ബൈബിൾ പൂർവ്വാപര വിരുദ്ധമാണോ?
ഗ്രന്ഥകാരനായ ഹെൻട്രി വാൻ ഡൈക്ക് ഒരിക്കൽ ഇപ്രകാരം എഴുതി: “പൂർവ്വ ദേശത്തു ജനിച്ച, മദ്ധ്യപൂർവ്വദേശത്തെ രൂപവും അലങ്കാരവും അണിഞ്ഞ ബൈബിൾ പരിചിതമായ പാദങ്ങളോടെ ലോകത്തിലെ എല്ലാ വഴികളിലും നടക്കുകയും ഒന്നിനു പുറകെ മറെറാന്നായി എല്ലാ ദേശങ്ങളിലും കടന്നുചെന്നു അതിന് സ്വന്തമായതിനെ കണ്ടെത്തുകയും ചെയ്യുന്നു. അതു നൂറുകണക്കിനു ഭാഷകളിൽ മമനുഷ്യന്റെ ഹൃദയത്തോടു സംസാരിക്കാൻ പഠിച്ചിരിക്കുന്നു. ആശ്ചര്യത്തോടെയും സന്തോഷത്തോടെയും കുട്ടികൾ അതിലെ കഥകൾ കേൾക്കുന്നു, ജീവിതത്തെ സംബന്ധിച്ചുള്ള ഉപമകളെന്ന നിലയിൽ ജ്ഞാനികളായ മനുഷ്യർ അവയെക്കുറിച്ചു ധ്യാനിക്കുന്നു. ദുഷ്പ്രവൃത്തിക്കാരും അഹങ്കാരികളും അതിന്റെ മുന്നറിയിപ്പുകൾ കേട്ടു വിറക്കുന്നു, എന്നാൽ മുറിവേററവർക്കും അനുതാപമുള്ളവർക്കും വേണ്ടി അതിന് ഒരു അമ്മയുടെ സ്വരമാണുള്ളത്. . . . സ്വന്തമായി ഈ നിധിയുള്ള യാതൊരു മനുഷ്യനും ദരിദ്രനോ നിരാശ്രയനോ ആയിരിക്കുന്നില്ല.”
വാസ്തവമായും, ബൈബിൾ “നൂറുകണക്കിനു ഭാഷകളിൽ സംസാരിക്കാൻ പഠിച്ചിരിക്കുന്നു.” അതിലെ 66 പുസ്തകങ്ങളിൽ ഒന്നെങ്കിലും 1,970 ഭാഷകളിലേക്കു വിവർത്തനം ചെയ്യപ്പെട്ടിരിക്കുന്നു. ദശലക്ഷങ്ങൾ ബൈബിളിനെ ദൈവത്തിൽ നിന്നുള്ള ഒരു ദാനമായി വീക്ഷിക്കുകയും ഉല്ലാസത്തോടെയും പ്രയോജനത്തോടെയും അതു വായിക്കുകയും ചെയ്യുന്നു. എന്നിരുന്നാലും, അതിൽ വൈരുദ്ധ്യങ്ങളുണ്ടെന്നും അതിനാൽ അത് ആശ്രയയോഗ്യമല്ലെന്നും മററു ചിലർ പറയുന്നു. സൂക്ഷ്മമായ ഗവേഷണം എന്തു വെളിപ്പെടുത്തുന്നു?
നമ്മുടെ കവർ ചിത്രം സൂചിപ്പിക്കുംപ്രകാരം, ബൈബിൾ എഴുതാൻ ദൈവം വിശ്വസ്തരായ മനുഷ്യരെ ഉപയോഗിച്ചു. വാസ്തവത്തിൽ, ബൈബിൾ 16 നൂററാണ്ടുകളുടെ ഒരു കാലഘട്ടത്തിൽ ഏതാണ്ട് 40 പേർ ചേർന്ന് എഴുതിയതാണ് എന്ന് അതിന്റെ ശ്രദ്ധാപൂർവ്വകമായ അപഗ്രഥനം വെളിപ്പെടുത്തുന്നു. അവർ ഗ്രന്ഥരചന തൊഴിലാക്കിയിരുന്നവരായിരുന്നോ? അല്ല. അവരുടെയിടയിൽ ആട്ടിടയൻ, മീൻപിടുത്തക്കാരൻ, നികുതിപിരിവുകാരൻ, വൈദ്യൻ, കൂടാരപ്പണിക്കാരൻ, പുരോഹിതൻ, പ്രവാചകൻ, രാജാവ് എന്നിങ്ങനെയുള്ളവരെ ഒരുവനു കണ്ടെത്താൻ കഴിയും. അവരുടെ എഴുത്തുകൾ മിക്കപ്പോഴും 20-ാം നൂററാണ്ടിൽ നമുക്ക് അപരിചിതങ്ങളായ ജനതകളെയും ആചാരങ്ങളെയും പരാമർശിക്കുന്നു. വാസ്തവത്തിൽ, ബൈബിളിന്റെ എഴുത്തുകാർപോലും എല്ലായ്പ്പോഴും തങ്ങൾ എഴുതിയ കാര്യങ്ങളുടെ അർത്ഥം മനസ്സിലാക്കിയില്ല. (ദാനിയേൽ 12:8-10) അതുകൊണ്ട്, ബൈബിൾ വായിക്കുമ്പോൾ മനസ്സിലാക്കാൻ പ്രയാസമുള്ള കാര്യങ്ങൾ നാം കണ്ടെത്തുന്നുവെങ്കിൽ നാം അതിൽ അതിശയിക്കരുത്.
