രാജാക്കന്മാർ ഒന്നാം ഭാഗം
14 അക്കാലത്ത് യൊരോബെയാമിന്റെ മകൻ അബീയ രോഗം ബാധിച്ച് കിടപ്പിലായി. 2 അപ്പോൾ യൊരോബെയാം ഭാര്യയോടു പറഞ്ഞു: “യൊരോബെയാമിന്റെ ഭാര്യയാണെന്ന് ആർക്കും തിരിച്ചറിയാൻ കഴിയാത്ത വിധം നീ വേഷം മാറി ശീലോയിലേക്കു പോകണം. അവിടെയാണ് അഹീയ പ്രവാചകനുള്ളത്. ഞാൻ ഈ ജനത്തിന്റെ രാജാവാകുമെന്നു പറഞ്ഞത് ആ പ്രവാചകനാണ്.+ 3 പ്രവാചകന്റെ അടുത്ത് പോകുമ്പോൾ പത്ത് അപ്പവും കുറച്ച് അടകളും ഒരു കുപ്പി തേനും നീ കൂടെ കരുതണം. നമ്മുടെ മകന് എന്തു സംഭവിക്കുമെന്നു പ്രവാചകൻ നിനക്കു പറഞ്ഞുതരും.”
4 യൊരോബെയാം പറഞ്ഞതുപോലെ അയാളുടെ ഭാര്യ ചെയ്തു, ശീലോയിൽ+ അഹീയയുടെ ഭവനത്തിലേക്കു ചെന്നു. അഹീയയ്ക്കു കണ്ണു കാണില്ലായിരുന്നു; പ്രായാധിക്യം കാരണം കാഴ്ച നഷ്ടപ്പെട്ടിരുന്നു.
5 എന്നാൽ യഹോവ അഹീയയോടു പറഞ്ഞിരുന്നു: “ഇതാ, യൊരോബെയാമിന്റെ ഭാര്യ രോഗിയായ മകനെക്കുറിച്ച് ചോദിക്കാൻ വരുന്നുണ്ട്! അവളോടു പറയേണ്ടത് എന്താണെന്നു ഞാൻ നിനക്കു പറഞ്ഞുതരാം.* താൻ ആരാണെന്ന കാര്യം വെളിപ്പെടുത്താതെയായിരിക്കും അവൾ വരുക.”
6 വാതിൽക്കൽ അവളുടെ കാൽപ്പെരുമാറ്റം കേട്ട ഉടനെ അഹീയ പറഞ്ഞു: “യൊരോബെയാമിന്റെ ഭാര്യയേ, കയറിവരൂ! നീ ആരാണെന്ന കാര്യം മറച്ചുവെക്കുന്നത് എന്തിനാണ്? ഒരു അശുഭവാർത്ത നിന്നെ അറിയിക്കാൻ എനിക്കു നിയോഗം ലഭിച്ചിരിക്കുന്നു. 7 പോയി യൊരോബെയാമിനോട് ഇങ്ങനെ പറയുക: ‘ഇസ്രായേലിന്റെ ദൈവമായ യഹോവ പറയുന്നു: “ഞാൻ നിന്നെ നിന്റെ ജനത്തിന് ഇടയിൽനിന്ന് ഉയർത്തി എന്റെ ജനമായ ഇസ്രായേലിനു നായകനാക്കി.+ 8 ഞാൻ രാജ്യം ദാവീദുഗൃഹത്തിൽനിന്ന് കീറിയെടുത്ത്+ നിനക്കു തന്നു. എന്നാൽ നീ എന്റെ ദാസനായ ദാവീദിനെപ്പോലെയായിരുന്നില്ല. ദാവീദ് എന്റെ കല്പനകൾ അനുസരിക്കുകയും എന്റെ മുന്നിൽ ശരിയായതു മാത്രം പ്രവർത്തിച്ചുകൊണ്ട് മുഴുഹൃദയത്തോടെ എന്നെ അനുഗമിക്കുകയും ചെയ്തു.+ 9 എന്നാൽ നീയോ, നിനക്കു മുമ്പുണ്ടായിരുന്ന എല്ലാവരെക്കാളും അധികം തിന്മ ചെയ്തു. എന്നെ കോപിപ്പിക്കാനായി നീ നിനക്കുവേണ്ടി മറ്റൊരു ദൈവത്തെയും ലോഹവിഗ്രഹങ്ങളെയും*+ ഉണ്ടാക്കി. എനിക്കു നേരെയാണു നീ പുറംതിരിഞ്ഞത്.+ 10 അതിനാൽ യൊരോബെയാമിന്റെ ഗൃഹത്തിന്മേൽ ഞാൻ ദുരന്തം വരുത്തും. യൊരോബെയാമിൽനിന്ന് എല്ലാ ആൺതരിയെയും* ഞാൻ തുടച്ചുനീക്കും. ഇസ്രായേലിൽ യൊരോബെയാമിനുള്ള നിസ്സഹായരെയും ദുർബലരെയും പോലും ഞാൻ വെറുതേ വിടില്ല. ഒരാൾ ഒട്ടും ശേഷിപ്പിക്കാതെ കാഷ്ഠം മുഴുവൻ കോരിക്കളയുന്നതുപോലെ യൊരോബെയാമിന്റെ ഗൃഹത്തെ ഞാൻ തുടച്ചുനീക്കും!+ 11 യൊരോബെയാമിന്റെ ആരെങ്കിലും നഗരത്തിൽവെച്ച് മരിച്ചാൽ അയാളെ നായ്ക്കൾ തിന്നും. നഗരത്തിനു വെളിയിൽവെച്ച് മരിച്ചാൽ ആകാശത്തിലെ പക്ഷികൾ തിന്നും. യഹോവയാണ് ഇതു പറഞ്ഞിരിക്കുന്നത്.”’
