യഹോവയുടെ വചനം ജീവനുള്ളത്
എസ്രായിൽനിന്നുള്ള വിശേഷാശയങ്ങൾ
രണ്ടു ദിനവൃത്താന്തങ്ങളിലെ വിവരണത്തെത്തുടർന്നുള്ള സംഭവങ്ങളാണ് എസ്രാ എന്ന ബൈബിൾ പുസ്തകത്തിൽ അടങ്ങിയിരിക്കുന്നത്. എഴുത്തുകാരൻ എസ്രാ പുരോഹിതനാണ്. ബാബിലോണിൽ പ്രവാസത്തിലായിരിക്കുന്ന യഹൂദന്മാരുടെ ശേഷിപ്പിനെ സ്വദേശത്തേക്കു മടങ്ങിപ്പോകാൻ അനുവദിച്ചുകൊണ്ട് കോരെശ് രാജാവ് കൽപ്പന പുറപ്പെടുവിക്കുന്നതോടെ വിവരണത്തിനു തിരശ്ശീല ഉയരുന്നു. അന്ത്യഭാഗത്ത്, ചുറ്റുമുള്ള ജനതകളുടെ സ്വാധീനത്തിൽപ്പെട്ടുപോയവരെ ശുദ്ധീകരിക്കാൻ എസ്രാ നടപടി സ്വീകരിക്കുന്നതിനെക്കുറിച്ച് എഴുതിയിരിക്കുന്നു. പൊ.യു.മു. 537 മുതൽ 467 വരെയുള്ള, മൊത്തം 70 വർഷത്തെ സംഭവങ്ങളാണ് ഈ പുസ്തകത്തിലുള്ളത്.
ബാബിലോണിലെ പ്രവാസത്തിൽനിന്നു തന്റെ ജനത്തെ വിടുവിച്ച് യെരൂശലേമിൽ സത്യാരാധന പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനം യഹോവ എപ്രകാരം നിറവേറ്റിയെന്നു പ്രകടമാക്കുക എന്നതായിരുന്നു എസ്രാ ഈ പുസ്തകം എഴുതിയതിന്റെ വ്യക്തമായ ഉദ്ദേശ്യം. അതുകൊണ്ട് ആ ഉദ്ദേശ്യവുമായി ബന്ധപ്പെട്ട സംഭവങ്ങൾ മാത്രമാണ് അവൻ വിശേഷവത്കരിക്കുന്നത്. എതിർപ്പും ദൈവജനത്തിന്റെ അപൂർണതയും ഉണ്ടായിരുന്നിട്ടും ആലയം പുനർനിർമിക്കുകയും യഹോവയുടെ ആരാധന പുനഃസ്ഥാപിക്കുകയും ചെയ്തതു സംബന്ധിച്ച വിവരണമാണ് എസ്രായുടെ പുസ്തകം കാഴ്ചവെക്കുന്നത്. നമ്മളും ഒരു പുനഃസ്ഥിതീകരണകാലത്തു ജീവിച്ചിരിക്കുന്നതിനാൽ ഈ വിവരണം നമുക്കു വളരെ താത്പര്യജനകമാണ്. അനേകരും ഇന്ന് “യഹോവയുടെ പർവ്വതത്തിലേക്കു” ഒഴുകിയെത്തുന്നു. കൂടാതെ, മുഴുഭൂമിയും “യഹോവയുടെ മഹത്വത്തിന്റെ പരിജ്ഞാനത്താൽ പൂർണ്ണ”മാകുന്ന സമയം ആസന്നമായിരിക്കുന്നു.—യെശയ്യാവു 2:2, 3; ഹബക്കൂക് 2:14.
ആലയത്തിന്റെ പുനർനിർമാണം
കോരെശ് പുറപ്പെടുവിച്ച വിടുതൽ പ്രഖ്യാപനത്തെത്തുടർന്ന് ഏകദേശം 50,000 യഹൂദ പ്രവാസികൾ ഗവർണറായ സെരുബ്ബാബേലിന്റെ അഥവാ ശേശ്ബസറിന്റെ നേതൃത്വത്തിൽ യെരൂശലേമിലേക്കു മടങ്ങുന്നു. മടങ്ങിയെത്തിയ ഉടൻതന്നെ അവർ യഹോവയുടെ യാഗപീഠം സ്വസ്ഥാനത്തു പണിതുയർത്തിക്കൊണ്ട് അവനു യാഗങ്ങൾ അർപ്പിക്കാൻ തുടങ്ങുന്നു.
