യേഹൂ സത്യാരാധനയ്ക്കായി പോരാടിയവൻ
സത്യാരാധനയ്ക്കുവേണ്ടി പോരാടിയ ഒരു വ്യക്തിയാണ് യേഹൂ. ചുറുചുറുക്കും ചടുലതയും തീക്ഷ്ണതയും ധീരതയും ഒക്കെ ആ ദൗത്യം നിർവഹിക്കാൻ അവനെ തുണച്ചു. നമുക്ക് അനുകരിക്കാവുന്ന അനേകം നല്ല ഗുണങ്ങൾ അവനിലുണ്ടായിരുന്നു.
ഇസ്രായേൽജനതയുടെ സ്ഥിതി പരിതാപകരമായിരുന്ന വേളയിലാണ് യേഹൂവിന് ദൈവം ഒരു നിയോഗം നൽകുന്നത്. നാടുനീങ്ങിയ ആഹാബ് രാജാവിന്റെ ഭാര്യയും വാഴ്ചനടത്തുന്ന യോരാം രാജാവിന്റെ അമ്മയുമായ ഇസബേലിന്റെ ദുഃസ്വാധീനത്തിലായിരുന്നു അന്ന് ആ രാജ്യം. സത്യാരാധനയ്ക്കുപകരം ബാലാരാധന ഊട്ടിവളർത്തിയ അവൾ യഹോവയുടെ പ്രവാചകന്മാരെ കൊല്ലുകയും തന്റെ “പരസംഗവും ക്ഷുദ്രവും” കൊണ്ട് ജനങ്ങളെ ദുഷിപ്പിക്കുകയും ചെയ്തുപോന്നു. (2 രാജാ. 9:22; 1 രാജാ. 18:4, 13) യോരാമും ഇസബേലും ഉൾപ്പെടെ ആഹാബ്ഗൃഹത്തെ ഒന്നടങ്കം ഉന്മൂലനംചെയ്യാൻ യഹോവ തീരുമാനിച്ചു. ഈ ദൗത്യത്തിനു ചുക്കാൻപിടിക്കാൻ അവൻ തിരഞ്ഞെടുത്തത് യേഹൂവിനെയാണ്.
തിരുവെഴുത്തുകൾ യേഹൂവിനെ ആദ്യമായി പരാമർശിക്കുമ്പോൾ ഇസ്രായേലിലെ പടത്തലവന്മാരോടൊപ്പം ഇരിക്കുകയായിരുന്നു അവൻ. ഇസ്രായേല്യർ അരാമ്യരുമായി ഗിലെയാദിലെ രാമോത്തിൽവെച്ച് യുദ്ധംചെയ്തിരുന്ന കാലമായിരുന്നു അത്. യേഹൂ ഇസ്രായേൽ സൈന്യാധിപനോ സൈന്യത്തിലെ ഒരു ഉയർന്ന ഉദ്യോഗസ്ഥനോ ആയിരുന്നിരിക്കണം. യേഹൂവിനെ രാജാവായി അഭിഷേകംചെയ്യാനും വിശ്വാസത്യാഗം ഭവിച്ച ആഹാബ്ഗൃഹത്തിലെ പുരുഷന്മാരെയെല്ലാം വകവരുത്തണമെന്ന് നിർദേശിക്കാനുമായി എലീശാപ്രവാചകൻ ഒരു പ്രവാചകശിഷ്യനെ അയച്ചു.—2 രാജാ. 8:28; 9:1-10.
എന്തിനാണ് ആ പ്രവാചകശിഷ്യൻ വന്നതെന്ന് കൂടെയുണ്ടായിരുന്ന പടനായകന്മാർ ചോദിച്ചെങ്കിലും യേഹൂ ആദ്യം അത് പറഞ്ഞില്ല. എന്നാൽ നിർബന്ധിച്ചപ്പോൾ അവൻ സത്യം വെളിപ്പെടുത്തുകയും അവരോടു ചേർന്ന് യോരാമിനെതിരെ ഒരു പദ്ധതി ആവിഷ്കരിക്കുകയും ചെയ്തു. (2 രാജാ. 9:11-14) രാജകുടുംബത്തിന്റെ ദുർഭരണത്തോടും ഇസബേലിന്റെ ദുഷ്ചെയ്തികളോടും അവർക്ക് ഉള്ളിൽ അമർഷം ഉണ്ടായിരുന്നുവെന്നു തോന്നുന്നു. എന്തായാലും യേഹൂ കാര്യങ്ങളെല്ലാം കണക്കുകൂട്ടി കരുതലോടെയാണ് കരുക്കൾ നീക്കിയത്.