അത്തരം പ്രയാസങ്ങൾക്കു പരിഹാരം കണ്ടെത്താൻ കഴിയുമോ? ബൈബിൾ പൂർവ്വാപര വിരുദ്ധമാണോ? അതു മനസ്സിലാക്കുന്നതിനു നമുക്കു ചില ദൃഷ്ടാന്തങ്ങൾ പരിചിന്തിക്കാം.
ഇവ യഥാർത്ഥ പ്രയാസങ്ങളാണോ?
◼കയീനു തന്റെ ഭാര്യയെ എവിടെനിന്നു കിട്ടി? (ഉൽപ്പത്തി 4:17)
ഹാബേൽ വധിക്കപ്പെട്ടശേഷം കുററക്കാരനായ അവന്റെ സഹോദരൻ കയീനും അവരുടെ മാതാപിതാക്കളായ ആദാമും ഹവ്വായും മാത്രമേ ഭൂമുഖത്തു ശേഷിച്ചിരുന്നുള്ളു എന്ന് ഒരുവൻ ചിന്തിച്ചേക്കാം. എന്നാൽ ആദാമിനും ഹവ്വായ്ക്കും ഒരു വലിയ കുടുംബമുണ്ടായിരുന്നു. ഉൽപ്പത്തി 5:3, 4 (NW) പറയുന്നതനുസരിച്ച്, ആദാമിന് ശേത്ത് എന്നു പേരായി ഒരു പുത്രൻ ജനിച്ചു. വിവരണം ഇപ്രകാരം കൂട്ടിച്ചേർക്കുന്നു: “ശേത്തിനെ ജനിപ്പിച്ചശേഷം ആദാമിന്റെ നാളുകൾ എണ്ണൂറു സംവൽസരമായി. ഇതിനിടയിൽ അവൻ പുത്രൻമാർക്കും പുത്രിമാർക്കും പിതാവായിത്തീർന്നു.” അതുകൊണ്ടു കയീൻ തന്റെ സഹോദരിയെയോ അല്ലെങ്കിൽ ഒരുപക്ഷേ സഹോദരപുത്രിമാരിൽ ഒരാളെയോ വിവാഹം കഴിച്ചു. അന്നു മനുഷ്യവർഗ്ഗം മാനുഷപൂർണ്ണതയോടു വളരെ അടുത്തായിരുന്നതിനാൽ പ്രത്യക്ഷത്തിൽ അത്തരം ഒരു ബന്ധത്തിൽ നിന്ന് ഇന്ന് ജനിക്കുന്ന ഒരു കുട്ടിക്ക് ഉണ്ടായേക്കാവുന്ന ആരോഗ്യപരമായ അപകടാവസ്ഥ അന്ന് ഉണ്ടായിരുന്നില്ല.
◼യോസേഫിനെ ഈജിപ്ററിൽ കൊണ്ടുപോയി വിററത് ആരായിരുന്നു?