പിറ്റെ വർഷം ഇസ്രായേല്യർ യഹോവയുടെ ആലയത്തിന് അടിസ്ഥാനമിടുന്നു. പുനർനിർമാണത്തിനു വിഘ്നം സൃഷ്ടിക്കാൻ ശ്രമിക്കുന്ന ശത്രുക്കൾ ഒടുവിൽ, നിർമാണവേല നിരോധിച്ചുകൊണ്ടുള്ള ഒരു കൽപ്പന രാജാവിനെക്കൊണ്ട് പുറപ്പെടുവിപ്പിക്കുന്നതിൽ വിജയിക്കുന്നു. നിരോധനം ഗണ്യമാക്കാതെ ആലയനിർമാണം പുനരാരംഭിക്കാൻ പ്രവാചകന്മാരായ ഹഗ്ഗായിയും സെഖര്യാവും ജനത്തെ പ്രചോദിപ്പിക്കുന്നു. ജനം അത് അനുസരിക്കുകയും ചെയ്യുന്നു. കോരെശ് പുറപ്പെടുവിച്ചിരുന്ന തിരുത്താനാവാത്ത പേർഷ്യൻ നിയമം ലംഘിക്കുന്നതിലുള്ള ഭയം ശത്രുക്കളെ പിമ്പോട്ടുവലിക്കുന്നു. ഒരു ഔദ്യോഗിക അന്വേഷണത്തിന്റെ ഫലമായി, “യെരൂശലേമിലെ ദൈവാലയം” സംബന്ധിച്ചുള്ള കോരെശിന്റെ കൽപ്പന കണ്ടെത്തുന്നു. (എസ്രാ 6:3) വേല നന്നായി പുരോഗമിക്കുകയും പൂർത്തിയാകുകയും ചെയ്യുന്നു.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
1:3-6—സ്വദേശത്തേക്കു മടങ്ങാതിരുന്ന ഇസ്രായേല്യരുടെ വിശ്വാസം ദുർബലമായിരുന്നോ? ഭൗതികാസക്തിയോ സത്യാരാധനയോടുള്ള വിലമതിപ്പില്ലായ്മയോ നിമിത്തം ചിലർ യെരൂശലേമിലേക്കു മടങ്ങിപ്പോകാൻ വിസമ്മതിച്ചിരിക്കാം. എന്നാൽ എല്ലാവരുടെയും കാര്യം അങ്ങനെ ആയിരുന്നില്ല. യെരൂശലേമിലേക്കുള്ള 1,600 കിലോമീറ്റർ യാത്രയ്ക്കു നാലോ അഞ്ചോ മാസം വേണ്ടിയിരുന്നു. കൂടാതെ, 70 വർഷം ശൂന്യമായിക്കിടന്ന ഒരു ദേശത്തു താമസമുറപ്പിക്കുന്നതും അവിടത്തെ പുനർനിർമാണത്തിൽ ഏർപ്പെടുന്നതും ഭാരിച്ച വേലയായിരുന്നു. അതുകൊണ്ട് രോഗങ്ങൾ, വാർധക്യം, കുടുംബ ഉത്തരവാദിത്വങ്ങൾ എന്നിങ്ങനെയുള്ള പ്രതികൂല സാഹചര്യങ്ങൾ മടങ്ങിപ്പോകുന്നതിനു ചിലർക്കു നിസ്സംശയമായും തടസ്സം സൃഷ്ടിച്ചു.
2:43—നെഥിനിം ആരായിരുന്നു? ആലയത്തിൽ അടിമകളോ ശുശ്രൂഷകരോ ആയി സേവിച്ച ഇസ്രായേല്യേതര ഉത്ഭവമുള്ളവർ ആയിരുന്നു ഇവർ. യോശുവയുടെ നാളിലെ ഗിബെയോന്യരുടെ പിൻഗാമികളും “ദാവീദും പ്രഭുക്കന്മാരും ലേവ്യർക്കു ശുശ്രൂഷക്കാരായികൊടുത്ത” മറ്റുള്ളവരും ഇവരിൽ ഉൾപ്പെട്ടിരുന്നു.—എസ്രാ 8:20.