യുദ്ധത്തിൽ പരിക്കേറ്റ യോരാം രാജാവ് ആ സമയത്ത് ചികിത്സയ്ക്കായി യിസ്രെയേലിലായിരുന്നു. തന്റെ പദ്ധതി വിജയിക്കണമെങ്കിൽ വാർത്ത യിസ്രെയേലിൽ എത്തരുതെന്ന് യേഹൂവിന് അറിയാമായിരുന്നു. അതുകൊണ്ടാണ്, “ഇതു അറിയിക്കേണ്ടതിന്നു ആരും പട്ടണം വിട്ടുപോകാതെ സൂക്ഷിക്കേണം” എന്ന് അവൻ കൽപ്പിച്ചത്. (2 രാജാ. 9:14, 15) യോരാമിനോടു കൂറുള്ള പടയാളികളിൽനിന്ന് ചെറിയതോതിലുള്ള ചെറുത്തുനിൽപ്പെങ്കിലും അവൻ പ്രതീക്ഷിച്ചിരിക്കാം. അത് ഒഴിവാക്കാൻവേണ്ട മുൻകരുതലുകൾ അവൻ സ്വീകരിച്ചു.
ശരവേഗത്തിൽ!
ഗിലെയാദിലെ രാമോത്തിനും യിസ്രെയേലിനും ഇടയ്ക്കുള്ള 72 കിലോമീറ്റർ ദൂരം യേഹൂ ശരവേഗത്തിൽ രഥം പായിച്ചു. അപ്രതീക്ഷിതമായ ഒരാക്രമണം നടത്തുക എന്നതായിരുന്നു അവന്റെ ഉദ്ദേശ്യം. ഗോപുരമുകളിൽനിന്ന ഒരു കാവൽക്കാരൻ “യേഹൂവിന്റെ കൂട്ടം” വരുന്നതു കണ്ടു. (2 രാജാ. 9:17) ദൗത്യം പൂർത്തിയാക്കാൻ കഴിയേണ്ടതിന് യേഹൂ തന്നോടൊപ്പം ഒരു വലിയ പടയെയും കൂട്ടിയിട്ടുണ്ടാകണം.
ധൈര്യശാലിയായ യേഹൂവാണ് ഒരു തേരോടിക്കുന്നതെന്നു മനസ്സിലാക്കിയ കാവൽക്കാരൻ ഇങ്ങനെ വിളിച്ചുപറഞ്ഞു: “ഭ്രാന്തനെപ്പോലെയല്ലോ അവൻ ഓടിച്ചുവരുന്നത്.” (2 രാജാ. 9:20) പൊതുവെ വേഗത്തിൽ തേരോടിച്ചിരുന്ന വ്യക്തിയായിരുന്നിരിക്കണം യേഹൂ. എന്നാൽ ഈ ദൗത്യത്തിന്റെ അടിയന്തിരത കണക്കിലെടുത്ത് ഇപ്രാവശ്യം അവൻ അതിവേഗത്തിൽ സഞ്ചരിച്ചു.
തന്നെ എതിരേറ്റുവന്ന രണ്ടുദൂതന്മാരോട് അവൻ കാര്യം പറഞ്ഞില്ല. അതിനുശേഷം യോരാമും അവന്റെ കൂട്ടാളിയായ യെഹൂദയിലെ അഹസ്യാരാജാവും തേരോടിച്ചുവന്നു. “യേഹൂവേ, സമാധാനമോ” എന്ന യോരാമിന്റെ ചോദ്യത്തിന്, “നിന്റെ അമ്മയായ ഈസേബെലിന്റെ പരസംഗവും ക്ഷുദ്രവും ഇത്ര അധികമായിരിക്കുന്നേടത്തോളം എന്തു സമാധാനം” എന്നായിരുന്നു യേഹൂവിന്റെ മറുപടി. അപകടം മണത്ത യോരാം രഥം തിരിച്ചുവിട്ടെങ്കിലും യേഹൂവിന്റെ ചടുലമായ നീക്കങ്ങൾക്കുമുന്നിൽ അവൻ തറപറ്റി. നിമിഷനേരത്തിനുള്ളിൽ യേഹൂവിന്റെ ആവനാഴിയിലെ അമ്പ് അവന്റെ ഹൃദയം തുളച്ചിറങ്ങി; അവൻ രഥത്തിൽ മരിച്ചുവീണു. അഹസ്യാവ് അവിടെനിന്നു രക്ഷപ്പെട്ടെങ്കിലും വിടാതെ പിന്തുടർന്ന യേഹൂ അവനെ വധിക്കാൻ കൽപ്പിച്ചു.—2 രാജാ. 9:22-24, 27.