യോസേഫിന്റെ സഹോദരൻമാർ അവനെ യിശ്മായേല്യർക്കു വിൽക്കാൻ തീരുമാനിച്ചു എന്ന് ഉൽപ്പത്തി 37:27 പറയുന്നു. എന്നാൽ അടുത്ത വാക്യം പറയുന്നു: “മിദ്യാന്യകച്ചവടക്കാർ കടന്നുപോകുമ്പോൾ അവർ [യോസേഫിന്റെ സഹോദരൻമാർ] യോസേഫിനെ കുഴിയിൽനിന്നു വലിച്ചു കയററി, യിശ്മായേല്യർക്കു ഇരുപതു വെള്ളിക്കാശിന്നു വിററു. അവർ യോസേഫിനെ മിസ്രയീമിലേക്കു കൊണ്ടുപോയി.” യോസേഫ് യിശ്മായേല്യർക്കാണോ മിദ്യാന്യർക്കാണോ വിൽക്കപ്പെട്ടത്? കൊള്ളാം, മിദ്യാന്യർ യിശ്മായേല്യരെന്നുംകൂടെ വിളിക്കപ്പെട്ടിരുന്നിരിക്കാം, അവരുടെ പൂർവ്വപിതാവായ അബ്രഹാമിലൂടെ അവർ യിശ്മായേല്യരുമായി ബന്ധമുള്ളവരായിരുന്നു. അല്ലെങ്കിൽ മിദ്യാന്യവ്യാപാരികൾ ഒരു യിശ്മായേല്യ സഞ്ചാരിസംഘത്തോടൊപ്പം യാത്രചെയ്യുകയായിരുന്നിരിക്കാം. ഏതായാലും യോസേഫിന്റെ സഹോദരൻമാരാണു വിൽപ്പന നടത്തിയത്, പിൽക്കാലത്ത് അവന് അവരോട് ഇങ്ങനെ പറയാൻ കഴിഞ്ഞു: “നിങ്ങൾ മിസ്രയീമിലേക്കു വിററുകളഞ്ഞ നിങ്ങളുടെ സഹോദരൻ യോസേഫ് ആകുന്നു ഞാൻ.”—ഉല്പത്തി 45:4.
◼മോവാബ്യ സ്ത്രീകളുമായി അധാർമ്മിക ബന്ധങ്ങളിൽ ഏർപ്പെട്ടതിനും ബാൽപെയോരിന്റെ ആരാധനയിൽ ഉൾപ്പെട്ടതിനും എത്ര ഇസ്രായേല്യരാണ് മരിച്ചത്?
സംഖ്യാപുസ്തകം 25:9 ഇപ്രകാരം പ്രസ്താവിക്കുന്നു: “[തങ്ങളുടെ ദുഷ്ടത നിമിത്തം ദൈവത്തിൽനിന്നുള്ള] ബാധകൊണ്ടു മരിച്ചുപോയവർ ഇരുപത്തുനാലായിരം പേർ.” എന്നിരുന്നാലും അപ്പൊസ്തലനായ പൗലോസ് പറഞ്ഞു: “അവരിൽ ചിലർ [മരുഭൂമിയിൽ വച്ച് യിസ്രായേല്യർ] പരസംഗം ചെയ്തു ഒരു ദിവസത്തിൽ ഇരുപത്തുമൂവായിരം പേർ വീണുപോയതുപോലെ നാം പരസംഗം ചെയ്യരുതു.” (1 കൊരിന്ത്യർ 10:8) ഇതിൽ ഏതു സംഖ്യയും തൃപ്തികരമായിരിക്കത്തക്കവണ്ണം ഒരുപക്ഷേ വധിക്കപ്പെട്ടവരുടെ എണ്ണം 23,000ത്തിനും 24,000ത്തിനും ഇടക്ക് ആയിരുന്നിരിക്കാം. എന്നിരുന്നാലും, ഈ പാപത്തിൽ ഉൾപ്പെട്ടിരുന്ന “ജനത്തിന്റെ തലവൻമാർ” ന്യായാധിപൻമാരാൽ വധിക്കപ്പെട്ടുവെന്ന് സംഖ്യാപുസ്തകം വിശേഷാൽ ചൂണ്ടിക്കാണിക്കുന്നു. (സംഖ്യാപുസ്തകം 25:4, 5) പൗലോസ് പറഞ്ഞ 23,000ത്തോടു ചേരുമ്പോൾ മൊത്തം 24,000 ആയിത്തീരത്തക്കവണ്ണം കുററക്കാരായ “തലവൻമാർ” 1,000 പേർ ഉണ്ടായിരുന്നിരിക്കാം. പ്രത്യക്ഷത്തിൽ 23,000 പേർ ദൈവത്തിൽ നിന്നുള്ള ബാധയുടെ നേരിട്ടുള്ള ഇരകളായിരുന്നെങ്കിലും 24,000 പേരും യഹോവയിൽ നിന്നുള്ള ബാധ അനുഭവിക്കേണ്ടി വന്നു, കാരണം അവന്റെ പ്രതികൂല ന്യായവിധിയുടെ ഫലമായിട്ടാണ് അവരെല്ലാവരും മരിച്ചത്.—ആവർത്തനം 4:3.
◼ആഗാഗ് ഇസ്രായേല്യരാജാവായിരുന്ന ശൗലിന്റെ സമകാലികനായിരുന്നതിനാൽ അതിനു വളരെ നാളുകൾക്കു മുമ്പു ബിലെയാം ആ പേരുള്ള ഒരു അമാലേക്യ ഭരണാധികാരിയെ പരാമർശിക്കുന്നത് ഒരു വൈരുദ്ധ്യമല്ലേ?