2:55—ശലോമോന്റെ ദാസന്മാരുടെ മക്കൾ ആരായിരുന്നു? യഹോവയുടെ സേവനത്തിൽ പ്രത്യേക നിയമനങ്ങൾ ലഭിച്ചിരുന്ന ഇസ്രായേല്യേതരർ ആയിരുന്നു ഈ വ്യക്തികൾ. ആലയത്തിലെ ശാസ്ത്രിമാർ അഥവാ പകർപ്പെഴുത്തുകാർ ആയോ അല്ലെങ്കിൽ ഏതെങ്കിലും കാര്യനിർവഹണ രംഗത്തോ ആയിരിക്കാം ഇവർ സേവിച്ചിരുന്നത്.
2:61-63—യഹോവയോട് ആലോചന കഴിക്കാൻ ഉപയോഗിച്ചിരുന്ന ഊറീമും തുമ്മീമും പ്രവാസത്തിൽനിന്നു മടങ്ങിയെത്തിയവർക്കു ലഭ്യമായിരുന്നോ? തങ്ങളുടെ പൗരോഹിത്യ വംശാവലി തെളിയിക്കാൻ കഴിയാത്തവർക്ക് ആ അവകാശവാദത്തിനു നിയമസാധുത നൽകുന്നതിനായി ഊറീമും തുമ്മീമും ഉപയോഗിക്കാനാകുമായിരുന്നു. അതിനെ ഒരു സാധ്യതയായി മാത്രമേ എസ്രാ പരാമർശിക്കുന്നുള്ളൂ. ആ സമയത്തോ അതിനുശേഷമോ ഊറീമും തുമ്മീമും ഉപയോഗിച്ചതിന്റെ യാതൊരു രേഖയും തിരുവെഴുത്തുകളിലില്ല. പൊ.യു.മു. 607-ൽ ആലയം നശിപ്പിക്കപ്പെട്ടപ്പോൾ ഊറീമും തുമ്മീമും അപ്രത്യക്ഷമായി എന്നാണ് യഹൂദ പാരമ്പര്യം.
3:12—യഹോവയുടെ “മുമ്പിലത്തെ ആലയം കണ്ടിട്ടുള്ള വയോധികന്മാരായ അനേകർ” കരഞ്ഞത് എന്തുകൊണ്ട്? ശലോമോൻ പണികഴിപ്പിച്ച ആലയം എത്ര പ്രൗഢഗംഭീരമായിരുന്നെന്ന് അവർക്ക് ഓർമയുണ്ടായിരുന്നു. പുതിയ ആലയത്തിന്റെ പ്രാരംഭവേലകൾ കണ്ടപ്പോൾ, പഴയതിനോടുള്ള താരതമ്യത്തിൽ അത് “ഏതുമില്ലാത്തതുപോലെ” അവർക്കു തോന്നി. (ഹഗ്ഗായി 2:2, 3) തങ്ങളുടെ പ്രയത്നഫലമായി മുമ്പത്തെ ആലയത്തിന്റെ മഹത്ത്വം വീണ്ടെടുക്കാൻ കഴിയുമോയെന്ന സന്ദേഹം അവരെ നിരുത്സാഹിതരാക്കിയിരിക്കണം. അതുകൊണ്ടായിരിക്കാം അവർ കരഞ്ഞത്.
3:8-10; 4:23, 24; 6:15, 16—ആലയം പുനർനിർമിക്കാൻ എത്ര വർഷമെടുത്തു? പൊ.യു.മു. 536-ൽ, അതായത് “അവർ . . . എത്തിയതിന്റെ രണ്ടാമാണ്ടു” ആലയത്തിന് അടിസ്ഥാനമിട്ടു. പൊ.യു.മു. 522-ൽ അർത്ഥഹ്ശഷ്ടാവ് രാജാവിന്റെ നാളിൽ നിർമാണവേല നിന്നുപോയി. ദാര്യാവേശ് രാജാവിന്റെ രണ്ടാമാണ്ടായ പൊ.യു.മു. 520 വരെ നിരോധനം ദീർഘിച്ചു. അവന്റെ വാഴ്ചയുടെ ആറാമാണ്ടിൽ, അതായത് പൊ.യു.മു. 515-ൽ, ആലയനിർമാണം പൂർത്തിയായി. (“പൊ.യു.മു. 537 മുതൽ പൊ.യു.മു. 467 വരെയുള്ള പേർഷ്യൻ രാജാക്കന്മാർ” എന്ന ചതുരം കാണുക.) അങ്ങനെ, ഏകദേശം 20 വർഷംകൊണ്ടാണ് ആലയം നിർമിക്കപ്പെട്ടത്.
