്രമീകരണങ്ങൾ രാജാവായുളള ദാവീദിന്റെ മടങ്ങിവരവിനെ കുറിക്കുന്നു?
23 ദാവീദിന്റെ വാഴ്ചയിലെ അവസാന സംഭവങ്ങൾ (19:1–24:25). ദാവീദ് തുടർന്നു കഠിനമായി വിലപിക്കുന്നു, ഒടുവിൽ രാജാവെന്ന തന്റെ ഉചിതമായ സ്ഥാനം പുനരാരംഭിക്കാൻ യോവാബ് അവനെ പ്രോത്സാഹിപ്പിക്കുന്നു. അവൻ ഇപ്പോൾ യോവാബിനു പകരം അമാസയെ സൈന്യത്തിന്റെ മേധാവിയായി നിയമിക്കുന്നു. അവൻ മടങ്ങിവരുമ്പോൾ ശിമെയി ഉൾപ്പെടെ, ജനങ്ങൾ അവനെ സ്വാഗതംചെയ്യുന്നു. ശിമെയിയെ ദാവീദ് കൊല്ലാതിരിക്കുന്നു. മെഫീബോശെത്തും തന്റെ ഭാഗം വാദിക്കാൻ വരുന്നു. ദാവീദ് അവനു സീബയോടുകൂടെ തുല്യാവകാശം കൊടുക്കുന്നു. ഒരിക്കൽകൂടെ സർവ ഇസ്രായേലും യഹൂദയും ദാവീദിൻകീഴിൽ ഏകീകൃതരാകുന്നു.
24. ബെന്യാമീൻഗോത്രം ഉൾപ്പെടുന്ന കൂടുതലായ ഏതു വികാസങ്ങൾ നടക്കുന്നു?
24 എന്നിരുന്നാലും, കൂടുതൽ കുഴപ്പങ്ങൾ വരാനിരിക്കുകയാണ്. ഒരു ബെന്യാമീന്യനായ ശേബ സ്വയം രാജാവായി പ്രഖ്യാപിക്കുകയും അനേകരെ ദാവീദിൽനിന്ന് അകററുകയും ചെയ്യുന്നു. മത്സരം അമർച്ചചെയ്യുന്നതിന് ആളുകളെ കൂട്ടാൻ ദാവീദ് ആജ്ഞാപിച്ച അമാസയെ യോവാബ് കാണുകയും ചതിയിൽ കൊലപ്പെടുത്തുകയും ചെയ്യുന്നു. അനന്തരം യോവാബ് സൈന്യത്തിന്റെ ചുമതല ഏറെറടുത്തുകൊണ്ടു ബേത്ത്-മാഖയിലെ ആബേൽ നഗരത്തിലേക്കു ശേബയെ പിന്തുടരുകയും അതിനെ ഉപരോധിക്കുകയും ചെയ്യുന്നു. നഗരത്തിലെ ബുദ്ധിശാലിയായ ഒരു സ്ത്രീയുടെ ഉപദേശമനുസരിച്ചുകൊണ്ടു നിവാസികൾ ശേബയെ വധിക്കുന്നു, യോവാബ് പിൻവാങ്ങുന്നു. ശൗൽ ഗിബെയോന്യരെ കൊല്ലുകയും രക്തപാതകത്തിന് അന്നോളം പ്രതികാരംചെയ്യാതിരിക്കുകയും ചെയ്തിരുന്നതുകൊണ്ട് ഇസ്രായേലിൽ മൂന്നു വർഷത്തെ ക്ഷാമം ഉണ്ടാകുന്നു. രക്തപാതകം നീക്കുന്നതിനു ശൗലിന്റെ കുടുംബത്തിലെ ഏഴു പുത്രൻമാർ കൊല്ലപ്പെടുന്നു. പിന്നീട്, ഫെലിസ്ത്യരുമായി വീണ്ടും നടന്ന യുദ്ധത്തിൽ ദാവീദിന്റെ ജീവനെ അവന്റെ മരുമകനായ അബീശായി കഷ്ടിച്ചു രക്ഷപ്പെടുത്തുന്നു. അവൻ, “യിസ്രായേലിന്റെ ദീപം കെടുക്കാതിരിക്കേണ്ടതിന്നു” മേലാൽ തങ്ങളോടൊത്തു യുദ്ധത്തിനു പോരരുതെന്ന് അവന്റെ ആളുകൾ ആണയിട്ടുപറയുന്നു. (21:17) അവന്റെ വീരൻമാരിൽ മൂന്നുപേർ അപ്പോൾ ഫെലിസ്ത്യമല്ലൻമാരെ നിഗ്രഹിക്കുന്നതിൽ ശ്രദ്ധേയമായി പ്രവർത്തിക്കുന്നു.