പൊ. യു. മു. (പൊതുയുഗത്തിനു മുമ്പ്) ഏതാണ്ട് 1473-ൽ ഇസ്രയേലിലെ ഒരു രാജാവ് “ആഗാഗിലും ശ്രേഷ്ഠ”നായിരിക്കുമെന്ന് ബിലെയാം മുൻകൂട്ടിപ്പറഞ്ഞു. (സംഖ്യാപുസ്തകം 24:7) ശൗൽ രാജാവിന്റെ ഭരണകാലംവരെ (പൊ. യു. മു. 1117-1078) പിന്നീട് ആഗാഗിനെപ്പററി പരാമർശനമൊന്നും നടത്തപ്പെട്ടില്ല. (1 ശമുവേൽ 15:8) എന്നിരുന്നാലും, ഇതൊരു വൈരുദ്ധ്യമല്ല, എന്തുകൊണ്ടെന്നാൽ “ആഗാഗ്” എന്നത് ഈജിപ്ററിലെ ഫറവോന്റേതുപോലെയുള്ള ഒരു രാജകീയ പദവിനാമമായിരുന്നിരിക്കാം. ആഗാഗ് എന്നത് അമാലേക്യ ഭരണാധിപൻമാരാൽ ആവർത്തിച്ച് ഉപയോഗിക്കപ്പെട്ട വ്യക്തിപരമായ ഒരു നാമമായിരിക്കാനും ഇടയുണ്ട്.
◼ദാവീദ് ഇസ്രായേല്യരുടെ എണ്ണമെടുക്കാൻ ഇടയാക്കിയത് ആരായിരുന്നു?
രണ്ടു ശമുവേൽ 24:1 ഇപ്രകാരം പ്രസ്താവിക്കുന്നു: “യഹോവയുടെ കോപം വീണ്ടും യിസ്രായേലിന്റെ നേരെ ജ്വലിച്ചു: നീ ചെന്ന് യിസ്രായേലിനെയും യഹൂദയെയും എണ്ണുക എന്നിങ്ങനെ അവർക്കു വിരോധമായി ദാവീദിന്നു തോന്നിച്ചു.” എന്നാൽ പാപം ചെയ്യാൻ ദാവീദ് രാജാവിനെ പ്രേരിപ്പിച്ചത് യഹോവയായിരുന്നില്ല, എന്തുകൊണ്ടെന്നാൽ 1 ദിനവൃത്താന്തം 21:1 പറയുന്നു: “അനന്തരം സാത്താൻ [അല്ലെങ്കിൽ ഒരു എതിരാളി, NW അടിക്കുറിപ്പ്] യിസ്രായേലിന്നു വിരോധമായി എഴുന്നേററു യിസ്രായേലിനെ എണ്ണുവാൻ ദാവീദിന്നു തോന്നിച്ചു.” ദൈവത്തിന് യിസ്രായേലിനോട് അപ്രീതി തോന്നുകയും അതുകൊണ്ട് അവരുടെമേൽ ഈ പാപം വരുത്താൻ പിശാചായ സാത്താനെ അനുവദിക്കുകയും ചെയ്തു. അക്കാരണത്താൽ 2 ശമുവേൽ 24:1 ദൈവം തന്നെ അങ്ങനെ ചെയ്തുവെന്നപോലെ വായിക്കപ്പെടുന്നു. രസാവഹമായി, ജോസഫ് ബി. റാതറമിന്റെ ഭാഷാന്തരം ഇപ്രകാരം വായിക്കപ്പെടുന്നു: “യാഹ്വേയുടെ കോപം യിസ്രായേലിനെതിരെ ജ്വലിച്ചു. അതുകൊണ്ടു പോയി യിസ്രായേലിനെയും യഹൂദയെയും എണ്ണുക എന്നു പറഞ്ഞുകൊണ്ടു ദാവീദു അവർക്കെതിരെ നീങ്ങാൻ ഇടയാക്കുന്നതിന് അവൻ അനുവദിച്ചു.”
◼ദാവീദിന്റെ കണക്കെടുപ്പിലെ ഇസ്രായേല്യരുടെയും യഹൂദ്യരുടെയും വ്യത്യസ്ത സംഖ്യകളെ ഒരുവന് എങ്ങനെ പൊരുത്തപ്പെടുത്താൻ കഴിയും?