4:8–6:18—ഈ വാക്യങ്ങൾ അരമായ ഭാഷയിൽ എഴുതപ്പെട്ടത് എന്തുകൊണ്ട്? ഗവൺമെന്റ് അധികാരികൾ രാജാക്കന്മാർക്ക് എഴുതിയ കത്തുകളും അവയ്ക്കുള്ള മറുപടികളുമാണ് ഈ ഭാഗത്തിന്റെ അധികവും. വാണിജ്യ-നയതന്ത്ര ഭാഷയായ അരമായയിൽ എഴുതിയിരുന്ന ഔദ്യോഗിക രേഖകളിൽനിന്ന് എസ്രാ അതു പകർത്തുകയാണു ചെയ്തത്. എസ്രാ 7:12-26; യിരെമ്യാവു 10:11; ദാനീയേൽ 2:4ബി-7:28 എന്നിവയാണ് ഈ പുരാതന ശേമ്യഭാഷയിൽ എഴുതപ്പെട്ടിരിക്കുന്ന ബൈബിളിന്റെ മറ്റു ഭാഗങ്ങൾ.
നമുക്കുള്ള പാഠങ്ങൾ:
1:2. യെശയ്യാവ് ഏകദേശം 200 വർഷം മുമ്പ് പ്രവചിച്ചതു നിവൃത്തിയേറി. (യെശയ്യാവു 44:28) യഹോവയുടെ വചനത്തിലെ പ്രവചനങ്ങൾ ഒരിക്കലും നിവൃത്തിയേറാതെ പോകില്ല.
1:3-6. ബാബിലോണിൽത്തന്നെ തങ്ങേണ്ടിവന്ന ചില ഇസ്രായേല്യരെപ്പോലെ, അനേകം യഹോവയുടെ സാക്ഷികൾക്കും മുഴുസമയ ശുശ്രൂഷയിൽ ഏർപ്പെടാനോ ആവശ്യം അധികമുള്ളിടത്തു സേവിക്കാനോ കഴിയുന്നില്ല. എന്നാൽ അങ്ങനെ ചെയ്യാൻ കഴിയുന്നവരെ പിന്തുണയ്ക്കുന്നതിലും പ്രോത്സാഹിപ്പിക്കുന്നതിലും അവർ തുടരുന്നു, പ്രസംഗ-ശിഷ്യരാക്കൽ വേലയുടെ പുരോഗതിക്കായി സ്വമേധയാ സംഭാവനകൾ നൽകുകയും ചെയ്യുന്നു.
3:1-6. മടങ്ങിയെത്തിയ വിശ്വസ്തജനം പൊ.യു.മു. 537-ലെ ഏഴാം മാസം (സെപ്റ്റംബർ-ഒക്ടോബറിനോട് ഒത്തുവരുന്ന തിസ്രി മാസം) ആദ്യയാഗം അർപ്പിച്ചു. പൊ.യു.മു. 607-ലെ അഞ്ചാം മാസത്തിലായിരുന്നു (ജൂലൈ-ആഗസ്റ്റിനോട് ഒത്തുവരുന്ന ആബ് മാസം) നെബൂഖദ്നേസർ രാജാവ് യെരൂശലേമിൽ വന്നത്. രണ്ടു മാസത്തിനുശേഷം നഗരം പൂർണമായി നശിപ്പിക്കപ്പെട്ടു. (2 രാജാക്കന്മാർ 25:8-17) മുൻകൂട്ടിപ്പറഞ്ഞതുപോലെ കൃത്യസമയത്തുതന്നെ യെരൂശലേമിന്റെ 70 വർഷത്തെ ശൂന്യാവസ്ഥ അവസാനിച്ചു. (യിരെമ്യാവു 25:11; 29:10) യഹോവയുടെ വചനം പറയുന്ന സർവവും നിവൃത്തിയേറുന്നു.
