യഹോവക്കു സ്തുതികൾ പാടുവിൻ
“ഞാൻ യഹോവെക്കു പാട്ടുപാടും, അവൻ മഹോന്നതൻ.”—പുറപ്പാടു 15:1.
1. യഹോവയെ പുകഴ്ത്താൻ നമുക്കു കാരണങ്ങൾ നൽകുന്ന അവിടുത്തെ ഗുണങ്ങളും സ്വഭാവവിശേഷങ്ങളും എന്തെല്ലാം?
യഹോവയെ അഥവാ യാഹിനെ സ്തുതിപ്പിൻ എന്ന കൽപ്പന സങ്കീർത്തനം 150 പതിമൂന്നു പ്രാവശ്യം നൽകുന്നു. അവസാന വാക്യം ഇങ്ങനെ പ്രഖ്യാപിക്കുന്നു: “ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിൻ.” യഹോവ നമ്മുടെ സ്തുതികൾ അർഹിക്കുന്നുവെന്ന് യഹോവയുടെ സാക്ഷികളെന്ന നിലയിൽ നമുക്ക് അറിയാം. അഖിലാണ്ഡ പരമാധികാരി, അത്യുന്നതൻ, നിത്യതയുടെ രാജാവ്, നമ്മുടെ സ്രഷ്ടാവ്, നമ്മുടെ സഹായവാൻ എന്നീ സ്ഥാനങ്ങൾ അലങ്കരിക്കുന്നവനാണ് അവിടുന്ന്. അവിടുന്ന് അനേകവിധങ്ങളിൽ എതിരില്ലാത്തവനാണ്, അനുപമനാണ്, അതുല്യനാണ്, കിടയററവനാണ്. അവിടുന്ന് സർവജ്ഞാനിയാണ്, സർവശക്തനാണ്, നീതിയിൽ പൂർണനാണ്, സ്നേഹത്തിന്റെ ആളത്വമാണ്. മറെറല്ലാററിലുമുപരി, അവിടുന്ന് നല്ലവനാണ്, വിശ്വസ്തനാണ്. (ലൂക്കൊസ് 18:19; വെളിപ്പാടു 15:3, 4) നമ്മുടെ സ്തുതി അവിടുന്ന് അർഹിക്കുന്നുണ്ടോ? തീർച്ചയായും ഉണ്ട്!
2. യഹോവയോടു കൃതജ്ഞത പ്രകടിപ്പിക്കാൻ നമുക്ക് എന്തെല്ലാം കാരണങ്ങൾ ഉണ്ട്?
2 നമ്മുടെ ആരാധനയും സ്തുതിയും മാത്രമല്ല, നമുക്കുവേണ്ടി അവിടുന്ന് ചെയ്തിരിക്കുന്ന സകല സംഗതികൾക്കുമുള്ള നമ്മുടെ കൃതജ്ഞതയും നന്ദിയും യഹോവ അർഹിക്കുന്നു. “എല്ലാ നല്ല ദാനവും തികഞ്ഞ വരം ഒക്കെയും” പ്രദാനം ചെയ്യുന്നത് അവിടുന്നാണ്. (യാക്കോബ് 1:17) സകല ജീവന്റെയും ഉറവ്, സ്രോതസ്സ് അവിടുന്നാണ്. (സങ്കീർത്തനം 36:9) മനുഷ്യവർഗത്തിലെ അംഗങ്ങൾ എന്ന നിലയിൽ നാം ആസ്വദിക്കുന്ന സകല വസ്തുക്കളും യഹോവയിൽനിന്നാണ്, എന്തെന്നാൽ അവിടുന്ന് നമ്മുടെ മഹദ്സ്രഷ്ടാവാണ്. (യെശയ്യാവു 42:5) അവിടുത്തെ ആത്മാവിലൂടെയും, സ്ഥാപനത്തിലൂടെയും, അവിടുത്തെ വചനത്തിലൂടെയും നമ്മിലേക്കു വരുന്ന സകല ആത്മീയ അനുഗ്രഹങ്ങളുടെ ദാതാവും അവിടുന്നാണ്. നമ്മുടെ വീണ്ടെടുപ്പുവിലയായി അവിടുന്ന് തന്റെ പുത്രനെ നൽകിയതിന്റെ അടിസ്ഥാനത്തിൽ നമുക്കു പാപമോചനമുണ്ട്. (യോഹന്നാൻ 3:16) ‘നീതി വസിക്കുന്ന ഒരു പുതിയ ആകാശത്തിന്റേയും ഒരു പുതിയ ഭൂമിയുടേയും’ രാജ്യപ്രത്യാശ നമുക്കുണ്ട്. (2 പത്രോസ് 3:13, NW) സഹക്രിസ്ത്യാനികളുമായി നമുക്കൊരു നല്ല സഹവാസമുണ്ട്. (റോമർ 1:11, 12) അവിടുത്തെ സാക്ഷികളായിരിക്കുന്നതിന്റെ മാന്യതയും അനുഗ്രഹങ്ങളും നമുക്കുണ്ട്. (യെശയ്യാവു 43:10-12) കൂടാതെ, പ്രാർഥിക്കുന്നതിനുള്ള മഹത്തായ പദവിയും നമുക്കുണ്ട്. (മത്തായി 6:9-13) യഹോവക്കു നന്ദി കൊടുക്കാൻ നമുക്ക് ഒട്ടനവധി കാരണങ്ങളുണ്ട് എന്നതു സത്യംതന്നെ!
നമുക്കു യഹോവയെ പുകഴ്ത്താൻ കഴിയുന്ന വിധങ്ങൾ
3. വ്യത്യസ്തമായ ഏതെല്ലാം വിധങ്ങളിൽ നമുക്കു യഹോവയെ സ്തുതിക്കാനും അവിടുത്തോടു കൃതജ്ഞത പ്രകടിപ്പിക്കാനും കഴിയും?