രണ്ടു ശമുവേൽ 24:9-ൽ ഇസ്രായേല്യർ 8,00,000-ഉം യഹൂദ്യർ 5,00,000-ഉം ആണ്, എന്നാൽ 1 ദിനവൃത്താന്തം 21:5-ൽ ഇസ്രായേലിന്റെ യോദ്ധാക്കൾ 11,00,000-ഉം യഹൂദയുടേത് 4,70,000-ഉം ആണ്. രാജാവിന്റെ സേവനത്തിൽ സാധാരണയായി മൊത്തം 2,88,000 പടയാളികൾ ഉണ്ടായിരുന്നു, അവർ 24,000 വീതമുള്ള 12 കൂട്ടങ്ങളായി വിഭാഗിക്കപ്പെട്ടിരുന്നു, ഓരോ കൂട്ടവും വർഷത്തിൽ ഒരു മാസം വീതം സേവിച്ചിരുന്നു. കൂടാതെ 12 പ്രഭുക്കൻമാരെ സേവിച്ചിരുന്ന വേറെ 12,000 പേരുണ്ടായിരുന്നു. അങ്ങനെ മൊത്തം 3,00,000 പേർ. പ്രത്യക്ഷത്തിൽ, 1 ദിനവൃത്താന്തം 21:5-ൽ പറഞ്ഞിരിക്കുന്ന 11,00,000-ൽ നേരത്തെ പട്ടികപ്പെടുത്തിയ ഈ 3,00,000 ഉൾപ്പെടുന്നു, മറിച്ച് 2 ശമുവേൽ 24:9-ൽ അതു ഉൾപ്പെടുത്തിയിട്ടില്ല. (സംഖ്യാപുസ്തകം 1:16; ആവർത്തനം 1:15; 1 ദിനവൃത്താന്തം 27:1-22) യഹൂദയെ സംബന്ധിച്ചാണെങ്കിൽ, 2 ശമുവേൽ 24:9-ൽ 1 ദിനവൃത്താന്തം 21:5-ൽ ഉൾപ്പെടുത്താഞ്ഞവരും ഫെലിസ്ത്യരുടെ അതിർത്തിയിൽ കാവൽ നിന്നവരുമായി 30,000 പേരുടെ ഒരു സൈന്യത്തെ പ്രത്യക്ഷത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. (2 ശമുവേൽ 6:1) 2 ശമുവേലും 1 ദിനവൃത്താന്തവും വ്യത്യസ്ത വീക്ഷണങ്ങളും ഉദ്ദേശ്യങ്ങളുമുള്ള രണ്ടു വ്യക്തികളാൽ എഴുതപ്പെട്ടതാണ് എന്ന് ഓർമ്മിക്കുകയാണെങ്കിൽ നമുക്ക് ഈ സംഖ്യകൾ എളുപ്പത്തിൽ പൊരുത്തപ്പെടുത്താൻ കഴിയും.
◼ശെയല്ത്തീയേലിന്റെ പിതാവ് ആരായിരുന്നു?
ശെയല്ത്തീയേലിന്റെ ജഡിക പിതാവ് യെഖൊന്യാവ് (യെഹൊയാഖീൻ രാജാവ്) ആയിരുന്നുവെന്ന് ചില വാക്യങ്ങൾ സൂചിപ്പിക്കുന്നു. (1 ദിനവൃത്താന്തം 3:16-18; മത്തായി 1:12) എന്നാൽ സുവിശേഷകനായ ലൂക്കോസ് ശെയല്ത്തീയേലിനെ “നേരിയുടെ മകൻ” എന്നു വിളിച്ചു. (ലൂക്കോസ് 3:27) പ്രത്യക്ഷത്തിൽ നേരി തന്റെ മകളെ ശെയല്ത്തീയേലിനു ഭാര്യയായി കൊടുത്തു. എബ്രായർ സാധാരണയായി മരുമകനെ മകനെന്നു, പ്രത്യേകിച്ചും വംശാവലി പട്ടികയിൽ വിളിക്കാറുണ്ടായിരുന്നതിനാൽ ലൂക്കോസിന് ഉചിതമായി ശെയല്ത്തീയേലിനെ നേരിയുടെ മകനെന്നു വിളിക്കാൻ കഴിഞ്ഞു. സമാനമായി ലൂക്കോസ് യോസേഫിനെ ഹേലിയുടെ മകൻ എന്നു വിളിച്ചു. ഹേലി വാസ്തവത്തിൽ യോസേഫിന്റെ ഭാര്യയായ മറിയയുടെ പിതാവായിരുന്നു.—ലൂക്കോസ് 3:23.
യേശു ഉൾപ്പെട്ടിരിക്കുന്ന വാക്യങ്ങളുടെ പൊരുത്തപ്പെടുത്തൽ
◼ഒരു വലിയ പന്നിക്കൂട്ടത്തിൽ പ്രവേശിച്ച ഭൂതങ്ങളെ യേശുക്രിസ്തു എത്ര പേരിൽ നിന്നാണു പുറത്താക്കിയത്?