25. അടുത്തതായി രേഖപ്പെടുത്തിയിരിക്കുന്ന ദാവീദിന്റെ ഗീതങ്ങളിൽ എന്തു പ്രസ്താവിച്ചിരിക്കുന്നു?
25 ഈ ഘട്ടത്തിൽ, എഴുത്തുകാരൻ 18-ാം സങ്കീർത്തനത്തിനു സമാന്തരമായതും “സകല ശത്രുക്കളുടെ കൈയിൽനിന്നും ശൌലിന്റെ കയ്യിൽനിന്നും” നൽകിയ വിടുതലിനു നന്ദി പ്രകാശിപ്പിക്കുന്നതും ആയ യഹോവക്കുളള ദാവീദിന്റെ ഒരു ഗീതം വിവരണത്തിൽ തിരുകിക്കയററുന്നു. അവൻ സസന്തോഷം പ്രഖ്യാപിക്കുന്നു: “യഹോവ എന്റെ ശൈലവും എൻകോട്ടയും എന്റെ രക്ഷകനും ആകുന്നു. അവൻ തന്റെ രാജാവിന്നു മഹാരക്ഷ നൽകുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നെന്നേക്കും തന്നേ.” (22:1, 2, 51) പിന്നാലെ ദാവീദിന്റെ അവസാനത്തെ ഗീതം വരുന്നു, അതിൽ “യഹോവയുടെ ആത്മാവു എന്നിൽ സംസാരിക്കുന്നു; അവന്റെ വചനം എന്റെ നാവിൻമേൽ ഇരിക്കുന്നു” എന്ന് അവൻ സമ്മതിച്ചുപറയുന്നു.—23:2.
26. ദാവീദിന്റെ വീരൻമാരെക്കുറിച്ച് എന്തു പ്രസ്താവിച്ചിരിക്കുന്നു, അവൻ അവരുടെ ജീവരക്തത്തോട് ആദരവു കാട്ടുന്നതെങ്ങനെ?
26 ചരിത്രരേഖയിലേക്കു തിരികെവരുമ്പോൾ നാം ദാവീദിന്റെ വീരൻമാരുടെ പട്ടിക കാണുന്നു, അവരിൽ മൂന്നുപേർ മുന്തിനിൽക്കുന്നു. ഇവർ ദാവീദിന്റെ സ്വന്ത നഗരമായ ബേത്ലഹേമിൽ ഫെലിസ്ത്യർ ഒരു കാവൽപട്ടാളകേന്ദ്രം സ്ഥാപിച്ചിരുന്നപ്പോൾ ഉണ്ടായ ഒരു സംഭവത്തിൽ ഉൾപ്പെടുന്നു. “ബേത്ത്ലേഹെംപട്ടണവാതില്ക്കലെ കിണററിൽനിന്നു വെളളം എനിക്കു കുടിപ്പാൻ ആർ കൊണ്ടുവന്നു തരും” എന്ന ആഗ്രഹം ദാവീദ് പ്രകടിപ്പിക്കുന്നു. (23:15) അതിങ്കൽ, മൂന്നു വീരൻമാരും ഫെലിസ്ത്യപാളയത്തിലേക്കു ബലമായി കടന്നുചെല്ലുകയും കിണററിൽനിന്നു വെളളം കോരി ദാവീദിനു കൊണ്ടുകൊടുക്കുകയും ചെയ്യുന്നു. എന്നാൽ അതു കുടിക്കുന്നതിനു ദാവീദു വിസമ്മതിക്കുന്നു. പകരം, അവൻ അതു നിലത്ത് ഒഴിച്ചുകളയുന്നു, ഇങ്ങനെ പറഞ്ഞുകൊണ്ട്: “യഹോവേ, തങ്ങളുടെ പ്രാണനെ ഉപേക്ഷിച്ചുപോയ പുരുഷൻമാരുടെ രക്തം ഞാൻ കുടിക്കുകയോ? ഇതു ചെയ്വാൻ എനിക്കു സംഗതിവരരുതേ.” (23:17) അവനെ സംബന്ധിച്ചടത്തോളം, ആ വെളളം അവർ അതിനുവേണ്ടി അപകടപ്പെടുത്തിയ ജീവരക്തത്തിനു തുല്യമാണ്. അടുത്തതായി അവന്റെ സൈന്യത്തിലെ അതിശക്തരായ 30 പേരുടെയും അവരുടെ വീര്യപ്രവൃത്തികളുടെയും പട്ടിക കൊടുക്കുന്നു.