അടുത്ത ഊഴം ദുഷ്ടരാജ്ഞിയായ ഇസബേലിന്റേതായിരുന്നു. ‘ശപിക്കപ്പെട്ടവൾ’ എന്നാണ് യേഹൂ അവളെക്കുറിച്ച് പറഞ്ഞത്. യിസ്രെയേലിലേക്ക് തേരോടിച്ചുചെന്ന യേഹൂ, അരമനയുടെ കിളിവാതിലിലൂടെ അവൾ താഴേക്കു നോക്കുന്നത് കണ്ടു. പിന്നെ ഒട്ടും അമാന്തിച്ചില്ല. അവളെ താഴേക്ക് തള്ളിയിടാൻ കൊട്ടാര ഉദ്യോഗസ്ഥന്മാരോട് വ്യക്തമായ ഭാഷയിൽ കൽപ്പിച്ചു. അവന്റെ കുതിരകളുടെ കാൽക്കീഴിൽ അവൾ ഞെരിഞ്ഞമർന്നു. അതിനുശേഷം ആഹാബ്ഗൃഹത്തിലെ ശേഷിക്കുന്നവരെ വകവരുത്താൻ അവൻ പുറപ്പെട്ടു.—2 രാജാ. 9:30-34; 10:1-14.
ഈ രക്തച്ചൊരിച്ചിൽ അസഹ്യമായി തോന്നാമെങ്കിലും അക്കാലത്ത് ന്യായവിധി നിർവഹിക്കാൻ തന്റെ ദാസന്മാരെ യഹോവ ഉപയോഗിച്ചിരുന്നു എന്ന കാര്യം നാം മനസ്സിൽപ്പിടിക്കണം. തിരുവെഴുത്തുകൾ പറയുന്നു: “യോരാമിന്റെ അടുക്കൽ ചെന്നതു അഹസ്യാവിന്നു ദൈവഹിതത്താൽ നാശഹേതുവായി ഭവിച്ചു; അവൻ ചെന്ന സമയം ആഹാബ്ഗൃഹത്തിന്നു നിർമ്മൂലനാശം വരുത്തുവാൻ യഹോവ അഭിഷേകം ചെയ്തവനായി നിംശിയുടെ മകനായ യേഹൂവിന്റെ നേരെ അവൻ യെഹോരാമിനോടുകൂടെ പുറപ്പെട്ടു.” (2 ദിന. 22:7) യോരാമിന്റെ ശരീരം രഥത്തിൽനിന്നു വലിച്ചെറിഞ്ഞപ്പോൾ, ആഹാബ് നാബോത്തിനെ വധിച്ചതിന് യഹോവ കൽപ്പിച്ച ശിക്ഷയാണ് അതെന്ന് യേഹൂ തിരിച്ചറിഞ്ഞു. തന്നെയുമല്ല ഇസബേൽ ചൊരിഞ്ഞ, ‘യഹോവയുടെ സകലദാസന്മാരുടെയും രക്തത്തിന് അവളോട് പ്രതികാരം’ ചെയ്യാൻ ദൈവം യേഹൂവിനോടു കൽപ്പിച്ചിരുന്നു.—2 രാജാ. 9:7, 25, 26; 1 രാജാ. 21:17-19.
ഇന്ന് യഹോവയുടെ ദാസന്മാരാരും സത്യാരാധനയെ എതിർക്കുന്നവരെ ആക്രമിക്കുന്നില്ല. “പ്രതികാരം എനിക്കുള്ളത്” എന്ന് യഹോവ പറഞ്ഞിരിക്കുന്നു. (എബ്രാ. 10:30) എന്നുവരികിലും സഭയെ ദുഷിപ്പിച്ചേക്കാവുന്ന വ്യക്തികൾക്കെതിരെ നടപടി സ്വീകരിക്കാൻ ക്രിസ്തീയ മൂപ്പന്മാർ യേഹൂ കാണിച്ച ധീരത കാണിക്കേണ്ടതായിവന്നേക്കാം. (1 കൊരി. 5:9-13) പുറത്താക്കപ്പെട്ട വ്യക്തികളോടു സഹവസിക്കാതിരിക്കാൻ സഭയിലുള്ള സകലരും ദൃഢചിത്തരായിരിക്കേണ്ടതുണ്ട്.—2 യോഹ. 9-11.