4:1-3. ഇസ്രായേല്യരുടെ വിശ്വസ്ത ശേഷിപ്പ് വ്യാജാരാധകരുമായി മതമൈത്രി സ്ഥാപിക്കുന്നതിനുള്ള അഭ്യർഥന തള്ളിക്കളഞ്ഞു. (പുറപ്പാടു 20:5; 34:12) സമാനമായി ഇന്ന് യഹോവയുടെ ആരാധകർ യാതൊരു മിശ്രവിശ്വാസ പ്രസ്ഥാനങ്ങളിലും പങ്കുചേരുന്നില്ല.
5:1-7; 6:1-12. തന്റെ ജനത്തിന്റെ വിജയത്തിനായി കാര്യങ്ങളുടെ ഗതി നിയന്ത്രിക്കാൻ യഹോവയ്ക്കു കഴിയും.
6:14, 22. യഹോവയുടെ വേലയിൽ തീക്ഷ്ണതയോടെ പങ്കുപറ്റുന്നവർക്ക് അവന്റെ അംഗീകാരവും അനുഗ്രഹവും ലഭിക്കും.
6:21. പുനഃസ്ഥിതീകരണകാലത്ത് യെഹൂദാ ദേശത്തു പാർത്തിരുന്ന ശമര്യക്കാരും, മടങ്ങിയെത്തിയശേഷം പുറജാതി സ്വാധീനങ്ങൾക്കു വഴിപ്പെട്ട ഇസ്രായേല്യരും യഹോവയുടെ വേല പുരോഗമിക്കുന്നതു കണ്ടപ്പോൾ ജീവിതത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി. രാജ്യപ്രസംഗം ഉൾപ്പെടെയുള്ള ദൈവനിയമിതവേലയിൽ നാം ഉത്സാഹപൂർവം പങ്കെടുക്കേണ്ടതല്ലേ?
എസ്രാ യെരൂശലേമിലേക്കു വരുന്നു
വർഷം പൊ.യു.മു. 468. യഹോവയുടെ പുനർനിർമിക്കപ്പെട്ട ആലയത്തിന്റെ സമർപ്പണം കഴിഞ്ഞിട്ട് 50 വർഷമായി. സംഭാവനയായി ലഭിച്ച തുകയുമായി ദൈവജനത്തിന്റെ ശേഷിപ്പിൽ കുറെപ്പേരുമൊത്ത് എസ്രാ ബാബിലോണിൽനിന്ന് യെരൂശലേമിലേക്കു പോകുന്നു. അവൻ അവിടെ എന്താണു കാണുന്നത്?
പ്രഭുക്കന്മാർ അവനോട് ഇങ്ങനെ പറയുന്നു: “യിസ്രായേൽജനവും പുരോഹിതന്മാരും ലേവ്യരും ദേശനിവാസികളോടു വേർപെടാതെ . . . മ്ലേച്ഛതകളെ ചെയ്തുവരുന്നു.” കൂടാതെ, “പ്രഭുക്കന്മാരുടെയും പ്രമാണികളുടെയും കൈ തന്നേ ഈ അകൃത്യത്തിൽ ഒന്നാമതായിരിക്കുന്നു.” (എസ്രാ 9:1, 2) എസ്രായെ അതു ഞെട്ടിക്കുന്നെങ്കിലും “ധൈര്യപ്പെട്ടു പ്രവർത്തി”ക്കാൻ അവനു പ്രോത്സാഹനം ലഭിക്കുന്നു. (എസ്രാ 10:4) കാര്യങ്ങൾ നേരെയാക്കാൻ അവൻ നടപടിയെടുക്കുന്നു. ജനം അതിനോടു സഹകരിക്കുന്നു.
തിരുവെഴുത്തു ചോദ്യങ്ങൾക്കുള്ള ഉത്തരം:
7:1, 7, 8, 11—വേലയ്ക്കു നിരോധനം ഏർപ്പെടുത്തിയ അർത്ഥഹ്ശഷ്ടാവിനെയാണോ ഈ വാക്യങ്ങളെല്ലാം പരാമർശിക്കുന്നത്? അല്ല. രണ്ടു പേർഷ്യൻ രാജാക്കന്മാർ അർത്ഥഹ്ശഷ്ടാവ് എന്ന പേരിൽ അഥവാ സ്ഥാനപ്പേരിൽ അറിയപ്പെട്ടിരുന്നു. പൊ.യു.മു. 522-ൽ ആലയ നിർമാണം നിറുത്തിവെക്കാൻ ആജ്ഞ പുറപ്പെടുവിച്ച ബാർഡിയയോ ഗുമാട്ടയോ ആയിരുന്നിരിക്കാം അവരിലൊരാൾ. അർത്ഥഹ്ശഷ്ടാവ് ലോംഗിമാനസ് ആയിരുന്നു, എസ്രാ യെരൂശലേമിൽ വന്നപ്പോൾ അവിടെയുണ്ടായിരുന്ന അർത്ഥഹ്ശഷ്ടാവ്.