3 യഹോവയുടെ സമർപ്പിത ദാസരെന്ന നിലയിൽ എങ്ങനെയാണു നമുക്ക് അവിടുത്തെ സ്തുതിക്കാനും നമ്മുടെ കൃതജ്ഞത പ്രകടിപ്പിക്കാനും കഴിയുക? വീടുതോറും സാക്ഷീകരിക്കൽ, മടക്കസന്ദർശനം നടത്തൽ, ബൈബിളധ്യയനങ്ങൾ നടത്തൽ, തെരുവുസാക്ഷീകരണത്തിൽ ഏർപ്പെടൽ എന്നിങ്ങനെയുള്ള ക്രിസ്തീയ ശുശ്രൂഷയിൽ പങ്കുപററിക്കൊണ്ടു നമുക്ക് അതു ചെയ്യാവുന്നതാണ്. അവസരം ലഭിക്കുമ്പോഴെല്ലാം അനൗപചാരിക സാക്ഷീകരണത്തിൽ ഏർപ്പെട്ടുകൊണ്ടും നമുക്ക് അവിടുത്തെ സ്തുതിക്കാനാവും. ഇനി, നമ്മുടെ ശരിയായ നടത്തയാൽ നമുക്കു യഹോവയെ സ്തുതിക്കാവുന്നതാണ്. വിനയം പ്രകടമാക്കുന്ന വൃത്തിയുള്ള വേഷം, ചമയം എന്നിവയാലും നമുക്കതു ചെയ്യാനാവും. ഈ വക കാര്യങ്ങളിലെല്ലാം മാതൃകയുള്ളവരായിരിക്കുന്നുവെന്ന കാരണത്താൽ യഹോവയുടെ സാക്ഷികൾ പലപ്പോഴും പ്രശംസ പിടിച്ചുപററിയിരിക്കുന്നു. കൂടുതലായി, പ്രാർഥനയിലൂടെ നമുക്കു യഹോവയെ സ്തുതിക്കാനും കൃതജ്ഞത പ്രകടിപ്പിക്കാനും കഴിയും.—1 ദിനവൃത്താന്തം 29:10-13 കാണുക.
4. നമ്മുടെ സ്നേഹനിധിയായ സ്വർഗീയ പിതാവിനെ നമുക്കു സ്തുതിക്കാനാവുന്ന ഏററവും മനോഹരമായ വിധങ്ങളിലൊന്ന് ഏതാണ്?
4 ഇതിനെല്ലാം പുറമേ, ഇമ്പമധുരമായ രാജ്യഗീതങ്ങളാൽ സ്നേഹനിധിയായ നമ്മുടെ സ്വർഗീയ പിതാവിനേയും അവിടുത്തെ ഗുണഗണങ്ങളേയും പാടിപ്പുകഴ്ത്തുന്നതിലൂടെ അവിടുത്തെ സ്തുതിക്കാനാകും എന്നതാണ് ഏററവും മനോഹരമായ വിധങ്ങളിൽ ഒന്ന്. ഏററവും മനോഹരമായ സംഗീതോപകരണം മനുഷ്യശബ്ദം ആണെന്ന് അനേകം സംഗീതജ്ഞരും സംഗീതരചയിതാക്കളും സമ്മതിക്കുന്നു. ശാസ്ത്രീയ സംഗീത ഗുരുക്കൻമാർ സംഗീതനാടകങ്ങൾ രചിക്കാൻ അതിയായി ആഗ്രഹിച്ചിരുന്നു, കാരണം, മനുഷ്യശബ്ദം പാട്ടു രൂപത്തിലാക്കി ശ്രവിക്കുമ്പോൾ കിട്ടുന്ന സംതൃപ്തി ഒന്നു വേറെതന്നെയാണ്.
5. രാജ്യഗീതങ്ങൾ പാടുന്നതിനെ നാം ഗൗരവമായി എടുക്കേണ്ടത് ഏതു കാരണങ്ങളാലാണ്?
5 മനുഷ്യരുടെ ഗാനാലാപനം ശ്രവിക്കുന്നത് യഹോവക്ക് എത്രമാത്രം ആസ്വാദ്യമായിരിക്കും! വിശേഷിച്ച്, അവർ സ്തുതിഗീതങ്ങളും കൃതജ്ഞതാ ഗാനങ്ങളും ആലപിക്കുമ്പോൾ അതു തീർച്ചയായും അങ്ങനെയാണ്. അപ്പോൾ നിശ്ചയമായും, സഭായോഗങ്ങൾ, സർക്കിട്ട് സമ്മേളനങ്ങൾ, പ്രത്യേക സമ്മേളനദിനങ്ങൾ, ഡിസ്ട്രിക്ററ് കൺവെൻഷനുകൾ, സാർവദേശീയ കൺവെൻഷനുകൾ എന്നിങ്ങനെയുള്ള നമ്മുടെ യോഗങ്ങളിലെ രാജ്യഗീതാലാപനത്തെ നാം ഗൗരവമായി എടുക്കണം. നമ്മുടെ പാട്ടുപുസ്തകം ഇമ്പമധുരമായ ഗീതങ്ങൾ നിറഞ്ഞതാണ്. അതിന്റെ മനോഹാരിതയെ പുറത്തുള്ളവർ എത്രയോ പ്രാവശ്യം പുകഴ്ത്തി പറഞ്ഞിരിക്കുന്നു. രാജ്യഗീതാലാപനത്തിന്റെ ആത്മാവിനെ നാം എത്രയധികം ഉൾക്കൊള്ളുന്നുവോ അത്രയധികം നാം മററുള്ളവർക്കു സുഖാനുഭൂതി പകരുകയും നമുക്കുതന്നെ പ്രയോജനങ്ങൾ കൈവരുത്തുകയും ചെയ്യും.
ബൈബിൾകാലങ്ങളിൽ യഹോവക്കു സ്തുതിപാടൽ
6. ചെങ്കടലിൽവെച്ചുണ്ടായ മോചനത്തെക്കുറിച്ച് ഇസ്രായേൽ ജനത വിലമതിപ്പു പ്രകടിപ്പിച്ചത് എങ്ങനെയാണ്?