യഹോവയെക്കുറിച്ചുള്ള യേഹൂവിന്റെ ശുഷ്കാന്തി
തനിക്കു ലഭിച്ച നിയോഗം നിർവഹിക്കാൻ യേഹൂവിനെ പ്രേരിപ്പിച്ചത് എന്താണെന്ന് യോനാദാബിനോടുള്ള അവന്റെ വാക്കുകളിൽനിന്നു മനസ്സിലാക്കാം. അവൻ പറഞ്ഞു: “നീ എന്നോടുകൂടെ വന്നു യഹോവയെക്കുറിച്ചു എനിക്കുള്ള ശുഷ്കാന്തി കാൺക.” വിശ്വസ്തനായിരുന്നതിനാൽ യോനാദാബ് ആ ക്ഷണം സ്വീകരിച്ച് യേഹൂവിന്റെ രഥത്തിൽ കയറി ശമര്യയിലേക്കു പോയി. അവിടെവെച്ച് “ബാലിന്റെ പൂജകന്മാരെ നശിപ്പിക്കത്തക്കവണ്ണം യേഹൂ . . . ഉപായം പ്രയോഗിച്ചു.”—2 രാജാ. 10:15-17, 19.
ബാലിന് “ഒരു മഹായാഗം” കഴിക്കാൻ പോകുകയാണെന്ന് യേഹൂ വിളംബരംചെയ്തു. (2 രാജാ. 10:18, 19) “യേഹൂ ഇവിടെ വാക്കുകൾകൊണ്ട് കളിക്കുകയായിരുന്നു” എന്നൊരു പണ്ഡിതൻ അഭിപ്രായപ്പെടുന്നു. ഇവിടെ ഉപയോഗിച്ചിരിക്കുന്ന പദം “‘യാഗ’ത്തെയാണ് പൊതുവെ സൂചിപ്പിക്കുന്നതെങ്കിലും വിശ്വാസത്യാഗികളെ ‘വധിക്കുന്നതിനെ’ കുറിക്കാനും അത് ഉപയോഗിക്കാറുണ്ട്.” ബാലാരാധകരാരും രക്ഷപ്പെടരുതെന്ന് ആഗ്രഹിച്ച യേഹൂ അവരെയെല്ലാം ബാലിന്റെ ക്ഷേത്രത്തിൽ കൂട്ടിവരുത്തുകയും പ്രത്യേക വസ്ത്രം ധരിപ്പിക്കുകയും ചെയ്തു. “ഹോമയാഗം കഴിച്ചുതീർന്നപ്പോൾ” ബാലാരാധകരെ വധിക്കാൻ അവൻ ആയുധധാരികളായ 80 പേരോടു കൽപ്പിച്ചു. അതിനുശേഷം അവൻ ബാൽക്ഷേത്രം ഇടിച്ച് അതിനെ മറപ്പുരയാക്കിത്തീർത്തു. അങ്ങനെ അത് ആരാധനായോഗ്യമല്ലാതായിത്തീർന്നു.—2 രാജാ. 10:20-27.
യേഹൂ രക്തപ്പുഴ ഒഴുക്കി എന്നതു ശരിയാണ്. എന്നാൽ ഇസബേലിന്റെയും കുടുംബത്തിന്റെയും തേർവാഴ്ചയിൽനിന്ന് ഇസ്രായേലിനെ വിടുവിച്ച ഒരു വീരപുരുഷനായിട്ടാണ് തിരുവെഴുത്തുകൾ അവനെ ചിത്രീകരിക്കുന്നത്. അത്തരമൊരു ദൗത്യം പൂർത്തിയാക്കാൻ നല്ല ചങ്കുറപ്പും നിശ്ചയദാർഢ്യവും തീക്ഷ്ണതയുമുള്ള ഒരു നേതാവിനെ വേണ്ടിയിരുന്നു. “യാതൊരു പഴുതും ശേഷിപ്പിക്കാതെയാണ് (യേഹൂ) ദുർഘടമായ ആ ദൗത്യം നിറവേറ്റിയത്. കുറച്ചു മയംകാട്ടിയിരുന്നെങ്കിൽ ഒരുപക്ഷേ ഇസ്രായേലിൽനിന്ന് ബാലാരാധന തുടച്ചുനീക്കാൻ കഴിയുമായിരുന്നില്ല” എന്ന് ഒരു ബൈബിൾ നിഘണ്ടു അഭിപ്രായപ്പെടുന്നു.
