ബൈബിൾ പുസ്തക നമ്പർ 11—1 രാജാക്കൻമാർ
എഴുത്തുകാരൻ: യിരെമ്യാവ്
എഴുതിയ സ്ഥലം: യെരുശലേമും യഹൂദയും
എഴുത്തു പൂർത്തിയായത്: പൊ.യു.മു. 580
ഉൾപ്പെട്ടിരിക്കുന്ന കാലം: പൊ.യു.മു. ഏകദേശം 1040-911
1. (എ) ഇസ്രായേലിന്റെ തിളക്കമുളള സമ്പൽസമൃദ്ധി വിനാശത്തിലേക്ക് അധഃപതിച്ചതെങ്ങനെ? (ബി) എന്നിരുന്നാലും ഒന്നു രാജാക്കൻമാർ ‘നിശ്വസ്തവും പ്രയോജനപ്രദവു’മെന്നു വർണിക്കാവുന്നത് എന്തുകൊണ്ട്?
ദാവീദിന്റെ ദിഗ്വിജയങ്ങൾ വടക്കു യൂഫ്രട്ടീസ് നദിമുതൽ തെക്ക് ഈജിപ്തുനദിവരെയുളള ദൈവദത്തമായ അതിർത്തികളിലേക്ക് ഇസ്രായേലിന്റെ ഭരണപ്രദേശത്തെ വ്യാപിപ്പിച്ചിരുന്നു. (2 ശമൂ. 8:3; 1 രാജാ. 4:21) ദാവീദ് മരിക്കുകയും പകരം അവന്റെ പുത്രനായ ശലോമോൻ ഭരിക്കുകയും ചെയ്ത സമയമായപ്പോഴേക്ക്, “യെഹൂദയും യിസ്രായേലും കടൽക്കരയിലെ മണൽപോലെ അസംഖ്യമായിരുന്നു; അവർ തിന്നുകയും കുടിക്കുകയും സന്തോഷിക്കയും ചെയ്തുപോന്നു.” (1 രാജാ. 4:20) ശലോമോൻ വലിയ ജ്ഞാനത്തോടെ, പുരാതന ഗ്രീക്കുകാരുടേതിനെക്കാൾ വളരെ മികച്ച ജ്ഞാനത്തോടെ, ഭരിച്ചു. അവൻ യഹോവക്കു മഹനീയമായ ഒരു ആലയം പണികഴിപ്പിച്ചു. എന്നിരുന്നാലും, ശലോമോൻ പോലും വ്യാജദൈവങ്ങളുടെ ആരാധനക്കു വഴിപ്പെട്ടു. അവന്റെ മരണത്തിങ്കൽ രാജ്യം രണ്ടായി പിളർന്നു. എതിർരാജ്യങ്ങളായ ഇസ്രായേലിലും യഹൂദയിലും ദുഷ്ട രാജാക്കൻമാരുടെ ഒരു പരമ്പര, ശമൂവേൽ മുൻകൂട്ടിപ്പറഞ്ഞിരുന്നതുപോലെതന്നെ, ജനങ്ങൾക്കു ക്ലേശംവരുത്തുമാറു വിനാശകരമായി പ്രവർത്തിച്ചു. (1 ശമൂ. 8:10-18) ശലോമോന്റെ മരണശേഷം യഹൂദയിലും ഇസ്രായേലിലും ഭരിച്ചവരും ഒന്നു രാജാക്കൻമാരിൽ പുനരവലോകനം ചെയ്തിരിക്കുന്നവരുമായ 14 രാജാക്കൻമാരിൽ 2 പേർ മാത്രമേ യഹോവയുടെ ദൃഷ്ടിയിൽ ശരി ചെയ്യുന്നതിൽ വിജയിച്ചുളളു. അപ്പോൾ ഈ രേഖ ‘നിശ്വസ്തവും പ്രയോജനപ്രദവു’മാണോ? അതിലെ ബുദ്ധ്യുപദേശങ്ങൾ, പ്രവചനങ്ങൾ, മാതൃകകൾ, ‘എല്ലാ തിരുവെഴുത്തിലെയും’ പ്രമുഖ രാജ്യവിഷയത്തോടുളള അതിന്റെ ബന്ധങ്ങൾ എന്നിവയിൽനിന്നു നാം കാണാൻപോകുന്നതുപോലെ, അത് അത്യന്തം തീർച്ചയാണ്.
2. ഒന്നും രണ്ടും രാജാക്കൻമാരിലെ രേഖ രണ്ടു ചുരുളുകളിൽ വരാനിടയായതെങ്ങനെ, അവ എങ്ങനെ സമാഹരിക്കപ്പെട്ടു?
2 രാജാക്കൻമാരുടെ പുസ്തകം ആദ്യം ഒരു ചുരുളോ വാല്യമോ ആയിരുന്നു. എബ്രായയിൽ മെലാക്കിം (രാജാക്കൻമാർ) എന്നു വിളിക്കപ്പെടുകയും ചെയ്തിരുന്നു. സെപ്ററുവജിൻറിന്റെ വിവർത്തകൻമാർ അതിനെ ബസിലിയോൻ, “രാജ്യങ്ങൾ” എന്നു വിളിച്ചു, സൗകര്യത്തിനുവേണ്ടി അതിനെ ആദ്യമായി രണ്ടായി തിരിച്ചതും അവരായിരുന്നു. അവ പിന്നീടു മൂന്നും നാലും രാജാക്കൻമാർ എന്നു വിളിക്കപ്പെട്ടു. ആ പേർ ഇന്നോളം കത്തോലിക്കാ ബൈബിളുകളിൽ തുടരുന്നു. എന്നിരുന്നാലും അവ ഇപ്പോൾ പൊതുവേ ഒന്നും രണ്ടും രാജാക്കൻമാർ എന്ന് അറിയപ്പെടുന്നു. സമാഹർത്താവിന്റെ അവലംബവിവരങ്ങളായി പറഞ്ഞിരിക്കുന്ന മുൻരേഖകൾ ഒന്നും രണ്ടും ശമുവേലിൽനിന്നു വ്യത്യസ്തമാണ്. രണ്ടു പുസ്തകങ്ങളിലുംകൂടെ ഏക സമാഹർത്താവ് 15 പ്രാവശ്യം “യെഹൂദാരാജാക്കൻമാരുടെ വൃത്താന്തപുസ്തക”ത്തെയും 18 പ്രാവശ്യം “യിസ്രായേൽ രാജാക്കൻമാരുടെ വൃത്താന്തപുസ്തക”ത്തെയും കൂടാതെ “ശലോമോന്റെ വൃത്താന്തപുസ്തക”ത്തെയും പരാമർശിക്കുന്നു. (1 രാജാ. 15:7; 14:19; 11:41) ഈ മററു പുരാതന രേഖകൾ പൂർണമായി നഷ്ടപ്പെട്ടെങ്കിലും നിശ്വസ്ത സമാഹാരം—പ്രയോജനപ്രദമായ ഒന്നും രണ്ടും രാജാക്കൻമാരിലെ വിവരണം—നിലനിൽക്കുന്നു.
3. (എ) നിസ്സംശയമായി രാജാക്കൻമാരുടെ പുസ്തകങ്ങൾ ആർ എഴുതി, നിങ്ങൾ അങ്ങനെ ഉത്തരം പറയുന്നത് എന്തുകൊണ്ട്? (ബി) എഴുത്ത് എപ്പോൾ പൂർത്തിയായി, ഒന്നു രാജാക്കൻമാർ ഏതു കാലഘട്ടത്തെ ഉൾപ്പെടുത്തുന്നു?
3 രാജാക്കൻമാരുടെ പുസ്തകങ്ങൾ ആരാണ് എഴുതിയത്? പ്രവാചകൻമാരുടെ, വിശേഷാൽ ഏലിയാവിന്റെയും എലീശായുടെയും, പ്രവൃത്തികൾക്ക് അവ കൊടുക്കുന്ന ഊന്നൽ യഹോവയുടെ ഒരു പ്രവാചകനെ സൂചിപ്പിക്കുന്നു. ഭാഷ, രചന, ശൈലി എന്നിവയുടെ സാമ്യങ്ങൾ യിരെമ്യാവ് എന്ന പുസ്തകത്തിന്റെ അതേ എഴുത്തുകാരനെ സൂചിപ്പിക്കുന്നു. അനേകം എബ്രായപദങ്ങളും ശൈലികളും രാജാക്കൻമാരിലും യിരെമ്യാവിലും മാത്രം കാണുന്നു, മറെറാരു ബൈബിൾപുസ്തകത്തിലും കാണുന്നില്ല. എന്നിരുന്നാലും, രാജാക്കൻമാരുടെ പുസ്തകങ്ങൾ എഴുതിയതു യിരെമ്യാവ് ആണെങ്കിൽ അവനെക്കുറിച്ച് അതിൽ പറയാത്തത് എന്തുകൊണ്ട്? അത് ആവശ്യമായിരുന്നില്ല, കാരണം അവന്റെ വേലയെക്കുറിച്ച് അവന്റെ നാമം വഹിക്കുന്ന പുസ്തകത്തിൽ നേരത്തെ പ്രതിപാദിച്ചിട്ടുണ്ടായിരുന്നു. മാത്രവുമല്ല, രാജാക്കൻമാരുടെ പുസ്തകം എഴുതിയതു യിരെമ്യാവിന്റെ കീർത്തി വർധിപ്പിക്കാനല്ല, പിന്നെയോ യഹോവയെയും അവന്റെ ആരാധനയെയും മഹിമപ്പെടുത്താനാണ്. യഥാർഥത്തിൽ, രാജാക്കൻമാരും യിരെമ്യാവും അധികഭാഗവും പരസ്പര പൂരകമാണ്, ഓരോന്നും മറേറതു വിട്ടുകളയുന്നതു പൂരിപ്പിക്കുന്നു. കൂടാതെ, സമാന്തരവിവരണങ്ങൾ ഉണ്ട്, ദൃഷ്ടാന്തമായി 2 രാജാക്കൻമാർ 24:18–25:30-ഉം യിരെമ്യാവു 39:1-10; 40:7–41:10; 52:1-34-ഉം. ഒന്നും രണ്ടും രാജാക്കൻമാരുടെ എഴുത്തുകാരൻ യിരെമ്യാവാണെന്നുളളതിനെ യഹൂദ പാരമ്പര്യം സ്ഥിരീകരിക്കുന്നു. അദ്ദേഹം രണ്ടു പുസ്തകങ്ങളുടെയും സമാഹരണം യെരുശലേമിൽവെച്ചു തുടങ്ങിയെന്നുളളതിനു സംശയമില്ല. രണ്ടാമത്തെ പുസ്തകം ഈജിപ്തിൽ പൊ.യു.മു. ഏതാണ്ട് 580-ൽ പൂർത്തിയായതായി കാണപ്പെടുന്നു, കാരണം അവൻ ആ വർഷത്തെ സംഭവങ്ങളെ തന്റെ രേഖയുടെ ഉപസംഹാരത്തിൽ പരാമർശിക്കുന്നു. (2 രാജാ. 25:27) ഒന്നു രാജാക്കൻമാരിൽ രണ്ടു ശമുവേലിന്റെ അവസാനംമുതലുളള ഇസ്രായേലിന്റെ ചരിത്രം കൈകാര്യം ചെയ്യുകയും യെഹോശാഫാത്ത് മരിച്ച പൊ.യു.മു. 911 വരെ എത്തിക്കുകയും ചെയ്യുന്നു.—1 രാജാ. 22:50.