6 ചെങ്കടലിൽവെച്ചു ഫറവോന്റെ സൈന്യത്തിൽനിന്നു വിടുവിക്കപ്പെട്ടപ്പോൾ മോശയും ശേഷമുള്ള ഇസ്രായേൽ ജനതയും വിജയശ്രീലാളിതരായി പാടിയെന്നു ദൈവവചനം നമ്മോടു പറയുന്നു. ഇങ്ങനെ തുടങ്ങുന്നതായിരുന്നു അവരുടെ പാട്ട്: “ഞാൻ യഹോവെക്കു പാട്ടുപാടും, അവൻ മഹോന്നതൻ: കുതിരയെയും അതിൻമേൽ ഇരുന്നവനെയും അവൻ കടലിൽ തള്ളിയിട്ടിരിക്കുന്നു. എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ; അവൻ എനിക്കു രക്ഷയായ്തീർന്നു. അവൻ എന്റെ ദൈവം; ഞാൻ അവനെ സ്തുതിക്കും.” (പുറപ്പാടു 15:1, 2) അതിശയകരമായ വിടുതലിനുശേഷം ഇസ്രായേല്യർ ആ വാക്കുകൾ പാടിയപ്പോൾ അവർക്ക് എന്തൊരു ആവേശവും സന്തോഷവുമായിരുന്നു എന്നു നമുക്കു ശരിക്കും വിഭാവന ചെയ്യാനാവും!
7. ഇസ്രായേൽ ജനത യഹോവയെ പാട്ടുപാടി സ്തുതിക്കുന്നതിന്റെ വേറെ ഏതു ശ്രദ്ധേയമായ ഉദാഹരണങ്ങളാണ് എബ്രായ തിരുവെഴുത്തുകൾ രേഖപ്പെടുത്തുന്നത്?
7 ദാവീദ് പെട്ടകത്തെ യരുശലേമിലേക്കു കൊണ്ടുവന്നപ്പോൾ പാട്ടും സംഗീതോപകരണങ്ങളും സഹിതം അവർ യഹോവയെ പുകഴ്ത്തിയതായി നാം 1 ദിനവൃത്താന്തം 16:1, 4-36-ൽ വായിക്കുന്നു. അതു തികച്ചും സന്തോഷനിർഭരമായ ഒരവസരമായിരുന്നു. ശലോമോൻ രാജാവ് യരുശലേമിലെ ആലയം സമർപ്പിച്ച സമയത്ത് അവിടെയും യഹോവക്കു വാദ്യോപകരണങ്ങളുമായി സ്തോത്രാലാപനമുണ്ടായിരുന്നു. 2 ദിനവൃത്താന്തം 5:13, 14-ൽ നാം ഇങ്ങനെ വായിക്കുന്നു: “കാഹളക്കാരും സംഗീതക്കാരും ഒത്തൊരുമിച്ചു കാഹളങ്ങളോടും കൈത്താളങ്ങളോടും വാദിത്രങ്ങളോടും കൂടെ: അവൻ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു എന്നു ഏകസ്വരമായി കേൾക്കുമാറു യഹോവയെ വാഴ്ത്തി സ്തുതിച്ചു; അവർ ഉച്ചത്തിൽ പാടി യഹോവയെ സ്തുതിച്ചപ്പോൾ യഹോവയുടെ ആലയമായ മന്ദിരത്തിൽ ഒരു മേഘം നിറഞ്ഞു. യഹോവയുടെ തേജസ്സ് ദൈവാലയത്തിൽ നിറഞ്ഞിരുന്നതുകൊണ്ടു പുരോഹിതൻമാർക്കു മേഘംനിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിന്നു നില്പാൻ കഴിഞ്ഞില്ല.” അത് എന്താണു പ്രകടമാക്കുന്നത്? ഈ ഇമ്പമാർന്ന പുകഴ്ത്തൽ യഹോവ ശ്രദ്ധിച്ചു, അതിൽ സംപ്രീതനുമായിരുന്നു. അതാണ് പ്രകൃത്യാതീത മേഘത്താൽ സൂചിപ്പിച്ചതും. പിന്നീട്, നെഹെമ്യാവിന്റെ നാളുകളിൽ യരുശലേമിന്റെ മതിലുകളുടെ ഉദ്ഘാടനസമയത്തു രണ്ടു ഗായക സംഘങ്ങളുടെ ഗാനാലാപനമുണ്ടായിരുന്നു.—നെഹെമ്യാവു—12:27-42.
8. ഗാനാലാപനത്തെ ഇസ്രായേൽ ജനത ഗൗരവമായിട്ടെടുത്തിരുന്നു എന്ന് എന്തു പ്രകടമാക്കുന്നു?
8 വാസ്തവത്തിൽ, ആലയത്തിലെ ആരാധനയുടെ ഒരു പ്രധാന ഭാഗമായിരുന്നു ഗാനാലാപനം, കാരണം സംഗീതസേവനത്തിനുവേണ്ടി 4,000 ലേവ്യരെയായിരുന്നു നിയമിച്ചിരുന്നത്. (1 ദിനവൃത്താന്തം 23:4, 5) ഇവർ ഗായകരെ അനുഗമിച്ചിരുന്നു. സംഗീതത്തിന്, വിശേഷിച്ച് ഗായകർക്ക് ആരാധനയിൽ ഒരു പ്രധാന സ്ഥാനമുണ്ടായിരുന്നു. ന്യായപ്രമാണത്തിന്റെ ഘനമേറിയ കാര്യങ്ങൾ ആളുകളുടെ മനസ്സിൽ അവശ്യം പതിപ്പിക്കാനായിരുന്നില്ല, പകരം ആരാധനയ്ക്കുവേണ്ടിയുള്ള ഒരു ശരിയായ ആത്മാവിനെ പ്രദാനം ചെയ്യാനായിരുന്നു. ആവേശത്തോടെ, ഉൻമേഷത്തോടെ യഹോവയെ ആരാധിക്കാൻ ഇത് ഇസ്രായേല്യരെ സഹായിച്ചു. ഈ സ്വഭാവവിശേഷത്തിനു നൽകപ്പെട്ട വിശദമായ തയ്യാറെടുപ്പും അതിനുകൊടുത്ത ശ്രദ്ധയും എന്തുമാത്രമെന്നു നോക്കുക: “യഹോവെക്കു സംഗീതം ചെയ്വാൻ അഭ്യാസം പ്രാപിച്ച നിപുണൻമാരായവരുടെ സകലസഹോദരൻമാരുമായി അവരുടെ സംഖ്യ ഇരുനൂറെറൺപത്തെട്ടു.” (1 ദിനവൃത്താന്തം 25:7) യഹോവക്കു സ്തുതികളാലപിക്കുന്ന കാര്യം അവർ എത്ര ഗൗരവമായി എടുത്തുവെന്നു കുറിക്കൊള്ളുക. സംഗീതത്തിൽ അവർക്കു പരിശീലനം ലഭിച്ചിരുന്നു, അവർ അതിൽ നിപുണരുമായിരുന്നു.
