യഹോവയുടെ വചനം ജീവനുള്ളത്
രണ്ടു ശമൂവേലിൽനിന്നുള്ള വിശേഷാശയങ്ങൾ
യഹോവയുടെ പരമാധികാരം അംഗീകരിക്കുന്നവരെന്ന നിലയിൽ, നാം അവനെ പൂർണമായി അനുസരിക്കേണ്ടതുണ്ടോ? നിർമലനായ ഒരു വ്യക്തി എല്ലായ്പോഴും ദൈവദൃഷ്ടിയിൽ ശരിയായതു ചെയ്തുകൊള്ളണമെന്നുണ്ടോ? എങ്ങനെയുള്ള വ്യക്തികളെയാണ് യഹോവ “തനിക്കു ബോധിച്ച”വരായി വീക്ഷിക്കുന്നത്? (1 ശമൂവേൽ 13:14) രണ്ടു ശമൂവേൽ എന്ന ബൈബിൾ പുസ്തകം ഈ ചോദ്യങ്ങൾക്കുള്ള തൃപ്തികരമായ ഉത്തരങ്ങൾ നൽകുന്നു.
പുരാതന ഇസ്രായേലിലെ രാജാവായ ദാവീദുമായി ഒരു നല്ല ബന്ധം ആസ്വദിച്ചിരുന്ന ഗാദ്, നാഥാൻ എന്നീ പ്രവാചകന്മാരാണ് രണ്ടു ശമൂവേൽ എഴുതിയത്.a ദാവീദിന്റെ 40 വർഷത്തെ വാഴ്ചയുടെ അവസാനത്തോടടുത്ത്, പൊതുയുഗത്തിനുമുമ്പ് 1040-ൽ പൂർത്തിയാക്കപ്പെട്ട ഈ പുസ്തകം പ്രധാനമായും ദാവീദിനെയും ദൈവവുമായുള്ള അവന്റെ ബന്ധത്തെയും പ്രതിപാദിക്കുന്നു. കലാപകലുഷിതമായ ഒരു ജനത, ധീരനായ ഒരു രാജാവിന്റെ കീഴിൽ സമ്പദ്സമൃദ്ധമായ ഒരു ഏകീകൃത രാജ്യം ആയിത്തീരുന്നതെങ്ങനെയെന്ന് ഉദ്വേഗജനകമായ ഈ രേഖ വിവരിക്കുന്നു. മാനുഷ വികാരങ്ങൾ ശക്തമായ തീവ്രതയോടെ രംഗപ്രവേശം ചെയ്യുന്ന നാടകീയമായ സംഭവവികാസങ്ങൾ നമ്മെ ശരിക്കും പിടിച്ചിരുത്തുന്നു.
ദാവീദ് “മേല്ക്കുമേൽ പ്രബലനായി”ത്തീരുന്നു
ശൗലിന്റെയും യോനാഥാന്റെയും മരണം സംബന്ധിച്ച വാർത്ത ദാവീദിൽ ഉളവാക്കിയ പ്രതികരണം, അവരോടും യഹോവയോടും ഉള്ള അവന്റെ വികാരം വെളിപ്പെടുത്തുന്നു. തുടർന്ന് ഹെബ്രോനിൽ യെഹൂദാ ഗോത്രത്തിന്റെ രാജാവായി അവൻ നിയമിക്കപ്പെടുന്നു. ശൗലിന്റെ പുത്രനായ ഈശ്ബോശെത്ത് ഇസ്രായേലിലെ ശേഷം ഗോത്രങ്ങൾക്കു രാജാവായിത്തീരുന്നു. ‘മേല്ക്കുമേൽ പ്രബലനായിത്തീർന്ന’ ദാവീദ് ഏകദേശം ഏഴര വർഷത്തിനുശേഷം മുഴു ഇസ്രായേലിന്റെയും രാജാവാകുന്നു.—2 ശമൂവേൽ 5:10.