4. മതേതര ചരിത്രവും പുരാവസ്തുശാസ്ത്രവും ഒന്നു രാജാക്കൻമാരെ സ്ഥിരീകരിക്കുന്നതെങ്ങനെ?
4 ഒന്നു രാജാക്കൻമാർക്കു വിശുദ്ധ തിരുവെഴുത്തുകളുടെ കാനോനിൽ ഉചിതമായ സ്ഥാനമുണ്ട്, അത് എല്ലാ പ്രാമാണികരും അംഗീകരിക്കുന്നു. മാത്രവുമല്ല, ഒന്നു രാജാക്കൻമാരിലെ സംഭവങ്ങൾ ഈജിപ്തിലെയും അസീറിയയിലെയും മതേതര ചരിത്രങ്ങളാൽ സ്ഥിരീകരിക്കപ്പെടുന്നു. പുരാവസ്തു ശാസ്ത്രവും ഈ പുസ്തകത്തിലെ അനേകം പ്രസ്താവനകളെ പിന്താങ്ങുന്നു. ദൃഷ്ടാന്തത്തിന്, 1 രാജാക്കൻമാർ 7:45, 46-ൽ ഹീരാം ശലോമോന്റെ ആലയത്തിനുവേണ്ടി ചെമ്പ് ഉപകരണങ്ങൾ വാർത്തതു “യോർദ്ദാൻ സമഭൂമിയിൽ സുക്കോത്തിനും സാരെഥാനും മദ്ധ്യേ” ആയിരുന്നുവെന്നു നാം വായിക്കുന്നു. പുരാതന സുക്കോത്തിൽ കുഴിച്ചുനോക്കിയ പുരാവസ്തു ശാസ്ത്രജ്ഞൻമാർ അവിടെ ഉരുക്കൽപ്രവർത്തനങ്ങളുടെ തെളിവു കുഴിച്ചെടുത്തിട്ടുണ്ട്.a കൂടാതെ, കാർണക്കിലെ (പുരാതന തേബസ്) ക്ഷേത്രമതിലിൽ എഴുന്നുനിൽക്കുന്ന ഒരു കൊത്തുപണി ഈജിപ്തിലെ രാജാവായ ശീഷോങ്ക് (ശീശക്ക്) യഹൂദയെ ആക്രമിക്കുന്നതിനെക്കുറിച്ചു വീമ്പിളക്കുന്നു, 1 രാജാക്കൻമാർ 14:25, 26-ൽ അതിനെ പരാമർശിക്കുന്നുണ്ട്.b
5. ഏതു നിശ്വസ്ത സാക്ഷ്യം ഒന്നു രാജാക്കൻമാരുടെ വിശ്വാസ്യതയെ തെളിയിക്കുന്നു?
5 മററു ബൈബിളെഴുത്തുകാരാലുളള പരാമർശനങ്ങളും പ്രവചനങ്ങളുടെ നിവൃത്തികളും ഒന്നു രാജാക്കൻമാരുടെ വിശ്വാസ്യതയെ പിന്താങ്ങുന്നു. ഏലിയാവിനെയും സാരെഫാത്തിലെ വിധവയെയും ചുററിപ്പററിയുളള സംഭവങ്ങളെ യേശു ചരിത്രയാഥാർഥ്യങ്ങളായി പറയുന്നു. (ലൂക്കൊ. 4:24-26) യോഹന്നാൻസ്നാപകനെക്കുറിച്ചു സംസാരിക്കുമ്പോൾ “വരുവാനുളള ഏലിയാവു അവൻതന്നെ” എന്നു യേശു പറഞ്ഞു. (മത്താ. 11:13, 14) ഇവിടെ യേശു ഒരു ഭാവി ദിവസത്തെക്കുറിച്ചും പ്രസ്താവിച്ച മലാഖിയുടെ പ്രവചനത്തെ പരാമർശിക്കുകയായിരുന്നു: “യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിനു മുമ്പെ ഞാൻ നിങ്ങൾക്കു ഏലിയാപ്രവാചകനെ അയക്കും.” (മലാ. 4:5) ശലോമോനെക്കുറിച്ചും തെക്കേദേശത്തെ രാജ്ഞിയെക്കുറിച്ചും ആ പുസ്തകത്തിൽ പറഞ്ഞിരിക്കുന്നതിനെ പരാമർശിച്ചതിനാലും യേശു ഒന്നു രാജാക്കൻമാരുടെ കാനോനികതക്ക് ഉറപ്പുനൽകി.—മത്താ. 6:29; 12:42; 1 രാജാക്കൻമാർ 10:1-9 താരതമ്യം ചെയ്യുക.
ഒന്നു രാജാക്കൻമാരുടെ ഉളളടക്കം
6. ശലോമോൻ ഏതു സാഹചര്യങ്ങളിൽ സിംഹാസനാരോഹണം നടത്തുന്നു, അവൻ രാജ്യത്തിൽ സ്ഥിരമായി സ്ഥാപിതനാകുന്നതെങ്ങനെ?
6 ശലോമോൻ രാജാവായിത്തീരുന്നു (1:1-2:46). ഒന്നു രാജാക്കൻമാരിലെ രേഖ തന്റെ 40 വർഷവാഴ്ചയുടെ സമാപ്തിയിലേക്ക് അടുത്തുകൊണ്ടിരുന്ന മരണാസന്നനായ ദാവീദിനെക്കുറിച്ചു പറഞ്ഞുകൊണ്ടു തുടങ്ങുന്നു. അവന്റെ പുത്രനായ അദോനീയാവു സേനാധിപനായ യോവാബിന്റെയും അബ്യാഥാർ പുരോഹിതന്റെയും സഹായത്തോടെ രാജത്വം ഏറെറടുക്കാൻ ഗൂഢാലോചന നടത്തുന്നു. പ്രവാചകനായ നാഥാൻ ഇതിനെക്കുറിച്ചു ദാവീദിനെ അറിയിക്കുകയും അവൻ തന്റെ മരണശേഷം രാജാവായിരിക്കാൻ നേരത്തെ ശലോമോനെ നാമനിർദേശം ചെയ്ത കാര്യം പരോക്ഷമായി ഓർമപ്പെടുത്തുകയും ചെയ്യുന്നു. അതുകൊണ്ട്, ഗൂഢാലോചകർ അദോനീയാവിന്റെ സ്ഥാനാരോഹണം ആഘോഷിക്കവേതന്നെ ദാവീദ് പുരോഹിതനായ സാദോക്കിനെക്കൊണ്ടു ശലോമോനെ രാജാവായി അഭിഷേകം ചെയ്യിക്കുന്നു. ഇപ്പോൾ ബലിഷ്ഠനായിരിക്കാനും ഒരു പുരുഷനെന്നു തെളിയിക്കാനും തന്റെ ദൈവമായ യഹോവയുടെ വഴികളിൽ നടക്കാനും ദാവീദ് ശലോമോനോട് ആജ്ഞാപിക്കുന്നു. അതിനുശേഷം ദാവീദു മരിക്കുന്നു, “ദാവീദിന്റെ നഗരത്തിൽ” അടക്കപ്പെടുകയും ചെയ്യുന്നു. (2:10) കാലക്രമത്തിൽ ശലോമോൻ അബ്യാഥാരിനെ നാടുകടത്തുന്നു, കുഴപ്പക്കാരായ അദോനീയാവിനെയും യോവാബിനെയും വധിക്കുന്നു. പിൽക്കാലത്ത്, തന്റെ ജീവനെ രക്ഷിക്കുന്നതിനു ചെയ്ത കരുണാപൂർവകമായ വ്യവസ്ഥയോട് ആദരവു കാട്ടാത്തതിനാൽ ശിമെയി വധിക്കപ്പെടുന്നു. രാജ്യം ഇപ്പോൾ ശലോമോന്റെ കൈകളിൽ ഉറപ്പായി സ്ഥാപിതമാകുന്നു.