7:28–8:20—എസ്രായോടൊപ്പം യെരൂശലേമിലേക്കു പോകാൻ ബാബിലോണിലുണ്ടായിരുന്ന പല യഹൂദന്മാരും മടിച്ചത് എന്തുകൊണ്ട്? യഹൂദന്മാരുടെ ആദ്യസംഘം സ്വദേശത്തേക്കു മടങ്ങിയിട്ട് 60 വർഷത്തിലേറെ ആയിരുന്നെങ്കിലും യെരൂശലേം ജനവാസം തീരെ കുറഞ്ഞ ഒരു പ്രദേശംതന്നെയായിരുന്നു. അവിടേക്കു മടങ്ങുന്നവർക്ക്, ദുഷ്കരവും അപകടകരവുമായ സാഹചര്യങ്ങളിൽ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കേണ്ടിവരുമായിരുന്നു. ബാബിലോണിൽ നല്ല നിലയിൽ ആയിരുന്നിരിക്കാവുന്ന യഹൂദന്മാർക്ക് ഭൗതിക അഭിവൃദ്ധിക്കുള്ള സാധ്യതകളൊന്നും അന്ന് യെരൂശലേമിൽ കാണാൻ കഴിഞ്ഞില്ല. അപകടകരമായ യാത്രയും ഒരു പ്രശ്നമായിരുന്നു. അതിനു മുതിരാൻ അവർക്ക് യഹോവയിൽ ശക്തമായ ആശ്രയവും ധൈര്യവും സത്യാരാധനയിൽ തീക്ഷ്ണതയും ഉണ്ടായിരിക്കണമായിരുന്നു. എസ്രായ്ക്കുപോലും സഹായം ആവശ്യമായിരുന്നു, യഹോവയുടെ പിന്തുണയിൽനിന്ന് അവൻ ശക്തിയാർജിച്ചു. എസ്രായുടെ പ്രോത്സാഹനത്തോട് 1,500 കുടുംബങ്ങൾ, ഏകദേശം 6,000 പേർ, അനുകൂലമായി പ്രതികരിച്ചു. എസ്രാ കൂടുതലായ പടികൾ സ്വീകരിച്ചതോടെ 38 ലേവ്യരും 220 നെഥിനിമുകളും അവരോടുചേർന്നു.
9:1, 2—ദേശനിവാസികളുമായുള്ള മിശ്രവിവാഹം എത്ര ഗുരുതരമായ ഒരു ഭീഷണി ആയിരുന്നു? പുനഃസ്ഥിതീകരിക്കപ്പെട്ട ജനത, മിശിഹാ വരുന്നതുവരെ യഹോവയുടെ ആരാധനയുടെ കാവൽക്കാർ ആയിരിക്കേണ്ടിയിരുന്നു. മറ്റു ദേശവാസികളുമായുള്ള മിശ്രവിവാഹം സത്യാരാധനയ്ക്ക് ഒരു യഥാർഥ ഭീഷണി ആയിരുന്നു. വിഗ്രഹാരാധികളായ ആളുകളുമായി ചിലർ വിവാഹബന്ധത്തിൽ ഏർപ്പെട്ടിരുന്നതിനാൽ കാലക്രമത്തിൽ ദേശം പൂർണമായും പുറജാതി രാഷ്ട്രങ്ങളിൽ ലയിച്ചുപോകാൻ സാധ്യതയുണ്ടായിരുന്നു. സത്യാരാധന ഭൂമുഖത്തുനിന്ന് അപ്രത്യക്ഷമാകാൻ അത് ഇടയാക്കുമായിരുന്നു. അപ്പോൾപ്പിന്നെ, മിശിഹാ വരുന്നത് ഏതു ജനതയിലൂടെ ആയിരിക്കുമായിരുന്നു? സംഭവിച്ച കാര്യങ്ങൾ കണ്ട് എസ്രാ സ്തംഭിച്ചുപോയതിൽ അത്ഭുതപ്പെടാനില്ല!