യെബൂസ്യരിൽനിന്ന് ദാവീദ് യെരൂശലേം പിടിച്ചെടുക്കുകയും അതിനെ രാജ്യത്തിന്റെ തലസ്ഥാനമാക്കുകയും ചെയ്യുന്നു. നിയമപെട്ടകം യെരൂശലേമിൽ എത്തിക്കാനുള്ള അവന്റെ പ്രാരംഭ സംരംഭം ദുരന്തത്തിൽ കലാശിക്കുന്നു. എന്നിരുന്നാലും രണ്ടാമത്തെ ശ്രമം വിജയിക്കുന്നു, സന്തോഷത്താൽ ദാവീദ് നൃത്തം ചെയ്യുന്നു. അവനുമായി ദൈവം ഒരു രാജ്യഉടമ്പടിയിൽ ഏർപ്പെടുന്നു. ദൈവം ദാവീദിനോടുകൂടെ നിലകൊള്ളുന്നതിനാൽ അവൻ തന്റെ ശത്രുക്കളെ കീഴ്പെടുത്തുന്നു.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
2:18—യോവാബും അവന്റെ രണ്ടു സഹോദരന്മാരും സെരൂയയുടെ മൂന്നു പുത്രന്മാരെന്ന നിലയിൽ അറിയപ്പെട്ടത് എന്തുകൊണ്ട്? എബ്രായ തിരുവെഴുത്തുകളിൽ കാണപ്പെടുന്ന വംശാവലികൾ സാധാരണമായി പിതാക്കന്മാരുടെ പാരമ്പര്യത്തിലുള്ളതാണ്. സെരൂയയുടെ ഭർത്താവിന് ഒരുപക്ഷേ അകാലമരണം സംഭവിച്ചിരുന്നിരിക്കാം, അല്ലെങ്കിൽ വിശുദ്ധ തിരുവെഴുത്തുകളിൽ അവനെ ഉൾപ്പെടുത്തുന്നത് അനുചിതമാണെന്നു കരുതപ്പെട്ടിരുന്നിരിക്കാം. ദാവീദിന്റെ സഹോദരിയോ അർധസഹോദരിയോ ആയിരുന്നതിനാൽ ആയിരിക്കാം സെരൂയയുടെ പേര് പട്ടികയിൽ ഉൾപ്പെടുത്തിയത്. (1 ദിനവൃത്താന്തം 2:15, 16) ഈ മൂന്നു സഹോദരന്മാരുടെയും പിതാവിനെക്കുറിച്ച് ആകെക്കൂടി പരാമർശിക്കുന്നത് ബേത്ത്ലേഹെമിലെ അവന്റെ കല്ലറയോടുള്ള ബന്ധത്തിലാണ്.—2 ശമൂവേൽ 2:32.
3:29, NW—‘തക്ലി [twirling spindle] പിടിക്കുന്നവൻ’ എന്നതിനാൽ എന്താണ് അർഥമാക്കുന്നത്? പരമ്പരാഗതമായി സ്ത്രീകളായിരുന്നു വസ്ത്രം നെയ്തിരുന്നത്. യുദ്ധം പോലുള്ള പ്രവർത്തനങ്ങൾക്കു യോഗ്യരല്ലാതിരുന്നതിനാൽ, സാധാരണമായി സ്ത്രീകൾ ചെയ്തിരുന്ന വേല ചെയ്യാൻ നിർബന്ധിതരായിത്തീർന്ന പുരുഷന്മാരെയായിരിക്കാം ഈ പദപ്രയോഗം സൂചിപ്പിക്കുന്നത്.
5:1, 2—ഈശ്ബോശെത്ത് കൊല്ലപ്പെട്ട് എത്രകാലം കഴിഞ്ഞാണ് ദാവീദ് മുഴു ഇസ്രായേലിന്റെയും രാജാവായിത്തീർന്നത്? ഈശ്ബോശെത്ത് രണ്ടു വർഷം നീണ്ടുനിന്ന തന്റെ ഭരണം ആരംഭിച്ചത് ശൗൽ മരിച്ച് അധികം കഴിയുന്നതിനു മുമ്പായിരുന്നെന്ന് നിഗമനം ചെയ്യുന്നതു ന്യായാനുസൃതമാണെന്നു തോന്നുന്നു. അതായത്, ദാവീദ് ഹെബ്രോനിൽ തന്റെ ഭരണം ആരംഭിച്ച സമയത്തോടടുത്തായിരുന്നു ഈശ്ബോശെത്തും ഭരണത്തിൽ വന്നത്. ഹെബ്രോനിൽനിന്ന് ദാവീദ് ഏഴര വർഷം യെഹൂദാ ഭരിച്ചു. മുഴു ഇസ്രായേലിനും രാജാവായിത്തീർന്ന ഉടൻതന്നെ അവൻ തലസ്ഥാനം യെരൂശലേമിലേക്കു മാറ്റി. അങ്ങനെ, ഈശ്ബോശെത്തിന്റെ മരണത്തിനുശേഷം ഏകദേശം അഞ്ചു വർഷം കഴിഞ്ഞായിരുന്നു ദാവീദ് മുഴു ഇസ്രായേലിനും രാജാവായിത്തീർന്നത്.—2 ശമൂവേൽ 2:3, 4, 8-11; 5:4, 5.