7. ശലോമോന്റെ ഏതു പ്രാർഥനക്കു യഹോവ ഉത്തരം കൊടുക്കുന്നു, ഇസ്രായേലിനു എന്തു ഫലമുണ്ടാകുന്നു?
7 ശലോമോന്റെ ജ്ഞാനപൂർവകമായ ഭരണം (3:1-4:34). ശലോമോൻ ഫറവോന്റെ പുത്രിയെ വിവാഹം ചെയ്തുകൊണ്ട് ഈജിപ്തുമായി ഒരു വിവാഹബന്ധത്തിലേർപ്പെടുന്നു. അവൻ യഹോവയുടെ ജനത്തെ വിവേചനയോടെ ന്യായംവിധിക്കുന്നതിന് അനുസരണമുളള ഒരു ഹൃദയത്തിനുവേണ്ടി യഹോവയോടു പ്രാർഥിക്കുന്നു. ദീർഘായുസ്സോ സമ്പത്തോ ആവശ്യപ്പെടാഞ്ഞതുകൊണ്ട് അവനു ജ്ഞാനവും വിവേചനയുമുളള ഒരു ഹൃദയവും ഒപ്പം ധനവും മഹത്ത്വവും കൊടുക്കുമെന്നു യഹോവ വാഗ്ദത്തം ചെയ്യുന്നു. തന്റെ വാഴ്ചയുടെ ആദ്യഘട്ടത്തിൽ ഒരേ ശിശുവിനെ അവകാശപ്പെട്ടുകൊണ്ടു രണ്ടു സ്ത്രീകൾ ശലോമോന്റെ മുമ്പാകെ ഹാജരാകുമ്പോൾ അവൻ തന്റെ ജ്ഞാനം പ്രകടമാക്കുന്നു. “ജീവനുളള കുഞ്ഞിനെ രണ്ടായി പിളർന്നു” പാതി ഓരോരുത്തർക്കും കൊടുക്കാൻ ശലോമോൻ ആജ്ഞാപിക്കുന്നു. (3:25) ഇതിങ്കൽ യഥാർഥ മാതാവു കുഞ്ഞിന്റെ ജീവനുവേണ്ടി വാദിച്ചുകൊണ്ടു മറേറ സ്ത്രീക്ക് അതിനെ കൊടുക്കാൻ പറയുന്നു. അങ്ങനെ ശലോമോൻ അവകാശിയായ മാതാവിനെ തിരിച്ചറിയുന്നു, അവൾക്കു കുഞ്ഞിനെ കിട്ടുന്നു. ശലോമോന്റെ ദൈവദത്ത ജ്ഞാനംനിമിത്തം സകല ഇസ്രായേലും അഭിവൃദ്ധിപ്പെട്ട് സന്തുഷ്ടരും സുരക്ഷിതരുമായിരിക്കുന്നു. അനേകം രാജ്യങ്ങളിൽനിന്നുളള ആളുകൾ അവന്റെ ജ്ഞാനമൊഴികൾ കേൾക്കാൻ വരുന്നു.
8. (എ) ശലോമോൻ എങ്ങനെ ആലയംപണി തുടങ്ങുന്നു? അതിന്റെ ചില സവിശേഷതകൾ വർണിക്കുക. (ബി) അവൻ കൂടുതലായി ഏതു നിർമാണപരിപാടി നടപ്പിലാക്കുന്നു?
8 ശലോമോന്റെ ആലയം (5:1-10:29). ശലോമോൻ തന്റെ പിതാവായ ദാവീദിനോടുളള യഹോവയുടെ വാക്കുകൾ ഓർക്കുന്നു: ‘ഞാൻ നിനക്കു പകരം നിന്റെ സിംഹാസനത്തിൽ ഇരുത്തുന്ന നിന്റെ മകൻ എന്റെ നാമത്തിന്നു ഒരു ആലയം പണിയും.’ (5:5) തന്നിമിത്തം ശലോമോൻ ഇതിനുവേണ്ടി ഒരുക്കംചെയ്യുന്നു. സോരിലെ രാജാവായ ഹീരാം ലെബാനോനിൽനിന്നു ദേവദാരുവും സരളവൃക്ഷവും അയച്ചുകൊടുത്തുകൊണ്ടും വിദഗ്ധ ജോലിക്കാരെ കൊടുത്തുകൊണ്ടും സഹായിക്കുന്നു. ഇസ്രായേല്യർ ഈജിപ്തു വിട്ടുപോന്നതിന്റെ 480-ാം വർഷം, ശലോമോന്റെ വാഴ്ചയുടെ നാലാമാണ്ടിൽ ഇവരും ശലോമോന്റെ ഊഴിയ വേലക്കാരും ചേർന്നു യഹോവയുടെ ആലയത്തിന്റെ പണി തുടങ്ങുന്നു. (6:1) പണി നടക്കുന്ന സ്ഥലത്തു ചുററികകളോ കോടാലികളോ മറേറതെങ്കിലും ഇരുമ്പുപണിയായുധങ്ങളോ ഉപയോഗിക്കുന്നില്ല, കാരണം എല്ലാ കല്ലുകളും ചേർത്തുപണിയുന്നതിന് ആലയസ്ഥലത്തേക്കു കൊണ്ടുവരുന്നതിനുമുമ്പു കല്ലുമടയിൽ വെച്ചുതന്നെ ഒരുക്കുകയും തയ്യാർചെയ്യുകയും ചെയ്യുന്നു. ആലയത്തിന്റെ അകവശം മുഴുവൻ ആദ്യം ചുവരുകളിൽ ദേവദാരുവും തറയിൽ സരളമരവും നിരത്തിയിട്ട്, പിന്നീടു മനോഹരമായി സ്വർണം പൊതിയുന്നു. ഓരോന്നിനും പത്തുമുഴം (4.5 മീററർ) പൊക്കവും ഒരു ചിറകിന്റെ അററംമുതൽ മറേറ ചിറകിന്റെ അററംവരെ പത്തുമുഴവുമുളള രണ്ടു കെരൂബുകളുടെ രൂപങ്ങൾ ഒലിവ് മരംകൊണ്ട് ഉണ്ടാക്കി ഏററവും അകത്തെ മുറിയിൽ വെക്കുന്നു. മററു കെരൂബുകളും ഈന്തപ്പനരൂപങ്ങളും പുഷ്പങ്ങളും ആലയചുവരുകളിൽ കൊത്തിയുണ്ടാക്കുന്നു. ഒടുവിൽ ഏഴിലധികം വർഷത്തെ വേലക്കുശേഷം മഹനീയമായ ആലയം പൂർത്തിയാവുന്നു. ശലോമോൻ തന്റെ നിർമാണപരിപാടി തുടരുന്നു: തനിക്കുവേണ്ടി ഒരു വീടും ലെബാനോൻ വനഗൃഹവും സ്തംഭമണ്ഡപവും സിംഹാസനമണ്ഡപവും ഫറവോന്റെ പുത്രിക്കുവേണ്ടി ഒരു ഭവനവും. അവൻ യഹോവയുടെ ആലയമണ്ഡപത്തിനുവേണ്ടി രണ്ടു വലിയ താമ്രസ്തംഭങ്ങൾ, പ്രാകാരത്തിനുവേണ്ടി വാർപ്പുകടൽ, താമ്രവാഹനങ്ങൾ, താമ്രത്തൊട്ടികൾ, സ്വർണ ഉപകരണങ്ങൾ എന്നിവ ഉണ്ടാക്കുന്നു.c
9. യഹോവയുടെ ഏതു പ്രത്യക്ഷതയും ശലോമോന്റെ ഏതു പ്രാർഥനയും ഉടമ്പടിയുടെ പെട്ടകം കൊണ്ടുവരുന്നതിന്റെ സവിശേഷതയായിരിക്കുന്നു?
9 ഇപ്പോൾ പുരോഹിതൻമാർ യഹോവയുടെ ഉടമ്പടിയുടെ പെട്ടകം കൊണ്ടുവന്ന് ഏററവും അകത്തെ അറയിൽ, അതിവിശുദ്ധത്തിൽ, കെരൂബുകളുടെ ചിറകുകൾക്കു കീഴിൽ വെക്കാനുളള സമയമായി. പുരോഹിതൻമാർ പുറത്തുവരുമ്പോൾ അവർക്കു നിന്നു ശുശ്രൂഷചെയ്യാൻ മേലാൽ കഴിയാത്തവിധം ‘യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തിൽ നിറയുന്നു.’ (8:11) ശലോമോൻ ഇസ്രായേൽ സഭയെ അനുഗ്രഹിക്കുന്നു. അവൻ യഹോവയെ വാഴ്ത്തുകയും സ്തുതിക്കുകയും ചെയ്യുന്നു. മുട്ടുകുത്തിനിന്ന് ആകാശത്തേക്കു കൈകൾ വിരിച്ചുയർത്തി സ്വർഗാധിസ്വർഗങ്ങൾക്കു യഹോവയെ ഉൾക്കൊളളാൻ കഴിയുകയില്ലെന്നും താൻ പണികഴിപ്പിച്ചിരിക്കുന്ന ഈ ഭൗമികാലയത്തിന് അത്രയുംകൂടെ സാധ്യമല്ലെന്നും അവൻ പ്രാർഥനാപൂർവം സമ്മതിച്ചുപറയുന്നു. യഹോവയെ ഭയപ്പെടുന്ന സകലരും, അതേ ഒരു വിദൂരദേശത്തുനിന്നുളള ഒരു വിദേശിപോലും ഈ ആലയത്തിനുനേരെ തിരിഞ്ഞു പ്രാർഥിച്ചാൽ കേൾക്കണമെന്ന് അവൻ യഹോവയോടു പ്രാർഥിക്കുന്നു, “ഭൂമിയിലെ സകല ജാതികളും നിന്റെ ജനമായ യിസ്രായേൽ എന്നപോലെ നിന്നെ ഭയപ്പെടുവാ”ൻതന്നെ.—8:43.