27. ദാവീദ് ഏത് അന്തിമപാപം ചെയ്യുന്നു? തത്ഫലമായുളള ബാധ എങ്ങനെ നിലയ്ക്കുന്നു?
27 ഒടുവിൽ, ദാവീദ് ജനത്തെ എണ്ണി പാപം ചെയ്യുന്നു. കരുണക്കുവേണ്ടി ദൈവത്തോട് അഭ്യർഥിച്ചപ്പോൾ മൂന്നു ശിക്ഷകളിലേതെങ്കിലും തിരഞ്ഞെടുക്കാൻ അവനെ അനുവദിക്കുന്നു: ഏഴുവർഷത്തെ ക്ഷാമമോ, മൂന്നു മാസത്തെ സൈനികപരാജയങ്ങളോ, ദേശത്ത് മൂന്നു ദിവസത്തെ മഹാമാരിയോ. ദാവീദ് മറുപടി പറയുന്നു: “നാം യഹോവയുടെ കയ്യിൽ തന്നേ വീഴുക; അവന്റെ കരുണ വലിയതല്ലോ; മമനുഷ്യന്റെ കയ്യിൽ ഞാൻ വീഴരുതേ.” (24:14) ദേശവ്യാപകമായ മഹാമാരി 70,000 പേരെ കൊല്ലുന്നു, ഗാദ്മുഖേന യഹോവയുടെ നിർദേശങ്ങളനുസരിച്ചു പ്രവർത്തിച്ചുകൊണ്ടു ദാവീദ് അരവ്നയുടെ മെതിക്കളം വിലയ്ക്കുവാങ്ങി അവിടെ യഹോവക്കു ദഹനയാഗങ്ങളും സംസർഗയാഗങ്ങളും അർപ്പിക്കുമ്പോൾ മാത്രമേ അതു നിലയ്ക്കുന്നുളളു.
എന്തുകൊണ്ടു പ്രയോജനപ്രദം
28. രണ്ടു ശമൂവേലിൽ ഏതു ശ്രദ്ധേയമായ മുന്നറിയിപ്പുകൾ അടങ്ങിയിരിക്കുന്നു?
28 ആധുനിക വായനക്കാരനു പ്രയോജനപ്രദമായ വളരെയധികം കാര്യങ്ങൾ രണ്ടു ശമൂവേലിൽ കാണാനുണ്ട്! മിക്കവാറും എല്ലാ മാനുഷവികാരങ്ങളും അതിസാന്ദ്രമായ കടുത്ത വർണങ്ങളിൽ, യഥാർഥ ജീവിതവർണങ്ങളിൽ, ഇവിടെ വരച്ചുകാട്ടിയിട്ടുണ്ട്. അങ്ങനെ, അതിമോഹത്തിന്റെയും പ്രതികാരത്തിന്റെയും (3:27-30), മറെറാരുവന്റെ വിവാഹ ഇണക്കായുളള തെററായ മോഹത്തിന്റെയും (11:2-4, 15-17; 12:9, 10), ദ്രോഹപ്രവൃത്തിയുടെയും (15:12, 31; 17:23), വികാരത്തിൽ മാത്രം അധിഷ്ഠിതമായ സ്നേഹത്തിന്റെയും (13:10-15, 28, 29), ധൃതഗതിയിലുളള ന്യായവിധിയുടെയും (16:3, 4; 19:25-30), മറെറാരാളുടെ ഭക്തിക്രിയകളോടുളള അനാദരവിന്റെയും വിപത്കരമായ ഫലങ്ങളെക്കുറിച്ചു നമുക്കു ശ്രദ്ധേയമായ വാക്കുകളിൽ മുന്നറിയിപ്പു ലഭിക്കുന്നു.—6:20-23.