8:2—ഇസ്രായേല്യരുമായുള്ള ഏറ്റുമുട്ടലിനെത്തുടർന്ന് എത്ര മോവാബ്യർ കൊല്ലപ്പെട്ടു? എണ്ണമെടുക്കുന്നതിനു പകരം അളന്നുനോക്കിയായിരിക്കാം സംഖ്യ കണക്കാക്കിയത്. മോവാബ്യരെ നിലത്ത് ഒരു നിരയായി കിടത്താൻ ദാവീദ് ഏർപ്പാടു ചെയ്തതായി കാണപ്പെടുന്നു. തുടർന്ന് നിശ്ചിത ദൈർഘ്യമുള്ള ഒരു ചരടിന്റെ സഹായത്തോടെ അവൻ നിരയുടെ അളവെടുത്തു. രണ്ടു ചരടു ദൈർഘ്യം വരുന്നവരെ അതായത് മോവാബ്യരിൽ മൂന്നിൽ രണ്ടു ഭാഗത്തെ കൊല്ലുകയും ഒരു ചരടു ദൈർഘ്യത്തിലുള്ളവരെ അഥവാ മൂന്നിലൊന്നു പേരെ വെറുതെവിടുകയും ചെയ്തതായി കാണപ്പെടുന്നു.
നമുക്കുള്ള പാഠങ്ങൾ:
2:1; 5:19, 23. ഹെബ്രോനിൽ താമസമാക്കുന്നതിനും ശത്രുക്കൾക്കെതിരെ പുറപ്പെടുന്നതിനും മുമ്പായി ദാവീദ് യഹോവയോട് ആലോചന കഴിച്ചു. ആത്മീയതയെ ബാധിക്കുന്ന തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനു മുമ്പായി നമ്മളും യഹോവയുടെ മാർഗനിർദേശം തേടേണ്ടതാണ്.
3:26-30. പ്രതികാരം ചെയ്യുന്നത് ദുഃഖകരമായ പരിണതഫലങ്ങളിലേക്കു നയിക്കുന്നു.—റോമർ 12:17-19.
3:31-34; 4:9-12. ദാവീദ് പ്രതികാരദാഹമോ ശത്രുതാമനോഭാവമോ വെച്ചുപുലർത്തിയില്ല, ഇത് നമുക്ക് ഒരു മാതൃകയാണ്.
5:12. യഹോവ തന്റെ വഴികളിൽ നമ്മെ അഭ്യസിപ്പിച്ചിരിക്കുന്നെന്നും അവനുമായി ഒരു നല്ല ബന്ധം ആസ്വദിക്കുന്നതു സാധ്യമാക്കിത്തീർത്തിരിക്കുന്നെന്നും നാം ഒരിക്കലും മറക്കരുത്.
6:1-7. ദാവീദിന്റെ ഉദ്ദേശ്യം നല്ലതായിരുന്നെങ്കിലും, നിയമപെട്ടകം ഒരു വണ്ടിയിൽ കയറ്റി കൊണ്ടുപോകാനുള്ള അവന്റെ ഉദ്യമം ദൈവകൽപ്പനയ്ക്കു വിരുദ്ധമായിരുന്നതിനാൽ അതു പരാജയമടഞ്ഞു. (പുറപ്പാടു 25:13, 14; സംഖ്യാപുസ്തകം 4:15, 19; 7:7-9) നമുക്ക് ഉദ്ദേശ്യശുദ്ധി ഉണ്ടായിരുന്നാലും ദൈവത്തിന്റെ നിബന്ധനകൾക്കു വിരുദ്ധമായി പ്രവർത്തിക്കാനാവില്ലെന്ന് ഉസ്സാ പെട്ടകത്തെ കൈനീട്ടി പിടിച്ച സംഭവം പ്രകടമാക്കുന്നു.