10. ഏതു വാഗ്ദത്തത്തോടും പ്രാവചനിക മുന്നറിയിപ്പോടും കൂടെ യഹോവ ശലോമോന്റെ പ്രാർഥനക്ക് ഉത്തരം കൊടുക്കുന്നു?
10 പിന്നീടു നടക്കുന്ന 14 ദിവസത്തെ ഉത്സവത്തിൽ ശലോമോൻ 22,000 കാളകളെയും 1,20,000 ആടുകളെയും ബലികഴിക്കുന്നു. താൻ ശലോമോന്റെ പ്രാർഥന കേട്ടിരിക്കുന്നുവെന്നും താൻ തന്റെ “നാമം അതിൽ എന്നേക്കും” സ്ഥാപിച്ചുകൊണ്ട് ആലയത്തെ വിശുദ്ധീകരിച്ചിരിക്കുന്നുവെന്നും യഹോവ അവനോടു പറയുന്നു. ഇപ്പോൾ, ശലോമോൻ യഹോവയുടെ മുമ്പാകെ നിഷ്കളങ്കനായി നടക്കുമെങ്കിൽ അവന്റെ രാജ്യത്തിന്റെ സിംഹാസനം തുടരും. എന്നിരുന്നാലും ശലോമോനും അവനുശേഷം അവന്റെ പുത്രൻമാരും യഹോവയുടെ ആരാധന ഉപേക്ഷിച്ചു മററു ദൈവങ്ങളെ സേവിച്ചാൽ, അപ്പോൾ, യഹോവ പറയുന്നു, “ഞാൻ യിസ്രായേലിന്നു കൊടുത്തിരിക്കുന്ന ഭൂതലത്തുനിന്ന് അവരെ ഛേദിച്ചുകളയും; എന്റെ നാമത്തിനുവേണ്ടി ഞാൻ വിശുദ്ധീകരിച്ചിരിക്കുന്ന ആലയവും ഞാൻ എന്റെ മുമ്പാകെ നിന്നു തളളിക്കളയും; ഇസ്രായേൽ തീർച്ചയായും സകല ജനങ്ങളുടെയും ഇടയിൽ ഒരു പഴഞ്ചൊല്ലും പരിഹാസവും ആയിത്തീരും. ഈ ആലയം തന്നെ ശൂന്യകൂമ്പാരങ്ങളായിത്തീരും.”—9:3, 7, 8, NW.
11. ശലോമോന്റെ ധനവും ജ്ഞാനവും എത്ര വിപുലമായിത്തീരുന്നു?
11 രണ്ടു ഭവനങ്ങൾ, യഹോവയുടെ ആലയവും രാജാവിന്റെ അരമനയും, പൂർത്തിയാക്കാൻ ശലോമോൻ 20 വർഷമെടുത്തു. ഇപ്പോൾ അവൻ തന്റെ ഭരണപ്രദേശത്തുടനീളം അനേകം നഗരങ്ങളും വിദൂരദേശങ്ങളുമായി കച്ചവടം നടത്തുന്നതിനു കപ്പലുകളും പണിതു തുടങ്ങുന്നു. അങ്ങനെ ശേബായിലെ രാജ്ഞി യഹോവ ശലോമോനു കൊടുത്തിരിക്കുന്ന വലിയ ജ്ഞാനത്തെക്കുറിച്ചു കേൾക്കുന്നു. അവൾ കുഴപ്പിക്കുന്ന ചോദ്യങ്ങളുമായി അവനെ പരീക്ഷിക്കാൻ വരുന്നു. അവന്റെ സംസാരം കേൾക്കുകയും ജനത്തിന്റെ ഐശ്വര്യവും സന്തുഷ്ടിയും കാണുകയും ചെയ്തശേഷം അവൾ ഉദ്ഘോഷിക്കുകയാണ്: “പാതിപോലും ഞാൻ അറിഞ്ഞിരുന്നില്ല.” (10:7) യഹോവ ഇസ്രായേലിനോടു സ്നേഹം പ്രകടമാക്കുന്നതിൽ തുടരുമ്പോൾ ശലോമോൻ “ഭൂമിയിലെ സകലരാജാക്കൻമാരിലുംവെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികച്ചവനായി”ത്തീരുന്നു.—10:23.
12. (എ) ശലോമോൻ എന്തിൽ പരാജയപ്പെടുന്നു, വിപ്ലവത്തിന്റെ ഏതു വിത്തുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങുന്നു? (ബി) അഹീയാവ് എന്തു പ്രവചിക്കുന്നു?
12 ശലോമോന്റെ അവിശ്വസ്തതയും മരണവും (11:1-43). യഹോവയുടെ കൽപ്പനക്കു വിരുദ്ധമായി ശലോമോൻ മററു ജനതകളിൽനിന്ന് അനേകം ഭാര്യമാരെ എടുക്കുന്നു.—700 ഭാര്യമാരെയും 300 വെപ്പാട്ടിമാരെയും. (ആവ. 17:17) അവന്റെ ഹൃദയം മററു ദൈവങ്ങളെ സേവിക്കാൻ വശീകരിക്കപ്പെടുന്നു. രാജ്യം അവനിൽനിന്നു പറിച്ചുകീറി മാററപ്പെടുമെന്നു യഹോവ പറയുന്നു, അവന്റെ നാളിലല്ല, പുത്രന്റെ നാളിൽ. എന്നിരുന്നാലും, രാജ്യത്തിന്റെ ഒരു ഭാഗം, അതായതു യഹൂദയ്ക്കു പുറമേ ഒരു ഗോത്രംകൂടെ, ശലോമോന്റെ പുത്രൻമാരാൽ ഭരിക്കപ്പെടും. ദൈവം സമീപജനതകളിൽ ശലോമോനു പ്രതിയോഗികളെ എഴുന്നേൽപ്പിച്ചു തുടങ്ങുന്നു. എഫ്രയീം ഗോത്രത്തിൽപ്പെട്ട യൊരോബെയാമും രാജാവിനെതിരെ തന്നെത്താൻ ഉയർത്തുന്നു. യൊരോബെയാം ഇസ്രായേലിലെ പത്തുഗോത്രങ്ങളുടെമേൽ രാജാവായിത്തീരുമെന്ന് അഹീയാപ്രവാചകൻ അവനോടു പറയുന്നു. യൊരോബെയാം ജീവരക്ഷാർഥം ഈജിപ്തിലേക്ക് ഓടിപ്പോകുന്നു. 40 വർഷം വാണശേഷം ശലോമോൻ മരിക്കുന്നു. അവന്റെ പുത്രൻ രെഹബെയാം പൊ.യു.മു. 997-ാമാണ്ടിൽ രാജാവായിത്തീരുന്നു.
13. രെഹബെയാം വാഴ്ചതുടങ്ങുമ്പോൾ രാജ്യത്തു വിഭജനം നടക്കുന്നത് എങ്ങനെ, യൊരോബെയാം തന്റെ രാജത്വത്തെ സുരക്ഷിതമാക്കാൻ ശ്രമിക്കുന്നത് എങ്ങനെ?
13 രാജ്യം വിഭജിക്കപ്പെടുന്നു (12:1–14:20). യൊരോബെയാം ഈജിപ്തിൽനിന്നു മടങ്ങിവരുകയും രെഹബെയാമിനോടു ശലോമോൻ തങ്ങളുടെമേൽ വെച്ചിരുന്ന സകല ഭാരങ്ങളിൽനിന്നും ആശ്വാസത്തിന് അപേക്ഷിക്കാൻ ജനങ്ങളുമായി കയറിച്ചെല്ലുകയും ചെയ്യുന്നു. ഇസ്രായേലിലെ മൂപ്പൻമാരുടെ ജ്ഞാനോപദേശത്തിനു പകരം ചെറുപ്പക്കാരെ കേട്ടനുസരിച്ചുകൊണ്ടു രെഹബെയാം ദുരിതങ്ങൾ വർധിപ്പിക്കുന്നു. ഇസ്രായേൽ വിപ്ലവമുണ്ടാക്കുന്നു, വടക്കുളള പത്തുഗോത്രങ്ങളുടെമേൽ യൊരോബെയാമിനെ രാജാവാക്കുന്നു. യഹൂദയും ബെന്യാമീനും മാത്രം കിട്ടിയ രെഹബെയാം വിമതരോടു പോരാടാൻ സൈന്യത്തെ ചേർക്കുന്നു. എന്നാൽ യഹോവയുടെ കൽപ്പനപ്രകാരം അവൻ പിൻമാറുന്നു. യൊരോബെയാം ശേഖേമിനെ തന്റെ തലസ്ഥാനമായി പണിയുന്നു. എന്നാൽ അവനു പിന്നെയും അരക്ഷിതത്വം തോന്നുന്നു. ജനം യഹോവയെ ആരാധിക്കാൻ യെരുശലേമിലേക്കു മടങ്ങിപ്പോകുമെന്നും അവർ വീണ്ടും രെഹബെയാമിനു കീഴിലാകുമെന്നും അവൻ ഭയപ്പെടുന്നു. ഇതു തടയുന്നതിന്, അവൻ രണ്ടു സ്വർണക്കാളക്കുട്ടികളെ സ്ഥാപിക്കുന്നു, ഒന്നു ദാനിലും ഒന്നു ബെഥേലിലും. ആരാധനയെ നയിക്കുന്നതിന് അവൻ ലേവിഗോത്രത്തിൽനിന്നല്ല, പിന്നെയോ പൊതുജനങ്ങളുടെയിടയിൽനിന്നു പുരോഹിതൻമാരെ തിരഞ്ഞെടുക്കുന്നു.d
14. യൊരോബെയാമിന്റെ ഭവനത്തിനെതിരെ എന്തു പ്രാവചനികമുന്നറിയിപ്പു മുഴക്കുന്നു, ഏതു വിപത്തുകൾ തുടങ്ങുന്നു?