സുവിശേഷകനായ മത്തായി രണ്ടു പുരുഷൻമാരെ പരാമർശിക്കുന്നു, എന്നാൽ മർക്കോസും ലൂക്കോസും ഒരാളെപ്പററി മാത്രമേ പറയുന്നുള്ളു. (മത്തായി 8:28; മർക്കോസ് 5:2; ലൂക്കോസ് 8:27) മർക്കോസും ലൂക്കോസും ഒരു ഭൂതബാധിതനിലേക്കു മാത്രം ശ്രദ്ധ ക്ഷണിച്ചത് യേശു അയാളോട് സംസാരിക്കുകയും അയാളുടെ കേസ് കൂടുതൽ പ്രമുഖമായിരിക്കയും ചെയ്തതിനാലാണെന്ന് തോന്നുന്നു. സാദ്ധ്യതയനുസരിച്ച്, ആ മനുഷ്യൻ കൂടുതൽ അക്രമാസക്തനായിരുന്നു അഥവാ അയാൾ കൂടുതൽ കാലം ഭൂതബാധയിൻകീഴിൽ കഷ്ടമനുഭവിച്ചിരുന്നു. ഒരുപക്ഷേ പിന്നീട് അയാൾ മാത്രം യേശുവിനെ അനുഗമിക്കാൻ ആഗ്രഹിച്ചു. (മർക്കോസ് 5:18-20) ഏതാണ്ട് സമാന്തരമായ ഒരു സാഹചര്യത്തിൽ മത്തായി യേശു സൗഖ്യമാക്കിയ രണ്ടു കുരുടൻമാരെപ്പററി പറഞ്ഞു, അതേസമയം മർക്കോസും ലൂക്കോസും ഒരാളെപ്പററിയേ പറഞ്ഞുള്ളു. (മത്തായി 20:29-34; മർക്കോസ് 10:46; ലൂക്കോസ് 18:35) ഇതു വൈരുദ്ധ്യാത്മകമായിരുന്നില്ല, എന്തുകൊണ്ടെന്നാൽ അത്തരം ഒരു മനുഷ്യൻ ഏതായാലും ഉണ്ടായിരുന്നു.
◼തന്റെ മരണദിവസം യേശു ധരിച്ച വസ്ത്രത്തിന്റെ നിറമെന്തായിരുന്നു?
മർക്കോസ് (15:17)ഉം യോഹന്നാൻ (19:2)ഉം പറയുന്നതനുസരിച്ചു പടയാളികൾ യേശുവിനെ രക്താംബരം, ധൂമ്രവസ്ത്രം ധരിപ്പിച്ചു. എന്നാൽ മത്തായി (27:28) ചുവപ്പിന് ഊന്നൽകൊടുത്തുകൊണ്ട് അതിനെ “ചുവന്ന മേലങ്കി” എന്നു വിളിച്ചു. രക്താംബരവും ധൂമ്രവും, ചുവപ്പും നീലയും കലർന്ന ഏതു നിറവുമാകാവുന്നതിനാൽ അങ്കിക്ക് ചുവപ്പു നിറമുണ്ടായിരുന്നെന്ന് മർക്കോസും യോഹന്നാനും സമ്മതിക്കുന്നു. പ്രകാശപ്രതിഫലനവും പശ്ചാത്തലവും വസ്ത്രത്തിനു വ്യത്യസ്ത നിറം തോന്നാനിടയാക്കിയിരിക്കണം. ബൈബിൾ എഴുത്തുകാർക്ക് അല്ലെങ്കിൽ അവർക്കു വിവരം നൽകിയവർക്ക് ഏററം ശക്തമെന്ന് തോന്നിയ നിറം അവർ എടുത്തു പറഞ്ഞു. ഈ നേരിയ വ്യത്യാസം എഴുത്തുകാർ വ്യത്യസ്തവ്യക്തികളായിരുന്നെന്ന് കാണിക്കുകയും അവർ ഒത്തു ചേർന്ന് കബളിപ്പിക്കാൻ ശ്രമം ഒന്നും ചെയ്തില്ലെന്ന് തെളിയിക്കുകയും ചെയ്യുന്നു.
◼യേശുവിന്റെ ദണ്ഡനസ്തംഭം ആരാണ് ചുമന്നത്?