6:8, 9. ഒരു വിഷമസന്ധി നേരിട്ടപ്പോൾ ദാവീദ് ആദ്യം കോപിക്കുകയും പിന്നീട് ദുഃഖിതനായിത്തീരുകയും ചെയ്തു. ദുരന്തത്തിന് അവൻ യഹോവയെ കുറ്റപ്പെടുത്തുകപോലും ചെയ്തിരിക്കാം. യഹോവയുടെ കൽപ്പനകൾ അവഗണിക്കുന്നതിന്റെ ഫലമായി നേരിടുന്ന പ്രശ്നങ്ങളെപ്രതി നാം അവനെ കുറ്റപ്പെടുത്താതിരിക്കാൻ ശ്രദ്ധയുള്ളവർ ആയിരിക്കണം.
7:18, 22, 23, 26. ദാവീദിന്റെ താഴ്മയും യഹോവയോടുള്ള സമ്പൂർണ ഭക്തിയും ദൈവനാമം ഉന്നതമാക്കാനുള്ള താത്പര്യവും നമുക്ക് അനുകരിക്കാൻ പറ്റിയ ഗുണങ്ങളാണ്.
8:2. ഏകദേശം 400 വർഷംമുമ്പു നടത്തിയ ഒരു പ്രവചനം നിവൃത്തിയായി. (സംഖ്യാപുസ്തകം 24:17) യഹോവയുടെ വചനം എല്ലായ്പോഴും സത്യമായി ഭവിക്കുന്നു.
9:1, 6, 7. ദാവീദ് വാക്കു പാലിച്ചു. അങ്ങനെ ചെയ്യാൻ നമ്മളും പരിശ്രമിക്കണം.
തന്റെ അഭിഷിക്തനെതിരെ യഹോവ അനർഥം അഴിച്ചുവിടുന്നു
യഹോവ ദാവീദിനോട് ഇങ്ങനെ പറയുന്നു: “നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും; നീ കാൺകെ ഞാൻ നിന്റെ ഭാര്യമാരെ എടുത്തു നിന്റെ കൂട്ടുകാരന്നു കൊടുക്കും; അവൻ ഈ സൂര്യന്റെ വെട്ടത്തു തന്നേ നിന്റെ ഭാര്യമാരോടുകൂടെ ശയിക്കും.” (2 ശമൂവേൽ 12:11) എന്താണ് ഈ പ്രഖ്യാപനത്തിന് ഇടയാക്കിയത്? ബത്ത്-ശേബയുമായുള്ള ദാവീദിന്റെ പാപമായിരുന്നു അതിനു കാരണം. അനുതാപം പ്രകടിപ്പിച്ചതിനാൽ ദാവീദിന് ദൈവത്തിൽനിന്നു ക്ഷമ ലഭിച്ചെങ്കിലും പാപത്തിന്റെ പരിണതഫലങ്ങളിൽനിന്ന് അവൻ ഒഴിവാക്കപ്പെട്ടില്ല.
ആദ്യംതന്നെ, ബത്ത്-ശേബ പ്രസവിക്കുന്ന കുഞ്ഞ് മരിച്ചുപോകുന്നു. തുടർന്ന് താമാർ എന്ന ദാവീദിന്റെ കന്യകയായ മകളെ അവളുടെ അർധസഹോദരനായ അമ്നോൻ ബലാത്സംഗം ചെയ്യുന്നു. പ്രതികാരമായി, അവളുടെ സഹോദരൻ അബ്ശാലോം അമ്നോനെ കൊല ചെയ്യുന്നു. സ്വന്തം പിതാവിനെതിരായി ഗൂഢാലോചന നടത്തിക്കൊണ്ട് അബ്ശാലോം ഹെബ്രോന്റെ രാജാവായി സ്വയം പ്രഖ്യാപിക്കുന്നു. ദാവീദിന് യെരൂശലേമിൽനിന്ന് ഓടിപ്പോകേണ്ടിവരുന്നു. വീടിന്റെ പരിപാലനത്തിനായി ദാവീദ് വിട്ടിട്ടുപോകുന്ന പത്തു വെപ്പാട്ടികളുമായി അബ്ശാലോം ശാരീരിക ബന്ധം പുലർത്തുന്നു. അവന്റെ മരണത്തിനുശേഷം മാത്രമാണ് ദാവീദിനു രാജത്വം തിരിച്ചുകിട്ടുന്നത്. ബെന്യാമീന്യനായ ശേബയുടെ മത്സരത്തെത്തുടർന്ന് ശേബ മരണമടയുന്നു.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
14:7—‘കനലിന്റെ’ ശോഭ എന്തിനെ പ്രതീകപ്പെടുത്തുന്നു? ജീവിച്ചിരിക്കുന്ന ഒരു സന്തതിയെ കുറിക്കാനാണ് അത് ഉപയോഗിച്ചിരിക്കുന്നത്.