14 യൊരോബെയാം ബെഥേലിലെ യാഗപീഠത്തിൽ ബലിയർപ്പിച്ചുകൊണ്ടിരിക്കുമ്പോൾ ഈ വ്യാജാരാധനയുടെ യാഗപീഠത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാനിരിക്കുന്ന യോശീയാവ് എന്നു പേരുളള ഒരു രാജാവിനെ ദാവീദിന്റെ വംശത്തിൽനിന്ന് എഴുന്നേൽപ്പിക്കുമെന്ന് അവനു മുന്നറിയിപ്പുകൊടുക്കാൻ യഹോവ ഒരു പ്രവാചകനെ അയയ്ക്കുന്നു. ഒരു അടയാളമെന്ന നിലയിൽ തൽക്ഷണം അവിടെവെച്ചുതന്നെ യാഗപീഠം പിളർന്നുപോകുന്നു. തന്റെ ദൗത്യനിർവഹണത്തിലേർപ്പെട്ടിരിക്കുമ്പോൾ തിന്നുകയോ കുടിക്കുകയോ ചെയ്യരുതെന്നുളള യഹോവയുടെ നിർദേശം അനുസരിക്കാഞ്ഞതിനാൽ ആ പ്രവാചകൻതന്നെ പിന്നീട് ഒരു സിംഹത്താൽ കൊല്ലപ്പെടുന്നു. ഇപ്പോൾ യൊരോബെയാമിന്റെ കുടുംബത്തിൻമേൽ വിപത്തു ബാധിച്ചുതുടങ്ങുന്നു. യഹോവയിൽനിന്നുളള ഒരു ന്യായവിധിയെന്നോണം അവന്റെ കുട്ടി മരണമടയുന്നു. ഇസ്രായേലിൽ വ്യാജദൈവങ്ങളെ സ്ഥാപിച്ചതിലുളള തന്റെ വലിയ പാപം നിമിത്തം യൊരോബെയാമിന്റെ ഭവനം പൂർണമായും ഛേദിക്കപ്പെടുമെന്നു ദൈവത്തിന്റെ പ്രവാചകനായ അഹീയാവു മുൻകൂട്ടിപ്പറയുന്നു. 22 വർഷം വാണശേഷം യൊരോബെയാം മരിക്കുന്നു, അവന്റെ പുത്രനായ നാദാബ് പകരം രാജാവായിത്തീരുന്നു.
15. യഹൂദയിലെ അടുത്ത മൂന്നു രാജാക്കൻമാരുടെ വാഴ്ചക്കാലത്ത് ഏതു സംഭവങ്ങൾ നടക്കുന്നു?
15 യഹൂദയിൽ: രെഹബെയാമും അബീയാമും ആസായും (14:21–15:24). ഇതിനിടയിൽ രെഹബെയാമിന്റെ കീഴിൽ യഹൂദയും യഹോവയുടെ ദൃഷ്ടിയിൽ വഷളായതു ചെയ്യുകയും വിഗ്രഹാരാധന നടത്തുകയുമാണ്. ഈജിപ്തിലെ രാജാവ് ആക്രമിച്ച് ആലയനിക്ഷേപങ്ങളിലനേകവും എടുത്തുകൊണ്ടുപോകുന്നു. 17 വർഷം ഭരിച്ചശേഷം രെഹബെയാം മരിക്കുന്നു. അവന്റെ പുത്രൻ അബീയാം രാജാവായിത്തീരുന്നു. അവനും യഹോവക്കെതിരെ പാപംചെയ്യുന്നതിൽ തുടരുന്നു. മൂന്നു വർഷത്തെ വാഴ്ചക്കുശേഷം അവൻ മരിക്കുന്നു. ഇപ്പോൾ അവന്റെ പുത്രനായ ആസാ ഭരിക്കുന്നു. അവൻ വ്യത്യസ്തമായി, യഹോവയെ പൂർണഹൃദയത്തോടെ സേവിക്കുകയും ദേശത്തുനിന്നു കാഷ്ഠവിഗ്രഹങ്ങളെ നീക്കിക്കളയുകയും ചെയ്യുന്നു. ഇസ്രായേലും യഹൂദയും തമ്മിൽ നിരന്തരം യുദ്ധമുണ്ട്. ആസാ സിറിയയിൽനിന്നു സഹായം തേടുന്നു, ഇസ്രായേൽ പിൻമാറാൻ നിർബന്ധിതരായിത്തീരുന്നു. ആസാ 41 വർഷം ഭരിക്കുകയും അവന്റെ പുത്രനായ യെഹോശാഫാത്ത് പിൻഗാമിയായിത്തീരുകയും ചെയ്യുന്നു.
16. ഇസ്രായേലിൽ ഇപ്പോൾ ഏതു പ്രക്ഷുബ്ധ സംഭവങ്ങൾ നടക്കുന്നു, എന്തുകൊണ്ട്?
16 ഇസ്രായേലിൽ നാദാബ്, ബയെശ, ഏലാ, സിമ്രി, തിബ്നി, ഒമ്രി, ആഹാബ് എന്നിവർ (15:25–16:34). എന്തൊരു ദുഷ്ട സമൂഹം! രണ്ടു വർഷം മാത്രം ഭരിച്ചുകഴിഞ്ഞ നാദാബിനെ ബയെശ കൊല്ലുകയും യൊരോബെയാമിന്റെ മുഴു ഗൃഹത്തെയും നിർമൂലമാക്കുന്നതുവരെ സംഹാരം തുടരുകയും ചെയ്യുന്നു. അയാൾ വ്യാജാരാധനയിലും യഹൂദയുമായുളള പോരാട്ടത്തിലും തുടരുന്നു. അവൻ യൊരോബെയാമിന്റെ ഗൃഹത്തോടു ചെയ്തതുപോലെ ബയെശയുടെ ഗൃഹത്തെയും തുടച്ചുനീക്കുമെന്നു യഹോവ മുൻകൂട്ടിപ്പറയുന്നു. ബയെശയുടെ 24 വർഷത്തെ വാഴ്ചക്കുശേഷം അവന്റെ പുത്രനായ ഏലാ പിൻഗാമിയായിത്തീരുന്നു, അവനെ രണ്ടു വർഷം കഴിഞ്ഞ് അവന്റെ ദാസനായ സിമ്രി കൊലപ്പെടുത്തുന്നു. സിമ്രി സിംഹാസനാരോഹണം ചെയ്ത ഉടനെ ബയെശയുടെ ഗൃഹത്തെയെല്ലാം വകവരുത്തുന്നു. ജനങ്ങൾ ഇതിനെക്കുറിച്ചു കേൾക്കുമ്പോൾ അവർ സേനാധിപനായ ഒമ്രിയെ രാജാവാക്കുകയും സിമ്രിയുടെ തലസ്ഥാനമായ തിർസയെ ആക്രമിക്കുകയും ചെയ്യുന്നു. സകലവും നഷ്ടമായെന്നു കാണുമ്പോൾ സിമ്രി രാജാവിന്റെ അരമനയിലിരുന്ന് അതിനു തീവെക്കുകയും അങ്ങനെ മരിക്കുകയും ചെയ്യുന്നു. ഇപ്പോൾ തിബ്നി ഒരു എതിർരാജാവായി വാഴാൻ ശ്രമിക്കുന്നു, എന്നാൽ കുറേ കാലത്തിനുശേഷം ഒമ്രിയുടെ അനുഗാമികൾ അവനെ കീഴടക്കുകയും കൊല്ലുകയും ചെയ്യുന്നു.
17. (എ) ഒമ്രിയുടെ ഭരണം എന്തു നിമിത്തം ശ്രദ്ധിക്കപ്പെടുന്നു? (ബി) ആഹാബിന്റെ വാഴ്ചക്കാലത്തു സത്യാരാധന ഏററവും അധോഗതിയിലായത് എന്തുകൊണ്ട്?
17 ഒമ്രി ശമര്യപർവതം വാങ്ങി അവിടെ ശമര്യനഗരം പണികഴിപ്പിക്കുന്നു. അവൻ യൊരോബെയാമിന്റെ സകലവഴികളിലും നടക്കുകയും യഹോവയെ വിഗ്രഹാരാധനകൊണ്ടു മുഷിപ്പിക്കുകയും ചെയ്യുന്നു. യഥാർഥത്തിൽ അവൻ തനിക്കുമുമ്പുളള മറെറല്ലാവരെക്കാളും വഷളനാണ്. 12 വർഷം വാണശേഷം അവൻ മരിക്കുന്നു, പുത്രനായ ആഹാബ് രാജാവായിത്തീരുന്നു. ആഹാബ് സീദോനിലെ രാജാവിന്റെ മകളായ ഇസബേലിനെ വിവാഹം കഴിക്കുന്നു, അനന്തരം ശമര്യയിൽ ബാലിന് ഒരു യാഗപീഠം പണിയുന്നു. അവൻ ദുഷ്ടതയിൽ തന്റെ മുൻഗാമികളെയെല്ലാം കടത്തിവെട്ടുന്നു. ഈ സമയത്താണു ബെഥേല്യനായ ഹീയേൽ യെരീഹോ നഗരം പണിയുകയും അവന്റെ ആദ്യജാതപുത്രന്റെയും ഏററവും ഇളയ മകന്റെയും ജീവൻ നഷ്ടപ്പെടുത്തുകയും ചെയ്യുന്നത്. സത്യാരാധന ഏററവും അധോഗതിയിലാണ്.