9. ക്രിസ്തീയ തിരുവെഴുത്തുകളിൽ പാട്ടിനു കൊടുത്തിരിക്കുന്ന ഊന്നൽ എന്ത്?
9 പൊതുയുഗം ഒന്നാം നൂററാണ്ടിലേക്കു വരുമ്പോൾ നാം എന്താണു കാണുന്നത്? യേശു ഒററിക്കൊടുക്കപ്പെട്ട രാത്രിയിൽ, അവിടുത്തെ മനസ്സാകെ ഘനമേറിയ കാര്യങ്ങൾകൊണ്ടു നിറഞ്ഞിരുന്നു. എന്നിട്ടും പെസഹ ആഘോഷത്തിന്റെയും തന്റെ മരണത്തിന്റെ സ്മാരകം സ്ഥാപിക്കലിന്റെയും ഒടുവിൽ യഹോവക്ക് സ്തുതികൾ ആലപിക്കേണ്ട ആവശ്യമുണ്ടെന്നു യേശുവിനു തോന്നി. (മത്തായി 26:30) ഇനി, ഏതാണ്ട് “അർദ്ധരാത്രിക്കു” പൗലോസും ശീലാസും അടികളേററ് തടവിലായിരുന്ന സമയം. അവർ “പ്രാർത്ഥിച്ചു ദൈവത്തെ സ്തുതിച്ചു; തടവുകാർ ശ്രദ്ധിച്ചുകൊണ്ടിരുന്നു” എന്നു നാം വായിക്കുന്നു.—പ്രവൃത്തികൾ 16:25.
സ്തുതി പാടൽ—നമ്മുടെ ആരാധനയുടെ ഒരു മുഖ്യ ഭാഗം
10. ദൈവത്തെ പാടിസ്തുതിക്കുന്നതു സംബന്ധിച്ച് ദൈവവചനം നൽകുന്ന കല്പനകൾ ഏതെല്ലാം?
10 സൂക്ഷ്മശ്രദ്ധ കൊടുക്കേണ്ടതായ അത്ര പ്രാധാന്യമൊന്നും രാജ്യഗീതങ്ങൾക്കില്ല എന്നു നിങ്ങൾക്ക് ഒരുപക്ഷേ തോന്നുന്നുണ്ടോ? അങ്ങനെയാണെങ്കിൽ, നിങ്ങൾ അക്കാര്യം വീണ്ടും പരിശോധിക്കേണ്ടതല്ലയോ? സ്തുതികൾ ആലപിക്കുന്ന കാര്യത്തിൽ യഹോവയാം ദൈവവും യേശുക്രിസ്തുവും കൊടുക്കുന്ന പ്രാധാന്യം കണക്കിലെടുക്കുക. എന്തിന്, യഹോവയെ പാടിപുകഴ്ത്താനുള്ള കല്പനകളാൽ ദൈവവചനം നിറഞ്ഞിരിക്കുന്നു! ഉദാഹരണത്തിന്, യെശയ്യാവു 42:10 ഇങ്ങനെ വായിക്കുന്നു: “സമുദ്രത്തിൽ സഞ്ചരിക്കുന്നവരും അതിൽ ഉള്ള സകലവും ദ്വീപുകളും അവയിലെ നിവാസികളും ആയുള്ളോരേ, യഹോവെക്കു ഒരു പുതിയ പാട്ടും ഭൂമിയുടെ അററത്തുനിന്നു അവന്നു സ്തുതിയും പാടുവിൻ.”—സങ്കീർത്തനം 96:1; 98:1 കാണുക.
11. പാടുന്നതു സംബന്ധിച്ചു പൗലോസ് അപ്പോസ്തലൻ എന്തു മുന്നറിയിപ്പു നൽകി?
11 പാടുന്നതിലൂടെ നമ്മുടെ ഉത്സാഹത്തെ ഉണർത്താൻ കഴിഞ്ഞേക്കുമെന്ന് അപ്പോസ്തലനായ പൗലോസിന് അറിയാമായിരുന്നു, അതുകൊണ്ട് അദ്ദേഹം ആഹ്വാനരൂപത്തിൽ അതു രണ്ടു പ്രാവശ്യം നമ്മോടു പറയുകയും ചെയ്തിരിക്കുന്നു. “ആത്മാവു നിറഞ്ഞവരായി സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ സംസാരിച്ചും നിങ്ങളുടെ ഹൃദയത്തിൽ കർത്താവിന്നു പാടിയും കീർത്തനം ചെയ്തു”മിരിപ്പിൻ എന്നു നാം എഫെസ്യർ 5:18, 19-ൽ വായിക്കുന്നു. ഇനി കൊലൊസ്സ്യർ 3:16-ലാണെങ്കിലോ നാം ഇങ്ങനെയും വായിക്കുന്നു: “സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും നന്ദിയോടെ നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്നു പാടിയും ഇങ്ങനെ ക്രിസ്തുവിന്റെ വചനം ഐശ്വര്യമായി സകല ജ്ഞാനത്തോടുംകൂടെ നിങ്ങളിൽ വസിക്കട്ടെ.”