യോഹന്നാൻ (19:17) ഇപ്രകാരം പറഞ്ഞു: “അവൻ താൻതന്നെ [യേശു] ക്രൂശിനെ ചുമന്നുകൊണ്ടു എബ്രായഭാഷയിൽ ഗൊൽഗൊഥാ എന്നു പേരുള്ള തലയോടിടം എന്ന സ്ഥലത്തേക്കു പോയി.” എന്നാൽ മത്തായി (27:32), മർക്കോസ് (15:21), ലൂക്കോസ് (23:26) എന്നിവ പറയുന്നത് ‘അവർ പോകുമ്പോൾ ശീമോൻ എന്നു പേരുള്ള കുറേനക്കാരനെ കണ്ടു, അവന്റെ ക്രൂശ് ചുമപ്പാൻ നിർബ്ബന്ധിച്ചു’ എന്നാണ്. യോഹന്നാൻ പ്രസ്താവിച്ചപ്രകാരം യേശു തന്റെ ദണ്ഡനസ്തംഭം ചുമന്നു. എന്നാൽ തന്റെ ചുരുങ്ങിയ വിവരണത്തിൽ പിന്നീട് ശീമോൻ സ്തംഭം ചുമപ്പാൻ നിർബ്ബന്ധിക്കപ്പെട്ട കാര്യം യോഹന്നാൻ കൂട്ടിച്ചേർത്തില്ല. അതുകൊണ്ട് ഈ സംഗതിയിൽ സുവിശേഷ വിവരണങ്ങൾ ചേർച്ചയിലാണ്.
◼ഈസ്കര്യോത്താ യൂദാ എങ്ങനെയാണ് മരിച്ചത്?
മത്തായി 27:5 പറയുന്നതു യൂദാ കെട്ടിഞാന്നു ചത്തുകളഞ്ഞു എന്നാണ്, എന്നാൽ പ്രവൃത്തികൾ 1:18 പറയുന്നത് അവൻ “തലകീഴായി വീണു നടുവേ പിളർന്നു അവന്റെ കുടലെല്ലാം തുറിച്ചുപോയി” എന്നാണ്. മത്തായി ആത്മഹത്യാശ്രമത്തിന്റെ രീതിയെപ്പററി പറയുന്നതായി തോന്നുമ്പോൾ പ്രവൃത്തികൾ അതിന്റെ ഫലങ്ങൾ വിവരിക്കുന്നു. പ്രത്യക്ഷത്തിൽ യൂദാ ഒരു മരക്കൊമ്പിൽ കയറുകെട്ടി കഴുത്തിനു കുരുക്കിട്ട് മലഞ്ചെരുവിൽ നിന്നു താഴേക്കു ചാടി തൂങ്ങിച്ചാകാൻ ശ്രമിച്ചു. കയറുപൊട്ടുകയോ മരക്കൊമ്പ് ഒടിയുകയോ ചെയ്തിട്ട് അവൻ താഴെയുള്ള പാറകളിൽ വീണു വയറുപൊട്ടി മരിച്ചതായി തോന്നുന്നു. യെരൂശലേമിനു ചുററുമുള്ള സ്ഥലങ്ങളെപ്പററിയുള്ള വർണ്ണന അത്തരമൊരു നിഗമനം ന്യായയുക്തമാക്കുന്നു.
നിങ്ങൾ കാര്യങ്ങളെ എങ്ങനെ വീക്ഷിക്കും?
ബൈബിളിൽ നാം വൈരുദ്ധ്യങ്ങളെന്നു തോന്നുന്നവ കണ്ടെത്തുന്നുവെങ്കിൽ, ആളുകൾ മിക്കപ്പോഴും വൈരുദ്ധ്യമെന്നു തോന്നുന്ന, എന്നാൽ എളുപ്പം വിശദീകരിക്കാനും മനസ്സിലാക്കാനും കഴിയുന്ന കാര്യങ്ങൾ പറയാറുണ്ട് എന്ന് തിരിച്ചറിയുന്നതു നല്ലതാണ്. ഉദാഹരണത്തിന്, ഒരു സെക്രട്ടറിക്ക് ആശയങ്ങൾ പറഞ്ഞുകൊടുത്ത് ഒരു ബിസിനസ്സുകാരൻ ഒരു കത്തു അയപ്പിച്ചേക്കാം. അതേപ്പററി ചോദിച്ചാൽ താനാണ് കത്തയച്ചതെന്ന് അദ്ദേഹം പറയും. എന്നാൽ കത്തു ടൈപ്പ് ചെയ്യുകയും അയക്കുകയും ചെയ്തത് സെക്രട്ടറിയായതുകൊണ്ട് താനാണ് കത്തയച്ചതെന്ന് അവർക്കു പറയാൻ കഴിയും. സമാനമായി, മത്തായി (8:5) യേശുവിനോട് അനുഗ്രഹം ചോദിക്കാൻ ഒരു ശതാധിപൻ വന്നു എന്നും ലൂക്കോസ് (7:2, 3) ആ മനുഷ്യൻ പ്രതിനിധികളെ അയച്ചു എന്നും പറയുമ്പോൾ അത് വൈരുദ്ധ്യമല്ല.