19:29—മെഫീബോശെത്തിന്റെ വിശദീകരണത്തോട് ദാവീദ് ആ വിധത്തിൽ പ്രതികരിച്ചത് എന്തുകൊണ്ട്? മെഫീബോശെത്തിന്റെ വിശദീകരണം കേട്ടപ്പോൾ, സീബയുടെ വാക്കുകൾ താൻ മുഖവിലയ്ക്കെടുത്തത് തെറ്റായിപ്പോയെന്ന് ദാവീദ് തിരിച്ചറിഞ്ഞിരിക്കണം. (2 ശമൂവേൽ 16:1-4; 19:24-28) സാധ്യതയനുസരിച്ച് ഇത് ദാവീദിനെ അസ്വസ്ഥനാക്കി. അതിനാൽ അതു സംബന്ധിച്ച് കൂടുതലായി ഒന്നുംതന്നെ കേൾക്കാൻ അവൻ ആഗ്രഹിച്ചില്ല.
നമുക്കുള്ള പാഠങ്ങൾ:
11:2-15. ദാവീദിന്റെ തെറ്റുകൾ സംബന്ധിച്ചുള്ള സത്യസന്ധമായ വിവരണങ്ങൾ ബൈബിൾ ദൈവത്തിന്റെ നിശ്വസ്ത വചനമാണെന്ന് സാക്ഷ്യപ്പെടുത്തുന്നു.
11:16-27. ഗുരുതരമായ ഒരു പാപം ചെയ്തുപോയാൽ ദാവീദിനെപ്പോലെ നാം അതു മൂടിവെക്കാൻ ശ്രമിക്കരുത്. മറിച്ച് നാം അതു യഹോവയോട് ഏറ്റുപറയുകയും സഭാ മൂപ്പന്മാരിൽനിന്നു സഹായം തേടുകയും വേണം.—സദൃശവാക്യങ്ങൾ 28:13; യാക്കോബ് 5:13-16.
12:1-14. സഭയിലെ നിയമിത മൂപ്പന്മാർക്ക് നാഥാൻ ഒരു നല്ല ദൃഷ്ടാന്തമാണ്. പാപത്തിൽ വീഴുന്നവരെ, തങ്ങളുടെ ഗതിക്കു മാറ്റം വരുത്താൻ അവർ സഹായിക്കേണ്ടതുണ്ട്. മൂപ്പന്മാർ ഈ ഉത്തരവാദിത്വം വൈദഗ്ധ്യത്തോടെ നിറവേറ്റണം.
12:15-23. തനിക്കു സംഭവിച്ച കാര്യങ്ങളെക്കുറിച്ചുള്ള ശരിയായ വീക്ഷണം ഉണ്ടായിരുന്നത്, വിപത്തുകളെ ഉചിതമായി നേരിടാൻ ദാവീദിനെ സഹായിച്ചു.
15:12; 16:15, 21, 23. അബ്ശാലോം സിംഹാസനം കരസ്ഥമാക്കുമെന്നായപ്പോൾ, പ്രഗത്ഭ ഉപദേഷ്ടാവായ അഹീഥോഫെൽ അഹങ്കാരത്തിനും അധികാരമോഹത്തിനും വശംവദനായി വഞ്ചനാപൂർവം പ്രവർത്തിച്ചു. താഴ്മയും വിശ്വസ്തതയും കൂടാതെയുള്ള ബുദ്ധിസാമർഥ്യം ഒരു കെണി ആയിരുന്നേക്കാം.
19:24, 30. ദാവീദിന്റെ സ്നേഹദയയെ മെഫീബോശെത്ത് യഥാർഥമായും വിലമതിച്ചു. സീബയുടെ കാര്യത്തിലുള്ള രാജാവിന്റെ തീരുമാനത്തിന് അവൻ മനസ്സാ കീഴ്പെട്ടു. യഹോവയോടും അവന്റെ സംഘടനയോടും ഉള്ള വിലമതിപ്പ് കീഴ്പെടൽ മനോഭാവം ഉള്ളവരായിരിക്കാൻ നമ്മെ പ്രേരിപ്പിക്കണം.
