മർക്കൊസ് എഴുതിയത്
15 അതിരാവിലെതന്നെ മുഖ്യപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും അടങ്ങിയ സൻഹെദ്രിൻ ഒന്നടങ്കം കൂടിയാലോചിച്ച്+ യേശുവിനെ ബന്ധിച്ച് കൊണ്ടുപോയി പീലാത്തൊസിനെ ഏൽപ്പിച്ചു.+ 2 പീലാത്തൊസ് യേശുവിനോട്, “നീ ജൂതന്മാരുടെ രാജാവാണോ”+ എന്നു ചോദിച്ചപ്പോൾ, “അങ്ങുതന്നെ അതു പറയുന്നല്ലോ”+ എന്നു യേശു പറഞ്ഞു. 3 എന്നാൽ മുഖ്യപുരോഹിതന്മാർ യേശുവിന് എതിരെ പല ആരോപണങ്ങളും ഉന്നയിച്ചുകൊണ്ടിരുന്നു.+ 4 പീലാത്തൊസ് യേശുവിനെ വീണ്ടും ചോദ്യം ചെയ്യാൻതുടങ്ങി. അദ്ദേഹം ചോദിച്ചു: “നിനക്ക് ഒന്നും പറയാനില്ലേ?+ എന്തെല്ലാം ആരോപണങ്ങളാണ് ഇവർ നിനക്ക് എതിരെ ഉന്നയിക്കുന്നതെന്നു കേട്ടില്ലേ?”+ 5 എന്നാൽ യേശു കൂടുതലായൊന്നും പറഞ്ഞില്ല. ഇതു കണ്ട് പീലാത്തൊസിന് അതിശയം തോന്നി.+
6 ഓരോ ഉത്സവത്തിനും ജനം ആവശ്യപ്പെടുന്ന ഒരു തടവുകാരനെ പീലാത്തൊസ് മോചിപ്പിക്കാറുണ്ടായിരുന്നു.+ 7 ആ സമയത്ത് ബറബ്ബാസ് എന്നു പേരുള്ള ഒരാൾ കലാപകാരികളോടൊപ്പം ജയിലിലുണ്ടായിരുന്നു. കലാപത്തിനിടെ കൊല നടത്തിയവരായിരുന്നു അവർ. 8 ജനം പീലാത്തൊസിന്റെ അടുത്ത് ചെന്ന് അവർക്കു പതിവായി ചെയ്തുകൊടുക്കാറുള്ളതുപോലെ ഇപ്രാവശ്യവും ചെയ്യാൻ അദ്ദേഹത്തോട് അപേക്ഷിച്ചു. 9 അപ്പോൾ പീലാത്തൊസ് അവരോട്, “ജൂതന്മാരുടെ രാജാവിനെ ഞാൻ വിട്ടുതരട്ടേ”+ എന്നു ചോദിച്ചു. 10 കാരണം അസൂയകൊണ്ടാണു മുഖ്യപുരോഹിതന്മാർ യേശുവിനെ തന്റെ കൈയിൽ ഏൽപ്പിച്ചതെന്നു പീലാത്തൊസിന് അറിയാമായിരുന്നു.+ 11 എന്നാൽ യേശുവിനു പകരം ബറബ്ബാസിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെടാൻ മുഖ്യപുരോഹിതന്മാർ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചു.+ 12 പീലാത്തൊസ് പിന്നെയും അവരോട്, “അങ്ങനെയെങ്കിൽ ജൂതന്മാരുടെ രാജാവെന്നു നിങ്ങൾ വിളിക്കുന്നവനെ ഞാൻ എന്തു ചെയ്യണം” എന്നു ചോദിച്ചു.+ 13 “അവനെ സ്തംഭത്തിലേറ്റ്!” എന്നു വീണ്ടും അവർ അലറി.+ 14 എന്നാൽ പീലാത്തൊസ് അവരോടു ചോദിച്ചു: “എന്തിന്, ഇയാൾ എന്തു തെറ്റാണു ചെയ്തത്?” എന്നാൽ അവർ, “അവനെ സ്തംഭത്തിലേറ്റ്!”+ എന്നു കൂടുതൽ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു. 15 ഒടുവിൽ ജനക്കൂട്ടത്തെ തൃപ്തിപ്പെടുത്താൻവേണ്ടി പീലാത്തൊസ് ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു. യേശുവിനെയോ ചാട്ടയ്ക്ക് അടിപ്പിച്ചു.+ എന്നിട്ട് സ്തംഭത്തിലേറ്റി കൊല്ലാൻ ഏൽപ്പിച്ചു.+