18. ഏലിയാവ് ഇസ്രായേലിലെ തന്റെ പ്രവാചകവേല ഏതു പ്രഖ്യാപനത്തോടെ തുടങ്ങുന്നു, അവൻ ഇസ്രായേലിന്റെ കുഴപ്പങ്ങളുടെ യഥാർഥ കാരണം ചൂണ്ടിക്കാട്ടുന്നതെങ്ങനെ?
18 ഇസ്രായേലിൽ ഏലിയാവിന്റെ പ്രവാചകവേല (17:1–22:40). പെട്ടെന്നു യഹോവയിൽ നിന്നുളള ഒരു സന്ദേശവാഹകൻ രംഗത്തു പ്രത്യക്ഷപ്പെടുന്നു. അതു തിശ്ബ്യനായ ഏലിയാവാണ്.e ആഹാബ്രാജാവിനോടുളള അവന്റെ പ്രാരംഭ പ്രഖ്യാപനം തീർച്ചയായും ഞെട്ടിക്കുന്നതാണ്: “ഞാൻ സേവിച്ചുനിൽക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവയാണ, ഞാൻ പറഞ്ഞല്ലാതെ ഈയാണ്ടുകളിൽ മഞ്ഞും മഴയും ഉണ്ടാകയില്ല.” (17:1) പെട്ടെന്നുതന്നെ ഏലിയാവ് യഹോവയുടെ നിർദേശപ്രകാരം യോർദാനു കിഴക്കുളള ഒരു താഴ്വരയിലേക്കു പിൻമാറുന്നു. ഇസ്രായേലിൽ വരൾച്ചയാണ്, എന്നാൽ കാക്കകൾ ഏലിയാവിന് ആഹാരം എത്തിച്ചുകൊടുക്കുന്നു. താഴ്വരയിലെ അരുവി വററുമ്പോൾ സീദോനിലെ സാരെഫാത്തിൽ വസിക്കുന്നതിനു യഹോവ തന്റെ പ്രവാചകനെ അയയ്ക്കുന്നു. ഏലിയാവിനോടുളള ഒരു വിധവയുടെ ദയനിമിത്തം യഹോവ അത്ഭുതകരമായി അവളുടെ അൽപ്പം മാവിന്റെയും എണ്ണയുടെയും ലഭ്യത നിലനിർത്തുന്നതുകൊണ്ട് അവളും പുത്രനും വിശപ്പുകൊണ്ടു മരിക്കുന്നില്ല. പിന്നീട് അവളുടെ പുത്രൻ രോഗിയായി മരിക്കുന്നു. എന്നാൽ ഏലിയാവിന്റെ അഭ്യർഥനപ്രകാരം യഹോവ കുട്ടിയുടെ ജീവൻ തിരികെ കൊടുക്കുന്നു. അനന്തരം വരൾച്ചയുടെ മൂന്നാം വർഷം യഹോവ ഏലിയാവിനെ വീണ്ടും ആഹാബിന്റെ അടുക്കലേക്ക് അയയ്ക്കുന്നു. ഏലിയാവ് ഇസ്രായേലിൻമേൽ കഷ്ടപ്പാടു വരുത്തുന്നുവെന്ന് ആഹാബ് അവനെ കുററപ്പെടുത്തുന്നു. എന്നാൽ ബാലുകളെ പിന്തുടരുക നിമിത്തം, “നീയും നിന്റെ പിതൃഭവനവുമത്രേ” അതു ചെയ്യുന്നത് എന്ന് ഏലിയാവു സധൈര്യം ആഹാബിനോടു പറയുന്നു.—18:18.
19. ദൈവത്വത്തിന്റെ വിവാദവിഷയം എങ്ങനെ അവതരിപ്പിക്കപ്പെടുന്നു, യഹോവയുടെ പരമോന്നതത്വം എങ്ങനെ തെളിയിക്കപ്പെടുന്നു?
19 ബാലിന്റെ സകല പ്രവാചകൻമാരെയും കർമേൽ പർവതത്തിൽ വിളിച്ചുകൂട്ടാൻ ഏലിയാവ് ആഹാബിനോട് ആവശ്യപ്പെടുന്നു. രണ്ട് അഭിപ്രായങ്ങളിൽ ആടി നിൽക്കാൻ മേലാൽ സാധ്യമല്ല. വാദവിഷയം അവതരിപ്പിക്കപ്പെടുന്നു: യഹോവ ബാലിനെതിരെ! സകല ജനത്തിനും മുമ്പാകെ ബാലിന്റെ 450 പ്രവാചകൻമാർ ഒരു കാളയെ ഒരുക്കി യാഗപീഠത്തിൻമേലുളള വിറകിൻമീതെ വെച്ചിട്ടു തീയിറങ്ങി യാഗം ദഹിപ്പിക്കാൻ പ്രാർഥിക്കുന്നു. രാവിലെ തുടങ്ങി ഉച്ചവരെ അവർ വ്യർഥമായി ബാലിനെ വിളിക്കുന്നു, ഇടയ്ക്ക് ഏലിയാവിന്റെ പരിഹാസങ്ങളും. അവർ അലറുകയും തങ്ങളേത്തന്നെ മുറിവേൽപ്പിക്കുകയും ചെയ്യുന്നു, എന്നാൽ ഉത്തരമില്ല! പിന്നെ ഏകാകിയായ ഏലിയാവ് യഹോവയുടെ നാമത്തിൽ ഒരു യാഗപീഠം പണിതു യാഗത്തിനുളള വിറകും കാളയും ഒരുക്കുന്നു. അവൻ യാഗവും വിറകും ജനങ്ങളെക്കൊണ്ടു വെളളമൊഴിപ്പിച്ചു മൂന്നു പ്രാവശ്യം നനപ്പിക്കുന്നു, പിന്നീട് അവൻ യഹോവയോടു പ്രാർഥിക്കുന്നു: “യഹോവേ, എനിക്കു ഉത്തരമരുളേണമേ; നീ ദൈവംതന്നെ . . . എന്നു ഈ ജനം അറിയേണ്ടതിനു എനിക്കു ഉത്തരമരുളേണമേ.” അതിങ്കൽ ആകാശത്തുനിന്നു തീ ജ്വലിച്ചു യാഗവും വിറകും യാഗപീഠകല്ലുകളും പൊടിയും വെളളവും ദഹിപ്പിക്കുന്നു. സകല ആളുകളും അതു കാണുമ്പോൾ അവർ ഉടൻതന്നെ കവിണ്ണുവീണ്, “യഹോവ തന്നേ ദൈവം, യഹോവ തന്നേ ദൈവം” എന്നു പറയുന്നു. (18:37, 39) ബാലിന്റെ പ്രവാചകൻമാർക്കു മരണം! ഏലിയാവുതന്നെ സംഹാരത്തിന്റെ ചുമതല വഹിക്കുന്നു, തന്നിമിത്തം ആരും രക്ഷപ്പെടുന്നില്ല. അനന്തരം യഹോവ ഇസ്രായേലിലെ വരൾച്ച അവസാനിപ്പിച്ചുകൊണ്ടു മഴ നൽകുന്നു.
20. (എ) യഹോവ ഹോരേബിൽ ഏലിയാവിന് എങ്ങനെ പ്രത്യക്ഷനാകുന്നു, അവൻ ഏതു പ്രബോധനവും ആശ്വാസവും പ്രദാനംചെയ്യുന്നു? (ബി) ആഹാബ് ഏതു പാപവും കുററകൃത്യവും ചെയ്യുന്നു?
20 ബാലിന്റെ അവമാനത്തെക്കുറിച്ചുളള വാർത്ത ഇസബേൽ കേൾക്കുമ്പോൾ അവൾ ഏലിയാവിനെ കൊല്ലാൻ ശ്രമിക്കുന്നു. അവൻ ഭയന്നു തന്റെ സേവകനോടൊത്തു മരുഭൂമിയിലേക്ക് ഓടിപ്പോകുന്നു, യഹോവ അവനെ ഹോരേബിലേക്കു നയിക്കുന്നു. അവിടെ യഹോവ അവനു പ്രത്യക്ഷപ്പെടുന്നു—അല്ല, പകിട്ടോടെയല്ല, ഒരു കാററിലോ ഒരു ഭൂകമ്പത്തിലോ തീയിലോ അല്ല, പിന്നെയോ ‘സാവധാനത്തിൽ ഒരു മൃദു സ്വരത്തിൽ.’ (19:11, 12) ഹസായേലിനെ സിറിയയിലെ രാജാവായും യേഹുവിനെ ഇസ്രായേലിൻമേൽ രാജാവായും എലീശായെ തന്റെ സ്ഥാനത്തു പ്രവാചകനായും അഭിഷേകംചെയ്യാൻ യഹോവ അവനോടു പറയുന്നു. ഇസ്രായേലിലെ 7,000 പേർ ബാലിനു മുട്ടുമടക്കിയിട്ടില്ലെന്നുളള വാർത്തയാൽ അവൻ ഏലിയാവിനെ ആശ്വസിപ്പിക്കുന്നു. തന്റെ അങ്കി എലീശയുടെ മേൽ ഇട്ടുകൊണ്ട് അവനെ അഭിഷേകം ചെയ്യാൻ ഏലിയാവ് സത്വരം പുറപ്പെടുന്നു. ആഹാബ് ഇപ്പോൾ സിറിയക്കാരുടെമേൽ രണ്ടു വിജയങ്ങൾ നേടുന്നു, എന്നാൽ അവരുടെ രാജാവിനെ കൊല്ലാതെ അയാളുമായി ഒരു ഉടമ്പടി ഉണ്ടാക്കുന്നതുനിമിത്തം യഹോവയാൽ ശാസിക്കപ്പെടുന്നു. ഇനി നാബോത്തിന്റെ സംഗതി വരുന്നു, അയാളുടെ മുന്തിരിത്തോട്ടം ആഹാബ് കൊതിക്കുന്നു. ഇസബേൽ നാബോത്തിനെതിരെ കളളസാക്ഷികളെക്കൊണ്ടു കുററം ചുമത്തിച്ച് അയാളെ വധിക്കുന്നു, അങ്ങനെ ആഹാബിനു മുന്തിരിത്തോട്ടം എടുക്കാൻ കഴിയുന്നു. എന്തൊരു അക്ഷന്തവ്യമായ കുററകൃത്യം!