20:21, 22. ഒരു വ്യക്തിയുടെ ജ്ഞാനത്തിന് അനേകരെയും അനർഥത്തിൽനിന്നു രക്ഷിക്കാൻ കഴിയും.—സഭാപ്രസംഗി 9:14, 15.
നമുക്ക് “യഹോവയുടെ കയ്യിൽ” വീഴാം
ഗിബെയോന്യരെ കൊലപ്പെടുത്തിയതിലൂടെ ശൗൽ വരുത്തിവെച്ച രക്തപാതകത്തിന്റെ ഫലമായി മൂന്നു വർഷത്തേക്കു ക്ഷാമമുണ്ടാകുന്നു. (യോശുവ 9:15) ശൗലിന്റെ ഏഴു മക്കളെ കൊല ചെയ്തുകൊണ്ട് ആ രക്തപാതകത്തിനു പ്രതികാരം ചെയ്യാൻ ഗിബെയോന്യർ അവരെ വിട്ടുതരാൻ ആവശ്യപ്പെടുന്നു. ദാവീദ് അവരെ ഗിബെയോന്യർക്കു വിട്ടുകൊടുക്കുന്നതോടെ വരൾച്ചയ്ക്കു വിരാമം കുറിച്ചുകൊണ്ട് മഴ തകർത്തുപെയ്യുന്നു. നാലു ഫെലിസ്ത്യ മല്ലന്മാർ “ദാവീദിന്റെയും അവന്റെ ഭൃത്യന്മാരുടെയും കയ്യാൽ പട്ടു”പോകുന്നു.—2 ശമൂവേൽ 21:22.
നിയമവിരുദ്ധമായ ഒരു കണക്കെടുപ്പു നടത്താൻ ആജ്ഞാപിച്ചുകൊണ്ട് ദാവീദ് ഗുരുതരമായ പാപം ചെയ്യുന്നു. തുടർന്ന് അവൻ അനുതപിക്കുകയും “യഹോവയുടെ കയ്യിൽ” വീഴാൻ തീരുമാനിക്കുകയും ചെയ്യുന്നു. (2 ശമൂവേൽ 24:14) പകർച്ചവ്യാധിയുടെ ഫലമായി 70,000 പേർ മരണമടയുന്നു. ദാവീദ് യഹോവയുടെ മാർഗനിർദേശം പിൻപറ്റുമ്പോൾ ബാധ വിട്ടുമാറുന്നു.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
21:8—ശൗലിന്റെ മകളായ മീഖൾ മക്കളില്ലാതെ മരിച്ചെന്ന് 2 ശമൂവേൽ 6:23 പ്രസ്താവിക്കുന്ന സ്ഥിതിക്ക്, അവൾക്ക് ഏഴു പുത്രന്മാർ ഉണ്ടായിരുന്നെന്ന് പറയാൻ കഴിയുന്നത് എങ്ങനെ? അദ്രീയേലിനെ വിവാഹം കഴിച്ച, മീഖളിന്റെ സഹോദരിയായ മേരബിന്റെ പുത്രന്മാർ ആയിരുന്നു ഇവർ എന്നതാണ് പരക്കെ സ്വീകാര്യമായിരിക്കുന്ന വിശദീകരണം. സാധ്യതയനുസരിച്ച് മേരബ് നേരത്തേതന്നെ മരിച്ചുപോയിരുന്നതിനാൽ, മക്കളില്ലാത്ത മീഖൾ മേരബിന്റെ പുത്രന്മാരെ വളർത്തിക്കൊണ്ടുവരികയായിരുന്നു.