12 “നീ നിന്റെ വീട്ടിലേക്കു പൊയ്ക്കൊള്ളുക. നീ നഗരത്തിൽ കാൽ കുത്തുമ്പോൾ നിന്റെ മകൻ മരിക്കും. 13 ഇസ്രായേല്യരെല്ലാം അവനെക്കുറിച്ച് വിലപിച്ച് അവനെ അടക്കം ചെയ്യും. ഇസ്രായേലിന്റെ ദൈവമായ യഹോവ യൊരോബെയാംഗൃഹത്തിൽ എന്തെങ്കിലും നന്മ കണ്ടിട്ടുള്ളത് അവനിൽ മാത്രമാണ്. അതിനാൽ യൊരോബെയാമിന്റെ കുടുംബത്തിൽ അവനെ മാത്രം കല്ലറയിൽ അടക്കും. 14 യഹോവ തനിക്കുവേണ്ടി ഇസ്രായേലിൽ ഒരു രാജാവിനെ എഴുന്നേൽപ്പിക്കും. അയാൾ അന്നുമുതൽ, അതെ ഇപ്പോൾത്തന്നെ, യൊരോബെയാമിന്റെ ഗൃഹത്തെ ഛേദിച്ചുതുടങ്ങും.+ 15 യഹോവ ഇസ്രായേലിനെ സംഹരിക്കും; അവർ വെള്ളത്തിൽ ആടിയുലയുന്ന ഈറ്റപോലെയാകും. അവരുടെ പൂർവികർക്കു കൊടുത്ത ഈ നല്ല ദേശത്തുനിന്ന് ദൈവം ഇസ്രായേല്യരെ പിഴുതെറിയും.+ അവർ പൂജാസ്തൂപങ്ങൾ*+ പണിത് യഹോവയെ കോപിപ്പിച്ചതുകൊണ്ട് ദൈവം അവരെ അക്കരപ്രദേശത്തേക്കു*+ ചിതറിച്ചുകളയും. 16 യൊരോബെയാം ചെയ്ത പാപങ്ങളും അയാൾ ഇസ്രായേലിനെക്കൊണ്ട് ചെയ്യിച്ച പാപങ്ങളും+ കാരണം ദൈവം ഇസ്രായേലിനെ ഉപേക്ഷിക്കും.”
17 അങ്ങനെ യൊരോബെയാമിന്റെ ഭാര്യ തിർസയിലേക്കു മടങ്ങി. അവൾ വീട്ടുവാതിൽക്കലേക്കു വന്നപ്പോൾ മകൻ മരിച്ചു. 18 അവർ അവനെ അടക്കം ചെയ്തു. ഇസ്രായേലെല്ലാം അവനെച്ചൊല്ലി വിലപിച്ചു. അങ്ങനെ, യഹോവ തന്റെ ദാസനായ അഹീയ പ്രവാചകനിലൂടെ പറഞ്ഞതുപോലെതന്നെ സംഭവിച്ചു.