12. പരസ്പരം പഠിപ്പിക്കാനും ഉപദേശിക്കാനും നമ്മെ സഹായിക്കുന്ന ഗീതങ്ങൾ നമുക്കുണ്ട് എന്നതിനുള്ള ദൃഷ്ടാന്തങ്ങൾ ഏവ?
12 ‘സങ്കീർത്തനങ്ങളാലും സ്തുതികളാലും ആത്മികഗീതങ്ങളാലും നിങ്ങളുടെ ഹൃദയങ്ങളിൽ ദൈവത്തിന്നു പാടിയും’ എന്ന് സൂചിപ്പിക്കുമ്പോൾ പാടുന്ന കാര്യം പൗലോസ് ആവർത്തിച്ചു പറയുന്നതു ശ്രദ്ധിക്കുക. ഇതുമുഖാന്തരം നമുക്കു “തമ്മിൽ പഠിപ്പിച്ചും ബുദ്ധിയുപദേശിച്ചും” നിൽക്കുന്നവരാകാം എന്നു പറഞ്ഞുകൊണ്ടു തന്റെ അഭിപ്രായങ്ങൾ അദ്ദേഹം കൊലോസ്യർക്ക് എഴുതി. അങ്ങനെ നാം തീർച്ചയായും ചെയ്യുന്നുണ്ട്. ഈ വസ്തുത നമ്മുടെ പാട്ടുകളുടെ തലക്കെട്ടുകളിൽത്തന്നെ കാണാം. “സർവ്വസൃഷ്ടിയുമേ, യഹോവയെ വാഴ്ത്തിൻ!” (5-ാം നമ്പർ), “സ്ഥിരതയുള്ളവരും അചഞ്ചലരും ആയിരിക്കുക!” (10-ാം നമ്പർ), “രാജ്യപ്രത്യാശയ്ക്കായി പ്രമോദിപ്പിൻ!” (16-ാം നമ്പർ), “അവരെ ഭയപ്പെടേണ്ട!” (27-ാം നമ്പർ) “നമ്മുടെ ദൈവമായ യഹോവയെ വാഴ്ത്തുക!” (100-ാം നമ്പർ) എന്നിവയെല്ലാം ഏതാനും ഉദാഹരണങ്ങൾ മാത്രമാണ്.
13. ഗീതമാലപിക്കുന്നത് നമ്മുടെ ആരാധനയുടെ പ്രധാന ഭാഗമാണെന്ന് “വിശ്വസ്തനും വിവേകിയുമായ അടിമ” കാണിച്ചിരിക്കുന്നതെങ്ങനെ?
13 ഈ കൽപ്പനയോടുള്ള ചേർച്ചയിൽ “വിശ്വസ്തനും വിവേകിയുമായ അടിമ” ക്രമീകരിച്ചിരിക്കുന്ന നമ്മുടെ യോഗങ്ങളായ സഭായോഗങ്ങൾ, സർക്കിട്ട് സമ്മേളനങ്ങൾ, പ്രത്യേക സമ്മേളനദിനങ്ങൾ, ഡിസ്ട്രിക്ററ് കൺവെൻഷനുകൾ, സാർവദേശീയ കൺവെൻഷനുകൾ എന്നിവയെല്ലാം രാജ്യഗീതങ്ങളുടെ ആലാപനത്തോടെ ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്നു. (മത്തായി 24:45, NW) കൂടാതെ, ഈ യോഗങ്ങൾക്കിടയ്ക്കുള്ള മററുസമയങ്ങളിൽ പാടാൻവേണ്ടിയും ഗീതങ്ങൾ പട്ടികപ്പെടുത്തിയിട്ടുണ്ട്. സാധാരണമായി നമ്മുടെ യോഗങ്ങൾ രാജ്യഗീതത്തിന്റെ ആലാപനത്തോടെ ആരംഭിക്കുന്നതിനാൽ, നമ്മുടെ ആരാധനയുടെ ആ ഭാഗത്തും പങ്കുപററാൻതക്കവണ്ണം നാം അവിടെ കൃത്യസമയത്തുതന്നെ എത്തിച്ചേരേണ്ടതല്ലേ? യോഗങ്ങൾ ഗീതത്തോടെ അവസാനിക്കുന്നതിനാൽ സമാപനഗീതവും അതേത്തുടർന്നുള്ള പ്രാർഥനയും കഴിയുന്നതുവരെ നാം അവിടെത്തന്നെ നിൽക്കേണ്ടതല്ലേ?
14. നമ്മുടെ പരിപാടികൾക്കുവേണ്ടി യോജിച്ച പാട്ടുകൾ തിരഞ്ഞെടുക്കുന്നതിന്റെ ഏതു ദൃഷ്ടാന്തങ്ങൾ നമുക്കുണ്ട്?