ബൈബിളിലെ പ്രയാസങ്ങൾ വിശദീകരിക്കാവുന്നവയാണെന്ന് മേൽപ്പറഞ്ഞ ദൃഷ്ടാന്തങ്ങൾ കാണിക്കുന്നു. അതുകൊണ്ട് തിരുവെഴുത്തുകളോട് ഒരു ക്രിയാത്മക മനോഭാവമുണ്ടായിരിക്കാൻ നല്ല കാരണമുണ്ട്. ആയിരത്തിഎണ്ണൂററിഎഴുപത്തിയാറിൽ പ്രസിദ്ധീകരിച്ച ഒരു കുടുംബബൈബിളിൽ കാണപ്പെടുന്ന താഴെപ്പറയുന്ന വാക്കുകൾ അത്തരമൊരു ആത്മാവുണ്ടായിരിക്കാൻ ശുപാർശ ചെയ്യുന്നു:
“ഇത്തരം പ്രയാസങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നമുക്കുണ്ടായിരിക്കേണ്ട ഉചിതമായ മനോഭാവം, സാദ്ധ്യമാകുന്നടത്തോളം അത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്തുക, എല്ലാ മേഘപാളികളും മുഴുവനായി തുടച്ചു നീക്കാൻ കഴിയാത്തപ്പോൾപോലും സത്യത്തോടു പററിനിൽക്കുക, അതിന് കീഴ്പ്പെടുക എന്നതായിരിക്കണം. ശിഷ്യരിൽ ചിലർ വിളിച്ചപ്രകാരമുള്ള ‘കഠിനവാക്കിനാൽ’ അവർ ക്രിസ്തുവിനെ ഉപേക്ഷിച്ചു പോകാൻ തക്കവണ്ണം നീരസപ്പെട്ടപ്പോൾ ‘കർത്താവേ, ഞങ്ങൾ ആരുടെ അടുക്കൽ പോകും? നിത്യജീവന്റെ വചനങ്ങൾ നിന്റെ പക്കൽ ഉണ്ട്. നീ ദൈവത്തിന്റെ പരിശുദ്ധൻ എന്ന് ഞങ്ങൾ വിശ്വസിച്ചും അറിഞ്ഞും ഇരിക്കുന്നു’ എന്ന് ഉത്തരം പറഞ്ഞുകൊണ്ട് എല്ലാ എതിർപ്പിനേയും നിശബ്ദമാക്കിയ അപ്പൊസ്തലൻമാരുടെ ദൃഷ്ടാന്തം നാം അനുകരിക്കണം. . . . ഒരു സത്യം മറെറാരു സത്യവുമായി പൊരുത്തത്തിലല്ലാത്തതായി തോന്നുമ്പോൾ നമുക്ക് അവയെ പൊരുത്തത്തിലാക്കാൻ ശ്രമിക്കാം, പൊരുത്തത്തിലായിരിക്കുന്നതായി എല്ലാവർക്കും കാണിച്ചു കൊടുക്കാം.”—യോഹന്നാൻ 6:60-69.
നിങ്ങൾ അത്തരം ഒരു നിലപാടു സ്വീകരിക്കുമോ? തിരുവെഴുത്തുകളുടെ പൊരുത്തം പ്രകടമാക്കുന്ന ഏതാനും ദൃഷ്ടാന്തങ്ങൾ പരിശോധിച്ചശേഷം “നിന്റെ വചനത്തിന്റെ സാരം സത്യം തന്നെ” എന്നു ദൈവത്തോടു പറഞ്ഞ സങ്കീർത്തനക്കാരനോടു നിങ്ങൾ യോജിക്കുമെന്നു പ്രതീക്ഷിക്കപ്പെടുന്നു. (സങ്കീർത്തനം 119:160) യഹോവയുടെ സാക്ഷികൾ മുഴുബൈബിളിനെ സംബന്ധിച്ചും ആ വീക്ഷണം സ്വീകരിച്ചിരിക്കുന്നു, അതിൽ തങ്ങൾക്കുള്ള വിശ്വാസത്തിനു സന്തോഷത്തോടെ അവർ ന്യായങ്ങൾ പറയുകയും ചെയ്യും. ഈ അതുല്യമായ പുസ്തകത്തെക്കുറിച്ച് എന്തുകൊണ്ട് അവരുമായി ചർച്ച നടത്തിക്കൂടാ? അതിന്റെ ഹൃദയോദ്ദീപകമായ ദൂത് യഥാർത്ഥ പ്രത്യാശയും സന്തുഷ്ടിയുംകൊണ്ടു നിങ്ങളെ നിറച്ചേക്കാം.
[7-ാം പേജിലെ ചിത്രം]
യഹോവയുടെ സാക്ഷികൾക്ക് എന്തുകൊണ്ടാണ് ബൈബിളിൽ വിശ്വാസമുള്ളതെന്നു നിങ്ങൾ അവരോട് ചോദിച്ചിട്ടുണ്ടോ?