16 പടയാളികൾ യേശുവിനെ ഗവർണറുടെ വസതിയുടെ നടുമുറ്റത്തേക്കു കൊണ്ടുപോയി. അവർ പട്ടാളത്തെ മുഴുവനും വിളിച്ചുകൂട്ടി.+ 17 അവർ യേശുവിനെ പർപ്പിൾ നിറത്തിലുള്ള വസ്ത്രം ധരിപ്പിച്ചു, ഒരു മുൾക്കിരീടം മെടഞ്ഞ് തലയിൽ വെച്ചു.+ 18 “ജൂതന്മാരുടെ രാജാവേ, അഭിവാദ്യങ്ങൾ!” എന്ന് അവർ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. 19 ഈറ്റത്തണ്ടുകൊണ്ട് അവർ യേശുവിന്റെ തലയ്ക്ക് അടിച്ചു. അവർ യേശുവിന്റെ മേൽ തുപ്പുകയും മുട്ടുകുത്തി യേശുവിനെ വണങ്ങുകയും ചെയ്തു. 20 ഇങ്ങനെ കളിയാക്കിയിട്ട് അവർ പർപ്പിൾ നിറത്തിലുള്ള ആ വസ്ത്രം അഴിച്ചുമാറ്റി യേശുവിനെ സ്വന്തം പുറങ്കുപ്പായം ധരിപ്പിച്ചു. എന്നിട്ട് യേശുവിനെ സ്തംഭത്തിൽ തറയ്ക്കാൻ കൊണ്ടുപോയി.+ 21 അലക്സാണ്ടറിന്റെയും രൂഫൊസിന്റെയും അപ്പനായ, ശിമോൻ എന്നു പേരുള്ള കുറേനക്കാരൻ നാട്ടിൻപുറത്തുനിന്ന് അതുവഴി വരുകയായിരുന്നു. അവർ അയാളെ നിർബന്ധിച്ച് യേശുവിന്റെ ദണ്ഡനസ്തംഭം ചുമപ്പിച്ചു.*+
22 അങ്ങനെ അവർ യേശുവിനെ ഗൊൽഗോഥ എന്ന സ്ഥലത്ത് കൊണ്ടുചെന്നു. (പരിഭാഷപ്പെടുത്തുമ്പോൾ, “തലയോടിടം”+ എന്നാണ് ആ സ്ഥലപ്പേരിന്റെ അർഥം.) 23 അവർ യേശുവിനു മീറ+ കലർത്തിയ വീഞ്ഞു കൊടുത്തെങ്കിലും യേശു അതു നിരസിച്ചു. 24 യേശുവിനെ സ്തംഭത്തിൽ തറച്ചശേഷം അവർ നറുക്കിട്ട് യേശുവിന്റെ പുറങ്കുപ്പായം വീതിച്ചെടുത്തു.+ 25 അവർ യേശുവിനെ സ്തംഭത്തിൽ തറച്ചപ്പോൾ സമയം മൂന്നാം മണിയായിരുന്നു. 26 “ജൂതന്മാരുടെ രാജാവ് ” എന്ന് അവിടെ എഴുതിവെച്ചിരുന്നു.+ യേശുവിന് എതിരെ ആരോപിച്ച കുറ്റമായിരുന്നു അത്. 27 കൂടാതെ അവർ രണ്ടു കവർച്ചക്കാരെ, ഒരുത്തനെ യേശുവിന്റെ വലത്തും മറ്റവനെ ഇടത്തും ആയി സ്തംഭത്തിലേറ്റി.+ 28 —— 29 അതിലേ കടന്നുപോയവർ തലകുലുക്കിക്കൊണ്ട് ഇങ്ങനെ പറഞ്ഞ് യേശുവിനെ നിന്ദിച്ചു:+ “ഹേ! ദേവാലയം ഇടിച്ചുകളഞ്ഞ് മൂന്നു ദിവസത്തിനകം പണിയുന്നവനേ,+ 30 നിന്നെത്തന്നെ രക്ഷിക്ക്. ദണ്ഡനസ്തംഭത്തിൽനിന്ന് ഇറങ്ങിവാ.” 31 അങ്ങനെതന്നെ, മുഖ്യപുരോഹിതന്മാരും ശാസ്ത്രിമാരും യേശുവിനെ കളിയാക്കിക്കൊണ്ട് തമ്മിൽത്തമ്മിൽ ഇങ്ങനെ പറഞ്ഞു: “മറ്റുള്ളവരെ ഇവൻ രക്ഷിച്ചു. എന്നാൽ സ്വയം രക്ഷിക്കാൻ ഇവനു പറ്റുന്നില്ല!+ 32 ഇസ്രായേലിന്റെ രാജാവായ ക്രിസ്തു ദണ്ഡനസ്തംഭത്തിൽനിന്ന് ഇറങ്ങിവരട്ടെ. അതു കണ്ടാൽ ഇവനിൽ വിശ്വസിക്കാം.”+ യേശുവിന്റെ ഇരുവശത്തും സ്തംഭത്തിൽ കിടന്നവർപോലും യേശുവിനെ നിന്ദിച്ചു.+