14 നമ്മുടെ യോഗങ്ങളിലെ ഗീതങ്ങൾ പരിപാടിയുമായി ഇണങ്ങിപ്പോകാൻതക്കവണ്ണം ശ്രദ്ധാപൂർവം തിരഞ്ഞെടുത്തിരിക്കുന്നവയാണ്. ഉദാഹരണത്തിന്, 1993-ലെ “ദിവ്യ ബോധന” ഡിസ്ട്രിക്ററ് കൺവെൻഷനിൽ സാത്താൻ, ലോകം, വീഴ്ചഭവിച്ച ജഡം എന്നീ ശത്രുക്കളെക്കുറിച്ചു പ്രതിപാദിച്ച മൂന്നു പ്രസംഗങ്ങൾ ഉണ്ടായിരുന്നു. അതിനെത്തുടർന്നു പാടിയത് 191-ാമത്തെ ഗീതമായിരുന്നു. ആ ശത്രുക്കളുമായി പോരാടാൻ ക്രിസ്ത്യാനികളെ പ്രോത്സാഹിപ്പിക്കുന്നതായിരുന്നു “സത്യം നിങ്ങളുടെ സ്വന്തമാക്കുക” എന്ന ശീർഷകത്തിലുള്ള ഈ ഗീതം. അതുപോലെതന്നെയായിരുന്നു “മക്കൾ ദൈവത്തിൽ നിന്നുള്ള അനർഘദാനങ്ങൾ” എന്ന 164-ാം ഗീതത്തിന്റെ കാര്യവും. മാതാപിതാക്കൾക്കായുള്ള മുന്നറിയിപ്പുകൾ മുററിയ ഈ ഗീതം കുട്ടികളെ പരിശീലിപ്പിക്കാനുള്ള മാതാപിതാക്കളുടെ കടമയെ വിശേഷവിധമായി അവതരിപ്പിച്ച ഒരു പ്രസംഗത്തെത്തുടർന്നായിരുന്നു. യിരെമ്യാവിന്റെ പ്രവചനങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പ്രസംഗപരമ്പരയ്ക്കു മുമ്പായിരുന്നു “യിരെമ്യാവെപ്പോലെ ആകുക” എന്ന 70-ാമത്തെ ഗീതം. നമ്മുടെ രാജ്യശുശ്രൂഷയുടെ വിവിധ വശങ്ങളെക്കുറിച്ചുള്ള ഒരു സിമ്പോസിയം കഴിഞ്ഞു പാടിയത് 156-ാമത്തെ “എനിക്കു മനസ്സുണ്ട്” എന്ന സേവനോൻമുഖമായ ഗീതമായിരുന്നു. വീക്ഷാഗോപുര അധ്യയനം, സേവനയോഗം, ദിവ്യാധിപത്യ ശുശ്രൂഷാസ്കൂൾ എന്നിവയ്ക്കുള്ള ഗീതങ്ങൾ തിരഞ്ഞെടുക്കുമ്പോഴും ഇതേ ശ്രദ്ധ നൽകുന്നു. അതുകൊണ്ട്, പരസ്യപ്രസംഗം നടത്തുന്ന മൂപ്പൻമാർ പരിപാടി തുടങ്ങുന്നതിനുള്ള ഗീതം ഇന്നതെന്നു പറയുമ്പോൾ സ്വാഭാവികമായും പ്രസംഗവിഷയത്തിനു യോജിച്ച ഒരു ഗീതമാണു തിരഞ്ഞെടുക്കേണ്ടത്.
15. പാടാൻപോകുന്ന ഗീതത്തോടുള്ള വിലമതിപ്പു വർധിപ്പിക്കാൻ യോഗത്തിന്റെ അധ്യക്ഷന് എന്തു ചെയ്യാവുന്നതാണ്?
15 പാടാനുള്ള ഗീതം ഏതെന്ന് അധ്യക്ഷൻ പറയുന്നതോടൊപ്പം അതിന്റെ തലക്കെട്ടോ വിഷയമോ പറഞ്ഞുകൊണ്ട് ഗീതത്തോടുള്ള വിലമതിപ്പ് അദ്ദേഹത്തിനു വർധിപ്പിക്കാവുന്നതാണ്. നാം പാടുന്നതു സംഖ്യകളല്ല, തിരുവെഴുത്തു വിഷയങ്ങളാണ്. ശീർഷകത്തിനു താഴെയായി കൊടുത്തിരിക്കുന്ന തിരുവെഴുത്ത് എടുത്തു പറയുകയാണെങ്കിൽ പാട്ട് കൂടുതലായി ആസ്വദിക്കാൻ അതു സഭയെ സഹായിക്കുകയും ചെയ്യും. ഇനി, എല്ലാവരും പാട്ടിന്റെ തുടിപ്പു മനസ്സിലാക്കി എങ്ങനെ പാടണം എന്നതു സംബന്ധിച്ചു ചില അഭിപ്രായങ്ങൾ പറയാവുന്നതാണ്.
പാടിക്കൊണ്ട് യഹോവയുടെ നൻമയോടുള്ള വിലമതിപ്പു പ്രകടമാക്കുവിൻ
16. നമ്മുടെ പാട്ടുകളുടെ ആശയമുൾക്കൊള്ളാൻ നമുക്കെങ്ങനെ കഴിയും?
16 നമ്മുടെ രാജ്യഗീതങ്ങളുടെ വരികൾ അർഥസമ്പുഷ്ടമായതുകൊണ്ട് പാടുമ്പോൾ നാം വാക്കുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഓരോ പാട്ടിന്റെയും ആശയമുൾക്കൊള്ളാൻ നാം ആഗ്രഹിക്കുന്നു. ആത്മാവിന്റെ ഒരു ഫലമായ സ്നേഹത്തെക്കുറിച്ചു പറയുന്നതുപോലുള്ള ചിലതു ഹൃദയത്തെ തൊട്ടുണർത്തുന്നതാണ്. (ഗലാത്യർ 5:22) സാന്ദ്രമായും ഊഷ്മളമായും നാം ഇവ പാടുന്നു. മററു ചില ഗീതങ്ങൾ സന്തോഷപൂരിതമാണ്, അവ സന്തോഷത്തോടെ പാടാൻ നാം ശ്രമിക്കേണ്ടതുണ്ട്. ഇനി മററു ചിലതാണെങ്കിലോ, പ്രൗഢഗംഭീരമായ, താളാത്മകമായ പാട്ടുകളായിരിക്കും. അവ ആവേശത്തോടും ശക്തമായ ആത്മവിശ്വാസത്തോടും കൂടി പാടേണ്ടതുണ്ട്. ഊഷ്മളത, വികാരം, ഉത്സാഹം എന്നിവ നമ്മുടെ അവതരണങ്ങളിൽ ഉണ്ടായിരിക്കാൻ നാം ദിവ്യാധിപത്യ ശുശ്രൂഷാസ്കൂളിൽ ബുദ്ധ്യുപദേശിക്കപ്പെടുന്നു. എന്നാൽ നമ്മുടെ രാജ്യഗീതങ്ങൾ പാടുമ്പോൾ ഊഷ്മളത, വികാരം, ഉത്സാഹം എന്നിവ പ്രകടമാക്കേണ്ടത് അതിലും പ്രാധാന്യമുള്ള കാര്യമാണ്.