21. (എ) ഏലിയാവ് ആഹാബിനും അവന്റെ ഗൃഹത്തിനും ഇസബേലിനും ഏതു നാശം ഉച്ചരിക്കുന്നു? (ബി) ആഹാബിന്റെ മരണത്തിങ്കൽ ഏതു പ്രവചനം നിവൃത്തിയാകുന്നു?
21 വീണ്ടും ഏലിയാവു പ്രത്യക്ഷപ്പെടുന്നു. നാബോത്തു മരിച്ചടത്തു നായ്ക്കൾ ആഹാബിന്റെ രക്തം നക്കുമെന്നും യൊരോബെയാമിന്റെയും ബയെശയുടെയും ഗൃഹത്തെപ്പോലെ അവന്റെ ഗൃഹവും നിർമൂലമാക്കപ്പെടുമെന്നും ഏലിയാവ് ആഹാബിനോടു പറയുന്നു. യിസ്രെയേൽ ദേശത്തെ വസ്തുവിൽവെച്ചു നായ്ക്കൾ ഇസബേലിനെ തിന്നുകളയും. “എന്നാൽ യഹോവക്കു അനിഷ്ടമായുളളതു ചെയ്വാൻ തന്നെത്താൻ വിററുകളഞ്ഞ ആഹാബിനെപ്പോലെ ആരും ഉണ്ടായിട്ടില്ല. അവന്റെ ഭാര്യ ഈസേബേൽ അവനെ അതിനായി ഉത്സാഹിപ്പിച്ചിരുന്നു.” (21:25) പക്ഷേ, ആഹാബ് ഏലിയാവിന്റെ വാക്കുകൾ കേട്ടതോടെ തന്നെത്താൻ താഴ്ത്തിയതുകൊണ്ട് അനർഥം അവന്റെ നാളുകളിലല്ല, അവന്റെ പുത്രന്റെ നാളുകളിൽ വരുമെന്നു യഹോവ പറയുന്നു. ആഹാബ് ഇപ്പോൾ യഹൂദയിലെ രാജാവായ യെഹോശാഫാത്തിനോടു ചേർന്നു സിറിയക്കെതിരായ യുദ്ധത്തിന് ഒരുങ്ങുന്നു. യഹോവയുടെ പ്രവാചകനായ മീഖായാവിന്റെ ഉപദേശത്തിനു വിരുദ്ധമായി അവർ യുദ്ധത്തിനു പോകുന്നു. യുദ്ധത്തിൽ ഏററ മുറിവുകളാൽ ആഹാബ് മരിക്കുന്നു. അവന്റെ രഥം ശമര്യയിലെ കുളത്തിങ്കൽ കഴുകുമ്പോൾ നായ്ക്കൾ അവന്റെ രക്തം നക്കുന്നു, ഏലിയാവു പ്രവചിച്ചിരുന്നതുപോലെതന്നെ. അവന്റെ പുത്രനായ അഹസ്യാവ് പകരം രാജാവായിത്തീരുന്നു.
22. യഹൂദയിലെ യെഹോശാഫാത്തിന്റെയും ഇസ്രായേലിലെ അഹസ്യാവിന്റെയും വാഴ്ചകളുടെ സ്വഭാവങ്ങളേവ?
22 യെഹോശാഫാത്ത് യഹൂദയിൽ വാഴുന്നു (22:41-53). സിറിയയുമായുളള യുദ്ധത്തിന് ആഹാബിനോടുകൂടെ പോയ യെഹോശാഫാത്ത് തന്റെ പിതാവായ ആസായെപ്പോലെ യഹോവയോടു വിശ്വസ്തനാണ്, എന്നാൽ അവൻ വ്യാജാരാധനയുടെ ഉന്നതസ്ഥലങ്ങളെ മുഴുവനായി നീക്കംചെയ്യുന്നതിൽ പരാജയപ്പെടുന്നു. 25 വർഷം ഭരിച്ചശേഷം അവൻ മരിക്കുന്നു, അവന്റെ പുത്രനായ യെഹോരാം രാജാവായിത്തീരുന്നു. വടക്ക് ഇസ്രായേലിൽ യഹോവയെ തന്റെ ബാലാരാധനയാൽ മുഷിപ്പിച്ചുകൊണ്ട് അഹസ്യാവ് തന്റെ പിതാവിന്റെ കാൽചുവടുകളെ പിന്തുടരുന്നു.
എന്തുകൊണ്ടു പ്രയോജനപ്രദം
23. ഒന്നു രാജാക്കൻമാർ പ്രാർഥനസംബന്ധിച്ച് എന്ത് ഉറപ്പും പ്രോത്സാഹനവും നൽകുന്നു?
23 ഒന്നു രാജാക്കൻമാരിലെ ദിവ്യപ്രബോധനത്തിൽനിന്നു വലിയ പ്രയോജനം നേടാനുണ്ട്. ഒന്നാമതായി പ്രാർഥനയുടെ സംഗതി പരിചിന്തിക്കുക. അത് ഈ പുസ്തകത്തിൽ വളരെ കൂടെക്കൂടെ മുൻപന്തിയിലേക്കു വരുന്നുണ്ട്. ശലോമോൻ ഇസ്രായേലിലെ രാജത്വത്തിന്റെ ഭയങ്കര ഉത്തരവാദിത്വത്തെ അഭിമുഖീകരിച്ചപ്പോൾ ഒരു കുട്ടിയുടെ രീതിയിൽ യഹോവയോടു വിനീതമായി പ്രാർഥിച്ചു. അവൻ വിവേചനക്കും അനുസരണമുളള ഒരു ഹൃദയത്തിനും വേണ്ടി മാത്രമാണ് അപേക്ഷിച്ചത്, എന്നാൽ കവിഞ്ഞൊഴുകുന്ന അളവിലുളള ജ്ഞാനത്തിനു പുറമേ ധനവും മഹത്ത്വവും യഹോവ അവനു കൊടുത്തു. (3:7-9, 12-14) ജ്ഞാനത്തിനും യഹോവയുടെ സേവനത്തിലെ മാർഗനിർദേശത്തിനുമായുളള നമ്മുടെ വിനീതമായ പ്രാർഥനകൾക്ക് ഉത്തരം കിട്ടാതെപോകുകയില്ലെന്നു നമുക്ക് ഇന്ന് ഉറപ്പുണ്ടായിരിക്കാം! (യാക്കോ. 1:5) ആലയസമർപ്പണവേളയിൽ ശലോമോൻ ചെയ്തതുപോലെ നമുക്ക് എല്ലായ്പോഴും യഹോവയുടെ സകല നൻമയോടുമുളള അഗാധമായ വിലമതിപ്പോടെ ഹൃദയപൂർവം ഉത്സുകമായി പ്രാർഥിക്കാം! (1 രാജാ. 8:22-53) നമ്മുടെ പ്രാർഥനകൾ പരിശോധനാസമയത്തും ഭൂതാരാധകരായ ഒരു ജനതയെ അഭിമുഖീകരിച്ചപ്പോഴും ഏലിയാവു നടത്തിയ പ്രാർഥനകൾപോലെ എല്ലായ്പോഴും യഹോവയിലുളള സമ്പൂർണമായ ആശ്രയത്തിന്റെയും വിശ്വാസത്തിന്റെയും മുദ്ര വഹിക്കട്ടെ! പ്രാർഥനയിൽ തന്നെ അന്വേഷിക്കുന്നവർക്കുവേണ്ടി യഹോവ അത്ഭുതകരമായി കരുതുന്നു.—1 രാജാ. 17:20-22; 18:36-40; 1 യോഹ. 5:14.
24. ഒന്നു രാജാക്കൻമാരിൽ ഏതു മുന്നറിയിപ്പിൻ ദൃഷ്ടാന്തങ്ങൾ വിവരിക്കപ്പെടുന്നു, വിശേഷിച്ചു മേൽവിചാരകൻമാർ ശ്രദ്ധിക്കേണ്ടത് എന്തുകൊണ്ട്?