19 യൊരോബെയാമിന്റെ ബാക്കി ചരിത്രം, അയാൾ യുദ്ധം+ ചെയ്തത് എങ്ങനെയെന്നും രാജ്യം ഭരിച്ചത് എങ്ങനെയെന്നും, ഇസ്രായേൽരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നു. 20 യൊരോബെയാം 22 വർഷം ഭരണം നടത്തി. അതിനു ശേഷം പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു.+ യൊരോബെയാമിന്റെ മകൻ നാദാബ് അടുത്ത രാജാവായി.+
21 എന്നാൽ ശലോമോന്റെ മകനായ രഹബെയാമായിരുന്നു യഹൂദയിലെ രാജാവ്. രാജാവാകുമ്പോൾ രഹബെയാമിന് 41 വയസ്സായിരുന്നു. യഹോവ തന്റെ പേര് സ്ഥാപിക്കാൻ+ ഇസ്രായേലിലെ എല്ലാ ഗോത്രങ്ങളിൽനിന്നും തിരഞ്ഞെടുത്ത യരുശലേം നഗരത്തിൽ+ രഹബെയാം 17 വർഷം ഭരണം നടത്തി. അമ്മോന്യസ്ത്രീയായ നയമയായിരുന്നു+ രഹബെയാമിന്റെ അമ്മ. 22 യഹൂദ യഹോവയുടെ മുമ്പാകെ തിന്മ പ്രവർത്തിച്ചുകൊണ്ടിരുന്നു.+ അവർ ചെയ്ത പാപങ്ങളിലൂടെ അവരുടെ പൂർവികരെക്കാൾ അധികം അവർ ദൈവത്തെ പ്രകോപിപ്പിച്ചു.+ 23 അവരും ഉയർന്ന എല്ലാ കുന്നിന്മേലും+ തഴച്ചുവളരുന്ന ഓരോ വൃക്ഷത്തിൻകീഴിലും+ തങ്ങൾക്കുവേണ്ടി ആരാധനാസ്ഥലങ്ങളും* പൂജാസ്തംഭങ്ങളും പൂജാസ്തൂപങ്ങളും നിർമിച്ചു.+ 24 ആലയവേശ്യാവൃത്തി ചെയ്തുപോന്ന പുരുഷന്മാരും+ ദേശത്തുണ്ടായിരുന്നു. യഹോവ ഇസ്രായേല്യരുടെ മുന്നിൽനിന്ന് ഓടിച്ചുകളഞ്ഞ ജനതകളുടെ മ്ലേച്ഛതകളെല്ലാം അവർ അനുകരിച്ചു.
25 രഹബെയാം രാജാവിന്റെ ഭരണത്തിന്റെ അഞ്ചാം വർഷം ഈജിപ്തിലെ രാജാവായ ശീശക്ക്+ യരുശലേമിനു നേരെ വന്നു.+ 26 യഹോവയുടെ ഭവനത്തിലും രാജാവിന്റെ കൊട്ടാരത്തിലും സൂക്ഷിച്ചിരുന്ന വിലയേറിയ വസ്തുക്കളെല്ലാം ശീശക്ക് എടുത്തുകൊണ്ടുപോയി.+ ശലോമോൻ ഉണ്ടാക്കിയ സ്വർണപ്പരിചകൾ+ ഉൾപ്പെടെ എല്ലാം കൊണ്ടുപോയി. 27 അതുകൊണ്ട് രഹബെയാം രാജാവ് അവയ്ക്കു പകരം ചെമ്പുകൊണ്ടുള്ള പരിചകൾ ഉണ്ടാക്കി, രാജകൊട്ടാരത്തിന്റെ കവാടത്തിൽ കാവൽ നിന്നിരുന്ന കാവൽക്കാരുടെ* മേധാവികളെ ഏൽപ്പിച്ചു. 28 രാജാവ് യഹോവയുടെ ഭവനത്തിലേക്കു പോകുമ്പോഴെല്ലാം കാവൽക്കാർ അവ എടുത്ത് കൂടെ പോകുമായിരുന്നു. പിന്നെ അവർ അവ കാവൽക്കാരുടെ അറയിൽ തിരികെ വെക്കും.
29 രഹബെയാമിന്റെ ബാക്കി ചരിത്രം, അയാൾ ചെയ്ത എല്ലാ കാര്യങ്ങളും, യഹൂദാരാജാക്കന്മാരുടെ കാലത്തെ ചരിത്രപുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.+ 30 രഹബെയാമും യൊരോബെയാമും തമ്മിൽ എപ്പോഴും യുദ്ധമുണ്ടായിരുന്നു.+ 31 രഹബെയാം പൂർവികരെപ്പോലെ അന്ത്യവിശ്രമംകൊണ്ടു. അയാളെ ദാവീദിന്റെ നഗരത്തിൽ പൂർവികരോടൊപ്പം അടക്കം ചെയ്തു.+ അമ്മോന്യസ്ത്രീയായ നയമയായിരുന്നു+ അയാളുടെ അമ്മ. അയാളുടെ മകൻ അബീയാം*+ അടുത്ത രാജാവായി.