17. (എ) അവിശ്വസ്ത ഇസ്രായേൽ ജനതക്ക് ഏൽക്കേണ്ടിവന്ന ഏതു കുററപ്പെടുത്തൽ നമ്മുടെ ഗീതാലാപനത്തിൽ സംഭവിക്കാൻ നാം ആഗ്രഹിക്കില്ല? (ബി) നമ്മുടെ പാട്ടുകളിൽ ഉൾക്കൊള്ളുന്ന അനുശാസനം നാം ഗൗരവമായെടുക്കുമ്പോൾ എന്തു ഫലം ഉണ്ടാകുന്നു?
17 വാക്കുകളുടെ പൊരുൾ മുഴുവനായി ഗ്രഹിക്കാതെ, നമ്മുടെ മനസ്സ് വല്ലയിടത്തുമായി നാം രാജ്യഗീതങ്ങൾ ആലപിക്കുന്നു എന്നിരിക്കട്ടെ. അപ്പോൾ, അവിശ്വസ്തരായ ഇസ്രായേൽ ജനതയെപ്പോലെയല്ലേ ഒരുതരത്തിൽ പറഞ്ഞാൽ നാമും ആയിത്തീരുന്നത്? അവരുടെ ഹൃദയങ്ങൾ ദൈവത്തിൽനിന്നും വളരെ അകന്നിരുന്നു. ചുണ്ടുകൾകൊണ്ടുമാത്രം സ്തുതികൾ അർപ്പിച്ചിരുന്ന അവർ ത്തത്ഫലമായി ശാസിക്കപ്പെട്ടിരുന്നു. (മത്തായി 15:8) രാജ്യഗീതങ്ങൾ ആലപിക്കുന്ന വിധത്തെച്ചൊല്ലിയുള്ള അത്തരം കുററപ്പെടുത്തൽ നാം ആഗ്രഹിക്കുന്നില്ല, ഉവ്വോ? നമ്മുടെ രാജ്യഗീതങ്ങളോടു നീതിപുലർത്തുന്നതിനാൽ നമ്മെ മാത്രമല്ല, ചെറുപ്പമായവർ ഉൾപ്പെടെ നമുക്കു ചുററുമുള്ളവരെയും നാം ഉത്തേജിപ്പിക്കും. അതേ, നമ്മുടെ രാജ്യഹാളുകളിൽ പാട്ടുപാടുന്ന എല്ലാവരും ആ പാട്ടിൽ അടങ്ങിയിരിക്കുന്ന മുന്നറിയിപ്പുകൾ ഗൗരവമായി എടുക്കുന്നെങ്കിൽ ശുശ്രൂഷയിൽ തീക്ഷ്ണമതികളായിരിക്കാനും ദോഷപ്രവൃത്തികളുടെ കെണികൾ ഒഴിവാക്കാനും ഇതു ശക്തമായ പ്രോത്സാഹനമായിരിക്കും.
18. രാജ്യഗീതങ്ങളുടെ ആലാപനം ഒരു സ്ത്രീയുടെമേൽ എന്തു ഫലമുളവാക്കി?
18 നാം രാജ്യഗീതങ്ങൾ ആലപിക്കുമ്പോൾ അതു പലപ്പോഴായി പുറമേയുള്ളവരിൽ മതിപ്പുളവാക്കിയിട്ടുണ്ട്. ഈ സംഗതി വീക്ഷാഗോപുരം [ഇംഗ്ലീഷ്] ഒരിക്കൽ പ്രസിദ്ധീകരിക്കുകയുണ്ടായി: “നാം പാടുമ്പോൾ അതിന് യഹോവയാം ദൈവത്തെക്കുറിച്ചുള്ള പരിജ്ഞാനം നേടാൻ ആളുകളെ സഹായിക്കാനാവുമെന്നാണ് ഒരു സ്ത്രീക്കുണ്ടായ അനുഭവം കാണിക്കുന്നത്. ന്യൂയോർക്കു നഗരത്തിലെ യാങ്കീ സ്റേറഡിയത്തിൽ 1973-ൽ നടന്ന ‘ദിവ്യ വിജയ’ സമ്മേളനത്തിലായിരുന്നു അവർ സ്നാപനമേററത്. ആരും വിളിക്കാതെ ആദ്യമായി രാജ്യഹാൾ സന്ദർശനം നടത്തിയ അവർ രണ്ടു യോഗങ്ങളിലും സംബന്ധിച്ചു. സഭ . . . ‘നിങ്ങളുടെ ദൃഷ്ടി സമ്മാനത്തിൽ പതിപ്പിക്കുക’ എന്ന ഗീതം പാടിയപ്പോൾ അതിലെ വാക്കുകളും അതു പാടിയ വിധവും അവരിൽ മതിപ്പുളവാക്കി! താൻ എത്താൻ ആഗ്രഹിച്ചിടത്തുതന്നെ എത്തിയെന്ന് അവർ നിഗമനം ചെയ്തു. അതിനുശേഷം, അവർ സാക്ഷികളിൽ ഒരാളെ സമീപിച്ച് ഒരു ബൈബിളധ്യയനം ആവശ്യപ്പെട്ടു. തുടർന്നു പുരോഗതി നേടി [അവർ] യഹോവയുടെ ഒരു ക്രിസ്തീയ സാക്ഷി ആയിത്തീരുകയും ചെയ്തു.”
19. മുഴുദേഹിയോടെ രാജ്യഗീതങ്ങൾ പാടുന്നതു സംബന്ധിച്ച് അവസാനമായി എന്തു പ്രോത്സാഹനം നൽകപ്പെട്ടിരിക്കുന്നു?