യേഹൂവിനുണ്ടായിരുന്ന ചില ഗുണങ്ങൾ ക്രിസ്ത്യാനികൾക്ക് ഇന്നു പ്രയോജനംചെയ്യും. ഉദാഹരണത്തിന്, യഹോവ കുറ്റംവിധിക്കുന്ന എന്തെങ്കിലും ചെയ്യാൻ പ്രലോഭനം ഉണ്ടാകുന്നെങ്കിലോ? അതു തിരസ്കരിക്കാൻ ധൈര്യത്തോടെ ഉടനടി നാം പ്രവർത്തിക്കണം. യഹോവയെക്കുറിച്ചു നമുക്കുള്ള ശുഷ്കാന്തിനിമിത്തം അവനെ അനുസരിക്കുന്നതിൽ നാം യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ല.
യഹോവയുടെ നിയമപ്രകാരം നടക്കാൻ ജാഗ്രത കാണിക്കുക
ഈ കഥയുടെ അന്ത്യത്തിൽ നമുക്കൊരു മുന്നറിയിപ്പുണ്ട്. “ബേഥേലിലും ദാനിലും ഉണ്ടായിരുന്ന പൊൻകാളക്കുട്ടികളെ . . . യേഹൂ വിട്ടുമാറിയില്ല.” (2 രാജാ. 10:29) സത്യാരാധനയ്ക്കുവേണ്ടി ഇത്രമാത്രം ശുഷ്കാന്തി കാണിച്ച വ്യക്തി എന്തുകൊണ്ടാണ് വിഗ്രഹാരാധന വെച്ചുപൊറുപ്പിച്ചത്?
യെഹൂദയിൽനിന്ന് ഇസ്രായേൽ വേർപെട്ടുനിൽക്കണമെങ്കിൽ ജനം വ്യത്യസ്തമായ ഒരു മതം ആചരിക്കേണ്ടതുണ്ടെന്ന് ഒരുപക്ഷേ യേഹൂ ചിന്തിച്ചിരിക്കാം. അതുകൊണ്ട് ഇസ്രായേലിലെ മുൻഭരണാധികാരികളെപ്പോലെ അവനും കാളക്കുട്ടിയാരാധന വെച്ചുപൊറുപ്പിച്ചു. തന്നെ രാജാവാക്കിയ യഹോവയിൽ അവനു വിശ്വാസമില്ലായിരുന്നു എന്നാണ് ഇതു കാണിക്കുന്നത്.
തനിക്ക് ‘ഇഷ്ടമുള്ളത് നല്ലവണ്ണം അനുഷ്ഠിച്ചതുകൊണ്ട്’ യഹോവ യേഹൂവിനെ പ്രശംസിച്ചു. എന്നുവരികിലും “യേഹൂ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ന്യായപ്രമാണപ്രകാരം പൂർണ്ണമനസ്സോടെ നടക്കുന്നതിന്നു ജാഗ്രത കാണിച്ചില്ല.” (2 രാജാ. 10:30, 31) അവൻ മുമ്പു ചെയ്ത കാര്യങ്ങൾ വെച്ചുനോക്കുമ്പോൾ അത് അവിശ്വസനീയമായി തോന്നാം. സംഭവിച്ചത് സങ്കടകരമാണെങ്കിലും നമുക്ക് അതിൽനിന്ന് ഒരു പാഠം പഠിക്കാനാകും. യഹോവയുമായി നമുക്കുള്ള ബന്ധം എക്കാലവും അതേപടി ഉണ്ടാകും എന്നു ചിന്തിക്കരുത്; ഓരോ ദിവസവും ദൈവവചനം പഠിച്ചുകൊണ്ടും അതേക്കുറിച്ച് ധ്യാനിച്ചുകൊണ്ടും നമ്മുടെ സ്വർഗീയപിതാവിനോട് ഹൃദയംതുറന്നു പ്രാർഥിച്ചുകൊണ്ടും അവനോടുള്ള നമ്മുടെ വിശ്വസ്തത കരുത്തുറ്റതാക്കേണ്ടതുണ്ട്. അതുകൊണ്ട് പൂർണഹൃദയത്തോടെ യഹോവയുടെ നിയമങ്ങൾ പാലിക്കാൻ നമുക്ക് ജാഗ്രത കാണിക്കാം.—1 കൊരി. 10:12.