29. രണ്ടു ശമൂവേലിൽ ശരിയായ നടത്തയുടെയും പ്രവർത്തനത്തിന്റെയും ഏതു വിശിഷ്ട ദൃഷ്ടാന്തങ്ങൾ കാണാനുണ്ട്?
29 എന്നിരുന്നാലും, രണ്ടു ശമൂവേലിൽ കാണുന്ന ശരിയായ നടത്തയുടെയും പ്രവർത്തനത്തിന്റെയും അനേകം വിശിഷ്ട ദൃഷ്ടാന്തങ്ങൾ ശ്രദ്ധിക്കുന്നതിനാൽ ക്രിയാത്മക വശത്ത് ഏററവും വലിയ പ്രയോജനം കണ്ടെത്താവുന്നതാണ്. ദൈവത്തോടുളള സമ്പൂർണഭക്തി (7:22), ദൈവമുമ്പാകെയുളള താഴ്മ (7:18), യഹോവയുടെ നാമത്തെ പുകഴ്ത്തൽ (7:23, 26), അനർഥത്തെക്കുറിച്ചുളള ഉചിതമായ വീക്ഷണം (15:25), പാപം സംബന്ധിച്ച ആത്മാർഥമായ അനുതാപം (12:13), തന്റെ വാഗ്ദാനത്തോടുളള വിശ്വസ്തത (9:1, 7), പീഡാനുഭവത്തിലെ സമനില പാലിക്കൽ (16:11, 12), യഹോവയിലുളള സ്ഥിരമായ ആശ്രയം (5:12, 20), യഹോവയുടെ ക്രമീകരണങ്ങളോടും നിയമനങ്ങളോടുമുളള അഗാധമായ ആദരവ് (1:11, 12) എന്നിവയിൽ ദാവീദ് ഒരു മാതൃകയാണ്. “[യഹോവയുടെ] ഹൃദയത്തിനു സമ്മതമുളള ഒരു മനുഷ്യൻ” എന്നു ദാവീദു വിളിക്കപ്പെട്ടത് അതിശയമല്ല!—1 ശമൂ. 13:14, NW.
30. രണ്ടു ശമൂവേലിൽ ഏതു തത്ത്വങ്ങൾ ബാധകമാക്കപ്പെടുകയും ഉദാഹരിക്കപ്പെടുകയും ചെയ്യുന്നു?
30 അനേകം ബൈബിൾതത്ത്വങ്ങളുടെ പ്രയുക്തിയും രണ്ടു ശമൂവേലിൽ കാണാനുണ്ട്. ഇവയിൽ പെട്ടതാണു സാമുദായിക ഉത്തരവാദിത്വത്തിന്റെ തത്ത്വവും (2 ശമൂ. 3:29; 24:11-15), നല്ല ലക്ഷ്യങ്ങൾ ദൈവത്തിന്റെ വ്യവസ്ഥകൾക്കു മാററം വരുത്തുന്നില്ല (6:6, 7), യഹോവയുടെ ദിവ്യാധിപത്യക്രമീകരണത്തിൽ ശിരഃസ്ഥാനം ആദരിക്കപ്പെടണം (12:28), രക്തത്തെ പാവനമായി കരുതണം (23:17), രക്തപാതകത്തിനു പരിഹാരം ആവശ്യമാണ് (21:1-6, 9, 14), ഒരു ജ്ഞാനിക്ക് അനേകരുടെ വിപത്ത് ഒഴിവാക്കാൻ കഴിയും (2 ശമൂ. 20:21, 22; സഭാ. 9:15), യഹോവയുടെ സ്ഥാപനത്തോടും അതിന്റെ പ്രതിനിധികളോടുമുളള വിശ്വസ്തത “മരണമോ ജീവനോ എന്തു വന്നാലും” പാലിക്കപ്പെടണം എന്നിങ്ങനെയുളള തത്ത്വങ്ങളും.—2 ശമൂ. 15:18-22.