10:3, 44—ഭാര്യമാരോടൊപ്പം മക്കളെയും പറഞ്ഞുവിട്ടത് എന്തുകൊണ്ട്? മക്കളെ വിടാതിരുന്നാൽ അവരെയോർത്ത് അമ്മമാർ പിന്നീടു മടങ്ങിവരുന്നതിനു കൂടുതൽ സാധ്യത ഉണ്ടായിരിക്കുമായിരുന്നു. തന്നെയുമല്ല, കൊച്ചുകുട്ടികൾക്ക് പൊതുവേ അമ്മമാരുടെ പരിലാളനം ആവശ്യമാണ്.
നമുക്കുള്ള പാഠങ്ങൾ:
7:10. ദൈവവചനത്തിന്റെ ഉത്സാഹമുള്ള പഠിതാവും വിദഗ്ധ അധ്യാപകനുമെന്ന നിലയിൽ എസ്രാ നമുക്കു നല്ലൊരു മാതൃക വെച്ചിരിക്കുന്നു. മാർഗനിർദേശത്തിനായി പൂർണഹൃദയത്തോടെ പ്രാർഥനാപൂർവം അവൻ ന്യായപ്രമാണത്തിലേക്കു തിരിഞ്ഞു. അങ്ങനെ ചെയ്യവേ, യഹോവയുടെ ആലോചനകൾക്ക് അവൻ ദത്തശ്രദ്ധ നൽകി. താൻ മനസ്സിലാക്കിയ കാര്യങ്ങൾക്കു ചേർച്ചയിൽ പ്രവർത്തിച്ചതിനു പുറമേ അവ മറ്റുള്ളവരെ പഠിപ്പിക്കാനും എസ്രാ പരിശ്രമിച്ചു.
7:13. മനസ്സൊരുക്കമുള്ള ദാസന്മാരെയാണ് യഹോവയ്ക്കു പ്രിയം.
7:27, 28; 8:21-23. യെരൂശലേമിലേക്കുള്ള ദീർഘവും സാഹസികവുമായ യാത്ര ആരംഭിക്കുന്നതിനുമുമ്പ് എസ്രാ യഹോവയ്ക്കു മഹത്ത്വം കൊടുക്കുകയും അവനോടു ഹൃദയംഗമമായി പ്രാർഥിക്കുകയും ചെയ്തു. ദൈവമഹത്ത്വത്തിനായി ജീവൻ പണയപ്പെടുത്താൻ അവൻ തയ്യാറായിരുന്നു. അങ്ങനെ അവൻ മികച്ച ഒരു മാതൃക പ്രദാനംചെയ്തു.
9:2. “കർത്താവിൽ വിശ്വസിക്കുന്നവനുമായി മാത്രമേ” വിവാഹം കഴിക്കാവൂ എന്ന ഉദ്ബോധനം നാം ഗൗരവമായി എടുക്കണം.—1 കൊരിന്ത്യർ 7:39.
9:14, 15. ചീത്ത സഹവാസം യഹോവയുടെ അംഗീകാരം നഷ്ടമാകുന്നതിൽ കലാശിച്ചേക്കാം.
10:2-12, 44. വിജാതീയ സ്ത്രീകളെ വിവാഹം ചെയ്തിരുന്നവർ താഴ്മയോടെ അനുതപിച്ചുകൊണ്ട് തെറ്റായ വഴികൾക്കു മാറ്റംവരുത്തി. അവരുടെ മനോഭാവവും പ്രവൃത്തിയും അനുകരണയോഗ്യമാണ്.
യഹോവ വാഗ്ദാനം നിവർത്തിക്കുന്നു
എസ്രായുടെ പുസ്തകം നമുക്കെത്ര മൂല്യവത്താണ്! തന്റെ ജനത്തെ ബാബിലോണിലെ പ്രവാസത്തിൽനിന്നു മോചിപ്പിച്ച് യെരൂശലേമിൽ സത്യാരാധന പുനഃസ്ഥാപിക്കുമെന്ന വാഗ്ദാനം യഹോവ കൃത്യസമയത്തുതന്നെ നിറവേറ്റി. യഹോവയിലും അവന്റെ വാഗ്ദാനങ്ങളിലുമുള്ള നമ്മുടെ വിശ്വാസത്തെ അതു ബലിഷ്ഠമാക്കുന്നില്ലേ?