[4-ാം പേജിലെ ചതുരം]
യേഹൂ—ചരിത്രരേഖകളിൽ
തിരുവെഴുത്തുകളിൽ പരാമർശിച്ചിരിക്കുന്ന വ്യക്തികൾ വാസ്തവത്തിൽ ജീവിച്ചിരുന്നവരാണോ എന്ന് വിമർശകർ ചോദ്യംചെയ്യാറുണ്ട്. ആയതിനാൽ, ബൈബിളിൽ അല്ലാതെ മറ്റ് എവിടെയെങ്കിലും യേഹൂവിനെക്കുറിച്ചു പരാമർശനമുണ്ടോ?
പുരാതന അസീറിയയിൽനിന്നു ലഭിച്ച മൂന്നുരേഖകളിലെങ്കിലും ഈ ഇസ്രായേൽ രാജാവിന്റെ പേരുണ്ട്. അതിലൊന്നിൽ, അസീറിയൻ രാജാവായ ശൽമനേസെർ മൂന്നാമന്റെ മുമ്പാകെ യേഹൂവോ അദ്ദേഹത്തിന്റെ ഒരു പ്രതിനിധിയോ കുമ്പിടുന്നതായും കാഴ്ച അർപ്പിക്കുന്നതായും കാണിച്ചിരിക്കുന്നു. അതിനോടു ചേർന്ന് ഇങ്ങനെയൊരു ആലേഖനവും കാണാം: “ഒമ്രിയുടെ (ഹു-ഉം-റി) മകനായ യേഹൂ (ലാ-യു-യാ) കാഴ്ച അർപ്പിക്കുന്നു. അദ്ദേഹത്തിന്റെ പക്കൽനിന്ന് എനിക്ക് വെള്ളിയും സ്വർണവും ഒരു സ്വർണ സാപ്ളു തളികയും താഴേക്കു വിസ്താരം കുറഞ്ഞ ഒരു സ്വർണ ഭരണിയും സ്വർണ കപ്പുകളും സ്വർണ ബക്കറ്റുകളും തകരവും ഒരു രാജദണ്ഡും തടിയിൽത്തീർത്ത പുരുത്തുവും (വസ്തുക്കളും) ലഭിച്ചു.” യേഹൂ “ഒമ്രിയുടെ മകനാ”യിരുന്നില്ല. എന്നാൽ ഇസ്രായേലിലെ രാജപരമ്പരയെ സൂചിപ്പിക്കാനായിരിക്കാം ഇങ്ങനെയൊരു വിശേഷണം ഉപയോഗിച്ചത്. ഇസ്രായേലിന്റെ തലസ്ഥാനമായ ശമര്യ പണിത ഒമ്രി വിഖ്യാതനായിരുന്നിരിക്കണം.
യേഹൂ കാഴ്ച അർപ്പിച്ചതായുള്ള അസീറിയൻ രാജാവിന്റെ അവകാശവാദം ശരിയാണെന്നു സ്ഥാപിക്കാൻ തെളിവുകളൊന്നുമില്ല. എന്തായാലും, മൂന്നുപ്രാവശ്യം അദ്ദേഹം യേഹൂവിനെക്കുറിച്ചു പരാമർശിച്ചിട്ടുണ്ട്: ഒന്ന് ഒരു സ്തൂപത്തിലും മറ്റൊന്ന് ശൽമനേസെറിന്റെ ഒരു പ്രതിമയിലും പിന്നെ അസീറിയയിലെ രാജാക്കന്മാരുടെ വൃത്താന്തങ്ങളിലും. ഈ ബൈബിൾ കഥാപാത്രം ഒരു ചരിത്രപുരുഷനായിരുന്നു എന്നതിന് സാക്ഷ്യംവഹിക്കുന്ന പരാമർശനങ്ങളാണിവ.