21:9, 10—ഗിബെയോന്യർ കൊന്നുകളഞ്ഞ, തന്റെ രണ്ടു പുത്രന്മാരുടെയും ശൗലിന്റെ അഞ്ചു പൗത്രന്മാരുടെയും ശരീരത്തിന് രിസ്പാ എത്ര കാലം കാവൽനിന്നു? ഈ ഏഴു പേരെയും തൂക്കിക്കൊന്നത് ‘കൊയ്ത്തുകാലത്തിന്റെ ആദ്യദിവസങ്ങളിൽ’—മാർച്ചിലോ ഏപ്രിലിലോ—ആയിരുന്നു. അവരുടെ ശവം മറവുചെയ്യാതെ ഒരു മലമുകളിൽ ഉപേക്ഷിച്ചു. വരൾച്ചയ്ക്ക് അന്ത്യം വരുത്തിക്കൊണ്ട് തന്റെ കോപം കെട്ടടങ്ങിയതായി യഹോവ പ്രകടമാക്കുന്നതുവരെ ഏഴു പേരുടെയും ശരീരങ്ങൾക്കു രിസ്പാ കാവൽനിന്നു. ഒക്ടോബറിലെ കൊയ്ത്തുകാലം തീരുന്നതിനുമുമ്പായി ശക്തമായ മഴ പെയ്യുക തികച്ചും അസംഭവ്യം ആയിരിക്കുമായിരുന്നു. അതുകൊണ്ട്, അഞ്ചോ ആറോ മാസങ്ങളോളം രിസ്പാ ശരീരങ്ങൾ കാത്തുകഴിഞ്ഞിരിക്കാം. പിന്നീട്, അവശേഷിച്ച അസ്ഥികൾ ദാവീദ് സംസ്കരിക്കുകയും ചെയ്തു.
24:1—ദാവീദ് ജനസംഖ്യ എടുത്തത് ഗുരുതരമായ പാപം ആയിരുന്നത് എന്തുകൊണ്ട്? ജനസംഖ്യ എടുക്കുന്നത് ന്യായപ്രമാണത്തിനു വിരുദ്ധം ആയിരുന്നില്ല. (സംഖ്യാപുസ്തകം 1:1-3; 26:1-4) ആളുകളെ എണ്ണിനോക്കാൻ ദാവീദ് ആഗ്രഹിച്ചതിന്റെ പിന്നിലെ ലക്ഷ്യം എന്താണെന്ന് ബൈബിൾ പറയുന്നില്ല. എന്നിരുന്നാലും, സാത്താനാണ് അവനെ അതിനു പ്രേരിപ്പിച്ചതെന്ന് 1 ദിനവൃത്താന്തം 21:1 സൂചിപ്പിക്കുന്നു. ഏതായാലും ആളുകളെക്കൊണ്ട് പേർചാർത്തിക്കുന്നതിനുള്ള ദാവീദിന്റെ തീരുമാനം തെറ്റായിരുന്നെന്ന് മനസ്സിലാക്കിയ സേനാനായകൻ യോവാബ് ദാവീദിനെ അതിൽനിന്നു പിന്തിരിപ്പിക്കാൻ ശ്രമിച്ചു.
നമുക്കുള്ള പാഠങ്ങൾ:
22:2-51. നമുക്കു സമ്പൂർണമായി ആശ്രയിക്കാൻ കഴിയുന്ന സത്യദൈവമെന്ന നിലയിൽ യഹോവയെ എത്ര മനോഹരമായിട്ടാണ് ദാവീദ് തന്റെ ഗീതത്തിൽ ചിത്രീകരിക്കുന്നത്!
23:15-17. ജീവനും രക്തവും സംബന്ധിച്ചുള്ള ദൈവനിയമത്തോട് അങ്ങേയറ്റത്തെ ആദരവുണ്ടായിരുന്നതിനാൽ, അതിന്റെ ലംഘനം ആയിരിക്കുമെന്നു തോന്നിയ ഒരു കാര്യം ചെയ്യുന്നതുപോലും ഈ സന്ദർഭത്തിൽ ദാവീദ് ഒഴിവാക്കി. ദൈവത്തിന്റെ എല്ലാ കൽപ്പനകളെയും സംബന്ധിച്ച് നാമും സമാനമായ ഒരു മനോഭാവം വളർത്തിയെടുക്കണം.
24:10. ദാവീദീന്റെ മനസ്സാക്ഷി അനുതപിക്കാൻ അവനെ പ്രേരിപ്പിച്ചു. അതേവിധത്തിൽ പ്രതികരിക്കാൻ ആവശ്യമായ സംവേദനക്ഷമത നമ്മുടെ മനസ്സാക്ഷിക്കുണ്ടോ?
24:14. യഹോവ മനുഷ്യരെക്കാൾ കരുണയുള്ളവൻ ആണെന്ന് ദാവീദിനു നന്നായി അറിയാമായിരുന്നു. സമാനമായ ബോധ്യം നമുക്കുണ്ടോ?
24:17. തന്റെ പാപം മുഴു ജനതയ്ക്കും കഷ്ടം വരുത്തിവെച്ചതിൽ ദാവീദ് ഖേദിച്ചു. തന്റെ പ്രവൃത്തിമൂലം സഭയ്ക്കുണ്ടായിരിക്കാവുന്ന നിന്ദയെപ്രതി, അനുതാപമുള്ള ഒരു ദുഷ്പ്രവൃത്തിക്കാരനു ദുഃഖം തോന്നേണ്ടതുണ്ട്.