19 നമ്മുടെ മിക്ക യോഗങ്ങളിലും, വികാരവിലമതിപ്പുകൾ പ്രകടിപ്പിക്കാൻ സദസ്സിനു താരതമ്യേന കുറച്ച് അവസരങ്ങളേയുള്ളൂ. എന്നാൽ രാജ്യഗീതങ്ങളുടെ ആലാപനത്തിൽ ഹൃദയോഷ്മളമായി ചേർന്നുകൊണ്ട് യഹോവയുടെ നൻമയെക്കുറിച്ച് എന്തു തോന്നുന്നുവെന്നു നമുക്കെല്ലാം പ്രകടിപ്പിക്കാനാവും. കൂടാതെ, ഒരുമിച്ചുകൂടുമ്പോൾ നാമെല്ലാം ഹർഷമാനസരല്ലേ? അതുകൊണ്ട് പാടണമെന്നു നമുക്കു തോന്നേണ്ടതാണ്! (യാക്കോബ് 5:13) വാസ്തവത്തിൽ, യഹോവയുടെ നൻമയും അവിടുത്തെ അനർഹദയയും വിലമതിക്കുന്ന അളവോളം നാം അവിടുത്തേക്കു മുഴുദേഹിയോടെ സ്തുതികൾ ആലപിക്കും.
നിങ്ങൾ എങ്ങനെ ഉത്തരം പറയും?
◻ യഹോവയെ സ്തുതിക്കുന്നതിനുള്ള അടിസ്ഥാനപരമായ രണ്ടു കാരണങ്ങളേവ?
◻ വ്യത്യസ്തമായ ഏതെല്ലാം വിധങ്ങളിൽ നമുക്കു യഹോവയെ സ്തുതിക്കാം?
◻ യഹോവയെ നമുക്കു സ്തുതിക്കാനാവുന്ന ഏററവും മനോഹരമായ വിധങ്ങളിലൊന്ന് ഏതാണ്?
◻ യഹോവയെ പാടിസ്തുതിക്കുന്നതിന്റെ ഏതെല്ലാം തിരുവെഴുത്തുദൃഷ്ടാന്തങ്ങൾ നമുക്കുണ്ട്?
◻ രാജ്യഗീതം പാടുമ്പോൾ നമുക്കെങ്ങനെ അതിനോടു നീതിപുലർത്താനാവും?
[11-ാം പേജിലെ ചതുരം]
ആ ഗീതങ്ങൾ ആസ്വദിക്കുവിൻ!
കുറെ ഗീതങ്ങൾ പഠിക്കാൻ ചിലർക്ക് അല്പം പ്രയാസമുണ്ടായിട്ടുള്ളതുപോലെ തോന്നുന്നു. എന്നിരുന്നാലും, ചില സഭകളിൽ ഒട്ടുമിക്ക ഗീതങ്ങളും പാടാൻ കാര്യമായ ബുദ്ധിമുട്ടുമുണ്ടായിരുന്നില്ല എന്നത് എടുത്തു പറയേണ്ടതുതന്നെ. കേട്ടുപരിചയമില്ലാത്തതെന്ന് ആദ്യം തോന്നുന്നവ പഠിച്ചെടുക്കാൻ ചിലപ്പോൾ ഒരു ചെറിയ ശ്രമം മതിയായിരിക്കാം. അത്തരം പാട്ടുകളുമായി ഒന്നു പരിചിതമായിക്കഴിഞ്ഞാൽപ്പിന്നെ, ശ്രമം കൂടാതെ പഠിച്ചെടുക്കാവുന്ന പാട്ടുകളെക്കാൾ കൂടുതലായി സഭ അവയെ വിലമതിക്കും. അപ്പോൾ സഭയിലുള്ള എല്ലാവർക്കും അവ ആത്മവിശ്വാസത്തോടെ പാടാൻ കഴിയും. അതേ, അവർക്ക് ആ ഗീതങ്ങൾ ആസ്വദിക്കാൻ കഴിയും!
[12-ാം പേജിലെ ചതുരം]
സാമൂഹിക കൂടിവരവുകളിൽ രാജ്യഗീതം പാടുവിൻ
രാജ്യഗീതങ്ങൾ രാജ്യഹാളിൽ മാത്രമേ പാടാവൂ എന്നില്ല. ജയിലിൽ ആയിരുന്നപ്പോൾ പൗലോസും ശീലാസും യഹോവയെ പാടിസ്തുതിച്ചു. (പ്രവൃത്തികൾ 16:25) ശിഷ്യനായ യാക്കോബ് ഇങ്ങനെ പറഞ്ഞു: “ആഹ്ളാദിക്കുന്നവൻ സ്തുതിഗീതം ആലപിക്കട്ടെ [“ദൈവത്തിനു സ്തുതി പാടട്ടെ,” NW, അടിക്കുറിപ്പ്].” (യാക്കോബ് 5:13, പി.ഒ.സി. ബൈബിൾ) സാമൂഹിക കൂടിവരവുകളിൽ സകലരും ആഹ്ളാദാവസ്ഥയിലാണ്. അപ്പോൾ എന്തുകൊണ്ട് രാജ്യഗീതങ്ങൾ പാടിക്കൂടാ? പാട്ടിനൊപ്പം പിയാനോയോ ഗിററാറോ ഉണ്ടെങ്കിൽ ഇതു വിശേഷിച്ചും ശ്രുതിമധുരമാകും. അതില്ലാത്തപക്ഷം, നമ്മുടെ രാജ്യഗീതങ്ങളുടെ പിയാനോ ടേപ്പുകൾ ലഭ്യമാണ്; സാക്ഷികളുടെ പല കുടുംബങ്ങൾക്കും ഈ ടേപ്പുകളുടെ ആൽബമുണ്ട്. അവ ആലാപനവുമായി ചേർന്ന് അവയ്ക്കിണങ്ങിയ ഹൃദ്യമായ പശ്ചാത്തല സംഗീതമൊരുക്കുന്നു.
[8, 9 പേജിലെ ചിത്രം]
ചെങ്കടലിൽവെച്ചുണ്ടായ വിമോചനത്തിനുശേഷം ഇസ്രായേൽ ജനത തങ്ങളുടെ സന്തോഷം പാടി പ്രകടിപ്പിച്ചു
[10-ാം പേജിലെ ചിത്രം]
സന്തോഷഭരിതമായ പാട്ട് ഇന്നു ക്രിസ്തീയ ആരാധനയുടെ ഒരു ഭാഗമാണ്