33 ആറാം മണിമുതൽ ഒൻപതാം മണിവരെ ആ നാട്ടിലെങ്ങും* ഇരുട്ടു പരന്നു.+ 34 ഒൻപതാം മണി ആയപ്പോൾ യേശു ഉറക്കെ “ഏലീ, ഏലീ, ലമാ ശബക്താനീ” എന്നു വിളിച്ചുപറഞ്ഞു. (പരിഭാഷപ്പെടുത്തുമ്പോൾ, “എന്റെ ദൈവമേ, എന്റെ ദൈവമേ, അങ്ങ് എന്താണ് എന്നെ കൈവിട്ടത് ” എന്നാണ് അതിന്റെ അർഥം.)+ 35 അരികെ നിന്നിരുന്ന ചിലർ ഇതു കേട്ട്, “കണ്ടോ! അവൻ ഏലിയയെ വിളിക്കുകയാണ് ” എന്നു പറഞ്ഞു. 36 ഒരാൾ ഓടിച്ചെന്ന് പുളിച്ച വീഞ്ഞിൽ നീർപ്പഞ്ഞി* മുക്കി ഒരു ഈറ്റത്തണ്ടിന്മേൽ വെച്ച് യേശുവിനു കുടിക്കാൻ കൊടുത്തുകൊണ്ട്+ പറഞ്ഞു: “അവൻ അവിടെ കിടക്കട്ടെ, അവനെ താഴെ ഇറക്കാൻ ഏലിയ വരുമോ എന്നു നോക്കാം.” 37 എന്നാൽ യേശു ഉറക്കെ നിലവിളിച്ച് ജീവൻ വെടിഞ്ഞു.+ 38 അപ്പോൾ വിശുദ്ധമന്ദിരത്തിലെ തിരശ്ശീല+ മുകളിൽനിന്ന് താഴെവരെ രണ്ടായി കീറിപ്പോയി.+ 39 യേശു മരിച്ചപ്പോൾ സംഭവിച്ചതെല്ലാം കണ്ട് അവിടെ നിന്നിരുന്ന സൈനികോദ്യോഗസ്ഥൻ, “ഈ മനുഷ്യൻ ശരിക്കും ദൈവപുത്രനായിരുന്നു”* എന്നു പറഞ്ഞു.+
40 ഇതെല്ലാം നോക്കിക്കൊണ്ട് അകലെ കുറെ സ്ത്രീകളും നിന്നിരുന്നു. മഗ്ദലക്കാരി മറിയയും ചെറിയ യാക്കോബിന്റെയും യോസെയുടെയും അമ്മയായ മറിയയും ശലോമയും അക്കൂട്ടത്തിലുണ്ടായിരുന്നു.+ 41 യേശു ഗലീലയിലായിരുന്നപ്പോൾ യേശുവിനെ അനുഗമിക്കുകയും ശുശ്രൂഷിക്കുകയും ചെയ്തവരാണ് ഇവർ.+ യേശുവിന്റെകൂടെ യരുശലേമിലേക്കു വന്ന മറ്റു പല സ്ത്രീകളും അവിടെയുണ്ടായിരുന്നു.
42 അപ്പോൾത്തന്നെ വൈകുന്നേരമായതുകൊണ്ടും ശബത്തിന്റെ തലേദിവസമായ ഒരുക്കനാൾ ആയതുകൊണ്ടും, 43 അരിമഥ്യക്കാരനായ യോസേഫ് ധൈര്യപൂർവം പീലാത്തൊസിന്റെ അടുത്ത് ചെന്ന് യേശുവിന്റെ ശരീരം ചോദിച്ചു.+ ന്യായാധിപസഭയിലെ ബഹുമാന്യനായ ഒരു അംഗവും ദൈവരാജ്യത്തിനുവേണ്ടി കാത്തിരിക്കുന്നയാളും ആയിരുന്നു യോസേഫ്. 44 എന്നാൽ ഇത്ര വേഗം യേശു മരിച്ചോ എന്നു പീലാത്തൊസ് ഓർത്തു. അതുകൊണ്ട് പീലാത്തൊസ് സൈനികോദ്യോഗസ്ഥനെ വിളിച്ച് യേശു മരിച്ചോ എന്ന് അന്വേഷിച്ചു. 45 അയാളോടു ചോദിച്ച് ഉറപ്പാക്കിയശേഷം പീലാത്തൊസ് ശരീരം യോസേഫിനു വിട്ടുകൊടുത്തു. 46 പിന്നെ യോസേഫ് മേന്മയേറിയ ലിനൻതുണി വാങ്ങി. എന്നിട്ട് യേശുവിനെ താഴെ ഇറക്കി അതിൽ പൊതിഞ്ഞ് പാറയിൽ വെട്ടിയുണ്ടാക്കിയ ഒരു കല്ലറയിൽ വെച്ചു.+ കല്ലറയുടെ വാതിൽക്കൽ ഒരു കല്ലും ഉരുട്ടിവെച്ചു.+ 47 എന്നാൽ മഗ്ദലക്കാരി മറിയയും യോസെയുടെ അമ്മ മറിയയും യേശുവിനെ വെച്ച സ്ഥലത്തേക്കു നോക്കി അവിടെത്തന്നെ നിന്നു.+