‘ദൈവത്തിനു ബോധിച്ചവർ’ ആയിരിക്കാൻ നമുക്കു സാധിക്കും
ഇസ്രായേലിലെ രണ്ടാമത്തെ രാജാവ് ‘യഹോവയ്ക്കു ബോധിച്ച പുരുഷൻ’ ആയിരുന്നു. (1 ശമൂവേൽ 13:14) യഹോവയുടെ നീതിയുള്ള നിലവാരങ്ങളെ ദാവീദ് ഒരിക്കൽപ്പോലും ചോദ്യം ചെയ്തില്ല. ദൈവത്തിൽനിന്നു സ്വതന്ത്രമായ ഒരു ഗതി പിന്തുടരാൻ അവൻ ശ്രമിച്ചതുമില്ല. തെറ്റു ചെയ്തപ്പോഴെല്ലാം അവൻ അതു സമ്മതിക്കുകയും ശിക്ഷണം സ്വീകരിക്കുകയും തന്റെ വഴികൾക്കു മാറ്റം വരുത്തുകയും ചെയ്തു. ദാവീദ് അചഞ്ചലമായ വിശ്വസ്തത കാത്തുസൂക്ഷിച്ച ഒരാൾ ആയിരുന്നു. നാമും അവനെപ്പോലെ ആയിരിക്കുന്നത്—പ്രത്യേകിച്ചും പിഴവുകൾ സംഭവിക്കുമ്പോൾ—ജ്ഞാനമായിരിക്കില്ലേ?
യഹോവയുടെ പരമാധികാരത്തെ അംഗീകരിക്കുകയെന്നാൽ, ശരിയും തെറ്റും സംബന്ധിച്ച അവന്റെ വീക്ഷണം സ്വീകരിക്കുകയും നിർമലതാപാലകരെന്ന നിലയിൽ അതിനു ചേർച്ചയിൽ പ്രവർത്തിക്കുകയും ചെയ്യുക എന്നതാണെന്ന് ദാവീദിന്റെ ജീവിതകഥ വ്യക്തമായി ദൃഷ്ടാന്തീകരിക്കുന്നു. ഇതു നമുക്കും ചെയ്യാവുന്ന കാര്യമാണ്. രണ്ടു ശമൂവേൽ എന്ന പുസ്തകത്തിൽനിന്നു നമുക്കു പഠിക്കാൻ കഴിയുന്ന പാഠങ്ങളെപ്രതി നാം എത്ര നന്ദിയുള്ളവർ ആയിരിക്കണം! അതിന്റെ താളുകളിൽ അടങ്ങിയിരിക്കുന്ന നിശ്വസ്ത ദൂത് ജീവനും ചൈതന്യവും ഉള്ളതാണെന്നതിനു സംശയമില്ല.—എബ്രായർ 4:12.
[അടിക്കുറിപ്പ്]
a ഈ പുസ്തകം എഴുതുന്നതിൽ ശമൂവേലിനു പങ്കുണ്ടായിരുന്നില്ലെങ്കിലും, പ്രാരംഭത്തിൽ ഒന്നു ശമൂവേലും രണ്ടു ശമൂവേലും എബ്രായ കാനോനിലെ ഒരൊറ്റ ചുരുൾ ആയിരുന്നതിനാൽ ഇതിന് അവന്റെ പേരു നൽകപ്പെട്ടിരിക്കുന്നു. ഒന്നു ശമൂവേലിന്റെ സിംഹഭാഗവും എഴുതിയത് ശമൂവേലായിരുന്നു.
[16-ാം പേജിലെ ചിത്രം]
തന്റെ രാജത്വം സ്ഥിരപ്പെടുത്തിയവനെ മറക്കാതിരുന്നത്, താഴ്മയുള്ളവനായി നിലകൊള്ളാൻ ദാവീദിനെ സഹായിച്ചു
[18-ാം പേജിലെ ചിത്രങ്ങൾ]
“നിന്റെ സ്വന്തഗൃഹത്തിൽനിന്നു ഞാൻ നിനക്കു അനർത്ഥം വരുത്തും”
ബത്ത്-ശേബ
താമാർ
അമ്നോൻ