എസ്രായുടെ പുസ്തകം അവതരിപ്പിക്കുന്ന മാതൃകായോഗ്യരായ കഥാപാത്രങ്ങളെക്കുറിച്ചു ചിന്തിക്കുക. യെരൂശലേമിൽ ശുദ്ധാരാധന പുനഃസ്ഥാപിക്കുന്നതിൽ പങ്കുവഹിക്കാൻ മടങ്ങിയെത്തിയ ഇസ്രായേല്യ ശേഷിപ്പും എസ്രായും ദൈവത്തോടു മാതൃകാപരമായ ഭക്തി പ്രകടമാക്കി. ദൈവഭയം പ്രകടമാക്കിയ അന്യജാതിക്കാരുടെ വിശ്വാസവും അനുതപിച്ച ദുഷ്പ്രവൃത്തിക്കാരുടെ താഴ്മയുള്ള മനോഭാവവും ഈ പുസ്തകം പ്രദീപ്തമാക്കുന്നു. നിശ്ചയമായും “ദൈവത്തിന്റെ വചനം ജീവനും ചൈതന്യവുമുള്ളതാ”ണെന്ന് എസ്രായുടെ നിശ്വസ്ത വാക്കുകൾ വ്യക്തമായി തെളിയിക്കുന്നു.—എബ്രായർ 4:12.
[18-ാം പേജിലെ ചാർട്ട്/ചിത്രം]
പൊ.യു.മു. 537 മുതൽ പൊ.യു.മു. 467 വരെയുള്ള പേർഷ്യൻ രാജാക്കന്മാർ
മഹാനായ കോരെശ് (എസ്രാ 1:1) മരണം പൊ.യു.മു. 530.
കാംബിസസ്സ് അഥവാ അഹശ്വേരോശ് (എസ്രാ 4:6) പൊ.യു.മു. 530-22.
അർത്ഥഹ്ശഷ്ടാവ്—ബാർഡിയ (എസ്രാ 4:7) പൊ.യു.മു. 522. (കേവലം ഏഴു
അല്ലെങ്കിൽ ഗുമാട്ട മാസത്തെ ഭരണത്തിനുശേഷം വധിക്കപ്പെട്ടു)
ദാര്യാവേശ് ഒന്നാമൻ (എസ്രാ 4:24) പൊ.യു.മു. 522-486.
സെർക്സിസ് അഥവാ അഹശ്വേരോശ്a പൊ.യു.മു. 486-75. (ദാര്യാവേശ് ഒന്നാമനോടൊപ്പം
പൊ.യു.മു. 496-86 വരെ
സഹഭരണാധിപനായി ഭരിച്ചു).
അർത്ഥഹ്ശഷ്ടാവ് ലോംഗിമാനസ് (എസ്രാ 7:1) പൊ.യു.മു. 475-24.
[അടിക്കുറിപ്പ്]
a എസ്രായുടെ പുസ്തകത്തിൽ സെർക്സിസിനെക്കുറിച്ചു പരാമർശമില്ല. എസ്ഥേറിന്റെ പുസ്തകത്തിൽ അദ്ദേഹം അഹശ്വേരോശ് എന്ന പേരിൽ പരാമർശിക്കപ്പെട്ടിരിക്കുന്നു.
[Pictre]
അഹശ്വേരോശ്
[17-ാം പേജിലെ ചിത്രം]
കോരെശ്
[17-ാം പേജിലെ ചിത്രം]
സൈറസ് സിലിണ്ടർ—അടിമകളെ സ്വദേശത്തേക്കു മടക്കി അയയ്ക്കുന്നതു സംബന്ധിച്ച വ്യവസ്ഥകൾ ഈ ക്യൂനിഫോം രേഖയിൽ അടങ്ങിയിരുന്നു
[കടപ്പാട്]
സിലിണ്ടർ: Photograph taken by courtesy of the British Museum
[20-ാം പേജിലെ ചിത്രം]
ഒരു വിദഗ്ധ അധ്യാപകൻ ആയിരിക്കാൻ എസ്രായെ സഹായിച്ചത് എന്താണെന്നു നിങ്ങൾക്ക് അറിയാമോ?