24 കൂടാതെ, യഹോവയുടെ മുമ്പാകെ തങ്ങളേത്തന്നെ താഴ്ത്താഞ്ഞവരുടെ ദൃഷ്ടാന്തങ്ങളാലും നാം മുന്നറിയിപ്പു സ്വീകരിക്കേണ്ടതാണ്. ദൈവം ‘അത്തരം അഹങ്കാരികളോടു’ എത്ര ‘എതിർത്തുനിൽക്കുന്നു’! (1 പത്രൊ. 5:5) തനിക്കു യഹോവയുടെ ദിവ്യാധിപത്യ നിയമനത്തെ മറികടക്കാമെന്നു വിചാരിച്ച അദോനീയാവും (1 രാജാ. 1:5; 2:24, 25), തനിക്ക് അതിർകടക്കാമെന്നും വീണ്ടും തിരികെ വരാമെന്നും വിചാരിച്ച ശിമെയിയും (2:37, 41-46), തന്റെ പിൽക്കാലവർഷങ്ങളിൽ അനുസരണക്കേടുനിമിത്തം യഹോവയിൽനിന്നു പ്രതിയോഗികൾ വരാനിടയാക്കിയ ശലോമോനും (11:9-14, 23-26), വിപത്കരമെന്നു തെളിഞ്ഞ വ്യാജമതം ആചരിച്ചിരുന്ന ഇസ്രായേലിലെ രാജാക്കൻമാരും (13:33, 34; 14:7-11; 16:1-4) ഉണ്ട്. തന്നെയുമല്ല, ആഹാബിന്റെ സിംഹാസനത്തിനു പിന്നിലെ ശക്തിയായിരുന്ന ദുഷ്ട ദുർമോഹി ഇസബേൽ ഉണ്ടായിരുന്നു, അവളുടെ കുപ്രസിദ്ധ ദൃഷ്ടാന്തം ഒരു ആയിരം വർഷം കഴിഞ്ഞു തുയഥൈരയിലെ സഭക്കുളള ഒരു മുന്നറിയിപ്പിൽ ഉപയോഗിക്കപ്പെട്ടു: “എങ്കിലും താൻ പ്രവാചകി എന്നു പറഞ്ഞു ദുർന്നടപ്പു ആചരിപ്പാനും വിഗ്രഹാർപ്പിതം തിൻമാനും എന്റെ ദാസൻമാരെ ഉപദേശിക്കയും തെററിച്ചുകളകയും ചെയ്യുന്ന ഈസബേൽ എന്ന സ്ത്രീയെ നീ അനുവദിക്കുന്നു എന്നൊരു കുററം നിന്നെക്കുറിച്ചു പറവാൻ ഉണ്ടു.” (വെളി. 2:20) മേൽവിചാരകൻമാർ സഭകളെ ശുദ്ധമായും സകല ഇസബേൽസമാന സ്വാധീനങ്ങളിൽനിന്നു വിമുക്തമായും സൂക്ഷിക്കേണ്ടതാണ്!—പ്രവൃത്തികൾ 20:28-30 താരതമ്യം ചെയ്യുക.
25. ഒന്നു രാജാക്കൻമാരിലെ ഏതു പ്രവചനങ്ങൾക്കു ശ്രദ്ധേയമായ നിവൃത്തി ഉണ്ടായിട്ടുണ്ട്, ഇവയെക്കുറിച്ചുളള അനുസ്മരണത്തിനു നമ്മെ ഇന്നു സഹായിക്കാൻ കഴിയുന്നത് എങ്ങനെ?
25 യഹോവയുടെ പ്രവചനശക്തി ഒന്നു രാജാക്കൻമാരിൽ നൽകപ്പെട്ടിരിക്കുന്ന അനേകം പ്രവചനങ്ങളിൽ വ്യക്തമായി പ്രകടമാക്കപ്പെട്ടിരിക്കുന്നു. ദൃഷ്ടാന്തമായി, 300-ൽപ്പരം വർഷം മുമ്പുകൂട്ടി നൽകിയ ശ്രദ്ധേയമായ ഒരു പ്രവചനമുണ്ട്—ബെഥേലിലെ യൊരോബെയാമിന്റെ യാഗപീഠം പിളർക്കുന്നതു യോശീയാവ് ആയിരിക്കും എന്നുതന്നെ. യോശീയാവ് അതു ചെയ്തു! (1 രാജാ. 13:1-3; 2 രാജാ. 23:15) എന്നിരുന്നാലും ശലോമോൻ പണികഴിപ്പിച്ച യഹോവയുടെ ആലയത്തോടു ബന്ധപ്പെട്ട പ്രവചനങ്ങളാണ് ഏററം മുന്തിയവ. വ്യാജദൈവങ്ങളുടെ പക്ഷം ചേരുന്നതു യഹോവ ഇസ്രായേലിനെ ഭൂതലത്തുനിന്നു ഛേദിച്ചുകളയുന്നതിലും തന്റെ നാമത്തിനുവേണ്ടി താൻ വിശുദ്ധീകരിച്ച ആലയത്തെ തന്റെ മുമ്പാകെനിന്നു തളളിക്കളയുന്നതിലും കലാശിക്കുമെന്നു യഹോവ ശലോമോനോടു പറഞ്ഞു. (1 രാജാ. 9:7, 8) 2 ദിനവൃത്താന്തം 36:17-21-ൽ ഈ പ്രവചനം എത്ര പൂർണമായി നിവൃത്തിയായി എന്നു നാം വായിക്കുന്നു. തന്നെയുമല്ല, മഹാനായ ഹെരോദാവ് അതേ സ്ഥാനത്തു പണികഴിപ്പിച്ച പിൽക്കാലത്തെ ആലയത്തിന് അതേ വിധി അതേ കാരണത്താൽ ഉണ്ടാകുമെന്നു യേശു പ്രകടമാക്കി! (ലൂക്കൊ. 21:6) ഇതും എത്ര സത്യമെന്നു തെളിഞ്ഞു! ഈ അത്യാഹിതങ്ങളെയും അവയുടെ കാരണങ്ങളെയും നാം ഓർക്കണം. അവ സത്യദൈവത്തിന്റെ വഴികളിൽ നടക്കാൻ നമ്മെ എല്ലായ്പോഴും അനുസ്മരിപ്പിക്കേണ്ടതാണ്.
26. ഒന്നു രാജാക്കൻമാരിൽ യഹോവയുടെ ആലയത്തിന്റെയും രാജ്യത്തിന്റെയും ഏത് ഉത്തേജകമായ പൂർവദർശനം നൽകുന്നു?
26 ശേബയിലെ രാജ്ഞി ശലോമോന്റെ ജ്ഞാനത്തിലും അവന്റെ ജനത്തിന്റെ ഐശ്വര്യത്തിലും യഹോവയുടെ മഹനീയമായ ആലയം ഉൾപ്പെടെയുളള അവന്റെ രാജ്യത്തിന്റെ മഹത്ത്വത്തിലും അതിശയിക്കുന്നതിനു തന്റെ വിദൂര രാജ്യത്തുനിന്നു വന്നു. എന്നിരുന്നാലും, ശലോമോൻപോലും യഹോവയോട് ഇങ്ങനെ സമ്മതിച്ചുപറഞ്ഞു: “സ്വർഗ്ഗത്തിലും സ്വർഗ്ഗാധിസ്വർഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ. പിന്നെ ഞാൻ പണിതിരിക്കുന്ന ഈ ആലയത്തിൽ അടങ്ങുന്നതു എങ്ങനെ?” (1 രാജാ. 8:27; 10:4-9) എന്നാൽ നൂററാണ്ടുകൾക്കുശേഷം യഹോവയുടെ വലിയ ആത്മീയാലയത്തിലെ സത്യാരാധനയുടെ പുനഃസ്ഥാപനത്തോടു വിശേഷാൽ ബന്ധപ്പെട്ട ഒരു ആത്മീയ നിർമാണവേല നിർവഹിക്കുന്നതിനു ക്രിസ്തുയേശു വന്നു. (എബ്രാ. 8:1-5; 9:2-10, 23) ശലോമോനെക്കാൾ വലിപ്പമേറിയ ഈ ഒരുവനെസംബന്ധിച്ചു യഹോവയുടെ ഈ വാഗ്ദാനം സത്യമായിരിക്കുന്നു: “യിസ്രായേലിലുളള നിന്റെ രാജത്വത്തിന്റെ സിംഹാസനം ഞാൻ എന്നേക്കും സ്ഥിരമാക്കും.” (1 രാജാ. 9:5; മത്താ.1:1, 6, 7, 16; 12:42; ലൂക്കൊ. 1:32) ഒന്നു രാജാക്കൻമാർ യഹോവയുടെ ആത്മീയാലയത്തിന്റെ മഹത്ത്വത്തിന്റെയും ക്രിസ്തുയേശുമൂലമുളള യഹോവയുടെ രാജ്യത്തിന്റെ ജ്ഞാനപൂർവകമായ ഭരണത്തിൻകീഴിൽ ജീവിക്കാനിടയാകുന്ന സകലരുടെയും ഐശ്വര്യത്തിന്റെയും ആനന്ദത്തിന്റെയും ആഹ്ലാദജനകമായ സന്തുഷ്ടിയുടെയും ഒരു ഉത്തേജകമായ പൂർവദർശനം നൽകുന്നു. സത്യാരാധനയുടെ പ്രാധാന്യവും സന്തതിമുഖാന്തരമുളള യഹോവയുടെ രാജ്യത്തിന്റെ അത്ഭുതകരമായ കരുതലും സംബന്ധിച്ച നമ്മുടെ വിലമതിപ്പു തുടർന്നു വളരുകയാണ്!
[അടിക്കുറിപ്പുകൾ]
a ദി ഇൻറർനാഷനൽ സ്ററാൻഡേർഡ് ബൈബിൾ എൻസൈക്ലോപീഡിയ, വാല്യം 4, 1988, ജി. ഡബ്ലിയൂ. ബ്രോംലി സംവിധാനം ചെയ്തത്, പേജ് 648.
b തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 149, 952.
c തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 750-1.
d തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 947-8.
e തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച, വാല്യം 1, പേജുകൾ 949-50