31. ക്രിസ്തീയ ഗ്രീക്കു തിരുവെഴുത്തുകളിൽ സാക്ഷ്യപ്പെടുത്തുന്നതുപോലെ, രണ്ടു ശമൂവേൽ ദൈവരാജ്യത്തിന്റെ പൂർവവീക്ഷണങ്ങൾ പ്രദാനംചെയ്യുന്നത് എങ്ങനെ?
31 എല്ലാററിലുംവെച്ച് ഏററം പ്രധാനമായി, രണ്ടു ശമൂവേൽ മുമ്പോട്ടു ദൈവരാജ്യത്തിലേക്കു വിരൽചൂണ്ടുകയും അതിന്റെ ശോഭനമായ പൂർവവീക്ഷണങ്ങൾ നൽകുകയും ചെയ്യുന്നു. “ദാവീദിന്റെ പുത്ര”നായ യേശുക്രിസ്തുവിന്റെ കൈകളിലാണു ദൈവരാജ്യം സ്ഥാപിക്കുക. (മത്താ. 1:1) ദാവീദിന്റെ രാജ്യത്തിന്റെ സ്ഥിരതയെസംബന്ധിച്ചു യഹോവ അവനോടു ചെയ്ത പ്രതിജ്ഞ യേശുവിനു ബാധകമാകുന്നതായി പ്രവൃത്തികൾ 2:29-36-ൽ ഉദ്ധരിക്കപ്പെടുന്നു. “ഞാൻ അവന്നു പിതാവും അവൻ എനിക്കു പുത്രനും ആയിരിക്കും” എന്ന പ്രവചനം (2 ശമൂ. 7:14) യഥാർഥത്തിൽ മുമ്പോട്ടു യേശുവിലേക്കു വിരൽചൂണ്ടിയെന്നുളളത് എബ്രായർ 1:5-നാൽ പ്രകടമാക്കപ്പെടുന്നു. “ഇവൻ എന്റെ പ്രിയപുത്രൻ; ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു” എന്നു സ്വർഗത്തിൽനിന്നു സംസാരിക്കുന്ന യഹോവയുടെ ശബ്ദവും അതിനെ സാക്ഷ്യപ്പെടുത്തി. (മത്താ. 3:17; 17:5) ഒടുവിൽ, മറിയയോടു യേശുവിനെക്കുറിച്ചു പറഞ്ഞ വാക്കുകളിൽ ഗബ്രിയേലും ദാവീദുമായുളള രാജ്യ ഉടമ്പടിയെ പരാമർശിക്കുന്നു: “അവൻ വലിയവൻ ആകും; അത്യുന്നതന്റെ പുത്രൻ എന്നു വിളിക്കപ്പെടും; കർത്താവായ [“യഹോവ,” NW] ദൈവം അവന്റെ പിതാവായ ദാവീദിന്റെ സിംഹാസനം അവന്നു കൊടുക്കും. അവൻ യാക്കോബ്ഗൃഹത്തിന്നു എന്നേക്കും രാജാവായിരിക്കും. അവന്റെ രാജ്യത്തിന്നു അവസാനം ഉണ്ടാകയില്ല.” (ലൂക്കൊ. 1:32, 33) രാജ്യസന്തതിയെക്കുറിച്ചുളള വാഗ്ദത്തം, അതിന്റെ വികാസത്തിലെ ഓരോ പടിയും നമ്മുടെ കൺമുമ്പിൽ ഇതൾവിരിയുമ്പോൾ എത്ര കോൾമയിർകൊളളിക്കുന്നതായി കാണപ്പെടുന്നു!
[അടിക്കുറിപ്പുകൾ]
a തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 745-7.
b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 2 പേജുകൾ 373-4.